മൂക്കുത്തി
പൊന്നുതമ്പുരാന്റെ സർവ്വാണി സദ്യക്ക് സർവാഭരണ വിഭൂഷിതയായ തമ്പുരാട്ടിയെ കണ്ടപ്പോൾ നീലി ശ്രദ്ധിച്ചത് അത് മാത്രമാണ്. മരതകം പതിച്ച മൂക്കുത്തി. പകലൊളിയിൽ സപ്തവർണ്ണങ്ങൾ മൂക്കുത്തിയിൽ തീർത്ത മാസ്മരികതയിൽ ദേവാംഗനയായി മാറിയ തമ്പുരാട്ടി. ആ ചന്തം!
ഇല ചീന്തിൽ വിളമ്പിയ സദ്യവട്ടങ്ങളിലും, പാൽപായസത്തിന്റെ രുചിയിലും കൊരുക്കാതെ നീലിയുടെ മനസ് അചഞ്ചലമായി. അതുപോലെ ഒരു മൂക്കുത്തി. കീഴാളർക്ക് ആശ പാടില്ലെന്നറിയാം... എന്നാലും! പച്ച കല്ല് പതിച്ച വെള്ളിയായാലും മതി. അടിയങ്ങളുടെ കറുപ്പഴകിൽ മാണിക്യം പോലെ ചേലൊരുക്കാൻ ഒരു രജത രത്നം!
സന്ധ്യക്ക് കുടിലിന്റെ ചായ്പിലിരുന്ന് തിറയാട്ടത്തിന്റെ കോലം തുടച്ചു മിനുക്കുകയായിരുന്ന പാതി മാതനോട് അവളാ ആഗ്രഹം ഉണർത്തിച്ചു.
‘ഏനതിന് നേത്യാരമ്മയെ കണ്ടിട്ടില്ലല്ലോ... ആയിരുന്നേൽ വേലൻ തട്ടാനെ കൊണ്ട് അതു പോലെ ഒരു മൂക്കുത്തി ചെമ്പിലുണ്ടാക്കാമായിരുന്നു... എന്തായാലും നാളെ കോവിലകത്ത് കളിയുണ്ട്. കെട്ടിലമ്മയുടെ മൂക്കുത്തി ഒന്നു കാണട്ടെ...’ നീലിക്ക് സന്തോഷമായി.
പിറ്റേന്ന് വാദ്യക്കാർക്കൊപ്പം കോലവുമായി മാതനെ യാത്രയാക്കുമ്പോഴും നീലിയുടെ മനസിൽ ഒറ്റ വിചാരമേ ഉണ്ടായിരുന്നുള്ളു. ആ മൂക്കുത്തി! നിലവിളക്കുകളുടെ വെട്ടത്തിൽ കോവിലകത്തിന്റെ നടുമുറ്റത്ത് തിറയാട്ടം കാണാൻ തമ്പുരാക്കന്മാർക്കൊപ്പം ഇരുന്ന അന്തർജനങ്ങൾക്കിടയിലേക്ക് മാതന്റെ ഭയം കലർന്ന നോട്ടം പാളി വീണു.
നേർത്ത ഇരുട്ടിൽ അവ്യക്തമായി പോയ മുഖങ്ങളിൽ തിളങ്ങുന്ന മിഴിയിണകൾ മാത്രം കാണം. നോക്കിയാൽ കണ്ണ് ചൂഴ്ന്നെടുക്കുന്ന കാലമാണ്. രാത്രിയുടെ നിശബ്ദതയിൽ ചെണ്ടമേളം ഉയർന്നത് പെട്ടന്നാണ്. ജ്വലിക്കുന്ന ചൂട്ടുകൾ ഉയർത്തി ആകാശം നോക്കി നിന്ന മാതന്റെ സിരാ പടങ്ങളിലേക്ക് ദൈവത്താന്റെ സന്നിവേശമുണ്ടായി. അയാൾ നിന്നു വിറച്ചു, മുരണ്ടു. മുറുകിയ വാദ്യങ്ങൾക്കൊപ്പം അയാൾ ചടുലമായി ഉറഞ്ഞു തുള്ളി.
മടങ്ങാൻ നേരം കോലമഴിച്ച് പടിപ്പുര കടക്കുമ്പോൾ ഇരുട്ടിൽ അയാൾക്കു മാത്രം കാണാൻ പാകത്തിൽ ഒരാൾ കാത്തു നിന്നിരുന്നു. തമ്പുരാട്ടി.
‘ആട്ടം അസലായി... ഓർക്കാൻ ഒരു സമ്മാനം തന്നില്യാച്ചാൽ അതൊരു വേദനയാകും...’ മൂക്കുത്തി അഴിച്ച് മാതന് നൽകി കൊണ്ട് തമ്പുരാട്ടി, ‘ഇതിനേക്കാൾ അമൂല്യമായത് എനിക്ക് തരാനില്ല്യ...’
കുടിലിൽ വഴികണ്ണുമായി കാത്തിരുന്ന നീലീക്ക് സമ്മാനം കൈമാറുമ്പോൾ മാതന്റെ കൈ വിറച്ചു. ഇരുട്ട് കോട്ട കെട്ടിയ കുടിലിൽ മരതകം ആയിരം താരകങ്ങളുടെ പ്രഭ ചൊരിഞ്ഞു. ആ പ്രഭയിൽ മരതക മൂക്കുത്തിയണിഞ്ഞ നീലി അടിമ ചങ്ങല പൊട്ടിച്ച മഹാറാണിയായി ഉയർത്തെണീക്കുന്നത് മാതൻ നിർവൃതിയോടെ കണ്ടു.
അടിയാന്റെ തമ്പുരാട്ടി പെണ്ണ്!
ഐശ്വര്യത്തിന്റെ നാല് നിറവും അവർണനും അവകാശപെട്ടതാണെന്ന തോന്നൽ മാതനിൽ ഉണ്ടായി. ചായ്പ്പിൽ അഴിച്ചു വെച്ച തിറയാട്ടിന്റെ കോലം ഒന്ന് അട്ടഹസിച്ചതു പോലെ...
പിറ്റേന്ന് നീലിയണിഞ്ഞ മൂക്കുത്തിയിൽ മാലോകർ അതിശയിച്ചു. തമ്പുരാട്ടിയുടെ മൂക്കുത്തി എങ്ങനെ നീലിയുടെ പക്കൽ? പലർക്കും ശങ്കകേറി.
മാതൻ പണ്ട് ക്ഷേത്രത്തിലെ സ്വർണത്താലം മോഷ്ടിക്കാൻ ശ്രമിച്ചവനാണ്. ആരുടേയോ ആശങ്ക കോവിലകത്തും എത്തി. രാവിലെ ഇല്ലത്തേക്കു പോയ തമ്പുരാട്ടിയുടെ മൂക്കിൽ മൂക്കുത്തി കണ്ടില്ല എന്ന് വാല്യക്കാരനും ആണയിട്ടു.
സത്യമറിയാൻ ആളെ ദൂതയച്ചു വരുത്തേണ്ട കാലമാണ്. കീഴാള വർഗത്തിനായി ഒരു കോടതിയും കാത്തിരുന്നിട്ടില്ല. അതിന്റെ കാര്യവുമില്ല.
മൂവന്തിയിൽ കുടിലിലെ ദേവതകൾക്ക് വിളക്ക് കൊളുത്തുമ്പോൾ മാതനെ തേടി തമ്പുരാന്റെ കിങ്കരൻമാർ എത്തി. ആൽമരത്തിൽ തല കീഴായി കെട്ടി തൂക്കി കൊണ്ടാണ് മാതനെ വിചാരണ ചെയ്തത്. മോഷണത്തേക്കാൾ വലിയ അപരാധമില്ല. തമ്പുരാന്റെ കൽപ്പനയിൽ ഉറയിൽനിന്ന് ഊരിയ വാളിന്റെ മൂർച്ഛ കണ്ട് ആൾകൂട്ടത്തിന്റെ കണ്ണ് മഞ്ഞളിച്ചു. വാൾത്തലപ്പിന്റെ തണുപ്പ് കഴുത്തിൽ മുട്ടിയപ്പോൾ മാതന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
സമ്മാനമെന്ന് പറയേണ്ടത് തമ്പുരാട്ടിയാണ്... താനത് പുലമ്പിയാൽ ആ വലിയ സ്ത്രീ അപമാനിതയാകും. ജീവൻ കൊടുത്തും തമ്പ്രാന്റെ മാനം കാക്കേണ്ടത് അടിയാളന്റെ കടമയാണ്. തുടിക്കുന്ന ഉടലിനേക്കാൾ വാഴ്ത്തപ്പെട്ടതത്രേ മൂകനായ യശ്ശസ്!
ശബ്ദം പുറത്തു വരാതിരിക്കാൻ അയാൾ ചുണ്ടുകൾ കടിച്ചു പിടിച്ചു. വായുവിൽ വാൾതലപ്പൊന്നു ചുഴറി. അറ്റുപോയ മാതന്റെ ശിരസ്സ് ആൽ മരത്തെ വലം വെച്ചപ്പോൾ അലമുറയിട്ടത് നീലി മാത്രമാണ്. ചായ്പിൽ തൂക്കിയ തിറക്കോലം എപ്പോഴേ കണ്ണടച്ചിരുന്നു.