കലഹപ്പെട്ടി - 2
ബുദ്ധി ഉപദേശിച്ചശേഷം പാലക്കുന്നേൽ മെത്രാൻ മേശക്ക് അടിയിലൂടെ വക്കന്റെ മൂത്തമകനെ ചൊറിഞ്ഞു. പിറ്റേന്നുതന്നെ പത്രോസും ബിനോയും ശവപ്പെട്ടി പണിയാൻ തുടങ്ങി. ഭാഗം രണ്ട്. ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം10പള്ളിക്ക് കൂട്ടുകേറുന്ന ദിവസം കരിമലക്കാർക്ക് തിരുന്നാളിനേക്കാൾ കെങ്കേമമായിരുന്നു. ജിൻസിയും ലിയോക്കുട്ടനും ഒഴിച്ചുള്ള സകല പിറപ്പുകളും അന്ന് പള്ളിയിലെത്തി.പാലക്കുന്നേൽ മെത്രാനെ കൂടാതെ വന്ന രണ്ട് മെത്രാന്മാരും പാലക്കുന്നേൽ കുടുംബത്തെ വാനോളം പുകഴ്ത്തി....
Your Subscription Supports Independent Journalism
View Plansബുദ്ധി ഉപദേശിച്ചശേഷം പാലക്കുന്നേൽ മെത്രാൻ മേശക്ക് അടിയിലൂടെ വക്കന്റെ മൂത്തമകനെ ചൊറിഞ്ഞു. പിറ്റേന്നുതന്നെ പത്രോസും ബിനോയും ശവപ്പെട്ടി പണിയാൻ തുടങ്ങി. ഭാഗം രണ്ട്. ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം
10
പള്ളിക്ക് കൂട്ടുകേറുന്ന ദിവസം കരിമലക്കാർക്ക് തിരുന്നാളിനേക്കാൾ കെങ്കേമമായിരുന്നു. ജിൻസിയും ലിയോക്കുട്ടനും ഒഴിച്ചുള്ള സകല പിറപ്പുകളും അന്ന് പള്ളിയിലെത്തി.പാലക്കുന്നേൽ മെത്രാനെ കൂടാതെ വന്ന രണ്ട് മെത്രാന്മാരും പാലക്കുന്നേൽ കുടുംബത്തെ വാനോളം പുകഴ്ത്തി. തങ്ങൾ വന്നതുതന്നെ അതിനാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു അവരുടെ സംസാരം. ഐഫോണുമായി തലങ്ങുംവിലങ്ങും ഓടിനടന്ന് നാരകത്തറ പീലിയും ഭാര്യയും ലണ്ടൻ നഴ്സായ ഷിജിക്ക് പരിപാടികളുടെ ലൈവ് കൊടുത്തു.
“കഞ്ഞിയ്ക്ക് ഗതിയില്ലാതെ നടന്ന പന്നീടെ പവ്വറ് കണ്ടില്ലെ...” ഒരാൾ പീലിയെ കുറ്റം പറഞ്ഞു. “പെണ്ണിന്റെ മുന്നിലല്ലാതെ വേറൊരിടത്തും സായിപ്പ് മുട്ടുകുത്തുകേല. അറിയാല്ലോ ഷിജീനെ.” മറ്റൊരാൾ മറുപടി പറഞ്ഞു. “ഇംഗ്ലണ്ടിലെ സാമ്പത്തികമാന്ദ്യത്തിന്റെ കാരണംവരെ അവളാന്നാ എനിക്ക് തോന്നണെ.”
പത്രോസിനെയും മകനെയും മെഴുകുതിരി കൊടുത്ത് ആദരിക്കുന്ന സമയമെത്തിയപ്പോ ലൈവ് നിർത്തിയ ഷിജി അപ്പനെയും അമ്മയെയും വീട്ടിലേക്ക് പറഞ്ഞയച്ചു. കൂലി പോലുമില്ലാതെ പണിയെടുത്തതുകൊണ്ട് മെത്രാന്മാരെ കൊണ്ട് അവർക്ക് പൊന്നാട അണിയിക്കാനായിരുന്നു തദേവൂസച്ചന്റെ പദ്ധതി.
“പൊന്നാടയും കിന്നാടയുമൊന്നും വേണ്ട. റോമീന്ന് കൊണ്ടുവന്നതാന്നും പറഞ്ഞ് രണ്ടിന്റേം കയ്യിലോട്ട് ഓരോ തിരി വെച്ചുകൊടുത്താ മതി...” പാലക്കുന്നേൽ വക്കൻ അച്ചനോട് പറഞ്ഞു. കൂട്ട് കയറ്റിയ ശേഷവും പുണ്യാളത്തടിയിൽനിന്ന് ഒരു കഷണം ബാക്കിനിന്നു. ചടങ്ങ് കഴിഞ്ഞുള്ള തീറ്റക്കിടെ അച്ചനത് മെത്രാന്മാരോട് പറഞ്ഞു.
“ഇനിയിപ്പോ അതായിട്ട് വെച്ചോണ്ടിരിക്കണ്ട, നല്ലൊരു ശവപ്പെട്ടി അടിച്ച് കാശുള്ളവന് കൊടുത്താ പള്ളിക്ക് ഒരു പാരിഷ് ഹാള് പണിയാം.”
ബുദ്ധി ഉപദേശിച്ചശേഷം പാലക്കുന്നേൽ മെത്രാൻ മേശക്ക് അടിയിലൂടെ വക്കന്റെ മൂത്തമകനെ ചൊറിഞ്ഞു. പിറ്റേന്നുതന്നെ പത്രോസും ബിനോയും ശവപ്പെട്ടി പണിയാൻ തുടങ്ങി.
11
പിറ്റേ ഞായറാഴ്ച അൾത്താരയിൽ, പ്രത്യേകം തയ്യാർ ചെയ്ത മേശപ്പുറത്ത് പത്രോസും ബിനോയും ശവപ്പെട്ടി വെച്ചു. വക്കന്റെ സ്ട്രെച്ചർ ബംഗാളി അതിനോട് ചേർത്തിട്ടു. മനോഹരമായ കൊത്തുപണികൾ ചെയ്ത പെട്ടി കണ്ട് ഇടവകക്കാർ അത്ഭുതപ്പെട്ടുപോയി. തദേവൂസച്ചൻ പറഞ്ഞപ്പോഴാണ് സംഗതി ശവപ്പെട്ടിയാണെന്ന് തന്നെ ആളുകൾക്ക് തിരിഞ്ഞത്. ഒരു ഞെക്ക് കൊടുത്താൽ ഇരുവശത്തേക്കും വിടർന്നുവരുന്ന തരത്തിലായിരുന്നു മൂടി. അടച്ചുകഴിഞ്ഞാൽ തല മുതൽ കാലുവരെ നീളത്തിൽ മരിച്ചയാൾക്ക് അഭിമുഖമായി പുണ്യാളന്റെ രൂപം കൊത്തിയിരിക്കുന്നു. അപ്പോൾതന്നെ അതിലേക്ക് കേറിക്കിടന്ന് മരിക്കാൻ പറ്റിയെങ്കിലെന്ന് ഓരോരുത്തരും കൊതിച്ചു. പീലി വഴി ലണ്ടനിലിരുന്ന് ഷിജിയും കൺകുളിർക്കെ പെട്ടി കണ്ടു.
