മറുലോകം -രാജീവ് മോഹൻ എഴുതിയ കഥ
‘‘മുടിയാനായിട്ട്, എന്റെ പൂവനെയും കൊണ്ടുപോയല്ലോ ദൈവമേ.’’ തേയിച്ചേടത്തിയുടെ ദൈന്യതയോടെയുള്ള നിലവിളി കേട്ടാണ് അന്നു രാവിലെ കണ്ടത്തില്ക്കരയിലെ വീടുകള്‍ ഉറക്കച്ചടവോടെ കണ്ണുതിരുമ്മി ഉണര്‍ന്നത്. ഭര്‍ത്താവ് ചിരുകണ്ടന് പകലന്തിയോളം വല്ലവരുടെയും പാടത്തും പറമ്പിലും പണിയെടുത്ത്...
Your Subscription Supports Independent Journalism
View Plans‘‘മുടിയാനായിട്ട്, എന്റെ പൂവനെയും കൊണ്ടുപോയല്ലോ ദൈവമേ.’’
തേയിച്ചേടത്തിയുടെ ദൈന്യതയോടെയുള്ള നിലവിളി കേട്ടാണ് അന്നു രാവിലെ കണ്ടത്തില്ക്കരയിലെ വീടുകള്‍ ഉറക്കച്ചടവോടെ കണ്ണുതിരുമ്മി ഉണര്‍ന്നത്. ഭര്‍ത്താവ് ചിരുകണ്ടന് പകലന്തിയോളം വല്ലവരുടെയും പാടത്തും പറമ്പിലും പണിയെടുത്ത് കിട്ടുന്നതു കൊണ്ടുവരുമെങ്കിലും തേയിയുടെ കോഴികള്‍ ആ വീട്ടിലെ വരുമാന മാര്ഗങ്ങളിലൊന്നുതന്നെയായിരുന്നു. ചന്തദിവസങ്ങളില്‍ കോഴിമുട്ട കെട്ടിയോൻവശം അങ്ങാടിയിലെ പീടികകളില്‍ കൊടുത്തും വളര്‍ന്നുമുറ്റിയ പൂവന്‍കോഴികളെ മനസ്സില്ലാമനസ്സോടെ ആവശ്യക്കാര്‍ക്ക് വിറ്റും അത്യാവശ്യം വരുമാനം ആ വഴിക്കു തേയിച്ചേടത്തി സമ്പാദിച്ചു വരുന്നുണ്ടായിരുന്നു. കുഞ്ഞുങ്ങളുള്‍പ്പെടെ പത്തിരുപത് കോഴികളും ഒന്നു രണ്ട് ആടുകളും ആ പുരയുടെ ചുറ്റിലും അടുക്കളപ്പുറത്തിനോട് ചേര്‍ന്നുള്ള കൃഷിയിടങ്ങളിലുമായി എപ്പോഴും തീറ്റപരതി നടന്നിരുന്നു. ചിരുകണ്ടന് പുലര്‍ച്ചെ എഴുന്നേറ്റ് ടൗണിലേക്ക് പണിക്കു പോയാല്‍ പിന്നെ അവറ്റകള്ക്കിടയിലായിരുന്നു പകലന്തിയോളം തേയിയുടെ ജീവിതം ക്രമപ്പെട്ടിരുന്നത്. അങ്ങനെ വലിയ തരക്കേടില്ലാതെ ജീവിതം കരുപ്പിടിപ്പിച്ചു വരവെയാണ് തങ്ങളുടെ ജീവിതത്തിന്റെതന്നെ ഭാഗമായിരുന്ന കോഴികളുടെ എണ്ണത്തില്‍ അനുദിനം കുറവുവന്നുതുടങ്ങിയത് തേയിയുടെ ശ്രദ്ധയില്‍പ്പെട്ടത്. സത്യത്തില്‍ എത്ര കോഴികള്‍ തനിക്കുണ്ടെന്നു കൃത്യമായി എണ്ണി തിട്ടപ്പെടുത്താനുള്ള ഗണിതയുക്തിയൊന്നും തേയിക്കും ഉണ്ടായിരുന്നില്ല. കാഴ്ചയില്‍ കോഴികള്‍ നഷ്ടമാകുന്നുണ്ടെന്നു മാത്രം അവര്‍ മനസ്സിലാക്കി.
വേടന്കുന്നിന് മുകളില്‍ പകലോന്‍ മറയുന്ന സന്ധ്യാനേരങ്ങളില്‍ അനുസരണയുള്ള കിടാങ്ങളെപ്പോലെ തേയിയുടെ കറുപ്പും തവിട്ടും നിറങ്ങളുള്ള കോഴികള്‍ വരിവരിയായി കൂട്ടില്‍ കയറുകയാണ് പതിവ്. കൂടെന്ന് പൂർണമായ അർഥത്തില്‍ അതിനെ പറയാന്‍ കഴിയുകയില്ലായിരുന്നു. അടുക്കള ചായ്പിനു പിറകില്‍ മണ്തിട്ടിനോട് ചേര്‍ന്ന് കമ്പും കോലും കെട്ടി ഓലമടല്പ്പൊളിയടുക്കി ചണച്ചാക്കുവിരിച്ച് ചിരുകണ്ടന് തട്ടിക്കൂട്ടിയെടുത്തതായിരുന്നു അത്.
എന്നും വെളുപ്പാന്കാലത്തെണീറ്റ് പണിക്ക് പോകേണ്ട കെട്ട്യോന് കടുംകാപ്പി തിളപ്പിച്ചുകൊടുത്തതിനുശേഷമാണ് തേയി കോഴിക്കൂടു തുറന്നിരുന്നത്. ശേഷം കൂടുതുറന്നിറങ്ങിയ കോഴികള്‍ പലവഴി പോവാതെ, മപ്പുകടിച്ചു അവറ്റകള്ക്കുമാത്രം മനസ്സിലാകുന്ന ഭാഷ പുറപ്പെടുവിച്ചുകൊണ്ട് അടുക്കളപ്പുറത്തേക്ക് വിളിച്ചുവരുത്തി തലേന്ന് മിച്ചംവെച്ച പഴഞ്ചോറിട്ടുകൊടുത്തതിനു ശേഷമേ അവര്‍ മറ്റു പണികളിലേക്ക് കടന്നിരുന്നുള്ളൂ. അടുത്ത നാളുകളിലായി ഇപ്രകാരം കൂടു തുറന്നു വിടുന്ന സമയങ്ങളിലാണ് കോഴികളുടെ എണ്ണം കുറയുന്നുണ്ടോ എന്ന് അവര്‍ക്കു സംശയം തോന്നിത്തുടങ്ങിയത്. ഒരുപക്ഷേ, അയല്‍വക്കത്തെ ആരുടെയെങ്കിലും കൂട്ടില്‍ കയറിയതാവാമെന്നും അതുമല്ലെങ്കില്‍ രാത്രിയില്‍ വല്ല മരക്കൊമ്പുകളിലോ കൈതക്കൂട്ടങ്ങള്ക്കുള്ളിലോ പതുങ്ങിയിരിപ്പുണ്ടാവാമെന്നും തേയി ആശ്വസിക്കാറായിരുന്നു ആദ്യകാലങ്ങളില്‍ പതിവ്. എന്നാല്‍, ദിവസം ചെല്ലുന്തോറും കോഴികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നുതുടങ്ങിയതോടെ ആധിപൂണ്ടു തേയിയുടെ ഹൃദയം അസ്വസ്ഥതപ്പെടുവാന് തുടങ്ങി. അങ്ങനെയിരിക്കെയാണ് ഇപ്പോള്‍ ആകെയുണ്ടായിരുന്ന വളര്‍ച്ചമുറ്റിയ രണ്ടു പൂവന്‍കോഴികളില്‍ ഒന്നിനെ കാണാതായിരിക്കുന്നത്
അടുക്കളപ്പുറത്തും പറമ്പിലും വാഴക്കൂട്ടങ്ങളുടെ ഇടയിലും ചിക്കി കൊത്തിപ്പെറുക്കി നടന്നിരുന്ന തവിട്ടുനിറത്തിലുള്ള ആ കോഴിയില്‍ തേയിക്ക് നല്ല കച്ചവട പ്രതീക്ഷയുണ്ടായിരുന്നതാണ്. അതുകൊണ്ട് തന്നെ ഒരു പ്രത്യേക പരിഗണനയും അതിനു കൊടുത്തുപോന്നിരുന്നു. കഷ്ടകാലത്തിന് ഇപ്പോള്‍ അതിനെയും നഷ്ടപ്പെട്ടിരിക്കുന്നു.
