പ്രണയകാണ്ഡം
വസന്തകാലത്തോട് പറഞ്ഞുതീർക്കാൻ ഉണ്ടായിരുന്നതിൽ ചിലത്
“You are not cursed. You are loved by me” (Alma, in Phantom Thread, 2017 Dir: Paul Thomas Anderson) (ഒരിരിപ്പിനാണ് ഇതെഴുതുന്നത്. നടുവിന് നല്ല വേദനയുണ്ട്. കാലുകള്‍ക്ക് തരിപ്പും. ശ്വാസം നേരെ വീഴുന്നില്ല. വളഞ്ഞവഴികളിലൂടെ മടഞ്ഞൊടിഞ്ഞ്, വിങ്ങി മറിഞ്ഞൊരു ലാവ പ്രവഹിക്കുമ്പോലെ, ഉള്ളില്‍നിന്നും തീ കണക്കെ പ്രണയനിശ്വാസങ്ങള്‍. ഇതെഴുതി തീര്‍ക്കുവോളം നിങ്ങള്‍ അവിടെ ഇരിക്കണം. ഉറക്കംവരുന്നുവെങ്കിലും, എന്തെങ്കിലും പുസ്തകം മറിച്ചുനോക്കി, ഞാന്‍ കാണാത്ത ദൂരത്തുനിന്നും എനിക്ക് കൂട്ടിരിക്കണം. നിങ്ങളുടെ മുഖത്തുനിന്ന് എന്നിലേക്ക്...
Your Subscription Supports Independent Journalism
View Plans“You are not cursed.
You are loved by me”
(Alma, in Phantom Thread,
2017 Dir: Paul Thomas Anderson)
(ഒരിരിപ്പിനാണ് ഇതെഴുതുന്നത്. നടുവിന് നല്ല വേദനയുണ്ട്. കാലുകള്‍ക്ക് തരിപ്പും. ശ്വാസം നേരെ വീഴുന്നില്ല. വളഞ്ഞവഴികളിലൂടെ മടഞ്ഞൊടിഞ്ഞ്, വിങ്ങി മറിഞ്ഞൊരു ലാവ പ്രവഹിക്കുമ്പോലെ, ഉള്ളില്‍നിന്നും തീ കണക്കെ പ്രണയനിശ്വാസങ്ങള്‍. ഇതെഴുതി തീര്‍ക്കുവോളം നിങ്ങള്‍ അവിടെ ഇരിക്കണം. ഉറക്കംവരുന്നുവെങ്കിലും, എന്തെങ്കിലും പുസ്തകം മറിച്ചുനോക്കി, ഞാന്‍ കാണാത്ത ദൂരത്തുനിന്നും എനിക്ക് കൂട്ടിരിക്കണം. നിങ്ങളുടെ മുഖത്തുനിന്ന് എന്നിലേക്ക് നീളുന്ന വെളിച്ചം എനിക്ക് കാണാം. ആ വെളിച്ചത്തിലാണ് എന്റെ കണ്ണുകള്‍ തുറക്കുന്നത്. അതില്ലാതാക്കരുത്. അതില്ലാതായാല്‍ പിന്നെ ഞാനില്ല.)
ഇതൊരു ആത്മഹത്യാക്കുറിപ്പല്ല. ആത്മഹത്യ ചെയ്യാതിരിക്കാനുള്ള കുറിപ്പാണ്.
ആത്മഹത്യ ചെയ്യില്ല എന്ന് വലിയ ഉറപ്പായിരുന്നു. ഇന്നലെ വരെ. അല്ലെങ്കില്‍ തൊട്ടടുത്ത നിമിഷംവരെ. പക്ഷേ, ഇന്ന് എല്ലാ ഉറപ്പും കൈവിട്ടുപോയിരിക്കുന്നു. അന്നൊരു നിമിഷം എനിക്ക് എന്നെ മുറിവേൽപിക്കാന് തോന്നി.
ജീവിക്കുന്നതുകൊണ്ട് ചിലര്‍ക്ക് ഉപകാരങ്ങളൊക്കെ ഉണ്ടായിരുന്നു. ജീവിതത്തില്‍നിന്നും പുറകോട്ട് നടന്നുപോയ അച്ഛന്, വീട്ടിലെ കാര്യങ്ങള്‍ ഒക്കെ നോക്കാന്‍ ഒരാളായി; കടയില്‍ പോകാനും സാധനങ്ങള്‍ മേടിക്കാനും ഗ്യാസ് ബുക്ക് ചെയ്യാനും കറന്റ് പോകുമ്പോള്‍ ഫ്യൂസ് കെട്ടാനും, ലൈന്‍മാനെ ഫോണ്‍ചെയ്യാനും തേങ്ങ ഇടീപ്പിക്കാന്‍ അശോകനെ വിളിക്കാനും അമ്മയെ സമയത്തിന് ഡോക്ടറെ കാണിക്കാനും മറ്റും മറ്റും. എല്ലാ നവംബര്‍ മാസത്തിലും അച്ഛന് ജീവനോടെയുണ്ടെന്ന് അടുത്തുള്ള മൃഗാശുപത്രീലെ ഡോക്ടറെക്കൊണ്ട് അറ്റസ്റ്റ് ചെയ്ത് ബാങ്കില്‍ കൊണ്ടുപോയി കൊടുക്കണം. വേറെ സ്ഥലത്തൊക്കെ പോയി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കാലു പിടിക്കുന്നതിനെക്കാളും എളുപ്പം ഇവിടെ പോകുന്നതാണ്. മൃഗങ്ങളെ കണ്ടു കണ്ടു അയാള്‍ക്ക് നല്ല മനുഷ്യപ്പറ്റാണ്. ജീവനോടെയുണ്ടെന്ന് ഗസറ്റഡ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തണം. എന്നാലേ പെന്ഷന് തുടര്‍ന്നു കിട്ടൂ. കേന്ദ്രസര്‍ക്കാര്‍ പെന്‍ഷനാണ്. അതിന്റെ എ.ടി.എം കാര്‍ഡ് എല്ലാ മാസവും മൂന്നാം തീയതി കൈയില്‍ തരും. പൈസ എടുത്തു, പാസ്ബുക്കില്‍ എന്റര്‍ ചെയ്ത് തിരികെ കൊടുക്കണം. അച്ഛന് ശാരീരികമായി വയ്യായ്കയേ ഉള്ളൂ. കണ്ണിനും കാതിനും മനസ്സിനും ഒന്നുമില്ല. കാരണം, അമ്മയാണ് ആ മനസ്സ് എന്നുള്ളതാണ്. അച്ഛനു നടന്നെത്താന്‍ പറ്റാത്ത സ്ഥലത്തൊക്കെ അമ്മയാണ് നടന്നെത്തുക. വീട്ടിന്റെ തെക്കേമൂലയിലുള്ള കശുമാവില്‍നിന്നു എത്ര അണ്ടി അപ്പുറത്തേക്ക് വീണു എന്ന് പോലും അമ്മക്ക് കണക്കുണ്ട്. പുളി പറിക്കാന്‍ ആള് വരുമ്പോള്‍ എത്ര പങ്കുവേണം എന്ന് അമ്മയാണ് തര്‍ക്കിക്കുക. ഇടക്ക് തിരിഞ്ഞു അച്ഛന്റെ കണ്ണിലുള്ള ഭാവം നോക്കി വിലപേശല്‍ ഉഷാറായോ അല്ലയോ എന്ന് അമ്മ തിട്ടപ്പെടുത്തും. തേങ്ങ ഉരിക്കാന്‍ വരുന്ന അശോകന് ദോശയില്‍ എത്ര ചട്ടിണി ഒഴിക്കണമെന്നുപോലും അമ്മ തീരുമാനിക്കുന്നത് അച്ഛന്റെ മൗനസമ്മതത്തോടെയാണ്. ഒരു പിയാനോവിലെ കറുപ്പും വെളുപ്പും നിറമായ ഇവരുടെ ഇടയില്‍ ഞാന്‍ ഒരു അധികപ്പറ്റായിരുന്നു
ഞാന്‍ കുട്ടിയായിരിക്കുമ്പോ മുതല്‍ കാണുന്നതാണ് ഇവരുടെ പൊരുത്തം. എന്നിട്ടും എനിക്ക് ആരോടും പൊരുത്തപ്പെടാന്‍ ആവുന്നില്ലല്ലോ എന്ന് ഇടയ്ക്കു ഞാന്‍ ഓര്‍ക്കും. ജനലിനു പുറത്തു മാവിലിരിക്കുന്ന അണ്ണാനെ നോക്കി ഇരുന്ന ഒരുകാലം. അത് അങ്ങോട്ടും ഇങ്ങോട്ടും ഓടി എന്തൊക്കെയോ രണ്ടു കൈയും ഉയര്‍ത്തി തിന്നുന്നതു നോക്കിയിരിക്കും. ഈ മുപ്പത്തഞ്ചാം വയസ്സിലും ഇലകളുടെ ഇടയിലെ അനക്കം നോക്കി ഇരിക്കുന്നതിലുമപ്പുറം മറ്റൊരു നിലാവില്ലതന്നെ.
ഞാനൊരു എഴുത്തുകാരിയല്ലെന്നു നിങ്ങള്‍ക്കറിയാമല്ലോ. ജീവിതത്തില്‍ മിക്കപ്പോഴും ഒറ്റായ്മയുടെ ആകാശങ്ങള്‍ നോക്കി, മാന്തളിരിനിടയില് ഉതിര്‍ന്നുവീഴുന്ന മേഘത്തുണ്ടുകളില്‍ ലോകങ്ങള്‍ കോര്‍ത്തിടുവാന്‍ മാത്രം അറിയുന്ന എനിക്ക് എന്തെഴുതുവാന്‍ കഴിയും? നിങ്ങളുടെ കണ്ണുകളില്‍ കണ്ട ഒരു ലോകം, അത് എന്നും കൂടെയുണ്ടാവുമെന്നു കരുതി. അതില്ലാതായപ്പോള്‍ അറിയാതെ വരുന്ന വാക്കുകളെ (എന്നെയും), മരണത്തില്‍നിന്നും രക്ഷിക്കണം എന്ന് തോന്നി.
