Begin typing your search above and press return to search.
proflie-avatar
Login

​മോപ്പപ്പ് -ഐശ്വര്യ കമലയുടെ കഥ

​മോപ്പപ്പ് -ഐശ്വര്യ കമലയുടെ കഥ
cancel

‘‘വിചിത്രമായൊരിടം. ഒന്നോ രണ്ടോ തവണയേ കത്തുമായി പോകേണ്ടിവന്നിട്ടുള്ളൂ. അതിന് ആർക്കാ പ്രീതംജി, അവിടെ ശരിയായൊരു അഡ്രസ്സുള്ളത്. ഇന്ന് ബോലയെങ്കിൽ നാളെ അവൻ സോനു. നമുക്ക് കാണുന്നതൊന്നും അവർക്ക് കാണില്ല. അവർക്ക് കാണുന്നത് നമുക്കും.സ്ഥിരമായൊരു രൂപമില്ലാതെ... ആ കുന്നുകൾക്ക് ചുറ്റുമുള്ള ചതുപ്പുപോലെ…’’ ഫ്ലാറ്റിന്റെ രണ്ടു താക്കോലും ചന്ദന്റെ ബാഗിലായി പോയൊരു വെള്ളിയാഴ്ചയാണ് ആ ഇടത്തെ പറ്റി ആദ്യമായി കേൾക്കുന്നത്. റാഞ്ചിയിലെ ആകാശമിടിഞ്ഞപോലൊരു പെരുമഴപ്പെയ്ത്ത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തേവിയെറിഞ്ഞ പ്രളയച്ചുഴിയിൽ ഇരുണ്ടുനനുത്തൊരു ഝാർഖണ്ഡൻ വൈകുന്നേരം. ജീൻസിന്റെ കാടൻതെറുപ്പിനെവരെ കുതിർപ്പിച്ചു...

Your Subscription Supports Independent Journalism

View Plans

‘‘വിചിത്രമായൊരിടം. ഒന്നോ രണ്ടോ തവണയേ കത്തുമായി പോകേണ്ടിവന്നിട്ടുള്ളൂ. അതിന് ആർക്കാ പ്രീതംജി, അവിടെ ശരിയായൊരു അഡ്രസ്സുള്ളത്. ഇന്ന് ബോലയെങ്കിൽ നാളെ അവൻ സോനു.

നമുക്ക് കാണുന്നതൊന്നും അവർക്ക് കാണില്ല. അവർക്ക് കാണുന്നത് നമുക്കും.സ്ഥിരമായൊരു രൂപമില്ലാതെ... ആ കുന്നുകൾക്ക് ചുറ്റുമുള്ള ചതുപ്പുപോലെ…’’

ഫ്ലാറ്റിന്റെ രണ്ടു താക്കോലും ചന്ദന്റെ ബാഗിലായി പോയൊരു വെള്ളിയാഴ്ചയാണ് ആ ഇടത്തെ പറ്റി ആദ്യമായി കേൾക്കുന്നത്. റാഞ്ചിയിലെ ആകാശമിടിഞ്ഞപോലൊരു പെരുമഴപ്പെയ്ത്ത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തേവിയെറിഞ്ഞ പ്രളയച്ചുഴിയിൽ ഇരുണ്ടുനനുത്തൊരു ഝാർഖണ്ഡൻ വൈകുന്നേരം. ജീൻസിന്റെ കാടൻതെറുപ്പിനെവരെ കുതിർപ്പിച്ചു പ്രാണന്റെ നരകപാതാളം വരേക്കും മഴവെള്ളമിരച്ചു കയറി. ചന്ദൻ വരുന്നവരേക്കും ഒരു അഭയത്തിനു ചുരുണ്ടതാണ് അയൽപക്കത്തെ പോസ്റ്റ്‌ മാസ്റ്റർ ധനേഷ് സാവന്തിന്റെ ഫ്ലാറ്റിൽ.

അരയിളക്കിയാൽ കരകരക്കുന്ന സോഫക്ക് മുന്നിൽ ഒന്നര വർഷത്തിനിപ്പുറവും പ്ലാസ്റ്റിക് കവറിളക്കാത്ത ടീപ്പോയിൽ ദീദീടെ ചൂടൻചായ. തുരുമ്പിച്ച ജനൽ വിജാഗിരിയെ ക്രാവിച്ചു കാറ്റ് ചുഴറ്റിയടിച്ചു. ഇടിമിന്നലിന്റെ നീലവെട്ടത്തിൽ സാവന്തിന്റെ മൈലാഞ്ചിത്തലയും ഉരുളൻകണ്ണും. വിളർക്കുന്ന മെഴുതിരിവെട്ടത്തിൽ തെളിമയറ്റ സന്ധ്യയിൽ ദൂരെ കോടയിറങ്ങിയൊരു കുന്നും ഇളകിയാടുന്ന നിഴൽരൂപങ്ങൾപോലെ കുറെ മനുഷ്യരും.


ബുദ്ധിജീവികളും മണ്ടൻജനക്കൂട്ടവും ഒരേ ആർത്തിയോടെ കടിച്ചുപറിക്കുന്നൊരു വൈറൽ സ്കൂപ്പിനായി കാത്തിരുന്ന എന്റെ ചൂണ്ടക്കൊളുത്തിൽ നേർത്തൊരു ഓളം വെട്ടി. ഏതൊരു കന്നി ജേണലിസ്റ്റിന്റെയും സ്വപ്നമാണ് വരവറിയിക്കുന്നൊരു വൈറൽ എൻട്രി. മുപ്പത് മിനിറ്റിന്റെയൊരു സ്ലോട്ട് തരാമെന്ന് ചാനൽ ഏറ്റിട്ടുണ്ട്. ആ മുപ്പത് മിനിറ്റിൽ വാർത്ത കേൾക്കുന്നവൻ ചെവി തകർന്നുള്ളിലെ ലാബ്രിന്തിൽ ചർച്ചചെയ്തവസാനിക്കാത്ത തുരുത്തിൽ ചെന്ന് വീഴണം.

‘‘എങ്ങോട്ട് തിരിഞ്ഞാലും ചെക്ക് വിളിക്കാൻ പറ്റുന്നൊന്നുണ്ടോ? എ റിയൽ ബ്ലാക്ക് ഹോൾ. വ്യൂവർഷിപ് ടോപ്പ് റേഞ്ചിൽ ഹിറ്റ്‌ ചെയ്യണം. അല്ലാതെയൊന്നും കാര്യമില്ല കൊച്ചേ…’’

വാർത്തകളുടെ കുത്തൊഴുക്ക് വെട്ടിത്തേവുന്ന ‘ചാനൽ’ ചേട്ടൻമാരുടെ ഉപദേശം. ഞാനും ചന്ദനും ഝാർഖണ്ഡ് മുഴുവൻ അരിച്ചുപെറുക്കാൻ തുടങ്ങിയിട്ട് ഒന്നരവർഷമായി. ലിവിങ് ടുഗതറിൽനിന്ന് വിവാഹത്തിലേക്കും അവിടെനിന്ന് അച്ഛനമ്മ റോളിലേക്കുമുള്ള ഉയിർപ്പ് കരിയറിൽ എന്തെങ്കിലുമായിട്ടേയുള്ളൂ എന്ന ശപഥത്തിലാണ്. ഇന്നുവരെ ഉളുപ്പുകെട്ട കുറെ റിപ്പോർട്ടിങ്ങും അഞ്ചുപൈസക്ക് വിലയില്ലാത്ത ഇന്റർവ്യൂകളുമല്ലാതെ കരിയർ ക്രെഡിറ്റ് ആനമുട്ട. ഓട്ടത്തിനിടയിലാ തൊലിഞ്ഞ ഒറ്റമുറി ഫ്ലാറ്റിൽ അല്ലെങ്കിൽ ഇരുൾമുറ്റിയ ലോഡ്ജുമുറികളിൽ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങളോടെയുള്ള പരസ്പര റിപ്പോർട്ടിങ്. ഒരു ലോഡ് നിരർഥകതയും പേറി വലിച്ചെറിയപ്പെടുന്ന സുതാര്യസുരക്ഷാ നിർമിതികൾ.

