Begin typing your search above and press return to search.
proflie-avatar
Login

ഉദ്ഘാടനം -യാസർ അറഫാത്തിന്റെ കഥ

ഉദ്ഘാടനം -യാസർ അറഫാത്തിന്റെ കഥ
cancel

ആ രാത്രി ഞാനോര്‍ക്കുന്നു. വിശാലമായ പറമ്പിനു നടുവിലെ ഒറ്റ വീട്. മണ്ണും കല്ലും കൊണ്ടു പടുത്ത ചുവരുകള്‍, ചിതലുകയറിയ പട്ടികകള്‍. ശക്തിയേറിയ ഒരു കാറ്റ് തൊഴിച്ചാല്‍പോലും അടര്‍ന്നുവീണേക്കാവുന്ന പുറംവാതിലുകള്‍. ഇത്തിരിയെങ്കിലും അടച്ചുറപ്പുള്ള മുറിക്കുള്ളില്‍ ശ്വാസംപോലും പുറത്തുവിടാന്‍ പേടിച്ച് നാലുപേരും ഇരിക്കുകയാണ്. മഴയും ഇടികുടുക്കങ്ങളുമുള്ള ദിവസങ്ങളില്‍ അതിനുള്ളിലാണ് ഞങ്ങള്‍ അഭയം തേടാറുണ്ടായിരുന്നത്. ദൂരെ നിന്നേ ആളുകള്‍ വരുന്നത് കണ്ടപ്പോള്‍ മുറിയില്‍ കയറി വാതിലടക്കുകയായിരുന്നു. ചുവരിനപ്പുറം ഇപ്പോള്‍ മേഘഗര്‍ജനത്തേക്കാള്‍ കരുത്തുള്ള ഇരമ്പങ്ങളാണ്... കട്ടിലിനടിയില്‍നിന്ന് ഞാന്‍...

Your Subscription Supports Independent Journalism

View Plans

ആ രാത്രി ഞാനോര്‍ക്കുന്നു. വിശാലമായ പറമ്പിനു നടുവിലെ ഒറ്റ വീട്. മണ്ണും കല്ലും കൊണ്ടു പടുത്ത ചുവരുകള്‍, ചിതലുകയറിയ പട്ടികകള്‍. ശക്തിയേറിയ ഒരു കാറ്റ് തൊഴിച്ചാല്‍പോലും അടര്‍ന്നുവീണേക്കാവുന്ന പുറംവാതിലുകള്‍. ഇത്തിരിയെങ്കിലും അടച്ചുറപ്പുള്ള മുറിക്കുള്ളില്‍ ശ്വാസംപോലും പുറത്തുവിടാന്‍ പേടിച്ച് നാലുപേരും ഇരിക്കുകയാണ്. മഴയും ഇടികുടുക്കങ്ങളുമുള്ള ദിവസങ്ങളില്‍ അതിനുള്ളിലാണ് ഞങ്ങള്‍ അഭയം തേടാറുണ്ടായിരുന്നത്.

ദൂരെ നിന്നേ ആളുകള്‍ വരുന്നത് കണ്ടപ്പോള്‍ മുറിയില്‍ കയറി വാതിലടക്കുകയായിരുന്നു.

ചുവരിനപ്പുറം ഇപ്പോള്‍ മേഘഗര്‍ജനത്തേക്കാള്‍ കരുത്തുള്ള ഇരമ്പങ്ങളാണ്...

കട്ടിലിനടിയില്‍നിന്ന് ഞാന്‍ ആയുധങ്ങള്‍ ഓരോന്നായി പുറത്തെടുത്തു. കറിക്കരിയുന്ന രണ്ടു കത്തികള്‍, വിറകുണ്ടാക്കാനെടുക്കുന്ന കൊടുവാള്‍, ഒരു മുട്ടന്‍ വടി, ജീവനെക്കുറിച്ചുള്ള അത്യഗാധമായ ഭയം... ഇത്രയും സാധനങ്ങള്‍കൊണ്ടാണ് പൊരുതേണ്ടത്.

മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില്‍ ഞാന്‍ മറിയമ്മയെ നോക്കി. മറിയമ്മ എന്റെ ഉമ്മയാണ്. ശരീരത്തിന്റെ ഇരുവശങ്ങളിലും അവര്‍ തപ്പിനോക്കുകയായിരുന്നു. പറക്കുമുറ്റാത്ത കുഞ്ഞുങ്ങളെ ഒളിപ്പിക്കാന്‍ ചിറകുകള്‍ തിരയുകയാകണം...

ദേഷ്യവും സങ്കടവും കൂടിക്കലര്‍ന്നൊരു ഭാവമായിരുന്നു മറിയമ്മയുടെ മുഖത്ത്. അവരുടെ ശരീരം മുഴുവനും വിയര്‍പ്പില്‍ മുങ്ങിയിരുന്നു. എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, വാക്കുകളൊന്നും പുറത്തുവരുന്നില്ല. ചുണ്ടുകള്‍ വിറയ്ക്കുന്നു. കരഞ്ഞു നില്‍ക്കാനുള്ള നേരമല്ല. ഏതുനിമിഷവും മുന്‍വശത്തെ വാതില്‍ തകര്‍ക്കപ്പെടും...

‘‘ആവുന്നത്ര ശക്തിയില്‍ പൊരുതുക...’’ ഏഴു വയസ്സുകാരിയായ പെങ്ങളുടെ കൈയില്‍ കത്തിയേല്‍പിച്ച് ഞാന്‍ പറഞ്ഞു. പയര്‍വള്ളിപോലെ മെലിഞ്ഞ കൈകള്‍ക്ക് ആ പദത്തിന്റെ പൊരുള്‍ താങ്ങാനാവുമോ എന്നൊന്നും എനിക്കപ്പോള്‍ ചിന്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ബദറിലെ രണഭൂമിയില്‍ സര്‍വസജ്ജരായ ഖുറൈശിക്കൂട്ടത്തെ നേരിടാന്‍ 313 പേര്‍ മാത്രമാണ് മുത്തുനബിക്കൊപ്പം ഉണ്ടായിരുന്നത് –ഞാന്‍ മൂന്നുപേരെയും ഓര്‍മിപ്പിച്ചു. ആനകള്‍, ഒട്ടകങ്ങള്‍, കുതിരക്കൂട്ടങ്ങള്‍, ആയിരത്തിലധികം വരുന്ന കാലാള്‍പ്പട... എന്നിട്ടും ഒടുവില്‍ ജയിച്ചതാരാണ്?

എന്നാല്‍, യഹ്യയുടെ കണ്ണില്‍ പിന്നെയും സംശയങ്ങള്‍ തത്തിക്കളിക്കുന്നതായി തോന്നിച്ചു. എന്നേക്കാള്‍ രണ്ട് വയസ്സിനിളയതാണ് അവന്‍. കൊടുവാള്‍ നീട്ടിയപ്പോള്‍ അവനത് വാങ്ങിയില്ല. മുഖം തിരിക്കുകയും ചെയ്തു. എന്റെ ഉള്ളിലും അപ്പോള്‍ സംശയങ്ങള്‍ നുരയിട്ടു തുടങ്ങി...


ഒന്നും പറയാതെ യഹ്യ മുറിയില്‍നിന്നും പുറത്തിറങ്ങി. അപ്പോള്‍ തളര്‍ന്നുപോയത് ഞാനായിരുന്നു. എന്റെ കൈകള്‍ ശക്തിയില്‍ വിറച്ചു. തൊണ്ടയിലെ ജലമെല്ലാം വറ്റിപ്പോയി.