‘‘ആരായാലും വേണ്ടില്ല...ന്റെ കോഴിയെ കൊണ്ടുപോയോനേ കാലംപാമ്പു കടിക്കണേ...’’ ആകാശത്തോളം ഉയര്ന്നുനില്ക്കുന്ന വേടന്കുന്നിന്റെ മുകളിലേക്കു നോക്കി നെഞ്ചത്തലച്ചുകൊണ്ട് തേയിച്ചേടത്തി ഉറക്കെ പ്രാകി. അത്രത്തോളം ദേഷ്യവും അമര്‍ഷവും നിരാശയും അവര്‍ക്കുള്ളില്‍ തിങ്ങിനിറഞ്ഞിരുന്നു.
കോഴിയെ കാണാതായ തേയിച്ചേടത്തിയുടെ നിലവിളിയും പ്രാക്കും കണ്ടത്തില്ക്കരയില്നിന്നും കുന്നുകയറി വേടന്കുന്നിന്റെ നെറുകയില്‍ തട്ടി തിരികെവന്നു.
നോക്കെത്താത്തിടം ഉയരത്തില്‍ ചെരിഞ്ഞു കിടന്നിരുന്ന വേടന്കുന്നിന്റെ മുകളില്‍ ആകാശത്തോളം പൊക്കത്തില്‍ ആഞ്ഞിലിയും പടപ്പന്പ്ലാവുകളും മഹാഗണിയും മാത്രമല്ല പേരറിയാത്ത അസംഖ്യം മരങ്ങളും തിങ്ങിനിന്നിരുന്നു. അവയുടെ വേരുകളെ മറച്ചുകൊണ്ടു കാട്ടുപൊന്തകളും വള്ളിപ്പടര്‍പ്പുകളും പൂച്ചെടികളും വളര്‍ന്നു പടര്‍ന്നിരുന്നു.
കുന്നിന് അതിരു തിരിക്കുന്ന കൈത്തോടിനിപ്പുറം നിവര്‍ന്നുകിടക്കുന്ന ചതുപ്പിന്കരയില് കണ്ടത്തില്ക്കര എന്ന നാമദേശം രൂപപ്പെട്ടിട്ടു വളരെ നാളുകള്‍ ആയിട്ടുണ്ടായിരുന്നില്ല. സര്‍ക്കാറില്‍നിന്നും പതിച്ചുകിട്ടിയ ആ ഭൂമിയില്‍, ഏതൊക്കെയോ നാട്ടില്‍നിന്നും ആകെയുണ്ടായിരുന്ന സമ്പാദ്യങ്ങളും സാമാനങ്ങളും കെട്ടിപ്പെറുക്കി കാട്ടുവഴി തെളിച്ച് കുടിയേറിവന്നവരായിരുന്നു അവര്‍. ചരിത്രഭൂതകാലത്തിനപ്പുറത്തുനിന്നും വരുന്ന ആദിമജനങ്ങളെപ്പോലെ അവര്‍ അവിടെ ജീവിതമാരംഭിച്ചു. ചതുപ്പിന്കരയില് അളന്നു തിട്ടമാക്കിയെടുത്ത ഭൂമിയില്‍ കുത്തിയുറപ്പിച്ച കാറ്റാടിക്കഴകള്ക്കുമേല് മെടയോല കയറ്റി അവര്‍ പുരകള്‍ കെട്ടി. മണ്ണ് കുഴച്ച് ഭിത്തി പൊക്കി. കമ്യൂണിസ്റ്റ് പച്ചയും പുല്ലാനിപ്പടര്‍പ്പുകളും കാട്ടുചേമ്പും തൊട്ടാവാടിയും ആഴത്തില്‍ വേരുപടര്‍ത്തിയ ചതുപ്പുനിലം അവര്‍ ഒത്തൊരുമയോടെ കിളച്ചുമറിച്ചു കൃഷിയിടങ്ങളാക്കി. അവിടെ കപ്പയും ചീരയും വാഴയും നട്ടു. ചതുപ്പിന് മൂലയില്‍ ഓലികുത്തി കൃഷിയിടങ്ങളിലേക്കും കൂരകളിലേക്കുമുള്ള വെള്ളം കോരി.
പുരകള്‍ക്കും കൃഷിപ്പാടത്തിനുമപ്പുറം, മറുലോകത്തിലേക്ക് ഒഴുകിപ്പോവുന്ന മെലിഞ്ഞ കൈത്തോടില്‍ അങ്ങിങ്ങ് തങ്ങിനില്ക്കുന്ന തെളിഞ്ഞജലം അവയുടെ പൂർവകാല സമൃദ്ധിയെ ഓർമിപ്പിച്ചു. അവയില്‍ വാഴക്കാ വരയനും ചെറുപരലുകളും അവരുടെ ലോകം കണ്ടെത്തി. തോടിനുമേല് കണ്ടത്തില്ക്കരയെ പുറംലോകത്തുനിന്നു മറച്ചുകൊണ്ട് വേടന്കുന്ന് നിശ്ശബ്ദനിഗൂഢമായി ആകാശത്തേക്ക് ചെരിഞ്ഞുകിടന്നു.
കണ്ടത്തില്ക്കരയിലെ ആണുങ്ങള് അധ്വാനികളായിരുന്നു. തൂമ്പാപ്പണിയും മെക്കാട് പണിയുമായിരുന്നു അവര്‍ പ്രധാനമായും ചെയ്തിരുന്നത്. അതിരാവിലെ എഴുന്നേറ്റ് പെണ്ണുങ്ങള് വെച്ചുവിളമ്പിക്കൊടുക്കുന്ന കപ്പപ്പുഴുക്കോ കടുംകാപ്പിയോ കഴിച്ചു ചോറുമ്പൊതി കെട്ടി സഞ്ചിയിലാക്കി തോട്ടിന്‍കരയിലൂടെ അവര്‍ ടൗണിലേക്ക് പണിക്കു പോകും. കണ്ടത്തില്ക്കരയെയും പുറംലോകത്തെയും ബന്ധിപ്പിച്ചുകൊണ്ട് തോട്ടുവരമ്പിലൂടെ ആ ഒറ്റയടിപ്പാത പെരുമ്പാമ്പിനെപ്പോലെ നീണ്ടുനിവര്‍ന്നു കിടന്നു. ആണുങ്ങള് വേലക്കു പോയിക്കഴിഞ്ഞാല്പിന്നെ പുരക്കുള്ളിലെ ചാണകത്തറയുടെ മൂലയില്‍ ഉയര്‍ത്തിക്കെട്ടിയ അടുപ്പുപാതകത്തിനു ചുറ്റിലും, പുറത്ത് കോഴികള്‍ക്കും ആടിനും പശുക്കള്‍ക്കും പട്ടികള്ക്കുമിടയിലുമാണ് പെണ്ണുങ്ങള് കഴിഞ്ഞുകൂടിയിരുന്നത്. തോട്ടിറമ്പിലും പുരക്കു ചുറ്റുമുള്ള ഇത്തിരിയിടങ്ങളിലുമായി അവരുടെ കുട്ടികള്‍ ഓടിക്കളിച്ചു. മുതിര്‍ന്നവര്‍ പറഞ്ഞു കേള്‍പ്പിച്ച ഭയപ്പെടുത്തുന്ന കഥകളിലൂടെ വേടന്കുന്നിന്റെ നിബിഡമായ വന്യതയും നിഗൂഢതയും നിശ്ശബ്ദതയും കുട്ടികളില്‍ ഭീതിയായി ഇതിനോടകം വളര്‍ന്നു കഴിഞ്ഞിരുന്നു. അവിടേക്കു നോക്കുവാന്‍പോലും അവര്‍ ഭയപ്പെട്ടു.
