പിച്ചണ്ടി
ഒന്നിനു പിറകെ ഒന്നായി രണ്ട് കഥാസമാഹാരങ്ങളും അവയിൽ ആദ്യത്തേത് രണ്ടാം പതിപ്പും. രണ്ടാമത്തേതാകട്ടെ മൂന്നാം പതിപ്പിലും എത്തിയിട്ടും തുടർന്ന കാത്തിരിപ്പ് പത്തൊമ്പതാമത്തെ വർഷത്തിൽ എത്തുമ്പോൾ, അതിൽ വിവാഹശേഷമുള്ള 15 കൊല്ലം റൈറ്റേഴ്സ് ബ്ലോക്ക് എന്ന പേര് വിളിക്കാൻ കഴിയില്ലെങ്കിലും ജീവിതം കെട്ടിപ്പടുക്കാനുള്ള തത്രപ്പാടിന്റെ ചുഴിയിലായതിനാലും. ഇതുവരെ ഈയുള്ളവന്റെ ഒരു കഥയെങ്കിലും പേരുകേട്ടൊരു ആനുകാലികത്തിൽ അച്ചടിച്ചു വരുമെന്ന ആശ അങ്ങനെ തുടർന്നുകൊണ്ടേയിരുന്നു. അവസാനമിതാ നീണ്ടനാളത്തെ പ്രതീക്ഷകൾക്ക് വിരാമമിട്ടുകൊണ്ട് ഏറെ പ്രശസ്തമായൊരു ആഴ്ചപ്പതിപ്പിൽതന്നെ. അതും അവരുടെ വാർഷികപ്പതിപ്പിൽ....
Your Subscription Supports Independent Journalism
View Plansഒന്നിനു പിറകെ ഒന്നായി രണ്ട് കഥാസമാഹാരങ്ങളും അവയിൽ ആദ്യത്തേത് രണ്ടാം പതിപ്പും. രണ്ടാമത്തേതാകട്ടെ മൂന്നാം പതിപ്പിലും എത്തിയിട്ടും തുടർന്ന കാത്തിരിപ്പ് പത്തൊമ്പതാമത്തെ വർഷത്തിൽ എത്തുമ്പോൾ, അതിൽ വിവാഹശേഷമുള്ള 15 കൊല്ലം റൈറ്റേഴ്സ് ബ്ലോക്ക് എന്ന പേര് വിളിക്കാൻ കഴിയില്ലെങ്കിലും ജീവിതം കെട്ടിപ്പടുക്കാനുള്ള തത്രപ്പാടിന്റെ ചുഴിയിലായതിനാലും. ഇതുവരെ ഈയുള്ളവന്റെ ഒരു കഥയെങ്കിലും പേരുകേട്ടൊരു ആനുകാലികത്തിൽ അച്ചടിച്ചു വരുമെന്ന ആശ അങ്ങനെ തുടർന്നുകൊണ്ടേയിരുന്നു.
അവസാനമിതാ നീണ്ടനാളത്തെ പ്രതീക്ഷകൾക്ക് വിരാമമിട്ടുകൊണ്ട് ഏറെ പ്രശസ്തമായൊരു ആഴ്ചപ്പതിപ്പിൽതന്നെ. അതും അവരുടെ വാർഷികപ്പതിപ്പിൽ. എന്റെ ഏറ്റവും പുതിയ കഥയായ ‘പിച്ചണ്ടി’ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു.!
ബന്ധുക്കളെയോ എഴുത്തുകാരായ സുഹൃത്തുക്കളെയോ അടുത്തുള്ള വായനശാലക്കാരെയോ എന്തിന് സ്വന്തം ഭാര്യയോടുപോലും വാർഷികപ്പതിപ്പിൽ തന്റെ കഥ വരുന്നു എന്ന കാര്യം അറിയിച്ചിരുന്നില്ലെങ്കിലും വാരികക്കാർ വാർഷികപ്പതിപ്പിറക്കുന്നതിന്റെ പരസ്യങ്ങൾ പൊലിപ്പോടെ പ്രമുഖ ദിനപത്രങ്ങളിലും ടി.വി ചാനലുകളിലും ഒക്കെ തകൃതിയായി കൊടുത്തിരുന്നതിലൊക്കെയും ഏറെ പ്രശസ്തരോടൊപ്പം എന്റെ ചിരിക്കുന്നൊരു തലകൂടി ഉൾപ്പെടുത്തിയിരുന്നു.
കഥ വരുന്ന കാര്യം ഭാര്യയോട് പറയാഞ്ഞതിന്റെ പരിഭവമൊന്നും അവൾക്കില്ലായിരുന്നു. എങ്കിലും കിട്ടുന്ന കാശിന്റെ ഏകദേശം ഒരു കണക്കുവെച്ച് വീട്ടിലേക്ക് അത്യാവശ്യം വേണ്ട ചില സാധനങ്ങളുടെ ലിസ്റ്റ് അന്നു തന്നെ അവൾ എന്നെ ഏൽപിച്ചിരുന്നു. അടുപ്പമുള്ളതും ഇല്ലാത്തതുമായ ബന്ധുക്കളും സുഹൃത്തുക്കളും ചില എഴുത്തുകാരും സാധാരണ കോളിലൂടെയും മെസഞ്ചറിലെ വീഡിയോ കോളിലൂടെയും വാട്സ്ആപ് മെസേജിലൂടെയുമൊക്കെ സന്തോഷം പറഞ്ഞും മുഖംകാട്ടി ചിരിച്ചും ബന്ധം പുതുക്കി. അതിൽ ശശിയുടെ കഥകൾ ആളുകൾ കൊള്ളാമെന്ന് പറയുന്നത് ശശിയൊര് മേസ്തിരിപ്പണിക്കാരനാണെന്നുള്ള ഇഷ്ടംകൊണ്ട് മാത്രമാണ്! അല്ലാതെ ശശിയുടെ കഥകൾ കൊള്ളാവുന്നത് കൊണ്ടല്ല! എന്ന് പറഞ്ഞ് എന്നെ ബോധ്യപ്പെടുത്തിയ പ്രമുഖനും ഉൾപ്പെട്ടിരുന്നു. അടുത്തുള്ള ‘ദേശസേവിനി’ വായനശാലയുടെ സംഘാടകരാകട്ടെ വാർഷികപ്പതിപ്പിറങ്ങിയ ഇന്ന് വൈകിട്ട് 5 മണിക്ക് എനിക്കൊരു ആദരവും എന്റെ ‘പിച്ചണ്ടി’ എന്ന കഥയുടെ ചർച്ചയും സംഘടിപ്പിച്ചിട്ടുണ്ട്.
