കൊച്ചനിയത്തി

‘പട്ട’ത്തെ ആയുർവേദിക് റിസർച്ച് സെന്ററിലെ എന്റെ രാവിലത്തെ കർമങ്ങളെല്ലാം നിർവഹിച്ചു കഴിഞ്ഞതിനുശേഷം കഷായവെള്ളത്തിലെ കുളിയും കഴിഞ്ഞ് ഏറെ ഉന്മേഷവാനായി ഞാൻ നടുവിലെ മുറിയിൽ പത്രവും വായിച്ച് ഇരിക്കുകയായിരുന്നു. അപ്പോഴാണ് രാമചന്ദ്രൻ വന്ന് പറഞ്ഞത്: ‘‘ഒരു സ്ത്രീ കാണണമെന്ന് പറഞ്ഞു വന്നിട്ടുണ്ട്. ഒരു പുസ്തകം തരാനാണ് എന്നാ പറഞ്ഞത് –നേരിട്ടുതന്നെ തരണമത്രെ.’’ തിരുവനന്തപുരത്തെ ഒട്ടേറെ എഴുത്തുകാരികളിൽ ഒരാളായിരിക്കാം, വേഗത്തിൽ പറഞ്ഞുവിട്ടേക്കാം എന്നൊക്കെയുള്ള വിശ്വാസത്തിൽ ഞാൻ അവനോട് പറഞ്ഞു: ‘‘വരാൻ പറയൂ.’’ ഞാൻ പ്രതീക്ഷിച്ചത് തിരസ്കാരത്തിന്റെ കയ്പുനീർ ധാരാളം രുചിച്ചറിഞ്ഞ മധ്യവയസ്കയായ...
Your Subscription Supports Independent Journalism
View Plans‘പട്ട’ത്തെ ആയുർവേദിക് റിസർച്ച് സെന്ററിലെ എന്റെ രാവിലത്തെ കർമങ്ങളെല്ലാം നിർവഹിച്ചു കഴിഞ്ഞതിനുശേഷം കഷായവെള്ളത്തിലെ കുളിയും കഴിഞ്ഞ് ഏറെ ഉന്മേഷവാനായി ഞാൻ നടുവിലെ മുറിയിൽ പത്രവും വായിച്ച് ഇരിക്കുകയായിരുന്നു. അപ്പോഴാണ് രാമചന്ദ്രൻ വന്ന് പറഞ്ഞത്:
‘‘ഒരു സ്ത്രീ കാണണമെന്ന് പറഞ്ഞു വന്നിട്ടുണ്ട്. ഒരു പുസ്തകം തരാനാണ് എന്നാ പറഞ്ഞത് –നേരിട്ടുതന്നെ തരണമത്രെ.’’
തിരുവനന്തപുരത്തെ ഒട്ടേറെ എഴുത്തുകാരികളിൽ ഒരാളായിരിക്കാം, വേഗത്തിൽ പറഞ്ഞുവിട്ടേക്കാം എന്നൊക്കെയുള്ള വിശ്വാസത്തിൽ ഞാൻ അവനോട് പറഞ്ഞു:
‘‘വരാൻ പറയൂ.’’
ഞാൻ പ്രതീക്ഷിച്ചത് തിരസ്കാരത്തിന്റെ കയ്പുനീർ ധാരാളം രുചിച്ചറിഞ്ഞ മധ്യവയസ്കയായ ഒരു എഴുത്തുകാരിയെ ആയിരുന്നു.
പക്ഷേ, ആ പ്രതീക്ഷ പാടെ തെറ്റി.
എന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടത് അനാർഭാടത്തിന്റെ പ്രത്യക്ഷ സാക്ഷ്യമായ ഒരു യുവതിയായിരുന്നു.
ബോർഡർപോലുമില്ലാത്ത ഒരു വെള്ള സാരിയായിരുന്നു അവർ ധരിച്ചിരുന്നത്. അതിന് ചേരുന്ന ഒരു വെള്ള ബ്ലൗസും. ആഭരണമെന്ന് പറയാൻ അവരുടെ ശരീരത്തിലുണ്ടായിരുന്നത് സ്റ്റെയിൻലസ് സ്റ്റീലിന്റെ ഒരു റിസ്റ്റ് വാച്ച് മാത്രമായിരുന്നു. ഇങ്ങനെയൊക്കെയായിരുന്നുവെങ്കിലും പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു കാന്തിവിശേഷം അവരിൽനിന്ന് പ്രസരിക്കുന്നതായി എനിക്ക് തോന്നി.
