ഫസ്റ്റ് ബെൽ
ഗേറ്റുകൾ മലർക്കെ തുറന്നുകിടക്കുന്നു. ആദ്യ ദിവസം റെയിൻകോട്ട് ഇടുവിപ്പിച്ച് അച്ഛൻ ബൈക്കിൽ സ്കൂളിൽ ഇറക്കിവിടുന്നത്. ഗേറ്റിന്റെ കമ്പി അഴികളിൽ തങ്ങി താഴെ വീഴാൻ മടിച്ചു നിൽക്കുന്ന മഴത്തുള്ളികളിൽ വിരലുകൾ കൊണ്ട് തട്ടിക്കളിക്കുന്നതും മറ്റും. അത് കണ്ടുനിൽക്കുമ്പോൾ അച്ഛൻ തന്നിലേക്ക് വരച്ചിട്ട സ്വന്തം സ്കൂൾ കാലങ്ങളിലെ അച്ഛനോർമകൾ.
ടീപ്പോയിയിൽനിന്ന് താക്കോലുമെടുത്ത് ജോലിക്ക് ഇറങ്ങാൻ നേരം മഴ കനത്തു. കാർഷെഡിലേക്ക് നടക്കാനാകാതെ അയാൾ വരാന്തയിൽനിന്നു. തറവാടുവീട് പൊളിച്ചുപണിയുന്നതിനു മുമ്പ് തെക്കു വശത്ത് തൊഴുത്തിനോടു ചേർന്ന് താൽക്കാലികമായി ഉണ്ടാക്കിയ പഴയ ഷെഡ് ആണത്. സ്വന്തമായി ഒരു കാർ വാങ്ങിച്ച സമയത്ത് ഗേറ്റിനടുത്തായി പണിത ആസ്ബസ്റ്റോസ് മേഞ്ഞ ആ പഴയ ഷെഡിൽ തന്നെയാണ് അയാൾ ഇപ്പോഴും കാർ ഇടുന്നത്. പുതിയ ഇരുനീല വീട് വെച്ചതിൽ ടൈൽസ് പതിച്ച ഷെഡ് ഉണ്ടെങ്കിലും ഭാര്യയുടെ ആൾട്ടോ കൈയേറി. മഴയപ്പോഴേക്കും മാറി മാറി നേർത്തും കനത്തും പെയ്ത് തോരാ മഴയായി.
നവംബറിലെ സ്കൂൾ തുറക്കൽ മഴ ആഘോഷിക്കുകയാണ്. ഓൺലൈൻ ടീച്ചിങ് ആയതിനാൽ കുറെ നാളായി സമയനിഷ്ഠയോടെ പുറത്തേക്ക് പോകേണ്ടാത്തതുകൊണ്ട് മഴയെപ്പറ്റി അത്രക്കൊന്നും ഉത്കണ്ഠപ്പെടേണ്ട ആവശ്യമുണ്ടായിരുന്നില്ല. പ്രളയംപോലും ഇന്ന് ശീലമായിപ്പോയിരിക്കുന്നു. ഒന്നാം ക്ലാസുകാരനായ മകന്റെ വർത്തമാനങ്ങളിൽ മഴ പ്രളയമാണ്. അവന്റെ കാഴ്ചകളിൽ അതാണല്ലോ.
സിറ്റൗട്ടിൽ പതിവുപോലെ ചൂരൽ കസേരയിൽ അച്ഛൻ. ഇരുകൈകളും മുകളിലേക്കാക്കി ചാരിക്കിടന്ന് അച്ഛനും മഴക്കാഴ്ചകളുടെ അതിവിദൂര ഓർമകളുടെ സഞ്ചാര ദൂരങ്ങളിലെവിടെയോ ആണെന്നു തോന്നുന്നു. പ്രത്യേകിച്ച് അസുഖമൊന്നുമില്ലാതിരുന്ന അമ്മ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് എന്നെന്നേക്കുമായ് പോയതിൽപ്പിന്നെ അച്ഛനങ്ങനെയാണ്. വെറുതെ ഓരോന്നാലോചിച്ചുനിന്ന് മഴയുടെ ശക്തി കുറഞ്ഞപ്പോൾ എന്തോ, അയാൾക്ക് പുറത്തേക്കിറങ്ങി നടക്കാനോ പോകാനോ ഒന്നും തോന്നിയില്ല.
