അന്ധകാര കോളനി -വി.എം. വിനോദ്‍ലാലിന്റെ കഥ
കാഞ്ഞിരം കൊച്ചുപാലമിറങ്ങി കഷ്ടി ഒരു തിരിവു കഴിഞ്ഞതും വേണോ വേണ്ടയോ എന്നു ശങ്കിച്ചുവീശുന്ന വൈപ്പറിനിടയിലൂടെ മുന്നോട്ടു നോക്കിക്കൊണ്ട് ഓട്ടോക്കാരൻ ചേട്ടൻ പറഞ്ഞു: ‘‘സാറേ, മെയിൻറോട്ടിലോട്ടും വെള്ളം കേറീരിക്കുവാ... അന്ധകാര കോളനീലോട്ട് ഇനി നീന്തലേ രക്ഷയൊള്ള്...’’ അച്ഛനും ഞാനും ഓട്ടോയിന്നെറങ്ങിയപ്പം കിളിരൂരെ അപ്പച്ചീടെ മകൻ പ്രേമൻ കൊച്ചച്ഛൻ കൊച്ചുവഞ്ചീം തുഴഞ്ഞു വരുന്നുണ്ടായിരുന്നു.. ‘‘ങാ, മോനിച്ചായോ...’’ അച്ഛനും തിരിച്ചുവിളിച്ചു: ‘‘പ്രേമാ...’’ റോഡ്സൈഡിലെ അടഞ്ഞുകിടന്ന കടത്തിണ്ണേലോട്ട് വഞ്ചിയടുപ്പിക്കുന്നതിനിടയിൽ പ്രേമൻ കൊച്ചച്ഛൻ പറഞ്ഞു: ‘‘ഒരു രക്ഷേമില്ല. എത്ര ദെവസിയായി തൊടങ്ങിയ...
Your Subscription Supports Independent Journalism
View Plansകാഞ്ഞിരം കൊച്ചുപാലമിറങ്ങി കഷ്ടി ഒരു തിരിവു കഴിഞ്ഞതും വേണോ വേണ്ടയോ എന്നു ശങ്കിച്ചുവീശുന്ന വൈപ്പറിനിടയിലൂടെ മുന്നോട്ടു നോക്കിക്കൊണ്ട് ഓട്ടോക്കാരൻ ചേട്ടൻ പറഞ്ഞു: ‘‘സാറേ, മെയിൻറോട്ടിലോട്ടും വെള്ളം കേറീരിക്കുവാ... അന്ധകാര കോളനീലോട്ട് ഇനി നീന്തലേ രക്ഷയൊള്ള്...’’
അച്ഛനും ഞാനും ഓട്ടോയിന്നെറങ്ങിയപ്പം കിളിരൂരെ അപ്പച്ചീടെ മകൻ പ്രേമൻ കൊച്ചച്ഛൻ കൊച്ചുവഞ്ചീം തുഴഞ്ഞു വരുന്നുണ്ടായിരുന്നു..
‘‘ങാ, മോനിച്ചായോ...’’
അച്ഛനും തിരിച്ചുവിളിച്ചു: ‘‘പ്രേമാ...’’
റോഡ്സൈഡിലെ അടഞ്ഞുകിടന്ന കടത്തിണ്ണേലോട്ട് വഞ്ചിയടുപ്പിക്കുന്നതിനിടയിൽ പ്രേമൻ കൊച്ചച്ഛൻ പറഞ്ഞു: ‘‘ഒരു രക്ഷേമില്ല. എത്ര ദെവസിയായി തൊടങ്ങിയ മഴയാ. വൈക്കത്തോട്ടൊക്കെയെങ്ങനാച്ചായാ മഴയൊക്കെയൊണ്ടോ..?’’
‘‘ഒണ്ടോന്നോ..! നല്ല കാര്യമായി. ഭാഗ്യത്തിന് ഇന്നു ഞങ്ങളെറങ്ങുമ്പം ഒന്നു തൂളുന്നേ ഒണ്ടാരുന്നുള്ളൂ.’’
കൊച്ചച്ഛനെന്നെ നോക്കി ചിരിച്ചേച്ച് വഞ്ചിയേലോട്ട് കൈപിടിച്ചു കേറ്റുന്നതിനിടയിൽ പറഞ്ഞു: ‘‘കോളനീപ്പിന്നെ ഒരു മാക്രി കരഞ്ഞാ മതി, നേരം വെളുക്കമ്പം മുട്ടറ്റം വെള്ളവാ. ഇച്ചിരെയെങ്കിലും വെള്ളമൊഴുകിപ്പൊക്കോണ്ടിരുന്നത് കിഴക്കു പൊറത്തെ ആ കൈത്തോട്ടീക്കോടെയാരുന്നു. ആ സ്ഥലത്തിന്റെ ഒടമസ്ഥര് അതു മൂടി മുഖമടച്ച് മതിലും കെട്ടിയേപ്പിന്നെ വെള്ളം പോകാനൊരു മാർഗോമില്ലാതായി. ഇപ്പം കോളനീടെ മണ്ടേന്നൊരു ഫോട്ടോയെടുത്താ വലിയൊരു തടാകത്തില് കൊറെ കളിവീടുകളുവെച്ചപോലിരിക്കും.’’ കുമരകത്തെ ഭൈമീ സ്റ്റുഡിയോയിലെ ജോലിക്കാരനായ കൊച്ചച്ഛന്റെ പറച്ചിലിൽ ആ കാഴ്ച സിനിമയിലേതുപോലെ എന്റെയുള്ളിൽ വന്നു മറഞ്ഞു. അച്ഛനും കൂടെ കേറിക്കഴിഞ്ഞപ്പം വഞ്ചിയുടെ എറമ്പിനു തൊട്ടുതാഴെ വരെയായി വെള്ളം.
എഴുപത്തിരണ്ടു കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് അന്ധകാര കോളനി. മാമലശ്ശേരി കോളനീന്നാണ് ശരിക്കൊള്ള പേരെങ്കിലും, പണ്ടവിടെ വെട്ടോം വെളിച്ചോമൊന്നുമില്ലാതിരുന്ന കാലത്ത് കുറേ തല്ലിപ്പൊളികള് താമസിച്ചപ്പം വീണ പേരാണ് അന്ധകാര കോളനീന്ന്. അവരൊക്കെ ചത്തു മണ്ണടിഞ്ഞിട്ടും വിളിപ്പേരിൽ പഴയകാലം ഓർമിപ്പിച്ചുകൊണ്ടേയിരുന്നു.
കോളനിക്കകത്ത് പണിക്കാഞ്ചിറ്റപ്പന്റെ വീട് അങ്ങ് തെക്കേമൂലയ്ക്കാണ്. അച്ഛന്റെ, അച്ഛന്റനിയനാണ് പണിക്കാഞ്ചിറ്റപ്പൻ. അടുപ്പുകല്ലുകൾപോലെ ചേർന്നിരിക്കുന്ന വീടുകൾക്കിടയിലൂടെ അരയൊപ്പം വെള്ളത്തില് നീന്തിവരുന്ന നാലഞ്ചാളുകൾക്കിടയിലൂടെ അവിടേമിവിടേം തട്ടീംമുട്ടി കൊച്ചുവഞ്ചി മുന്നോട്ടുനീങ്ങുമ്പം പ്രേമൻ കൊച്ചച്ഛൻ ചോദിച്ചു:
‘‘മോനെത്രാം ക്ലാസിലാടാ..?’’
‘‘എട്ടീ...’’ ഞാൻ പറഞ്ഞു.
‘‘മോനെ കുമ്പോടം തുള്ളിക്കാനിനി ആളില്ലല്ലോടാ..?’’
പ്രേമൻ കൊച്ചച്ഛനങ്ങനെ പറഞ്ഞപ്പം ഞാനതോർത്ത് വെറുതെ ചിരിച്ചു... പണിക്കാഞ്ചിറ്റപ്പന് അച്ഛനോടെന്നപോലെ എന്നേം വല്യ കാര്യമാരുന്നു. ഞാൻ നേഴ്സറീലോ ഒന്നിലോ മറ്റോ പഠിക്കുന്ന സമയം. അന്ന് പണിക്കാഞ്ചിറ്റപ്പനും കുടുംബവും താമസിക്കുന്നത് മാന്താറ്റിലാ. ഞങ്ങള് മാന്താറ്റില് ചെന്നപ്പോ പണിക്കാഞ്ചിറ്റപ്പനും കൊച്ചമ്മയുമൊക്കെയായിട്ട് തിരുന്നക്കര അമ്പലത്തില് കുമ്പോടം കാണാൻ പോയി.
