ശബ്ദങ്ങൾ
സൂര്യനും ചന്ദ്രനും നക്ഷത്രസംഘങ്ങളും ഒരു കുന്നിനു മുകളിലുള്ള ആകാശത്തിലൂടെ നീങ്ങിപ്പോകുമ്പോള്‍ കാണാറുണ്ടായിരുന്ന കുഞ്ഞികൃഷ്ണന് എന്ന മനുഷ്യനെപ്പറ്റിയും ഇതേ കുന്നിന്റെ മുകളിലുള്ള ആകാശത്തിലൂടെ പറന്നുപോയ ഒരു പക്ഷിയെപ്പറ്റിയുമാണ് പ്രധാനമായും ഈ കഥ. കഥ ആരംഭിക്കും മുമ്പ് മുന്‍കൂട്ടി അറിഞ്ഞിരിക്കാന്‍ ചില വസ്തുതകള്‍ താഴെ ചേര്‍ക്കുന്നു: i. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു കാലത്തില്‍ ഉണ്ടായിരുന്ന കുന്ന്, മരങ്ങള്‍, മഴ പെയ്യുമ്പോള്‍...
Your Subscription Supports Independent Journalism
View Plansസൂര്യനും ചന്ദ്രനും നക്ഷത്രസംഘങ്ങളും ഒരു കുന്നിനു മുകളിലുള്ള ആകാശത്തിലൂടെ നീങ്ങിപ്പോകുമ്പോള്‍ കാണാറുണ്ടായിരുന്ന കുഞ്ഞികൃഷ്ണന് എന്ന മനുഷ്യനെപ്പറ്റിയും ഇതേ കുന്നിന്റെ മുകളിലുള്ള ആകാശത്തിലൂടെ പറന്നുപോയ ഒരു പക്ഷിയെപ്പറ്റിയുമാണ് പ്രധാനമായും ഈ കഥ. കഥ ആരംഭിക്കും മുമ്പ് മുന്‍കൂട്ടി അറിഞ്ഞിരിക്കാന്‍ ചില വസ്തുതകള്‍ താഴെ ചേര്‍ക്കുന്നു:
i. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു കാലത്തില്‍ ഉണ്ടായിരുന്ന കുന്ന്, മരങ്ങള്‍, മഴ പെയ്യുമ്പോള്‍ അവക്കിടയിലൂടെ വലുതായും മഴയില്ലാത്തപ്പോള്‍ ചെറുതായും ഒഴുകിക്കൊണ്ടിരുന്ന തോട് എന്നിവ ഉള്‍പ്പെട്ട ഒരു പരിസരത്തിലാണ് കുഞ്ഞികൃഷ്ണന് എന്നയാള്‍ ജീവിച്ചിരുന്നത്.
ii. കുഞ്ഞികൃഷ്ണന്റെ ജീവിത കാലയളവ് എത്രയെന്ന് വ്യക്തമല്ല. എന്നിരിക്കിലും ചില ചരിത്രസൂചനകളെ അടിസ്ഥാനമാക്കിയാല്‍ ഈ കഥയില്‍ പരാമര്‍ശിക്കപ്പെടുന്ന സംഭവങ്ങള്‍ നടക്കുമ്പോള്‍ അയാള്‍ക്ക് ഇരുപതിനോ മുപ്പതിനോ ഇടയില്‍ പ്രായമുണ്ടെന്ന് അനുമാനിക്കാവുന്നതാണ്. അയാളുടെ തൊലി ഇരുണ്ടും തലമുടി ചുരുണ്ടും നീണ്ടും ഇരുന്നു.
iii. കുഞ്ഞികൃഷ്ണനെ കൂടാതെ മറ്റൊരാള്‍കൂടി ഈ കഥയിലേക്ക് കയറിവരുന്നു. ആ ആള് എവിടെയോ ജീവിച്ചു. അനേകം ചരിത്രഗ്രന്ഥങ്ങള്‍ മറിച്ചുനോക്കിയിട്ടും അത് എവിടെയാണെന്നും ആ ആളുടെ പേരോ വിശദാംശങ്ങളോ എനിക്ക് കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല.
iv. ഒരു ഗ്രന്ഥത്തില്‍ ഇങ്ങനെ കണ്ടു;
കുഞ്ഞികൃഷ്ണന് ഒരു രാത്രിയില്‍ കുന്നിനു മുകളിലൂടെ അലക്ഷ്യമായി സഞ്ചരിച്ചു. പിന്നെ മരക്കൂട്ടങ്ങള്‍ തിങ്ങിനിന്ന ഒരു ചരിവിലേക്ക് ഏതോ ഒരു ആഗ്രഹത്തോടെ ഇറങ്ങിപ്പോയി. ഒരു നക്ഷത്രവെളിച്ചംപോലും ഇല്ലാതിരുന്ന ആ രാത്രി ഒരു കറുത്ത രാത്രി ആയിരുന്നു.
{കറുത്ത രാത്രികള്‍ക്ക് കാഴ്ചയെ തടസ്സപ്പെടുത്താനാവും എന്ന കാരണത്താലാവും മേല്‍ പരാമര്‍ശിതമായ കുന്നിലെ ആ ചരിവിനെയും അവിടെവെച്ച് ഉണ്ടായ കുഞ്ഞികൃഷ്ണന്റെ ആഗ്രഹത്തെയും സംബന്ധിച്ച ദൃശ്യങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ചരിത്രകാരന് രേഖപ്പെടുത്താന്‍ കഴിയാതെ പോയത്. ഇത് എന്റെ ഒരു അനുമാനമാണ്. പക്ഷേ, കറുത്ത രാത്രികളില്‍ കാഴ്ചയെ ബാധിക്കുന്ന തടസ്സം ശബ്ദങ്ങളുടെ കേള്‍വിക്ക് സംഭവിക്കാന്‍ സാധ്യതയില്ലാത്തതാണ്. അങ്ങനെയെങ്കില്‍ ആ ശബ്ദങ്ങള്‍..?}
ഞാന്‍ പിന്നെയും ആ ചരിത്രത്തിന്റെ താള് തുറന്നു. ചെവി കൂര്‍പ്പിച്ചുകൊണ്ട്. അപ്പോഴാണ് ആ പക്ഷിയുടെ ചിറകടിയൊച്ച കേട്ടത്.
കഥ ഇവിടെ ആരംഭിക്കുന്നു...
ഒന്ന്
കറുത്ത രാത്രിയിലൂടെ ആ ഒച്ച പറന്നു. കീഴെ കുഞ്ഞികൃഷ്ണന് നടക്കുന്നു...
കുറച്ചുകൂടി സൂക്ഷ്മമായി ചെവിയോര്‍ത്താല്‍ മരങ്ങള്‍ അനങ്ങുന്നതും അതിനനുസൃതമായി ഇലകള്‍ നിലത്തേക്ക് വീഴുന്നതും അവയില്‍ ചിലതിന്മേല് കുഞ്ഞികൃഷ്ണന്റെ കാലുകള്‍ അമരുന്നതും അറിയാന്‍ സാധിക്കും. കരിയിലകള്ക്കുമേലുള്ള കാലുകളുടെ ഒച്ച ധൃതിപിടിച്ചതാണ്. നടന്ന്/ചിലപ്പോള്‍ ഓടിയും അത് കുന്നിന്റെ ചരിവിലേക്കിറങ്ങി.
ഇവിടെ പ്രധാനപ്പെട്ട ഒരു വസ്തുത ഇരുട്ടു മൂടിയ ആ ചരിവില്‍ കുഞ്ഞികൃഷ്ണന് നിശ്ചലനായി എന്നതാണ്. (ഇത് പറയാനുള്ള കാരണം നിലത്ത് അഥവാ കരിയിലകളിലോ മറ്റോ കാലുകള്‍ കൂട്ടിയുരസുന്ന ശബ്ദം ഞാന്‍ കേള്‍ക്കാത്തതാണ്.) അക്ഷമയോടെ ഞാന്‍ കാതു കൂര്‍പ്പിച്ചു. മരങ്ങളില്‍ കാറ്റ് വീശിക്കൊണ്ടിരുന്നു. ഉണങ്ങിയ കമ്പുകള്‍ പൊട്ടി നിലത്തേക്ക് വീഴുന്നു.
