കാള
എന്നെ പെറ്റതാരെന്നറിയില്ല. വളർത്തിയത് സദാശിവണ്ണനാണ്. ഇഷ്ടംപോലെ ശാപ്പാട്. കൊഴുത്ത് തടിച്ച് ഉശിരനായപ്പോൾ ജോലി തുടങ്ങി. വിത്തു കാളപ്പണി. പശുക്കളെ ചുനപ്പിച്ച് കൊടുക്കണം. ചിലപ്പോൾ രണ്ടും മൂന്നുമൊക്കെക്കാണും; പല തരത്തിലുള്ളത്, പല ജാതിയിലുള്ളത്, പല പ്രായത്തിലുള്ളത്. എന്തായാലും മടുപ്പുപാടില്ല. ഉഗ്രൻ ശാപ്പാടും. അധികകാലം ഉണ്ടായില്ല. മൃഗാശുപത്രിയിലെ കുത്തിവെപ്പിന് ഡിമാൻഡ് കൂടി. ചുനപ്പിക്കലെല്ലാം അവിടെയായി. പശുക്കൾ എന്നെ മറന്നു. സദാശിവണ്ണന് സ്നേഹമില്ലാതായി. ശാപ്പാട് കുറച്ചു. മെലിയാൻ തുടങ്ങി. ഒടുവിൽ ഒരു വണ്ടിക്കാരന് എന്നെ വിറ്റ് കാശ് വാങ്ങി. നേരെ മൃഗാശുപത്രിയിൽ കൊണ്ടുപോയി വരിയുടച്ചു. മുക്കട പുരയിടത്തിലിട്ട് നാല് കാലും കൂട്ടിക്കെട്ടി. ദാമോദരണ്ണൻ കുളമ്പിൽ ലാടമടിച്ചു. വിത്തുകാള വണ്ടിക്കാളയായി. വലിയെടാ വലി... വലിയെടാ വലി...
മരച്ചീനിയും വാഴക്കുലയുമായി ചന്തകൾ തോറുമലഞ്ഞു. പാക്കും കുരുമുളകുമായി കുറെ നടന്നു. നടന്നു നടന്ന് നടക്കാൻ വയ്യാതായി. ചാട്ടയടി കുറെ കൊണ്ടു. ആവതില്ലാത്തവനെ അടിച്ചിട്ടെന്തു കാര്യം. ഇറച്ചി വിലയ്ക്ക് ഇറച്ചിക്കാരന് വിറ്റു.
എന്നെ കൊന്നവർക്ക് പരാതി.
എന്നെ തിന്നവർക്കും പരാതി.
മാംസം മുറ്റാണത്രേ.
മൊത്തം എല്ലാണത്രേ...!