Begin typing your search above and press return to search.
proflie-avatar
Login

കുറിഞ്ചി -ജ്യോതി ശങ്കർ എഴുതിയ കഥ

കുറിഞ്ചി -ജ്യോതി ശങ്കർ എഴുതിയ കഥ
cancel

ഹരിഹരനെ പെണ്ണുകെട്ടിക്കണം. സുരേന്ദ്രനും ജയപാലനും അന്നേ ദിവസം ഒത്തുകൂടിയതിന്റെ പിന്നിലെ ഉദ്ദേശ്യം തന്നെ അതാണ്. ഹരിഹരൻ വളരെ ചെറുപ്പമാണ് എന്നല്ലേ തോന്നുക. അല്ല ഹരിഹരനും സുരേന്ദ്രനും ജയപാലനും ഒരേ പ്രായം. അറുപത്തിരണ്ട്‍. എന്നാൽ ഹരിഹരൻ അവിവാഹിതനാണോ. അതുമല്ല. ഹരിഹരന് ഭാര്യയും രണ്ടു മക്കളുമുണ്ട്. എന്നു മാത്രമല്ല ഷഷ്ടി കഴിഞ്ഞ ഈ മൂന്നു ചങ്ങാതിമാരുടെ കൂട്ടത്തിൽ, ഏറ്റവും മികച്ച കുടുംബംനോക്കിയും അയാളാണ്. കുടുംബത്താകട്ടെ അങ്ങനെ പ്രശ്നങ്ങളും ഇല്ല. ഐക്യത്തോടെയുള്ള ജീവിതമാണ് അയാളും ഭാര്യയും നയിച്ചുപോന്നത്. അങ്ങനെ ഒരാളെക്കൊണ്ട് വീണ്ടും പെണ്ണുകെട്ടിക്കണോ. അതും രണ്ടു ചങ്ങാതിമാർ ചേർന്നു...

Your Subscription Supports Independent Journalism

View Plans

ഹരിഹരനെ പെണ്ണുകെട്ടിക്കണം. സുരേന്ദ്രനും ജയപാലനും അന്നേ ദിവസം ഒത്തുകൂടിയതിന്റെ പിന്നിലെ ഉദ്ദേശ്യം തന്നെ അതാണ്.

ഹരിഹരൻ വളരെ ചെറുപ്പമാണ് എന്നല്ലേ തോന്നുക. അല്ല ഹരിഹരനും സുരേന്ദ്രനും ജയപാലനും ഒരേ പ്രായം. അറുപത്തിരണ്ട്‍. എന്നാൽ ഹരിഹരൻ അവിവാഹിതനാണോ. അതുമല്ല.

ഹരിഹരന് ഭാര്യയും രണ്ടു മക്കളുമുണ്ട്. എന്നു മാത്രമല്ല ഷഷ്ടി കഴിഞ്ഞ ഈ മൂന്നു ചങ്ങാതിമാരുടെ കൂട്ടത്തിൽ, ഏറ്റവും മികച്ച കുടുംബംനോക്കിയും അയാളാണ്. കുടുംബത്താകട്ടെ അങ്ങനെ പ്രശ്നങ്ങളും ഇല്ല. ഐക്യത്തോടെയുള്ള ജീവിതമാണ് അയാളും ഭാര്യയും നയിച്ചുപോന്നത്.

അങ്ങനെ ഒരാളെക്കൊണ്ട് വീണ്ടും പെണ്ണുകെട്ടിക്കണോ. അതും രണ്ടു ചങ്ങാതിമാർ ചേർന്നു തീരുമാനിച്ചിട്ട്.

ആ തീരുമാനത്തിന് പിന്നിൽ ഒരു കഥയുണ്ട്. കഥക്ക് ഇത്തിരി പഴക്കം വരും. എന്നുെവച്ചാൽ കാൽനൂറ്റാണ്ടും പിന്നെ ഒരിത്തിരീം കൂടെ.

തൊണ്ണൂറ്റിഅഞ്ചിലെ വിൽസ് വേൾഡ് കപ്പിന്റെ സെമി ഫൈനലിൽ ശ്രീലങ്കയോട് തോറ്റ് ഇന്ത്യ പുറത്തായതിനു ശേഷം.

ലിയാണ്ടർ പേസ് അറ്റ്ലാന്റാ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയിട്ടുമില്ല. ആ ഇടവേളയിലാണ് ഈ വർത്തമാനത്തിന്റെ ചരിത്രം. അന്നു മൂന്നുപേരും ഉദ്യോഗസ്ഥർ. പ്രായം മുപ്പതുകളുടെ മധ്യേ. സുരേന്ദ്രൻ പൊതുമരാമത്ത് വകുപ്പിൽ. ജയപാലൻ റവന്യൂ വകുപ്പിൽ. ഹരിഹരനാകട്ടെ ബാങ്ക് മാനേജരും. ഇഴപിരിയാത്ത സുഹൃദ്ബന്ധത്തിന് ദൃഢതയും എരിവും പുളിയും കൈവരുത്താൻ മൂന്നുപേരും ചേർന്ന് 150 രൂപ മാസവാടകക്ക് ഒരു മുറിയെടുത്തിട്ടുണ്ട്. ടൗണിലെ പോപ്പുലർ ലോഡ്ജിൽ. മിക്കവാറും വൈകുന്നേരങ്ങളിൽ ആ മുറിയിൽ മൂവരും ഒത്തുചേരും.

ഒത്തുചേരുക മാത്രമല്ല. കള്ളുകുടി, ചീട്ടു കളി, ഭക്ഷണം കഴിപ്പ് ഇത്യാദി കർമങ്ങൾ. അതിനിടെ, അന്നന്നു വീട്ടിലും ഓഫീസിലും ഉണ്ടായ സംഭവങ്ങൾ പങ്കുവെപ്പ്. കള്ള് തുള്ളി​െവക്കാതെ തീർത്ത്, കളിച്ചു മടുത്താകും രാത്രി വീട്ടിലേക്കുള്ള മടക്കം. തൃപ്തമായ സന്തോഷങ്ങളെക്കുറിച്ചാണ് സായാഹ്ന സംഭാഷണത്തിൽ ഏറിയപങ്കും. ദുഃഖങ്ങളും കുറവല്ല. കൗമാരത്തിൽ മുളപൊട്ടി പടിക്ക് വീണുപോയ പ്രേമങ്ങൾ, പ്രിയപ്പെട്ടവരോടുണ്ടായ പിണക്കങ്ങൾ, അപ്രതീക്ഷിത വിയോഗങ്ങൾ, ഒരിക്കലും തീരാത്ത കടങ്ങൾ അങ്ങനെ ചിലത്.


ഒരേ സംഭവം ആവർത്തിച്ചു പറയുകയും അതു ചൂണ്ടിക്കാണിച്ചതിന്റെ പേരിൽ വഴക്കാകുകയും ചെയ്ത എത്രയെത്ര സന്ദർഭങ്ങൾ. പിണക്കങ്ങളും തല്ലിപ്പിരിയലുകളും ഈ ബന്ധത്തിനും അന്യമല്ല. അഗാധമായ ആ സൗഹൃദത്തിൽ വേർപിരിയലുകൾക്ക് അധികം ആയുസ്സുമില്ല.

ഇതിനെല്ലാമിടയിൽ മൂന്നുപേരെയും നിത്യം വേട്ടയാടിയിരുന്ന ഒരു പൊതുദുഃഖം എന്താണെന്ന് ​െവച്ചാൽ, ഭാര്യമാർക്ക് ജോലിയില്ല. അതു കാരണം വന്നു ഭവിക്കുന്ന സാമ്പത്തികഭാരമാണോ വ്യസനം.

അങ്ങനെയാവാൻ തരമില്ല. മൂന്നുപേരുടെയും സാമ്പത്തികമായി മെച്ചപ്പെട്ട നിലതന്നെ കാരണം. എന്നു മാത്രമല്ല ആ നില മെച്ചപ്പെടുത്താനുള്ള ഇടപെടലുകൾ സ്വയമേവ ഏറ്റെടുക്കാനുള്ള ശ്രദ്ധ വേറെ.