കുഞ്ഞികൃഷ്ണന്റെ നിശ്ചലത സൃഷ്ടിച്ച ശബ്ദത്തിന്റെ ശൂന്യതയില്‍ എനിക്ക് പെട്ടെന്ന് പല വിചാരങ്ങളും ഉണര്‍ന്നു. അയാള്‍ നടത്തത്തിന്റെ അഥവാ ഓട്ടത്തിന്റെ ക്ഷീണത്തില്‍ എവിടെയെങ്കിലും ഇരുന്ന് ചിലപ്പോള്‍ കിടന്ന് വിശ്രമിക്കുകയാവും. ഇപ്രകാരം ഉണ്ടായ വിചാരം ഉറപ്പിക്കും മുമ്പാണ് മുകളില്‍ പാറിക്കൊണ്ടിരുന്ന പക്ഷിയുടെ ഒച്ചയിലേക്ക് എന്റെ ശ്രദ്ധ പ്രത്യേകമായി ചെന്നത്. ആ പക്ഷി ഇപ്പോഴും പാറുന്നുണ്ട്. എന്നാല്‍, ചിറകടികള്‍ നേര്‍ത്ത് നേര്‍ത്ത് അഥവാ അകന്നകന്ന് പോകുന്നു. പൂര്‍ണമായും ആ ഒച്ച എന്റെ കാതുകള്‍ക്ക് നഷ്ടപ്പെടും എന്നായപ്പോള്‍, ഞൊടിനേരത്തില്‍ അത് തിരിച്ചു പാറാന്‍ തുടങ്ങി. വളരെ അടുത്തെത്തി നിലത്തെ കരിയിലകളിലേക്ക് താണ് ചിറകുകള് പൂട്ടി. പിന്നെ ഞാന്‍ കേള്‍ക്കുന്നത് അത് എന്തോ കൊത്തിപ്പറിക്കുന്നതാണ്.
ഈ നിമിഷം ഒരു വല്ലാത്ത ഭയം എന്നെ ഗ്രസിച്ചു. ഇതിനു കാരണം ദൂരെയൊരിടത്ത് ജീവിച്ച കുര്യച്ചന് എന്ന ആളുടെ ജീവിതത്തിലുണ്ടായ നടുക്കുന്ന ഒരു സംഭവത്തിന്റെ ഓർമയാണ്. (കുര്യച്ചനെ എനിക്ക് നേരിട്ട് പരിചയമില്ല. ഒരു പത്രത്തില്‍ കണ്ട വാര്‍ത്ത മുഖേനയാണ് അറിയാവുന്നത്.)
‘ഒരു വൈകുന്നേരം കുര്യച്ചന് ഇറച്ചി വാങ്ങാനായി കുന്നിറങ്ങി അകലെയുള്ള മാര്‍ക്കറ്റിലേക്ക് പോയി. സന്ധ്യ പിന്നിട്ടിട്ടും മടങ്ങിയെത്താതായപ്പോള്‍ ഭാര്യയും സമീപവാസികളും ഇരുട്ടുമൂടിയ കുന്നിനുമുകളിലൂടെ റാന്തലുകള്‍ കത്തിച്ച് ഇദ്ദേഹത്തെ അന്വേഷിച്ച് നടന്നു. ഏറെനേരത്തെ തിരച്ചിലുകള്‍ക്കു ശേഷം കുര്യച്ചന്റെ ഭാര്യ പച്ചിലകളുടെ അഴിപോയ ഒരു പൊതിക്കകത്ത് ചിതറിക്കിടക്കുന്ന ഇറച്ചിക്കഷണങ്ങള്‍ കണ്ടുപിടിച്ചു. അടുത്ത നിമിഷം അവരുടെ നോട്ടം ചെന്നിടത്ത് പൂര്‍ണമായും മാംസം അഴിഞ്ഞുപോവാത്ത പിഞ്ഞിയ അസ്ഥികളും എല്ലുകളുമായ ഒരു രൂപം കിടക്കുന്നു. കുര്യച്ചന്റെ ഭാര്യ നിലവിളിച്ചുകൊണ്ട് ബോധംകെട്ടുവീണു. സമീപവാസികളില്‍ കുറച്ചുപേര്‍ ആ ബോധത്തെ ഉണര്‍ത്താന്‍ ശ്രമിച്ചും ബാക്കിയുള്ളവര്‍ സംഭവിച്ചതെന്ത് എന്ന പരിഭ്രാന്തിയില്‍, സൂക്ഷ്മദൃഷ്ടികളുമായി ആ ശവത്തെ നോക്കിയും നിന്നു. അവരുടെ തലക്കു മുകളില്‍ ഒരു മരം വളര്‍ന്നിരുന്നു. അതില്‍നിന്നും കൊഴുത്ത ദ്രാവകംപോലെ എന്തോ ഒന്ന് കീഴെ നില്‍ക്കുകയായിരുന്ന ഒരാളുടെ ദേഹത്തേക്ക് ചാടി. അയാള്‍ വിരലുകളില്‍ അത് പറ്റിച്ചെടുത്ത് പരിശോധിച്ചപ്പോള്‍ ചോര. അത് പിന്നെയും വീണു. അപ്പോള്‍ അവിടെ ഉണ്ടായിരുന്ന മുഴുവന്‍ റാന്തലുകളിലെയും വെളിച്ചം ആ മരത്തിന്റെ മുകളിലേക്ക് പ്രകാശിച്ചു. സമീപവാസികള്‍ കണ്ടു. ഇരുട്ട് പറ്റിപ്പിടിച്ച ചില്ലയിലൊരിടത്ത് ഒരു പക്ഷി ഇരിക്കുന്നു. ഒച്ചവെച്ച് അതിനെ പറത്താന്‍ ശ്രമിച്ചപ്പോള്‍ അതിന്റെ കൂര്‍ത്ത കൊക്കുകള്ക്കിടയില്നിന്നും ഒരു മാംസതുണ്ടം നിലത്തേക്ക് പറിഞ്ഞു. അതില്‍നിന്നും ചോരയൊലിക്കുന്നുണ്ടായിരുന്നു.’
കുഞ്ഞികൃഷ്ണന് ഇപ്പോഴും നിശ്ചലനാണ് എന്ന വസ്തുത കുര്യച്ചന്റെ മരണത്തെയും പക്ഷിയുടെ കൊത്തിപ്പറിക്കുന്ന ശബ്ദം, പിഞ്ഞിയ അസ്ഥികളും എല്ലുകളുമായ അയാളുടെ മൃതശരീരത്തെയും ഓർമിപ്പിക്കുന്നു. ഭീതിയോടെയും നെഞ്ചിടിപ്പോടെയും അവിടെ എന്ത് എന്നറിയാന്‍ ഞാന്‍ അക്ഷമനായി. അൽപം കഴിഞ്ഞപ്പോള്‍ മറ്റൊരു ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. അകലെനിന്ന് നടന്നുവരുന്ന മറ്റൊരു കാൽപ്പെരുമാറ്റം.
ഞാന്‍ പേടിച്ചുപോയി.
ഉഷ പിന്നില്‍ നില്ക്കുന്നു. മുറിയില്‍ അപ്പോള്‍ വെളിച്ചം കെടുത്തിയിരുന്നതിനാല് ഉഷയെ കണ്ടിരുന്നില്ല. ഇരുട്ടിനുള്ളില്നിന്നുകൊണ്ട് എന്നെ പിടിച്ചപ്പോഴാണ് ഉഷ ഉണ്ട് എന്നറിഞ്ഞത്.
‘‘ശ്... ശ്...’’ എന്റെ ശ്രദ്ധ പോവാതിരിക്കാനായി ഞാന്‍ മെല്ലെ പറഞ്ഞു. “ഉഷെ, ഞാന്‍ ചില ശബ്ദങ്ങള്‍ കേള്‍ക്കുകയാണ്. ഇനിയും കേള്‍ക്കാനുണ്ട്.”
