Begin typing your search above and press return to search.
proflie-avatar
Login

വരാഹമിഹിരന്റെ മുതല - ശ്രീകണ്ഠൻ കരിക്കകത്തിന്റെ കഥ

വരാഹമിഹിരന്റെ മുതല - ശ്രീകണ്ഠൻ കരിക്കകത്തിന്റെ കഥ
cancel

വിളിച്ചുപറഞ്ഞില്ലെങ്കിലും അയാൾ വീട്ടിൽതന്നെ ഉണ്ടാകുമായിരുന്നു. പക്ഷേ, സുജാവുദ്ദീൻ അങ്ങനെയല്ല. പഠിച്ചുറച്ചുപോയ ചില പഴയശീലങ്ങൾ അണപ്പാറാതെ ഇപ്പോഴും ഉള്ളിൽ ഇടംവലം ചവിട്ടാറുണ്ട്. അതുകൊണ്ടാണയാൾ പുറപ്പെടുന്നതിനുമുമ്പ് രാഹുകാലം നോക്കി അനന്തമൂർത്തിയെ വിളിച്ചത്. ‘‘സുജാവുദ്ദീൻ, നിങ്ങൾ തനിച്ച് വരുന്നതാണ് എനിക്കിഷ്​ടം. നോക്കും വാക്കുമൊക്കെ എങ്കിൽ അധികം വീതംവയ്ക്കണ്ടല്ലോ...’’ തണുത്ത കൈവിരലുകൾ നോവാതെ പതിയെ ഞൊട്ടയിട്ടുകൊണ്ട് അയാൾ പറഞ്ഞു. എന്നാൽ ഇത്തവണ സുജാവുദ്ദീനോടൊപ്പം ലിജിൻ എന്ന സാഹിത്യതൽപരനായ ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു. കെമിക്കൽ എൻജിനിയീറിങ്ങിൽ മാസ്റ്റർ ബിരുദം നേടിയ...

Your Subscription Supports Independent Journalism

View Plans

വിളിച്ചുപറഞ്ഞില്ലെങ്കിലും അയാൾ വീട്ടിൽതന്നെ ഉണ്ടാകുമായിരുന്നു. പക്ഷേ, സുജാവുദ്ദീൻ അങ്ങനെയല്ല. പഠിച്ചുറച്ചുപോയ ചില പഴയശീലങ്ങൾ അണപ്പാറാതെ ഇപ്പോഴും ഉള്ളിൽ ഇടംവലം ചവിട്ടാറുണ്ട്. അതുകൊണ്ടാണയാൾ പുറപ്പെടുന്നതിനുമുമ്പ് രാഹുകാലം നോക്കി അനന്തമൂർത്തിയെ വിളിച്ചത്.

‘‘സുജാവുദ്ദീൻ, നിങ്ങൾ തനിച്ച് വരുന്നതാണ് എനിക്കിഷ്​ടം. നോക്കും വാക്കുമൊക്കെ എങ്കിൽ അധികം വീതംവയ്ക്കണ്ടല്ലോ...’’ തണുത്ത കൈവിരലുകൾ നോവാതെ പതിയെ ഞൊട്ടയിട്ടുകൊണ്ട് അയാൾ പറഞ്ഞു. എന്നാൽ ഇത്തവണ സുജാവുദ്ദീനോടൊപ്പം ലിജിൻ എന്ന സാഹിത്യതൽപരനായ ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു. കെമിക്കൽ എൻജിനിയീറിങ്ങിൽ മാസ്റ്റർ ബിരുദം നേടിയ സുന്ദരനായ തൊഴിൽരഹിതനായിരുന്നു ലിജിൻ.

സുജാവുദ്ദീൻ അനന്തമൂർത്തിയുമായുള്ള ആ ചെറിയ ഫോൺ സംഭാക്ഷണം കട്ടുചെയ്ത ഉടൻ ലിജിനോടായി പറഞ്ഞു:

‘‘ഇപ്പോൾ ക്ലാസ്​മുറിയിൽ ഉത്തരപേപ്പറുകൾ വാങ്ങിക്കൂട്ടുന്ന വിദ്യാർഥിയുടെ വാശിക്കുതിപ്പോടെ അയാൾ അങ്ങനെ ഒന്നും എഴുതാറില്ല. അയാളെ ആരും എടുപ്പുകുതിരയെപ്പോലെ സാംസ്​കാരികസമ്മേളനങ്ങളിൽ കെട്ടി എഴുന്നള്ളിക്കാറുമില്ല.’’

പതിവ് ഉച്ചമയക്കത്തി​ന്റെ അലസതാളുകളിലേക്ക് കടക്കുന്നതിനു മുമ്പുള്ള ഒരുമണിനേരത്തായിരുന്നു, ആ വിളി. അതുകേട്ടപ്പോൾതന്നെ അനന്തമൂർത്തി വലിയൊരു പൊട്ടിച്ചിരിയുടെ നൂലഴിച്ചുവിട്ടുകൊണ്ട് വാടിപ്പോയൊരു ഒച്ചയിൽ ചോദിച്ചു;

‘‘നിങ്ങൾ ഇപ്പോഴും ആ പാമ്പ് ചത്തില്ലെന്നു കരുതി അതി​ന്റെ വാലിൽതന്നെ തല്ലുകയാണല്ലോ..?’’


ഇറുകിയ ജീൻസി​ന്റെ മുൻമുഴപ്പ് സുജാവുദ്ദീ​ന്റെ ചന്തിയിൽ തട്ടാതെ ശ്രദ്ധയോടെ കാലുകൾ ഒതുക്കി ലിജിൻ ബൈക്കിലേക്ക് കയറുന്നതിനിടയിൽ സുജാവുദ്ദീൻ ആക്സിലറേറ്ററിൽ ഓർമകളെ രാകി രാകി തിളപ്പിച്ച് അനന്തമൂർത്തിയെക്കുറിച്ച് വീണ്ടും ചിലതൊക്കെ പറഞ്ഞു: ‘‘ഒരുകാലത്ത് ഇയാളുടെ അനുവാദമില്ലാതെ ഈ നഗരത്തിലെ ഒരു സാഹിത്യപരിപാടിയും അനങ്ങില്ലായിരുന്നു. അത്രത്തോളമായിരുന്നു ആ ആജ്ഞാശക്തിയും മേധാശക്തിയുമൊക്കെ. നമ്പർ വൺ സംഘാടകൻ. മൂർത്തി വിചാരിച്ചാൽ മുഖ്യനും വരും എന്നൊരു പറച്ചിലുതന്നെ അക്കാലത്ത് ഉണ്ടായിരുന്നു. നിനക്കറിയാമല്ലോ, സാധാരണ ഇത്തരം കാര്യങ്ങളിലൊക്കെ ഒരു അപ്പർഹാൻഡ് ഉണ്ടായിരിക്കുന്നത് നിരൂപകരായ കോളേജ് അധ്യാപകർക്കോ, അല്ലെങ്കിൽ ഏതെങ്കിലും മാധ്യമസ്​ഥാപനങ്ങളിൽ പണിയെടുക്കുന്നവർക്കോ ഒക്കെ ആയിരിക്കും. എന്നാൽ ഇയാളോ, പ്രത്യേകിച്ചൊരു പണിക്കുംപോകാതെ ഭാര്യയുടെ തണലിൽ, അവരുടെ ശമ്പളത്തിൽ..!

