ഹോട്ടൽ രാജഗോപാൽ
കലവറയിൽ രണ്ട് ബെഞ്ചുകൾ ചേർത്തിട്ട്, അതിലാണ് പക്കിയുടെ ഉറക്കം. രാജഗോപാലിന്റെ അടുക്കളയെ വിളിച്ചെഴുന്നേൽപിക്കുന്നതും അയാൾതന്നെ. വെളുപ്പിന് മൂന്നു മണിക്ക്. സാമ്പാറിന്റെ പണി ആദ്യം തുടങ്ങും. വിറകിന് തീപിടിച്ച് അടുപ്പ് എഴുന്നേറ്റുനിൽക്കാറാകുമ്പോൾ മണി നാലാകും. നാലരയാകുമ്പോൾ, ഹെർക്കുലീസ് സൈക്കിളിൽ, ദോശപ്പാച്ചനെയും ലോഡു വെച്ച് മീശാന്റെ ഒരു വരവുണ്ട്. ആ നേരത്തുതന്നെ കുളിച്ച് വെടിപ്പായി രാജഗോപാലനും പാഞ്ഞെത്തും. | ചിത്രീകരണം: സുരേഷ് കുമാർ
ഹോട്ടൽ രാജഗോപാലിൽ ഉണ്ണിയപ്പത്തിനും ഉഴുന്നുവടക്കും ബോണ്ടക്കും അമ്പതു പൈസയുള്ള കാലം. ബസ്സോടുന്ന വഴിയിൽ നിന്ന് ഒന്നര കിലോമീറ്ററോളം അകത്തേക്കു മാറി, അധികം തിരക്കില്ലാത്ത ഒരു നാട്ടുവഴിവക്കത്തെ വാടകക്കെട്ടിടത്തിലായിരുന്നു, ആ ഹോട്ടൽ. പ്രൊപ്രൈറ്റർ രാജഗോപാലൻ എന്ന നാൽപത്താറുകാരൻ, ഭാര്യ ഭാനുമതി, ദോശപ്പാച്ചൻ എന്നു വിളിച്ചുപോരുന്ന നാണപ്പൻ, പക്കിയെന്ന ഭാസ്കരൻ എന്നീ പാചകവിളമ്പുസംഘമാണ് രാജഗോപാൽ എന്ന ഹോട്ടലിന്റെ മാനവശേഷി. കൂടാതെ, ഒരു കൈ പൊക്കി...
Your Subscription Supports Independent Journalism
View Plansഹോട്ടൽ രാജഗോപാലിൽ ഉണ്ണിയപ്പത്തിനും ഉഴുന്നുവടക്കും ബോണ്ടക്കും അമ്പതു പൈസയുള്ള കാലം. ബസ്സോടുന്ന വഴിയിൽ നിന്ന് ഒന്നര കിലോമീറ്ററോളം അകത്തേക്കു മാറി, അധികം തിരക്കില്ലാത്ത ഒരു നാട്ടുവഴിവക്കത്തെ വാടകക്കെട്ടിടത്തിലായിരുന്നു, ആ ഹോട്ടൽ.
പ്രൊപ്രൈറ്റർ രാജഗോപാലൻ എന്ന നാൽപത്താറുകാരൻ, ഭാര്യ ഭാനുമതി, ദോശപ്പാച്ചൻ എന്നു വിളിച്ചുപോരുന്ന നാണപ്പൻ, പക്കിയെന്ന ഭാസ്കരൻ എന്നീ പാചകവിളമ്പുസംഘമാണ് രാജഗോപാൽ എന്ന ഹോട്ടലിന്റെ മാനവശേഷി. കൂടാതെ, ഒരു കൈ പൊക്കി ഉത്തരം തൊട്ട്, മറുകൈ മുട്ടോളം താഴ്ത്തി, മൂന്നടിയോളം നീളത്തിൽ അടിച്ചെടുക്കുന്ന പതപ്പൻ ചായയുടെ നിർമാതാവ് മീശാൻ എന്ന മീശയില്ലാത്ത രാമുവും ചേർന്നാൽ അംഗബലം കിറുകൃത്യം. ഹോട്ടലിന്റെ പൊതുസ്വത്തായ ജേഴ്സി പശുക്കൾ രണ്ടെണ്ണത്തിനെ പരിപാലിച്ചു പോരുന്ന മൂത്തവൻ വേണുക്കുട്ടൻ, രാജശ്രീ, അജയൻ എന്നിവരും ആ പരിസരത്തിന്റെ ഭാഗംതന്നെ.