ഇതൊരു ആത്മഹത്യാക്കുറിപ്പല്ല. ആത്മഹത്യ ചെയ്യാതിരിക്കാനുള്ള കുറിപ്പാണ്.
അന്നൊരിക്കല്‍ എനിക്ക് എന്നെ മുറിവേൽപിക്കാന് തോന്നി. എല്ലാം വലിച്ചിട്ടു പൊട്ടിക്കാന്‍. ഇല്ലാതാകുവാന്‍. എന്റെ കൈ മുറിക്കാന്‍. ഞാന്‍ പെട്ടെന്ന് ഈ അടുത്ത് പരിചയപ്പെട്ട ജിയാനറ്റ എന്ന അമേരിക്കന്‍ പെണ്‍കുട്ടിയെ ഓര്‍ത്തു. അവളുടെ തുടകള്‍ മുഴുവന്‍ മുറിവുകളാണെന്ന് അവള് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നു. മുറിവേൽപിക്കുന്ന ഒരു ബന്ധത്തില്നിന്നുമൊഴിയാനാവാത്ത ഒരമ്മ. അവളോട് നിരന്തരം ഇത് വിധിയാണെന്ന് പറയുമായിരുന്നു. അവള്‍ക്കു രക്ഷപ്പെടാന്‍ ആവാതെ ശ്വാസംമുട്ടുമായിരുന്നു. പിന്നെ എങ്ങനെയോ ഒരു രാത്രി വീട്ടില്‍നിന്നും ഓടിപ്പോയി. അതിനും മുന്നേ മറ്റിടങ്ങളില്‍ പഠിക്കുവാനുള്ള ഫെലോഷിപ് എന്തൊക്കെയോ കിട്ടുവാനുള്ള വഴികള്‍ ഒക്കെ അവള് ശരിയാക്കിയിരുന്നു. അവള് മറ്റൊരു രാജ്യത്ത് പോയി പഠിച്ചു. ഇന്ന് ചെറിയ ആനുകാലികങ്ങളില്‍ അവളുടെ കഥകളൊക്കെ വരുന്നുണ്ട്. ഉരുകിയൊഴുകി ഇല്ലാതാക്കുന്ന വേദനയെ കുറിച്ചെഴുതാന്‍ വല്ലാത്ത ധൈര്യം വേണം. തുണികള്‍ ഓരോന്നായി ഉരിഞ്ഞ് ആര്‍ത്തിയോടെ നമ്മളെ വിഴുങ്ങാന്‍ നില്ക്കുന്ന കണ്ണുകള്‍ക്ക് മുന്നില്‍ കണ്ണുകള്‍ തുറന്നുപിടിച്ച് തന്നെ നമ്മുടെ ശരീരത്തെ പൊളിച്ചടര്ത്തി വെക്കുംപോലെ. അവരുടെ നാവില്‍നിന്നും ഇറ്റുവീഴുന്ന വെള്ളം നമ്മുടെ മുറിവുകളില്‍ ഉപ്പുരസത്തിന്റെ നീറ്റലുണ്ടാക്കുന്നു എന്നറിഞ്ഞും തിളങ്ങുന്ന കാറ്റ് നമ്മുടെ മുടിയിലും തുടകള്‍ക്കിടയിലും കരുണയോടെ കടന്നുപോകും എന്ന ആഴറിവ്.
നമ്മള് പ്രണയിച്ചത് എന്തിനായിരുന്നു? ഇന്നോര്‍ക്കുമ്പോള്‍ എനിക്കറിയാം. നമ്മള് ഒറ്റമനുഷ്യര്‍ ആയിരുന്നു. ജനിച്ചപ്പോള്‍തന്നെ പൊക്കിൾക്കൊടിയോടൊപ്പം ഭൂമിയിലെ സര്വബന്ധങ്ങളില്നിന്നും മുറിഞ്ഞുപോയവര്‍. മറ്റാരുമായും ഒരിക്കലും അടുക്കാനാവാഞ്ഞവര്. അടുക്കുമ്പോള്‍ മഞ്ഞുരുകി വഴിയില്‍ തെളിയുന്ന നീർച്ചാലുകളെ മുറിച്ചുകടക്കാനാവാതെ എരിഞ്ഞു മുറിയുന്നവര്‍.
മറ്റേതു പ്രണയനഷ്ടത്തെക്കാളും ഇത് നീറുന്നത് ഈ തിരിച്ചറിവുകൊണ്ടാണ്. രക്തവും മാംസവും വേര്‍പെട്ടുപോയ ജീവനുകള്‍, രക്തത്തെയും മാംസത്തെയും തിരിച്ചറിഞ്ഞു കഴിയുമ്പോഴുണ്ടാവുന്ന മിന്നല്‍പ്പിണര്‍. അതായിരുന്നു നമ്മള്. തലച്ചോറുകൊണ്ട് ഒരുവിധത്തിലും അടുത്തുനില്ക്കാനാവാതെ, എന്നാല്‍ ചിന്തകള്‍ക്കിടയില്‍ ചാലുകള്‍ നിര്‍ബാധം ഒഴുകുന്ന മനുഷ്യര്‍. ഞാന്‍ പറയുന്ന ഓരോ വാക്കും നിങ്ങള്‍ക്കു ആകാശവഴികള് തുറന്നുതരുമായിരുന്നു. നിങ്ങളുടെ തണല്‍ എനിക്ക് ഇത്രയും നാള് കൊണ്ട വെയിലിനിടയില്‍ പെയ്ത നേര്‍ത്ത മഴയായിരുന്നു.
നിങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ എരിയുന്ന ഒരു വേനല്ക്കാടുണ്ട്. എല്ലാവരുമുണ്ടെങ്കിലും ആരുമില്ലാത്ത ഒരാള്‍. ആരോടും ഒന്നും തുറന്നുപറയാനാവാത്ത ഒരു മനുഷ്യന്. വര്‍ഷങ്ങളായി ഒരേ ജോലിതന്നെ ചെയ്യുന്നതിന്റെ തഴമ്പ് മുഖത്തും നെറ്റിയിലും. തുടക്കം മുതല്‍ വിടവുള്ള രണ്ടു മനുഷ്യര്‍ ചേര്‍ന്നപ്പോഴുണ്ടായ ദാമ്പത്യം. നിങ്ങളുടെ നിശ്ശബ്ദതക്ക് ഇരുട്ടിന്റെ നിറം വന്നത് വിവാഹശേഷമാണ്. നിങ്ങളുടെ ചിന്തകളെ അവര്‍ രാവും പകലും പരിശോധിച്ചുകൊണ്ടിരുന്നു. ഉറക്കത്തിലും ഉണര്‍വിലും അവരോടു സ്നേഹമില്ലെന്നു പറഞ്ഞ് പ്രാകിക്കൊണ്ടിരുന്നു. സ്നേഹമാണെന്ന് തെളിയിക്കാന്‍ നിങ്ങള്‍ നിങ്ങളിലില്ലാത്ത വാക്കുകള്‍ക്കായി പതറി. തോറ്റുപറഞ്ഞെങ്കിലും അവരുടെ അഗ്നി അണഞ്ഞില്ല. ഉണര്‍വില്‍ നിങ്ങളുടെ ശ്വാസത്തിന്റെ കണക്കെടുത്തുകൊണ്ടു, നിങ്ങളുടെ സംഭാഷണങ്ങളെ ഒളിഞ്ഞുകേട്ടു, നിങ്ങള്‍ കുതറിപ്പോയേക്കാവുന്ന വഴികളെ അവര്‍ തിരഞ്ഞുകൊണ്ടേയിരുന്നു. നിങ്ങളുടെ ഫോണ്‍ സംഭാഷണങ്ങള്‍ക്കിടയില്‍ അവര്‍ ഫോണ്‍ തട്ടിപ്പറിച്ച് ആരാണെന്ന് കേള്‍ക്കാന്‍ ശ്രമിച്ചു. അപ്പുറത്ത് ഒരു സ്ത്രീശബ്ദമാണെങ്കില്‍ അവര്‍ തകര്ന്നലച്ചു നിലവിളിച്ചു. നിങ്ങള്‍ ഉറങ്ങാന്‍ കാത്തിരുന്നു ഫോണ്‍ എടുത്തു, വന്നതും പോയതുമായ ഒാരോരോ വിളികളിലും അവര്‍ ഭ്രാന്തമായി കണ്ണോടിച്ചു. ആരോടെങ്കിലും തെറ്റായി സംസാരിച്ചു എന്ന് തോന്നിയാല്‍ അവരെ വിളിച്ചു തെറി പറഞ്ഞു. പലപ്പോഴും അവരുടെ ആര്‍ത്തനാദം കേട്ടു നിങ്ങള്‍ ഭയന്നുണര്ന്നു അപ്പുറത്തെ മുറിയില്‍ കിടക്കുന്ന രോഗിയായ അമ്മ കേള്‍ക്കാതിരിക്കാന്‍ നിങ്ങള്‍ അവരുടെ കാല്ക്കല് വീണു. പലപ്പോഴും നിങ്ങള്‍ പറന്നടുക്കുമെന്ന് തോന്നിയ ആളുകളെ അവര്‍ വിളിച്ച് ഭീഷണിപ്പെടുത്തി. നിങ്ങളോടൊപ്പം പഠിച്ച ഒരു സ്ത്രീ നിങ്ങളെ വിളിച്ച് അവരെ കൂടുതല്‍ സ്നേഹിക്കാന്‍ പറഞ്ഞു. അവരെ സ്നേഹിക്കുവാന്‍ നിങ്ങള്‍ നടു രണ്ടാക്കിമടക്കി ഉരുണ്ടുകൂടിയ ഒരു പന്തായി. നിങ്ങളുടെ പുറത്ത് ആഞ്ഞുചവിട്ടുവാന് നിങ്ങള്‍ ആവശ്യപ്പെട്ടു. പല ആകാശങ്ങളിലേക്ക് അവര്‍ നിങ്ങളെ തെറിപ്പിച്ചു. ഓരോ വട്ടവും നിങ്ങള്‍ കൂടുതല്‍ ചുരുങ്ങി മടങ്ങിവന്നു. എന്നിട്ടും കളി തീര്‍ന്നില്ല. നിങ്ങളുടെ കണ്ണുനീരുകൊണ്ട് അവര്‍ അവരുടെ മുറിവുകളെ തലോടിക്കൊണ്ടിരുന്നു. ഒരിക്കല്‍ നിങ്ങളോടൊപ്പം സഞ്ചരിക്കുന്ന വണ്ടിയില്‍നിന്നും അവര്‍ എടുത്തുചാടി. മറ്റൊരിക്കല്‍ കത്തിയെടുത്ത് സ്വയം മുറിവേൽപിക്കാന് നോക്കി. നിങ്ങളുടെ ലോകത്തിന്റെ ചുവരുകള്‍ക്ക് അവരുടെ നിറം വേണമെന്ന് അവര്‍ ശാഠ്യംപിടിച്ച് കരഞ്ഞുകൊണ്ടേയിരുന്നു...