ഇന്നുവരെ റിപ്പോർട്ട്‌ ചെയ്യപ്പെട്ട സകല വാർത്തകളെയും മുൻനിർത്തിയൊരു അന്വേഷണം നടത്തി. ഭൂമിശാസ്ത്രപരമായി രാജ്മഹൽ കുന്നുകളുടെ മടക്കുകളിൽ ചിതറിക്കിടക്കുന്ന ഗ്രാമങ്ങൾ. ദുംക, പകൗർ ജില്ലകളിലെ കമ്യൂണിറ്റി ബ്ലോക്കുകളുടെ പട്ടികയിലെന്ന് രേഖകൾ.

‘‘സൗരിയ, പഹാരിയ ട്രൈബൽ പോപ്പുലേഷനാണ്. മൂന്നു മാസം മുമ്പ് ആധാറുമായി ബന്ധപ്പെട്ട് റേഷൻകാർഡില്ല, പട്ടിണിമരണം എന്നീ പരാതികളുയർന്ന പ്രദേശം. അങ്ങനെയൊരു സംഭവമേയില്ലെന്ന മന്ത്രിയുടെ പ്രതികരണമാണ് ഇവിടത്തെ ടാഗ് ചെയ്ത അവസാനവാർത്ത. മിസ്റ്റിക്കായൊന്നുമില്ല. വാട്ട് ഡൂ യു തിങ്ക്?’’

കാള പെറ്റോയില്ലയോ എന്നതിൽ നമ്മൾ കുരുങ്ങണ്ട. പെറ്റേക്കുമെന്ന ആശങ്ക നിലനിൽക്കുന്നതും വാർത്തതന്നെ എന്നായി ചന്ദൻ. എന്തായാലും ഒന്നവിടെ വരെ പോയിവരാമെന്നുറച്ചു.

സാവന്ത് തന്നെ മുൻകൈയെടുത്തു സംഗീത എന്ന സ്ത്രീയെ പരിചയപ്പെടുത്തി. അവർ ആ ബ്ലോക്കിലെ ആരോഗ്യകേന്ദ്രത്തിലെ ഓക്സിലറി നഴ്സാണ്.

‘‘ആൽബങ്ങൾക്കായി ഗ്രാമങ്ങളുടെ ഫോട്ടോ എടുക്കാൻ വരുന്ന ഒരാളെന്നേ പറഞ്ഞിട്ടുള്ളൂ. ചാനലിൽനിന്നെന്നൊക്കെ പറഞ്ഞാൽ അവർ സഹകരിക്കില്ല. വിവരങ്ങൾ കിട്ടിയാൽ പിന്നെ അധികം നിൽക്കണ്ട. ഇരുട്ടു വീണാൽ…’’

അപസർപ്പക കഥകളിലെ കട്ടിക്കണ്ണട ​െവച്ച ദുരൂഹകഥാപാത്രങ്ങളെ പോലെ അയാൾ ചുവന്നു പിടച്ച കണ്ണുന്തി ഉപദേശിച്ചു.

-സംഗീതക്ക് അങ്ങോട്ടേക്ക് വരാൻ ഒരു താൽപര്യവുമില്ലായിരുന്നു. ഭാഗ്യത്തിനു പോളിയോ മോപ്അപ് കാമ്പയിനാണ് ഇനി രണ്ടുദിവസം. ഇമ്യൂണൈസേഷൻ ദിനത്തിൽ പങ്കെടുക്കാത്തവരെ വീട് വീടാന്തരം കയറിയിറങ്ങി കണ്ടെത്തുന്ന ഏർപ്പാട്. അതിന്റെ ഭാഗമായി ഇവർക്ക് അവിടേക്ക് പോയേ തീരൂ. അവിടെനിന്ന് വരുന്ന ഒരു ആശവർക്കർ മാത്രമാണ് ആ ഗാവുകളെ ഈ ആരോഗ്യകേന്ദ്രവുമായി ബന്ധിപ്പിക്കുന്ന ഏക ലിങ്ക്. എന്തായാലും പോയിവരാം. ചിലപ്പോൾ നമ്മൾ തേടിനടക്കുന്നത് ഇതാവും. നീ നിന്റെ വഴിക്കും വിട്ടോ. മറ്റന്നാൾ കാണാം.

മെസേജിട്ട് റാഞ്ചിയിൽനിന്ന് പോരുമ്പോൾ ചന്ദൻ സുഖയുറക്കം. മൂന്നുദിവസം തുടരെ സിറ്റിയിലെ മഴക്കെടുതികൾ റിപ്പോർട്ട്‌ ചെയ്തു നനഞ്ഞുകുതിർന്ന് പനിയുമായി പുലർച്ചെ വന്ന് കിടന്നതാണവൻ.


സന്ധ്യക്ക് ധൻബാദിൽ സുഹൃത്തിന്റെ വീട്ടിലെത്തിയതും മഴ കിതപ്പാറ്റി തുടങ്ങിയിരുന്നു. രാവിലെ അഞ്ചിന് അലാറം​ െവച്ചു ഫോൺ ചാർജിലിട്ടു കിടന്നു. ജനാലക്കപ്പുറം സ്ട്രീറ്റ് ലൈറ്റ് ചെവിയിൽ തിരുകി കറുത്തമുടി തെറിപ്പിച്ചൊരാൽ മരം. ഇരുൾകണ്ണ് തുറന്നു ചിറകുകുടഞ്ഞുണരുന്ന കടവാവലുകൾ. സ്വർണപ്രകാശത്തിന്റെ മരീചിക. ചില്ലകൾ വാർക്കുന്ന മഴയുടെ അവസാനപ്രാണൻ.

പിറ്റേന്നുണർന്നത് അസ്ഥി പിളർക്കുന്ന തണുപ്പൻപ്രഭാതത്തിലേക്ക്. ഒരു കട്ടനിൽ ദിവസം തുടങ്ങി യാത്രക്കൊരുങ്ങിയതും സമയം അഞ്ചര. ഞാൻ കാറെടുത്തു പോന്നതുകൊണ്ട് ചന്ദൻ എന്റെ സ്കൂട്ടിയുമായി സിറ്റിയിലേക്കിറങ്ങിക്കാണും. ഒരാൽമരത്തിനു ചോട്ടിലെ മണ്ണുമാന്തി വാർത്ത കണ്ടെടുക്കാൻ.

അത്യാവശ്യം വീഡിയോ എടുക്കാനൊരു മൂവികാമുണ്ട്. സംഗതി നിജമെങ്കിൽ ചന്ദനുമായി വീണ്ടും വരാം. ധൻബാദിൽനിന്നും ഇരുന്നൂറ്റിമുപ്പത് കിലോമീറ്റർ. നാലരമണിക്കൂർ യാത്ര. പകൗറിൽനിന്നും വീണ്ടും ഉള്ളിലേക്ക്.

മഴയെ കുമ്പിളുകുത്തി ശേഖരിച്ച റോഡുകളും തുരുമ്പിച്ച സൈൻ ബോർഡുകളും നിറഞ്ഞ ഡിജിറ്റൽ ഇന്ത്യ തലനീട്ടാത്ത റൂറൽ ഇന്ത്യ. പകൗർ കടന്നുള്ളിലേക്ക് കയറിയതും ടാറിട്ട റോഡവസാനിച്ചു വശത്തേക്ക് ചളിവെള്ളം ചീറ്റിത്തുടങ്ങി.കൂറ്റൻ പാറക്കെട്ടുകൾ ചീന്തിയതും ചുമന്നു രണ്ടു ലോറികൾ കടന്നുപോയി. ഒരുവശം അറപ്പുവാളിന്റെ പല്ലുപോലെ മലമടക്കുകൾ. മറുവശം ചോളപ്പാടങ്ങളിൽ ഇനിയും അടങ്ങാത്ത ന്യൂനമർദ ചുഴലിക്കാറ്റ്.