മഴ അപ്പോഴേക്കും അയാളുടെ മനസ്സിൽ കാലാന്തരങ്ങളുടെ രൂപാന്തരങ്ങൾ മെനയാൻ തുടങ്ങിയിരുന്നു. വരാന്തയിൽ റെഡ് അലർട്ടിൽ നനഞ്ഞുകുതിർന്നുകിടന്ന പത്രം കുനിഞ്ഞെടുത്ത് തിണ്ണയിൽ വെച്ചുകൊണ്ട് അവിടെത്തന്നെ ഇരിപ്പുറപ്പിച്ചു. കുറെ കാലങ്ങൾക്കുശേഷം മഴ കാണുന്നതായി അയാൾക്ക് തോന്നി. തോന്നലുകളാൽ അയാൾ മഴയിൽ തുള്ളിച്ചാടി നടക്കുന്ന ഒരു കുട്ടിയായി.
ചെന്നെത്തിയത് അച്ഛൻ ജോലിചെയ്ത കമ്പനി ക്വാർട്ടേഴ്സിലും തൊട്ടടുത്തുള്ള സ്കൂളിലും. ഗേറ്റുകൾ മലർക്കെ തുറന്നുകിടക്കുന്നു. മഴയുള്ള തുറക്കുന്ന ആദ്യ ദിവസം റെയിൻകോട്ട് ഇടുവിപ്പിച്ച് അച്ഛൻ ബൈക്കിൽ സ്കൂളിൽ ഇറക്കിവിടുന്നത്. ഗേറ്റിന്റെ കമ്പി അഴികളിൽ തങ്ങി താഴെ വീഴാൻ മടിച്ചുനിൽക്കുന്ന മഴത്തുള്ളികളിൽ വിരലുകൾ കൊണ്ട് തട്ടിക്കളിക്കുന്നതും മറ്റും. അത് കണ്ടുനിൽക്കുമ്പോൾ അച്ഛൻ തന്നിലേക്ക് വരച്ചിട്ട സ്വന്തം സ്കൂൾ കാലങ്ങളിലെ അച്ഛനോർമകൾ.
അഞ്ചു കിലോമീറ്റർ കാൽനടയായി പോകുന്ന വിദ്യാലയ യാത്രകളെപ്പറ്റിയും വേലിപ്പറമ്പിലെ പടർന്നു വളർന്നുകയറിയ പുൽവേരിൽ ഊർന്നിറങ്ങി നിൽക്കുന്ന കട്ടിയായ മഴത്തുള്ളികൾ പൊട്ടിച്ചെടുത്ത് കണ്ണുകളിലെഴുതി തണുപ്പിക്കുന്നതെല്ലാം. ഒരു മഴക്കാലത്ത് നാട്ടിലെത്തിയപ്പോൾ അച്ഛൻ അവ പൊട്ടിച്ചെടുത്ത് അയാളുടെ കണ്ണുകളിൽ സ്പർശിപ്പിച്ച നനുത്ത തണുത്ത ഓർമത്തുള്ളികൾ അയാളുടെ മനസ്സിലെവിടെയോ ഘനീഭവിച്ചു.