ഞങ്ങളു ചെല്ലുമ്പം പലയിടത്തുന്നും വന്നേക്കുന്ന കുമ്പോട സെറ്റുകളെല്ലാം കൂടെ ചേർന്ന് ഒരുമിച്ചു ചുവടുകൾവെച്ച് തുള്ളിത്തകർക്കുകയാണ്. താളത്തിലുള്ള ചെണ്ടമേളമങ്ങു മുറുകിയപ്പോ ഞാൻ അറിയാതെതന്നെ തുള്ളിപ്പോയി. ആളുകളൊക്കെ നോക്കി ചിരിച്ചപ്പോ അമ്മയ്ക്കതൊരു കൊറച്ചിലുപോലെ തോന്നി. എന്നെ പിടിച്ചുനിർത്താൻ നോക്കിയപ്പം പണിക്കാഞ്ചിറ്റപ്പൻ പറഞ്ഞു:
‘‘നീയവനെ തടയല്ലേ... ജന്മസിദ്ധമായ താളം അവനെക്കൊണ്ടങ്ങനെ ചെയ്യിക്കുന്നതാ. അവൻ കൊച്ചല്ലേ, മതിയാവോളം തുള്ളട്ടെ. വലുതായാൽ പിന്നെയവൻ നമ്മളെപ്പോലെ മറ്റുള്ളവർ എന്തുവിചാരിക്കും എന്നു കരുതി എല്ലാം ഉള്ളിലൊതുക്കുന്ന ഒരാളായി മാറിയേക്കാം...’’ തുള്ളിത്തകർക്കുന്ന എന്നെ നോക്കിയിട്ട് അച്ഛനെ ചൂണ്ടിക്കാട്ടി അമ്മയോട് പറഞ്ഞു.
‘‘പണ്ടിവിടെ ഈ പ്രായത്തിലിവനുമിങ്ങനെ തുള്ളീട്ടൊള്ളതാ എന്റെ കൂടെ വന്നപ്പം...’’
അതിനുശേഷം എപ്പം കണ്ടാലും പണിക്കാഞ്ചിറ്റപ്പൻ എന്നെക്കൊണ്ട് കുമ്പോടം തുള്ളിക്കും.
‘‘എല്ലാരുമൊക്കെ വന്നോടാ പ്രേമാ..?’’, അച്ഛൻ ചോദിച്ചു.
‘‘ഓ... ഒടുക്കത്തെ ഈ വെള്ളം കാരണം രാവിലെതന്നെ കൊറേപ്പേരൊക്കെ വന്നു കണ്ടേച്ച് പോയി. വരുന്നവരൊക്കെ എത്ര നേരമെന്നും പറഞ്ഞാ ഈ വെള്ളത്തി നിക്കുന്നേ. പിന്നെ, ഗോപീടേം ചന്ദ്രന്റേം കൊണപതികാരംകൊണ്ട് ഒരു മാതിരിപ്പെട്ടവരൊന്നും ഈ പടി ചവിട്ടത്തില്ലല്ലൊ..!
തുഴകൊണ്ട് ഒരു ചെമ്പരത്തിക്കമ്പൊതുക്കിയിട്ട് കൊച്ചച്ഛൻ തെല്ലു സംശയത്തോടെ ചോദിച്ചു:
‘‘മോനിച്ചായന്റെ അനിയന്മാരും പെങ്ങളുമൊന്നും വരാൻ സാധ്യത കൊറവാ അല്ലേ..?’’
അച്ഛൻ വെറുതെ ഒന്നു തലകുലുക്കി.
വഞ്ചിവന്ന ഓളത്തിൽ കുറച്ചു വെള്ളം തിണ്ണേലോട്ടും കയറി. പെരയ്ക്കകത്തോട്ട് കേറിയാലോന്ന് പേടിച്ച് ഈരണ്ടു സിമന്റുകട്ടകൾ കൂട്ടിവെച്ചതിനു മുകളിൽ നാലു കാലും പൊക്കിവെച്ചിരിക്കുന്ന കട്ടിലിൽ വെള്ളപുതച്ചു കിടക്കുന്ന പണിക്കാഞ്ചിറ്റപ്പനെ കണ്ടയുടനെ തന്നെ സകല നിയന്ത്രണങ്ങളും വിട്ട് വലിയ ഒച്ചയിൽ അച്ഛൻ കരഞ്ഞു. അതു കണ്ട് ഞാനും കരഞ്ഞു. അച്ഛൻ കരയുന്നത് ഇതിനു മുന്നേ ഞാൻ കണ്ടിട്ടുള്ളത് മൂന്നാം ക്ലാസി പഠിക്കുമ്പം രാമങ്കരീലെ അച്ഛന്റമ്മാവൻ മരിച്ചപ്പഴാ.
ഉച്ചയായപ്പം മഴയൊന്നു തോർന്നെങ്കിലും അന്തരീക്ഷം വല്ലാതെ മൂടിക്കെട്ടിത്തന്നെ നിന്നു. അടുക്കളപ്പൊറത്തെ പൊട്ടിപ്പൊളിഞ്ഞ ചെറിയ തിണ്ണയ്ക്കു മുകളിലേക്ക് കയറാൻ ഓളംതല്ലുന്ന വെള്ളത്തിലൂടെ ചാഞ്ചാടുന്ന ചത്തു ചീഞ്ഞുവീർത്ത ഒരു പന്നിയെലിയെ പത്തക്കോലിനു ഉന്തിവിടുമ്പം, പണിക്കാഞ്ചിറ്റപ്പന്റെ എളയമകൻ തങ്കൻ കൊച്ചച്ഛനോട് അച്ഛൻ പറഞ്ഞു:
‘‘എട തങ്കാ, ലക്ഷണം കണ്ടിട്ട് വൈകുന്നേരത്തിനിപ്പറെ വെള്ളം പെരക്കകത്തോട്ടു കേറുമെന്നാ തോന്നുന്നെ... വേളൂർക്ക് കൊണ്ടു പോകേണ്ട കാര്യമേയൊണ്ടാരുന്നൊള്ള്.’’
‘‘ആ പട്ടിക്കഴുവേറികളോട് ആളാം വീതം പറഞ്ഞിട്ടും ചെവീലോട്ട് കേറണ്ടേ മോനിച്ചായാ... അതെങ്ങനെയാ തലക്കകത്തു മുഴുവൻ ചാണകമല്ലേ...’’
സ്വന്തം ചേട്ടന്മാരോടുള്ള ദേഷ്യം തങ്കൻ കൊച്ചച്ഛൻ പല്ലുകടിച്ചു ഞെരിച്ചു.
‘‘എടാ ഒന്നു പതുക്കെപ്പറ. അവന്മാരു കേട്ടാലിതുമതി നിന്റെ ചെവിക്കല്ലടിച്ചുപൊട്ടിക്കാൻ...’’
‘‘ഉം... അതൊക്കെ പണ്ട്. ഇപ്പമിങ്ങോട്ടു വരട്ടെ. ഞാൻ കാണിച്ചുകൊടുക്കാം...
ഒന്നു പോയെന്റെ മോനിച്ചായാ...’’
തങ്കൻ കൊച്ചച്ഛൻ കെട്ടുപോയ മുറിബീഡിക്ക് വീണ്ടും തീകൊളുത്തി.
തീരെ കിടപ്പിലാകുന്നതുവരെ, ഒറ്റടിവെച്ചേ നടക്കാൻ പറ്റൂ എങ്കിലും കോളനിപ്പടീല് പാർട്ടി മീറ്റിങ്ങു വെല്ലതും നടന്നാ ചിറ്റപ്പനേറ്റവും മുമ്പന്തീത്തന്നെ പോയി ഇരിപ്പുറപ്പിക്കും.
പണ്ടിതുപോലൊരു മീറ്റിങ്ങിന് വി.എസ് വന്നപ്പോ തനിക്കിട്ട രക്തഹാരം സദസ്സിന്റെ മുൻനിരയിലിരുന്ന ചിറ്റപ്പന്റെ കഴുത്തിലണിയിച്ചത് ഒരു ഇരുമ്പുപെട്ടിയിൽ നിധിപോലെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. മീറ്റിങ് കഴിഞ്ഞെന്ന അറിയിപ്പു വന്നാലുടൻ എഴുന്നേറ്റ് നിന്ന് ചിറ്റപ്പന്റെ ഒരവകാശംപോലെ മുഷ്ടി ചുരുട്ടി ഇൻക്വിലാബ് സിന്ദാബാദെന്ന് ഉറക്കെ വിളിക്കും. അതു കേട്ട് കുറച്ചു ചെറുപ്പക്കാർ കൂടെ വിളിക്കുമ്പോ ചിറ്റപ്പനങ്ങ് വികാരാധീനനായി കണ്ണു നിറഞ്ഞുനിൽക്കും.
