Begin typing your search above and press return to search.
proflie-avatar
Login

സോംനാബുലിസം

ചിത്രീകരണം: മറിയം ജാസ്​മിൻ

സോംനാബുലിസം
cancel

ചെറുതായിട്ട് ഒന്നു കണ്ണ് തുറന്നതേയുള്ളൂ. പാതിരാത്രി, ഏതോ കളപിടിച്ച പുറമ്പോക്കിൽ ചീവീടിന്റെ കരച്ചിലും കേട്ട്, ഒറ്റയ്ക്ക്… എവിടെയാ എന്താണെന്നൊന്നും പിടികിട്ടിയില്ല. പിന്നെയാണ് സാവകാശം ഓർത്തെടുത്തത്. ഇത് ശീലമായതാണല്ലോ, തീരെ പരിചയമില്ലാത്ത സ്ഥലമായതുകൊണ്ട് പുതിയ റൂട്ടാണെന്ന് മനസ്സിലാക്കി. അമ്മ എല്ലാ ദിവസവും പറയാറുള്ളതാണ്. ‘‘ശ്രീക്വോ... ഒറങ്ങുമ്പോ മുറിയുടെ വാതിൽ താഴിടണേ…’’ അവർക്കും ഈ രാത്രികാലത്തെ സ്വപ്നാടനം മടുത്തു തുടങ്ങിയിട്ടുണ്ട്. സോംനാബുലിസമൊക്കെ ഒരു മാസം മുമ്പ് തുടങ്ങിയതാണ്. അതിനുമുമ്പു വരെ കൂടെ ധൈര്യത്തിന് ലിസച്ചേച്ചി ഉണ്ടായിരുന്നു. ലിസച്ചേച്ചിയെ അറിയില്ലേ?...

Your Subscription Supports Independent Journalism

View Plans

ചെറുതായിട്ട് ഒന്നു കണ്ണ് തുറന്നതേയുള്ളൂ. പാതിരാത്രി, ഏതോ കളപിടിച്ച പുറമ്പോക്കിൽ ചീവീടിന്റെ കരച്ചിലും കേട്ട്, ഒറ്റയ്ക്ക്… എവിടെയാ എന്താണെന്നൊന്നും പിടികിട്ടിയില്ല. പിന്നെയാണ് സാവകാശം ഓർത്തെടുത്തത്. ഇത് ശീലമായതാണല്ലോ, തീരെ പരിചയമില്ലാത്ത സ്ഥലമായതുകൊണ്ട് പുതിയ റൂട്ടാണെന്ന് മനസ്സിലാക്കി. അമ്മ എല്ലാ ദിവസവും പറയാറുള്ളതാണ്.

‘‘ശ്രീക്വോ... ഒറങ്ങുമ്പോ മുറിയുടെ വാതിൽ താഴിടണേ…’’ അവർക്കും ഈ രാത്രികാലത്തെ സ്വപ്നാടനം മടുത്തു തുടങ്ങിയിട്ടുണ്ട്.

സോംനാബുലിസമൊക്കെ ഒരു മാസം മുമ്പ് തുടങ്ങിയതാണ്. അതിനുമുമ്പു വരെ കൂടെ ധൈര്യത്തിന് ലിസച്ചേച്ചി ഉണ്ടായിരുന്നു. ലിസച്ചേച്ചിയെ അറിയില്ലേ? പെട്ടെന്ന് മുന്നറിയിപ്പൊന്നും തരാതെയാ വരിക, രാത്രി ചുമ്മാ കണ്ണ് തുറന്നാൽ ഇരുട്ടത്ത് സീലിങ്ങിൽ ബലൂൺ കണക്കങ്ങനെ മുടിയും പറപ്പിച്ച് പറന്ന് നിൽക്കും. നമുക്കൊന്നും മിണ്ടാൻ പറ്റില്ലെന്നേ. സർപ്രൈസ് തന്ന് ഷോക്കാക്കിയിട്ടുണ്ടാകും. പിന്നെ പതിയെ താഴെയിറങ്ങി നെഞ്ചിലൊരു ഇരിത്തമാണ്. ആന പൊക്കാൻ നോക്കിയാലും എഴുന്നേൽക്കാൻ പറ്റില്ല. ഈറനുണങ്ങാത്ത തലമുടിയുമായി ഇരിക്കുന്ന ആ ഇരുണ്ട ചേച്ചിക്ക് തിളങ്ങുന്ന കണ്ണും കൊണ്ടൊരു നോട്ടമുണ്ട് സാറെ; ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല. കിരൺ ഡോക്ടർ ആ അവസ്ഥക്ക് ‘സ്ലീപ് പരാലിസിസ്, എന്നോ മറ്റോ പെറ്റ് നെയിമിട്ട് വിളിക്കും. പ​ക്ഷേ, ആള് സുന്ദരിയാണ്. ഉറങ്ങാൻ സമ്മതിക്കില്ലെന്നേയുള്ളൂ.