ഉഷ അപ്പോള്‍ എന്തോ പറയാനായി മുതിര്‍ന്നു. ഞാന്‍ തിടുക്കപ്പെട്ട് അവളുടെ വായ പൊത്തിപ്പിടിച്ചു. എന്നിട്ട് എനിക്ക് കേള്‍ക്കാനുള്ള ശബ്ദങ്ങളിലേക്ക് പോയി.
മരങ്ങളിലെയും മറ്റും അനക്കങ്ങള്‍ തുടര്‍ന്നു. മുമ്പ് കേട്ട അകലെ നിന്ന് നടന്നുവരുകയായിരുന്ന കാലുകള്‍ ഇപ്പോള്‍ അടുത്താണ്. കരിയിലകളില്‍ കൈകള്‍ കുത്തി അപ്പോള്‍ ഒരാള്‍ എഴുന്നേറ്റെന്ന് തോന്നി. നിലത്ത് പടിഞ്ഞിരിക്കുമ്പോള്‍ ഉടുപ്പില്‍ പറ്റിപ്പിടിക്കാറുള്ള പൊടിയും മറ്റും തട്ടിക്കുടയുന്ന ശബ്ദം. 'കുഞ്ഞികൃഷ്ണന്.’ ഞാന്‍ ഊഹിച്ചു. പെട്ടെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. ഒരു സ്ത്രീ പതിഞ്ഞ ഒച്ചയില്‍ സംസാരിക്കുന്നു; “ഈ ഇരുട്ട്..! ആരും കണ്ടേക്കില്ല.”
കാറ്റിന്റെ ഉറച്ച ശീല്ക്കാരത്തിനിടയിലൂടെ ഒരു പുരുഷന്റെ ചിരി അപ്പോള്‍ മൃദുവായി പൊങ്ങി. താഴ്ന്നു.
സ്ത്രീ പറഞ്ഞു. ‘വേഗം.’ അവള് കിതയ്ക്കുന്നുണ്ടായിരുന്നു.
പുരുഷശബ്ദം ഒന്നുകൂടി ചിരിച്ചു. അത് എന്തോ വിളിച്ചുപറഞ്ഞു. എന്താണെന്ന് എനിക്ക് മനസ്സിലായില്ല. വിചിത്രപദഘടനയുള്ള ഏതോ വാക്യം.
ഞാന്‍ ശ്രദ്ധാലുവായി. കൊത്തിപ്പറിക്കുകയായിരുന്ന പക്ഷി ഇപ്പോള്‍ അത് ഉപേക്ഷിച്ച് ചിറകുകള് കുടയുന്നു. പിന്നെ പാറാന്‍ തുടങ്ങി. കീഴെ കുഞ്ഞികൃഷ്ണന്റേതല്ലാത്ത വേറെ ഒരാളുടെ കാലുകള്കൂടി നടക്കുന്നുണ്ട്.
ആ നടത്തം അനേകനേരം പിന്നിട്ടു. നടക്കുന്നവര്‍ ഒന്നും സംസാരിക്കുന്നില്ല. നീണ്ടുപോകുന്ന കാലടിയൊച്ചകള്, അതിനുമുകളില്‍ പറക്കുന്ന പക്ഷിയുടെ ചിറകടിശബ്ദം. ഇവയുടെ ആവര്‍ത്തനത്തില്‍ മടുത്തപ്പോഴാണ് പ്രധാനപ്പെട്ട ഒരു കാര്യം എന്റെ ശ്രദ്ധയില്‍പ്പെട്ടത്.
ഞാന്‍ പൊത്തിപ്പിടിച്ച ഉഷയുടെ വായ ഇപ്പോള്‍ എന്റെ കൈയിലില്ല.
ഉഷ ഇല്ല.
‘‘ഉഷെ...’’ ഞാന്‍ വിളിച്ചുനോക്കി.
ഉഷയെ കേള്‍ക്കുന്നില്ല.
ആ രാത്രിയില്‍ ഉഷയെ എനിക്ക് നഷ്ടപ്പെട്ടു.
രണ്ട്
എല്ലാ ഭര്ത്താക്കന്മാരെയുംപോലെ നഷ്ടപ്പെട്ടുപോയ ഭാര്യയെ തേടുക എന്നത് എന്റെയും കടമയാണെന്ന് തിരിച്ചറിവുണ്ടായ നിമിഷം കുഞ്ഞികൃഷ്ണന്, അയാള്‍ക്കൊപ്പം പോയ വേറെ രണ്ട് കാലുകള്‍, പക്ഷി എന്നിവയുടെ ശബ്ദങ്ങള്‍ ഉപേക്ഷിച്ച് ഉഷയെ അന്വേഷിക്കാനായി ഞാന്‍ ആ ചരിത്രത്തില്‍നിന്നും പുറത്തേക്കിറങ്ങി.
ലൈറ്റിട്ടു.
ഉഷ എന്നെ പിടിച്ചുറങ്ങുന്ന മുറിയിലേക്ക് നടന്നു. കിടക്കവിരികളില് തണുത്ത കാറ്റ് ഇളകുന്നു. അവള് ഉണ്ടായിരുന്നെങ്കില്‍ മിക്കവാറും ആ കാറ്റ് അവളുടെ വസ്ത്രത്തിന്റെ തുമ്പുകളിലായിരിക്കും പിടിച്ചിരിക്കുക. എവിടേക്കോ കൂട്ടിെക്കാണ്ടുപോകാനായി വലിക്കുന്നതുപോലെ. ഉഷ എന്നെ മുറുക്കിപ്പിടിക്കാറുള്ളത് ഞാനോർമിച്ചു.
‘എന്റെ ഭാര്യ’ ആ അസ്വസ്ഥത എന്നെ വരിഞ്ഞുമുറുക്കി. ഞാന്‍ സന്ദീപനെ (എന്റെ ഉറ്റ ചങ്ങാതിയാണ്) ഫോണില്‍ വിളിച്ചുപറഞ്ഞു; “സന്ദീപാ... എന്റെ ഭാര്യയെ നഷ്ടപ്പെട്ടു.”
അവന് എന്തോ അത്ഭുതം കേട്ടതുപോലെ ഒരുനിമിഷം നിശ്ശബ്ദനായി. പിന്നെ ചോദിച്ചു; “നീ എല്ലായിടത്തും ശെരിക്കും നോക്കിയോ?”
“നോക്കി.” ഞാന്‍ തീര്‍ച്ചപ്പെടുത്തി. “കട്ടിലില്‍, അടുക്കളയില്‍, കുളിമുറിയില്‍... എല്ലായിടത്തും.” അത് പറയുമ്പോള്‍ ജനാലയിലൂടെ പുറത്തുണ്ടായിരുന്ന ഇരുട്ടിലേക്കും ഞാന്‍ കണ്ണുകള്‍ മിഴിച്ചു.
“നീ വിഷമിക്കാതിരി. ഞാന്‍ ഉടനെ വരാം. നമുക്ക് ഒരുമിച്ച് ഉഷയെ തിരയാം. നീ പറ്റുംപോലെ ഒന്നുകൂടൊന്ന് നോക്ക്.” സന്ദീപന്‍ എന്നെ സമാധാനിപ്പിച്ചു. ശേഷം ഇവിടേക്ക് വരാനായി ഫോണ്‍ വെച്ചു.
അവന് താമസിക്കുന്നത് ഇരുപത്തിരണ്ട് കിലോമീറ്റര്‍ അപ്പുറത്ത് വാഹനങ്ങള്‍ തിരക്കിട്ട് പായുന്ന ഒരു നഗരത്തിന്റെ ഉള്ളിലാണ്. ട്രാഫിക്കിലൂടെ കാറോടിച്ച് ഇവിടെയെത്താന്‍ ഒരു മണിക്കൂറെങ്കിലും എടുക്കും. അവനെത്തും വരെയും എനിക്ക് ഒറ്റക്ക് നോക്കാവുന്നിടങ്ങളിലൊക്കെ ഞാന്‍ ഉഷയെ അന്വേഷിച്ചുകൊണ്ടിരുന്നു. എവിടെയും അവളില്ല. അവശതയോടെ ഞാന്‍ കട്ടിലില്‍ ചെന്നിരുന്നു.
ജനാലയിലൂടെ അപ്പോള്‍ കട്ടിലിലെ വിരിപ്പുകളിലേക്ക് കാറ്റ് കയറിവന്നു. അത് ഇറങ്ങിപ്പോയി.
