അടിമക്കടുവ -പ്രമോദ് കൂവേരിയുടെ കഥ
ചിത്രീകരണം: സതീഷ് ചളിപ്പാടം
‘‘രാമൃഷ്ണനെയൊന്ന് വയനാട് കാണിക്ക്വാ?’’
തന്നെ കാണാൻ വരുന്ന ആരോടും ഇതുവരെ ചോദിക്കാത്ത ഒരു കാര്യം പ്രശാന്തനോട് കുറുപ്പുസാറ് ആവശ്യപ്പെട്ടു. ആ സമയം ആരെങ്കിലും പിന്നിൽ വന്ന് കണ്ണോണ്ട് ശിപാർശ നടത്തുന്നുണ്ടോന്ന് സംശയിച്ച് പ്രശാന്തൻ തിരിഞ്ഞുനോക്കിയെങ്കിലും ആരുമില്ല. ഇതെന്താ ഇപ്പം അങ്ങനെയൊരു സംഗതിയെന്ന് ചിരിയിലൊളിപ്പിച്ച് പ്രശാന്തൻ ഉടൻ തലയാട്ടിക്കൊടുത്തു.
കട്ടിലിന്റെ നെറ്റിയിലേക്ക് കുറുപ്പുസാറ് ഞാന്നെണീറ്റ് ചാരിയിരിക്കാൻ ബുദ്ധിമുട്ടി. പ്രശാന്തൻ കൈത്താങ്ങി.
‘‘അവനെ കാണാൻ തുടങ്ങിയേപ്പിന്നെ ഈ ജില്ല വിട്ട് പുറത്തു പോന്നത് കണ്ടിട്ടില്ല. അമ്പത് വയസ്സായിട്ടുണ്ടാകും. അടുത്ത ജില്ലയെങ്കിലും കാണണ്ടേ...’’
ജോലിക്ക് അവധിയുള്ള ദിവസങ്ങളിൽ കാമറയും തൂക്കി കാടും മലയും കേറി ഫോട്ടോയെടുക്കുകയും അടുത്ത കാലത്തെടുത്ത ഒരു ഫോട്ടോക്ക് മരിച്ച മഹാന്റെ പേരിലുള്ള അവാർഡ് കരസ്ഥമാക്കി പത്രത്തിൽ ഫോട്ടോ വരുകയും നാട് ആദരിക്കുകയുമൊക്കെ ചെയ്ത പ്രശാന്തന് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല.
പക്ഷേ, ചെറിയൊരു തിരുത്തുണ്ട്. ഓരോ തവണ ശബരിമലയിലും മൂകാംബികയിലും രാമകൃഷ്ണൻ ധൈര്യത്തിൽ പോയിട്ടുണ്ട്.
ഒന്ന്: സ്വന്തമായി ഒരു പശുവിനെ വാങ്ങാൻ പാങ്ങില്ലാത്ത ആളായിരുന്നു രാമകൃഷ്ണന്റെ അച്ഛൻ. അക്കാലത്ത് എട്ടോളം പശുവുള്ള ചെമ്പുല്ലാനി ദാമുവിന്റെ പക്കൽനിന്ന് ഒരു ക്ടാവിനെ പോറ്റാൻ വാങ്ങി. ക്ടാവ് വളർന്ന് പശുവായി അതിന്റെ ആദ്യത്തെ പേറും രണ്ടാമത്തെ പേറും കഴിഞ്ഞാൽ തള്ളയെയും രണ്ടാമത്തെ ക്ടാവിനെയും ഉടമസ്ഥന് തിരിച്ചുകൊടുക്കണം. നാട്ടുനടപ്പാണ്. ഒന്നാമത്തെ ക്ടാവ് പോറ്റുന്നോർക്ക് സ്വന്തം. രാമകൃഷ്ണന്റെ അച്ഛൻ ഒരു പശുവിന്റെ ഉടമസ്ഥനായത് അങ്ങനെയാണ്. അതും വളർന്ന് ആദ്യത്തെ പേറിൽ വീണ മാവ് തിന്ന് കറവ കുറഞ്ഞേക്കുമോയെന്ന് പേടിച്ച് കരഞ്ഞ രാമകൃഷ്ണന്റെ അമ്മ നേർന്നതാണ് ഒരു നെയ്ത്തേങ്ങ.
രണ്ട്: അച്ഛനും അമ്മയും മരിച്ചപ്പോഴാണ് നമുക്കൊരു കുഞ്ഞില്ലല്ലോന്ന് സങ്കടത്തോടെ രാമകൃഷ്ണൻ ഭാര്യയുടെ മുഖത്തേക്ക് നോക്കിയത്. പശുവിനെപ്പോലെ പോറ്റാൻ വാങ്ങാനൊക്കില്ലല്ലോ... അങ്ങനെയൊരു പോക്ക് മൂകാംബികയിലേക്കും പോയി. രണ്ടു സ്ഥലവും കാടാണ്. കാടും ധൈര്യവും വിശ്വാസമാണയാൾക്ക്.
അടുക്കളയിൽനിന്ന് സംസാരം കേട്ട രാമകൃഷ്ണന്റെ ഭാര്യ ചായയും പ്ലെയ്റ്റിൽ പയ്യോളി മിച്ചറുമായി ചിരിച്ചുവന്ന് കുമ്പിട്ടു. അടുത്തുണ്ടായിരുന്ന സ്റ്റൂളിന്റെ പരിമിതമായ ചതുരത്തിൽ ശ്രദ്ധയോടെ വെച്ച് പ്രശാന്തന്റെ മുന്നിലേക്ക് കുറച്ചുകൂടി നീക്കിക്കൊടുത്ത് അവൾ തിരിച്ചുപോയി.
ചായ കൈയിലെടുത്തിട്ടും കുടിക്കാതെ നിൽക്കുന്നതു കണ്ട് കുറുപ്പുസാറ് േപ്രാത്സാഹിപ്പിച്ചു. ‘‘മുന്തിയ പശുവാ... ധൈര്യത്തി കുടിച്ചോ’’ കൂട്ടത്തിൽ വാരി വായിലിട്ട മിച്ചറിൽ പ്രശാന്തന് പഴക്കം കടിച്ചെങ്കിലും തുപ്പിയില്ല. കുറുപ്പു സാറെ കാണാൻ ദൂരത്തുനിന്ന് വരുന്നവർക്ക് മാത്രം കൊടുക്കാൻ വാങ്ങിവെക്കുന്ന പലഹാരങ്ങളിലൊന്നാണിത്. ഇതിന്റെ രുചി ഇതുവരെ രാമകൃഷ്ണനോ ഭാര്യയോ അറിഞ്ഞിട്ടുണ്ടാവില്ല. കൊട്ടനവിലിൽ ചായയൊഴിച്ച് ലേശം പഞ്ചസാരയും വേറി കുഴച്ചടിച്ചാൽ രണ്ടുനേരത്തെ വിശപ്പങ്ങ് തീർന്നുകിട്ടും അവർക്ക്.
