ഗാന്ധിയുടെ കാമുകി
ജോലിയിൽനിന്നും വിരമിച്ചു നാട്ടിലേക്ക് വന്നശേഷം അച്ഛന്റെ പേരിൽ എല്ലാ മാസവും അഹമ്മദാബാദിൽനിന്നും വന്നുകൊണ്ടിരുന്ന കത്തുകളും ഇൻലൻഡിന് പിന്നിൽ എഴുതിയിരുന്ന ആഭേരി എന്ന പേരും ഞങ്ങളുടെ വീടിനകം വളരെ എളുപ്പത്തിൽ യുദ്ധക്കളമാക്കാൻ പര്യാപ്തമായിരുന്നു. ചിത്രീകരണം: സുനിൽ അശോകപുരം‘‘കാളിന്ദി ദേവിയെ ഞാനാദ്യം കാണുമ്പോൾ അവരെന്നോട് പറഞ്ഞ ഒരു വാചകം എന്നെ ഞെട്ടിച്ചുകളഞ്ഞു.താൻ ഗാന്ധിയുടെ കാമുകിയായിരുന്നു എന്നായിരുന്നു...
Your Subscription Supports Independent Journalism
View Plansജോലിയിൽനിന്നും വിരമിച്ചു നാട്ടിലേക്ക് വന്നശേഷം അച്ഛന്റെ പേരിൽ എല്ലാ മാസവും അഹമ്മദാബാദിൽനിന്നും വന്നുകൊണ്ടിരുന്ന കത്തുകളും ഇൻലൻഡിന് പിന്നിൽ എഴുതിയിരുന്ന ആഭേരി എന്ന പേരും ഞങ്ങളുടെ വീടിനകം വളരെ എളുപ്പത്തിൽ യുദ്ധക്കളമാക്കാൻ പര്യാപ്തമായിരുന്നു.
ചിത്രീകരണം: സുനിൽ അശോകപുരം
‘‘കാളിന്ദി ദേവിയെ ഞാനാദ്യം കാണുമ്പോൾ അവരെന്നോട് പറഞ്ഞ ഒരു വാചകം എന്നെ ഞെട്ടിച്ചുകളഞ്ഞു.
താൻ ഗാന്ധിയുടെ കാമുകിയായിരുന്നു എന്നായിരുന്നു ആ വാചകം.’’
അച്ഛന്റെ ഡയറിയിലെ ആദ്യ വാചകം അതായിരുന്നു. മരണത്തിന് അഞ്ചാം ദിവസമാണ് അദ്ദേഹം എഴുതിയ ഒരേയൊരു ഡയറി എന്റെ കണ്ണിൽപെട്ടത്. അച്ഛന് ഡയറി എഴുതുന്ന ശീലം ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ആ ഡയറി ആശ്ചര്യത്തോടെയാണ് ഞാൻ കൈയിലെടുത്തതും വായിച്ചതും. സത്യം പറയട്ടെ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുവാനുള്ള വല്ലാത്തൊരു ത്വര അന്നേരം എന്നിലുണ്ടായെന്ന് തുറന്നുപറയുവാൻ ലജ്ജ ഉണ്ടെങ്കിലും അന്നേരം അങ്ങനത്തെ ഒരു വികാരമാണ് എന്നെ ഭരിച്ചത്. അദ്ദേഹം ജോലിയുടെ ഭാഗമായി വർഷങ്ങളോളം അന്യദേശങ്ങളിൽ ജീവിക്കുന്നതിനിടയിൽ എന്തെങ്കിലും തരത്തിലുള്ള രഹസ്യബന്ധവും ഉണ്ടായിരുന്നോയെന്ന് അറിയാനുള്ള ആകാംക്ഷ തന്നെയായിരുന്നു അതിനുള്ള കാരണവും. ഏതാനും ദിവസത്തിനുള്ളിൽ അദ്ദേഹത്തിന്റെ പേരിലുള്ള സ്വത്തുക്കൾ എനിക്കും സഹോദരിക്കും അമ്മക്കുമായി ഭാഗം ചെയ്യേണ്ടി വരും. ആ സമയം അവകാശം പറഞ്ഞുകൊണ്ട് ആരെങ്കിലും മുന്നോട്ടു വരുവാനുള്ള സാധ്യത എന്നെ ഭയപ്പെടുത്തിയിരുന്നുവെന്നതാണ് സത്യം.
അഹമ്മദാബാദിൽ ഏതോ സ്ത്രീയുമായി അച്ഛന് വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നാണ് അമ്മ ഉറച്ചുവിശ്വസിച്ചിരുന്നത്.
ജോലിയിൽനിന്നും വിരമിച്ചു നാട്ടിലേക്ക് വന്നശേഷം അച്ഛന്റെ പേരിൽ എല്ലാ മാസവും അഹമ്മദാബാദിൽനിന്നും വന്നുകൊണ്ടിരുന്ന കത്തുകളും ഇൻലൻഡിന് പിന്നിൽ എഴുതിയിരുന്ന ആഭേരി എന്ന പേരും ഞങ്ങളുടെ വീടിനകം വളരെ എളുപ്പത്തിൽ യുദ്ധക്കളമാക്കാൻ പര്യാപ്തമായിരുന്നു. പിന്നീട് പോസ്റ്റ് ഓഫീസിൽനിന്നും അച്ഛൻ എല്ലാ മാസവും പത്താം തീയതി കൃത്യമായി അയക്കുന്ന മണി ഓർഡറിനെ കുറിച്ച് അറിഞ്ഞതും സംശയത്തിന് ആക്കംകൂട്ടി. ആരുടെയും ചോദ്യത്തിന് അച്ഛൻ മറുപടി പറഞ്ഞില്ല. മണിഓർഡർ അയക്കുന്നതും ആഭേരി എന്നയാളുടെ പേരിലേക്കാണെന്ന് അറിഞ്ഞതോടെ അമ്മയും അച്ഛനും താമസിക്കുന്ന വീട് ഒരു ശീതീകരണിപോലെ മരവിച്ചുപോയി. ജോലിസ്ഥലത്തുനിന്നും മാസത്തിൽ ഒരിക്കൽ വീട്ടിലേക്ക് വരുന്ന ശീലം ഞങ്ങളും ഉപേക്ഷിച്ചു. കൊച്ചുമക്കളെ കാണുവാൻ അമ്മയോ അച്ഛനോ ഞങ്ങളുടെ വീട്ടിലേക്ക് വന്നു.