ഇതിനിടയിലാണ് പൊടുന്നനെ കോഴികളുടെ തിരോധാനം വലിയൊരു പ്രശ്നമായി ഉയര്‍ന്നുവരാനും കണ്ടത്തില്ക്കരയിലെ സാമൂഹികജീവിതത്തെയാകമാനം ബാധിക്കാനും തുടങ്ങിയത്. കാരണം, തങ്ങള്‍ പോറ്റിവളര്‍ത്തിയിരുന്ന കോഴികളുടെ തിരോധാനം കണ്ടത്തില്ക്കരയിലെ ആകെയുണ്ടായിരുന്ന പത്തിരുപത് വീടുകളെ മൊത്തത്തില്‍ ബാധിക്കുന്ന പൊതുപ്രശ്നമായി ഇതിനോടകം ഉയര്‍ന്നുവന്നിരുന്നു.
എന്നാല്‍, തങ്ങള്‍ പിടിയരിയും പഴഞ്ചോറും കൊടുത്ത് അരുമയോടെ വളര്‍ത്തിക്കൊണ്ടുവന്ന കോഴികളെ നഷ്ടപ്പെട്ട കരയിലെ പെണ്ണുങ്ങള് അവരുടെ നഷ്ടവിധികളെ പഴിച്ചു കഴിഞ്ഞുകൂടുവാന്‍ തയാറായിരുന്നില്ല. പകലന്തിയോളമുള്ള പണികളും കഴിഞ്ഞു വന്ന് മേലുവേദനയോടെ ക്ഷീണിച്ചുറങ്ങുന്ന ആണുങ്ങളുടെ ചെവിയില്‍ നിരാശയുടെയും ക്ഷോഭത്തിന്റെയും പരിഭവത്തിന്റെയും കെട്ടുകള്‍ അഴിഞ്ഞുവീഴാന്‍ തുടങ്ങി. ഇങ്ങനെ പതിവായി ഉറക്കവും മനസ്സമാധാനവും നഷ്ടപ്പെടുവാന്‍ തുടങ്ങിയതോടെയാണ് പൊറുതിമുട്ടി കരയിലെ ആണുങ്ങള് പ്രശ്നത്തില്‍ ഇടപെടുവാന്‍ കൂട്ടായ തീരുമാനമെടുത്തത്.
പുറംനാട്ടില്‍നിന്നും വരുന്ന മോഷ്ടാക്കളാവാനുള്ള സാധ്യത കുറവാണെന്ന് അവര്‍ക്കറിയാമായിരുന്നു. ഇന്നത്തെക്കാലത്ത് ഒരു കോഴിയെ കിട്ടിയിട്ട് എന്തുചെയ്യാനാണ്. തന്നെയുമല്ല കണ്ടത്തില്ക്കരയുടെ സങ്കീർണമായ ഭൂമിശാസ്ത്രം അറിയുന്നവര്‍ അതിനു മുതിരുമോ? കരയിലൂടെ തെണ്ടിനടക്കുന്ന ചാവാലിപ്പട്ടികള് വാലുംചുരുട്ടി ഏതെങ്കിലും ഇറയത്ത് കേറിക്കിടക്കുന്നതിനാല് അതുങ്ങളാകാന് വഴിയില്ല. പിന്നുള്ളത് തോട്ടിറമ്പിലെ കൈയാലപ്പുറത്തു പടര്ന്നുനില്ക്കുന്ന കാട്ടുപൊന്തകള്ക്കുള്ളിലെ കീരികളാണ്. പകല്‍ സമയങ്ങളില്‍ വരമ്പിലൂടെ ഒറ്റയായും വരിവരിയായും അവ പാഞ്ഞു നടക്കുന്നത് ചിലപ്പോഴൊക്കെ പെണ്ണുങ്ങള് കാണുന്നതാണ്. മനുഷ്യരുടെ കണ്‍വെട്ടം ഏറ്റുവെന്നറിഞ്ഞാല് എവിടെന്നറിയില്ല ക്ഷണനേരംകൊണ്ട് അവ എങ്ങോ മറയുകയും ചെയ്തിരുന്നു.
‘‘കീരിയാവാന് വഴിയില്ല... അവറ്റകള് പകലേ ഇറങ്ങാറുള്ളൂ. അതുമല്ല അവ കോഴിയെ പിടിച്ചു ചോരകുടിക്കുകയേയുള്ളൂ, കൊണ്ടുപോകാറില്ല...’’
കണ്ടത്തിന്റെ പടിഞ്ഞാറേക്കരയില്‍ ഒറ്റക്ക് താമസിക്കുന്ന വേലൻ പൂശാരി ചവച്ചുകൊണ്ടിരുന്ന മുറുക്കാന്‍ ഇരുവിരലുകള്‍ക്കിടയിലൂടെ ദൂരേക്ക് നീട്ടിത്തുപ്പിക്കൊണ്ട് ഒരു ജന്തുശാസ്ത്ര വിദഗ്ധനെപ്പോലെ അഭിപ്രായപ്പെട്ടു. അയാളുടെ നരച്ചുനീണ്ട താടിരോമങ്ങളില്‍ തുപ്പൽത്തുള്ളികള് ചോരമയം പടര്‍ത്തിയിരുന്നു.
വടക്കേതോ നാട്ടില്‍നിന്നും കണ്ടത്തില്ക്കരയിലേക്ക് അവസാനമായി കുടിയേറി വന്നത് അയാളായിരുന്നു. വന്നപാടെ കരയുടെ പടിഞ്ഞാറേ മൂലയില്‍ മാനംമുട്ടേ വളര്ന്നുനില്ക്കുന്ന മുള്ളുവേങ്ങക്ക് സമീപം പുരകെട്ടി അയാള്‍ താമസവും തുടങ്ങി. മാത്രമല്ല, വേങ്ങമരത്തിനു ചുവട്ടില്‍ എന്തൊക്കെയോ പ്രതിഷ്ഠകള്‍ നടത്തി മന്ത്രവാദവും വെച്ചുപൂജയും സേവയുമൊക്കെ ആരംഭിച്ചു. രാത്രികാലങ്ങളില്‍ വേങ്ങച്ചുവട്ടില്നിന്ന് ഉയരുന്ന മന്ത്രോച്ചാരണത്തിന്റെ അലയൊലികള്‍ കരക്കാര് കേട്ടു. അവിടേക്കു കടന്നുചെല്ലാന്‍ കരക്കാര് ഭയപ്പെട്ടു.
അധികമാരോടും സംസാരിക്കുന്ന പ്രകൃതമായിരുന്നില്ല വേലന്‍ പൂശാരിയുടേത്. അച്ചുവടിവിലുള്ള അയാളുടെ സംസാരം കൃത്രിമത്വം നിറച്ചിരുന്നു. ഉള്ളിലെന്തോ നിഗൂഢതയും പേറി ഒരു യോഗിയെപ്പോലെ എല്ലാവരില്‍നിന്നും ഒരകലത്തില് അയാള്‍ കഴിഞ്ഞുവന്നു. അതുകൊണ്ടൊക്കെത്തന്നെ ഒട്ടൊരു ഭയവും ബഹുമാനവും കരക്കാര്‍ക്ക് അയാളോടു തോന്നിയതില്‍ അതിശയപ്പെടുവാനുമില്ലായിരുന്നു. കോഴികളുടെ തിരോധാനത്തില്‍ പൂശാരി ഇടപെട്ടതിലും അതേക്കുറിച്ച് കരക്കാരോട് നേരിട്ട് സംസാരിച്ചതിലും ചിലര്‍ക്ക് അമ്പരപ്പും അതിശയവും തോന്നി.
‘‘സാരല്യ. വഴികാണാം. ഇനിയുള്ള കുറച്ചുദിവസം അൽപം ഉറക്കം മാറ്റിവച്ച് ശ്രദ്ധയോടെ ഇരുന്നാല്‍ കാടിറങ്ങി വരുന്ന ശത്രുവിനെ കയ്യോടെ പിടികൂടാം.’’
അപ്പോള്‍ മാത്രമാണ്, കോഴികള്‍ നഷ്ടമാകുന്നതിന്റെ കാരണം കുന്നിന്മുകളില്നിന്നും കാടിറങ്ങിവരുന്ന ഏതോ അജ്ഞാതജീവിയാണെന്ന ചിന്തയിലേക്ക് കരയിലെ ആണുങ്ങളെ നയിച്ചത്. മറുത്തൊന്നും പറയാതെ പൂശാരി പറയുന്നതുപോലെ ചെയ്യാന്‍ തീരുമാനിച്ചുറപ്പിച്ചുകൊണ്ട് കരയിലെ ആണുങ്ങള് കൂരകളിലേക്ക് മടങ്ങി.
