ഡൊബെറാനിലെ പള്ളി - അശോകൻ ചരുവിലിന്റെ കഥ
ചിത്രീകരണം: രാജേഷ് ചിറപ്പാട്
ജർമനിയിൽ എന്റെ ചെറിയ മകൻ ഹരി താമസിക്കുന്നത് ഡൊബെറാൻ എന്ന സ്ഥലത്താണ് (മുഴുവൻ പേര് Bad Doberan). റൊസ്റ്റോക് (Rostock) നഗരത്തിനും കുലങ്സ്ബോൺ (Kuhlungsborn) എന്ന കടൽത്തീര സുഖവാസകേന്ദ്രത്തിനും ഇടയിലുള്ള ചെറിയ പട്ടണമാണിത്. കഴിഞ്ഞ വേനൽക്കാലത്ത് അവിടെ ചെന്നു താമസിച്ചപ്പോഴത്തെ ചില അനുഭവങ്ങളാണ് ഇവിടെ എഴുതുന്നത്. അത്ര പ്രമാദമായ വിഷയമൊന്നുമല്ല. എന്നാലും ചില സന്ദർഭങ്ങളിൽ ഞാൻ ഏതൊക്കെയോ മിഥ്യാലോകങ്ങളിൽ ചെന്നുപെട്ടതായി ഓർക്കുന്നു. കാലത്ത് എട്ടുമണിക്ക് ഹരി കുലങ്സ്ബോണിലുള്ള...
Your Subscription Supports Independent Journalism
View Plansജർമനിയിൽ എന്റെ ചെറിയ മകൻ ഹരി താമസിക്കുന്നത് ഡൊബെറാൻ എന്ന സ്ഥലത്താണ് (മുഴുവൻ പേര് Bad Doberan). റൊസ്റ്റോക് (Rostock) നഗരത്തിനും കുലങ്സ്ബോൺ (Kuhlungsborn) എന്ന കടൽത്തീര സുഖവാസകേന്ദ്രത്തിനും ഇടയിലുള്ള ചെറിയ പട്ടണമാണിത്. കഴിഞ്ഞ വേനൽക്കാലത്ത് അവിടെ ചെന്നു താമസിച്ചപ്പോഴത്തെ ചില അനുഭവങ്ങളാണ് ഇവിടെ എഴുതുന്നത്. അത്ര പ്രമാദമായ വിഷയമൊന്നുമല്ല. എന്നാലും ചില സന്ദർഭങ്ങളിൽ ഞാൻ ഏതൊക്കെയോ മിഥ്യാലോകങ്ങളിൽ ചെന്നുപെട്ടതായി ഓർക്കുന്നു.
കാലത്ത് എട്ടുമണിക്ക് ഹരി കുലങ്സ്ബോണിലുള്ള അവന്റെ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകും. ഇരുണ്ട വനവീഥികളിലൂടെ സൈക്കിളിലാണ് യാത്ര. ഭക്ഷണം അവൻ തയാറാക്കി വെച്ചിട്ടുണ്ടാകും. കഴിഞ്ഞ നാലഞ്ചുവർഷത്തെ ജർമൻവാസം അയാളെ സാമാന്യം ഭേദപ്പെട്ട ഒരു കുക്കാക്കി മാറ്റിയിട്ടുണ്ടെന്നറിഞ്ഞ് ഞാൻ സന്തോഷിച്ചു. ഞാൻ ഏറെ പിന്നിലുള്ള ഒരു മേഖലയാണത്. അടുക്കളയിൽ കയറാതെ ഭക്ഷണം കഴിച്ച് വളർന്ന പുരുഷകേസരികളുടെ തലമുറയിലാണ് എന്റെ സ്ഥാനം.
