രാത്രിവണ്ടി
‘ഈ തീവണ്ടി എങ്ങോട്ടേക്കാണ് പോകുന്നത്..?’ അയാൾ മുന്നിൽകണ്ട ഒരാളോട് ചോദിച്ചു.
ആ സ്‌റ്റേഷനിൽ യാത്രക്കാർ വളരെ കുറവായിരുന്നു; ഇറങ്ങുവാനും കയറുവാനും. നഗരമധ്യത്തിൽ നിന്നും ഏറെ അകന്നൊരു ഗ്രാമപ്രദേശത്തെ സ്‌റ്റേഷനായിരുന്നു അത്. പ്രധാന തീവണ്ടികളൊന്നും അവിടെ നിർത്താറില്ല. പാസഞ്ചർ വണ്ടികൾ മാത്രം നിർത്തുന്നയിടം. വന്നതൊരു പാസഞ്ചർ വണ്ടിയായിരുന്നു.
‘ഈ വണ്ടി എങ്ങോട്ടേക്കാണ് പോവുന്നത്..?’
അയാളുടെ ചോദ്യത്തിന് ഉത്തരം നൽകാൻ ആരുമുണ്ടായിരുന്നില്ല അവിടെ. അല്ലെങ്കിൽ അവിടെയുണ്ടായിരുന്ന വിരലിലെണ്ണാവുന്ന ചിലരിൽ ആരും ആ ചോദ്യം കേട്ടതായി തോന്നുന്നുമില്ല. അയാളുടെ കൈയിൽ യാത്രക്കുള്ള ടിക്കറ്റുണ്ടായിരുന്നില്ല; പ്ലാറ്റ്ഫോം ടിക്കറ്റുപോലും. അയാൾ ധൃതിപ്പെട്ട് തീവണ്ടിയിൽ കയറി.
നേരം സന്ധ്യ മയങ്ങിയിരുന്നു. നഗരത്തിൽ കൂലിപ്പണിക്കുപോയി തിരിച്ച് മടങ്ങിയെത്തുന്നവരായിരുന്നു ആ വണ്ടിയിലെ യാത്രക്കാരിൽ ഏറെപ്പേരും. കമ്പാർട്മെന്റിൽ അവരൊക്കെ മയക്കത്തിലോ അർധമയക്കത്തിലോ ആയിരുന്നു. സീറ്റുകൾ മിക്കതും കാലിയായിരുന്നു. അതുകൊണ്ടുതന്നെ ഒരു ഇരിപ്പിടത്തിനുവേണ്ടി അയാൾക്ക് അലയേണ്ടിവന്നില്ല.
തുരുമ്പുവന്ന് ദ്രവിച്ച് ബലക്ഷയം വന്ന കമ്പികളുള്ള ഒരു ജനാലയ്ക്കരുകിൽ അയാൾ ഇരുന്നു. അയാളുടെ കൈയിൽ പെട്ടിയോ തോൾസഞ്ചിയോ ഒന്നുമില്ലായിരുന്നു. വിയർപ്പു നാറിയ മുഷിഞ്ഞ വസ്ത്രങ്ങൾക്കുള്ളിലെ ഒരു ആൾരൂപം; അതായിരുന്നു അയാൾ. വണ്ടി ഏറെനേരം അവിടെ കിടന്നു. എതിർദിശയിൽനിന്നും ഭൂമി കുലുക്കിക്കൊണ്ട് ഒരു വണ്ടി കടന്നുപോയപ്പോൾ അയാൾ ഞെട്ടിയുണർന്നു. അയാൾ നല്ലൊരു ഉറക്കത്തിലായിരുന്നു. അപ്പോൾ അയാൾ ഇരുന്ന വണ്ടി മെല്ലെ അനങ്ങാൻ തുടങ്ങി. പതുക്കെപ്പതുക്കെ അതങ്ങനെ മുന്നോട്ടു പോയി.
അയാൾ ചിന്തിച്ചു; ‘എങ്ങോട്ടേക്കാണ് ഈ വണ്ടി പോവുന്നത്..? ഏതു ദിശയിലേക്കാണ്..? തെക്കോട്ടോ വടക്കോട്ടോ..?’
പുറത്തുനിന്നും തണുത്ത കാറ്റ് അയാളെ തഴുകി കൂട്ടിരുന്നു. അയാൾ വീണ്ടും ഒരു മയക്കത്തിലേക്ക് പതിയെ വഴുതിവീണു. മയക്കത്തിൽ അയാൾ ഏതോ ഒരു ഇരുണ്ട ലോകത്തിലേക്ക് പറന്നുപോയി. അവിടെ അയാൾ അവളെ കണ്ടു. അവളുടെ കൂടെ തന്റെ രണ്ടു പെൺമക്കളെയും കണ്ടു. അവർ വെള്ളവസ്ത്രങ്ങളണിഞ്ഞ് മാലാഖമാരെപ്പോലെ തനിക്കുചുറ്റും വലയം പ്രാപിച്ചിരിക്കുന്നു.
‘അച്ഛാ...’ പെട്ടെന്നൊരു വിളികേട്ട് അയാൾ വെപ്രാളത്തോടെ ഞെട്ടിയുണർന്നു. ചുറ്റും കൂരിരുട്ടായിരുന്നു.
ആ കമ്പാർട്മെന്റിൽ വെളിച്ചമേ ഉണ്ടായിരുന്നില്ല. ആ ഇരുട്ടിൽ അവിടെ അയാൾ തനിച്ചുമായിരുന്നു. പുറത്തെ തണുത്ത കാറ്റിലും അയാൾ നന്നായി വിയർക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് കമ്പാർട്മെന്റിന്റെ ഒരറ്റത്ത് ഒരു പ്രകാശം അയാൾ കണ്ടു. വണ്ടിയുടെ വേഗതക്കനുസരിച്ച് പുറത്തുനിന്നുമുള്ള അരണ്ട വെട്ടത്തിൽ അയാൾ സൂക്ഷിച്ചുനോക്കി.
ആ പ്രകാശം വെള്ളച്ചിറകുകൾ തുന്നിയ കുപ്പായം ധരിച്ചിരിക്കുന്നു. ഒന്നല്ല; മൂന്നെണ്ണം. പുറത്തെ അരണ്ട വെളിച്ചത്തിൽ അയാൾ വ്യക്തമായും കണ്ടു; അവളെ, കൂടെ രണ്ടു പെൺതരികളെയും. അവർ അയാൾക്കുനേരെ കൈകൾനീട്ടി അയാളെ മാടിവിളിച്ചു.
അയാൾ പതുക്കെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. പതുക്കെപ്പതുക്കെ വേച്ചുവേച്ച് മുന്നോട്ട് ആ വെള്ളക്കുപ്പായങ്ങൾക്കരികിലേക്ക് നടന്നു. അയാൾ അവരുടെ അരികിലെത്തിയതും മൂന്നു ജോടി വെള്ളച്ചിറകുകൾ തുറന്നുകിടന്ന വാതിലിലൂടെ പതുക്കെ പുറത്തേക്ക് പറന്നു. ഒരുനിമിഷംപോലും കാത്തുനിൽക്കാതെ അവരുടെകൂടെ അയാളും പതിയെ ആ വാതിലിലൂടെ പുറത്തേക്ക് പറന്നു. ആ രാത്രിവണ്ടി അപ്പോഴും മുന്നോട്ടേക്കു പാഞ്ഞുകൊണ്ടിരുന്നു.