ഹോട്ടൽ രാജഗോപാലിലെ ഏറ്റവും പ്രധാന വിഭവം, ദോശപ്പാച്ചന്റെ പട്ടുപോലുള്ള ദോശയും മുട്ടറോസ്റ്റുമാണ്. കൂട്ടത്തിൽ മീശാന്റെ ഒന്നരയിഞ്ച് പതപ്പിച്ച ചായയും.
അക്കാലത്ത്, ഏതൊരു ഹോട്ടലിന്റെയും മുമ്പിൽ, ഒരു കണ്ണാടിയലമാര കാണും. ഒരു പരസ്യചിത്രംപോലെ. രാജഗോപാലിലെ കണ്ണാടി അലമാരയിൽ, ഇലയിട്ടു നിരത്തുന്ന എണ്ണക്കടികളും ആവിപ്പലഹാരങ്ങളും സന്ധ്യ കഴിയുമ്പോൾ തീരും. തീരണം എന്നാണ്. ഭക്ഷണം വയറിനെയാണല്ലോ അന്വേഷിക്കേണ്ടത്. കണ്ണാടി അലമാരയിലെ വസ്തുക്കളൊന്നും വഴിതെറ്റിപ്പോകരുതെന്ന് രാജഗോപാലന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, ബാക്കിയെന്തെങ്കിലും വന്നാൽ, പിറകുവശത്തെ കിണറ്റുകരയിൽ സദാ വിളിപ്പുറത്തുള്ള പാച്ചിക്കു വിളമ്പും. അതൊരു പെറ്റു വശം കെട്ട പെൺപട്ടിയാണ്.
ഊണിനു വിളമ്പുന്ന ജോനക നാരങ്ങാക്കറി ഹോട്ടലിലെ മറ്റൊരു വിശിഷ്ട വിഭവമാണ്. പതിവുകാരിൽ ചിലർ ദോശയുടെ കൂടെപ്പോലും അത് ചോദിച്ചുവാങ്ങും. പോകപ്പോകെ ഏതു പാത്രത്തിലും ഭക്ഷണത്തോടൊപ്പം ഒരു നുള്ളു നാരങ്ങാക്കറി വിളമ്പുന്നത് കടയിലെ ശീലമായി.
കലവറയിൽ രണ്ട് ബെഞ്ചുകൾ ചേർത്തിട്ട്, അതിലാണ് പക്കിയുടെ ഉറക്കം. രാജഗോപാലിന്റെ അടുക്കളയെ വിളിച്ചെഴുന്നേൽപിക്കുന്നതും അയാൾതന്നെ. വെളുപ്പിന് മൂന്നു മണിക്ക്. സാമ്പാറിന്റെ പണി ആദ്യം തുടങ്ങും. വിറകിന് തീപിടിച്ച് അടുപ്പ് എഴുന്നേറ്റു നിൽക്കാറാകുമ്പോൾ മണി നാലാകും. നാലരയാകുമ്പോൾ, ഹെർക്കുലീസ് സൈക്കിളിൽ, ദോശപ്പാച്ചനെയും ലോഡു വെച്ച് മീശാന്റെ ഒരു വരവുണ്ട്. ആ നേരത്തുതന്നെ കുളിച്ച് വെടിപ്പായി രാജഗോപാലനും പാഞ്ഞെത്തും. അതോടെ ഒരുക്കങ്ങൾ വെന്തു തിളക്കും. മുൻവശത്തെ പാലകത്തട്ടുകൾ പൊക്കി, പുറംലോകത്തെ ഹോട്ടലിലേക്കു ക്ഷണിക്കുമ്പോൾ, ഏതാണ്ട് അഞ്ചു മണി. വെളുപ്പിന് എരിഞ്ഞു തുടങ്ങിയ അടുപ്പുകൾ, ഒരുക്കി വിട്ടവയോരോന്നും, അന്നേരം കണ്ണാടി അലമാരയിൽ കയറി, തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കും. അഞ്ചരയാകുമ്പോൾ, ചായ കുടിക്കാൻ നാലഞ്ചു പതിവുകാരെത്തും. അതിലൊരാൾ കുട്ടച്ചനാണ്. നല്ല കാലത്ത്, അവിടങ്ങളിലെ മരപ്പണിയുടെ മേലാളൻ അയാളായിരുന്നു. ഇപ്പോൾ കാര്യമായിട്ടാരുമില്ല. പകലൊക്കെ എങ്ങോട്ടോ പോകും. രാത്രി, എട്ടേകാലിന് രാജഗോപാലടച്ചാൽ ഉടൻ, കലവറയിൽ ചുരുട്ടിവെച്ച പായും തലയിണയുമെടുത്ത്, റോഡിനു നേരെയുള്ള തിണ്ണയിൽ കുട്ടച്ചൻ വിരിച്ചു കിടക്കും. കലവറയിൽ കിടന്നോളാൻ പക്കി ക്ഷണിക്കുമ്പോഴൊക്കെ അയാളൊന്നു ചിരിക്കും.