അടുക്കളയിലേക്ക് പോയ ഭാര്യ നേരെ പറമ്പത്ത് കിളച്ചോണ്ടിരുന്ന രാമകൃഷ്ണനെ കണ്ടെത്തി കാര്യം പറഞ്ഞു. ‘‘ആരോ വന്നിട്ട്ണ്ട്.’’ തൂമ്പ അവിടെത്തന്നെയിട്ട് രാമകൃഷ്ണൻ കിതച്ചോടി. പുതിയ മനുഷ്യരെ അയാൾ കാണുന്നത് ഇങ്ങനെയൊക്കെയാണ്. തലയിൽ കെട്ടിയ തോർത്തഴിച്ച് മേല് തുടച്ചോണ്ട് രാമകൃഷ്ണൻ വവ്വാലായി പടിമ്മേൽ തൂങ്ങിനിന്നു. കുറുപ്പുസാറെപ്പോലെ വെളുത്ത ഒരാൾ.
‘‘ഇവനെ കണ്ടിട്ട്ണ്ടാ?’’ കുറുപ്പുസാറ് ആരോടാണ് ചോദിച്ചതെന്ന് വ്യക്തമാകാതെ രണ്ടുപേരും ഇല്ലെന്ന് തലയാട്ടി.
‘‘എടുത്ത് കഴിക്ക്’’, രാമകൃഷ്ണൻ ആകെ പറഞ്ഞത് ഇത്രയേയുള്ളൂ... മതിയെന്ന് പ്രശാന്തൻ നിരസിച്ചു.
സ്കൂളിൽ പോകുമ്പോൾ മുതൽ നോക്കിനിന്നിട്ടുണ്ട് കുറുപ്പുസാറെ. ചീട്ടിക്കുപ്പായവും വെള്ളത്തോർത്തുമല്ലാതെ സിൽക്കിന്റെ ജുബ്ബയും മഞ്ഞമുണ്ടുമുടുത്ത ഒരാളെ കാണുന്നത് കുറുപ്പുസാറെയാണ്. പുഴക്കിക്കരെ ഇങ്ങനെയൊരാളില്ല. സ്വർണത്തിന്റെ നിറം. മുക്കട്ടം കലമ്പാണെങ്കിലും കുറുപ്പുസാറൊന്ന് മിണ്ടിയാൽതന്നെ അന്തസ്സാണ്. പെരിഗമനയുടെ കാര്യസ്ഥന്റെ കൈക്കാരനായിരുന്നു ആള്. അതന്നെ വലിയ സ്ഥാനമാ. മാത്രല്ല, കാര്യസ്ഥനേക്കാളും അറിവൂണ്ട്, അഭിപ്രായൂണ്ട്. കൂര കെട്ടാൻ, കൊറച്ച് സ്ഥലം പതിച്ചുകിട്ടാൻ കുറുപ്പുസാറൊന്ന് മൊനാശ പറഞ്ഞാ ജമ്മി മൂളും. താഴ്ചയില് രണ്ട് വാഴത്തൈ വെക്കാൻ, കല്ലുവെക്കാൻ ആ തൃപ്തി മതി. അക്കരെനിന്ന് വന്ന് അങ്ങനെ ഇവിടെ അടിഞ്ഞുപോയതാണ് കുറുപ്പുസാറ്. വളച്ചുകെട്ടിയ സ്ഥലത്തിന്റെ കുഴിക്കാണവും മറുപാട്ടവും ശരിയാക്കി പട്ടയം വാങ്ങിക്കൊടുക്കുന്നതുവരെ കുറുപ്പുസാറുണ്ടാകും. ഏതുവീട്ടിൽ ചെന്നാലും അയാൾക്കൊരു മരക്കസേരയുണ്ട്. അതിമ്മേളിരുന്ന് അയാളങ്ങ് പ്രതാപം തുടങ്ങും. തറയിലിരുന്ന് കേൾക്കാനാളും കോഴിക്കറിയും തെരുവവാറ്റും. വേണേൽ ഒരു പായയും. വെളുത്ത കൊച്ചിനെ പെറാൻ കൊതിച്ച പെണ്ണുങ്ങളുടെ മനസ്സും. സ്കൂളിൽ പോകുമ്പോൾ കൂട്ടത്തിൽ ആരെങ്കിലും പറയും, ‘‘ഇന്നലെ കുറുപ്പ് സാറ് വീട്ടിലാ കെടന്നേ’’ ആപ്പറഞ്ഞവൻ അന്നത്തെ നേതാവാണ്. കേട്ടവർ അസൂയപ്പെട്ട് തന്റെ വീട്ടിലും വരുമെന്ന് സമാധാനിക്കും.
ആഴ്ചയിൽ വ്യാഴാഴ്ച ഒരിക്ക പുഴ കടന്ന് അക്കരെ സ്വന്തം വീട്ടിലേക്ക് കുറുപ്പുസാറ് പോകാറാണ് പതിവ്. ഭാര്യ മക്കളെക്കൂട്ടി പിണങ്ങിപ്പോയതറിയാതെ വീട്ടിലേക്ക് പോയ കുറുപ്പു സാറെ തന്തപ്പടി കണ്ടിക്കുവെച്ച് ആട്ടി.
‘‘ചേൻ കൂടാൻ വ്യാഴാഴ്ചയുള്ള ഈ വരവങ്ങ് നിർത്തിക്കോ... നിന്റോള് പോയി. അക്കരെയുണ്ടല്ലോ പൊറുതിക്ക് പൊൽച്ചികള്.’’
കുറുപ്പുസാറ് അതിനുശേഷം അക്കരെ പോയിട്ടില്ല. കിടത്തം കവരംപീടികേടെ അട്ടത്ത് സ്ഥിരമാക്കി.
രാമകൃഷ്ണന് ഇയാളോട് ഭയങ്കരമാനമായ ഇഷ്ടം തോന്നാൻ കാരണമുണ്ട്. രാമകൃഷ്ണൻ നല്ലവണ്ണം പഠിക്കുന്ന കുട്ടിയായിരുന്നു. രാമകൃഷ്ണന്റെ ചേട്ടൻ തമ്പാൻ നേരെ എതിരും. ഏറ്റവും പിമ്പൻ. വീട്ടിൽനിന്ന് രാമകൃഷ്ണന്റെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് അതുവഴിയുള്ള രാത്രിയാത്രക്കിടെ കുറുപ്പുസാറ് പാഞ്ഞെത്തി. രാമകൃഷ്ണന്റെ അച്ഛൻ അവനെ പൊതിരെ തല്ലുന്നതു കണ്ട് കുറുപ്പുസാറ് ഇടപെട്ടു.
‘‘നിനക്കെന്താ അമ്പട്ടങ്കേറിയാ...’’
അയാളുടെ കൈയിൽനിന്ന് തല്ലുവടിവാങ്ങി കുറുപ്പുസാറ് മുറ്റത്തേക്കെറിഞ്ഞു.
‘‘ങ്ങ നോക്ക് കുറുപ്പുസാറേ... നല്ലോണം മാർക്ക് വാങ്ങുന്ന ചെക്കനേനു... ദേ വാങ്ങിവന്നിരിക്കുന്നു ഒരു മാർക്ക്...’’
കുറുപ്പുസാറ് പേപ്പറ് വാങ്ങി നോക്കി. തന്റെ പേപ്പറ് കൈയിൽ പിടിച്ചുനിൽക്കുന്ന തമ്പാനെയും.
‘‘അവനോ?’’
‘‘അവനമ്പതിൽ അമ്പത്...’’ അച്ഛന് അഭിമാനം.