കുന്നുകൾ കൊഴുപ്പോടെ ചുരത്തുന്ന കോട വകഞ്ഞ് മാടുകളുടെ പറ്റം കടന്നുപോയി. അച്ചടക്കത്തോടെ ഒഴുകുന്നവയുടെ പിന്നിൽ അവറ്റകളുടെ പകുതിയോളം പോലുമുയരാത്ത ചെമ്പൻതലയൻ ചെക്കന്മാർ. മനുഷ്യർ മെതിച്ചടയാളപ്പെടുത്തിയ നാട്ടുവഴികൾ ഘ്രാണിച്ചു പഴയ ഏതോ നാവികന്റെ പ്രേതസാന്നിധ്യമായൊപ്പമലയുന്ന ഗൂഗിൾ മാപ്പ്.

ആഴ്ചകൾ നീണ്ട മഴ തോർന്നവസാനിക്കുന്നതിന്റെ ചില്ലറക്കണക്കുകളെന്നോണം കുടിലുകളുടെ വയ്ക്കോൽ തുഞ്ചത്ത് നിന്നും തുള്ളികളിറ്റുന്നു. മൂക്കിൽ ഇരുമ്പ് വളയമിട്ട രണ്ടു പെണ്ണുങ്ങൾ വിറകും ചുമന്നു കിതച്ചുകയറുന്ന ഒരു കയറ്റം നിവർന്നു പരന്ന ഒരു മൈതാനത്തിൽ കാറൊതുക്കി. പുറത്തിറങ്ങിയതും സകലരോമവുമുയിർപ്പിച്ച് തണുപ്പ്. വേഗമൊരു കാർട്ടിഗൻ എടുത്തിട്ടു. മുന്നിൽ മങ്ങി കുതിർന്ന ഒറ്റനില കെട്ടിടം.

പ്രാഥമിക് സ്വാസ്ത്യ കേന്ദ്ര്.

ഓടതിരുകളിൽ ചപ്പിലകൾ കുരുങ്ങിയ, പച്ചപ്പായൽപ്പൊട്ടുകൾ നിറഞ്ഞ മേൽക്കൂര. വിള്ളലിൽനിന്ന് പൂത്തിറങ്ങിയ പടർപ്പുകൾ. വഴുക്കൻ ചരിവ് വരാന്ത കയറിയാൽ വലിയ തിണ്ണക്കപ്പുറം താഴിട്ടൊരു ഗ്രില്ല്. വശങ്ങളിലേക്ക് നീളുന്ന ഇരുമ്പഴികൾക്ക് പിന്നിൽ ഓടിന്റെ വിള്ളലിറ്റിച്ച വിളർത്തപ്രകാശത്തിൽ മൂന്നു മുറികൾ കാണാം. ഉള്ളിലെ ​െബഞ്ചിൽ ആരോ ചുരുണ്ടു കിടക്കുന്നു.

ദോ ബൂന്ത്‌ സിന്തഗി കി!

കരഞ്ഞു വാ പിളർക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ നിറഞ്ഞ ചുമരിൽ ചാരിയതും എതിരെ മൈതാനത്തിന്റെ പരപ്പിനപ്പുറം പാടങ്ങൾ. മഴവെള്ളം നെടുവരമ്പുകളെ വിഴുങ്ങി ആകാശം നിലത്തടർന്ന വിസ്മയം.

സമയം ഏട്ടാകുന്നു. സ്ത്രീയെ വിളിച്ചിട്ട് കിട്ടുന്നില്ല. ഒരു വൃദ്ധ കൂനിപ്പിടിച്ചു വരാന്ത കയറി.

ജൻ ജൻ ക്കോ ജഗാനാ ഹേ

ടി ബി ക്കോ ഭഗാനാ ഹേ!

കൈ നിറയെ ഗുളികകളുമായി നിൽക്കുന്ന വൃദ്ധന്റെ ചിത്രത്തിനു കീഴെ വൃദ്ധ ചുമച്ചുകൊണ്ട് കുന്തിച്ചിരുന്നു. അവരുടെ അലസമായി ചുറ്റിയ സാരിക്കിടയിൽ ബ്ലൗസിടാത്ത നെഞ്ച്. പ്രാണൻ കിട്ടാതെ പിടയുന്ന മീനിന്റെ വശങ്ങളിലെ ചെകിളത്തുളകൾപോലെ ശ്വാസമെടുക്കുമ്പോൾ വാരിയെല്ലുകൾക്കിടയിലേക്ക് തൊലി ഉൾവലിഞ്ഞ് അസ്ഥികളുടെ അഴിവീണ നെഞ്ചിൻകൂട്. കണ്ണുകളും വായുമുൾക്കൊണ്ട മൂന്നു കുഴികളുള്ള മുഖം അടുത്തേക്കു വന്നു.

‘‘ഖാനെ കോ കുച്ച് ദീജിയെ...’’

കൈ വയറിൽ ​െവച്ചുള്ള അവരുടെ ചോദ്യം അവഗണിക്കാനാകാത്തവിധം അവിടം ശൂന്യമായിരുന്നു. പത്ത് രൂപ നീട്ടിയതും അവരത് വാങ്ങി കണ്ണിലെ കുഴിയിലിറക്കി കൂനുവീണ ചുമല് വീണ്ടും വളച്ചു തൊഴുതുനിന്നു.

‘‘ഇങ്ങനെ കൊടുക്കാൻ നിന്നാലിന്ന് അതിനേ സമയം കാണൂ.’’

ഇരപ്പിച്ചു നിന്ന സ്കൂട്ടറിനു പിൻസീറ്റിൽനിന്നും വെള്ളസാരിയുടുത്ത സംഗീത ഇറങ്ങിവന്നു. വല്ലാതെ തടിച്ച് കഴുത്ത് അപ്രത്യക്ഷമായൊരു സ്ത്രീ.

‘‘സോറി. താമസിച്ചുപോയി. രാവിലെ എനിക്കൊട്ടും വയ്യ. പക്ഷേ, ഇന്നെങ്ങനെ വരാതിരിക്കുമെന്നോർത്താണ്. ആ ലൂക്കി വന്നാലല്ലേ പോകാൻ പറ്റൂ. മാഡം വരൂ.’’

അവർ വഴുക്കുന്ന വരാന്തയിലൂടെ ചളിപറ്റാതെ യൂനിഫോം സാരിയുയർത്തി നടന്നു.

‘‘രാംലാൽ… ഘോലോ…’’

ഉറക്കം പുകഞ്ഞ കണ്ണുകളോടെ ഒരാൾ ഗ്രിൽ തുറന്ന് ചൂലുമായി പുറത്തേക്ക​ു നടന്നു.

‘‘മോപ്പപ്പ് ആയതുകൊണ്ട് ഇന്ന് നല്ല തിരക്കാണ്.

ഓയെ, രാംലാൽ ഏക് ചായ് ലാനാ...’’

മൂന്നുവർഷം മുമ്പ് ഈ ഗാവുകളിൽ ഒരു പോളിയോ റിപ്പോർട്ട്‌ ചെയ്തു. എന്തായിരുന്നു പുകില്. പിന്നെ കുറെനാൾ അതിന്റെ പുറകെ നടന്നു. ആകെ നാണക്കേടായി. ഇപ്പോൾ അവിടെയുള്ള കുട്ടികൾ ഹൈ റിസ്ക് ഗ്രൂപ്പിലാണ്. ഞാൻ തന്നെ ലൂക്കിക്കൊപ്പം പോകും. ഒറ്റൊന്ന് ഇങ്ങോട്ടേക്കു വരില്ലെന്നേ. അങ്ങോട്ട് ചെന്നാലോ മുഷ്‌ക്ക് പിടിച്ച വർഗം.


‘‘ദേ, ഇത് വരെ കഴിഞ്ഞവരുടെ കണക്ക്. ഇനി രണ്ടുദിവസം കൊണ്ട് ഏതാണ്ട് എൺപത്തി എട്ട് വീട് കയറിയിറങ്ങണം. ബടാ മുഷ്കിൽ ഹേ, മാഡം…’’

അവർ മേശയിലെ തടിയൻ രജിസ്റ്റർ ഉലച്ചതും രണ്ടു കരിംചിലന്തികുഞ്ഞുങ്ങൾ പുറത്തേക്ക് ചാടി. പുറത്തു വൃദ്ധ തന്റെ തുണിസഞ്ചിയിൽനിന്നും കടലാസുകളെടുത്തു ഒ.പി കൗണ്ടറിനു മുന്നിൽ വരി നിന്നു.

