ജഗനിസം
‘‘എന്റെ ജഗദ് പ്രസാദേ... നിന്റെ അസുഖം എനിക്ക് നന്നായി അറിയാം... മാരകമായ ഓവർ തിങ്കിങ്. അതൊണ്ട് തന്നെ എന്തരൊക്കെ പറഞ്ഞാലും ശരി, ഒരു യന്ത്രം പോലെ ഞാൻ കേട്ടിരിക്കേയുള്ളൂ നോ റെസ്പോൺസ്.’’ ജാനി ഒന്നു നിർത്തിയശേഷം കഴുത്തു ചരിച്ചു കാക്കയെ പോലെ അവനറിയാതെ ജഗനെ ഒന്നു നോക്കി. ജഗന്റെ മ്ലാന വദനം കണ്ടപ്പോൾ, അവളുടെ കറുത്ത് നീണ്ട മൂക്കിന് കീഴെ, ചെറിപ്പഴം പിളരുന്നപോലെ ചുണ്ടുകൾ...
Your Subscription Supports Independent Journalism
View Plans‘‘എന്റെ ജഗദ് പ്രസാദേ... നിന്റെ അസുഖം എനിക്ക് നന്നായി അറിയാം... മാരകമായ ഓവർ തിങ്കിങ്. അതൊണ്ട് തന്നെ എന്തരൊക്കെ പറഞ്ഞാലും ശരി, ഒരു യന്ത്രം പോലെ ഞാൻ കേട്ടിരിക്കേയുള്ളൂ നോ റെസ്പോൺസ്.’’
ജാനി ഒന്നു നിർത്തിയശേഷം കഴുത്തു ചരിച്ചു കാക്കയെ പോലെ അവനറിയാതെ ജഗനെ ഒന്നു നോക്കി. ജഗന്റെ മ്ലാന വദനം കണ്ടപ്പോൾ, അവളുടെ കറുത്ത് നീണ്ട മൂക്കിന് കീഴെ, ചെറിപ്പഴം പിളരുന്നപോലെ ചുണ്ടുകൾ വിടർത്തിക്കൊണ്ട് കൃത്രിമമായൊരു ചിരി മുഖത്ത് തേച്ചു. മൂക്കിൻതുമ്പിൽ തുളച്ചിട്ട വജ്ര തുള്ളിയും ചിരിയും അവളുടെ മുഖത്ത് വെട്ടം പരത്തി.
സന്ദർഭത്തിന് ഒരു അയവു വരുത്തുന്നതിനായി ജാനി പറഞ്ഞു.
‘‘ഇന്നു തിങ്കളാഴ്ചയായതുകൊണ്ട് തങ്കപുള്ളി ഷർട്ടാണല്ല... കഴിഞ്ഞമാസം ഈ ഷർട്ടിട്ട ദിവസമല്ലേ കുറേ കാലമായി പെന്റിങ്ങിൽ കിടന്ന പ്രൊമോഷൻ കിട്ടിയേ. അതിനുശേഷം ടെൻഷനുള്ള തിങ്കളാഴ്ചകളിലെല്ലാം വെള്ളയിൽ ഗോൾഡൻ കുത്തുകളുള്ള ഷർട്ടല്ലേ എന്റെ ചക്കരയിടണത്...’’ എന്നിട്ട് ജാനി ജഗന്റെ വിഷാദഛായയുള്ള മുഖത്തിലെ കുറ്റിരോമങ്ങൾ നിറഞ്ഞ വെളുത്തു നീണ്ട താടിയിൽ പിടിച്ചു ഉഴിഞ്ഞു.
മ്ലാനമായ വദനത്തിൽ ഒരു ചെറു പൂവുപോലും വിരിഞ്ഞില്ലല്ലോ എന്നു കുണ്ഠിതത്തോടെ അവൾ പറഞ്ഞു.
‘‘എന്റെ ജഗണ്ണാ... നിങ്ങളെ വിഷമിപ്പിക്കാൻ പറഞ്ഞതൊന്നുമല്ല. ഇതു ഇന്നും ഇന്നലെയും തുടങ്ങിയതൊന്നുമല്ല. പ്രീ ഡിഗ്രി രണ്ടാം വർഷം, പ്രണയിച്ചുതുടങ്ങുന്ന കാലംതൊട്ടേ ഞാൻ അനുഭവിക്കണതല്ലേ. ഇതിപ്പോ നിങ്ങള്‍ എന്നോട് പറയണ മൂന്നാമത്തെ പ്രശ്നമാ... നിങ്ങൾക്കൊപ്പം കൂത്താടൻ നിന്നാ... എനിക്കൂടെ വട്ടാവും. അതുകൊണ്ടാ... നിങ്ങളായിട്ടുണ്ടാക്കുന്ന പ്രശ്നങ്ങൾ നിങ്ങൾതന്നെ ഒരു െഎഡിയ കണ്ടുപിടിച്ചങ്ങു സോൾവാക്ക്... എന്നെയിങ്ങനെ ഒാരോന്നുപറഞ്ഞു... ചുമ്മാ പേടിപ്പിക്കല്ല്...പൊന്നേ.’’
സ്ലീവ് ലെസ് െനെറ്റി ധരിച്ച ജാനി, അത് അരയിൽ കുത്തി, െകെയിലെ തടിച്ച മസിലുകൾ ഇളകുമാറ് ചട്ടുകം കറക്കി ഒരു വടക്കൻപാട്ടും പാടി അടുക്കളയിലേക്ക് പോയി. തിരികെ ചട്ടുകത്തിൽ കിടത്തിയിട്ടു കൊണ്ടുവന്ന ക്ഷീണിതനായൊരു ദോശ ജഗന്റെ പ്ലേറ്റിലിട്ടുകൊടുത്തു. ചിന്തയുടെ മറ്റൊരു ലോകത്തായിരുന്ന ജഗൻ രണ്ടു ദോശ കഴിച്ചെന്നു വരുത്തി. മേശപ്പുറത്തെ ജഗിൽ ഒന്നു കുലുക്കിയശേഷം ഒരു കവിൾ ജീരകവെള്ളം വായിലാക്കി, വീർത്ത കവിളിനുള്ളിൽ നാവുകൊണ്ടൊന്നു ഉഴിഞ്ഞപ്പോൾ ഒരു ജീരകം തടഞ്ഞു. അതിനെ മാത്രം തടഞ്ഞിട്ട് വെള്ളമിറക്കി. ജീരകം കടിച്ചുപൊട്ടിച്ച് അതിന്റെ രസം നുകർന്നിട്ട്, ആരും കാണാതെ വലതു മുഷ്ടി ചുരുട്ടിയിട്ട്, ഈ ദിവസം നന്നാവും എന്നൊരു ആത്മവിശ്വാസത്തോടെ എഴുന്നേറ്റു. കുടിവെള്ളത്തിൽനിന്നു ജീരകം കിട്ടുന്നത് ശുഭസൂചകമാണെന്നാണ് ജഗന്റെ വിശ്വാസം. ദീർഘമായി ശ്വസിച്ചു. അത്രയും നേരം നിരുന്മേഷനായി ഇരുന്ന ജഗൻ, പുത്തൻ ഊർജത്തോടെ വാട്ടർബോട്ടിലുമായി ഓഫീസിലേക്കു പോകാനിറങ്ങി. ജീൻസും ഇൻസേർട്ട് ചെയ്ത ഷർട്ടുമായിരുന്നു വേഷം. കഷണ്ടി തുടങ്ങിയ നീളൻ നെറ്റിയിൽനിന്നും മുടി പിന്നിലേക്ക് കോതി ഒതുക്കിെവച്ചിരിക്കുന്നു. കാഴ്ചക്ക് ഒരു പ്രശ്നവുമില്ലെങ്കിലും ഒരു പ്ലെയിൻ ഗ്ലാസുെവച്ച് മുഖത്തിന് വേണ്ടാത്തൊരു ഗൗരവം വരുത്തിയിട്ടുണ്ട്.
കാർ ഒന്നു മുന്നോട്ടു നീങ്ങി തുടങ്ങിയപ്പോഴാണ് മാസ്കെടുത്തില്ലായെന്നോർത്തത്. കാർ നിറുത്തിയപ്പോഴെക്കും
‘‘ഇതിപ്പോ പതിവാണല്ല... രണ്ടു മൂന്നെണ്ണം കാറിൽ എടുത്തിട്ടുണ്ടേന്ന്...’’ ജാനി രണ്ടു മാസ്കു തന്നിട്ട് തുള്ളിച്ചാടി വീണ്ടും അകത്തേക്കു പോയി.