പെട്ടെന്നാണ്...
മൂന്നാല് വര്‍ഷം മുമ്പ് വായിച്ച പുസ്തകത്തിലുള്ള (ഞാനത് പേക്ഷ, പൂര്‍ത്തിയാക്കിയിരുന്നില്ല) ഒരു സംഭവത്തിന്റെ ഓർമ (അതും ഭാഗികമായിരുന്നു) ഒരു മിന്നല്‍പോലെ എന്റെയുള്ളില്‍ കത്തിയത്. അത് ഒരു സ്ത്രീയുടെ കാണാതാകലുമായി ബന്ധപ്പെട്ടതായിരുന്നു. ആ ഓർമയുടെ വ്യക്തതക്കുവേണ്ടി ഉഷയെ കണ്ടെത്താനുള്ള വ്യഗ്രമായ മനസ്സുമായി എന്റെ ഷെല്‍ഫിന്റെ റാക്കുകളില്‍ ഞാന്‍ ആ പുസ്തകത്തിനായി പരതി.
ജീവചരിത്രകാരനായ ജോര്‍ജ് ക്ലീവസ്, നിക്കോളോ എല്‍വിസ് എന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ ജീവിതകഥ എഴുതിയപ്പോള്‍ മരിയ ഇര്വാനീസ് എന്ന സ്ത്രീയെക്കുറിച്ച് പരാമര്‍ശിച്ച ഏതാനും വിവരണങ്ങളായിരുന്നു അത്. ഞാന്‍ ധൃതിയില്‍ പേജുകള്‍ മറിച്ചു.
അധ്യായം നാലില്‍ (പേജ് നമ്പര്‍ 126-129) ജോര്‍ജ് ക്ലീവസ് എഴുതിയിരിക്കുന്നു;
________________
‘മരിയ ഇര്വാനീസിനെ കാറ്റ് പിടിച്ചുകൊണ്ടുപോയതാണ്.’
മരിയയുടെ കാണാതാകലിനു പിന്നിലെ നിഗൂഢമായ ഈ സത്യം നിക്കോളോ എല്‍വിസ് കണ്ടെത്തിയത് അവളെ നഷ്ടപ്പെട്ട് മാസങ്ങള്‍ കഴിഞ്ഞാണ്. അതുവരെയും മുമ്പ് അന്വേഷിച്ച ബാക്കിയെല്ലാ കേസുകളിലുമെന്നപോലെ അയാള്‍ വ്യക്തിമനസ്സുകള്‍ എന്ന ദുര്‍ഘടവും എത്തിപ്പെടാന്‍ ക്ലേശകരവുമായ സ്ഥലങ്ങളിലാണ് അവളെ തിരഞ്ഞുകൊണ്ടിരുന്നത്. പൂർവകാലങ്ങളില്‍ മരിയയോട് പ്രേമാഭ്യർഥന നടത്തിയവര്‍, ഭര്‍ത്താവായ ഇര്വാനീസിനോട് ശത്രുതയിലായിരുന്ന ചിലര്‍, ആ ദേശത്ത് തുടര്‍ച്ചയായി ആറ് കൊലപാതകങ്ങള്‍ നടത്തി ജയില്‍ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ രക്ഷപ്പെട്ടുപോവുകയും എന്നാല്‍ മരിയയെ കാണാതായതിനുശേഷം പിടിക്കപ്പെടുകയും ചെയ്ത ഉന്മാദചിത്തനായ ഒരു കുറ്റവാളി മുതലായവര്‍ നിക്കോളോ മരിയയെ തിരഞ്ഞുചെന്ന അനേകം പേരില്‍ ഉള്‍പ്പെടുന്നു. അന്വേഷണങ്ങളില്‍ സാധാരണവും അസാധാരണവുമായി ഉപയോഗിക്കപ്പെടുന്ന പ്രയോഗമുറകളിലൂടെ ഇവരാരും അവളുടെ കാണാതാകലിന്റെ കാരണങ്ങളല്ലെന്ന് തെളിഞ്ഞു.
അന്ന് രാത്രി നിക്കോളോ അന്വേഷണം ഇനി ഏതുവഴിക്ക് ആവണമെന്ന കഠിനമായ ആലോചനയും പേറി വീടിന്റെ മട്ടുപ്ലാവിലൂടെ കുറേനേരം നടന്നു. ശേഷം ഉറങ്ങാനായി കട്ടിലിലേക്ക് പോയി.
കിടന്നുകഴിഞ്ഞ് വളരെ പതുക്കെ മാത്രം നിദ്രയിലാഴാറുള്ള അയാളെ പതിവിനു വിപരീതമായി അന്ന് ഉറക്കം കിടന്നപാടെ കൂട്ടിക്കൊണ്ടുപോയി (ഇങ്ങനെ സംഭവിച്ചത് ആ അത്ഭുതം നടപ്പാകുന്നതിനു വേണ്ടിയെന്ന് ഈ ഗ്രന്ഥകാരന് വിശ്വസിക്കുന്നു). നിക്കോളോയുടെ അടഞ്ഞ കണ്ണുകള്‍ക്കുള്ളില്‍, മരിയയെ നഷ്ടപ്പെടും മുമ്പുള്ള കാലത്തിലെ ഏതാനും സമയങ്ങള്‍ അത്ഭുതകരമായി ആവര്‍ത്തിച്ചു.
മരിയ അപ്പോള്‍ തന്റെ (ഇര്വാനീസിന്റെയും) കിടപ്പുമുറിയില്‍ രാത്രിയുടെ അർധയാമം പിന്നിട്ടിട്ടും ഉണര്‍ന്നുകിടക്കുകയായിരുന്നു. അവളുടെ ഉടലില്‍നിന്നും കുപ്പായം പകുതിയോളം ഊര്‍ന്ന് സ്ഥാനം മാറിയായിരുന്നു കിടന്നിരുന്നത്. ഭര്‍ത്താവ് ഇര്വാനീസ് ആ മുറിയിലൊരിടത്തും ഇല്ല. നിക്കോളോയുടെ അടഞ്ഞ കണ്ണുകള്‍ക്കുള്ളില്‍ മരിയയെ നഷ്ടപ്പെടും മുമ്പുള്ള കാലം പുനരാവര്‍ത്തിച്ചത് ഇവിടം മുതലായതിനാല്‍ ഇര്വാനീസിന്റെ അസാന്നിധ്യത്തെ സംബന്ധിച്ച സൂചനകളൊന്നും അപ്പോള്‍ വെളിപ്പെട്ടിരുന്നില്ല.
മരിയ കട്ടിലില്‍നിന്നും എഴുന്നേറ്റ് ചെന്ന് തുറന്ന ജനാലയിലൂടെ ആരെയോ കാണാന്‍ ശ്രമിച്ചു. പുറത്തെ ഇരുട്ട് കാഴ്ചയെ അസാധ്യമാക്കിയിരുന്നു. രാപ്പക്ഷികളുടെയും ചുമരില്‍ ചാക്രികമായി ഓടിക്കൊണ്ടിരുന്ന സമയസൂചികളുടെയും (12.30 എന്ന സമയത്തിലേക്കാണ് അത് ചൂണ്ടിയിരുന്നത്) ശബ്ദങ്ങളല്ലാതെ മറ്റൊന്നും അപ്പോള്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല.