ജീവിതം സാധാരണതയിലേക്ക് ഒലിച്ചിറങ്ങുന്നത് ഞാന്‍ അറിയുന്നു. അതേസമയം ഉള്ളില്‍ ഒഴിഞ്ഞുപോയ എന്തോ ഒന്നു നിറവു കാത്തുകിടക്കുന്നപോലെ. ഒരു ജന്മം. ഒരു ജീവിതം. മുറിച്ചെറിയുമ്പോള്‍ കൊഴിഞ്ഞുപോകുന്നത് ഇനി ഇല്ലാതാവുന്ന, തിരികെ നടക്കാനാവാത്ത വൈകുന്നേര കാഴ്ചകളാണ്.
നിങ്ങള്ക്കോര്മയുണ്ടോ? നിങ്ങള്‍ പഠിച്ച കോളജിന്റെ പടവില്‍ ഒരു പകല്‍ നമ്മള് ഇരുന്നത്. ഒഴിഞ്ഞ കളിസ്ഥലത്ത് നിന്നും കാറ്റുവീശുന്നുണ്ടായിരുന്നു. പിന്നീട് നമ്മള് അതിനുമുന്നിലുള്ള വഴിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. നിങ്ങള്‍ പറയുന്നത് ഞാനും, ഞാന്‍ പറയുന്നത് നിങ്ങളും കേട്ടുകൊണ്ടിരുന്നു. നിര്‍ത്താതെ ഒഴുകിയ വാക്കുകളില്‍ കഥകള്‍ നനവോടെ പതുങ്ങിവന്നു. സാധാരണമെന്ന് ഇത്രയും നാള് നമ്മള് കരുതിയ ദിനങ്ങള്‍ ഇത്രയും പൂമണമുള്ളവയോ എന്നു നമ്മള് രണ്ടുപേരും അത്ഭുതപ്പെട്ടു. വിടര്ന്നകണ്ണുകള്കൊണ്ട് പരസ്പരം നോക്കുമ്പോള്‍ ആഴങ്ങളില്‍നിന്നും പുഞ്ചിരി കിനിയുന്നത് നമ്മളറിഞ്ഞു. അതിന്റെ മിനുസതയില്‍ നമ്മള് വഴുക്കിവീണു പോയി. അതും ഒരു തലോടലായിരുന്നു.
ജീവിതം ചാരനിറങ്ങളില്‍ മിഴിയുന്ന ദിനങ്ങളൊന്നിലായിരുന്നു അത്. ജോലിസ്ഥലത്തേക്ക് പോകുവാനും വരുവാനും തീവണ്ടിയില്‍ പോയിരുന്ന കാലം.
തീവണ്ടിയുടെ ഇഴച്ചിലില്‍ ചെറുതായി ഉറക്കംവരുന്നുണ്ടായിരുന്നു. അപ്പോഴാണ് കാലില്‍ എന്തോ തട്ടിയത്. മുന്നില്‍ ഉള്ള ആള് “സോറി, സോറി” എന്ന് പറഞ്ഞുകൊണ്ട് എന്റെ കാലില്‍ തട്ടിവീണ അയാളുടെ കൈയിലുള്ള പുസ്തകം എടുക്കുന്നതും, പിന്നെ മുഖത്തേക്ക് നോക്കാതെ വീണ്ടും പുസ്തകത്തിലേക്ക് തിരിയുന്നതും ഇപ്പോള്‍ തീര്‍ന്ന ഉറക്കത്തില്കണ്ടു. ആദം സഗായേവ്... ഏതോ വായില്‍ കൊള്ളാത്ത പേര്. Selected Poems എന്ന് വായിച്ചു. ഒരു നിമിഷം അയാളുടെ കണ്ണുകള്‍ പുസ്തകത്തിന് മുകളിലൂടെ എന്നെ നോക്കി. പിന്നെ താൽപര്യമില്ലാത്ത മട്ടില്‍ തിരിച്ചു പുസ്തകത്തിലേക്കും. താൽപര്യം തോന്നാന്‍ എനിക്ക് പ്രത്യേകതകള്‍ ഒന്നുമില്ല. രാവിലത്തെ ഓട്ടപ്പാച്ചിലില്‍ തളര്‍ന്ന കണ്ണുകളും, പരന്ന മുടിയും ഉള്ള ഒരു സ്ത്രീ.
സ്റ്റേഷന്‍വരെ ഒരു ബസിലും, പിന്നെ ഒരു മണിക്കൂര്‍ തീവണ്ടിയിലും, പിന്നേയും ഒരു ബസും ഒക്കെ പിടിച്ചു ഓഫീസില്‍ എത്തുമ്പോള്‍ വീഴുന്ന ശകാരത്തിന്റെ കെട്ടു കണ്ടില്ലെന്നുവെച്ചു മുന്നിലുള്ള തടിച്ച പുസ്തകത്തിലേക്കും ഫയലുകളിലേക്കും കണ്ണോടിക്കും. ഇടക്കുള്ള ചായക്ക് പുറത്തേക്ക് ഇറങ്ങുമ്പോ, ഒരുമിച്ചു രണ്ടു ചിരിയും വര്‍ത്തമാനവും പറയുന്ന ആളുകള്‍. ഓഫീസിലെ സീതേച്ചിക്ക് ഞാന്‍ വേഗം കല്യാണം കഴിക്കണം എന്നായിരുന്നു. എന്നാല്‍ രമേച്ചി “നീ കുറച്ചു നല്ലോണം നടക്ക് മോളെ, കല്യാണം ഒന്നും ഇപ്പളേ വേണ്ട”, എന്നും പറയും. കല്യാണത്തിന് രണ്ടുപേരും വന്നിരുന്നു.
പ്രത്യേകതകള്‍ ഒന്നുമില്ലാത്ത ഒരുദിവസം. രാവിലത്തെ ഓട്ടപ്പാച്ചില്‍ അന്നുണ്ടായില്ല. പക്ഷേ ഉറക്കമെണീറ്റതും, വേഗം കുളിക്ക് എന്നുപറഞ്ഞു അമ്മ കുളിമുറിയിലേക്ക് തള്ളിവിട്ടു. കുളിച്ചുവന്നതും ചായ കുടിച്ചു പുറത്തേ മാവിലേക്ക് കയറിയൊളിക്കുന്ന അണ്ണാനെ നോക്കി ഇരിക്കാനൊന്നും പറ്റിയില്ല. കുറേ ആളുകള്‍ വന്നുകൊണ്ടേയിരുന്നു. മുല്ലപ്പൂവിന്റെ മണം. ചെക്കന്റെ വീട്ടില്‍നിന്നും അഞ്ചുപേര്‍ സാരി ഉടുപ്പിക്കാനും മറ്റും. അത് കഴിഞ്ഞപ്പോ അമ്മ ഒരു ഗ്ലാസ് കഞ്ഞി തന്നു വേഗം കുടിച്ചോ എന്ന് പറഞ്ഞു. നിലവിളക്കും അനുഗ്രഹവും പിന്നെ ഓഡിറ്റോറിയം, താലികെട്ട്. ഗൗരവത്തില്‍ ഇരിക്കുന്ന ഒരു മനുഷ്യന്. മൂന്നുവട്ടമുള്ള കറക്കം. ഫോട്ടോ. മറ്റൊരു വീട്. രാത്രി.
പിന്നെ എന്താണ് ഓര്‍ക്കാന്‍. ആദ്യരാത്രിയുള്ള സംസാരം, തൊടല്, കേട്ടിട്ടുള്ള ആക്രമം ഒന്നും ഉണ്ടായില്ല. അയാള്‍ വരുന്നതിനു മുന്നേ ആ മുറിയിലുള്ള ജനല്‍ തുറന്നു പുറത്തേക്കു നോക്കി, മുറിക്കു പുറത്തുള്ള കാഴ്ചകള്‍ എന്തൊക്കെ എന്ന് ഉറപ്പുവരുത്തിയിരുന്നു. പുറത്തേ ട്യൂബിന്റെ വെളിച്ചത്തില്‍ മുറിക്കു പുറത്ത്, തൊട്ടടുത്ത് ഒരു മതിലാണെന്ന് മനസ്സിലായി. ആ മതില് വലിയ കരിങ്കല്ലുകള്‍കൊണ്ട് കെട്ടിയതായിരുന്നു. അപ്പുറത്തെ വീട്ടില്‍ നിന്നു ചില തളിര്‍വെറ്റിലകള്‍ അതിന്റെ പകുതിയിലേക്ക് ഏന്തി നോക്കിക്കിടന്നു. ആ മതില് കണ്ടതും ശ്വാസം തൊണ്ടയില്‍ കുരുങ്ങിപ്പോയി. ജനല്‍ തുറക്കുമ്പോള്‍ ആകാശമോ ഒരു മരക്കുറ്റിയോ ഇല്ലെന്ന അറിവ് എന്റെ കാല്ക്കലെ ലോകം തിരിഞ്ഞുമറിഞ്ഞപോലെ ആക്കിയിരുന്നു.
എന്റെ കൈകള്‍ വിയര്‍ത്തു. ഒരു മാന്തളിരില് പൂക്കുമായിരുന്ന എന്റെ ലോകം തീര്ന്നുപോയെന്നെനിക്ക് തോന്നി. കരച്ചില് വരുന്നുണ്ടായിരുന്നു. അപ്പോളാണ് വാതില്‍ തുറന്ന് അയാള്‍ കടന്നുവന്നത്.