അമ്മക്കോ ഞങ്ങൾ മക്കൾക്കോ ഹിന്ദിയിലുള്ള ആ കത്തുകൾ വായിച്ചാലും അർഥം മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് ഉള്ളടക്കം അറിയാനും സാധിച്ചില്ല. വീടിന് പുറത്തേക്ക് ഇത്തരം ചീഞ്ഞ കഥകൾ അറിയരുതെന്ന പ്രത്യേകതരം അഭിമാനബോധം അമ്മയിൽ ഉണ്ടായിരുന്നതുകൊണ്ട് ഹിന്ദി അറിയാവുന്ന മറ്റാരെയെങ്കിലുംകൊണ്ട് കത്ത് വായിപ്പിക്കാനും സാധിക്കുമായിരുന്നില്ല. അച്ഛന്റെ മരണം വരെ പിന്നീടാ വിഷയം അവരുടെ മാത്രമായി തീരുംവിധം ഞങ്ങൾ മക്കൾ അവഗണിക്കുകയും ചെയ്തു.
പക്ഷേ സ്വത്ത് ഭാഗംവെക്കേണ്ട ആവശ്യകത വന്നപ്പോൾ അമ്മ ഗൗരവമായി പറഞ്ഞ വാക്കുകൾ എന്നെ ഞെട്ടിച്ചുകളഞ്ഞു.
‘‘അങ്ങേരുടെ സ്വത്തിന് വേറെ വല്ല അവകാശികളുടെയും പേരെഴുതിവച്ചിട്ടുണ്ടോയെന്ന് ആദ്യം ഉറപ്പ് വരുത്ത് എന്നിട്ടല്ലേ ഭാഗംവെപ്പ്.’’
ഈ മുറി അച്ഛന്റെ സ്വകാര്യതയായിരുന്നു. നിറയെ പുസ്തകങ്ങളും ഒരു റേഡിയോയുമായി എത്ര നേരം വേണമെങ്കിലും അദ്ദേഹം ഇവിടെ തനിച്ചിരിക്കും.
അതുകൊണ്ട് തന്നെ അച്ഛന്റെ മുറിയിൽനിന്നും ലഭിച്ച ഒരേയൊരു ഡയറി. ഒരു കള്ളന്റെ സൂക്ഷ്മതയോടും നെഞ്ചിടിപ്പോടുമാണ് ഞാൻ തുറന്നത്. ഡയറിയുടെ രണ്ടാമത്തെ പേജിലെ വരികളിലേക്ക് ഹൃദയം കുതിച്ചു ചാടി.
‘‘അത് 1985ലാണ്. ഗുജറാത്തിലെ സെൻട്രൽ പബ്ലിക് വർക്ക് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥനായിരിക്കെ റോഡ് വികസനവുമായി ബന്ധപ്പെട്ട് സർവേ നടത്തുന്നതിനായി ഹരിജൻ വിഭാഗത്തിൽപെട്ട ആളുകൾ തിങ്ങിപ്പാർക്കുന്ന ഏരിയയിലേക്ക് ഞാനുൾപ്പെടെ ഏതാനും ഉദ്യോഗസ്ഥർ തീ പോലെ പാറുന്ന വെയിലിൽ ടാർ റോഡിന് ഇപ്പുറം നിന്ന് മറുപുറത്തേക്ക് ടേപ്പുമായി ചെല്ലുമ്പോൾ പ്രായംചെന്ന ഒരു സ്ത്രീ പൊതുടാപ്പിന് കീഴിൽനിന്നും വെള്ളമെടുത്തുകൊണ്ട് തുണികൾ കഴുകി വിരിക്കുകയായിരുന്നു. അവർ ധരിച്ചിരുന്ന വെളുത്ത ഖദർചേലയാണ് ആദ്യം എന്റെ ശ്രദ്ധയിൽപെട്ടതും.
തിളച്ച വെയിലിൽ തുണികൾ വിരിച്ചിട്ടുകൊണ്ടിരുന്ന അവരുടെ മുഖം കറുത്ത് കരുവാളിച്ചിരുന്നു. മെലിഞ്ഞ കറുത്ത ആ സ്ത്രീ ഞങ്ങളെ കണ്ടതായിപോലും ഭാവിക്കാതെ ജോലി ചെയ്യുന്നതിൽ മാത്രം ശ്രദ്ധചെലുത്തി. വീടുപണിക്കും കൂലിവേലക്കും പോകുന്ന ആളുകൾ താമസിക്കുന്ന ഇടമായിരുന്നു അത്. ഇത്തരം സ്ത്രീകൾ വെളുത്ത ഖദർചേല ധരിക്കുന്നത് ഞാനതുവരെ കണ്ടിട്ടില്ലായിരുന്നു. പണിക്കു പോകുന്ന വീടുകളിൽനിന്നും ലഭിക്കുന്ന പഴകിയ പട്ടുചേലകളോ മാർക്കറ്റിൽനിന്നും വില കുറച്ചു കിട്ടുന്ന കടുത്ത വർണങ്ങൾ വാരി പൂശിയ വസ്ത്രങ്ങളോ ആണ് മിക്കവാറും ഇവിടത്തെ സ്ത്രീകൾ ധരിച്ചു കാണുക. ഒന്നരവർഷത്തെ എന്റെ ഗുജറാത്ത് ജീവിതം നിരീക്ഷിച്ചറിഞ്ഞ അറിവുകളായിരുന്നു അതെല്ലാം.
നല്ല അധ്വാനമുള്ള ജോലികളിൽ ഏർപ്പെടുമ്പോൾ വെളുത്ത വസ്ത്രം എളുപ്പം മുഷിയുന്നതുകൊണ്ടാണ് കടുംനിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്നതെന്ന് പിന്നീടെനിക്ക് മനസ്സിലാകുകയും ചെയ്തു. അതുകൊണ്ട് കാളിന്ദി ദേവിയെ ആദ്യം കണ്ടപ്പോൾ അവരെനിക്ക് കൗതുകമായി മാറുകയും ചെയ്തു. സർവേ നടക്കുന്നതിനിടയിൽ പൊതുടാപ്പിന് മുന്നിലുള്ള ഒാടുമേഞ്ഞ വീട് സ്ഥിതിചെയ്യുന്ന പുരയിടത്തിലേക്ക് ഞങ്ങൾ കയറവേ ആ സ്ത്രീ ജോലി നിർത്തി ഏതാനും നിമിഷം ഞങ്ങളെ ഉറ്റുനോക്കി നിന്നു. പിന്നീട് തിടുക്കത്തിൽ ഞങ്ങൾക്കരികിലേക്ക് നടന്നുവന്നു.
