Begin typing your search above and press return to search.
proflie-avatar
Login

ലോറൻസ് ബിഷ്‌ണോയി

ലോറൻസ് ബിഷ്‌ണോയി
cancel

ഒരു ബിഷ്‌ണോയി വീട്. സ്ഥലം ജോധ്‌പൂർ. കുറച്ചുയരത്തിൽ ചുമരിൽ കൈകൊണ്ടെഴുതിയ സ്വസ്തിക അടയാളം. അതിനോട് ചേർന്ന് ഒരുത്തന്റെ കൈപ്പത്തി. മണ്ണുകൊണ്ടാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. അതിൽ നോക്കി മനോഹരൻ കൗതുകത്തോടെ നിന്നു. ഉയരം കുറവായതുകൊണ്ട് കഴുത്തു വേദനിക്കേണ്ടതാണ്. പക്ഷേ, ആ വേദന മനോഹരൻ അറിഞ്ഞില്ല. പാലിൽ പഞ്ചസാര ചേർത്താണ് ബിഷ്‌ണോയി മൂപ്പൻ കറുപ്പ് കൊടുത്തത്. ‘‘മനോഹരൻ സാറേ നമുക്ക് പോവാം’’ പുറകിൽനിന്ന് ശശി അനിയൻ വിളിച്ചു. പലതവണ. എന്തൊരു പൊല്ലാപ്പ്. ഇവൻ വെറുമൊരു ശശി തന്നെ. തിരിച്ചു ഹോട്ടലിൽ എത്തിയാൽ രണ്ടു പുളിച്ച തെറി വിളിക്കണം എന്ന് മനോഹരൻ മനസ്സിൽ നിശ്ചയിച്ചു. പ്രാകിക്കൊണ്ടാണ് തിരിച്ചു...

Your Subscription Supports Independent Journalism

View Plans

ഒരു ബിഷ്‌ണോയി വീട്. സ്ഥലം ജോധ്‌പൂർ. കുറച്ചുയരത്തിൽ ചുമരിൽ കൈകൊണ്ടെഴുതിയ സ്വസ്തിക അടയാളം. അതിനോട് ചേർന്ന് ഒരുത്തന്റെ കൈപ്പത്തി. മണ്ണുകൊണ്ടാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. അതിൽ നോക്കി മനോഹരൻ കൗതുകത്തോടെ നിന്നു. ഉയരം കുറവായതുകൊണ്ട് കഴുത്തു വേദനിക്കേണ്ടതാണ്. പക്ഷേ, ആ വേദന മനോഹരൻ അറിഞ്ഞില്ല. പാലിൽ പഞ്ചസാര ചേർത്താണ് ബിഷ്‌ണോയി മൂപ്പൻ കറുപ്പ് കൊടുത്തത്.

‘‘മനോഹരൻ സാറേ നമുക്ക് പോവാം’’ പുറകിൽനിന്ന് ശശി അനിയൻ വിളിച്ചു. പലതവണ. എന്തൊരു പൊല്ലാപ്പ്. ഇവൻ വെറുമൊരു ശശി തന്നെ. തിരിച്ചു ഹോട്ടലിൽ എത്തിയാൽ രണ്ടു പുളിച്ച തെറി വിളിക്കണം എന്ന് മനോഹരൻ മനസ്സിൽ നിശ്ചയിച്ചു. പ്രാകിക്കൊണ്ടാണ് തിരിച്ചു ജീപ്പിലേക്കു ചാടിക്കയറിയത്. ആ ചാട്ടം കണ്ട് കൂടെയുള്ള പ്രവിയും സക്കറിയയും ഞെട്ടി. വിവേകും. എന്തൊരു കരുത്തും ഊർജസ്വലതയും.