ഏറെ നിർബന്ധിച്ചതിനു ശേഷമേ അവർ എന്റെ മുമ്പിൽ ഇരുന്നുള്ളൂ.
അവർ ആദ്യം ചോദിച്ചത് ഇതായിരുന്നു–
‘‘എന്നെ ഓർമയുണ്ടോ?’’
എത്ര ശ്രമിച്ചിട്ടും എന്റെ ഓർമകളിലൊന്നും അവർ വന്നില്ല. ഞാൻ പറഞ്ഞു:

‘‘ക്ഷമിക്കണം –എത്ര ശ്രമിച്ചിട്ടും ഓർക്കാൻ കഴിയുന്നില്ല. പിന്നെ... വയസ്സും കുറെ ആയില്ലേ; ധാരാളം സഞ്ചരിക്കുന്നുണ്ട്. ഒട്ടേറെ ആളുകളുമായി ഇടപഴകുന്നുമുണ്ട്. അപ്പോൾ–’’
എന്റെ വാചകം പൂർത്തിയാകുന്നതിന് മുമ്പായിത്തന്നെ ഇടയിൽ കയറി അവർ പറഞ്ഞു:
‘‘അതൊന്നുമല്ല. സാർ കരുതിക്കൂട്ടിത്തന്നെ എന്നെയും അന്നത്തെ എന്റെ മര്യാദകെട്ട പെരുമാറ്റത്തെയും ‘ഡിലീറ്റ്’ ചെയ്തിരിക്കയാണ്, അത് സാറിന്റെ വലിയ മനസ്സ്.’’
ഞാൻ വിഷമത്തോടെ പറഞ്ഞു:
‘‘ഇല്ല, ഇല്ല... എനിക്കൊന്നും മനസ്സിലാകുന്നില്ല...’’
അൽപനേരം എന്നെ നോക്കിനിന്നശേഷം അവർ വളരെ ശാന്തയായി പറഞ്ഞു:
‘‘ഞാൻ സാറിനെ വിശ്വസിക്കുന്നു. സാറ് കളവ് പറയില്ലെന്ന് എനിക്കറിയാം. ഇനി അന്ന് എന്താണുണ്ടായത് എന്ന് ഞാൻ പറയാം, രണ്ടു കൊല്ലമല്ലേ ആയിട്ടുള്ളൂ...’’
കോളജ് വാർഷികത്തോടനുബന്ധിച്ചുള്ള സാഹിത്യോത്സവം. ‘സത്യാനന്തര കാലത്തെ രാഷ്ട്രീയം’, ‘നിർമിതബുദ്ധിയും നാളെത്ത സാഹിത്യവും’ –ഇവയായിരുന്നു പ്രധാന വിഷയങ്ങൾ. ഉദ്ഘാടനം സാറ്. പണ്ടും –എന്നുവെച്ചാൽ ഞാൻ ജനിക്കുന്നതിനു മുമ്പും– സാറ് ഞങ്ങളുടെ കോളജിൽ വന്ന് പ്രസംഗിച്ചിട്ടുണ്ട്. അന്ന് ഇന്നത്തെപ്പോലെ തന്നെ ഇവിടത്തെ ഏറ്റവും പ്രബലമായ വിദ്യാർഥി സംഘടന ഞങ്ങളുടേതായിരുന്നു. പക്ഷേ, അന്നത്തെ നേതാക്കൾ പുസ്തകം വായിക്കുന്നവരും സാറിന്റെ ആരാധകരുമായിരുന്നു. അതുകൊണ്ട് സാറിന്റെ പ്രസംഗങ്ങളിൽ സംഘടനയുടെ പ്രവൃത്തികളെക്കുറിച്ച് എത്ര ശക്തമായ വിമർശനമുണ്ടായാലും ആരും പരസ്യമായി എതിർക്കുകയോ കൂക്കിവിളിക്കുകയോ ഒന്നും ചെയ്തിരുന്നില്ല.
ഈ വിമർശനങ്ങൾക്കൊക്കെയുള്ള മറുപടി ഞങ്ങളുടെ രീതിയിൽ സാറിന് തരുവാൻ പുതുതലമുറയുടെ നേതാക്കളായ ഞങ്ങൾ തീരുമാനിച്ചു.