“എന്താ പുറത്തുനോക്കി നിക്കുന്നത്?” അയാള്‍ ചിരിവരുത്താന്‍ ശ്രമിച്ചു ചോദിച്ചു. “ഉറക്കം വരുന്നുണ്ടാവുമല്ലേ? ഉറങ്ങിക്കോളൂ.”
എനിക്കയാളോട് ചോദിക്കണമായിരുന്നു. മുറ്റത്തൊന്നു ഇറങ്ങിനടക്കണമെന്ന്. മറ്റേതെങ്കിലും ഒരു ഇലപ്പച്ചയുണ്ടോ എന്ന് ഒന്നറിയണമെന്ന്. പക്ഷേ, ഒന്നും പറഞ്ഞില്ല. അയാള്‍ തിരിഞ്ഞുകിടന്നതിന്റെ അപ്പുറത്ത് ഓരോരം ചേര്‍ന്നുകിടന്നു.
രാവിലെ ബാങ്ക് വിളിക്കുന്ന കേട്ടപ്പോ ഉറക്കം ഞെട്ടി. അയാള്‍ അറിഞ്ഞിട്ടില്ല. പുറത്തും ആളനക്കമില്ല. വാതില്‍ തുറന്നു പുറത്തേക്കു ഇറങ്ങിനോക്കി.
വിളറിനില്‍ക്കുന്ന ഒരു തെങ്ങ് മുന്നിലുള്ള ചെറിയ തൊടിയില്‍ അരണ്ട് നിന്നു. ഒന്ന് രണ്ടു ചട്ടികളില്‍ ചെറിയ ചില ചെടികള്‍ നില്ക്കുന്നുണ്ടായിരുന്നു. നേരിയ കുളിരുള്ള ആ പുലര്‍ച്ചെ ഞാന്‍ വിയര്‍ത്തൊഴുകി. എനിക്ക് ശ്വാസം കഴിക്കാന്‍ പറ്റുന്നില്ലായിരുന്നു.
ആ വീട്ടിലെ പച്ചപ്പില്ലായ്മ ആയിരുന്നില്ല എന്നെ കൂടുതല്‍ തളര്‍ത്തിയത്. അവിടെ എനിക്കനുഭവപ്പെട്ട മരുഭൂമിയായിരുന്നു. എനിക്ക് ചുറ്റുമുള്ള മനുഷ്യരുടെ വേനല്‍ എനിക്ക് താങ്ങാന്‍ ആവുമായിരുന്നില്ല. അവര്‍ക്കിടയില്‍ നില്‍ക്കുമ്പോഴും എന്റെ കണ്ണെത്താവുന്ന അടുത്ത് ഒരാകാശത്തിന്റെ കീറു തടഞ്ഞിരുന്നുവെങ്കില്‍ എന്നു ഞാന്‍ ദാഹിച്ചു. പക്ഷേ നിര്‍ത്താത്ത വെയില് മുഴുവനും ഏറ്റു ഞാന്‍ തളര്‍ന്നുപോയി.
വീഴുമെന്നു തോന്നിയപ്പോള്‍ ഒക്കെ താങ്ങാന്‍ ആരുമുണ്ടായില്ല താനും. അയാള്‍ പെയ്യാതെ എന്നില്‍ കനത്തു കിടന്നു. രണ്ടാം ദിവസം ആദ്യമായി ഒരു പുരുഷന് മുന്നില്‍ നഗ്നയായി ഞാന്‍ കിടന്നു. അയാള്‍ ചാഞ്ഞും ചരിഞ്ഞും അളന്നും മണത്തും എന്നെ ഉണര്‍ത്തി. സ്നേഹത്തിന്റെ വാക്കുകള്‍ പറഞ്ഞില്ലെങ്കിലും അയാള്‍ തൊടുന്ന ഇടങ്ങളില്‍ എനിക്ക് പൂത്തു. അയാള്‍ മുരണ്ടുകൊണ്ടേയിരുന്നു. നഖങ്ങള്‍ക്കിടയിലും കാല്‍വിരലുകളുടെ വിടവിലും എനിക്ക് ശരീരമുണ്ടെന്നു ഞാന്‍ അറിഞ്ഞു. എന്നാല്‍, ഓരോ വട്ടം അയാള്‍ ഉരിഞ്ഞിറങ്ങിയപ്പോളൊക്കെ ഞാന്‍ ഭയത്തോടെ ജനലിലേക്ക് നോക്കി. അത് തുറന്നാല്‍ കാണാവുന്ന ഇരുണ്ട മതില്‍ക്കെട്ട് എന്നെ പേടിപ്പിച്ചു. രാത്രിയിലെ പൂക്കള്‍ മുഴുവനും ആ ചിന്തയില്‍ കൊഴിഞ്ഞുപോയി. ഞാന്‍ ഒരിക്കലും ആ ജനല്‍ തുറന്നതേയില്ല. ഇടക്കയാള്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ പേടികൊണ്ട് ഞാന്‍ വിലക്കി. നിസ്സംഗമായി എന്നെ നോക്കി അയാള്‍ പിന്തിരിഞ്ഞു. അയാള്‍ നടക്കുമ്പോളൊക്കെ ഭൂമിയിലേക്ക് കണ്ണുകളാഴ്ത്തി നടന്നു. ഒരിലയുടെ നിഴലും അയാളുടെ വഴിമുടക്കിയില്ല.
ഒരിക്കല്‍ അയാള്‍ക്കുള്ള ചായയുമായി വൈകുന്നേരം മുറിയിലേക്ക് കടന്നുവന്നപ്പോള്‍, ജനല്പാളികള് തുറന്നുകിടക്കുന്നു. ആ മതില്. അത് തല്ലിയലച്ചു മുറിക്കുള്ളിലേക്ക് കുതിച്ചൊഴുകുംപോലെ. മുറിയിലാകെ അതിന്റെ ഇരുട്ട്. അതിന്റെ മുഴുത്ത പാറക്കഷ്ണങ്ങള്‍ എന്റെ ശരീരത്തിനിരുവശവും തിങ്ങി വീര്‍പ്പ് മുട്ടിച്ചു. ഞാന്‍ ഭയന്നുപോയി. എന്റെ കൈയില്‍നിന്നും ഗ്ലാസ് വീണുപൊട്ടിയത് കേട്ടു അയാള്‍ ഞെട്ടി തലയുയര്‍ത്തി നോക്കി. “അടക്കൂ, അടക്കൂ” എന്നുമാത്രമേ എനിക്ക് പറയാനായുള്ളൂ. അയാള്‍ക്കൊന്നും മനസ്സിലായില്ല. ഞാന്‍തന്നെ ഓടിച്ചെന്ന് അത് വലിച്ചു കൊട്ടിയടച്ചു. എനിക്ക് കിതപ്പ് മാറുന്നില്ലായിരുന്നു.
“എന്താണ്?” അയാള്‍ അന്ധാളിച്ചു. “ഈ മുറിയാകെ വാടമണം. എത്ര ദിവസമായി ആ ജനല്‍ ഒന്ന് തുറന്നിട്ട്. എന്താപ്പോ ഉണ്ടായത്?”
എന്റെ തൊണ്ട വറ്റിവരണ്ടിരുന്നു.
വാക്കുകള്‍ വരുന്നില്ലായിരുന്നു.
എന്റെ ഭയത്തിനു ഭാഷയില്ലായിരുന്നു.
അന്ന് എന്റെ വീട്ടിലേക്കു പോയതിനുശേഷം ഞാന്‍ തിരിച്ചുപോയില്ല. ചിരി വിരിയാത്ത മുഖവുമായി അയാള്‍ പലവട്ടം എന്റെ വീട് കയറിയിറങ്ങി. പക്ഷേ, എനിക്ക് തിരിച്ചുപോകാനായില്ല. അവസാനം ഡിവോസിന്റെ കടലാസ് അയക്കാന്‍ ഞാന്‍തന്നെയാണ് പറഞ്ഞത്. വീട്ടില്‍ അത് പറഞ്ഞപ്പോ ഒരു ഭൂകമ്പമുണ്ടായി. അച്ഛന് കിടപ്പിലാവുന്നതായി അഭിനയിച്ചു. പിന്നെ എന്റെ കേസ് കഴിയുമ്പോഴേക്കും ശരിക്കും കിടപ്പിലായി. പണ്ടേ അമ്മക്ക് എന്നോടൊന്നും പറയാനും ചോദിക്കാനും ഇല്ലായിരുന്നല്ലോ. വീണ്ടും രാപ്പകലുകള്‍. ശിഖരങ്ങള്‍ക്കിടയില്‍ ഞാത്തിയിട്ട എന്റെ മനസ്സ് ആകാശനീലിമയില്‍ കുളിര്‍ത്തു. ഒരു പരസ്യം കണ്ട് ജോലിക്ക് അപേക്ഷിച്ചപ്പോള്‍ തുടങ്ങിയ ട്രെയിന്‍യാത്രയാണ്.
മറ്റൊരു ട്രെയിന്‍ വഴിമുടക്കി എന്ന് പറഞ്ഞ ദിവസമാണ് മുഷിപ്പിനുശേഷം ട്രെയിന്‍ ഇറങ്ങി പ്ലാറ്റ്ഫോമില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നത്. സീറ്റില്‍ ബോറടിച്ചിരിക്കുന്ന കവിത മനുഷ്യനെ അന്നാണ് ശ്രദ്ധിച്ചത്. അയാളുടെ കൈയിൽ പുസ്തകമില്ല.
“ചായ വേണോ?” എന്നെ ഒരുനിമിഷം ശ്രദ്ധിച്ചു നോക്കിയിട്ട് അയാള്‍ അവിടന്ന് എഴുന്നേറ്റു.
“വാ, ചായ കുടിക്കാം. ഇതിപ്പോ നേരെയാവുംന്ന് തോന്നുന്നില്ല.”