എഴുതി തെളിയാൻ തുടങ്ങിയവരും എഴുതി തെളിഞ്ഞവരുമെല്ലാം അക്കാലത്തയാളെ ഒരു കുളയട്ടയെപ്പോലെ ഭയന്നിരുന്നു. ഇയാൾ ഒരു കവിത എഴുതിക്കഴിഞ്ഞാൽ പിന്നെ മാസങ്ങളോളം സാഹിത്യലോകം കന്നിക്കോളിലുറഞ്ഞ നായ്ക്കൂട്ടത്തെപ്പോലെ അതി​ന്റെ പിന്നാലെയായിരിക്കും. ഇരുമ്പുറപ്പുള്ള പുസ്​തകങ്ങൾപോലും ഉപ്പുവീണ സങ്കടങ്ങളാകും. അവ ഇരുണ്ട് മറഞ്ഞുപോകും. അതായിരുന്നു, അവസ്ഥ.’’

തൊണ്ടയിൽ തടഞ്ഞ ഒരു കൂർത്ത മീൻമുള്ളിനെ ഉരുളച്ചോറുകൊണ്ട് അന്നനാളത്തിലേക്ക് തള്ളിവിടുംപോലെ അത്രയും കാര്യങ്ങൾ ഞെരുങ്ങി കേട്ടുകഴിഞ്ഞപ്പോൾ ലിജിൻ ഒരു കാര്യം ഉറപ്പിച്ചു. സമവാക്യങ്ങൾ ഉപയോഗിച്ച് അയിരിൽനിന്ന് പെേട്രാളിയവും പാചകവാതകവും മണ്ണെണ്ണയുമൊക്കെ വേർതിരിച്ചെടുക്കുന്നതുപോലത്ര എളുപ്പ പ്പണിയല്ല, ചവിട്ടിക്കുഴച്ച കളിമണ്ണുപോലത്തെ ജീവിതത്തിൽനിന്നും സാഹിത്യമെന്ന അപകടകാരിയായ ഇന്ധനത്തെ വേർതിരിച്ചെടുക്കുന്നത്!

ഒറ്റവരിയിലെഴുതുമ്പോൾതന്നെ വിരസതയുടെ കരട് കണ്ണിൽ തടയുന്ന ഒരു പഴയ വീടായിരുന്നു, അത്. നനവൊരു ശവക്കച്ചപോലെ അതിന്റെ കഴുത്തോളം മൂടിനിന്നു. എഴുത്തുകാർക്കും നിരൂപകർക്കും ശിപാർശകളുമായി വരുന്ന അനാഗതസ്​മശ്രുക്കളായ തുടക്കക്കാർക്കുമെല്ലാം ഒരിക്കൽ താമ്രപത്രങ്ങളായി തരാതരംപോലെ ചാരുകസേരയും കുഷൻസോഫയും മരബെഞ്ചും പുറത്തെ വരാന്തയിലെ തണുത്ത തിട്ടയുമൊക്കെ വീതിച്ചുനൽകിയ ഭവനമാണോ, ഇതെന്ന് തോന്നിപ്പിക്കുന്ന വിധമായിരുന്നു, അവിടത്തെ അലങ്കോലങ്ങൾ. ഇരിക്കാൻ രണ്ടേ രണ്ട് കസേരകളേ ആ പൂമുഖത്ത് ഉണ്ടായിരുന്നുള്ളൂ, അതുതന്നെയും കാലുകൾ വല്ലാതെ വിറച്ചുതുള്ളുന്നവയുമായായിരുന്നു.

‘‘ഞാൻ വരുമ്പോൾ എടുത്തിടാനായി നിങ്ങൾ ഇപ്പോഴും ഈ കസേരകൾതന്നെ സൂക്ഷിക്കുന്നു, അല്ലേ?’’ എന്ന് സുജാവുദ്ദീൻ ചോദിച്ചപ്പോൾ അയാൾ സ്​ഥിതപ്രജ്ഞനെപ്പോലെ അല്ലെന്ന് തലയിളക്കി.

‘‘ഈ കസേരകൾ എന്നും പുതിയവയാണ്. അധികമാരും ഇരിക്കാറി​െല്ലന്നേയുള്ളൂ, ആരും ഇരിക്കാതെയാണ് നാം പലതിനേയും പഴയതെന്ന് പറയുന്നത്. നിരന്തരം വേണ്ട, വല്ലപ്പോഴും ഒന്നിരുന്നാൽ എല്ലാം പുതിയതാണ്. എല്ലാം...’’

പതിവുപോലെ ആ പറഞ്ഞത് മനസ്സിലായോ എന്ന വ്യംഗ്യത്തിൽ അയാൾ ഒരു പദപ്രശ്നം കോർത്ത ചിരി ചിരിച്ചു. ആ ചിരി കണ്ടപ്പോൾ ലിജിന് കനത്ത തോടുള്ള ഒരു ഉഭയജീവി അതി​ന്റെ മുൻഭാഗം തുറന്ന് കൊഴുത്ത മാംസളമായ ഉൾഭാഗം പുറത്തേക്ക് തള്ളിയതുപോലെയാണ് തോന്നിയത്.

അകാല നരയിലേക്ക് ഊഞ്ഞാലിട്ട തലമുടിയും താടിയും ഉഴിഞ്ഞുകൊണ്ട് അയാൾ ലിജി​ന്റെ യൗവനത്തെ അൽപനേരം ത​ന്റെ അരൂപിയായ വിരൽ തൊട്ട് വായിച്ചു. വളരെ നിറം മങ്ങിയ ഒരു ഉടുപ്പാണ് അയാൾ ധരിച്ചിരുന്നത്. ഒരിക്കലെപ്പോഴോ അതൊരു വിലകൂടിയ തുണിയാണെന്ന് തോന്നിപ്പിക്കുംവിധം അതി​ന്റെ പോക്കറ്റിനടുത്തായി ഒരു പച്ചമുതലയുടെ ചിത്രം തുന്നിച്ചേർത്തിരുന്നു. അയാൾ ത​ന്റെ കട്ടിക്കണ്ണട ഇടക്കിടെ ഊരുകയും അതിൽ മാറാലപോലെ ഉതിർന്നുവീണുകൊണ്ടിരുന്ന ഓർമത്തരികളെ തുടയ്ക്കുകയുംചെയ്തു.