സുരേന്ദ്രനും ജയപാലനും നല്ല കൈക്കൂലിക്കാരെന്ന ഖ്യാതി സ്വന്തം. നല്ലവരോടും കെട്ടവരോടും പണം കണക്കുപറഞ്ഞു വാങ്ങുന്ന ശീലം. ഹരിഹരൻ വലിയ വായ്പ തരപ്പെടുത്തുന്ന ഇടപാടുകൾക്കൊക്കെ കമീഷനടിക്കും. അതുകൊണ്ട് ഡെയിലി പിരിവ് നടത്തി കീശ നിറക്കേണ്ട കാര്യം അയാൾക്കില്ല. ഒറ്റത്തവണകൊണ്ട് മികച്ച ഒരു എമൗണ്ട് കൈയിലേക്ക് പോരും.

പണം ചിലവാക്കുന്നതിനെ കുറിച്ചും വ്യക്തമായ ധാരണയുണ്ട് മൂവർക്കും. ഈ സായാഹ്നങ്ങളുടെ കാര്യം തന്നെയെടുത്താൽ, വൈകുന്നേരത്തെ മദ്യപാനത്തിന്റെ ചിലവ് കൃത്യം മൂന്നു തുല്യഭാഗങ്ങളാക്കി വഹിക്കും. ലോഡ്ജിന്റെ വാടക ആൾക്കൊന്നിന് മാസം അമ്പത്. ചീട്ടു പഴകുമ്പോൾ ഒരു കുത്ത് പുതിയതു വാങ്ങാനുള്ള ഊഴം സുരേന്ദ്രൻ ജയപാലൻ ഹരിഹരൻ എന്നമുറക്ക് ഓരോരുത്തർക്കു വന്നുചേരും. പിന്നെ വല്ലപ്പോഴും വീട്ടുകാർക്ക് മസാലദോശയോ ചിക്കൻ ഫ്രൈയോ, ആണ്ടിലൊരിക്കൽ കുടുംബവുമൊത്തു വിനോദയാത്ര. അതൊക്കെ കഴിക്കാൻ ശമ്പളംതന്നെ ധാരാളം. അല്ലെങ്കിലും ഇതെല്ലാം അത്ര വലിയ ചിലവുകളാണോ.

അതുകൊണ്ടുതന്നെ കൈനീട്ടി വാങ്ങുന്നതൊക്കെ നീക്കിയിരിപ്പ്. അതും ഹരിഹരന്റെ ബാങ്കിൽ. അങ്ങനെ നോക്കുമ്പോൾ സാമ്പത്തിക ക്ലേശങ്ങളല്ല നിത്യദുഃഖ ഹേതു.

പിന്നെയോ.

മൂലകാരണം ആദ്യം വെളിപ്പെടുത്തിയത് ഹരിഹരനാണ്. അൽപസ്വൽപം വായനയൊക്കെ ഉള്ളതുകൊണ്ട് കുറച്ചു ഭാരിച്ച വാക്യത്തിലൂടെ അത് പുറത്തുവന്നു.

‘‘ജോലിയില്ലാത്ത ഭാര്യമാർക്ക് നമ്മളോളം ബൗദ്ധിക ഔന്നത്യം ഇല്ല.’’

അതു കേൾക്കുമ്പോൾ തോന്നുക വിദ്യാഭ്യാസമില്ലാത്ത മണ്ണുണ്ണി പെണ്ണുങ്ങളാണ് അവരെന്ന്. സുരേന്ദ്രന്റെ ഭാര്യ കെമിസ്ട്രിയിൽ പോസ്റ്റ് ഗ്രാേജ്വറ്റ്. ബി.എഡും ഉണ്ട്. ജയപാലന്റെ ഭാര്യ ഡിഗ്രിക്കാരി. ഹരിഹരന്റെ ഭാര്യ ബി.കോമും ടാലിയും പാസായതാണ്. കല്യാണം കഴിക്കുന്നകാലത്ത് ഭാര്യമാർക്ക് യോഗ്യതക്കൊത്ത ജോലി കിട്ടുമെന്നാണ് മൂവരും കരുതിയത്. അങ്ങു കെട്ടി. ജോലിയൊട്ട് കിട്ടിയുമില്ല.

കല്യാണം കഴിഞ്ഞു നാല് വർഷത്തിനിടെ രണ്ടു പ്രസവം. അതിന്റെകൂടെ ഭർത്താക്കന്മാരെ ഒരുക്കിവിടാൻ ഉള്ള പണികൾ വേറെ. കുഞ്ഞുങ്ങളെ വളർത്തൽ ഒരിടത്ത്. ഇതിനിടെ എവിടെ സമയം. ശ്രമിക്കാൻ സമയം വേണ്ടേ എന്നു ചോദിക്കുന്നതല്ലേ ഉചിതം.

അപ്പോൾ പിന്നെ ബൗദ്ധികമായ ഔന്നത്യം ഇല്ല എന്ന വാക്യം ഒന്നു വിശദീകരിച്ചാലേ മനസ്സിലാകൂ. ആ കൃത്യം സുരേന്ദ്രൻ ഏറ്റെടുത്തു. ‘പീപ്പിൾസ്’ ഹോട്ടലിൽനിന്നും വരുത്തിച്ച ചിക്കൻ ഫ്രൈ സവാള ചേർത്ത് ചവക്കുന്നതിനിടെ നടന്ന വിശദീകരണം ഇപ്രകാരം.

‘‘ഇവളുമാർക്ക് ഒന്നും അറിഞ്ഞു ചെയ്യാൻ പറ്റില്ല. ലോക വിവരം ഇല്ലാത്തതിന്റേതാണ്. ജോലി ഇല്ലാത്തോണ്ട് വീട്ടീന്ന് വെളി പോണില്ലല്ല്. നമ്മള് ജോലിയൊക്കെ കഴിഞ്ഞു വീട്ടിൽ ചെല്ലുമ്പോൾ കൊറച്ച് പ്ലസന്റായി നിക്കാൻ അറിഞ്ഞൂട. ഒരു കീറിയ തുണിയും നെഞ്ചിന്റ മേലെ ഒരു തോർത്തും വിരിച്ചു നിക്കും. എന്റെ വീട്ടിൽ ഉള്ളവള് അടുത്ത് വരുമ്പോതന്നെ ഉള്ളീട നാറ്റമാണ്. മേത്ത വിയർപ്പും അതും കൂടി ചേരുമ്പോൾ ഓക്കാനം വരും. ഇനി അത് പോകട്ടെ, രാത്രി കുളിച്ചു വൃത്തിയായി വന്നാൽ വായ്ക്കകത്തു കാണും ഉള്ളിയുടെയും മീനിന്റേം മണം. ഇനി അതെല്ലാം ഇല്ലാത്ത ദിവസം മറ്റേതു വല്ലോം നടക്കോ. അതുമില്ല. നടന്നാലോ മലമലാ ഒരു കിടപ്പാണ് കഴിഞ്ഞിട്ട് എണീറ്റ് പോ എന്നു പറയണില്ല എന്നേയുള്ളൂ.’’

ചിക്കൻഫ്രൈയിലെ സവാള എടുത്തുകൊണ്ട് മറ്റു രണ്ടുപേരും അപ്പറഞ്ഞത് ശരിയെന്ന് സമ്മതിച്ചു. ഈ സംസാരദുഃഖത്തിൽനിന്നും വിടുതൽ തേടി മൂവരും ഒരു തീരുമാനത്തിലെത്തി. വേറെ പെണ്ണ് കെട്ടണം. ഈ അടുക്കളച്ചക്കികളെ വിട്ട് അധികം പെറ്റുപെറ്റു വശംകെടാത്തതും ജോലിയുള്ളതുമായ ഓരോന്നിനെ കണ്ടുപിടിക്കണം. ആ തീരുമാനം കൈക്കൊണ്ട രാത്രി ജയപാലൻ ഇങ്ങനെ കൂടി പറഞ്ഞു.

‘‘നമുക്കെന്താ കുറവ്. ഇനിയും നല്ലതുങ്ങളെ കിട്ടും. ജോലിയുണ്ട്, അത്യാവശ്യം പൈസയുണ്ട്. ചെറുപ്പമാണ്. ഒന്നിനെക്കൂടി എടുക്കാനുള്ള ശേഷിയുമുണ്ട്.’’