മിന്നാമിനുങ്ങുകൾ പൊന്തക്കാടുകൾ നിറയെ ഒളിച്ചും പാഞ്ഞും കളിക്കുന്നുണ്ട്. അവയുടെ മാന്ത്രികവെട്ടം കാട്ടിത്തന്ന വഴിവിളക്കുകളിലൂടെ ഇരുളിൽ തപ്പിയും തടഞ്ഞും കാലുകൾ മുന്നോട്ടാഞ്ഞു.

മഴ ചാറിയതുകൊണ്ടാകാം മണ്ണിരകൾ കൂട്ടമായി മണ്ണിൽ നിന്നും തലപൊക്കാൻ തുടങ്ങിയിട്ടുണ്ട്, പെട്ടെന്ന് കാലിനടിയിലെ മണ്ണിനൊരിളക്കം. അറിയാതെ ഏതോ ജീവിയെ ചവിട്ടിയ മട്ടിൽ ഭയത്തോടെ ഒന്ന് തുള്ളിപ്പോയി. പതിയെ പുറകോട്ടുനിന്ന് അവിടേക്ക് തന്നെ സൂക്ഷിച്ചുനോക്കി. നിലാവിൻ വെട്ടത്തിൽ അത് ഞാൻ കണ്ടു! മണ്ണിൽനിന്നും ഉയർന്ന് പുറത്തെത്തിയ ഒരു കൈ! ജീർണിച്ച് നശിക്കാറായ ഒരു എല്ലിൻ കൈ! ദൈവമേ സത്യമായും ഞാനവിടെ കണ്ടു, എന്റെ കണ്ണുകൊണ്ട്! ആ ഒരു കൈയെ പിന്തുടർന്ന് മണ്ണിൽ ഊന്നിപ്പിടിച്ച് പുറത്തുവന്ന ശേഷിക്കുന്ന കൈ മണ്ണിനെ കുടഞ്ഞെറിഞ്ഞ് ഒരു മുഴു അസ്ഥികൂടത്തെ പുറത്തേക്ക് എടുത്തിട്ടു.

അപ്പോഴേക്കും ഞാൻ പൊന്തക്കാട്ടിൽ ചാടിയൊളിച്ചു. ആയൊരു അസ്ഥികൂടം മാത്രമല്ല മണ്ണിനടിയിൽനിന്നും പൊടി പറത്തിക്കൊണ്ട് നൂറു നൂറ് അസ്ഥികൂടങ്ങളും ഇലകളില്ലാത്ത മരങ്ങളും മാംസമവശേഷിക്കാത്ത കിളികളും മൃഗങ്ങളും മണ്ണിൽനിന്നും സട കുടഞ്ഞെഴുന്നേറ്റ് വന്നു. അമ്മയാണേ സത്യം! അവിടെ സൈഡ് എഫക്ടായിട്ട് കുറുക്കൻ ഓരിയിട്ടു! എന്റച്ഛനാണേ സത്യം അവൻമാരെല്ലാം അസംബ്ലിക്ക് വിളിച്ചപോലെ വരിവരിയായിട്ട് എങ്ങോട്ടോ നടക്കാൻ തുടങ്ങി.

ഞാനും ആദ്യം തലയിലെ കിളി പോയതാണെന്നാണ് വിചാരിച്ചത്. പിന്നെ ഇതും സ്വപ്നമാണെന്ന് കരുതി. കൈകൾ വെറുതെ ശൂന്യമായ വായുവിലിട്ട് വീശിനോക്കി. അഥവാ കിടക്കയിൽ കിടക്കുന്ന ശരീരത്തിനെങ്ങാനും പുതപ്പിലോ കട്ടിൽക്കാലിലോ പിടുത്തം കിട്ടിയാലോ? ഇല്ല! ഉം… ഉം… കണ്ണ് തുറക്കാൻ പറ്റുന്നില്ല! ഉറക്കത്തിൽ കണ്ണുതുറന്നാൽ മുറിയിലെ ഇരുട്ടായിരുന്നു ആദ്യം കാണാറുണ്ടായിരുന്നത്.

