ഫ്യൂണറൽ
‘‘നീയെന്തിനാ ഇങ്ങനെ കിടന്ന് മോങ്ങണത്? ഒരു ഒണക്കമടലെടുത്ത് അവന്റെ പുറം പൊളിച്ചൂടാർന്നോ’’ കുഞ്ഞിപ്പാറൂന്റെ ഉറച്ച ശബ്ദത്തിൽ ഓലമേഞ്ഞ പെര കുലുങ്ങുന്നുണ്ടായിരുന്നു. രണ്ടു പൈക്കിടാങ്ങളെയും പൊത്തിപ്പിടിച്ച് മാലതി തേഞ്ഞുതീർന്ന പായയുടെ ഒരരികിൽ ഇരിപ്പുണ്ട്. കണ്ണീർ മൊത്തം വറ്റിവരണ്ടിരുന്നു. ചീർത്തമുഖത്ത് വെള്ളാരംകല്ലുപോലെ രണ്ടു കണ്ണുകൾ മാത്രം. പിള്ളേരുടെ മുഖത്ത് കരഞ്ഞുതളർന്ന് ഉറങ്ങാതിരുന്നതിന്റെ ക്ഷീണവും.
‘‘പിള്ളേരെ എണീറ്റേ, ഉസ്കൂളിൽ പോകാൻ നോക്ക്. നിങ്ങളു വലുതായിട്ട് വേണം അമ്മയെ നോക്കാൻ’’ -പിള്ളേരെ വിളിച്ച് കുഞ്ഞിപ്പാറു പുറത്തേക്ക് നടന്നു. മാലതി രണ്ടു കിടാങ്ങളോടും കുഞ്ഞിപ്പാറുവിനൊപ്പം ചെല്ലാൻ ആംഗ്യം കാണിച്ചു.
അടുക്കളവാതിലിന് പുറത്ത് കെട്ടിയിട്ട ഉണങ്ങിയ ചുരക്കയുടെ തോടിൽനിന്ന് ഉമിക്കരിയെടുത്ത് പിള്ളേർക്ക് കൊടുത്ത് കുഞ്ഞിപ്പാറു ചൂലെടുത്ത് മുറ്റമടി തുടങ്ങി. ‘‘ഏച്ചി... അതൊന്നും ചെയ്യണ്ട, ഞാൻ എണീറ്റ് ചെയ്തോളാം’’ മാലതി ഇടറിയ ശബ്ദത്തിൽ അകത്തുനിന്ന് വിളിച്ചുപറഞ്ഞു.
‘‘അല്ലെങ്കിൽതന്നെ വയ്യാത്ത നീയ്. ഇന്നലെ ആവശ്യത്തിന് തല്ലും കിട്ടീലെ. ആ കാലമാടൻ എങ്ങോട്ടാ ന്നിട്ട് പോയത്’’ -മുറ്റമടി തുടർന്ന് കുഞ്ഞിപ്പാറു ചോദിച്ചു.
‘‘നേരം വെളുത്തില്ലേ ഷാപ്പിൽ കാണും’’ -മറുപടി പറഞ്ഞത് കുഞ്ഞിചെക്കനായിരുന്നു. ‘‘നീ ആ പല്ലുതേച്ച് തീർക്കെടാ. വലിയ വർത്തമാനം പറയാൻ നിൽക്കണൂ. എന്നിട്ട് പെണ്ണിനേം കൂട്ടി പോയി കുളിച്ച് വാ’’ -കുഞ്ഞിപ്പാറു ഉറക്കെ പറഞ്ഞു. മാലതിയുടെ കെട്ട്യോൻ, രഘുവിന്റെ ഏറ്റവും മൂത്ത ചേച്ചിയാണ് കുഞ്ഞിപ്പാറു. രഘുവിനെ നോക്കി വളർത്തി വലുതാക്കിയത് ഇവരായിരുന്നു. രഘുവിന് പേടിയുണ്ടെങ്കിൽ അതും കുഞ്ഞിപ്പാറൂനെ തന്നെ.