പുറത്തേക്കുള്ള വാതിലിനു നേരെയാണ് യഹ്യ നടന്നത്. അതിനപ്പുറം ഇരമ്പിനില്‍ക്കുന്നൊരു സമുദ്രമുണ്ട്... അവന്‍ കീഴടങ്ങാന്‍ പോവുകയാണ്...

വാതിലിനോട് ചേര്‍ന്നുള്ള പാളികളില്ലാത്ത ജനലില്‍ തല​െവച്ച് അവന്‍ ഉറക്കെ പറയുന്നത് കേട്ടു.

‘‘കാര്യങ്ങളെല്ലാം പിന്നീട് സംസാരിക്കുന്നതല്ലേ നല്ലത്... ഇവിടെയാണെങ്കില്‍ എല്ലാരും പൊട്ടി പിടിച്ച് കിടപ്പാണ്... എനിക്ക് മാത്രമാണ് സൂക്കേടില്ലാത്തത്...’’

അവന്‍ പറഞ്ഞതിന്റെ പൊരുളെന്തെന്ന് ഒരുനിമിഷം എനിക്ക് മനസ്സിലായില്ല. അഞ്ചാറു മാസങ്ങള്‍ക്കുമുമ്പ് വീട്ടില്‍ എല്ലാവര്‍ക്കും പൊട്ടി എന്ന അസുഖം പിടിപെട്ടിരുന്നു. ശരീരം നിറയെ കുരുക്കളും ചൊറിയും പടര്‍ന്ന് മൂന്നാഴ്ചയോളം ഞാനും കിടന്നുപോയിരുന്നു. അതിന്റെ പാടുകള്‍ ഇപ്പോഴും ശരീരത്തിലുണ്ട്.

യഹ്യയുടെ വാക്കുകള്‍ ഇരമ്പിനിന്ന കടലിനെ പൊടുന്നനെ ശാന്തമാക്കി. നാവുകളെല്ലാം ഒറ്റയിരിപ്പില്‍ ആരോ ബന്ധിച്ചതുപോലെ. വീടുവളഞ്ഞുനിന്നവരെല്ലാം പത്തി താഴ്ത്തി തിരികെ നടക്കാന്‍ തുടങ്ങി.

രോഗത്തെക്കുറിച്ചുള്ള ഭയം തന്നെയാണ് അവരെ പിറകോട്ടടിപ്പിച്ചതെന്ന് എനിക്ക് മനസ്സിലായി. എളുപ്പം പടരുന്നൊരു രോഗമാണ് പൊട്ടി. പൊട്ടി പിടിച്ചാല്‍ പിന്നെ ആരും ആ വീടുമായി സമ്പര്‍ക്കം പുലര്‍ത്താറില്ല. യഹ്യയുടെ ബുദ്ധിവൈഭവത്തെ ഞാന്‍ മനസ്സാ വാഴ്ത്തി.

എന്റെ പിതാവിനെ തിരഞ്ഞുവന്നതായിരുന്നു അവര്‍. അദ്ദേഹത്തിന്റെ കൈയില്‍ അവര്‍ പണം കൊടുത്തിരുന്നു. അറേബ്യന്‍ നാടുകളില്‍ ജോലിചെയ്യാനായുള്ള വിസ ശരിയാക്കാനായിരുന്നു അത്. അക്കാലത്ത് അങ്ങനെ തൊഴില്‍ തേടിപ്പോവുക എന്നത് ഞങ്ങളുടെ പ്രദേശങ്ങളില്‍ പതിവായിരുന്നു. എന്റെ ഉപ്പ വിസ ശരിയാക്കിക്കൊടുക്കുന്ന ഏജന്റായിരുന്നു. ആളുകളില്‍നിന്ന് പണമീടാക്കി അവര്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്തിക്കൊടുക്കാന്‍ അദ്ദേഹം സഹായിച്ചിരുന്നു. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ അദ്ദേഹം ചതിക്കപ്പെട്ടു. കടലാസില്‍ പറഞ്ഞ പണികളായിരുന്നില്ല തൊഴിലുടമകള്‍ നല്‍കിയത്. ആളുകള്‍ തിരിച്ചുവരാന്‍ തുടങ്ങി. അതിന്റെയെല്ലാം ബാധ്യതകള്‍ ഏറ്റെടുക്കാന്‍ ഉപ്പ നിര്‍ബന്ധിതനായി. എല്ലാവര്‍ക്കും പണം തിരികെക്കൊടുക്കാന്‍ ഉപ്പക്ക് കഴിയുമായിരുന്നില്ല. അങ്ങനെ അദ്ദേഹത്തിന് നാടുപേക്ഷിക്കേണ്ടി വന്നു. അതിനോടുള്ള പ്രതികരണമായാണ് ആളുകള്‍ വീടിനെ വളഞ്ഞത്. എന്റെ ആദ്യത്തെ നോവലില്‍ ഇക്കാര്യമെല്ലാം ഞാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏതായാലും ആ രാത്രിക്കുശേഷം ഞങ്ങള്‍ മൂന്നു വഴിക്കായി പിരിഞ്ഞു. എനിക്കന്ന് പന്ത്രണ്ട് വയസ്സ്, യഹ്യക്ക്് പത്ത്, പെങ്ങള്‍ക്ക് ഏഴ്... മൂന്നു ബന്ധുവീടുകളിലാണ് പിന്നീട് ഞങ്ങള്‍ വളരുന്നത്.

സോറി. എന്റെ സംഭാഷണം നിങ്ങള്‍ക്കാര്‍ക്കും മനസ്സിലാകുന്നില്ലെന്ന് എനിക്കറിയാം. ലോകത്തില്‍തന്നെ ഇപ്പോള്‍ പതിനായിരത്തോളം മനുഷ്യര്‍ മാത്രമേ ഈ ഭാഷ സംസാരിക്കുന്നുള്ളൂ. ഈ ഭാഷയില്‍ ഇവിടെ വന്ന് സംസാരിക്കണമെന്നത് എത്രയോ തലമുറകളുടെ അഭിലാഷമായിരുന്നു. എനിക്കുമുമ്പ്, എഴുത്തുകലയുടെ പേരില്‍ എന്റെ രാജ്യത്തുനിന്ന് ഒരേ ഒരാള്‍ക്കു മാത്രമേ ഇവിടെ ഇങ്ങനെ വന്നുനില്‍ക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ഒന്നര നൂറ്റാണ്ടുകാലം കടന്നുപോയിരിക്കുന്നു... സ്വീഡിഷ് സാഹിത്യ അക്കാദമിയോട് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.

ഇപ്പോള്‍ ഈ ദൃശ്യങ്ങളെല്ലാം അങ്ങകലെയുള്ള എന്റെ നാട്ടിലെ മനുഷ്യര്‍ ആഘോഷിക്കുന്നത് എനിക്ക് ഭാവനചെയ്യാന്‍ കഴിയുന്നു. മധുരം വിതരണം ചെയ്യുന്നു. നൃത്തംചെയ്യുന്നു. തെരുവുകളിലെല്ലാം ഇങ്ങനെയൊരു എഴുത്തുകാരന്റെ ചിത്രം പതിച്ചു​െവച്ചിരിക്കുന്നതും പൂമാല ചാര്‍ത്തുന്നതുമെല്ലാം കാണാന്‍ എനിക്ക് സങ്കല്‍പിക്കാന്‍ കഴിയുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതായിരുന്നില്ല സ്ഥിതി. ഞാന്‍ ഉള്‍ക്കൊള്ളുന്ന സമുദായത്തിന്റെ ഓര്‍മകള്‍പോലും തുടച്ചു നീക്കപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നു. ഉടുക്കുന്ന വസ്ത്രത്തിന്റെ പേരില്‍, കഴിക്കുന്ന ആഹാരത്തിന്റെ പേരില്‍, പുലര്‍ത്തിപ്പോരുന്ന വിശ്വാസത്തിന്റെ പേരില്‍... ആ സമുദായം ആക്രമിക്കപ്പെട്ടിട്ടുണ്ട്. തങ്ങളുടെ മാതൃരാജ്യത്തിനുവേണ്ടി എണ്ണിയാല്‍ തീരാത്ത സംഭാവനകള്‍ നല്‍കിയവരായിരുന്നു അവര്‍. അതിന്റെ കുതിപ്പും കിതപ്പുമെല്ലാം എന്റെ കൃതികളില്‍ നിറഞ്ഞുനില്‍ക്കുന്നത് നിങ്ങള്‍ക്കു കാണാം. ഓര്‍മകളെ തിരിച്ചുപിടിക്കാനുള്ള പരിശ്രമങ്ങള്‍ക്ക് നല്‍കപ്പെടുന്നൊരു ഉപഹാരം കൂടിയാണിത്.