കുറച്ചുകഴിഞ്ഞപ്പോള്‍ ജനാലക്കരികില്‍ നിന്നിരുന്ന അവളിലേക്ക് ഒരു തീക്ഷ്ണഭാവം ആവേശിക്കപ്പെട്ടു. ആ നിമിഷത്തിലാണ്, അല്ലെങ്കില്‍ അതിനു തൊട്ടുമുമ്പ് അതുവരെയും ഇല്ലാതിരുന്ന ഒരു കാറ്റ് മുറിയിലേക്ക് പറന്നുകയറിയത്. തുറന്ന മുറിയെ മൂടിക്കൊണ്ട് ജനാല അപ്പോള്‍ ശക്തിയായി അടഞ്ഞു. മരിയയുടെ കുപ്പായം നിലത്തേക്ക് അഴിഞ്ഞുവീണു. അവള് അപ്പോള്‍ മന്ദഹസിക്കുകയായിരുന്നോ കരയുകയായിരുന്നോ എന്നത് ഈ ദൃശ്യങ്ങള്‍ക്ക് സാക്ഷിയായ നിക്കോളക്ക് അവ്യക്തതയുണ്ട്. എന്നിരുന്നാലും അവിടെ എരിഞ്ഞുകൊണ്ടിരുന്ന വിളക്ക് കെടും മുമ്പ് കെടാറായ അതിന്റെ ക്ഷണനേരത്തെ പ്രകാശത്തില്‍ നിക്കോളക്ക് വ്യക്തമായ ഒന്നുണ്ട്. ജനാലക്കമ്പികളില്‍ വിരലുകള്‍ കൊരുത്തുനിന്ന മരിയ അവിടെനിന്നും ആ ഇരുട്ടിനുള്ളിലേക്ക് സ്വമേധയാ നടന്ന് അപ്രത്യക്ഷയാവുകയല്ല. മറ്റൊരു ശക്തി ചലിപ്പിക്കുന്നതോ പിടിച്ചുകൊണ്ടുപോകുന്നതോപോലെയായിരുന്നു അവളുടെ ശരീരം നീങ്ങിയത്.
നിക്കോളോയുടെ അടഞ്ഞ കണ്ണുകള്‍ക്കുള്ളില്‍ ആ കാലം പിന്നീട് ഇരുട്ടില്‍ അലിഞ്ഞുപോയി. അയാള്‍ കണ്ണുകള്‍ തുറന്ന് എഴുന്നേറ്റു.
‘നിദ്രയില്‍ ആഴവേ നാം വേറെ എവിടെയോ ഉണര്‍ന്നിരിക്കുകയാണ്.’
റ്റ്ലോണിയന്* തത്ത്വചിന്തകളിലൊന്നായ ഈ പരാമര്‍ശത്തെ സാധൂകരിക്കുന്നതാണ് തന്റെ അടഞ്ഞ കണ്ണുകള്‍ക്കുള്ളില്‍ ആവര്‍ത്തിക്കപ്പെട്ട ആ കാലം എന്ന് നിക്കോളോ തിരിച്ചറിഞ്ഞു. നിദ്രയിലാകെ താന്‍ മരിയ ഇര്വാനീസിനെ കാണാതാകുന്നതിന് തൊട്ടുമുമ്പുള്ള കാലത്തിലേക്കാണ് ഉണര്‍ന്നത്. ഇവിടെ മിക്കവരും തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ള ഒരു കാര്യം ഈ കാലം നിക്കോളോയുടെ അയഥാർഥമായ സ്വപ്നമായിരിക്കാം എന്നതാണ്. നിക്കോളോയിലും ഈ സംശയം തന്നെയായിരുന്നു ബലപ്പെട്ടിരുന്നത്. അതിനാലാണ് അത് ഉറപ്പിക്കുവാനായി പിറ്റേന്ന് പുലര്‍ച്ചയില്‍ അയാള്‍ ആദ്യമായി മരിയയുടെ കിടപ്പുമുറി അന്വേഷിച്ച് പോയത്.
നേരില്‍ ഇതുവരെയും തന്റെ ശരീരം കയറിച്ചെന്നിട്ടില്ലാത്ത ആ മുറിയിലേക്ക് പ്രവേശിച്ച് അതിന്റെ ദീര്ഘചതുരാകൃതിയിലേക്കും മഞ്ഞനിറം പൂശിയ ചുമരുകളിലേക്കും നോക്കി നിക്കോളോ ആ അത്ഭുതത്തെ ഉറപ്പിച്ചു. ചുമരില്‍ തൂക്കിയിട്ടിരുന്ന ഘടികാരം, കിടക്കമേല്‍ വിരിച്ചിരുന്ന മഞ്ഞപ്പൂക്കളുടെ ചിത്രത്തുന്നലുള്ള വിരിപ്പ്, മേശക്ക് മുകളില്‍ വെച്ചിരുന്ന വിളക്ക് (ഇപ്പോള്‍ അതിന്റെ തിരി അണഞ്ഞിട്ടാണെങ്കിലും അന്ന് പ്രകാശിക്കുന്നുണ്ടായിരുന്നു) ഇവയെല്ലാം, നിദ്രയിലാകെ തന്റെ അടഞ്ഞ കണ്ണുകള്‍ക്കുള്ളില്‍ ഉണ്ടായിരുന്ന ആ കാലത്തിലേതുതന്നെ.
പ്രപഞ്ചത്തെയും പ്രപഞ്ച ചരിത്രത്തെയും പറ്റി പ്രചരിക്കപ്പെട്ട നിഗൂഢവും അതിഭൗതികവുമായ താൽപര്യങ്ങളില് വിശ്വാസം പുലര്‍ത്താതിരുന്ന നിക്കോളോ തനിക്കുണ്ടായ ഈ അത്ഭുതാനുഭവത്തിന്റെ തെളിച്ചത്തില്‍ ഒരു സത്യം മനസ്സിലാക്കി. ഒരു ദാര്‍ശനികന്റെ ചിന്താഭാരത്തോടെ ആ സത്യം കാലത്തെ സംബന്ധിക്കുന്ന ഒരു തത്ത്വമായി അയാള്‍ തന്റെ ഡയറിയില്‍ ഇങ്ങനെ എഴുതിവെച്ചു;
‘കാലം എന്നോ കഴിഞ്ഞുപോയെന്നും അതിനാല്‍ നമ്മുടെ ജീവിതം വീണ്ടെടുക്കാനാവാത്ത പ്രക്രിയകളുടെ, നിസ്സംശയമായും വികലവും ശകലിതവുമായ, അവ്യക്തമായ ഓർമയോ പ്രതിഫലനമോ ആണെന്നും’ ഉള്ള റ്റ്ലോണിലെ ദര്‍ശനധാരയില്‍ ഇപ്പോള്‍ എനിക്ക് വിശ്വാസമുണ്ടായിരിക്കുന്നു. എന്നാല്‍ ആ ചിന്തയെ പൂര്‍ത്തീകരിക്കുന്ന ഒരു സത്യംകൂടിയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു.
‘കഴിഞ്ഞുപോയ കാലം അഥവാ മനുഷ്യന്റെ വീണ്ടെടുക്കാനാവാത്ത പ്രക്രിയകളുടെ ഓർമയോ പ്രതിഫലനമോ ഒരിക്കല്‍മാത്രം സംഭവിക്കുകയല്ല. നിദ്രയിലാകവെ ആരുടെയൊക്കെയോ അടഞ്ഞ കണ്ണുകള്‍ക്കുള്ളില്‍ അത് ആവര്‍ത്തിക്കുന്നു. ഭൂതകാലം അതിനാല്‍ വീണ്ടും സംഭവിക്കുന്ന/ ആവര്‍ത്തിക്കുന്ന വര്‍ത്തമാനകാലം തന്നെയാണ്.’
എട്ടുമാസം മുമ്പുള്ള (കൃത്യമായി പറഞ്ഞാല്‍ ജൂണ്‍ 24ാം തീയതി) ഒരു രാത്രിയിലാണ് മരിയ ഇര്വാനീസിനെ കാണാതായത്. മേല്‍സൂചിപ്പിച്ച തത്ത്വത്തെ അടിസ്ഥാനമാക്കിയാല്‍ എന്നോ കഴിഞ്ഞുപോയ കാലത്തിലെ വീണ്ടെടുക്കാനാവാത്ത പ്രക്രിയയാണ് മരിയയെ കാണാതാവുക എന്നത്. ഇതിന്റെ ഓർമയോ പ്രതിഫലനമോ ആണ് എട്ടു മാസം മുമ്പ് അതായത് ജൂണ്‍ 24ാം തീയതി സംഭവിച്ചത്. വിചിത്രമായ സത്യം എട്ടുമാസം മുമ്പുള്ള ആ രാത്രി ഇന്നലെയും ആയിരുന്നു.