അത് പറയുമ്പോൾ അയാൾ വലതുകൈയിലെ ചൂണ്ടുവിരൽ ഇടതുകൈയിലെ തള്ളവിരലിന്റെ ചുവട്ടിൽ ഉരസി. അതു കണ്ടിട്ടോ പറഞ്ഞത് കേട്ടിട്ടോ മറ്റു രണ്ടുപേരും ചിരിച്ചു.

‘‘എന്ത് ചിരിക്കണത്, ശേഷിയില്ലേ?’’ ജയപാലൻ ചോദിച്ചു.

‘‘ഒണ്ട് ഒണ്ട്’’, സുരേന്ദ്രൻ പറഞ്ഞു.

ഒന്നും മിണ്ടാത്ത ഹരിഹരന്റെ മുഖത്തേക്ക് ജയപാലൻ പുരികമുയർത്തി നോക്കി. ‘എന്തെന്ന’ മട്ടിൽ.

‘‘ഒണ്ട്.’’

ദുർബലമായ ശബ്ദത്തിന് കരുത്തു പകരാൻ ശക്തിക്കു തലകുലുക്കുകയാണ് ഹരിഹരൻ ചെയ്തത്.

അതിൽപിന്നെ തുടങ്ങിയതാണ് മൂവരുടെയും അന്വേഷണം. സുരേന്ദ്രനും ജയപാലനും ലക്ഷ്യം ഭേദിച്ചു. അതും അവരുടെ നാൽപതുകളുടെ തുടക്കത്തിൽതന്നെ. ആദ്യം ലക്ഷ്യം കണ്ടത് സുരേന്ദ്രനാണ്. അതിനു മുമ്പുതന്നെ പുതിയ പങ്കാളിയും ഒത്തുള്ള ജീവിതത്തിന് അയാൾ നിലമൊരുക്കാൻ തുടങ്ങി.

ഭാര്യയുമായി അൽപം അകലമൊക്കെ പാലിച്ചു. രാത്രി ഒറ്റക്കാക്കി കിടപ്പ്. ലൈംഗിക ചോദന സഹിക്കാൻ വയ്യാതെ വന്നപ്പോൾ ഭാര്യയുടെ അടുത്തേക്ക് പോയില്ല. പകരം സ്വയംഭോഗം ചെയ്തു. രണ്ടുതവണ പൈസ കൊടുത്തു കാര്യം സാധിക്കാൻ പുറപ്പെട്ടെങ്കിലും അന്തിമഘട്ടത്തിൽ ധൈര്യം ചോർന്നു മടങ്ങി. വീട്ടിൽ സംഭാഷണങ്ങൾ അധികമില്ല. മനഃപൂർവം വൈകിയെത്തൽ. മക്കളുടെ കാര്യങ്ങളിൽ ശ്രദ്ധയില്ലായ്മ, അങ്ങനെ പോയി ഒരുക്കങ്ങൾ.

വീട്ടിലെ അകൽച്ചമാത്രം പോരല്ലോ, അടുക്കാനൊരു തീരം കൂടി വേണം. അങ്ങനെയിരിക്കുമ്പോളാണ് ഒരു പ്രമോഷൻ കിട്ടി ജില്ലക്ക് പുറത്തേക്കു പോയത്. അവിടെനിന്നും അനുയോജ്യയായ ഒരാളെ സുരേന്ദ്രൻ കണ്ടെത്തി. വിധവയാണ്. ജോലിയിൽ സുരേന്ദ്രന്റെ അതേ തസ്തിക. പ്രായംകൊണ്ട് ഇളപ്പമെങ്കിലും സർവീസ് കൊണ്ട് അൽപം മൂപ്പുണ്ട്. ഇരുവരും നല്ല വൃത്തിയായി പ്രേമിച്ചു. രമിച്ചു. രഹസ്യമായി കല്യാണവും കഴിച്ചു.


സുരേന്ദ്രൻ നാട്ടിലേക്ക് മടങ്ങിവന്നപ്പോൾ അവർക്കും ഒരു ട്രാൻസ്ഫർ തരപ്പെടുത്തി. പിന്നെ ഒരുമിച്ചുള്ള ജീവിതം. സുരേന്ദ്രന്റെ ഭാര്യയെപ്പോലെ സുഹൃത്തുക്കളും ഞെട്ടി. സുരേന്ദ്രന്റെ ജന്മഗ്രാമം ആകെയുലഞ്ഞു. ആ ഉലച്ചലിന് ഒന്നുകൂടി കരുത്തു പകർന്ന് കണ്ണെത്താ ദൂരത്തു പരന്നു കിടന്ന സുരേന്ദ്രന്റെ പറമ്പിൽ ഒരു ഭൂമി അളവുമുണ്ടായി. ഭൂസ്വത്തിൽ തനിക്ക് അഞ്ച് സെന്റ്. ശേഷിച്ചത് ആദ്യ ഭാര്യക്കും മക്കൾക്കും. ബാധ്യത ഒഴിവാക്കാനുള്ള സുരേന്ദ്രന്റെ ആദ്യ ഡീൽ. രണ്ടാം വൈവാഹിക ജീവിതം ആരംഭിച്ച ശേഷമുള്ള സായാഹ്നങ്ങളിൽ കൂട്ടത്തിൽ ആദ്യം ലക്ഷ്യം കണ്ട തന്റെ കഴിവിനെക്കുറിച്ച് സുരേന്ദ്രന്റെ വീമ്പ്.

ഭാര്യയെ ഒഴിവാക്കാൻ ജയപാലൻ സ്വീകരിച്ച വഴിയോ, അതിക്രൂരം. ആദ്യമേതന്നെ മർദനം അഴിച്ചുവിട്ടു.

കാണുമ്പോഴേ ഭാര്യ ഒഴിഞ്ഞുപോകുന്ന അവസ്ഥ. വീട്ടിൽനിന്നും അടിക്കടി മാറിപ്പാർത്തു. ഇല്ലാത്തതേ സമാധാനം എന്നു പറഞ്ഞു ഭാര്യയും തിരക്കാൻ പോയില്ല. ജയപാലൻ കണ്ടുപിടിച്ച രണ്ടാം ഭാര്യ സഹകരണ ബാങ്ക് ഉദ്യോഗസ്ഥ. ഒരു പുരയിടം ജപ്തിക്ക് പോയപ്പോ കണ്ടുമുട്ടി. രണ്ടുപേരും ഒൗദ്യോഗികമായ അവരുടെ ചുമതല നിർവഹിക്കാൻ വന്നതാണ്. പരിചയം അങ്ങു കേറി മുഴുത്തു. പ്രേമമായി. സ്ത്രീ വിവാഹമോചിത. മറ്റു ബാധ്യതകളില്ല. ജയപാലൻ പറയുന്ന വീമ്പു ഭാഷയിൽ മൊതലടക്കം ജപ്തി ചെയ്‌തുകൊണ്ട് അവരു സ്വന്തമായി. സ്വന്തമാക്കുക മാത്രമല്ല ഹരിഹരന്റെ ബാങ്കിലുണ്ടായിരുന്ന കുറച്ച് എഫ്.ഡി പിൻവലിച്ച് അവരുടെ ബാങ്കിൽ ഇട്ടുകൊടുത്ത് പങ്കാളിയോടുള്ള വിധേയത്വം പ്രകടിപ്പിച്ചു. അതിന്റെ നീരസം ഹരിഹരന്റെ ഉള്ളിലുണ്ട്.

രണ്ടാം വിവാഹജീവിതത്തെ കുറിച്ചുള്ള പദ്ധതിയിൽ ഇല്ലാതിരുന്ന ഒരു കാര്യംകൂടി ജയപാലന്റെ ജീവിതത്തിൽ പിന്നെ സംഭവിച്ചു. നാൽപത്തിയഞ്ചാം വയസ്സിൽ അയാൾ വീണ്ടും അച്ഛനായി. പെറ്റു വശംകെടാത്ത പെണ്ണിനെ കെട്ടാനുള്ള പൂതി ഉണ്ടായിരുന്നതുകൊണ്ട് രണ്ടാം ഭാര്യ രണ്ടാമത് പെറാതിരിക്കാൻ ജയപാലൻ ജാഗ്രത പാലിച്ചു.

മൂവരിൽ രണ്ടുപേർ പുതുജീവിതം തുടങ്ങി. പ്രണയത്തിന്റെയും രതിയുടെയും പദങ്ങൾ താണ്ടി. ഒരാൾക്ക് മധ്യവയസ്സിൽ സന്താനഭാഗ്യവും കൈവന്നു.

