പശുപഥം
ഉൾക്കാട്ടിലേക്ക് കടക്കുന്നതും കാടിനു പുറത്തേക്കുള്ള സഞ്ചാരവും അപകടമാണ്. എത്രദിവസം ഇനി പിടിച്ചുനിൽക്കാൻ കഴിയുമെന്നറിയില്ല. കുഞ്ഞാലിയെ പോലീസ് പിടിച്ചിട്ടുണ്ടാവും. ആരെങ്കിലും ഈ കാട്ടിൽ തേടിപ്പിടിച്ച് ഭക്ഷണം എത്തിച്ചുതരുമെന്ന് കരുതുന്നതും വ്യർഥമാണ്. | ചിത്രീകരണം: ചിത്ര എലിസബത്ത്
ജമാലും ചന്ദ്രിയും കാടിനുള്ളിൽ ഒറ്റപ്പെട്ടുപോയിട്ട് അഞ്ചുദിവസം കഴിഞ്ഞു. ഇരുവരും തളർന്നു. ചന്ദ്രിയുടെ കൊമ്പൊടിഞ്ഞു ചോരപൊടിയുന്നു. ചന്ദ്രിയെ ചുറ്റിപ്പറന്നുകൊണ്ടിരുന്ന കാട്ടീച്ചകളെ ജമാൽ കാട്ടുചപ്പൊടിച്ച് വീശിയോടിച്ചു. ജമാലിന്റെ ചൂടുള്ള കണ്ണുനീർ വീണപ്പോൾ ചന്ദ്രിയുടെ ദേഹമാകെ ഒന്ന് വിറച്ചു.''ഈ കാടു വിട്ട് നിങ്ങളെങ്കിലും പോയി രക്ഷപ്പെടൂ...'' തന്റെ ഭാഷയിൽ ചന്ദ്രി മെല്ലെ അമറി.ഉൾക്കാട്ടിലേക്ക് കടക്കുന്നതും കാടിനു പുറത്തേക്കുള്ള സഞ്ചാരവും അപകടമാണ്. എത്രദിവസം...
Your Subscription Supports Independent Journalism
View Plansജമാലും ചന്ദ്രിയും കാടിനുള്ളിൽ ഒറ്റപ്പെട്ടുപോയിട്ട് അഞ്ചുദിവസം കഴിഞ്ഞു. ഇരുവരും തളർന്നു. ചന്ദ്രിയുടെ കൊമ്പൊടിഞ്ഞു ചോരപൊടിയുന്നു. ചന്ദ്രിയെ ചുറ്റിപ്പറന്നുകൊണ്ടിരുന്ന കാട്ടീച്ചകളെ ജമാൽ കാട്ടുചപ്പൊടിച്ച് വീശിയോടിച്ചു. ജമാലിന്റെ ചൂടുള്ള കണ്ണുനീർ വീണപ്പോൾ ചന്ദ്രിയുടെ ദേഹമാകെ ഒന്ന് വിറച്ചു.
''ഈ കാടു വിട്ട് നിങ്ങളെങ്കിലും പോയി രക്ഷപ്പെടൂ...'' തന്റെ ഭാഷയിൽ ചന്ദ്രി മെല്ലെ അമറി.
ഉൾക്കാട്ടിലേക്ക് കടക്കുന്നതും കാടിനു പുറത്തേക്കുള്ള സഞ്ചാരവും അപകടമാണ്. എത്രദിവസം ഇനി പിടിച്ചുനിൽക്കാൻ കഴിയുമെന്നറിയില്ല. കുഞ്ഞാലിയെ പോലീസ് പിടിച്ചിട്ടുണ്ടാവും. ആരെങ്കിലും ഈ കാട്ടിൽ തേടിപ്പിടിച്ച് ഭക്ഷണം എത്തിച്ചുതരുമെന്ന് കരുതുന്നതും വ്യർഥമാണ്.
പരിചയമില്ലാതെ നടക്കുന്ന പശുവിനെയും മനുഷ്യനെയും കണ്ടിട്ട് വാനരന്മാർ ഒച്ച വെച്ചു. ജമാലിനും ചന്ദ്രിക്കും കാട്ടുഭാഷ പരിചയമില്ല. അവർ നഗരത്തിൽ ജീവിച്ചവരാണ്.
എറണാകുളം വൈറ്റിലയിൽ ആലുവ റൂട്ടിൽ ഫ്ലൈ ഓവർ ഇറങ്ങിക്കഴിഞ്ഞുള്ള ആദ്യത്തെ പാലത്തിനടിയിലാണ് ജമാൽ 'ചന്ദ്രി' എന്ന വെച്ചൂർ പശുവിനെയും മറ്റു മൂന്നു നാടൻ പശുക്കളെയും വളർത്തിയിരുന്നത്. വാഹനങ്ങളുടെ ഇരമ്പലും ഹോണടിയും കേട്ട്, കൊച്ചി മാറുന്നതും കണ്ട് ആസ്വദിച്ചുള്ള ജീവിതമായിരുന്നു അവരുടേത്.
പൊന്നുരുന്നി റെയിൽവേ ഓവർ ബ്രിഡ്ജ് തുടങ്ങുന്നിടത്തുള്ള സി.കെ. ഫ്രാൻസിസ് റോഡിലാണ് ജമാലിന്റെ വീട്. ആയുർവേദ കോളജിൽ സ്വീപ്പറായ ഐഷ ഭാര്യ. രണ്ടു പെൺകുട്ടികൾ സൽമത്തും ഷൈനിയും. സൽമത്ത് ഡിഗ്രി കഴിഞ്ഞ് പി.എസ്.സി കോച്ചിങ്ങിന് പോകുന്നു. ഷൈനി എസ്.ആർ.വി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥി. ജമാലിന്റെ പ്രധാന വരുമാന മാർഗം പശുവളർത്തലാണ്. കൂട്ടത്തിൽ ചെറിയ ബ്രോക്കറ് പരിപാടിയും.
