Begin typing your search above and press return to search.
proflie-avatar
Login

ലിറ്റ്മസ് പേപ്പർ

ലിറ്റ്മസ് പേപ്പർ
cancel

ഒന്ന്‌ ‘‘എണീക്ക്... എണീക്ക്... എനിക്ക് പേടിയാകുന്നു.’’ മല്ലിക മെത്തയിൽ സുരേന്ദ്രനെ മുറുകെ കെട്ടിപ്പിടിച്ച്‌, കണ്ണ് അമർത്തിയടച്ചു.സുരേന്ദ്രൻ പാതിയുറക്കത്തിൽ മൂളിക്കൊണ്ടിരുന്നു. നേരംവെളുത്തോയെന്ന് കണ്ണുതുറന്ന് നോക്കാൻ അവൾക്ക് പേടിയായി. കോഴി കൂവിയതും പ്രഷർകുക്കറിന്റെ വിസിൽപോലെ ഭയം പാരമ്യത്തിൽനിന്ന് ചെറുതായി അയഞ്ഞു. പുലർച്ചെ അടുക്കളയിൽ അമ്മായിയമ്മ ജാനുവിന്റെ പാത്രങ്ങളുമായുള്ള പടവെട്ട് കേട്ടപ്പോൾ കണ്ണുതുറന്നു. നേരംവെളുത്തുവരുന്നതേയുള്ളൂ. ജാലകത്തിലേക്കും വീടിന്റെ മോന്തായത്തിലേക്കും നോക്കാൻ അപ്പോഴും ഭയം. ഒരുവിധേന കിടപ്പുമുറിയിൽനിന്നും ഒറ്റയോട്ടത്തിന് അടുക്കളയിലെത്തി. ‘‘നീ...

Your Subscription Supports Independent Journalism

View Plans

ഒന്ന്‌

‘‘എണീക്ക്... എണീക്ക്... എനിക്ക് പേടിയാകുന്നു.’’ മല്ലിക മെത്തയിൽ സുരേന്ദ്രനെ മുറുകെ കെട്ടിപ്പിടിച്ച്‌, കണ്ണ് അമർത്തിയടച്ചു.

സുരേന്ദ്രൻ പാതിയുറക്കത്തിൽ മൂളിക്കൊണ്ടിരുന്നു. നേരംവെളുത്തോയെന്ന് കണ്ണുതുറന്ന് നോക്കാൻ അവൾക്ക് പേടിയായി. കോഴി കൂവിയതും പ്രഷർകുക്കറിന്റെ വിസിൽപോലെ ഭയം പാരമ്യത്തിൽനിന്ന് ചെറുതായി അയഞ്ഞു.

പുലർച്ചെ അടുക്കളയിൽ അമ്മായിയമ്മ ജാനുവിന്റെ പാത്രങ്ങളുമായുള്ള പടവെട്ട് കേട്ടപ്പോൾ കണ്ണുതുറന്നു. നേരംവെളുത്തുവരുന്നതേയുള്ളൂ. ജാലകത്തിലേക്കും വീടിന്റെ മോന്തായത്തിലേക്കും നോക്കാൻ അപ്പോഴും ഭയം. ഒരുവിധേന കിടപ്പുമുറിയിൽനിന്നും ഒറ്റയോട്ടത്തിന് അടുക്കളയിലെത്തി.

‘‘നീ ചായയ്ക്ക് വെള്ളം വച്ചോ...’’ മല്ലികയെ കണ്ടതും ജാനു പാത്രങ്ങൾ തേച്ചുകഴുകിത്തുടങ്ങി. അവൾ പറയണോ വേണ്ടയോ എന്ന ആശങ്കയോടെ അമ്മിത്തറക്കു സമീപമുള്ള തൂണിൽ പിടിച്ചുനിന്നു.

‘‘എന്താ പെണ്ണേ... നിനക്ക് സൂക്കേട് വല്ലതുണ്ടോ... വയ്യെങ്കിൽ കുറച്ചൂടി കിടന്നൂടായിനോ...’’ ജാനു ഉമിക്കരി ഒപ്പിയ ചേരിക്കുച്ച് ചോറു വെക്കുന്ന അലൂമിനിയം പാത്രത്തിന്റെ മൂട്ടിൽ ഉരച്ചു.

‘‘അമ്മേ അത്...’’ മല്ലിക ചുണ്ടനക്കി.

‘‘നീ എന്താന്ന് പറ. വീണ്ടും കണ്ടോ?’’ ജാനു പാത്രം കഴുകുന്നത് നിർത്തി. മല്ലികയൊന്നു മൂളി.

‘‘നീ ഓനോട് പറഞ്ഞില്ലേ...’’

‘‘ഏട്ടൻ വിളിച്ചിട്ട് അറിഞ്ഞിട്ടില്ല.’’ മല്ലിക തല താഴ്ത്തി.

‘‘ഓനെങ്ങനെ അറിയാനാ... മൂക്കുമുട്ടനെ കള്ളുകുടിച്ചല്ലേ കെടക്കാ... കല്യാണം കഴിച്ചാ മാറൂന്ന് കരുതി... എന്നിട്ടോ നീ തന്നെ ഒഴിച്ചുകൊടുക്കുന്നു. തല നിലത്തുമുട്ടുംവരെ ഓൻ കുടിക്കുന്നു.’’ ജാനു ചേരിക്കുച്ചെടുത്ത് ദേഷ്യത്തോടെ കറിച്ചട്ടിയിൽ ഉരയ്ക്കാൻ തുടങ്ങി.

‘‘നിന്നോട് ഞാൻ പറഞ്ഞതല്ലേ... എന്റെയടുത്ത് കെടക്കാൻ... പറഞ്ഞാലും കേൾക്കില്ല.’’ ജാനു പിറുപിറുത്തു. കുറച്ചു സമയം അവിടെ ചുറ്റിപ്പറ്റി നിന്നശേഷം മല്ലിക ചായക്ക് വെള്ളം വെക്കാൻ പോയി.

ഉമ്മറത്ത് സുരേന്ദ്രൻ പല്ലുതേക്കുന്നതിന്റെയും വായ കഴുകുന്നതിന്റെയും ശബ്ദം കേട്ടുകൊണ്ട് മല്ലിക തിളക്കാൻ തുടങ്ങിയ വെള്ളത്തിലേക്ക്‌ തേയിലയും പഞ്ചസാരയും പാകത്തിനിട്ടു.

