പ്രകാശം പരത്താത്ത പെൺകുട്ടി
മൂന്നു രാത്രികള്‍... മൂന്നുപേര്‍... ജിത്തു ജോസഫ്, ബേസില്‍ ജോസഫ്, ടൊവിനോ തോമസ്... ദൈവമേ മൂന്നും ക്രിസ്ത്യാനികളായിപ്പോയല്ലോ. കൂട്ടത്തില്‍ ഭയപ്പെടുത്തിയത് ജിത്തുവാണ്. ജിത്തു ഒരു മേശക്കരികിലേക്ക് എന്നെ വിളിച്ചുവരുത്തുകയായിരുന്നു. കോര്‍പറേറ്റ് ചുവയുള്ള അന്തരീക്ഷം. ഞാനെടുത്ത ഫോട്ടോ എന്റെ അനുവാദമില്ലാതെ ഈ മാസികയില്‍ അച്ചടിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു. കോപ്പിറൈറ്റ്, റോയല്‍റ്റി... ഇതേപ്പറ്റിയൊക്കെ നിങ്ങള്‍ക്ക് എന്തറിയാം. കോടതി കയറണ്ട എന്നുണ്ടെങ്കില്‍...
Your Subscription Supports Independent Journalism
View Plansമൂന്നു രാത്രികള്‍... മൂന്നുപേര്‍... ജിത്തു ജോസഫ്, ബേസില്‍ ജോസഫ്, ടൊവിനോ തോമസ്... ദൈവമേ മൂന്നും ക്രിസ്ത്യാനികളായിപ്പോയല്ലോ. കൂട്ടത്തില്‍ ഭയപ്പെടുത്തിയത് ജിത്തുവാണ്. ജിത്തു ഒരു മേശക്കരികിലേക്ക് എന്നെ വിളിച്ചുവരുത്തുകയായിരുന്നു. കോര്‍പറേറ്റ് ചുവയുള്ള അന്തരീക്ഷം. ഞാനെടുത്ത ഫോട്ടോ എന്റെ അനുവാദമില്ലാതെ ഈ മാസികയില്‍ അച്ചടിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു. കോപ്പിറൈറ്റ്, റോയല്‍റ്റി... ഇതേപ്പറ്റിയൊക്കെ നിങ്ങള്‍ക്ക് എന്തറിയാം. കോടതി കയറണ്ട എന്നുണ്ടെങ്കില്‍ നാലുലക്ഷം രൂപക്ക് ഇതിവിടെ പരിഹരിക്കാം... ജിത്തു ദേഷ്യംകൊണ്ട് ചെറുതായി വിറയ്ക്കുന്നുണ്ട്. നിന്നനില്‍പ്പില്‍ ഞാന്‍ വിയര്‍ത്തുപോയി. ആ ഫോട്ടോ അതിനുള്ള മുതലൊന്നുമില്ലെന്ന് പരമാവധി സൗമ്യതയോടെയാണ് ഞാന്‍ പറഞ്ഞത്. എന്നിട്ടും അയാള്‍ അയഞ്ഞില്ല. മേല്‍ജീവനക്കാര്‍ മാത്രം ഇരിക്കാന്‍ സാധ്യതയുള്ള ചക്രക്കസേരയില്‍നിന്ന് ഒരു നിമിഷത്തെ നിശ്ശബ്ദതക്കുശേഷം അയാള്‍ മെല്ലെ എഴുന്നേറ്റു. കനത്ത മുഖം... ദേഷ്യത്താല്‍ ചുവന്ന കണ്ണുകള്‍. അതേ കസേരയിലേക്ക് കയറിയിരിക്കാന്‍ ഒരു താക്കീതെന്നപോലെ എന്നോട് ആംഗ്യംകാട്ടി. വലിയ കാറ്റിൽപെട്ട ഉണക്കമരത്തിന്റെ ചില്ലപോലെ ഞാന്‍ വിറച്ചു. സാഹചര്യത്തിന്റെ സമ്മര്‍ദം ഒന്ന് ലഘൂകരിക്കാനായി ചുവരിലെ ചിത്രത്തില്‍ ഞാന്‍ നോട്ടം തറപ്പിച്ചു. പഴക്കൂട കൈയിലേന്തിയ സുന്ദരി. പക്ഷേ, കണ്‍കോണുകളിലും ചുണ്ടിന്റെ വശങ്ങളിലും നെറ്റിക്ക് നടുവിലും കാണപ്പെടേണ്ട ചുളിവുകളെവിടെ... എവിടെ ജീവിതത്തിലറിഞ്ഞ ആനന്ദത്തിന്റെ അടയാളങ്ങള്‍... ആനന്ദമില്ലാത്ത സൗന്ദര്യംകൊണ്ട് ആര്‍ക്കെന്ത് കാര്യം... ആ ആനന്ദവരകളെവിടെ? സാമാന്യം മുഴക്കമുള്ളൊരു അലര്‍ച്ചയോടെ മറ്റരാസിയുടെ നെഞ്ചില്‍ സിദാന് എന്നപോലെ ഞാന്‍ ജിത്തുവുമായി കൊരുത്തു.