ജഗന്റെ സ്വഭാവത്തിനു നേരെ വിപരീതമായി എപ്പോഴും ഒരു കാര്യവുമില്ലെങ്കിലും സദാ തിരക്കിട്ടും ആഹ്ലാദിച്ചും പാട്ടുപാടിയും നടക്കുന്നതാണ് ജാനിയുടെ പ്രകൃതം. അവൾക്ക് ചെറുപ്പത്തിലേ അമ്മയും അച്ഛനും നഷ്ടപ്പെട്ടു. അമ്മാവന്റെ വീട്ടിൽ അഭയാർഥിയായിരുന്നു. കുറെ പരിശ്രമിച്ചെങ്കിലും നല്ലൊരു ജോലി സമ്പാദിക്കുവാൻ കഴിഞ്ഞില്ല, ശ്വാസംമുട്ടൽ ഉൾപ്പെടെ പല രോഗങ്ങളുമായി ജന്മനാ സൗഹൃദം. അവരൊക്കെ ഇടയ്ക്കിടെ സന്ദർശനം നടത്തും. പിന്നെ മരുന്നും മങ്ങിണിയുമായി കുറെ ദിവസം. ദുഃഖിക്കുവാൻ ധാരാളം കാരണങ്ങളുണ്ടെങ്കിലും സന്തോഷം അവളുടെ ശീലമാണ്. എന്നാൽ ജഗന് ഇഷ്ടപ്പെട്ട ജോലിയുണ്ട്. ബന്ധുബലമുണ്ട്. നല്ലൊരു കുടുംബമുണ്ട്. പക്ഷേ ദുഃഖമാണ് അയാളുടെ സ്വഭാവം. ദുഃഖിക്കാനുള്ള വഴികൾ അയാൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നതാണ് പ്രകൃതം. ജീവിതത്തിൽ സന്തോഷിക്കുവാൻ പഠിക്കുക എന്നത് വലിയൊരു കാര്യമാണെന്ന് ജാനിയെ കാണുമ്പോൾ ജഗന് തോന്നാറുണ്ട്.
പാതിവഴിയിൽെവച്ച് അന്നു ഓഫീസിൽ പോകാനുള്ള തീരുമാനം മാറ്റി, വെള്ളയമ്പലം മാനവീയം വീഥിയിൽ കാർ പാർക്ക് ചെയ്ത്, കനകക്കുന്നിനു മുന്നിലൂടെ മ്യൂസിയത്തിലേക്ക് നടന്നു. കോവിഡ് ലോക്ക് ഡൗണിനു ശേഷം മ്യൂസിയം പൊതു ജനങ്ങൾക്ക് തുറന്നു കൊടുത്തിട്ട് കുറച്ച് ദിവസമായേയുള്ളൂ. സമയം പത്തര കഴിഞ്ഞതിനാൽ പതിവ് നടത്തക്കാരൊക്കെ ഒഴിഞ്ഞു. ഏതാനും മാസ്ക്ധാരികളായ കാമുകി കാമുകന്മാർ മാത്രമാണ് അവിടെയുണ്ടായിരുന്നത്. മ്യൂസിയത്തിൽ തന്റെ പ്രിയപ്പെട്ട മാവിന്റെ ചുവട്ടിലിരുന്ന് ജഗൻ മനസ്സ് അടുക്കി പറക്കുവാൻ തുടങ്ങി. കുഴഞ്ഞുമറിഞ്ഞ ചിന്തയുമായി ഓഫീസിൽ ചെന്നാൽ സ്വസ്ഥമായിരുന്നു ജോലിചെയ്യുവാൻ പറ്റില്ല. ഒന്നിരുന്ന് ആലോചിച്ചാൽ പരിഹരിക്കാവുന്നതേയുള്ളൂ എല്ലാ പ്രശ്നവും. തലനാരിഴ കീറിയുള്ള അനാലിസിസ്, എന്നിട്ട് ഒരു സ്ട്രാറ്റജി ഉണ്ടാക്കും, അതൊരു കുഞ്ഞൻ ബുക്കിലോ ഫോണിൽ നോട്ടായോ എഴുതി പോക്കറ്റിൽ സൂക്ഷിക്കും. അത് ഇടയ്ക്കിടെ നോക്കും. ഹാ ഹാ സമാധാനം.
ജാനി പറയുന്നതിലും ശരിയുണ്ട്. എപ്പോഴും ചെറിയ ചെറിയ സ്വൈരക്കേടുകൾ ഉണ്ടാക്കുമെങ്കിലും പ്രധാനമായും അതിൽ രണ്ടെണ്ണം അവളെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.
വിവാഹത്തിന് മുമ്പ് നല്ലൊരു സർക്കാർ ജോലി നേടാൻ വേണ്ടി രാവും പകലും മാരത്തോൺ പഠനം. ലക്ഷ്യം ഒന്നുമാത്രം. ജോലി കിട്ടണം, ജാനിയെ കെട്ടണം. ആരോഗ്യമേഖലയിലെ സ്വകാര്യ കമ്പനിയിലെ ജോലി മടുത്തുപേക്ഷിച്ച് സർക്കാർ ജോലി നേടണം എന്ന ആഗ്രഹമുദിച്ചപ്പോൾ ഏജ് ഓവറാവാറായി.
ടാർഗറ്റ് അച്ചീവിങ്ങും നിരന്തരമുള്ള യാത്രകളുമുള്ള ജോലിയെ സംബന്ധിച്ചുള്ള അവന്റെ ഉത്കണ്ഠ ഭാണ്ഡം എന്നും െവെകിട്ട് ഫോണിലൂടെ ഇറക്കിവെക്കുന്നത് സഹിക്കവയ്യാത്തപ്പോഴാണ് വേഗം ഒരു സർക്കാർ ജോലി നേടൂ എന്ന് ജാനി ഉപദേശിക്കുന്നത്. ഒരു ജോലി നേടുന്നതിനുള്ള കഠിനശ്രമത്തിലായിരുന്നു ജാനിയും. അമ്മാവന്റെ തണലിൽ കഴിഞ്ഞിരുന്ന അവൾക്കും എത്രയും വേഗം മോചനം വേണം. ഒരു ശനിയാഴ്ച കാത്തിരുന്ന പരീക്ഷ രണ്ടുപേരും എഴുതി.
രാത്രി െവെകിയും പരീക്ഷയെ കുറിച്ച് കൂട്ടുകാരോട് അവലോകനം നടത്തുകയായിരുന്നു ജഗൻ. ജാനിയേയും വിളിച്ചു രണ്ടു മൂന്നു വട്ടം. പ്രതീക്ഷിത കട്ട് ഓഫിനെക്കാൾ 12-14 മാർക്കു വാങ്ങിയിട്ടുണ്ടെന്നും ലിസ്റ്റിൽ ആദ്യ 50 റാങ്കിൽ വരുമെന്നും സന്തോഷത്തോടെ പറഞ്ഞിട്ട് അവൻ ഉറങ്ങാൻ കിടന്നു. ദുഃഖവും ഉത്കണ്ഠയും മാത്രമല്ല സന്തോഷവും സമാധാനവും കൂടിയാലും ഉറക്കം പടിയിറങ്ങി പോകും. ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. മനസ്സിലൂടെ ഭാവിയിലേയും ഭൂതത്തിലേയും സംഭവങ്ങൾ കുട്ടികളുടെ പാർക്കിലെ മേരി ഗോ റൗണ്ടിലെ കുതിരകളെ പോലെ ചുഴറ്റി കറങ്ങി കൊണ്ടിരിക്കുകയാണ്. പെട്ടെന്നൊരു ഭൂതോദയം. പരീക്ഷയിൽ ഉത്തര കടലാസിൽ രജിസ്റ്റർ നമ്പർ ബബിൾ ചെയ്തപ്പോൾ രണ്ട് എന്നെഴുതുകയും മൂന്നാമത്തെ കോളം ബബിൾ ചെയ്യുകയും ചെയ്തു. ജഗൻ കണ്ണുകളടച്ചു, അതേ ഇപ്പോൾ വ്യക്തമായി കാണാം. കോളം മാറി. രജിസ്റ്റർ നമ്പർ തെറ്റിച്ചിരിക്കുന്നു. ‘റിസൽട്ട് അവ്യക്തം’ എന്ന് വരുമായിരിക്കും. റാങ്ക് ലിസ്റ്റിൽ പേരു കാണില്ല. എല്ലാ പ്ലാനിങ്ങും തകർന്നു. ജഗൻ കട്ടിലിൽനിന്നും ചാടി എഴുന്നേറ്റു, ജാനിയെ വിളിച്ചു. ഒറ്റ റിങ്ങിൽതന്നെ അവൾ ഫോൺ എടുത്തു.
കുറച്ച് നിമിഷത്തെ നിശ്ശബ്ദതക്കു ശേഷം അവൻ പറഞ്ഞു: ‘‘തീർന്നു. 83 മാർക്ക് വാങ്ങിയത് വെറുതേ, രണ്ടു വർഷം, െകെയിെല ജോലി കളഞ്ഞിട്ട്, മരണപഠിത്തം നടത്തിയത് വെറുതെ.’’
‘‘നീ അർധരാത്രി വിളിച്ച് വെറുതേ ഇൻട്രോ ഇടാതെ കാര്യം പറയ്...’’ ജാനി ദേഷ്യപ്പെട്ടു.
‘‘ഞാൻ ഇന്ന് എഴുതിയ പരീക്ഷയുടെ രജിസ്റ്റർ നമ്പർ തെറ്റിച്ച്... കോളം മാറിയാണ് ബബിളിയത്.’’