‘‘അടുത്തിടെയായി കണ്ണ് ഒരു പ്രതിനായകനാണ്. ഒന്നിലും ഒരു പത്തുനിമിഷംപോലും ഏകാഗ്രതയോടെ ഇരിക്കാൻ അനുവദിക്കില്ല. അതിനുമുമ്പേ ചൊറിച്ചിൽ തുടങ്ങും. ചൊറിഞ്ഞുകഴിഞ്ഞാൽ പിന്നെ വല്ലാത്തൊരു നീറ്റലാണ്. ആകെ ചുവന്ന് തടിച്ച്... അതുകൊണ്ടുള്ള ഏക സുഖം പത്രംപോലും വായിക്കണ്ട എന്നുള്ളതാണ്.’’

അതുകേട്ട് അത്രയും നേരം ന്യൂജെൻ പിള്ളാരെപ്പോലെ മൊബൈലും നോക്കിയിരുന്ന ഒരു പഴയ കാവ്യപുസ്​തകം ഹ...ഹ...ഹ... എന്ന് അനുഷ്ഠിപ്പിൽ ചിരിച്ചുകൊണ്ട് നാലഞ്ച് കനത്ത താളുകൾ പടേന്ന് പിന്നിലേക്ക് ചവിട്ടിത്തള്ളി ചെറിയൊരു കാറ്റിൽ തുരുതുരെ മറിഞ്ഞു.

ലിജിൻ അന്നേരം ആ പുസ്​തകത്തി​ന്റെ ചിലങ്കയണിഞ്ഞ അക്ഷരക്കാലുകളിലേക്ക് സൂക്ഷിച്ചുനോക്കി. ചോളരാജാക്കന്മാരുടെ കാലത്തെ ഓർമിപ്പിക്കുന്ന ഒരു വലിയ സ്വർണ ചിലമ്പായിരുന്നു, അവർ അണിഞ്ഞിരുന്നത്.


എന്തോ തീരുമാനിച്ചുറച്ചതുപോലെ പൊടുന്നനെ അയാൾ എഴുന്നേറ്റു. ഒരുപിടി അവശതകളും അതിനെ പിൻപറ്റിനിന്ന കുറെ ഓർമകളും അന്നേരം അയാളിരുന്ന ചാരുകസേരയിലേക്ക് ഈയൽചിറകുകളായി അടർന്നുവീണു. പിന്നെ അവരോട് അയാൾ ഒരു പുതിയ പുസ്​തകം തുറക്കുന്ന കൗതുകത്തോടെ പിന്നാലെ ചെല്ലുവാൻ കൈകാണിച്ചു. ഒരുകൂട്ടം മെറൂൺ ചിത്രശലഭങ്ങൾ വട്ടമിട്ട് പറക്കുന്ന ഒരു നീളൻ കർട്ടൻ വകഞ്ഞുമാറ്റി അയാൾ അവരെ ഒരു ചെറിയ മുറിയിലേക്കാണ് കൂട്ടിക്കൊണ്ടുപോയത്. പൂമ്പൊടിയുടെ രൂക്ഷമണം ഉണ്ടായിരുന്ന ആ കർട്ടൻ മുഖത്തുതട്ടിയപ്പോൾ ഏതാനും ചിത്രശലഭങ്ങൾ പറന്നുപൊങ്ങി ത​ന്റെ ചെറിയ കവിളിൽ ഉമ്മ​െവച്ചതായി ലിജിന് തോന്നി.

വാക്കും വരിയും അടയാളം​െവച്ച് പലവട്ടം താൻ ഈ വീടിനെ വായിച്ചിട്ടുള്ളതാണെങ്കിലും അതിൽ ഇങ്ങനെയൊരു അധ്യായം ഇതുവരേയും കണ്ടിട്ടില്ലല്ലോ എന്ന് സുജാവുദ്ദീൻ അത്ഭുതത്തോടെ ഓർത്തു. ഒരിക്കൽ ഇതായിരുന്നിരിക്കാം, ഇയാളുടെ എഴുത്തുമുറി. ഇവിടെയായിരുന്നിരിക്കാം, ഇയാളുടെ തിളനില കൂടിയ ഭാവനയും എണ്ണയിട്ട പ്രതിഭയും പരസ്​പരം ഉരഞ്ഞുകത്തിയിട്ടുണ്ടാവുക. രസതന്ത്രം പഠിച്ച ലിജിന് വളരെ വേഗം അക്കാര്യം ഊഹിക്കാൻ കഴിഞ്ഞു. ക്ഷീണം തോന്നിച്ച പുറം വരാന്തയുടെ ആലസ്യത്തിനേക്കാൾ കുറച്ചുകൂടി ജീവ​ന്റെ രക്തപ്രസാദം ഉണ്ടായിരുന്നു ആ മുറിക്കകത്ത്. കെട്ടിപ്പിടിച്ചുനിന്ന നാല് തടിയൻ പുസ്​തക അലമാരകളും അതിനുള്ളിൽ നടുവൊടിഞ്ഞുകിടന്ന കുറേ പുസ്​തകങ്ങളും മാത്രമല്ല, ആ മുറിയിൽ ഒരു ചെറിയ അക്വേറിയവും ഉണ്ടായിരുന്നു. ഒരു പക്ഷേ, ആ വീട്ടിൽ അത്രയും പരിഗണന കിട്ടിയിരുന്ന മറ്റൊരിടം ഇല്ലായിരുന്നു, എന്നുവേണം പറയുവാൻ. കാരണം അത്രത്തോളം ഒരു എഴുത്തുകാരനെ സന്തോഷിപ്പിക്കുവാനുള്ള ഒതുക്കം ആ മുറിക്കുള്ളിലുണ്ടായിരുന്നു.