നിക്കോളോ വിചാരിച്ചു; നിദ്രയിലേക്ക് പോയാല്‍, തന്റെ അടഞ്ഞ കണ്ണുകള്‍ക്കുള്ളില്‍ മരിയയെ കാണാതാവുന്നതിന് തൊട്ടുമുമ്പുള്ള കാലം ആവര്ത്തിക്കപ്പെട്ടതുപോലെ അവളെ കാണാതായതിനു ശേഷമുള്ള കാലവും (അവളടങ്ങുന്ന ദൃശ്യങ്ങള്‍ ഉള്‍ക്കൊണ്ടത്) ആവര്‍ത്തിക്കപ്പെട്ടേക്കും. അപ്രകാരത്തില്‍ വെളിപ്പെടുന്ന സൂചനകളിലൂടെ തനിക്ക് മരിയയുടെ കാണാതാകലിന്റെ കാരണം കണ്ടുപിടിക്കാന്‍ കഴിയും.
അയാള്‍ ഉറക്കം ആഗ്രഹിച്ചുകിടന്നു.
നിദ്രാവിഹീനമായിരുന്നു മൂന്ന് രാത്രികള്‍. പിന്നീടുണ്ടായ രാത്രികളില്‍ നിക്കോളക്ക് ഉറങ്ങാന്‍ സാധിച്ചുവെങ്കിലും മിക്കപ്പോഴും അയാളുടെ അടഞ്ഞ കണ്ണുകള്‍ക്കകം വെളിച്ചവും വസ്തുക്കളും ജീവിതങ്ങളും ഉണ്ടാകുന്നതിന് മുമ്പുള്ള പ്രപഞ്ചത്തിലെ ശൂന്യതപോലെ ഇരുട്ട് മൂടിക്കിടന്നു. ചിലപ്പോഴൊക്കെ അവ്യക്തമായി കാലം ആ കണ്ണുകള്‍ക്കുള്ളില്‍ സംഭവിച്ചിരുന്നെങ്കിലും അതില്‍ ദൃശ്യപ്പെട്ട മുഖങ്ങളും കാഴ്ചകളും അയാള്‍ക്ക് അപരിചിതങ്ങളായിരുന്നു.
തന്റെ ദൗത്യം ഈ വിധം നിഷ്ഫലമാകുന്നതിന്റെ നിരാശയില്‍ നിക്കോളോ ഉറക്കം ഉപേക്ഷിച്ച് മരിയയെ കണ്ടുപിടിക്കാന്‍ മറ്റ് പല മാർഗങ്ങളും ആലോചിച്ചു.
ഒരുനാള്‍ അയാള്‍ ഇര്വാനീസിന്റെ വീട്ടിലേക്ക് കയറിച്ചെന്നു. അപ്പോള്‍ സന്ധ്യ പിന്നിട്ടിരുന്നു. മരിയയെ നഷ്ടപ്പെട്ടുപോയ മുറിയില്‍ ഇട്ടിരുന്ന കസേരകളില്‍ അയാളും ഇര്വാനീസും ഇരുന്നു
നിക്കോളോ പറഞ്ഞു. “ഇര്വാനീസ്, നിങ്ങള്‍ ഒരു ഭൗതികവാദി മാത്രമാണെങ്കില്‍ ഞാനീ പറയുന്നത് വിചിത്രമായി തോന്നാം. പക്ഷേ...”
ഇര്വാനീസ് ധൃതിയോടെ അപ്പോള്‍ ഇടയിൽക്കയറി “ഞാനൊരു ദൈവവിശ്വാസിയാണ് സാര്‍”, അയാള്‍ തീര്‍ച്ചപ്പെടുത്തി.
നിക്കോളോ തുടര്‍ന്നു. “അത്ഭുതമെന്നതിലുപരി ഇതിനെ ഒരു സത്യമായി മനസ്സിലാക്കണം. അടുത്തിടെ, കൃത്യമായി പറഞ്ഞാല്‍ ഞാനന്ന് ഇവിടേക്ക് വന്നതിന്റെ തലേന്ന് രാത്രി. ഞാന്‍ ഉറങ്ങുകയായിരുന്നു. അപ്പോള്‍ എട്ടുമാസങ്ങള്‍ക്ക് മുമ്പ്, മരിയയെ കാണാതാവുന്നതിന് തൊട്ടുമുമ്പുണ്ടായിരുന്ന ഈ മുറി ഞാന്‍ കണ്ടിരുന്നു. ഇവിടെ മരിയ ഉണ്ടായിരുന്നു.”
ഇര്വാനീസ് കണ്ണുകളില്‍ പൊടുന്നനെ വികസിക്കപ്പെട്ട കൗതുകത്തോടെ ആ അന്വേഷണ ഉദ്യോഗസ്ഥനെ നോക്കി. പിന്നെ ഏതോ ഒരു ഓർമയില്‍ കുരിശു വരച്ചു.
ചുമരില്‍ ഉറപ്പിച്ചുവെച്ചിരുന്ന ഘടികാരത്തിലേക്ക് ശ്രദ്ധയൂന്നിക്കൊണ്ട് നിക്കോളോ ചോദിച്ചു.
“സമയം അപ്പോള്‍ പന്ത്രണ്ടര മണി. നിങ്ങളെവിടെയായിരുന്നു? ആ സമയത്ത് നിങ്ങളെ ഈ മുറിയില്‍ കണ്ടില്ല.”
പെട്ടെന്ന് അവിടേക്ക് ഒരു സ്ത്രീ കയറിവന്നു. അവര്‍ തന്റെ കൈയില്‍ പിടിച്ചിരുന്ന നിറച്ച ചായക്കോപ്പകള്‍ ഇരുവര്‍ക്കും നല്‍കിക്കൊണ്ട് ഇര്വാനീസിന്റെ പിന്നില്‍ അയാളിലേക്ക് ഒട്ടിയും ഒതുങ്ങിയും നിന്നു.
ഇര്വാനീസ് തന്റെ നോട്ടം ഒരു നിമിഷം അവളില്‍ ഉടക്കിക്കൊണ്ട് പറഞ്ഞു;
“മരിയയെ നഷ്ടപ്പെട്ടതില്‍ പിന്നീട് ഞാന്‍ ദുഃഖിതനും ഏകാന്തനുമായിരുന്നു.”
നിക്കോളോ ആ സ്ത്രീയെ സാകൂതം വീക്ഷിച്ചു. അയാള്‍ എന്തോ ഒന്ന് അപ്പോള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. നിക്കോളോക്ക് ഓര്‍മവന്നു; 'അന്ന് രാത്രിയില്‍ മരിയയുടെ ഉടലില്‍നിന്നും ഊരിപ്പോയ കുപ്പായംതന്നെയാണ് ഈ സ്ത്രീ ധരിച്ചിരിക്കുന്നത്.'
(ഇര്വാനീസിനോട് ഇതേപ്പറ്റി പറയണമെന്ന് തോന്നിയിരുന്നെങ്കിലും തന്റെ ഭാര്യയുടെ നഗ്നത മറ്റൊരാള്‍ കണ്ടിരിക്കുന്നു എന്നറിയുന്നത് ഏതൊരു ഭര്‍ത്താവിനും അപമാനവും അസ്വസ്ഥതയുമായിരിക്കും എന്ന ചിന്ത ആ അന്വേഷണ ഉദ്യോഗസ്ഥനെ പിന്തിരിപ്പിച്ചു.)
അയാള്‍ ചോദ്യം ആവര്‍ത്തിച്ചു. “നിങ്ങള്‍ അപ്പോള്‍ എവിടെയായിരുന്നു?”
ഇര്വാനീസ് തെല്ലിട ആലോചിച്ചുനിന്ന ശേഷം പറഞ്ഞു.
“വയലില്‍ എനിക്ക് കൃഷിയുണ്ട്. രാത്രിയായാല്‍ പന്നികള്‍ ഇറങ്ങുക പതിവാണ്. അതുങ്ങള് കൃഷി നശിപ്പിച്ചേക്കും. അതിനാല്‍ രാത്രികളില്‍ ഞാന്‍ കാവല്‍ നില്ക്കാന് പോവാറുണ്ട്.”
ഇര്വാനീസിന്റെ കൈകള്‍ ഇതുപറയുമ്പോള്‍ തന്റെ പിന്നില്‍ നിന്നിരുന്ന സ്ത്രീയുടെ കൈകളെ ഒന്ന് മുറുക്കെ പിടിച്ചിരുന്നു.
