Begin typing your search above and press return to search.
proflie-avatar
Login

അന്നൊരിക്കൽ

അന്നൊരിക്കൽ
cancel

തലേന്ന് രാത്രി മുഴുവൻ ടോണി സ്വപ്നങ്ങളുടെ പിടിയിലായിരുന്നു. ഓരോ സ്വപ്നം കഴിഞ്ഞപ്പോഴും അയാൾ എഴുന്നേറ്റ് തന്റെ കിടക്കയുടെ വലതുവശത്ത് ചുമരിനോട് ചേർത്തുവെച്ചിരുന്ന കൂജയിൽനിന്ന് വെള്ളം വേണ്ടുവോളം കുടിച്ചു. അവസാന സ്വപ്നം കഴിഞ്ഞതോടെ സമയം ആറുമണിയായി. കൂജയിലെ അവസാന തുള്ളി വെള്ളവും അതോടെ അയാൾ കുടിച്ചുതീർത്തിരുന്നു. പുറത്ത് ചെറിയ മഞ്ഞുണ്ടായിരുന്നു. ഒരു ഞായറാഴ്ച ദിവസം. രാവിലെ നേരത്തേ എഴുന്നേൽക്കുന്നത് അയാൾക്ക്‌ പതിവുള്ള കാര്യമല്ലായിരുന്നു. അയാൾ മുഖത്തേക്ക് കുടുകുടാ വെള്ളമൊഴിച്ചു കഴുകി. ബ്രഷ് ചെയ്തു കഴിഞ്ഞ് അയാൾ അടുക്കളയിൽ എത്തി. തലേ ദിവസത്തെ സ്വപ്നങ്ങളിൽ ചിലത് ടോണി അമ്മയുടെ അടുത്ത് വിവരിച്ചു....

Your Subscription Supports Independent Journalism

View Plans

തലേന്ന് രാത്രി മുഴുവൻ ടോണി സ്വപ്നങ്ങളുടെ പിടിയിലായിരുന്നു. ഓരോ സ്വപ്നം കഴിഞ്ഞപ്പോഴും അയാൾ എഴുന്നേറ്റ് തന്റെ കിടക്കയുടെ വലതുവശത്ത് ചുമരിനോട് ചേർത്തുവെച്ചിരുന്ന കൂജയിൽനിന്ന് വെള്ളം വേണ്ടുവോളം കുടിച്ചു. അവസാന സ്വപ്നം കഴിഞ്ഞതോടെ സമയം ആറുമണിയായി. കൂജയിലെ അവസാന തുള്ളി വെള്ളവും അതോടെ അയാൾ കുടിച്ചുതീർത്തിരുന്നു. പുറത്ത് ചെറിയ മഞ്ഞുണ്ടായിരുന്നു. ഒരു ഞായറാഴ്ച ദിവസം. രാവിലെ നേരത്തേ എഴുന്നേൽക്കുന്നത് അയാൾക്ക്‌ പതിവുള്ള കാര്യമല്ലായിരുന്നു. അയാൾ മുഖത്തേക്ക് കുടുകുടാ വെള്ളമൊഴിച്ചു കഴുകി. ബ്രഷ് ചെയ്തു കഴിഞ്ഞ് അയാൾ അടുക്കളയിൽ എത്തി. തലേ ദിവസത്തെ സ്വപ്നങ്ങളിൽ ചിലത് ടോണി അമ്മയുടെ അടുത്ത് വിവരിച്ചു. നല്ല കടുപ്പത്തിൽ ഒരു ചായ ഉണ്ടാക്കി ടോണിയുടെ കൈയിലേക്ക് നീട്ടിയിട്ട് അമ്മ പറഞ്ഞു, ‘‘മോനെ, ദൈവം സ്വപ്നങ്ങളിലൂടെ നിന്നോട് സംസാരിക്കുന്നതായിരിക്കും.’’ ടോണി ചായ കുടിച്ചുകൊണ്ട് ചെറുതായി ഒന്ന് മൂളി.

ഞായറാഴ്ച ആയതുകൊണ്ട് ടോണി പള്ളിയിൽ കുർബാനക്കു പോകാമെന്നു വെച്ചു. തേച്ചുമടക്കി ​െവച്ചിരുന്ന വെളുത്ത ലിനൻ ഷർട്ടും നീല ജീൻസും ധരിച്ച് അയാൾ തന്റെ ബൈക്കിൽ നേരെ പള്ളിയിലേക്ക് പോയി. പോകുന്ന വഴിക്ക് മഞ്ഞ് മൂടിക്കിടക്കുന്ന വയലിന്റെ ഓരത്ത് ടോണി തന്റെ ബൈക്ക് ഒന്നു നിർത്തി. മഞ്ഞിനെ ഭേദിച്ചു വന്ന തണുത്ത ഇളംകാറ്റ് ടോണിയുടെ മുഖം തഴുകി കടന്നുപോയി. എന്തെന്നില്ലാത്ത ഒരു ഊർജം അയാൾക്ക്‌ തോന്നി. അയാൾ മെല്ലെ ബൈക്ക് വീണ്ടും സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ടുനീങ്ങി. പള്ളിയങ്കണത്തിൽ ബൈക്ക് എത്തിയപ്പോഴേക്കും കുർബാന തുടങ്ങിയിരുന്നു. ടോണി തിടുക്കത്തിൽ ചാരനിറമുള്ള തന്റെ ഷൂസ് ഊരിവെച്ച് വെളുത്ത മാർബിൾ പതിച്ച പള്ളിക്കകത്തേക്ക് പ്രവേശിച്ചു. പിന്നിൽനിന്ന് മൂന്നാമത്തെ നിരയിൽ ടോണി വന്നു നിന്നു. അപ്പോഴാണ് അയാളുടെ ഇടത് വശത്തെ ബെഞ്ചിനടുത്തേക്ക് ആരെയും വശീകരിക്കുന്ന പരിമളവും തൂകിക്കൊണ്ട് ഇളംനീല ചുരിദാർ ധരിച്ച ഒരു പെൺകുട്ടി വന്നുനിന്നത്.