പാളികൾ കോങ്കണ്ണുപോലെ പുളഞ്ഞ രണ്ട് ജനാലകളുടെ കൈവരികളിലും മൊസൈക്ക് പാകിയ നിലത്തുമായി അയാൾക്ക് എന്നോ ലഭിച്ച കുറച്ചധികം പുരസ്​കാരഫലകങ്ങൾ വൃത്തിയോടെ നിരത്തി​െവച്ചിരുന്നു. പകർപ്പവകാശമൊന്നുമില്ലാത്ത പുസ്​തകങ്ങളെപ്പോലെ രണ്ട് കസേരകൾ പുറത്ത് അനാഥരായി ഉണ്ടായിരുന്നെങ്കിലും ആ മുറിക്കുള്ളിൽ ഭാവനയുടെ ഉടലാഴങ്ങളെ താങ്ങുവാൻ കരുത്തുള്ള ഒരൊറ്റ കസേരപോലും ഉണ്ടായിരുന്നില്ല! പകരം ഒരു പ്രകൃതിചികിത്സകന്റെ മെലിഞ്ഞ ഉടൽപോലെ ദുർബലമായ ഒരു ചെറിയ കട്ടിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ കഠിനമായ നിസ്സംഗതക്കു നേരെ കാലുകൾ കയറ്റി​െവച്ചിരുന്ന ഒരു ചെറിയ സ്റ്റൂളിനു മുകളിലായിട്ടായിരുന്നു, ആ മത്സ്യങ്ങൾ നിറച്ച ചില്ലുകൂട്. വർണമത്സ്യങ്ങളെ കൂടാതെ കടുംപച്ച നിറമുള്ള ചില ജലസസ്യങ്ങളും കട്ടിതോടുള്ള ചില ജലജീവികളുമൊക്കെ നിറഞ്ഞ ഒരു ത്രിമാനചിത്രമായിരുന്നു ആ കണ്ണാടിക്കൂട്.

കഥകളും കവിതകളും നോവലുകളും ജീവചരിത്രഗ്രന്ഥങ്ങളും ഒക്കെ നിറഞ്ഞിരിക്കുന്ന ഒരു ഇടത്തരം ലൈബ്രറി നടന്നു കാണുന്ന കൗതുകത്തോടെ ആ ജലജീവികൾ കണ്ണാടിക്കൂടിനുള്ളിൽ ഒഴുകിനടന്നു.

‘‘ഇതൊക്കെയാണ് എ​ന്റെ ഇപ്പോഴത്തെ വിനോദങ്ങൾ.’’

അയാൾ പിന്നെയും വാക്കുകളുടെ കറവ വറ്റാത്ത അകിടിൽ പിടിച്ചുകൊണ്ട് പറഞ്ഞു;

‘‘വെറുതേ, ഇവറ്റകളെ ഇങ്ങനെ നോക്കിയിരുന്നാൽ മതി. എന്തൊരു രസമാണ്! ആദ്യം രണ്ട് സ്വർണനിറമുള്ള മത്സ്യങ്ങളെയാണ് വാങ്ങിയത്. സാമാന്യം വലിയ ഈ ചില്ലുകൂട്ടിനുള്ളിൽ അവർ ഏറക്കുറെ സന്തുഷ്​ടരായിരുന്നു. സ്വതന്ത്രരായിരുന്നു... ഒരറ്റം മുതൽ മറ്റേ അറ്റംവരെ അങ്ങനെ ഓടിനടക്കും. ചില നേരങ്ങളിൽ കുങ്കുമംപോലെ പ്രണയിക്കും. ചിലപ്പോൾ ചേലയുലഞ്ഞ് ഇണചേരും. ഒന്നിനും ഒരു ഒളിയും മറയൊന്നുമില്ല. അങ്ങനെയാണ് നാലഞ്ച് ഉരുളൻകല്ലുകൾ നിരത്തി ചില സ്വകാര്യതകൾ ഞാൻ ഒരുക്കിക്കൊടുത്തത്. അപ്പോഴോ, ഏതുനേരവും അതിനുള്ളിൽതന്നെ! കൂട് ഏതാണ്ട് ശൂന്യമായതുപോലെ!! അപ്പോഴാണ് ഗൗരാമി ഇനത്തിൽപെട്ട രണ്ട് മീനുകളെ കൂടി വാങ്ങിയത്. അതോടെ വീണ്ടും ചില അനക്കങ്ങൾ ഉണ്ടായി. അനക്കങ്ങൾ! അതെ അനക്കങ്ങൾ!! അതാണല്ലോ എന്നത്തെയും പ്രശ്നം?! പ്രണയജോടികളായിരുന്ന അവരും രാവിലെ മുതൽ വൈകുന്നേരം വരെ മുട്ടി ഉരുമ്മി നടന്നു. ഇതൊക്കെ കണ്ടതോടെ ഞാനും വല്ലാത്തൊരവസ്ഥയിലായി!

ഒരു കവിതയുടെ ആദ്യവരികൾ കുറിക്കുംപോലെ ഇവക്ക് തീറ്റ കൊടുക്കുക, പിന്നെ വരികൾ വെട്ടിയൊതുക്കുംപോലെ അടിയിൽ ഊറുന്ന ചളിയും കുതിർന്ന തീറ്റയും ചണ്ടിയുമെല്ലാം മാറ്റുക, തിരുത്തി വെളുപ്പിക്കുന്നതുപോലെ പുതിയ വെള്ളം നിറക്കുക തുടങ്ങിയവയൊക്കെ ചെയ്യുന്നതുതന്നെ എന്തൊരു ആനന്ദമാണ്! പിന്നെ ഞാൻ പുതിയ ഓരോ ഇനം മീനുകളെയായി കൊണ്ടുവരാൻ തുടങ്ങി. ഏതു വാങ്ങിയാലും രണ്ടെണ്ണം വാങ്ങും. ഒരാണും ഒരു പെണ്ണും. അതാണല്ലോ കവിത. അവരുടെ പ്രണയവും പരിഭവവും പിന്നെയുള്ള രതിയും. അന്നേരം മനസ്സിൽ ആനന്ദത്തി​ന്റെ ചെകിളപ്പൂക്കൾ വിടർത്തിയും സ്​നേഹത്തി​ന്റെ വായുമുകുളങ്ങൾ ഉടച്ചും ഇവർക്കൊപ്പം ഞാനും അങ്ങനെ നീന്തും.

ചെറിയൊരു നിമിഷത്തെ കൊത്തിയെടുക്കുവാൻ അൽപം ഒന്ന് അയഞ്ഞശേഷം അയാൾ പതിയെ മുകളിലേക്ക് നീന്തിവന്നു.

‘‘ഇനി ഞാൻ വലിയൊരു രഹസ്യം പറയാം, നിങ്ങൾ ഇനി വരുമ്പോൾ ഈ ടാങ്കിനുള്ളിൽ ഒരു വിശേഷപ്പെട്ട അതിഥികൂടി ഉണ്ടാകും. പേടിക്കണ്ട, ഒരു മുതല! സാക്ഷാൽ ശങ്കരനെ പിടിച്ച ആ പഴയ മുതല!! അതാണിതി​ന്റെ ക്ലൈമാക്സ്​. നമുക്കെന്തിലും ഏതിലും ഒരു ക്ലൈമാക്സ്​ നിർബന്ധമാണല്ലോ... സിനിമയായാലും കഥയായാലും...’’

