ദുനിയാവിന്റെ മണം
‘ദുനിയാവ്... ദുനിയാവിന്റെ മണം...’
ഖബറിന്റെ ഇരുളിനും നിശ്ശബ്ദതക്കും മുകളില്‍ പരിമളം പടര്‍ത്തിയ ആ ഗന്ധത്തെ ഒടുവില്‍ തിരിച്ചറിഞ്ഞ ആവേശത്തില്‍ അല്ലമീന്റെ റൂഹ് അത്യുച്ചത്തില്‍ വിളിച്ചുകൂവി. പള്ളിക്കാട്ടിന്റെ അടിയില്‍ ഖബറുകളില്‍നിന്ന് ഖബറുകളിലേക്ക് ആ വിളി പ്രതിധ്വനിച്ചു.
ദുനിയാവ് ..!
അല്ലമീന്റെ നിലവിളി കേട്ട ഖബറാളികളൊക്കെ അത്ഭുതത്തോടെ, അതിലേറെ ആശയക്കുഴപ്പത്തോടെ ആ വാക്ക് ഉരുവിട്ടു. നിതാന്തമായ നിദ്രക്ക് വിഘ്നമുണ്ടാക്കിയ അരിശത്തോടെയാണ് പലരും ഞെട്ടിയുണര്ന്നതെങ്കിലും ആ വാക്ക് അവരെ എന്തൊക്കെയോ ഓര്‍മിപ്പിച്ചു.
ഓര്‍മകളും കാലവും ബോധവും ഇരുളിലും പുതമണ്ണിലും കുഴമറിഞ്ഞ് നിശ്ചലമായ ഖബറുകളിലേക്ക് പക്ഷേ, എവിടെനിന്നോ ആ മണം അരിച്ചരിച്ചെത്തിക്കൊണ്ടിരുന്നു, ദുനിയാവിന്റെ മണം!
വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രളയജലത്തില്‍ മുങ്ങിമരിക്കുമ്പോള്‍ അവസാന ശ്വാസമെടുക്കാന്‍ കുതറിയത് പോലെ മണല്ക്കൂനക്കടിയില് ആ ഗന്ധത്തെ വേര്‍തിരിച്ചറിയാന്‍ അല്ലമീന്‍ ഞെരിപിരികൊണ്ടു. ആ പരിമളത്തിന്റെ ഓരോ അടരും അടഞ്ഞുപോയ ദുനിയാവിന്റെ ഓര്‍മകളിലേക്ക് കിളിവാതിലുകള്‍ തുറക്കുന്നു.
തൊട്ടടുത്ത ഖബറിലെ അന്തേവാസിയായ, ചെറുപ്പത്തിലേ മരിച്ചുപോയ കുഞ്ഞാമിന ഒന്ന് ഉണര്‍ന്നെങ്കിലും അല്ലമീനെ നോക്കി പുഞ്ചിരിച്ചശേഷം ചക്രവാളങ്ങളോളം വിശാലമായ തന്റെ ഖബറില്‍ സ്വര്‍ഗത്തെ സ്വപ്നംകണ്ടുകൊണ്ട് വീണ്ടും ഉറക്കത്തിലേക്ക് വീണു.
അതിനുമപ്പുറം ചെറുതുംവലുതുമായ അനവധി ഖബറുകളുടെ ഉള്ളറകളില്‍നിന്ന് അനക്കങ്ങളും ഞരക്കങ്ങളും കേട്ടുതുടങ്ങി. പലരും പല രൂപേണേ സ്വന്തം ഖബറുകള്‍ വിട്ട് അല്ലമീന്റെ അരികിലേക്ക് നീങ്ങി. പറന്നും ഒഴുകിയും എത്തുന്നവരുണ്ട്. ഇഴഞ്ഞും നിരങ്ങിയും മറ്റു പലരും വരുന്നുണ്ട്. വാരിയെല്ലുകള്‍ കോര്ക്കുംവിധം ഇടുങ്ങിപ്പോയ ഖബറില്‍ നിന്നും പുറത്തിറങ്ങാനാകാതെ കുടുങ്ങിപ്പോയ ചിലര്‍ ആ കിടപ്പില്‍ പുറത്തെ അനക്കങ്ങള്‍ക്ക് ചെവിയോര്‍ത്തു.