വീട്ടുകാരി അറിയാതെ വാർഷികപ്പതിപ്പിന്റെ പത്തോളം കോപ്പി പത്രക്കാരൻ സജിയോട് നേരത്തേ പറഞ്ഞുറപ്പിച്ച് വെച്ചിരുന്നതിനാലും സ്വന്തം കഥ അച്ചടിച്ചുവന്നത് പെട്ടെന്ന് കാണാനും വേണ്ടിയാണ് വീട്ടിൽ പതിവായി സജി എത്തുന്നതിനും ഒന്നൊന്നര മണിക്കൂർ നേരത്തേ അതിരാവിലേതന്നെ വീട്ടീന്നിറങ്ങി മുക്കാൽ കിലോമീറ്ററോളം നടന്ന് സജി പത്രക്കെട്ട് എടുക്കുന്ന പെരുമ്പുഴ ജങ്ഷനിലെ കടത്തിണ്ണയിലേക്ക് ചെന്നത്. എനിക്കുള്ള കോപ്പികൾ എണ്ണിത്തുടങ്ങിയപ്പോഴെ ഒന്നെടുത്ത് മണത്തുനോക്കിയ ശേഷം തന്റെ കഥ വന്ന പേജും അതിലെ വരകളും കണ്ടാസ്വദിച്ചുകൊണ്ടേയിരുന്നു. തിരിച്ചുവരും വഴിക്ക് താനേറെ കടപ്പെട്ടിരിക്കുന്ന പത്മകുമാർ സാറിന്റെ വീട്ടിലേക്ക് കയറിച്ചെന്ന് ആദ്യ കോപ്പി അദ്ദേഹത്തിനെ ഏൽപിച്ചു. സുഗതൻ സാർ തിമിര ശസ്ത്രക്രിയക്കായി തിരുനെൽവേലിയിലേക്ക് പോയതിനാൽ അദ്ദേഹത്തിനുള്ള ഒരു കോപ്പി സജി വാർഷികപ്പതിപ്പ് പൊതിഞ്ഞുതന്ന പേപ്പറീന്ന് കുറച്ചെടുത്ത് അതിലാക്കി പത്മകുമാർ സാറിനെ ഏൽപിക്കുകയും ചെയ്തു. ഞങ്ങടെ പുനുക്കെന്നൂർ ജങ്ഷനിലെത്തിയപ്പോ ആള് കൂടുതലുള്ള ചായക്കട ഏതെന്ന് നോക്കി അതിലേക്ക് കയറി. ചിരിയോടെ ഒരു ചായ ആവശ്യപ്പെട്ടപ്പോൾ പതിവുകാരനല്ലാത്തതിനാൽ മധുരമുള്ളതോ ഇല്ലാത്തതോ എന്ന കടക്കാരന്റെ ചോദ്യം ഉടനെത്തി. കടുപ്പവും മധുരവും കുറച്ചൊരു ചായ എന്ന് എന്റെ മറുപടിയും. ചായ പതുക്കെ പതുക്കെ കുടിക്കുന്നതിനിടക്കും കഥ വായിച്ചോ പരസ്യം കണ്ടതോ ആയ ആരെങ്കിലും തന്നെ തിരിച്ചറിയുന്നുണ്ടോന്ന് അവരുടെ മുഖത്തേക്ക് തുറിച്ചുനോക്കി പരതിയെങ്കിലും നിരാശയായിരുന്നു ഫലം. എങ്കിലും കാലിഗ്ലാസ് തിരികെ വെച്ചശേഷം അവിടെ കൂടിനിന്നവരിൽ പരിചയമുള്ള ചിലരോട് തന്റെ കൈയിലിരുന്ന വാർഷികപ്പതിപ്പ് ഉയർത്തിക്കാട്ടി എന്റെ കഥയും ഇതിൽ വന്നിട്ടുണ്ടെന്ന് ഉറക്കെ പറഞ്ഞ് ചിരിക്കാൻ ശ്രമിച്ചു. സൊസൈറ്റീന്ന് പാലു വാങ്ങാൻ വന്ന വായനശാല സെക്രട്ടറിയും അയൽക്കാരനുമായ മണികണ്ഠ അണ്ണന്റെ കൈയിൽ മൂന്നു കോപ്പി കൊടുത്തു, ഒന്ന് വായനശാലക്കും ബാക്കി രണ്ടെണ്ണം എന്റെ കഥയുടെ ചർച്ചയിൽ പങ്കെടുക്കുന്ന നാട്ടിലെ പ്രമുഖരായ രണ്ടു പേർക്കും. അതിൽ എനിക്കേറെ പ്രിയപ്പെട്ട കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുരളീകൃഷ്ണൻ സാറും മറ്റേത് താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ വലിയ ചുമതലക്കാരനും ഇന്നാട്ടുകാരനുമായ ആൾക്കും (കഥ വായനക്കാർ ഏറ്റെടുത്തു തുടങ്ങുമ്പോൾ ഇടക്ക് ഭരണം എങ്ങാനും മാറിയാലോ എന്ന ഭയം ഉള്ളതിനാൽ നേതാവിന്റെ പേര് ചേർക്കുന്നില്ല). എല്ലാം കഴിഞ്ഞ് നേരെ വീട്ടിലേക്ക് വന്നുകയറി ഒരു കോപ്പി ആദ്യമേ തന്നെ മുന്നിലെ ഷോക്കേസിലേക്ക് നിവർത്തിവെച്ചു.
അതിനുശേഷം കഥ ഭാര്യയും രണ്ട് മക്കളും, കിടപ്പിലായ അവളുടെ അമ്മയും കേൾക്കത്തക്കവിധം ഉറക്കെ വായിച്ചു. മൂത്തവന്റെ രണ്ട് ചെവിയിലും വയറില്ലാത്ത കുന്ത്രാണ്ടം കുത്തിത്തിരുകിയിരുന്ന കാര്യം കഥ വായിച്ചുതീർന്നപ്പോഴാണ് ഞാൻ കണ്ടതുതന്നെ. അവശേഷിച്ച നാല് കോപ്പി എന്റെ തോൾസഞ്ചിയിൽ എപ്പോഴും സൂക്ഷിക്കാറുള്ള എന്റെ സ്വന്തം രണ്ട് കഥാസമാഹാരങ്ങളുടെയും മുമ്മൂന്ന് കോപ്പികളോടൊപ്പം കേറി കെട്ടിപ്പിടിച്ച് കിടന്നു.