ജമാലിന്റെ ബാപ്പ യൂസഫിന് കാലിക്കച്ചവടമായിരുന്നു. രണ്ടാമത്തെ മകൻ നാസർ അസുഖം വന്ന് പതിനഞ്ചാമത്തെ വയസ്സിൽ മരിച്ചതോടെ പലരും പറഞ്ഞു മിണ്ടാപ്രാണികളുടെ പ്രാക്കാണെന്ന്. അതോടെ, കശാപ്പിനുള്ള കാലിക്കച്ചവടം യൂസഫ് നിർത്തി. പിന്നീട് പാലിനായി പശുക്കളെ വളർത്താൻ തുടങ്ങി. അതോടെ, പാൽക്കാരൻ യൂസഫായി.
ബാപ്പയുടെ മരണശേഷം എരൂരിലുള്ള തറവാട് ഭാഗം വെച്ചപ്പോൾ, ബാപ്പയുടെ തൊഴിൽ ഏറ്റെടുത്ത അഞ്ചാമനായ ജമാലിനാണ് പശുക്കളെ കിട്ടിയത്. വർഷങ്ങൾക്കു മുമ്പ് കുമരകത്തുനിന്ന് കൊണ്ടുവന്ന് ബാപ്പ ഓമനിച്ചു വളർത്തിയ ലൈല എന്ന വെച്ചൂർ പശുവിന്റെ തലമുറയിൽപ്പെട്ട ഒരു ക്ടാവും കൂട്ടത്തിലുണ്ടായിരുന്നു.
കാലം പലതു കഴിഞ്ഞു. വീടുകൾ പലതും മാറിത്താമസിച്ചു, കടം വന്നപ്പോൾ പശുക്കളെ പലതിനെയും വിറ്റു, ചിലതെല്ലാം ചത്തുപോയി എങ്കിലും വെച്ചൂർ പശുവിനെമാത്രം അയാൾ ശ്രദ്ധയോടെ പോറ്റിപ്പോന്നു. ലൈലയുടെ പതിനെട്ടാമത്തെ തലമുറയിലെ പശുവാണ് ചന്ദ്രി. ചന്ദ്രിയോട് എല്ലാവർക്കും വല്ലാത്ത സ്നേഹമാണ്. ജമാലിന് ചന്ദ്രിയെ കാണുമ്പോൾ ബാപ്പയുടെ സ്മരണകൾ ഇരമ്പിക്കയറി വരും.
അയൽക്കാരെ പേടിച്ചാണ് ചന്ദ്രിയെ വീട്ടിൽ കെട്ടാത്തത്. അടുത്ത് വലിയ ഉദ്യോഗസ്ഥരുടെയും ബിസിനസുകാരുടെയും വീടുകളാണ്. ജമാലിന്റെ നാടൻപശുക്കളുടെ പാലാണ് അവർ വാങ്ങുന്നതെങ്കിലും എപ്പോഴാണ് സ്വഭാവം മാറുന്നതെന്ന് പറയാൻ പറ്റില്ല.
ദേശീയ ജനുസ്സായി അംഗീകരിക്കപ്പെട്ട ചന്ദ്രിയെ ജമാൽ കാർഷിക മേളകളിൽ പങ്കെടുപ്പിക്കും. തവിട്ടുനിറമാണ് ചന്ദ്രിക്ക്. നീണ്ട ഇടുങ്ങിയ മുഖത്ത് ഉയർന്നുനിൽക്കുന്ന ചെറിയ കൊമ്പുകൾ, മുഖത്തിന് സമാന്തരമായി മനോഹരമായ ചെവികൾ, ലക്ഷണമൊത്ത സുന്ദരിയാണ് ചന്ദ്രി. പല മേളകളിലും അവൾക്ക് പ്രൈസ് കിട്ടിയിട്ടുണ്ട്.
ഇന്നത്തെ കാലത്ത് ചെറിയ പശുവിനെ പോറ്റിയിട്ട് എന്തുകിട്ടാനാണെന്ന് ചോദിക്കുന്നവരോട് ജമാൽ പറയും. വലിയ പരിചരണവും അധികം തീറ്റയും വേണ്ട. കിട്ടുന്നത് മുഴുവൻ ലാഭം. രണ്ടര ലിറ്റർ പാൽ ഒന്നുമറിയാതെ കിട്ടും. പൊന്നുംവില തന്നു മേടിക്കാനും ആളുണ്ട്. പലരും ഇപ്പോഴേ കിടാക്കളെ ബുക്ക് ചെയ്തു. അവസാനമുണ്ടായ ക്ടാവിനെ കൊടുക്കില്ലെന്ന് പറഞ്ഞിട്ടും നിരന്തരം ശല്യംചെയ്ത്, കാത്തുകെട്ടിക്കിടന്നാണ് പാലക്കാട് ഇല്ലംപിള്ളി മനയിലെ പശുക്കമ്പക്കാരൻ വാസുദേവൻ നമ്പൂതിരി വാങ്ങിക്കൊണ്ടുപോയത്. വാസുദേവൻ പറഞ്ഞത് ജമാലിന്റെ കാതുകളിൽ ഇപ്പോഴുമുണ്ട്.
''കേരളത്തിൽ അവശേഷിക്കുന്ന അപൂർവ ജനുസ്സിൽപ്പെട്ട ഇനമാണ് ചന്ദ്രി, ഇക്ക നഷ്ടപ്പെടാതെ നോക്കണം.''
ജമാലിന് ചന്ദ്രി വെറും പശു മാത്രമല്ല. തന്റെ പഴയകാലത്തെ ഇന്നിലേക്കും നാളെയിലേക്കും കൂട്ടിമുട്ടിക്കാനുള്ള ഒരു ചരടു കൂടിയാണ്. തന്റെ ചെറിയ മാനസിക അസ്വസ്ഥതകൾക്കുള്ള സൈക്കോതെറപ്പികൂടിയാണ് ഇവയുടെ പരിചരണം.
നെട്ടൂർ മാർക്കറ്റിൽനിന്ന് തന്റെ പഴയ ഓട്ടോറിക്ഷയിൽ പുല്ലു ചെത്തി കൊണ്ടുവന്ന് പശുക്കൾക്ക് ഇട്ടുകൊടുത്തപ്പോഴേക്കും ഉച്ചയായി. ഊണ് കഴിഞ്ഞു പത്രം വായിച്ചുകൊണ്ട് അൽപനേരം കിടന്നു. വടക്കേ ഇന്ത്യയിൽ നടക്കുന്ന ചില സംഭവങ്ങളുടെ വിവരണം വായിച്ച് ജമാൽ മയക്കത്തിലേക്ക് വീണു.