“നമ്മടെ പള്ളിക്ക് എണ്ണിയാ തീരുന്ന ഉപകാരങ്ങളല്ല വക്കൻ ചെയ്ത് കൂട്ടുന്നേ.” അച്ചൻ പറഞ്ഞുതുടങ്ങി. “നമ്മളാരും ചിന്തിക്കാത്ത കാര്യമാണ് പാരിഷ് ഹാൾ. ഇപ്പോ അതും ഏറ്റിരിക്കുകയാണ് വക്കൻ. കർത്താവിന്റെ കൃപയാല് അടുത്താഴ്ച ഹാളിന് കല്ലിടും.” ഒന്ന് നിർത്തിയശേഷം അരമനയിൽനിന്നയച്ച കുറിപ്പെടുത്ത തദേവൂസച്ചൻ അതിലെ ഉള്ളടക്കം വായിച്ചു.
“സഭയോടും പട്ടക്കാരോടുമുള്ള സ്നേഹബഹുമാനങ്ങൾക്ക് ഉള്ള ആദരവ് പരിഗണിച്ച് പാലക്കുന്നേൽ വർഗീസിന് പുണ്യാളന്റെ പെട്ടി സമ്മാനിക്കണമെന്നാണ് തിരുസഭയുടെ തീരുമാനം.”
സകല വിശ്വാസികളുടേയും പെട്ടിമോഹം ഒറ്റവരികൊണ്ട് റദ്ദ്ചെയ്ത ശേഷം അച്ചൻ വക്കനെ പാളിനോക്കി.
പൂർണചന്ദ്രന് സമാനമായി തിളങ്ങുകയാണ് അയാളുടെ മുഖം.
“അതങ്ങ് മറ്റേടത്ത് പറഞ്ഞാ മതി.” നാരകത്തറ പീലിയുടെ അലർച്ച പള്ളിയിൽ മുഴങ്ങി.
“പകരത്തിന് പകരമൊണ്ടാക്കാൻ പുണ്യാളൻ കച്ചോട ചരക്കല്ല. ഒരു പാരിഷ് ഹാളിന്റെ വിലയെ വിശുദ്ധന്റെ പെട്ടിക്കുള്ളെങ്കി അത് ഞാൻ തന്നേക്കാം.”
വക്കനും മക്കൾക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇന്നലെവരെ തങ്ങളുടെ ഔദാര്യത്തിൽ കഴിഞ്ഞവനാണ് ഇപ്പോ നേർക്കുനേർ നിൽക്കുന്നത്.
“പുണ്യാളൻ പാവങ്ങടേം കൂടി സ്വത്താണ്. നിങ്ങള് കാശുകാര് മാത്രമിങ്ങനെ അവകാശം പറയല്ലേ...”
ലോട്ടറിവിറ്റ് നടക്കുന്ന ഒരുത്തൻ വിളിച്ചുപറഞ്ഞു. പുണ്യാള പെട്ടിയിൽ കിടന്ന് ചുളുവിൽ സ്വർഗാരോഹണം കൊതിച്ച പാവപ്പെട്ട വിശ്വാസികൾ മുഴുവനും ലോട്ടറിക്കാരന്റെ പക്ഷത്തായിരുന്നു.
ആദ്യമായി കരിമലക്കാർ തനിക്കെതിര് നിൽക്കുന്നത് വക്കൻ കണ്ടു. തെറിയും ആക്രോശവുമല്ലാതെ ചെറിയതോതിൽ കയ്യാങ്കളിയും പള്ളിയിൽ നടന്നു.
പ്രതിഷേധഭാഗമായി പെട്ടിയിൽ കിടക്കാൻപോയ കശാപ്പ് ബേബിയാണ് അതിന് കാരണമായത്. മെനയ്ക്ക് പെരുമാറിയശേഷം ഒരു കൗതുകത്തിനെന്നോണം ആളുകൾ അയാളുടെ, ഉടുമുണ്ട് പറിച്ചെടുത്തു.
അടിവസ്ത്രം ധരിച്ച് ശീലമില്ലാത്ത കൊണ്ടാണെന്ന് തോന്നുന്നു ആളുകളുടെ തലക്ക് മീതെ അൽപനേരം അന്തരീക്ഷത്തിൽ ഉയർന്ന് നിൽക്കാനുള്ള ഒരപൂർവ സൗഭാഗ്യം ബേബിക്ക് ലഭിച്ചു.
“മുതുകാളേടെ കൊറക് തൂക്കിയിട്ടപോലുണ്ട്. ഇവന്റെ അപ്പാപ്പനും ഇങ്ങനാർന്ന്.”
തൊണ്ണൂറ് വയസ്സ് ചെന്ന ഒരു വല്യമ്മിച്ചി ഓർത്തെടുത്തു. ശവപ്പെട്ടി വിഷയം പിടിച്ചാൽ കിട്ടാതെ വളരുമെന്ന് കണ്ട് അരമനേന്നുള്ള കത്ത് തദേവൂസച്ചൻ കീറിക്കളഞ്ഞതോടെ ആളുകൾ ശാന്തരായി. പെട്ടി ലേലംചെയ്യാം എന്നൊരു നിർദേശം പാലക്കുന്നേൽ സ്റ്റീഫൻ മുന്നോട്ടുവെച്ചെങ്കിലും സ്വീകരിക്കപ്പെട്ടില്ല. അപ്പോഴാണ് പൂമല പത്രോസ് ന്യായമായ ഒരഭിപ്രായം പറഞ്ഞത്.
“ഉള്ളവനോ ഇല്ലാത്തവനോ. ആരേലുമാവട്ടെ, ഇടവകേല് ആദ്യം മരിക്കുന്നവന് പെട്ടി കൊടുക്ക്.”
പാലക്കുന്നേൽ കുടുംബമൊഴിച്ച് എല്ലാവരും അതിനോട് യോജിച്ചു.
ആദ്യത്തെ മരണം തങ്ങളുടെ വീട്ടിലാവണമേ എന്ന പ്രാർഥനയോടെ ഓരോരുത്തരായി പെട്ടി മുത്തി മടങ്ങി.
മുറ്റത്തേക്കിറങ്ങിയ വഴി തെങ്ങുംമറയത്തു നിന്ന് ജിൻസി ഓക്കാനിക്കുന്നതും ലിയോക്കുട്ടൻ പുറംതടവി കൊടുക്കുന്നതും യാദൃച്ഛികമായി ബിനോ കണ്ടു.
“ഉം... നിനക്കെന്നാ പറ്റി?” അവൻ ചോദിച്ചു.
“ഞാൻ ലോഡാണ്.” അവൾ പറഞ്ഞു.
“ആളാരാ... ഇവനാണോ...’’
“അല്ല. ജോമോനാ... ആ കപ്യാര്...”
ജിൻസി പറഞ്ഞതുകേട്ട് ആത്മവിശ്വാസത്തോടെ നിന്ന ലിയോക്കുട്ടന്റെ മുഖംമങ്ങി. എന്തോ തീരുമാനിച്ചുറപ്പിച്ച ഭാവത്തിൽ ബിനോ പള്ളിമേടയിലേക്ക് പോയി.
“ചേച്ചീ. ഞാനിത് സമ്മതിക്കൂല്ല...” ഹൃദയം തകർന്നമട്ടിൽ ലിയോക്കുട്ടൻ അവളുടെ കൈക്ക് പിടിച്ചു.
“നിന്റത്രേം അറിയത്തില്ലേലും കുറച്ച് ചരിത്രോക്കെ ഞാനും കേട്ടിട്ടുണ്ട്.”
അവന്റെ കൈവിടുവിച്ച് നടന്നശേഷം ജിൻസി തിരിഞ്ഞുനിന്നു. “നമ്മടെ പിള്ളേര് അപ്പാന്ന് അവന്മാരേം വിളിക്കെട്ടെടാ...”