മരക്കസേര വലിച്ചിട്ട് കുറുപ്പുസാറിരുന്നു. രാമകൃഷ്ണനെ അടുത്തോട്ട് വിളിച്ച് ചേർത്തുനിർത്തി. അവന്റെ ചങ്ക് കടഞ്ഞു. അറിയാതെ അയാളുടെ മടിയിലേക്ക് ചാഞ്ഞിരുന്നുപോയി.
‘‘എടോ മർക്കടാ... ഇത് മാർക്ക് ലീസ്റ്റല്ല. േപ്രാഗ്രസ് കാർഡാണ്. ക്ലാസ്സിൽ ഒന്നാമനാ ഇവൻ.’’
രാമകൃഷ്ണന്റെ തലയിൽ തലോടി കുറുപ്പുസാറിരുന്നു. അച്ഛൻ തമ്പാനെയും കുറുപ്പുസാറ് വലിച്ചെറിഞ്ഞ വടിയിലേക്കും നോക്കി. കുറുപ്പുസാറ് ഉള്ളതിനാൽ മാത്രം നീട്ടിവെച്ച ശിക്ഷയെ പേടിച്ച് തമ്പാൻ പിറ്റേന്ന് ബോംെബക്ക് നാടുവിട്ടു. അവൻ പോയ സങ്കടത്തേക്കാളും നിറഞ്ഞ ഒരാനന്ദമായിരുന്നു രാമകൃഷ്ണന് ആ ഇരുത്തം.
അന്നിരുന്ന മടി ശോഷിച്ചുപോയിരിക്കുന്നു.
കട്ടിലിനടിയിലെ യൂറിൻ ബോട്ടിൽ പ്രശാന്തന്റെ കാല് തട്ടുമെന്ന് പേടിച്ച് രാമകൃഷ്ണൻ നൂണെടുത്ത് മൂത്രം പുറത്തുകൊണ്ടുപോയി കളഞ്ഞ് കഴുകി തിരിച്ചുവെച്ചു.
‘‘പുറത്തൊന്ന് പോണംന്ന്ണ്ട്’’ കട്ടിലിന്റെ നെറ്റിയിൽനിന്നും എഴുന്നേൽക്കാൻ കുറുപ്പുസാറ് ശ്രമിച്ചു.
‘‘മുമ്പ് കടത്താണ്. അവിടൊരു തൂക്കുപാലമൊക്കെ വന്നിട്ടുണ്ടെന്നു കേട്ടു. ഇതേവരെ കണ്ടില്ല.’’
ഇത്ര വർഷായിട്ടും ചെയ്തുകൊടുക്കാത്തതിൽ അസംതൃപ്തനായ പ്രശാന്തൻ ഒരു നോട്ടം രാമകൃഷ്ണനെ നോക്കി.
‘‘എന്നോട് ഇദ്വരെ പർഞ്ഞിറ്റ...’’ ധൃതിയിൽ കട്ടിലിന് പിന്നിലുള്ള ചക്രകസേരയെടുത്ത് രാമകൃഷ്ണൻ മുറ്റത്തിട്ടു. പഞ്ചായത്ത് നിന്ന് കിട്ടിയതാണ് കസേര. മുയിപ്പിലേ കൈയിട്ട് കുറുപ്പുസാറെ എടുത്ത് പ്രശാന്തൻ പുറത്തിറങ്ങുന്നതിനിടയിലൂടെ രാമകൃഷ്ണൻ അകത്തേക്കോടി. പെട്ടിയിൽ ഇസ്തിരിയിട്ടുവെച്ച മഞ്ഞ സിൽക്ക് ജുബ്ബയെടുത്തുവന്നു.
‘‘ഉടുപ്പ് മാറ്റാ.’’
ഇട്ടിരിക്കുന്ന ഉടുപ്പിലേക്ക് നോക്കി കുറുപ്പു സാറ് വിലക്കി. അതിന്റെ രണ്ട് ബട്ടൺ പൊട്ടിയിട്ടുണ്ടായിരുന്നു.
ചാണകം മെഴുകിയ മുറ്റത്തെ ഗട്ടറിലൂടെ പ്രശാന്തൻ ചക്രകസേരയുന്തി. കസേരയുടെ ഒരുഭാഗം തൊട്ട് രാമകൃഷ്ണൻ കുറ്റബോധത്തോടെ അനുഗമിച്ചു. സൗകര്യപൂർവം ഉരുളാൻ പാങ്ങില്ലാത്ത മുന്നിലെ നീണ്ട വഴിയിലേക്ക് നോക്കി കുറുപ്പുസാറ് പിന്നോക്കം പറഞ്ഞു.
‘‘നീയങ്ങട്ട് എഴുന്നള്ളണ്ട.’’
ചക്രകസേര ആവിയായിപ്പോകുന്നതിന് പിന്നിലെ രാമകൃഷ്ണനെ നോക്കി പടിക്ക് കുത്തിയ കൈക്ക് മുലചാരി ഭാര്യ ചെറുശ്വാസം വിട്ടു.
കാണുന്ന ഇടവഴിയേ പ്രശ്നമുള്ളൂ. പിന്നെ റോഡാണ്. തള്ളാൻ സുഖം. പണ്ടിവിടെ തോട്ടുചാലായിരുന്നു. വെള്ളം തളംകെട്ടിക്കിടക്കുന്ന കുഴികളിൽ നൂൽപ്പുഴു കടിച്ച പുണ്ണുകാലുമായി എന്തോരം നടന്നതാ.
എതിരെ വന്ന പലരും കുറുപ്പുസാറോട് മിണ്ടുകയും പ്രശാന്തനെ അപരിചിതത്വത്തോടെ നോക്കുകയും രാമകൃഷ്ണനെ അന്വേഷിക്കുകയും ചെയ്തു. അയാൾ ആരുടെയും മുഖത്തുനോക്കാതെ കൈ ഉയർത്തുക മാത്രം ചെയ്തു.
കടവിന് വലിയ മാറ്റമില്ല. പനിച്ചെഴുന്നേറ്റപോലെ പുഴയൊന്ന് മെലിഞ്ഞിട്ടുണ്ടെന്നു തോന്നുന്നു. പുതിയ കാറ്റേറ്റ് കുറുപ്പുസാറിന്റെ ബട്ടണില്ലാത്ത ഷർട്ടിനുള്ളിലെ ചെമ്പൻ രോമങ്ങളാടി. പാലമൊന്നുമല്ല അയാൾ നോക്കുന്നത്. ഞാന്നുകിടക്കുന്ന തെങ്ങോലകൾക്കുള്ളിലെ ചുവന്ന ആകാശത്തിന് താഴെ അപ്രത്തെ കര.
എപ്പോഴോ തിരിച്ചെത്തി. പോകാന്നേരം പ്രശാന്തൻ രാമകൃഷ്ണന്റെ തോളേത്തട്ടി.
‘‘മറ്റന്നാള് റെഡിയായിരിക്കണം... നമ്മക്ക് വയനാട് കേറാ.’’
ശീതംപിടിച്ച് രാമകൃഷ്ണൻ കുളിർത്തു.
രാത്രി, മണ്ണരുവിൽ ഉറങ്ങുന്ന മകനെ പറ്റിച്ചേർന്നു കിടക്കുന്ന ഭാര്യയെ രാമകൃഷ്ണൻ ബയ്യപ്രത്തേ കെട്ടിപ്പിടിച്ചു.