ചായ വാങ്ങി മേശക്കിരുവശം ഇരുന്നപ്പോള്‍ അയാള്‍ ഓഫീസില്‍ വിളിച്ചുപറയാന്‍ ഓര്‍മിപ്പിച്ചു. അപ്പോഴാണ് അതോര്‍ത്തത്. ചിരിച്ചു നന്ദി കാണിച്ചുകൊണ്ട് ഞാന്‍ ഓഫീസില്‍ വിളിച്ചു ലീവ് പറഞ്ഞു. “ഇവിടെ അടുത്താണ് കടല്‍. പോയാലോ?” അയാള്‍ ചോദിച്ചു. എനിക്ക് അതില്‍ പ്രത്യേകിച്ചു ഒന്നും തോന്നിയില്ല. വൈകുന്നേരം ജോലി കഴിഞ്ഞെത്തുന്ന നേരം വീട്ടില്‍ എത്തിയാല്‍ മതിയല്ലോ. ഞാന്‍ എവിടെയും പോയിട്ട് കാലമേറെയാവുന്നു. സഞ്ചി തോളില്‍ തൂക്കി അയാള്‍ ഓട്ടോ സ്റ്റാൻഡിലേക്ക് നടന്നു. അയാള്‍ക്കു പിന്നില്‍ നടക്കുമ്പോഴാണ് അയാളുടെ ഉയരം ശ്രദ്ധിച്ചത്. നടക്കുമ്പോള്‍ ഇടുപ്പിനു ഒരു തള്ളല്പോലെ. കൈവിരലുകള്‍ നീളം കൂടിയവ. അയാളുടെ മുടി നീളത്തില്‍ വെട്ടിയിരുന്നു. ഓട്ടോയില്‍ അറ്റത്തേക്കിരുന്നു ഞാന്‍ പുറത്തേക്ക് നോക്കി. കടലെത്തും മുന്നേ കടലിന്റെ ഉപ്പടിച്ചു. അയാള്‍ മുഖം മേലോട്ടുയര്‍ത്തി മണംപിടിക്കും പോലെ തോന്നി. പൈസ കൊടുത്തിറങ്ങി, പിന്നെ വെയില് തട്ടാതെ കാറ്റാടിമരങ്ങള്‍ക്കിടയിലൂടെ നടന്നു. അയാള്‍ കടലിലേക്കാണ് നോക്കിയത്. “ഇരിക്കാം ഇവിടെ” എന്ന് പറഞ്ഞു മരത്തണല്‍ വിരിച്ച പടിയിലിരുന്നു. പെട്ടെന്നാണ് അയാള്‍ വായിക്കാറുള്ള കവിത പുസ്തകങ്ങള്‍ ഓര്‍മവന്നത്.
“ങ്ങളെന്തു കവിതയാ വായിക്കുന്നത്?” ഞാന്‍ ചോദിച്ചു. “എല്ലാ ദിവസവും?”
അയാള്ക്കെന്റെ ചോദ്യം മനസ്സിലായില്ല. മുഖത്ത് ഒരു ചോദ്യമുയര്‍ന്നപ്പോള്‍ എനിക്ക് എന്റെ ചോദ്യം വിശദീകരിക്കേണ്ടി വന്നു. “ഇത്ര വായിക്കാന്‍ എന്താണെന്ന്?”
ഈ വട്ടം അയാള്‍ എന്നെ സൂക്ഷിച്ചുനോക്കി. “എല്ലാരും ഇതെന്നെ ചോദിക്കുന്നു.”
“എല്ലാരും?”
“ഹും.”
അയാള്‍ സഞ്ചിയില്‍നിന്നുമൊരു ബുക്കെടുത്തു. “നിങ്ങള്‍ക്ക് തിരിച്ചുപോകണമെങ്കില്‍ ആവാം. ഞാനിനി ഓഫീസ് വിടുന്ന നേരം ട്രെയിന്‍ പിടിക്കാം എന്ന് കരുതുന്നു. ദാ, അങ്ങോട്ട് നടന്നാല്‍ ബസ് സ്റ്റാൻഡ് ആണ്.”
“അതെന്തു വര്‍ത്താനാ നിങ്ങള്‍ പറയുന്നേ? നിങ്ങള്‍ വിളിച്ചിട്ടല്ലേ ഞാന്‍ വന്നത്.” എന്റെ മൂക്ക് ചുവന്നു.
“അതെ, നിങ്ങള്‍ക്ക് ബോറടിക്കരുതല്ലോ. ഇതിപ്പോ ഉച്ചപോലും ആയില്ല.”
ഞാന്‍ ഒന്നും മിണ്ടാതെ അവിടിരുന്നു. അയാള്‍ കടലിലേക്ക് നോക്കിയിരിക്കുകയാണ്. മുടി കാറ്റത്തിളകി ഉലയുന്നു. അവിടിവിടെ നരച്ചിട്ടുണ്ട്. തിരക്കിനിടയിലായിരുന്നെങ്കില് ഒരിക്കല്‍കൂടി ഞാന്‍ തിരിഞ്ഞുനോക്കാന്‍ ഇടയില്ലാത്ത മനുഷ്യന്. മുഖം ഉള്ളിലേക്ക് വലിച്ചൊളിപ്പിച്ചപോലെ ഒരാള്‍. ഞാന്‍ അയാളെ ശ്രദ്ധിക്കുന്നുവെന്നു തോന്നിയപ്പോ അയാള്‍ എന്നെ നോക്കി മെല്ലെ ചിരിച്ചു. “എന്താണിത്ര നോക്കാന്‍?”
“നമ്മളെന്താണ് ഇവിടിങ്ങനെ ഇരിക്കുന്നത്?”
അയാള്‍ കുറച്ചുനേരം ഒന്നും മിണ്ടിയില്ല. “ബുദ്ധിമുട്ടായോ?”
“ഏയ്, എന്തിന്? ഇന്നേവരെ ഒരിക്കല്‍പോലും സംസാരിക്കാത്ത നമ്മള് ഇവിടെ ഇരിക്കുന്നതെന്താണെന്നോര്ത്തു...”
“നമുക്ക് പരസ്പരം അറിയാലോ... അല്ലെ? കഴിഞ്ഞ ആറുമാസമായി എന്നും രാവിലെയും വൈകുന്നേരവും ഒരു മണിക്കൂര്‍ ഒരുമിച്ചു യാത്രചെയ്യുന്നില്ലേ?” അയാള്‍ ഒന്ന് നിര്‍ത്തി കടലിലേക്ക് നോട്ടം പായിച്ചു. “നിങ്ങളെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ഓരോ ദിവസവും തിരക്ക് കൂട്ടാതെ വണ്ടിയിലേക്ക് കയറുന്നത്, ഒരേ ആളുകളുടെ അടുത്ത് ഇരിക്കാതിരിക്കാന്‍ ശ്രമിക്കുന്നത്, കഴിവതും സംസാരിക്കാതെ ഏതോ ചിന്തകളില്‍ തനിയെ ചിരിക്കുന്നത്. നിങ്ങളെ കാണുമ്പോള്‍ എനിക്ക് എന്നെ കാണുന്നതുപോലെ തോന്നും.’’
എനിക്ക് പെട്ടെന്ന് ചിരിവന്നു. “നിങ്ങളെ പോലെയോ? നിങ്ങള്‍ തീവണ്ടിയില്‍ കയറുന്നതുതന്നെ പുസ്തകം വായിക്കാന്‍ അല്ലെ?”
അതുകേട്ട് അയാള്‍ ഉറക്കെ ചിരിച്ചു. പിന്നെ വീണ്ടും എന്തോ ഓര്‍ത്തപോലെ തുടര്‍ന്നു. ‘‘എനിക്ക് മറ്റൊന്നിനും ആവില്ല. എനിക്ക് മറ്റൊന്നും ചെയ്യാന്‍ അറിയില്ല. ഞാന്‍ ജീവിക്കുന്നത് ഇതിനാണ്.” അയാളുടെ കണ്ണുകള്‍ ഒരിടത്തേക്കുതന്നെ തുറിച്ചുനിന്നു. അയാള്‍ എന്നോടാണോ സംസാരിക്കുന്നത് എന്നു എനിക്കു സംശയം തോന്നി. “ഒരിക്കല്‍ പൂര്‍ണമായി ജീവിതം കൈവിട്ടുപോയി എന്ന് തോന്നിയ സമയത്ത് കയറിക്കൂടിയതാണ് ഈ പുസ്തകങ്ങള്‍. ജീവിതത്തില്‍ ഒരു മനുഷ്യന് ചെയ്യേണ്ട കാര്യങ്ങള്‍ ഒക്കെ ഞാനും ചെയ്തിട്ടുണ്ട്. അമ്മ വയസ്സായപ്പോള്‍ നിര്‍ബന്ധം പിടിച്ചതുകൊണ്ട് വിവാഹം കഴിച്ചു. എന്റെ അമ്മ ആഗ്രഹിച്ച മറ്റൊന്നും എനിക്കു ചെയ്യാനോ ആവാനോ ആയില്ല. എനിക്കു അമേരിക്കയില്‍ ജോലി കിട്ടിയില്ല. നല്ല ശമ്പളം കിട്ടിയില്ല. ജീവിതത്തില്‍ വിജയിച്ചില്ല. ഞാന്‍ എന്നും തോറ്റുകൊണ്ടേയിരുന്നു.’’ ജീവനുവേണ്ടി വേരോടിക്കുമ്പോലെ അയാള്‍ അയാളുടെ കൈയിലെ പുസ്തകത്തെ മുറുക്കെ പിടിച്ചു.
“ഞങ്ങള്‍ തമ്മില്‍ വിവാഹം കഴിക്കുമ്പോള്‍ ഉള്ള ഉടമ്പടിയാണ് എന്റെ ശമ്പളം മുഴുവന്‍ അവളെ ഏൽപിക്കുകയെന്ന്. പൈസ എന്നെക്കാള്‍ നന്നായി കൈകാര്യംചെയ്യാന്‍ അറിയുക അവള്‍ക്കാണ്...’’
“മക്കള്‍?” ഞാന്‍ മെല്ലെ ചോദിച്ചു.