പിറ്റേന്ന് ടൊവിനോയും ഞാനും കണ്ടുമുട്ടിയതും അതേ മേശക്ക് ഇരുവശത്തുെവച്ചാണ്. ഒരു കോഫീഷോപ്പിന്റെ അന്തരീക്ഷമായിരുന്നു. എന്തിനാണ് അവിടെ ചെന്നുകയറിയത് എന്ന എന്റെതന്നെ ചോദ്യത്തിന് ഉത്തരംകിട്ടാതെ മിഴിച്ചിരിക്കുകയായിരുന്നു ഞാന്‍. പെട്ടെന്ന് മായാനദിയിലെ മാത്തന്റെ അതേ തൊപ്പിയുംെവച്ച് ടൊവിനോ കയറിവന്നു. നേരത്തേ പറഞ്ഞുറപ്പിച്ചപോലെ എനിക്കെതിരെ വന്നിരുന്നു. കുടിക്കാനെന്തെങ്കിലും പറഞ്ഞോ എന്ന് ചോദിച്ചപ്പോ ഞാനൊന്നും മിണ്ടാതിരുന്നത് സത്യത്തില്‍ ഒരു എത്തും പിടിയും കിട്ടാഞ്ഞിട്ടാണ്. പക്ഷേ, എത്താന്‍ വൈകിയതിനുള്ള എന്റെ പിണക്കമായാണ് ടൊവിനോ ആ നിശ്ശബ്ദതയെ കണ്ടത്. എന്റെ കൈയില്‍ മുറുകെ പിടിച്ച് ടൊവിനോ ഒരൊറ്റ കരച്ചില്. തലേരാത്രിയില്‍ ജിത്തുവിന് മുന്നില്‍ ഞാന്‍ ഒഴുക്കേണ്ടിയിരുന്ന കണ്ണീരാണ് ഇപ്പോള്‍ ടൊവിനോയുടെ മുഖം നനക്കുന്നതെന്ന് എനിക്ക് തോന്നി. കൈയിലെ പിടിത്തം മുറുകി. ഏങ്ങിക്കരച്ചിലിന്റെ താളത്തില്‍ മേശ അനങ്ങുകയും അതിന്റെ ഇല്ലാത്ത വിജാഗിരികള്‍ ഞരങ്ങുകയും ചെയ്തു. ചങ്ങാതികളൊക്കെ അകന്നുപോയെന്നും എല്ലാവരോടും ഇതിനുംമാത്രം ഞാനെന്ത് തെറ്റാ ചെയ്തത് കവീ എന്നും പറഞ്ഞായിരുന്നു കരച്ചില്. അപ്പോഴും ഞാന്‍ അതേ ഇരിപ്പായിരുന്നു. ഏതോ കോണില്‍ കണ്ണ് തറപ്പിച്ച് ഒട്ടുമേ മനസ്സലിവ് ഇല്ലാത്ത ഒരാളെപ്പോലെ. ടൊവിനോ കുറച്ചുനേരം കരഞ്ഞിട്ട് കണ്ണ് തുടച്ചു. അയാളുടെ മൂക്കും അടുത്തിടെ പറ്റെവടിച്ച മീശ ഒഴിഞ്ഞിടവും നന്നായി ചുവന്നിട്ടുണ്ട്... കൈയിലെ പിടിത്തം അഴിച്ചുകളഞ്ഞ് ടൊവിനോ ഇറങ്ങിപ്പോയി. ഞാന്‍ ഇരിപ്പ് തുടര്‍ന്നു. മരണത്തില്‍ തുറക്കപ്പെട്ടപോലെ കണ്ണുകള്‍ മുഖത്ത് കനത്തു.
ഇത്രത്തോളം സങ്കീര്‍ണമായിരുന്നില്ല ബേസിലുമായുള്ള കൂടിക്കാഴ്ച. സിങ്കപ്പൂര്‍ മാഞ്ചിയത്തില്‍ കൊത്തിയെടുത്ത കസേരയില്‍ മലര്‍ന്ന് കിടപ്പായിരുന്നു ഞാന്‍. ടൊവിനോയെയും ജിത്തുവിനെയും കണ്ടപ്പോഴുള്ള അതേ മേശ ഇവിടെയും ഉണ്ട്. ഞാന്‍ അതില്‍ കാല്നീട്ടിെവച്ച് കിടക്കുന്നു. ഒരു കിണ്ണം നിറയെ മിക്സ്ചര്‍ അരികില്‍ ഇരിപ്പുണ്ട്. അതിന്റെ എരിവില്‍ രസംപിടിച്ചുവന്നപ്പോഴാണ് ബേസില്‍ കയറിവന്നത്. അവന് ചാടിക്കയറി ആ മേശയിലിരുന്നു. ഒറ്റക്കാലുള്ള മേശ ഒന്നു വിറച്ചു. ഞാനെന്റെ കാല് താഴേക്കിട്ടു. ഒരു സംശയം ചോദിക്കാന്‍ വന്നതാണെന്നും പറഞ്ഞ് ബേസില്‍ മുന്നോട്ടാഞ്ഞ് കിണ്ണത്തില്‍ കൈയിട്ടു. എനിക്ക് ഈര്‍ഷ്യയൊന്നും തോന്നിയില്ല. രണ്ടാമതൊരുപിടി വാരിയെടുക്കാനുള്ള ആയത്തില്‍ മുഖം കനപ്പിച്ച് ബേസില്‍ ഒരൊറ്റ ചോദ്യം... എന്താണ് തീറ്റ..? വറുത്ത പച്ചമുളക് സഹിതം ഒരുപിടി മിക്സ്ചര്‍ ഞാന്‍ ഉറക്കെ ചവച്ചു... അതിനിടെ പിന്നാലെ വന്നു വിശദീകരണം... ഞാനുദ്ദേശിച്ച തീറ്റ ഈ തീറ്റയല്ല... സൈന്‍ തീറ്റയിലെ തീറ്റ... ഉണക്കപ്പച്ചമുളകില് കടിച്ച നീറ്റലില്‍ നാവ് പിടഞ്ഞ് എനിക്ക് ദേഷ്യംപിടിച്ചു... ദേ ബേസിലേ നിനക്ക് ക്ലാസ് മാറി. ഞാന്‍ സയന്സല്ല ഹ്യുമാനിറ്റീസാണെന്നും പറഞ്ഞ് എണീറ്റ് ഒറ്റപ്പോക്ക്. അകത്തുകയറി ജനലിലൂടെ എത്തിനോക്കിയപ്പോ കിണ്ണത്തിലെ മിക്സ്ചര്‍ വാരിവാരിത്തിന്ന് എന്റെ കസേരയില്‍ മലര്‍ന്നുകിടക്കുന്നു ബേസില്‍.