നിക്കോളോ കുറച്ചുനേരം പലതും ചിന്തിച്ചു. പിന്നെ പറഞ്ഞു.
“ഞാനാ രാത്രിയില്‍ മരിയയെ കൂടാതെ മറ്റൊരു മനുഷ്യനെയും ഇവിടെ കണ്ടില്ല. ദുരൂഹതയുണര്‍ത്തുന്ന ഒരു മനുഷ്യശബ്ദവും കേട്ടില്ല. പക്ഷേ...”
“പക്ഷേ?”
ഇര്വാനീസിന്റേതെന്നപോലെ ആ സ്ത്രീയുടെയും കണ്ണുകള്‍ വിസ്തൃതമായി.
“ഭയങ്കരമായ ഒരു കാറ്റ് ഈ മുറിയിലേക്ക് കയറിവന്നിരുന്നു. അത് ജനാല അടച്ചിരുന്നു.”
തിടുക്കപ്പെട്ട്, എന്നാല്‍ ഇടറുന്ന ശബ്ദത്തോടെ ഇര്വാനീസ് ഇടയില്‍ കയറി പറഞ്ഞു.
“സാര്‍ മുമ്പും ഈവിധം ഒരനുഭവം ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ എത്രവിളിച്ചിട്ടും മരിയ കേള്‍ക്കാതായപ്പോള്‍ ഞാന്‍ ടെറസ്സിലേക്ക് ചെന്നുനോക്കി. അവിടെ ഒരറ്റത്ത് അവളുണ്ടായിരുന്നു. ‘എന്താ ഇവിടെ എന്ന്?’ ചോദിച്ചപ്പോള്‍ ഒന്നും മിണ്ടുന്നില്ല. എനിക്ക് തോന്നിയത് എന്തോ ഒന്ന് അവളുടെ വായ പൊത്തിപ്പിടിച്ചിരുന്നു എന്നുതന്നെയാണ്. കാറ്റ് ശക്തിയായി അവളെ ഇളക്കുന്നുണ്ടായിരുന്നു. ഞാന്‍ ഓടിച്ചെന്ന് പിടിച്ച് അവളെ മുറിയിലേക്ക് എടുത്തുകൊണ്ടുവന്നു. ഇല്ലായിരുന്നെങ്കില്‍...”
ഇര്വാനീസിന്റെ വിരലുകള്‍ കണ്തടങ്ങളില് ബോധപൂർവം എന്തിനെയോ അന്വേഷിച്ചു.
ആ മുറിക്കകത്ത് കത്തിക്കൊണ്ടിരുന്ന വിളക്ക് എണ്ണ വറ്റി കെടാറായിരുന്നു. നിക്കോളോ കുറച്ചുനേരം അതിലേക്ക് നോക്കി നിശ്ശബ്ദനായിരുന്നു. പിന്നെ പറഞ്ഞു;
“അങ്ങനെയെങ്കില്‍ അവളെ കാറ്റ് പിടിച്ചുകൊണ്ടുപോയതാവും.”
വിളക്കിന്റെ തിരി കെട്ടു. ഒരു നീണ്ട ശ്വാസം ഇര്വാനീസിന്റെ വായില്‍നിന്നും പുറത്തേക്ക് പോയി.
ദുഃഖിക്കുന്ന ഇര്വാനീസിനെ കാണണ്ടല്ലോ എന്ന് കരുതിയാണ് ആ സ്ത്രീ വിളക്ക് തെളിക്കും മുമ്പു തന്നെ, നിക്കോളോ തന്റെ ടോര്‍ച്ചുകൊണ്ട് വെട്ടത്തിന്റെ ഒരു വഴിയുണ്ടാക്കി (അതിന്റെ ഒരു തരിപോലും ഇര്വാനീസിന്റെ മുഖത്തേക്ക് വീഴാതിരിക്കാന്‍ പ്രേത്യകം ശ്രദ്ധിച്ച്) അതിലൂടെ നടന്ന് ആ മുറി വിട്ടത്.
അയാള്‍ പിന്നീട് കാറ്റിനെയും അതുണ്ടാക്കിയ അത്ഭുതത്തെയും പറ്റി അറ്റമില്ലാതെ ആലോചിച്ചുകൊണ്ടിരുന്നു.
****
സന്ദീപനെത്തുമ്പോള് ഞാന്‍ കാറ്റിനെ നോക്കുകയായിരുന്നു.
വാഴക്കൂട്ടങ്ങളുടെയും മറ്റും ഇടയിലൂടെ പാഞ്ഞുപോവുന്ന കാറ്റിലേക്ക് ടോര്‍ച്ചുവെട്ടം കത്തിച്ച് ഉഷയെ അന്വേഷിച്ചുകൊണ്ടിരുന്നു. സന്ദീപന്‍ വന്നപ്പോള്‍ ഓടി അവന്റെ അരികിലേക്ക് ചെന്നു.
“സന്ദീപാ...” ഞാന്‍ ചോദിച്ചു, “മരിയയെപ്പോലെ ഉഷയെയും കാറ്റ് പിടിച്ചുകൊണ്ടുപോയതാണോ?”
അവന് ഞാന്‍ പറഞ്ഞത് മനസ്സിലായില്ലെന്ന് തോന്നി. അതിനാല്‍ വേഗം അകത്തേക്ക് പോയി മേശപ്പുറത്ത് തുറന്നുവെച്ച പുസ്തകമെടുത്ത് അവന്റെ കൈയില്‍ കൊടുത്തു. അവന് ഒരു നിമിഷം അത് മറിച്ചുനോക്കി. പിന്നെ എന്റെ കൈയില്‍ വെച്ചിട്ട് അടുക്കളയിലും പിന്നാമ്പുറത്തുമൊക്കെ കൂര്‍പ്പിച്ച കണ്ണുകളുമായി നടന്നു. ഞാന്‍ എന്റെ കൈയിലുണ്ടായിരുന്ന വെളിച്ചം മരങ്ങളുടെ മുകളിലേക്ക് വീണ്ടും വീണ്ടും തെളിച്ചു.
സന്ദീപന്‍ പറഞ്ഞു; “നമുക്ക് സ്റ്റേഷനിലറിയിക്കാം.”
ഒരു നിമിഷം ഞാന്‍ ആലോചിക്കാനായി നിന്നു. എന്നാല്‍, അത് പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ അവന് എന്നെ ധൃതിയില്‍ വണ്ടിയിലേക്ക് പിടിച്ചുകയറ്റി വിട്ടുപോയി.
സമയം ഏറെ കഴിഞ്ഞിരുന്നു. രാത്രി കറുത്തുമൂടിയിരുന്നു. ഉറക്കത്തിലായിരുന്ന പൊലീസുകാരന് അത് മുറിച്ചതിന്റെ സങ്കടത്തിലോ ദേഷ്യത്തിലോ മേശക്കു മുന്നില്‍ വന്നിരുന്നു. കണ്ണുകള്‍ ഉരുമ്മിക്കൊണ്ട് അയാള്‍ അന്വേഷിച്ചു.
“എപ്പോഴാണ് കാണാതെ പോയത്?”
“ഏതാണ്ട് ഒന്നര മണിക്കൂര്‍ മുന്നെ. അല്ലെ..?” സന്ദീപന്‍ എന്നെ നോക്കി.
“ശരിയാണ്.” ഞാന്‍ പറഞ്ഞു. എന്റെ ശ്രദ്ധ പുറത്തേക്ക് പോയിരുന്നു. അവിടെ മരങ്ങളില്‍ കാറ്റ് അനങ്ങുന്നതുകൊണ്ട്...
“നിങ്ങളുടെയല്ലെ ഭാര്യ, ശ്രദ്ധിക്ക്.” പൊലീസുകാരന്റെ ശബ്ദം കനപ്പെട്ടു.
ഞാന്‍ പറഞ്ഞു. “ശ്രദ്ധയുണ്ടായിരുന്നു സാര്‍. അവളുടെ വായ എന്റെ കൈയില്തന്നെയുണ്ടായിരുന്നു.”