എഴുത്തിന്റെ വഴിയിലേക്ക് എത്തിപ്പെട്ടത് എങ്ങനെയെന്ന് പറയാം. മുമ്പ് ചില അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുള്ളതാകയാല്‍ കേള്‍വിക്കാരില്‍ ആവര്‍ത്തനവിരസത സൃഷ്ടിച്ചേക്കാം. എങ്കിലും അതിവിടെ ഒരിക്കൽക്കൂടി ആവര്‍ത്തിക്കുന്നത് ഉചിതമാവുമെന്ന് കരുതുന്നു.

‘യാദൃച്ഛികത’ എന്നത് ചെറിയൊരു വാക്കല്ലെന്നും അതിനുള്ളില്‍ ഏറെ ഉത്തരങ്ങള്‍ ഒളിപ്പിക്കാന്‍ കഴിയുന്നൊരു മണ്‍കുടമുണ്ടെന്നും എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. സാങ്കല്‍പികമായ ഒരു സംഗതിയെങ്കിലും അതെനിക്കു നല്‍കുന്ന അഭയം ചെറുതൊന്നുമല്ല. ചില ചോദ്യങ്ങള്‍ നിര്‍മിക്കുന്ന പ്രതിസന്ധിയെ അതില്‍ ലയിപ്പിച്ചു കളയാന്‍ എനിക്കാവുന്നുണ്ട്. കഥയെഴുത്തു കലയിലേക്ക് എത്തിപ്പെട്ടതിനെക്കുറിച്ച് ആലോചിക്കുമ്പോഴും ഈ മണ്‍കുടത്തെതന്നെയാണ് എനിക്ക് എടുത്തു​െവക്കാനുള്ളതും.

കലയോടോ സാഹിത്യത്തോടോ കാര്യമായ താല്‍പര്യമൊന്നുമില്ലാത്ത ഒരാളായിരുന്നു ഞാന്‍. അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന മാരക രാസപദാര്‍ഥങ്ങളാണ് അവയെല്ലാം എന്നായിരുന്നു എന്റെയൊരു ധാരണ. പതിനേഴാം വയസ്സുവരെ ഞാനൊരു പുസ്തകവും വായിച്ചിട്ടില്ല. പത്രങ്ങള്‍ വായിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും മുഖ്യമായും കായികവാര്‍ത്തകളോടായിരുന്നു കമ്പം. സ്‌കൂളിലെ സാഹിത്യവിഷയങ്ങളോടൊക്കെ എനിക്ക് വെറുപ്പായിരുന്നു. ഒരു കായികതാരമാവാനാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍, അതിനുള്ള സാഹചര്യമോ ആരോഗ്യമോ ഉണ്ടായിരുന്നില്ല.

എന്റെ ജന്മനാടായ പുതുക്കോട് എന്ന ഗ്രാമത്തില്‍ ഏതാനും പേര്‍ ചേര്‍ന്ന് ‘ഗ്രാമിക’ എന്ന പേരില്‍ ഒരു കൈയെഴുത്തു മാസിക തുടങ്ങിയതോടെയാണ് അക്ഷരങ്ങളുമായി ഞാന്‍ ബന്ധപ്പെടാന്‍ തുടങ്ങുന്നത്. ചരിത്രപ്രസിദ്ധമായ കോഴിക്കോട് നഗരത്തില്‍നിന്നും പതിനെട്ടു കിലോമീറ്റര്‍ കിഴക്കുമാറി സ്ഥിതിചെയ്യുന്ന ഒരുള്‍നാടന്‍ ഗ്രാമമായിരുന്നു പുതുക്കോട്. നേരത്തേ ഉണരുകയും അന്തികറുക്കാന്‍ തുടങ്ങുമ്പോഴേക്കും ഉറങ്ങാന്‍ പോവുകയും ചെയ്യുന്ന, കൃഷിപ്പണിയും മറ്റുമൊക്കെയായി കഴിഞ്ഞുകൂടുന്ന മനുഷ്യരുടെ ഗ്രാമം. അവിടേക്ക് വലിയ ഗതാഗത സൗകര്യങ്ങളൊന്നുമുണ്ടായിരുന്നില്ല.

ഞാനോര്‍ക്കുന്നു. പുതുക്കോട്ടങ്ങാടിയില്‍ ഫര്‍ണിച്ചര്‍ രവിയേട്ടന്റെ പീടികക്കു മുന്നിലാണ് ഗ്രാമികയുടെ പകര്‍പ്പുകള്‍ തൂക്കിയിട്ടിരുന്നത്. നാട്ടുവര്‍ത്തമാനങ്ങളും ഇത്തിരി കലാവാസനയുള്ളവരുടെ മുദ്രകളുമൊക്കെയാണ് അതിലുണ്ടായിരുന്നത്. ആളുകളെല്ലാം അത് ശ്രദ്ധയോടെ വായിക്കുന്നതും നിരൂപണം നടത്തുന്നതുമൊക്കെ ഞാന്‍ കണ്ടിരുന്നു. ആ കാഴ്ചകളാണ് എന്തെങ്കിലുമൊക്കെ എഴുതണമെന്ന വിചാരം എന്നിലുണ്ടാക്കിയത്.

പക്ഷേ, എന്തെഴുതും? കവിത തന്നെയാകട്ടെ... അതാവുമ്പോള്‍ എളുപ്പം കഴിയും. പക്ഷേ, എങ്ങനെയെഴുതും? അതിന് കുറച്ച് വാക്കുകളൊക്കെ വേണമല്ലോ… അറിയുന്ന വാക്കുകള്‍ ഉപയോഗിച്ച് എന്തൊക്കെയോ തുന്നിക്കൂട്ടി. എന്നാല്‍, അത് കവിതയല്ലെന്ന് മനസ്സിലാക്കാന്‍ എനിക്ക് വേറെ ആരുടെ അടുത്തും പോകേണ്ടിവന്നില്ല. ഇമ്മാതിരി കവിതയെഴുതിയാല്‍ ആരോഗ്യത്തിന് ഹാനികരമായിരിക്കുമെന്ന് എനിക്ക് ദിവ്യജ്ഞാനം ഉണ്ടാവുകയും ചെയ്തു. അതുകൊണ്ട് കവിത വേണ്ടെന്ന് തീരുമാനിച്ചു. പക്ഷേ എഴുതണമെന്ന തോന്നല്‍ നിമിഷംപ്രതി വര്‍ധിക്കുകയും ചെയ്തു. വാക്കുകളില്ല. കഥയാക്കാനുള്ള സംഗതികളൊന്നും മനസ്സില്‍ തെളിയുന്നില്ല. ലേഖനമെഴുതാനുള്ള അറിവും ഇല്ല.