“മൂന്നുപേരാണ്.’’ അയാള്‍ മെല്ലെ ചിരിച്ചു. പിന്നെ വീണ്ടും നോട്ടം തുറിപ്പിച്ചു തുടര്‍ന്നു. “എനിക്കു അവരോടൊപ്പം സംസാരിക്കണം എന്നുണ്ട്. പക്ഷേ, എന്റെ ഭാഷ തോറ്റുപോകുന്നു. ചില രാത്രികളില്‍ അവരെ നോക്കി കുറെനേരം ഇരിക്കും. ധൈര്യം തോന്നുമ്പോള്‍ വിരലറ്റങ്ങള്‍ തൊടും... ഞാന്‍...”
അയാള്‍ നിര്‍ത്തി. കണ്ണുകളില്‍ ചുവന്ന രേഖകള്‍ തെളിഞ്ഞുവന്നു.
അയാള്‍ എന്തിന് ഇതൊക്കെ എന്നോടു പറയണം എന്ന് ഒരിക്കല്‍പോലും ഞാന്‍ ചോദിച്ചില്ല. ഇരുട്ടിത്തീര്ന്ന രാത്രിക്കുശേഷം പകലിനെ ഏറ്റുവാങ്ങുന്ന ഭൂമിയെ പോലെ ഞാന്‍ ഇരുന്നു. അത്രയും സ്വാഭാവികമായ സൂര്യനായി അയാളും.
പെട്ടെന്നയാള്‍ നിര്‍ത്തി. “നീ ആല്‍ഫ്രെഡ് പ്രൂഫ്രോക്കിനെ പറ്റി കേട്ടിട്ടുണ്ടോ?” അയാളുടെ ശബ്ദത്തില്‍ കാറ്റിന്റെ തള്ളിച്ച ഉണ്ടായിരുന്നു.
“അതാരാണ്?”
“ഞാന്‍തന്നെ,” അയാള്‍ ചിരിച്ചു.
“Let us go then, you and I,
When the evening is spread out against the sky
Like a patient etherized upon a table;”*
അയാള്‍ ഉറക്കെ ചൊല്ലി നിര്‍ത്തി. വാക്കുകളുടെ അർഥം മനസ്സിലായെങ്കിലും മറ്റൊന്നും എനിക്കു മനസ്സിലായില്ല.
കുറച്ചുനേരം കഴിഞ്ഞപ്പോ ഞാന്‍ പിന്നെയും ചോദിച്ചു, ‘‘നടക്കാം?”
അയാള്‍ മെല്ലെ എഴുന്നേറ്റു. മണൽത്തരികളെ മെല്ലെ തട്ടിമാറ്റി അയാള്‍ നടന്നുതുടങ്ങി. കാലുകള്‍ നീട്ടിവെച്ച് ചുറ്റുമുള്ള ലോകത്തെ നോക്കി അയാള്‍ മുന്നോട്ടായുകയാണ്. ഞാന്‍ പുറകില്‍ തിരക്കുകൂട്ടി നടക്കുന്നു. എന്നാലും എത്താനാവുന്നില്ല. “ഏയ്” ഞാന്‍ സഹികെട്ട് വിളിച്ചു, അയാള്‍ പെട്ടെന്ന് ശബ്ദംകേട്ടു തിരിഞ്ഞു നോക്കി. “ഞാന്‍ എത്തുന്നുണ്ടോ എന്ന് നോക്കണം. ഞാന്‍ കൂടെയാണ്. മറക്കരുത്.” എനിക്കു കിതപ്പ് അടക്കാനായില്ല.
അതു കേട്ടപ്പോള്‍ അയാള്‍ അവിടെ തന്നെ നിന്നു എന്നെ കുറച്ചുനേരം സൂക്ഷ്മമായി നോക്കി. അയാളുടെ ചുറ്റും വെയില് തിളങ്ങിക്കിടന്നു. എനിക്കു കണ്ണുകള്‍ അടക്കണമെന്നുണ്ടായിരുന്നു. അയാളെ നോക്കരുത് എന്നുണ്ടായിരുന്നു. പക്ഷേ അയാള്‍ക്കു ചുറ്റും പതുങ്ങിക്കിടന്ന വെയില് അരിച്ച് എന്റെ കാല്ക്കലോളം എത്തി എന്റെ വിരലുകളെ കോര്‍ത്ത് പിടിക്കുന്നത് ഞാന്‍ അറിഞ്ഞു. എനിക്കു ശ്വാസം തൊണ്ടയില്‍ കുരുങ്ങി. നടന്നു എന്റെ അടുത്തേക്ക് വന്ന അയാള്‍ എന്നെ ഒരുനിമിഷം നോക്കി, “സോറി, ഇനി ആവര്‍ത്തിക്കില്ല. കൂടെയുണ്ടെന്ന് മറക്കില്ല.” ഇരുവരും പെട്ടെന്നുതന്നെ കണ്ണുകള്‍ വലിച്ചെടുത്ത് മെല്ലെ നടക്കാന്‍ തുടങ്ങി. ഈ വട്ടം അയാള്‍ ഇടക്കണ്ണിട്ട് ഒപ്പമുണ്ടോ എന്നു ശ്രദ്ധിക്കുന്നു എന്ന് എനിക്കു മനസ്സിലായി.
കൂടെ ഉണ്ടായിരുന്ന സമയം മുഴുവനും ഓരോരോ കൃത്യമായ ഇടവേളകളിലും അയാളുടെ ഫോണ്‍ ശബ്ദിച്ചുകൊണ്ടിരുന്നു. ആദ്യം ഫോണെടുത്തു അയാള്‍ പറഞ്ഞു, “വണ്ടി ഓടുന്നില്ല. വെറുതെ ഇരിക്കുന്നു... എന്തുചെയ്യാന്‍/ ഇല്ല. ആരും ഇല്ല. ഒറ്റയ്ക്ക്... ചോറുണ്ടല്ലോ... സമയം ആവുമ്പോള്‍ കഴിക്കും... നേരത്തെ അറിയില്ലല്ലോ? നീ ഇതെന്താണ് പറയുന്നത്? ഫോൺ വെക്കൂ.” പിന്നീടോരോ വട്ടവുമയാള് എന്തിനാണ് വിളിച്ചുകൊണ്ടിരിക്കുന്നതെന്നും, ആരുമില്ലെന്നും, പുസ്തകം വായിക്കുകയാണെന്നും ഒക്കെ പറഞ്ഞുകൊണ്ടിരുന്നു. ഒരുവട്ടം ഫോണ്‍ സ്വിച്ച് ഓഫ് ആക്കി അയാള്‍ കുറച്ചുനേരമതിലേക്ക് നോക്കിയിരുന്നു. പിന്നെ ഒരു ദീര്‍ഘനിശ്വാസത്തോടെ കടലിലേക്ക് കണ്ണ് പായിച്ചു. “എന്താണ്?” ഞാന്‍ ചോദിച്ചു.
അയാള്‍ പണിപ്പെട്ടു കണ്ണുകള്‍ എന്നിലേക്ക് പായിച്ചു. “നിങ്ങള്‍ എന്ത് ചെയ്യുന്നു?” മറുചോദ്യം കേട്ടു ഞാന്‍ ഒരു നിമിഷം ഉത്തരം പറയാതിരുന്നു. അയാള്‍ എന്നെ സൂക്ഷിച്ചുനോക്കിയപ്പോള്‍ എന്റെ കവിളില്‍ കാഞ്ഞപോലെ. പിന്നെ ഞാന്‍ പറഞ്ഞുതുടങ്ങി. കുട്ടിക്കാലങ്ങളിലെ ഉച്ചവെയിലിനെ കുറിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ വിങ്ങിപ്പോയി. അയാള്‍ എന്റെ കൈ മെല്ലെ അയാളുടെ കൈയിലാക്കി അനങ്ങാതിരുന്നു. അമ്മയുടെയും അച്ഛന്റെയും ഇടയില്‍ നിഴലായിപ്പോയ ഞാന്‍. വിവാഹം കഴിച്ചുപോയ വീട്ടിലെ മതിലിനെ കുറിച്ച് പറഞ്ഞപ്പോള്‍ അയാളുടെ നോട്ടം ഇളംവെയിലായി മാറി. ഞാനിപ്പോള്‍ എന്റെ വീട്ടിലെ മാന്തളിരുകള്ക്കിടയില് ഒഴുകുകയാണ്. എനിക്കു ചുറ്റും ഇളംപച്ചയുടെ ഓളങ്ങളാണ്.
കുറച്ചു നേരത്തിനുശേഷം ഞാന്‍ അയാളോട് ചോദിച്ചു, “പ്രൂഫ്രോക്ക് എന്താണ്?”
കാറ്റാടികള്ക്കിടയില്നിന്നുകൊണ്ടു തിളക്കുന്ന ഉച്ചക്കടല്‍ നോക്കി അയാള്‍ ഉറക്കെ ചൊല്ലി,
Should I, after tea and cakes and ices,
Have the strength to force the moment to its crisis?
But though I have wept and fasted, wept and prayed,
Though I have seen my head (grown slightly bald) brought in upon a platter,
I am no prophet – and here’s no great matter;
I have seen the moment of my greatness flicker,
And I have seen the eternal Footman hold my coat, and snicker,
And in short, I was afraid*.
അയാളുടെ ശബ്ദം ഉറച്ചതായിരുന്നു. “ഈ വരികള്‍ വായിക്കുമ്പോ, എലിയറ്റ് എന്നെ കണ്ടിരുന്നോ എന്നു തോന്നും,” ഇപ്പോള്‍ ശബ്ദം കാറ്റിനെക്കാള്‍ നേര്‍ത്തതായി. “ഒരിത്തിരി സമാധാനത്തിനുവേണ്ടി എന്നെതന്നെ ഇല്ലാതാക്കിയ ആളാണ് ഞാന്‍.”