‘‘നീയിത് എന്തു ഭാവിച്ചാ... നിന്നെ വിശ്വസിച്ച്‌ ഇറങ്ങിപ്പോന്ന പെണ്ണാണെന്ന ഓർമ വേണം. അതിവിടെ വന്നിട്ട്‌ അഞ്ചെട്ട്‌ മാസായി. മര്യാദയ്‌ക്ക് ഓളൊറങ്ങീട്ട്‌ എത്ര നാളായീന്നാ... നീ വിളിച്ചാലും കേക്കൂല... വീട്ടിൽ കൊണ്ടുവന്നുള്ള നിന്റെ കുടി നിർത്തിക്കോ...’’ ഉമ്മറത്ത് അമ്മയുടെ പതിവ്‌ താക്കീതിന് ഇന്ന്‌ കുറച്ചുകൂടി മൂർച്ചയുണ്ടെന്ന്‌ മല്ലികക്ക്‌ തോന്നി.

ചായഗ്ലാസ് അവളുടെ കൈയിൽനിന്ന്‌ പറിച്ചെടുത്ത്‌ ചെറു ചിരിയോടെ അവളെ നോക്കി സുരേന്ദ്രൻ കണ്ണടിച്ചു. രണ്ടിറക്ക്‌ മൊത്തി ചായ കുടിച്ചെന്നു വരുത്തി പണിമുണ്ടും ഷർട്ടും നിറച്ച സഞ്ചി കക്ഷത്ത് ചെരുതി അവൻ വേഗത്തിൽ നടന്നിറങ്ങി.

‘‘ഓനോട്‌ പറഞ്ഞിറ്റ്‌ കാര്യോല്ല, നന്നാവൂല പെണ്ണേ. സഹിക്കാൻ പറ്റുന്നില്ലേൽ നീ പോയ്‌ക്കോ... എത്രയാണെന്ന്‌ കരീതീറ്റാ ഇങ്ങനെ...’’ അമ്മ തിണ്ണയിലിരുന്ന്‌ മുറുക്കാൻ തുടങ്ങി. മല്ലിക ഒന്നും മിണ്ടാതെ അകത്തേക്ക്‌ നടന്നു.

പണി കഴിഞ്ഞു വരുമ്പോൾ ഒരു കുപ്പി കള്ളുമായാണ്‌ സുരേന്ദ്രൻ വരുന്നത്‌. പിന്നെ ഞാൻ അടുത്തിരുന്ന്‌ ഒഴിച്ചുകൊടുക്കണം. അല്ലെങ്കിൽ വഴക്കാവും. ഇതിനാണോ എന്നെ കൂടെ പൊറുപ്പിക്കുന്നത്‌ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ ഉള്ള്‌ നിറയെ സ്‌നേഹാ. ആദ്യഗ്ലാസ്‌ മുതൽ അന്നന്നത്തെ കാര്യങ്ങളും ചിന്തകളും കാഴ്‌ചകളും എല്ലാം കുപ്പി തീരുന്നതിന്‌ മുമ്പ് ചോദിച്ചറിയും. നല്ലോനാ, എത്ര ഭർത്താക്കൻമാരിങ്ങനെ ഭാര്യയുടെ വർത്താനം കേട്ടിരിക്കും. അല്ലെങ്കിൽതന്നെ ഞാൻ എവിടേ പോകാനാണ്‌? മറ്റാരാണ്‌ എന്നെ പോലൊരു സ്‌ത്രീക്ക്‌ അഭയം തരിക. അതുമല്ല, സുരേന്ദ്രനെ ഇട്ടേച്ചുപോകാൻ തനിക്കു കഴിയുകയുമില്ല. അവൾ ഗ്യാസടുപ്പിലേക്ക്‌ പുട്ടുംകുറ്റി​െവച്ചു.

ഇവിടെ വന്നു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ രാത്രി ജാലകത്തിനപ്പുറവും ഇടക്ക്‌ ഓടിട്ട വീടിന്റെ മോന്തായത്തിലെ വിടവുകളിലും രണ്ടു കണ്ണുകൾ കാണാൻ തുടങ്ങി. രാത്രിയിൽ ജാലകം കരിമ്പടം​െവച്ചു മറച്ചിട്ടും കാര്യമൊന്നുമില്ല. ഇരുണ്ട ആൾരൂപത്തിലെ ആ കണ്ണുകൾ ഉലപോലെ പ്രകാശിക്കും. അതു കാണുമ്പോൾ നിലവിളിക്കാൻപോലും നാവനങ്ങില്ല. ഉള്ളും പുറവും തരിക്കും. സുരേന്ദ്രന്റെ അച്ഛനും നന്നായി കുടിക്കുമായിരുന്നു. മരണശേഷം വിശേഷപ്പെട്ട ദിവസങ്ങളിൽ അയാൾക്കായി അകത്ത്‌ മദ്യം ഒഴിച്ചുവെച്ചിരുന്നു. അത്‌ താൻ വന്നതിനുശേഷം നിന്നുപോയി. അതിനുള്ള ദേഷ്യമാണത്രേ അച്ഛന്. ആത്മാവ്‌ ജാലകത്തിലൂടെയും മോന്തായത്തിലൂടെയും കണ്ണിട്ട്‌ ഭയപ്പെടുത്തുകയാണെന്നാണ്‌ സുരേന്ദ്രന്റെ അച്ഛൻ പെങ്ങൾ കാർത്തിയുടെ വാദം. അവർ ഇടക്ക്‌ വരുമ്പോൾ ഇക്കാര്യം പറഞ്ഞുകൊണ്ടേയിരിക്കും. പക്ഷേ, എന്റെ മുഖത്തു നോക്കാൻ അവർക്ക്‌ ഭയമാണ്‌. അതുകൊണ്ടുതന്നെ മുഖത്തു നോക്കാതെയാണ്‌ സംസാരിക്കുക.