‘‘എന്താ?’’
പുരികം ചുളിച്ചുകൊണ്ട് അവർ കൂസലില്ലാതെ ചോദിച്ചു.
ആ സമയം അടുത്ത വീടുകളിൽനിന്നും ഏതാനും പെണ്ണുങ്ങൾ കൂടി പുറത്തേക്ക് വന്നു.
സർവേയെ കുറിച്ചും റോഡ് വികസനത്തെ കുറിച്ചും വ്യക്തമായി അവരെ പറഞ്ഞു മനസ്സിലാക്കേണ്ട ഉത്തരവാദിത്തം ഞങ്ങൾക്കുണ്ടായിരുന്നു. കാരണം ഏതാനും മാസങ്ങൾക്കുള്ളിൽ ഈ വീടുകളിൽ ഏറെയും പൊളിച്ചുമാറ്റപ്പെടുമെന്ന് ഉറപ്പാണ്. അപ്പോഴേക്കും ഇവരെയെല്ലാം പുനരധിവസിപ്പിക്കാനുള്ള മാർഗങ്ങളും അതിനായി ഇവരെ സമ്മതിപ്പിക്കേണ്ടതുമെല്ലാം ഒട്ടും ലഘുവായ കാര്യമല്ല. ആരോഗ്യകരമല്ലാത്ത സംഭാഷണത്തിനാണ് തുടക്കംകുറിക്കേണ്ടതെന്നുള്ള ഭയത്തോടെ തന്നെ ഞാൻ വിഷയം അവതരിപ്പിക്കാൻ ബാധ്യസ്ഥനായി.
സർക്കാറിന്റെ ഓർഡറിനെ കുറിച്ചും റോഡ് വികസനത്തെ കുറിച്ചും പറഞ്ഞതും കാളിന്ദി ദേവി ഒഴികെയുള്ള പെണ്ണുങ്ങൾ ഉച്ചത്തിൽ ഒച്ചയെടുക്കാൻ തുടങ്ങി. പെണ്ണുങ്ങളുടെ ശബ്ദം ഉയർന്നു കേട്ടതുകൊണ്ടാകണം അകത്തെ വീടുകളിൽ ചിലതിൽ ഉണ്ടായിരുന്ന ഏതാനും ആണുങ്ങളും പുറത്തേക്ക് ഇറങ്ങിവന്നു. അപ്പോഴേക്കും അന്തരീക്ഷം ആകെ കലങ്ങിമറിഞ്ഞു കഴിഞ്ഞിരുന്നു. ആരോ ഒരാൾ എടുത്തെറിഞ്ഞ കല്ല് കൃത്യമായി എന്റെ നെറ്റിയിൽ പതിച്ചതും ചോര ചീറ്റിയതും നിമിഷാർധംകൊണ്ടാണ് നടന്നത്. എനിക്ക് ബോധം മറയുന്നതുപോലെ തോന്നി. ആരൊക്കെയോ ചേർന്ന് താങ്ങിപ്പിടിച്ചു മുന്നിൽ കണ്ട വീടിന്റെ വരാന്തയിൽ എന്നെ കിടത്തിയതും പ്രശ്നം വഷളാകുമെന്നും പോലീസ് വന്നേക്കുമെന്നുമുള്ള പേടിയോടെ ഓരോരുത്തരായി വീടുകളിലേക്ക് ഓടിപ്പോകുകയും ചെയ്തു.
ആ സ്ത്രീ തിടുക്കത്തിൽ അകത്തേക്ക് പോയി തുണി കീറികൊണ്ടു വന്നു എന്റെ നെറ്റി ചുറ്റി കെട്ടി. കൂജയിൽനിന്നും വെള്ളമെടുത്ത് എന്റെ നേർക്ക് നീട്ടിയിട്ട് പറഞ്ഞു:
‘‘കുടിക്ക്...’’
മൺകൂജയുടെ രുചിയും തണുപ്പുമുള്ള വെള്ളം കുടിച്ച ശേഷം ഞാനവരോട് പേര് ചോദിച്ചു.
‘‘കാളിന്ദി ദേവി.’’
അവർ എന്നെ ഉറ്റു നോക്കിക്കൊണ്ടു പറഞ്ഞു.
ഗുജറാത്തിലെ സ്ത്രീകളുടെ പേരുകൾ മിക്കതും പുരാണത്തിലെ കഥാപാത്രങ്ങളിൽനിന്നും കടംകൊണ്ടതാണെന്ന് ഈ കാലത്തിനുള്ളിൽ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു.
‘‘ഞങ്ങളോട് ക്ഷമിക്കൂ, ഞങ്ങൾക്ക് സർക്കാർ ഉത്തരവിടുന്നത് ചെയ്യാതെ പറ്റില്ല. ഇതെല്ലാം ജോലിയുടെ ഭാഗമാണ്.’’
അവർ ഒന്നും പറയാതെ അപ്പോഴും എന്നെ ഉറ്റുനോക്കിയിരിക്കുക തന്നെ ചെയ്തു. എന്തോ എനിക്കവരുടെ കണ്ണുകളിലേക്ക് നോക്കാനുള്ള ധൈര്യം നഷ്ടപ്പെടുകയും വീടിന്റെ ചുമരിൽ തൂക്കിയിരുന്ന ഫോട്ടോകളിലേക്ക് കണ്ണുകൾ പായിക്കുകയും ചെയ്തു.
അന്ന് കോർെത്തടുത്തതെന്ന് തോന്നിക്കുന്ന പൂമാല ചാർത്തിയ മഹാത്മാ ഗാന്ധിയുടെ ഫോട്ടോയിൽ എന്റെ ദൃഷ്ടി പതിഞ്ഞു. ഒരുപക്ഷേ ഈ സ്ത്രീ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ആരെങ്കിലും ആയിരിക്കുമോ. റോഡിലെ അയയിൽ വിരിച്ചിട്ട എല്ലാ ചേലകളും വെളുത്ത ഖദർതന്നെയായിരുന്നുവെന്നത് എന്റെ സംശയം ശക്തമാക്കി.