അവൾ സാവധാനം മുട്ടുകുത്തി തന്റെ മുടി ഷാളുകൊണ്ട് മൂടി നെറ്റിയിൽ കുരിശു വരച്ചു. പതുക്കെ അയാൾ ഒരു സ്വപ്നലോകത്തേക്ക് തെന്നിവീണു. മിക്ക രാത്രികളിലും കണ്ടിരുന്ന സ്വപ്നങ്ങളിലെ അന്തരീക്ഷം ടോണിക്ക് അപ്പോൾ അവിടെ അനുഭവപ്പെട്ടു. തന്റെ സ്വപ്നങ്ങളിൽ വന്നിരുന്ന പെൺകുട്ടി ഇത് തന്നെയാണോ എന്ന് തോന്നി. അപ്പോൾ തനിക്കുണ്ടായ ഒരു പ്രത്യേകതരം അനുഭവം അയാളെ പുളകം കൊള്ളിച്ചു.

ഒരു മാന്ത്രിക ലോകത്തേക്ക് പള്ളിയും അവിടെ കൂടിയിരുന്ന ആളുകളും തന്റെ സ്വപ്നങ്ങളിൽ കാണാറുള്ള ആ പെൺകുട്ടിയും അയാളെ തള്ളിയിട്ടു. സന്തോഷമാണോ അതോ പ്രണയമാണോ ആ പെൺകുട്ടിയെ കാണുമ്പോൾ ഉണ്ടാവുന്നത് എന്ന് അയാൾക്ക്‌ മനസ്സിലാവുന്നുണ്ടായിരുന്നില്ല. ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ടിരുന്ന ഒരാൾ ആ പള്ളിയിൽ ഉണ്ടായിരുന്നു. കുർബാന അർപ്പിച്ചുകൊണ്ടിരുന്ന ഫാ. തോമസ് തൈക്കുടന്നയിലായിരുന്നു അത്. എപ്പോഴോ ഒന്ന് അയാൾ അച്ചനെ നോക്കിയപ്പോൾ അച്ചൻ പരുഷമായി അയാളെ നോക്കി. ആ നോട്ടം ടോണിയെ മാന്ത്രിക ലോകത്തുനിന്ന് താഴെയിറക്കി. പ്രസംഗത്തിന്റെ ഊഴമായിരുന്നു പിന്നെ. കാടും മേടും കയറിയിറങ്ങി ഫാ. തൈക്കുടന്നയിൽ സഞ്ചരിച്ചു. ഒടുവിൽ ഈ ലോകത്തേക്ക് മടങ്ങിവന്നു. ടോണിക്ക് പക്ഷേ അതൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.

അധികം താമസിയാതെ കുർബാന കഴിഞ്ഞു. പതുക്കെ ടോണി അവളുടെ അരികിലൂടെ പള്ളിയുടെ പുറത്തേക്ക് നീങ്ങി. അവളുടെ നീണ്ട മുടി താഴേക്ക് ചിതറി കിടന്നിരുന്നു. എന്താണീശ്വരാ എന്ന് പറയാൻ തോന്നി. അവളുടെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിക്കണം എന്നുണ്ടായിരുന്നു, രണ്ട് വാക്ക് സംസാരിക്കണമെന്നും ഉണ്ടായിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. നടന്നുപോകുന്ന ആ രൂപം കണ്ട് അയാൾ സ്വയം ചൂളിപ്പോയി. അവളോട് തന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ മൊട്ടിട്ട ആ അനുഭവം പറയണം എന്ന് അയാൾക്കുണ്ടായിരുന്നു എങ്കിലും അയാൾ അത് അങ്ങനെ തന്നെ തന്റെ ഹൃദയത്തിൽ ഒളിപ്പിച്ചു വെച്ചു. യഥാർഥത്തിൽ എന്തിനായിരുന്നു അയാൾ അത് ഒളിപ്പിച്ചുവെച്ചത്. ടോണി തന്റെ ബൈക്ക് സ്റ്റാർട്ടാക്കി പള്ളിയുടെ പുറത്തേക്ക് നീങ്ങിയപ്പോൾ എന്തൊക്കെയോ മനസ്സിലായതു പോലെ ആ പെൺകുട്ടി ടോണിയെ തന്റെ മിഴിവാർന്ന നയനങ്ങൾകൊണ്ട് ഒന്നുനോക്കി. പക്ഷേ, അവൾ തന്നെ നോക്കുന്നത് ആ പാവം അറിഞ്ഞില്ല. അയാൾ അടുത്ത സ്വപ്‌നങ്ങൾ തേടി മെല്ലെ നീങ്ങിയകന്നു.


News Summary - Malayalam Story
RADO