രണ്ട്‌

കള്ളുഷാപ്പിൽ​െവച്ചാണ്‌ മല്ലികയും സുരേന്ദ്രനും കണ്ടുമുട്ടിയത്‌. അന്ന്‌ തിരക്കു വളരെ കുറവായിരുന്നു. നല്ല ഉയരമുള്ള സുരേന്ദ്രന്റെ, കണ്ണുകളുടെ സവിശേഷമായ ഒരു തിളക്കം ആദ്യനോട്ടത്തിൽതന്നെ അവൾ ശ്രദ്ധിച്ചിരുന്നു. അപ്രതിരോധ്യമായ ഗുരുത്വാകർഷണബലംപോലെ അവന്റെ കാന്തികവലയത്തിലേക്ക്‌ താൻ വലിച്ചെടുക്കപ്പെടുകയാണെന്ന്‌ തോന്നി. അദൃശ്യമായ നൂൽകൊണ്ട് ബന്ധിപ്പിച്ചതുപോലെ അവരുടെ കണ്ണുകൾ ഏറെനേരം ഉടക്കിനിന്നു. പുറത്തേക്ക്‌ തുറന്നിട്ട ജാലകത്തോട് ചേർത്തിട്ട ടേബിളിന്‌ സമീപമിരിക്കുകയായിരുന്ന അവൻ അവളെ പിടിച്ചിരുത്തി. മണിക്കൂറുകളോളം സംസാരിച്ചു. ആ ശബ്ദം ആവാഹനമന്ത്രംപോലെ മല്ലികയെ വശീകരിച്ചുകൊണ്ടിരുന്നു. ഓരോ സിപ്പിനൊപ്പവും അപൂർവമായൊരു ചിരി അവന്റെ മുഖത്ത്‌ വിരിഞ്ഞു.

പിന്നീടുള്ള ദിവസങ്ങളിൽ അവൻ ഷാപ്പടക്കാറാകുമ്പോൾ വരാൻ തുടങ്ങി. അതേ ടേബിളിലിരുന്ന് അവളുടെ ജീവിതത്തെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും ഭയങ്ങളെക്കുറിച്ചും ചോദിച്ചുകൊണ്ടിരുന്നു. അടുത്തിരുന്ന് ഉത്തരം നൽകുമ്പോഴെല്ലാം, താൻ വളരെക്കാലമായി അന്വേഷിച്ചുകൊണ്ടിരുന്നത് അവനിൽ ഉണ്ടെന്ന് അവൾക്കു ബോധ്യപ്പെട്ടു. നിലത്ത്‌ കാലുറയ്‌ക്കാത്ത അവസ്ഥയിൽ തിരികെ പോകുമ്പോൾ അവൾ സുരേന്ദ്രനെ തോളിൽ താങ്ങി കരുതലോടെ പുറത്തേക്ക്‌ കൊണ്ടുപോയി ഓട്ടോയിൽകയറ്റിവിടും. ഈ ബന്ധം ശ്രദ്ധയിൽപെട്ട ഷാപ്പ്‌ മാനേജർ അവളെ ശകാരിക്കാൻ തുടങ്ങി.

‘‘ഒരാളെ മാത്രം സെർവ്‌ ചെയ്യുന്നതിനല്ല നിന്നെ ഇവിടെ നിർത്തിയത്‌. ഒരു സർവൈവർ അല്ലേന്ന്‌ കരുതീറ്റാ ജോലി തന്നത്‌’’, അയാൾ കയർത്തു.

തന്റെ മുഖം ആസിഡ് നക്കിയെടുത്ത്‌, ഇരുണ്ടു ചുക്കിച്ചുളിഞ്ഞ് കല്ലിച്ചു കിടക്കുകയാണല്ലോ എന്ന്‌ അപ്പോൾ മാത്രമാണ്‌ അവൾ ഓർത്തത്‌. ഒന്നും മിണ്ടാതെ ഒഴിഞ്ഞ കുപ്പികളും ഗ്ലാസുകളും മാറ്റി ടേബിളുകൾ വൃത്തിയാക്കി.

അന്നു രാത്രി അവൾക്ക് ഉറക്കംവന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. അവന് തന്നോടുള്ള മനോഭാവം എന്തായിരിക്കും. പക്ഷേ എന്തോ ഒന്ന് പരസ്പരം അടുപ്പിക്കുന്നുണ്ട്. ഇത്രദിവസമായി അവൻ ഒരു കാര്യം മാത്രം ചോദിച്ചിട്ടില്ല. എഴുന്നേറ്റ് കണ്ണാടിയിലേക്ക് നോക്കി. മേശ തുറന്ന് തന്റെ പഴയ ഫോട്ടോയിൽ നോക്കിയപ്പോഴേക്കും കണ്ണു രണ്ടും അണപൊട്ടിയൊഴുകി. ജീവിതം പിന്നിലേക്ക്‌ ഓടി.

 

മൂന്ന്‌

ഞായറാഴ്ചകളിൽ അപ്പൻ വരുമ്പോൾ മാത്രമാണ്‌ വീട്ടിൽ മീൻ വാങ്ങിയിരുന്നത്‌. താൻ മീൻ പൊരിക്കുന്നതിന്റെ ഗന്ധം വീട്‌ നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു. പൊടുന്നനെ മുഖത്തേക്ക്‌ വെള്ളം വന്നുവീണു. എന്താണ്‌ സംഭവിച്ചതെന്നറിയാതെ മുഖംപൊത്തി. തുള്ളികൾ ആഴ്ന്നിറങ്ങാൻ തുടങ്ങിയപ്പോൾ ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത അത്രയും വേദനയായി. ശ്വാസം എടുക്കാൻപോലും പറ്റുന്നില്ലായിരുന്നു. തൊലി ഉരിഞ്ഞെടുത്ത് ഉള്ളിൽ മുളകുപൊടി വിതറിയതുപോലെ.

‘‘എന്തായിത്‌... എന്തിനായിത്‌’’ എന്നു കരഞ്ഞുകൊണ്ട്‌ ഓടിവന്ന അമ്മ തണുത്ത പാലെടുത്ത്‌ പൊള്ളലേറ്റ ഭാഗത്തൊഴിച്ചതാണ്‌ അവസാനത്തെ ഓർമ. മുഖത്തും കഴുത്തിലും നാൽപ്പതു ശതമാനത്തോളം പൊള്ളലേറ്റ്‌ ഐ.സി.യുവിൽ രണ്ടാഴ്‌ച. എന്തിനായിരിക്കും അങ്ങനെ ചെയ്‌തതെന്ന ചിന്തയാണ്‌ ആസിഡിനേക്കാൾ പൊള്ളിച്ചത്.