വാർഷികപ്പതിപ്പിന്റെ മുഖചിത്രവും ഉള്ളിലെ കഥയുടെയും വരയുടെയും ഫോട്ടോയും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പതിക്കുകയും വാട്സ്ആപ്പിലൂടെയും മെസഞ്ചറിലൂടെയും ഇന്നേ വരെ എന്റെ മൊബൈലിൽ രേഖപ്പെടുത്തിയിട്ടുള്ള പേരുകളിലേക്കും ഗ്രൂപ്പുകളിലേക്കും എത്തിക്കുകയും ചെയ്തു.
വൈകിട്ടത്തെ ആദരിക്കൽ ചടങ്ങിന്റെയും ചർച്ചയുടെയും ആദ്യാന്ത്യം ഇളയ മോനെ രാത്രി അമ്മയുടെ മൊബൈൽ ഗെയിം കളിക്കാനായി മേടിച്ചുതരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചും, പരിപാടി നീണ്ടപ്പോൾ മടികാണിച്ച അവനെ മറ്റാരും കാണാതെ കണ്ണുരുട്ടി വിരട്ടിനിർത്തിയും അത് മുഴുവൻ എന്റെ മൊബൈലിൽ റെക്കോഡ് ചെയ്യിപ്പിച്ചു.
ആശംസ പറയാനെത്തിയ പലരും അവരവരുടെ അന്നെഴുതിയ ഒന്നോ രണ്ടോ കവിതകൂടി ചൊല്ലിയതിനാൽ സമയം ഏറെ നീണ്ടുപോയിരുന്നു. പ്രശംസാപത്രവും ഫലകവും കൂടി തോൾസഞ്ചിയിലേക്ക് കുത്തിത്തിരുകി അവിടെനിന്നും നേരെ ഞാനിപ്പോൾ സ്ഥിരതാമസമാക്കിയ ഈ നാട്ടിൽനിന്നും എന്റെ സ്വന്തം നാടായ ഇളവൂരിലേക്കുള്ള യാത്രയിലാണ്.
ഒടുക്കത്തെ വണ്ടി കയറിയാണ് മജിസ്ട്രേട്ട് മുക്കിൽ ഇറങ്ങിയത്. അടക്കാൻ തുടങ്ങിയ തങ്ങള്കുഞ്ഞ് കാക്കേടെ കടേന്ന് ഒന്നര കിലോ ഏത്തക്കയും ഒരു കിലോ കപ്പപ്പഴവും ഒരു ഡാർക്ക് ഫാന്റസിയും വാങ്ങി. ഞാൻ വണ്ടീന്നിറങ്ങിയപ്പോഴേ എന്നെ കണ്ടഭാവം നടിക്കാതെ നിന്ന ഓട്ടോക്കാരൻ കണ്ണപ്പനെ ഓട്ടക്കണ്ണിട്ട് ഒന്നുകൂടി നോക്കി. നോട്ടം മുഖാമുഖമായതിനാൽ പരസ്പരം വളിച്ച ഒരു ചിരിയും ചിരിച്ച് മുമ്പത്തെപ്പോലെ, ഓർമകളുണർത്തുന്ന ഞാൻ വളർന്ന മണ്ണിലേക്ക് പതുക്കെ നടന്നു. അപ്പോൾ പിന്നിലായി നീട്ടി തുപ്പുന്നൊര് ഒച്ച കേൾക്കുന്നുണ്ടായിരുന്നു.
നാളെ ഭഗവാൻമുക്കിൽ ഇളവൂർ-പുലിയില പൗരസമിതിയുടെ വകയായി എനിക്ക് സ്വീകരണമാണ്. അതിനാണല്ലോ ഇത്ര ധൃതിപിടിച്ചുള്ള പാതിരാത്രിയിലെ ഈ യാത്ര. മാത്രമല്ല, കുടുംബത്ത് അനിയനൊപ്പം താമസമാക്കിയ അമ്മയെയും അടുത്തടുത്തായി താമസിക്കുന്ന ചേട്ടന്മാരെയും മൂത്ത ചേച്ചിയെയും ഒക്കെയൊന്ന് കാണാം.
‘‘അമ്മയെ കാണാൻ വരുമ്പോഴൊന്നും നീ എന്റെ വീട്ടിലോട്ടൊന്ന് തിരിഞ്ഞ്നോക്കത്തില്ലെന്ന്’’ എന്നും പരാതി പറയാറുള്ള മൂത്ത ചേച്ചിയുടെ പരിഭവം ഇന്ന് ആദ്യം തീർക്കാമെന്ന് കരുതിയാണ് ഈ പാതിരാത്രിയിലും അന്ത്രുമാന്റെ കടയ്ക്കരികിലെത്തിയപ്പോൾ പെട്ടെന്ന് തിരിഞ്ഞ് ഈ വഴിയെ നടക്കാമെന്ന് കരുതിയത്. മാത്രമല്ല, ചേച്ചിയുടെ വീട് കഴിഞ്ഞ് കുടിക്കോട് കണ്ണമ്പള്ളിയമ്പലക്കാരുടെ വകയായുള്ള റബറുംതോട്ടത്തിലെ മുറിഞ്ഞ മുള്ളുവേലി രണ്ടുവട്ടം ചാടിക്കടന്നാൽ ഞങ്ങളുടെ കുടുംബവീടായി.
വാർഷികപ്പതിപ്പ് ചേച്ചിയുടെ കൈയിലേക്ക് വെച്ച്, അതിൽ എന്റെ കഥയുള്ള പേജ് നിവർത്തിക്കാട്ടി അമ്മ ഉറങ്ങും മുമ്പേ ചെന്നൊന്ന് കാണണോന്നും പറഞ്ഞ് അവിടെനിന്നും ഇറങ്ങി നടക്കുമ്പോൾ മനസ്സിൽ കരുതി വീട്ടിലോട്ട് കേറിവന്നിട്ട് അവൻ ഒരുതുള്ളി വെള്ളം കുടിക്കുകയോ ഒരു മിനിറ്റൊന്ന് മൂടുറപ്പിച്ചിരിക്കുകയോ ചെയ്തില്ല എന്നാവും ചേച്ചിയുടെ അടുത്ത പരാതിയെന്ന്.