‘‘അതെന്താ... നീ ഇതുവരെ പറയാത്തെ...’’
‘‘ഞാൻ ഇപ്പോൾ ഉറങ്ങുവാന്‍ കിടന്നപ്പോ, വെറുതേ എന്റെ ഉത്തരകടലാസിന്റെ ബബിളിങ് പേജ് ഒന്നു വിഷ്വലൈസ് ചെയ്തു നോക്കിയപ്പോഴാണ് രജിസ്റ്റർ നമ്പര്‍ തെറ്റായി കറുപ്പിച്ചെന്ന് കണ്ടത്.’’
‘‘ങെ... നീ എന്തൊന്നാണടേ... പറയണേ... എന്തെരിനാണ് ഈ വിഷ്വെലെസ് ഒക്കെ ചെയ്യണത്. മോട്ടിവേഷൻ ക്ലാസിൽ പോകണുണ്ടാ... ഒന്നും മനസ്സിലാവിണില്ല.’’
‘‘ജാനിയെ ഒന്നും പറയാന്‍ സമ്മതിക്കാതെ ജഗന് തുടര്‍ന്നു പറഞ്ഞു: ‘‘എന്റെ അധ്വാനമെല്ലാം വെള്ളത്തിലായെടി. ശൈ...ശൈ... ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ല...’’
ജഗന് കരയാന്‍ തുടങ്ങി.
‘‘എടാ...പോട്ടേ... സാരമില്ല... നിനക്ക് ജോലി ഉണ്ടായാലും ഇല്ലെങ്കിലും ഞാന്‍ കൂടെ തന്നെയുണ്ടാവും.’’ അവളത് മൂന്ന് പ്രാവശ്യം പറഞ്ഞെങ്കിലും അവനത് ഒരു പ്രാവശ്യംപോലും കേട്ടില്ല. ഒന്നും ഉരിയാടാതെ ഫോണ്‍ കട്ട് ചെയ്തു.
പിന്നെ രണ്ടു ദിവസം ഫോണ്‍ വിളിച്ചിട്ട് ജഗൻ ഫോണ്‍ എടുത്തില്ല. ഒരിക്കല്‍ മാത്രം Call you later എന്നൊരു ടെംേപ്ലറ്റഡ് മെസേജ് വന്നിരുന്നു. മൂന്നാമത്തെ ദിവസം രണ്ടും കൽപിച്ച് ജാനി അവന്റെ വീട്ടിലേക്ക് ചെന്നു.
മഞ്ഞ കോളാമ്പിപ്പൂക്കള്കൊണ്ടുള്ള വള്ളികള്‍കൊണ്ട് മനോഹരമായ ആര്‍ച്ച് ജഗന്റെ വീട്ടിനു മുന്നിലുണ്ട്. സസ്യസ്നേഹിയാണ് ജഗന്റെ അമ്മ. ഗേറ്റു മുതല്‍ വരാന്ത വരെ രണ്ടു വശത്തും പത്തുമണി, ഡാലിയ, ജര്‍ബറ എന്നിങ്ങനെ പലനിറത്തിലും വലുപ്പത്തിലുമുള്ള പൂക്കളുള്ള ചെടിച്ചട്ടികള്‍. കനകക്കുന്നില്‍ ആണ്ടോടാണ്ട് നടത്തിയിരുന്ന പുഷ്പോത്സവം കണ്ടമാതിരി.
മുമ്പ് ഒരുദിവസം കൂട്ടുകാരി രാധികക്കൊപ്പം ഈ വീട്ടില്‍ വന്നിരുന്നു. ഡെങ്കി പിടിച്ച് കുറേ ദിവസം കോച്ചിങ് സെന്ററില്‍ ജഗന് വന്നിരുന്നില്ല. വീട്ടിലിരുന്നിട്ട് മനഃസമാധാനം കിട്ടാതെ രാധികയും കൂട്ടി വന്നതാണ്. വെളുത്ത് കൂര്ത്തമുഖമുള്ള നിറഞ്ഞ ചിരിയുള്ള കണ്ണുകള്‍ പതിവില്‍ കൂടുതല്‍ ചിമ്മിക്കൊണ്ടു സംസാരിക്കുന്ന അമ്മയും കുമ്പളങ്ങപോലെ നരച്ച മുടിയും മുറുക്കാന്‍ ചോര ഒലിച്ചിറങ്ങിയ കവിളുകളുമുള്ള ഗൗരവ പ്രകൃതക്കാരനായ അച്ഛനും വന്നുകയറിയത് ഭാവി മരുമകളാണെന്ന് തിരിച്ചറിഞ്ഞില്ല. അന്ന് ഊണും കഴിപ്പിച്ച് വളരെ സൽക്കാരത്തോടെയാണ് തിരിച്ചയച്ചത്.
ഇപ്പോള്‍ വീട്ടില്‍ വന്നപ്പോള്‍ അതൊരു മരണവീടുപോലെ. അടക്കിയ സംസാരം. ജഗന്റെ കൊച്ചച്ചനാണ്. അയാള്‍ അവനെ എന്തോ പറഞ്ഞ് അശ്വസിപ്പിച്ച് വീട്ടില്‍നിന്നും ഇറങ്ങുകയായിരുന്നു. ജാനിയെ അയാൾ ഒന്നുനോക്കി ആരെന്ന് മനസ്സിലായില്ലെങ്കിലും വെറുതെയൊന്നു ചിരിച്ചു പടിയിറങ്ങി മുറ്റത്തിരുന്ന സ്കൂട്ടറില്‍ കയറിപ്പോയി.
അമ്മയോടൊപ്പം ജഗന്റെ റൂമിലേക്കു ചെന്ന ജാനിക്ക് ചിരിയാണ് തോന്നിയത്. ചുമരും ചാരി ഷീറ്റും പുതച്ച് പനി പിടിച്ചവരെ പോലെ കട്ടിലില്‍ ഇരിക്കുകയാണ് ജഗന്. അവിടെ വിങ്ങലിന്റെ ഒലികൾ.
‘‘നീ എന്നെ കൂടി നാണം കെടുത്തുവോടേയ്... പരീക്ഷ കിട്ടില്ലായെങ്കില്‍ വേണ്ട. ചത്തുപോകത്തൊന്നുമില്ലല്ല... നൈസായിട്ട് ബന്ധുക്കളെയൊക്കെ ഒഴിവാക്ക്.’’ ജാനി പറയുമ്പോള്‍ അവന് ഒന്നും മിണ്ടാതെ കേട്ടുകൊണ്ടിരുന്നു.
ജഗന്റെ അമ്മ ഒരു ഗ്ലാസ് നാരങ്ങാവെള്ളവുമായി വന്നു. അവളത് കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ഗ്യാസ് അടുപ്പില്‍നിന്നും കുക്കര്‍ വിസില്‍ കേള്‍ക്കുകയും ‘‘ദാ വരുന്നു’’ എന്നു കുക്കറിനോട് പറഞ്ഞുകൊണ്ട് അമ്മ അടുക്കളയിലേക്കു പോയി. വരാന്തയില്‍ അച്ഛനെ കാണുന്നില്ല. സുവർണാവസരം. ജാനി വേഗം വന്നു ജഗന്റെ നെറ്റിയില്‍ അമര്‍ത്തി ചുംബിച്ചു. കൈയില്‍ പിടിച്ചു ഒന്നു ഞെരിച്ചു. എന്നിട്ട് പറഞ്ഞു. കൃത്യം ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ പാളയത്ത് സാഫല്യം കോംപ്ലക്സിന് മുന്നിൽ അടുത്ത് വരണം.
ജാനി അവിടെ കാത്തുനിന്നു. ജഗൻ വന്നില്ല. ജാനി വിളിച്ചപ്പോള്‍ ഞാന്‍ നാളെ വരാം എന്ന് പറഞ്ഞ് വേഗം ഫോണ്‍ വച്ചു. ജഗന് നോര്മലാകാന് കുറെ ദിവസം വേണ്ടി വന്നു, രണ്ടു മാസം കഴിഞ്ഞും മനോഹരമായ പഞ്ചാരയടികള്ക്കിടയില് പോലും ജഗന്, ശെ ശെ എന്ന് പറഞ്ഞു എന്നും വ്യാകുലപ്പെട്ട് തുടങ്ങും. ശെ... കേട്ട് കേട്ട് ശ എന്ന അക്ഷരത്തെ പോലും ജാനി വെറുത്തു തുടങ്ങി.
ആറുമാസത്തിനുശേഷം ഷോര്‍ട്ട് ലിസ്റ്റ് വന്ന ദിവസം ജാനി വിളിച്ചു. ‘‘എടാ... അന്നത്തെ പരീക്ഷയുടെ ഷോര്‍ട്ട് ലിസ്റ്റ് വന്നു. എന്റെ നമ്പര്‍ ഇല്ല.’’
‘‘അയ്യോ അതെന്തുപറ്റി..?’’
‘‘എന്റെ മാര്‍ക്ക് കട്ട് ഓഫ് മാര്‍ക്കിന് വെളിയിലാണടേയ്... അങ്ങനെയുള്ളവരെ ലിസ്റ്റില്‍ ഉള്പ്പെടുത്തില്ലത്രേ’’, ജാനി ചിരിച്ചുകൊണ്ടു തുടര്‍ന്നു.