പിന്നീടുള്ള ഓരോ രാത്രിയും കരക്കാരെ സംബന്ധിച്ചിടത്തോളം ഉറക്കമിളക്കലിന്റെ ദിനങ്ങളായിരുന്നു. പകലന്തിയോളമുള്ള പണിയുടെ ക്ഷീണം ഞരങ്ങിയ കോട്ടുവായില്‍ ഒതുക്കിക്കൊണ്ട് പട്ടച്ചാരായം മണക്കുന്ന നിശ്വാസത്തിനൊപ്പം ഇരുട്ടില്‍ ബീഡി പുകച്ചുകൊണ്ട് പുറത്തെ കാല്‍പ്പെരുമാറ്റത്തിനായി ചെവിയും കൂര്‍പ്പിച്ചു അടുക്കളപ്പുറത്തും ഇറയത്തുമായി ആണുങ്ങള് കാത്തിരിക്കുവാന് തുടങ്ങി. തങ്ങളുടെ ശത്രുവിനെ കെട്ട്യോന്മാര് വകവരുത്തുന്നതും കരയിലൂടെ അസംഖ്യം കോഴികള്‍ ചിക്കി നടക്കുന്നതും സ്വപ്നംകണ്ട് അവരുടെ പെണ്ണുങ്ങളും അവര്‍ക്കൊപ്പം ഉറക്കമിളച്ചു. ഇതൊന്നുമറിയാതെ പകലത്തെ കളികളുടെ ക്ഷീണത്താല്‍ ദ്രവിച്ചുപിഞ്ചിയ പായയില്‍ അവരുടെ കിടാങ്ങള്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉഷ്ണമകറ്റി. എന്നാല്‍, രാത്രിയുടെ നിശ്ശബ്ദതയില്‍ കൈതക്കൂട്ടങ്ങള്ക്കിടയില്നിന്നുമുള്ള ചെറിയൊരു അനക്കമോ കാട്ടുപൊന്തകള്‍ക്കിടയിലെ പതുങ്ങിയ കാൽപ്പെരുമാറ്റമോ കേള്‍ക്കാതെ ഓരോ രാത്രിയും നിരാശരായി അവര്‍ നേരം പുലര്‍ത്തി. അധികം വൈകാതെയുള്ള ഏതോ രാത്രിമുതല്‍ കരയിലെ ആണുങ്ങളും പെണ്ണുങ്ങളും പഴയതുപോലെ അത്താഴശേഷം ഉറക്കത്തിലേക്ക് വീഴുകയും ചെയ്തു.
അങ്ങനെയിരിക്കെ ഒരു രാത്രിയിലാണ് കോഴികളുടെ നിസ്സഹായമായ കൂട്ട മരണനിലവിളി കരയെ ഉണര്‍ത്തിയത്. ഇതിനോടകം, എത്ര നല്ല ഉറക്കത്തിലും കരക്കാര് പുലര്‍ത്തിയിരുന്ന ജാഗ്രതയില്‍ ഓരോ വീട്ടിലും വിളക്കുകള്‍ തെളിഞ്ഞു. വേലിക്കല് ഭാഗത്തുനിന്നുമാണ് കോഴികളുടെ നിലവിളി കേട്ടതെന്നവര്ക്ക് മനസ്സിലായി. കണ്ടത്തില്ക്കരയുടെ അതിര്‍ത്തി പങ്കിടുന്ന ചെരിവില്‍ താമസമാക്കിയ ഒന്ന് രണ്ട് വീട്ടുകാരായിരുന്നു വേലിക്കക്കാര്.
കൈയില്‍ കിട്ടിയ വടികളും ആയുധങ്ങളുമായി ചൂട്ടുകറ്റകള്‍ കത്തിച്ചു വെട്ടം തെളിച്ചുകൊണ്ട് ആണുങ്ങളും പെണ്ണുങ്ങളും വേലിക്കലെ പത്രോസിന്റെ വീടിനു നേരെ പാഞ്ഞു.
മുനിഞ്ഞു കത്തുന്ന മണ്ണെണ്ണവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍, തുറന്നു കിടന്നിരുന്ന കോഴിക്കൂടിനു മുന്നില്‍ പത്രോസിന്റെ ഭാര്യ റാഹേല്‍ തലയില്‍ കൈവെച്ചുകൊണ്ട് നില്ക്കുന്നുണ്ടായിരുന്നു. റാഹേലിന്റ നാലുവയസ്സായ മകള്‍ ഒച്ചപ്പാടും ബഹളവുമൊക്കെ കേട്ട് ഭയന്ന് വിറച്ച് അവരോടു പറ്റിച്ചേര്‍ന്നുനിന്നു. കൂട്ടില്‍ കോഴികള്‍ ഉറക്കെ കൊക്കിക്കൊണ്ടിരുന്നു.
‘‘ഭാഗ്യം. കൊണ്ടുപോയില്ല.’’ റാഹേലിന്റെ പറച്ചിലില്‍ ആശ്വാസം നിഴലിച്ചുനിന്നിരുന്നു.
‘‘ആ വഴി മോളിലോട്ട് പാഞ്ഞെന്നു തോന്നുന്നു... കാടനങ്ങി പോകുന്ന ഒച്ച കേട്ടു.’’
റാഹേല്‍ കൈ ചൂണ്ടിയ ഇടത്തുനിന്നും കരിന്തിരി കത്തുന്ന വിളക്കും കൈയിലൊരു അരിവാക്കത്തിയും പിടിച്ചുകൊണ്ട് പത്രോസ് അവിടേക്കു കയറിവന്നു.
‘‘ചുറ്റും കാടും പടലുമല്ലേ. അവറ്റകള്‍ക്ക് പതുങ്ങിയിരുന്നു കോഴികളെ പിടിച്ചുകൊണ്ടുപോകാന്‍ എളുപ്പമാ...’’
ആളിക്കത്തുന്ന ചൂട്ടുകറ്റ ആഞ്ഞുവീശിക്കൊണ്ട് കരിമ്പടം പുതച്ച് വരമ്പിലൂടെ പൂശാരി അങ്ങോട്ടു കയറിവന്നു. ഓടിക്കൂടിയവര്‍ പൂശാരിക്കായി വഴിമാറി. ഇത്തരമൊരു അക്രമം അവരാരും പ്രതീക്ഷിച്ചിരുന്നില്ല. ഇനി എന്താണ് ചെയ്യേണ്ടതെന്നവര്ക്കറിയില്ലായിരുന്നു. പൂശാരിയുടെ വാക്കുകള്‍ മാത്രമായിരുന്നു ഇനി അവരുടെ ആശ്രയം. അവര്‍ ക്ഷമയോടെ കാത്തുനിന്നു.
‘‘പേടിക്കേണ്ട കെട്ടോ.’’ വലംകൈ നെഞ്ചിലമര്‍ത്തി മുകളിലേക്ക് നോക്കി എന്തോ പിറുപിറുത്തശേഷം റാഹേലിന്റെ മകളുടെ തലയില്‍ തടവി ആശ്വസിപ്പിച്ചുകൊണ്ട് പൂശാരി ഒന്ന് പുഞ്ചിരിച്ചു. ദൂരെയെവിടെയോ ഒരു കൂമന് ഉറക്കെ കരഞ്ഞു.
‘‘നമ്മള് എല്ലാവരും ഒരുമിച്ചുനില്ക്കണം. ഒരു വഴി കണ്ടേ തീരൂ. ഇന്നിനി അവറ്റകള് വരുമെന്ന് തോന്നുന്നില്ല. നാളെയാവട്ടെ.’’ അത്രമാത്രം പറഞ്ഞുകൊണ്ട് മുറ്റമിറങ്ങി വരമ്പിലൂടെ പൂശാരി കൂരയിലേക്ക് നടന്നുപോകുന്നത് നോക്കി കരക്കാര് ദീര്‍ഘശ്വാസത്തോടെ നെടുവീര്‍പ്പിട്ടു.
പൂശാരി പറഞ്ഞപോലെ, ഇനി എന്തായാലും ഇരുട്ടിന്റെ മറവില്‍ വരുന്ന ശത്രുവിനെ വകവരുത്തിയിട്ടേ കാര്യമുള്ളൂ എന്ന മനുഷ്യസഹജമായ വാശിയോടെ കരക്കാരും കൂരകളിലേക്ക് മടങ്ങി.