അന്നുരാത്രി തദേവൂസച്ചന്റെ നിർബന്ധപ്രകാരം ജിൻസിയുടെ കഴുത്തിൽ കപ്യാര് മിന്നുകെട്ടി. ഒരു കൊച്ചുകല്യാണം. ഇല്ലെങ്കി ജോമോൻ അകത്ത് പോയേനെ.
12
“ഇന്നാരും മരിക്കല്ലെ, ഇന്നാരും മരിക്കല്ലെ, ഇനി മരിക്കുവാണെ തന്നെ അത് സ്വന്തം തന്തയോ തള്ളയോ ആകണെ എന്ന പ്രാർഥന കേട്ട് കേട്ട് ഞാൻ മടുത്ത്.” ഒരു ഞായറാഴ്ച പുണ്യാളൻ ഉടേതമ്പുരാനോട് പരാതി പറഞ്ഞു.
“സത്യായിട്ടും ബോറടിച്ചു തുടങ്ങി.”
ഉടേതമ്പുരാൻ പാവംപിടിച്ച പുണ്യാളനെ വിഷമത്തോടെ നോക്കി.
“എങ്ങനേലും ഒരുത്തനെ കൊന്ന് താ. ഇല്ലെങ്കി ഏതെലുമൊരുത്തന് ചാകാനുള്ള സൽബുദ്ധി കൊട്. എന്ത് ചെയ്തിട്ടാണേലും വേണ്ടില്ല, ആ പെട്ടിഭാരം എന്റെ പെരടീന്ന് എടുത്ത് മാറ്റ്. ഇല്ലെ ഞാൻ എങ്ങോട്ടേലും പൊയ്ക്കളയും. തമ്പുരാന് അറിയാല്ലോ ആ കോപ്പിലെ മരക്കഷണോമായിട്ട് പുലബന്ധംപോലും എനിക്കില്ലെന്ന്. എന്നാലും, ഇമ്മാതിരി കഥകളൊക്കെ ആര് പറഞ്ഞുണ്ടാക്കണോ ആവോ...”
പുണ്യാളൻ പറഞ്ഞതിലും കാര്യങ്ങളുണ്ടായിരുന്നു. പെട്ടി കരിമലയുടെ സകലരസങ്ങളും കെടുത്തിക്കളഞ്ഞു. ആളുകൾ അവരവരുടെ മരണത്തെക്കുറിച്ച് മാത്രം സദാ ചിന്തിച്ചുനടന്നു. അതോടെ അവരുടെ ചിരിയും കളിയും അവസാനിച്ചു. അസാന്മാർഗികളുടെ ഇടയിലാണ് ഏറ്റവും കൂടുതൽ പരിവർത്തനം സംഭവിച്ചത്. അരയിലെപ്പോഴും ആയുധങ്ങളുമായി നടന്നിരുന്ന തെമ്മാടികൾ ആയുധങ്ങളൊക്കെ ഉപേക്ഷിച്ച് മര്യാദക്കാരായി മാറി. തങ്ങളുടെ ദേഷ്യത്തിന് വല്ലവനേം കുത്തേണ്ടിവന്നാൽ പെട്ടി അവൻ കൊണ്ടുപോകുമല്ലോ എന്ന ഭയമായിരുന്നു അവർക്ക്. അങ്ങനെ ചന്തയും ഷാപ്പും ചീട്ടുകളി സ്ഥലങ്ങളും പള്ളിയേക്കാൾ ശാന്തത നല്കുന്ന ഇടങ്ങളായിത്തീർന്നു. കൂടോത്രങ്ങളിൽ ഗണ്യമായ കുറവ് സംഭവിച്ചതിന്റെ പേരിൽ ഒന്ന് രണ്ട് മന്ത്രവാദികൾക്ക് കരിമല ഉപേക്ഷിക്കേണ്ടതായി വന്നു. ഡ്രൈവർമാർ കാൽനടക്കാരെയും ഇരുചക്ര സഞ്ചാരികളെയും വല്ലാതെ പരിഗണിച്ചു. പ്രായംചെന്ന രോഗികൾ ഇനിമുതൽ തങ്ങൾക്ക് മരുന്ന് വാങ്ങേണ്ടേന്ന് മക്കളോട് പറഞ്ഞു. എന്നാൽ, ചികിത്സ നിർത്തിയതോടെ അവരിൽ പലരും പയറ്പോലെ എഴുന്നേറ്റ് നടക്കാൻ തുടങ്ങി. മൂന്നു തലമുറകളായി പേരെടുത്ത ഒരതിരുതർക്കം നിസ്സാരമായി പരിഹരിക്കപ്പെട്ടു. ഒരുപക്ഷേ പെട്ടിച്ചിന്തയിൽ ഏറ്റവുമധികം ഊണും ഉറക്കവും നഷ്ടമായത് വക്കനും പീലിക്കുമായിരുന്നു. എന്തായാലും പുണ്യാളന്റെ പരാതിക്ക് ഒരു പരിഹാരമുണ്ടാക്കാൻ തീരുമാനിച്ച ഒടേതമ്പുരാൻ കരിമലയിൽ അന്നേദിവസം ചില അത്ഭുതങ്ങൾ പ്രവർത്തിച്ചു. ഉച്ചതിരിഞ്ഞ് അതിഭയങ്കരമായ മഴ പെയ്യിച്ചതായിരുന്നു ഒന്നാമത്തെ അത്ഭുതം. പെട്ടെന്നൊരു ലീവ് തരപ്പെടുത്തി പട്ടാളം കൊച്ചുമോനെ ഓർക്കാപ്പുറത്ത് നാട്ടിൽ എത്തിച്ചതായിരുന്നു രണ്ടാമത്തെ അത്ഭുതം. കൊച്ചുമോൻ ചെല്ലുമ്പോൾ റാണിയുടെ മുറിയിൽ കളിതമാശ പറഞ്ഞിരിക്കുകയായിരുന്നു പൂമല പത്രോസ്. ബിനോയാണെങ്കിൽ ഷാപ്പിൽ കിടന്ന് മുടിഞ്ഞ ഉറക്കവും. റാണിയുടെ മൂക്കിൻതുമ്പത്ത് പത്രോസ് തന്റെ മൂക്കുരസിയ നേരത്താണ് കൊച്ചുമോൻ വാതിലിൽ മുട്ടിയത്. സന്ധ്യയോടെ മകൾ ജിൻസി വന്നേപ്പിന്നെയാണ് പ്ലാമരത്തിൽ കെട്ടിയിരുന്ന പത്രോസിനെ അഴിക്കാൻ പട്ടാളം സമ്മതിച്ചത്. രാത്രി വളക്കട അടയ്ക്കാൻ തുടങ്ങിയ നേരത്ത് പത്രോസ് ചെന്ന് അരക്കിലോ കുരുടാൻ വാങ്ങി.
“ചാകെടാ പത്രോസേ, അതാ നിനക്കിനി നല്ലത്.”
സ്ഥിരമായി വളക്കടയിൽ സൊറ പറഞ്ഞിരിക്കാറുള്ള നാരകത്തറ പീലി അയാളെ പരിഹസിച്ചു. മറുപടി പറയാതെ പത്രോസ് കുരുടാനുമായി മഴയത്തേക്കിറങ്ങി.
“അപ്പോ പുണ്യാളന്റെ പെട്ടി പത്രോസ് കൊണ്ടുപോകും.” വളക്കടക്കാരൻ പീലിയോട് പറഞ്ഞു.
ഒരു നിമിഷം തറഞ്ഞിരുന്ന ശേഷം കുട നിവർത്തി റോഡിലേക്കിറങ്ങിയ പീലി പത്രോസിന്റെ പിന്നാലെ ചെന്നു.
“നിന്നെ ഞാൻ സ്വമേധയാ കുത്തിയതല്ല. എന്റെ മോള് പറഞ്ഞിട്ട് ചെയ്തതാ...”