രണ്ട് ഗവൺമെന്റ് ഉദ്യോഗസ്ഥർ ജമാലിന്റെ വീട് തേടിവന്നു. എസ്.പി.സി.എ ഉദ്യോഗസ്ഥരാെണന്ന് പരിചയപ്പെടുത്തിയ അവർ വിശദീകരിച്ചു.
''സൊസൈറ്റി ഫോർ ദി പ്രൊവിഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽ. കേന്ദ്ര ഏജൻസിയാണ്. ഞാൻ ഇൻസ്പെക്ടർ സുരേന്ദ്രനാഥ്. ഇത് മാത്യൂസ്...''
ഐഷ പ്ലാസ്റ്റിക് കസേരകൾ തുടച്ച് മുൻഭാഗത്തേക്ക് ഇട്ടു. അവർ കസേരയിൽ ഇരുന്ന് വീടിനകത്തേക്ക് നോക്കുകയും ചുറ്റുപാടുകൾ നിരീക്ഷിക്കുകയും ചെയ്തു.
''നിങ്ങളുടെ പശുക്കളെ ഏറ്റെടുക്കാൻ വന്നതാണ്...''
ജമാലും ഐഷയും കാര്യമറിയാതെ പരസ്പരം നോക്കി.
''കുടുംബശ്രീ ലോൺ തിരിച്ചടച്ചതാണ് സാറേ...''
ജമാലിന് വാക്കുകൾ കിട്ടാതെ വന്നപ്പോൾ ആയിഷ ഉദ്യോഗസ്ഥരെ ബോധിപ്പിച്ചു.
''പശുക്കളെ ഏറ്റെടുക്കാൻ കോടതിയിൽനിന്ന് ഉത്തരവുണ്ട്.''
അതു പറഞ്ഞുകൊണ്ട് സുരേന്ദ്രനാഥ് ഫയൽ കെട്ടഴിച്ച് ഉത്തരവിന്റെ പേപ്പർ എടുക്കാൻ തുടങ്ങി. മാത്യു സാർ തുടർന്നു.
''വൈറ്റിലപോലുള്ള തിരക്കുള്ള സിറ്റി പശുക്കളെ താമസിപ്പിക്കാൻ പറ്റിയ ഇടമല്ല. പശുക്കൾ കടുത്ത ബുദ്ധിമുട്ടിലാണെന്ന് കാണിച്ച് ഒരു സംഘടന കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. പശുക്കളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റാൻ കോടതിവിധിയുണ്ട്.''
''പശുവിനെ തരില്ല സാറേ...''
ജമാൽ പ്രതികരിച്ചു. സുരേന്ദ്രനാഥ് ഒന്നും മിണ്ടിയില്ല.
''പശുക്കൾക്കുള്ള പ്രാധാന്യം അറിയാല്ലോ, ഇല്ലേ?''
മാത്യൂസ് സാർ ഐഷയോട് മുന്നറിയിപ്പുപോലെ ചോദിച്ചു.
''അതു കാരണാ സാറേ ഞങ്ങൾ ജീവിക്കണത്. അത്ങ്ങക്ക് ഒരു ബുദ്ധിമുട്ടുമില്ല. സാറന്മാര് വേണേൽ വന്നുനോക്കിക്കോ. ഇത് കള്ള പരാതിയാ.''
ജമാലിതു പറഞ്ഞപ്പോൾ ''ശരിയാ സാറേ'' എന്ന് ഐഷ സപ്പോർട്ട് ചെയ്തു.
''അതൊന്നും പറഞ്ഞിട്ട് ഇനി കാര്യമില്ല. കോടതിവിധി അംഗീകരിക്കണം.''
''പശുക്കള്ക്ക് സമാധാനം കിട്ടുന്ന ഒരു സ്ഥലത്തേക്ക് ഞാൻ മാറ്റിക്കോളാം പോരേ സാറേ?''
ഉദ്യോഗസ്ഥർ എഴുന്നേറ്റ് നോട്ടീസ് തിണ്ണപ്പുറത്തുവെച്ച് കീറി ഐഷയുടെ നേരെ നീട്ടി.
''ഞങ്ങൾ ബലപ്രയോഗമൊന്നും നടത്താൻ പോണില്ല, അതിന് വേറെ ഡിപ്പാർട്മെന്റുണ്ട്. ഇതൊരു അറിയിപ്പായി കണക്കാക്കി പശുക്കളെ കാക്കനാട് ഓഫീസിനു മുന്നിൽ കൊണ്ടുവന്ന് കെട്ടിയാൽ നിങ്ങൾക്ക് നല്ലത്.''
സുരേന്ദ്രനാഥ് ഷൂസിലേക്ക് കാൽതിരുകി പുറത്തേക്കിറങ്ങി. ഒപ്പു വെപ്പിക്കുമ്പോൾ മാത്യു സാർ പറഞ്ഞു:
''പത്തു ദിവസത്തെ സമയമുണ്ട്. ശരിക്കൊന്ന് ആലോചിച്ച് വേണ്ടതുപോലെ ചെയ്യ്...''
അവർ വന്നിറങ്ങിയ ബോർഡ് വെച്ച കാർ മാറ്റി പാർക്ക് ചെയ്തിരുന്നത് അപ്പോഴാണ് ജമാൽ കണ്ടത്.
''ഇവിടം വിട്ട് ഉള്ളേരിയയിൽ എവിടെയെങ്കിലും സ്ഥലം മേടിച്ചുമാറാന്ന് എത്ര നാളായി പറയുന്നു..?''
അകത്തുനിന്ന് സൽമത്ത് ചോദിച്ചുകൊണ്ടു പുറത്തേക്കു വന്നു.
''പറയാൻ എളുപ്പാ, പെട്ടെന്ന് നടക്കണ കാര്യാണോ അത്.'' ജമാൽ കയർത്തു.
''ആരാണീ കൊലച്ചതി ചെയ്തത് പടച്ചോനേ.'' ഐഷ തലക്ക് കൈവെച്ചു.
