കഥ
പരിത്യക്ത
പ്രളയകാലത്ത് വെള്ളത്തിന്റെ തടവറയിൽപെട്ടുപോയ ഒരുപാട് നിസ്സഹായരായ മനുഷ്യർക്ക് പ്രതീക്ഷയായും താങ്ങായും ഞാൻ ഉണ്ടായിരുന്നു. പ്രളയജലം ഇറങ്ങിപ്പോയപ്പോൾ എല്ലാവരും എന്നെ മറന്നു. തരിശായി മാറിയ ഈ പാടത്തിന്റെ കരയിൽ ദ്രവിച്ചു ദ്രവിച്ചു മനംനൊന്ത് ഏകയായി ഞാൻ.
ആരുഷി=പാറു
ആരുഷി,
അച്ഛനമ്മമാരിൽനിന്ന് വേർപെട്ട് മഹാനഗരത്തിന്റെ തിരക്കേറിയ വീഥിയിൽ തനിച്ചായിപ്പോയ ആറു വയസ്സുകാരി.
എവിടെ വെച്ച്?
എങ്ങനെ?
എങ്ങനെയാണവൾ അച്ഛനമ്മമാരുടെ ശ്രദ്ധാ വലയത്തിന് പുറത്തായിപ്പോയത്?
ആരുടെ ശ്രദ്ധയിലാണ് തനിച്ചായ കുട്ടി ആദ്യം ചെന്നുപെട്ടത്?
അവൾക്ക് വീടിന്റെ മേൽവിലാസവും ഉറ്റവരുടെ ഫോൺ നമ്പറുകളും ഓർത്തുപറയാൻ കഴിയുമോ? കോലായയിലെ ചൂരൽകസേരയിലിരുന്ന് ഒരു കഥയെഴുതാനുള്ള ശ്രമത്തിലായിരുന്നു ഞാൻ.
മുറ്റത്തെ നാട്ടുമാവിന്റെ തണലിലിരുന്ന് സ്വയം സംസാരിച്ചുകൊണ്ട് ചോറും കൂട്ടാനും ഉണ്ടാക്കി വിളമ്പിക്കളിക്കുന്ന അഞ്ചു വയസ്സുകാരി മകൾ പാറുവിലേക്ക് എന്റെ ശ്രദ്ധ മാറിയത് പൊടുന്നനെയായിരുന്നു.
കുറച്ചു നേരം നിശ്ശബ്ദനായി, സ്തബ്ധനായി ഇരുന്നു പോയി.
കരൾ പിളർത്തിക്കൊണ്ടൊരു നിലവിളി നെഞ്ചിൻകൂടിൽനിന്ന് പറന്നുയർന്നു.
ഭാണ്ഡം
ഭക്ഷണപ്പൊതിയുമായി തിരികെ നടക്കുമ്പോൾ ദൈന്യമെങ്കിലും സ്നേഹത്തിന്റെയും കരുണയുടെയും സവിശേഷ തിളക്കമുള്ള ഒരു ജോഡി കണ്ണുകളും വരണ്ട ചുണ്ടിലെ നേർത്ത പുഞ്ചിരിയും എന്നെ പിന്തുടരുന്നുണ്ടായിരുന്നു.
‘‘അത് ഇന്നലെ രാത്രി ചത്തുപോയി’’
തിരക്കേറിയ പ്ലാറ്റ്ഫോമിലെ അമ്മൂമ്മ ഇരിക്കാറുണ്ടായിരുന്ന മൂലയിൽ ഒരു പഴന്തുണിക്കെട്ടു മാത്രം ബാക്കിയായിരുന്നു.
ഷട്ട് അപ്പ്!
ഹോസ്പിറ്റലിനകത്ത് ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ഒരു റസ്റ്റാറന്റുണ്ട്.
‘‘ഷട്ട് അപ്പ്!’’
ഉച്ചസ്ഥായിയിലുള്ള ആ വാക്കുകൾ റസ്റ്റാറന്റിൽ തളംകെട്ടി നിൽക്കുന്ന പാതിരാമൗനത്തെ ശസ്ത്രക്രിയ ചെയ്തു.
വിറയാർന്ന ശരീരവുമായി നിൽക്കുന്ന നീല ഷർട്ട് ധരിച്ച ക്ഷുഭിതനായ മധ്യവയസ്കൻ. ഇന്റൻസീവ് കെയർ യൂനിറ്റിനു മുന്നിൽ വരിവരിയായിട്ട ഇരിപ്പിടങ്ങളിൽ ദുഃഖം കനത്ത മുഖവുമായി മൂന്നുനാലു ദിവസമായി അയാളെ കാണാറുണ്ട്.
കാഷ് കൗണ്ടറിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ മുഖം വിവർണമായി. ഒന്നു പ്രതികരിക്കാൻപോലും കഴിയാതെ നിശ്ശബ്ദനാകേണ്ടി വരുന്നവന്റെ നിസ്സഹായത കണ്ണിൽ നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു.
നീല ഷർട്ടുകാരൻ കാഷ് കൗണ്ടറിയിലേക്ക് കമിഴ്ന്നടിച്ചുവീണതും ഏങ്ങലടിച്ചു കരയാൻ തുടങ്ങിയതും പെട്ടെന്നായിരുന്നു.
‘‘അവളുടെ കണ്ണൊന്ന് തുറന്നുകിട്ടിയാ മതിയായിരുന്നു.’’
പാഴ്ച്ചുമട്
‘‘ആൾത്തിരക്കേറുമീ വാഹനം എന്നെയൊരു പാഴ്ച്ചുമടായിങ്ങിറക്കിവെയ്ക്കേ’’
യാത്രയയപ്പു യോഗത്തിൽ കേട്ട കവിതാശകലം തികട്ടിവരുന്നതുപോലെ വിരമിക്കുന്ന സീനിയർ സൂപ്രണ്ടിന് തോന്നി.
മുപ്പത്തിമൂന്നു വർഷത്തെ സേവനത്തിനു ശേഷം ഇന്ന് പടിയിറങ്ങുകയാണ് അയാൾ. വീട്ടിലേക്ക് കൊണ്ടുവിടാൻ ചുമതലയുള്ള സഹപ്രവർത്തകന്റെ വാഹനം കാത്ത് ഓഫിസിന്റെ മുറ്റത്തു നിൽക്കുമ്പോൾ അയാളുടെ മനസ്സിൽ ഒരു വാക്ക് മാത്രം അവശേഷിച്ചു.
‘പാഴ്ച്ചുമട്’
കള്ളൻ കുഞ്ഞാണ്ടി
ഞങ്ങളുടെ നാട്ടിലെ പ്രാദേശിക ചെറുകിട കള്ളനാണ് കുഞ്ഞാണ്ടി. ഓന്റെ നോട്ടം കണ്ടാലറിയാം ഓനൊരു ഒന്നാന്തരം കള്ളനാണെന്ന്. കുഞ്ഞാണ്ടിയുടെ ഇഷ്ട സാധനങ്ങൾ; ഉണക്കാനിട്ട വസ്ത്രങ്ങൾ, കോലായയിലെ പ്ലാസ്റ്റിക് കസേരകൾ, സിനിമാ താരങ്ങളുടെ നെടുനീളൻ ചിത്രങ്ങളുള്ള കലണ്ടറുകൾ...