വീട്ടിൽനിന്ന് കൊണ്ടുവന്ന ചക്കപ്പുഴുക്ക് ചൂടാക്കി കട്ടൻചായയും കൊടുത്ത് കുഞ്ഞിപ്പാറു പിള്ളേരെ സ്കൂളിൽ പറഞ്ഞയച്ചു. ‘‘നീയ് എണീറ്റ് എന്തെങ്കിലും ചെയ്യ് പെണ്ണെ, കഞ്ഞീന്റെ വെള്ളം കുടിച്ചില്ലെങ്കിൽ ചത്തുപോകും. പിന്നെ പിള്ളേരേം അവൻ കൊല്ലും’’ -മാലതിയെ നോക്കി അടുക്കള ചായ് പ്പിലിരുന്ന് കുഞ്ഞിപ്പാറു പറഞ്ഞു.
കള്ളുകുടിച്ചാലും ഇല്ലെങ്കിലും മാലതിക്ക് എന്നും ഇടികൊള്ളും. എന്നും പിള്ളേരുറങ്ങി കഴിഞ്ഞതിന് ശേഷമേ രഘു വീട്ടിൽ കേറാറുള്ളൂ. ഇന്നലെ ഇത്തിരി നേരത്തേ വന്നു. പിള്ളേരെ പഠിപ്പിച്ച് തുടങ്ങീയതാ. അവസാനം ചെക്കന്റെ സ്ലേറ്റും തല്ലിപ്പൊട്ടിച്ച് മാലതിയുടെ നേർക്കായി തെറി. പിന്നീട് ഇടിയും. പിള്ളേര് പേടിച്ച് കരഞ്ഞതോടെ നാട്ടുകാരും കൂടി. ഇതോടെ നട്ടപ്പാതിരാക്ക് രഘു സ്ഥലം വിട്ടു.
‘‘നിനക്ക് ആശൂത്രീല് പോണോ പെണ്ണേ’’ -അടുക്കളപ്പുറത്തെ വെട്ടത്തിലേക്ക് നീങ്ങിയിരുന്ന മാലതിയോട് കുഞ്ഞിപ്പാറു ചോദിച്ചു. ‘‘വേണ്ട ഏച്ചിയേ’’ -പതിഞ്ഞശബ്ദത്തിൽ മാലതി പറഞ്ഞു. മാലതിയുടെ മുഖത്ത് കറുത്ത് തടിച്ച ചോരയടയാളത്തിലേക്ക് നോക്കി കുഞ്ഞിപ്പാറു നെടുവീർപ്പിട്ടു. പിന്നെ അടുക്കളപ്പുറത്തെ മണ്ണുകൊണ്ടുണ്ടാക്കിയ നിലത്തോട് ചേർന്ന ചാണകംമെഴുകിയ ചാർപ്പിലിരുന്ന് കുഞ്ഞിപ്പാറു ഓലമെടയാൻ തുടങ്ങി.
ഒരു ചെറിയ തൊണ്ടാണ് വീട്ടിലേക്ക് വഴി. രണ്ടു വീടേ ആ വഴിയുടെ അറ്റത്തുള്ളൂ. ഒന്ന് കുഞ്ഞിപ്പാറൂന്റെയും പിന്നെ ഇതും. തൊണ്ടിലൂടെ വലിയൊരു ചാക്കുകെട്ട് ഏറ്റി രഘു വരുന്നുണ്ടായിരുന്നു. ദൂരെ നിന്ന് കുഞ്ഞിപ്പാറു ഇത് കണ്ടു. ‘‘എടീ അവൻ വരണുണ്ട്. തലേൽ എന്തൊ ചാക്കുണ്ടല്ലോ’’
മാലതി ഇരുന്നയിരുപ്പിൽ ചാടിപ്പിടിച്ചെഴുന്നേറ്റ് അടുക്കളപ്പുറത്തിറങ്ങി. രഘു പതിയെ ചാക്ക് കൊണ്ടുവന്ന് അടുക്കളച്ചായ് പ്പിൽ വെച്ചു.