‘‘പിന്നെ ഒരു കാര്യം കൂടി... നിന്റെ നമ്പര്‍ ലിസ്റ്റില്‍ ഉണ്ട്. കണ്ഗ്രാജുലേഷന് മൈ ഡിയര്‍...’’
‘‘എന്തൊക്കെയായിരുന്നു. എന്തെരെഡേയ് ഇതൊക്കേ...’’ അവള് ഫോണ്‍ െവച്ചു.
ജാള്യതയെക്കാള് സന്തോഷമായിരുന്നു വലുത്. അതുകൊണ്ട് സന്തോഷത്തിനൊപ്പം ജഗന് പോയി.
ലിസ്റ്റിൽ പേരു വന്ന സന്തോഷത്തിന്റെ ഭാഗമായി ജാനിയും ജഗനും പാളയത്ത് സാഫല്യത്തില്‍ ഐസ് ക്രീം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ജഗന് പറഞ്ഞു: ‘‘ചിലപ്പോള്‍ എനിക്ക് രജിസ്റ്റര്‍ നമ്പര്‍ തെറ്റിയിട്ടുണ്ടാവില്ല. എല്ലാം എന്റെ തോന്നലായിരിക്കാം. എല്ലാം ശരിയായി സന്തോഷമുണ്ടാവുമ്പോൾ മറ്റെന്തെങ്കിലും പ്രശ്നം കണ്ടുപിടിക്കുന്ന മനസ്സ്. പണ്ടും എനിക്ക് ഇതു പോലെ സംഭവിച്ചിട്ടുണ്ട്.’’
ജാനി പല്ലിറുമ്മുന്ന ശബ്ദം കേട്ടപ്പോള്‍ ജഗന് ചിരിച്ചുകൊണ്ട് ചോദിച്ചു, ‘‘ഐസ്ക്രീമിന് തണുപ്പ് കൂടുതലാണല്ലേ...’’
ജഗന്റെ ചളുവടിയില് സകല നിയന്ത്രണവും വിട്ട ജാനി പൊട്ടിത്തെറിച്ചു.
‘‘ബ്ലഡി നാസ്റ്റി ക്രീച്ചര്‍...’’
ജഗന് കേള്‍ക്കാത്തപോലെ... ‘‘ങേ...’’ എന്ന് ശബ്ദം പുറപ്പെടുവിച്ചു.
ജാനി തർജമ ചെയ്തു. ‘‘പന്ന വൃത്തികെട്ട ജന്തു... എന്തൊക്കെ പുകിലായിരുന്നു. മോഹാലസ്യപ്പെട്ട് വീഴുന്നു. ആശ്വസിപ്പിക്കാന്‍ വലിയൊരു പ്രജാവൃന്ദം...സത്യത്തില്‍ നിനക്ക് വട്ടുണ്ടോ... അതോ വട്ടനായി അഭിനയിക്കുന്നതാണോ...’’
ജഗന് ഇളിച്ചു കാട്ടി. എല്ലാം ഒന്നു തണുക്കട്ടെ എന്നു പറഞ്ഞ് കഴിച്ചുകൊണ്ടിരുന്ന കോണ്‍ ഐസ് ക്രീമിന്റെ കുറ്റിയായിട്ടുള്ള ബാക്കി ഭാഗം ജഗന്റെ നെറ്റിയില്‍ ഒട്ടിച്ചുെവച്ചു. മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നു എന്നു കണ്ടപ്പോള്‍ രണ്ടുപേരും അവിടെ നിന്നിറങ്ങി, യൂനിവേഴ്സിറ്റി കോളേജിന് മുന്നിലൂടെ യൂനിവേഴ്സിറ്റി ലൈബ്രറിയിലേക്ക് കൈകോര്‍ത്തു നടന്നു.
2. ക്ലൈൻഫെൽറ്റർ സിൻഡ്രോം
വെയില് കനത്തുതുടങ്ങി. കൊറോണക്കു ശേഷം മ്യൂസിയത്തില്‍ ആളുകള്‍ തീരെ തന്നെയില്ല. അടുത്താരും തന്നെയില്ല. മാസ്ക് അല്പനേരം മാറ്റി കുറച്ച് അധികം വായു വലിച്ചു കയറ്റി. വായുവിന് നല്ല രുചിയുള്ളതായി തോന്നി. ഫോണ്‍ എടുത്ത് വെറുതെ വാട്ട്സാപ്പ് ഒന്നു നോക്കി. പുതിയ സന്ദേശം ഒന്നും തന്നെയില്ല.
ജാനി ആരോപിക്കുന്ന രണ്ടാമത്തെ സംഭവം തികച്ചും വിഭിന്നം.
ജോലിക്ക് പോകാനുള്ള സൗകര്യത്തിന് വിവാഹശേഷം ഓഫീസിനടുത്തെ ഒരു വാടകവീട്ടിലാണ് അവര്‍ താമസിച്ചത്. കല്യാണത്തിന് ശേഷം നാലു വര്‍ഷം കഴിഞ്ഞുവെങ്കിലും കുട്ടികള്‍ ഉണ്ടായിരുന്നില്ല. രണ്ടു പേര്‍ക്കും വയസ്സ് നാല്പതിനോട് അടുക്കുന്നുവെങ്കിലും ചികിത്സയൊന്നും തേടിയിരുന്നില്ല. ഒരു ദിവസം ഓഫീസില്‍നിന്നും വന്ന ജഗന് കൈയില്‍ കുറേ പ്രിന്റ് ഔട്ടുമായി വന്നു. ‘‘കുറച്ച് ദിവസമായി എനിക്ക് ചില സംശയങ്ങള്‍ തോന്നിയിരുന്നത് വെറുതേയായിരുന്നില്ല. നെറ്റില്‍ വിശദമായി പരതി പഠിച്ചു. അതിന്റെ വിശദവിവരങ്ങളാണ് ഈ കടലാസിൽ.’’ ജഗൻ കടലാസ് ഒന്നുകൂടി ഉയർത്തി പിടിച്ചു.
ജാനി ആകാംക്ഷയോടെ ചോദിച്ചു: ‘‘നിങ്ങള്‍ക്ക് പരിചയമുള്ള ആരുടെെയങ്കിലും അവിഹിതകഥയാണാ..?’’
‘‘ഛെ അല്ലടേയ്... എന്റെ ജീവിതത്തിലെ ഒരു വലിയ സംഭവാണ്... അല്ല. നമ്മുടെ. ആ സത്യം എന്റെ മനസ്സിനെകൊണ്ട് അംഗീകരിപ്പിക്കുവാന്‍ ഞാന്‍ പാടുപെടുകയായിരുന്നു. ഇനി നീ അതറിയണം. അത് നിന്നെ കൂടി ബാധിക്കുന്ന പ്രശ്നമാണ്.’’ ജഗന് വിഷമത്തോടെ പറഞ്ഞു.
‘‘എന്നെ ഇങ്ങനെ ടെന്‍ഷന്‍ അടിപ്പിക്കാതെ...വേഗം പറ...’’
‘‘എനിക്ക്... എനിക്ക്... ക്ലൈൻഫെൽറ്റർ സിൻഡ്രോമാണ്...’’
എന്തെരത്?
അതൊരു മാറാരോഗമാണ്...
വ്യക്തമായി പറ... എനിക്കൊന്നും മനസ്സിലാവണില്ല.
ഞാന്‍ വിശദമായി പറയാം. നീ സമാധാനത്തോടെ കേള്‍ക്കണം. ജഗന് ഒരു അധ്യാപകനെ പോലെ സംസാരിച്ച് തുടങ്ങി.
‘‘ക്ലൈൻഫെൽറ്റർ സിൻഡ്രോം ഒരു ജനിതക രോഗമാണ്. സാധാരണ നമുക്ക് 23 ജോടി ക്രോമസോമുകളുണ്ടല്ലോ. വ്യത്യസ്ത ജീവിവർഗങ്ങൾ രൂപപ്പെടുന്നതിനും ഭൂമിയിലെ ജൈവസമ്പന്നതക്കും കാരണം ക്രോമസോമിലുള്ള ഈ വ്യത്യാസമാണ്. 23 ജോടി ക്രോമസോമിൽ ഒരു ജോടി സെക്സ് ക്രോമസോമാണ്. അതായത് പ്രസ്തുത ക്രോമസോം XX വരുന്നത് സ്ത്രീകൾക്കും. XY വരുന്നത് പുരുഷന്മാർക്കുമാണ്. എനിക്ക് XXYയാണ് ക്രോമസോം വരുന്നതെന്ന് തോന്നുന്നു. അതാണ് ക്ലൈൻഫെൽറ്റർ സിൻഡ്രോം.’’
‘‘നിങ്ങെളങ്ങനെ ഉറപ്പിച്ചു?’’