മരിക്കുംവരെ പണിക്കാഞ്ചിറ്റപ്പന്റെ സിരകളിൽ കമ്യൂണിസ്റ്റ് രക്തമാണൊഴുകിയിരുന്നതെങ്കിലും ഇടക്കാലത്ത് വെച്ച് മൂത്തമക്കളായ ഗോപി കൊച്ചച്ഛനും ചന്ദ്രൻ കൊച്ചച്ഛനും പാർട്ടി മാറി എളയമകനായ തങ്കൻ കൊച്ചച്ഛനുമായി തമ്മിൽ തല്ലുന്നത് കാണുമ്പോ പണ്ട് പാർട്ടി പിളർന്നതിനേക്കാളും വെല്യ വെഷമമാണിപ്പം ചങ്കു നെറയേ എന്ന് വരുന്നവരോടൊക്കെ പറയുമായിരുന്നു.
എതിർ പാർട്ടിക്കാരായവരാണ് ശ്മശാനത്തിന്റെ ചുമതലക്കാരെന്നും പറഞ്ഞാണ് അങ്ങോട്ടേക്കു കൊണ്ടുപോകാൻ ഗോപി കൊച്ചച്ഛനും ചന്ദ്രൻ കൊച്ചച്ഛനും കട്ടക്കു സമ്മതിക്കാതിരിക്കുന്നത്.
അകത്തൊരു കൂട്ടക്കരച്ചില് കേട്ടപ്പം അച്ഛനൊന്ന് എത്തിനോക്കി.കൂടെ ഞാനും. നട്ടാശ്ശേരീലൊള്ള അപ്പച്ചിയാ. മുണ്ടും നാടനുമെല്ലാം മുട്ടിനു മുകള് വരെ നനഞ്ഞിട്ടുണ്ട്. അച്ഛന്റെ തലവെട്ടം കണ്ടതോടെ അപ്പച്ചി ഒന്നുകൂടെ ഒച്ചയിൽ കാറി.
‘‘എന്റെ മോനിച്ചാ, നീ കൊച്ചാരുന്നപ്പം, നിന്നെ നിന്റെ ചത്തുപോയ അച്ഛനേക്കാളും നന്നായിട്ട് നോക്കീരുന്നത് ഈ കെടക്കുന്ന പണിക്കാഞ്ചിറ്റപ്പനാരുന്നില്ലേടാ കുഞ്ഞേ... നിന്റച്ഛൻ രണ്ടാമതു കെട്ടി വന്നയാഴ്ച പുതുമോടിക്കവരു കോട്ടേത്തിന് സർക്കസു കാണാനെറങ്ങിയപ്പം എന്നേം കൊണ്ടു പോയെന്റച്ഛോന്ന് അഞ്ചു വയസ്സുകാരനായ നീ വലിയവായീ കാറിയപ്പം നിന്നെ സർക്കസു കാണിക്കാൻ കൊണ്ടുപോയതൊക്കെ നീയോർക്കുന്നുണ്ടോടാ മോനിച്ചാ...’’ അപ്പച്ചിയെണ്ണിയെണ്ണിപ്പറഞ്ഞു കരഞ്ഞപ്പം എന്റെയുള്ളിൽ അച്ഛൻ പറഞ്ഞുറച്ചുപോയ കഥയിലെ ഒരഞ്ചു വയസ്സുകാരന്റെ മുഖം തെളിഞ്ഞുവന്നു.
അച്ഛന്റച്ഛനെ ഞാൻ വിളിച്ചിരുന്നത് വല്യച്ഛനെന്നാണ്. പണ്ട്, വല്യച്ഛന് ഇരുവാതുക്ക കവലേ നിരപ്പലകയിട്ട വലിയ കടയാരുന്നു. ബീഡി തെറുക്കാൻ എട്ടുപത്തു പേര് സ്ഥിരമുണ്ടാകും.
അച്ഛന് രണ്ടു വയസ്സുള്ളപ്പോഴോ മറ്റോ ആണ് പുത്തനങ്ങാടീലെ കുടുംബവീട്ടീന്ന് തല്ലിപ്പിരിഞ്ഞ വല്യച്ഛൻ പതിനെട്ടിച്ചെറേലൊരു ചെറിയ വീട്ടിലേക്ക് താമസം മാറിയത്. താഴത്തും തലയിലും വെക്കാതെ കൊണ്ടുനടന്നിരുന്ന രണ്ടു വയസ്സുകാരന്റെ ഒച്ചേം ബഹളവുമുണ്ടായിരുന്ന പുത്തനങ്ങാടീലെ വീട് മരണവീടിനു തുല്യമായി. ഇനി ഈ കുടുംബോമായിട്ടൊരു ബന്ധോമില്ലെന്നു പറഞ്ഞ് വല്യച്ഛനിറങ്ങിപ്പോന്നെങ്കിലും ഏറ്റോമെളയ അനിയനായ പണിക്കാഞ്ചിറ്റപ്പൻ കൊച്ചിനെക്കാണാൻ പറ്റാതെ ഇരിക്കപ്പൊറുതിയില്ലാതെ, വല്യച്ഛനില്ലാത്ത സമയം നോക്കി വീട്ടീന്നൊണ്ടാക്കി കൊടുത്തുവിടുന്ന പലഹാരപ്പൊതീമായി മിക്കപ്പോഴും പതിനെട്ടിച്ചെറക്കു സൈക്കിളു ചവിട്ടി.
പണിക്കാഞ്ചിറ്റപ്പന്റെ ‘‘ചിറ്റപ്പന്റെ മോനിച്ചനെവിടേ’’ന്നുള്ള വിളി കേട്ടാലുടൻ കൊച്ചുമോനിച്ചൻ പാഞ്ഞുവരും. ആന കളിച്ചും സൈക്കിളിൽ വട്ടംചുറ്റിച്ചും അവരുടെ സ്നേഹപ്രകടനങ്ങൾ കണ്ട് കണ്ണുനീർ പൊഴിക്കാനായിരുന്നു പാവം ചേടത്തിയമ്മയുടെ വിധി.
അച്ഛനു നാലു വയസ്സുള്ളപ്പഴാ അച്ഛന്റെ അമ്മ മരിക്കുന്നത്. കാര്യം വല്യ അകൽച്ചേലാരുന്നെങ്കിലും മരണമറിഞ്ഞയൊടനെ തന്നെ പുത്തനങ്ങാടീന്ന് വല്യച്ഛന്റച്ഛനൊഴിച്ച് ബാക്കിയെല്ലാവരുമോടിയെത്തി. സഞ്ചയനച്ചടങ്ങ് കഴിഞ്ഞ് എല്ലാരുമിരിക്കുമ്പം, കൊച്ചിനെ പുത്തനങ്ങാടിക്ക് കൊണ്ടുപോട്ടെ എന്നു പണിക്കാഞ്ചിറ്റപ്പൻ ചോദിച്ചപ്പോ അച്ഛന്റെ അമ്മവീട്ടുകാരായ രാമങ്കരിക്കാരു പറഞ്ഞു:
‘‘നിങ്ങക്കു ബുദ്ധിമുട്ടില്ലെങ്കി മോനിച്ചനെ ഞങ്ങളു പൊന്നുപോലെ നോക്കിക്കോളാം.’’
അങ്ങോട്ടുമിങ്ങോട്ടുമുള്ള പറച്ചിലുകൾക്കിടയിൽ അതുവരെ മിണ്ടാതിരുന്ന വല്യച്ഛൻ വെട്ടൊന്ന് മുറി രണ്ടെന്ന കണക്കേ ഒച്ചയിൽ പറഞ്ഞു. ‘‘വർത്താനം പറഞ്ഞാരും വായിലെ വെള്ളം വറ്റിക്കേണ്ട. ഇവനെ എങ്ങോട്ടും വിടുന്നില്ല. ഞാൻ തന്നെ നോക്കും.’’
ക്ഷിപ്രകോപിയായ വല്യച്ഛന്റെ സ്വഭാവമറിയാവുന്ന അവരാരും തന്നെ പിന്നെയൊന്നും മിണ്ടാതെ സ്ഥലം കാലിയാക്കി.
ഒറ്റമൂച്ചിനങ്ങനെ പറഞ്ഞെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ കൊച്ച് മിക്കപ്പോഴും പുത്തനങ്ങാടീ തന്നെയാരുന്നു. ഇടയ്ക്കൊക്കെ പതിനെട്ടിച്ചെറേല് പണിക്കാഞ്ചിറ്റപ്പനും നട്ടാശ്ശേരീ കെട്ടിച്ചുവിട്ട അപ്പച്ചീം വന്നു നിൽക്കും. ചുരുക്കിപ്പറഞ്ഞാ കൊച്ചിന്റെ അച്ഛനേക്കാൾ കരുതലും സ്നേഹവും പണിക്കാഞ്ചിറ്റപ്പനായിരുന്നു.