തുറന്ന ജീപ്പിലെ യാത്ര മനോഹരന് രസിച്ചു. തലമുടി പുറകോട്ടു പറക്കുന്നത് അയാൾ ശ്രദ്ധിച്ചു. മുടിയില്ലാത്ത സക്കറിയക്ക് ഇതൊക്കെ അനുഭവിക്കാൻ പറ്റില്ലാലോ എന്നാലോചിച്ചപ്പോൾ ചിരിവന്നു. പുറത്തേക്കുവന്നത് ഇളി ആണ്. അതൊരു അട്ടഹാസമായാണ് മാറിയത്. തന്നെ റിയർവ്യൂ മിററിലൂടെ നോക്കി ഉറക്കെ ചിരിച്ച രജപുത്രനായ ഡ്രൈവറോട് ‘പോടാ തെണ്ടി’ എന്ന് മലയാളത്തിൽ പറഞ്ഞു നോക്കി. എന്നിട്ടും അയാൾ അടങ്ങുന്നില്ല. കൂടെ വന്ന പഹയന്മാരും ചിരിക്കുന്നു. ആരോ മനോരൻ എന്നും വിളിച്ചിരിക്കുന്നു. മനോഹരനാണ് താൻ മനോരനല്ല. കോപത്തോടെ കാർക്കിച്ചു തുപ്പിയപ്പോള്‍ പ്രവിയുടെ അമേരിക്കൻ സ്നീകേഴ്സിൽ വീഴുന്നതിനു പകരം തന്റെ മുഖത്തുതന്നെയാണ് വീണത്.

‘‘ഫക്ക് യു ഗയ്‌സ്’’ എന്ന് പറഞ്ഞത് പുറത്തേക്കു വന്നില്ല. മനോഹരൻ അതു വലിയ കാര്യമായെടുത്തില്ല.

നേരെ പോയത് സൽമാൻ ഖാൻ കൊന്ന കൃഷ്ണമൃഗങ്ങളുടെ പേരിൽ സ്ഥാപിച്ച സ്മാരകത്തിലേക്കാണ്. ഒരു സ്റ്റേജിലാണ് വെടികൊണ്ട് മരിച്ചവന്റെ നിൽപ് എന്ന് മനോഹരൻ തീരുമാനിച്ചു. നടി തബുവും മറ്റും വേട്ട നടത്തുമ്പോൾ സൽമാന്റെ കൂടെ ഉണ്ടായിരുന്നത്രെ. അപ്പോഴാണ് തങ്ങളുടെ കൂടെയുള്ള ഗൈഡ് പറഞ്ഞത് സൽമാനെ അവിടെ കൊണ്ടുപോയത് അയാളാണെന്ന്. പൊലീസ് ചോദ്യം ചെയ്തുവിട്ടയച്ചുവത്രെ. മനോഹരന് ആ വെളിപ്പെടുത്തൽ അത്ര പിടിച്ചില്ല. ‘‘പച്ചക്കള്ളം. കള്ളാ കള്ളാ കാട്ടുകള്ളാ’’ എന്ന് മലയാളത്തിൽ വിളിച്ചുകൊണ്ട് ഗൈഡിന്റെ മുഖത്ത് നോക്കി. ഗോപാൽജി എന്ന ഗൈഡ് അതൊരു പ്രശംസയാണെന്നു കരുതി കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു. ‘‘തേങ്കു തേങ്കു മനോര്‍ജി.’’

മറ്റുള്ളവർ ചിരിക്കുന്നു. എമ്പോക്കികൾ. നാഷനൽ ജോഗ്രഫിക് ചാനലിൽ കണ്ടപോലുള്ള ആ കറുത്ത മാനിനെ നോക്കി വെള്ളമിറക്കി അങ്ങനെനിന്നപ്പോഴാണ് മനോഹരന് മൂത്രമൊഴിക്കാൻ തോന്നിയത്. ‌ പ്രതിമ വെറും പ്രതിമ. വെറും പാറക്കഷ്ണമല്ലേ അത്. പാറ കണ്ടാൽ മനോഹരന് പലതും തോന്നും. ബിഷ്‌ണോയി പ്രമുഖൻ അല്ല സാക്ഷാൽ ലോറൻസ് ബിഷ്‌ണോയി വന്നാലും മനോഹരന് പുല്ലാണ്. പുല്ല്കിളക്കാത്ത ആ മരുഭൂമിയിൽ ആ കറുത്ത പ്രതിമയെ തുറിച്ചുനോക്കി മനോഹരൻ മുള്ളി. കുടിക്കെടാ ഈ മൂത്രം. നിങ്ങളുടെ ഉള്ളിൽ കയറിയ വെടിയുണ്ടകൾ പുറത്തേക്കു വരും. നിങ്ങൾക്ക് പാപമോക്ഷം കിട്ടും. നിങ്ങളെല്ലാം പുനർജനിക്കും. നിങ്ങൾ പഴയപോലെ ഓടി നടക്കും. നിങ്ങൾ ചിരഞ്ജീവികളായി മാറും. പാലാഴി കടഞ്ഞെടുത്ത അമൃതാണെടാ ഇത്. ഒരു നടനും ഒരു കോപ്പനും നിന്നെ തൊടാനാവില്ല. കുടിയെടാ മാനെ. മനോഹരൻ വാചാലനായി. പിടിച്ചുവലിച്ചാണ് മനോഹരനെ കൂട്ടാളികൾ ജീപ്പിനു സമീപത്തേക്കു കൊണ്ടുപോയത്.