‘‘ക്ലൈൻഫെൽറ്റർ സിൻഡ്രോം ഉള്ളവർക്ക് കുട്ടികളുണ്ടാവുകയില്ല. ഉത്കണ്ഠയുണ്ടാവും. എല്ലുകൾ ദുർബലമായിരിക്കും. നിനക്കറിയാലാ... ബാത്ത്റൂമിൽ വെറുതെയൊന്നു വീണപ്പോ തന്നെ എന്റെ എല്ലുകൾ നുറുങ്ങിയത്.’’
അയാള്‍ കൈയിലിരുന്ന പ്രിന്റ് ഔട്ട് എടുത്തു രോഗലക്ഷണങ്ങൾ വായിക്കുവാന്‍ തുടങ്ങി. റെഡ്യൂസ്ഡ് ബോഡി ഹെയര്‍, എന്‍ലാര്‍ജ്ഡ് ബ്രസ്റ്റ് ടിഷ്യൂ, പിന്നെ ലോ സെക്സ് ഡ്രൈവ്...അതു പറഞ്ഞതും ജാനി..
തേങ്ങ...
ങേ...
എന്താ മനസ്സിലായില്ലേ.. കല്പവൃക്ഷത്തിന്റെ കായ...
ഞാൻ നിങ്ങളെ കൊണ്ടു തോറ്റു... എന്റെ ക്ലൈൻഫെൽറ്റാ... ഇത്തരം പൊട്ടത്തരങ്ങൾ എവിടന്നു കിട്ടുന്നു...
പലപ്പോഴും തനിക്ക് താൻ അർഹിക്കുന്ന ബഹുമാനം അവൾ തരുന്നില്ല. കളിയാക്കിയും പരുക്കനായും സംസാരിക്കും. അവളങ്ങനെയാണ് എന്നറിയാം. ക്ഷിപ്രകോപിയാണ്. സ്നേഹമയിയുമാണ്. ജീവിതസാഹചര്യം അവളെ അങ്ങനെ അവളെ പരുവപ്പെടുത്തി. തേങ്ങ ഒരു ചീത്ത വാക്കല്ല. പക്ഷേ അവളത് ചീത്ത പറയാനായിട്ടാണ് ഉപയോഗിക്കുന്നത്.
അല്ല...ജാനി... നിനക്ക് ദേഷ്യം വന്നാലും സാരമില്ല. ഇന്റർനെറ്റില്‍ പല വീഡിയോകളും നോട്ടുകളും അരിച്ചു െപറുക്കി വായിച്ചും കേട്ടും കുറെ പഠിച്ചതാണ്.
നമുക്കിനി കുട്ടികള്‍ ഉണ്ടാവുമെന്നു തോന്നുന്നില്ല. കുട്ടി വേണ്ട എന്ന തീരുമാനമെടുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. നമുക്ക് ഒരു ദത്തെടുക്കലിനെ കുറിച്ച് ആലോചിച്ചാല്ലോ... ഇന്നലെ മുഴുവനും ഞാന്‍ ഇതിനെ കുറിച്ചാണ് ചിന്തിച്ചത്.
ജാനി വല്ലാതെയായി... അവള് താടിക്ക് കൈയും കൊടുത്തിരിപ്പായി. കുറച്ച് നിമിഷങ്ങള്‍കൊണ്ട് തന്റെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിച്ചത്.
‘‘നിങ്ങള്‍ക്ക് ആ പറഞ്ഞ അസുഖം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്നിട്ട് നിങ്ങള്‍ ഡോക്ടറെ കണ്ടോ?’’
‘‘എന്തിനു ഡോക്ടറെ കാണണേ. ഇതൊരു ജനിതക രോഗമല്ലേ. ഇതിനൊന്നും കാര്യമായി ചികിത്സയില്ലാ എന്നാണ് കേട്ടാ. ടെസ്റ്റോസ്റ്റിറോണ്‍ റീപ്ലേയ്സ്മെന്റ് തെറാപ്പിയോ മറ്റോ ഉണ്ട്. പക്ഷേ എനിക്ക് ഇപ്പോള്‍ ആരെയും കാണണ്ട...’’
ജാനിക്ക് സമാധാനമില്ലാത്ത രാപ്പകലുകളായിരുന്നു. നിത്യവും ക്ലൈൻഫെൽറ്ററിനെ കുറിച്ചുള്ള ചര്‍ച്ചകള്‍.
അവസാനം ജാനിയുടെ നിര്‍ബന്ധത്തിന് വഴങ്ങി, ജഗന്, ഡോക്ടറെ കണ്ടു.
ഡോക്ടറോട് സംസാരിച്ചപ്പോൾ ‘‘നിങ്ങള്‍ക്ക് അത്ര നിര്‍ബന്ധമാണെങ്കില്‍ നമുക്ക് ഒരു ടെസ്റ്റ് നടത്തിക്കളയാം. റിസൽട്ടുമായി വരൂ എന്നിട്ട് നോക്കാം’’ എന്ന് പറഞ്ഞു.
ജഗന് ക്ലൈൻഫെൽറ്റര്‍ രോഗം കണ്ടെത്താനുള്ള ക്രോമസോം അനാലിസ് എന്ന ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചു. ബ്ലഡ് സാമ്പിള്‍ എടുത്ത് ലാബില്‍ അയച്ചു ക്രോമസോമുകളുടെ ആകൃതിയും എണ്ണവും പരിശോധിക്കുന്നതാണ്, ക്രോമോസോം അനാലിസ് അഥവാ കാരിയോടൈപ്പ് അനാലിസ്. റിസൽട്ട് വരുവാന്‍ ഒരാഴ്ച വേണ്ടിവരും. അതോടെ ജീവിതത്തില്‍ ഒരു വഴിത്തിരിവാകുമെന്ന് ജഗന് തോന്നി.
അന്നൊരു വെള്ളിയാഴ്ച. ജഗന് പതിവുപോലെ കട്ടിലില്‍നിന്നും ഇടത്തുകാലു നിലത്ത് ആദ്യം വെച്ചിറങ്ങി, ബാത്ത് റൂമിലേക്ക് ഇടതുകാല് വെച്ചു കയറി. ഇടതു കൈകൊണ്ടു പേസ്റ്റെടുത്ത് രണ്ടു പ്രാവശ്യം ബ്രഷ് ചെയ്തു.
രണ്ടു മാസം ഇങ്ങനെ ചെയ്തൊരു ദിവസമാണ് ഓഫീസില്‍ െവച്ചൊരു മീറ്റിങ്ങില്‍ സെക്രട്ടറി അഭിനന്ദിച്ചത്. അതേദിവസം തന്നെ കോളേജില്‍ െവച്ച് പിണങ്ങിപ്പോയ പഴയൊരു കൂട്ടുകാരി ഫോണ്‍നമ്പര്‍ തപ്പിയെടുത്ത് വിളിച്ചു. വളരെയധികം ആഹ്ലാദം തോന്നിയ ദിവസം. അതിനുശേഷം കഴിവതും എല്ലാ ദിവസവും ആ ദിവസത്തെ പ്രവൃത്തികൾ ദിനചര്യയാക്കുവാന് ജഗന് ശ്രമിച്ചു. ഇതുപോലെ കുറേ ശീലങ്ങൾ ജഗന് അറിയാതെ അയാളുടെ ജീവിതത്തില്‍ കടന്നുവരികയും അയാള്‍ അറിയാതെ അതു മാറിപ്പോകുകയും ചെയ്യുന്നു.
രണ്ടു പ്രാവശ്യം ബ്രഷ് ചെയ്തു പുറത്തിറങ്ങിയശേഷം റോസ് വാട്ടറിന്റെ കുറച്ച് തുള്ളികൾ ഉള്ളംെകെയിൽ എടുത്ത് െകെകൾ കൂട്ടി തിരുമ്മിയശേഷം ദീർഘമായി ഒന്നു മണപ്പിച്ചശേഷം മുഖത്ത് പുരട്ടി. റോസ് വാട്ടറിന്റെ ഗന്ധം മനസ്സിന് ശാന്തത വരുത്തിയെന്നും അന്നൊരു നല്ല ദിവസം എന്നൊരു ഭൂതോദയം അയാളിൽ ഉണ്ടാവുകയും ചെയ്തു. അന്ന് ജോലിക്കിടയില്‍ എന്തോ ആത്മവിശ്വാസം നിറഞ്ഞു. റിസൽട്ട് വരുന്ന ദിവസമാണ്. രണ്ടു പ്രാവശ്യം ലാബിലേക്ക് വിളിച്ചു. റിസൽട്ട് തയാറാക്കുമ്പോള്‍ മെയില്ചെയ്യാമെന്ന് പറഞ്ഞിരുന്നു.
വൈകീട്ട് വീട്ടിലെത്തിയപ്പോള്‍ ജാനി വാതില്‍ ബ്ലോക്കാക്കി നില്ക്കുന്നു.
മിസ്റ്റര്‍ ക്ലൈൻഫെറ്റര്, നിങ്ങളോട് ഒരു പ്രധാന കാര്യം പറയാനുണ്ട്.
ലാബുകാര്‍ അയച്ച മെയില്‍ ലാപ്പ്ടോപ്പില്‍ ഓപണ്‍ ആയി കിടക്കുന്ന മെയില്‍ െഎഡിയിൽനിന്നും അവള് വായിച്ചിട്ടുണ്ടാവും.