‘‘മുട്ടണ്ട’’, അവൾ രാമകൃഷ്ണനെ തട്ടിമാറ്റാൻ നോക്കി. അയാൾ എന്നിട്ടും മുറുക്കിപ്പിടിച്ചു.
‘‘വിരുന്നാരെക്കൊണ്ട് കസേല തള്ളിച്ചത് നന്നായെന്ന് വിചാരിച്ച് വേം ഒർങ്ങിക്കോ.’’
രാമകൃഷ്ണന്റെ കൈയുടെ ബലം കുറഞ്ഞു. അയാൾ മലർന്നുകിടന്ന് കൈത്തണ്ട നെറ്റിയിൽ വെച്ചു.
‘‘അവര് പഴേ പരിചയക്കാരല്ലേ... മിണ്ടാനും പറയാനൂണ്ടാവും.’’
ഭാര്യ അഭിമുഖമായി ചെരിഞ്ഞുകിടന്നു. രാമകൃഷ്ണന് അവളുടെ കണ്ണിലേക്ക് നോക്കാൻ ധൈര്യം വന്നില്ല.
‘‘അതൊന്നല്ല. നിങ്ങളെക്കൂട്ടി നാട്ടിലിറങ്ങുന്നത് കൊറച്ചിലാ മൂപ്പർക്ക്.’’
വയറിൽ വിരലുകൊണ്ട് താളമിട്ട് രാമകൃഷ്ണൻ അവളുടെ ആരോപണത്തെ അവഗണിച്ചു.
‘‘കുറുപ്പുസാറ് അങ്ങൻത്തെ ആളൊന്നല്ല.’’
‘‘കുന്തം...’’ അവൾ മേല് മുഴുവൻ കുലുക്കി തിരിഞ്ഞുകിടന്നു. ‘‘ചെറുപ്പത്തില് മടിയിലിരുത്തിയ പുന്നാരം വിചാരിച്ചോണ്ടിരുന്നോ...’’
വീട്ടിലേക്ക് ചാഞ്ഞ അനന്തച്ചപ്പന്റെ തോട്ടത്തിലെ റബർക്കായ മീനച്ചൂടേറ്റ് പൊട്ടിത്തെറിക്കുന്ന അവളോട് പറയാനായി വന്ന കാര്യം മിണ്ടാൻ തോന്നിയില്ല.
കരിക്കാച്ചെരിവിലെ താറ്റിക്കെള കഴിഞ്ഞ് കാലും മുഖവും കഴുകുമ്പോൾ കേശവേട്ടൻ വന്നുപറഞ്ഞു കുറുപ്പുസാറിന് സുഖൂല്ലെന്ന്. അന്ന് രാമകൃഷ്ണന് ഇരുപത് വയസ്സാ. രണ്ടുപേരും ചെന്നു നോക്കുമ്പോൾ കവരംപീടികേടെ ചേതിക്കേ നിലത്തിരുന്ന് കുറുപ്പുസാറ് രണ്ടുകാലും അകറ്റിവെച്ച് നിലവിളിയോട് നിലവിളി. രാമകൃഷ്ണനെ കണ്ടപാടെ അതിന് നീട്ടംകൂടി. ‘‘മോനേ... ഒന്നാശുപത്രീക്കൊണ്ടിടെടാ...’’ ഉടുത്ത മഞ്ഞമുണ്ട് മെല്ലെ നീക്കിനോക്കിയപ്പോൾ പഴുത്ത മുണ്ടച്ചക്കപോലെ വൃഷണം നീരുവെച്ച് തൂങ്ങിനിൽക്കുന്നു. അത്രയും വലുപ്പത്തിൽ കണ്ട് രാമകൃഷ്ണൻ ശരിക്കും ഞെട്ടി.
ടൗണിലേക്ക് ആകെ പോകുന്ന ഒരു വണ്ടി മരക്കച്ചവടക്കാരൻ റാവുത്തറുടെ മകൻ റൗഫ് ഓട്ടിക്കൊണ്ടിരിക്കുന്ന പെേട്രാൾ ജീപ്പാണ്. രണ്ടുപേരും കുറുപ്പുസാറെ ഞേറ്റി താഴത്തങ്ങാടിയിലെത്തിച്ചു. ജീപ്പിൽ ഇരുത്താനും കെടത്താനും പറ്റാത്ത സ്ഥിതി. കുഞ്ഞങ്ങളെ ബീത്താനിരുത്തുന്നപോലെ രാമകൃഷ്ണൻ കാലിലകറ്റിയിരുത്തി ധർമസ്പത്രിയിൽ തവളെയപ്പോലെ മലർത്തിക്കിടത്തി.
ബെഡിന് ചുറ്റും പച്ചത്തുണി മറച്ച് ഡോക്ടർ പരിശോധിച്ചു.
‘‘പഴുപ്പാണ്. പൊട്ടിക്കോളും.’’
പുറത്തെ ആട്ടംകൂടിയ ബെഞ്ചിന്റെ മൂലക്ക് കേശവേട്ടൻ ചന്തി കൊളിച്ചു. അയാൾക്ക് കാലിന് മേല. ജീപ്പിൽനിന്ന് ഇടക്കിടെ അയാളത് പറഞ്ഞുകൊണ്ടിരുന്നു.
പണികഴിഞ്ഞ പാടെയുള്ള പ്രാകൃതവേഷത്തിലാണ്. രാമകൃഷ്ണന് വീട്ടിലേക്ക് പോണംന്ന് തോന്നി. കേശവേട്ടനോട് പറഞ്ഞപ്പോൾ അയാൾ മറുത്തൊന്നും പറഞ്ഞില്ല. വന്ന ജീപ്പിന് തിരിച്ചുപോയി.
പിറ്റേന്ന് രാവിലെ ആശുപത്രിയിലെത്തിയപ്പോൾ വാർഡ് മുഴുവൻ ഒഴിഞ്ഞപോലെ. തലച്ചോറിലേക്ക് തുളഞ്ഞുകയറുന്ന ദുർഗന്ധം. അകത്തേക്ക് നോക്കിയപ്പോൾ കുറുപ്പുസാറ് കാല് താഴേക്കിട്ട് ബെഡിലിരിക്കുന്നു. വാർഡിലെ മറ്റെല്ലാവരും ഒരു മൂലയിൽ മൂക്കുപൊത്തി നിൽപുണ്ട്. രാമകൃഷ്ണനെ കണ്ടപാടെ കുറുപ്പുസാറ് വീണ്ടും നിലവിളിച്ചു.
‘‘മേനേ രാമൃഷ്ണാ... എന്നെ ഈട കൊണ്ടിട്ടിട്ട് നീയെട്യാ മുങ്ങ്യേ..?’’
കെട്ട വെള്ളരിക്ക പൊട്ടിച്ചിതറിയപോലെ നിലത്ത് പഴുപ്പ് പൊട്ടിയൊലിക്കുന്നു. നേഴ്സുമാര് പോലും ദൂെര മൂക്കുപൊത്തി നിൽക്കുകയാണ്. വാർഡിന്റെ മൂലക്ക് കൂടിനിന്നവരിൽ ആരോ രാമകൃഷ്ണനോട് ചോദിച്ചു:
‘‘ഇയാൾടെ ആരാ..?’’