ദ്രവിച്ചു മണ്ണോടുചേര്ന്ന അല്ലമീന്റെ സിരകള്‍ ഏതോ അതീന്ദ്രജ്ഞാനത്താല് ഊര്വരമായി. അരിച്ചെത്തിയ സുഗന്ധത്തിനൊപ്പം ബോധവും ഓര്‍മകളും അവയില്‍ കിനിഞ്ഞു. ഖബറിന്റെ ഇരുളിനെ ഭേദിച്ച് കാലം നേരിയ പ്രകാശബിന്ദുക്കളായി അയാളിലേക്കെത്തി. അവ കൊണ്ടുവന്ന കാഴ്ചകള്‍ താങ്ങാനാകാത്ത വേദനകളുടെ മണല്ക്കാടുകളില് അയാളെ പിടിച്ചുതാഴ്ത്തി.
എത്രയോ തലമുറകളെ, തന്റെ വേരുപടലങ്ങളുടെ ജരാനരകളിലേക്ക് ഏറ്റുവാങ്ങി, പള്ളിക്കാടിന്റെ ആകാശമൊന്നാകെ കവര്ന്നുപടര്ന്ന പടുകൂറ്റന്‍ ആഞ്ഞിലിയുടെ അടിത്തട്ടില്‍ അല്ലമീന്‍ നിശ്ചലമായി നിന്നു.
ചുറ്റും കൂടിയ റൂഹുകള്‍ അയാളെ ഉറ്റുനോക്കി.
ജ്ഞാനം പകര്‍ന്ന ആനന്ദവും അതിലേറെ വേദനയും അയാളില്‍നിന്ന് പ്രസരിച്ചുകൊണ്ടിരുന്നു. അസംഖ്യം വൃക്ഷങ്ങളുടെ വളഞ്ഞുപുളഞ്ഞ വേരുകള്‍, ഭൂമിയുടെ അജ്ഞാതഗഹ്വരങ്ങളില്‍ കുടിപാര്‍ക്കുന്ന പരശ്ശതം ജീവജാലങ്ങള്‍, അഗാധതയില്‍ എവിടെയോനിന്ന് പള്ളിക്കുളത്തിലേക്ക് നിറയുന്ന തെളിനീരുറവയുടെ തണുപ്പും തലോടലും ഒക്കെ ചേര്‍ന്ന ഖബറുകളുടെ പ്രപഞ്ചം ഉപരിലോകത്തിന്റെ അദൃശ്യവൃത്താന്തങ്ങളറിയാന് കാതോര്‍ത്തു.
‘ദുനിയാവിനെ എനിക്ക് ഓര്മ വരുന്നു’ -അല്ലമീന്‍ പറഞ്ഞു.
‘ഈ ഖബറിനു മുകളില്‍ ഒരു ലോകമുണ്ട്. മണലിനും ഇരുളിനും പകരം വായുവും വെളിച്ചവും വെള്ളവുമുള്ള ലോകം’ വെള്ളം എന്നു പറഞ്ഞതും അയാള്‍ നടുക്കത്തോടെ ഒന്നു നിര്‍ത്തി.
ഖബറാളികള്‍ അവിശ്വസനീയതയോടെ അയാളെ നോക്കി.