അടുത്തടുത്ത ദിവസങ്ങളില്‍ പുലര്‍ച്ചയോടടുത്ത നേരങ്ങളില്‍ ഞാന്‍ കണ്ട സ്വപ്നങ്ങളാണ് ഇതുമൂന്നും. ഉറക്കം മുടങ്ങിയെന്നു പറഞ്ഞാല്‍ മതിയല്ലോ. ജിത്തു ജോസഫില്‍ തുടങ്ങി ബേസിലില്‍ അവസാനിച്ച സ്വപ്നങ്ങളുടെ പരമ്പര. ഒടുവിലെ സ്വപ്നത്തോടെ കണ്ണുകള്‍ കാരമുള്ള് തറച്ചപോലെ കല്ലിച്ചു. മൂന്നു രാത്രികളിലായി മുടങ്ങിയ ഉറക്കത്തിന്റെ ക്ഷീണം കണ്ണിന്റെ തുഞ്ചത്ത് കൂടുകൂട്ടി. ഉറക്കമില്ലായ്മയുടെ ഭാരംപേറി തലച്ചോറ് വലഞ്ഞു. സ്റ്റിയറിങ് കൈയില്‍ പിടിച്ചാല്‍ ഒരുമാതിരിപ്പെട്ട ക്ഷീണമൊക്കെ മാഞ്ഞുപോകാറാണ് പതിവ്. പക്ഷേ, കയറ്റം കയറുമ്പോള്‍ കാറൊന്ന് വലിഞ്ഞു. എന്റെ ക്ഷീണം വണ്ടി ഏറ്റുവാങ്ങിയതുപോലെ. എവിടെയോ കുടുങ്ങിക്കിടക്കുന്ന മനസ്സിനെ പിടിച്ചുവലിച്ച് തന്നിലേക്ക് അടുപ്പിക്കാന്‍ ശരീരം നടത്തുന്ന വിഫലമായ ശ്രമത്തിന്റെ ഫലമാണ് ക്ഷീണം. മനസ്സും ശരീരവും തമ്മില്‍ ഇങ്ങനെയൊരു വിഷമയ ബന്ധം അപകടകരമാണ്.
എഫ്.എമ്മില്‍ ആര്.ജെ ഷിജു തൊണ്ണൂറുകളിലെ ഗൃഹാതുരത്വത്തെപ്പറ്റി വാചാലനാകുന്നുണ്ടായിരുന്നു. വഴിയിലെ കൂറ്റന്‍ മൊബൈല്‍ ടവറിലേക്ക് ഞാന്‍ സൂക്ഷിച്ചുനോക്കി. ട്രെസ്പാസേഴ്സ് വില്‍ ബി പ്രോസിക്യൂട്ടഡ് എന്ന ബോര്‍ഡ് തൂക്കി കുഞ്ഞുങ്ങളെ പേടിപ്പിച്ച ഓസ്കര് വൈല്‍ഡിന്റെ രാക്ഷസനെ ഓര്‍ത്തുപോയി. ആര്.ജെ. ഷിജു ഇടവേളയില്ലാതെ സംസാരം തുടരുകയാണ്. ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് ലാറയെപ്പറ്റിയാണ്. ഏത് ലാറ എന്ന് ഞാന്‍ സംശയിച്ചതും വളവു കടന്ന് വലത്തെ തിരിവില്‍ ഒരു വീട്. മുറ്റത്ത് സ്റ്റമ്പ് ഉറപ്പിച്ചിട്ടുണ്ട്. എത്തിനോക്കിയപ്പോള്‍ ചാണകം മെഴുകിയ ക്രീസില്‍ കണ്ടത് ലാറയുടെ ബാറ്റാകാം. അതിന് ഞാനിപ്പോള്‍ ട്രിനിഡാഡിലാണോ... കണ്ണൊന്ന് വെറുതെ അടച്ചു തുറന്നു. ഹേയ് മായക്കാഴ്ചയാണ്. പ്രശ്നം ഉറക്കത്തിന്റേതാണ്. ഇന്‍സോമ്നിയ... ഞാന്‍ ആഗ്രഹിക്കാതെതന്നെ ആ വാക്ക് ഓടിവന്നു. കുറച്ചുകൂടി മുന്നോട്ടു ചെന്നപ്പോള്‍ ഇടതുവശത്തെ തോട്ടില്‍ സുനി പട്ടിയെ കുളിപ്പിക്കുന്നു. ''സുനിയേ എന്തുണ്ടെഡേ വിശേഷം'' എന്ന് വണ്ടി നിര്‍ത്തി ചോദിക്കാന്‍ ആഞ്ഞതാണ്. അപ്പോള്‍ ദേ സുനി മാഞ്ഞു... അവന്റെ പട്ടിയും... മനസ്സ് സ്ഥലകാലബോധം കിട്ടാതെ ഉഴറി. സുനിയും പട്ടിയും ലാറയുടെ വീടും ഒന്നും ഈ വഴിയിലല്ല എന്ന് ഉള്ളിലിരുന്ന് ആരോ മുറുമുറുക്കുന്നുണ്ട്. ഉറക്കം ഒരു പിശാചു തന്നെ... ഉടക്കിയാല്‍ ആള് കുഴപ്പിക്കും... അല്ലെങ്കിൽതന്നെ ഇപ്പോ സുനിയെപ്പറ്റിയുള്ള ചിന്തക്ക് മുറി തുറന്നിടേണ്ട കാര്യമുണ്ടോ. സമയത്തിന്റെ വേഗം കൂട്ടുമെന്നല്ലാതെ അതുകൊണ്ടെന്ത് പ്രയോജനം. ഏതോ നാടകത്തിന് അണിഞ്ഞ വേഷംപോലെ അഴിച്ചുമാറ്റി അയയില്‍ തൂക്കിയതല്ലേ അവനെ ഒരിക്കല്‍. പൊടിപിടിച്ചും വെയില് കൊണ്ടും നനഞ്ഞ് പിഞ്ഞിയും ഇല്ലാതാകാനാണ് ആ തുണിയുടെ വിധി. കൈ സ്റ്റിയറിങ്ങില്‍ അമര്‍ന്നു... പിശാചിന്റെ കാഹളംപോലെ ഹോണ്‍. സത്യത്തില്‍ ഞാനിതെങ്ങോട്ടാ പോകുന്നത്... ഇതേതാ വഴി...
ഉയരം കൂടിയ റോഡില്‍നിന്ന് ഇറക്കത്തേക്ക് നോക്കുമ്പോള്‍ ഓളംതല്ലുന്ന ജലപ്പരപ്പ്. അതൊരു മരുപ്പച്ചയാണ്. നീന്തലറിയാത്തവന്‍ മുങ്ങിച്ചാവാന്‍ കൊതിതോന്നിപ്പിക്കുന്ന മായക്കാഴ്ച. എനിക്കാ മരുപ്പച്ചക്കിടയിലൂടെ ഉടല് നനച്ച് ഊളിയിടാന്‍ തോന്നി. മരുപ്പച്ചക്ക് നിഘണ്ടുവില്‍ 'തോന്നിച്ച'' എന്ന പേരായിരുന്നു വേണ്ടതെന്നും തോന്നി. ആ ജലരാശിയിലെ നനവാകെ വലിച്ചൂറ്റി ചീര്ത്തപോലെ അടിവയറ്റിലേതോ ഞരമ്പ് ഇളകി. പെട്ടെന്ന് വണ്ടി ചെന്നൊരു കുഴിയില്‍ പതുങ്ങി. എന്റെ നെഞ്ച് സ്റ്റിയറിങ്ങില്‍ തഞ്ചത്തിലൊന്ന് തട്ടി.
ആ ഞെട്ടലില്‍ കണ്ണ് തുറക്കുമ്പോള്‍ ടാറിന്റെ പാളികള്‍ ഇളകി അടര്‍ന്ന ഗട്ടറില്‍ ഇരിപ്പുണ്ട് ഞാന്‍. കുറച്ചു ദൂരെ മരത്തലപ്പുകള്‍ക്കു മുകളില്‍ രാക്ഷസന്റെ ഒറ്റക്കൊമ്പ്... ടവറിന്റെ മകുടം. ഞാനെന്നെ അടിമുടിയൊന്നു നോക്കി. ഇല്ല മുറിവും ചതവുമൊന്നുമില്ല. കാലുകള്‍ അനക്കി ഒടുവില്ല എന്നുറപ്പിച്ചു. പക്ഷേ, കൈകള്‍... അവ എന്തിലാണ് പിടിത്തം ഉറപ്പിച്ചിരിക്കുന്നത്. ചതുരാകൃതിയിലുള്ള ഒരു ഇരുമ്പ് പ്ലേറ്റ്. കെ. എല്‍. 45 ക്യു. 1018. ങേ ഈ നമ്പര്‍, ഇതെന്റെ കാറിന്റേതാണല്ലോ. സ്വിഫ്റ്റ് സെഡ് എക്സ് ഐ പ്ലസ്. ഫുള്‍ ഓപ്ഷന്... പക്ഷേ, വണ്ടിയെവിടെ. ഈ നമ്പര്‍പ്ലേറ്റ് എങ്ങനെ എന്റെ കൈയില്‍ വന്നു. വഴിയിലെങ്ങും ആരെയും കാണാനുമില്ല.
