സഹചാരികളുടെ നൊമ്പരങ്ങൾ
മെഴുകുതിരി
നേരം ഇരുട്ടിയാൽ ഒരു ദാക്ഷിണ്യവുമില്ലാതെ അയാൾ തീപ്പെട്ടിയുരച്ച് എന്റെ മുടിയിൽ തീകൊളുത്തും. ഉടലിന് തീപിടിച്ച് ഞാൻ കത്തിയെരിയുമ്പോഴും ആ മനുഷ്യൻ ചിരിക്കുകയായിരിക്കും. കപ്പലണ്ടി കൊറിച്ചുകൊണ്ട് കടലാസിൽ എന്തൊക്കെയോ കുത്തിവരയുന്ന അയാളെ അഭിനന്ദിക്കാൻ ആളുകൾ വരുന്നത് പതിവായിരുന്നു. അവർ പോയിക്കഴിയുമ്പോഴേക്കും മേശയിൽ ഒരിറ്റു കണ്ണുനീരായി മാറിയ എന്നെ ഇളക്കിയെടുത്ത് ഒന്നു നോക്കുകപോലും ചെയ്യാതെ ജനലിലൂടെ ദൂരേക്ക് വലിച്ചെറിയും. ക്രൂരനായ ആ ചിത്രകാരനെയാണ് എല്ലാവരും നന്മയുള്ളവൻ എന്നു വിളിക്കുന്നത്!
വണ്ടി
തിരക്കുകൾക്കിടയിലൂടെ അതിവേഗം സഞ്ചരിക്കാനായിരുന്നു അയാൾക്കിഷ്ടം. ചളിയിലും ഗട്ടറിലും വീണ് ഞാൻ കിതക്കുമ്പോഴും നിർദാക്ഷിണ്യം അയാളെന്നെ തൊഴിച്ചുകൊണ്ടിരുന്നു. എതിരെ പാഞ്ഞുവന്ന പലരും എന്റെ ദേഹത്ത് ഇടിച്ചുകയറിയിരുന്നു. ദേഹം ചതഞ്ഞരഞ്ഞപ്പോഴും ഒരു പോറൽ പോലുമേൽക്കാതെ എന്റെ ശരീരംകൊണ്ട് കവചമൊരുക്കി ഞാനാ മനുഷ്യനെ പൊതിഞ്ഞുപിടിച്ചു. രാപ്പകലില്ലാതെ റോഡിലൂടെയും പറമ്പിലൂടെയും ഓടിത്തളർന്ന് അയാളെ ഞാൻ മുതലാളിയാക്കി. ഒടുവിൽ പ്രായമായ എന്നെ അയാൾ പറമ്പിലെ ഒരു മൂലയിൽ ഉപേക്ഷിച്ചു. തുരുമ്പുകയറിയ ഞാനിപ്പോൾ ചുറ്റിലും വളർന്ന കാനനത്തിലായിരിക്കുന്നു. പുതിയ വണ്ടിയിൽ വേഗത്തിൽ ഓട്ടം തുടരുന്ന അയാളെന്നെ എന്നേ മറന്നിരിക്കുന്നു!
നിഴൽ
എപ്പോഴും ആ മനുഷ്യനൊപ്പം സഞ്ചരിക്കുന്നതായിരുന്നു എനിക്കിഷ്ടം. അയാൾ ഒറ്റപ്പെടരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ചുട്ടുപഴുത്ത സൂര്യനു താഴെയും ശക്തിയായ കാറ്റിലും മടിക്കാതെ ഞാനവനെ പിന്തുടർന്നു. രാത്രിയിൽ തെല്ലും ഭയക്കാതെ ആളൊഴിഞ്ഞ വഴിത്താരയിലും ശവപ്പറമ്പിലുമെല്ലാം നിലാവിൽ കൂട്ടായി വളഞ്ഞുപുളഞ്ഞ് അനുഗമിക്കാൻ എനിക്ക് ഉത്സാഹമായിരുന്നു. എന്നിട്ടും ഞാനവന് അപരിചിതനാണെന്നതാണെന്റെ വിധി!
മരക്കഴുത
വിശപ്പും ദാഹവും സഹിക്കാനാകാതെ ഭാരവും പേറി തളർന്ന് നിന്ന എന്നെ അയാൾ ഒരു ദയയുമില്ലാതെ പലവട്ടം ചാട്ടക്ക് അടിച്ചിട്ടുണ്ട്. വേദനകൊണ്ട് പുളഞ്ഞിട്ടും അവനെ പേടിച്ചിട്ട് ഞാൻ കരഞ്ഞില്ല. ചാക്കുകെട്ടുകൾ മുതുകിലേറ്റി മലകളും പുഴകളും താണ്ടി അയാളെ വലിയവനാക്കിയതിൽ ഊറ്റം കൊള്ളുകയായിരുന്ന എന്നെ ഒരു രാത്രി ആ മനുഷ്യൻ അടിച്ചോടിച്ചു. ‘‘എടാ കഴുതേ... വൃദ്ധനായ നിന്നെക്കൊണ്ടെനിക്ക് ഒരു പ്രയോജനവുമില്ല... എവിടെയെങ്കിലും പോയി തുലയ്...’’
യജമാനൻ താഴിട്ടു പൂട്ടിയ ഗേറ്റിനു മുന്നിൽ നിസ്സഹായനായി നിൽക്കുമ്പോൾ ഖദർ ധാരികളായ രണ്ടുപേർ അങ്ങോട്ടു വരുന്നത് കണ്ടു. ഒരാൾ പറയുന്നത് കേട്ടു:
‘‘നേതാവേ ഇത്തവണ അയാൾ വോട്ടു തരുമോ? പറഞ്ഞതൊന്നും നമ്മൾ ചെയ്തിട്ടില്ലല്ലോ...’’
മറ്റേയാൾ: ‘‘അതൊക്കെ മറന്നിട്ടുണ്ടാകും. അവനൊരു കഴുതയാ... മരക്കഴുത...’’
അപ്പോഴാണ് തന്റെ പേരുതന്നെയാണ് മുതലാളിയുടേതുമെന്ന് കഴുതക്ക് മനസ്സിലായത്. സന്തോഷത്തോടെ അത് എങ്ങോട്ടെന്നില്ലാതെ അടിവെക്കാൻ തുടങ്ങി.