അയാളുടെ തോളിൽ ഒന്നമർത്തിയിട്ട് ഇരുട്ടിലേക്ക് നടന്നുപോയ പീലി അന്ന് വീട്ടിൽ ചെന്നില്ല. പിറ്റേന്ന് ഷാപ്പിന്റെ മുറ്റത്ത് പുളിമരത്തിൽ അയാൾ തൂങ്ങിനിൽക്കുന്നത് നാട്ടുകാർ കണ്ടു. പോലീസ് വന്നശേഷം പത്രോസും ബിനോയും ചേർന്ന് പീലിയുടെ ശവം താഴെയിറക്കി. പുണ്യാളന്റെ പെട്ടിയിൽ അടക്കണമെന്നെഴുതിയ ഒരു കുറിപ്പ് അയാളുടെ പോക്കറ്റിലുണ്ടായിരുന്നു.
ആത്മഹത്യ ചെയ്തവൻ തിരുസഭക്ക് പുറത്താണെന്നും അത്തരക്കാർക്ക് പുണ്യാള പെട്ടിക്കു മേൽ അവകാശമില്ലെന്നുമുള്ള പാലക്കുന്നേൽ മെത്രാന്റെ അറിയിപ്പ് തദേവൂസച്ചൻ പള്ളിയിൽ വായിച്ചു.
ലണ്ടനിൽനിന്ന് ഷിജി വരുന്നതുവരെ ഐസിനകത്ത് കിടന്ന് മരച്ചുണങ്ങാൻ പറ്റിയെന്നല്ലാതെ വേറൊരു പ്രയോജനവും പീലിക്ക് കിട്ടിയില്ല.
13
പീലി ചത്ത് ആറാംപക്കം പുഴയിൽ മുങ്ങിനിവരുകയായിരുന്നു റാണി. തൊട്ടടുത്തുള്ള പൊന്തക്കാട്ടിൽ ചൂണ്ടയുമായി പത്രോസ് ഇരിക്കുന്നുണ്ട്. മുങ്ങാങ്കുഴി എണ്ണിക്കളിക്കുകയാണ് രണ്ടാളും. അറുപത്തിയേഴ് വരെ പത്രോസ് എണ്ണിയ ഒരു നീണ്ട മുങ്ങലിനുശേഷം റാണി പൊന്തിവന്ന നേരത്താണ് അയാൾക്കെന്തോ ഏനക്കേട് തോന്നിയത്. ഒരുവിധം എഴുന്നേറ്റെങ്കിലും പൊന്തയിൽനിന്ന് പത്തു ചുവടുപോലും വെക്കാൻ അയാൾക്ക് കഴിഞ്ഞില്ല.
ഓടിച്ചെന്ന റാണിയുടെ വിരലുകളിൽ ഇറുക്കിപ്പിടിച്ച്, ആ മടിയിൽ കിടന്ന് മനോഹരമായി ഒന്ന് ചിരിച്ചതല്ലാതെ പിന്നെയൊരു ചലനം പത്രോസിന് ഉണ്ടായില്ല. ഈ കാഴ്ചയത്രയും കാണുന്ന മറ്റു രണ്ടുപേർ ആ പരിസരത്ത് ഉണ്ടായിരുന്നു. പുഴവക്കത്ത് താമസിക്കുന്ന റിട്ടേഡ് ഹെഡ്മാസ്റ്റർ ലാസർ മാഷ് തന്റെ വീട്ടിലെ കുളിമുറിയുടെ വെന്റിലേഷൻ വിടവിലൂടെയും പഞ്ചായത്ത് മെംബർ മണി പൂത്തുലഞ്ഞ് നിൽക്കുന്ന പൂവരശിന്റെ കൊമ്പിലിരുന്നുമാണ് പ്രസ്തുത കാഴ്ച കണ്ടത്. സംഭവസ്ഥലത്തേക്ക് ആദ്യമെത്തിയതും പത്രോസിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിച്ചതും അവരാണ്. കുളിക്കാനുള്ള സൗകര്യത്തിന് അടിപ്പാവാട നെഞ്ചുവരെ കയറ്റിക്കെട്ടിയിരുന്ന റാണി അതേ വേഷത്തിലാണ് ലാസർമാഷിന്റെ കാറിലേക്ക് കരഞ്ഞു നിലവിളിച്ച് കയറിയത്. തന്റെ ആശുപത്രിയിലേക്കാണ് അയാളെ കൊണ്ടുപോയതെന്ന് അറിഞ്ഞ പാലക്കുന്നേൽ വക്കൻ കാർഡിയാക് സർജനെ തിരക്കിട്ട് വിളിച്ചു.
ഐ.സി.യുവിൽ പത്രോസിനെ പരിശോധിച്ചുകൊണ്ടിരുന്നപ്പോഴാണ് ഡോക്ടർക്ക് കോള് വരുന്നത്.
“എന്ത് ചെയ്താലും വേണ്ടില്ല. പത്രോസ് ചാകരുത്...”
“ഡെഡ്ബോഡി കൊടുത്തുവിട്ടിട്ട് ചാകരുതെന്നോ? ഞാൻ എന്താണ് സാറെ ദൈവോ...” ഡോക്ടർ ചോദിച്ചു.
“ഡെഡ്ബോഡിയോ?”
വക്കന്റെ അലർച്ചകേട്ട് മൂന്നു മക്കളും അവരുടെ ഭാര്യമാരും അയാളുടെ മുറിയിലേക്ക് പാഞ്ഞെത്തി. പത്രോസ് മരിച്ച കാര്യം പുറത്തുള്ളവരെ അറിയിച്ചിട്ടില്ലെന്ന് ഡോക്ടർ പറഞ്ഞപ്പോ അയാൾക്ക് സമാധാനമായി. തൽക്കാലം ബോഡി വെന്റിലേറ്ററിൽ കയറ്റാനും താൻ വരുന്നതുവരെ മരണവിവരം ഒരുത്തനോടും പറയരുതെന്നും പറഞ്ഞിട്ട് വക്കൻ ഫോൺ വെച്ചു.
എന്നിട്ട് കാരവാനിലേക്ക് മക്കളെയും കയറ്റി അയാൾ ആശുപത്രിയിലേക്ക് പാഞ്ഞു.
14
വഴിക്ക് വെച്ച് വാൻ നിർത്തിച്ച വക്കൻ മക്കളെ അരികിലേക്ക് വിളിച്ചു.
“മറ്റവനേക്കെ കിടത്താനുള്ളതല്ല പുണ്യാളന്റെ പെട്ടി. ഞാനങ്ങ് പോകാൻ തീരുമാനിച്ച്.” വക്കന്റെ മുഖം വലിഞ്ഞുമുറുകി. “നാലഞ്ച് ദിവസത്തേയ്ക്ക് പത്രോസിന്റെ മരണം പുറത്തൊരീച്ച പോലുമറിയരുത്.” എന്തോ പറയാൻ തുടങ്ങിയ സ്റ്റീഫനെ അയാൾ വിലക്കി. “ഇങ്ങോട്ടൊന്നും പറയാൻ നിക്കണ്ട. ഇന്ന് തന്നെ ഒരഞ്ച് ലക്ഷം രൂപ ഈ ബംഗാളിക്ക് കൊടുത്തേക്കണം. ഇനി നീയൊക്കെ പുറത്തോട്ട് നില്ല്, കാര്യങ്ങളൊക്കെ ഇവനോട് ഞാൻ പറഞ്ഞിട്ടുണ്ട്.”