...എന്നാ ചെയ്യാനാ... കടത്തിണ്ണേലെ തണുപ്പടിച്ചാലേ ഒറക്കം വരൂ.
കുട്ടച്ചന്റെ ചിരി, പക്കി വായിച്ചെടുക്കും.
ചായ കുടിച്ച് ക്യാഷിനടുത്തേക്കു വന്നാലും കുട്ടച്ചന്റെ ചായക്കാശ് വാങ്ങാറില്ല. അടുത്തുവരുമ്പോൾ രാജഗോപാലൻ വെറുതെ ചോദിക്കും.
''എന്താ ഭാഗ്യവാൻ...'' അതിനും മറുപടി ചിരി മാത്രം.
ആരുമില്ലാത്തവന് ഭാരമില്ല. ഭാരമില്ലാത്തവൻ ഭാഗ്യവാൻ. കുട്ടച്ചന്റെ ചിരി വാങ്ങി രാജഗോപാലൻ മേശയിലിടും.
മുഴുവൻ സമയവും ഹോട്ടലിൽ കൂടുന്ന ഭാനുമതിയുടെ പണിയില്ലാ നേരങ്ങൾ ഉന്തിവിടാനായി തുടങ്ങിവെച്ചതാണ്, വരാന്തയുടെ മൂലയിലെ ആ പെട്ടിക്കട. നിരത്തിയിട്ട രണ്ടു മേശകൾ, അതിന് മുകളിൽ കുറെ കണ്ണാടി ഭരണികൾ. അവയിൽ ഓരോന്നിലും നിറച്ച പ്യാരി മുട്ടായി, കപ്പലണ്ടി മുട്ടായിയുടെ സമചതുരം, ചന്ദ്രക്കലരൂപത്തിൽ നാരങ്ങാരുചി , കുനുകുനെ നിറച്ച ജീരകമുട്ടായി എന്നിങ്ങനെ. അങ്ങേയറ്റത്തെ ഭരണിയിലാണ് വെള്ള പ്ലാസ്റ്റിക് കടലാസിൽ പൊതിഞ്ഞ കരിക്കട്ട നിറമുള്ള പോത്തുമുട്ടായി. കൃത്യമായ ആകൃതിയില്ലാത്ത ആ കറുമ്പൻ മുട്ടായിക്കാണ് ഉച്ചനേരത്തും വൈകീട്ട് സ്കൂൾ വിടുമ്പോഴുമൊക്കെ ആവശ്യക്കാരേറെ.
അജയൻ നാലിലും രാജശ്രീ ആറിലുമാണെങ്കിലും അവനവളെ ചേച്ചിയെന്നൊന്നും അക്കാലങ്ങളിൽ വിളിച്ചിരുന്നില്ല. ഭാനുമതി അതിന് വഴക്ക് പറഞ്ഞിരുന്നെങ്കിലും രാജഗോപാലൻ ആൺകുട്ടികൾക്കങ്ങനെയൊക്കെയാകാം എന്നമട്ടിൽ അവനോടെതിരൊന്നും പറഞ്ഞില്ല. അതുതന്നെയായിരുന്നു അവന്റെ ബലവും.