ചിക്കൻകറിയാണ് ഹരിയുടെ ഫേവറിറ്റ് ഡിഷ്. പിന്നെ ചോറും മീൻപൊരിച്ചതും ഉണ്ടാവും. അവ ഓവനിൽവെച്ച് ചൂടാക്കി കഴിച്ച് ഞാൻ പുറത്തിറങ്ങും. വേനൽക്കാലമായതുകൊണ്ട് നല്ല തെളിഞ്ഞ അന്തരീക്ഷമാണ്. വെറുതെ ചുറ്റിത്തിരിയുക എന്നല്ലാതെ എനിക്കു വേറെ പണിയില്ല. ബാൾട്ടിക് കടലിന് ആ ഭാഗത്ത് തുറമുഖങ്ങളും പ്രസിദ്ധങ്ങളായ നിരവധി ബീച്ചുകളുമുണ്ട്. വെയിൽ പ്രത്യക്ഷപ്പെട്ടതോടെ ബീച്ചുകൾ ഉല്ലാസകേളീകേന്ദ്രങ്ങളായി മാറിയിരുന്നു. ചിലപ്പോൾ അവിടങ്ങളിലേക്ക് ബസിലോ ട്രെയിനിലോ സഞ്ചരിക്കും. അധികസമയവും പട്ടണനിരത്തുകളിലൂടെ വെറുതെ നടക്കാനാണ് ഞാൻ ഇഷ്ടപ്പെട്ടത്. ചില നടത്തങ്ങൾ എന്നെ പട്ടണത്തിനു വെളിയിലെത്തിക്കും. അവിടെ കൃഷിയിടങ്ങളാണ്. യൂറോപ്യൻ വയലുകളുടെ കാഴ്ച വിസ്മയകരമായ അനുഭവമാണ്.
ചെറിയ പട്ടണമാണ് ഡൊബെറാൻ എന്നു പറഞ്ഞുവല്ലോ. വലിയ കാഴ്ചകളൊന്നും ഇല്ല. മിക്കപ്പോഴും ആളൊഴിഞ്ഞുള്ള ഒരു ബസ് സ്റ്റേഷനുണ്ട്. ഒറ്റ പ്ലാറ്റ്ഫോം മാത്രമുള്ള ഒരു റെയിൽവേ സ്റ്റേഷനും. റോസ്റ്റോക് (Rostock) - വിസ്മർ (Wismar) വണ്ടികൾ ഇതിലൂടെ കടന്നുപോകുന്നു. ബീച്ചുകളിലേക്ക് പോകുന്ന വിനോദസഞ്ചാരികളുടെ ഇടത്താവളമാണ് ഈ പട്ടണം എന്ന് പറയാം. ഏറ്റവും കൗതുകകരമായ സംഗതി ‘മോളി’ എന്ന കൽക്കരിത്തീവണ്ടിയാണ്. 1886ൽ തുടങ്ങിയതാണത്രെ! ഡൊബെറാനിൽനിന്ന് കുലങ്സ്ബോൺ വരെ പോകുന്നു. കൂക്കിവിളിച്ച് പുകതുപ്പിക്കൊണ്ടുള്ള അതിന്റെ യാത്ര കാണാൻ രസമാണ്. ഒരു മെല്ലേപ്പോക്കു വണ്ടിയാണ്. പട്ടണത്തിരക്കിലൂടെ അതിൽ യാത്ര ചെയ്യുമ്പോൾ പലഹാരക്കടകളിൽനിന്നുള്ള ചൂടും മണവും അനുഭവിക്കാം. വിനോദയാത്രക്കാർ ഈ വണ്ടിയിലുള്ള യാത്ര ഒഴിവാക്കാറില്ല. ഞാൻ പലവട്ടം അതിൽ യാത്രചെയ്തിട്ടുണ്ട്.
ചെറുതെങ്കിലും മനോഹരമായ വീടുകളാണ് ഡൊബെറാനിൽ ഉള്ളത്. പൂമുഖങ്ങൾ ചെടിപ്പടർപ്പുകൾകൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. തൊടികളിൽ ആപ്പിൾ, പിയർ തുടങ്ങിയ മരങ്ങൾ വിളഞ്ഞുനിൽക്കുന്നതു കാണാം. വസന്തകാലത്തിന്റെ ബാക്കിയായി മരങ്ങളിലും ചെടികളിലും ചെറിയ പുല്ലുകളിൽപോലും പൂക്കളുണ്ട്. Bad Doberan Stadtmitte എന്ന മോളിസ്റ്റേഷൻ വിട്ട് മുന്നോട്ടു നടന്നാൽ ഒരു മൈതാനവും ചുറ്റും പുരാതനമായ കുറെ കെട്ടിടങ്ങളുമുണ്ട്. ചിലേടത്ത് ഭീമാകാരമായ മതിൽ. ഇടവിട്ട് കമാനങ്ങളുമുണ്ട്. മൈതാനത്ത് അങ്ങിങ്ങായി കുളങ്ങളും തോടുകളും കാണുന്നു. കെട്ടിടങ്ങളിൽ പലതും തകർന്നവയാണ്. ചിലതിന് മേൽക്കൂര ഇല്ല. ജനലുകളും വാതിലുകളും ഇല്ല.