മൂന്നുപേരും വണ്ടിയിൽനിന്നിറങ്ങി ഡോർ അടച്ചതും വക്കൻ സഹായിയെ നോക്കി പുരികമിളക്കി. ബംഗാളിയുടെ വിരലുകൾ തൊണ്ടക്കുഴിയിൽ ശ്വാസംതടഞ്ഞ നിമിഷം വക്കനൊന്ന് പിടഞ്ഞു...
15
വക്കന്റെ ബോഡിയുമായി മക്കൾ ചെല്ലുമ്പോൾ പത്രോസിന്റെ മരണം ആശുപത്രിയിൽ പാട്ടായി കഴിഞ്ഞിരുന്നു. പാലയ്ക്കലുകാർ കാണിച്ച തട്ടിപ്പ് നാടകത്തിന്റെ പേരിൽ പത്രോസിന്റെ മക്കളും വിവരമറിഞ്ഞ് വന്ന ബന്ധുക്കളും ബഹളമിടാൻ തുടങ്ങി. ആദ്യം മരിച്ചത് വക്കനാണെന്ന് അയാളുടെ ആളുകളും വാദിച്ചു. ചുരുങ്ങിയ സമയംകൊണ്ട് കരിമലക്കാർ അങ്ങോട്ട് കുത്തിയൊഴുകി. മൗനംപാലിച്ച് വിഷണ്ണരായി നിൽക്കുന്ന പുരുഷന്മാരുടെ വലിയൊരു കൂട്ടംകണ്ട് പത്രോസിന്റെ ശവം അവിടുണ്ടാകുമെന്ന് കരുതി അങ്ങോട്ട് ചെന്ന തദേവൂസച്ചൻ ഞെട്ടി. കുളിക്കാനിറങ്ങിയ വേഷത്തിൽ ദുഃഖിച്ചിരിക്കുന്ന ഹിമറാണിക്ക് ചുറ്റുമായിരുന്നു ആ കൂട്ടം. ളോഹ ഊരി അവളെ ഉടുപ്പിച്ചശേഷം അച്ചൻ ബഹളസ്ഥലത്തേക്ക് ചെന്നു. വന്നവരിൽ ഭൂരിഭാഗവും പാലക്കുന്നേലുകാരുടെ ഭാഗംനിന്നു. സത്യം മനസ്സിലാക്കിയിരുന്ന തദേവൂസച്ചനാവട്ടെ പൂമലക്കാരുടെ പക്ഷം പറഞ്ഞെങ്കിലും അതാരും ഗൗനിച്ചില്ല. കണ്ണിൽ കണ്ടവരെയൊക്കെ വല്ലാത്തതരം തെറിവിളിക്കുന്ന ഒരു ചട്ടുകാലൻ പത്രോസിന്റെ കൂട്ടക്കാരുടെ ഇടയിലുണ്ടായിരുന്നു. വക്കന്റെ പക്ഷക്കാർ പരമാവധി അവന്റെ കണ്ണിൽപ്പെടാതെ നോക്കി.
പെട്ടുപോയവരാവട്ടെ കറുത്തബാഗും കക്ഷത്തിൽ ഇറുക്കിപ്പിടിച്ച് നടക്കുന്ന അവനെ കണ്ടതും മൗനം പാലിക്കുകയും മുണ്ടഴിച്ച് ബഹുമാനം പ്രകടിപ്പിക്കുകയും ചെയ്തു.
“ഈ ചട്ടനേതാ...”
ജിൻസി ബിനോയെ മാറ്റിനിർത്തി ചോദിച്ചു.
“ആ... എനിക്കറിയത്തില്ല.”
അവൻ കൈ മലർത്തി. ഈ സമയത്ത് പോലീസ് വന്നു. ഇരുകൂട്ടരുടെയും സാന്നിധ്യത്തിൽ സർക്കിൾ ഡോക്ടറെ വിളിപ്പിച്ചു.
“ഇവിടെ വരുമ്പോഴും പത്രോസിന് ജീവനുണ്ട്. പക്ഷേ വക്കൻ വന്നത് അങ്ങനല്ല. ഏകദേശം പത്തു മിനിട്ട് ഡിഫറൻസ് രണ്ട് മരണങ്ങളും തമ്മിലുണ്ട്...”
ഡോക്ടർ പറഞ്ഞു.
“അതുതന്നെയാണ് സാറേ ഞങ്ങക്കും പറയാനുള്ളത്.” ജിൻസി മുന്നിലേക്ക് വന്നു. “ഞങ്ങടപ്പൻ ചത്ത ശേഷമാ വക്കൻ പോയിരിക്കുന്നേ. പെട്ടി ഞങ്ങക്ക് വേണം സാറേ...”
“ഈ ഡോക്ടറ് തെണ്ടി നുണ പറയുന്നതാ. ഇവിടെ കൊണ്ടുവരുമ്പോ അപ്പന് ജീവനില്ലാർന്ന്. സംശയമുണ്ടെ കൊണ്ടുവന്നവരോട് ചോദിക്ക്.’’
ബിനോ പറഞ്ഞു. പത്രോസിനെ കൊണ്ടുവന്നവരിൽ ആദ്യം മൊഴികൊടുത്തത് ലാസർ മാഷാണ്.
“ഇച്ചിരി വെള്ളം താ സാറേ തലക്കൊരു വയ്യായ്ക എന്ന് പറഞ്ഞാണ് പത്രോസ് എന്റെ തിണ്ണയിൽ വന്നിരുന്നത്. വെള്ളമെടുത്ത് ഞാൻ വരുമ്പോ ആൾക്ക് ചെറിയ മയക്കമുണ്ടാരുന്നത് നേരാ... പക്ഷേ, കുറച്ചിങ്ങ് പോന്നപ്പോ പുല്ലുപോലെ എഴുന്നേറ്റിരുന്ന് പത്രോസ് മടമടാന്ന് വെള്ളം കുടിച്ചു...’’
“നേരാണ് സാറേ, പത്രോസ് ചേട്ടൻ എന്റെ കൈയിന്ന് ബീഡി മേടിച്ച് വലിക്കുക വരെ ചെയ്തു.”
മെമ്പർ മണി ബാക്കി പൂരിപ്പിച്ചു.
പെട്ടെന്നാണ് നുണ പറയുന്നോടാ നാറികളെ എന്ന് ചോദിച്ച് റാണി അങ്ങോട്ട് ഓടിവന്നത്. പട്ടാളം കൊച്ചുമോനെ ഫോണിൽ വിളിച്ചപ്പോ കിട്ടിയ ഉറപ്പിൽ അവൾ മിണ്ടില്ലെന്ന് കരുതിയ വക്കന്റെ മക്കൾ ഞെട്ടി. തദേവൂസച്ചന്റെ ളോഹയിട്ട് കലിതുള്ളി നിൽക്കുന്ന അവരെ സർക്കിൾ അന്തംവിട്ടു നോക്കി. വേഷം കണ്ടിട്ട് ഇവരേത് വകുപ്പാണെന്ന ചിന്തയിലായിരുന്നു സർക്കിൾ.
“പത്രോച്ചൻ വീണത് പുഴക്കരേലാണ്.
അല്ലാതെ ഇവന്റെ തിണ്ണേലല്ല. ഞങ്ങള് മുങ്ങാംകുഴി എണ്ണിക്കളിക്കുന്നതിനിടേലാ സാറേ അതിയാൻ മരിച്ചത്.
സംശയമുണ്ടെ നോക്ക്...”
ളോഹ പൊക്കിയ റാണി തെളിവിനായി തന്റെ കുളിവേഷം പ്രദർശിപ്പിച്ചു. “ഇനീം വിശ്വാസമായില്ലേ സാർ ഈ ചെറ്റകളുടെ മൊബൈല് പരിശോധിക്ക്,
അതിലെന്റെ കുളിസീനും കാണും,
പത്രോച്ചന്റെ വീഴ്ചയും കാണും...”