‘‘െന്റ മോനാന്ന്.’’ കുറുപ്പു സാറ് പുളഞ്ഞുകൊണ്ട് പറഞ്ഞു. ‘‘െന്റ മോനാ ഓൻ.’’
‘‘വയ്യാത്താളെ കൊണ്ടിട്ടിട്ട് നാണമില്ലാതെ ഇപ്പോ കേറി വന്നിരിക്കുന്നു.’’
പല്ലിളിച്ചുകൊണ്ട് ജനം കയർത്തുതുടങ്ങി. കണ്ണ് മുറിയെ അടികിട്ടിയപോലെ പെണ്ണുങ്ങമാരുടെ അസഭ്യം. ഞാനയാളെ മോനല്ലെന്ന് പറയാൻ കഴിയാതെ രാമകൃഷ്ണൻ.
‘‘നിന്നെപ്പോൽത്തെ മക്കളെന്തിനാടാ ഭൂമീല്...’’
അരിച്ചുകയറിയ ദുർഗന്ധം നിന്നു. ആേക്രാശം ചെവിയടച്ചു. കൂട്ടത്തിൽനിന്ന് നേഴ്സ് വന്ന് പൊത്തിയ മൂക്കിലൂടെ ദേഷ്യപ്പെട്ടു.
‘‘വേഗം തുടച്ച് വൃത്തിയാക്ക്.’’
പൊട്ടിയ ചെലക്കൊഴുപ്പിൽ രാമകൃഷ്ണന്റെ കണ്ണീരും മൂക്കിളയുമിറ്റി. കൈ വഴുതി. കാലിനടിയിൽ കുമ്പിട്ട് വൃത്തിയാക്കുന്ന അയാളുടെ ശിരസ്സിൽ കുറുപ്പുസാറ് തലോടി.
‘‘മോനേ...’’
ഭാര്യയോട് പറഞ്ഞാൽ കുറുപ്പുസാറെ അവൾ വെറുത്തുപോകും. നെറ്റിത്തടത്തിൽ കൈയെടുത്ത് രാമകൃഷ്ണൻ തന്റെ കൈ മണപ്പിച്ചു. ഓർമ പഴുത്ത പുണ്ണിന്റെ മണം ഇപ്പോഴും.
* * * *
പാൽച്ചുരം കയറാൻ തുടങ്ങുന്നതുവരെ രാമകൃഷ്ണൻ തനിക്ക് ഒട്ടും ചേരാത്ത മുൻ സീറ്റിൽ ഡാഷ് ബോക്സ് അള്ളിപ്പിടിച്ചിരിക്കുന്നത് പ്രശാന്തൻ ഇടക്കിടെ ശ്രദ്ധിക്കുകയും ഒട്ടും ഇമ്പം തരാത്ത പാട്ട് കിട്ടാതെ സ്റ്റീരിയോ ചാനൽ മാറ്റുകയും ചെയ്തുകൊണ്ടിരുന്നു. ചുരം കയറി തുടങ്ങിയപ്പോൾ മുതൽ രാമകൃഷ്ണൻ ആളായി. കാടുകളിലേക്ക് നൂണുകേറി. ‘‘ആദിയുഷസ്സ് സന്ധ്യപൂത്തതിവിടെ’’ തുടങ്ങുന്ന പാട്ടിൽ തൃപ്തിപ്പെട്ട് പ്രശാന്തൻ തലവെട്ടിച്ച് സ്റ്റിയറിങ്ങിൽ താളമിട്ടു.
കാറിന്റെ എ.സി ഓഫ് ചെയ്ത് ഡോർ ഗ്ലാസ് താഴ്ത്തി. ‘‘പേടിയാകുന്ന്ണ്ടാ?’’ രാമകൃഷ്ണന്റെ ഇരിപ്പുകണ്ട് പ്രശാന്തൻ ചോദിച്ചു.
‘‘എന്തോ മാതിരി...’’
‘‘ഇത് നിങ്ങടെ കാടല്ല, കടുവയുള്ള കാടാ. കടുവയുള്ള കാടിനെയാണ് കാടെന്ന് പറയുവ.’’ പ്രശാന്തന്റെ ചിരിക്കൊപ്പം രാമകൃഷ്ണനും വെറുതേ കൂടി.
‘‘കടുവയെ കണ്ടിട്ട്ണ്ടാ?’’ നാലാംവളവിലേക്ക് വളച്ച സ്റ്റിയറിങ് വിട്ടുകൊണ്ട് പ്രശാന്തൻ ചോദിച്ചു.
‘‘ചിത്രത്തില്...’’
‘‘ഓ... അയ്യപ്പന്റെ കൂടെയുള്ളതോ?’’
‘‘അതല്ല, അയ്യപ്പന്റെ കൂടെയുള്ളത് പുലിയല്ലേ..? പുലിവാഹനൻ!’’
ഇത്തവണ പ്രശാന്തന്റെ കൂടെ രാമകൃഷ്ണൻ ചിരിച്ചില്ല.
‘‘അത് പുലിയല്ല പൊട്ടാ..., കടുവയാ...’’
മണ്ടത്തരം പറഞ്ഞതിൽ ചൂളിപ്പോയെങ്കിലും പൊട്ടാന്ന് വിളിച്ചതിലെ അടുപ്പം രാമകൃഷ്ണന് ഇഷ്ടപ്പെട്ടു. ‘‘കടുവയാണ് ശരിക്കും രാജാവ്’’, പ്രശാന്തൻ കടുവശാസ്ത്രം തുടങ്ങി, ‘‘സ്വാതന്ത്ര്യം കിട്ടുമ്പോൾ ഇന്ത്യയില് നാൽപത്തിനാലായിരം കടുവകളുണ്ടായിരുന്നു. ഇപ്പൊ അതൊരു നാലായിരേ കാണൂ... അതിലൊരു പത്തെണ്ണെങ്കിലും ഇവിടെ കാണും.’’
‘‘ഇങ്ങള് നേരിട്ട് കണ്ടിട്ടുണ്ടോ..? കടുവയെ?’’
വണ്ടിയോട്ടവേ പ്രശാന്തൻ മൊബൈലെടുത്ത് ഗാലറി തപ്പിത്തുടങ്ങി.
‘‘യെത്ര... ’’ കൈവിരൽ മുദ്രയിട്ടു. ‘‘എനിക്കീ കേരളത്തിലെ ഏത് കാട്ടിലും കേറി നെരങ്ങാ. അങ്ങനെ കേറാൻ അധികാരമുള്ള വനം വകുപ്പ് ഉദ്യോഗസ്ഥനല്ലാത്ത ഇരുപത്തഞ്ചോളം പേരിൽ ഒരാളാണ് ഈ ഞാൻ.’’
കാട്ടിൽ കയറാൻ അങ്ങനെ അധികാരമൊക്കെ വേണമെന്നറിയാതെ രാമകൃഷ്ണൻ അയാളെ ബഹുമാനത്തോടെ നോക്കി.
‘‘പണ്ട് മന്ത്രി ഗണേശന്റെ ഏർപ്പാടിലൊപ്പിച്ചതാ. ഗ്രീൻ പാസ്പോർട്ട്.’’ കീശയിൽനിന്ന് ലാമിനേഷൻ ചെയ്ത ഒരു കാർഡെടുത്ത് രാമകൃഷ്ണനെ വെറുതെ കാണിച്ച് തിരിച്ചുവെച്ചു. ‘‘ഇതുംകൊണ്ട് ഞാൻ കേറാത്ത കാടില്ല.’’