ഭക്ഷണം കഴിക്കാന്‍ കടല്ക്കരയിലുള്ള ശീതീകരിച്ച മുറിയിലേക്ക് കയറുന്നതിനുമുന്നേ രണ്ടുപേരും ചോറ്റുപാത്രം മരങ്ങള്‍ക്കിടയില്‍ കിടന്നിരുന്ന നായ്ക്കള്‍ക്കു മുന്നില്‍ കൊട്ടി. എന്നിട്ട് കണ്ണുകളുയര്‍ത്തിയപ്പോള്‍ അറിയാതെ ഉറക്കെ ചിരിച്ചുപോയി. വൈകുന്നേരം സൂര്യന് അസ്തമിക്കാത്ത കടല്ക്കരയില്നിന്നും ട്രെയിന്‍ പിടിക്കുവാന്‍ വേണ്ടി ഓട്ടോയില്‍ കയറിയപ്പോള്‍ അത്രതന്നെ ആശ്വാസത്തോടെ, അയാളുടെ തോളില്‍ അവള് തലചായ്ച്ചു. അയാള്‍ പുറത്തേക്ക് നോക്കിയിരുന്നു. ട്രെയിനില്‍ കയറിയപ്പോളവള് പതിവുപോലെ പുറത്തേക്കും, അയാള്‍ കൈയിലുള്ള ഏതോ പുസ്തകത്തിലേക്കും തിരിഞ്ഞു. പക്ഷേ, ഇപ്പോളിടക്കിടെ രണ്ടുപേരും കണ്ണുകളുയര്‍ത്തി, പകുതി നിവര്‍ത്തി തീര്‍ക്കാതെപോയ ആകാശം പരസ്പരം കണ്ടു ഇളംചിരികള് ചിരിച്ചു.
പിന്നീടങ്ങോട്ട് ജീവിതത്തിനു പൂമ്പാറ്റകളുടെ ലാഘവത്വമായിരുന്നു. ഷഡ്പദത്തിന്റെ സമാധിദശയില്നിന്നും മെല്ലെ ഒരു ചിത്രശലഭം അതിന്റെ തിളങ്ങുന്ന ചിറകുകള് നിവര്‍ത്തി പുറത്തേക്ക് ചാഞ്ഞു. ഓരോ ദിവസവും തേന്വിങ്ങി ആകാശത്തേക്ക് പറന്നുയരാന്‍ ശ്രമിച്ചു. തിരിഞ്ഞിറങ്ങുവാന് ഒരിതളിന്റെ ശിഖരം അതിനെ കാത്തിരിക്കുന്നു എന്ന പൂര്‍ണ വിശ്വാസത്തില്‍ അത് വീണ്ടും വീണ്ടും ചിറകുകള് ഉയര്‍ത്തി.
സ്റ്റേഷനിലേക്കെത്താന്‍ ഞാന്‍ വൈകിയെത്തിയ ഒരുദിവസം അയാളെ കണ്ടില്ല. ഫോണില്‍ മെസേജ് ഒന്നുമില്ലായിരുന്നു. ഒഴിവിനിടക്ക് വിളിച്ച് നോക്കിയെങ്കിലും കിട്ടിയില്ല. മെസേജ് ഡെലിവേഡ് അല്ല എന്നു എഴുതിക്കാണിച്ചു. പ്രത്യേകിച്ചൊന്നും തോന്നിയില്ല. വീട്ടിലെന്തെങ്കിലും ഉണ്ടായിക്കാണും. സമയം കിട്ടുമ്പോള്‍ തിരിച്ചുവിളിക്കുമല്ലോ. വൈകുന്നേരം തീവണ്ടിയില്‍ കയറുമ്പോഴും വിളി ഉണ്ടായില്ല. രാത്രി ഉറങ്ങാന്‍ ആവാതെ നേരം വെളുപ്പിച്ചു. പിറ്റേന്നും വിളിച്ച് കിട്ടിയില്ല. ഈ വട്ടം പരിഭ്രമം ഉണ്ടായി. ഉള്ളിലെന്തോ ഇരമ്പുന്നതുപോലെ. പകല്‍ ഏറുംതോറും അതിന്റെ മുരളിച്ച കൂടിക്കൂടി വന്നു. വൈകുന്നേരം ആവുമ്പോഴേക്കും ഒരു കരച്ചില് തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടിച്ചു. പിന്നെയും ഒരു ദിവസം. ഫോണ്‍ ബിസി ടോണ്തന്നെ കാണിക്കുന്നു. മെസേജുകള്‍ പോകുന്നില്ല. ആ ആഴ്ചക്കൊടുവില്‍ തിങ്കളാഴ്ചയാവാന്‍ കാത്തിരുന്നു. ട്രെയിനിലേക്ക് ഓടിക്കയറുന്നതിനു മുന്നേ വീണ്ടും ചുറ്റും തിരഞ്ഞുനോക്കി. എവിടെയും കണ്ടില്ല. ഒരു നിമിഷം ട്രെയിന്‍ കയറണോ എന്ന് തോന്നി. അവിടെതന്നെ നിന്നാലോ? വൈകിയതാണെങ്കിലോ? ട്രെയിന്‍ മെല്ലെ ഓടിത്തുടങ്ങിയപ്പോള്‍ പെട്ടെന്ന് അതിലേക്കു ചാടിക്കയറി. കയറിയ ഉടനെ ഇരിക്കാനുള്ള സ്ഥലം ചൂണ്ടി മുല്ലപ്പൂക്കാരി ക്ഷണിച്ചു. വേണ്ട എന്ന് തലയാട്ടി ഞാന്‍ മുന്നിലേക്ക് നടന്നു. തീവണ്ടിയുടെ ഒരറ്റത്തുനിന്നും മറ്റേ അറ്റം വരെ ഞാന്‍ എന്റെ ഹൃദയവും കൈയിലെടുത്തു തിരഞ്ഞുകൊണ്ടിരുന്നു. ആളുകള്‍ക്കിടയില്‍, തിരക്കില്‍, ഉറങ്ങുന്ന മനുഷ്യരുടെ കാലുകളും കൈകളും ഒക്കെ നോക്കി അയാള്‍ അല്ല എന്ന് തിട്ടപ്പെടുത്തി. രണ്ടുവട്ടം അങ്ങോട്ടും ഇങ്ങോട്ടും നടന്നപ്പോള്‍ ആളുകള്‍ തിരിഞ്ഞുനോക്കാന്‍ തുടങ്ങി. പക്ഷേ, ഞാന്‍ നോട്ടം കാര്യമാക്കിയില്ല.
ഒരു ദിവസംകൂടി കഴിഞ്ഞപ്പോള്‍ അയാളുടെ പണിസ്ഥലത്തേക്ക് പോകാന്‍തന്നെ തീരുമാനിച്ചു. അയാള്‍ വന്നില്ലെന്ന് ഒരാള്‍ പറഞ്ഞു. എന്ന് വരുമെന്നു അവര്‍ക്ക് നിശ്ചയമില്ല. തൽക്കാലം ലീവ് എടുത്തിരിക്കുകയാണ്. അവിടെനിന്നിറങ്ങുന്ന വരെ ഒന്നും തോന്നിയില്ല. പിന്നെ തീപിടിച്ചപോലെ ഒരോട്ടമായിരുന്നു. അയാള്‍ക്കൊപ്പം ആദ്യം ബസ് കയറിപ്പോയ കടലോരത്തേക്ക്.
സൂര്യന് കത്തുകയാണ്. എന്നാല്‍ അതിലേറെ തീ എന്റെ ഉള്ളിലായിരുന്നു. കടലും മണലും തിളച്ചുകിടക്കുന്നു. ഞാന്‍ ഒന്നും അറിഞ്ഞില്ല. നേരെ കടലിലേക്ക് നടന്നു. പാദങ്ങളില്‍ വെള്ളം തൊട്ടപ്പോഴാണ് ബോധംവന്നത്.
ഞാന്‍ എന്റെ വായ തുറന്നുപിടിച്ചു. അതിനുള്ളിലേക്ക് കാറ്റടിച്ചു കൊണ്ടേയിരുന്നു. എനിക്ക് ചുറ്റും എന്റെ മുടി അഴിഞ്ഞുലഞ്ഞു. എന്റെ ഉള്ളില്‍നിന്നും നിശ്ശബ്ദമായ ഒരാര്‍ത്തനാദം തൊണ്ടയിലൂടെ പുറത്തേക്കൊഴുകിക്കൊണ്ടിരുന്നു. എന്റെ കണ്ണുകള്‍ തരിച്ചു പെയ്തു. എനിക്ക് ചുറ്റും കാറ്റു നിര്‍ത്താതെ പ്രവഹിച്ചു. എന്റെ തലക്കു ചുറ്റും പരുന്തുകള്‍ ചിറകടിക്കുകയും എന്റെ കാലിലേക്ക് ഞണ്ടുകള്‍ പിടിച്ചു കയറുകയും ചെയ്തു. ഞാന്‍ എല്ലാം അറിഞ്ഞു. ഞാന്‍ ഒന്നും അറിഞ്ഞില്ല.
അടുത്തുകൂടി പോയ ഉപ്പിലിട്ട മാങ്ങാക്കാരന് “എന്ത്ന്നാ കുട്ടീ കാണിക്കുന്നേ?” എന്ന് ചോദിക്കുന്നതു വരെ, എന്റെ ശരീരം തിളക്കുന്ന സൂര്യനില്‍ കരിഞ്ഞു പൊട്ടുംവരെ, ഞാന്‍ അവിടെ നിന്നു. പിന്നെ മെല്ലെ തിരിഞ്ഞു നടന്നു. എന്റെ ഉള്ളില്‍ എന്തോ ഒന്നു കെട്ടുപോയിരുന്നു. തിരിച്ചുവരുവാനാവാത്ത ദൂരത്തില്‍ അതിന്റെ ചിറകൊച്ച ഞാന്‍ കേട്ടു.
വീട്ടിലെത്തിയപ്പോള്‍ എന്നെ കണ്ട അമ്മ ഭയന്നു പോയി. “എന്തായി?” എന്ന അമ്മയുടെ ഉറക്കെയുള്ള പരിഭ്രാന്തമായ ചോദ്യം കേട്ടു അച്ഛന് മെല്ലെ എഴുന്നേറ്റു നോക്കി. ഞാന്‍ ഒന്നും മിണ്ടാതെ എന്റെ മുറിയിലേക്ക് നടന്നു.