കണ്ടത്തില്ക്കരയിലെ ജീവിതങ്ങള്‍ സജീവമാകുന്നത് മിക്കവാറും ഞായറാഴ്ചകളിലായിരുന്നു. അന്ന് മിക്ക വീടുകളിലെയും കുട്ടികള്‍ മീന്‍കറി കൂട്ടി ചോറുണ്ണും. ചില അടുക്കളയില്‍നിന്നും ഇറച്ചിക്കറിയുടെ മസാലമണം രഹസ്യമായി ഇറങ്ങിവന്ന് വേടന്കുന്നിലേക്ക് കയറിപ്പോകും. പെണ്ണുങ്ങള് ഒന്നിച്ചിരുന്ന് പരസ്പരം തലയില്‍ നോക്കുകയും പേനുകളെ ഞെക്കിക്കൊല്ലുകയും കുശലം പറയുകയും ഉറക്കെ ചിരിക്കുകയും ചെയ്യും. ഞായറാഴ്ചകളില്‍ അവര്‍ ഏതെങ്കിലും ദേവാലയങ്ങളില്‍ പോകാറുണ്ടായിരുന്നില്ല. ഏതെങ്കിലും തരത്തിലുള്ള ദൈവവിശ്വാസങ്ങളോ ആചാരങ്ങളോ പ്രത്യക്ഷത്തില്‍ അവര്‍ പുലര്‍ത്തിയിരുന്നുമില്ല. എവിടെനിന്നൊക്കെയോ വന്നുപാര്ക്കുന്നതിന്റെ അപരിചിതത്വം അവരില്‍ പലര്‍ക്കും ഇപ്പോഴും ഉണ്ടായിരുന്നു. ചിലര്‍ വീടിനുള്ളില്‍ വിളക്ക് തെളിക്കുകയും, കുരിശിനു മുന്നില്‍ പ്രാർഥിക്കുകയും ചെയ്തിരുന്നു. ജനിച്ചുവളര്‍ന്നപ്പോള്‍ തങ്ങളുടെകൂടെ വളര്‍ന്ന വിശ്വാസത്തെയുംകൂടി കരയിലേക്ക് കൊണ്ടുവന്നവരായിരുന്നു അവര്‍. മനസ്സില്‍ വല്ല വിഷമം വരുമ്പോഴോ പിള്ളേര്‍ക്ക് വല്ല പനിയോ ഛർദിയോ വരുമ്പോഴോ ചില പെണ്ണുങ്ങള് മാനംമുട്ടെ നില്ക്കുന്ന കുന്നിന് മുകളിലേക്കു കണ്ണയച്ച് ഉന്നതങ്ങളില്‍ മറഞ്ഞിരിക്കുന്ന ദൈവത്തെ നോക്കിയാവണം ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കാറുണ്ടായിരുന്നു.
ഞായറാഴ്ച ദിവസങ്ങളില്‍ ആണുങ്ങള് ഒറ്റയായും കൂട്ടമായും ടൗണില്‍ പോയി ഒരാഴ്ചത്തെ പണികളുടെ ക്ഷീണം തീര്‍ക്കാനായി ഷാപ്പില്‍നിന്നും മൂക്കറ്റം കുടിക്കുകയും കപ്പയും കരള്‍ വരട്ടിയതും വയറു നിറയെ കഴിക്കുകയും ചെയ്യും. പിന്നെ അടുത്തുള്ള പെട്ടിക്കടയില്‍നിന്നും ബീഡിയും പൊരേലേക്കു മീനും കൂട്ടാന്വെക്കാൻ സാധനങ്ങളും വാങ്ങി ഉച്ചയോടെ വീട്ടില്‍ വന്നിട്ട് വൈകുന്നേരം വരെ കിടന്നുറങ്ങുകയോ വട്ടംകൂടി ചീട്ടുകളിക്കുകയോ ചെയ്തിരുന്നു. വൈകീട്ട് നേരത്തോടുനേരം അത്താഴവും കഴിച്ച് പിറ്റേദിവസത്തെ പണിയെപ്പറ്റി ചിന്തിച്ച് അവര്‍ കിടന്നുറങ്ങും.
എന്നാല്‍, ആ ഞായറാഴ്ച ആണുങ്ങളാരും ടൗണിലേക്ക് പോയില്ല. അവര്‍ കള്ളുകുടിച്ചില്ല. പിറ്റേന്നേക്കുള്ള കപ്പയും മീനും പച്ചക്കറികളും ബീഡിയുമൊക്കെയവര് തലേനാള്‍ തന്നെ കരുതി. പെണ്ണുങ്ങള് പുലര്‍ച്ചെ എണീറ്റ് വെച്ചുവിളമ്പിക്കൊടുത്ത ഭക്ഷണവും കഴിച്ച് ഓരോരോ വീട്ടിലുമുണ്ടായിരുന്ന മണ്‍വെട്ടിയും അരിവാക്കത്തിയും വെട്ടുകത്തിയുമുള്പ്പെടെയുള്ള ആയുധങ്ങളുമായി അവര്‍ പൂശാരിയുടെ കൂരയിലേക്ക് നടന്നു. വള്ളോക്കുന്നിന് അതിരുതിരിക്കുന്ന തോട്ടിറമ്പിലെ അസംഖ്യം കുറ്റിച്ചെടികളും കനത്ത പൊന്തകളും കൈതക്കൂട്ടങ്ങളും മുള്‍പ്പടര്‍പ്പുകളും വെട്ടിത്തെളിച്ച് വൃത്തിയാക്കുവാന്‍ പൂശാരിയാണ് അവരോട് ആവശ്യപ്പെട്ടത്. വള്ളോക്കുന്നില്നിന്നും രാത്രിയുടെ മറപറ്റി കുറുക്കനും കാട്ടുപൂച്ചയും പാക്കാനും ഇറങ്ങിവരുന്നത് ആ വഴിയാവാം. പൂശാരിയുടെ കൂരക്ക് മുന്നിലുള്ള ഗന്ധരാജന്‍ ചെടിയുടെ ചോട്ടില് അയാളെയും കാത്ത് ആണുങ്ങള് നിന്നു.
‘‘തോട്ടിറമ്പിലെ കാടും പടലും മാത്രം തെളിച്ചാല്‍ പോരാ, തോട്ടത്തിന്റെ പറ്റാവുന്ന അതിരുകൂടി കേറ്റി തെളിക്കണം.’’ ഇറയത്തുനിന്നും ഒരു ഊന്നുവടി എടുത്തു തോട്ടുകരയിലേക്ക് ചൂണ്ടി പൂശാരി ഇറങ്ങിവന്നു.
അയാള്‍ പറഞ്ഞതുകേട്ട് കണ്ടത്തില്ക്കരയിലെ ആണുങ്ങളുടെ ഉള്ളില്‍ ഒട്ടൊരു പരിഭവം തോന്നാതിരുന്നില്ല. എന്തെന്നാല്‍ കരയുടെ മറുവശത്ത് ആകാശത്തേക്ക് തട്ടുതട്ടായി ഉയര്‍ന്നുപോകുന്ന വേടന്കുന്നിലേക്ക് ഇതുവരെ ആരും കടന്നുചെന്നിട്ടില്ലായിരുന്നു. അതൊക്കെ ആരുടെ സ്ഥലമാണെന്നുപോലും അവര്‍ക്കറിയില്ലായിരുന്നു. ഇന്നോളം ഉടമകളില്ലാതെ ഭൂതകാലം മുതലേ ആരാലും കടന്നുചെല്ലാതെ വലിയ മരങ്ങളാലും കാട്ടുചെടികളാലും പാമ്പും പരുന്തും മരപ്പട്ടിയും കുറുക്കനും കാട്ടുപന്നികളും വിഹരിക്കുന്ന നിഗൂഢ വനം പോലെയാണ് അവരില്‍ പലര്‍ക്കും വേടന്കുന്ന് അനുഭവപ്പെട്ടിരുന്നത്. കുന്നവസാനിക്കുന്നിടം എന്താണെന്ന് അവര്‍ക്കറിയില്ലായിരുന്നു. അതിനെക്കുറിച്ച് അവര്‍ ചിന്തിച്ചിട്ടുപോലുമില്ലായിരുന്നിരിക്കണം. ഭൂമിയുടെ അറ്റമോ അതോ ആകാശംമുട്ടിനില്ക്കുന്ന കരിമ്പാറ കൂട്ടങ്ങളോ അതുമല്ലെങ്കില്‍ ധാരാളം മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന മറ്റൊരു ലോകമോ..!