മുറിവുകളിൽ ​െവച്ചുകെട്ടുകയല്ലാതെ മറ്റ് ചികിത്സയൊന്നും ലഭിക്കാതെ വന്നതോടെ ആശുപത്രിയിൽനിന്ന് തിരികെ വീട്ടിലെത്തി, ആദ്യമായി കണ്ണാടി കണ്ടപ്പോഴാണ്‌ താനിത്രയും വിരൂപിയായെന്ന്‌ അവൾക്ക്‌ മനസ്സിലായത്‌. കത്തിക്കരിഞ്ഞ കൺപോളകളും ചുണ്ടുകളും. ഉരുകി ചുരുങ്ങിയ മൂക്കും ചെവികളും. അസ്ഥിയോട്‌ അലിഞ്ഞു ചേർന്ന കവിളും താടിയും. ഒരു ഭീകരജീവിയെ പോലെ. ആർക്കും തന്നെ തിരിച്ചറിയാൻകൂടി കഴിയില്ലല്ലോ എന്ന വേദനയിൽ കുറേ നാൾ കരഞ്ഞിരുന്നു. കണ്ണാടി നോക്കാതായി. എല്ലാത്തിനോടും വെറുപ്പായി. മുറിവിട്ട് പുറത്തുപോകാൻ അറച്ച്‌ രണ്ടു വർഷം ആകാശംപോലും കാണാതെ കഴിഞ്ഞു. തന്നെത്തന്നെ പതുക്കെ പതുക്കെ നഷ്ടപ്പെടുന്നതുപോലെ തോന്നി.

ആളുകൾ എന്ത് വിചാരിക്കും?

എങ്ങനെ പ്രതികരിക്കും? ഒരു നിശ്ചയവുമില്ലാതെ ചുറ്റിലും ഇരുട്ടു നിറച്ചു.

‘‘ഞാൻ അതിജീവിക്കുമോ?’’

ഇടക്കിടെ സ്വയം ചോദിച്ചു. ഉറക്കമില്ലാത്ത ദിനരാത്രങ്ങൾ സ്വന്തം കണ്ണീരിൽ മുങ്ങിക്കിടന്നു. ആളുകളെ വിശ്വസിക്കാനുള്ള കഴിവ് തനിക്ക് നഷ്ടപ്പെട്ടതായി അവൾക്കു തോന്നി. പലകുറി ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചു. ഫാനിൽ സാരികെട്ടി തൂങ്ങാൻ ശ്രമിക്കുന്നതു കണ്ട അവളെ അമ്മ മാറോടു ചേർത്തു. എന്തിനാ മോളേ... നിയന്ത്രണമറ്റ വാഹനംപോലെ അവളുടെ ഉള്ള്‌ എവിടെയൊ​െക്കയോ തട്ടിമറിഞ്ഞു. അമ്മയുടെ മാറിന്റെ ചൂടിൽ അവൾ വിലാപങ്ങളുടെ കെട്ടഴിച്ചു.

‘‘തന്റേതല്ലാത്ത തെറ്റിന് സ്വയം ശിക്ഷിക്കുന്നത് നിർത്തി തനിക്കുവേണ്ടി ജീവിക്കാൻ ശ്രമിക്ക്‌...’’ അമ്മ ഈറൻ കണ്ണുകൾ തുടച്ച്‌ അവളിൽനിന്നും അടർന്നുമാറി.

അന്നും നഗരത്തിലെ വീടുകളിൽ പണിക്കു പോയിരുന്ന അവർ പിന്നീട്‌ തിരിച്ചുവന്നില്ല. അറിയുന്നവരോടൊക്കെ അന്വേഷിച്ചിട്ടും അമ്മയെ കുറിച്ച്‌ ഒരു വിവരവും ലഭിച്ചില്ല. ഗൗണും മുറിവുകൾ മറയ്ക്കാനായി നേർത്ത ഷാളുമായി അമ്മയെ തേടിയിറങ്ങിയെങ്കിലും നിരാശയോടെ വീട്ടിൽ തിരിച്ചെത്തി. കാത്തിരിപ്പിന്റെ ചൂടേറ്റ്‌ മുറിവുകൾ കട്ടിയുള്ള വടുക്കളായി മാറിയപ്പോഴാണ്‌ ജോലി അന്വേഷിച്ചതും കള്ളുഷാപ്പിലെത്തിയതും. ഓർമകളിൽ പൊള്ളി അവൾ ഫോട്ടോ മേശവലിപ്പിൽതന്നെ ​െവച്ച് ഉറങ്ങാൻ കിടന്നു.

നാല്‌

അടുത്ത ദിവസം സുരേന്ദ്രൻ വന്നപ്പോൾ ഷാപ്പ്‌ മാനേജർ മല്ലികക്ക് രൂക്ഷമായ നോട്ടത്തിലൂടെ താക്കീത് നൽകി. അവൾ എന്തുചെയ്യണമെന്ന വേവലാതിയോടെ കല്ലിച്ച് നിന്നു. നാഡിമിടിപ്പ് കൂടുന്നുണ്ടായിരുന്നു. അവന്റെ നോട്ടങ്ങൾ തന്നിലേക്ക് നീണ്ടു വന്നപ്പോൾ നിയന്ത്രണം കടലാസുപോലെ നേർത്തതായി. താമസിയാതെ അത് കീറിമുറിച്ചു അവൾ പതിവുപോലെ അവനുള്ള കള്ളും പോർക്കുമായി ടേബിളിനടുത്തേക്ക് നടന്നു.

‘‘ഓട്ടോയിൽ കയറ്റിവിടുമ്പോൾ കൂടെ വരുന്നോ?’’ ആദ്യ ഗ്ലാസ്‌ കുടിക്കും മുമ്പു തന്നെ അവൻ ചോദിച്ചു.

ആ ശബ്ദത്തിൽ താൻ മുങ്ങിപ്പോകുന്നുണ്ടോ. സംശയമായി.

‘‘എന്നെ വിട്ടുപോകൂ. എന്തു കണ്ടിട്ടാണ്. മുഖംപോലും നഷ്ടപ്പെട്ടവൾ.’’ അവൾ കനത്തു. അവനത് കാര്യമാക്കാതെ ഒരു സിപ്പെടുത്തു. അടുത്ത ഗ്ലാസ്‌ ഒഴിക്കാൻ തുടങ്ങിയപ്പോൾ അവൻ തടഞ്ഞു.