‘‘ഖദർ മാത്രമേ ധരിക്കാറുള്ളോ?’’
‘‘അതേ...’’
‘‘നിങ്ങൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ടോ?’’
‘‘ഇല്ല. പക്ഷേ ഗാന്ധി എന്റെ കാമുകനായിരുന്നു. ഞാനദ്ദേഹത്തിന്റെ വഴി സ്വീകരിച്ചു.’’
അവർ ഗാന്ധിജിയുടെ ഫോട്ടോയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
ഞാൻ ഞെട്ടലിൽ ആ സ്ത്രീയെ തുറിച്ചുനോക്കി. എന്നാൽ, അവർ പിന്നീട് മറ്റൊന്നും സംസാരിച്ചില്ല. എന്റെ കൂടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ വണ്ടിയുമായി വരുംവരെ ഞങ്ങൾ രണ്ടു മനുഷ്യജീവികൾ നിശ്ശബ്ദതയുടെ ആഴം കണ്ടെത്താൻ ശ്രമിക്കുംപോലെ നിശ്ചലരായിരുന്നു. വണ്ടി വന്നപ്പോൾ അവരോട് യാത്രപോലും പറയാതെ തിടുക്കത്തിൽ നടന്നുപോരുകയും ചെയ്തു. അവർക്ക് ഭ്രാന്തായിരിക്കുമെന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം.
പിന്നീട് ഞാനവരെ കണ്ടത് അതേ പൂമുഖത്ത് ഗാന്ധിയുടെ ചിത്രം തൂക്കിയിരുന്നതിന് തൊട്ടരികിൽ പൂക്കൾ ചാർത്തിയ ചിത്രമായിട്ടായിരുന്നു. ആ ചിത്രത്തിന് ആഴ്ചകളുടെ പഴക്കമേയുള്ളൂവെന്ന് മുറ്റത്തെ പന്തലും പൂജാസാമഗ്രികളുടെ ഗന്ധത്തിൽനിന്നും എനിക്ക് വ്യക്തമായി. അന്നേരം ഗാന്ധിയുടെ ഫോട്ടോയിൽ ഉണ്ടായിരുന്ന മാല ഉണങ്ങിത്തുടങ്ങിയിരുന്നു.
ഞങ്ങൾക്ക് വീണ്ടും സർവേ പൂർത്തിയാക്കേണ്ട ഉത്തരവാദിത്തം ഉണ്ടായിരുന്നു. അപ്പോഴേക്കും റോഡരികിലെ പുറംപോക്ക് ഭൂമിയിലെ വീടുകളിലേക്ക് സർക്കാർ വക നോട്ടീസ് അയച്ചുകഴിഞ്ഞിരുന്നു. ഈ തവണ പോലീസ് പ്രൊട്ടക്ഷനോടെയാണ് സർവേക്ക് ഇറങ്ങിയതെന്നുള്ള ധൈര്യം ഉണ്ടായിരുന്നതിനാൽ നിർഭയത്തോടെ ജോലി തുടരുകയും ചെയ്തു.
മനുഷ്യർ നിശ്ശബ്ദരായി നോക്കിനിന്നു. ഉടുക്കാനുള്ള വസ്ത്രങ്ങളും പാചകം ചെയ്യാനുള്ള ഏതാനും പാത്രങ്ങളും ഒരു മണ്ണെണ്ണ സ്റ്റൗവും മാത്രമല്ലാതെ മറ്റൊന്നും സ്വന്തമല്ലാത്ത മനുഷ്യജീവികൾ. കാലങ്ങളായി ചെയ്തുചെയ്തു തഴമ്പിച്ചുപോയ മനം മടുപ്പിക്കുന്ന നിർമമതയോടെ ഞാൻ സർവേക്കുള്ള അളവു തുടങ്ങി. കാളിന്ദി ദേവിയുടെ വീടിന് മുന്നിൽ എത്തും വരെ ഞാനവരെ ഓർത്തില്ലയെന്നതാണ് സത്യം. ഏതാനും മാസങ്ങൾകൊണ്ട് അവരെ ഞാൻ മറന്നുകഴിഞ്ഞിരുന്നു.
ആ വീടിന് മുന്നിലെ പന്തൽ കണ്ടതും കൂടെയുണ്ടായ ഒരാൾ പറഞ്ഞു, ‘‘അവിടെ ആരോ മരിച്ചിട്ടുണ്ട്.’’
എന്റെ മനസ്സിലേക്ക് ഗാന്ധിയുടെ കാമുകിയാണെന്ന് പറഞ്ഞ ഒരു സ്ത്രീയുടെ മുഖവും അവർ തന്ന വെള്ളത്തിന്റെ രുചിയുടെയും ഓർമ വന്നു. അവർ എന്റെ നെറ്റിയിൽ കെട്ടിത്തന്ന വെളുത്ത ചേല വഴിയിലെവിടെയോ അഴിച്ചുകളഞ്ഞിട്ടാണ് ഞാനന്ന് ഓഫീസിലേക്ക് തിരികെ ചെന്നത്. അന്നേരം എനിക്കുതന്നെ വ്യക്തമല്ലാത്ത എന്തോ ഒരാകുലത എന്നെ പൊതിയുകയും ചെയ്തു. ആ ആകുലതയോടെയാണ് ഞാനാ വീട്ടിലേക്ക് കയറിച്ചെന്നത്.
ആരോടും ചോദിക്കേണ്ടിവന്നില്ല. മരിച്ചയാൾ ചിരിക്കുന്ന മുഖത്തോടെ ചുമരിൽ ഗാന്ധിയുടെ തൊട്ടരികിൽ തന്നെ ഉണ്ടായിരുന്നു.
ഒരു മരണം നടന്ന വീടാണെന്ന ഔചിത്യബോധമൊന്നും സർക്കാർ തീരുമാനങ്ങൾ നടപ്പിലാക്കുമ്പോൾ ബാധകമല്ലയെന്നൊരു ഭാവത്തോടെ കൂടെ ഉണ്ടായവരോടൊപ്പം എനിക്കും ആ പുരയിടവും അളന്നു തിട്ടപ്പെടുത്തേണ്ടിവന്നു. ഒപ്പിടാനായി ഉത്തരവാദിത്തപ്പെട്ട ആളെ വിളിച്ചപ്പോൾ വന്നത് അവരുടെ മകനായിരുന്നു. ഞങ്ങൾ പറഞ്ഞയിടത്തൊക്കെ യാതൊരു വിധ വിയോജിപ്പും കൂടാതെ അയാൾ ഒപ്പിടുകയും ചെയ്തതിനാൽ പണി എളുപ്പമാക്കിത്തീർത്തു.