എട്ടാം തരത്തില്‍ പഠിക്കുന്ന കാലത്ത് സതീശന്‍ മാഷ് മലയാളം ഉപപാഠപുസ്തകത്തിന്റെ ഉത്തരപ്പേപ്പറില്‍ ഞാനെഴുതിയ ഉപന്യാസം ക്ലാസില്‍ വായിച്ചുകേള്‍പ്പിച്ചിരുന്നു എന്നതാണ് എഴുത്തിനെക്കുറിച്ചുള്ള എന്റെ നല്ല ഓർമ. സതീശന്‍ മാസ്റ്ററെ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാതിരിക്കാന്‍ എനിക്കു വയ്യ. എഴുതാനുള്ള എന്റെ വാസനയെ ആദ്യം തിരിച്ചറിഞ്ഞത് അദ്ദേഹമാണ്.

എഴുതാനുള്ള എന്തെങ്കിലും ത്വര എന്നിലുണ്ടായിരുന്നുവോ..? എനിക്ക് കൃത്യമായൊരു ഉത്തരത്തില്‍ എത്താനാവുന്നില്ല. എന്റെ പിതാവ് പുസ്തകങ്ങള്‍ വായിച്ചിരുന്നുവെന്നും ചില്ലറ തോതില്‍ എഴുതിയിരുന്നെന്നും കേട്ടിരുന്നു (പക്ഷേ എഴുത്തിലും ജീവിതത്തില്‍ തന്നെയും പാടെ പരാജയപ്പെട്ടൊരു കക്ഷിയാണ്). ആ വഴിയെങ്ങാനും എന്തെങ്കിലും അക്ഷരങ്ങള്‍ എന്റെ ഉള്ളില്‍ കയറിക്കൂടിയിരുന്നെങ്കിലായി.

ഒരുദിവസം ഞാന്‍ രാവിലെ ബസു കയറാനായി പുതുക്കോട്ടങ്ങാടിയില്‍ വന്നു നിന്നു. അക്കാലങ്ങളില്‍ ദിവാസ്വപ്‌നം കാണലല്ലാതെ എനിക്ക് മറ്റ് ഏര്‍പ്പാടുകളൊന്നുമില്ല. ഇരുന്നു മുഷിയുമ്പോള്‍ ചെറിയ യാത്രകളിലും ഏര്‍പ്പെടും. അധികം ദൂരത്തേക്കൊന്നും പോകാറില്ല. വൈകുന്നേരത്തിനുള്ളില്‍ തിരിച്ചെത്തുന്നതു മാത്രമായിരുന്നു എന്റെ യാത്രകളെല്ലാം.

ബസിന്റെ സമയം കണക്കാക്കിയാണ് നാട്ടുകാര്‍ യാത്രക്കൊരുങ്ങിയിരുന്നത്. അക്കാലമാവുമ്പോഴേക്കും പുതുക്കോട്ടുകാര്‍ പുറത്തേക്ക് ധാരാളമായി യാത്രചെയ്യാന്‍ തുടങ്ങിയിരുന്നു. സര്‍ക്കാര്‍ ഓഫീസുകളിലും മറ്റു സ്ഥാപനങ്ങളിലുമെല്ലാം ജോലിനോക്കുന്നവര്‍ കുറച്ചുപേരെങ്കിലും ഉണ്ടായിരുന്നു. സമയം തെറ്റിയാല്‍ പിന്നെ അങ്ങാടിയില്‍നിന്നും വാഹനം ലഭിക്കാന്‍ വലിയ പ്രയാസമാണ്.

അന്ന് രാവിലെയുള്ള ട്രിപ്പ് ബസുകാര്‍ മുടക്കിയിരുന്നു. കാരണമെന്തെന്ന് അറിയില്ലായിരുന്നു. അവിടെ കാത്തുനിന്ന ജനം അങ്കലാപ്പിലായി. ജോലിക്കു പോകേണ്ടവരും ക്ലാസിനു പോവേണ്ടവരുമൊക്കെ ഉണ്ട്. എന്തുചെയ്യും? ഒന്നുകില്‍ കുത്തനെ കയറ്റം കയറി രണ്ടു കിലോമീറ്ററോളം നടന്ന് വൈദ്യരങ്ങാടിയിലേക്ക് പോവുക. അല്ലെങ്കില്‍ രാമനാട്ടുകരയില്‍നിന്ന് ആരെങ്കിലും വിളിച്ചുവരുന്ന ഓട്ടോറിക്ഷകള്‍ക്കായി കാത്തിരിക്കുക... മടക്കയാത്രയില്‍ കയറിപ്പറ്റാം.

രാവിലെ തന്നെ കയറ്റം കയറാനുള്ള പാടോര്‍ത്ത് എല്ലാവരും മടിച്ചു. വളരെ നേരം കാത്തിരുന്നിട്ടും ആര്‍ക്കും ഒരു വാഹനവും കിട്ടിയില്ല. പലരും വീട്ടിലേക്കുതന്നെ തിരിച്ചുപോയി. അങ്ങാടിയിലെ അംഗസംഖ്യ കുറഞ്ഞുവന്നു. ഞാനേതായാലും പിറകോട്ടുപോയില്ല. അപ്പോള്‍ ഭാഗ്യംപോലെ ഓട്ടോറിക്ഷയെത്തി. ജനം ഓട്ടോക്കു നേരെ കുതിച്ചു. അവരെയെല്ലാം നിഷ്പ്രഭനാക്കിക്കൊണ്ട് എന്റെ മെലിഞ്ഞ ശരീരം ഉപയോഗിച്ച് ഞാനെങ്ങനെയോ അതില്‍ കയറിപ്പറ്റി. കുണ്ടും കുഴിയുമുള്ള നിരത്തിലൂടെ നീങ്ങുമ്പോള്‍ ഞാന്‍ അതുതന്നെ ആലോചിച്ചു. ഓട്ടോയില്‍ കയറാന്‍ പറ്റാതിരുന്ന ഹതഭാഗ്യര്‍ മനസ്സില്‍ കിടന്ന് ചിറകടിച്ചു. എന്തുകൊണ്ട് അതുതന്നെ ഒരു വിഷയമാക്കിക്കൂടാ..?

ഞാന്‍ എന്റെ ഉമ്മയുടെ വീട്ടിലേക്കാണ് പോയത്. അവിടെയിരുന്നു കടലാസില്‍ ആ യാത്രയെക്കുറിച്ച് എന്തൊക്കെയോ കുത്തിക്കുറിച്ചു. ‘ഒരു പുതുക്കോട്ടുകാരന്റെ ദുര്യോഗം’ എന്ന പേരുമിട്ടു. ഉപന്യാസം എന്നെഴുതാന്‍ മടിതോന്നി. വലിയ ഗൗരവമുള്ള കാര്യങ്ങളാണ് ഉപന്യാസംകൊണ്ട് അര്‍ഥമാക്കുന്നതെന്ന് ഞാനെന്തുകൊണ്ടോ ധരിച്ചിരുന്നു. അതിനാല്‍, കഥ എന്നാണ് ആ കുറിപ്പിന് നല്‍കിയത്. അക്കാലം വരെ ഞാനൊരു ചെറുകഥയും വായിച്ചിട്ടില്ല. അതിനാല്‍, ഇതാണോ കഥ എന്ന് എനിക്ക് സംശയമുണ്ടായി. ഏതായാലും അല്‍പം കൂടെ വൃത്തിയായി എഴുതി അത് ഗ്രാമികയുടെ പത്രാധിപ സമിതി അംഗത്തിലൊരാളെ ഏല്‍പിച്ചു. ചില തിരുത്തുകള്‍ വരുത്തി അവരത് പ്രസിദ്ധീകരിക്കുകയും ചെയ്തു.