‘‘എന്തോന്നാടാ ഇതില്?’’ ചോദ്യം കുഞ്ഞിപ്പാറുവിന്റേതായിരുന്നു. ‘‘കുറച്ച് കപ്പയാ. പാടത്തൂന്ന് പറിച്ചതാ. ഉണക്കിയെടുത്തുവെക്കാം’’
‘‘ഒരു ചാക്ക് കപ്പയോ? നീ ഇന്നലെ എവിടെയാർന്നൂ. ആ പെണ്ണിനെ നീ എന്തിനാ തല്ലിക്കൂട്ടിയെ?’’ കുഞ്ഞിപ്പാറു ചോദിച്ചു. ‘‘ഇനിയങ്ങനൊന്നും ഉണ്ടാകൂല ഏച്ചീയേ. ഇന്നലെ കുറച്ച് കള്ള് തലേ കേറീതാ. പിള്ളേര് സ്കൂളിൽ പോയോ, ഇന്ന് വിടണ്ടാർന്നു’’
‘‘അയിന് ഇവിടാരാ ചത്തേ, പിള്ളേരെ ഉസ്കൂളിൽ വിടാതിരിക്കാൻ’’ കുഞ്ഞിപ്പാറു അൽപ്പം ഗൗരവത്തോടെ രഘുവിന് മറുപടി നൽകി.
‘‘നീയിത് വെല്ല കട്ടോണ്ടും വന്നതാണോടാ? അതും തുടങ്ങിയോ?’’ -കുഞ്ഞിപ്പാറു കപ്പച്ചാക്ക് അഴിച്ചുകൊണ്ട് ചോദിച്ചു. ‘‘ഇല്ല പാട്ടത്തിനെടുത്തേന്റെ പങ്കാണ്. കപ്പ കുറച്ച് അപ്പുറത്തേക്കും ഇപ്പുറത്തേക്കുമൊക്കെ കൊടുത്തേക്ക്. ഇല്ലേൽ ചീഞ്ഞുപോകും. വൈകീട്ട് ചായക്ക് പുഴുക്കും ഉണ്ടാക്കിക്കോ’’ രഘു മുറ്റത്ത് ബക്കറ്റിൽവെച്ചിരുന്ന വെള്ളത്തിൽ കൈകഴുകി അകത്തേക്ക് കയറി പായയിൽ കിടപ്പുറപ്പിച്ചു.
ഇതെന്താ സംഭവം എന്ന മട്ടിൽ കുഞ്ഞിപ്പാറൂം മാലതിയും പരസ്പരം മുഖത്തേക്ക് നോക്കി. ‘‘ഞാൻ കപ്പ നന്നാക്കിത്തരാം. ഇനി ഉറക്കത്തീന്ന് എണീക്കുമ്പോൾ കപ്പ ഉണ്ടാക്കാത്തതിനാകും ഇടി’’ കുഞ്ഞിപ്പാറു ചാക്കിൽനിന്ന് രണ്ടുമൂന്ന് കപ്പയെടുത്ത് വട്ടച്ചെരുവത്തിലിട്ട് ബക്കറ്റിനടുത്തേക്ക് നടന്നു.
മാലതി എഴുന്നേറ്റ് പല്ലുതേച്ച് കട്ടൻചായ ഇട്ടു. മൂന്ന് ഗ്ലാസിലേക്ക് ചായ പകർന്നു. ‘‘നീ ഇനി അവനെ വിളിച്ച് ചായ കൊടുക്കാനൊന്നും പോണ്ട. എണീറ്റാൽ വീണ്ടും തല്ലുകൊള്ളും. ഉറങ്ങട്ടെ, രാത്രി മൊത്തം കറങ്ങി നടന്നതല്ലേ. ഇന്ന് ഇനി എണീറ്റില്ലേൽ വൈകീട്ട് വിളിച്ചാമതി’’ കപ്പ നന്നാക്കി കഴുകി വെളുവെളാന്നാക്കി മാലതിയുടെ കൈയിൽ കൊടുത്ത് കുഞ്ഞിപ്പാറു പറഞ്ഞു.
കപ്പയും കഞ്ഞിയുമുണ്ടാക്കി ഒരിറ്റ് വറ്റുപോലും കഴിക്കാതെ മാലതി അടുക്കള ചായ് പ്പിനോട് ചേർന്നുകിടന്നു. കുഞ്ഞിപ്പാറു ആടിനെ അഴിച്ചുകെട്ടാൻ വീട്ടിലേക്കും പോയി. പിള്ളേര് വന്ന് ബഹളമുണ്ടാക്കിയപ്പോഴാണ് മാലതി കണ്ണുതുറന്നത്. ‘‘കപ്പയും കഞ്ഞിയും തരട്ടേ’’ മാലതി പിള്ളേരോട് ചോദിച്ചു.