മതിൽ പലേടത്തും തകർന്നു കാണുന്നു. കെട്ടിടങ്ങളെല്ലാം ചുവന്ന ഇഷ്ടികകൾകൊണ്ട് നിർമിച്ചതാണ്. അക്കൂട്ടത്തിൽ കാര്യമായ കേടുപാടില്ലാത്തത് സാമാന്യം വലുപ്പമുള്ള ഒരു പള്ളിയാണ്. Doberan Munster. ആരാധനാസമയമൊക്കെ എഴുതിവെച്ചിട്ടുണ്ടെങ്കിലും ഞാൻ ചെല്ലുമ്പോഴെല്ലാം പള്ളി വിജനമായിട്ടാണ് കണ്ടിട്ടുള്ളത്. കുറച്ചു വിവരങ്ങൾ മാത്രമേ പുറത്ത് എഴുതിവെച്ചിട്ടുള്ളൂ. അതാകട്ടെ ജർമൻ ഭാഷയിലാണ്. ഗൂഗിൾ ട്രാൻസ്ലേറ്റ് എന്ന ആപ്പിലെ കാമറ ഉപയോഗിച്ച് കഷ്ടപ്പെട്ട് ഞാൻ വായിച്ചു: ലൂതറൻ ചർച്ച്. Cistercian രീതി പിന്തുടർന്ന Doberan Abbeyയുടെ ഭാഗമായി 1368ൽ നിർമിക്കപ്പെട്ടത്.
അന്നു വീട്ടിലെത്തിയപ്പോൾ ഹരി പറഞ്ഞു: ആ പള്ളി വളരെ ചരിത്രപ്രസിദ്ധി ഉള്ളതാണ്. ചില ദിവസങ്ങളിൽ ദൂരദേശങ്ങളിൽനിന്നുപോലും ആളുകൾ വന്ന് ആരാധന നടത്താറുണ്ട്. ഒരിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഫ്രഞ്ചുകാരനായ മേധാവിയോടൊപ്പം അവൻ പള്ളിക്കകത്ത് പ്രവേശിച്ചിട്ടുണ്ട്. ക്രിസ്തുവിന്റെ ചരിത്രം വിശദീകരിക്കുന്ന നിരവധി ചുവർചിത്രങ്ങളും പ്രതിമകളും അവിടെയുണ്ട്. പഴയമട്ടിലുള്ള വിളക്കുകളും ഇരിപ്പിടങ്ങളുമുണ്ട്.
ജർമനിയിലെ ക്രിസ്ത്യൻ പള്ളികൾ യൂറോപ്യൻ വാസ്തുവിദ്യയുടെയും സാംസ്കാരിക പാരമ്പര്യത്തിന്റേയും പ്രതീകങ്ങളാണെന്ന് തോന്നിയിട്ടുണ്ട്. ഇത്രയധികം യുദ്ധങ്ങൾക്കും ആക്രമണങ്ങൾക്കും ശേഷം ഇവയെല്ലാം ബാക്കിനിന്നു എന്നത് അത്ഭുതമാണ്. യൂറോപ്പിലെ ദേവാലയങ്ങളിൽ ജനങ്ങൾ ആരാധനക്കെത്തുന്നില്ല എന്ന വിമർശനമുണ്ടല്ലോ. പല പള്ളികളും കച്ചവടസ്ഥാപനങ്ങളാക്കി മാറ്റി ഉപയോഗിക്കുന്നുണ്ട്. എന്നുവെച്ച് യൂറോപ്യർ വിശ്വാസികളല്ല എന്നു തീരുമാനിക്കരുത്. ഒട്ടും പ്രകടനാത്മകമല്ല അവരുടെ വിശ്വാസം. മതംതന്നെയാണ് അവരുടെ മൂല്യബോധത്തെ നിർണയിക്കുന്നത്.