എന്നിട്ടയാൾ ആ മുറിയുടെ ഗൂഢമായ സ്വകാര്യത ഒരു ചിരിപ്പന്തുകൊണ്ട് എറിഞ്ഞുടച്ചു.

കലപിലകൾക്കിടയിൽ വായ് പൊത്തി നിശ്ശബ്ദമാകുന്ന ഒരു ൈപ്രമറി ക്ലാസ്​ മുറിപോലെ ഒരു നിമിഷം ആ വർത്തമാനത്തിനിടയിൽനിന്ന് അയാൾ പൊടുന്നനെ ഇറങ്ങിപ്പോയി. അന്നേരം അയാളുടെ ആരാധകനും വിവർത്തകനും രാജ്യത്തെ തന്നെ ഏറ്റവും വലിയ പെയിന്റ് കമ്പനികളിലൊന്നി​ന്റെ പ്രധാനികളിലൊരാളുമായിരുന്ന പഴയൊരു സ്​നേഹിതൻ അടുത്തിടെ പറഞ്ഞ ചില കാര്യങ്ങൾ സാന്ദർഭികമായി സുജാവുദ്ദീൻ ഓർത്തു.

അനന്തമൂർത്തി ഇപ്പോൾ രാവിലെ എണീറ്റ് ഒരു മണിക്കൂർ കണിശമായും നടക്കുന്നു. പിന്നെ വന്ന് അടുക്കളയിൽ ഭാര്യയെ സഹായിക്കുന്നു. റേഡിയോ കേൾക്കുന്നു. അടുപ്പിന്റെ തിട്ടയിൽ ഒരു പൂച്ചക്കുട്ടിയെപ്പോലെ കാൽ കയറ്റി​െവച്ചിരുന്ന് ചായ മൊത്തി കുടിക്കുന്നു. ഭാര്യ പറയുന്ന അടുത്തവീട്ടിലെ പരദൂഷണം ഇക്കിളിയോടെ കേൾക്കുന്നു. അടുക്കളപ്പുറത്ത് വന്നിരിക്കുന്ന കിങ്ങിണി എന്ന പൂച്ചക്ക് തീറ്റകൊടുക്കുന്നു. ഭാര്യ കുളിക്കാനും വസ്​ത്രം മാറാനുമൊക്കെ പോകുമ്പോൾ പാചകം കഴിഞ്ഞ പാത്രങ്ങൾ കഴുകി േട്രയിൽ വെള്ളം വാർന്നുപോകുന്നവിധം അടുക്കുന്നു. കോളേജിൽ പോകുന്ന മകൾക്കും ഓഫീസിൽ പോകുന്ന ഭാര്യക്കും വേണ്ട ഇടിയപ്പവും ചപ്പാത്തിയും മേശപ്പുറത്ത് എടുത്തുവെക്കുന്നു. അവരുടെ ഉച്ചച്ചോറും തിളമാറാത്ത കറികളുമെല്ലാം പൊതിഞ്ഞ് ഭൂതഗന്ധങ്ങൾ ശേഷിക്കുന്ന ബാഗുകളിൽ വെക്കുന്നു. തുണികൾ പീലിവിരിക്കുംപോലെ ഇസ്​തിരിയിട്ടുകൊടുക്കുന്നു. അവരെ ഗേറ്റുവരെ കളകാഞ്ചിയിൽ അനുഗമിക്കുന്നു. കൂറുള്ള കൂറ്റൻ നായയെ പോലെ റ്റാ റ്റാ പറയുന്നു. അവർ പോയിക്കഴിഞ്ഞാൽ കുറേനേരം ടി.വി ഓൺചെയ്ത് മടവീണ സീരിയലുകൾ കാണുന്നു. മഴവില്ലുപോലെ ചിരിക്കുന്നു. പിന്നെ നന്നായി രണ്ടുമൂന്ന് മണിക്കൂർ ശവാസനസ്​ഥനായി ഉറങ്ങുന്നു. ബാക്കിവരുന്ന സമയം മുഴുവൻ ഈ ആഴക്കടലിനകത്താണ്.

ചിലപ്പോഴൊക്കെ തൊണ്ടക്കുഴിയിൽ കഫം ചുറ്റിയ ഒരു കനപ്പിനെ ഉരുമിയുടച്ചുകൊണ്ട് അയാളുടെ ഭാര്യയും ചില ഉച്ചയൂണി​ന്റെ രാസത്വരണങ്ങൾക്കിടയിൽ സ്​നേഹിതരോട് പറയാറുണ്ട്; ഇരിപ്പുറയ്ക്കാത്ത തിരക്കുകളുമായി തെക്കുവടക്ക് അയാൾ ഓടിനടന്നിരുന്ന ഒരു കാലത്തെക്കുറിച്ച്... അവർ ഒറ്റയ്ക്കു പോയ കല്യാണങ്ങളെക്കുറിച്ച്... പിന്നെ മരണം, നൂലുകെട്ട്, പാലുകാച്ച്...

‘‘എന്തായാലും ഇപ്പോൾ അവർക്ക് ഉറങ്ങുമ്പോൾ വിരയടങ്ങിയ ഒരു കുഞ്ഞുവയറി​ന്റെ സമാധാനമുണ്ട്.’’ അവർ സൂപ്രണ്ടിന്റെ കസേരയിൽ സൗഭഗമായ ചന്തി അമർത്തിയിരുന്ന് ചിരിക്കും.

ഒരുവേള അടിത്തട്ടിലേക്ക് ഊർന്നുപോയ വർത്തമാനത്തി​ന്റെ പൊട്ടും പൊടിയും വിസ്​താരമുള്ള ചുണ്ടുകൾകൊണ്ട് ഉയർത്തി ജലോപരിതലത്തിലേക്ക് അയാൾ കൊണ്ടുവന്നു.