രണ്ടുപേർക്കും കിണ്ണത്തിൽ കഞ്ഞിയും കപ്പയും വിളമ്പി നൽകി. ‘‘നല്ല രുചിയുണ്ടമ്മേ’’ -കുഞ്ഞിപ്പെണ്ണ് മാലതിയോട് പറഞ്ഞു.
‘‘ചോറുതിന്നിട്ട് അച്ഛനെ വിളിക്ക്, കുറെ നേരമായി കിടന്നുറങ്ങുന്നു’’ -മാലതി പിള്ളേരോട് പറഞ്ഞു. പിള്ളേര് വിളിച്ചിട്ടും രഘു എണീക്കാതായതോടെ മാലതി വിളിച്ചു. പിന്നെ കുഞ്ഞിപ്പാറുവും. രഘു ഉറക്കത്തിൽനിന്ന് എണീറ്റില്ല.
കുഞ്ഞിപ്പാറൂന്റെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് അയൽക്കാർ ഓടിക്കൂടിയിരുന്നു.
‘‘ഇനി രണ്ടു പിള്ളേരേം കൊണ്ട് ആ പെണ്ണ് എന്ത് ചെയ്യാനാ’’
‘‘ഇനിയെങ്കിലും ആ പിള്ളേരും പെണ്ണും ഒന്ന് മനഃസമാധാനായിട്ട് കിടന്നുറങ്ങട്ടെ’’
ഓടിക്കൂടിയവർ അടക്കം പറയാൻ തുടങ്ങി.
‘‘എടിയേ ഈ കഞ്ഞീം കലോം ഒക്കെ പുറത്തേക്ക് വെച്ചേ. മരിച്ച വീടല്ലേ. ഇനി ചോറൊന്നും വെച്ചേക്കണ്ട’’. മൊത്തം പരതി നടന്നശേഷം അവിടെക്കൂടിയ ഒന്നുരണ്ടു പെണ്ണുങ്ങൾ കഞ്ഞീം കലോം പാത്രങ്ങളും വീടിന് പുറത്തേക്കിറക്കി.
‘‘ഇതെന്തോന്നാ കറി’’
‘‘ഇറച്ചിയാണെന്ന് തോന്നണു’’
‘‘ഇറച്ചിയൊന്നും അല്ല, കപ്പയാണ്. ദേ ഇവിടെ ഒരു ചാക്ക് കപ്പ ഇരിപ്പുണ്ട്’’
‘‘രാവിലെ ഒരു ചാക്കും ചോന്നോണ്ട് പോരണത് കണ്ടതാ. അപ്പോ ഒരു കുഴപ്പോം ഇല്ലാർന്നു. മനുഷ്യന്മാരുടെ കാര്യം അത്രേയുള്ളൂ’’ -കൂടിനിന്നവർ അടക്കം പറഞ്ഞുതുടങ്ങി.
‘‘എത്രയൊക്കെ പറഞ്ഞാലും സ്നേഹം ഉള്ളോനാർന്നു. അവക്കും പിള്ളേർക്കും തിന്നാനും കുടിക്കാനുമുള്ളത് കൊണ്ടുകൊടുക്കണില്ലേർന്നോ’’
‘‘നല്ലോരു ചെറുക്കനായിരുന്ന്. അവൾടെ കാല് എടുത്ത് വെച്ചേപ്പിന്നെയാ അവൻ കുടി തുടങ്ങീത്’’ -അടക്കംപറച്ചിൽ മാറി ശബ്ദം ഉച്ചത്തിലായതോടെ മാലതി രണ്ടുപിള്ളേരേം ചേർത്തുപിടിച്ച് ആ പുൽപായയിൽ ഇരുന്നു. വീർത്തുരുണ്ടിരുന്ന മുഖത്ത് കണ്ണീർചാലുമാത്രമായിരുന്നു വീണ്ടും ബാക്കി.