അസ്ഥികൂടജാഥ ആരെയും വകവെക്കാതെ മുന്നോട്ടുനീങ്ങുകയാണ്. അട്ടഹാസങ്ങളും കലപിലകളും വായുവിൽ നിറച്ച് നൃത്തവും പാട്ടുകളുമായി അവർ മലകയറാൻ തുടങ്ങി. എന്തായാലും രാവിലെയാകുമ്പോൾ അമ്മ വെള്ളമൊഴിച്ചെങ്കിലും ഉറക്കത്തിൽനിന്ന് എഴുന്നേൽപ്പിക്കുമല്ലോ എന്ന പ്രതീക്ഷയിൽ ഞാൻ അവരുടെ ജാഥയുടെ പിറകെ ചെന്നു. പല വലിപ്പത്തിലുള്ള അസ്ഥികൂടങ്ങളുടെ നിരയെ പിന്തുടർന്ന് ഒച്ചപ്പാടുകളുണ്ടാക്കി പൂച്ചയുടെയും പട്ടിയുടെയും അസ്ഥികൂടങ്ങൾ വരെ മലകയറിക്കൊണ്ടിരിക്കുന്നുണ്ട്.

അവർക്ക് തളർച്ചയോ ക്ഷീണമോ ഒന്നും ഉണ്ടായിരുന്നില്ല. ഇടക്ക് അസ്ഥികൂടത്തിൽനിന്ന് ഊരിവീണുപോയ കൈകാലുകൾ അസ്ഥിഭാഗങ്ങൾ തുള്ളിയോ നിരങ്ങിയോ താന്താങ്ങളുടെ ഉടമസ്ഥരിലേക്ക് വലിഞ്ഞ് കയറാൻ ശ്രമിച്ചു. പൂർണചന്ദ്രന്റെ നിലാവെളിച്ചം അവരുടെ പർവതാരോഹണം മനോഹരമായ നിഴൽച്ചിത്രങ്ങളാക്കി മാറ്റി.

കുന്നായ കുന്നെല്ലാം കടന്ന് ഒടുവിൽ അസ്ഥിപ്പട്ടാളം കുറെ ഉരുളൻ പാറക്കല്ലുകളും ചളിയും ചിതറിത്തെറിച്ചു കിടക്കുന്ന മൊട്ടക്കുന്നിന് മുകളിലെത്തി. വലിയ എന്തോ ഒന്ന് അവിടെ സംഭവിച്ചിട്ടുണ്ട്, തുടർന്ന് അവരരികിൽക്കിടന്ന മരച്ചില്ലകൾ കൂട്ടിയിട്ട് കത്തിച്ച് അവിടെത്തന്നെ തമ്പടിച്ചു. കൂട്ടിയിട്ട തീയ്ക്ക് ചുറ്റും കൂടിനിന്ന് ചിലർ പരസ്പരം അട്ടഹസിച്ച് ചിരിച്ചു, മൂളിപ്പാട്ടുകൾ പാടി, നൃത്തംചെയ്തു, കിന്നരിച്ചു, ചുംബിച്ചു, തലോടി. മാംസമില്ലാ പറവകൾ നഗ്നമായ എല്ലിൻചിറകുകൾ കൂട്ടിയിടിച്ച് തീയ്ക്ക് മുകളിൽ വട്ടംചുറ്റിപ്പറന്നു. അന്തരീക്ഷം ശബ്ദ കോലാഹലങ്ങൾകൊണ്ട് നിറഞ്ഞു.

അവർക്കരികിലുള്ള കുന്നിലെ കരിമ്പാറയുടെ മറവിൽനിന്ന് ഞാനെല്ലാം ഒളിഞ്ഞുനോക്കുകയായിരുന്നു.

അടുത്ത നിമിഷം, പരുത്ത നീളൻ വിരലുകൾ എന്റെ തോളിൽ വിശ്രമിച്ചു. താടിയെല്ലുകൾ കൂട്ടിയിടിപ്പിച്ച് ‘ടക ടക’ ശബ്ദത്തിനൊപ്പം ആഞ്ഞു ചിരിച്ച് ആ അസ്ഥിത്തല തോളിൽ കൈയിട്ട് ചിരിച്ചു. ‘‘ന്താ… പരിപാടി.’’