എങ്കിലും ഉള്ളിലുള്ള പരിഭവം പുറമെ കാട്ടാതെ പൂശാരിയുടെ വാക്കുകള്‍ നല്കിയ ആത്മബലത്തില്‍ അവര്‍ ഒരുമയോടെ തോട്ടിറമ്പ് തെളിക്കുവാന്‍ ആരംഭിച്ചു. കണ്മുന്നിലെ ഓരോ കുറ്റിച്ചെടിയും മുള്‍പ്പടര്‍പ്പുകളും അരിവാളും മണ്വെട്ടിയുംകൊണ്ട് ചെത്തിക്കിളച്ച് അവര്‍ മുന്നോട്ടു നീങ്ങി. അവരുടെ കനത്ത കാൽപാദങ്ങളില് അടിമണ്ണ് പൊടിഞ്ഞു പറ്റിച്ചേര്‍ന്നു. അവ വിയര്‍പ്പില്‍ കുഴഞ്ഞു മണ്ണിലേക്ക് തന്നെ ചാലുകീറി.
മീനച്ചൂടില്‍ വറ്റിവരണ്ട കൈത്തോടിലെ മണ്‍കട്ടകള്‍ ജലസമൃദ്ധിയുടെ വസന്തകാലത്തെ ഓര്‍മിപ്പിച്ചു. കത്തുന്ന സൂര്യന് തലക്കു നേരേ മുകളില്‍ വന്നപ്പോഴേക്കും അവര്‍ തോട്ടിറമ്പ് ഏകദേശം തെളിച്ചുതീര്ത്തിരുന്നു. കത്തലടക്കാനായി അവര്‍ കൈയില്‍ കരുതിയ വെള്ളം കുടിക്കുകയും തണലത്തിരുന്നു കാറ്റുകൊള്ളുകയും ബീഡിവലിക്കുകയും വെറ്റില മുറുക്കുകയും ചെയ്തു.
തോട്ടിറമ്പ് തെളിച്ചു ചെരിവിലൂടെ മുകളിലേക്കു അൽപം കയറിയപ്പോള്‍ കാട്ടുപൊന്തകള്‍ വശങ്ങളിലേക്ക് പകുത്തു തെളിഞ്ഞ ഒരു ഒറ്റയടിപ്പാത മുകളിലേക്കു നീണ്ടുപോകുന്നത് കരയിലെ ആണുങ്ങള് കണ്ടു. അവര്‍ പരസ്പരം നോക്കി.
‘‘ഇതിലൂടെയാവാം അത് വരുന്നത്.’’
വേലിക്കലെ വര്‍ക്കിയുടെ നിഗമനം എല്ലാവരും ശരിെവച്ചു.
‘‘മോളിലോട്ട് കേറി നോക്കാം.’’
പൂശാരി പറഞ്ഞതുകേട്ട് അവര്‍ ഉള്ഭയത്തോടുകൂടി പരസ്പരം ഒന്നു നോക്കി. അങ്ങനെയൊരു ആലോചന സ്വപ്നത്തില്‍പോലും അവര്‍ക്കുണ്ടായിരുന്നില്ല. അതിരു ചെത്തിത്തെളിച്ചു കാട്ടുജീവികളുടെ ശല്യം കുറക്കുക, തങ്ങളുടെ ഭാര്യമാര്‍ വളര്‍ത്തുന്ന കോഴികളുടെ ജീവന് രക്ഷിക്കുക. അത്രമാത്രമേ അവരുടെ പരിമിത ചിന്തകളിലുണ്ടായിരുന്നുള്ളൂ.
മുകളിലോട്ടു കയറി നോക്കാമെന്നുള്ള പൂശാരിയുടെ തീരുമാനം അവരുടെ ഉള്ളില്‍ എന്തുകൊണ്ടോ അവിശ്വസനീയമായ ഒരു ഭയം നിറച്ചു. മുകളില്‍ കണ്ണെത്താ ദൂരത്തോളം വലിയ കാടാണ്. അവിടേക്കു കയറുവാന്‍ ആരാണ് ധൈര്യപ്പെടുക. അവര്‍ ആയുധങ്ങളുമായി പിന്‍വാങ്ങി. എന്നാല്‍, ഏവരെയും സാക്ഷിയാക്കി അവരുടെ കണ്ണുകളിലും ചിന്തകളിലും അമ്പരപ്പ് നിറച്ച് കൈയില്‍ കരുതിയ വടികൊണ്ട് പൊന്തകള്‍ വകഞ്ഞുമാറ്റി പകല്‍വെളിച്ചത്തില്‍പോലും ഇരുട്ടു പരന്നുകിടക്കുന്ന വേടന്കുന്നിലേക്ക് പൂശാരി നടന്നുകയറി. പൂശാരി എന്താണ് ഉദ്ദേശിക്കുന്നതെന്നു മനസ്സിലാക്കാതെ അയാള്‍ കുന്നുകയറി കണ്‍വെട്ടത്തുനിന്നും മറയുവോളം കരയിലെ ആണുങ്ങള് അമ്പരപ്പോടെ നോക്കിനിന്നു. പൂശാരിയെ പിന്തിരിപ്പിക്കണമെന്ന് പലര്‍ക്കും തോന്നിയെങ്കിലും അഹിതമായി എതിര്‍ത്തു പറയുന്നത് പൂശാരിക്ക് പിടിക്കുമോ എന്ന് ഭയന്ന് ഒരക്ഷരം മിണ്ടാനാവാതെ അവര്‍ നോക്കിനിന്നതേയുള്ളൂ.
തിരികെ വീടുകളിലേക്ക് പോകണോ അതോ പൂശാരി ഇറങ്ങിവരും വരെ കാക്കണോ. അഥവാ ഇനി പൂശാരി തിരികെ വരുമോ? ഓരോ നിമിഷം കഴിയുംതോറും അവര്‍ക്കുള്ളില്‍ പറഞ്ഞറിയിക്കാനാവാത്ത ഒരുതരം ആശങ്ക തിങ്ങിനിറഞ്ഞുകൊണ്ടിരുന്നു.
ഒന്നുരണ്ടു പേര് ഇതിനോടകം വീടുകളിലേക്ക് തിരികെ പോയിരുന്നു. നിമിഷങ്ങള്‍ക്കകം അവരുടെ വീടുകളിലും അയല്പക്കങ്ങളിലും വലിയൊരു വാര്‍ത്തയായി അത് പ്രചരിച്ചു. മറ്റേതോ അപരിചിതമായ നാട്ടിലേക്ക് പൂശാരി പോയിമറഞ്ഞതാണോ എന്ന് പെണ്ണുങ്ങള് സംശയിച്ചു. തങ്ങളെ സ്ഥിരമായി ദ്രോഹിക്കുന്ന ഏതോ അജ്ഞാത ജീവിയുടെ താവളംതേടി അതിനെ വകവരുത്താന്‍ പോയതാണല്ലോ എന്നോര്‍ത്ത് പൂശാരിയെ ചിലര്‍ നന്ദിയോടെ സ്മരിച്ചു. വന്യജീവികളുടെ ആക്രമണത്താല്‍ അയാള്‍ക്ക് എന്തെങ്കിലും പറ്റിക്കാണുമോ എന്ന് ചിലര്‍ ആശങ്കപ്പെട്ടു. എന്തായാലും പൂശാരി തിരികെവരുകതന്നെ ചെയ്യുമെന്ന പ്രത്യാശയില്‍ അയാളില്‍ അഗാധമായ വിശ്വാസമുള്ള കരക്കാര് കാത്തിരുന്നു.