‘‘കടുവയെ അടുത്തുനിന്ന് കാണാൻ പറ്റ്വാ..?’’ ഭയം പോലെയൊന്ന് നെഞ്ചത്തമർത്തി രാമകൃഷ്ണൻ കുട്ടികളെപ്പോലെ ആകാംക്ഷയിലായി.
‘‘നമ്മളിന്നൊരു കടുവയെ കാണാൻ പോകുവാ...’’ രാമകൃഷ്ണന്റെ കണ്ണ് തള്ളുന്നതു കണ്ട് പ്രശാന്തന് വീണ്ടും ചിരിവന്നു.
‘‘ഡി.എഫ്.ഒ രഘുസാറ്. പുള്ളി ഒന്നാന്തരം കടുവയാ.’’
ആകാശം മറക്കെ വളർന്ന പ്ലാന്റേഷൻ തേക്കുകളുടെ തണലുപറ്റി അനധികൃതമായി പിടിച്ചെടുത്ത മരത്തടികളുടെയും തുരുമ്പെടുത്ത വണ്ടികൾക്കിടയിലൂടെയും കാറ് തിരുനെല്ലി ഫോറസ്റ്റ് ഓഫീസിന്റെ മുറ്റത്തേക്ക് കേറി. കോമ്പൗണ്ടിൽ നിറയെ ആഘോഷംപോലെ ആളുകൾ, വാഹനങ്ങൾ. ‘‘എന്തോ സംഭവിച്ചിട്ടുണ്ട്’’, പ്രശാന്തൻ ബാഗും തൂക്കി കാറിൽനിന്ന് പുറത്തിറങ്ങി. ഇറങ്ങണോന്ന് രണ്ടാവർത്തി ചിന്തിച്ച് രാമകൃഷ്ണനും പിന്നാലെയോടി.
പ്രത്യേക ഒരിടത്ത് ആൾക്കൂട്ടം പൊതിഞ്ഞുനിൽക്കുന്നു. പത്രക്കാരും ചാനലുകാരും, നാട്ടുകാരും ഗാർഡന്മാരും ചുറ്റുംകൂടിയിട്ടുണ്ട്. തലകൾക്കിടയിലൂടെ അവർ വെട്ടിച്ചുവെട്ടിച്ച് അകത്തോട്ട് നോക്കി.
കാലടി വീതിയിൽ ഇഴയുള്ള ഇരുമ്പുകൂട്ടിൽ കിതച്ചുകിടക്കുന്നു ഒരു യമണ്ടൻ കടുവ. പ്രശാന്തൻ ബാഗിൽനിന്ന് കാമറയെടുത്ത് ആർത്തിയോടെ കുറേ ക്ലിക്കി. ഫോറസ്റ്റുകാരുടെ കൂട്ടത്തിൽനിന്ന് രഘുസാറ് പിറകിലൂടെ വന്ന് തോണ്ടി. അയാളുടെ മുഖം കണ്ടാലറിയാം കുറേ നേരമായി അയാൾ ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന്.
‘‘മേനേ പ്രശാന്താ... നിന്റെ വലിയ ആഗ്രഹായിരുന്നില്ലേ ഇവന്റെയൊരു ഫോട്ടോ എടുക്കണംന്ന്. ഇഷ്ടംപോലെ എടുത്തോ. പക്ഷേ, വീണുപോയി.
‘‘കെണിയില് വീണാതാ?’’, ഒന്നൂടി ക്ലിക്കി പ്രശാന്തൻ ചോദിച്ചു.
‘‘മയക്കുവെടിയാ... ദാ അയാളെ കണ്ടാ..?’’ വെള്ള ഷർട്ടിട്ട ഒരാളെ ചൂണ്ടി രഘുസാറ് തുടർന്നു ‘‘കേരളത്തിലെ നമ്പർ വൺ വെടി ഡോക്ടറാ.’’
കടുവ ഇടക്കിടെ എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും മയങ്ങി വീണുകൊണ്ടിരുന്നു. പല്ലിളിക്കുന്നത് തന്നെ ലക്ഷ്യംവെച്ചാണെന്ന് രാമകൃഷ്ണന് തോന്നി.
‘‘നാട്ടുകാർക്ക് ഭയങ്കര ശല്യായിരുന്നെന്നാ പറയുന്നത്. അഞ്ചാറ് പശു, കൊറേ ആട്, രണ്ട് മനുഷ്യര്. അങ്ങനെയാണ് ഓഡറ് വാങ്ങിയെടുത്തത്. പിന്നെ ഇവന് നല്ല പ്രായായി. ഇനി കാട്ടില് വിടാനൊക്കില്ല.’’
ഡോക്ടർ ടവൽകൊണ്ട് മുഖം തുടച്ച് അവർക്കിടയിലേക്ക് വന്നു.
‘‘സാറേ കുറച്ചുനേരം കൂടി സഡേഷനുണ്ടാകും. വാനിലേക്ക് ഷിഫ്റ്റ് ചെയ്താലോ’’
‘‘ആയിക്കോട്ടേ... ഡാ പിള്ളേരേ...’’ യൂനിഫോമിട്ട കുറേ ഗാർഡന്മാർ സാറേന്ന് വിളികേട്ട് രഘുസാറിന് ചുറ്റും നിന്നു. ‘‘ഇവനെ യാത്രയാക്കണ്ടേ..?’’
നല്ലൊരു ക്ലോസപ്പുകൂടി ക്ലിക്കിയത് നോക്കി നിർവൃതിപൂണ്ട് പ്രശാന്ത് കാമറ ബേഗിൽ ഭദ്രമായി വെച്ചു. ‘‘ഇവനെ എവിടേക്കാ സാറെ കൊണ്ടുപോണ്?’’
‘‘തൃശൂർ ജയിലിലേക്ക്. ഇനി നാട്ടുകാര് പൈസ കൊടുത്ത് ക്യൂ നിന്ന് കാണട്ടെ.’’
മൃഗശാലയുടെ വണ്ടിയിലേക്ക് ഗാർഡന്മാർ ചേർന്ന് കൂട് എടുത്തുവെക്കുമ്പോൾ കടുവയുടെ ഗർജനംകൊണ്ട് ചുമരുകൾ കുലുങ്ങി. രാമകൃഷ്ണന്റെ കൈത്തണ്ടയിലെ രോമങ്ങൾ പേടിച്ചെഴുന്നേറ്റു. ഗെയ്റ്റുവരെ വാനിനെ അനുഗമിച്ചശേഷം രഘുസാറും ഡോക്ടറും തിരിച്ചു നടന്നു. കൂടെ മെംബറുമുണ്ട്. അപ്പോഴാണ് പ്രശാന്തന്റെ കൂടെ നിൽക്കുന്ന രാമകൃഷ്ണനെ രഘുസാറ് കണ്ടത്. കൂടെയാരാണെന്ന് ചോദിക്കുന്നതിന് മുമ്പേ പ്രശാന്തൻ ഇടപെട്ടു.
‘‘ഒരു അതിഥിയുണ്ടേ... കാട് കാണാൻ വന്നതാ.’’