നിമിഷങ്ങൾക്കകം ചളി കുഴമ്പിയ മൈതാനം കുഞ്ഞൊരു ജനക്കൂട്ടത്തെ ചുമന്നുനിന്നു. സൈക്കിളിന് പിന്നിലിരുന്നു വന്ന ഗർഭിണികൾ,പിതാവിന്റെ തോളിനിരുവശവും കാലിട്ടിരിക്കുന്ന കുഞ്ഞുങ്ങൾ, നിർത്താതെ ചുമക്കുന്ന വൃദ്ധർ...

പല ഭാഗങ്ങളുടെ ചുമതലയുള്ള ആശ വർക്കർമാർ നീലസാരിയും ചുവന്ന ബ്ലൗസുമണിഞ്ഞു കലപിലത്ത് കൊണ്ട് മുറികളിൽ നിറഞ്ഞു.പിന്നിലെ ഇടുക്കിൽ പ്രാതൽപൊതികൾ തുറന്നതിന്റെ മണം പരന്നു.രജിസ്റ്ററിൽ ഒപ്പിട്ടശേഷം സ്ത്രീകൾ മുറിക്കുള്ളിലെ ഫ്രീസറുകൾ തുറന്നു ഐസ് ബോക്സുകളെടുത്തു തങ്ങളുടെ നീണ്ട പെട്ടികളിൽ നിരത്തി.

കൗതുകത്തോടെ ഞാനൊരു ഐസ് ബോക്സിൽ തൊട്ടു. നീലനിറത്തിലൊരു പ്ലാസ്റ്റിക് ചതുരം.അതിനുള്ളിൽ വെള്ളം നിറച്ച് തണുപ്പിച്ച് കട്ടയാക്കിയിരിക്കുന്നു. തണുത്തുറഞ്ഞ പെട്ടികൾക്ക് നടുവിലേക്കവർ മരുന്നു കുപ്പികൾ നിരത്തി.

‘‘ദീദി… സബ് ടീക്ക് ഹേ…’’

സ്ത്രീകൾ ബോക്സുകൾ പുറത്തെ ജീപ്പിൽ കൊണ്ടു​െവച്ചു.

‘‘സത്യം പറയാമല്ലോ മാഡം, ഇവർക്ക് പലർക്കും ശമ്പളക്കുടിശ്ശികതന്നെ ഏറെയുണ്ട്. ചെന്ന് കയറേണ്ടതോ മഹാരോഗങ്ങൾക്കിടയിലും. പലരും രണ്ടുദിവസം ട്രെയ്നിങ്ങും കഴിഞ്ഞു ഒറ്റൊരാഴ്ചയിൽ നിർത്തും. സിറ്റിയിൽ പോയൊരു കുഞ്ഞിനെ നോക്കിയാൽ ഇതിലുമുണ്ടാക്കാമല്ലോ.’’

പോളിയോ കാമ്പയിൻ എന്നെഴുതിയ മഞ്ഞസാഷ് സംഗീത ഓരോരുത്തർക്കും കൊടുത്തു. സ്ത്രീകളത് നെഞ്ചിന് കുറുകെയിട്ട് പല വഴിക്കായിറങ്ങി.

‘‘ലൂക്കിയെത്തിയില്ലെങ്കിലാകെ കുഴയുമല്ലോ ദൈവമേ?’’

സംഗീതയുടെ ആകുലതകൾക്കിടെ പുറത്ത് മഴക്കാറുകളുടെ സ്ഥാനഭ്രംശത്തിനിടയിൽ നിന്നൽപം വെയിൽ പൊടിഞ്ഞു. ആകാശത്തിന്റെ അങ്ങേയറ്റത്തെ ലുബ്ധത്തോടെയിറ്റിയ വെയിൽക്കീറിനുള്ളിൽനിന്ന് ഉയരം കുറഞ്ഞൊരു സ്ത്രീ പാഞ്ഞുവന്നു.

‘‘ദീദി, ചലും…’’

അവർ കഴുത്തിലെ വിയർപ്പ് സാരിത്തുമ്പിലൊപ്പി ഞങ്ങളെ നോക്കി. കരിമുത്തുമാല, വെള്ളിത്തകിടുകൾ, ചെമ്പൻമുടി, എത്ര ചുണ്ടടുപ്പിച്ചാലുമുൾവലിയാത്ത പൊക്കപ്പല്ലുകൾ, കൈത്തണ്ടമേലുള്ള ചുളിവുകൾക്കിടയിൽ കശങ്ങിയ പച്ചകുത്ത് രൂപം.

‘‘അവിടെനിന്നിപ്പോ ആശവർക്കറെന്ന് പറയാൻ ലൂക്കിയേയുള്ളൂ. ഒന്ന് രണ്ടെണ്ണം വന്നു. ബാങ്ക് അക്കൗണ്ടില്ലാതെ എങ്ങനെ കാശ് വരും. അക്കൗണ്ട് തുറക്കാൻ കടലാസുകളില്ലപോലും. ഇതിനെയൊക്കെ കൊണ്ടുപോയൊക്കെ ചെയ്യിച്ചുകൊടുക്കാൻ പറ്റുമോ?’’

അവർ ഐസ് ലൈനർ പെട്ടി ലൂക്കിയുടെ ചുമലിൽ തൂക്കി. കറുത്തൊരു ബാഗിൽ കുറെ മഞ്ഞക്കടലാസുകളും ഒരു പെട്ടി മിഠായിയും എട്ട് ധാന്യപ്പൊടി കവറുകളും നിരത്തി. മഞ്ഞസാഷ് നെഞ്ചിന് കുറുകെയിട്ടതും ലൂക്കി തെളിഞ്ഞു. പല്ല് വിടർത്തി.

യാത്രക്കിറങ്ങിയതും ഒ.പിക്ക് മുന്നിൽ വാല് മുളച്ചുനീളുന്നൊരു വരി രൂപപ്പെട്ടിരുന്നു. അടഞ്ഞ കൗണ്ടർ അഴികളിൽ ചാരി ഒരു കുഞ്ഞ് അപ്പന്റെ തോളത്തിരുന്നു.

‘‘ലോഹിയാ, ഹം ചലേ…’’

‘‘ഹാ… ആപ്പ് ജായിയെ ദീദി...’’

ഞങ്ങൾക്ക് നേരെ വന്ന ലോഹിയ കൗണ്ടർ ലക്ഷ്യം​െവച്ചു നടന്നു. യുഗങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കർത്താവിന്റെ ജെറുസലേം പ്രവേശനംപോലെ പ്രത്യാശയോടെ, അങ്ങേയറ്റം വിധേയത്വത്തോടെ ജനക്കൂട്ടം ആ ശുഭ്രവസ്ത്രധാരിക്കിരുവശവും വകഞ്ഞു നരകപാതാളത്തോളം നടുവ് വളച്ചു.

‘‘ബോല, ഏക് ചായ് ലാനാ...’’

വിശ്രമമുറിയിലേക്ക് നടക്കുന്ന അയാളുടെ ശബ്ദം പരിചിതമായ വഴക്കത്തോടെ പിന്നിൽ മുഴങ്ങി കേട്ടു.

വെള്ളം കയറി നേർത്ത നെടുവരമ്പിലൂടെ അതീവശ്രദ്ധയോടെ നിലത്ത് നോക്കി നടന്നിട്ടാവും മുന്നിലെ ലൂക്കിയുടെ വിണ്ടുകീറിയ മടമ്പും അതിനിടയിലെ ചളിക്കട്ടകളും കണ്ണിലേക്കു തെരുത്തുകയറി. രണ്ടു തുള്ളികളുടെ ചിത്രം പതിച്ച മഞ്ഞതൊപ്പികൾ ഞാനും രാംലാലും ധരിച്ചിട്ടുണ്ട്.