‘‘വല്ലാതെ ബോറടിച്ചപ്പോൾ ഞാൻ ആദ്യമൊക്കെ ചെയ്തിരുന്നത്, ഈ പുസ്​തകങ്ങളെല്ലാം വാരിവലിച്ച് പുറത്തിടുകയും പിന്നെ തിരിച്ചടുക്കുകയുമാണ്. കുറേനാൾ അതുചെയ്ത് രസിച്ചു. ആദ്യം കാലഗണനപ്രകാരം ഒരു എഴുത്തുകാരെ മുന്നിൽ വെക്കും. പിന്നെ അതിൽ താഴെ വരുന്നയാൾ. പിന്നെ അതിലും താഴെ വരുന്നയാൾ. കുറച്ചുദിവസം കഴിഞ്ഞ് ഞാൻ കാലഗണനയെ പാടെ മറിച്ചിടും! അത് ഭയങ്കര രസമാണ്! അ​തോടെ സംഗതി ജിംഗാലാല.!! പലരും പൊട്ടിത്തെറിച്ചു. ചിലർ മണിപ്രവാളത്തിലും പച്ചമലയാളത്തിലും ചീത്തവിളിച്ചു. ചിലരുടെ ഭക്തി രസപ്രദമായ തെറികൾ കേട്ടാൽ ചിരിച്ചുചാവും! ചിലർ മുണ്ടും മടക്കിക്കുത്തി ഇറങ്ങിയോടി. ഞാൻ അതൊന്നും ഗൗനിക്കില്ല. ആകെ ഒരു പുകയും ചൂടും!! ഒടുവിൽ എനിക്കുതന്നെ ഇവർക്കിടയിലെ വലുതും ചെറുതുമൊന്നും തിരിച്ചറിയാൻ പറ്റാതായി. കാലഗണനകൾ പലതും തിരിഞ്ഞുമറിഞ്ഞുപോയി! പുസ്​തകത്തിനു പുറത്താണോ അകത്താണോ കാലം? ടോട്ടൽ കൺഫ്യൂഷൻ ആൻഡ് അന്ത്രാളിഫിക്കേഷൻ!.. ഹ...ഹ... അതോടെ കണ്ണ് ചൊറിയാൻ തുടങ്ങും. പറഞ്ഞല്ലോ, അങ്ങനെയാണ് വായന പാടെ മതിയാക്കിയത്. ഇപ്പോൾ ഏറെ നേരം ഇവറ്റകളെയും ഇങ്ങനെ നോക്കിയിരിക്കുന്നു. അവയുടെ ജീവിതം പച്ചവെള്ളത്തിൽ ഉരച്ചു പഠിക്കുന്നു. കുമിളകൾ എണ്ണുന്നു. അഴുക്കിനെ ഊതിയെടുക്കുന്നു. വൃത്തിയാക്കുന്നു. ഒരു കുഴപ്പവും ഇല്ല!!’’

മടങ്ങുന്ന വഴി സുജാവുദ്ദീൻ ചെറുപ്പക്കാര​ന്റെ മനസ്സ് തോണ്ടി പിടിച്ചതുപോലെ പറഞ്ഞു:

‘‘ഒന്നോർത്താൽ, എവിടെ നിൽക്കേണ്ടയാളായിരുന്നു? കുറഞ്ഞത് നാലഞ്ച് യൂണിവേഴ്സിറ്റിയിലെങ്കിലും കവിതകൾ കുട്ടികൾ പഠിക്കുമായിരുന്നു. അക്കാദമിയുടെ വിശിഷ്​ടാംഗത്വം, വിദേശയാത്രകൾ, സർവകലാശാലകളിൽ പ്രബന്ധാവതരണങ്ങൾ, ഇന്റർനാഷനൽ ബുക് ഫെയറുകൾ, അവാർഡ് നിർണയ കമ്മിറ്റികൾ... നീ അതിശയപ്പെടുന്നുണ്ടാകാം. ഞാൻ ആദ്യമേ പറഞ്ഞില്ലേ, അയാൾ ഇത്തരം പരിപാടികളിലൊന്നും ഇപ്പോൾ പങ്കെടുക്കില്ലെന്ന്. എങ്കിലും നീ ആദ്യമായി ഒരു ആഗ്രഹം പറയുമ്പോൾ...’’

‘‘ഓ... അതിലൊന്നുമില്ലന്നേ, കല്ലും മണ്ണും നിറഞ്ഞ എ​ന്റെ ആദ്യ കഥാസമാഹാരം എ​ന്റെ ഭാഷയിലെ ഒരു മുതിർന്ന കവിയെക്കൊണ്ട് പ്രകാശിപ്പിക്കണം, എന്നത് എ​ന്റെ ഒരു മൂത്തുപഴുക്കാത്ത ആഗ്രഹമായിപ്പോയി എന്നങ്ങ് ചിന്തിച്ചാൽ മാത്രം പോരെ?’’

പിന്നെ പ്രായത്തിലും കവിഞ്ഞ പാകതയോടെ അവൻ പറഞ്ഞു:

‘‘ഞാൻ മനസ്സിലാക്കിയിടത്തോളം ഈ പ്രതിഭയെന്നും സർഗാത്മകതയെന്നെല്ലാം പറയുന്നത് ഒരുതരം രോഗാവസ്​ഥയാണ്. കുറേനാൾ ചികിത്സ ചെയ്യാതിരുന്നാലും താനേ ഒഴിഞ്ഞുപോകാറുള്ള ചില ഉന്മാദങ്ങളില്ലേ..? താനേ വിട്ടൊഴിഞ്ഞുപോകുന്ന..?’’

അങ്ങനെയൊക്കെ പറയുന്നത് എത്രത്തോളം ശരിയാണെന്നൊന്നും ഓർക്കാതെ തികച്ചും വിചിത്രമെന്ന് തോന്നിയ ഒരു അഭിപ്രായം പൊടുന്നനെയങ്ങ് പറയുകയായിരുന്നു, ലിജിൻ. പോക്കറ്റിൽനിന്നും ഒരു സിഗരറ്റ് പരതി തീ പിടിപ്പിക്കുകയായിരുന്ന സുജാവുദ്ദീൻ ആ വെളിപാടിനെ ഒരു പുകച്ചുരുളായി ആത്മാവിലേക്ക് പറഞ്ഞുവിട്ടുകൊണ്ട് അവ​ന്റെ കുഞ്ഞിത്തല നരയിലേക്ക് പാളി നോക്കി.

ലിജിൻ അങ്ങനെ ആ പ്രശ്നത്തെ ഒരു രാസപ്രക്രിയയിലെന്നോണം ആറ്റിത്തണുപ്പിച്ചു.

‘‘എന്താകാം? അവിടെ ഉണ്ടായിരുന്നിട്ടും അയാളുടെ ഭാര്യ നമുക്ക് ഒരു ചായപോലും തരാത്തത്? കവിയെ കാണാൻ ചെന്നതുകൊണ്ടാണോ?’’

മഷിത്തണ്ടും കീഴാർനെല്ലിയും പൂവാംകുറിഞ്ഞിയുമൊക്കെ ചിതറിനിൽക്കുന്ന മുറ്റം കടക്കവേ, ഒരു കോട്ടുവാ വന്ന് കണ്ണുകളിൽ ജലരാശി പടർത്തിയപ്പോഴാണ് ലിജിൻ അങ്ങനെ ചോദിച്ചത്.

‘‘അതിലിപ്പോൾ അവരെ കുറ്റം പറയാനാകില്ല, കുറേനാൾ കഴിയുമ്പോൾ എത്ര ശീലിച്ചാലും ചില ഉപചാരങ്ങളൊക്കെ ആരും മറന്നുപോകാം.’’