വല്യച്ഛന്റെ കടയോട് തൊട്ടു ചേർന്നുള്ള അംബുജ ടൈലേഴ്സിലെ പ്രധാന തയ്യക്കാരി ഇല്ലിക്കേന്നു വരുന്ന ഒരു പൊന്നമ്മയാരുന്നു പിന്നീട് വല്യച്ഛന്റെ രണ്ടാം ഭാര്യാപദവി അലങ്കരിച്ചത്. കാര്യം പൊന്നമ്മയെന്ന പേരിലൊരമ്മയൊണ്ടെങ്കിലും അവരു വന്നേപ്പിന്നെ കൊച്ചിനെപ്പോഴും ‘‘എന്റമ്മേ’’ എന്നു വിളിക്കേണ്ടി വന്നു. അധികം താമസിയാതെ വല്യച്ഛന്റെ കണ്ണിൽ അച്ഛനൊരധികപ്പറ്റായി മാറി. വല്യച്ഛന്റെ കൂടെയൊന്നു കിടക്കാൻ കൊതിച്ചു ചെല്ലുമ്പം പുള്ളിക്കാരനും പുതുപ്പെണ്ണും കൂടി കതകടച്ചു കുറ്റിയിട്ടിരിക്കും. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന അച്ഛനെ സ്നേഹത്തോടെ തലയിൽ തലോടിക്കൊണ്ട് പണിക്കാഞ്ചിറ്റപ്പൻ പറയും: ‘‘മോനിച്ചാ, എന്റെ പൊന്നുമാനേ, നീ വെഷമിക്കേണ്ടടാ... ഈ ചിറ്റപ്പനൊണ്ട് നിനക്ക്.’’
എന്നിട്ടച്ഛനെ തോളിൽ കിടത്തി മുറ്റത്തങ്ങനെ നടക്കും.
ഇത്തിരിപ്പോന്ന കുഞ്ഞിനോടു സ്വന്തമച്ഛൻ കാണിക്കുന്ന അവഗണനയിൽ മനംനൊന്ത ചിറ്റപ്പൻ പാട്ടുപാടിയുറക്കുന്നതിനിടയിലും പതുക്കെ ചെവിയിലോതും.
‘‘ചിറ്റപ്പന്റെ മോനിച്ചൻ പഠിച്ചുപഠിച്ചു മിടുക്കനാവണം. കെട്ടോ...’’
‘‘ഉം’’, അച്ഛൻ മൂളുമ്പോ വീണ്ടും പറയും.
‘‘എന്നിട്ടൊരു ജോലിയൊക്കെക്കിട്ടി വലിയ ഇമ്പാലാക്കാറൊക്കെ ഓടിച്ചുവരുമ്പം ഈ ചിറ്റപ്പനെ കേറ്റുവോ...’’
തോളിൽനിന്നും തലയുയർത്തി ചിറ്റപ്പന്റെ മുഖത്തു നോക്കി അച്ഛൻ പറയും, ‘‘ചിറ്റപ്പനെ മാത്രേ കേറ്റത്തൊള്ള്.’’
അതുകേട്ട് നെഞ്ചു വിങ്ങുന്ന സ്നേഹത്താൽ ചിറ്റപ്പൻ അച്ഛന്റെ പുറം തലോടിക്കൊണ്ടു പാട്ടു മൂളും.
പിന്നീടങ്ങോട്ട് അച്ഛന്റച്ഛൻ പണിക്കാഞ്ചിറ്റപ്പനാവുകയാരുന്നു. പുതുമോടിയുടെ പെടപ്പു തീരുംവരെ അച്ഛനെ വല്യച്ഛൻ ശ്രദ്ധിച്ചതേയില്ല. ലാളിക്കപ്പെടേണ്ട ആ ഇളംപ്രായത്തിൽ വല്യച്ഛൻ അച്ഛനെ ‘‘മോനേ’’യെന്നുപോലും വിളിച്ചില്ല. സ്വന്തം മകന്റെ കാര്യത്തിൽ ഒരു ശ്രദ്ധയും കാണിക്കാത്തതിന്റെ പേരിൽ വല്യച്ഛനും പണിക്കാഞ്ചിറ്റപ്പനും തമ്മിൽ മിക്കപ്പോഴും വാക്കുതർക്കമുണ്ടായപ്പോ ഒരുദിവസം വല്യച്ഛൻ ചോദിച്ചു: ‘‘മൂന്നുനേരം കഴിക്കാനും ഉടുക്കാൻ തുണീം കൊടുക്കുന്നുണ്ട്. പഠിക്കാൻ പൊസ്തകോം... പിന്നെയവനെന്നാത്തിന്റെ കൊറവാ..?’’
വല്യച്ഛനെ ഒന്നു സൂക്ഷിച്ചു നോക്കിയിട്ട് ചിറ്റപ്പൻ പറഞ്ഞു: ‘‘തള്ളയില്ലാത്ത ഒരഞ്ചുവയസ്സുകാരൻ കൊച്ചിന് അതുമാത്രം മതിയല്ലൊ അല്ലേ..?’’
‘‘ആ കൊറവ് നെകത്താനല്ലേ ഞാൻ പിന്നേം കെട്ടിയത്.’’
‘‘കൊറവ് നെകന്നത് ആർക്കാണെന്ന് നാട്ടുകാർക്കു മുഴുവനറിയാം. എന്നിട്ട് ഇച്ചിരെയില്ലാത്ത ആ കൊച്ചിന്റെ മണ്ടക്കോട്ട് അതുംകൊടെ വെച്ചുകെട്ടിക്കോ...’’
‘‘എന്നെ ക്രോസു വിസ്താരം നടത്താൻ നീയാരാടാ കോപ്പേ...’’ വല്യച്ഛൻ കലിതുള്ളിയപ്പോ വായിൽ തോന്നിയതൊക്കെ ചിറ്റപ്പനും വിളിച്ചുപറഞ്ഞു. വാതിൽ മറവീന്ന് എത്തിനോക്കിയ കൊച്ചുമോനിച്ചന്റെ പേടിച്ച മുഖം കണ്ടപ്പോ പണിക്കാഞ്ചിറ്റപ്പൻ പിന്നെയൊന്നും മിണ്ടിയില്ല.
പിന്നീടുള്ള ദിവസങ്ങളിൽ തൊട്ടതിനും പിടിച്ചതിനുമൊക്കെ വല്യച്ഛൻ അച്ഛനെ തല്ലാൻ തുടങ്ങി. അക്കാലത്ത് പണിക്കാഞ്ചിറ്റപ്പന് ബോട്ടുജെട്ടിക്കടുത്തുള്ള ഒരു തടിമില്ലിലാരുന്നു പണി. എന്നും വൈകിട്ട് പണീം കഴിഞ്ഞ് വരുന്ന ചിറ്റപ്പന്റെ സൈക്കിൾ ബെല്ലിനു കാതോർത്ത് അച്ഛനിരിക്കും. പലഹാരപ്പൊതീം കൊടുത്ത് അത് കഴിക്കുന്നവരെ കാത്തിരുന്നിട്ട് പണിക്കാഞ്ചിറ്റപ്പൻ പുത്തനങ്ങാടിക്കു പോവുമ്പം ചാണകം മെഴുകിയ തറയിൽ ചിമ്മിനി വിളക്കിന്റെ വെട്ടത്തിൽ അച്ഛൻ പുസ്തകം വായിക്കാൻ തുടങ്ങും.
അച്ഛനെട്ടാം ക്ലാസിലെത്തിയപ്പോഴേക്കും രണ്ടനുജന്മാരും ഒരനിയത്തിയുമുണ്ടായി. അവരോടൊക്കെ വല്യച്ഛൻ കാണിക്കുന്ന സ്നേഹം ഒളിച്ചുനിന്നു കാണുമ്പോ അച്ഛന്റെ എല്ലു തെളിയുന്ന നെഞ്ചിൻകൂടിൽനിന്നും വല്യച്ഛനൊത്തിരിയകന്നു പോയിരുന്നു. അറിവു വെക്കുംതോറും എന്തിനും ചിറ്റപ്പനെ ബുദ്ധിമുട്ടിക്കാൻ അച്ഛനു മനസ്സു വന്നില്ല.
പണിക്കാഞ്ചിറ്റപ്പൻ കൂപ്പിലെ പണിക്കുപോയ സമയത്താണ് അച്ഛൻ പത്താം ക്ലാസു പാസാകുന്നത്. ഒരുദിവസം വല്യച്ഛൻ അച്ഛനെ വിളിച്ചിട്ട് പറഞ്ഞു, എടാ, ഒള്ള ഉടുപ്പും കാച്ചട്ടേമൊക്കെ എടുത്ത് റെഡിയാക്കി വെച്ചോ...