ഞാൻ ഡൊബെറാൻ മിൻസ്റ്ററെപ്പറ്റി ഗൂഗിളിൽ സെർച്ചു ചെയ്തുനോക്കി. വളരെ പ്രധാനപ്പെട്ട വിവരങ്ങളാണ് ലഭിച്ചത്. ജർമനിയിലെ ബാൾട്ടിക് തീരദേശത്തെ ആത്മീയജീവിതത്തിന് ആരംഭം കുറിച്ച സ്ഥാപനമാണത്. ബ്രിക് ഗോഥിക് ശൈലിയിലുള്ള ആദ്യകാലത്തെ നിർമിതി. ഇന്റർനെറ്റിൽ പരതുമ്പോൾ നമ്മൾ ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് പോകുമല്ലോ. 1098ൽ ഫ്രാൻസിൽ ആരംഭിച്ച സിസ്റ്റേർസിയൻ (Cistercian Order) എന്ന മതനവീകരണ പ്രസ്ഥാനത്തിന്റെ പ്രധാനപ്പെട്ട മൊണാസ്ട്രിയാണ് ഇവിടെ ഉണ്ടായിരുന്നത്. ക്ലെയർവാക്സിലെ (Clairvaux) വിശുദ്ധ ബർണാഡിന്റെ ഉദ്ബോധനങ്ങളെ അവലംബമാക്കിയായിരുന്നു പ്രവർത്തനങ്ങൾ.
അധ്വാനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായിട്ടാണ് സെന്റ് ബർണാഡ് ക്രിസ്തുവിനെ കാണുന്നത്. പാതിരിമാരുടെയും കന്യാസ്ത്രീമാരുടെയും ജീവിതത്തെ അതിനനുസരിച്ച് അദ്ദേഹം ക്രമീകരിച്ചു. കഠിനമായ കായികാധ്വാനം ദൈവികവൃത്തിയായി കരുതുന്നതുകൊണ്ട് കൃഷി, കെട്ടിടനിർമാണം, നഗരാസൂത്രണം, നെയ്ത്ത് തുടങ്ങിയ മേഖലകളിൽ സിസ്റ്റേർസിയൻ സന്യാസിമാരുടെ വലിയ സംഭാവനയുണ്ട്. അവർ വന്ന് മഠം സ്ഥാപിച്ചതോടെയാണ് ഡൊബെറാൻ എന്ന ദേശത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. അവിടെ ഓടുന്ന മാനിനെ കണ്ട് പേടിച്ച അരയന്നങ്ങളുടെ നിലവിളി ശബ്ദത്തിൽനിന്ന് (ഡൊബ്രാൻ, ഡൊബ്രാൻ) അവർ നാടിനുള്ള പേരും കണ്ടെത്തി.
വിശ്വാസത്തിന്റെയും മതങ്ങളുടെയും ചരിത്രം വിസ്മയകരമാണ്. ഇന്ന് ദേവാലയങ്ങൾ പലതും ആഘോഷങ്ങളുടെയും ആർഭാടങ്ങളുടെയും വേദികളാണല്ലാ. മതങ്ങൾ പലപ്പോഴും അധികാരകേന്ദ്രമാകാനോ അധികാരത്തിനൊപ്പം നിൽക്കാനോ ആണ് താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്. പക്ഷേ, ത്യാഗത്തിന്റെയും സഹനത്തിന്റെയും പീഡനത്തിന്റേതുമായ ഒരു വിശ്വാസചരിത്രം സമാന്തരമായുണ്ട്. അസിസ്സിയിലെ ഫ്രാൻസിസ് എന്നറിയുന്ന വിശുദ്ധന്റെ ജീവിതം അതിന്റെ മികച്ച ദൃഷ്ടാന്തമാണ്. അദ്ദേഹം ദാരിദ്ര്യത്തെ പ്രണയിച്ചു.