‘‘മാറിനിൽക്കെടാ ഞാൻ പുലിയാണ്. നിങ്ങൾക്കെന്നെ ഈ ജന്മത്തിൽ തോൽപിക്കാനാവില്ല’’ –എന്ന് മനോഹരൻ പ്രഖ്യാപിച്ചു. അതിനുശേഷം ചാടിക്കയറി ജീപ്പിൽ. എന്തൊരു ശക്തി. എന്തൊരുന്മേഷം.

‘‘ഇവിടെ ചിരിക്കുന്നവർ കുരയ്ക്കുന്ന നായ്ക്കൾ’’ എന്നും മനോഹരൻ പറഞ്ഞൊപ്പിച്ചു.

അടുത്ത ഗ്രാമത്തിലേക്കാണ് യാത്ര. മുടി വീണ്ടും പുറകോട്ടു പറക്കുന്നു. തണുത്ത കാറ്റിൽ മുഖം ചുവന്നു. ഒരു സെൽഫി വീഡിയോ എടുത്തു. വീട്ടിലെത്തി കല്യാണിയെ കാണിക്കണം. അവൾ ഞെട്ടണം. മനോഹരൻ ആരാണെന്ന് അവളറിയണം. മനസ്സ്‌ യുദ്ധവിമാനംപോലെ പറന്നുയർന്നു. പിന്നീടത് ഇലോൺ മസ്കിന്റെ ചൊവ്വയിലേക്കുള്ള പേടകംപോലെയായി തോന്നി.

ചുറ്റും ചില ബോറൻ ചർച്ചകൾ നടക്കുന്നുണ്ട്. മനോഹരൻ ചളമായോ മഹാപാഴാണോ എന്നൊക്കെ. ‘‘പട്ടികൾ മോങ്ങട്ടെ ജീപ്പ് മുന്നോട്ടു കുതിക്കും’’ –മനോഹരൻ ആജ്ഞാപിച്ചു.

പ്രജാപതികളാണ് അടുത്ത ഗ്രാമത്തിൽ പല്ലിളിച്ചുകൊണ്ട് വരവേറ്റത്. പൂർണവസ്ത്രമിട്ട ഗാന്ധിയെ പോലുള്ള ഗൃഹനാഥൻ. കൂടെ മനു ഗാന്ധിയെ പോലുള്ള മാനിന്റെ ഐശ്വര്യമുള്ള പെൺകിടാവ്. തൂവെള്ള വസ്ത്രം പോലുള്ള അവളുടെ വിനയം മനോഹരന് ബോധിച്ചു.

അവരുടെ തൊഴിൽ നെയ്ത്താണ്. അവിടെയെങ്ങാനും വല്ല പാൽ ഇടപാട് ഉണ്ടോ എന്ന് നിരീക്ഷിച്ചു. ഇല്ല. ഇല്ലെങ്കിൽ വേണ്ട. മനോഹരൻ ഇവിടെ കട്ടൻചായ കുടിച്ചു തൃപ്തിപ്പെടും. മറ്റുള്ളവർ പലതും വാങ്ങി. ഷോളും പായയും മറ്റും. മനോഹരന്റെ ഒടുക്കത്തെ പിശുക്ക് എന്ന പുലമ്പൽ കേട്ടിട്ടും കേട്ടില്ലെന്നു നടിച്ചു.