ജഗന്റെ മുഖം വാടുന്നതു കണ്ട് അവള് ജഗനെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തു. എന്നിട്ട് പറഞ്ഞു,
കണ്ടോ രണ്ടു വരകള്‍... കൈയിലിരിക്കുന്ന പ്രഗ്നന്‍സി കിറ്റിലെ രണ്ടു വരകള്‍ ജഗനെ കാണിച്ചുകൊടുത്തു.
അയാളത് വാങ്ങി കണ്ണും മിഴിച്ച് നിന്നു.
ഇന്നു ഞാന്‍ യൂറിന്‍ ഡ്രോപ്പ് വീഴ്ത്തി ടെസ്റ്റ് ചെയ്തു.
I am pregnant... നിങ്ങള്‍ ഒരു അച്ഛനാവാന്‍ പോകുന്നുവെന്ന്. എന്റെ പൊന്നിന്റെ വിഷമമൊക്കെ മാറിയോ?
ജഗന്റെ കണ്ണുനിറയുകയും രണ്ടു വരകള്‍ നാലു വരകളായി മാറുകയും ചെയ്തപ്പോള്‍ ഫോണില്‍നിന്നും ഒരു നോട്ടിഫിക്കേഷന്‍ അലര്‍ട്ട് കേള്‍ക്കുകയും ചെയ്തു.
ലാബില്‍നിന്നുള്ള മെയില്‍. പി.ഡി.എഫ് ഫോര്‍മാറ്റിലുള്ള ഫയല്‍ ഡൗണ്ലോഡാകുവാന് മടിച്ചപ്പോള്‍ ഫോണ്‍ ഡേറ്റ ഓഫ് ചെയ്ത്, വൈ ഫൈയിലേക്ക് മാറി.
റിസൽട്ട് ചടാപടാന്ന് തുറന്നു വന്നു.
നോര്‍മലാണ്... ക്രോമസോം നമ്പര്‍ എല്ലാ നോര്‍മല്‍...
എന്തൊരു പുകിലായിരുന്നു മനുഷ്യാ ഇവിടെയുണ്ടാക്കിയത്. എന്റെ സമാധാനം കൂടി കളഞ്ഞില്ലേ... ഇനി ഇപ്പം ദത്തൊന്നും വേണ്ടല്ലോ...
ജഗന് സന്തോഷിക്കണോ ദുഃഖിക്കണോ എന്നറിയാത്ത അവസ്ഥയായി.
‘‘റിസൽട്ട് നോർമലായിരിക്കും. പക്ഷേ നിങ്ങൾ ഒട്ടും നോർമലല്ല’’, ജാനി പറഞ്ഞു.
ജഗൻ വല്ലാത്തൊരു ദുഃഖഭാവം മുഖത്തു വരുത്തി നിന്നു.
പക്ഷേ എന്തൊക്കെയാണെങ്കിലും എനിക്കീ കിറുക്കനെ ഇഷ്ടമാണ്. ജാനി അതു പറഞ്ഞു തീരുന്നതിനുമുമ്പേ തന്നെ ജഗന്റെ ഫോണ്‍ ബെൽ അടിച്ചു.
കോൺട്രാക്റ്റർ സലീമാണ്... ‘‘അവസാനം നമ്മൾ എല്ലാ കടമ്പയും പാസായി സർ. വീട്ടിനു സാങ്ഷൻ കിട്ടി. അടുത്തയാഴ്ചതന്നെ പണി തുടങ്ങാം. ആറു മാസത്തിനകം വീട് പാലുകാച്ചി െകെയിൽ തരും...’’
ഇനി ഇന്നു വേറെന്ത് സന്തോഷമാണ് എന്നെ തേടി വരുക. ഇന്നത്തെ ദിനചര്യകൾ എന്തൊക്കെയായിരുന്നു. അതു സന്തോഷത്തിന്റെ പാതയൊരുക്കുന്നതാണ്. ജഗന് മനസ്സിൽ കോറിയിട്ടു.
3. പെപ്പർ സ്പ്രേ
മൂന്നാമത്തെ പ്രശ്നം ജീവന് തന്നെ ഭീഷണിയാകുന്നതാണ്. അത് പറഞ്ഞപ്പോഴാണ് അവൾ പഴയ സംഭവങ്ങളുമായി ബന്ധപ്പെടുത്തി ഒരു യന്ത്രംപോലെ കേട്ടിരിക്കുകയേയുള്ളൂ എന്നു പറഞ്ഞത്. എന്തൊക്കെ പറഞ്ഞാലും ഇതങ്ങനെ ഉപേക്ഷിക്കുവാൻ കഴിയില്ല.
ഇന്നലെ െവെകീട്ടാണ് വീട്ടിലെ ഗേറ്റിനോട് ചേർന്ന് മതിലിൽ അസാധാരണമായി ചില വരകൾ, ഒരു വട്ടം, കുറുകനെ മൂന്ന് വരകൾ, അതിൽ ഒരെണ്ണം ചെറുത്. പിന്നെ ഇ, പി, എസ് എന്നീ അക്ഷരങ്ങളും.
മൂന്നു വരകൾ... ഈ വീട്ടിൽ മൂന്ന് പേരുണ്ട്. അതിൽ ചെറിയ വര. ഒരാൾ കുട്ടിയാണ്. വട്ടം എന്നാൽ സേഫ് സോൺ. പക്ഷേ എന്താണ് ഇ, പി, എസ്... അതുമാത്രം ജഗന് വ്യാഖ്യാനിക്കാൻ കഴിഞ്ഞില്ല.
ഉത്തരേന്ത്യയിലെ തിരുട്ടു ഗ്രാമങ്ങളിൽനിന്നുള്ള മോഷണസംഘങ്ങൾ ഇങ്ങനെയാണ്. പകൽ ആക്രി െപറുക്കുവാൻ എന്ന വ്യാജേന വന്നു വീടുകൾ സ്കെച്ച് ചെയ്തിട്ടു പോകും. എന്നിട്ട് രാത്രി സംഘമായി വന്ന് കൊള്ള നടത്തും. തടുക്കാൻ പറ്റില്ല. മാരകമായ ആക്രമണം നടത്തും. കൊല നടത്താനും മടിയില്ലാത്തവർ.. ഗൂഗിളിൽ സെർച്ച് ചെയ്താൽ ഇതുപോലുള്ള പല വാർത്തകളും വരകളുടെ വ്യാഖ്യാനങ്ങളും കാണാം. ഇതൊക്കെ ജാനിയെ പറഞ്ഞ് മനസ്സിലാക്കാൻ പറ്റില്ല. അവൾ എല്ലാം ചിന്തയുടെ പ്രോബ്ലം ആണെന്ന് പറയും.
നെറ്റിൽനിന്നു മനസ്സിലാക്കിയ അറിവ് ശരിയാണെങ്കിൽ കൊള്ളസംഘം രണ്ടു മൂന്നു ദിവസത്തിനകം ഇവിടെ എത്തും.
പുതിയ വീട്ടിൽ താമസമാക്കിയിട്ട് മൂന്നു മാസമേ ആയിട്ടുള്ളൂ. ഇവിടെ ആകെ അടുപ്പമുള്ളത് തൊട്ടയലത്തെ പാട്രിക്കിനോടാണ്. കോളേജിലെ ക്ലാസ്മേറ്റായിരുന്ന അവന്റെ ഏർപ്പാടിലാണ് ഇവിടെ സ്ഥലം വാങ്ങിയതും വീടു വെച്ചതും. ആർക്കിടെക്ടായ അവന്റെ കീഴിലുള്ള കോൺട്രാക്റ്ററാണ് സലിം. പാട്രിക്കിന്റെ ഡിെസെനിൽ സലിമാണ് ഈ വീട് വെച്ചത്. പാട്രിക്കിന്റെ ഭാര്യ ഷെറിൻ ഒരു സ്വകാര്യ ആശുപത്രിയിൽ നേഴ്സാണ്. ഏക മകൾ അഞ്ചുവയസ്സുകാരിയായ ഇവലിൻ, റേഡിയോ ജോക്കിയെ പോലെ അനുസ്യൂതം സംസാരിക്കുന്നവളും വീട്ടിലെ നിത്യ സന്ദർശകയും ജഗന്റെ മകൻ ജാതവേദിന്റെ ഏക കൂട്ടുകാരിയുമാണ്.
മ്യൂസിയത്തിൽ ആളുകൾ തീരെ ഒഴിഞ്ഞു. വെയിൽ കനത്തു തുടങ്ങി.
ഗേറ്റിനു മുന്നിൽ കണ്ട രേഖകളുടെ മൊെബെൽ ഫോട്ടോ പാട്രിക്കിന് അയച്ചുകൊടുത്തിട്ട് വിളിച്ചു. അവൻ ഫോണെടുത്തില്ല. അവൻ വല്ല ക്ലയന്റിന്റെ അടുത്തായിരിക്കും. ഇപ്പോഴും തിരക്കിട്ട് ജീവിക്കുന്നവൻ, പാട്രിക്ക് തിരിച്ചു വിളിക്കട്ടെ. അവന്റെ സുഹൃത്ത് ഒരു എസ്.ഐയുണ്ട്. അദ്ദേഹത്തിന് മതിലിൽ കണ്ട ചിഹ്നങ്ങളുടെ ഫോട്ടോ അയച്ചു കൊടുക്കാൻ പറയാം.