‘‘ഇത് ഒഴിക്കും മുമ്പ് നീ എന്റെ ചോദ്യത്തിനു ഉത്തരം പറയണം.’’ അവളുടെ കൈയിൽ പിടിച്ചു. ഷാപ്പ്‌ മുതലാളി ശ്രദ്ധിക്കുന്നുണ്ടോയെന്ന് ഭയന്ന് അവൾ കൈ തട്ടിമാറ്റി.

‘‘ഇനിയൊരു ഗ്ലാസ്‌ കൂടി കഴിച്ചാൽ എനിക്ക് സ്വബോധം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.’’ നിരാശയോടെ ഗ്ലാസ് വായിലേക്ക് കമഴ്ത്തി, ചുണ്ടുകൾ തുടച്ച് കൂമ്പിയ കണ്ണുകളുമായി ടേബിളിലേക്ക് തലചായ്ച്ചു.

ഷാപ്പ്‌ ക്ലോസ് ചെയ്യാൻ സമയമായെന്ന് ധ്വനിപ്പിച്ച് മാനേജർ ടേബിളിന് പുറത്തെ ബെല്ലിൽ വിരലമർത്തിയപ്പോൾ അവൾ, അവനെ താങ്ങി ഷാപ്പിനു പുറത്തെത്തിച്ച്‌ ഇലക്ട്രിക് പോസ്റ്റിനോട് ചാരിനിർത്തി. പതിവായി കൊണ്ടുവിടുന്ന ഓട്ടോ അപ്പോഴേക്കും എത്തിയിരുന്നു. അവനെ ഓട്ടോയിലേക്ക് കയറ്റി. ഒരുനിമിഷം ആലോചിച്ചശേഷം അവളും ഓട്ടോയിൽ കയറി. തന്റെ ജീവിതത്തിലെ ഏറ്റവും ശക്തമായ തീരുമാനമാണതെന്ന് അന്ന്‌ അവൾക്കു തോന്നി. ശരിയോ തെറ്റോ എന്ന ചോദ്യം എപ്പോഴും അവളെ ഉലച്ചു.

അഞ്ച്‌

ഉച്ചക്ക്‌ ആറിയ തുണികൾ അയലിൽനിന്ന്‌ പെറുക്കിവെക്കുമ്പോൾ എന്തോ ഒന്ന്‌ മല്ലികയുടെ മുന്നിൽ വന്നുവീണു. വെളിച്ചിലാണെന്ന്‌ കരുതി തെങ്ങിൻതലപ്പിൽനോക്കി. മുറ്റക്കൊള്ളിന്മേലുള്ള തെങ്ങിൽനിന്ന്‌ വെളിച്ചില്‌ ഇത്രേം ദൂരെ വന്നുവീഴുമോ? മാങ്ങയെറിഞ്ഞിടാൻ പാകത്തിലുള്ള ഒരു കല്ല്‌. അൽപം മാറിനിന്നതും വീണ്ടുമൊരേറ്‌ വന്ന്‌ മുറ്റത്ത്‌ വീണു. അങ്കലാപ്പോടെ കാലുകൾ പറിച്ചെടുത്ത്‌ ഉമ്മറത്തേക്ക്‌ ഓടിക്കയറി. ആരെയും കാണുന്നില്ല. കല്ലു മാത്രം. ഇനീപ്പം കാക്കയോ മറ്റോ കൊത്തിക്കൊണ്ടിടുന്നതാണോ. ഇത്രേം വലിയ കല്ല്‌ കാക്കക്ക്‌ പോയിട്ട്‌ പരുന്തിനു പോലും പൊങ്ങില്ല.

‘‘അലിയാരെ പറമ്പില്‌ പന്ത്‌ തട്ടുന്ന പിള്ളേര്‌ മാങ്ങയ്‌ക്കെങ്ങാൻ എറിഞ്ഞ്‌ ഉന്നം തെറ്റി വന്നതാകും പെണ്ണെ...’’

തൊഴിലുറപ്പ്‌ കഴിഞ്ഞെത്തിയ ജാനു സംഭവം പറഞ്ഞയുടനെ മല്ലികക്ക്‌ മറുപടി കൊടുത്തു.

അതു നേരാണല്ലോ... ഞാനതോർത്തില്ലല്ലോ എന്നാലോചിച്ച്‌ ചമ്മലോടെ മല്ലിക പശുക്കൾക്കുള്ള പുല്ല്‌ എടുത്തു കൊടുത്തിട്ടു.

നേരമിരുട്ടിയതാണോ മഴക്കാറാണോ എന്നു നിശ്ചയമില്ലാതെ വെളിച്ചം എങ്ങോ മാറിനിന്നു.

കൂറ്റാകൂറ്റിരുട്ടായി. തവളകളുടെയും ചീവീടുകളുടെയും കരച്ചിൽ കേട്ടപ്പോൾ മല്ലികക്ക് ചെറുതായെങ്കിലും പേടി തോന്നാൻ തുടങ്ങി.

കറന്റു പോയി. കുളിക്കാൻ മറപ്പുരയിൽ കയറിയ അമ്മ ഇതുവരെ തിരിച്ചുവന്നിട്ടില്ല. വേനൽമഴ തിമിർത്തു പെയ്യുകയാണ്. പെരുംമഴയായാലും മരംകോച്ചുന്ന തണുപ്പായാലും അവർ കുളി മുടക്കില്ല. ഒന്നൊന്നര മണിക്കൂറെടുത്തുള്ള വിസ്തരിച്ചുള്ള കുളിയാണ്. ഇതിനുമാത്രം അഴുക്കെന്താണാവോ ആ ദേഹത്തുള്ളത്. ഒരിക്കൽ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പുഴക്കരയുള്ള വീട്ടിൽ താമസിച്ച കാര്യമാണ് പറഞ്ഞത്. പുഴയിൽ മുങ്ങിക്കുളിച്ച് ശീലമായതിനാൽ കിണറ്റിലെ വെള്ളത്തിൽ എത്ര കുളിച്ചാലും മതിയാകില്ലത്രേ. മല്ലിക മറപ്പുരയിലേക്ക് നോക്കി. ഇരുട്ടിൽ വെള്ളം വീഴുന്ന ശബ്ദം മാത്രം കേൾക്കാം.