വഴിയുടെ വീഡിയോ എടുക്കാമെന്നു നോക്കുമ്പോൾ സ്ഥിരതയറ്റ പ്രകാശം. ഇരുവശവും കാടൻപൊന്തകളതിരിട്ട വഴികളിൽ മരത്തലപ്പുകളും മഴക്കാറുകളും പരസ്പരം തെന്നിമറിഞ്ഞു നിലത്ത് പ്രകാശപ്പൊട്ടുകളുടെ കലൈഡോസ്കോപ് നൃത്തം. വഴികൾ മുഴുവനും പുഴക്കു മുന്നിൽ അവസാനിച്ചു. രാജ്മഹൽ കുന്ന് കിഴക്കുനിന്ന് തെക്കോട്ടു വഴിപിഴപ്പിച്ച ഗംഗാനദി കലിപൂണ്ടു കലങ്ങിയൊഴുകുന്നു.

‘‘പുഴക്കപ്പുറെ ആ വശം തൊട്ട് ദുംക്ക ജില്ല. ഈ നാശം പിടിച്ച ഗ്രാമങ്ങൾ കഷ്ടകാലത്തിനു നമ്മുടെ ബ്ലോക്കിലും.’’

‘‘ഇവർ മുഴുവൻ പഹാരിയകളാണോ?’’

‘‘ഏതാണെങ്കിലും ആ കാടത്ര പന്തിയല്ല. നൂറുകൊല്ലം മുമ്പുള്ള കല്ലൻ തലയോട്ടിയും പത്താന പൊക്കമുള്ള, ഇനിയും അഴുകാത്ത മരങ്ങളുമവിടെനിന്ന് ആർക്കിയോളജിക്കാർ കഴിഞ്ഞ മാസം കുഴിച്ചെടുത്തത്രേ.’’

അവർ പറഞ്ഞവസാനിപ്പിച്ചതും ഒരു ഭീമൻകരിമേഘം തലക്ക് മുകളിലേക്കോടി കയറി പ്രകാശത്തിനു തടയണ പണിതു. ചുറ്റും ചാരനിറത്തിലെ വിളറിയ വെട്ടം.

പുഴയുടെ വക്കുപിടിച്ചു അൽപദൂരം നടന്നതുമൊരു മരപ്പാലമായി. പക്ഷേ, പുഴയുടെ കൃത്യം മധ്യത്തിലായത് തകർന്നിരിക്കുന്നു. ഏതാനും പലകകൾ ഇളകിപ്പോയ തുളയിലൂടെ കാട്ടുവള്ളികളും അവയിൽ കൊരുന്നു തൂങ്ങുന്ന പ്ലാസ്റ്റിക് മാലിന്യതുണ്ടുകളും.

‘‘കഴിഞ്ഞാഴ്ച എന്തായിരുന്നു മഴ. വലിയ ആൽമരം കടയോടെ ഒലിച്ചുപോയി. പിന്നെയാ ഈ നൂൽപ്പാലം. രാം ലാൽ, പോയി ചങ്ങാടം തപ്പിവാ.’’

പിഞ്ഞിയ ദോത്തിയും നരച്ച ഷർട്ടുമിട്ട് നീങ്ങുന്ന രാംലാലിന് കോമാളി പരിവേഷം കൊടുക്കുന്ന തിളങ്ങുന്ന തൊപ്പി ഞാൻ ഊരി ​ൈകയിൽ പിടിച്ചു. മേൽകുപ്പായമിടാത്ത രണ്ടു കുട്ടികൾ ചങ്ങാടം എന്ന് വിളിക്കപ്പെട്ട ഒരു കാലൻമരത്തടി തുഴഞ്ഞു വന്നു. നീണ്ട പിഞ്ഞാണംപോലെ ഉൾവശം തുരന്നൊരു ഭീമൻവൃക്ഷത്തിന്റെ കാതൽ. കൂർപ്പൻ ആരു നിറഞ്ഞ പൊത്തിൽ ഞാനും സംഗീതയും കഷ്ടിച്ചിരുന്നു.

ഉള്ളിലൊരു വെള്ളിടി വെട്ടി. തടി ക്കഷ്ണത്തിന്റെ മുകളരികിൽനിന്നും ഒന്നര ഇഞ്ച് താഴെവരെയുണ്ട് ജലപരപ്പ്. പുഴയുടെ നടുക്ക് ആഴം കടുത്താൽ, പുഴയൊന്നു മൂരിനിവർന്നാൽ...

അറിയുന്ന സകല ദൈവങ്ങളെയുമോർത്തു. നാട്ടിലെ അമ്പലങ്ങളിലേക്കൊക്കെ നേർച്ചയെന്ന പ്രീബുക്കിങ് നടത്തി. ആടിയുലഞ്ഞു ചങ്ങാടം മുന്നിലേക്കൊഴുകി. ഒന്നിളകിയാൽ സപ്തസുഷിരങ്ങളിലും വെള്ളമിരച്ചു കയറി വാർത്ത തേടി വന്ന് സ്വയം വാർത്തയായെന്ന ക്ലീ​േഷക്ക് അന്ത്യം!

കുതിച്ചൊഴുകുന്ന പുഴ. കാറ്റിലിളകുന്ന കരിമേഘങ്ങൾക്കിടയിൽ മങ്ങിയും തെളിഞ്ഞും സ്ഥിരതയറ്റ പ്രകാശം. മറുകരയിൽ ജലഛായപോലെ ഇളകിയാടുന്ന മലകൾ. നിലനിൽപിന്റെ കലക്കം നിറഞ്ഞ പ്രാകൃതദോലനം. ചുറ്റും അനാദിയായ ഗംഗ.

ചങ്ങാടം ചതുപ്പ് നിലത്തിൽ തുഴക്കമ്പു നാട്ടിനിന്നു. ചതുപ്പിലുന്തി നിൽക്കുന്ന തേഞ്ഞ പാറക്കല്ലുകളിൽ ചവിട്ടി ഉറപ്പുള്ള ചെമ്മൺനിലത്തെത്തി. കയറ്റം കയറുന്ന മുറക്ക് കുന്നിൻമടക്കുകളിൽ വെളിപ്പെടുന്ന കുടിലുകൾ. വയ്ക്കോൽ കൂര കൂമ്പിയ, വാതിലും ജനലുമില്ലാത്ത ചെമ്മൺവീടുകൾ. നീണ്ടതിണ്ണയിൽ ചുരുണ്ടുകൂടിയ ഈച്ചമുച്ചിയ നായ്ക്കളും ഇരുമ്പൻ തോടയുടെ ഘനത്തിൽ കാതിൻ തടനീണ്ട് ഊഞ്ഞാലുകെട്ടിയ വൃദ്ധകളും. പനയോല പിണച്ചുകെട്ടിയ വേലിയിൽ ഉണങ്ങാൻ ഞാത്തിയ മഞ്ഞിച്ച ചോളക്കെട്ടുകൾ.

‘‘സബ് കച്ചാ ഗർ ഹേ...’’

നാടെത്തിയ ഉത്സാഹത്തിൽ ലൂക്കി ചിലച്ചു. മഴക്കിളക്കാൻ കഴിയാത്ത ഉരുക്കു ചെമ്മൺനിലത്തിൽ പാമ്പിഴനീട്ടി കൂറ്റൻ വേരുകൾ. മുകളിൽ ചില്ലകൾ നെടുംകണ്ടം ചാടുന്ന കുരങ്ങുകൾ.

‘‘ഏയ്‌ മുന്നി ഇതറാ…’’

ഒരു വീടിനു മുന്നിൽ മടിയിലെ മുറത്തിൽ ബീഡി തെറുക്കുന്ന അമ്മയും മക്കളും. എലുമ്പിപ്പെണ്ണും ഒപ്പമുള്ള പൊടിയനും ഓടിവന്നു. ഈരണ്ടു തുള്ളികൾ വീതം വരണ്ട ചുണ്ടിണകൾക്കിടയിലിറ്റി.