കഠിനമായ വ്രതാനുഷ്ഠാനങ്ങൾ പുലർത്തുന്നവർ ഇന്നുമുണ്ട്. ജോലിചെയ്തിരുന്ന കാലത്ത് ഓഫീസിലെ ഒരു സഹപ്രവർത്തകയുടെ മകന്റെ മരണമറിഞ്ഞ് പോയത് ഓർക്കുന്നു. നിരന്തരമായ പ്രാണായാമത്തിന്റെ ഫലമായിട്ടാണ് ആ യുവാവ് മരിച്ചത് എന്നു കേട്ടു. എൻജിനീയറിങ് കഴിഞ്ഞ് ഏതോ പൊതുമേഖലാ സ്ഥാപനത്തിൽ ജോലികിട്ടിയിരുന്നു. അതെല്ലാം ഉപേക്ഷിച്ചു. യോഗവിദ്യയിലൂടെ അനശ്വരമായ ആത്മീയപ്രപഞ്ചത്തിൽ ലയിക്കുവാൻ ആഗ്രഹിച്ചു. മരിച്ചു കിടക്കുമ്പോൾ ഒരു നൂലുപോലെയായിരുന്നു ആ മനുഷ്യൻ.
കുട്ടിക്കാലത്ത് വീട്ടിൽ വരാറുള്ള ഒരു അമ്മാളു അമ്മായിയെ ഓർക്കുന്നു. അക്ഷരാഭ്യാസമൊന്നുമില്ല. വലിയ ഭക്തയായിരുന്നുവെങ്കിലും ക്ഷേത്രത്തിൽ പോകുന്നത് കണ്ടിട്ടില്ല. തന്റെ ശരീരമായിരുന്നു അവരുടെ ആരാധനാലയം. ഒരുനേരം, അതും അൽപം മാത്രമാണ് അവർ ഭക്ഷിച്ചിരുന്നത്. മരുന്നോ ചികിത്സയോ സ്വീകരിക്കില്ല. തെറ്റായതെന്തെങ്കിലും പറയുകയോ ചിന്തിക്കുകയോ ചെയ്താൽ പരിഹാരാർഥം സ്വയം തല ചുമരിലിടിക്കുന്ന ഒരു സ്വഭാവമുണ്ടായിരുന്നു അവർക്ക്. അവർ തലയടിക്കുന്ന ശബ്ദംകേട്ട് ഞാൻ ഞെട്ടിത്തരിച്ചിട്ടുണ്ട്. വാഹനങ്ങളിൽ സഞ്ചരിക്കില്ല. കിടക്കുന്നത് വെറുമൊരു പായയിൽ. ആഴ്ചയിൽ ഒരിക്കൽ മൗനവ്രതമുണ്ടായിരുന്നു.
ഡൊബെറാനിലുണ്ടായിരുന്നപ്പോൾ മിക്കദിവസവും പള്ളിക്കരികിലെ മൈതാനത്തു കൂടെ ഞാൻ നടക്കാറുണ്ട്. ബസ് സ്റ്റേഷനിലേക്കുള്ള വഴിയാണത്. പഴയ മൊണാസ്ട്രിയുടെ തകർന്ന കെട്ടിടങ്ങളിൽ വെറുതെ കയറിയിറങ്ങി നോക്കും. മതിൽക്കെട്ടിനപ്പുറത്ത് ഒരു കോൺവെന്റ് പ്രവർത്തിക്കുന്നുണ്ട്. പഴക്കം ചെന്ന കുറെ എടുപ്പുകളാണ്. ഒരു കോൺവെന്റ് ഷോപ്പും കണ്ടു. ചില്ലലമാരികളിൽ ജപമാലകളും കുരിശുകളും പുസ്തകങ്ങളും വെച്ചിട്ടുണ്ട്. ആരും ചെന്ന് വാങ്ങുന്നത് കണ്ടില്ല. വിൽപനക്കാരും ഉണ്ടായിരുന്നില്ല.
ഒരുദിവസം കോൺവെന്റിന്റെ മതിൽ തകർന്ന ഭാഗത്തെ തൊടിയിൽനിന്ന് ഒരാൾ കിളയ്ക്കുന്നതു കണ്ടു. അവിടെ കുറച്ചൊരു കൃഷിയിടമുണ്ട്. പടുവൃദ്ധനാണ്. പഴകിയ കോട്ടും തൊപ്പിയും ധരിച്ചിരിക്കുന്നു. കുറച്ച് അകലത്തായതുകൊണ്ട് രൂപം അത്ര വ്യക്തമല്ല. താടിയും, കീഴോട്ടു നീട്ടിവളർത്തിയിരിക്കുന്ന മീശയും ഉണ്ട്. മുടന്തനാണോ എന്നു സംശയം. അതീവ ശ്രദ്ധയോടെയാണ് അയാൾ പ്രവൃത്തികൾ ചെയ്യുന്നത്. ഞാൻ കുറച്ചുസമയം കാത്തുനിന്നെങ്കിലും അയാൾ തിരിഞ്ഞുനോക്കുകേയാ എന്നെ കാണുകയോ ചെയ്തില്ല.