മുരുകന്റെ ഫോട്ടോയും വിളക്കും​െവച്ച ചുവരിലെ സ്റ്റാൻഡിൽനിന്നു തീപ്പെട്ടി തപ്പിയെടുത്ത് മേശപ്പുറത്തിരുന്ന മണ്ണെണ്ണവിളക്കൊരെണ്ണം കത്തിച്ച് തിരിയുയർത്തി. വീടിന്റെ അകത്ത് വെട്ടം തെളിഞ്ഞപ്പോൾ മനസ്സുമൊന്ന് തെളിഞ്ഞു. കട്ടിലിൽ ചെന്ന് കിടന്നു. പുറത്ത് വീണ്ടും മഴ കനത്തു. ആർത്തലക്കുന്ന കാറ്റിൽ ജനലുകൾ കിടുങ്ങി. പുറത്ത് എന്തോ വന്നുവീഴുന്ന ശബ്ദം. അവൾ ടോർച്ചടിച്ച് വീടിനു ചുറ്റുമൊന്നു നിരീക്ഷിച്ചു. ചുറ്റും വളർന്നുനിൽക്കുന്ന മരങ്ങൾ വെളിച്ചത്തിന്‌ മറതീർക്കുന്നു. പിന്നീട് കുറച്ചു നേരത്തേക്ക് ശബ്ദമൊന്നുമുണ്ടായില്ല. വീണ്ടും ഒന്നിടവിട്ടും ഒരുമിച്ചുമായി തുടരെ തുടരെ കല്ലുകൾ മുറ്റത്തു പതിക്കുന്നു.

അവളുടെ മുട്ടുകൾ കൂട്ടിയിടിക്കാൻ തുടങ്ങി. ജാനു അടുത്തെത്തിയതും അമ്മേയെന്ന് വിളിച്ചവൾ ചേർന്നുനിന്നു.

‘‘നിനക്കെന്ത് പറ്റി മോളേ... ഇടിയത്ത് പേടിച്ചുപോയോ...’’ അവർ അവളെ ചേർത്തുപിടിച്ചു.

‘‘ഒന്നുമില്ലമ്മേ...’’ മല്ലിക അവരിൽനിന്ന് അടർന്നുമാറി. ജാനു തലതുവർത്തിയ തുണി അഴിച്ചെടുത്ത് പിഴിഞ്ഞ് അകത്തേക്ക് പോയി.

മഴയത്ത് നനഞ്ഞ കോഴിയെ പോലെ കയറിവന്ന സുരേന്ദ്രൻ തണുപ്പടിച്ച് കട്ടിലിൽ കയറി കിടന്നു. ഈ ഉറങ്ങുന്ന മനുഷ്യനോട് എങ്ങനെയാണ് ഇക്കാര്യം പറയുക എന്നോർത്ത് ആ രാത്രി ഉറങ്ങിയില്ല. ഭയന്നു വിറച്ചിരുന്നതിനൊടുവിൽ എപ്പോഴോ ഒന്നു മയങ്ങി. രാവിലെ കാര്യം പറഞ്ഞപ്പോൾ അത്‌ നിനക്ക്‌ തോന്നിയതായിരിക്കും എന്നു പറഞ്ഞ്‌ സുരേന്ദ്രൻ പതിവുപോലെ പണിക്കു പോയി.

അടുക്കളപ്പണിയെല്ലാം കഴിഞ്ഞ് അവൾ അടുക്കളഭാഗത്തുള്ള പറമ്പിൽ കുത്തിക്കെട്ടിയ മറപ്പുരയിൽ കുളിക്കാൻ കയറി. സന്തൂർ സോപ്പിട്ട്‌ മുഖംപതപ്പിച്ച്‌ മൂളിപ്പാട്ട്‌ പാടി തുടങ്ങിയതും ഒരു കല്ല്‌ ആകാശത്തുനിന്നെന്നോണം മേപ്പുരയില്ലാത്ത മറപ്പുരക്കുള്ളിൽ വന്നു വീണു. കല്ല്‌ അലൂമിനിയം ബക്കറ്റിന്റെ ഓരത്തുകൊണ്ട്‌ മല്ലികയുടെ കാലിനടുത്ത്‌ തെറിച്ചുവീണു.

 

‘‘അമ്മേ...’’ അവൾ വലിയ വായിൽ ഒച്ച​െവച്ച്‌ മാറിലേക്ക്‌ തോർത്ത് വലിച്ചിട്ട് മൂടി അടുക്കളയിൽ ഓടിക്കയറി.

‘‘എന്താ പെണ്ണെ... നീ എന്തിനാ ഇങ്ങനെ ഒച്ചവയ്‌ക്കുന്നേ...’’ ജാനു ഓടിയെത്തി.

‘‘അമ്മേ വീണ്ടും... വീണ്ടും...’’ മല്ലികക്ക്‌ വാക്കുകൾ കിട്ടിയില്ല.

‘‘കല്ല്‌...’’ അവൾ പറഞ്ഞൊപ്പിച്ചതും ജാനു മറപ്പുരക്കടുത്തേക്ക്‌ ഓടിച്ചെന്ന്‌ ചുറ്റിലും പരിശോധിച്ചു. ആരെയും കാണുന്നില്ല. മറപ്പുരയിൽ ബക്കറ്റിനടുത്ത്‌ കിടന്ന കല്ലെടുത്ത്‌ അവർ പരിശോധിച്ചു. എന്തുചെയ്യണമെന്നറിയാതെ ഒരു നിമിഷം ജാനു കല്ലിച്ചുനിന്നു. അടുക്കളജാലകത്തിലൂടെ ഭയംനിറഞ്ഞ മല്ലികയുടെ കണ്ണുകൾ നിന്ന്‌ ഏങ്ങുന്നത്‌ അവർക്ക്‌ കാണാം.

‘‘ഞാൻ ഇവിടെ നിൽക്കാം. നീ വന്ന്‌ കുളിച്ചോ...’’ ജാനു വിളിച്ചതും മല്ലിക മടിച്ചുമടിച്ച്‌ വീണ്ടും കുളിക്കാൻ കയറി.

കൈയിൽ ഒരു ഈർക്കിളെടുത്ത്‌ ജാനു മറപ്പുരക്ക്‌ മുന്നിലിരുന്ന്‌ തന്റെ പറമ്പിന്റെ അതിരിൽ മുളച്ചുപൊന്തിയ ഒരാളെങ്കിലും പൊക്കമുള്ള കുറ്റിക്കാട്ടിലേക്ക്‌ കണ്ണോടിച്ചുകൊണ്ടിരുന്നു.