ഒന്നലറാനാണ് തോന്നിയത്. പിന്നെ ധൈര്യം സംഭരിച്ച്, ഒച്ചയും ബഹളവും കേട്ട് വന്നതാണെന്ന് എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

‘‘ആണോ?’’

അസ്ഥികൂടം കളിയാക്കിച്ചിരിച്ചുകൊണ്ട് ‘‘എന്നാൽ വാ കയറിയിട്ട് ​പോകാ’’മെന്നായി.

ഞാനും എതിർത്തുപറയാൻ നിന്നില്ല. എല്ലാവരും പുതിയ അതിഥിയെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. തടിക്കഷണത്തിൽ പറ്റിയിരുന്ന അസ്ഥികൂടങ്ങളെല്ലാം എനിക്കിരിക്കാൻ വേണ്ടി ഞെരുങ്ങിയിരുന്ന് സ്ഥലം കണ്ടെത്തിത്തന്നു.

‘‘ഫീൽ ഫ്രീ…’’ അടുത്തിരുന്ന് പാടുന്ന മറ്റൊരസ്ഥിത്തലയൻ തോളിൽത്തട്ടിക്കൊണ്ട് പറഞ്ഞു. ഇടതുവശത്തിരുന്ന നീളൻ അസ്ഥികൂടം വലിച്ചുകൊണ്ടിരുന്ന ബീഡിപ്പുകയെ വാരിയെല്ലുകളിലൂടെ കടത്തിവിട്ട് സ്വതന്ത്രമാക്കി എന്നെ നോക്കി, ബീഡി വേണോ എന്നർഥത്തിൽ കൈനീട്ടി. വേണ്ടെന്ന മട്ടിൽ ഞാൻ തലയാട്ടി. ഒരു കമ്പനികൂടാനായി കാജാ ബീഡിയുടെ മണം അച്ഛാച്ഛന് ഒത്തിരി ഇഷ്ടാണെന്ന് തട്ടിവിട്ടു.

‘‘ആയിരുന്നോ?’’

അസ്ഥികൂടം ഒരു വൃദ്ധനെപ്പോലെ കളിയാക്കുന്ന മട്ടിൽ ദീർഘനേരം ചുമച്ച് ചിരിച്ചുകൊണ്ടിരുന്നു. മറ്റെല്ലാവരും അതുകേട്ട് താടിയെല്ലുകൾ കൂട്ടിയിടിപ്പിച്ച് ടക ടകാ ശബ്ദത്തിനൊപ്പം ആർത്തു ചിരിക്കാനാരംഭിച്ചു. വൈകാതെ അതൊരു സിംഗിൾ ഡ്രമ്മിലടിച്ച പാട്ടായി മാറിയതുപോലെ തോന്നി. നേരത്തേ എന്നെ കണ്ടുപിടിച്ചയാൾ മറ്റുള്ളവരെ നോക്കി ചിരിച്ചശേഷം എന്നോട് വീട്ടിലാരൊക്കെയുണ്ടെന്നായി. ഞാൻ വിശേഷക്കെട്ട് പൊട്ടിച്ച് അവർക്കുനേരെ വലിച്ചെറിഞ്ഞു. നാക്ക് വിശ്രമമില്ലാതെ കിടന്നലച്ചുകൊണ്ടിരുന്നു. ഞാൻ വായ തുറന്നാൽ അവർ ചിരിക്കുമെന്നായി. എല്ലാവരും കൊച്ചുവർത്തമാനം പറയാൻ തുടങ്ങി. ഒടുവിൽ ബീഡിക്കുറ്റി ആഞ്ഞുവലിച്ചുകൊണ്ടിരുന്ന അസ്ഥികൂടത്തിന്റെ ഊഴമെത്തി. വാരിയെല്ലുകളിലേക്ക് മറ്റൊരു വലിയ കാർമേഘത്തെ പറത്തിവിട്ടുകൊണ്ട് എന്റെ തോളിൽ കൈയിട്ട് അയാൾ കഥ പറഞ്ഞുതുടങ്ങി.