അടുത്ത ശനിയാഴ്ച ദിവസം മൈതാനത്ത് ചില ഒരുക്കങ്ങൾ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. യൂനിഫോം ധരിച്ച കുറെ സന്നദ്ധപ്രവർത്തകരാണ്. കൂട്ടത്തിൽ പുരോഹിതന്മാരും ഉണ്ടെന്നു തോന്നി. അവർ മൈതാനം നിറയെ ഷെഡുകൾ വെച്ചുകെട്ടുകയാണ്. അക്കാര്യം വീട്ടിൽ അറിയിച്ചപ്പോൾ ഹരി പറഞ്ഞു:
‘‘അത് ക്ലോസ്റ്റർ മാർക്കറ്റിനാണ്. എല്ലാ വർഷവും പതിവുണ്ട്. കോവിഡുമൂലം കഴിഞ്ഞതവണ ഉണ്ടായില്ലെന്നു തോന്നുന്നു. നാളെ നമുക്ക് കാണാൻ പോകാം.’’
പിറ്റേന്നു ചെന്നപ്പോൾ അന്തരീക്ഷം പാടെ മാറിയിരിക്കുന്നു. ആളുകളുടെ നിറഞ്ഞ സാന്നിധ്യമാണ് പ്രധാനം. പുരാതനരീതിയിലുള്ള നിത്യോപയോഗ വസ്തുക്കളുടെ നിർമാണവും പ്രദർശനവും വിൽപനയുമാണ് നടക്കുന്നത്. പഴയമട്ടിലുള്ള ഭക്ഷണശാലകളും ഉണ്ട്. നിർമാതാക്കളും വിൽപനക്കാരും പ്രാചീന പരമ്പരാഗത വേഷങ്ങൾ ധരിച്ചിരിക്കുന്നു. പതിനേഴോ പതിനെട്ടോ നൂറ്റാണ്ടിലെ യൂറോപ്പിൽ ചെന്നുപെട്ട പ്രതീതിയാണുണ്ടായത്.
മൈതാനത്തും തകർന്ന കെട്ടിടങ്ങൾക്കകത്തുമായിട്ടാണ് പ്രദർശനം. മൈതാനം വളച്ചുകെട്ടി ഗേറ്റ് സ്ഥാപിച്ച് ഫീസു പിരിക്കുന്നുണ്ട്. മൂന്നു യൂറോ ടിക്കറ്റെടുത്ത് ഞങ്ങൾ അകത്തു കയറി. നിർമാണങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. കൊല്ലന്റെ ആല. ഇരുമ്പു ചുട്ടെടുത്ത് അടിച്ചു പരത്തുന്നു. ഒരു നെയ്ത്തുശാല കണ്ടു. ഒരിടത്ത് മരുന്നുകൾ നിർമിക്കുന്നു. മറ്റൊരിടത്ത് ആഭരണങ്ങൾ. ചെരിപ്പുകൾ. വൈക്കോൽ കിടക്കകൾ. പഴയകാലത്തെ കുതിരക്കാരുടേയും പട്ടാളക്കാരുടേയും പ്രഭുക്കളുടേയും വേഷം ധരിച്ച ചിലർ പരിസരത്ത് ചുറ്റിക്കറങ്ങുന്നുണ്ട്. കുറ്റവാളിയുടെ വേഷംകെട്ടിയ ഒരു മനുഷ്യനെ തണ്ടിൽ ചങ്ങലക്കിട്ടിരിക്കുകയാണ്. കറുത്തു മുഷിഞ്ഞ വസ്ത്രങ്ങൾ. ചെമ്പിച്ചു വളർന്ന താടിയും മുടിയും. ചങ്ങലയിൽ കിടന്ന് അയാൾ അലറുന്നുണ്ടായിരുന്നു.