ജമാൽ തന്റെ ഓട്ടോ സ്റ്റാർട്ടാക്കി ഓടിച്ചുപോയി.
നിമ വക്കീലിന്റെ ഫ്ലാറ്റിലായിരുന്നു ജമാൽ വെപ്രാളത്തോടെ എത്തിയത്. ജമാലിന്റെ വെച്ചൂർ പശുവിന്റെ ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും കസ്റ്റമറാണ് നിമ വക്കീൽ. തിരുവിതാംകൂർ മഹാരാജാവിന് ഉദരരോഗം കലശലായപ്പോൾ വൈദ്യൻ കൽപ്പിച്ചത് വെച്ചൂർ പശുവിന്റെ പാലായിരുന്നു എന്നും, വെച്ചൂർ കോട്ടയം ജില്ലയിലെ സ്ഥലമാണെന്നും എല്ലാം നിമ ഒരിക്കൽ പറഞ്ഞപ്പോഴാണ് ജമാൽ അറിയുന്നത്. ഒരു ചാണിനപ്പുറത്തേക്ക് പോകാത്തതാണ് ചാണകം. നാടൻപശുക്കളുടെ ഒഴികെ മറ്റു പശുക്കളുടേത് ചാണകമായി കണക്കാക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഒരിക്കൽ നിമ വക്കീൽ മുഴക്കത്തോടെ ചിരിച്ചു.
അമ്പത് വർഷത്തിൽ കൂടുതലായി പശുക്കളുമായി ജീവിക്കുന്ന ജമാലിന്റെ ജീവിതത്തിൽ പെട്ടെന്നുണ്ടായ പ്രതിസന്ധി നിമ വക്കീലിന് ബോധ്യപ്പെട്ടു. വിധി മേടിച്ചിരിക്കുന്നത് ദേശീയ പാർട്ടിയുടെ പോഷകസംഘടനയാണ്. ഒരുപാട് സാധാരണക്കാരായ മനുഷ്യർ ഇപ്പോൾ ഇതിന് ഇരയായിട്ടുണ്ട്. പലരും പശുക്കളെ കിട്ടിയ കാശിനു വിറ്റു. മറ്റു ചിലർ കോടതിവിധി അനുസരിച്ച് കാക്കനാട് ഓഫീസിൽ പശുക്കളെ കൊണ്ടുപോയി കെട്ടി. വഴങ്ങാത്ത മറ്റു ചിലരുടെ പക്കൽനിന്നും പശുക്കളെ പിടിച്ചെടുത്ത സംഭവം വരെ അടുത്ത ദിവസങ്ങളിലായി നടന്നു. കണ്ടുകെട്ടിയ പശുക്കളെ ലൈസൻസ് ഉള്ള ഫാമുകളിലേക്കും സർക്കാർ ഫാമുകളിലേക്കും മാറ്റിക്കൊണ്ടിരിക്കുകയാണ്. കുഴപ്പം പിടിച്ച കേസാണെങ്കിലും ഹർജി ഫയൽ ചെയ്യാമെന്നും സ്റ്റേ കിട്ടുന്നതുവരെ പശുക്കളെ തൽക്കാലം എവിടേക്കെങ്കിലും മാറ്റണമെന്നും നിമ പറഞ്ഞു. സൽമത്തിന്റെ നിക്കാഹിന് സ്വരുക്കൂട്ടിയ പൊന്നു വിറ്റാണെങ്കിലും കേസ് നടത്താൻ ഒരുക്കമാണെന്ന് ജമാലും സമ്മതിച്ചു.
പശുക്കളെ ഒളിപ്പിക്കാൻ തക്ക സ്ഥലം കിട്ടിയില്ലെങ്കിലും ആ പേരുപറഞ്ഞു വന്നുകയറിയ പല ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും ജമാൽ കൈമടക്ക് കൊടുത്ത് ഒതുക്കി. ആഴ്ചയിൽ ഒരിക്കൽ അവർ ജമാലിന്റെ വീടന്വേഷിച്ചു വരുകയും ജമാൽ പാലു വിറ്റ് കൊണ്ടുവരുന്ന കാശ് വാങ്ങി പോവുകയും ചെയ്യുന്നത് പതിവായി. പല നിയമങ്ങളും ഉദ്യോഗസ്ഥർക്ക് അഴിമതിക്ക് അവസരം ഉണ്ടാക്കി കൊടുക്കുന്നതാണെന്നും അതിനു വാപ്പച്ചിയെപ്പോലുള്ളവർ കൂട്ടുനിൽക്കുകയാണെന്നും സൽമത്ത് ഇടക്കിടെ ദേഷ്യത്തോടെ പറഞ്ഞു.
വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ ഇനമായ, ചരകസംഹിതയിൽപോലും സാക്ഷ്യപ്പെടുത്തിയിട്ടുള്ള ഭാരതത്തിന്റെ പൈതൃക സ്വത്തായ പശുവിനെ നഗരത്തിരക്കിൽ കശാപ്പു പാരമ്പര്യമുള്ള ഒരാൾ വളർത്തുന്നതിലുള്ള അപകടവും അനീതിയും കോടതിയിൽ അനുകൂലമാക്കി മാറ്റിയെടുക്കുവാൻ നിമ വക്കീലിന് നന്നായി പണിയെടുക്കേണ്ടിവന്നു.
ഓൺലൈൻ മീഡിയകളിലും പത്രങ്ങളിലും ചന്ദ്രിയുടെ ചിത്രവും ന്യൂസുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങി. അനുകൂലിച്ചും പ്രതികൂലിച്ചും പല പ്രമുഖരും രംഗത്തുവന്നു.
''ജീൻ ആംപ്ലിഫിക്കേഷന് വിധേയമാക്കി ഇന്ത്യയുടെ മാത്രം സ്വന്തമാണെന്ന് കണ്ടെത്തിയ ഒരു മൃഗത്തെ ഇങ്ങനെ വളർത്താൻ കഴിയില്ല. അതിനു ഞങ്ങൾ സമ്മതിക്കില്ല...''