‘‘പെട്ടെന്ന് പോണം. വൈകുന്നേരം വിമാനത്തിൽ തിരിച്ചു പോണം. നിങ്ങളുടെ തമാശയൊന്നും പറ്റില്ല.’’ മനോഹരൻ ഒരാത്മഗതംപോലെ പറഞ്ഞൊപ്പിച്ചു. ബിഷ്‌ണോയിയുടെ പാൽ അയാളുടെ വയറ്റിൽ ചില ശബ്ദങ്ങൾ ഉണ്ടാക്കി. പാട കളയാതെ തന്ന പാൽ തനിക്കു ചേരില്ല എന്ന സത്യം താൻ പാടേ മറന്നത് മനോഹരൻ വീണ്ടുമോർത്തു.

പിന്നീടും ചാടിക്കയറി ജീപ്പിൽ. ചിരികളുടെ കോലാഹലം. പാലുകുടിച്ച മനോഹരന് ഇതൊക്കെ എന്ത്. ‘‘എന്നോട് കളിക്കരുത് @@@@@@’’ എന്ന് പറഞ്ഞു നോക്കി.

അപ്പോഴേക്ക് മുടി വീണ്ടും പുറകോട്ടു പാറി തുടങ്ങിയിരുന്നു. പറയുന്ന തെറികൾ തണുത്ത കാറ്റിൽ പറന്നു. കാറ്റിന്റെ വേഗത കൂടുന്നു. പുറകോട്ടു നോക്കിയ ഡ്രൈവറെയും ഗൈഡിനെയും കൊഞ്ഞനം കാട്ടി മനോഹരൻ വില്ലാളിവീരനായ അർജുനനെപ്പോലെ ഇരുന്നു. ‘‘സൽമാൻ ഖാന്റെ വെടിവെപ്പല്ല കുരുക്ഷേത്ര യുദ്ധം നടക്കും ഇവിടെ’’ എന്ന് അയാൾ പറയാൻ ശ്രമിച്ചു.

മുടിയിൽ വീണ്ടും തണുത്ത കാറ്റ്. പറക്കുംതളിക ഇറങ്ങുംപോലെ ജീപ്പ് ഹോട്ടലിന്റെ മുന്നിൽ ഇറങ്ങി. മനോഹരൻ ചാടിയിറങ്ങി. ഏതോ സിനിമയിൽ ശ്രീനിവാസൻ പൊലീസ് ഇറങ്ങിയപോലെ. ചിരിയുടെ കുംഭമേള.

‘‘തോൽപിക്കാനാവില്ല മക്കളെ, മനോഹരൻ കുടിച്ചത് ബിഷ്‌ണോയിയുടെ പാലാണ്’’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് റൂമിലേക്ക് കുതിച്ചു. വിമാനം പിടിക്കാനുണ്ട് വിമാനം.

വിമാനത്താവളത്തിൽ നല്ല തിരക്ക്. പക്ഷേ ബിഷ്ണോയിയുടെ പാല് കുടിച്ച മനോഹരനുണ്ടോ തടസ്സങ്ങൾ. എല്ലാവരെയും തള്ളിമാറ്റി അയാൾ പ്ലെയ്നിൽ കയറി മുൻസീറ്റിൽ ഇരിപ്പായി. പുച്ഛത്തോടെ ഫ്ലൈറ്റ് അറ്റൻഡന്റിനെ ഇടംകണ്ണിട്ടു നോക്കി. താമസിയാതെ വിമാനം പൊങ്ങി. ഡൽഹിയിലേക്കാണ് പറക്കുന്നത്. വിമാനം പറന്നുയർന്നു വീണ്ടും വീണ്ടും. പിന്നീട് ആരോഹണം നിലച്ചു. പക്ഷേ അതൊന്നും മനോഹരന് ബാധകമല്ല. പറക്കുകയാണ്. സൗരയൂഥത്തിന്റെ അതിർവരമ്പുകൾ വാൾവീശി ഭേദിച്ചുള്ള ഒരു ഇന്റർസ്റ്റെല്ലർ യാത്ര. ദിനോസർ വലിപ്പമുള്ള ഒരു കറുത്തകുതിരപ്പുറത്തുള്ള സ്വപ്നയാത്ര. കടിഞ്ഞാൺ കൈവിട്ടു. പ്രപഞ്ചസത്യങ്ങൾ തേടിയൊരു ഏകാന്തപഥികനാണു താൻ എന്ന് മനോഹരന് തോന്നാതിരിക്കാൻ കാരണങ്ങളൊന്നുമുണ്ടായില്ല.