ഇതെല്ലാം നടന്നിട്ടും ഹരിഹരന് മാത്രം അനക്കങ്ങളൊന്നുമില്ല. എന്നു മാത്രമല്ല അയാളും ഭാര്യയും തമ്മിലെ ബന്ധം കൂടുതൽ ദൃഢമെന്നു ചങ്ങാതിമാർക്ക് തോന്നി. ചോദിക്കുമ്പോൾ ‘അതെല്ലാം ഒരു മ്യൂച്വൽ എഗ്രിമെന്റ്’ എന്ന ഒഴുക്കൻ മറുപടി.

കേസും വഴക്കും മറ്റു ജീവിത തിരക്കുകളും കാരണം ചങ്ങാതിമാർക്ക് ഹരിഹരന്റെ കാര്യം വേണ്ടപോലെ കൈകാര്യം ചെയ്യാനെവിടെ സമയം. അങ്ങനെ നീണ്ടുനീണ്ട് വർഷങ്ങൾ ഒന്നും രണ്ടുമല്ല കാൽ നൂറ്റാണ്ടിലധികം കടന്നു. അപ്പോളാണ് ആ യൗവന സ്വപ്നത്തിന്റെ കഥ പൊടി തട്ടിയെടുക്കാൻ സുരേന്ദ്രനും ജയപാലനും തോന്നിയത്.

പെട്ടെന്ന് ഇതങ്ങനെ പൊടിതട്ടിയെടുക്കാൻ ഒരു കാരണം വന്നുചേർന്നു. സുരേന്ദ്രന്റെ പരിചയത്തിൽ ഒരു പെണ്ണുണ്ട്. സബല. കൂടെ ജോലി ചെയ്തിരുന്നതൊക്കെ തന്നെ. ഇത്തിരി ജൂനിയറാണ്. അവിവാഹിത. ഇപ്പോളും റിട്ടയർ ആയിട്ടില്ല.

സർവീസ് ജീവിതത്തിന്റെ ഇടക്ക് സുരേന്ദ്രനും ചെറിയ അടുപ്പമൊക്കെ തോന്നി. മൂന്നാമത് വിവാഹം കഴിക്കാനല്ലെങ്കിലും പുത്തൻ പരീക്ഷണങ്ങൾ നടത്താൻ പറ്റിയാലോ എന്നു കരുതി അടുപ്പം പൊതിഞ്ഞു പ്രകടിപ്പിച്ചും നോക്കി. നിഷ്ഫലം. അവരൊരു കരിങ്കല്ല്.

പിന്നീട് റിട്ടയർ ചെയ്തശേഷം പഴയ കാര്യങ്ങൾ ഓർത്തെടുക്കുന്നതിനിടെ അവരെ ഹരിഹരനെ കൊണ്ട് കെട്ടിച്ചാലോ എന്നൊരു ആലോചന. ആലോചനക്ക് ഒരു സ്ട്രോങ് ബാക്ഗ്രൗണ്ടും ഉണ്ടല്ലോ. അതുകൊണ്ടു തന്നെ ജയപാലനോട് പറഞ്ഞു നോക്കി. അവനും സമ്മതം. ഇനി ഹരിഹരനാണ് മറുപടി പറയേണ്ടത്.

ഇതുവരെ പെണ്ണു കിട്ടാതെ പോയതിനു ഹരിഹരന് നിരത്താൻ കാരണങ്ങൾ പലത്. മറ്റു രണ്ടുപേരെപ്പോലെ വലിയ ജനസഞ്ചയവുമായി ദിനേന ഇടപെടുന്ന ഒരാളല്ല ഹരിഹരൻ. ഒരു ബാങ്ക്, അവിടത്തെ സ്റ്റാഫ്, ഇടപാടുകർ അത്രതന്നെ അയാളുടെ ഇടപഴകൽ. സാങ്കേതികവിദ്യ പിടിമുറുക്കിയപ്പോ അയാളുടെ ലോകവും ചെറുതായി. ഇടപാടുകാർ വല്ലപ്പോഴും. സ്റ്റാഫുകളുടെ എണ്ണവും കുറഞ്ഞു. വയസ്സ് 50 ആകുമ്പോഴേക്കും ആവേശത്തിലും ചോർച്ചവന്നു. എങ്കിലും തനിക്ക് താൽപര്യമില്ലാത്തതുകൊണ്ടല്ല കാര്യം നടക്കാത്തത് എന്നു സമർഥിക്കാൻ ഹരിഹരൻ കൂട്ടുകാരോട് ഒരു കഥ പറഞ്ഞു. അതിങ്ങനെയാണ്.

ഏതാണ്ട് പത്തു കൊല്ലം മുമ്പ്. അന്നയാൾക്ക് രാജപാളയത്തെ ബ്രാഞ്ചിലായിരുന്നു ജോലി. പട്ടിയുടെ തലയും മനുഷ്യന്റെ ഉടലുമുള്ള ഒരു വലിയ പ്രതിമയായിരുന്നു അയാളുടെ മനസ്സിൽ രാജപാളയം എന്ന് കേട്ടപ്പോൾ കടന്നുവന്നത്. അവിടെ അങ്ങനെയൊന്ന് ഉണ്ടായിരുന്നില്ലെങ്കിലും. ശെന്തുരുണി താണ്ടി തെങ്കാശി കടന്ന് ഒരു മൂന്നു മൂന്നര മണിക്കൂർ വേണം വീട്ടിൽ നിന്നും രാജപാളയത്തെത്താൻ. അവിടെ ബാങ്ക് നൽകിയ വീട്ടിൽ താമസം. സ്വഗൃഹത്തിലേക്കുള്ള ഗമനം ആഴ്ചയിലോ രണ്ടാഴ്ചയിലോ ഒരിക്കൽ. യാത്ര സുഗമമാക്കാൻ ഒരു കാറും വാങ്ങി.

ആയിടക്കാണ് മുല്ലപ്പെരിയാർ പ്രശ്നം വീണ്ടും പൊന്തിവന്നത്. അതിന്റെ പേരിൽ തമിഴകത്ത് ഊക്കൻ ഹർത്താൽ, ഉഗ്രൻ പ്രതിഷേധം. അന്ന് ബ്രാഞ്ച് തുറക്കേണ്ട എന്നു ഹെഡ് ഓഫീസിലെ നിർദേശവും. ഒരുദിവസം വീട്ടിൽ പോയി നിന്നു മടങ്ങാമെന്ന് അയാൾ കരുതി. തീരുമാനം വീട്ടിലേക്ക് വിളിച്ചറിയിച്ചില്ല. സുരക്ഷാ മുന്നൊരുക്കം എന്നനിലയിൽ അതിർത്തിയിൽ ചിലപ്പോ തടസ്സമുണ്ടായാലോ. അതുകൊണ്ട് ചെക്ക്പോസ്റ്റ് കഴിഞ്ഞു വിളിക്കാം എന്നു കരുതി.

ഏതാണ്ട് പുളിയൻകുടി എത്തിക്കാണും. ശടേന്ന് ഒരു പുത്തൻ ബുള്ളറ്റ് അയാളുടെ കാറിനെ മറികടന്നു. ഓടിക്കുന്നയാൾ നീല ജീൻസും കറുത്ത ജാക്കറ്റും വേഷം. വണ്ടിയുടെ വെളിച്ചത്തിൽ ഹെൽമറ്റിനിടയിലൂടെ പാറുന്ന നീളൻമുടിയും ആകാരവും കണ്ട് അതൊരു പെണ്ണാണെന്ന് ഊഹിച്ചു. ആഹാ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. ഹരിഹരൻ മുന്നിലേക്ക് കയറി. അവളും വിട്ടുകൊടുത്തില്ല, മുന്നിലേക്ക് കയറി. കുഞ്ചുവിരൽ ഒതുക്കി​െവച്ച് അവൾ ക്ലച്ച് പിടിക്കുന്നതിന്റെ ഭംഗി അയാൾ ആസ്വദിച്ചു. അപ്പോഴുണ്ട് ആ കൈത്തണ്ടയിൽ എന്തോ പച്ച കുത്തിയിരിക്കുന്നതു കണ്ടത്. അതിലായി അയാളുടെ കൗതുകം. അതെന്താണെന്ന് ഊഹിക്കാൻ ശ്രമിച്ചു. ഊഹം ശരിയാണോന്ന് പരിശോധിക്കാനുള്ള വ്യഗ്രതയിൽ ഇടക്ക് കാറിനു വേഗം കൂട്ടി. ഹെഡ്‌ലൈറ്റിന്റെ വെളിച്ചം നന്നായി തെളിച്ചുനോക്കി. ആ പെണ്ണ് അതൊരു മത്സരമായി പരിഗണിച്ചു. വിട്ടുകൊടുക്കാനൊട്ടു തയാറുമായില്ല.