മെമ്പറുടെ പോക്കറ്റിലിരുന്ന ഫോണെടുത്ത് സർക്കിളിന് കൊടുത്തശേഷം റാണി കുപ്പായം താഴ്ത്തിയിട്ടു. അവരുടെ മൊഴി ശരിയാണെന്ന് ബോധ്യമായെങ്കിലും സർക്കിൾ വക്കന്റെ പക്ഷത്ത് തന്നെ ഉറച്ചുനിന്നു. എങ്കിലും പൂമലക്കാർ വിട്ടുകൊടുത്തില്ല. അവർ വീണ്ടും ബഹളമാരംഭിച്ചു. വലിയൊരു തെറിവിളിച്ച് പറഞ്ഞ് ബഹളമൊതുക്കിയ ശേഷം ചട്ടുകാലൻ സർക്കിളിന്റെ അടുത്തേക്ക് ചെന്നു.
“ചുമ്മാ ഞഞ്ഞാപിഞ്ഞാ പറഞ്ഞ് സമയം കളയണ്ട സാറേ... കൈയോടെ രണ്ട് ശവോം പോസ്റ്റ്മാർട്ടം ചെയ്യാൻ നോക്ക്. ആദ്യം ചത്തതാരാന്ന് അപ്പ അറിയാല്ലോ.” ഒന്ന് നിർത്തിയശേഷം അയാൾ വക്കന്റെ മക്കളെ നോക്കി. “അല്ലെ തന്നെ ആർക്കറിയാം, ഞങ്ങക്ക് പെട്ടി പോകാതിരിക്കാൻ ഇവനൊക്കെ തന്തേനെ തട്ടിയതാണോന്ന്. ആണെങ്കി ഇക്കൂടെ അതും തെളിയുവല്ലോ.”
ചട്ടൻ ജിൻസിയുടെ തോളിൽ പിടിച്ചു.
“പോസ്റ്റ്മാർട്ടം ജില്ലാശൂത്രില് മതി.
താലൂക്കിലെ സർജൻ ഇവന്മാരുടെ ബന്ധുവാ...”
അയാൾ പറഞ്ഞതുകേട്ട് വക്കന്റെ മക്കൾ വിയർത്തു. പോലീസുകാരെ നാലഞ്ച് തെറികൂടി പറഞ്ഞശേഷം ചട്ടുകാലൻ അപ്രത്യക്ഷനായി. നേരംവൈകിയതുകൊണ്ട് പിറ്റേദിവസത്തേക്ക് പോസ്റ്റ്േമാർട്ടം തീരുമാനിക്കപ്പെട്ടു.
16
കുട്ടപ്പൻ എന്നായിരുന്നു ജില്ലാ ഡോക്ടറുടെ പേര്. അയാളെ സ്വാധീനിക്കാൻ സ്റ്റീഫനും കൂട്ടരും പഠിച്ചപണി പതിനെട്ടും പയറ്റി. പക്ഷേ ഒന്നുമങ്ങോട്ട് ഏശിയില്ല. കുടിച്ച് കൂത്താടിയാണ് നടപ്പെങ്കിലും നേരുംനെറിയുമുള്ള ജീവിതമായിരുന്നു കുട്ടപ്പന്റേത്. അങ്ങനൊരുത്തൻ കീറിമുറിച്ചാൽ വക്കന്റെ മരണം കൊലപാതകമാണെന്ന് തെളിയും. പെട്ടി പോകുന്നതിനേക്കാൾ സ്റ്റീഫനെ അലട്ടിയത് ആ വിചാരമാണ്. അടുത്ത ടേമിൽ മന്ത്രിസാധ്യതയുള്ള തന്റെ രാഷ്ട്രീയജീവിതം അതോടെ തീരും. കൊലക്കുറ്റം ബംഗാളി ഏറ്റാലും പ്രേരണാക്കുറ്റം സ്വന്തം പാർട്ടിക്കാരുതന്നെ തന്റെ പിടലിക്ക് വെച്ചുകെട്ടുമെന്ന് അയാൾ ചിന്തിച്ചു.
“പെട്ടി ആ നാറികള് കൊണ്ട് പോട്ടെന്നേ. എങ്ങനെ കെടത്തിയാലും അപ്പൻ ചീയും...” പാലക്കുന്നേൽ മെത്രാന്റെ നേതൃത്വത്തിൽ അടുത്ത കുടുംബക്കാർ മാത്രമുള്ള ആലോചനായോഗത്തിനിടെ സ്റ്റീഫൻ പറഞ്ഞു.
“ചേട്ടായി അപ്പന്റെ ചോരേലുണ്ടായതാണോന്നാ ഇപ്പ എന്റെ സംശയം.” രണ്ടാമത്തെ മകൻ സേവ്യർ എഴുന്നേറ്റു നിന്നു. “എന്നാലും ആ ചട്ടുകാലൻ ഏതാന്നാ ഞാൻ ഓർക്കണെ. എത്ര കൃത്യമായിട്ടാ അവൻ ഓരോന്നും പറയണേ.’’
“ചെലപ്പോ, ഏതേലും പുണ്യാളനാരിക്കും. വേഷം മാറി വന്നതാകും.” ഒരാൾ പറഞ്ഞു.
“അനാവശ്യം പറയരുത്. തെറിപറയുന്ന പുണ്യാളന്മാരൊന്നും നമ്മടെ കൂട്ടത്തിലില്ല. ഉണ്ടോ പിതാവേ.” മറ്റൊരാൾ എതിർത്തു. “ആ @@## വാ തുറക്കുമ്പോ പതിനായിരം തെറീടെ എടേന്നാ പത്തുവാക്ക് പുറത്തോട്ട് ചാടുന്നേ...”
“ഞാൻ പറഞ്ഞത് കറുത്ത പുണ്യാളന്മാരുടെ കാര്യവാ. ഇവന്മാരുടെ കാർന്നോന്മാർക്ക് മുടിഞ്ഞകൂറാന്നെ.”
ആദ്യത്തെ ആൾ തന്റെ ഭാഗം ന്യായീകരിച്ചു.
“ഇതൊക്കെ വിട്ടിട്ട് നിങ്ങള് കാര്യത്തിന് തീരുമാനം ഉണ്ടാക്കാൻ നോക്ക്. നേരംവെളുത്താ പെട്ടി കൈവിടും...”
കുടുംബ മെത്രാന്റെ ശബ്ദമുയർന്നതോടെ എല്ലാവരും നിശ്ശബ്ദരായി. ആ സമയത്താണ് വക്കന്റെ കാരവാൻ ഓടിച്ചിരുന്ന ഡ്രൈവറോടൊപ്പം നാരകത്തറ ഷിജി അങ്ങോട്ടു വന്നത്. ഒരാളെയും ശ്രദ്ധിക്കാതെ മെത്രാന്റെ കൈമുത്തിയശേഷം ഷിജി കാര്യത്തിലേക്ക് കടന്നു.
“ഇതേ പത്രോസിന് പെട്ടി പോകാതിരിക്കാനാ എന്റപ്പൻ തൂങ്ങിയത്. ഇപ്പ അതേ വഴിക്ക് ഇവിടുത്തെ സാറും പോയി. എന്നിട്ട് പീലിമാത്രം ആത്മഹത്യചെയ്തവൻ. ഇത് എവിടുത്തെ ന്യായമാണ് പിതാവേ.”
ദേഷ്യംകയറി മുന്നോട്ടാഞ്ഞ ഇളയവനെ സ്റ്റീഫൻ തടഞ്ഞു.