നാളെ രാവിലെ പത്തു മണിയാകുമ്പം ഒരു പുള്ളിക്കാരൻ വരും. അയാടെ കൂടെ നീ പൊക്കോണം. വേണ്ടാതീനത്തിനൊന്നും പോകാതെ കിട്ടുന്ന പൈസാ മുഴുവനും പാത്തുവെച്ചോണം. ഒരു മാസം കഴിയുമ്പം ഞാനങ്ങോട്ടു വരാം. അച്ഛൻ പേടികൊണ്ട് മറുത്തൊന്നും പറഞ്ഞില്ല. എവിടേക്കാണെന്നോ എന്തിനാണെന്നോ ഒന്നുമറിയില്ല. പണിക്കാഞ്ചിറ്റപ്പനെ അറിയിക്കാൻ ഒരു മാർഗവുമില്ലാതെ അച്ഛനന്നു രാത്രി കരഞ്ഞു തളർന്നുറങ്ങി.
പത്തുപതിനഞ്ചു ദിവസം കഴിഞ്ഞു കാണും. പൊരിവെയിലു കൊണ്ട് മുഖമൊക്കെ കരുവാളിച്ചും കയ്യൊക്കെ കൊമളിച്ച് പൊട്ടിയും കക്കി ഡാമിന്റെ പണിസ്ഥലത്തിരുന്ന അച്ഛൻ ദൂരെയായി പണിക്കാഞ്ചിറ്റപ്പന്റെ തലവെട്ടം കണ്ടു. ഓടിച്ചെന്ന അച്ഛനെ കെട്ടിപ്പിടിച്ച് ചിറ്റപ്പനൊത്തിരി കരഞ്ഞു. അച്ഛനും. അച്ഛന്റെ കയ്യിലും പൊറത്തുമൊക്കെ തലോടിക്കൊണ്ട് ചിറ്റപ്പൻ പറഞ്ഞു: ‘‘എന്റെ കുഞ്ഞേ ഈ ചിറ്റപ്പനോട് ക്ഷമിക്കെടാ. ചിറ്റപ്പനറിഞ്ഞില്ലടാ ഒന്നും. കക്കി ഡാമിന്റെ കമ്പിപ്പണി ചെയ്യാനല്ല നീ പസ് ക്ലാസ്സീ പാസായത്.’’
അച്ഛനു വയറു നിറച്ച് ഭക്ഷണം വാങ്ങിക്കൊടുത്തിട്ട് ആലപ്പുഴക്കുള്ള ബസിലിരുന്ന് പണിക്കാഞ്ചിറ്റപ്പൻ പറഞ്ഞു: ‘‘മോനിച്ചാ, നിനക്കിപ്പം തിരിച്ചറിവായല്ലൊ. ചിറ്റപ്പൻ പറയുന്നത് ശ്രദ്ധിച്ചു കേക്കണം. മരിച്ചുപോയ നിന്റെ അമ്മയുടെ വീടായ രാമങ്കരിക്കാണ് നിന്നെ ചിറ്റപ്പനിപ്പോ കൊണ്ടുപോകുന്നത്. അവടെ നിന്റെ അമ്മാവന്മാരുണ്ട്. ഞാനീക്കാര്യം അറിയിച്ചപ്പോ എത്രേം പെട്ടെന്ന് നിന്നേം കൊണ്ടുവരാനാ അവരു പറഞ്ഞത്. ഒരുപക്ഷേ ഇതറിഞ്ഞു കഴിയുമ്പം നിന്റെ അച്ഛൻ വരാൻ സാധ്യതയൊണ്ട്. അതിയാനു നിന്നെയൊരു കമ്പിപ്പണിക്കാരനാക്കാനാ ആഗ്രഹം. ചിറ്റപ്പൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം അതു നടക്കത്തില്ല. പിന്നെ, അങ്ങേരു വന്നു വിളിച്ചാലൊന്നും നീ പോയേക്കരുത്. നിന്റെ അമ്മാവന്മാരെല്ലാം നല്ല നെലേലുള്ളവരാണ്. അവിടെ നിന്നു പഠിച്ച് ഒരു സർക്കാരു ജോലിയൊക്കെ നേടിയെടുക്കണം. എന്നിട്ടേ നീ പതിനെട്ടിച്ചെറക്കു വരാവൂ... കേട്ടോ...
ചിറ്റപ്പൻ ഇടക്ക് രാമങ്കരിക്ക് വന്ന് േമാനെ കണ്ടോളാം... പോരേ’’, നിറഞ്ഞ കണ്ണുകളോടെ അച്ഛൻ തല കുലുക്കി.
അച്ഛൻ പിൻവലിഞ്ഞിട്ടും അപ്പച്ചി പിന്നേയും എന്നതൊക്കെയോ പതംപറഞ്ഞു കാറിക്കൊണ്ടിരുന്നു. ബീഡിപ്പുകയൂതിക്കൊണ്ട് തങ്കൻ കൊച്ചച്ഛൻ വീണ്ടും പറഞ്ഞു: ‘‘ആണ്ടെ, ഗോപീം ചന്ദ്രനും കൊടെ ദഹനത്തിന് കൊല്ലിവെക്കാൻ വന്നവമ്മാരുമായിട്ട് ചായ്പിലിരുന്ന് രാവിലെ തൊടങ്ങിയ കേറ്റാ. ഇപ്പം നാലുകാലേലായിക്കാണും. ഈ പരനാറികളൊക്കെ അച്ഛൻ ജീവിച്ചിരുന്നപ്പഴോ സ്വസ്ഥത കൊടുത്തട്ടില്ല. ഇപ്പം ചത്തിട്ടും ആ മനുഷ്യനെ മര്യാദയ്ക്കൊന്നു കത്തിക്കാൻ പോലും സമ്മതിക്കുകേലെന്നുവെച്ചാ ഇവനെയൊക്കെയെന്നതാ ചെയ്യണ്ടെ എന്റെ മോനിച്ചായാ... ഒന്നു പറ.’’ പത്തക്കോല് എറമ്പീ ചാരിവെച്ച് അച്ഛൻ തിരിഞ്ഞതും തൊട്ടുപിന്നിൽ ചന്ദ്രൻ കൊച്ചച്ഛൻ പീലിവിടർത്തിയാടി നിന്നു.
‘‘കാര്യം നിങ്ങളെന്റെ അച്ഛന്റെ ചേട്ടന്റെ മൂത്തകുടീലെ മകനാണെങ്കിലും ഈ ഇരിക്കുന്നവന് സ്വന്തം ചേട്ടനായ എന്നേക്കാളും സ്നേഹോം ബഹുമാനോം നിങ്ങളോടാ. അകത്ത് വെള്ളപൊതപ്പിച്ചു കെടത്തീരിക്കുന്ന ആ മനുഷ്യനുണ്ടല്ലൊ, ഞങ്ങടച്ഛൻ. അങ്ങേർക്കും നിങ്ങളെക്കഴിഞ്ഞേ ഞങ്ങളുപോലുമൊണ്ടാരുന്നൊള്ള്.’’
അച്ഛൻ ചന്ദ്രൻ കൊച്ചച്ഛന്റെ മുഖത്തേക്ക് നോക്കിയിട്ട് ചോദിച്ചു: ‘‘അതിനെന്നാ ചന്ദ്രാ ഇപ്പം പ്രശ്നം..?’’
‘‘അല്ല മോനിച്ചാ, ഇവടെ നമക്കു വേണ്ടത്ര സ്ഥലമൊള്ളപ്പം വേളൂരെ ‘സശ്മാനത്തി’ കൊണ്ടുപോണമെന്ന് പറയേണ്ട വെല്ല കാര്യോമൊണ്ടോ..?’’
ചന്ദ്രൻ കൊച്ചച്ഛൻ അച്ഛനേം തങ്കൻ കൊച്ചച്ഛനേം മാറിമാറി നോക്കി.
‘‘പിന്നേ, ഏക്കറുകണക്കിനു നീ മേടിച്ചിട്ടിരിക്കുവല്ലേ..! വീടിന്റേം കക്കൂസിന്റേമെടേലൊള്ള ആകെയൊള്ള ആറടി മണ്ണാണോടാ നിന്റെ വേണ്ടത്ര സ്ഥലം... മാന്താറ്റില് അച്ഛനായിട്ടൊണ്ടാക്കിയതെല്ലാം വിറ്റു തൊലച്ചേച്ച് ഈ രണ്ടു സെന്റു കോളനീലോട്ട് പണ്ടാരമടങ്ങീട്ടും നിന്റെയൊക്കെ കഴ... എന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ലേ...’’