‘ഈ വേരുപടലങ്ങള്‍ക്കു മുകളില്‍ വൃക്ഷലതാദികളും കാടും മലയും എണ്ണിയാലൊടുങ്ങാത്ത ജീവജാലങ്ങളുമുണ്ട്. അവിടെ ഞാന്‍ ഒറ്റക്കല്ലായിരുന്നു, എനിക്കൊപ്പം ഒരുപാട് മനുഷ്യരുണ്ടായിരുന്നു. പക്ഷേ, ഓര്‍ക്കാനാവുന്നില്ല. ഖബറിലേക്കെത്തുന്ന പുതിയ അംഗങ്ങള്‍ ദുനിയാവില് നിന്നാണ് വരുന്നത്. അവര്‍ അത് ഓര്‍ക്കുന്നില്ലെന്നു മാത്രം’. അയാള്‍ വീണ്ടും നിശ്ശബ്ദനായി.
അല്ലമീന്റെ വെളിപ്പെടുത്തല്‍ ഖബറാളികളില്‍ മണല്‍ക്കാറ്റിന്റെ ഹുങ്കാരം പോലെ ഏതൊക്കെയോ അവ്യക്ത സ്മരണകളെ ഉണര്‍ത്തിവിട്ടു. അവസാന കുളിപ്പിക്കലിന്റെ ജലസ്പര്‍ശം. കണ്ണുകളെ എന്നന്നേക്കുമായി കരിച്ചുകളഞ്ഞ വെള്ളപ്പുടവകള്, അടക്കിപ്പിടിച്ച സംസാരങ്ങള്‍, തേങ്ങലുകള്‍, പൊട്ടിക്കരച്ചില്‍, കഫൻ പുടവക്ക് മേല്‍ മുറുകുന്ന മൂന്ന് ബന്ധനങ്ങള്‍, സന്ദൂക്കിന്റെ താളനിബദ്ധമായ ചലനം, കോട്ടകണക്കെ ഉയരുന്ന മീസാന്‍ പലകയുടെ ഇടുക്കം, ശാശ്വതസത്യമായി വന്നുനിറയുന്ന മണല്‍, അകലുന്ന പാദസ്പന്ദനങ്ങള്...
ഖബറുകളില്‍ മൃഷ്ടാന്നഭോജനം നടത്തുന്ന ചിതല്‍പ്പുറ്റുകളും സൂക്ഷ്മജീവികളും തങ്ങളുടെ ദൗത്യം നിര്‍ബാധം തുടരവെ, ആ വെളിപ്പെടുത്തലുകള്‍ക്കു മുന്നില്‍ ഖബറാളികള്‍ സ്തബ്ധരായിനിന്നു. വെള്ളപ്പുടവക്കപ്പുറം ദുനിയാവിന്റെ കാഴ്ചകള്‍!
അവിശ്വസനീയതയോടെ ആ വാക്കുകള്‍ അവര്‍ കേട്ടു. മണലിനും ഇരുളിനുമപ്പുറം ഒരു ലോകമുണ്ടോ? അവിടെ നിന്നാണോ എന്റെ വരവ്? ഓരോരുത്തരും ആശയക്കുഴപ്പം തീര്‍ക്കാനാകാതെ സ്വയം ചോദിച്ചു.
അല്ലമീന്‍...
പെട്ടെന്ന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു അട്ടഹാസം ഉയര്‍ന്നു. വാരിയെല്ലുകള്‍ കുരുങ്ങിയതു കാരണത്താല്‍ ഖബറില്‍നിന്ന് പുറത്തിറങ്ങാനാകാത്ത അബ്ദുമനാഫിന്റെ ഒച്ചയായിരുന്നു അത്.
‘വിഡ്ഡീ... അവസാനിപ്പിക്കൂ നിന്റെ പുലമ്പല്‍....
ഖബറിനു മുകളില്‍ ഒരു ലോകമോ? വിഡ്ഢിത്തം...!’
ഖബറാളികള്‍ അതു കേട്ടു നടുങ്ങി.
കോര്ത്തുകയറിയ വാരിയെല്ലുകളുടെ നിതാന്തമായ വേദനകള്‍ക്കിടയില്‍ അത്രയും പറഞ്ഞശേഷം അയാള്‍ വീണ്ടും ഭയാക്രാന്തമായ വിലാപം തുടര്‍ന്നു. ഒരിക്കലും അയാള്‍ ഖബറില്‍നിന്നും പുറത്തുവന്നിട്ടില്ലെങ്കിലും നിലവിളിയും അട്ടഹാസങ്ങളും കൊണ്ട് ഖബറാളികളുടെ ലോകത്തെ എന്നും അയാള്‍ നിയന്ത്രിച്ചുപോന്നിരുന്നു.