ചാനൽ ചർച്ചയിൽ ഒരാൾ രോഷംകൊള്ളുന്നത് കണ്ടപ്പോൾ ജമാലിനുപോലും തോന്നി ചന്ദ്രിയെ പോറ്റാനുള്ള യോഗ്യത തനിക്കില്ലെന്ന്.
പല രാത്രികളിലും ജമാൽ വീട്ടിൽ വരാതാവുമ്പോൾ സൽമത്തും ഐഷയും ടോർച്ചുമായി ചെല്ലും. പാലത്തിനടിയിലെ തൊഴുത്തിൽ മര െബഞ്ചിൽ ചന്ദ്രിെയ തലോടിക്കൊണ്ട് അപ്പോൾ ജമാൽ കിടക്കുന്നത് കാണാം.
പിടിച്ചുനിൽക്കാൻ സാമ്പത്തികമായി പ്രയാസമായിരിക്കുന്നു, കേസ് നടത്തുന്നത് കടം വാങ്ങിയിട്ടാണ്.
പുല്ല് ചെത്തി കൊണ്ടുവന്ന ഓട്ടോ പാർക്ക് ചെയ്യുമ്പോൾ ഷൈനി ഓടി വന്നു.
''വാപ്പച്ചി, നമുക്ക് സ്റ്റേ കിട്ടി. വക്കീല് വിളിച്ചിരുന്നു.''
ജമാൽ മകളെ കെട്ടിപ്പിടിച്ചു. വിയർപ്പോടെ കരഞ്ഞു. ജമാലും കുടുംബവും പാരമ്പര്യമായി കാലിവളർത്തൽ, പാൽക്കച്ചവടം എന്നിവ ജീവിതമാർഗമാക്കിയവരാണന്നും പശുക്കൾക്കൊപ്പമാണ് ജമാൽ തന്റെ ജീവിതത്തിന്റെ ഏറിയപങ്കും ചെലവഴിക്കുന്നതെന്നും നിമ വക്കീലിന് കോടതിയെ ബോധ്യപ്പെടുത്താനായി. വർഷങ്ങൾ പഴക്കമുള്ള സഹകരണബാങ്കിലെ കന്നുകാലി ലോൺ, കാർഷികമേളകളിലെ അവാർഡുകൾ, ചിലരുടെ സാക്ഷ്യപ്പെടുത്തലുകൾ ഇതെല്ലാം കോടതി പരിശോധിച്ചു.
വൈകുന്നേരം നേരിട്ട് കണ്ടപ്പോൾ നിമ ജമാലിനോട് പറഞ്ഞു.
''ഭാഷ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നതുപോലെ ഒരു പ്രത്യേക മതത്തിൽപെട്ടവർക്കും, ലൈസൻസ് എടുക്കുന്നവർക്കും മാത്രമായി പശുക്കളെ വളർത്താനുള്ള അവകാശം പരിമിതപ്പെടുത്തിക്കൊണ്ടുള്ള ഒരു ബില്ല് കേന്ദ്ര ഗവൺമെന്റ് പാസാക്കാൻ പോവുകയാണ്...''
''ഇങ്ങനെ പോയാൽ ഈ നാട്ടിലെ കാലിവളർത്തലും പാലുൽപാദനവും ഒക്കെ കുറഞ്ഞുപോകില്ലേ..?'' -ജമാലിന്റെ സംശയം ന്യായമായിരുന്നു.
''കുറഞ്ഞുപോണം. ഇതെല്ലാം ഏറ്റെടുക്കാനും വിൽപന നടത്താനും ഇവിടെ കോർപറേറ്റുകൾ കാത്തുനിൽക്കുകയാണ്. അവരിലേക്ക് ഇതെല്ലാം എളുപ്പത്തിൽ എത്തിക്കാനുള്ള സൂത്രപ്പണിയാണ് ഈ പശുപ്രേമം.''
നിമ വക്കീലിന്റെ പുച്ഛത്തോടെയുള്ള മറുപടി കേട്ട് ജമാൽ നെടുവീർപ്പിട്ടു.
''ആശ്വസിക്കാൻ വകുപ്പൊന്നുമില്ല. അവർ ഇനിയും അനുകൂല വിധി വാങ്ങിയെടുക്കും."
വൈകുന്നേരം ഗോൾഡ് സൂക്കിന് പുറകിലുള്ള കാടു കയറി കിടക്കുന്ന പറമ്പിലേക്ക് ജമാൽ ചന്ദ്രിയെ മാറ്റിക്കെട്ടി.''ഇനിയാണ് സൂക്ഷിക്കേണ്ടത്.'' നിമ വക്കീലിന്റെ വാക്കുകൾ ജമാലിനെ നിദ്രാവിഹീനനാക്കി.
''എന്തൊക്കെ വന്നാലും ഞാൻ ചന്ദ്രിയെ വിട്ടുകൊടുക്കില്ല.'' ജമാൽ ഉറപ്പിച്ചു.
അയാളുടെ നരവീണ താടിയിലും കവിളിലും തഴുകിക്കൊണ്ട് ദുഃഖത്തോടെ ഐഷ പറഞ്ഞു: ''ഇക്ക, ചന്ദ്രിയെ എങ്ങോട്ടെങ്കിലും കൊണ്ടുപൊയ്ക്കോ... ഞങ്ങളിവിടെ എങ്ങനെയെങ്കിലും കഴിഞ്ഞോളാം.''
''നാളെ സംഘടനക്ക് അനുകൂലമായ വിധി വീണ്ടും വരും എന്നറിഞ്ഞു. പോലീസിനെ ഉപയോഗിച്ച് പശുക്കളെ പിടിച്ചെടുക്കാൻ സാധ്യതയുണ്ട്. എതിർക്കാൻ നിൽക്കണ്ട.'' ഫോണിലൂടെ നിമ വക്കീൽ വേഗത്തിൽ പറഞ്ഞ് അവസാനിപ്പിച്ചു.
വിട്ടുകൊടുക്കാൻ ജമാലും തയാറല്ലായിരുന്നു. ഭൂതത്താൻകെട്ടിനടുത്ത് പനച്ചുവട് കെട്ടിച്ചയച്ച ഇളയ സഹോദരി നബീസായെയും ഭർത്താവ് കുഞ്ഞാലിയെയും വിളിച്ച് കാര്യം ധരിപ്പിച്ചു. സുഹൃത്തായ ഗീവർഗീസിനെ 'ദോസ്ത്' എന്ന് പേരുള്ള മഹീന്ദ്ര ഗുഡ്സ് ഓട്ടോ ഏർപ്പാട് ചെയ്തു.