കമ്പിവേലിക്കുള്ളിൽ ഇറച്ചിവേസ്റ്റ് തിന്ന് കൊഴുത്തുരുണ്ട പട്ടികളുടെ കുര കേട്ടപ്പോൾ വേലി ചാടാനുള്ള തീരുമാനം ഉപേക്ഷിക്കേണ്ടി വന്നു. ആകാശത്ത് ധ്യാനബുദ്ധന്റെ കണ്ണുകൾപോലെ ചന്ദ്രൻ ഒരൽപം മിഴി തുറന്നിട്ടുണ്ട്. താഴത്തൂടെ നടന്ന് വേലിക്കെട്ട് പാതിചുറ്റിയാൽ വീടെത്താം. തോട് തുടങ്ങുന്നിടം കോൺക്രീറ്റ് നടപ്പാതയാക്കിയെങ്കിലും, അതിനിടയിലൂടെ ഇപ്പഴും നീരൊഴുക്ക് കുറച്ചൊക്കെയുണ്ട്. ചെരിപ്പ് കോരിയ വെള്ളം ചെറുതായി ഉയർത്തിപ്പിടിച്ചിരുന്ന ഉടുമുണ്ടിനെ നനച്ചു. നടത്തം പതുക്കെയാക്കി മുണ്ട് തട്ടുടുത്തു. വയൽ നികത്തി നട്ട വാഴയുടെ ഉണക്ക കൈകൾ തൂങ്ങിക്കിടന്ന് ഇരുട്ടിൽ വാഴക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന മനുഷ്യന്റെ ചിത്രം വരച്ചെന്നെ ആദ്യമൊന്ന് പേടിപ്പിച്ചെങ്കിലും ഞാൻ വീണ്ടും ജനിച്ച മണ്ണീന്ന് ആദ്യമായ് കിട്ടാൻപോകുന്ന നാളത്തെ സ്വീകരണത്തെയോർത്ത് പുളകംകൊള്ളുകയായിരുന്നു.
പെട്ടെന്നാണ് തലയിൽ തേങ്ങാ വീണതുപോലെ എന്തോ ഒന്ന് പതിച്ചത്. തിരിഞ്ഞുനോക്കിയതും അടുത്തത് ചെകിടത്തേക്ക്.
‘‘പ്ഫ, *@#$* മോനെ. നെനക്ക് കഥയെഴുതാൻ എന്നെ മാത്രമേ കിട്ടിയോള്ളോടാ..?’’
അയാളുടെ കൈയിലുണ്ടായിരുന്ന ഭാരിച്ച പുസ്തകംകൊണ്ട് തലക്കുള്ള ആദ്യത്തെ അടിയും, വലംകൈകൊണ്ട് കരണക്കുറ്റി നോക്കിയുള്ള രണ്ടാമത്തെ അടിയും കൊണ്ടപ്പോഴേ എന്റെ ചെവീന്ന് വണ്ടും കണ്ണീന്ന് പൊന്നീച്ചയും മൂളിക്കൊണ്ട് പറന്നുപോയിരുന്നു.
കോൺക്രീറ്റ് മാറി തോട് തുടങ്ങുന്നിടത്തെ ചെളിവെള്ളത്തിലേക്ക് എന്നെ തള്ളിമലർത്തിയിട്ട് എന്റെ നെഞ്ചിലേക്ക് കയറിയിരുന്ന് ഇടംകൈ എന്റെ കൊരവള്ളിക്കും മടിയിലിരുന്ന പിച്ചാത്തി വലിച്ചൂരി നിവർത്തി എന്റെ നെഞ്ചിനു നേരെയും പിടിച്ചുകൊണ്ട് അലറിവിളിക്കുന്ന ആളിനെ ഞാൻ അപ്പോഴേക്കും തിരിച്ചറിഞ്ഞ് കഴിഞ്ഞിരുന്നു.
‘‘ടാ... നീ വല്ല്യ കഥയെഴുത്തുകാരനാണെങ്കി എനിക്ക് @#***! നെനക്ക് കഥയെഴുതാൻ എന്റെ പേരും ഇരട്ടപ്പേരും മാത്രമേ ഈ ലോകത്തുള്ളോടാ.?!
എന്റെ കഴുത്തിലെ അയാളുടെ പിടിത്തവും പിച്ചാത്തിയുടെ തിളക്കവും എന്റെ നാക്ക് വിറപ്പിച്ചു.
‘‘അയ്യോ... അതണ്ണാ... ആ കഥ അണ്ണനെക്കുറിച്ചല്ല!!’’
അയാളുടനെ തന്റെ ഇടത്തേ കക്ഷത്ത് തിരുകിയ ആ വലിയ പുസ്തകം എന്റെ നെഞ്ചിലേക്ക് വെച്ച് പോക്കറ്റീന്ന് മൊബൈലെടുത്ത് ഫ്ലാഷ് ലൈറ്റ് തെളിച്ചു. പുസ്തകത്തിൽ അരിക് മടക്കിവെച്ചിരുന്ന മുപ്പത്തിരണ്ടാമത്തെ പേജ് നിവർത്തി അത് എന്റെ കൈയിൽ പിടിപ്പിച്ചശേഷം മൊബൈൽ വെളിച്ചം പുസ്തകത്തിന് മുകളിലേക്ക് ഉയർത്തിപ്പിടിച്ചു. അതാകട്ടെ ഇന്ന് എന്റെ കഥ വന്ന വാർഷികപ്പതിപ്പായിരുന്നു. അത് കണ്ടു ഞാൻ മരണഭയത്തിനിടയിലും അഭിമാനം പൂണ്ടു. എന്റെ തലയിലേക്കും വായിലേക്കും വെള്ളം കയറുന്നത് കണ്ടിട്ടാകും അയാൾ ഞാൻ വീണിട്ടും എന്റെ തോളത്ത്തന്നെ ഉണ്ടായിരുന്ന പുസ്തകസഞ്ചിയെടുത്ത് തലയണപോലെ എന്റെ തലക്കടിയിലേക്ക് തിരുകിവെച്ചു. ശേഷം ഇങ്ങനെ ഗർജിച്ചു.
‘‘വായിക്കെടാ..!’’
രാവിലെ മുതൽ വാ തോരാതെ എല്ലാവരെയും കേൾപ്പിച്ചുകൊണ്ടിരുന്ന എന്റെ പ്രിയപ്പെട്ട കഥ ഇപ്പോൾ പ്രാണഭയത്താൽ മറ്റൊരു ഭാവത്തിൽ ഞാൻ വായിച്ചുതുടങ്ങി.
‘‘കഥ’’
‘‘ഇളവൂർ ശശി’’
‘‘പിച്ചണ്ടി’’
വാക്കുകളുടെയും ശരീരത്തിന്റെയും വിറച്ചിലോടെയും ഹൃദയത്തിന്റെ പിടച്ചിലോടെയും ഞാൻ കഥ തുടർന്നു.