‘‘ഭാഗ്യവാൻ. കാട് കണ്ടല്ലോ...’’ രാമകൃഷ്ണന്റെ തോളേല് രഘുസാറ് കൈവെച്ചു. ‘‘ദാ ഇപ്പോ ആ വാനിൽ പോയതാണ് കാട്. ജനിക്കുന്നുണ്ടെങ്കിൽ കടുവയായി ജനിക്കണം അല്ലേ ഡോക്ടറേ...’’
വാൻ പോയ ഭാഗത്തേക്ക് രാമകൃഷ്ണൻ വെറുതെ കണ്ണോടിച്ചു.
‘‘പേരെന്താ പർഞ്ഞേ...’’ രാമകൃഷ്ണൻ പേരും നാടും പറഞ്ഞു. നാടിന്റെ പേര് കേട്ടപ്പോൾ രഘുസാറ് രണ്ടാമതൊരു തവണ കൂടി പ്രത്യേകം നോക്കി.
‘‘ഞാൻ ഇനിയും കുറേ തവണ പേര് ചോദിക്കൂട്ടോ. എനിക്ക് പേര് മെമ്മറീല് നിക്കത്തില്ല. അതുകൊണ്ടൊന്നും തോന്നരുത്. ദാ ഈ കള്ളന്റെ പേര്... ’’ രഘുസാറ് പ്രശാന്തന്റെ പുറത്തൊരു കുത്തുകൊടുത്തു. ‘‘ഏത്ര കഴിഞ്ഞിട്ടാ പഠിച്ചേ.’’
എല്ലാവരും ക്വാർട്ടേഴ്സിലേക്ക് തിരിച്ചു. തുണിസഞ്ചി തോളിലിറുക്കി രാമകൃഷ്ണനും പിന്നാലെ കൂടി. ക്വാർട്ടേഴ്സിന്റെ വാതിൽ തുറന്ന് രഘുസാറ് യൂനിഫോം അഴിച്ച് ചുമരിൽ തൂക്കി. അലമാര തുറന്ന് രണ്ട് ഫുള്ളിന്റെ കഴുത്ത് പിടിച്ച് അയാൾ ടീപ്പോയിൽ വെച്ചു. എല്ലാവരും വട്ടത്തിലിരുന്നു. വെള്ള കൈ ബനിയന് പുറത്തൂടെ സ്വർണച്ചെയിനിലെ പുലിനഖമാടുന്നത് രാമകൃഷ്ണൻ കുറേനേരം നോക്കി. അടുക്കളയിൽനിന്ന് പ്രശാന്തൻ ഗ്ലാസ് കഴുകുന്നതിനിടെ സഹായിക്കാനായി രാമകൃഷ്ണൻ അങ്ങോട്ട് ചെന്നു. ഒന്നും ചെയ്യാൻ കിട്ടിയില്ല. പ്ലെയ്റ്റിൽ കുറച്ച് ചിപ്സ് വിതറി പ്രശാന്തനും അവരുടെ കൂട്ടത്തിൽ ചെന്നിരുന്നു. ആളെണ്ണം ഓരോ ഗാസിലേക്ക് കുപ്പി കമിഴ്ത്തി രഘുസാറ് രാമകൃഷ്ണനോട് പറഞ്ഞു.
‘‘ഇവിടെ അതിഥികൾക്ക് സ്പെഷൽ കൺസഷനൊന്നൂല്ല. സ്വന്തം വീട് പോലെ കരുതിക്കോണം. ഒരു ഗ്ലാസ്സ് എടുത്തിട്ട് വാ...’’ രാമകൃഷ്ണൻ താടിയാട്ടിയതല്ലാതെ അനങ്ങിയില്ല. ‘‘നാളെ നമുക്ക് മൊത്തം കാട് കറങ്ങാ. ദാ ആ മല കണ്ടോ’’, രഘുസാറ് ജനലിലൂടെ പുറത്തേക്ക് ചൂണ്ടി, ‘‘അതാണ് നരിനിരങ്ങിയ മല. നരിയെന്നു ചിലര് പറയും. കടുവതന്നെ.’’ ഒഴിഞ്ഞ കസേരയിൽ ഇരിക്കാനും ഒഴിച്ചുവെച്ചത് വലിക്കാനും രഘുസാറ് ആംഗ്യമിട്ടു.
‘‘കുടിക്കലില്ല.’’
രഘുസാറ് കേട്ടെങ്കിലും അതിനോടൊന്നും പ്രതികരിച്ചില്ല. ഗ്ലാസ് കൈയിലെടുത്ത് ഡോക്ടറോട് പറഞ്ഞു, ‘‘ഞാൻ ഫാസ്റ്റാണേ... എനിക്കീ ഉമ്മവെക്കുന്ന ഏർപ്പാടില്ല.’’ വായിലേക്ക് ഗ്ലാസ് ഒറ്റ കമിഴ്ത്തൽ. പിന്നാലെ ചിപ്സ് വായിലിട്ട് രഘുസാറ് കറുമുറെ പറഞ്ഞു, ‘‘ഡോക്ടറ് കേട്ടോ... പണ്ട് ഞങ്ങളീ കടുവേടെ അലർച്ച റിക്കാർഡ് ചെയ്ത് ബോക്സിലൂടെ കേൾപ്പിക്കും. ആനയെ പേടിപ്പിക്കാൻ.’’
‘‘ഇപ്ലത്തെ ആനക്ക് അതൊന്നും ഏശില്ല സാറേ.’’ നിരന്തരം ആനപ്രശ്നംകൊണ്ട് പൊറുതിമുട്ടിയ മെംബർ തിരുത്തി.
രഘുസാറ് തലയാട്ടി സമ്മതിച്ച് ഒന്നുകൂടി കോളി. ‘‘എന്നാലും കടുവയെപ്പോലെ നയിച്ചു ജീവിക്കുന്ന ഒരു ജീവി... വെറുതെ അതിന്റെ മുന്നിലേക്കൊരു കാട്ടുപോത്തിനെ കൊണ്ടിട്ടുകൊടുത്താല് മൈൻഡ് ചെയ്യില്ല. അധ്വാനിച്ച് പിടിക്കണം. അഭിമാനിയാ...’’
‘‘വേറൊന്നുകൂടിയുണ്ട് സാറേ...’’ രഘുസാറിന്റെ സഹായിയായി നിൽക്കുന്ന സ്വദേശിയായ ഗാർഡ് കൂട്ടിച്ചേർത്തു. ‘‘പശൂന്റെ തൊഴുത്തിനടുത്ത് മുള്ളിയേച്ച് പോകും ഇവറ്റ. അതിന്റെ ചൂരേറ്റ് പേടിച്ച് തൊഴുത്ത് പൊട്ടിച്ച് ഓടുന്ന കാലികളെ പിടിക്കാനും കടുവകൾക്ക് ഭയങ്കര വിരുതാ...’’
അങ്ങനെ കുറേ സംഭവമുണ്ടായിട്ടുണ്ടെന്ന് മെംബറ് ഓർമയിൽനിന്നെടുത്ത് ഓരോന്ന് പറയാൻ തുടങ്ങി. ചുമരുചാരി മിണ്ടാതെ നിൽക്കുന്ന രാമകൃഷ്ണനെ കണ്ണിൽപ്പെട്ട് രഘുസാറ് നിവർന്നിരുന്നു. ‘‘വിരുന്നുകാര് ഇരുന്നില്ലെങ്കില് വീട്ടിലെ പെമ്പിള്ളേര് മൂലക്കാവൂംന്നാ കാർന്നോമ്മാര് പറയാറ്. എവിടെയെങ്കിലും ഒന്നിരിക്കിഷ്ടാ.’’