സുജാവുദ്ദീൻ ചെറുപ്പക്കാരനെ ഒതുക്കമുള്ള വാക്കുകളിൽ ശ്രദ്ധാപൂർവം നേരിട്ടു.

അനന്തനെ തൽപമാക്കിയ വരാഹമൂർത്തിയുടെ ശയനപ്രതിഷ്ഠയുണ്ടായിരുന്ന ഒരു പഴയ ക്ഷേത്രത്തിനടുത്തായിരുന്നു, അയാളുടെ വീട്. നഗരത്തിലെ പുതിയ ദൈവങ്ങൾക്കാർക്കും തന്നെ ഇല്ലാത്തത്ര വലുപ്പമുള്ള ഒരു പഴയ കുളം ആ ആദിശേഷന് ഉണ്ടായിരുന്നു. അതിനുള്ളിൽ ഒരു മുതലയുണ്ടെന്നാണ് കേട്ടുകേൾവിയും വിശ്വാസവും. എന്നാൽ, മുതലയെ ആരും കണ്ടിട്ടില്ല. എന്നാൽ സത്യാനന്തരകാലത്ത് ആ മുതലയെ കണ്ടവരിൽ ഒരാൾ താനാണെന്ന് അനന്തമൂർത്തി നിരങ്കുശമായി അവകാശപ്പെട്ടിരുന്നു.

‘‘അയാളൊരു എഴുത്തുകാരനല്ലേ, അവർക്ക് അങ്ങനെയൊ​െക്ക പലതും തോന്നും.’’


കേട്ടവർ പരിഹസിച്ചു. മാത്രമല്ല, ഈ മുതലയാണ് പണ്ട് ശങ്കരാചാര്യരുടെ കാലിൽ പിടിച്ചതെന്നുകൂടി അയാൾ സംസ്​കൃതവൃത്തത്തിൽ നീട്ടിചൊല്ലി പൊലിപ്പിച്ചത് ചിലരുടെ അനിഷ്​ടങ്ങൾക്കും ഇടയാക്കി.

‘‘സ്റ്റീവ് ഇർവിൻ* വന്ന് പറഞ്ഞാലേ ചിലർക്കൊക്കെ ബോധ്യമാകൂ, നമ്മളാരാ? തിന്നാനും കുടിക്കാനുമില്ലാതെ നടന്ന കുറേ പീറക്കവികളുടെ പിൻമുറക്കാരൻ..!!’’

അക്കാലത്ത് അനന്തമൂർത്തി ഇങ്ങനെ പറഞ്ഞ് പലരോടും കെറുവിച്ചു നടന്നു.

കുറച്ച് ശുദ്ധജല മത്സ്യങ്ങളെ കൂടി വളർത്തിയിരുന്നെങ്കിൽ ഈ കുളം വെജിറ്റബിളായും നോൺവെജിറ്റബിളായും കാണാൻ കുറേക്കൂടി ചന്തമുണ്ടായിരുന്നേനെ, എന്ന് ലിജിൻ പറഞ്ഞത് ക്ഷേത്രക്കുളത്തിനരികിൽതന്നെ ഉണ്ടായിരുന്ന ഒരു ചെറിയ ചായക്കടക്കുള്ളിൽ ​െവച്ചായിരുന്നു. അപ്പോഴാണ് അതുവഴി ഒരു അനൗൺസ്മെന്റ് വാഹനം കടന്നുവന്നത്. ചൂടോടെ വറുത്തുകോരിയ രണ്ട് പരിപ്പുവടയും കടുപ്പക്കോളുള്ള രണ്ട് ചായയും അവരുടെ മുന്നിൽ ഒരു മീഡിയം താളത്തിൽ വന്ന നിമിഷമായിരുന്നു അത്. അനൗൺസ്മെന്റ് വാഹനം ആ കടയുടെ മുന്നിൽ അവസാനത്തെ തുള്ളിയിടുന്ന ഒരു മൂത്രവിറയോടെ നിന്നു. അതിനുള്ളിൽനിന്നും ഒരുപിടി നോട്ടീസുമായി മൂന്നുപേർ ചായക്കടക്കുള്ളിലേക്ക് കുനിഞ്ഞുകയറി. ഉയരംകൂടിയ ഒരാളായിരുന്നു അവരുടെ ഗ്രൂപ്പ് ലീഡർ. അയാൾ ഇരിക്കുന്നതിനു മുമ്പ് കൈയിൽ കരുതിയിരുന്ന നോട്ടീസ്​ അവിടെ കൂടിയിരുന്ന ഓരോർത്തർക്കും ഒരു മധുരപലഹാരം കൂടി കൊടുക്കുന്ന സന്തോഷത്തോടെ നീട്ടി. ചായഗ്ലാസ്​ താഴെ ​െവച്ച് അവരും അതിലൊന്ന് ഒരു ഉണ്ടൻപൊരി വാങ്ങുന്ന ഉത്സാഹത്തോടെ വാങ്ങി. മഴക്കാലത്തിനു മുമ്പ് നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അറിയിപ്പായിരുന്നു, അത്.

‘‘ആരോഗ്യപ്രവർത്തക സഹകരണ സംഘമാണെന്ന് തോന്നുന്നു...’’

മധുരം കുറവായിരുന്ന ചായയിൽ ആ ഫലിതക്കട്ടയിട്ടിളക്കി ഒരു കവിൾ ഇറുകെ കുടിക്കുന്നതിനിടയിൽ ലിജിൻ പറഞ്ഞു. ഉയരമുള്ളയാൾ വാഷ് ബെയ്സിനടുത്ത് പോയി മടങ്ങിവന്നിട്ട് എല്ലാരും കേൾക്കെ പറഞ്ഞു:

‘‘പ്രിയമുള്ളവരെ, വർഷകാലം വരികയാണ്. നമുക്ക് പതിവുപോലെ ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമാകേണ്ടിയിരിക്കുന്നു. നമ്മുടെ നാട്ടിലെ രണ്ട് സർക്കാർ സ്​കൂളുകൾ, അങ്കണവാടി, താലൂക്ക് ആശുപത്രി, മീൻചന്ത, ബസ്റ്റാൻഡ്, പൊതുശൗചാലയം തുടങ്ങി ഇടറോഡുകൾ വരെ നമ്മൾ ഈ വരുന്ന ഒരാഴ്ചക്കുള്ളിൽ വൃത്തിയാക്കുകയാണ്. വമ്പിച്ച പൊതുജന പങ്കാളിത്തമാണ് ഇതിനായി കോർപറേഷനും ആരോഗ്യവകുപ്പും പ്രതീക്ഷിയ്ക്കുന്നത്.’’