വെളിച്ചം വീഴുന്നതിനു മുമ്പേ ഭർത്താവിന് ആവശ്യം വേണ്ട സാധനങ്ങളെല്ലാം ഐഷ ചെറിയ ബാഗിൽ ആക്കി. ദോസ്തിൽ ചന്ദ്രിയെ കയറ്റി. യാത്ര ചോദിച്ചപ്പോൾ ഐഷയും സൽമത്തും, ഷൈനിയും ജമാലിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. ''അധികം താമസിച്ചാ എനിക്ക് പുലിവാലാകും.''
ഡ്രൈവർ ഗീവർഗീസിന്റെ ഓർമപ്പെടുത്തലിൽ ഭയം ഉണ്ടായിരുന്നു.
ആ പകലിൽ നിമ ഓർമപ്പെടുത്തിയതുപോലെ പല അഹിതങ്ങളും നടന്നു. ജമാൽ ചന്ദ്രിയുമായി കടന്നുകളഞ്ഞത് പോലീസിനെ ചൊടിപ്പിച്ചു. വിധി ഉണ്ടായതിനു പിന്നാലെ പോലീസ് പാലത്തിനടിയിൽനിന്ന് മറ്റു പശുക്കളെ അഴിച്ചെടുക്കാൻ ശ്രമിച്ചു. ഐഷയും മക്കളും എതിർത്തു. ബലപ്രയോഗത്തിനിടയിൽ ലാത്തിയടിയേറ്റ് ഐഷയുടെ തല പൊട്ടി ചോരയൊഴുകി. സൽമത്ത് ഒരു പോലീസുകാരനെ കടിച്ചു പരിക്കേൽപിച്ചു. സംഘർഷത്തിനൊടുവിൽ പശുക്കളെ പോലീസ് കൊണ്ടുപോയി.
ജമാൽ ഒളിപ്പിച്ച വെച്ചൂർ പശുവിനെ കണ്ടെത്താൻ അസിസ്റ്റന്റ് കമീഷണറുടെ നേതൃത്വത്തിൽ അന്വേഷണസംഘത്തെ രൂപവത്കരിച്ചു. ഒമ്പത് ഉദ്യോഗസ്ഥരുടെ മൂന്ന് സംഘമായി തിരിഞ്ഞാണ് അന്വേഷണം.
ജമാൽ വന്നതുകൊണ്ട് കുഞ്ഞാലിയും കുട്ടികളും വലിയ ഉത്സാഹത്തിലാണ്. ചന്ദ്രിയോട് വലിയ സ്നേഹമാണ് എല്ലാവർക്കും. ബാപ്പയുടെ മണമാണ് വെച്ചൂർ പശുവിന് എന്നാണ് നബീസ പറയുന്നത്.
പുലർച്ചെ ചായകുടി കഴിഞ്ഞ് വെള്ളയപ്പവും മുട്ടക്കറിയും പാഴ്സൽ വാങ്ങി വരുമ്പോൾ പല വർത്തമാനങ്ങളും കവലയിൽ കുഞ്ഞാലി കേട്ടു. വിവാദപശു തന്റെ വീട്ടിൽ ഉള്ളത് ആളുകൾ അറിഞ്ഞിരിക്കുന്നു, പലചരക്ക് കടക്കാരൻ ചാക്കപ്പൻ ചേട്ടൻ കുഞ്ഞാലിയെ മാറ്റിനിർത്തി പറഞ്ഞു: ''ഇന്നലെ രാത്രി നിന്റെ വീട് തിരക്കി രണ്ടുമൂന്നു പേര് വന്നിരുന്നു. കണ്ടിട്ട് വരത്തൻമാരാ. വണ്ടി മുമ്പ് കണ്ടിട്ടില്ല ഒന്ന് സൂക്ഷിക്കണം.'' കുഞ്ഞാലി വേഗം വീട്ടിലേക്ക് സൈക്കിൾ ചവിട്ടി .
പറമ്പിന്റെ ഒരു ഭാഗത്ത് കൊക്കോ മരങ്ങൾക്കിടയിലാണ് ചന്ദ്രിയെ കെട്ടിയിരിക്കുന്നത്. ആർക്കും ഒറ്റനേട്ടത്തിൽ കണ്ടെത്താൻ കഴിയില്ല. കവലയിലെ വിവരങ്ങൾ വീട്ടിൽ പങ്കുവെച്ചപ്പോൾ ജമാലിന് വല്ലാത്ത വിഷമമായി.
''ഞാൻ ഇവിടുന്ന് മാറുവാ.''
''എവിടെ പോവാൻ?'' കുഞ്ഞാലി ദേഷ്യപ്പെട്ടു.
മറുപടി പറയാതെ ജമാൽ അകത്തേക്കു പോയി ബാഗ് തോളിലിട്ട് പുറത്തേക്കു വന്നു.
''ഇവിടെ കുട്ടികൾ ഉള്ളതല്ലേ കുഴപ്പമൊന്നും ഉണ്ടാവരുത്. അളിയൻ ഒന്ന് ഹെൽപ്പ് ചെയ്താ മതി.''
''ഇക്ക എങ്ങോട്ടും പോണില്ല. എന്തുവേണേലും വരട്ടെ ഞങ്ങൾ സഹിക്കും'' -നബീസ ജമാലിനെ തടഞ്ഞു.
''നിനക്കറിയാമേലാഞ്ഞിട്ടാ അവരോടൊന്നും എതിർത്തു നിൽക്കാൻ നമുക്ക് കഴിയില്ല.''
മൊബൈൽ ഫോൺ എടുത്തുകാണിച്ച് ജമാൽ കുഞ്ഞാലിയോട് പറഞ്ഞു.
''ഞാൻ വിളിക്കാം സൂത്രത്തിൽ എത്തിയാ മതി.''