തങ്കൻ കൊച്ചച്ഛൻ വിറകൊണ്ടു. കൈചൂണ്ടിക്കൊണ്ട് ചന്ദ്രൻ കൊച്ചച്ഛൻ പറഞ്ഞു: ‘‘എട കോപ്പേ, നീ ഏറ്റോമെളേതാ... മിണ്ടാതിരുന്നോണം. ഞങ്ങളു മൂത്തോരുണ്ട് കാര്യങ്ങള് തീരുമാനിക്കാൻ. ഞങ്ങടച്ഛനെ സ്വന്തം മണ്ണീത്തന്നെയേ ദഹിപ്പിക്കത്തൊള്ളന്ന് മരിക്കുന്നതിനു മുന്നേ തന്നെ ഞങ്ങളച്ഛനോടു പറഞ്ഞിട്ടൊള്ളതാ. ഞങ്ങളാ വാക്കുപാലിക്കും.’’
‘‘ബോധോം പൊക്കണോമില്ലാതെ കെടന്നിരുന്ന അച്ഛനതു കേട്ടങ്ങ് ഒപ്പുവെച്ചുതന്ന്... ഒന്നു പോടാ നാറീ...അച്ഛന്റെ ആത്മാവിനു തൃപ്തിയാകണേ മാന്താറ്റിത്തന്നെ ദഹിപ്പിക്കണമാരുന്നു. അതിനു നിന്നെക്കൊണ്ടൊക്കെ പറ്റുവോ..?’’
തങ്കൻ കൊച്ചച്ഛൻ നല്ല പോണക്കൊരു ആട്ടുകൊടുത്തു. പല്ലുകടിച്ച് ഞെരിച്ചുകൊണ്ട് ചന്ദ്രൻ കൊച്ചച്ഛൻ ആഞ്ഞാടി ചെന്നിട്ടു പറഞ്ഞു: ‘‘എടാ പട്ടിക്കഴുവേറി, അച്ചന്റാത്മാവ് നിന്നോടു വന്നു പറഞ്ഞോ മാന്താറ്റിലടക്കണമെന്ന്...
ഓ, ഒരു വല്യ സഖാവു കണിയാൻ വന്നിരിക്കുന്ന്...
നിന്നെയൊക്കെയാരാടാ കണക്കിലെടുത്തേക്കുന്നേ. ഞങ്ങളൊന്നു തീരുമാനിച്ചാ അതു നടത്തീരിക്കും...’’
അകത്തെ കരച്ചിലിന്റെ ശക്തി കുറയുകയും പുറത്തെ ഒച്ച കൂടുകയും ചെയ്തപ്പോ അച്ഛൻ പറഞ്ഞു: ‘‘അതേ ചന്ദ്രാ, ഇതൊരു മരണവീടാ. അതു മറക്കരുത്.’’
ഒച്ച താഴ്ത്തി തങ്കൻ കൊച്ചച്ഛൻ അച്ഛനോടു പറഞ്ഞു: ‘‘എന്റെ മോനിച്ചായാ, കഴിഞ്ഞതിന്റങ്ങേ കൊല്ലം അമ്മേടെ ശവമടക്കുസമേത്ത് ഇവന്മാരിവിടെക്കെടന്നൊണ്ടാക്കിയ അലമ്പൊക്കെ അച്ചായൻ മറന്നോ...
അല്ല, ചേച്ചി വരാതെ അച്ചായനും കൊച്ചും മാത്രം വന്നതിന്റെ കാരണമെന്നാ. ഏതാണ്ടും പറഞ്ഞെന്നും പറഞ്ഞ് എന്നാ തെറിയാ ഇവന്മാരന്ന് ചേച്ചിയെ വിളിച്ചത്. നാണോം മാനമൊള്ളവര് പിന്നെയീ പടികേറുവോ...’’ അച്ഛനൊന്നും പ്രതികരിക്കാതിരുന്നപ്പോ ചന്ദ്രൻ കൊച്ചച്ഛൻ പറഞ്ഞു:
‘‘നീ ചുമ്മാ എന്നെപ്പറ്റിയനാവശ്യം പറയരുത് തങ്കാ... അന്നു തെറി വിളിച്ചത് ഞാനല്ല, അവനാ ഗോപി.’’
‘‘ഓ, വല്ല്യ പുണ്യാളൻ. അന്നത്തെ നിന്റെയൊക്കെ പൂണ്ടുവിളയാട്ടം കൊണ്ടാ ബന്ധുക്കാരാരും ഇങ്ങോട്ടു തിരിഞ്ഞുനോക്കാത്തത്.
എന്റെ മോനിച്ചായാ, ഇപ്പത്തന്നെ നോക്കിക്കേ... അപ്പച്ചി വരുന്നേന് മുന്നേവരെ കാറാനായിട്ട് എന്റേം ഇവന്മാരുടേം പെമ്പ്രന്നോത്തിമാരേയൊണ്ടാരുന്നൊള്ള്. ആരെങ്കിലുമൊരാളു വന്നാലൊടനെ അവർക്കു പറ്റാവുന്ന ഒച്ചയിലവരു കാറും. അപ്പോഴാണിതൊരു മരണവീടാണെന്നറിയുന്നതു തന്നെ.
അല്ലാതെ ഒരു മരണവീടിന്റെ വെല്ല തെരക്കുമുണ്ടോ..?’’
‘‘പിന്നേ, മന്ത്രിയല്ലേ ചത്തത്. ആളുകൂടാൻ...’’ ചന്ദ്രൻ കൊച്ചച്ഛന്റെ മുഖത്ത് പുച്ഛരസത്തിലുള്ള ഒരു കാർമേഘം ഇരുണ്ടുകൂടി.
വെള്ളത്തിലൊരു വരാല് ചാടി മറിഞ്ഞു. അതുകണ്ട് ചന്ദ്രൻ കൊച്ചച്ഛൻ എന്നെ നോക്കി പറഞ്ഞു. ‘‘അമ്പട, നല്ല കിലുക്കിട്ടം വരാല്. രണ്ടു കിലോയെങ്കിലും കാണും... നീ കണ്ടില്ലേടാ കൊച്ചുമോനേ..’’
നല്ല പട്ടച്ചാരായത്തിന്റേതുപോലെയുള്ള വൃത്തികെട്ട വാട വന്ന് മുഖത്തടിച്ചപ്പോ എന്റെ കണ്ണു രണ്ടും പുളിച്ചുപോയി. ഒന്നും മിണ്ടാതെ ഞാനച്ഛനെ നോക്കി.
കർമങ്ങളെല്ലാം പെരയ്ക്കകത്തുവെച്ചു തന്നെ നടത്താനേ നിവൃത്തിയുണ്ടാരുന്നുള്ളൂ... നട്ടാശ്ശേരീലെ അപ്പച്ചിയും, പ്രേമൻ കൊച്ചച്ഛനടക്കം നാലു കൊച്ചച്ഛന്മാരും അവരുടെ ആറു പെൺമക്കളും അച്ഛനും പിന്നെ ഞാനും ഈറനണിഞ്ഞ് വന്നു നിന്നു. മുറിയിൽ നിലത്ത് വാഴയിലയിൽ കിടത്തിയ പണിക്കാഞ്ചിറ്റപ്പന്റെ കാൽച്ചോട്ടിലേക്ക് കർമി ഓരോരുത്തരേയും വിളിച്ചിരുത്തി കർമം തുടങ്ങി. ഗോപി കൊച്ചച്ഛനും ചന്ദ്രൻ കൊച്ചച്ഛനും വന്നിരുന്നപ്പോഴേ കർമി തോർത്തെടുത്ത് മൂക്കുപൊത്തി.
ഇത്തിരി അകലം പാലിക്കാൻ ശ്രമിച്ച കർമി മൂക്കുപൊത്തി പറയുന്നതുകൊണ്ട് കൃത്യമായി കേൾക്കാതെ വന്നപ്പോ ഗോപി കൊച്ചച്ഛൻ ദേഷ്യത്തിൽ പറഞ്ഞു: ‘‘കർമീടെ തൊണ്ണക്കു വെല്ല കൊഴപ്പോവൊണ്ടോ..?’’
ഇല്ലെന്നർഥത്തിൽ കർമി ഒരംകോച്ചി.
‘‘എന്നാലിച്ചിരെ ഒച്ചേപ്പറ. മന്ത്രം തെറ്റിപ്പറഞ്ഞാലേ കേട് ഞങ്ങടച്ഛനാ.’’
ചെറുപ്പക്കാരനായ കർമി പുതിയൊരറിവു കേട്ട അത്ഭുതഭാവത്തിൽ ഒന്നു നോക്കിയിട്ട് എതിർത്തൊന്നും പറയാതെ ഒച്ച നല്ലവണ്ണമങ്ങു കൂട്ടി.