അസ്തമയ സൂര്യന് വേടന്കുന്നിനു പുറകില്‍ മറയുന്ന സന്ധ്യാനേരം ഒതുക്കുകല്ലുകള്‍ ചവിട്ടിയിറങ്ങി പൂശാരി കരയിലേക്ക് തിരികെ ഇറങ്ങിവന്നു. വൈകുവോളം അയാളെയും കാത്ത് വീര്‍പ്പുമുട്ടിയിരുന്ന കരക്കാര് സന്തോഷം നിറഞ്ഞ ആശ്വാസത്തോടെ അയാളെ അനുധാവനം ചെയ്തു. വേടന്കുന്നിന്റെ മറുകര കണ്ട അയാളോട് കരക്കാര്‍ക്ക് ബഹുമാനം തോന്നി. ദിവ്യമായ ഒരു പരിവേഷവും അതിനിടയില്‍ ചിലരുടെ മനസ്സില്‍ അയാള്‍ നേടിയെടുത്തിരുന്നു. തങ്ങളുടെ രക്ഷകനായിപ്പോലും പൂശാരിയെ ചിലര്‍ കരുതുകയുണ്ടായി. അയാള്‍ എന്തെങ്കിലും ഒന്ന് പറയുവാന്‍ അവര്‍ ആകാംക്ഷയോടെ കാത്തു. തങ്ങളെ നിരന്തരം ഉപദ്രവിക്കുന്ന ശത്രുവിനെ കണ്ടുവോ വകവരുത്തിയോ അഥവാ കണ്ടില്ലെങ്കില്‍ പോലും അയാള്‍ക്ക് പറയുവാനുള്ളത് കേള്‍ക്കുവാനും അയാള്‍ കണ്ട കാഴ്ച അറിയുവാനും അവര്‍ തിടുക്കപ്പെട്ടു.
‘‘നമ്മള് കരുതുംപോലെയല്ല കാര്യങ്ങള്‍. ചില പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട്, ചില കര്‍മങ്ങള്‍ ചെയ്യേണ്ടതുണ്ട്.’’
കണ്ടത്തില്കരയിലെ ഓരോ മനുഷ്യന്റെയും മുഖത്തേക്ക് നോക്കി അയാള്‍ അത്രമാത്രമാണ് പറഞ്ഞത്. തങ്ങള്‍ എന്തു പ്രശ്നങ്ങളാണ് നേരിടുന്നതെന്നോ അവക്ക് എന്തു പരിഹാരമാണ് ചെയ്യേണ്ടതെന്നോ മനസ്സിലാവാതെ കരക്കാര് ആശങ്കയോടെ അയാളുടെ മുഖത്തേക്കു നോക്കി. അവരോട് കുന്നിന് മുകളില്‍ കണ്ട കാഴ്ചകളെക്കുറിച്ച് പൂശാരി പറഞ്ഞുതുടങ്ങി.
‘‘അതൊരു മറുലോകമാണ്. തിങ്ങിനില്ക്കുന്ന മരക്കൂട്ടങ്ങളും ധാരാളം ശലഭങ്ങളും പേരറിയാത്ത അനേകം കിളികളും ചെറുജീവികളും കുറുക്കനും കാട്ടുപൂച്ചയുമൊക്കെയുള്ള ലോകം. അവര്‍ക്ക് അവരുടേതായ ന്യായവും നീതിയുമുണ്ട്. അവര്‍ പറഞ്ഞ അവരുടെ കഥ ഞാന്‍ പറയാം.’’ ഭയഭക്തിയോടെ നില്ക്കുന്ന കണ്ടത്തില്ക്കരയിലെ ജനക്കൂട്ടത്തിനു നടുവില്‍ നിവര്‍ന്നുനിന്ന് ഒരു പ്രവാചകനെപ്പോലെ പൂശാരി ആ കഥ പറഞ്ഞു.
‘‘പണ്ട് പണ്ട് കണ്ടത്തില്ക്കരയാവും മുമ്പ് അവിടം വലിയ കാടായിരുന്നു. കുറുക്കനും പാക്കാനും കാട്ടുപൂച്ചയും ഓന്തും പല്ലിയും പാറ്റയും പറവയും ചീവീടും പുഴുക്കളും പാമ്പുകളും കുളക്കോഴിയുമൊക്കെയുള്ള കാട്. ചതുപ്പില്‍ നിറയെ തൊട്ടാവാടിമുള്ളുകളും കമ്യൂണിസ്റ്റ് പച്ചയും. അവക്കിടയില്‍ ചീവീടുകളും പുല്‍ച്ചാടികളും തവളകളും സമാധാനത്തോടെ പാര്‍ത്തു. ചതുപ്പിന്റെ കരയില്‍ കുറ്റിച്ചെടികളും പുല്ലാനി വള്ളികളും കൂട്ടംകൂടി വളര്‍ന്നിരുന്നു. അവക്കുമപ്പുറം നിറഞ്ഞൊഴുകുന്ന തോട്ടില്‍ ബ്രാലും കാരിയും ചെമ്പല്ലിയും ഉള്‍പ്പെടെ നിറയെ മീന്‍കൂട്ടങ്ങള്‍ പുളഞ്ഞു മദിച്ചു. ഇരതേടിയും ആവാസവ്യവസ്ഥയില്‍ തനിക്കു താഴെയുള്ള ജീവികളെ ഭക്ഷിച്ചും ദാഹിക്കുമ്പോള്‍ ആവശ്യാനുസരണം തോട്ടില്‍നിന്നു ശുദ്ധജലം കുടിച്ചും അവ പാര്‍ത്തുവന്നു. വേനലില്‍ കാടുണങ്ങുമ്പോള് ചതുപ്പിനു ചുറ്റും അവ ഒത്തുചേര്‍ന്നു. മഴക്കാലങ്ങളില്‍ മരപ്പൊത്തിലോ കയ്യാല ഇറമ്പുകളിലെ ചെറുഗുഹകളിലോ അഭയം തേടി. അങ്ങനെയിരിക്കെയാണ് ഒരുനാള്‍ കാടിളക്കി തെളിച്ച് ഒരുകൂട്ടം മനുഷ്യര്‍ അവിടേക്കു നടന്നുവന്നത്. കാട്ടുപൊന്തകള്‍ ചെത്തി അവര്‍ വഴിതെളിച്ചു. കുറ്റിക്കാടുകള്‍ വെട്ടി കൂരകള്‍ കെട്ടി. കാട്ടുപുല്ലുകള്‍ പറിച്ചു തോടുതെളിച്ചു. ചതുപ്പുനിലം തെളിച്ചു കൃഷിപ്പാടമാക്കി. ആവാസസ്ഥലം നഷ്ടമായ അസംഖ്യം ജീവജാലങ്ങള്‍ വേടന്കുന്നിന്റെ മുകളിലേക്ക് ഒന്നൊന്നായി പലായനം ചെയ്യാൻ നിർബന്ധിതരായി. അവയുടെ ജീവിതത്തിന്റെ താളം തെറ്റി.
ജീവിതവ്യതിയാനത്തില്‍ അതിജീവിക്കാനാവാതെ ചില ജീവികള്‍ മണ്ണിലേക്കുതന്നെ അപ്രത്യക്ഷമായി. വറുതിക്കാലത്ത് ഭക്ഷണം ലഭിക്കാതെ ചിലതു ചത്തുവീണു. ജലാംശമില്ലാതെ മരങ്ങളും പുല്‍മേടുകളും കരിഞ്ഞുണങ്ങി. വിശപ്പ് സഹിക്കവയ്യാതായപ്പോള്‍ ഒരുകൂട്ടം പാക്കാന്മാര്* പഴമയിലേക്ക് കുന്നിറങ്ങി. വിശപ്പിന്റെ കാഠിന്യത്തില്‍ അവ കോഴികളെ പിടികൂടുവാന്‍ തുടങ്ങി.’’ പൂശാരി പറഞ്ഞു നിര്‍ത്തി.
തന്നെ മാത്രം ശ്രദ്ധിക്കുന്ന കണ്ടത്തില്കരയിലെ ആബാലവൃദ്ധം മനുഷ്യരുടെയും നിസ്സഹായമായ മുഖഭാവങ്ങളിലേക്ക് പൂശാരി ദൃഷ്ടി പായിച്ചു. തങ്ങള്‍ക്കിതുവരെ പിടികിട്ടാതിരുന്ന, തങ്ങളുടെ ജീവിതത്തെ ബാധിച്ചുകൊണ്ടിരുന്ന ഒരു വലിയ പ്രശ്നത്തെക്കുറിച്ചറിഞ്ഞ അവര്‍ എന്തുചെയ്യണമെന്നറിയാതെ പ്രശ്നപരിഹാരത്തിനായി നിസ്സഹായതയോടെ പൂശാരിയുടെ പരിഹാര വാക്കുകള്‍ക്കുതന്നെ കാതോര്ത്തുനില്ക്കുകയായിരുന്നു. അവരോടായി അയാള്‍ പ്രതിവിധി പറഞ്ഞു.