‘‘പരമനെ ഞങ്ങടെ നാട്ടിലും ഈ നാടിനെ ചുറ്റിപ്പറ്റി കിടക്കുന്ന പ്രദേശങ്ങളിലും ഉള്ളവരെല്ലാം തന്നെ ‘പിച്ചണ്ടി’ എന്നോ ‘പിച്ചണ്ടിപ്പരമൻ’ എന്നോ ആണ് വിളിക്കുന്നത്. നാട്ടുകാരുടെയും വീട്ടുകാരുടെയും പറങ്ങേണ്ടിയെല്ലാം കട്ട് കട്ട് ആളിപ്പം ഫേമസാ.’’
ഞാൻ ഓരോ വരി വായിച്ച് നിർത്താൻ ശ്രമിക്കുമ്പോഴും കൈയിലെ മൊബൈൽ വെളിച്ചം സ്വന്തം കണ്ണുകൾക്കു നേരെ കാട്ടി ‘‘അങ്ങോട്ട് വായിക്കെടാ...’’ന്ന് കണ്ണുരുട്ടിയും മുഖം ചുളിച്ചും അയാൾ അതൃപ്തി പ്രകടമാക്കും.
ഉടനെ ഞാൻ കഥ തുടരും.
‘‘ആദ്യമൊക്കെ അവരുടെ പുരയിടത്തിലെ പറങ്കിമാവിൽനിന്നും പിന്നീട് പിച്ചണ്ടിപ്പരമന്റെ അച്ഛൻ ശങ്കരപ്പിള്ള മാമൻ പാട്ടത്തിനെടുത്ത കണ്ണമ്പിള്ളി അമ്പലത്തിന്റെ വകയായിട്ടുള്ള പറങ്കാം തോട്ടത്തിലെയും. അതും തികയാതെ വന്നപ്പോൾ നാട്ടിലുള്ള മറ്റു പലരുടെയും കശുവണ്ടി തോട്ടത്തിലെയും പുരയിടങ്ങളിലെയും അരിവെക്കാത്ത പിച്ചണ്ടി വരെ അടിച്ചുമാറ്റി തുടങ്ങിയത്. മൂപ്പെത്തും മുമ്പേയുള്ള പൊട്ട് പറങ്കേണ്ടി പറിച്ചാലും അതെല്ലാം പിച്ചണ്ടിപ്പരമൻ ആദ്യം ചരലില്ലാത്ത ചെമ്മണ്ണിലുരുട്ടി നല്ല വെയിലത്ത് വെച്ചുണക്കും. അപ്പോഴത് പാകമായ പറങ്കേണ്ടിയുടെ ഗരിമയോടെ തിളങ്ങിനിൽക്കും. കടയിലേക്ക് കൊണ്ടുപോകും മുമ്പ് അതെല്ലാമെടുത്ത് തലേന്ന് രാത്രി വെള്ളത്തിലിട്ട് വെക്കും. രാവിലെ അത് ഊറ്റി വാരി ഉണക്ക തുണിയിൽ തുടച്ച് കുടിച്ച വെള്ളത്തെ ഉള്ളിലൊളിപ്പിച്ച് ചന്തയിലേക്ക് കൊണ്ടുപോകും.
പരപരാ വെളുപ്പിനെ ചക്യത്തമ്മേടെ പത്ത് സെന്റോളം പരന്ന് കിടക്കുന്ന വലിയപറങ്കാവിന്റെ ഉച്ചാന്തലേക്കേറി പിച്ചണ്ടിപ്പരമൻ പറങ്കേണ്ടിയെല്ലാം പറിച്ചെടുത്ത് അതീലിരുന്നുകൊണ്ടുതന്നെ മാങ്ങതിരുമ്മി നാല് ദിക്കിലേക്കും വലിച്ചെറിഞ്ഞ് അണ്ടിയെല്ലാം മാറാപ്പിലിട്ട് താഴേക്കിറങ്ങി വന്ന ഒര് ദിവസം ചക്യത്തമ്മേടെ പട്ടാളത്തീന്ന് പിരിഞ്ഞ് വന്ന മൂത്ത മരുമോൻ ഉണ്ണിയണ്ണൻ പിച്ചണ്ടിയെ കൈയോടെ പിടിച്ച് നല്ല രണ്ട് പെടപെടച്ച ശേഷമാ കൈകെട്ടി ഭഗവാൻമുക്കിലെ ആലിന്റെ മൂട്ടി കൊണ്ട് നിർത്തിയത്. അന്നത്തെ പിച്ചണ്ടിയുടെയാ നിൽപ് ഓർക്കുമ്പം പാവം മധുവിന്റെ മുഖമാണിപ്പോൾ ഓർമവരുന്നത്. എന്നാൽ, ആഴ്ചയൊന്ന് കഴിയും മുമ്പേ അവര് രണ്ടുപേരും കുടി തോളേ കൈയിട്ട് ആലിന്റെ മൂട്ടിൽ വന്നുനിന്നതാ പിന്നെ കാണുന്നത്. അന്നുതൊട്ട് ഉണ്ണിയണ്ണന്റെ മാസക്കോട്ടയിൽ കിട്ടുന്ന 3 കുപ്പി റെമ്മും കുമാരന്റെ വാറ്റുചാരായത്തിന്റെ മുക്കാൽ പങ്കും പിച്ചണ്ടിയാണ് വാങ്ങി അകത്താക്കാറുള്ളത്. മൂക്കറ്റം കുടിച്ചിട്ട് നടുറോഡിൽ നിന്നും കേട്ടാൽ തൊലി പൊളിയുന്ന പച്ചത്തെറി അതും തന്തേം തള്ളേം തിരിച്ച് തിരിച്ച് വിളിക്കുന്ന കാരണം അണ്ടി കട്ടോണ്ട് പോയാലും ആരും പിച്ചണ്ടിയുടെ മുഖത്തുനോക്കി ഒന്നും ചോദിക്കാറില്ല. ആ ശരീരത്ത് കേറി ഇറങ്ങാൻ ഇനി ഒരു തുണ്ട് സ്ഥലം ഇല്ലാത്തതുകൊണ്ട് പൊലീസുകാരും മതിയാക്കി. അഥവാ ആരെങ്കിലും പരാതി പറഞ്ഞാൽ തന്നെ അത് പിച്ചണ്ടിയുടെ അമ്മയോടോ അച്ഛനോടോ ആയിരിക്കും. പത്രമേജന്റായ ചേട്ടൻ സുന്ദരേശ്ശാണ്ണനോട് പറയാൻ തുടങ്ങിയാ പല്ല്ഞറുമിക്കൊണ്ട് ഉടനെ ‘‘ആ എരണം കെട്ടവന്റെ കാര്യം എനിക്ക് കേൾക്കണ്ട!’’ എന്നാണ് പറയുക.