പ്രശാന്തൻ ഇരിക്കുന്ന കട്ടിലിന്റെ മൂലക്ക് രാമകൃഷ്ണൻ ചന്തി കൊള്ളിച്ചു.
‘‘അതിന് ഇവിടെയേട്യാ പെമ്പിള്ളേര് ?’’ ഡോക്ടർ ചിപ്സ് വാരി കൊറിച്ചു.
‘‘പൊരക്കുണ്ടല്ലോ രണ്ടെണ്ണം...’’ അടുത്ത കുപ്പിയുടെ അടപ്പൂരാൻ രഘുസാറ് ബുദ്ധിമുട്ടുന്നത് കണ്ട് സഹായി ഗാർഡ് വാങ്ങി നിഷ്പ്രയാസം ഊരിക്കൊടുത്തു.
‘‘അറൈഞ്ച് മാര്യജിനൊന്നും നിന്നേക്കരുത് സാറേ... പിള്ളേരെ തെണ്ടി േപ്രമിക്കാൻ വിട്ടേക്കണം. അഞ്ചു മിനുട്ട് ചായകുടിച്ച് പരിചയമുള്ള ആളൊപ്പരം വന്നോള് രണ്ടുദൊസം കക്കൂസ് കുത്താൻ വന്നോന്റൊക്കെ പോയാല് തെറ്റുപറയാന് ഒക്കില്ല.’’
ഡോക്ടർ എന്തോ ഉള്ളേത്തട്ടി പറഞ്ഞതിനോട് മെംബർക്ക് കടുത്ത വിജോയിപ്പുണ്ടാവുകയും അവർ തമ്മിൽ തർക്കം ഉടലെടുക്കുകയും ചെയ്യുന്നതിനിടെ രഘു സാറിന്റെ വിരൽ രാമകൃഷ്ണന് നേരെ നീണ്ടു.
‘‘നിങ്ങളെ നാട്ടില് എനിക്ക് ബന്ധുക്കളൊക്കെയ്ണ്ട്.’’
ആരെന്ന് ചോദിക്കാൻ രാമകൃഷ്ണൻ വാ തുറന്നെങ്കിലും ധൈര്യം വന്നില്ല. അയാളുടെ ബന്ധുക്കളെ അറിയാനുള്ള പരിചയമൊന്നും തനിക്കുണ്ടാവാൻ സാധ്യതയില്ലെന്ന് വിചാരിച്ചു. അങ്ങനൊരു ചോദ്യം രാമകൃഷ്ണന്റെ വായിൽനിന്ന് വരാതിരിക്കാൻ കട്ടിലിലിരുന്ന് കാമറയിൽ ഫോട്ടോ നോക്കിക്കോണ്ടിരുന്ന പ്രശാന്തനോട് രഘുസാറ് പെട്ടെന്ന് ഇടപെട്ടു.
‘‘പ്രശാന്താ... രാത്രിക്കേക്ക് ഞണ്ണാൻ വല്ലതും ഇണ്ടാക്കെടാ.’’
കൈയിലുള്ളത് ആഞ്ഞുവലിച്ച് ഒന്നൂടെ ഒഴിച്ച് അതുമെടുത്ത് പ്രശാന്തൻ അടുക്കളയിലേക്ക് പോയി. രാമകൃഷ്ണനും അവിടന്ന് മാറണമെന്ന് തോന്നി പതുക്കെ നീങ്ങി.
അടുക്കളയിൽ കയറി രണ്ടുപേരും ഏതാണ്ടൊക്കെ ഉണ്ടാക്കാൻ തുടങ്ങിയെങ്കിലും പ്രശാന്തൻ ഇടക്കിടെ അപ്പുറത്തേക്ക് പോയി. പിന്നെ വരാതായി. സ്റ്റോറൂമിൽ വിരിച്ച പ്ലാസ്റ്റിക്കിലെ ഉണങ്ങിയ പച്ചക്കറികളെടുത്ത് അരിഞ്ഞ് കൂട്ടാൻ വെക്കുന്നതിനിടെ ജനലിലൂടെ രാമകൃഷ്ണൻ കടുവയില്ലാത്ത കാട്ടിലേക്ക് നോക്കി. ഒരായുസ്സ് മുക്കാലും അതിർത്തിവരച്ച് അധീനപ്പെടുത്തിയ കാട് ഒഴിഞ്ഞുകിടക്കുമ്പോലെ. ദൂരെ നിന്നും ഒരു ഗർജനം വന്ന് ചുമര് വിറപ്പിക്കുമ്പോലെ.
പുറത്ത് ഇരുട്ടുന്നു.
അപ്പുറത്തെ മുറിയിൽനിന്ന് കൂർക്കംവലിയും തൊണ്ട പൊട്ടിയുള്ള ഒരു കാറലും കേട്ടു. രാമകൃഷ്ണൻ എത്തിനോക്കി.
അവസാനത്തെ ഫോട്ടോ നോക്കി പ്രശാന്തൻ കട്ടിലിൽ ഉറങ്ങുന്നു. ഫോൺ വന്ന് മെംബർ എപ്പോഴോ ഇറങ്ങിപ്പോയിരിക്കുന്നു. ഡോക്ടറെ കൊണ്ടുവിടാൻ പോയ ഗാർഡ് ഇതുവരെ തിരിച്ചുവന്നില്ല. ഇരുന്ന കസേരയിൽ ഊർന്നിറങ്ങി രഘുസാറ് നിലത്ത് വിസ്താരത്തിൽ ഛർദ്ദിച്ചിരിക്കുന്നു. ഒടുക്കത്തെ ദുർഗന്ധവും. വായിൽനിന്ന് കൊഴുത്ത നൂല് പുലിനഖത്തിലേക്ക് ബന്ധിച്ചിരിക്കുന്നു.
‘‘സാറേ... സാറേ...’’ രാമകൃഷ്ണൻ മടിയോടെ തൊട്ടുനോക്കി. ഛർദിലിൽ വഴുക്കിവഴുക്കി അയാൾ നേരെയിരിക്കാൻ ശ്രമിച്ചു.
പാതി കണ്ണ് തുറന്ന് രാമകൃഷ്ണനെ വിളിച്ചു.
‘‘രാമൃഷ്ണാ...’’
‘‘ന്തോ...’’ രാമകൃഷ്ണൻ കൂറ്റാട്ടി.
രഘുസാറ് വരണ്ട ചുണ്ടുകൾ നാവുനീട്ടി നനച്ചു. മയക്കുവെടിയേറ്റ കടുവയെപ്പോലെ തളർന്നു.
കാലിനടിയിൽ ഒയച്ചുവെച്ച പിത്തപ്രളയത്തിലേക്ക് ദൃഷ്ടി വീണ് രഘുസാറ് പിറുപിറുത്തു.
‘‘പിള്ളേര് കണ്ടാ നാണക്കേടാ...’’
പിറ്റേന്ന് പാൽച്ചുരമിറങ്ങി വീട്ടിലെത്തുന്നതുവരെ രാമകൃഷ്ണൻ തന്റെ കൈ മണപ്പിച്ചുകൊണ്ടിരുന്നു.
അതേ മണം.