അതുവഴി ആരും പോകാറില്ല. സമീപത്തൊന്നും വേറെ വീടുമില്ല. പിന്നെ ഇതെവിടുന്നാ കല്ല്‌ വരുന്നേ... ജാനു ആലോചനയിലായി. കുളികഴിഞ്ഞ് ഈറൻ മാറി മല്ലിക വരുന്നതുവരെ ചിന്തിച്ചിട്ടും കല്ലു വന്ന വഴി കണ്ടുപിടിക്കാൻ കഴിയാതെ അവർ നിരാശയായി.

ജാനു വിളിച്ചുപറഞ്ഞപ്പോൾതന്നെ പൊറപ്പെട്ടതിനാൽ രാവിലെ എട്ടര ആകുമ്പോഴേക്കും അച്ഛൻ പെങ്ങള്‌ കാർത്തി അവിടെയെത്തി. ചുറ്റിലും പരിശോധന തുടങ്ങി.

‘‘അതുവല്ല ചാത്തനേറെങ്ങാനുമായിരിക്കും.’’ കാർത്തി പരിശോധന അവസാനിപ്പിച്ചു.

‘‘അതൊന്നുമല്ല... നീയാ പെണ്ണിനെ പേടിപ്പിക്കേണ്ട.’’ ജാനു നാത്തൂനെ ഒന്നിരുത്തി നോക്കി. കാർത്തി ഒരുനിമിഷം ആലോചിച്ചശേഷം തന്റെ ആങ്ങള ഗോപാലനെ അടക്കിയതിനോട് ചേർന്നുള്ള പ്ലാവിന്റെ ചുവട്ടിൽ പോയിനിന്നു.

‘‘ഇതൊക്കെ കുട്ട്യാട്ടൻ ചെയ്യിക്കുന്നതാ... ഇവിടെ കൊണ്ടുവന്നല്ലേ കുടിക്കുന്നത്‌. ഒരറക്ക്‌ ഓന്‌ വെച്ചുകൊടുത്തിട്ടുണ്ടേ ഈ വെന ഉണ്ടാകില്ലായിനു.’’ ബാധ കയറിയതുപോലെ കാർത്തി തറപ്പിച്ചു പറഞ്ഞു.

ജാനുവിന്‌ മറുത്തൊന്നും പറയാൻ പറ്റിയില്ല. തുലാത്തിലേം കർക്കിടത്തിലേം കുംഭത്തിലേം വാവിന്‌ മൂപ്പർക്ക്‌ ഇഷ്‌ടമുള്ളത്‌ ഉണ്ടാക്കി​െവച്ചുകൊടുത്തിരുന്നതാ. ഇപ്പോ കുറച്ചായി അതൊക്കെ നിന്നിട്ട്‌... ബ്രാണ്ടീന്ന്‌ പറഞ്ഞാ മൂപ്പർക്ക്‌ ജീവനാണ്‌. അത്‌ കൊടുക്കാഞ്ഞിട്ടാകും... ജാനു കാർത്തി പറഞ്ഞതിനെ മനസ്സിൽ ശരി​െവച്ചു.

ഫാക്‌ടറിയിൽ തീപിടിത്തത്തിലാണ്‌ മരിച്ചത്‌. കരിക്കട്ടയാണ്‌ മൃതദേഹംന്ന്‌ പറഞ്ഞ്‌ കിട്ടിയത്‌. തിരിച്ചറിയാൻപോലും പറ്റാത്തവിധത്തിലായ അത് ഗോപാലേട്ടനാണെന്ന്‌ വിശ്വസിക്കുകയായിരുന്നു. പക്ഷേ അന്ന്‌ അവിടെ മരിച്ചെന്ന്‌ കരുതി അടക്കിയ രണ്ടാൾ തിരിച്ചുവന്നതായി അറിഞ്ഞതോടെയാണ്‌ അകത്തു ​െവച്ചുകൊടുക്കൽ നിർത്തിയത്‌. മരിച്ചുവെന്നതിന്‌ ഒരുറപ്പുമില്ലാത്ത ഒരാൾക്ക്‌ എങ്ങനെയാണ്‌ മരണാനന്തര ചടങ്ങുകൾ ചെയ്യുക. നാട്ടിലെവിടെയൊ​െക്കയോ സംബന്ധം ഉണ്ടെന്ന്‌ കേട്ടിട്ടുണ്ട്‌. ചിലപ്പോൾ... ജാനുവിന്‌ എത്തുംപിടിയിൽ കിട്ടിയില്ല.

‘‘ഓന തിരുനെല്ലി കൊണ്ടുപോകാന്ന്‌ പറഞ്ഞിട്ട്‌ ഇതുവരെ കൊണ്ടുപോയിട്ടില്ല. പിന്നെങ്ങനെയാ. ഗതികിട്ടാതെ ഓന്റെ ആത്മാവ്‌ ഇവിടൊക്കെ അലയുകയാവും...’’ കാർത്തി സങ്കടത്തോടെ മൂക്ക്‌ പിഴിഞ്ഞു.

ജാനു പെറുക്കി​െവച്ച മല്ലികയുടെ നേരെ വന്ന കല്ലുകൾ കാർത്തി എടുത്തു പരിശോധിച്ചു.

‘‘ഇത്‌ കുട്ട്യാട്ടൻ എറിഞ്ഞ കല്ലുതന്നെ. ഇത്ര വലിപ്പമുള്ള കല്ലുകൊണ്ടായിരുന്നു കുട്ട്യാട്ടൻ എനിക്ക്‌ വടക്കേപുറത്തുണ്ടായിരുന്ന നാട്ടുമാവിൽ എറിഞ്ഞ്‌ മാങ്ങ പറിച്ചുതന്നിരുന്നത്‌. ഇത്‌ കുട്ട്യാട്ടൻ തന്നെ.’’ കാർത്തി ഉറപ്പിച്ചപ്പോൾ ജാനുവും മല്ലികയും അന്ധാളിപ്പിലായി.