ഊണുസമയത്താണ് കടയിലേറ്റവും തിരക്ക്. ആ സമയത്ത് ഭാനുമതിയും വിളമ്പാൻ കൂടാറുണ്ട്. ഉണ്ടുകഴിഞ്ഞ് സ്കൂളിലേക്കിറങ്ങുമ്പോൾ അമ്മ അടുത്തെങ്ങും ഇല്ലെങ്കിൽ, രാജശ്രീ അങ്ങേയറ്റത്തുള്ള ഭരണി തുറന്ന് കണ്ടുവെച്ച വലുപ്പമുള്ള രണ്ടെണ്ണം റാഞ്ചിയെടുക്കും. കൂടുതൽ വലുത് അവനും, ചെറുത് അവൾക്കും. പണ്ടേ അതാണ് വീട്ടിലെ ശീലം.
പോത്തുമുട്ടായിയുമായി സ്കൂളിലെത്തി, കൂട്ടുകാർ കാൺകെ, പ്ലാസ്റ്റിക് കവർ തുറന്ന് അവനത് വായിലിടും. എന്നിട്ട് വലതും ഇടതും അണകളിലേക്ക് നാക്കുകൊണ്ടൂഞ്ഞാലാട്ടി, വായൽപം തുറന്ന്, കറുത്ത് മധുരമൂറുന്ന ആ ചെറുകഷണം ചുറ്റുമുള്ളവർക്ക് വെളിപ്പെടുത്തി, ബെല്ലടിക്കുന്നതുവരെ രസിച്ചിരിക്കും. ബെല്ലടിച്ചാലോ അലിഞ്ഞുതീരാത്ത ആ ചെറുകട്ട, കടിച്ചു പൊട്ടിച്ചിറക്കും. ചിലപ്പോൾ, അലിഞ്ഞു തീരാറാകുമ്പോൾ ഒന്നുരണ്ടു മണൽത്തരിയുണ്ടാകും. അതു തുപ്പിക്കളയുന്നതിനു മുമ്പ് സാറ് വന്നാൽ വിഴുങ്ങിക്കളയും.
ഇതിലൊന്നും തീരെ താൽപര്യമില്ലെന്നു നടിക്കുന്ന ഒരാളാണ് രാജശ്രീയുടെ ക്ലാസിലെ എബ്രഹാം. അവനായിരുന്നു ആ ക്ലാസിൽ ഏറ്റവും പൊക്കവും വണ്ണവും. കൂടാതെ കയ്യിൽ ഒരു സ്വർണമോതിരവും. തെക്കെവിടെനിന്നോ വന്നതാണ്. ഹോട്ടലിന് എതിർവശത്ത് രണ്ടു വീടുകൾക്കപ്പുറമുള്ള ഇരുനില വീട്ടിലാണ് താമസം.
അവിടെ എല്ലാ ദിവസങ്ങളിലും ഉച്ചനേരത്ത്, വെള്ള അക്ഷരത്തിൽ മുമ്പിലെന്തോ വലുതായി എഴുതിയ ഒരു ജീപ്പിൽ, കാക്കി വേഷമിട്ട ഒരാൾ വന്നിറങ്ങും. ഉണ്ടുകഴിഞ്ഞ് രാജശ്രീയും അജയനും പോത്തുമുട്ടായിയും റാഞ്ചി സ്കൂളിലേക്കിറങ്ങുന്നതും ആ നേരത്താണ്. ഒരു സ്ത്രീ വാതിൽ തുറക്കുന്നതും, ജീപ്പിൽ വന്നയാൾ ചിരിച്ച്, ഉറക്കെ വർത്തമാനം പറഞ്ഞ് വീടിനകത്തേക്ക് കയറുന്നതും കാക്കിയോടുള്ള പേടികൊണ്ടോ കൗതുകംകൊണ്ടോ അവരിരുവരും ഗേറ്റിങ്കൽ മറഞ്ഞുനിന്ന് കാണാറുണ്ട്. അച്ഛൻ വരുമ്പോൾ ഓടിവരാറുള്ള എബ്രഹാം, ഗേറ്റിനപ്പുറം മറഞ്ഞുനിന്ന ഇരുവരെയും ഒരിക്കൽ കൈയോടെ പിടികൂടുകയും ചെയ്തു.