എനിക്ക് വണ്ടിയുണ്ടായിരുന്നു എന്നതിന് തെളിവായി നമ്പര്പ്ലേറ്റെങ്കിലും ഉണ്ടല്ലോ എന്ന ആശ്വാസത്തില്‍ ജീവനോടെ മുന്നോട്ടു നടന്നു. കുറേ ദൂരം നടന്നപ്പോള്‍ ഓഫീസിലേക്കുള്ള വഴി കണ്ടു. നേരേ െവച്ചുപിടിച്ചു. ഗേറ്റിനടുത്തെത്തിയപ്പോ മുന്നിലൊരു നീല ഷര്ട്ടുകാരന്. സൂരജാണ്. പഞ്ച് ചെയ്യാന്‍ അവന് തള്ളവിരല്‍ മെഷീനിലേക്ക് നീട്ടിയപ്പോ ഞാന്‍ ചെന്ന് കുറുകേ നിന്നു. ''എന്താ കവിതേച്ചീ... ങ്ങളെ കൈയിലെന്താ നമ്പര്‍പ്ലേറ്റ്.'' ഞാന്‍ അവന്റെ കൈയില്‍ പിടിച്ചുവലിച്ച് റിസപ്ഷനിലെ ബ്രൗണ്‍ നിറമുള്ള സോഫയുടെ അടുത്തേക്ക് ചെന്നു. ''ചേച്ചീ, ഞാന്‍ പഞ്ച് ചെയ്തിറ്റപ്പാ, ഇങ്ങക്കെന്താ പറ്റിയേ... അല്ലപ്പാ ഇങ്ങളെ കൈയില്‍ ഇത് ഏട്ന്നാ നമ്പര്‍ പ്ലേറ്റ്...'' അവന് ചോദിച്ചു.
നടന്ന കാര്യങ്ങള്‍ ഞാന്‍ വള്ളിപുള്ളി തെറ്റാതെ അവനോട് പറഞ്ഞു. ''അതിരിക്കട്ടെ, ഇന്ന് ഓഫ് എടുത്ത് വീട്ടീന്നിറങ്ങി ഏടത്തേക്കാ പോയേ...'' അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ക്ക് പേരുകേട്ട പത്രപ്രവര്‍ത്തകനാണ് സൂരജ്. അവന് കഴമ്പില്ലാത്ത ചോദ്യമൊന്നും ചോദിക്കാറില്ല. അതുപിന്നെ മാസികയുടെ നവരാത്രി സ്പെഷലിലേക്ക് മധുരപലഹാരങ്ങളെപ്പറ്റി ഒരു സ്റ്റോറി ഞാന്‍ ഏറ്റിരുന്നു. അതുണ്ടാക്കാന്‍ ഒരു പലഹാരമുത്തശ്ശിയെ കാണാന്‍ ഇറങ്ങിയതാ. ബ്രയന്‍ ലാറയും സുനിയും ലാബ്രഡോറും നിറഞ്ഞ കുഴപ്പിക്കുന്ന ദൃശ്യങ്ങളില്‍നിന്ന് മനസ്സ് സ്ഥിരബോധം വീണ്ടെടുത്തതില്‍ എനിക്ക് സന്തോഷം തോന്നി. ബോധത്തിലേക്ക് തിരികെ വരാന്‍ കാരണഹേതുവായ ചോദ്യം ചോദിച്ചതില്‍ എനിക്ക് സൂരജിനോട് അതിരറ്റ വാത്സല്യവും തോന്നാതിരുന്നില്ല. പക്ഷേ, എടാ എവിടെപ്പോയി എന്തിനുപോയി എന്നുള്ളതിലല്ല കാര്യം. എന്റെ വണ്ടി അതെവിടെപ്പോയി. നമ്പർേപ്ലറ്റ് വാങ്ങി സൂരജ് തിരിച്ചുംമറിച്ചും നോക്കി. അവന് സോഫയില്‍ എനിക്കരികിലേക്ക് നീങ്ങിയിരുന്നു.
''കവിതേച്ചീ, ഇക്കാര്യത്തില്‍ ങ്ങളെ സഹായിക്കാന്‍ പറ്റിയ ഒരാളേ ഇന്നീ ഭൂമി മലയാളത്തിലുള്ളൂ.''
ആര്? ഞാന്‍ ചോദിച്ചു.
പത്മനാഭന്... അല്ലാതാര്?
ഏത് തിരുവനന്തപുരത്തെ പപ്പനാവനോ... ഞാനറിയാതെ തൊഴുതുപോയി. എന്റെ കൂപ്പിയ കൈയിലേക്ക് നമ്പര്‍പ്ലേറ്റ് തിരികെെവച്ച് സൂരജ് സ്വരം താഴ്ത്തി. ''കവിതേച്ചി... നിങ്ങളൊരുമാതിരി... പത്മനാഭന് എന്നുവച്ചാ. ടി. പത്മനാഭന്.'' അവന് എന്നെ ചെറുതായൊന്ന് പുച്ഛിച്ചു.
അതിന് ഇത് മാജിക്കല്‍ റിയലിസമല്ലേ. ഏതെങ്കിലുമൊരു എഴുത്തുകാരന് ഈ പ്രശ്നം പരിഹരിക്കാന്‍ ആവതുണ്ടേല് അത് മാര്‍ക്കേസ് മാത്രമല്ലേ... ഞാനെന്റെ സാഹിത്യപരിജ്ഞാനം പുറത്തെടുത്തു.
''പഴുത്ത പേരക്കേടെ മണവും മഞ്ഞപ്പൂമ്പാറ്റയും പൊയക്കരയിലെ പ്രേതവും മാത്രല്ല മാജിക്കല്‍ റിയലിസം. അനുഭവങ്ങളാണ് എല്ലാം. നിങ്ങളെ മാര്‍ക്കേസിനേക്കാള്‍ പത്മനാഭന് അതുണ്ട്.'' അവന് ഒച്ചയുയര്‍ത്തി. ഞാന്‍ അടങ്ങി.
പക്ഷേ, സൂരജേ... തര്‍ക്കം അവിടെ മാറ്റിവെക്ക്. എഴുത്തുകാരന് പത്മനാഭനും അപ്രത്യക്ഷമായ കാറും തമ്മിലെന്ത് ബന്ധം എന്ന് പറ...