ഭക്ഷണശാലകളും ഒരുപാടുണ്ട്. പഴയമട്ടിലുള്ള അപ്പപ്പുരകൾ ധാരാളമുണ്ടായിരുന്നു. അവയിൽനിന്നുള്ള മണം ഹൃദ്യമായി തോന്നി. ലെമണേഡുകൾ ഉണ്ടാക്കുന്നു. ഏറ്റവും കൗതുകം തോന്നിയത് കാട്ടുമനുഷ്യരുടെ വേഷം ധരിച്ച ചിലർ ചേർന്ന് തീക്കുണ്ഡത്തിനു മീതെ കറങ്ങുന്ന ഒരു കൂറ്റൻ കാളയെ വേവിക്കുന്നതാണ്. നെയ്യും വെള്ളവും താഴേക്ക് ഉരുകിവീഴുന്നു. വേവുന്ന മാംസം മുറിച്ചെടുത്ത് ഉപ്പും കുരുമുളകും വിതറി ആവശ്യക്കാരായ സന്ദർശകർക്ക് വിൽക്കുന്നുമുണ്ട്.
പിന്നീട് ഒരാഴ്ചക്കാലത്തേക്ക് ഞാൻ ഡൊബെറാൻ വിട്ടിരുന്നു. മൂത്തമകൻ രാജയുടെ കൂടെ എസ്സെൻ നഗരത്തിലായിരുന്നു താമസം. നാട്ടിലേക്ക് മടങ്ങുന്നതിന് രണ്ടുദിവസം മുമ്പു മാത്രമാണ് തിരിച്ചെത്തിയത്. അപ്പോഴേക്കും വേനൽ കടുത്തിരുന്നു. സമ്മറിന്റെ ആഹ്ലാദങ്ങളൊക്കെ അവസാനിപ്പിച്ച് ജർമൻകാർ അസ്വസ്ഥരാവാൻ തുടങ്ങി. സൺബാത്തുകൾ അവസാനിച്ചു. കടൽത്തീരങ്ങളിൽ വീണ്ടും ആളു കുറഞ്ഞു.
ഇന്ത്യക്കാരന് ആ വെയിലൊന്നും വെയിലല്ല. ഞാൻ പതിവുപോലെ നടക്കാനിറങ്ങിയിരുന്നു. അന്നാണ് ഇതെഴുതുന്നതിന് കാരണമായ ചില സംഗതികൾ ഉണ്ടായത്. അത്തവണ രണ്ടു ബസുകൾ മാറിക്കയറി വാർനമുണ്ടെ (Warnemunde) എന്ന തുറമുഖ പട്ടണത്തിലേക്കാണ് പോയത്. തിരിച്ചുവരുമ്പോൾ കുറച്ചു വൈകി. സമയം രാത്രി എട്ടുമണിയായിട്ടുണ്ടാവും. പക്ഷേ, സൂര്യവെളിച്ചം അസ്തമിച്ചിരുന്നില്ല. പകൽ കൂടുതലുള്ള ദിവസങ്ങളായിരുന്നു അത്.
നേരം വൈകിയതിന്റെ ഉത്കണ്ഠയിൽ തിരക്കുപിടിച്ചു നടന്നതുകൊണ്ടാവണം പള്ളിമൈതാനത്ത് ഞാൻ തെന്നിവീണു. പുല്ലിലേക്ക് വീണതുകൊണ്ട് കാര്യമായൊന്നും സംഭവിച്ചില്ല. ആരെങ്കിലും കണ്ടോ എന്ന് ഞാൻ ചുറ്റും നോക്കി. കോൺവെന്റിന്റെ തകർന്ന മതിലിനപ്പുറത്ത് മുടന്തനായ വൃദ്ധൻ എന്നെ നോക്കുന്നത് കണ്ടു. നിലാവുപോലുള്ള വെളിച്ചത്തിൽ പാവലോ പടവലമോ പടർത്തിയ തോട്ടത്തിൽ അയാൾ നിൽക്കുകയാണ്. അയാൾ എന്നെ കൈ വീശിക്കാണിച്ചു.
‘‘Schau hier.’’*
അങ്ങനെ പറഞ്ഞ് അയാൾ മതിലിനരികിലേക്കു വന്നു. അപ്പോഴാണ് ആ മണികിലുക്കം ശ്രദ്ധിച്ചത്. അയാൾ കാലിൽ തോൽപട്ടകൊണ്ട് ബന്ധിച്ച ഒരു മണി ധരിച്ചിരുന്നു. നടക്കുമ്പോൾ അത് ശബ്ദിക്കുന്നുണ്ട്.