പിറ്റേന്നു മുതല്‍ ഉള്ളിലേക്ക് കടന്ന സൂര്യന് പുറത്തേക്ക് പ്രവഹിച്ചു തുടങ്ങി. പനി നൂറ്റിനാലില്നിന്നും താണില്ല. ഒരു തുള്ളി വെള്ളം കുടിക്കുവാനോ, ഒരു വറ്റിറക്കുവാനോ കഴിഞ്ഞില്ല. ഇടക്ക് അമ്മ തരുന്ന വെള്ളവും മരുന്നും മുഴുവനും ഛർദിച്ചുകളഞ്ഞു. തലയില്‍ ഇപ്പോഴും ഒരു മൂളല്‍ മാത്രം. ചുറ്റും ചൂടുള്ള വലയങ്ങള്‍.
ഒരാഴ്ചക്കപ്പുറം ബോധം വന്നപ്പോള്‍ എന്റെ കിടക്കയും ജനാലക്കപ്പുറത്തുള്ള മാന്തളിരും കണ്ണില്‍പെട്ടു. എന്ത് സംഭവിച്ചു എന്നറിയാന്‍ കുറേ നേരം ശ്രമിച്ചപ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തിയത് കടലാണ്. പെട്ടെന്നു തലക്കടിയേറ്റതുപോലെ വിങ്ങാന്‍ തുടങ്ങി. കണ്ണ് മങ്ങിയിരുന്നെങ്കിലും ഞാന്‍ ഫോണ്‍ തപ്പിയെടുത്തു. ചാര്‍ജ് തീര്‍ന്നിരുന്നു. ചാര്‍ജിലിടുമ്പോള്‍ കൈ വിറച്ചു.
ഫോണ്‍ തുറന്നാല്‍ ശൂന്യതയാവുമോ എന്ന് ഞാന്‍ ഭയന്നു. ഫോണില്‍ അയാളുടെ പേര് കണ്ടപ്പോള്‍ പെട്ടെന്നൊരു തണുപ്പ് തോന്നി.
“നമ്മളെ കണ്ട എന്റെ ഒരു സുഹൃത്ത് വീട്ടില്‍ അറിയിച്ചിരുന്നു. ഞാന്‍ ബുധനാഴ്ച തിരിച്ചുവരുമ്പോള്‍ അവര്‍ ദേഷ്യം പിടിച്ചു നിൽപുണ്ടായിരുന്നു. മക്കള്‍ ഭയന്നും.
ഇപ്പോള്‍ കുറച്ചു ദിവസമായല്ലോ.ഇവിടെ ഒന്നുമയഞ്ഞില്ല. ഞാന്‍ പണിക്കു പോയിത്തുടങ്ങി. ഓരോ സമയത്തും വിളിയുണ്ട്, ഞാന്‍ എവിടെ എന്നന്വേഷിക്കും, ഇവിടെ ഉണ്ടെന്നു ഉറപ്പുവരുത്തും. വീട്ടില്‍ വരുന്ന സമയം എഴുതിവെക്കും. വീട്ടില്‍ വന്നാല്‍ കാതും കണ്ണും എനിക്കുമേലെതന്നെയാണ്.
ഇന്നലെ എന്റെ പുസ്തകങ്ങള്‍ക്ക് തീയിട്ടു. ഞാന്‍ എതിര്‍ത്തില്ല. ഇല്ലെങ്കില്‍ വീട് കത്തിക്കുമെന്ന് തോന്നി. മക്കളെയും. ഇനി വായനയുമില്ല.
ഞാന്‍ ശ്വാസം കഴിക്കാറില്ല.
എനിക്ക് എന്റെ മുഖത്തേക്ക് തന്നെ നോക്കാന്‍ ആവുന്നില്ല. അതുകൊണ്ട് നിന്റെയും.
ഇനി കാണില്ലെന്ന് തീരുമാനിക്കുന്നു.
ഞാന്‍ തോല്‍ക്കുകയാണ്.
ഇനി ആരോടും ഒന്നും പറയാനില്ല. മുന്നില്‍ മുഴുവനും ശൂന്യതയാണ്. രണ്ടു വർഷം ജീവിച്ചു എന്ന് തോന്നിയിരുന്നു. പേടിക്കുമ്പോ കൈ പിടിക്കാന്‍ ആളുണ്ടെന്നു തോന്നിയിരുന്നു.
ഇനി ഇല്ല.
ഭീരുവാവരുതെന്നു നീ പറയാറുള്ളത് ഓര്‍മയുണ്ട്.
ഭീരുത്വമല്ല. മരണമാണ്. മരിച്ചു ജീവിക്കാന്‍ ആവും. എനിക്ക് ഞാനില്ലാതെ ആയിപ്പോയി.
നിനക്കു മുന്നോട്ട് പോകുവാന്‍ ആകണം.
എനിക്കാവുന്നില്ല. അതാണ്.”
പിന്നെ ഒന്നും ഉണ്ടായില്ല. number blocked എന്നെഴുതി കാണിച്ചു.
എന്റെ ഉള്ളിലെ മഞ്ഞ് ഉറഞ്ഞുകട്ടിയായി. ഞാന്‍ വെറും രക്തവും മാംസവും ഉള്ള ഒരു ഇറച്ചിത്തുണ്ടായി. ജീവനും ചൈതന്യവും ഒഴിഞ്ഞ ഒരു ശരീരം. പിന്നെ പിന്നെ രാവും പകലും ഇരുട്ടും വെളിച്ചവും, സൂര്യനും നക്ഷത്രങ്ങളും മാറിമാറി ഒഴുകിയൊഴിഞ്ഞു. ആ ഒഴുക്കില്‍ മുങ്ങിവീഴാതെ നിങ്ങളോട് ഞാന്‍ സംസാരിച്ചുകൊണ്ടേയിരുന്നു.
വേര്‍പെട്ടുപോയാലും ശ്വാസങ്ങള്‍ക്കിടയില്‍ ഞാന്‍ നിങ്ങളെ അറിയും. ഉള്ളിലുള്ള ആളല്‍ രണ്ടായി പകുത്തു ഭൂമി മുഴുവനും ആകാശവും പറന്നുയരും. ഒരു പാതി എനിക്കും ഒരു പാതി നിങ്ങള്‍ക്കും. എനിക്കറിയാം. ഇനി ഒരിക്കലും നിങ്ങള്‍ക്ക് മറ്റൊരാകാശമുണ്ടാവില്ല, അത്രമേല്‍ വിശ്വസിച്ചു ചാഞ്ഞിരിക്കാന്‍ ഒരു മരച്ചില്ലയും. എനിക്കിനി കൈയെത്തിച്ചേരുന്ന ഇടത്ത് ഒരു നിശ്വാസവും, ഞാന്‍ പറഞ്ഞതോര്‍ത്ത് എന്നെ തിരിഞ്ഞു നോക്കുവാന്‍ ഒരു പുഞ്ചിരിയും ഇല്ല. ഒരു വാക്കുച്ചരിക്കുമ്പോള് അത് വീഴാനുള്ള പാനപാത്രം നിങ്ങൾക്കു മുന്നില്‍ തുറന്നിരിക്കില്ല. ദിശയില്ലാത്ത മാറ്റൊലിയായി അത് പറന്നുയരും. തെളിയുന്ന ഒഴുക്കില്‍ തെളിമയില്ലാത്ത വരയായി അത് കിടക്കും.
ഇനി കാണുകയില്ലായിരിക്കാം. ശബ്ദം കേള്‍ക്കാനാവാത്ത അകലങ്ങള്‍ വാ പിളര്‍ന്നു നമ്മളെ വിഴുങ്ങുമാവാം. എങ്കിലും ഓര്‍ക്കണം. ഇത് സ്വയം പറയണം.
നിങ്ങള്‍ക്ക് സ്വപ്നം കാണാനുള്ള ചതുരം നിങ്ങളുണ്ടാക്കണം. അതിന്റെ ജനാല തുറക്കുമ്പോള്‍ അക്ഷരങ്ങള്‍ തെളിയണം. കവിതക്ക് നൂറു നാവുണ്ടെന്നും, അതിനു സൂര്യപ്രകാശത്തിന്റെ വേവുണ്ടെന്നും പറയണം. നിങ്ങളുടെ ഉള്ളില്‍നിന്നുയരുന്ന വെളിച്ചം ചുറ്റും വളയങ്ങളുണ്ടാക്കി മറ്റുള്ളവര്‍ക്ക് താങ്ങാവുമെന്നറിയണം. അതാവാന്‍ നിങ്ങള്‍ നിവരണം എന്ന് തിരിച്ചറിയണം.
എന്നിലുള്ള നാളം തെളിയിച്ചുകൊണ്ട് ഞാനിതാ ഈ തുരങ്കത്തിനപ്പുറത്ത് നിൽക്കുന്നു. നിങ്ങളുടെ ശ്വാസം എന്റെ കണ്ണിമകളെ തൊട്ട് കടന്നുപോകുന്നുണ്ട്. ഞാനിപ്പോഴും പറയുന്നതത്രയും നിങ്ങള്‍ കേള്‍ക്കുന്നുവെന്ന് എനിക്കറിയാം. ഇരുട്ടില്‍ നിങ്ങളുടെ ചിരിവെളിച്ചം എനിക്കു കാണാം. അതിനു മരങ്ങളുടെ പച്ചയുണ്ട്, നമ്മള് കണ്ട കടലിന്റെ വേവുണ്ട്. എന്റെ വിരലുകളെ ഞാനിപ്പോള്‍ എന്റെ മുടിയിഴകളില്‍ ചുറ്റിവെച്ചിരിക്കുന്നു.
ഞാന്‍ ചിരിക്കുമ്പോള്‍ ഒരാകാശം നിറഞ്ഞൊഴുകുന്നു.
* ടി.എസ്. എലിയറ്റ് എന്ന വിശ്വവിഖ്യാതനായ എഴുത്തുകാരന്റെ The Love Song of J Alfred Prufrock (1915) എന്ന കവിതയില്‍നിന്നുള്ള വരികളാണ്. ഒന്നും ചെയ്യുവാനോ പറയുവാനോ ആവാതെ ഭയത്തിനടിമപ്പെട്ടുപോയ നിരാശനായ പ്രൂഫ്രോക്കിന്റെ ആത്മഗതമാണ് ഈ കവിത.