സുന്ദരേശ്ശാണ്ണൻ കെട്ടിക്കൊണ്ടുവന്ന പുഷ്പമണി ചേച്ചി കെട്ടുകഴിയുന്നതുവരെയും അറിഞ്ഞിരുന്നില്ല. പുള്ളിയുടെ അനിയൻ ഇങ്ങനെയൊരു അലവലാതിയാണെന്ന്. അല്ലെങ്കിൽ കുടുംബ മഹിമ പറഞ്ഞ് സ്ത്രീധനം കൂടുതൽ ചോദിച്ചപ്പോൾ അനിയന്റെ കാര്യം എടുത്തിട്ട് കുറച്ച് പൊന്നെങ്കിലും കുറപ്പിക്കാമായിരുന്നു എന്ന് ചേച്ചി പിന്നീട് പറയാറുണ്ടായിരുന്നു. ആദ്യമാദ്യം പിച്ചണ്ടിയോട് ചേച്ചിക്ക് വെറുപ്പായിരുന്നെങ്കിലും ഒക്കത്ത് രണ്ട് കൊച്ചുങ്ങളായപ്പോൾ പിച്ചണ്ടി കട്ടോ മോട്ടിച്ചോ ആണെങ്കിലും രാത്രി എത്ര ബോധമില്ലാതെ കേറിവരുമ്പോഴും പിള്ളേർക്ക് തിന്നാനെന്തെങ്കിലും ഒരു പൊതി മടിയിൽ കരുതുമായിരുന്നു.
വഴിപിഴച്ച പെണ്ണുങ്ങടെ വീട്ടിലേക്കൊക്കെ ചെറ്റപൊക്കാൻ അനിയൻ പോക്കുണ്ടെന്നറിഞ്ഞപ്പോൾ പുഷ്പമണി ചേച്ചി സുന്ദരേശ്ശാണ്ണൻ പതിവുപോലെ വെളുപ്പിന് പത്രക്കെട്ടെടുക്കാൻ പോയ നേരം നോക്കി ഒരു ദിവസം പിച്ചണ്ടി പരമന്റെ മുറീലേക്ക് കേറിച്ചെന്നു. നൂൽബന്ധമില്ലാതെ മലമലാന്ന് കിടന്നുറങ്ങുന്ന പിച്ചണ്ടിയുടെ വായ പൊത്തിപ്പിടിച്ച് നെഞ്ചത്തേക്ക് ഒരു വീഴ്ച.
എല്ലാം കഴിഞ്ഞ് പുറത്തിറങ്ങാൻ നേരം പുഷ്പമണി ചേച്ചി ഇങ്ങനെ പറഞ്ഞു:
‘‘അനിയാ... നീ ഇനിമുതൽ വല്ലവരുടെയും കുടിലിലെ കഞ്ഞിക്കലം പൊക്കണ്ട! നെനക്ക് വെശക്കുമ്പോ എന്നോട് ചോദിച്ചാൽ മതി. നിന്റെ ചേട്ടനില്ലാത്തപ്പോ ഞാൻ വെളമ്പിത്തരാം.’’
അത് കേട്ടുടനെ പിച്ചണ്ടി പരമു ഞാൻ ഇന്നു മുതൽ അണ്ടി മോഷണവും വെള്ളമടിയും നിർത്താം എന്ന് പറഞ്ഞെങ്കിലും ചേച്ചി സമ്മതിച്ചില്ല.
‘‘വേണ്ട, നിന്റെ ദേഹത്തെയീ പിച്ചണ്ടിക്കറയുടെ മണം എനിക്കിഷ്ടമാ!’’
കാലം കുറച്ചു കടന്നുപോയി കല്യാണം കഴിക്കാതെ മൂത്തുനരക്കാൻ തുടങ്ങിയ പിച്ചണ്ടി പരമുവിന് അവസാനം ചാകാറായി കിടക്കുന്ന അമ്മയുടെ ആഗ്രഹത്തിന് വഴങ്ങേണ്ടി വന്നു.
അവന്റെ തറവാട്ട് സ്വത്ത് ഭാഗംവെക്കാൻ ബാക്കിയുണ്ടെന്നുള്ള ഒറ്റ കാരണത്താൽ മൂത്തമോളെ പിച്ചണ്ടിക്ക് കാലിക്ക് കെട്ടിച്ചുകൊടുത്ത് ഭാസ്കരൻ കൊച്ചാട്ടൻ തലയിലെ ഭാരം മൂന്നിലൊന്ന് കുറച്ചു.
കല്യാണപ്പെണ്ണ് വീട്ടിൽ കാലുകുത്തിയന്ന് രാത്രിയിൽ പുഷ്പമണി ചേച്ചി മൂത്രമൊഴിക്കാനെന്ന വ്യാജേന എഴുന്നേറ്റ് പോകുംവഴി പിച്ചണ്ടിപ്പരമനെ നോക്കി കണ്ണിറുക്കിക്കൊണ്ട് ലൈറ്റിടാതെ കക്കൂസിന്റെ പിറകിപ്പോയി മറഞ്ഞ്നിന്നു. പതുങ്ങി പതുങ്ങി മറ്റൊരു വഴിയിലൂടെ അവിടേക്ക് ചെന്ന പിച്ചണ്ടി, പുഷ്പമണിചേച്ചിയെ കണ്ട മാത്രയിൽതന്നെ ആക്രാന്തം മൂത്ത് കേറിപ്പിടിക്കാനാഞ്ഞു. എന്നാൽ, പിച്ചണ്ടിയെ തന്റെ രണ്ട് കൈകൊണ്ടും ബലമായി തള്ളിമാറ്റിക്കൊണ്ട് ചേച്ചി ഇങ്ങനെ പറഞ്ഞു:
‘‘മോനേ... നെനക്കിനി ആവശ്യംപോലെ വിളമ്പിത്തരാൻ ഒര് പെണ്ണായി. ഇനി മേലാൽ ഈ വിശപ്പുമായ് എന്റെ അടുത്ത് വരരുത്! നമ്മൾ തമ്മിൽ ഇങ്ങനെയുള്ള ഒരുബന്ധം ഇവിടെ അവസാനിച്ചു!!’’
സാക്ഷാൽ ശ്രീ അന്നപൂർണേശ്വരിയെ മനസ്സിൽ ധ്യാനിച്ച് കമാന്നൊരക്ഷരമുരിയാടാതെ പിച്ചണ്ടി പരമൻ പുരക്കുള്ളിലേക്ക് നടന്നു.