‘‘ലൂക്കി, ബചോംക്കൊ കാനെ കേലിയെ കുച്ച് ഹേ...’’

ശബ്ദം കേട്ട് ചുറ്റുമുള്ള വീടുകളിൽനിന്നും പെണ്ണുങ്ങൾ കുട്ടികളുമായി പുറത്തിറങ്ങി. സംഗീത രണ്ടു വീടിനു ഒന്നെന്ന കണക്കിൽ ധാന്യപ്പൊടി പാക്കറ്റുകൾ പങ്കിട്ടു.

‘‘ചാവൽ ഹേ?’’

‘‘നഹി.. സിർഫ് പുഷ്ടി പൗഡർ. ഹം കോ ബസ് യഹി മിൽത്താ ഹേ ഊപ്പർ സേ.’’

അരിയും പാലുമൊക്കെ തിരക്കുന്ന അമ്മമാരെ ദേഷ്യത്തോടെ ആട്ടുന്ന ലൂക്കിയുടെ മുഖത്ത് പല്ല് വിടർത്തി മുരളുന്ന ചെന്നായുടെ കൂർപ്പ്.

‘‘മാഡം, അംഗൻവാടികളിൽ കിട്ടുന്ന ഭക്ഷണം ഉള്ളപോലെയൊക്കെയിവർക്ക് കൊടുക്കും. കുട്ടികൾക്ക് കൊടുക്കുന്നത് ഇവർ കുടുംബത്തിനു മുഴുവനും വിളമ്പും. പിന്നെയെങ്ങനെ തികയാനാ.’’

‘‘ഇവർക്ക് റേഷൻ കിട്ടില്ലേ?’’

‘‘പകുതിപേർക്കും കാർഡോ ആധാറോ കാണില്ല. നേരെ അപേക്ഷിക്കില്ലെന്നേ. ഇനി കാർഡ് ഒന്നുമില്ലെങ്കിലും ഗ്രാമമുഖ്യന്റെ വീട്ടിൽ അരിയുണ്ട്.’’

‘‘വോ ഹംക്കോ നഹി ദൂങ്കാ…’’

കൂട്ടത്തിലൊരു സ്ത്രീ വിളിച്ചു പറഞ്ഞു.

‘‘അരെ ചുപ്പ്… ഇവർക്കൊന്നുമെത്ര കൊടുത്താലും തികയില്ല. കണ്ടില്ലേ ആർത്തി.’’

അവർ പിറുപിറുത്തുകൊണ്ട് വാക്‌സിൻ ലഭിച്ച കുട്ടികളുടെ വിരലിൽ നീലമഷി കൊണ്ട് അടയാളം പതിപ്പിച്ചു. ഒപ്പം ഓരോ മിഠായിയും നോട്ടീസും കൊടുത്തു.

‘‘ജാ… സബിക്കൊ ബുലാവോ…’’

സംഗീത ബാഗ് പിന്നിലൊതുക്കി വീടിന്റെ വരാന്തയിലിരുന്നു.


‘‘മിഠായി ഒരു ട്രിക്കാണ്. ഇത് കിട്ടിയവന്മാർ പോയി ബാക്കിയുള്ളവരെയും വിളിച്ചോണ്ട് വരും. കള്ള തിരുമാലികളാണ്. മിക്കതിനെയും കണ്ടാൽ മൂന്നും നാലും വയസ്സുപോലെ തോന്നുമെങ്കിലും എട്ടും പത്തും വയസ്സുണ്ടാകും. മിഠായിക്ക് വേണ്ടി കള്ളവയസ്സ് പറഞ്ഞു വരും. ഇവറ്റകളൊക്കെ ആളിൽ കുറുകിയവരാണെന്നേ…’’ വയറുന്തി,കൈകാലുകൾ കുറുകിയ വാമനന്മാർ ഞൊടിയിൽ കൈതപൊന്തകളിലേക്ക് മറഞ്ഞു.

‘‘എ കാഗസ് പേ ക്യാ ലിക്കാ ഹേ...’’

വായിക്കാനറിയില്ലെന്ന് കരുതിയ സ്ത്രീകൾ ആർത്തിയോടെ നോട്ടീസ് വാങ്ങുന്ന കൗതുകത്തിലിത് തികട്ടി വന്നു.

‘‘നഹി മാലും, മാഡം. യേ വോ ദിൻ കേലിയെ ഹേ...’’

നിരത്തുവക്കത്തെ ചാലിൽ മഴജലത്തിൽ കലങ്ങിയൊഴുകുന്ന ചെമ്മണ്ണ് ഉള്ളിലെവിടെയോ ഉറവപൊട്ടി. അടിവയറ്റിൽ കല്ല് നാട്ടിയ വേദന.

‘‘സബ് ജാവോ… പാക്കറ്റ് ഖത്തം ഹുവാ. ഹം ബചോം കേലിയെ സിർഫ് ദവാ ലായിഹേ…’’

പെണ്ണുങ്ങളെ കൊണ്ട് പൊറുതി മുട്ടിയെന്നോണം സംഗീത എഴുന്നേറ്റ് നടന്നു.

ഒരു പതിനഞ്ചു നിമിഷത്തെ കയറ്റം ഞങ്ങൾ കടന്നിരിക്കും. കരിമണ്ണ് നിറഞ്ഞൊരു പറമ്പ്. ചുവന്ന പട്ട് ചുറ്റി തലവിടർത്തിയ പേരാല്. കുങ്കുമം നെറുകയിലിറ്റിയൊരു കരിങ്കോഴി മുന്നിലൂടെ കൊക്കിയോടി. ലൂക്കി ഭീതിയോടെ ചിലച്ചു വേഗം നടക്കാൻ കൈകാട്ടി.

‘‘ലൂക്കിയെന്താ പറയുന്നത്?’’

‘‘ഓ… അതോ… ഇത് സിദ്ധന്റെ കോഴിയാണെന്ന്. നോക്കി ചോരയൂറ്റുമെന്നാണിവരുടെ വിശ്വാസം. ഇവറ്റകൾക്ക് ദീനം വന്നാലിവിടെ വന്നു ചരട് കെട്ടും. ആശുപത്രിയിലേക്ക് വരില്ല. കഴിഞ്ഞ മഴയിൽ ജ്വരം പിടിച്ചെത്രണ്ണം തീർന്നൂന്നാ.’’

തിരിഞ്ഞുനോക്കിയതും മഴയൊഴുക്ക് മണ്ണിളക്കി മുന്നിലേക്ക് നീട്ടിയ മണ്ണിരകളെ അനായാസം കൊത്തിയുണ്ണുന്ന ചീർത്ത കരിങ്കോഴി.

കാറ്റിൽ ചിലമ്പുന്ന മുളങ്കാട് കടന്നതും പാറയിടുക്കിനിടയിൽ ചേറുകലങ്ങിയൊഴുകുന്ന തോടിൽ നാട്ടിയ മുളന്തണ്ടിലിറച്ച് തെളിഞ്ഞ വെള്ളം നിറയുന്നൊരു പള്ളം. അതിനു ചുറ്റും സ്ത്രീകൾ കുടങ്ങളിൽ തെളിനീർ ശേഖരിക്കുന്നു. അവർക്കിടയിൽനിന്നൊരു മനുഷ്യൻ കുതൂഹലത്തോടെ ഓടിവന്നു.

‘‘ആയിയെ ദീദി... റുക്കി, പായൽ… ബചോം കോ ബുലാ...’’

‘‘ഈ ബുദ്ധറാം വലിയൊരുപകാരിയാണ്. അയാൾതന്നെ എല്ലാം ചെയ്തോളും. രക്ഷപ്പെട്ടു.’’

മരണശേഷം കല്ലറയിൽനിന്നുയിർത്തപോലൊരു രൂപം. നിഴലിൽ അൽപം മാംസവും തൊലിയും ചേർത്ത്, ഒട്ടി വലിഞ്ഞ ശരീരവും തടിയൻ സോഡാ ഗ്ലാസുമായൊരു മൊട്ടത്തലയൻ വൃദ്ധൻ. അയാളുടെ മേൽനോട്ടത്തിൽ വീണ്ടും കുട്ടികൾ വരുകയും വാക്‌സിൻ വിതരണം തകൃതിയായി മുന്നേറുകയുംചെയ്തു.