‘‘അത്രോം വേണ്ട ക...മ്മീ, ഞാൻ പൊട്ടനൊന്നുമല്ല.’’
ഗോപി കൊച്ചച്ഛന്റെ വിളി ‘കർമീ’ന്നാണോ ‘കമ്മീ’ന്നാണോ എന്ന കാര്യത്തിൽ കർമിയുടെ മുഖത്തുകണ്ട സംശയത്തിന്റെ നിഴൽ എല്ലാവരിലുമുണ്ടായിരുന്നു.
ഒടുവിൽ കർമി വളരെ പതുക്കെ പറഞ്ഞു.‘‘പട്ടു വലിക്കാനുള്ളവർക്ക് പട്ടുവലിക്കാം...’’
ആരും മുന്നോട്ടുവരാതെ വന്നപ്പോൾ ഗോപി കൊച്ചച്ഛൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ‘‘അകത്തോ തിണ്ണേലോ വെള്ളത്തിലോ നിക്കുന്നവരാരെങ്കിലും പട്ടുവലിക്കാനുദ്ദേശിക്കുന്നുണ്ടെങ്കി വരിവരിയായിട്ടു വന്നു പട്ടു വലിച്ചോ...’’
ഒട്ടും പ്രതീക്ഷിക്കാതെ ഒരാൾ കയറി വന്ന് മുഷ്ടി ചുരുട്ടി ‘‘ഇൻക്വിലാബ് സിന്ദാബാദ്’’എന്നു വിളിച്ച് കൊണ്ടുവന്ന ചുവന്ന തുണി പണിക്കാഞ്ചിറ്റപ്പന്റെ ദേഹത്തിനു മേലേക്ക് വീശിവിരിച്ച് കൈകൂപ്പി തിരിഞ്ഞുനടന്നു. ഗോപി കൊച്ചച്ഛൻ ചാടിയെണീറ്റ് ആ തുണി ചുരുട്ടിക്കൂട്ടി പൊറത്തോട്ടെറിഞ്ഞിട്ട് അലറി. ‘‘എടുത്തോണ്ടു പോടാ നാറീ നിന്റെ കോപ്പിലെ പട്ട്...’’ അങ്ങിങ്ങായി കൂടിനിന്നിരുന്നവരിൽ ആരുംതന്നെ അതു കേട്ടതായിപ്പോലും ഭാവിക്കാതെ വന്നപ്പോൾ ഗോപി കൊച്ചച്ഛൻ ആരോടെന്നില്ലാതെ പറഞ്ഞു: ‘‘നമ്മടെയാൾക്കാരുമില്ലേടാ ഇവിടെ..?’’
എങ്ങും നിശ്ശബ്ദത. എന്തോ ഓർത്തിട്ടെന്നപോലെ ഗോപി കൊച്ചച്ഛൻ മുറിയിലേക്ക് കേറിപ്പോയി. തങ്കൻ കൊച്ചച്ഛൻ പതുക്കെ ചെന്ന് വീണുകിടന്ന തുണിയെടുത്ത് മടക്കിവെച്ചു. ശേഷം അച്ഛന്റെ ചെവിയിൽ പറഞ്ഞു, ‘‘മോനിച്ചായാ, രാവിലെ തൊട്ട് ക്ഷമേടെ നെല്ലിപ്പലകേം കഴിഞ്ഞ് അതിന്റടീക്കേറിയിരിക്കുവാ ഞാൻ. ഇനീമവൻ ഷോ കാണിക്കാനാ പരിപാടിയെങ്കി അച്ഛന്റെ പട്ടടേ ആദ്യമിവനെ കെടത്തേണ്ടി വരും കെട്ടോ...’’
അച്ഛൻ തങ്കൻ കൊച്ചച്ഛനെ ശാന്തനാക്കാൻ ശ്രമിച്ചു. അതുകണ്ട് ചന്ദ്രൻ കൊച്ചച്ഛൻ പറഞ്ഞു: ‘‘നിന്റെ കൊടിയെടുത്തപ്പം നിനക്കു നൊന്തു. ഞങ്ങടെ കൊടിയിടാത്തകൊണ്ട് ഞങ്ങക്കും നൊന്തു. അത്രേയൊള്ള്.’’
പിടിച്ചതിലും വലുതാണല്ലൊ അളേലിരിക്കുന്നത് എന്ന മട്ടിൽ തങ്കൻ കൊച്ചച്ഛനും അച്ഛനും തമ്മിലൊന്നു നോക്കി.
അകത്തുനിന്നും വന്ന ഗോപി കൊച്ചച്ഛൻ, ഉടുത്തുമുഷിഞ്ഞ ഒരു കാവിമുണ്ടു കൊണ്ടുവന്ന് പണിക്കാഞ്ചിറ്റപ്പന്റെ ദേഹത്തു വിരിച്ച് സല്യൂട്ടടിച്ച് ‘‘ഭാരത് മാതാ കി ജയ്’’ എന്നുറക്കെ വിളിച്ചപ്പോ ചന്ദ്രൻ കൊച്ചച്ഛനുമതേറ്റു പറഞ്ഞു.
ചന്ദ്രനും ഗോപീം കിണ്ടീം കൊടോമെടുത്താ മതി, ചിറ്റപ്പനെ ഞങ്ങളെടുത്തോളാം എന്ന് അച്ഛനും ബന്ധുക്കളായ രണ്ടുപേരും പറഞ്ഞപ്പൊ ഗോപി കൊച്ചച്ഛൻ കൈ രണ്ടു വശത്തേക്കും നീട്ടി റ്റാറ്റാ കൊടുക്കും മട്ടിൽ വീശിക്കൊണ്ട് എന്തോ വലിയ കാര്യമെന്നോണം പറഞ്ഞു: ‘‘നിങ്ങക്കറിയാവോ ചെറുപ്പത്തില് അച്ഛൻ ഞങ്ങളെ ഒത്തിരി എടുത്തോണ്ടു നടന്നിട്ടൊള്ളതാ. ഇപ്പഴെടുത്തില്ലെങ്കി ഞങ്ങക്കിനിയൊരിക്കലും ഞങ്ങടച്ഛനെയെടുക്കാൻ പറ്റത്തില്ല. അച്ഛന്റെ ആത്മാവിന് സന്തോഷം കിട്ടണമെങ്കി ഞങ്ങളെടുക്കണം. പിടിയെട ചന്ദ്രാ തലക്കും ഭാഗം...’’
മഴ പെയ്തുകൊണ്ടേയിരുന്നു. താൽക്കാലികമായി പണിതിരിക്കുന്ന ദഹനപന്തലിന്റെ തകരഷീറ്റുകൾ, ഇടക്കിടെ ശക്തിയായി കാറ്റടിക്കുമ്പോൾ വീക്കൻ ചെണ്ടകൊട്ടും പോലെ ഒരേ താളത്തിൽ ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. മൂന്നടിയോളം പൊക്കത്തിൽ സിമന്റുകട്ടകൾ അടുക്കിവെച്ചതിന് മുകളിലായിട്ടാണ് ദഹിപ്പിക്കാനൊള്ള കൊല്ലി വെച്ചിരുന്നത്. അരയൊപ്പം വെള്ളത്തിൽ വിളക്കുമായി മുന്നിൽ നീന്തി നടന്നത് തങ്കൻ കൊച്ചച്ഛന്റെ മകളാണ്. നാലു കൊച്ചച്ഛന്മാരും അച്ഛനും പിന്നെ ഒരാളുമടക്കം ആറുപേരുടേയും ചുമലിലായി പണിക്കാഞ്ചിറ്റപ്പനെ താങ്ങി നടക്കുമ്പോൾ ചെളി കലങ്ങി വെള്ളം കുറുകുറാന്നു കട്ടികൂടി കറുത്തു പെടച്ചു. പെണ്ണുങ്ങൾ കൂട്ടംകൂടി നിന്നിരുന്ന അടുക്കളപ്പൊറത്തെ തിണ്ണക്കു ചേർന്നിട്ടിരുന്ന ഒരു കട്ടപ്പുറത്തു കയറി നിന്നിട്ടു കർമി പറഞ്ഞു: ‘‘മൂന്നു വലംവെച്ച് തലഭാഗം തെക്കുവശത്തു വരുന്ന പാകത്തിന് പട്ടടേലങ്ങട് വെക്കുക.’’
രണ്ടാമത്തെ വലംവെച്ചതും പിറകിൽ നടക്കുന്ന ഞാൻ കാണുന്നത് ഗോപി കൊച്ചച്ഛനും ചന്ദ്രൻ കൊച്ചച്ഛനും കൂടി മുഞ്ഞീം കുത്തി വെള്ളത്തിലേക്കു വീഴുന്നതാണ്. മറ്റുള്ളവരുടെ കയ്യിൽ നിൽക്കാതെ പണിക്കാഞ്ചിറ്റപ്പന്റെ ശരീരം ആ ചെളിവെള്ളത്തിലേക്ക് കൂപ്പുകുത്തി. എല്ലാ ഭാഗത്തുനിന്നും കൂട്ട നിലവിളി ഉയർന്നു. പിന്നെയവടെ നടന്നത് കൂട്ടത്തല്ലായിരുന്നു.