''ഇയാടച്ചൻ ഇൻസ്പെക്ടറാണോ?''
എബ്രഹാം ഗൗരവത്തിൽ തലയാട്ടി. പേടിച്ചുപോയ രാജശ്രീ, അന്നത്തെ പോത്തു മുട്ടായി അവന്റെ നേരെ നീട്ടി. എബ്രഹാമത് വാങ്ങി വായിലിട്ട് ഗമയിൽ വലിച്ചുവിട്ടൊരു നടപ്പ്.
വളവിനപ്പുറത്തെ വലിയപ്പള്ളിയിൽ തൊട്ടടുത്തദിവസം റാസയാണ്. അന്ന് തിളച്ചുമറിയുന്ന ചീനച്ചട്ടികളിൽ എണ്ണക്കടികൾ നിർലോഭം മുങ്ങിനിവരും. അന്നത്തെ ഹൈലൈറ്റാണ് പാലപ്പോം മുട്ട റോസ്റ്റും. കൂടാതെ വെട്ടുകേക്ക്, മടക്ക്സാൻ, പൂകേക്ക് എന്നീ വിശേഷവിഭവങ്ങൾ വേറെയും. വന്നിരുന്നു കഴിക്കാനും പൊതിയാക്കി വാങ്ങാനും അന്നൊരുപാടുപേരെത്തും. ഭാനുമതിയും രാജശ്രീയും ചിലപ്പോൾ അവനും തിരക്കുകൂടിയാൽ വിളമ്പാനിറങ്ങാറുണ്ട്.
അന്ന് റാസ പതിവിലും വൈകി. അതുകൊണ്ട് തീരുന്നതിനു മുമ്പേ, ഉറക്കം തൂങ്ങിനിന്ന രാജശ്രീയേയുംകൊണ്ട് ധൃതിപിടിച്ച് ഭാനുമതി വീട്ടിലേക്ക് മടങ്ങി. ഹോട്ടലിനടുത്തുതന്നെയാണ് വീടും. കടയടച്ച് അച്ഛൻ പള്ളിയിലേക്കു പോയതിനു പിന്നാലെ, അജയനും വേണുക്കുട്ടനൊപ്പം അങ്ങോട്ടേക്ക് നടന്നു. കൂട്ടുകാരെ കണ്ടപ്പോൾ വേണുക്കുട്ടൻ അവർക്കൊപ്പം എങ്ങോട്ടോ ഉളുമ്പിപ്പോയി. തിരക്കിൽ തുളഞ്ഞു കയറിയപ്പോൾ, വഴിയരികിലെ ചിന്തിക്കടകൾ നോക്കി നടന്നുപോകുന്ന അച്ഛനെ അവൻ കണ്ടു. അച്ഛന്റെ കൈയിൽ ഒരു പൊതിയും ഉണ്ടായിരുന്നു. പള്ളിയിലേക്കുള്ള വഴിവിട്ട് അച്ഛൻ ഒരിടവഴിയിലേക്ക് കയറിയപ്പോൾ അൽപം പിന്നിലായി അവനും പിന്തുടർന്നു. ഒരു ചെറിയ ഓടിട്ട വീടിന്റെ മുറ്റത്തേക്കാണ് അച്ഛൻ കയറിപ്പോയത്. അവിടെ തിണ്ണയിലൊന്നു പതുങ്ങിനിന്നശേഷം പതുക്കെ വാതിലിൽ തട്ടി. വൈകാതെ വാതിൽ തുറക്കുന്നതും അച്ഛൻ അകത്തേക്കു കയറുന്നതും തൊട്ടടുത്ത കാടുപിടിച്ച പറമ്പിൽ മറഞ്ഞുനിന്ന അവന് കാണാമായിരുന്നു. എങ്കിലും എന്തിനാണ് അച്ഛനെ പിന്തുടർന്നുവന്നതെന്നും അവിടെയങ്ങനെ ഇരുട്ടിൽ പതുങ്ങിയിരിക്കുന്നതെന്നും എത്ര ആലോചിച്ചിട്ടും അവന് മനസ്സിലായില്ല.