അന്ന് സാറിന് നടക്കുവാൻ എന്തോ വിഷമമുണ്ടായിരുന്നതിനാൽ വീൽചെയറിലായിരുന്നു വന്നിരുന്നത്. വീൽചെയർ ഉന്തിയിരുന്നത് സാറിന്റെ സ്ഥിരം സഹായിയായ രാമചന്ദ്രനും. ഇതാ, ഇപ്പോഴും ഈ നഴ്സിങ് ഹോമിലും അയാളുണ്ട്. കാമ്പസിലെ വഴിയിലെ ഒരു വളവിലാണ് ഞങ്ങൾ –എന്നുവെച്ചാൽ അധ്യാപികയായ ഞാനും എന്റെ സുഹൃത്തും വിദ്യാർഥി പ്രവർത്തകനുമായ നേതാവും –നിന്നിരുന്നത്. നിങ്ങളുടെ വീൽചെയർ ഞങ്ങളുടെ മുമ്പിലെത്തിയപ്പോൾ ഞങ്ങൾ പറയാൻ തുടങ്ങി.
‘‘തൊണ്ണൂറ് കഴിഞ്ഞ ഇൗ മൂപ്പിലാന്മാർക്കൊക്കെ വീട്ടിൽ അടങ്ങിയിരുന്ന് കഴിഞ്ഞാൽ പോരെ? അല്ലെങ്കിൽ, ശേഷക്കാർക്ക് ഇത്തിരി സ്നേഹമുണ്ടെങ്കിൽ ഏതെങ്കിലും വൃദ്ധസദനത്തിലേക്കയക്കണം. അതൊന്നും ചെയ്യാതെ കെട്ടഴിച്ചുവിടും. ഇവർക്കാകട്ടെ പുതിയ കാലത്തെ സാഹിത്യത്തെക്കുറിച്ചോ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചോ ഒരു ചുക്കുമറിഞ്ഞുകൂടാ താനും. പണ്ടെന്നോ എഴുതിയ ഒന്നുരണ്ടു കഥകളുടെ പേര് വീണ്ടും വീണ്ടും ആവർത്തിച്ചു, ചക്കിന് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന കാളകളെപ്പോലെ...’’
ഇതൊക്കെ കേട്ടിട്ടും ഒന്നും കേൾക്കാത്തതുപോലെ സാറ് നടന്നു. മുഖത്ത് നേരിയ ഒരു പുഞ്ചിരിയുമുണ്ടായിരുന്നു. യുദ്ധത്തിൽ ആദ്യ വിജയം നേടിക്കഴിഞ്ഞു എന്ന വിശ്വാസത്തോടെ ഞങ്ങൾ –അല്ല ഞാൻ–
പിന്നീട് കാമ്പസ് മുഴുവൻ ഒരു ഭൂകമ്പത്തിന്റെ പിടിയിലായിരുന്നു. ഒരു സംഭവംമാത്രം ഓർമയിലുണ്ട്. എന്റെ കൂട്ടുകാരന്റെ ശക്തമായ പിടിയിലായിരുന്നു ഞാൻ. എന്താണ് സംഭവിക്കുന്നതെന്നറിയാതെ അന്തംവിട്ടുപോയ ഞാൻ കുതറിമാറാൻ ശ്രമിക്കുന്നുണ്ടായിരുന്നുവെങ്കിലും എനിക്കതിന് സാധിക്കുന്നില്ല. എന്റെ വസ്ത്രങ്ങൾ മുക്കാലും അഴിയുകയോ കീറുകയോ ചെയ്തിരുന്നു. ഒരു കാളക്കൂറ്റന്റെ വെറിയോടെ അയാൾ എന്തൊക്കെയോ–
പിന്നീടുണ്ടായതൊന്നും എനിക്കോർമിക്കാൻ കഴിയുകയില്ല.
എന്റെ ബോധം നഷ്ടമായിരുന്നു...
പനിപിടിച്ച ഞാൻ ഒരു മാസത്തോളം ആശുപത്രിയിലായിരുന്നു. സുഖമായി പുറത്തുവന്നപ്പോഴറിഞ്ഞു– കൂട്ടുകാരനെ ടി.സി കൊടുത്ത് കോളജ് അധികാരികൾ പുറത്താക്കിയിരിക്കുന്നു. ടി.സിയിൽ സ്വഭാവത്തിന്റെ കോളത്തിൽ എഴുതിയത് ‘വളരെ മോശം’ എന്നായിരുന്നുവത്രെ. ഇതിനെതിരെ കോളജിൽ ഒരു പ്രതികരണവുമുണ്ടായില്ല. ആരും കൊടിപിടിക്കുകയോ മുദ്രാവാക്യം വിളിക്കുകയോ പഠിപ്പ് മുടക്കുകയോ ചെയ്തില്ല.