‘‘ചത്തിട്ടും എന്റച്ഛനെ കൊല്ലാക്കൊല ചെയ്യുന്നോടാ കുണ്ടച്ചിമക്കളേ’’ എന്നും വിളിച്ച് കാറിക്കൊണ്ട് തങ്കൻ കൊച്ചച്ഛൻ രണ്ടു ചേട്ടന്മാരേയും ചെളിവെള്ളത്തിലിട്ട് അറഞ്ചം പുറഞ്ചം തല്ലി.
രാവിലെ മുതൽ ഇരച്ചുകേറിനിന്ന ദേഷ്യം ചേട്ടന്മാരുടെ മുഖത്തും മുതുകത്തും ഇറക്കിവെച്ചപ്പോ, അടക്കിവെച്ചു പുറന്തള്ളിയതുകൊണ്ടാവണം പതിന്മടങ്ങ് ശക്തിയുള്ള തെറികൾ കേട്ട് അന്ധകാര കോളനി മുഴുവൻ ചെവിപൊത്തി.
പാവം അച്ഛൻ ഉച്ചത്തിൽ കരഞ്ഞുകൊണ്ട് പണിക്കാഞ്ചിറ്റപ്പനെ വെള്ളത്തിൽനിന്നും ഒറ്റക്ക് പൊക്കിയെടുത്തു. അച്ഛന്റെ ചങ്കുപൊട്ടിയൊള്ള കരച്ചിലു കണ്ടിട്ട് എനിക്കു സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.
അടുക്കളപ്പൊറത്തെ തിണ്ണയിൽ അകത്തുനിന്നാരോ കൊണ്ടുവന്നിട്ട പായിലേക്ക് ചെളിക്കട്ട കളറോടെ പണിക്കാഞ്ചിറ്റപ്പനെ അച്ഛൻ കിടത്തി. തിരിച്ചു തല്ലാനാവതില്ലാതെ ഓടാൻ ശ്രമിച്ചെങ്കിലും തങ്കൻ കൊച്ചച്ഛന്റെ കൈക്കരുത്തിൽ ചന്ദ്രൻകൊച്ചച്ഛനും ഗോപി കൊച്ചച്ഛനും വീണു വെള്ളം കുടിച്ചു. ഗോപി കൊച്ചച്ഛൻ വെള്ളത്തീന്നു പൊങ്ങിനീർന്നപ്പോ മുന്നിൽ തെളിഞ്ഞത് കർമിയുടെ മുഖമാണ്. അന്തം വിട്ടുനിന്ന കർമിയുടെ കരണക്കുറ്റിക്കൊരെണ്ണം കൊടുത്തിട്ട് ചോദിച്ചു: ‘‘എടാ തന്തയില്ലാക്കഴുവേറീ, നീ തങ്കന്റെ ആളാരുന്നല്ലേ..? ഞങ്ങളെ ഒറ്റ വലംവെപ്പിച്ചു നിറുത്താതെ നീ മൂന്നുവലം വെപ്പിച്ചകൊണ്ടല്ലേടാ പട്ടിയെപ്പോലെ ഞങ്ങളീ തല്ലുകൊള്ളേണ്ടിവന്നത്...’’
അടുത്ത അടികൊള്ളാൻ നിൽക്കാതെ കർമി അടുക്കളവാതിക്കൽ നിന്നിരുന്ന പെണ്ണുങ്ങളെ തള്ളിമാറ്റി പെരക്കകത്തുകൂടി ജീവനും കൊണ്ടോടി.
തങ്കൻ കൊച്ചച്ഛനും പ്രേമൻ കൊച്ചച്ഛനും അടുത്തെത്തിയപ്പോ അച്ഛൻ പണിക്കാഞ്ചിറ്റപ്പന്റെ നനഞ്ഞതെല്ലാം മാറ്റി ഒരുവിധം വൃത്തിയാക്കിയിരുന്നു. ദേഷ്യത്താൽ ചുവന്ന മുഖത്തോടെ അച്ഛൻ വിളിച്ചു:
‘‘തങ്കാ, പ്രേമാ പിടിയെടാ ചിറ്റപ്പനെ...’’
അങ്ങിങ്ങായി ചോരയൊലിപ്പിച്ചും വീർത്തുകെട്ടിയ മുഖവുമായി, വീടു ചുറ്റിവന്ന് നീന്തിയടുത്ത ഗോപി കൊച്ചച്ഛൻ പറഞ്ഞു:
‘‘അതേ, താൻ വലിയ സർക്കാരുദ്യോഗസ്ഥനായതുകൊണ്ട് ഞങ്ങടച്ഛനെ ഒത്തിരി സഹായിച്ചിട്ടൊണ്ടെന്നുംവെച്ച് ആ അധികാരമൊന്നും ഇവടെ വേണ്ട... ചത്തത് ഞങ്ങടച്ഛനാ. ഇവടത്തെ കാര്യങ്ങള് ഞങ്ങളു സ്വന്തം മക്കളു നോക്കിക്കോളാം.’’
ഗോപിയും ചന്ദ്രനും പിടിക്കാനാഞ്ഞപ്പോ അച്ഛനലറി. ‘‘പന്നക്കഴുവേറി മക്കളെ, തൊട്ടുപോകരുത്.’’
അവർ പേടിച്ച് അറിയാതെ രണ്ടടി പിറകോട്ടു പോയി. കളിവാക്കിനുപോലും ആരോടുമൊരു ചീത്തവാക്കു പറയാത്ത, ഇതുവരെ ആരും കാണാത്ത അച്ഛന്റെ രൂപം കണ്ട് എല്ലാവരും സ്തംഭിച്ചുനിന്നു. ഗോപികൊച്ചച്ഛനും ചന്ദ്രൻ കൊച്ചച്ഛനും എന്തോ പറയാൻ വാ തുറന്നെങ്കിലും മിണ്ടിപ്പോകരുതെന്ന് ചുണ്ടിൽ ചൂണ്ടുവിരൽ വെച്ച് തങ്കൻ കൊച്ചച്ഛൻ ആംഗ്യം കാണിച്ചപ്പോ തുറന്ന വാ പെെട്ടന്നുതന്നെ അറിയാതെയടഞ്ഞുപോയി.
അച്ഛനും രണ്ടു കൊച്ചച്ഛന്മാരും പിന്നെ ഒരു ബന്ധുവുംകൂടി പണിക്കാഞ്ചിറ്റപ്പനെ താങ്ങിയെടുത്ത് പട്ടടയിൽ കിടത്തി. ഇതെല്ലാം കണ്ട് അടിച്ച കള്ള് ആവിയായിപ്പോയ ദഹനക്കാര് ഒട്ടും സമയം കളയാതെ ചാണകവരളിയും ചിരട്ടയും വിറകും പൊതിഞ്ഞുതീർത്തു. കർമിയും ബാക്കി കർമവുമൊന്നുമില്ലാതെ പണിക്കാഞ്ചിറ്റപ്പന്റെ ചിതയ്ക്ക് അച്ഛൻ തീകൊളുത്തി. അധികം താമസിയാതെ തീയാളിപ്പടർന്നപ്പോ ആരോടും ഒന്നും മിണ്ടാതെ അച്ഛൻ, അപ്പച്ചിയെ ചേർന്നുനിന്നിരുന്ന എന്റടുത്തേക്കു വന്നു. എന്നേയും അപ്പച്ചിയേയും ചേർത്തുപിടിച്ച് അച്ഛൻ വിങ്ങിപ്പൊട്ടി.
അസ്തമയ സൂര്യനെ മറച്ച് ഇരുട്ടു പരന്ന ആ അന്തിനേരത്ത് ഞങ്ങളുമായി പ്രേമൻ കൊച്ചച്ഛന്റെ വഞ്ചി സാവധാനം നീങ്ങുമ്പോൾ എന്തോ ഞാൻ വെറുതെയൊന്നു തിരിഞ്ഞു നോക്കി. ചോരയൊലിച്ച മുഖം തുടച്ചുകൊണ്ട് ഗോപി കൊച്ചച്ഛനും കൂടെ ചന്ദ്രൻ കൊച്ചച്ഛനും തീവെട്ടത്തിൽ നനഞ്ഞൊലിച്ച് എന്തൊക്കെയോ പുലമ്പിക്കൊണ്ടു നിൽക്കുന്നതു കാണാമായിരുന്നു.