ഒപ്പിട്ട പേപ്പർ വാങ്ങി ഫയലിലേക്ക് വെക്കും മുമ്പ് അയാളുടെ പേര് അതിശയത്തോടെ ഞാൻ വീണ്ടും വീണ്ടും വായിച്ചു.
‘മോഹൻദാസ്’ എന്നായിരുന്നു ആ പേര്.
കാളിന്ദി ദേവി എന്നോട് പറഞ്ഞ വാക്കുകൾ വെറും ഭ്രാന്തല്ലായിരുന്നുവെന്ന് മനസ്സിലാക്കാൻ പിന്നീട് ഒരിക്കൽകൂടി മോഹൻദാസിനെ എനിക്ക് കാണേണ്ടി വന്നു. അെല്ലങ്കിൽ മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന മനുഷ്യൻ അവരുടെ ഭ്രാന്തായിരുന്നുവെന്ന് മനസ്സിലാക്കാൻ എന്ന് തിരുത്തി പറയാം.
ഞാൻ വീണ്ടും കാണുമ്പോൾ മോഹൻദാസ് ഒരു കടത്തിണ്ണയിൽ ഇരിക്കുകയായിരുന്നു. ആള് നന്നായി കുടിച്ചിട്ടുണ്ടെന്ന് മനസ്സിലായിട്ടും കാളിന്ദി ദേവിയെ കുറിച്ച് കൂടുതൽ അറിയാനുള്ള ആഗ്രഹത്തോടെ ഞാനയാളെ കൂട്ടി ക്വാർട്ടേഴ്സിലേക്ക് പോയി.
‘‘നിങ്ങളുടെ അമ്മ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ടോ?’’
തികച്ചും സാധാരണമട്ടിൽ ഞാൻ ചോദിച്ചു.
‘‘ആ തള്ള ഒരു സമരത്തിലും പങ്കെടുത്തിട്ടില്ല സാറേ. അവർക്ക് നട്ടപ്രാന്തായിരുന്നുവെന്നാ നാട്ടുകാരും ബന്ധുക്കളുമൊക്കെ പറഞ്ഞുനടക്കുന്നത്. ചെലപ്പ എനിക്കും തോന്നീട്ടുണ്ട് അവർക്ക് പ്രാന്തായിരുന്നെന്ന്. അല്ലേൽ ആരെങ്കിലും പറഞ്ഞു നടക്കോ ഗാന്ധീടെ കാമുകിയായിരുന്നെന്ന്. അതും പോട്ടെ ഗാന്ധിയെ അല്ലാതെ വേറെ ആരെയും കല്യാണം കഴിക്കൂല്ലാന്നു വാശിപിടിച്ചു കെട്ടാ മങ്കയായി നിക്കോ. പോരാത്തതിന് ഗാന്ധീടെ പേരിട്ടു വളർത്താൻ എന്നെ പോലെ ഒരുത്തനെ തെരുവീന്നു എടുത്തു വളർത്തോ, ഇതൊക്കെ പ്രാന്തല്ലേല് വേറെന്താ...’’
ഞാൻ മോഹൻദാസിനെ വിസ്മയത്തോടെ നോക്കിയിരുന്നു. വെളുത്ത ഖദർ ധരിച്ച കറുത്ത് മെലിഞ്ഞ ആ സ്ത്രീ അനേകം കഥകളുടെ സ്മാരകമായിരുന്നുവെന്ന് അയാളുടെ വാക്കുകളിലൂടെയാണ് ഞാൻ മനസ്സിലാക്കിയത്.
‘‘അവരുടെ പതിനഞ്ചാമത്തെ വയസ്സിലാ ഗാന്ധിയെ കാണാൻ പൂതി മൂത്ത് വീട്ടിൽനിന്നും ഒറ്റക്ക് ഇറങ്ങി പുറപ്പെട്ടത്. 1923ൽ അന്ന് അഹമ്മദാബാദിൽ ഒരു സമ്മേളനത്തിൽ പ്രസംഗിക്കാൻ ഗാന്ധി വരുന്നുണ്ട് എന്നറിഞ്ഞു ആരോടും പറയാതെ ഒറ്റ പോക്കായിരുന്നു. ഗാന്ധിക്കന്നു വയസ്സ് അമ്പത്തിനാല് ഉണ്ടെന്ന് ഓർക്കണം. കസ്തൂർഭാന്നു പേരുള്ള ഭാര്യയും മക്കളും ഉണ്ടെന്നത് വേറെ കാര്യം. അതൊക്കെ പോട്ടെ തെക്കും വടക്കും ഏതാന്നു പോലും അറിയാത്ത ഒരു പെണ്ണ് ഇറങ്ങി പോയാൽ വല്ലതും നടക്കുമോ. പോരാത്തതിന് കറുകറുത്ത ശരീരവും കാപ്പിരി മുടിയുമുള്ള ഒരുത്തി. ഈ ജാതീന്നും നിറമെന്നും പറയുന്ന സംഗതിക്കെതിരെ ഗാന്ധി എത്ര പറഞ്ഞാലും മനുഷ്യമ്മാരുടെ നെഞ്ചിലൊന്നും തറക്കത്തില്ല സാറേ. ബ്രിട്ടീഷുകാരെ ഓടിക്കാനൊക്കെ സമരം ചെയ്യുമ്പോഴും ഇന്ത്യക്കാരുടെ ഓരോരുത്തരുടേം ഉള്ളിന്റെ ഉള്ളിൽ വേറെ വേറെ ഒരു സ്വാതന്ത്ര്യമുണ്ടെന്ന് ഗാന്ധിക്ക് പോലും പിടികിട്ടിയത് പിന്നീടല്ലേ.’’
മോഹൻദാസ് ഏതാനും നിമിഷം മിണ്ടാതിരുന്നു.