അൽപം കഴിഞ്ഞതും മുകളിലേക്ക് പോകുന്നുവെന്ന് കൈകാട്ടി സംഗീത കുന്നുകയറി. ഞാൻ മെല്ലെ ബുദ്ധറാമിനൊപ്പം കൂടി. അയാൾ ഫോട്ടോ എടുക്കാനായി ആൽമരവും ക്ഷേത്രവും കാട്ടിത്തന്നു. ആൽത്തറയിൽ നാട്ടിയ ശൂലവും ഉറവകല്ലും. പൊടുന്നനെ സകലതുമുലച്ചൊരു കാറ്റടിച്ചു. പൊളിഞ്ഞ വേലിക്കപ്പുറം അരശു പൂത്തു ചൊരിഞ്ഞൊരു വീട്ടിൽനിന്നും പക്ഷിയുടേത് പോലൊരു വികൃതസ്വനം. കാറ്റിലത് രാകിപ്പറന്നു ചെവിതുളച്ചു.

‘‘എന്താ അത്?’’ പകപ്പോടെ ഞാൻ തിരക്കി.

‘‘അതാണ് സിമൂട്ടിയുടെ വീട്. അവന്റെ ഭാര്യ സൊക്കി മരിച്ചിട്ട് ഒരാഴ്ചയായി. അവളുടെ ചിതാഭസ്മമിരിക്കുന്ന കുടത്തിൽനിന്ന് വരുന്ന ശബ്ദമാണത്.’’

ഉലയുന്ന കാറ്റിൽ, പൂക്കൾക്ക് മുകളിലൂടെ വരണ്ട തൊണ്ടയും വിണ്ടുകീറിയ ചുണ്ടുമായൊരു സ്ത്രീ നിലത്ത് കാലുകൾ തൊട്ട് തൊടാതെ ഒഴുകിപ്പോയി.

‘‘പേടിക്കണ്ട. അവൾ ഉപദ്രവിക്കില്ല. അവളുടെ അന്ത്യകർമങ്ങൾക്കെങ്കിലും ഒരുപിടി അരിയൊപ്പിക്കണം. ഇന്നലെയവൾ എന്റെ വീട്ടിൽവന്നു കലങ്ങളൊക്കെ തുറന്നുനോക്കി. പാത്രങ്ങളൊന്നും മൂടിവയ്ക്കാൻ സമ്മതിക്കില്ല.’’

ദൂരെ അയയിൽ ഉണക്കാനിട്ട നനഞ്ഞ വെള്ളമുണ്ടിന്റെ നേർമയിൽ മുകളിലേക്ക് മഴവെള്ളത്തിനായി വായ തുറന്നുനിൽക്കുന്ന സൊക്കിയുടെ ഓളംവെട്ടുന്ന രൂപം. തിരിഞ്ഞതും ബുദ്ധറാമിന്റെ പ്രാകൃതമുഖം.

ആകാശം ഇരുണ്ടു തുടങ്ങുന്നു. നടവഴി ചുരുങ്ങി ഒറ്റയടിപ്പാതയായി. ഒപ്പം വന്നവരെ കാണുന്നില്ല. വൃക്ഷങ്ങൾ തിങ്ങിക്കൂടി ഞെരുക്കുന്ന കാടിന്റെ തീവ്രത. ഞാൻ നടത്തം വേഗത്തിലാക്കി.

മഞ്ഞജമന്തികൾ തിങ്ങിനിറഞ്ഞൊരു പറമ്പിൽ കടന്നതും തിക്കുമുട്ടിക്കുന്ന ചോരമണം.

‘‘എന്താ അറിയില്ല മാഡം ജനിക്കുന്ന പിള്ളേരൊക്കെ മുതിരും മുമ്പ് ചത്തുപോകും. ഹം വോ ബീമാർ ബചോംകോ യഹാം ചോടെങ്കെ…’’

മഞ്ഞജമന്തി പൂക്കൾ കരിഞ്ഞു വിത്തായി വീണ മണ്ണ് മുഴുവൻ മഴവെള്ളത്തിൽ കലങ്ങി താഴേക്കൊഴുകി പോകുന്നു. എന്റെ കാലുകൾക്ക് തൊട്ടരികിൽ രണ്ടടി നീളത്തിൽ ചെമണ്ണിളക്കി നികത്തിയ കരിമണ്ണിന്റെ ഒരു കുഞ്ഞുചതുരം. തലക്കൽ കെട്ട് പോയ ചന്ദനത്തിരികൾ. ചുടലപ്പറമ്പിനെ പിന്നിലാക്കി കുത്തിറക്കമിറങ്ങുമ്പോൾ ഒരുപറ്റം മഞ്ഞപാപ്പാത്തികൾ ഒന്നായി വട്ടത്തിൽ തത്തിപ്പറന്നു. അവ തലക്കുള്ളിൽ അവയുടെ പുഴുക്കാലപൊറ്റ് അവശേഷിപ്പിച്ച ഘനം. കണ്ണ് മങ്ങുന്നു. മുന്നിൽ താഴേക്കുരുളുന്ന വലിയൊരുരുളൻകല്ല്. ആ തരിശുതലയിൽ വിയർപ്പിന്റെ ചോളപ്പൊരികൾ.

‘‘ബുദ്ധറാം, എനിക്ക് തിരിച്ചുപോണം. തല കറങ്ങുന്നു.’’

ബുദ്ധറാം എന്നെ താങ്ങിപ്പിടിച്ചൊരു വരാന്തയിലിരുത്തുമ്പോൾ ബാക്കിയായ മരുന്നുകുപ്പികൾ എണ്ണി തിട്ടപ്പെടുത്തി പോകാനുള്ള ഒരുക്കത്തിലാണ് സംഗീത. മഷിയടയാളമില്ലാത്ത അവസാനത്തേ കുഞ്ഞിനെ തിരഞ്ഞുപോയിരിക്കുന്ന ലൂക്കിയും രാംലാലും.

‘‘സിമൂട്ടിയുടെ ഭാര്യ എങ്ങനെയാ മരിച്ചത്?’’

ഞാൻ മിഠായികൾക്കായി ആർക്കുന്ന കുട്ടികളോട് കലഹിക്കുന്ന സംഗീതയോട് തിരക്കി.

‘‘വിശദമായ റിപ്പോർട്ട്‌ മെഡിക്കൽ ഓഫീസർ, സപ്ലൈ ഓഫീസർ അങ്ങനെ ഉത്തരവാദിത്തപ്പെട്ടവർ മുകളിലേക്ക് കൊടുത്തിട്ടുണ്ട്. അവർക്ക് ക്ഷയമായിരുന്നു. ഭക്ഷണമിറക്കാൻ പറ്റാത്തവിധം തൊണ്ടയിൽ പുണ്ണും.’’

‘‘അപ്പോൾ കഴിഞ്ഞ മാസം മരിച്ച കുട്ടികളോ?’’

‘‘മാഡം, ഇവർ ഒരേ കുടുംബത്തിൽനിന്നാണ് കല്യാണം കഴിക്കുന്നത്. പിറക്കുന്ന കുട്ടികൾക്കൊക്കെ ജനിതകപ്രശ്നങ്ങളുണ്ട്. പിന്നെ എത്ര പഠിപ്പിച്ചാലും വൃത്തി…’’

ഇടറുന്ന ഒരു നിറുത്തലിലേക്ക് സംഗീത വീണതും ലൂക്കി പതുക്കെ എന്റെ അടുത്തേക്ക് കൂർത്തു. കണ്ണുകൾ വെളിയിലേക്ക് തള്ളി ചിലച്ചു. ഞാൻ സംഗീതയെ നോക്കി.

മൗനം.

‘‘എന്താ ഇവർ പറയുന്നത്?’’