‘‘നിർത്തെടാ... പട്ടീ.!!’’
കഥക്കിടയിൽ കഥാപാത്രം നേരിട്ട് സംസാരിക്കുന്നോ?! അതും കഥയിലില്ലാത്ത വാക്കുകൾ!! ഒരു പതർച്ചയോടെ ഞാൻ പുസ്തകത്തിൽനിന്നും മുഖമുയർത്തി.
വീണ്ടും അതാ, ആ കണ്ണുകൾക്കുമുന്നിൽ മൊബൈൽ വെളിച്ചം.
‘‘ടാ... എള, എള, എളവൂർ ശശി! നീ കഥയിൽ എത്ര പ്രാവശ്യമാടാ എന്നെ ‘പിച്ചണ്ടീ...’ന്നും ‘പിച്ചണ്ടിപ്പരമാ...’ ന്നും വിളിക്കുന്നത്. ഒന്നുമല്ലേലും നിന്റെ മൂത്ത ചേട്ടന്റെ പ്രായമില്ലയോടാ... എനിക്ക്! എന്നിട്ടും നീയെന്നെ അണ്ണാന്നൊരുവട്ടമെങ്കിലും എഴുതിയിട്ടുണ്ടോടാ?!’’
സത്യത്തിൽ ഞാൻ അക്കാര്യങ്ങളൊന്നും എണ്ണിയിരുന്നുമില്ല, ഓർത്തതുമില്ലായിരുന്നു.
വീണ്ടും കത്തി നെഞ്ചിലേക്ക് കുത്താൻ ഒാങ്ങിക്കൊണ്ട് പിച്ചണ്ടിപ്പരമനണ്ണൻ അലറി.
‘‘ടാ, പറയാൻ! എത്ര പ്രാവശ്യമാ എന്നെ കുത്തിയത്?’’
‘‘അയ്യോ... അണ്ണാ... അതെനിക്കറിഞ്ഞൂട!!’’
‘‘എഴുതിയ നെനക്കറിയത്തില്ലെങ്കി ഞാമ്പറയാടാ! 51 പ്രാവശ്യം!!’’
ഞാൻ തുടർന്നു:
‘‘അണ്ണാ, നമ്മടെ നാട്ടി പലർക്കും ഒന്നും രണ്ടും എരട്ടപ്പേരൊക്കെയൊണ്ടെങ്കിലും പിച്ചണ്ടീന്നൊള്ള ഈ പേര് ഞാൻ മെറ്റങ്ങും കേട്ടിട്ടില്ല! ഇതിന് എന്തോ ഒരു പ്രത്യേകതപോലെ! സത്യത്തി അത് മാത്രമല്ലണ്ണാ, കൊറേ നാളായി എന്റെ ഒരുകഥപോലും ഒരൊറ്റ വീക്കിലീലും വരുന്നില്ല. ഒരുപക്ഷേ, ഇങ്ങനെ ഒരു പേര് കണ്ടിട്ടെങ്കിലും ഒന്ന് പ്രസിദ്ധീകരിച്ചു വന്നാലോന്ന് കരുതി. അതുകൊണ്ടാ ‘പിച്ചണ്ടീ’ന്നുള്ള അണ്ണന്റെയീ എരട്ടപ്പേരിനൊപ്പം യഥാർഥ പേരായ പരമനെന്ന പേര് പോലും മാറ്റാതെ അങ്ങനെതന്നെ എഴുതിയത്. ഒരിക്കപ്പോലും അണ്ണനെ അപമാനിക്കണമെന്നൊന്നും ഞാൻ വിചാരിച്ചിട്ടില്ലായിരുന്നു.’’
തോട്ടിലെ അഴുക്ക് വെള്ളം മുഖത്തിനെ നനച്ച് കൊണ്ടിരുന്നതിനാൽ വാക്കുകൾക്കൊപ്പം ഒഴുകിയ എന്റെ കണ്ണുനീർ അണ്ണൻ കണ്ടു കാണില്ല.
‘‘അങ്ങനെയാണെങ്കിൽ പിന്നെന്തിനാടാ ഞാനെന്റെ ചേട്ടത്തിയുമായി കെടന്നിട്ടുണ്ടെന്നൊക്കെ നീയെഴുതിയത്? ഇത് വായിക്കുന്നോരെല്ലാം കരുതത്തില്ലേ സത്യത്തിൽ അങ്ങനെയെല്ലാം നടന്നിട്ടുണ്ടെന്ന്. അത് മാത്രമല്ല എന്റെ അണ്ണന്റെയും ചേച്ചിയുടെയും മൊഖത്ത് ഞാനിനിയെങ്ങനെ നോക്കും?!’’
സ്വന്തം കണ്ണുനീർ തുടക്കാനായി പിച്ചണ്ടിപ്പരമനണ്ണൻ ഒന്ന് കത്തിതാഴ്ത്തിയ തക്കത്തിന്. പെട്ടെന്നെന്റെ രണ്ട് കൈയും ഉയർത്തി തൊഴുതു കൊണ്ട് ഞാൻ പറഞ്ഞു:
‘‘അണ്ണാ... സത്യമായിട്ടും ഞാൻ അങ്ങനെയൊന്നും ചിന്തിച്ചിരുന്നില്ല. ഇതുപോലെ ഒരു സംഭവകഥ എന്റെയൊര് കൂട്ടുകാരൻ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഈ കഥയ്ക്കൽപം എരിവും പുളിയും ആയിക്കോട്ടേന്ന് കരുതി ഞാനത് ഇതിൽ എഴുതിച്ചേർത്തതാ..!’’
കൺമുന്നിലൂടെ കത്തി വീണ്ടും എന്റെ നെഞ്ചിലേക്ക് കുത്തിയിറക്കാനായി തുനിഞ്ഞ് പിച്ചണ്ടിപ്പരമനണ്ണൻ കയർത്തു.
‘‘നിർത്തെടാ... നിന്റെ മോങ്ങല്! വാക്കി വായിക്കെടാ!!’’
പിന്നെയും ഞാൻ കഥയുടെ ബാക്കി വായിച്ച് തുടങ്ങി.