വേരുപടലത്തിന് ചുവട്ടില്‍ അല്ലമീന്റെ ചുറ്റും വട്ടംകൂടിയ ഖബറാളികള്‍ അട്ടഹാസത്തിന്റെ അനുരണനമെന്നോണം സാവധാനം പിരിഞ്ഞുപോയിത്തുടങ്ങി. ഒരു നിമിഷം പിടിച്ചുകുലുക്കിയ ദുനിയാവ് എന്ന സ്മരണ അവരെ വിട്ടകന്നുപോയി.
അല്ലമീന്റെ ഭ്രമാത്മക കല്പനയില് സഹതപിച്ചുകൊണ്ട് വീണ്ടും അവര്‍ ശാശ്വതമായ ഉറക്കത്തെ തേടി. കോര്‍ത്ത വാരിയെല്ലുകളുമായി ആരുടെയൊക്കെയോ വിലാപങ്ങള്‍ മാത്രം മണലടരുകളെ വിറകൊള്ളിച്ചുകൊണ്ടിരുന്നു.
അല്ലമീന്‍ അവയൊന്നും അറിഞ്ഞില്ല. ഓരോ ചുവടും വീണ്ടും ഇരുളിലേക്ക് വീഴുമെന്ന് തോന്നിച്ചെങ്കിലും ആ ഗന്ധം അയാളെ മുന്നോട്ടു നയിക്കുന്നു. ദുനിയാവിന്റെ ഗന്ധം..!
പ്രളയജലത്തിലെ അവസാന നിമിഷങ്ങള്‍ ഇപ്പോള്‍ അയാള്‍ക്ക് കൂടുതല്‍ വ്യക്തമായി കാണാം. ഒരു കൈയില്‍ മുറുകെ ഉയര്‍ത്തിപ്പിടിച്ച ഒരു കുഞ്ഞുജീവനുമായി അയാള്‍ മല്ലിടുന്നു. ദുനിയാവിനു വേണ്ടിയുള്ള മല്ലയുദ്ധം. വെള്ളത്തിനു മുകളില്‍ ഉയര്‍ത്തിപ്പിടിച്ച ആ കുഞ്ഞ് ജീവനേക്കാള്‍ ഉപരിയായിരുന്നില്ല അപ്പോള്‍ അയാള്‍ക്ക് ദുനിയാവ്. ഒടുവില്‍ ആരോ കുഞ്ഞിനെ ഏറ്റുവാങ്ങുന്നതിന്റെ ഒച്ചപ്പാടുകള്ക്കിടെ പ്രളയജലത്തില്‍ അയാളുടെ ദുനിയാവ് അവസാനിക്കുകയും ഖബറിന്റെ ഇരുളിന് തുടക്കമാവുകയും ചെയ്തു.