''ബന്ധൊക്കെയുണ്ട്... സൂരജിന്റെ മുഖം ഒരു കുറ്റാന്വേഷകനെപ്പോലെ കൂര്‍ത്തു. എഴുത്തുകാരുടെ ജീവിതത്തില്‍ ഇത്തരം അവിശ്വസനീയ സംഭവങ്ങള്‍ ധാരാളമുണ്ട്. പണ്ട് 'ജീവിതഭേരി'യില്‍ ട്രെയിനി ആയിരുന്ന കാലത്ത് എഡിറ്റര്‍ രാവുണ്ണി കോപ്പാത്ത് എനക്ക് ഒരു അസൈന്മെന്റ് തന്നു. കണ്ണൂരിലെ എഴുത്തുകാരുടെ ജീവിതത്തെപ്പറ്റി ഒരു പരമ്പര തയ്യാറാക്കാന്‍. ഞാന്‍ ഇറങ്ങിത്തിരിച്ചു. ലോകസാഹിത്യത്തെ വെല്ലുന്ന വെളിപാടുകളുമായാണ് ഞാന്‍ തിരിച്ച് ഓഫീസില്‍ കയറിയത്. അന്ന് ആ പരമ്പര എഴുതി പൂര്‍ത്തിയാക്കാന്‍ പറ്റിയില്ല. രാവുണ്ണിസാറ് സ്ട്രോക്ക് വന്ന് കിടപ്പിലായി. പിന്നെ പകരം വന്ന ഏമാനാണെങ്കി എന്നെ കണ്ണിന് കണ്ടൂടാ... യുക്തിക്ക് നിരക്കാത്തതൊന്നും എഴുതരുതെന്ന് അയാള്‍ പറഞ്ഞോണ്ടിരിക്കും. അവിടെപ്പിന്നെ എന്റെ പരമ്പരയ്ക്ക് എന്ത് പ്രസക്തി.
ഇവിടെ ചേര്‍ന്നേ പിന്നെ എന്റെ താൽപര്യം ക്രൈമില്‍ ആയി. അത് എന്തേലും ആട്ടെ. അന്ന് ഞാനറിഞ്ഞ ചിലകാര്യങ്ങള്‍ കവിതേച്ചിക്ക് പറഞ്ഞുതരാ. എം.എന്‍. വിജയന് മാഷിനെപ്പറ്റി ഒരു കഥയുണ്ട്. കണ്ണൂര്‍ പുള്ളീടെ വീട്ടില്‍ എന്നും അതിഥികള്‍ ഒരുപാട് കാണും. അക്കൂട്ടത്തില്‍ പ്രിയപ്പെട്ടവര്‍ ആരേലും വന്നാല്‍ മാഷ് ഓരെ വീടിന്റെ ഉള്ളിലേക്ക് കൂട്ടിക്കൊണ്ടോകും. ഓഫീസ് മുറിയില്‍ ഒരു ചില്ലലമാരയുണ്ട്. അതില്‍ നിറയെ അത്തറ് കുപ്പിപോലെ കൊച്ചു ഡപ്പികള്. നെറച്ചും ഹോമിയോ മരുന്ന്. മാഷ് അതെടുത്ത് കൊടുക്കും. ആ മരുന്ന് കഴിച്ച് കുറേപ്പേര്‍ക്ക് മാറാരോഗംപോലും ഭേദമായിട്ടുണ്ട്.
ഇനി അതിനേക്കാള്‍ ഞെട്ടിക്കുന്ന വേറൊന്ന് പറയാം. ഈ പുനത്തില്‍ കുഞ്ഞബ്ദുള്ളയില്ലേ, പുള്ളി ശരിക്കും ഒരു മനുഷ്യനല്ല പ്രസ്സാണെന്ന് വിശ്വസിച്ച ഒരാളെ ഞാന്‍ നേരിട്ട് കണ്ടു കണ്ണൂരുവച്ച്. സംഗതി കേട്ടാല്‍ ബഡായിയായി തോന്നും. പക്ഷേ, പച്ചപ്പരമാര്ഥമാ.'' സൂരജിന്റെ വിവരണം കേള്‍ക്കുന്നതിനിടെ താഴേക്ക് തെന്നിയ നമ്പര്‍പ്ലേറ്റിലുള്ള പിടി ഞാന്‍ മുറുക്കി.
കവിതേച്ചീ ഓഫീസ് സമയമാണ്. ഈടെ ഇരുന്നിറ്റിങ്ങനെ നേരം കളഞ്ഞിട്ട് ഒരുകാര്യൂല്ല. കേട്ടറിവ് ശരിയാണെങ്കില്‍ ടി. പത്മനാഭന് ഇതുപോലൊരു അനുഭവമുണ്ട്. ഇപ്പൊ എറങ്ങിയാ വൈകുന്നേരത്തിന് മുന്നേ അങ്ങെത്താം.
അങ്ങനെ സൂരജിന്റെ ബൈക്കിനു പിന്നില്‍ നമ്പര്‍പ്ലേറ്റുമായി ഞാന്‍ കയറി. വിയര്‍ത്തൊട്ടി ചെന്നു കയറുമ്പോ വരാന്തയില്‍ നില്‍പ്പുണ്ട് അദ്ദേഹം.
പ്രകാശം പരത്തുന്ന പെണ്കുട്ടിയല്ലേ... കണ്ടപാടേ അദ്ദേഹം എന്നോട് ചോദിച്ചു.