എന്റെയുള്ളിൽ വല്ലാത്തൊരു ആകാംക്ഷ പെരുത്ത് തുടങ്ങിയതുകൊണ്ട് ഞാൻ തിടുക്കത്തിൽ ചോദിച്ചു. ‘‘എന്നിട്ട്?’’
‘‘എന്നിട്ടെന്താ, അഹമ്മദാബാദിലേക്കുള്ള ബസിൽ നിറയെ സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്ന യാത്രക്കാരായിരുന്നു. ഗാന്ധിയെ ഒരു നോക്ക് കാണാൻ പോകുന്നവർ. അമ്രേലിയിലെ ഉയർന്ന ജാതിക്കാർ തിങ്ങിനിറഞ്ഞ ബസിലേക്ക് കറുത്ത, കാപ്പിരി മുടിയുള്ള കീഴ് ജാതിക്കാരി പെണ്ണിനെ കയറ്റാൻ ആരും സമ്മതിച്ചില്ല. അവൾ കയറാതെ തന്നെ ബസ് പുറപ്പെട്ടു. പിന്നീടൊരിക്കലും അവൾക്ക് ഗാന്ധിയെ കാണാനും കഴിഞ്ഞിട്ടില്ല. പക്ഷേ അവർ പിന്നീട് എല്ലാവരോടും പറഞ്ഞു താൻ ഗാന്ധിയെ കല്യാണം കഴിക്കുമെന്ന്. പൊട്ടിപ്പെണ്ണിന്റെ മണ്ടത്തരമായി വീട്ടുകാരും നാട്ടുകാരും ആ പറച്ചിലിനെ തള്ളിക്കളഞ്ഞെങ്കിലും അവര് അതിൽതന്നെ ഉറച്ചുനിന്നു. ഗാന്ധി കൊല്ലപ്പെടുമ്പോ തള്ളക്ക് അത്രക്ക് പ്രായമൊന്നുമില്ല. എന്നിട്ടും അന്ന് മുതൽ മരണംവരെ വെളുത്ത ഖദർ മാത്രം ധരിച്ചു. അതിനു ശേഷമാണ് തെരുവിൽ തെണ്ടി നടന്നിരുന്ന എന്നെയവർ എടുത്തുവളർത്താൻ തുടങ്ങിയത്. അവരെന്റെ പേര് മോഹൻദാസ് എന്നാക്കി. പള്ളിക്കൂടത്തിൽ ചേർത്ത് പഠിപ്പിക്കാൻ വിട്ടു. കൂട്ടുകാരും നാട്ടുകാരും അവർക്ക് പ്രാന്താണെന്ന് പറഞ്ഞു കളിയാക്കുമ്പോഴും എനിക്ക് തള്ളയെ ഇഷ്ടമായിരുന്നു സാറേ. അവർക്ക് ഗാന്ധി എന്ന ഒറ്റ ഭ്രാന്ത് മാത്രേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ള ഭ്രാന്തിനെ അപേക്ഷിച്ച് അതൊരു ഭ്രാന്താണോ?’’
ആ ചോദ്യം എന്നെ വട്ടം ചുറ്റിക്കാൻ പോന്നതായിരുന്നു. ബാക്കിയുള്ള ഭ്രാന്തിനെ അപേക്ഷിച്ച് അതൊരു ഭ്രാന്താണോ!
‘‘അവരെന്നും ഗാന്ധീടെ ഫോട്ടോയിൽ മാല കെട്ടിയിടും. ഈ പ്രായത്തിലും തൊഴുത് പ്രാർഥിച്ച് പണിക്കിറങ്ങും. കിട്ടുന്ന കാശിൽനിന്നും ചിലവിന് എടുത്തിട്ട് ബാക്കി ദാനം കൊടുക്കും. തള്ള ഒന്നും സമ്പാദിക്കില്ല സാറേ. അതും പറഞ്ഞു കള്ളു കുടിച്ചു വന്നു ഞാനവരെ കൊറേ ചീത്ത വിളിച്ചിട്ടുണ്ട്. അവസാനം കിടക്കുന്ന കിടപ്പാടം പോകുമെന്ന് കൂടി കണ്ടപ്പോൾ അവര് ചെയ്ത കടുംകൈ കേൾക്കണോ... അവര് വീണ്ടും ഗാന്ധിയെ കാണാൻ പോയി. സബർമതി ആശ്രമത്തിലേക്ക്. ഈ കണ്ട കാലത്തിനിടയിൽ തോന്നാത്ത ഒരു തോന്നൽ അന്നേരം അവർക്കെങ്ങനെ ഒണ്ടായോ എന്തോ! ഗാന്ധി പണ്ടെങ്ങാണ്ട് വെടിയേറ്റ് മരിച്ചെന്നു പറഞ്ഞിട്ട് ചെവീലോട്ട് കേറണ്ടെ. എന്റെ പെണ്ണിനേം മക്കളേം കെട്ടിപ്പിടിച്ചു ഉമ്മെവച്ചിട്ട് ഒറ്റപ്പോക്കായിരുന്നു. എന്നിട്ടോ അവരെന്നും തോറ്റു പോയിട്ടേ ഒള്ള് സാറേ. ആശ്രമത്തിന് മുന്നിൽെവച്ചാ അവർക്ക് നെഞ്ച് വേദന വന്നതും കുഴഞ്ഞുവീണതും. പോകുന്ന പോക്കിലും ഒരു ചിലവുണ്ടാക്കിെവച്ചു. അല്ലാതെ ഗാന്ധിപ്രേമം കൊണ്ട് അവർക്കോ എനിക്കോ വല്ല ഗുണവും ഉണ്ടായോ... പിന്നെ ശവം ഇവിടെവരെ എത്തിക്കാൻ വണ്ടി കാശും അതും ഇതുമൊക്കെയായി കുറേ പൈസ പോയി അത്രതന്നെ. എന്നാലും തള്ളയെ എനിക്കിഷ്ടമായിരുന്നു സാറേ...’’
മോഹൻദാസ് വാ പൊളിച്ചു ഉറക്കെ കരയാൻ തുടങ്ങി.
ആ മരണത്തിൽ കാളിന്ദി ദേവി തോറ്റുപോയിെല്ലന്നു പറയാൻ തോന്നിയെങ്കിലും ഞാനത് പറഞ്ഞില്ല. എന്റെയുള്ളിൽ നിശ്ശബ്ദമായൊരു കണ്ണുനീരായി കാളിന്ദി ദേവി അന്നേരം കുടുങ്ങിക്കിടന്നു.