ആ കഥക്കു കിട്ടിയ പ്രതികരണങ്ങളാണ് എഴുത്തില്‍ തുടരാന്‍ എനിക്ക് പ്രേരണയായത്. വകയിലൊരു കാരണവരും അയല്‍വാസിയുമായ ഷംസുക്കാക്ക ഒരുദിവസം വൈകുന്നേരം വീട്ടിലേക്ക് ഓടിവന്നു പറഞ്ഞു: സാക്ഷാല്‍ ബഷീറിനെ തന്നെ അടിച്ചുമാറ്റണോ? ബഷീര്‍ ഞങ്ങളുടെ ഭാഷയിലെ വലിയൊരു എഴുത്തുകാരനാണ്. എനിക്ക് കാര്യമൊന്നും മനസ്സിലായില്ല. ഗ്രാമികയില്‍ വന്ന കഥയെപ്പറ്റി ഷംസുക്കാ ഒറ്റ വീര്‍പ്പില്‍ നിരൂപണം നടത്തി. ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ എന്ന കഥ പത്താംതരത്തില്‍ പഠിക്കാനുണ്ടായിരുന്നുവെങ്കിലും ഞാനതു മുഴുവനായും വായിച്ചിരുന്നില്ല (അത്രമാത്രം അരസികനായിരുന്നു ഞാന്‍). അതു മാത്രമായിരുന്നു ബഷീറുമായുള്ള എന്റെ പരിചയം. മാത്രമല്ല. പുതുക്കോട്ടങ്ങാടിയില്‍നിന്ന് ബസില്‍ മൂപ്പര് സഞ്ചരിച്ചതായി രേഖകളുമില്ല. അപ്പോള്‍ പിന്നെ അതെങ്ങനെ ബഷീര്‍ കൃതിയാവും? ഞാന്‍ എന്റെ അനുഭവമാണ് എഴുതിയത്…

ഏതായാലും പിറ്റേന്ന് ഞാന്‍ പുതുക്കോട് വായനശാലയില്‍നിന്ന് ബഷീറിന്റെ പുസ്തകങ്ങള്‍ക്കായി പരതി. ‘മുച്ചീട്ടു കളിക്കാരന്റെ മകളാ’ണ് കയ്യില്‍ കിട്ടിയത്. വായിച്ചപ്പോള്‍ രസം തോന്നി. പിന്നെയും ബഷീര്‍ കൃതികള്‍ വായിക്കാന്‍ തുടങ്ങി. അപ്പോഴാണ് ഷംസുക്കാക്ക പറഞ്ഞതിന്റെ അര്‍ഥം എനിക്ക് മനസ്സിലായത്. അനുഭവങ്ങളെ നർമത്തില്‍ ചാലിച്ച് കഥയാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ്... എന്റെ കഥയിലും ആത്മപരിഹാസം കലര്‍ന്ന നര്‍മമുണ്ടായിരുന്നു. നാട്ടിലെ ജനങ്ങളുണ്ടായിരുന്നു. പുതുക്കോടിന്റെ യാത്രാദുരിതമുണ്ടായിരുന്നു. വാക്കുകളോട് പരിചയമില്ലാത്തതിനാല്‍ പലപ്പോഴും വ്യവഹാര ഭാഷതന്നെ ഉപയോഗിക്കേണ്ടിവന്നിരുന്നു. ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ അതൊരു പൊട്ടക്കഥയായിരുന്നുവെന്നാണ് തോന്നുന്നത്. പക്ഷേ, ആദ്യത്തെ കലാസൃഷ്ടി എന്ന നിലയില്‍ എനിക്കതിനോട് പൊറുക്കാവുന്നതേയുള്ളൂ.

‘ഗ്രാമിക’ പിന്നെ അധികകാലമൊന്നും പുറത്തിറങ്ങുകയൊന്നുമുണ്ടായില്ല. നാടിന്റെ ഓര്‍മയില്‍നിന്നുതന്നെ അത് അപ്രത്യക്ഷമായി. എങ്കിലും, ചിലപ്പോഴൊക്കെ കൗതുകത്തോടെ ഞാനതേപ്പറ്റി ഓര്‍ത്തു പോകാറുണ്ട്. ഒരുപക്ഷേ, ഗ്രാമിക ഇല്ലായിരുന്നെങ്കില്‍...

എന്റെ ഓരോ കൃതിയും പുതുക്കോട്ടേക്കുള്ള യാത്രകളാണ്. ആ പഴയ പുതുക്കോട് ഇപ്പോഴില്ല. നഗരവത്കരണത്തിന്റെ അപാരമായ ചുവടുവെപ്പില്‍ അതെല്ലാം എന്നോ മാഞ്ഞുപോയി. രസികന്‍മാരായ അവിടത്തെ മനുഷ്യരുടെ കുലവും അസ്തമിച്ചു. പക്ഷേ, ഞാനിപ്പോഴും നാട്ടുവൈകുന്നേരങ്ങളുടെ താളം കേള്‍ക്കുന്നു. ഒരുകൂട്ടം മനുഷ്യര്‍ ഇരുന്ന് വെടിപറയുന്നു. പാട്ടുപാടുന്നു. ഉറക്കെ ചിരിക്കുന്നു. അരീക്കുന്നിറങ്ങി വരുന്ന കാറ്റിനെ ആസ്വദിക്കുന്നു.

എനിക്ക് നേരിട്ട് അടുപ്പമുള്ളവര്‍ തന്നെയായിരുന്നു എന്റെ കഥാപാത്രങ്ങള്‍. എന്റെ മിക്ക നോവലുകളിലും ആന്‍ഡമാന്‍ ദ്വീപസമൂഹത്തിന്റെ പശ്ചാത്തലം കടന്നുവരുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ഒരു ദ്വീപുസമൂഹമാണ് അത്. ഇന്നും പ്രാചീനമായ ഗോത്രങ്ങള്‍ നിവസിക്കുന്ന ഒരിടം. ഇന്ത്യന്‍ ഉപഭൂഖണ്ഡം കൊള്ളചെയ്യാന്‍ വന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ച ഒരു തടവറയുടെ പേരിലാണ് ആ ദ്വീപുസമൂഹം ഇത്രയും കുപ്രസിദ്ധിയാര്‍ജിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാളികളെ ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലിലടക്കുക പതിവായിരുന്നു. കൊടുംവനങ്ങളും വന്യമായ തിരമാലകളും ക്രൂരമൃഗങ്ങളുമെല്ലാമുള്ള ദ്വീപ്... എന്റെ പിതാവിന്റെ പിതാവിനെ ഇരുപതാമത്തെ വയസ്സിലാണ് അവിടേക്ക് നാടുകടത്തപ്പെടുന്നത്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന്റെ പേരിലായിരുന്നില്ല അദ്ദേഹം ശിക്ഷിക്കപ്പെട്ടത്. തന്റെ ജ്യേഷ്ഠന്‍ ചെയ്തുപോയൊരു കൊലപാതകത്തിന്റെ പാപഭാരം കഴുത്തിലണിയാന്‍ അദ്ദേഹം നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. അതിനു കാരണമുണ്ട്. ജ്യേഷ്ഠന്‍ വിവാഹിതനായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ നിറഗര്‍ഭിണിയുമായിരുന്നു. അനുജനാകട്ടെ കല്യാണത്തിന് ഒരുങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. വധശിക്ഷ ലഭിക്കുന്ന കുറ്റം. അനാഥമായിപ്പോവുന്ന ഒരു കുടുംബത്തെയോര്‍ത്തുള്ള അനുജന്റെ ദയാവായ്പ്... കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് അദ്ദേഹത്തെ അയച്ചത്. അന്നും ഇന്നും കുപ്രസിദ്ധരായ കുറ്റവാളികളെ പാര്‍പ്പിക്കുന്ന ഇടമാണത്.