അങ്ങനെ മത്സരിച്ച് മത്സരിച്ച് ഏതാണ്ട് പതിനഞ്ചു കിലോമീറ്റർ പോയിക്കാണും. അവളൊരു കാപ്പിക്കടയിലേക്ക് വണ്ടി ഒതുക്കി. ഹരിഹരനും ഒപ്പം കയറി. ഹെൽ​െമറ്റ്‌ ഊരിക്കണ്ടപ്പോൾ, ഏതാണ്ട് ഹരിഹരന്റെ ഭാര്യയുടെ അത്രതന്നെ പ്രായം തോന്നിക്കുന്നു. തടി​െബഞ്ചിൽ അവരോട് അടുത്തിരുന്ന് അയാൾ സംസാരിക്കാൻ തുടങ്ങി. പിന്നണിയായി കടക്കുള്ളിലെ പെട്ടിയിൽനിന്ന് സൗന്ദരരാജന്റെ പാട്ട്.

മത്സരത്തെക്കുറിച്ചുള്ള തർക്കങ്ങളിൽ തുടക്കം. പിന്നെ ചർച്ച യാത്രകളുടെ ഉദ്ദേശ്യങ്ങളെ കുറിച്ച്. എങ്ങോട്ടു പോകുന്നു, എന്തിനു പോകുന്നു… അവർ ചെന്നൈയിൽ അക്കൗണ്ടന്റ്. കൂട്ടുകാരിയെ കാണാനുള്ള യാത്രയിലാണ്. മുമ്പ് ഹോസ്റ്റലിൽ ഒരേ മുറിയിൽ ഒരുമിച്ചു താമസിച്ചിരുന്നവർ. ഹരിഹരനും വിശേഷങ്ങൾ പങ്കുവെച്ചു. കേട്ടപ്പോൾ ആ പെൺകുട്ടിക്ക് കൗതുകം.

കാണാൻ പോകുന്ന കൂട്ടുകാരിയുടെ ഭർത്താവിനും ബാങ്കിലാണ് ജോലി. ആള് ആഴ്ചയിൽ ഒരിക്കലേ വീട്ടിൽ വരാറുള്ളൂ. ഈയൊരു ഇടവേള നോക്കി ചിൽ ചെയ്യാൻ ഇറങ്ങിയതാണ്. അതു പറയുമ്പോൾ അവൾ കണ്ണിറുക്കി കാണിച്ചു. കാപ്പി ഗ്ലാസ് തട്ടിലേക്ക് മടക്കി െവക്കുമ്പോൾ അവളുടെ കൈകളിലെ പച്ചകുത്ത് എന്താണെന്ന് അയാൾ നോക്കി. ഇടയ്ക്കെപ്പോഴോ ഊഹിച്ചപോലെ അത് എസ് എന്ന ഇംഗ്ലീഷ് അക്ഷരം തന്നെ.

ആ സ്ത്രീ പിന്നെയും കേരളത്തിലേക്ക് യാത്ര തുടർന്നു. അൽപനേരം കൂടി കടക്കു മുന്നിൽ ചിലവഴിച്ച ശേഷം ഹരിഹരൻ രാജപാളയത്തേക്ക് മടങ്ങി.

‘‘തിരിച്ചു പോയാ?’’ ഈ കഥ കേട്ട് തീർന്നപ്പോൾ സുരേന്ദ്രൻ ചോദിച്ചു.

‘‘ആ പോയി.’’ ഹരിഹരൻ പറഞ്ഞു

‘‘കൂടെ വന്നൂടെ, ആര്യങ്കാവ്... ആ വനോം തണുപ്പും ഇരുട്ടും എത്തുമ്പോൾ അവളുടെ മൂ​െഡാ​െക്ക മാറിയേനെ.’’

‘‘ഇല്ലെന്ന്. സുരേ നിനക്ക് കാര്യം മനസ്സിലാകാത്തൊണ്ടാണ്. ഈ പാതിരാത്രിക്ക് പോലും എങ്ങും തങ്ങാതെ, ഇത്രേം ദൂരം, അതും വണ്ടിയോടിച്ച് പോണം എങ്കിൽ അത്രക്ക് വേണ്ടപ്പെട്ട ഒരാളെ കാണാനാണ്. നീ നിന്റെ രണ്ടാമത്തവളെ കെട്ടുന്നതിനു മുമ്പ് ഇങ്ങനെ രാത്രിക്ക് രാത്രി ഓടി ചെല്ലുമായിരുന്നില്ലേ. വീട്ടിൽ കള്ളം പറഞ്ഞിട്ട്.’’

‘‘അത് ഞാനും അവളും. ഞങ്ങൾക്ക് അതിനു മുട്ടുമ്പോൾ അല്ലേ..? അല്ല നീയെന്തിന് തിരിച്ചു പോയത്?’’

‘‘നീയൊന്ന് മിണ്ടാതിരി’’, ഹരിഹരൻ ശബ്ദമെടുത്തു.

തർക്കം മുറുക്കാൻ സുരേന്ദ്രൻ തയാറെടുത്തപ്പോൾ ജയപാലൻ ഇടപെട്ടു.

‘‘അതു പോണെങ്കിൽ പോട്ടെ ഇതിന്റെ കാര്യം പറ.’’

‘‘ഏത്?’’

‘‘സബല.’’

‘‘ഈ പ്രായത്തില് ഇനി. അന്ന് പ്രായത്തിന്റെ തെളപ്പിൽ ഓരോ കാര്യങ്ങൾക്ക് എടുത്തു ചാടി. എന്നുവച്ച് ഇപ്പോൾ അത് പറ്റോ. എന്റെ പെമ്പറന്നോരും ഞാനും തമ്മിൽ നാല് വയസ്സേ വ്യത്യാസം ഉള്ളൂ. ഇപ്പോൾതന്നെ അവള് ഏന്തിയേന്തിയാണ് നടപ്പ്. ഇല്ലാത്ത അസുഖങ്ങളില്ല. ഞാൻ വേറെ കെട്ടാൻ പോയാൽ അവളപ്പം അറ്റാക്ക് വന്നു ചാകും.’’

അതായിരുന്നു ഹരിഹരന്റെ മറുപടി

‘‘എന്നാൽ എളുപ്പമല്ലേ?’’ ജയപാലൻ കുലുങ്ങിച്ചിരിച്ചു.

‘‘മൂത്ത മോൾക്ക് രണ്ടു പിള്ളേരായി. അപ്പൂപ്പൻ വേറെ കല്യാണം കഴിക്കുന്നെന്നു അതുങ്ങളെങ്ങാൻ അറിഞ്ഞാൽ.’’

‘‘എടേ ഞങ്ങള് ഈ പിള്ളേരെ ഒക്കെ കളഞ്ഞാണ് കെട്ടിയത്. അന്ന് അതിനൊന്നും പ്രായമായിട്ടുപോലുമില്ല. നിനക്ക് അങ്ങനെ ഒന്നുമല്ലല്ലോ.’’ ജയപാലൻ പറഞ്ഞു.

‘‘അതേ. ഒന്ന് ശ്രമിച്ചു നോക്ക്. കിട്ടിയാ കിട്ടി.’’ സുരേന്ദ്രൻ പ്രോത്സാഹിപ്പിച്ചു.

‘‘അങ്ങനെ ആലോചന ആയിട്ടൊന്നും വേണ്ട.’’ ഹരിഹരൻ ഒന്നു പരുങ്ങി.

‘‘എന്നാ നമുക്കൊരു മീറ്റിങ് സംഘടിപ്പിക്കാം. വെറുതെ കൂടിക്കാഴ്ച. നീ ഫാമിലിയായിട്ട് വന്നോ? ഞങ്ങളും അങ്ങനെ തന്നെ വരാം.’’