ഞാന്‍ അതെ എന്ന അര്‍ഥത്തില്‍ തലയാട്ടി. ഞാനെന്റെ വണ്ടിയുടെ ഹൈബീം ഫയര്ഹാക്ക് ബള്‍ബുകള്‍ ഓര്‍ത്തുപോയി. അതിന്റെ വെളിച്ചത്തില്‍ കുളിച്ച പുല്‍ത്തലപ്പുകളും ഞാനോര്‍ത്തു. അദ്ദേഹം പറഞ്ഞ വിശേഷണം എനിക്ക് ചേരും. നിഷേധിക്കാത്തതില്‍ തെറ്റില്ല തീര്‍ത്തും. ഞാന്‍ മനസ്സുകൊണ്ട് എന്നെ ന്യായീകരിച്ചു. പക്ഷേ, വെളിച്ചം ഊതിക്കെടുത്തി ഭൂതം ഇറങ്ങിപ്പോയ മാന്ത്രികവിളക്കല്ലേ ഞാന്‍ ഇപ്പോള്‍. കൈയിലിരുന്ന നമ്പര്‍പ്ലേറ്റിന്റെ കനം കാരണം അദ്ദേഹത്തോടുള്ള ബഹുമാനം കൈകൂപ്പി പ്രകടിപ്പിക്കാനാവാത്തതില് എനിക്ക് കുറ്റബോധം തോന്നി. അമിതവിനയം ശരാശരി മാനസികനിലയുള്ള മനുഷ്യര്‍ക്കുമാത്രം ഇണങ്ങുന്ന ഏര്‍പ്പാടാണല്ലോ... ഒഴിവായിപ്പോയ കൈകൂപ്പലിനെപ്പറ്റിയോര്ത്ത് വിഷമിക്കേണ്ട കാര്യമൊന്നുമില്ലെന്ന് സ്വയം സമാശ്വസിച്ചു.
കാറ് പോയി അല്ലേ... അദ്ദേഹത്തിന്റെ ഈ വാചകം എന്നെ ഞെട്ടിച്ചു. ഇപ്പോ എങ്ങനുണ്ട് കാര്യങ്ങള്‍ എന്നമട്ടില്‍ സൂരജില്‍ നിന്നൊരു നോട്ടം ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ, തിരിഞ്ഞുനോക്കിയപ്പോള്‍ അവന് അവിടെങ്ങുമില്ല. അല്ലെങ്കിലും എത്തേണ്ടിടത്ത് എത്തിച്ചശേഷം അപ്രത്യക്ഷരാകുന്ന മനുഷ്യരുടെ എണ്ണം എന്റെ ജീവിതത്തില്‍ കൂടുതലാണ്. എണ്ണപ്പെരുക്കംകൊണ്ടാണോ എന്തോ അവരുടെ മനഃശാസ്ത്രം എനിക്ക് ഇന്നേവരെ മനസ്സിലാക്കാനായിട്ടില്ല...
കയറി വാ... വഴിയുണ്ടാക്കാം എന്നുപറഞ്ഞ് അദ്ദേഹമെന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. മുറ്റത്തെ പുല്‍ത്തകിടിയില്‍ മറ്റ് ചലനങ്ങളോ ജീവന്റേതായ ലക്ഷണങ്ങളോ ഇല്ലാതെ നാവ് പുറത്തേക്കിട്ട് തുറിച്ചുനോക്കുന്നത് നായ്ക്കളോ യന്ത്രപ്പാവകളോ... പടിക്കെട്ടിനു വശത്തെ ചെമ്പരത്തിയില്‍ പടര്‍ന്നുകയറിയ കാച്ചില്വള്ളിയുടെ മുറുക്കം എന്റെ മനസ്സിനുമുണ്ടായി. ആ ചെമ്പരത്തിക്കായി ഞാന്‍ ആഴത്തില്‍ ശ്വാസം അകത്തേക്ക് വലിച്ചു. വേണ്ടാത്തിടത്ത് പടര്‍ന്നുകയറാന്‍ വേണ്ടി വള്ളിച്ചെടികളെ സൃഷ്ടിച്ച പ്രകൃതിയോടെനിക്ക് അലോസരം തോന്നി. തുറന്ന വരാന്തയിലെ പടികളില്‍ നിരത്തിെവച്ച സെറാമിക് ചട്ടികളില്‍ പൂവിട്ടു മടുക്കാത്ത ചെടികളുടെ തിക്കും തിരക്കും. പൂക്കള്‍ കണ്ണില്‍ തടഞ്ഞതോടെ എന്റെ ഭാവി അത്രയൊന്നും നിരാശാജനകമാകാന് ഇടയില്ലെന്ന തികച്ചും സാധാരണമായ മുന്‍വിധി ഒപ്പം കടന്നുകൂടി.
പരവതാനി വിരിച്ച വലിയ മുറി. മുറിയുടെ കോണില്‍ അവിടവിടെയായി പുരാവസ്തുക്കള്‍... ചുവരില്‍ തേന്‍മെഴുകില്‍ കടഞ്ഞെടുത്ത നര്‍ത്തകീ രൂപങ്ങള്‍. സാമാന്യത്തിലധികം ഒച്ചയോടെ കറങ്ങുന്നുണ്ട് ഫാന്‍. മുറിയില്‍ ചക്രപ്പിടിയുള്ള വലിയ ചാരുകസേരക്കരികിലെ ബുക്ക്ഷെല്ഫിലേക്ക് ഒന്നു നീട്ടിയാലെനിക്ക് കൈതൊടാം. പക്ഷേ, ഞാന്‍ തൊട്ടത് കണ്ണുകൊണ്ടാണ്. ആര്‍ത്തിയും ആസക്തിയും മറ്റേതൊരു ശരീരഭാഗത്തേക്കും മുന്നേ കണ്ണിലേക്ക് എയ്തുവിടുന്നതാണല്ലോ തലച്ചോറിന്റെ ശീലം. ഇരിക്ക് എന്ന ആംഗ്യം കണ്ടതും ഞാനിരുന്നു. ചൂടിക്കട്ടിലില്‍ എനിക്ക് അഭിമുഖമായി അദ്ദേഹവും. അരികിലെ മേശയില്‍നിന്ന് അദ്ദേഹം ഒരു പത്രം കൈയിലെടുത്തു. അതിന്റെ പുറംതാളുകള്‍ വിടര്‍ത്തി ശക്തിയില്‍ കുടഞ്ഞു.