‘‘പണ്ടുപണ്ട്… വളരെ പണ്ട് ദൂരെ കോർക്കടൻ മലയ്ക്ക് കീഴെ ഒര് ദെവസം എവ്ട്ന്നോ വഴിതെറ്റി കാലിവയറും ഭാണ്ഡക്കെട്ടും കൊണ്ട് ഭകുടൻ ഭൂതം രാജാവിനെ കണ്ട്, ഒരിത്തിരി വെറക് തര്വോന്ന് കെഞ്ചി ചോദിച്ചു. രാജാവ് ഒര് പാള നിറച്ചും വിറക്കൊടുത്തു, വയറ് നെറഞ്ഞപ്പോ കിടക്കാൻ ആറടി മണ്ണു തര്വോന്നായി. നല്ല രാജാവല്ലേന്ന് ഭൂതം കെഞ്ചി ചോദിച്ചപ്പോ രാജാവ് കോർക്ക ടൻ മലയോട് ചോദിക്കാമെന്നേറ്റു. കോർക്കടൻ മല അതിനെന്താന്ന് പറഞ്ഞ് ഭകുടന് കിടക്കാൻ മലേടെ മോളില് കരിമ്പാറക്കൂട്ടത്തെ മണ്ണിൽനിന്ന് ഉയർത്തിക്കൊടുത്തു. ‘‘സന്തോഷായി ലേ ഭക്ടാ’’ മല ചോദിച്ചു. ഭകുടൻ മഞ്ഞപ്പല്ലുകളും മോണകളും കാട്ടി ചിരിച്ചു.

പതിയെ മല കയറി കളിക്കുന്ന കുട്ട്യോളെ കോക്രി കാട്ടി ചുരുണ്ടുകൂടി.

‘‘എന്ത് നാ ഭക്ടാന്ന്’’ മല ചോദിച്ചപ്പോൾ

‘‘കുട്ട്യോളല്ലേന്ന് ഭകുടൻ. അങ്ങനെ മല കൊടുത്ത സ്ഥലം ഭകുടന്റെ സ്ഥലായി. മലേ ലെ മണ്ണും മരോം ഭകുടന്റേതും.’’

ഭകുടന് വെശക്കാൻ തൊടങ്ങി… ഭകുടൻ മലേലെ മരം വിഴുങ്ങി. ഭകുടന് ദാഹം വന്നു… ഭകുടൻ പൊഴ വിഴുങ്ങി. ഭകുടന്റെ വയറ് വീർത്ത്… വീർത്ത് ഭകുടന്റെ കാല് നീണ്ട് നീണ്ട്... ഭകുടന്റെ തല ഉരുണ്ടുരുണ്ട്... ഭകുടൻ ഒര് വല്യ ഭകുടനായി. ഭകുടൻ ഭൂതത്തെ തലേല് വെക്കാൻ, മൊട്ടയായ കോർക്കടൻ മലക്ക് കഴിയില്ലാന്ന് പറഞ്ഞപ്പോളും ഭകുടൻ അനങ്ങിയില്ല. ഭകുടൻ മരം വിഴുങ്ങി പൊഴ വിഴുങ്ങി കല്ല് പോലെ നിന്നു. കോർക്കടൻ മല പൊട്ടിക്കരഞ്ഞ് രാജാവിനെ വിളിച്ചു. ഭകുടനെ കൊണ്ടോണമെന്ന് ചട്ടം കെട്ടി രാജാവ് സൈന്യത്തേയുംകൊണ്ട് വന്നപ്പോ ഭകുടൻ ഭക്ട ക്ട സ്വാഹാന്ന് മന്ത്രംചൊല്ലി രാജാവിന് ഒരു കുടം നിറച്ചും സ്വർണം കൊടുത്തു.

‘‘സന്തോഷായില്ലേ രാജാവേ’’, ഭകുടൻ ചോദിച്ചു.

ഭകുടനെ തടയാൻ ആരും വന്നില്ല. ഭകുടൻ പിന്നേം വീർത്തു വീർത്ത്… വന്നു. അടുത്ത മഴയ്ക്ക് മലയ്ക്ക് പിടിച്ച് നിക്കാൻ പറ്റാത്ത അവസ്ഥ വന്നു. ഭക്ടാ ഭക്ടാ… ഒന്ന് പോയി തര്വോന്ന് മല കെഞ്ചി കരഞ്ഞു. ഭകുടൻ കേട്ടതായി നടിച്ചില്ല. ഒടുവിൽ മലയ്ക്ക് ഭകുടനേം മഴേനേം കൂടി താങ്ങാൻ പറ്റാഞ്ഞപ്പോ കോർക്കടൻ മല ചോര ഛർദിച്ച് ഇടിഞ്ഞുവീണു. മല ഛർദിച്ച ചോരയിൽ ആ ഗ്രാമംതന്നെ മുങ്ങി ശ്വാസംമുട്ടി മരിച്ചു. ഭകുടൻ ഭൂതം മല ഇടിയുന്ന നിമിഷം മലേല് ചവിട്ടി തൊട്ടടുത്ത മലേലേയ്ക്ക് എടുത്തു ചാടി.