വായിച്ചി എന്നായിരുന്നു ഞാന്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. സ്വന്തം പിതാവിനെ വായിച്ചി കണ്ടിട്ടില്ല. ഒറ്റാങ്കണ്ണിത്തെയ്യുമ്മ എന്ന പേരില്‍ അറിയപ്പെട്ട ഉമ്മയാണ് വായിച്ചിയെയും സഹോദരനെയും വളര്‍ത്തി വലുതാക്കിയത്. ഒരു കണ്ണേ ഉണ്ടായിരുന്നുള്ളൂവെങ്കിലും സമര്‍ഥയായൊരു സ്ത്രീയായിരുന്നു അവര്‍. നിലമുഴാനും മരംകയറാനുമെല്ലാം മടിയില്ലാതിരുന്നൊരു സ്ത്രീ. ഏത് കരുത്തനെയും ഒറ്റക്ക് നേരിടാന്‍ പ്രാപ്തിയുള്ളൊരു ഉരുക്കു വനിത...


സ്വന്തം മകന്‍ കൊലപാതകക്കുറ്റത്തിന് പിടിക്കപ്പെട്ടപ്പോള്‍ മാത്രം അവരുടെ ചുവടുകള്‍ അല്‍പമൊന്നിടറുകയുണ്ടായി. എങ്കിലും, തളരാതെ വിധിയോട് പൊരുതി. പലവിധ സമ്മാനങ്ങളുമായി അവര്‍ ഇടക്കിടെ ഫറോക്കിലെ റെയില്‍വേ സ്റ്റേഷനില്‍നിന്നും കണ്ണൂരിലേക്ക് വണ്ടി കയറി. ജയില്‍ സൂപ്രണ്ടിനെ കണ്ടു. അയാള്‍ക്കു മുന്നില്‍ തൊഴുതുനിന്നു...

അക്കാലത്ത് ബ്രിട്ടീഷ് രാജവംശത്തിലെ ആരുടെയോ വിവാഹം പ്രമാണിച്ച് കുറ്റവാളികള്‍ക്ക് ശിക്ഷയിളവു കൊടുക്കുമെന്ന വാര്‍ത്ത വന്നിരുന്നു. സൂപ്രണ്ട് വായിച്ചിയുടെ കാര്യത്തില്‍ കാരുണ്യവാനായി. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്‍മേല്‍ ജഡ്ജി വധശിക്ഷ ഇളവു ചെയ്തുകൊടുത്തു. ഇത്രയും പ്രായം കുറഞ്ഞൊരാളെ കൊല്ലുന്നത് ശരിയല്ലെന്ന് ജഡ്ജി വിധിപ്പകര്‍പ്പില്‍ എഴുതി ​െവച്ചത്രെ. പകരം ആന്‍ഡമാനിലേക്ക് നാടുകടത്താനായിരുന്നു വിധിച്ചത്. പിന്നെ പതിനാലു വര്‍ഷം അദ്ദേഹം ആന്‍ഡമാനിലായിരുന്നു.

ആദ്യത്തെ ആറുവര്‍ഷം സെല്ലുലാര്‍ ജയിലില്‍തന്നെയായിരുന്നു. പിന്നീട് സര്‍ക്കാറിന്റെ മരാമത്ത് പണികള്‍ക്കായി വായിച്ചി നിയോഗിക്കപ്പെട്ടു. വനം വെട്ടി വെളുപ്പിക്കല്‍, റോഡ് നിര്‍മാണം, കെട്ടിടങ്ങള്‍ പണിയല്‍ എന്നിങ്ങനെയുള്ള തൊഴിലുകളായിരുന്നു. മറ്റു തടവുകാര്‍ക്കൊപ്പം അദ്ദേഹം രാവന്തിയോളം പണിയെടുത്തു.

മലബാര്‍ ലഹള എന്ന പ്രശസ്തമായ ബ്രിട്ടീഷ് വിരുദ്ധ കലാപത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പിടിക്കപ്പെട്ട ആയിരക്കണക്കിന് പേരെ ആന്‍ഡമാനിലേക്ക് നാടുകടത്തിയിരുന്നു. അങ്ങനെ കടല്‍കടന്നെത്തിയ ഒരു കുടുംബത്തില്‍നിന്നായിരുന്നു അദ്ദേഹം വിവാഹം കഴിച്ചത്. ശിക്ഷാവിധികളെല്ലാം അവസാനിച്ചിട്ടും അവിടെത്തന്നെ തുടരാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. അവിചാരിതമായാണ് ഒരു കമ്പിസന്ദേശം അദ്ദേഹത്തെ തേടിയെത്തിയത്. ഉമ്മയുടെ വിളിയായിരുന്നു അത്. അദ്ദേഹത്തിനത് കേള്‍ക്കാതിരിക്കാനായില്ല. ഗര്‍ഭിണിയായ ഭാര്യയെ അവിടെത്തന്നെ നിര്‍ത്തി നാട്ടിലേക്ക് കപ്പല്‍ കയറുകയായിരുന്നു.

നാട്ടിലെത്തിയ മകന്‍ തിരിച്ചുപോകാതിരിക്കാന്‍ ഉമ്മ അയാളെക്കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിച്ചു. ഉമ്മയുടെ കണക്കുകൂട്ടല്‍ ശരിയായിരുന്നു. വായിച്ചി പിന്നീട് ആന്‍ഡമാനിലേക്ക് തിരികെ പോയില്ല. ആ ബന്ധത്തിലുണ്ടായതാണ് എന്റെ പിതാവടക്കമുള്ള എട്ടുപേര്‍.

തൊണ്ണൂറു വര്‍ഷത്തോളം വായിച്ചി ജീവിക്കുകയുണ്ടായി. ജീവിതത്തിന്റെ സായാഹ്നത്തിലും പോയ കാലത്തിന്റെ ഓര്‍മകള്‍ മുഴുവനും ആ മനുഷ്യനില്‍ തുടിച്ചുനിന്നിരുന്നു. കഥ പറയുക എന്നത് അദ്ദേഹത്തിന് ഹരമായിരുന്നു. എന്റെ കുട്ടിക്കാലത്തെ ഹരിതാഭമാക്കിയത് അദ്ദേഹത്തിന്റെ വിവരണങ്ങളാണ്. അദ്ദേഹം ചിലപ്പോള്‍ ഒറ്റക്കിരുന്നു സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. കഥനകലയുടെ ആദ്യ പാഠങ്ങള്‍ ഞാന്‍ അവിടെനിന്നാണ് പഠിച്ചുതുടങ്ങുന്നത്...