‘‘അത്... അവൾ ആ പിറന്ന കുഞ്ഞുങ്ങളെ കണ്ടിരുന്നു. അവറ്റക്ക് ആറു വിരലുകളും നട്ടെല്ലിനു താഴെ കുഞ്ഞു വാലുമുണ്ടായിരുന്നത്രെ. ഒരു കിലോ കഷ്ടി. വെള്ളത്തിൽ വിട്ടാൽ അത് നീന്തുമായിരുന്നുപോലും. ഞാൻ കണ്ടില്ല. പക്ഷേ ഡോക്ടർ മൃതദേഹം പരിശോധിച്ച് വാലും വിരലുകളും അവക്കിടയിൽ തുഴതൊലിയും കണ്ടുപിടിച്ചിരുന്നു.

‘‘ഓയെ റാം ലാൽ പൂരാ ഹുവാ.’’

റാം ലാൽ ഉത്സാഹത്തിൽ കൈകാട്ടി. കുട്ടികൾ അഭിമാനത്തോടെ അംഗീകാരത്തിന്റെ വിരലടയാളങ്ങൾ പരസ്പരം ചൂണ്ടി. വ്യവഹാരങ്ങളുടെ വിരോധാഭാസം നിറഞ്ഞ മറ്റൊരു നീലമഷിക്കുത്ത് തന്റെ വിരലുകളിൽ നാളുകൾക്കു മുമ്പ് പതിഞ്ഞത് ബുദ്ധറാം നിസ്സഹായതയോടെ നോക്കി. രണ്ടിലും സമുദ്രത്തിൽ കാൽമടമ്പുകളുരച്ചു ഗിരിശൃംഗത്തിൽ തലയൊളിപ്പിച്ചു ഇരുവശവും ക്രൂശിച്ചു വിടർന്ന കൈകളോടെ നിൽക്കുന്നൊരു രൂപം.

ഇളകുന്ന ചങ്ങാടത്തിലേക്ക് തിരിച്ചുനടക്കുമ്പോൾ ചുറ്റുമുള്ള ചതുപ്പിനിടയിലൂടെ ഇഴഞ്ഞൂളിയിടുന്ന ഒരായിരം മനുഷ്യമാക്രി കുഞ്ഞുങ്ങൾ. ചുക്കി ചുളുങ്ങിയ തൊലിയും ഉന്തിയ എല്ലുകളുമായി ഒരുപറ്റം വൃദ്ധകുഞ്ഞുങ്ങൾ. കുന്നിന്റെ ഉച്ചാണിത്തുഞ്ചത്തെയിരുളിൽ രൂപമറ്റ മുഖങ്ങൾ. പറിഞ്ഞു നിലത്തുവീഴുന്ന കണ്ണുകൾ. മാഞ്ഞുപോകുന്ന അടയാളങ്ങൾ. മുഖദ്വാരങ്ങൾ നികന്ന് വെള്ളാരംകല്ലുകൾപോലെ മെഴുകിയ മുഖവൃത്തങ്ങൾ.

ഇടറുന്ന എന്നെ ബുദ്ധറാം താങ്ങി ചങ്ങാടത്തിലിരുത്തി.

‘‘മാഡം, ഞങ്ങൾക്ക് കാണാൻ കഴിയാത്തത് പലതും നിങ്ങൾക്ക് കാണാനാകും. എന്റെ മകൾ കോമൾ ദില്ലിയിൽ വീട്ടുവേലക്ക് പോയതാണ്. അവളെ അവിടെനിന്നും കാണാതെയായി. ആ കിഷണിന്റെ മകൾ സോനത്തിനെയും മൂന്നുമാസം മുമ്പ് കൽക്കത്തയിൽനിന്ന് കാണാതായി. ഒരുവേള നിങ്ങൾക്കവരെ കണ്ടുകിട്ടിയാലോ? തിരയാൻ പോയാൽ എന്നേതന്നെ കാണാതെ പോയേക്കും. പൊലീസിന് കൊടുക്കാൻ ഞങ്ങൾക്ക് ഫോട്ടോകളുമില്ല.’’

ചങ്ങാടത്തിൽ പെട്ടികൾ വെച്ചതിന്റെയുലച്ചിൽ.

‘‘അതെന്താ..?’’

അയാൾ നിശ്ശബ്ദം തിരിഞ്ഞുനടന്നു.

‘‘ടൊ, ബുദ്ധറാം… അതെന്താ... നിങ്ങളുടെ ഫോട്ടോകളില്ലാത്തത്.’’

അയാൾ തിരിഞ്ഞുനോക്കാതെ വിളിച്ചുപറഞ്ഞു.

‘‘നിങ്ങളുടെ കാമറയിലുമൊന്നും പതിഞ്ഞിരിക്കില്ല. ഉറപ്പ്…’’

ഞാൻ വേഗം കാമറയിൽ നോക്കി.

ഭാഗ്യം. ഒക്കെയുണ്ട്…

ചങ്ങാടം സന്ധ്യയുടെ ചുമപ്പിലൂടെ മുന്നേറി. പെട്ടികളിൽ ബാക്കിയായ തുള്ളിമരുന്നുകൾ. കാലിയായ മിഠായിപ്പൊതി.

‘‘ഒക്കെ ഭംഗിയായി മാഡം.’’

‘‘വാക്‌സിൻ പിന്നെയും ബാക്കിയാണല്ലോ.’’

‘‘അവർക്കെങ്ങനെയും ജീവിക്കാം. പക്ഷേ, നമുക്കങ്ങനെ പറ്റുമോ. രോഗം എവിടെനിന്നാണെങ്കിലും തുടങ്ങിയാൽ പിന്നെ നമ്മളും അനുഭവിച്ചല്ലേ തീരൂ. സത്യത്തിലിത് നമുക്കൊക്കെ വേണ്ടിതന്നെയാ.’’

വിതരണവികേന്ദ്രീകരണത്തിന്റെ മേടുപള്ളങ്ങൾ നിറഞ്ഞ ഇന്ദ്രജാല കണക്കുകളും പേറി ഇനിയുമൊരായിരം കരിംചിലന്തിക്കുഞ്ഞുങ്ങൾക്ക് ചിരന്തനമായ അഭയമായി അവരുടെ കൈയിൽ ആ തടിയൻ രജിസ്റ്റർ വിശ്രമിച്ചു.

പുഴക്കപ്പുറം കാലു കുത്തിയതും ചന്ദന്റെ കാൾ.

‘‘ടൗൺ സെന്ററിനടുത്തുള്ള ആൽമരത്തിന്റെ മുഴുവൻ വിവരവുമെടുത്തിട്ടുണ്ട്. പള്ളിക്കുള്ളിലൊരു ആൽമരം. അതിലെ പൊത്തിലൊരു വെള്ളിനാഗം. ഭക്തർ വർഷങ്ങളായി അതിനു പാലർപ്പിക്കുന്നു. എന്നാലിപ്പോൾ തർക്കം. പള്ളി പൊളിക്കുമോ മരം മുറിക്കുമോ? എങ്ങോട്ട് തിരിഞ്ഞാലും ചെക്ക്. ഐ ആം റിയലി എക്സൈറ്റഡ്. നീ പോയിട്ടെന്തായി?’’

ഒരു നിമിഷം ഞാൻ തിരിഞ്ഞു.

രൂപമില്ലാത്ത ചതുപ്പ്…

‘‘നോ ന്യൂസ്‌ വാല്യൂ…’’

കാൾ കട്ടാകും മുമ്പ് പ്രതീക്ഷിച്ചപോലെ കാമറയിലെ അവസാന ചിത്രവും മാഞ്ഞു.

ദൂരെ ഇളകുന്ന പുഴക്കപ്പുറം, രൂപമില്ലാത്ത ചതുപ്പിന് മുകളിൽ, മഴമേഘങ്ങളുടെ ഇരുളിനടിയിൽ ആ കുന്ന് തരികളായടർന്നു കാറ്റിൽ അലിഞ്ഞില്ലാതെയാകുന്നു…

എ പെർഫെക്ട് മോപ്പപ്പ്‌!

News Summary - madhyamam weekly malayalam story