ഭൂതത്താൻകെട്ട് പാലം കയറി ചെക്ക് പോസ്റ്റിൽ ഉള്ളവരുടെ കണ്ണിൽപ്പെടാതെ ജമാൽ ചന്ദ്രിെയയുംകൊണ്ട് മലകയറി ആരും കണ്ടെത്താത്ത പച്ചത്തുരുത്ത് തേടി നടക്കുകയാണ്...
കുഞ്ഞാലി വിളിക്കുമ്പോൾ ഏകദേശം സ്ഥലവും ദിശയും ജമാൽ പറഞ്ഞുകൊടുത്തു.
സോഷ്യൽ മീഡിയയിൽ ജമാൽ ഇപ്പോൾ ഹീറോയാണ്. സർക്കാറിന്റെ സർവസന്നാഹങ്ങളെയും വെട്ടിച്ചു മുങ്ങിനടക്കുന്ന ജമാലിന് ചെറുപ്പക്കാർക്കിടയിൽ ആരാധകരുണ്ട്. ജമാലിന് അദൃശ്യനാവാനുള്ള കഴിവുണ്ടെന്നും ജമാലിന്റെ കൈവശമുള്ളത് അത്ഭുത പശുവാണെന്നും ജമാലിന് പാക്കിസ്ഥാന്റെ സഹായമുണ്ടെന്നും കിംവദന്തികൾ പരന്നു.
സ്കിസോഫ്രീനിയക്ക് മരുന്നു കഴിക്കുന്ന വാപ്പച്ചിയെ കണ്ടെത്തണമെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സൽമത്തും ഷൈനിയും ഫേസ്ബുക്കിൽ ലൈവ് വന്ന് പൊട്ടിക്കരഞ്ഞു. വേദനിപ്പിക്കുന്ന ആ കാഴ്ചക്കു താഴെയും വേണ്ടാത്ത കുറേ കമന്റുകൾ വന്നു.
മൂന്നുദിവസം കുഞ്ഞാലി തേടിപ്പിടിച്ച് അളിയന് ഭക്ഷണം എത്തിച്ചു. വീട്ടിലെയും നാട്ടിലെയും വാർത്ത അറിയുന്നതോടെ ജമാൽ ഉൾക്കാട്ടിലേക്ക് കയറിക്കൊണ്ടിരുന്നു.
അവസാനം വിളിക്കുമ്പോൾ ഐഷയുടെ ജോലി നഷ്ടപ്പെട്ട കാര്യവും കുഞ്ഞാലിയെ തേടി പോലീസ് പലപ്രാവശ്യം വീട്ടിൽ വന്ന കാര്യവും നബീസ ജമാലിനെ അറിയിച്ചു. കുഞ്ഞാലിക്ക ഒളിച്ചുപോയിരിക്കുകയാണെന്നും ഏതുനിമിഷവും പോലീസ് പിടിക്കുമെന്നും പറഞ്ഞ് നബീസ വിഷമിച്ചപ്പോൾ അത് കേൾക്കാൻ കഴിയാത്തവണ്ണം ജമാലിന്റെ ചെറിയ ഫോൺ ചാർജ് തീർന്നു കട്ടായി. അപകടം പിടിച്ച കാടിനകത്തേക്ക് സുരക്ഷക്കായി ജമാൽ കയറിക്കൊണ്ടേയിരുന്നു.
ജമാലും ചന്ദ്രിയും കയറിയ കാട്ടിൽ ഫോറസ്റ്റ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥരും പോലീസും തിരച്ചിൽ തുടങ്ങി. ഡിവൈ.എസ്.പി ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള അഞ്ചാം ബെറ്റാലിയനാണ് കാടു വളഞ്ഞിരിക്കുന്നത്.
ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള നിരീക്ഷണത്തിൽ ഏഴാം ദിവസം പാറക്കെട്ടുകൾക്കിടയിൽ ജമാലിനെ അവർ കണ്ടെത്തി.
കാടിന് നടുക്ക് വെള്ളച്ചാട്ടത്തിനടുത്ത് ചന്ദ്രിയുടെ ശരീരാവശിഷ്ടങ്ങൾക്കടുത്ത് തല കുമ്പിട്ടിരിക്കുകയാണ് ജമാൽ. ചന്ദ്രിയെ വന്യമൃഗങ്ങൾ ആക്രമിച്ചു കൊന്നതാകാനാണ് സാധ്യത. പോലീസ് തന്നെ വളഞ്ഞതൊന്നും ജമാൽ അറിഞ്ഞില്ല.
''പ്രതിയും പശുവും ഇല്ലാതെ കാടിറങ്ങിയിട്ട് കാര്യമില്ല. ചന്ദ്രിയോട് സാദൃശ്യം തോന്നുന്ന പശുവിനെ കാട്ടിലെത്തിക്കും. അതുമായി വേണം കാടിറങ്ങാൻ.''
അസിസ്റ്റന്റ് കമീഷണർ സംഭവസ്ഥലത്തുള്ള ഡിവൈ.എസ്.പി ശ്രീനിവാസനെ അറിയിച്ചു. കാടിനു പുറത്തും മീഡിയാസംഘം കാത്തുകിടക്കുകയാണ്. അതിന്റെ അങ്കലാപ്പ് തനിക്കുള്ള ഓരോ ഫോൺകോളിലും ശ്രീനിവാസന് കേൾക്കാമായിരുന്നു. ചന്ദ്രിയുടെ ശരീരാവശിഷ്ടങ്ങൾ പഞ്ചസാരയിട്ട് കത്തിക്കുമ്പോൾ ഒരു പോലീസുകാരൻ ചോദിച്ചു:
''ഇതിന്റെയൊക്കെ ആവശ്യമുണ്ടോ?''
''പറയുന്നത് കേട്ടാ മതി.'' മേലുദ്യോഗസ്ഥന്റെ രോഷത്തിൽ അയാൾ പിന്നെ ഒന്നും ചോദിച്ചില്ല.