പൊലീസുകാരന്റേതുപോലെ സന്ദീപന്റേയും കണ്ണുകള്‍ അപ്പോള്‍ എന്റെ നേരെ കൂടുതലായി തുറന്നു. എന്തോ അധികമായി എന്നില്‍നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതുപോലെ.
ഞാന്‍ പറഞ്ഞു: “സത്യമാണ് സന്ദീപാ... ഉഷയുടെ വായ അപ്പോള്‍ എന്റെ കൈയില്തന്നെയുണ്ടായിരുന്നു. ഞാനത് പൊത്തിപ്പിടിച്ചിരിക്കുകയായിരുന്നു. അവള് എന്തോ പറയാനായി മുതിർന്നപ്പോള്‍...”
“എന്തുപറയാനായി?” രണ്ട് പേരും കൗതുകത്തിലായി.
ഞാനും അപ്പോഴാണ് ഓര്‍ത്തത് എന്തായിരുന്നു ഉഷ പറയാനായി തുടങ്ങിയതെന്ന്.
ഓര്‍ത്തുകൊണ്ടിരിക്കെ എന്റെ കണ്ണുകള്‍ ആ പൊലീസ് സ്റ്റേഷന്റെ പഴയ ഭിത്തിയിലൊരിടത്തേക്ക് നോക്കിക്കൊണ്ടിരുന്നു. പഴകിയതുകൊണ്ടാവാം ഒരു വലിയ ചിലന്തിവല അവിടെ കെട്ടിക്കിടന്നിരുന്നു. അതിലൊട്ടി ചിറകുകളുള്ള ഒരു ചെറുപ്രാണി പിടക്കുന്നു. കുടുങ്ങിപ്പോയ തന്റെ ചിറക് അത് വലക്കുള്ളില്‍ നിന്നും വലിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്. കുറച്ചപ്പുറത്ത് ഒരു ചിലന്തി നില്ക്കുന്നുണ്ടായിരുന്നു. അതിന്റെ നോട്ടം വേറെ ദിശയിലേക്കാണ്. ആ പ്രാണി പലപ്രാവശ്യം ശ്രമിച്ചപ്പോള്‍ ചിറകുകള് വലയില്‍നിന്നും സ്വതന്ത്രമായി. ട്യൂബ് ലൈറ്റിന്റെ വെളിച്ചം വീണ് മങ്ങിയ ചുമരുകള്‍ നന്നായി വെളുത്തിരുന്ന ഒരിടത്തേക്ക് അത് പിന്നെ പറന്നുപോയി.
“എടാ...” സന്ദീപന്‍ എന്നെ കൈകൊണ്ട് തട്ടി.
ഞാന്‍ ഞെട്ടിക്കൊണ്ട് പറഞ്ഞു;
“എനിക്കറിയില്ല സന്ദീപാ... ഞാനപ്പോള്‍ വേറെ ചില ശബ്ദങ്ങള്‍ കേള്‍ക്കുകയായിരുന്നു.”
മൂന്ന്
ഉഷയെ പൊലീസുകാര്‍ അന്വേഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
സന്ദീപന്‍ കുറച്ചുനേരം കൂടി മുറിയില്‍ എനിക്കൊപ്പം ഇരുന്നു. അവന് പറഞ്ഞു; “നീ ഓരോന്ന് ആലോചിക്കണ്ട. രാവിലെ ആവുമ്പോള്‍ അവളെ കിട്ടും.”
ജനാലയിലൂടെ കാറ്റ് അനങ്ങുന്നുണ്ടോ എന്ന് ഞാന്‍ നോക്കി. മരങ്ങളും മറ്റും നിശ്ചലമായിരുന്നു.
“സന്ദീപാ...” ഞാന്‍ പറഞ്ഞു; “നളിനി അവിടെ ഒറ്റക്കല്ലെ. അവളെയും നഷ്ടപ്പെട്ടാലോ?”
പെട്ടെന്ന് അവനിലേക്ക് ഒരു പേടി കയറുന്നത് ഞാന്‍ കണ്ടു. അവന് വണ്ടിയുമായി നളിനിയുടെ അരികിലേക്കോടി.
ഞാന്‍ ഒറ്റക്കായി. കട്ടിലില്‍ മലര്‍ന്നുകിടന്നുകൊണ്ട് ഉഷയെ ഓര്‍ത്തു. ക്ഷണനേരത്തെ ആ ഓർമ കഴിഞ്ഞപ്പോള്‍ എന്റെ ഓര്മ കുഞ്ഞികൃഷ്ണനെ പറ്റിയായി. നടന്നുപോവുകയായിരുന്ന കാലുകള്‍... പറക്കുന്ന പക്ഷിയുടെ ശബ്ദം...
ബാത്റൂമിലേക്ക് വേഗം പോയി തിരിച്ചുവന്ന് ഞാന്‍ വീണ്ടും ആ ചരിത്രഗ്രന്ഥം തുറന്നു. ചെവികൂര്‍പ്പിച്ചു പിടിച്ചു.
ആ ശബ്ദങ്ങള്‍ വീണ്ടും കേള്‍ക്കാന്‍ തുടങ്ങി.
നടക്കുന്ന കുഞ്ഞികൃഷ്ണന്റെയും ഒപ്പമുള്ള ആളുടെയും കാലുകള്‍ ഒരുപാട് ദൂരം പിന്നിട്ടതുപോലെ കിതക്കുന്നുണ്ടായിരുന്നു. അവര്‍ ചിരിച്ചുകൊണ്ടിരുന്നു.
പെട്ടെന്നാണ് ഞാനറിഞ്ഞത്. മുകളില്‍ പാറിക്കൊണ്ടിരുന്ന ചിറകുകളുടെ ഒച്ച ഇപ്പോള്‍ എന്റെ ചെവിയിലില്ല. ഞാന്‍ കൂടുതല്‍ സൂക്ഷ്മതയോടെ ആ ചരിത്രത്തിലേക്ക് ചെവി ചേര്‍ത്തുവെച്ചു. അപ്പോള്‍ വളരെ അകലെനിന്ന് ഒരു പക്ഷിയുടെ ശബ്ദം വന്നു. അത് എന്തോ കൊത്തിക്കൊണ്ടിരിക്കുകയാണ്.
ഒരുനിമിഷം ഞാന്‍ തല ചരിച്ചപ്പോള്‍ മൂടിയ എന്റെ ജനാലയുടെ ചില്ലുപാളിയില്‍ എന്തോ തട്ടുന്നത് കണ്ടു. ഒരു പക്ഷി കൊക്കുകൊണ്ട് ഉരുമ്മുന്നതുപോലെ.
ഞാനോടി പുറത്തേക്കിറങ്ങി.
കറുത്ത രാത്രി...
കൊത്തിപ്പറിക്കുകയായിരുന്ന പക്ഷി ചിറകുകള് കുടഞ്ഞ് ആകാശത്തിലേക്കുയര്‍ന്നു. അത് പാറാന്‍ തുടങ്ങി.
ഇരുട്ടിലൂടെ ഞാന്‍ മുന്നിലേക്ക് നടന്നു.
എന്റെ കൈയില്‍ അപ്പോഴും ആ ചരിത്രം തുറന്നുപിടിച്ചിരുന്നു. എന്റെ ചെവി ആ ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്.
കുഞ്ഞികൃഷ്ണന്റെയും ഒപ്പമുണ്ടായിരുന്ന സ്ത്രീയുടെയും കാലുകളെ കൂടാതെ ഇപ്പോള്‍ അകലെനിന്നും നടക്കുന്ന വേറെയും ഒരാളുടെ കാലുകളുടെ ഒച്ച..!
അത് ഒരുപാട് ദൂരം പിന്നിലാണെന്ന് തോന്നി.
അടുത്ത നിമിഷം ഒരു ഞെട്ടലോടെ അത് എന്റെതന്നെ കാലുകളുടെ ഒച്ചയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
എനിക്ക് അപ്പോള്‍ ഒരു സത്യം ഉറപ്പായി.
ആ ഉറപ്പില്‍ ഉഷയെ കിട്ടാനായി ഞാന്‍ കാലുകള്‍ നീട്ടിവെച്ച് വേഗം വേഗം മുന്നിലേക്ക് നടന്നു.