വീഴ്ചയെക്കുറിച്ച് അന്വേഷിക്കുകയാണെന്നാണ് ഞാൻ കരുതിയത്. പക്ഷേ അയാൾ ശബ്ദം അടക്കിപ്പിടിച്ച് ഇങ്ങനെയാണ് ചോദിച്ചത്:
‘‘എന്നെ മനസ്സിലായോ? ഞാൻ ഫുഷൽ വാങ്(1) ആണ്.’’
എനിക്കു പെട്ടെന്ന് മനസ്സിലായില്ല. ഞാൻ അമ്പരന്നു നിന്നു.
അയാൾ ഭീതിയോടെ ചുറ്റും നോക്കി. എന്നിട്ടു തുടർന്നു:
‘‘അമ്മമാരെല്ലാം കഠിനമായ വ്രതത്തിലാണ്. പാവയ്ക്കാനീരാണ് കുടിക്കുന്നത്. അതിനാണല്ലോ ഇത്രയധികം പാവയ്ക്കകൾ വിളയിക്കുന്നത്.’’
അയാൾ തോട്ടത്തിലേക്ക് ചൂണ്ടി.
‘‘പടുവൃദ്ധനാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഞാൻ പുരുഷനല്ലേ? എന്നെ അവർക്ക് കാണാൻ പാടില്ല. അതിനുവേണ്ടിയാണ് ഈ മണി. ഞാൻ വരുമ്പോൾ അവർക്ക് ഒഴിഞ്ഞുമാറണം.’’
അയാൾ കുറേ കൂടി ശബ്ദം താഴ്ത്തി പറഞ്ഞു:
‘‘ഫാദർ മദലിയൻ(2) ഇവിടെയുണ്ട്. ഞാൻ അദ്ദേഹത്തെ വിറകുപുരയിൽ ഒളിപ്പിച്ചു താമസിപ്പിച്ചിരിക്കുന്നു. കൊസേത്തും(3) ഉണ്ട്. ആ കൊച്ചിന് പനിയാണ്. ഞാൻ സൂപ്പുണ്ടാക്കി കൊടുത്തു.’’
ഞാൻ അയാളെ പരിഗണിക്കാതെ വീട്ടിലേക്കു നടന്നുപോന്നു. മകൻ അപ്പോൾ എത്തിയിരുന്നു. അവൻ ചോദിച്ചു:
‘‘എന്തുപറ്റി? അച്ഛൻ കിതക്കുന്നുണ്ടല്ലോ?’’
‘‘ഒന്നുമില്ല.’’ ഞാൻ പറഞ്ഞു.
രാത്രി കിടന്നുകൊണ്ട് ഞാൻ ചിന്തിച്ചു: ആ വൃദ്ധൻ എന്നോടു സംസാരിച്ചതെന്തിനാണ്? ഫൂഷൽ വാങ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? ഫാദർ മദലിയനും കൊസേത്തും? കാലങ്ങൾ എത്ര കഴിഞ്ഞു. മാത്രമല്ല, അവരൊന്നും ജീവിച്ചിരുന്നവർ അല്ലല്ലോ. ഒരു കഥയിലെ കഥാപാത്രങ്ങൾ അല്ലേ?
കൂടുതൽ അത്ഭുതം തോന്നിയത്: അയാൾ സംസാരിച്ചത് എനിക്കെങ്ങനെ മനസ്സിലായി എന്നതിലാണ്. ഏതു ഭാഷയിലാണ് സംസാരിച്ചത്? ഫ്രഞ്ചിലോ ജർമനിലോ? അതോ മലയാളത്തിലോ?
* ‘‘ഇങ്ങോട്ടു നോക്കൂ.’’
1, 2, 3 വിക്ടർ ഹ്യൂഗോയുടെ ‘പാവങ്ങൾ’ എന്ന
നോവലിലെ കഥാപാത്രങ്ങൾ.
ഫാദർ മദലിയൻ, ഴാങ് വാൽ ഴാങ്ങിന്റെ
ഒളിപ്പേരാണ്.