‘‘പിച്ചണ്ടിപ്പരമനെ ഇടക്ക് കൊറച്ച്നാൾ ഞങ്ങൾ യഥാർഥ പേര് വിളിച്ചിരുന്നു. അതാകട്ടെ, പട്ടാളം ഉണ്ണിയണ്ണനൊപ്പം വാറ്റ് ചാരായത്തിന് ടച്ചിങ്സിനായി പച്ചണ്ടി പറിച്ചെടുത്ത് അതിന്റെ കണ്ണ് കുത്തി പരിപ്പെടുക്കുന്ന നേരം അതീന്ന് കറ ചീറിത്തെറിച്ച് നെറ്റിയിൽ വീണു. പിച്ചണ്ടി അന്നേരമതത്ര കാര്യമാക്കിയില്ലെങ്കിലും രാവിലെ ഉറക്കമെഴുന്നേറ്റപ്പോ മൊതൽ വീട്ടുകാർ ‘പരമാ...’ന്ന പേരിന് പകരം ‘പരമേശ്വരാ...’ ന്ന് വിളിക്കാൻ തൊടങ്ങി. റോഡിലേക്ക് എറങ്ങിയപ്പോഴാകട്ടെ നാട്ടുകാര് ‘പിച്ചണ്ടി പരമേശ്വരൻ’ എന്ന് അടക്കം പറഞ്ഞു. ഭഗവാൻമുക്കിലെ പഞ്ചായത്ത് കെണറിന്റെ തൂണേലൊട്ടിച്ചിരുന്ന കണ്ണാടിയിലേക്ക് നോക്കിയപ്പോഴാണ് ശിവന്റെ അടഞ്ഞ മൂന്നാം കണ്ണ് പോലെ പിച്ചണ്ടിക്കറ വീണു പൊള്ളിനിക്കുന്നത് കണ്ടത്...’’
അങ്ങനെ അങ്ങനെ... അപ്രതീക്ഷിതമായ ഒര് ട്വിസ്റ്റോടെ കഥ അവസാനിച്ചു.
‘‘കഥ തീർന്നോടാ?’’
‘‘തീർന്നു!’’
ശേഷം ഞാൻ നിശ്ശബ്ദനാകുന്നതുകണ്ട് പിച്ചണ്ടിപ്പരമനണ്ണൻ അലറി.
‘‘ടാ... അവസാനം നീയെഴുതിയത് ചത്തുപോയ നിന്റെ തന്തവന്ന് വായിച്ചു തരുമോടാ?’’
ഒഴുക്ക് വെള്ളത്തിന്റെയും മനസ്സിന്റെയും കിടുങ്ങലോടെ ഞാൻ അതുകൂടി വായിക്കാൻ തുടങ്ങി.
‘‘കുറിപ്പ്,
‘പിച്ചണ്ടി’ എന്ന ഈ കഥ പ്രസിദ്ധീകരിച്ച് വന്നശേഷം എനിക്കുണ്ടായേക്കാവുന്ന ഏതെങ്കിലും വിധത്തിലുള്ള ആക്രമണങ്ങളോ പരിക്കോ മാനസിക പീഡനമോ അഥവാ മരണമോ സംഭവിക്കുകയാണെങ്കിൽ അതിന് ഒരേയൊരുത്തരവാദി ‘പിച്ചണ്ടി’, ‘പിച്ചണ്ടിപ്പരമൻ’ എന്നീ ഇരട്ടപ്പേരുകളിൽ അറിയപ്പെടുന്ന കിഴക്കേത്താഴതിൽ ശ്രീമാൻ ശങ്കരപ്പിള്ളയുടെ മകൻ പരമേശ്വരൻ പിള്ള മാത്രമായിരിക്കും.
എന്ന്
ശശിധരൻ പിള്ള. ബി (ഇളവൂർ ശശി)
തീയതി 12-06-2023
ഒപ്പ്...’’
പെട്ടെന്നാണ് ഫോൺ ശബ്ദിച്ചത്...
*
‘‘അയ്യോ... മോനെ ശശി, എഴുന്നേക്കെടാ!’’
എമർജൻസി ലൈറ്റിന്റെ തെളിച്ചത്തിൽ മൂത്ത ചേച്ചി മുന്നിൽ നിൽക്കുന്നു. പിന്നെ നോക്കിയപ്പോഴാണ് താനൊരു തൈ വാഴക്കുഴിയിൽ കിടക്കുകയാണെന്ന് ബോധ്യമായത്. തോട്ട് വരമ്പിലൂടെ നടക്കാൻ തുടങ്ങിയത് ഓർമയുണ്ട്, പിന്നെങ്ങെനെ!?
എന്റെ നെഞ്ചത്തിരുന്ന, നിവർത്തിയ വാർഷികപ്പതിപ്പ് മടക്കിവെച്ച് എന്നെ പിടിച്ചെഴുന്നേൽപിച്ച് ദേഹത്തെ തൊളിയും വെള്ളവും തട്ടിക്കളഞ്ഞുകൊണ്ട് ചേച്ചി ആശ്വാസം പൂണ്ടു.
‘‘കോൺക്രീറ്റിലെങ്ങാനും തലയിടിച്ചാ വീണിരുന്നെങ്കി..!’’
വാടിയ മുഖത്ത് ചിരി തെളിച്ചുകൊണ്ട് ചേച്ചി ഇങ്ങനെകൂടി പറഞ്ഞു:
‘‘നീ കൊണ്ടുവന്ന് തന്ന കഥ വായിച്ചു. കൊള്ളാം! നമ്മുടെ പിച്ചണ്ടിപ്പരമനെ കുറിച്ചുള്ള കഥയാണല്ലോ?! പറങ്കേണ്ടി മോഷണവും വെള്ളമടിച്ചിട്ട് പുഴുത്ത ചീത്ത വിളിയുമൊക്കെ ആണെന്നറിയാം. എങ്കിലും പിച്ചണ്ടിയിത്ര വൃത്തികെട്ടവനാണെന്നറിഞ്ഞില്ല! പിന്നെ, കഥ വായിച്ച സന്തോഷമറിയിക്കാനാ അപ്പതന്നെ നിന്നെ വിളിച്ചത്. പക്ഷേ... നീ ഫോണെടുത്തില്ല! അങ്ങനാ അമ്മേ വിളിച്ചത്. അപ്പോ, അമ്മ പറഞ്ഞു നീയവിടെ ചെന്നിട്ടില്ലെന്ന്! അതാ ഒടനെ ഷാഹിനേം വിളിച്ചോണ്ട് ഞാൻ തെരക്കിയെറങ്ങിയത്.’’
മങ്ങിപ്പോയ മുഖം പൊട്ടിച്ചിരിയാൽ വിടർത്തിക്കൊണ്ട് ചേച്ചി തുടർന്നു:
‘‘അവനില്ലാത്തത് നിന്റെ ഭാഗ്യം...!!!’’