ജാനിയെയും മോനെയും എന്തെങ്കിലും പറഞ്ഞ് അവളുടെ നെയ്യാറ്റിൻകരയിലെ അമ്മാവന്റെ വീട്ടിലേക്ക് അയക്കണം. കൊള്ളസംഘം വരുന്നെങ്കിൽ അപ്രതീക്ഷിത ആക്രമണം അങ്ങോട്ട് നടത്തി അവരെ തുരത്തണം.
മ്യൂസിയത്തിൽനിന്നിറങ്ങി, മാനവീയം വീഥിയിൽ പോയി കാറെടുത്തു നേരെ പാളയം സാഫല്യത്തിന് സമീപം കാർ പാർക്കു ചെയ്തു പാളയം ചന്തയിലേക്ക് കയറി. ഒന്നര അടി നീളമുള്ള അറ്റം വളഞ്ഞ കത്തിയുടെ അരികിൽ െകെ ഓടിച്ച് ചിന്തിച്ചു നിൽക്കുന്നത് കണ്ടപ്പോൾ
‘‘സാറെ വല്ലോരെയും കൊല്ലാനാണാ... കത്തി, നമുക്കിട്ട് പണി തരല്ലേ...’’ കടക്കാരൻ പറഞ്ഞു.
അല്ലയെന്നു തലയാട്ടി ജഗൻ കത്തിയെടുത്ത് ബാഗിലിട്ടു വീട്ടിലെത്തി.
വീട്ടിലെത്തിയയുടൻ ജാനിയോടും മോനോടും വേഗം ഊണ് കഴിച്ചിട്ട് ഇറങ്ങുവാൻ പറഞ്ഞു. നിന്റെ അമ്മാവൻ ഇന്നു രണ്ടു പേരോടും അടിയന്തരമായി അവിടെ എത്താൻ പറഞ്ഞെന്ന് ഒരു നുണ തട്ടി. കാര്യമൊന്നും വ്യക്തമാക്കാതെ വെറുതെ തിടുക്കം കൂട്ടി.
എന്തൊക്കെയോ സംശയം അവൾക്ക് തോന്നിയെങ്കിലും അവൾ പോകാൻ ഒരുങ്ങി. പാട്രിക്കുമായി ചേർന്ന് എന്തോ വെള്ളമടി പ്ലാനിങ് നടത്തുന്നുവെന്നായിരിക്കും ജാനിയുടെ സംശയം. ജാനിയുമായി നെയ്യാറ്റിൻകരയിലെ വീട്ടിൽ ചെന്നപ്പോൾ മുന്നിൽ ഒരു ആംബുലൻസ്.
ജാനി... ജഗനെ നോക്കി കണ്ണുമിഴിച്ചു. ജഗനും ഒന്നും മനസ്സിലായില്ല, അന്തംവിട്ടു നിന്നു.
ജാനിയുടെ അമ്മാവൻ ഇന്നു രാവിലെ മുറ്റത്ത് വീണു, കാലിന് പൊട്ടലുണ്ട്... ആശുപത്രിയിൽ പോയി പ്ലാസ്റ്ററിട്ടിട്ട് വന്നതേയുള്ളൂ. അമ്മാവന്റെ മകൻ കരുണൻ പറഞ്ഞു.
‘‘താനിതറിഞ്ഞാൽ വിഷമിക്കുമെന്ന് കരുതിയാണോ നേരത്തെ പറയാത്തേ’’ എന്നു ജാനി ചോദിച്ചു.
ജഗൻ വിദൂരതയിൽ നോക്കി നിശ്ശബ്ദമായി തലയാട്ടി. പ്രകൃതി പോലും എന്നെ സപ്പോർട്ട് ചെയ്യുന്ന ഈ ദിവസം നല്ല ദിവസമാണെന്ന് ജഗൻ വിചാരിച്ചു. ഒരു ഗ്ലാസ് ജീരകവെള്ളം കിട്ടിയാൽ ശുഭസൂചനകൾ കണ്ടുപിടിക്കാമായിരുന്നുവെന്ന് തോന്നി. സമയം ഒട്ടും നഷ്ടപ്പെടുത്താതെ വീട്ടിലേക്ക് മടങ്ങി.
വീട്ടിലെ അലമാരയിൽ മുകളിലത്തെ തട്ടിൽനിന്നും ആരും കാണാതെ ഒളിച്ചുെവച്ചിരുന്ന പെപ്പർ സ്പ്രേ എടുത്തുകൊണ്ടു വന്നു. ഒരിക്കൽ ജാനിക്ക് ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്കു വേണ്ടിയുള്ള ഇന്റർവ്യൂവിന് എറണാകുളം വരെ തനിച്ചു പോകേണ്ടി വന്നു. തിരികെ വരുമ്പോൾ രാത്രി ആകുമായിരുന്നതിനാൽ ഒരു ധൈര്യത്തിന് അന്ന് വാങ്ങി നൽകിയതാണ്. പക്ഷേ അന്നത് പോകാൻ നേരം എടുക്കാൻ മറന്നുപോയി.
എത്ര കൊട്ടിയാലും വാതിൽ തുറക്കരുത്. അവർ ചവിട്ടി പൊളിച്ച് കടന്നുവന്നേക്കാം. ഇടതു െകെയിൽ സ്പ്രേ, വലുത് െകെയിൽ കത്തി. െലെറ്റുകൾ ഓഫ് ആക്കി വെച്ചിരിക്കണം. പെപ്പർ സ്പ്രേയിൽനിന്നു രക്ഷ നേടുന്നതിന് മാസ്കും ഗോഗിൾസും ഗ്ലൗസും ധരിക്കാം. ഓഫീസിൽനിന്നും കോവിഡ് ഡ്യൂട്ടിക്ക് പോകേണ്ടി വന്നപ്പോൾ വാങ്ങിച്ച പി.പി.ഇ കിറ്റ് വീട്ടിലുണ്ടായിരുന്നു.
കൊള്ളക്കാർ വാതിൽ പൊളിച്ച് വരുന്നു. ഒളിച്ചുനിന്നു പെപ്പർ സ്പ്രേ ചെയ്യുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ അവർ പിൻവലിയും. ഇല്ലാത്തപക്ഷം കത്തിയും വടിയും. ജഗൻ സന്ദർഭം മനസ്സിൽ കണ്ട് വീണ്ടും വീണ്ടും പരിശീലനം നടത്തി നോക്കി. ഒരുതവണ പെപ്പർ സ്പ്രേ അറിയാതെ െകെയിൽ പറ്റിയപ്പോൾ വല്ലാത്ത നീറ്റൽ അനുഭവപ്പെട്ടു. രാത്രി പി.പി.ഇ കിറ്റിടുന്നത് സുരക്ഷിതമാണെന്ന് തോന്നി.
വരുന്ന വഴിക്ക് മ്യൂസിയത്തിന് മുന്നിൽ കിടന്ന ജയിൽവകുപ്പിന്റെ വണ്ടിയിൽനിന്നും വാങ്ങിയ ചപ്പാത്തിയും ചിക്കൻകറിയും അത്താഴഭക്ഷണമാക്കി. രാത്രി പതിനൊന്നു മണിയോടെ രണ്ടാം നിലയിലെ ബാൽക്കണിയിൽ മൊെബെൽ ഫോണും ആയുധങ്ങളുമായി അങ്കമനസ്സോടെ ഇരുന്നു. കുറെ കഴിഞ്ഞ് ബോറായപ്പോൾ ഫെയ്സ്ബുക്ക് വെറുതെ നോക്കിക്കൊണ്ടിരുന്നു.
This Night is too long, But I cant Sleep. Preparing for a Fight
എന്നൊരു സ്റ്റാറ്റസ് അങ്ങു കാച്ചി. നിമിഷങ്ങൾക്കുള്ളിൽതന്നെ കമന്റ്സ് വന്നു നിറഞ്ഞു. കമന്റ്സിടുന്ന പലരെയും അറിയുക കൂടിയില്ല. ചില കൂട്ടുകാർ സ്റ്റാറ്റസ് തെറ്റായി വ്യാഖ്യാനിച്ച് അശ്ലീല കമന്റുകൾ ഇട്ടതോടെ ഫോൺ താഴെവെച്ച് ബാൽക്കണിയിലിരുന്ന് ആരെങ്കിലും വരുന്നുണ്ടോ എന്നു നോക്കിക്കൊണ്ടിരുന്നു.