അതിനു മൂന്നു മാസങ്ങൾക്കുശേഷം കാളിന്ദി ദേവി താമസിച്ചിരുന്ന വീട് ഉൾപ്പെടെയുള്ള വീടുകൾ പൊളിച്ചുമാറ്റാനുള്ള സർക്കാർ ഉത്തരവ് പാലിക്കാൻ വേണ്ട സന്നാഹങ്ങളുമായി ചെല്ലുമ്പോൾ ആ വീടിന്റെ പൂമുഖത്ത് ഗാന്ധി മാത്രമേ ഉണ്ടായിരുന്നുള്ളൂ. മരിക്കും മുമ്പ് കാളിന്ദി ദേവി ചാർത്തിയ മാലയിൽനിന്നും പൂവുകൾ ഉണങ്ങി അടർന്നുപോയ ശേഷം അവശേഷിച്ച നൂല് ചേർന്ന് കിടക്കുന്ന ഗാന്ധിയുടെ ഫോട്ടോ ഞാനെടുത്തു വണ്ടിയിൽ കൊണ്ടു പോയിെവച്ചു.
എനിക്കും അവരെ ഇഷ്ടമായിരുന്നു. അവർതന്ന വെള്ളത്തിന്റെ രുചിയും അവരുടെ വെളുത്ത ചേലയും ജീവിതകാലത്തോളം എന്നെ പിന്തുടരുമെന്ന് അന്നത്തോടെ എനിക്കു മനസ്സിലായി. പക്ഷേ ഞാനത് ഒരിക്കൽപോലും മോഹൻദാസിനോട് പറഞ്ഞില്ല. പറയാനുള്ള സാഹചര്യം ലഭിച്ചതുമില്ല. അതിനിടയിൽ സ്ഥലമാറ്റം കിട്ടി ഞാൻ ബോംബേക്ക് താമസം മാറി. വർഷങ്ങൾക്കുശേഷം പഴയ സഹപ്രവർത്തകന്റെ മകളുടെ വിവാഹത്തിനായി വീണ്ടും ഗുജറാത്തിലേക്ക് വന്നപ്പോൾ മോഹൻദാസും ഭാര്യ ആഭേരിയും മക്കളൊക്കെയായി വാടകവീട്ടിൽ സന്തോഷമായി ജീവിക്കുന്നതാണ് കണ്ടത്. പക്ഷേ ജീവിതം എത്ര പെട്ടെന്നാണ് ചിരികൾ ഇല്ലാതാക്കുന്നതെന്ന് എനിക്ക് മനസ്സിലായത് ആ 2002 ഫെബ്രുവരി 28നാണ്.
അതിനു തലേന്നാൾ അയോധ്യയിൽനിന്നും മടങ്ങുകയായിരുന്ന തീർഥാടകർ നിറഞ്ഞ സബർമതി എക്സ്പ്രസ് ഗോധ്ര സ്റ്റേഷനിൽ നിർത്തിയിട്ടപ്പോൾ നടന്ന ആക്രമണം ഗുജറാത്തിനെ ആകമാനം കലക്കിമറിച്ചു കളഞ്ഞു. പിന്നീടങ്ങോട്ട് ഹിന്ദുക്കളും മുസ്ലിംകളും പരസ്പരം വെട്ടിയും വെടിവെച്ചും തീകൊളുത്തിയും കൊന്നുകൊണ്ടിരിക്കുന്നു. മൂന്ന് ദിവസം കഴിഞ്ഞാൽ എനിക്ക് നാട്ടിലേക്ക് പോകേണ്ട ആവശ്യമുണ്ട്. മകന്റെ വിവാഹത്തിന് ഒരുമാസം ലീവെടുത്തിട്ടാണ് ഗുജറാത്തിലേക്ക് വന്നത്. പഴയ സുഹൃത്തുക്കളെ കണ്ട തിരക്കിൽ നാട്ടിലേക്ക് കൊണ്ടുവരുവാൻ സുമിത്ര വിളിച്ചുപറഞ്ഞ സാധനങ്ങളുടെ ലിസ്റ്റും പണവും മോഹൻദാസിനെയാണ് ഏൽപിച്ചത്. അവനാകുമ്പോൾ ക്ഷമയോടെ ഓരോന്നും വിലപേശി വാങ്ങുമെന്ന് ഉറപ്പാണ്.
രാവിലെ ആയപ്പോൾ അന്തരീക്ഷം ആകെ മാറിയിരുന്നു. ലഹളക്കാർ കടകളും വീടുകളും ആക്രമിക്കാൻ തുടങ്ങി. പിന്നീടങ്ങോട്ടുള്ള ദിനങ്ങൾ ഗുജറാത്തിലെ ആളുകളെ സംബന്ധിച്ച് ജീവൻ രക്ഷിക്കാൻവേണ്ടിയുള്ള നെട്ടോട്ടമായിരുന്നു. ഒന്നര ആഴ്ചക്കു ശേഷമാണ് ആഭേരിയെയും ഇളയ മകളെയും ഞാൻ കാണുന്നത്. കലാപം നടക്കുന്നതിനാൽ ഗുജറാത്തിൽ കർഫ്യൂ പ്രഖ്യാപിച്ചതുകൊണ്ട് എനിക്ക് നാട്ടിലേക്ക് മടങ്ങാനും സാധിച്ചില്ല. ഞാൻ കാണുമ്പോൾ ആഭേരി ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. വീടുകൾ നഷ്ടപ്പെട്ടവരെ പാർപ്പിച്ച പല ക്യാമ്പുകൾ മാറിമാറി തിരഞ്ഞാണ് ഞാനവളെ കണ്ടെത്തിയത്. മകളോടൊപ്പം മുഷിഞ്ഞ തുണിക്കെട്ട് പോലെ ക്യാമ്പിലെ വരാന്തയിൽ ഇരുന്ന ഒരു സ്ത്രീ രൂപം.