“വെറുതെ എന്നെ മെക്കിട്ട് കേറണ്ട... ഞാനിപ്പോ വന്നത് നിങ്ങക്ക് ഗുണമുള്ള കാര്യത്തിനാ...” ഷിജി പറഞ്ഞു. “കാര്യം ഇവിടുന്നുള്ള തിരിപ്പ് കൊണ്ടാ എന്റപ്പന് പെട്ടികിട്ടാതെ പോയത്. അതിന്റെ വൈരാഗ്യം എനിക്ക് നല്ലോണമുണ്ട്. എന്നാലും പുണ്യാളന്റെ പെട്ടില് ആ പത്രോസ് നാറി കിടക്കണത് ചിന്തിക്കാൻപോലും എനിക്ക് പറ്റണില്ല. അതുകൊണ്ട് ചെയ്യുന്ന ഫേവറാണെന്ന് കരുതിക്കോ. പുല്ലുപോലെ പെട്ടി ഞാൻ ഈ മുറ്റത്ത് വെപ്പിക്കാം. പക്ഷേ ചില കണ്ടീഷനുണ്ട്.’’
“എന്ത് കണ്ടീഷൻ..?”
മെത്രാൻ മെല്ലെ എഴുന്നേറ്റു.
“എന്റപ്പന്റെ ശവം കാണാൻ ഇവിടുന്ന് ഒരാളും വന്നില്ല. കെട്ടിത്തൂങ്ങിയവന്റെ മുറ്റത്ത് മെത്രാന്റെ കുടുംബക്കാര് വന്നാ അതിന്റെ കുറച്ചില് പിതാവ് തമ്പുരാനാണല്ലോ? അതുകൊണ്ട് അതിന് ഞാനാരേം കുറ്റം പറയുന്നില്ല. പക്ഷേ, നാളെ അപ്പന്റെ ഏഴാണ്. കുഴിമാട പ്രാർഥന പിതാവ് ചെയ്യണം. ഇതാണ് ഫസ്റ്റ് കണ്ടീഷൻ. ഇതിന് ഓക്കെയാണെങ്കിലെ ബാക്കി കണ്ടീഷൻ പറഞ്ഞിട്ട് കാര്യമുള്ളൂ...”
മെത്രാൻ ഷിജിയുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. കിട്ടിയ അവസരം നന്നായി മുതലാക്കലാണ് അവളുടെ ഉദ്ദേശ്യമെന്ന് അയാൾക്ക് മനസ്സിലായി. എങ്കിലും കുറച്ചുനേരത്തെ ആലോചനക്കുശേഷം മെത്രാൻ ചോദിച്ചു.
“പിന്നെന്താ ചെയ്യണ്ടെ..?’’
“പെട്ടിപ്പോരീന്ന് ഒഴിവായി തരാങ്കി പത്രോസിന്റെ മകന് താലിവെയ്ക്കാൻ കഴുത്തുനീട്ടി തരാന്ന് വാക്ക് കൊടുത്തേച്ചാ ഞാനിങ്ങോട്ട് പോന്നത്. ഞങ്ങടെ കെട്ടും പിതാവിന്റെ കൈകൊണ്ട് നടക്കണം.” മെത്രാന്റെ മുഖത്ത് ഇരുളിമ പരക്കുന്നത് കണ്ട് ഷിജി ചിരിച്ചു.. “പെലേനെ കെട്ടിയവളെന്ന് കേക്കുന്നതിലും സുഖം, പെലേന് മെത്രാൻ കെട്ടിച്ച് കൊടുത്തവളെന്ന് കേക്കാനാ...” ഷിജിയുടെ ഉറപ്പിൽ രാത്രിക്ക് രാത്രിതന്നെ രണ്ടു ശവങ്ങളും അവരവരുടെ വീടുകളിലെത്തി.
17
ഒരുപോലെ നടക്കുന്ന കെട്ടും ശവമടക്കും കാണാനുള്ള കൗതുകപ്പുറത്ത് ആളുകളൊക്കെ നേരത്തേതന്നെ പള്ളിയിലെത്തി. പുണ്യാളന്റെ പെട്ടി അൾത്താരയിലുണ്ട്. പൂമലക്കാരുടെ കണ്ടീഷൻ പ്രകാരം ആദ്യം നടക്കേണ്ടത് കല്യാണമാണ്. ഇല്ലെങ്കിൽ ഷിജി ചതിക്കുമെന്ന് അവർക്ക് പേടിയുണ്ട്. പറഞ്ഞ സമയത്തുതന്നെ കല്യാണവസ്ത്രമൊക്കെ ധരിച്ച് ഷിജിയും കൂട്ടരും പള്ളിയിലെത്തി. തൊട്ടുപിന്നാലെ പായയിൽ പൊതിഞ്ഞ പത്രോസിന്റെ ശവവുമായി പൂമലക്കാരും വന്നു. പുണ്യാളന്റെ പെട്ടിയുടെ അടുത്തേക്ക് പിടിച്ചിട്ട ഡെസ്കിൽ ശവം ഇറക്കിവെച്ചു. മുഷിഞ്ഞ ഷർട്ടും കൈലിയുമാണ് ബിനോയുടെ വേഷം. തലയിൽ ഒരു തോർത്തും കെട്ടിയിട്ടുണ്ട്. അത് കണ്ടതും ഷിജിയുടെ മുഖം മങ്ങി.
“കെട്ടിനുള്ള ഡ്രസ്സ് ഞാൻ എത്തിച്ചതല്ലേ... പിന്നെന്താ ഈ കോലത്തില്”..
“നിന്നെ കെട്ടാനല്ലേ.. ഇത് മതി...”
ബിനോ ചിരിച്ചു. ഈ സമയത്താണ് മെത്രാനും കൂട്ടരും അങ്ങോട്ടെത്തിയത്. തദേവൂസച്ചനും ഒപ്പമുണ്ടായിരുന്നു.
“ഇതെന്താ പായേല്. പത്രോസിന് പെട്ടിയില്ലേ..?” അച്ചൻ ചോദിച്ചു. “ചെല്ല്... ചെല്ല്... ചെന്ന് പെട്ടി വാങ്ങ്. എന്നാലെ പ്രാർഥന തൊടങ്ങാൻ പറ്റൂ...”
“പ്രാർഥനേം, പരിവേഷോമൊന്നും ഞങ്ങടപ്പന് വേണ്ടച്ചോ... എന്റെ കെട്ട് കാണാൻ കൊണ്ടെ കെടത്തിയെന്നേ ഉള്ളൂ... ഇവളുടെ കഴുത്തേ ഞാൻ മിന്ന് വെക്കണ കാണാൻ ഏറ്റോം കൊതിച്ചത് അപ്പനാ...”
ബിനോ ഷിജിയെ ചേർത്ത് പിടിച്ചു. അവൾ കുതറിമാറി.
“എന്ന് പറഞ്ഞാലെങ്ങനാന്നെ... പത്രോസ് വിശുദ്ധ കുർബാന കൈക്കൊണ്ടവനാ. ബിനോ നീ ചുമ്മാ കളിക്കല്ലേ...”