സൂക്ഷിച്ചുനോക്കണം... അതൊരു താക്കീതായിരുന്നു.
ആ വലിയ പത്രക്കടലാസ് നാലും എട്ടും പന്ത്രണ്ടും ഒക്കെയായി എഴുത്തുകാരന് മടക്കിക്കൊണ്ടിരുന്നു. വണ്ടിയുടെ ക്ലച്ചും ബ്രേക്കും ആക്സിലറേറ്ററുമൊക്കെ വെറും ഏച്ചുകെട്ടലുകള്‍ മാത്രം. അതിന്റെ സത്യവും സ്വത്വവും നമ്പര്‍പ്ലേറ്റാണ്. ആ സ്ഥിതിക്ക് നിങ്ങള്‍ അസ്വസ്ഥതപ്പെടേണ്ടതില്ല. സംസാരത്തിനിടെ കൈയിലെ കടലാസില്‍ അദ്ദേഹം എന്തോ വിരിയിച്ചെടുക്കാന്‍ തുടങ്ങി. ഒറിഗാമി. എന്റെ തലക്ക് മുകളിലൂടെ സഡാക്കോവിന്റെ പറവകള്‍ ചിറകടിച്ചുതുടങ്ങി.
എനിക്കൊന്ന് മുഖം തുടച്ചാല്‍ കൊള്ളാമെന്നു തോന്നി. അധികശ്രദ്ധ പുലര്‍ത്തേണ്ട സാഹചര്യങ്ങളില്‍ ചൊറിച്ചിലായും തുമ്മലായും ആമാശയത്തിന്റെ ആന്തലായുമൊക്കെ ചില തോന്നലുകള്‍ സന്ദര്‍ഭത്തെ അലങ്കോലമാക്കി എന്നെ ധര്മസങ്കടത്തില് അകപ്പെടുത്താറുണ്ട്. ഇല്ല ഇത്തവണ ഞാന്‍ വിട്ടുകൊടുക്കില്ല. പക്ഷേ, ആ തീരുമാനത്തോടെ തോന്നലിനെ അകറ്റിനിര്‍ത്താനുള്ള ശ്രമങ്ങളിലേക്ക് ശ്രദ്ധ പാളി. ഞാന്‍ കീഴടങ്ങി... മുഖം തുടയ്ക്കാനെടുത്ത നിമിഷത്തിന്റെ ഖണ്ഡങ്ങളിലെപ്പോഴോ ഒറിഗാമിയുടെ മര്‍മപ്രധാനമായ ഘട്ടം കടന്നുപോയി. കാതലായതെന്തോ നഷ്ടപ്പെട്ട് വെറും ചണ്ടിയായിത്തീര്ന്ന കനിയായി ആ കല എനിക്കു മുന്നില്‍. ഏറിയാല്‍ ആറോ ഏഴോ മിനിറ്റ്. ആറേഴ് കാലുകളും ഇരുതലകളുമുള്ള ഒരു രൂപം ടി. പത്മനാഭന്റെ വിരലുകള്‍ക്കിടയില്‍ ചലിച്ചുതുടങ്ങി. ഞാനൊന്ന് സൂക്ഷിച്ചുനോക്കി...
ഉം... ഇങ്ങനെ... മറ്റൊരു പത്രക്കടലാസ് നിവര്‍ത്തി നീട്ടി അദ്ദേഹം അതുപോലെയൊന്ന് ഉണ്ടാക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. ഞാനെന്തു ചെയ്യാന്‍. ആ കടലാസ് കൈയില്‍ വാങ്ങി ഏറെനേരം പണിപ്പെട്ടിട്ടും എനിക്കതില്‍ ചുളിവുകള്‍ വരുത്താന്‍ മാത്രമേ കഴിഞ്ഞുള്ളൂ. കുറേ നേരത്തിനുശേഷം അദ്ദേഹം കടലാസ് എന്റെ കൈയില്‍നിന്ന് വാങ്ങി മുറിയുടെ മൂലയിലെ ചവറ്റുകൊട്ടയിലേക്ക് എറിഞ്ഞു. പിന്നെ മുറിയില്‍ കയറി വാതിലടച്ചു. പുറത്തേക്കുള്ള വാതില്‍ തുറന്നുകിടപ്പുണ്ട്. കുറേനേരം കാത്തിരുന്നശേഷം ഞാന്‍ നിലത്തുനിന്ന് നമ്പര്പ്ലേറ്റുമെടുത്ത് തിരിഞ്ഞുനോക്കാതെ പുറത്തേക്കിറങ്ങി. ഒട്ടുമേ പ്രകാശം പരത്താതെ ഇരുട്ടില്‍ തെരുവിലൂടെ മുന്നോട്ട്. ഈ ഇരുട്ടിനെന്തൊരു ചൂടാണ്.