 

വൃദ്ധന്റെ കഥപറച്ചിൽ അവസാനിച്ചതോടെ എല്ലാ അസ്ഥികൂടങ്ങളും ഒരു നിമിഷം മൂകരായി. വൃദ്ധൻ അസ്ഥികൂടം തറയിലെ പശിമയുള്ള ചോര ചുകപ്പ് ചെങ്കൽമണ്ണ് വിരലുകളിൽ തൊട്ട് തലോടി ഏതെല്ലാമോ ലോകങ്ങളിൽ സഞ്ചരിച്ച് വന്നു. കുറച്ച് നിമിഷങ്ങൾക്കുശേഷം എന്നെ ആദ്യം കണ്ടുപിടിച്ച അസ്ഥികൂടം മുന്നോട്ടുവന്ന് മൃദുലമായി ‘‘പോവാൻ സമയമായി’’ എന്ന് പറഞ്ഞ് തലോടിയശേഷം ഹസ്തദാനത്തിനായി കൈകൾ മുന്നോട്ട് നീട്ടി. ആ കൈകളിലെ അസ്ഥിയുടെ ഒരു ഭാഗത്ത് ലോഹക്കമ്പി സ്ഥാപിച്ചിരുന്നത് അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. കൈയൊടിഞ്ഞ് കിടപ്പിലായ അച്ഛനെക്കുറിച്ച് ഒരു നിമിഷം ഓർത്തുപോയി. അതിലേറെ ഞെട്ടിയത് അസ്ഥികൂടത്തിന് ഹസ്തദാനം കൊടുക്കാൻ നീട്ടിയ എന്റെ കൈകൾ വെറും അസ്ഥികൾ മാത്രമായിയിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോഴാണ്!

എന്റെ ഭയന്ന് വിളറിയ മുഖം കണ്ടിട്ടാവാം അതുവരെ എന്നെത്തന്നെ നോക്കിക്കൊണ്ടിരുന്ന മറ്റൊരു അസ്ഥികൂടം സ്ത്രീശബ്ദത്തിൽ പറഞ്ഞു. ‘‘നിന്നോട് ഒറങ്ങുമ്പോ മുറിയുടെ വാതിൽ താഴിടണമെന്ന് അമ്മ പറയാറില്ലേ ശ്രീക്വോ...’’

‘‘അന്നും ഒന്നും അറിയാതെ ഒറങ്ങിയതല്ലേ... പാവം.’’ വൃദ്ധൻ അച്ഛാച്ഛന്റെ കാജാ ബീഡി മണത്തിന്റെ അതേ നെടുവീർപ്പുകളിട്ട് പറഞ്ഞു നിർത്തി.

ചുറ്റും കൂടിനിന്ന അസ്ഥികൂടങ്ങൾ എന്നിലേക്ക് സഹതാപത്തോടെ ഉറ്റുനോക്കി. അവരിലെ ഭാവങ്ങളെല്ലാം എനിക്ക് പരിചിതമാണല്ലോ എന്നു ഞാനോർത്തു.

‘‘അവനിപ്പോഴും നമ്മളെ നോക്കി ചിരിയ്ക്കാണ്…’’

ഒരു അസ്ഥികൂടം മറ്റെങ്ങോട്ടേക്കോ നോക്കി രോഷാകുലനായി പറഞ്ഞു.

ഞങ്ങളെല്ലാവരും അതേ ദിശയിലേക്ക് കണ്ണോടിച്ചു.

അകലെ… മൊട്ടക്കുന്നുകൾക്കപ്പുറത്ത് മറ്റൊരു മലക്ക് മുകളിൽ ഭകുടൻ ചമ്രംപടിഞ്ഞിരുന്ന് വിശാലമായ കുടവയറു കുലുക്കി, കൂർത്ത് വളഞ്ഞ വാലും കൊമ്പുകളും പ്രദർശിപ്പിച്ച് മോണയും മഞ്ഞച്ച പല്ലുകളും കാട്ടി ഇളിച്ചുകൊണ്ടിരുന്നു…

ഭകുടനെ നോക്കി ഞാൻ തിരിഞ്ഞപ്പോൾ അസ്ഥികൂടങ്ങൾ അപ്രത്യക്ഷരായിരുന്നു.

News Summary - Malayalam Story