“പെട്ടീം ഷൂസുമൊക്കെ കൊതിപ്പിക്കണേന് മുമ്പ് ഞങ്ങടെ കാർന്നോന്മാരെ പായേ പൊതിഞ്ഞാ കുഴിച്ചിട്ടിരുന്നേ. ചിലതിനേക്കെ ഉടുത്ത തുണിയെ പൊതിഞ്ഞും. അല്ലേതന്നെ ജീവിച്ചിരുന്നപ്പ കിട്ടാത്ത സുഖം പിന്നെ മരിച്ചിട്ട് എന്നാത്തിനാ.” ബിനോ ശവത്തിന്റെ തലഭാഗം തടവി. “പുറമെ അണച്ചും, അകമേ ആട്ടിയോടിച്ചും കുരുട്ടുവേല കാണിക്കുന്നവനൊക്കെ സ്വർഗത്തിലാണെ അവിടേം നമ്മള് പെടുമെന്ന് അപ്പൻ പറയാറുണ്ട്. അതോണ്ട് പത്രോസിന് പറുദീസ വേണ്ടച്ചോ... ”
ജിൻസിയും ബിനോയും കൂടി പായ അഴിച്ച് വിടർത്തി. മരിക്കുമ്പോഴുള്ള അതേ ചിരി അപ്പോഴും പത്രോസിന്റെ ചുണ്ടിലുണ്ട്. നീറി പുകയുന്ന മനസ്സും ശരീരവുമായി പാലയ്ക്കൽ മെത്രാൻ വെച്ചുകൊടുത്ത താലി ബിനോ ഷിജിയുടെ കഴുത്തിൽ കെട്ടി. ജിൻസി പകയോടെ കപ്യാരെ നോക്കി. അയാളുടെ മുഖത്ത് സന്തോഷം പരക്കുന്നത് അവൾ കണ്ടു. കെട്ടിനുശേഷം ബിനോ പത്രോസിന്റെ കാല് തൊട്ടുവണങ്ങി. ഒന്ന് മടിച്ചെങ്കിലും അവന്റെ നിർബന്ധപ്രകാരം ഷിജിക്കും അങ്ങനെ ചെയ്യേണ്ടി വന്നു. പത്രോസിന്റെ ശവം കുഴിച്ചുമൂടുന്ന സമയത്തുതന്നെ പീലിയുടെ കുഴിമാട പ്രാർഥന നടന്നു. കെട്ടിത്തൂങ്ങിയ പീലിക്ക് വേണ്ടി പാലയ്ക്കൽ മെത്രാൻ വാടിയ ശബ്ദത്തിൽ ദൈവത്തെ വിളിച്ചു. വക്കന്റെ മക്കൾ ആമേൻ പറഞ്ഞു. എല്ലാവിധ ആഡംബരത്തോടെയും അന്ന് വൈകീട്ട് പാലക്കുന്നേൽ വക്കന്റെ ശവമടക്കും കഴിഞ്ഞു.
18
ആ രാത്രി മൂന്നുതവണ രമിച്ചിട്ടും നാരകത്തറ ഷിജിക്ക് മതിയായില്ല. സത്യത്തിൽ അങ്ങനൊരു ഉദ്ദേശ്യം അവൾക്കില്ലായിരുന്നു. പിറ്റേന്നുതന്നെ ലണ്ടനിലേക്ക് മടങ്ങാനായിരുന്നു അവളുടെ പദ്ധതി. ഒറ്റക്ക് മുറിയിൽ കയറി കതകടയ്ക്കാൻ തുനിഞ്ഞ അവളെ ബിനോ ബലമായി പ്രാപിക്കുകയായിരുന്നു. എതിർത്ത് നോക്കിയെങ്കിലും അധികം പിടിച്ചുനിൽക്കാൻ അവൾക്ക് കഴിഞ്ഞില്ല. ഒറ്റത്തവണകൊണ്ട് ബിനോയുടെ കരുത്ത് അവളെ അടിമുടി കീഴടക്കി ക്കളഞ്ഞു. ബാംഗ്ലൂരും ലണ്ടനിലുമായി ഇതിനുമുമ്പ് താൻ കണ്ടവരൊക്കെ ആണുങ്ങളായിരുന്നോ എന്നുപോലും അവൾ ചിന്തിച്ചുപോയി.
“ഇണചേരുമ്പോ മാത്രം മനുഷ്യൻ മനുഷ്യജാതിയും, അത് കഴിഞ്ഞാ പല ജാതിയുമെന്നാ അപ്പന്റെ പ്രമാണം.” ഷിജിയുടെ മുകളിൽ നിന്നെഴുന്നേറ്റ ബിനോ സിഗരറ്റ് കത്തിച്ചു. “നിന്റെ തന്ത കേസിന്ന് രക്ഷപ്പെട്ടതിലല്ല, നീ എന്നെ തേച്ചിട്ട് പോയതിലാർന്ന് അപ്പന് സങ്കടം. എനിക്കാണേ നേരെ തിരിച്ചും. ഇപ്പോ രണ്ട് സങ്കടവും തീർപ്പായിട്ടുണ്ട്.”
ബിനോ എഴുന്നേറ്റു. പക്ഷേ അവൻ പറഞ്ഞതൊന്നും അവൾ കേൾക്കുന്നുണ്ടായിരുന്നില്ല. വേറേതോ മായികലോകത്തായിരുന്നു ഷിജി.
“പൊയ്ക്കൊ... പക്ഷേ വെളുത്തിട്ട് മതി.”
വാതിൽ തുറക്കാൻ തുടങ്ങിയ ബിനോയെ അവൾ വട്ടംപുണർന്നു. പിന്നെ ഇടയ്ക്കെപ്പഴോ മൂത്രമൊഴിച്ച് വന്നപ്പോ അവൻ മുറിയിൽ ഇല്ലായിരുന്നു. ഇരുട്ടുമൂടിയ റോഡിലൂടെ ഒരു സിഗരറ്റ് വെട്ടം അകന്നകന്ന് പോകുന്നത് ഷിജി കണ്ടു...
19
ബിനോയെ കാത്ത് തദേവൂസച്ചൻ സെമിത്തേരിയുടെ മുന്നിലുണ്ടായിരുന്നു. രണ്ടാളും ഉള്ളിലേക്ക് നടന്നു. വലിയ കടവാതിൽ ചിറക് വിടർത്തിയപോലെ സെമിത്തേരിക്ക് മുകളിൽ ആകാശം കറുത്തുകിടന്നു. അവര് ചെല്ലുമ്പോൾ ജിൻസി രണ്ടു കല്ലറകളും പൊളിച്ചിരുന്നു. ആദ്യം പത്രോസിന്റെ ശവം ബിനോ പുറത്തെടുത്തു. പിന്നാലെ പാലക്കുന്നേൽ വക്കന്റെ ബോഡിയും കരക്ക് കയറി.
‘‘എങ്ങനെ കെടത്തിയാലും മണ്ണ് തിന്ന് പോകാനുള്ളവനാ മനുഷ്യൻ. അല്ലാതെ ഇതിലൊന്നും വല്യ കാര്യമില്ല. എന്നാലും ഈ പെട്ടീല് പത്രോസ് തന്നെ കിടക്കട്ടെ.’’ അച്ചൻ പറഞ്ഞു. ‘‘അല്ലേലും കഥകളൊക്കെ കഥകളായി കേൾക്കാത്തതാ മനുഷ്യവർഗത്തിന്റെ നാശം.’’
ബിനോയും ജിൻസിയും കൂടി അപ്പനെ പുണ്യാളന്റെ പെട്ടിയിലേക്ക് കിടത്തി. പായയിൽ പൊതിഞ്ഞ വക്കനെ അയാളുടെ കുഴിയിലേക്കും തള്ളി. പഴയതിനേക്കാൾ ഭംഗിയായി കല്ലറകൾ മൂടിയശേഷം മുട്ടുകുത്തി പ്രാർഥിക്കുന്ന പത്രോസിന്റെ മക്കളെ നോക്കി തദേവൂസച്ചൻ കുരിശ് വരച്ചു… പുണ്യാളന്റെ ചിരിപോലെ ആകാശം അവർക്ക് മീതെ വെളുത്തുവന്നു...
(അവസാനിച്ചു)