മൂന്നു കൂട്ടുകാർ കാൽനൂറ്റാണ്ടു മുമ്പ് വെള്ളപ്പുറത്ത് എടുത്ത ഒരു തീരുമാനം പൂർണതയിലേക്കെത്താനുള്ള ചുവടുവെപ്പ്. വിശ്രമജീവിതത്തിന് ഒരു രസമൊക്കെ വരാനുള്ള ചലഞ്ച് എന്ന വിശേഷിപ്പിക്കുന്നതാകും കൂടുതൽ ശരി. അതിന്റെ ഫലം വിജയമായാലും പരാജയമായാലും അവർക്കൊന്നുമില്ല.

പഴയ മാതൃകയിൽ കെട്ടിയുണ്ടാക്കിയ ഒരു റെസ്റ്റോറന്റാണ് കൂടിക്കാഴ്ചക്കായി തിരഞ്ഞെടുത്തത്. ബാഗിലൊരു കുപ്പിയിൽ സുര പ്ലസ് സോഫ്റ്റ്‌ ഡ്രിങ്ക് മിക്സ് സുരേന്ദ്രൻ കരുതി. രണ്ടു ചങ്ങാതിമാർക്കും അതീന്നു സപ്ലൈ കിട്ടി. ധൈര്യത്തിനു വേണ്ടി ഹരിഹരന് ഒരു കവിൾ കൂടുതൽ അലോട്മെന്റ്.

സബല എത്തിയപ്പോൾ അൽപം വൈകി. വന്നയുടനെ സുരേന്ദ്രന്റെ വക ആളെ അവതരിപ്പിക്കുന്ന പരിപാടി. അയാളുടെ ആയൊരു ആവേശം രണ്ടാം ഭാര്യക്ക് അത്ര പിടിച്ചില്ല. അൽപം കഴിഞ്ഞ് ഹരിഹരൻ സബലയെ നേരിട്ട് പരിചയപ്പെട്ടു. പിന്നിൽ നിന്ന ഭാര്യയെ ചൂണ്ടി പറഞ്ഞു:

‘‘ഇതെന്റെ ഭാര്യ.’’

സബല അവരോട് പേര് ചോദിച്ചു.

‘‘സുരേഖ.’’

അവർ ശബ്ദം താഴ്ത്തി പറഞ്ഞു. ഇരുവരും ഹസ്തദാനം ചെയ്തു. പിന്നെ സബലയും സുരേഖയും ഏറെ നേരത്തെ സംസാരം. ഒരു മിന്നൽപിണറാണ് സുരേന്ദ്രന്റെയും ജയപാലന്റെയും ഉള്ളിൽ പാഞ്ഞത്. ഇതേ പെണ്ണുങ്ങൾ കൂട്ടുകാരനായി തർക്കിക്കുന്ന കാലം. ഭൂതകാല ചിന്ത അപ്പൊത്തന്നെ ഇരുവരെയും ചിരിയിലേക്ക് വഴിമാറ്റി.

ഹരിഹരന് ഒരു ലാൻഡ് ലൈൻ നമ്പറും മൊബൈൽ നമ്പറും ഉണ്ട്. രണ്ടും സബലക്ക് കൈമാറി. ലാൻഡ്ലൈൻ സുരേഖക്ക് ഉപയോഗിക്കാൻ ഉള്ളത്. വീട്ടിൽതന്നെ കഴിയുന്ന അവർക്കെന്തിനു മൊബൈൽ ഫോൺ. ഇടക്കിടെ ഹരിഹരൻ പുറത്തേക്കിറങ്ങിയ ശേഷം വരാൻ വൈകുമ്പോ വിളിക്കും. പിന്നെ മക്കൾ, അടുത്ത ചില ബന്ധുക്കൾ സുഹൃത്തുക്കൾ ഒക്കെയാണ് അങ്ങേത്തലക്കൽ എത്താറ്.

കുറഞ്ഞ കാലത്തിനുള്ളിൽ സബലയും സുരേഖയും തമ്മിൽ സംസാരിക്കാൻ ഉപയോഗിക്കുന്നതുകൂടിയായി ആ ലാൻഡ് ഫോൺ. ഹരിഹരനോട്‌ മിണ്ടാൻ മൊബൈലിലാണ് സബല വിളിക്കാറ്. അങ്ങനെ ദിനങ്ങൾ നീങ്ങവേ സബല ഹരിഹരനോട് ഒരു വിവരം പങ്കുവെച്ചു.

ഒരു യാത്രയുണ്ട്. കാര്യം വേറൊന്നുമല്ല. സർട്ടിഫിക്കറ്റിൽ ജന്മദിനം തിരുത്തണം. ഇപ്പോളുള്ള രേഖപ്രകാരം വയസ്സ് യഥാർഥ പ്രായത്തെക്കാൾ ഒരു വർഷം കൂടുതലാണ്. അതങ്ങ് ശരിയാക്കിയാൽ സർക്കാർ സർവീസിൽ ഒരു കൊല്ലംകൂടി നീട്ടിക്കിട്ടും. അതിനൊത്ത രേഖകൾ വേണം. സബലയുടെ അച്ഛൻ റിട്ടയേഡ് ഫ്രം ഇന്ത്യൻ റെയിൽവേ. തമിഴ്നാട് പോണ്ടിച്ചേരി അതിർത്തിയിൽ, വില്ലുപുരം സ്റ്റേഷനിൽ ജോലി ചെയ്തുവരുമ്പോഴാണ് സബലയുടെ ജനനം. അവിടത്തെ ആശുപത്രിയിൽ അന്വേഷിച്ചാൽ എന്തെങ്കിലും തുമ്പുണ്ടാകും. ആ യാത്രയുടെ കാര്യം സബല ആദ്യം ഹരിഹരനോടും പിന്നെ സുരേഖയോടും പറഞ്ഞു. അതിനൊരു സഹായാഭ്യർഥനയുടെ ചുവ. ഹരിഹരൻ എന്തെങ്കിലും പറയും മുന്നേ സബലക്ക് കൂട്ട് പോകാനുള്ള ഡിമാൻഡ് സുരേഖയുടെ വക.

ഇത്തരം കാര്യങ്ങൾ അരങ്ങേറുമ്പോൾതന്നെ വല്ലാത്ത ഒരാധി സുരേന്ദ്രനെയും ജയപാലനെയും കടന്നുപിടിച്ചു. കാര്യങ്ങൾ നിരീച്ച വഴിക്കല്ല നീങ്ങുന്നത്. സാധാരണ ഇത്തരം ബന്ധങ്ങളിൽ കണ്ടുവരുന്ന ഒരു രീതി, ആദ്യം ഒരു പെണ്ണ് കുടുംബവുമായി അടുക്കും, എന്നിട്ട് അങ്ങോട്ടും ഇങ്ങോട്ടും പോക്കുവരവൊക്കെ ഉണ്ടാകും, കെട്ടിയോൻ മറ്റവളെ വച്ചോണ്ടിരിക്കുകയാണ് എന്നറിയുന്നതിന്റെ അന്ന് കുടുംബത്ത് ഒരടിപിടി വഴക്ക് വെല്ലുവിളി. അവിടന്നു വീഴുന്ന വിള്ളൽ വലുതാകും. ആണങ്ങ് കളഞ്ഞിട്ടു പോകും.


 



ഇവിടെ അങ്ങനെ ഒന്നുമല്ലല്ലോ. ആദ്യം കണ്ട ദിവസം തന്നെ രണ്ടു പെണ്ണുങ്ങളും ഒരുപാട് സംസാരിച്ചു. അന്നുകൊണ്ട് തീരാത്തത് പോലെ പിന്നെ ഫോണിലും വിളിച്ചു. അടിപിടിയേക്കാൾ സാധ്യത അടുപ്പത്തിനായി. അങ്ങനെ നോക്കുമ്പോൾ ഇട്ട പദ്ധതിയുടെ വഴിക്കല്ല കാര്യങ്ങൾ നീങ്ങുന്നത്.