‘‘ഇപ്പറമ്പ്‌ നിറയെ മാവല്ലായിരുന്നോ. ഇല്ലാത്ത തരമുണ്ടായിരുന്നോ. കോമാവും കുറുക്കനും മൂവാണ്ടനും നാട്ടുമാവും പഞ്ചാരമാവും... എല്ലാം മുറിച്ചു തുലച്ചുകളഞ്ഞതല്ലേ നാത്തൂനേ...’’ കാർത്തി ഒരു കല്ലെടുത്ത്‌ നാട്ടുമാവു നിന്നിടത്തേക്ക്‌ എറിഞ്ഞു.

ബാക്കി രണ്ടു കല്ലുകൾ കൈയിൽ പിടിച്ചവർ പറമ്പിലൂടെ ഉലാത്തി. പ്രത്യേകിച്ചൊന്നും പറയാതെ കാർത്തി സ്വന്തം വീട്ടിലേക്ക്‌ മടങ്ങിയപ്പോൾ നിരാശയറ്റ്‌ ജാനു ഉമ്മറപ്പടിയിലിരുന്നു.

പണിക്കു പോയ സുരേന്ദ്രൻ ഉച്ചക്ക്‌ എത്തി ഒന്നും മിണ്ടാതെ അകത്തെ കട്ടിലിൽ പോയി കിടന്നു.

വൈകിട്ട്‌ മുറ്റമടിക്കുകയായിരുന്ന മല്ലികയുടെ മുന്നിൽ വീണ്ടും കല്ലു വന്നുവീണു. പേടിച്ചുപോയെങ്കിലും അവൾ ധൈര്യം സംഭരിച്ച് ചുറ്റിലും നോക്കി ഒച്ചയിട്ടു.

‘‘ആരെടാ അത്...’’ മല്ലികയുടെ കനപ്പടിയുള്ള ശബ്ദംകേട്ട്‌ ഞെട്ടിയുണർന്ന സുരേന്ദ്രൻ മുറ്റത്തേക്ക്‌ ഓടിയിറങ്ങി. പൊന്തക്കാടുകൾക്കിടയിൽ എന്തോ ആളനക്കം തോന്നിയതും അവൻ ശരവേഗത്തിൽ അവിടേക്ക്‌ കുതിച്ചു. മല്ലികയുടെ കണ്ണുകൾ കാട്ടിനുള്ളിൽ സുരേന്ദ്രനെ തേടി. തൊഴിലുറപ്പ്‌ കഴിഞ്ഞെത്തി ജാനു കുളി കഴിഞ്ഞിട്ടും സുരേന്ദ്രൻ തിരിച്ചെത്തിയില്ല. പൊന്തക്കുള്ളിലെന്താണ്‌ സംഭവിക്കുന്നതെന്നറിയാതെ മല്ലിക മുറ്റക്കൊള്ളിൽ ഇരുന്നു.

‘‘അമ്മേ ഏട്ടൻ വരുന്നില്ല.’’ മല്ലികക്ക്‌ ആധി കയറി.

‘‘നീ പേടിക്കണ്ട. ഓനിങ്ങ്‌ വരും. ആ പൊന്തയിലൂടെ ഒരു കാട്ടിടവഴിയുണ്ട്‌. അതിലൂടെ നടന്നാൽ റോഡിലെത്തും. അവനതുവഴി കുപ്പി വാങ്ങാൻ പോയിട്ടുണ്ടാകും.’’ ചക്കപ്പുഴുക്ക്‌ ചമ്മന്തിയും കൂട്ടി കഴിച്ച് ജാനു സമാധാനിപ്പിച്ചു. നേരം പത്തായിട്ടും സുരേന്ദ്രൻ വന്നില്ല. ജാനുവിനും പേടിയായി. അവർ ടോർച്ചുമെടുത്ത്‌ ഇരുട്ടിലേക്ക്‌ ഇറങ്ങി.

 

‘‘അമ്മേ എവിടേക്കാ...’’

ജാനു ഒന്നും മിണ്ടിയില്ല. അവർ പൊന്തയിലേക്ക്‌ ടോർച്ചു നീട്ടിയടിച്ച്‌ വഴിതെളിച്ചു. എന്തുചെയ്യണമെന്ന ശങ്കയിൽ മല്ലികയും അവർക്ക്‌ പിന്നാലെ ഓടി. പൊന്തയിലേക്ക്‌ കയറുംതോറും അവളിൽ പുളിപ്പുരസം കിനിഞ്ഞു. കാലുകൾ നിലത്തുറയ്‌ക്കാത്തതുപോലെ. അവൾ തന്റെ മുഖത്തെ പൊള്ളലുകളിലൂടെ വിരലോടിച്ചു. ചീവീടുകളുടെ കരച്ചിലും നെടൂളന്റെ കൂവലും. ജാനു ടോർച്ചു നീട്ടിയടിച്ചപ്പോൾ പച്ചിലക്കാടുകൾക്കിടയിൽ ഒരാൾ കമഴ്‌ന്നു കിടക്കുന്നു.

‘‘എന്റെ പൊന്നുമോനേ.’’ ജാനു അലമുറയിട്ട്‌ അതിനടുത്തേക്ക്‌ ഓടിയടുത്തു. മുഖം മുഴുവൻ പൊള്ളിയ നിലയുള്ള സുരേന്ദ്രനെ കണ്ടതും മല്ലിക പൊന്തക്കാടുകൾക്കിടയിലൂടെ റോഡിലേക്കുള്ള വഴി അന്വേഷിച്ചു.

പൊള്ളലേൽക്കുന്നതിന്‌ മുമ്പുള്ള തന്റെ മുഖത്ത്‌ കട്ടിമീശ മുളച്ചൊരാളിനെ അവൾ സങ്കൽപിച്ചു. ‘‘അപ്പന്റെ രഹസ്യത്തിന്‌ അപ്പന്റെ മുഖം വന്നാൽ ജീവനെടുക്കണമെന്നാ... പക്ഷേ ഞാനീ മുഖം മാത്രമിങ്ങ്‌ എടുക്കുകയാ...’’ കാതിൽ പുനർജനിച്ച ശബ്ദത്തിനൊപ്പം ‘‘എന്തിനായിരുന്നു അപ്പാ’’ എന്നൊരു വിളി അകത്തുനിന്നും തികട്ടിയെങ്കിലും പുളിപ്പുരസത്തിൽ അവളതു വിഴുങ്ങി.

News Summary - Malayalam story