‘‘ബലി അര്‍പ്പിക്കണം. അതേ ഒരു മാർഗമുള്ളൂ. അവറ്റകളുടെ മനസ്സിണക്കി തൃപ്തിപ്പെടുത്തണം. അതിന് കുന്നിന്മുകളില് കളമുണ്ടാക്കി കോഴി ഇറച്ചിയും കള്ളും വയ്ക്കണം.’’
കരയിലെ സര്‍വസാധാരണരായ ഒരുകൂട്ടം മനുഷ്യര്‍ പൂശാരിയുടെ ആവശ്യങ്ങള്‍ മുന്‍വിധികളൊന്നുമില്ലാതെ സമ്മതിച്ചു കൊടുക്കുവാന്‍ ഇതിനോടകം തയാറായിരുന്നു. കാലങ്ങളോളം അവര്‍ പാലിക്കപ്പെടുവാന്‍ പോകുന്ന പുതിയൊരു വിശ്വാസരീതി ആ നിമിഷം മുതല്‍ കണ്ടത്തില്ക്കരയില് രൂപപ്പെടുകയായിരുന്നു. തലമുറകളിലേക്ക് അവര്‍ അത് പകര്‍ന്നു നല്‍കും.
തങ്ങളുടെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കുവാനുള്ള പൂശാരിയുടെ ശ്രമങ്ങളെയോര്ത്തു കണ്ടത്തില്ക്കരയിലെ മനുഷ്യര്‍ ഉള്ളാലെ ഒരായിരം നന്ദിപറഞ്ഞു. തങ്ങളുടെ ഇടയിലേക്ക് അവസാനമായി കടന്നുവന്ന പൂശാരി തങ്ങളെ രക്ഷിക്കുവാന്‍ വന്ന ഏതോ അവതാരമാണെന്നുതന്നെ അവരില്‍ ചിലര്‍ വിശ്വസിച്ചു.
പിറ്റേന്നുതന്നെ ബലിക്കളത്തിന്റെ ഒരുക്കങ്ങള്‍ നടന്നു. കരക്കാര് തെളിച്ച തോട്ടുവരമ്പിലൂടെ മുകളിലേക്ക് കയറി ഏതോ മരച്ചുവട്ടില്‍ പൂശാരിതന്നെ പ്രതിഷ്ഠ നടത്തി. അവയ്ക്കു ചുറ്റും ചെത്തിപ്പൂക്കള്‍ വിതറി. കാട്ടുതുളസിയിലകൊണ്ട് മാലകോര്‍ത്തു കല്രൂപത്തില് ചാര്‍ത്തി.
സഹായത്തിനു ആരെയൊക്കെയോ ഉറക്കെ മന്ത്രംചൊല്ലി പൂശാരി വിളിച്ചെങ്കിലും സഹജമായ ഭയംകൊണ്ട് അവര്‍ ആരുംതന്നെ പൂശാരിയുടെ കൂടെ കൂടുവാന്‍ ധൈര്യപ്പെട്ടില്ല. എങ്കിലും അവരുടെ അദൃശ്യസാന്നിധ്യം പൂശാരിക്കൊപ്പം ഭക്തിയാദരവോടെ കുന്നുകയറി.
കണ്ടത്തില്ക്കരയിലെ പാക്കാന്‍ ആദ്യബലി നല്‍കാനായി ഓമനിച്ചു വളര്‍ത്തിയ കോഴിയെ നല്കാന് തേയി തന്നെ മുന്‍കൈയെടുത്തു. കൂട്ടില്‍നിന്നും കോഴിയെ പിടിച്ചു കാല്കെട്ടി കഴുകി ഭര്‍ത്താവുമായി പൂശാരിയുടെ കൂരയിലേക്ക് അവര്‍ നടന്നു. അവര്‍ക്കു പുറകില്‍ വരമ്പിലൂടെ കരക്കാര് വരിയായി നടന്നുനീങ്ങി. തേയിയില്നിന്നും കോഴിയെ വാങ്ങി മേൽപോട്ട് നോക്കിയൊന്നു പ്രാർഥിച്ചിട്ടു കരക്കാരെ സാക്ഷിയാക്കി അയാള്‍ കുന്നിന് മുകളിലേക്ക് നടന്നുമറഞ്ഞു.
അൽപസമയം കഴിഞ്ഞു കുന്നിന്മുകളില്നിന്നും ഉയരുന്ന പുകച്ചുരുളുകളും മണിയടിയൊച്ചയും കേട്ട് തോടിനിപ്പുറം നിന്ന കണ്ടത്തില്ക്കരക്കാര് ഭക്തിയാദരപൂര്‍വം തൊഴുതു. അവരുടെ കണ്ണുകളില്‍നിന്നും ആശ്വാസത്തിന്റെ അശ്രുകണങ്ങള്‍ പൊഴിഞ്ഞുവീണു. എല്ലാ ആണ്ടുകളിലും കുന്നിന്മുകളിലെ പാക്കാന്‍ ബലിയും പൂജയും നടത്തുവാന്‍ അവര്‍ നിശ്ചയിച്ചുറപ്പിച്ചു.
അന്ന് രാത്രിയില്‍ കണ്ടത്തില്കരയിലെ ആണുങ്ങളും പെണ്ണുങ്ങളും സുഖമായി ഉറങ്ങി. അതേസമയം, മലമുകളിലെ പാക്കാനെ നന്ദിയോടെ സ്മരിച്ചുകൊണ്ട് കൂരയില്‍ പൂശാരി ഉണര്ന്നുതന്നെയിരിക്കുകയായിരുന്നു. കിടക്കുന്നതിനു മുമ്പ് അയാള്‍ പരവേശത്തോടെ ഒരു മൊന്ത വെള്ളംകൂടി കുടിച്ചു ഏമ്പക്കം വിട്ടു. തെയ്യാമ്മച്ചേടത്തിയുടെ മസാലയില്‍ വെന്ത കോഴിയിറച്ചിയുടെ മണം അയാളുടെ ആമാശയത്തില്‍നിന്നും പുറത്തുവന്നു ഇരുട്ടിനു മറവിലൂടെ വേടന്കുന്നിന് മുകളിലേക്കു ആരുമറിയാതെ കയറിപ്പോയി.
പിന്നെയും പാക്കാന്‍ കോഴിനേര്‍ച്ച ഇടക്കിടെ കണ്ടത്തില്ക്കരയില് നടന്നുകൊണ്ടിരുന്നു. തന്നെയുമല്ല കുന്നിന്മുകളിലെ ബലിത്തറയില്‍ ദിവസവും പൂജകള്‍ ആരംഭിച്ചു തുടങ്ങി. ഭയം അകന്ന കരക്കാര് ഒന്നും രണ്ടുമായി മലമുകളില്‍ പ്രവേശിച്ചു പ്രതിഷ്ഠക്കു മുന്നില്‍ പ്രാർഥിക്കുവാനും പണവും മറ്റു വസ്തുക്കളും നേര്‍ച്ച നല്കുവാനും തുടങ്ങി. പെണ്ണുങ്ങള് വെച്ചുപൂജക്കുവേണ്ടി സ്വാദിഷ്ഠമായ ഭക്ഷണങ്ങള്‍ ഒരുക്കി ഭര്ത്താക്കന്മാര് കൈവശം കൊടുത്തുവിട്ടു. ബലിത്തറയുടെ അധിപനായ പൂശാരി അവരുടെ ക്ഷേമങ്ങള്‍ക്കായി ഉറഞ്ഞുതുള്ളി പ്രാർഥിച്ചു.
കാലാന്തരത്തില്‍ പാക്കാനെ തങ്ങളുടെ ആരാധനാമൂര്‍ത്തിയായി അവരില്‍ ചിലര്‍ കരുതുകയോ പാക്കാന്റെ ഛായാചിത്രം വീട്ടില്‍െവച്ച് ആരാധിക്കുകയോ ചെയ്യുമായിരിക്കാം. എന്തായാലും അതിനുശേഷം കണ്ടത്തില്കരയില് കോഴികളുടെ തിരോധാനം ഉണ്ടായിട്ടുണ്ടോ എന്ന് അറിഞ്ഞുകൂടാ.
*ചിലയിടങ്ങളില്‍ കാട്ടുപൂച്ചയെന്നും വള്ളിപ്പാക്കാനെന്നും അവ അറിയപ്പെടുന്നു.