എന്തിനേറെ പറയുന്നു, ഒരു രാത്രി ഹരിഹരനും സുരേഖയും സബലയും ഉൾപ്പെട്ട ഒരു ത്രീസം രതി സ്വപ്നത്തിൽ കണ്ടു ഞെട്ടിയുണരാനുള്ള വിധി സുരേന്ദ്രനുണ്ടായി. സ്വപ്നത്തിന്റെ കാര്യം ജയപാലനോട് പറഞ്ഞു. രണ്ടു പെണ്ണുങ്ങൾക്കൊപ്പം ജീവിക്കാൻ അവസരം കിട്ടിയെങ്കിലും അത്യപൂർവവും കൗതുകകരവുമായ ഈ രത്യനുഭവം തങ്ങൾക്ക് അന്യമാണല്ലോ എന്ന നഷ്ടബോധം അന്നേരം അവരെ കടന്നുപിടിച്ചു.

യാത്രയുടെ തലേന്നത്തെ വെള്ളമടിക്കിടെ ഹരിഹരന് ചില ടിപ്പണികൾ നൽകുവാനും ചങ്ങാതിമാർ മറന്നില്ല. പെമ്പറന്നൊരെ ചെയ്യുംപോലെ ആക്രമിച്ചു കീഴടക്കരുത്. ഭാര്യ സ്വത്താണ് എന്ത് ഡാമേജും വരുത്താം. ഇതങ്ങനെ ആയിട്ടില്ല

എന്നൊക്കെ അർഥം വരുന്ന നെടുങ്കൻ ഉപദേശങ്ങൾ.

വൈകിട്ട് നാല് മണിക്കുള്ള ബസിലാണ് ഹരിഹരനും സബലയും വില്ലുപുരത്തേക്ക് പുറപ്പെട്ടത്. അവിടെ എത്തിച്ചേർന്നത് രാവിലെ നാല് മണിക്ക്.

വരുമെന്ന് നേരത്തേ അറിയിച്ചിരുന്നപോലെ ഹോട്ടൽ ചെക്ക്-ഇൻ. മിടിപ്പോടെ ഹരിഹരൻ അവർക്കൊപ്പം റൂമിലേക്ക് കയറി. ആക്രമിക്കപ്പെടാൻ പോകുന്ന ഇരയുടെ ദൈന്യത ആ മിടിപ്പിലറിയാം. അപരിചിതരായ ആണും പെണ്ണും ഒരു മുറിയിൽ പാർത്താൽ ശാരീരികബന്ധം അനിവാര്യമാണെന്നു ഹരിഹരന്റെ അറിവ്. എത്ര അനുഭവങ്ങൾ കേട്ടിരിക്കുന്നു. അങ്ങനെ ബന്ധപ്പെട്ടതിന്റെ ഇടയിൽ അക്കൗണ്ടിൽ കിടന്ന പൈസ അടിച്ചോണ്ടുപോയ സംഭവങ്ങൾവരെ ഔദ്യോഗിക ജീവിതത്തിനിടെ അയാൾ കൈകാര്യം ചെയ്തിട്ടുണ്ട്. അഗമ്യഗമനങ്ങളുടെ കഥകൾ അയാളുടെ ഓർമയിൽ നിറഞ്ഞു. വിയർത്തുപോയി പാവം. എന്നാൽ സബല അതേക്കുറിച്ചൊന്നും ചിന്തിക്കാത്തപോലെ. കുളിച്ചു, ഹരിഹരൻ അടുത്തു കിടന്നിട്ടും നന്നായി ഉറങ്ങി, നല്ല കനത്ത ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു.

രാവിലെ ഒമ്പതു മണിയോടടുത്ത് ഹോട്ടൽ മാനേജർ വന്നു. മ്മാ എന്നുള്ള ആളുടെ വിളിയിൽതന്നെ സബല മുമ്പൊക്കെ അവിടെ വന്നിട്ടുണ്ടെന്ന് ഹരിഹരനു മനസ്സിലായി.

ഏകാംബരൻ, അതാണയാളുടെ പേര്. മലയാളവും ഇംഗ്ലീഷും തമിഴും കലർത്തിയുള്ള സംസാരം. നീല ജീൻസും വെള്ള ഷർട്ടും സാൾട്ട് ആൻഡ് പെപ്പർ താടിയും എല്ലാംകൂടി കലർന്നപ്പോൾ ഒരു ഗജചുള്ളൻ.

ഹസ്തദാനം ചെയ്യുമ്പോൾ ഏകാംബരന്റെ കൈവെള്ളക്ക് തൊട്ടു താഴെയായി പൊന്തി വന്ന ഒരു കുഞ്ഞു മുഴയിൽ ഹരിഹരന്റെ കൈകൾ ഉരസി. ഇരുവർക്കും ഹാ! രോമാഞ്ചം. ആ തെളിച്ചം കണ്ണുകളിലേക്കും പരന്നു. പോകേണ്ട സ്ഥലങ്ങളെ കുറിച്ചുള്ള ഏകാംബരന്റെ ഉച്ചത്തിലുള്ള നിർദേശങ്ങൾ. അപ്പോളും അയാളുടെ ചിരിക്കുന്ന കണ്ണുകളിൽ മാത്രം ഉടക്കി നിൽക്കുകയായിരുന്നു ഹരിഹരൻ.

ഏകാംബരന് ആ ഹോട്ടലിൽതന്നെ ഒരു മുറിയുണ്ട്. നമ്പർ നാനൂറ്റി മുപ്പത്തിരണ്ട്. അന്നു രാത്രി മൂവരും ആ മുറിയിൽ ഒത്തുകൂടി. സബല പോയ ഇടങ്ങളെക്കുറിച്ചായിരുന്നു സംസാരം. രാത്രി പിരിയുമ്പോൾ നാടും നഗരവും ചുറ്റിക്കാണാൻ ഹരിഹരന് ഏകാംബരന്റെ ക്ഷണം. അതുകൊണ്ടാകണം രണ്ടാം ദിവസം പകൽ ഹരിഹരനെ സ്വതന്ത്രനാക്കി സബല അന്വേഷണങ്ങൾ ഒറ്റക്കാക്കി.

പകൽ മാനേജർ ഏകാംബരനും ഹരിഹരനും കടൽതീരത്തേക്ക് പോയി. പോയവഴിക്ക് അൽപം മദ്യസേവ, എത്തിയ ശേഷം കടലിലെ കുളി.

പടിഞ്ഞാറിന്റെ കടലല്ല കിഴക്ക്. അവിടെ അൽപംകൂടി വന്യമാണ് കാര്യങ്ങൾ. ഇര പിടിക്കാൻ വരുമ്പോലെയാണ് തിരകൾ വരിക. ഓങ്ങിയുള്ള ഒറ്റയടിയിൽ സകല നാഡികളെയും അതു ത്രസിപ്പിക്കും. വെള്ളം തൊട്ടപ്പോൾ ഹരിഹരന്റെ മുലഞെട്ടുകൾ വിളങ്ങിത്തെളിഞ്ഞു. ദീർഘകാലമായി അടിഞ്ഞതെന്തോ അതിലൂടെ പുറത്തേക്ക് തെറിച്ചതായി അയാൾക്ക് തോന്നി. കുളിക്ക് ശേഷം ഷോർട്സ് അണിഞ്ഞു കടൽത്തീരത്ത് കിടക്കുമ്പോൾ ദൂരെ ആകാശത്തോളം പോന്ന ഒരു ക്ഷേത്രഗോപുരം കാണാം. ആ കാഴ്ചയിൽ ഹരിഹരന് ദേഹമാകെ ഒരു തരിപ്പ്. ഉള്ളിലൂറുന്ന കള്ളുകൂടി ചേർന്നതോടെ ചെറുപ്പം പയ്യെ നിവർന്നെഴുന്നേറ്റു. അന്നേരം അയാൾ മണലിലേക്ക് കമഴ്ന്നു കിടന്നു. പുത്തൻ ചങ്ങാതിയുടെ മുതുകിൽ തെളിഞ്ഞ എല്ലിൻപൊട്ടുകളിൽ മണൽ വിതറി ഏകാംബരൻ ഒരു പാട്ടു പാടി.