അയാൾ തുളവീണ ഒരു ബലൂൺ ഊതിപ്പെരുക്കുന്ന ആയാസത്തിൽ വിശദീകരണത്തിലേക്ക് കടന്നു. കൈയിലിരുന്ന നോട്ടീസ്​ രണ്ടായും പിന്നെ നാലായും ഒടുവിൽ എട്ടായും മടക്കിയ പലരും പിന്നെ ആ എട്ടിൽ പെട്ട് പുറത്തിറങ്ങാനാകാതെ അയാളേയും കേട്ടിരുന്നു.

‘‘സ്​ഥലം എം.പി, എം.എൽ.എ, വാർഡ്മെംബർ എന്നിവരൊക്കെ ഓരോ ദിവസങ്ങളിലായി ഈ വലിയ യജ്ഞത്തിൽ പങ്കാളികളാകുമെങ്കിലും കഴിഞ്ഞ വർഷത്തേതുപോലെ ഈ സേവനവാരത്തി​ന്റെയും മുഖ്യ ആകർഷണം മറ്റാരുമല്ല, മൂർത്തിസാറാണ്. എല്ലാ ദിവസവും സാറ് ചൂലും കൊട്ടയും പിടിച്ച് ഈ ദൗത്യത്തി​ന്റെ മുന്നിലുണ്ടാകും. പണ്ട് പേന പിടിച്ച് മുന്നിൽ നടന്നതുപോലെ! നാടിനു വേണ്ടിയുള്ള ഈ ശ്രമദാനത്തിൽ പങ്കെടുക്കുന്നവർക്കുള്ള ഉച്ചഭക്ഷണവും അദ്ദേഹം ത​ന്റെ വീട്ടിൽ ഒരുക്കും.’’

ലിജിൻ ഒരു കോമഡി സിനിമയിലെ കഥാപാത്രത്തിലേക്ക് കയറി കുടിച്ചുകൊണ്ടിരുന്ന ചായ അൽപം പുറത്തേക്ക് തൂവിക്കൊണ്ട് സുജാവുദ്ദീനെ ഉയർന്ന് നോക്കി. പിന്നെ താഴ്ന്ന് ആനച്ചന്തത്തിൽ ചെവി വട്ടംപിടിച്ച് പതുക്കെ ചോദിച്ചു:

‘‘മുൻ എം.എൽ.എ, മുൻ മന്ത്രി എന്നൊക്കെ പറയുന്നതുപോലെ മുൻ കവി..?’’

ലിജി​ന്റെ മുഖത്ത് നോക്കാതെ, ആ നോട്ടീസിൽ ഒരു മുൻകാലവും പിൻകാലവും ചേർത്ത് മറിച്ചുകൊണ്ട് സുജാവുദ്ദീൻ പറഞ്ഞു:

‘‘ഉണ്ടാകാം. ഇങ്ങനെ എത്രമാത്രം സർക്കാർ വിജ്ഞാപനങ്ങളാണ് ദിവസവും ഇറങ്ങുന്നത്!! അതൊന്നും നമ്മൾ കാണാറില്ലല്ലോ...’’

അവർക്കൊപ്പം ചായക്കടയിൽ പെട്ടുപോയ ആൾക്കാരൊക്കെ ഓരോ ചായ കുടിച്ചതിൽ കടക്കാരന് ഒരു നാരങ്ങാമിഠായി നുണഞ്ഞ സന്തോഷമുണ്ടായി. അതുകൊണ്ടുതന്നെ ആ ഉയരമുള്ള ഓഫീസർ കൊടുത്ത ചായക്കാശ് അയാൾ മുണ്ടിൽ നനഞ്ഞ കൈ തുടച്ചുകൊണ്ട് സ്​നേഹപൂർവം നിരസിച്ചു. ഒരുതരം വരണ്ട കാറ്റ് പൊടി പറത്തി കറങ്ങുന്നതിനിടയിൽ ഒരു ടിപ്പർലോറി ‘മാറ്ട്രാ...’ എന്ന് അരിശപ്പെട്ട് അവരേയും കടന്നുപോയി.

‘‘പഴകിയ എണ്ണയായിരുന്നെങ്കിലും ആ പരിപ്പുവടയ്ക്ക് നല്ല രുചിയുണ്ടായിരുന്നു.’’ ഇങ്ങോട്ടു പോരുമ്പോൾ കാലുകൾ കവച്ച് വണ്ടിയിൽ കയറുംനേരം അനുഭവപ്പെട്ട ജീൻസി​ന്റെ മുറുക്കവും ഉദ്ധാരണവും ഇപ്പോൾ തീരെ ഇല്ലല്ലോ എന്ന് ലിജിൻ ഉള്ളാലെ വെളിപ്പെട്ടു.

‘‘ഞാൻ ആ കാറിയ എണ്ണ മുഴുവൻ നോട്ടീസിലേക്ക് പിഴിഞ്ഞു മാറ്റി. ഇപ്പോഴേ കനച്ചതും വളിച്ചതുമൊക്കെ ചുമക്കുന്നതെന്തിന്?’’

ജീൻസി​ന്റെ മുൻമുഴപ്പ് സുജാവുദ്ദീ​ന്റെ വലിയ ചന്തിയിൽ തട്ടുമെന്ന ആശങ്കകളൊന്നുമില്ലാതെ കാലുകൾ ഒതുക്കി ലിജിൻ വണ്ടിയിൽ കയറുന്നതിനൊപ്പം മൊഴിഞ്ഞു.

കാര്യമൊന്നുമില്ലാതെ ഒന്നുലഞ്ഞ ബൈക്ക് പൊട്ടിയടർന്ന് കുഴികൾ നിറഞ്ഞ ആ റോഡ് പിന്നിട്ട് പ്രധാന നിരത്തിലേക്ക് പതിയെ കടന്നതും ഒരു ചിക്കൻഗുനിയ കൊതുകി​ന്റെ മുഴക്കത്തോടെ ആ അനൗൺസ്മെന്റ് വാഹനം അവരെ കടന്നുപോയതും ഒരുമിച്ചായിരുന്നു. അപ്പോഴാണവർ ക്ഷേത്രക്കുളത്തിൽ ആ മുതലയെ കണ്ടത്. അടിച്ചു പിളർന്ന ഒരു തടിക്കഷ്ണംപോലെ ഒത്ത മധ്യത്തായി വായും പിളർന്ന് നരച്ച അസ്​തമയവും നോക്കി നിൽക്കുന്ന കാലബോധങ്ങളൊന്നുമില്ലാത്ത ആ വരാഹമിഹിര​ന്റെ മുതല!

* ലോകപ്രശസ്​തനായ മുതലസ്​നേഹി.

ചാനൽ അവതാരകൻ. 

News Summary - madhyamam weekly malayalam story