ഇവിടെ ഇപ്പോള്‍ എന്റെ പിതാവും മാതാവുമെല്ലാം ഉണ്ടായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പിതാവ് എന്റെ മുപ്പത്തിയേഴാം വയസ്സില്‍ മരണപ്പെട്ടുപോയി. അദ്ദേഹം നല്ലൊരു വായനക്കാരനായിരുന്നു. ഞങ്ങളുടെ നാട്ടില്‍നിന്ന് സ്‌കൂളിലും കോളേജിലുമെല്ലാം പഠിച്ച ആദ്യ വ്യക്തി. കൂറയുടെയും പാറ്റയുടെയുമൊക്കെ പെന്‍സില്‍ ചിത്രങ്ങള്‍ നിറഞ്ഞ തടിയന്‍ പുസ്തകങ്ങളില്‍നിന്നാണ് അറിയാനുള്ള എന്റെ കൗതുകം ആരംഭിക്കുന്നത്. അതെല്ലാം ഉപ്പ വരച്ചതായിരുന്നു. കോളേജ് ലാബിലെ റെക്കോര്‍ഡ് പുസ്തകങ്ങള്‍... അവയുടെ പ്രാധാന്യത്തെക്കുറിച്ച് എനിക്കറിയില്ലായിരുന്നു. വീട്ടുചുവരിലെ മരറാക്കില്‍ ചിതലുകയറാതിരിക്കാന്‍ ഏറെ പണിപ്പെട്ടാണ് അവ സൂക്ഷിച്ചിരുന്നത്. എന്നിട്ടും ഞാനും അനിയനുമെല്ലാം അത് താഴേക്കിറക്കി ​െവച്ച് താളുകളില്‍ കുത്തിവരകള്‍ നടത്തി. ഞങ്ങളുടെ വികൃതികള്‍ കണ്ടിട്ടും ഉപ്പ ഒന്നും പറഞ്ഞില്ല. അദ്ദേഹത്തിന്റെ കണ്ണുകളില്‍ അപ്പോഴേക്കും വിഷാദത്തിന്റെ നിഴലുകള്‍ പടര്‍ന്നു കഴിഞ്ഞിരുന്നു. ഏറെ കഷ്ടപ്പെട്ടാണ് മറിയമ്മ ഞങ്ങളെ വളര്‍ത്തിയത്. അവരുടെ കണ്ണീരുകള്‍, വിയര്‍പ്പുകള്‍, കിതപ്പുകള്‍... അതെല്ലാമാണ് എന്റെ അക്ഷരങ്ങള്‍ എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ ഇപ്പോള്‍ വിദൂരമായൊരു കാലത്തിലിരുന്ന് എന്റെ വാക്കുകള്‍ കേള്‍ക്കുന്നുണ്ടെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. അത്യന്തം ഇരുട്ടു നിറഞ്ഞ ഒരു സാഹചര്യത്തെ പരിചയപ്പെടുത്തിക്കൊണ്ടാണ് ഞാന്‍ എന്റെ പ്രസംഗം തുടങ്ങിയത്.

സ്വീഡിഷ് സാഹിത്യ അക്കാദമിയോട് ഞാന്‍ ഒരിക്കല്‍കൂടെ നന്ദി പറയുന്നു. ഈ പുരസ്‌കാരത്തിലൂടെ ഞങ്ങളുടെ ഭാഷയും സംസ്‌കാരവും കൂടുതല്‍ പ്രകാശിതമാവുകയാണ്.

നോബെല്‍ പ്രസംഗവും കഴിഞ്ഞ് വേദിയില്‍നിന്ന് ഇറങ്ങുമ്പോഴാണ് ആരോ തൊട്ടു വിളിച്ചതായി തോന്നിയത്. മുന്നിലെ ആളുകളെല്ലാം പൊടുന്നനെ അപ്രത്യക്ഷമായിരിക്കുന്നു. ആരവങ്ങളെല്ലാം അവസാനിച്ചിരിക്കുന്നു. വെളിച്ചത്തിന്റെ ആകര്‍ഷണീയത കുറഞ്ഞുപോയിരിക്കുന്നു. ഞാന്‍ കണ്ണുകള്‍ തിരുമ്മി.

ഫോണിനുള്ളില്‍ കയറിയിരുന്ന് ആരോ തോണ്ടിവിളിക്കുകയാണ്. പേരു കണ്ടപ്പോഴാണ് എനിക്ക് സമയത്തെക്കുറിച്ച് ധാരണ വന്നത്. അഞ്ചുമണിക്കാണ് യോഗം ആരംഭിക്കുന്നത്. ഇനി അധിക നേരമില്ല. ഊണുകഴിഞ്ഞ് അല്‍പം മയങ്ങാന്‍ കിടന്നതാണ്. ഗാഢമായിത്തന്നെ ഉറങ്ങിപ്പോയി.

കട്ടിലില്‍നിന്നെഴുന്നേറ്റ് മേശപ്പുറത്ത് അടുക്കിെവച്ച പുസ്തകങ്ങള്‍ എണ്ണിനോക്കി. ഞാന്‍തന്നെ എഴുതിയ പുസ്തകമാണ്. അഞ്ചുപേര്‍ക്ക് പ്രോത്സാഹനാര്‍ഥം കൊടുക്കാനുള്ളതാണ്. റെസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിക്കുന്നുണ്ട്. പ്രദേശത്തെ എഴുത്തുകാരന്‍ എന്ന നിലയില്‍ എന്റെ പുസ്തകം വേണമെന്ന് അസോസിയേഷന്‍ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടതും ഞാനാണ്.

‘‘ഇതാ പുറ​െപ്പട്ടു...’’ ഫോണെടുത്ത പാടെ ഒരു മുഖവുരയുമില്ലാതെ ഞാന്‍ പറഞ്ഞു.

‘‘അല്ല... അക്കാര്യം പറയാനാണ് ഞാന്‍ വിളിച്ചത്...’’ ഫോണിന്റെ അങ്ങേഭാഗത്ത് ഒരു പതര്‍ച്ച അനുഭവപ്പെട്ടു.

‘‘പരിപാടി മാറ്റിയോ? കുഴപ്പ

മില്ല...’’

‘‘അതല്ല...’’

‘‘പിന്നെ?’’

തെല്ലുനേരത്തേക്ക് ഫോണിനുള്ളില്‍ മൗനം വലിഞ്ഞുമുറുകി. ഒരു നെടുവീര്‍പ്പിന്റെ ശബ്ദമായിരുന്നു പിന്നീട് കേട്ടത്.

‘‘കമ്മറ്റിയില്‍ ചില മുറുമുറുപ്പുകള്‍ ഉണ്ട്...’’

‘‘എന്തിനാണ്?’’

‘‘പുസ്തകം കൊടുക്കാമെന്ന് പറഞ്ഞിരുന്നല്ലോ...’’

‘‘അതിനെന്താണ്? നിങ്ങള്‍ പറഞ്ഞതുപോലെ അഞ്ചുകോപ്പികള്‍ ഞാന്‍ വാങ്ങി​െവച്ചിട്ടുണ്ട്...’’

‘‘പുസ്തകമൊക്കെ നന്ന്... പക്ഷേ, പേര്... പേരിലെ ചില വരികള്‍ ആണ് പ്രശ്‌നം...’’

‘‘മുതാര്‍ക്കുന്നിലെ മുസല്ലകള്‍... എന്താണ് കുഴപ്പം..?’’

‘‘നമ്മുടെ നാടിന്റെ കഥയാണെന്നതൊക്കെ ശരിതന്നെ... എനിക്കത് മനസ്സിലാകും... എല്ലാവര്‍ക്കും അത് തിരിയണമെന്നില്ലല്ലോ... പുരോഗമനം പറഞ്ഞുനടക്കുന്ന ചിലര്‍ക്കാണ് കൂടുതല്‍ പ്രശ്‌നം... മുസല്ല എന്നത് ഒരു അറബിവാക്കല്ലേ?’’ സെക്രട്ടറി ഒറ്റശ്വാസത്തില്‍ പറഞ്ഞു.

‘‘അതിനെന്താണ്? അറബിയില്‍നിന്ന് എത്രയോ വാക്കുകള്‍ നമ്മുടെ ഭാഷയിലേക്ക് കുടിയേറിയിട്ടുണ്ടല്ലോ...’’

‘‘കുന്നിന്റെ താഴ്‌വരയില്‍ ഒരു ക്ഷേത്രമുണ്ടായിട്ടും അതിനെ കാണാതെ എന്തിനാണ് അവിടെ ഒരു മുസല്ല നിവര്‍ത്തിയത്? അവരുടെ ചോദ്യമെല്ലാം അങ്ങനെയാണ്...’’