മണി രണ്ട് ആവുന്നു. മനുഷ്യർ അഗാധമായി ഉറക്കത്തിലാവുന്ന മൂന്നു മണിയോടെയാണ് സാധാരണയായി കൊള്ളസംഘങ്ങൾ എത്തുക. ജഗൻ റോഡിലേക്കു നോക്കി. ഇനി കൊള്ളക്കാർ വരില്ലേ...വന്നില്ലായെങ്കിൽ ഇതൊക്കെ അറിയുമ്പോൾ ജാനി എന്തുപറയും. ജഗൻ ബാൽക്കണിയിലെ െകെവരിയിൽ കിടന്ന് ഒന്നു കണ്ണടച്ചു പെട്ടെന്നു കണ്ണുതുറന്നപ്പോൾ സമയം എട്ടു മണി. കത്തിയും പെപ്പർ സ്പ്രേയും ഫോണുമെല്ലാം അടുത്തുതന്നെയുണ്ട്.
ബാൽക്കണിയിൽനിന്നും താഴെ ഗേറ്റിന്റെ ഭാഗത്ത് നോക്കിയപ്പോൾ പാട്രിക്കിന്റെ മകൾ ഇവലിൻ അവിടെ. അവളുടെ കുട്ടി സൈക്കിൾ ചവിട്ടുന്നു. ഇടക്ക് സൈക്കിൾ നിർത്തി ഗേറ്റിനു ഒരുഭാഗത്ത് കുത്തിയിരിക്കുന്നു. ജഗൻ വേഗം ഗേറ്റിനടുത്തേക്കു ചെന്നപ്പോൾ ഇവലിൻ അവിടെയിരുന്നു ചോക്കുകൊണ്ട് എന്തോ എഴുതുന്നു. ഇ.പി.എസ്...
എന്താ... ഇത്?
ഇ ഫോർ ഇവലിൻ
പി ഫോർ പാട്രിക്ക്
എസ് ഫോർ ഷെറിൻ...
ജഗൻ ഒരുനിമിഷം അസ്തപ്രജ്ഞനായി പോയെങ്കിലും മനസ്സിൽനിന്നും എന്തൊക്കെയോ കെട്ടുകൾ അഴിച്ചുവിട്ടപോലെയുള്ള ആശ്വാസം.
ജാനിയെ വിളിച്ചെങ്കിലും ഇതൊന്നും പറയാൻ നിന്നില്ല. നാളെ രാവിലെ അവളെയും ജാതുവിെനയും കരുണൻ കൊണ്ടാക്കുമെന്നും പറഞ്ഞു.
മുട്ട പുഴുങ്ങിയതും ഏത്തപ്പഴവും ഒരു ഗ്ലാസു പാലും പ്രാതലാക്കി ഓഫീസിലേക്കു പോയി. ഉച്ചക്ക് കടുത്ത ഉറക്കക്ഷീണം തോന്നി. െവെകീട്ട് ഓഫീസിൽനിന്നിറങ്ങി മ്യൂസിയത്തിന് ചുറ്റും മൊെബെൽ ഇയർഫോണിലൂടെ പാട്ടും കേട്ടു നാലു റൗണ്ട് നടന്നു. പതിവുപോലെ മ്യൂസിയത്തിന് മുന്നിലെ ജയിൽവകുപ്പിന്റെ ചപ്പാത്തിയും വെജിറ്റബിൾ കറിയും വാങ്ങി വീട്ടിലേക്ക് മടങ്ങി.
വീട്ടിൽ വന്ന് അതുവരെ തിരിച്ചു വിളിക്കാതെ പാട്രിക്കിനെ വിളിക്കണമെന്ന് വിചാരിച്ചെങ്കിലും വിളിച്ചില്ല. അവൻ ഒരുപക്ഷേ വോയിസ് മെസേജ് പോലും നോക്കിയിട്ടുണ്ടാവില്ല. തിരക്കിട്ട് നടക്കാൻ മാത്രം ജീവിക്കുന്നതാണവൻ. വെറുതെ എന്റെ മണ്ടത്തരങ്ങൾ ഒരാൾകൂടി അറിയേണ്ടതില്ലല്ലോ.
കുറച്ചു സമയം ടി.വി കാണാൻ ശ്രമിച്ചുനോക്കി. അശുഭകരമായ വാർത്തകൾ... ചപ്പാത്തി കഴിച്ചശേഷം ഫേസ്ബുക്കിൽ നോക്കി.
ഇന്നലെ ഇട്ട സ്റ്റാറ്റസിന് 280 െലെക്കുകൾ... 58 കമന്റുകൾ...
ഓഫീസ് വസ്ത്രത്തിൽ ഫുൾ സ്ലീവ് ഷർട്ടും െടെയും പാന്റും ധരിച്ച് ഒരു ചെറുപുഞ്ചിരിയോെട കിടന്നുറങ്ങുന്ന ഒരു യുവാവിന്റെ ചിത്രത്തിന് താഴെ Sleep is the only remedy for all problems. Deep sleep. Sleep like a dead body എന്നുകൂടി ചേർത്ത് ഒരു പോസ്റ്റിട്ടു.
ഉറങ്ങാൻ കിടന്നുവെങ്കിലും ഉറങ്ങാൻ സാധിച്ചില്ല. കണ്ണു ചൊറിച്ചിൽ... ജലദോഷം... ഇന്നലെ പെപ്പർ സ്പ്രേ തപ്പാൻ കുറെ പൊടിയടിച്ചു. പതിവുകാരൻ അലർജിയാണ്. അലർജിക്കുള്ള ഗുളിക കഴിച്ചു. റൂമിന്റെ ജനൽ തുറന്നിട്ടു. പുറത്തുനിന്നും ഒരു വലിയൊരു കഷ്ണം കുളിര് ജഗനെ കടന്നുപോയി.
ഫോൺ നോക്കിയപ്പോൾ സ്റ്റാറ്റസിനു കീഴെ കമന്റുകളും െലെക്കുകളും വന്നു നിറയുന്നു. വായിക്കുവാൻ കഴിയുന്നില്ല. അലർജി മരുന്നിന്റെ വീര്യവും ഇന്നലത്തെ ഉറക്കമില്ലായ്മയും െവെകുന്നേരം നടന്നതിന്റെ ക്ഷീണവും.
ഉറക്കത്തിൽ വലിയൊരു ആഴങ്ങളിലേക്ക് പോകുന്നതുപോലെ ജഗന് തോന്നി. താഴേക്ക്, താഴേക്ക്... പാതാളത്തിലേക്ക്. എവിടെയൊക്കെയോ എന്തൊക്കെയോ ശബ്ദങ്ങൾ, ആരോ ചുറ്റിലും നിൽക്കുന്നതുപോലെ... എത്ര ശ്രമിച്ചിട്ടും കണ്ണുതുറക്കാൻ കഴിയുന്നതേയില്ല.
രാവിലെ ഉറക്കമുണർന്ന് ഫോണിനായി തപ്പിയപ്പോൾ മൊബൈൽ കാണുന്നില്ല. റൂമിൽ അരണ്ട വെളിച്ചമേ ഉള്ളൂ. അടുക്കളയിൽ വെളിച്ചം കാണുന്നു. ഫ്രിഡ്ജ് തുറന്നുകിടക്കുന്നു.
ഫ്രിഡ്ജിനകത്തു െവച്ചിരുന്ന ആഹാരസാധനങ്ങളുടെ അവശിഷ്ടങ്ങൾ ഡൈനിങ് ടേബിളിലുണ്ട്. മുട്ടത്തോടുകൾ താഴെ കിടക്കുന്നു.
ഓടിപ്പോയി പേഴ്സ് നോക്കി. പേഴ്സുണ്ട് പക്ഷേ അതിലെ കാശ് കാണുന്നില്ല. അലമാരയിൽ പോയി നോക്കി. സ്വർണം ഒന്നും വീട്ടിൽ സൂക്ഷിച്ചിട്ടില്ല. 3000 രൂപ ഡ്രോയറിൽ ഉണ്ടായിരുന്നത് കാണുന്നില്ല. വീട്ടിലെ പിറകിലത്തെ വാതിൽ തുറന്നു കിടക്കുന്നു. നാട്ടിലെ ഏതോ ഒരു ലോക്കൽ കള്ളൻ ഇന്നലെ രാത്രി വന്നിരിക്കുന്നു. രാത്രി പോസ്റ്റ് ചെയ്ത സ്റ്റാറ്റസ് വായിച്ചവൻ വല്ലവനുമായിരിക്കുമോ, ജഗന് സംശയം തോന്നി.
ജാനിയെ വിളിക്കുവാൻ ഫോൺ ഇല്ല. പത്തുമണിയോടെ അവളും മോനും വരും എന്നാണ് ഇന്നലെ കരുണൻ പറഞ്ഞത്.
തിരുട്ട് ഗ്രാമത്തിലെ കൊള്ളക്കാർ വന്നില്ലായെങ്കിലും ഒരു ലോക്കൽ കള്ളനെങ്കിലും വന്നല്ലോ. ഇനി മാരകമായ ഓവർ തിങ്കിങ് എന്നു പറഞ്ഞ് അധിക്ഷേപിക്കാൻ വരട്ട്... അവളുടെ മുന്നിൽ ഞെളിഞ്ഞിരിക്കണം. അതോർത്ത് ജഗന്റെ മനസ്സിൽ സന്തോഷം പതഞ്ഞുപൊങ്ങി.