അവസാനം വിമാനമിറങ്ങി. ടി ടു ടെർമിനലിൽ. മനോഹരന് ഓർമവന്നത് പഴേ നാസ നാടകമാണ്. ഓ അല്ല. മൈക്കൽ ജാക്സനാണു ഇപ്പോൾ മനസ്സിൽ. മൂൺ വാക്കിങ്ങിന് പുതിയ മാനങ്ങൾ കൊടുത്ത തന്റെ കോളേജ് കാലത്തെ ഗാനവിസ്മയം. ജാക്‌സനെ പോലെ നടന്നു മനോഹരൻ വിമാനത്തിൽനിന്നിറങ്ങി ബസിൽ കയറി.

ലോറൻസ്‌ ബിഷ്ണോയിയുടെ വിശ്വസ്തരായ ഷൂട്ടർമാരാണ് തനിക്കു ചുറ്റുമുള്ള സുഹൃത്തുക്കൾ എന്ന് കുറച്ചുനേരം തെറ്റിദ്ധരിച്ചുപോയി മനോഹരൻ. പക്ഷേ, താൻ ലോറൻസ് ആണ് എന്ന തോന്നലിൽതന്നെയാണ് അയാൾ. ആരവിടെ, തന്നോടോ കളി. ഒന്നുകിൽ സബർമതി ജയിലിൽ കഴിയുന്ന അധോലോക നായകൻ ലോറൻസ് അല്ലെങ്കിൽ ഓട്ടോമൻ തുർക്കികളെ ജോർദാൻ മണ്ണിൽനിന്നും തുരത്തിയ അറേബ്യയിലെ ലോറൻസ്. ആരായാലും വേണ്ടില്ല. ആർക്കും മനോഹരന്റെ മാപ്പില്ല.

‘‘എല്ലവനെയും പാഠം പഠിപ്പിക്കും ഞാൻ. എന്നോട് വേണ്ട ഈ കൊലക്കളി. ഞാൻ വേറെ ഒരു ജനുസ്സിലുള്ള കക്ഷിയാണ്. തോന്ന്യാസം ഇപ്പം നിർത്തണം. പശ്ചാത്തപിക്കേണ്ടി വരും. വിടില്ല ഞാൻ’’ –മനോഹരൻ സീരിയസ് ആയിട്ട് തന്നെ പറഞ്ഞു. ഇതൊക്കെ കേട്ട് മറ്റുള്ളവർ പകച്ചു നിശ്ശബ്ദരായി എന്നത് അയാൾക്ക്‌ ചെറിയ ആശ്വാസം പകർന്നു. പിന്നെ നീണ്ട നിശ്ശബ്ദതയായിരുന്നു.

ബാഗെടുത്തു വിമാനത്താവളത്തിന് പുറത്തേക്കു നടക്കുമ്പോഴാണ് മനോഹരൻ ശ്രദ്ധിച്ചത്. താനിപ്പോൾ നടക്കുന്നത് മൈക്കൽ ജാക്‌സനെ പോലെയല്ല. താൻ താനായി മാറിയിരിക്കുന്നു. ഒരു മണിക്കൂർ മുന്പായിരുന്നെങ്കിൽ മനോഹരൻ ജോധ്പൂരിൽനിന്ന് ഡൽഹിയിലേക്ക് നിന്നനിൽപിൽ പറന്നേനെ. കാലുകളിൽ ചെറിയ ക്ഷീണം. ജീപ്പിലേക്കു ചാടിക്കയറിയ മനോഹരനല്ല ഈ താൻ. കഴുത്തും വേദനിക്കുന്നു. കാൾ സാഗന്റെ ചിന്താപ്രപഞ്ചത്തിലെ ഒരുവനല്ല ഈ മനോഹരൻ. താനിപ്പോൾ താഴേക്കാട്ടിലെ തുമ്മൽ വീട്ടിൽ മനോഹരൻ. ചൊവ്വാഗ്രഹത്തെ രണ്ടുതവണ ചുറ്റിയ ആ മനോഹരൻ അയ്യോ ആ മനോഹരൻ അല്ല താനിപ്പോൾ.