ഇതിനിടയിൽ വിരുതന്മാരായ പോലീസുകാർ കാട്ടിലെ പല ജീവികളെയും വെടിവെച്ചുവീഴ്ത്തുകയും കരിമ്പാറയിൽ തീ കൂട്ടി ചുട്ടു തിന്നുകയും ചെയ്തു. പോലീസുകാർ വിളിച്ചു പറഞ്ഞതനുസരിച്ച് പരിസരവാസിയായ ഒരു പി.സി ആദിവാസി ചെറുക്കന്റെ തലയിൽ ഒരു കന്നാസ് വാറ്റുചാരായം ചുമപ്പിച്ചുകൊണ്ട് മലകയറി വന്നു.
അവർ മദ്യപിക്കുകയും വെടിക്കഥകൾ പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു. കൈകെട്ടി നിന്ന ജമാലിനെ ചിലർ പരിഹസിച്ചു.
''ഇനിയും ഇങ്ങനെ ചില പണി ഒപ്പിക്കണം കേട്ടോടാ. എന്നാലേ ഞങ്ങൾക്ക് കാട് കയറാൻ പറ്റൂ,'' മുതിർന്ന പോലീസുകാരൻ ചുട്ട ഇറച്ചി കടിച്ചുപറിച്ച് ചിരിച്ചുകൊണ്ടു പറഞ്ഞു.
മലക്ക് താഴെ ഡ്യൂപ്പ് പശു എത്തിയെന്ന് സന്ദേശം ലഭിച്ചപ്പോൾ അവർ ജമാലിനെയും കൂട്ടി താഴേക്ക് നടന്നു.
''താനാരോ തന്നാരോ താനേത്...''
ഈ രീതിയിലുള്ള ഭരണിപ്പാട്ട് പാടിക്കൊണ്ടാണ് പോലീസുകാർ പാറകളിൽ മാറിമാറി ചവിട്ടി താഴേക്ക് നടന്നത്.
കുറച്ചുദൂരം ചെന്നപ്പോൾ ജമാൽ പെട്ടെന്ന് നിന്നു. ജമാലിന്റെ കൈയിൽ മുറുക്കിയിരുന്ന വിലങ്ങു പിടിച്ച പോലീസുകാരൻ അതോടെ പാറയിൽ തെന്നിവീണു. അയാൾ എഴുന്നേറ്റ വഴി ജമാലിന്റെ കവിളിൽ അടിച്ചു. ജമാൽ ഒന്ന് കുതറി. വിലങ്ങിൽനിന്ന് പോലീസുകാരന്റെ പിടിവിട്ടു. ജമാൽ ഒച്ചവെച്ചുകൊണ്ട് വന്ന വഴി പിന്നിലേക്ക് ഓടി. പോലീസ് പിന്നാലെ ഓടി. നിൽക്കാൻ പലപ്രാവശ്യം ഭീഷണിപ്പെടുത്തിയിട്ടും ജമാൽ അനുസരിച്ചില്ല. ജമാൽ പാറക്കെട്ടിനു മുകളിലേക്ക് ഓടിക്കയറിക്കൊണ്ടിരുന്നു. ഡിവൈ.എസ്.പി ശ്രീനിവാസ് തന്റെ സർവീസ് റിവോൾവർ എടുത്ത് ജമാലിന്റെ തുട ഉന്നംപിടിച്ച് നിറയൊഴിച്ചു. അത് തലക്ക് പിന്നിൽതന്നെ കൊണ്ടു. പാറക്കെട്ടിനു മുകളിൽനിന്നും ജമാൽ അലർച്ചയോടെ താഴെ വെള്ളച്ചാട്ടത്തിലേക്ക് മറിഞ്ഞു. ഓടിയെത്തിയ പോലീസുകാർ താഴേക്ക് നോക്കിയ ശേഷം തൊപ്പിയൂരി.
''താഴെ പോയി വിലങ്ങൂരിയെടുക്കണം എന്നിട്ടേ ഞാൻ മുകളിലേക്ക് അറിയിക്കുന്നുള്ളൂ.''
ശ്രീനിവാസ് തന്റെ കൂടെയുള്ള പോലീസുകാരോട് താക്കീതുപോലെ പറഞ്ഞു. അയാൾ വീണ്ടും ആകാശത്തേക്ക് നിറയൊഴിച്ചു. പക്ഷികൾ മലക്ക് മുകളിൽനിന്നും കൂട്ടമായി ചിറകടിച്ചുയർന്നു.
ഉച്ചമയക്കത്തിൽനിന്ന് ഞെട്ടിയുണർന്ന ജമാൽ മുണ്ട് വാരിക്കുത്തി പുറത്തേക്ക് ഓടി. ജെ.ജെ ഫ്രാൻസിസ് റോഡും പിന്നിട്ട്, പൊന്നുരുന്നി റോഡും ക്രോസ് ചെയ്ത് ഓടിയ ജമാൽ വൈറ്റില ചെറിയപാലത്തിനടിയിൽ ചന്ദ്രിയെ കെട്ടിയ സ്ഥലത്ത് ചെന്നാണ് നിന്നത്.
പാലത്തിനു താഴെ ചന്ദ്രി പുല്ല് തിന്നുന്നുണ്ട്. മറ്റു മൂന്നു പശുക്കൾ കിടന്ന് അയവിറക്കുന്നു. ജമാൽ ആശ്വാസത്തോടെ മുകളിലേക്ക് നോക്കി. മേൽപ്പാലത്തിലെ കൈവരിയിൽ കൊടികൾ പാറുന്നു.
''മരുന്നു കഴിക്കാതെ കിടന്നപ്പഴേ തോന്നി ഇന്ന് എന്തെങ്കിലും ആലോചിച്ച് കൂട്ടൂന്ന്.''
ശബ്ദം കേട്ട് ജമാൽ തിരിഞ്ഞുനോക്കി. പിന്നിൽ ഐഷയും സൽമത്തും ഷൈനിയും.
ജമാൽ ഓടുന്നത് കണ്ട് അവർ ഭയത്തോടെ പിന്നാലെ വന്നതാണ്.
''ഇന്നെന്തു സ്വപ്നമാണ് വാപ്പച്ചി കണ്ടത്..?'' ഷൈനി കുസൃതിയോടെ തിരക്കി.
ജമാൽ ചന്ദ്രിയെ തലോടിക്കൊണ്ട് പതിയെ പറഞ്ഞു: ''ഒരു നാൽക്കാലി സ്വപ്നം...''