ദുനിയാവിന്റെ ഓര്‍മകള്‍ക്കായി യുദ്ധം ചെയ്തുകൊണ്ടിരിക്കെ, ഖബറിന് മുകളിൽ അന്ന് പ്രളയജലത്തില്‍നിന്ന് രക്ഷപ്പെട്ട കുരുന്ന് വന്ന് നില്ക്കുന്നുണ്ടായിരുന്നു. പ്രളയം കവര്‍ന്ന പിതാവിന്റെ ഖബറിന്റെ തലക്ക് വര്‍ഷങ്ങളുടെ വളര്‍ച്ചയെത്തിയ ഒരു മാവിന് തൈ ശിഖരങ്ങള്‍ വീശി വളര്‍ന്നു നില്ക്കുന്നു. അതിന്റെ ചുവട്ടില്‍ കൗമാരത്തിലേക്ക് കടന്ന മകന് ഖബറിനു മുകളില്‍ വീണുകിടന്ന ഇലകളും വേരോടിയ പുല്‍പ്പടര്‍പ്പും നീക്കംചെയ്തുകൊണ്ടിരുന്നു. കണ്ട ഓര്‍മയില്ലാത്ത പിതാവിനുവേണ്ടി മണ്‍കൂനയിലേക്ക് ഇറ്റുവീണ ഏതാനും കണ്ണീര്‍ക്കണങ്ങള്‍ ഖബറിന്റെ അകത്തളങ്ങളിലേക്ക് ആഴ്ന്നിറങ്ങി. മണ്ണിലലിഞ്ഞ ഇലച്ചാര്ത്തുകളോ ഖബറിലേക്കിറങ്ങിയ വേരുപടലങ്ങളോ ആ കൗമാരക്കാരന്റെ പാദങ്ങളില്‍നിന്നും ദുനിയാവിന്റെ ഗന്ധത്തെ ഖബറിന്റെ ലോകത്തേക്ക് കൊണ്ടുപോയി. ഇരു ലോകങ്ങളുടെയും അലംഘനീയ നിയമങ്ങളുടെ ഏതോ പഴുതിലൂടെ അല്ലമീന്‍ ആ ഗന്ധം അറിഞ്ഞു.
കൗമാരക്കാരന് അവസാന ഇലയും പുല്‍പ്പടര്‍പ്പും വൃത്തിയാക്കി. പ്രാര്‍ഥന പൂര്‍ത്തിയാക്കി അവന് തിരികെ നടന്നുതുടങ്ങി.
ആഞ്ഞിലിയുടെ വേരുപടലങ്ങള്‍ക്കു താഴെ അല്ലമീന്‍ മുന്നില്‍ തെളിഞ്ഞുവന്ന രണ്ടു കണ്ണുകളെ നോക്കി അപ്പോള്‍ ഉറക്കെ വിളിച്ചുപറഞ്ഞു. ദുനിയാവില് സ്നേഹവും പ്രണയവുമുണ്ട്. അവിടെ കണ്ണീരും വിരഹവുമുണ്ട്.
ഖബറാളികളുടെ ലോകം വീണ്ടും ഉണര്‍ന്നു. ഓര്‍മകളായി വീണ്ടും ദുനിയാവിന്റെ പ്രകാശബിന്ദുക്കള്‍.
വിരഹവും പ്രണയവും..!
അവസാന ഖബറും കടന്ന് ദുനിയാവിന്റെ മണം ആ കാലടികള്‍ക്കൊപ്പം പള്ളിക്കാടിനെ കടന്നുപോയി.
‘പ്രണയം? വിരഹം...?’ ചുറ്റും കൂടിയ റൂഹുകള്‍ അല്ലമീനോട് ചോദിച്ചു. അയാള്‍ എന്തോ പറയാന്‍ തുടങ്ങിയെങ്കിലും കണ്ണുകള്‍ക്ക് മേലെ പൊടുന്നനെ വീണ്ടും വെള്ളപ്പുടവ വന്നു വീണു. ഓര്‍മയുടെ നൂല്‍പ്പാലത്തില്‍നിന്നും ഖബറിന്റെ ഇരുളിലേക്ക് അയാള്‍ പതിച്ചു. കോട്ടകണക്കെ ഉയര്‍ന്ന മീസാന്‍ പലകകള്‍ക്കുള്ളില്‍ വിസ്മൃതിയുടെ അപാരത ആയാളെ സ്വീകരിച്ചു. മറുപടി കിട്ടാത്ത റൂഹുകള്‍ മറവിയെ ഏറ്റുവാങ്ങി തങ്ങളുടെ ഖബറുകളിലേക്ക് മടങ്ങി. കുഞ്ഞാമിന ഒരിക്കല്‍ കൂടി പുഞ്ചിരിച്ചുകൊണ്ട് വീണ്ടും ഉറക്കം തുടര്‍ന്നു.