‘‘നമ്മുടെ കാലം അതാണ്... എല്ലാത്തിനും ചോദ്യങ്ങള്‍...ആവശ്യമുള്ളിടങ്ങളില്‍മാത്രം ചോദ്യങ്ങള്‍ക്ക് മുട്ടുവിറയ്ക്കുന്നു...’’

നാലഞ്ചു ദിവസങ്ങള്‍ക്കു മുന്നെയാണ് റെസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി എന്നെ തേടി വന്നത്. അസോസിയേഷനില്‍ അംഗമാണെങ്കിലും അതിന്റെ പരിപാടിയിലൊന്നും ഞാന്‍ പങ്കെടുക്കാറില്ല. വല്ലപ്പോഴും പിരിവു ചോദിച്ചു വന്നാല്‍ കൊടുക്കും. പിരിവിന് വന്നതായിരിക്കുമെന്നാണ് ഞാനാദ്യം കരുതിയത്. അസോസിയേഷന്റെ വാര്‍ഷികാഘോഷത്തെക്കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോഴേ അതിനുതന്നെയായിരിക്കുമെന്ന് എനിക്കുറപ്പായി.

‘‘നമ്മുടെ കൂട്ടത്തില്‍തന്നെ ആളുണ്ടാവുമ്പോള്‍ പുറത്തുനിന്നൊക്കെ ആളെ കൊണ്ടുവരേണ്ട കാര്യമുണ്ടോ?’’ സെക്രട്ടറി ആമുഖമായി തന്നെ പറഞ്ഞു. പെട്ടെന്ന് എനിക്ക് കാര്യം മനസ്സിലായില്ല.

‘‘ചിലരെ ആദരിക്കാനും ഉണ്ട്... മൊമന്റോ നല്‍കുന്നതിനു പകരം പുസ്തകം കൊടുക്കാനാണ് വിചാരിക്കുന്നത്...’’

‘‘വളരെ നല്ല കാര്യം...’’ അയാളെ പ്രോത്സാഹിപ്പിക്കുന്ന മട്ടില്‍ ഞാന്‍ പറഞ്ഞു.

‘‘നമ്മുടെ പുസ്തകമാവുമ്പോ കുറച്ചുകൂടി കളറാകില്ലേ? പ്രത്യേകിച്ചും ഈ നാടിന്റെ കഥതന്നെയാകുമ്പോള്‍... മുതാര്‍ക്കുന്നിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്...’’ അയാള്‍ വളരെ ആവേശത്തോടെയാണ് നാവനക്കിയത്.

‘‘വളരെ സന്തോഷം... എന്റെ കൈയില്‍ പക്ഷേ, രണ്ടോ മൂന്നോ കോപ്പികള്‍ മാത്രമാണുള്ളത്...’’

ഞാനെഴുതിയ നോവലിനെക്കുറിച്ചാണ് അയാള്‍ പറഞ്ഞുവരുന്നതെന്ന് എനിക്ക് മനസ്സിലായി. ഈയിടെ അതിനൊരു പുരസ്‌കാരം ലഭിച്ച കാര്യം പത്രങ്ങളിലെല്ലാം വന്നിരുന്നു.

‘‘ഒരെഴുത്തുകാരന്റെ കൈയില്‍നിന്ന് അയാളുടെ പുസ്തകം സംഭാവന ചോദിക്കരുത്...’’ സെക്രട്ടറിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് ജാള്യം തോന്നി. പുസ്തകത്തിന്റെ കോപ്പികള്‍ സംഭാവനയായി ചോദിക്കാനെന്നാണ് ഞാന്‍ വിചാരിച്ചുപോയത്. അപ്പോള്‍തന്നെ അയാള്‍ ഫോണില്‍ കുത്തി എന്റെ അക്കൗണ്ടിലേക്ക് തുക ട്രാന്‍സ്ഫര്‍ ചെയ്തു തരികയും ചെയ്തു.

‘‘നിങ്ങള്‍ വിളിച്ചുപറഞ്ഞാല്‍ കോപ്പികള്‍ എത്തുമല്ലോ... പിന്നെ എല്ലാത്തിലും ഒപ്പിട്ട് വയ്ക്കണം കേട്ടോ...’’

ഞാന്‍ വെറുതെ തലയാട്ടുക മാത്രം ചെയ്തു. ഇരിപ്പിടത്തില്‍നിന്ന് ഉയരുന്നതിന് മുന്നേ അയാള്‍ എന്നെ നോക്കി എന്തോ പറയാനാഞ്ഞു. എന്നാല്‍, തുമ്മല്‍ അയാളുടെ വാക്കുകളെ കുറച്ചു നേരത്തേക്ക് പിടിച്ചുനിര്‍ത്തി. നാലഞ്ചു വട്ടം തുമ്മിയതിനുശേഷം മുഖത്ത് പ്രസാദം വരുത്തി അയാള്‍ പറയുകയുണ്ടായി.

‘‘പരിപാടി ഉദ്ഘാടനം ചെയ്യേണ്ടതും മറ്റാരുമല്ല...’’

‘‘ഞാനോ?’’

അയാള്‍ വെറുതെ തലയാട്ടുക മാത്രം ചെയ്തു. പൊതുവെ ഇത്തരം പരിപാടികള്‍ക്കൊന്നും ഞാന്‍ പോകാറില്ല. ബഹളങ്ങളില്‍നിന്നെല്ലാം ഒതുങ്ങി ജീവിക്കുകയാണ് ഞാന്‍.

‘‘വേറെ ആരെയെങ്കിലും കിട്ടിയില്ലേ?’’

‘‘അസോസിയേഷന്റെ ഒരു യോഗത്തിലും പങ്കെടുക്കാറില്ല... ഇങ്ങനെയെങ്കിലും സഹകരിച്ചുകൂടെ?’’ അയാളുടെ മുഖം ഒരു യാചനയുടെ രൂപമായി ചുരുങ്ങിവന്നു. ഒടുക്കം ഞാന്‍ തലകുലുക്കി.

‘‘അപ്പോള്‍ ഞാന്‍ വരേണ്ടതില്ലല്ലോ...’’ ഫോണിന്റെ മറുകരയിലെ മൗനത്തിലേക്ക് ഞാന്‍ വീണ്ടും കല്ലെടുത്തിട്ടു.

‘‘നമ്മുടെ ഭാഗ്യത്തിന് ദേവന്‍ മാഷ് സ്ഥലത്തുണ്ട്... വരാമെന്ന് ഏറ്റിട്ടുണ്ട്...’’ ഫോണില്‍നിന്ന് വീണ്ടും ശബ്ദം ഉയര്‍ന്നു.

‘‘മാഷോ?’’ ദേവന്‍ മാഷെ എനിക്കറിയാം. സ്‌കൂളില്‍നിന്ന് സ്വയം പിരിഞ്ഞുപോന്നതാണ്.

സനാതന ധര്‍മത്തെക്കുറിച്ച് നാടുനീളെ ക്ലാസെടുക്കാന്‍ പോകുന്ന ആളാണ്.

‘‘മാഷാവുമ്പോ ആളുകള്‍ക്കെല്ലാം സ്വീകാര്യനുമാണല്ലോ...ഒന്നുമില്ലെങ്കിലും കുട്ടികളെ നാലക്ഷരം പഠിപ്പിച്ച ആളല്ലേ...’’

റെസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറിയുടെ വാക്കുകള്‍ മൂന്നു നാവുള്ള ശൂലംപോലെ ചെവിക്കുള്ളിലേക്ക് പാഞ്ഞുകയറി.

News Summary - madhyamam weekly malayalam story