അയാളുടെ ഇപ്പോഴത്തെ സ്ഥിതിയൊന്നും എനിക്കറിയില്ല.
ഇനി എന്റെ കാര്യം.
ഞാൻ വിചാരിച്ചത് എന്നെയും പിരിച്ചുവിടുമെന്നായിരുന്നു. പക്ഷേ അതുണ്ടായില്ല. ഞാൻ ‘ഇര’യായിരുന്നുവല്ലോ. അതിനു പുറമെ എനിക്കെതിരായി ആരും അത്ര ശക്തമായി വാദിക്കുകയുണ്ടായില്ല. അങ്ങനെ...
പിന്നീട് എനിക്കുണ്ടായ പരിവർത്തനം. ആരും നിർബന്ധിച്ചിട്ടോ അല്ലെങ്കിൽ എന്റെ മനഃപൂർവമായ പരിശ്രമത്തിന്റെ ഫലമായോ ഉണ്ടായതൊന്നുമല്ല. ഓർക്കുമ്പോൾ എനിക്കുതന്നെ അത്ഭുതം തോന്നുന്നു.
ഒഴിവു സമയങ്ങൾ ലൈബ്രറിയിൽ ചെലവഴിക്കുന്നു. വായന, വായന. പിന്നെ വായിച്ചതിനെക്കുറിച്ചുള്ള... കൂടുതലും വായിച്ചത് സാറിന്റെ പുസ്തകങ്ങളായിരുന്നു. പിന്നെ ലേഖനസമാഹാരങ്ങളും, വായിക്കുന്തോറും എനിക്ക് സങ്കടവും. എന്നെക്കുറിച്ചുതന്നെയുള്ള നിന്ദയും... തന്റെ അഭിപ്രായങ്ങൾ ധീരമായും സത്യസന്ധമായും എന്നും വിളിച്ചുപറഞ്ഞിട്ടുള്ള സാറിനെയല്ലേ ഒന്നുമറിയാത്ത കൂപമണ്ഡൂകമായ ഞാൻ അന്ന്...’’
അവർ കരച്ചിലിന്റെ വക്കത്തായിരുന്നു.
ഞാൻ പറഞ്ഞു:
‘‘അതൊക്കെ കഴിഞ്ഞില്ലേ. തെറ്റു പറ്റാത്തവരായി ഇവിടെ ആരാണുള്ളത്? തെറ്റു കണ്ടറിഞ്ഞ് അത് സ്വയം തിരുത്തുക എന്നതാണ് പ്രധാനം. നിങ്ങൾ അത് ചെയ്തിട്ടുണ്ടല്ലോ. അതും പരപ്രേരണയില്ലാതെ തന്നെ –നിങ്ങൾക്ക് ഇനി ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല...’’
അവർ കൊണ്ടുവന്ന എന്റെ പുസ്തകങ്ങളിൽ ഒപ്പ് വാങ്ങിയതിനുശേഷം പൂർണ സമാധാനത്തോടെ അവർ പോയി.
മുറിയിൽ ഞാൻ തനിച്ചായപ്പോൾ രാമചന്ദ്രൻ വന്ന് ചോദിച്ചു:
‘‘അവരാരാ?’’
മറ്റൊന്നുമാലോചിക്കാൻ നിൽക്കാതെ ഞാൻ പറഞ്ഞു:

ടി. പത്മനാഭന്റെ കൈയെഴുത്ത്
‘‘എന്റെ കൊച്ചനിയത്തി.’’
‘‘കൊച്ചനിയത്തി–?’’
അവൻ വീണ്ടും എന്തോ ചോദിക്കാൻ ഭാവിക്കയായിരുന്നു. പക്ഷേ ഞാൻ അവനെ വിലക്കി.
എന്നിട്ട് മനസ്സിൽ പറഞ്ഞു:
‘‘അതെ, കൊച്ചനിയത്തി തന്നെ. 96 കൊല്ലത്തെ കാത്തിരിപ്പിനുശേഷം എനിക്ക് വീണുകിട്ടിയ എന്റെ കൊച്ചനിയത്തി.’’