സുഹൃത്തിന്റെ കാറിലേക്ക് കയറിയപ്പോൾ ഡ്രൈവർ സഹായിക്കേണ്ടി വന്നു. ഖലിസ്താൻ തീവ്രവാദികളുടെ ബന്ധിയായ ലോറൻസ് ബിഷ്‌ണോയിയെ പോലെയാണിപ്പോൾ താൻ എന്നാണ് മനോഹരന്‌ തോന്നിയത്. അയാൾക്ക് കരച്ചിൽ വന്നു. ഛർദിക്കാൻ തോന്നി. താമസിയാതെ മനോഹരൻ കരഞ്ഞു. സഹായിക്കണം എന്നഭ്യർഥിച്ചു. പിന്നെയും കരഞ്ഞു. സുഹൃത്തിന്റെ വീട്ടിലേക്കു അയാൾ കൊണ്ടുപോയി. സുഹൃത്തിന്റെ വീട്ടിൽ മനോഹരൻ നേരെ പോയത് കക്കൂസിലേക്കാണ്. കരഞ്ഞുകൊണ്ട് ഛർദിച്ചു. സുഹൃത്ത് സ്നേഹത്തോടെ തന്ന വെള്ളം കുടിച്ചശേഷം ബിഷ്ണോയിയുടെ പാലിനെക്കുറിച്ചോർത്തു പിന്നീടും മനോഹരൻ കരയുകയും ഛർദിക്കുകയുംചെയ്തു. പിന്നീട് കൈപിടിച്ച് സുഹൃത്തും മകനും അയാളെ കട്ടിലിൽ കിടത്തി.

 

‘‘ഞാൻ മരിക്കും. ഞാൻ ചെയ്ത പാപങ്ങൾ എല്ലാം ക്ഷമിക്കണം. എല്ലാരോടും പറയണം’’ എന്ന് മനോഹരൻ ആവർത്തിച്ചു പറഞ്ഞു. ‘‘ഹൃദയം തകരുകയാണ്. ആർട്ടറികളിൽ ബ്ലോക്കുകൾ നിറയുകയാണ്… കണ്ണിൽ ഇരുട്ട് പടരുന്നു.’’ –എവിടെയോ കേട്ടുമറന്ന പ്രയോഗങ്ങൾ തിരിച്ചുവന്നിരിക്കുന്നു. മനോഹരന്റെ നാവുകൾ വെള്ളത്തിനായി ദാഹിച്ചു. വെള്ളം വീണ്ടും കുടിച്ചു. താൻ മനസ്സുകൊണ്ട് കാമിച്ച സ്ത്രീകളുടെ പേരുകൾപോലും പറഞ്ഞു മനോഹരൻ ഒരു മനുഷ്യനെപ്പോലെ കരഞ്ഞു. ‘‘അവരോടൊക്കെ എന്റെ മാപ്പ് പറയണം പ്ലീസ്. നിങ്ങളൊക്കെ മനോരൻ എന്ന് വിളിച്ചോളൂ. എന്തും വിളിച്ചോളൂ.’’ –മനോഹരൻ കരഞ്ഞുകൊണ്ട് പറഞ്ഞു.

‘‘വീട്ടിലെത്തിയാൽ കല്യാണി എന്നെ നിരീക്ഷിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയുംചെയ്യും. അപ്പോൾ ഞാനെന്തു പറയും?’’ ഇതൊക്കെയാണ് മനോഹരന്റെ പുതിയ പേടികൾ.

അങ്ങനെ കരഞ്ഞു കരഞ്ഞു മനോഹരൻ ഉറങ്ങി. താമസിയാതെ കൂർക്കംവലിയുടെ വികൃതസ്വരങ്ങൾ സഹിക്കാനാവാതെ സുഹൃത്ത് വാതിലടച്ചു പുറത്തേക്കുപോയി. സ്വപ്നത്തിൽ ബിഷ്‌ണോയിയുടെ പാല് കടന്നുവരുകയും മനോഹരൻ ഇടക്കിടെ കരയുകയും ഛർദിക്കുകയും ചെയ്തുകൊണ്ടിരുന്നു.

News Summary - Malayalam story
RADO