സുമിത്ര ലിസ്റ്റ് തന്ന സാധനങ്ങൾ വാങ്ങുവാനായി
അഹമ്മദാബാദിലേക്ക് മോഹൻദാസ് പോയത് മൂത്ത മകളെ കൂട്ടിയാണ്. നരോദപാട്യയിൽ മനുഷ്യക്കൊല നടന്ന അതേദിവസം. പിന്നീട് മോഹൻദാസോ മകളോ തിരിച്ചുവന്നില്ല. കൊല്ലപ്പെട്ടവരിൽ ഏറെ പേരെയും കിണറ്റിലേക്ക് വലിച്ചെറിഞ്ഞുവെന്നൊക്കെ പിന്നീടാണ് അറിഞ്ഞത്. അപ്പോഴേക്കും കലാപകാരികൾ ഗുജറാത്തിനെ മുഴുവനും കീഴടക്കിക്കഴിഞ്ഞിരുന്നു.
ആഭേരിയെയും മകളെയും ഞാൻ തിരികെ കൊണ്ടുവന്നു. നാട്ടിലേക്ക് മടങ്ങുമ്പോൾ അവരെ വഴിയിലുപേക്ഷിക്കാൻ മനസ്സ് വന്നില്ല. വാടകവീട്ടിലേക്ക് തിരികെ എത്തിച്ചു ചിലവിനുള്ള കുറച്ചു പണവും കൈയിൽ കൊടുത്തിട്ടാണ് നാട്ടിലേക്ക് ട്രെയിൻ കയറിയത്.
നാട്ടിൽ ചെല്ലുമ്പോൾ മകന്റെ വിവാഹം കഴിഞ്ഞിരുന്നു. ഒന്നു രണ്ടു ആഴ്ചക്കുശേഷം തിരികെ ബോംബെയിലേക്ക് മടങ്ങിയെങ്കിലും ആഭേരിയെയും കുഞ്ഞിനെയും മറന്നുകളയാൻ സാധിക്കുമായിരുന്നില്ല. വീട്ടുവാടകയും കുഞ്ഞിന്റെ പഠിത്ത ചിലവും അയച്ചുകൊടുക്കുകയെന്നതല്ലാതെ കുറ്റബോധം മറക്കാൻ മറ്റൊരു മാർഗവും എനിക്ക് മുന്നിൽ ഇല്ലായിരുന്നു.
ജോലിയിൽനിന്നും വിരമിച്ചു നാട്ടിൽ എത്തിയശേഷം ആഭേരിയെ കുറിച്ചും കുഞ്ഞിനെ കുറിച്ചും പറയാൻ പലവട്ടം തുനിഞ്ഞെങ്കിലും സുമിത്രയോ മക്കളോ യാതൊന്നും സമ്മതിച്ചു തരിെല്ലന്ന് ഉറപ്പുള്ളതുകൊണ്ട് അവരെ ഒന്നും അറിയിക്കാതെ ആഭേരിക്കുള്ള സഹായം എത്തിച്ചു കൊടുക്കാനാണ് തോന്നിയത്. ഇതിനിടയിൽ നാട്ടിലുള്ള ആരൊക്കെയോ അഹമ്മദാബാദിൽ എനിക്കേതോ സ്ത്രീയുമായി രഹസ്യബന്ധമുണ്ടെന്ന് സുമിത്രയെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. സത്യം തുറന്നുപറഞ്ഞാലും വിശ്വസിക്കില്ലയെന്ന് ഉറച്ചു തീരുമാനമെടുത്തിരിക്കുന്നവരുടെ മുന്നിൽ നിശ്ശബ്ദത പ്രതിരോധമാർഗമായെടുക്കാൻ ഞാനും തീരുമാനിച്ചു. എന്റെ മരണത്തോടെ ഒരിക്കലും സുമിത്രയോ മക്കളോ വഴിയാധാരമായി പോകിെല്ലന്നുറപ്പാണ്. ശേഷക്രിയ കഴിയുന്ന അതേ നിമിഷം അവർ സ്വത്തുക്കൾ പങ്കുവെക്കാനുള്ള നടപടികൾ തുടങ്ങും.
പക്ഷേ, ഞാൻ മൂലം അനാഥരായിത്തീരുന്ന രണ്ടുപേരുടെ മുഖം മൃത്യുവിൽപോലും എന്നെ പിന്തുടരും. ആഭേരി ഇനിയും എനിക്ക് കത്തുകൾ എഴുതിക്കൊണ്ടിരിക്കും, മറുപടികൾ ലഭിക്കാതെ വരുമ്പോൾ ഒന്നുകിൽ ഞാനവരെ മറന്നെന്നു ധരിച്ചേക്കാം. അെല്ലങ്കിൽ ഞാൻ മരിച്ചെന്ന് അവൾക്കും മകൾക്കും ബോധ്യമാകും.’’
ആ കത്ത് വായിച്ചു ഞാൻ നിശ്ചലനായി ഇരുന്നു. അച്ഛന്റെ മേശവലിപ്പിൽ അടുക്കിെവച്ചിരുന്ന നീല കളർ ഇൻലൻഡ് കെട്ടിനുള്ളിൽ ആഭേരി എന്ന് പേരുള്ള സ്ത്രീ എഴുതിയ വരികളുണ്ട്. അച്ഛൻ ഞങ്ങളുടെ മാത്രം കുത്തകയായിരിക്കണമെന്ന ഒരുതരം ദുർവാശിയോടെയാണ് ഞങ്ങളെന്നും അദ്ദേഹത്തെ ചോദ്യംചെയ്തിരുന്നത്. അദ്ദേഹത്തിന് വിശദീകരിക്കാനുള്ള ഒരു പഴുതും നല്കാതെ ആക്രമിച്ചുകൊണ്ടേയിരുന്നു. സത്യം അറിയാനുള്ള ആഗ്രഹത്തെക്കാൾ കുറ്റം കണ്ടെത്തി തെളിയിക്കാനുള്ള വാശിയോടെയാണ് എല്ലാ വിചാരണകളും തുടങ്ങിയിരുന്നത്.
അന്നേരം വെറുതെ, വെറുതെ ആകാംക്ഷകൊണ്ട് ആ കത്തുകളിലൊന്ന് ഞാൻ തുറന്നു നോക്കി. എന്താകും അച്ഛനെ അവർ അഭിസംബോധന ചെയ്തിട്ടുണ്ടാവുക. എനിക്കറിയാവുന്ന ചുരുക്കം ഹിന്ദി പരിജ്ഞാനംകൊണ്ട് ആ വാക്ക് ഞാൻ കൂട്ടിവായിച്ചു.