വിണ്ണോട് വിളയാടും

പെണ്ണന്ത പെണ്ണല്ലവോ

സെൻട്രേൻ…

കണ്ടേൻ…

വന്തേൻ…

പുളിമരങ്ങളും ആലും നിറഞ്ഞ വഴികളിലൂടെ വീട്ടിലേക്ക് കാറോടിച്ചു പോയ പഴയകാല സന്ധ്യകൾ ഹരിഹരന്റെ ഓർമയിലെത്തി. കമിഴ്ന്നു കിടന്ന നിലയിൽ അയാൾ പുഞ്ചിരിച്ചു. ചൂട് കാപ്പി കുടിച്ച് ബൈക്കിൽ മടങ്ങുമ്പോൾ ഫ്രഞ്ച് സ്‌മൃതികൾ പൂത്തു നിന്ന പോണ്ടിത്തെരുവ് പാരിസ് ആണെന്നു ഹരിഹരന് തോന്നി. വഴിയിൽ കൈകാട്ടിയ പോലീസിനെ വെട്ടിച്ചതും വേഗത്തിൽ രക്ഷപ്പെടുമ്പോൾ വീണു പോകാതിരിക്കാൻ ഏകാംബരനെ പുണർന്നതും അയാൾ ആസ്വദിച്ച കാര്യങ്ങൾ. മുറിയിലേക്ക് മടങ്ങിയെത്തിയ ശേഷം സുരേഖയെ വിളിച്ച് സന്തോഷകരമായ ആ ദിനത്തെ കുറിച്ച് ഒരു നീളൻ വിവരണവും നൽകി.

അങ്ങനെ ഓരോ ദിനം ഓരോ ഇടങ്ങളിലേക്ക് ആ സുഹൃത്തുക്കൾ ചേക്കേറി. അർജുനന് ഉലൂപിയിൽ ഉണ്ടായ മകൻ, അറവാന്റെ കോവിലാണ് അവസാന ദിവസം പോയ ഇടം. അസ്തമയമായപ്പോഴാണ് അവിടെന്ന് പിരിഞ്ഞത്. കുലത്തിന്റെ മഹിമ സൂക്ഷിക്കാൻ ആഗ്രഹങ്ങളെ ബന്ധിച്ച അറവാൻ. ഒരു രാത്രിയേ മംഗല്യഭാഗ്യമുണ്ടായുള്ളൂ. പിറ്റേന്ന് മൃതി.

അതേക്കുറിച്ച് ഓർത്ത ഹരിഹരന് ഉറക്കെ നിലവിളിക്കണം എന്നു തോന്നി. ലോകത്തെ എന്തോ അറിയിക്കാനുണ്ട് തനിക്ക്. നിലവിളിയോളം എത്തിയില്ലെങ്കിലും തൊണ്ട തുറന്നു ഒന്നു കൂക്കി വിളിക്കാൻ അയാൾ തയാറായി. അതു കേട്ട് ഏകാംബരനും കൂക്കി. മണ്ണിലെ ചൂടും വിണ്ണിലെ ചുവപ്പും ഉള്ളിലെ വിഷാദവും കുറഞ്ഞ കാലത്തേക്കെങ്കിലും കണ്ടുമുട്ടിയ ആ സുഹൃത്തുക്കളെ നിശ്ശബ്ദരാക്കി.

നാട്ടിലേക്ക് മടങ്ങുന്നതിനു മുമ്പ് നന്ദി പ്രകാശിപ്പിക്കാനാണ് അന്നു രാത്രി സബലയും ഹരിഹരനും നാനൂറ്റി മുപ്പത്തിരണ്ടിൽ എത്തിയത്. ഏകാംബരൻ കാത്തിരുന്നതുപോലെ അവരെ ക്ഷണിച്ചു. പിന്നെ യാത്രാനുഭവങ്ങൾ പങ്കുവെക്കൽ. രണ്ടുപേർക്കൊപ്പം തനിക്ക് കൂടാൻ കഴിയാത്തതിൽ സബലക്ക് വലിയ പരിഭവം. കറങ്ങാനായി മാത്രം ഒരിക്കൽ വരാമെന്നു ഏകാംബരനോട് ഉറപ്പ് പറഞ്ഞ് സബലയും ഹരിഹരനും ഉറങ്ങാൻ പോയി.

മുറിയിലേക്ക് മടങ്ങിയെത്തിയിട്ടും അറവാനെ കുറിച്ചു കേട്ട കഥകൾ പറഞ്ഞു പറഞ്ഞു ഹരിഹരന് മതിയായില്ല. മൂളിമൂളി സബല ഉറക്കത്തോടടുത്തു.

പാതിമയക്കത്തിൽ അകന്നുപോകുന്ന ഒരു കാലൊച്ച സബല കേട്ടു. നാലാം നിലയിലേക്ക് അതു ലിഫ്റ്റ് കയറിപ്പോയി. 432ന്റെ വാതിലിൽ മുട്ടി. ഏകാംബരൻ വാതിൽ തുറന്നു. ഇക്കുറി പ്രതീക്ഷ ശരിയായതിന്റെ സന്തോഷമുണ്ട് ആ മുഖത്ത്.

ഇരുവരും അതിഗാഢമായി പുണർന്ന് ഇരുളിലേക്ക് മറിഞ്ഞു. പകൽ നേരം പിരിഞ്ഞ, രണ്ടു സുഹൃത്തുക്കളുടെ അന്നനാളങ്ങളിലേക്ക് ഇറങ്ങിയ, റമ്മിന്റെ മണം വീണ്ടും കൂട്ടിമുട്ടി.

‘‘ഏകാംബരനെന്നാൽ ഒരു വസ്ത്രം മാത്രമുള്ളവൻ.’’

പുണർന്നു കിടക്കുമ്പോൾ കൂട്ടുകാരന്റെ തുടകളിലേക്ക് തന്റെ തുട കയറ്റി​െവച്ച് ഹരിഹരൻ പറഞ്ഞു.

‘‘ഉൻ പേരുക്ക് മീനിങ് എന്ന...’’ ഏകാംബരൻ ചോദിച്ചു.

ഹരിഹരൻ കാതിൽ മെല്ലെ അർഥം പറയാനൊരുങ്ങി. ഏകാംബരൻ ചേർന്ന് കിടന്നു.

അന്നു രാത്രി തൃഷ്ണയുടെ ബലംകൊണ്ട് മരണത്തെ വെന്ന മറ്റൊരു അറവാനെ ഹരിഹരൻ സ്വപ്നം കണ്ടു. യുദ്ധഭൂമി വിട്ട് അയാളിറങ്ങി. കുതിരപ്പുറത്തു കയറി ദൂരേക്ക് പായിച്ചു പായിച്ചു പോയി. വെളുപ്പാൻ കാലത്ത് കണ്ട സ്വപ്നത്തിലെ പതിഞ്ഞ കുളമ്പടികൾ നാനൂറ്റിമുപ്പത്തിരണ്ടിന്റെ വാതിലിൽ സബലയുടെ മുട്ടുകളായത് പതിയെ ഹരിഹരനറിഞ്ഞു.

നാട്ടിലേക്കുള്ള ബസിലിരിക്കുമ്പോൾ സുരേഖ വിളിച്ചു. ഒന്നു മടിച്ച ശേഷം സബല ഫോണെടുത്തു.

‘‘ഹരി കൂടെയുണ്ടോ?’’ സുരേഖ ചോദിച്ചു.

‘‘ഇല്ല വന്നിട്ടില്ല. അവിടെ തങ്ങുകയാണ്. മടങ്ങുന്ന കാര്യമൊന്നും…’’

അറിയാം എന്നു ധ്വനിപ്പിക്കുന്ന ഒരു മൂളൽ മാത്രം നൽകി സുരേഖ കട്ട്‌ ചെയ്തു. സബല കൈകെട്ടി പിന്നിലേക്ക് ചാരിയിരുന്നു. അൽപനേരം കഴിഞ്ഞ് അടുത്തിരിക്കുന്ന സ്ത്രീയുടെ ഫോൺ റിങ് ചെയ്യുന്നത് കേട്ടു. അതൊന്നും അറിയാതെ അവർ ഉറക്കത്തിലാണ്. സബല പതിയെ തട്ടിയുണർത്തി. ഫോണുമായി ചെവിയിലേക്ക് നീണ്ട സഹയാത്രികയുടെ വെളുത്ത കൈത്തണ്ടയിൽ ഭംഗിയായി പച്ചകുത്തിയ ഇംഗ്ലീഷ് അക്ഷരവും സബല കണ്ടു.

News Summary - madhyamam weekly malayalam story