ബുധനാഴ്ചകളിലെ വെള്ള യൂനിഫോം ഫുട്ബാൾ ഗ്രൗണ്ടിൽ വഴുക്കിവീണ് ചളിയിൽ കുഴഞ്ഞു നിന്നപ്പോൾ കൊണ്ടുപോകാൻ വന്ന അച്ഛൻ മടക്കയാത്രയിൽ പറയുന്നുണ്ടായിരുന്നു; പണ്ട് ഇടതടവില്ലാതെ ശക്തമായി കോരിച്ചൊരിയുന്ന കർക്കടക മഴയിൽ അച്ഛന്റെ കട്ടിയുള്ള യൂനിഫോം ട്രൗസർ കഴുകിയിട്ടത് ഉണങ്ങാതെവന്നപ്പോൾ അച്ഛമ്മ പാത്യം പുറത്ത് ഉണക്കാനിട്ടതും കരിഞ്ഞുപോയതിനാൽ അന്ന് സ്കൂളിൽ പോകാനൊക്കാതെ കരഞ്ഞിരിക്കേണ്ടിവന്നതിനെപ്പറ്റിയൊക്കെ. സ്വന്തം കാരണം കൊണ്ടല്ലാതെ സ്കൂൾ മുടങ്ങേണ്ടിവരുന്നത് തന്നെ സംബന്ധിച്ചിടത്തോളം സന്തോഷമാണെന്നോർത്ത് ചിരിച്ചതും. മധ്യവേനലവധി കഴിഞ്ഞ് സ്കൂൾ തുറന്നു ചെല്ലുമ്പോൾ അസംബ്ലി ഗ്രൗണ്ട് പച്ച കുറ്റിച്ചെടികൾ നിറഞ്ഞ് അവയിലൊക്കെ പുൽച്ചാടികൾ നടക്കുന്നുണ്ടാകും. കുട്ടികളോടൊപ്പം അവയെ പിടിച്ച് പോക്കറ്റിലിട്ടു രസിച്ചു നടന്നു.
സ്കൂൾ മുറ്റത്തെ ഫിഷ് പോണ്ടിലെ കുഞ്ഞു തവളകൾ എത്തിനോക്കി. വോളിബാൾ ഗ്രൗണ്ടിലെ സിമന്റിലെ പായൽ നനവിൽ വാട്ടർ സ്ട്രൈഡ്സ് ഓടിനടന്നു. അതിനുമപ്പുറത്തെ ഫുട്ബാൾ ഗ്രൗണ്ടിലെ തെറിച്ചുപോയ പന്ത് എടുക്കാൻ വലിഞ്ഞു കയറുന്ന മതിലിലെ വഴുക്കലുകൾ കാലുകളിൽ. മഴയിൽ ഒടിഞ്ഞുവീണ വാക മരക്കൊമ്പുകൾ, ഉണങ്ങിച്ചീഞ്ഞു കൊഴിഞ്ഞ നീളൻ കായകൾ. എപ്പോഴോ പുതുമഴയുടെ മണ്ണു മണം പരത്തുന്ന ഒരു വേനൽ മഴ അയാളുടെ കൗമാരങ്ങളെ തൊട്ട് തലോടിപ്പോയി.
ചന്നംപിന്നം ചാറ്റലായ് മഴനൂലുകൾ വെറുതെ നെയ്തെടുത്ത പ്രണയകാലങ്ങൾ. സ്വപ്നമഴകൾ ചുവന്ന പരവതാനി വിരിച്ചിട്ട ഗുൽമോഹർ പൂക്കൾ. പിന്നെ അയാളുടെ ഓർമകളിൽ മഴയെ എപ്പോഴൊക്കെയോ ഉണങ്ങിവരണ്ട കാറ്റുകൾ തട്ടിയെടുത്ത് ദൂരെ എങ്ങോട്ടോ കൊണ്ടുപോയിരുന്നു. ചുരുക്കം ചില രാമഴകൾ സന്തോഷിപ്പിച്ചിരുന്നുവോ എന്നാലോചിച്ചുകൊണ്ടിരുന്നപ്പോഴാണ് കസേരയിൽനിന്ന് അച്ഛൻ എണീറ്റത്. പത്രത്തിനായിരിക്കുമെന്ന് വിചാരിച്ച് അത് എടുത്ത് നീട്ടിയ കൈയിൽ പിടിച്ച അച്ഛൻ പിടി മുറുക്കി അയാളുടെ ദേഹത്തേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. വിയർപ്പുതുള്ളികൾ മഴത്തുള്ളികളായ് അച്ഛനെ നനച്ചു.