കുറേനേരം കഴിഞ്ഞ് അച്ഛൻ തിരിച്ചിറങ്ങി വന്നെങ്കിലും കൈയിൽ ആ പൊതിയുണ്ടായിരുന്നില്ല. പക്ഷേ പിന്നീടാണ് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മൽപിടിത്തം ആ തിണ്ണയിലുണ്ടായത്. ഇത്ര ദൂരത്തിരുന്നിട്ടും തിരിഞ്ഞോടണം എന്നവന് തോന്നിപ്പോയി. എന്നാലും ഒരാൾ മറ്റൊരാളെ കീഴ്പ്പെടുത്തുവാൻ ശ്രമിക്കുകയാണോ, രക്ഷപ്പെടാൻ ശ്രമിക്കുകയാണോ എന്നൊന്നും അവന് മനസ്സിലായില്ല. ഒടുവിൽ വരാന്തയിൽ ലൈറ്റ് തെളിഞ്ഞതും, ആ സംഘട്ടനം പെട്ടെന്ന് മുറിഞ്ഞുമാറി. ഇരുട്ടത്ത് ആരോ അവൻ ചുരുണ്ടിരുന്ന പറമ്പിലേക്കോടിക്കയറിപ്പോൾ പേടികൊണ്ടവൻ മൂത്രമൊഴിച്ചുപോയി.
പിറ്റേന്ന് വീട്ടിൽ പനിച്ചു കിടക്കുന്ന മട്ടിലാണ് അവനുണർന്നത്. അന്ന് രാത്രിയിലെ സംഭവം ആരോടും പറഞ്ഞില്ല. അച്ഛൻ ആ വീട്ടിലേക്ക് പതുങ്ങിക്കയറിപ്പോയതെന്തിനാണെന്നോ അവൻ ആ കാട്ടിൽ പതുങ്ങിയിരുന്നതെന്തിനെന്നോ അവൻ അച്ഛനോടോ, അച്ഛൻ അവനോടോ ഒരിക്കൽപോലും ചോദിച്ചില്ല.
* * * *
നടക്കാവുന്ന ദൂരമേയുള്ളെങ്കിലും അച്ഛനോടൊപ്പം ജീപ്പിലാണ് വരവെങ്കിൽ ക്ലാസ് തുടങ്ങിക്കഴിഞ്ഞിട്ടേ എബ്രഹാം സ്കൂളിലെത്തൂ. അന്ന് ക്ലാസു വരെ അവന്റെ അച്ഛനും വന്നു. വിഷമഭിന്നങ്ങളുടെ സങ്കലനത്തെക്കുറിച്ച് അലറിക്കൊണ്ടിരുന്ന ചന്ദ്രൻ സാർ, പൂർണവേഷധാരിയായ എബ്രഹാമിന്റെ അച്ഛനെ കണ്ടതും, നിന്നനിൽപിൽ അലുത്തു വെള്ളമായി. ഒരു ഭീകരസിനിമ കാണുന്നപോലെ, ശ്വാസം വിടാതെ ക്ലാസിലിരുന്ന രാജശ്രീ ആ ഒരിടവേളയിലാണ് ഒന്നനങ്ങിയിരുന്നത്. ദേഷ്യം തോന്നിയാൽ, ആരെയും കാരണമുണ്ടാക്കി അടിച്ചുപൊട്ടിക്കുന്ന ചന്ദ്രൻ സാർ അന്നും ചോദ്യം ചോദിച്ചു. പക്ഷേ, ഉത്തരം പറയാഞ്ഞ എബ്രഹാം, ചന്ദ്രൻ സാറിനെ നിരായുധനാക്കി. എഴുന്നേറ്റുനിന്നവരൊക്കെ പാട്ടുംപാടി ഇരുന്നു.
സ്കൂൾവിട്ട് അജയനും രാജശ്രീയും കടയിലേക്കു വന്നുകേറിയതേയുള്ളൂ , രണ്ടു പാലുംവെള്ളം ഡസ്ക്കേൽ ടപ്പേന്നടിച്ച് മീശാൻ കൊണ്ടുവന്നു വെച്ചു. ഇലക്കീറിൽ രണ്ടു ബോണ്ടയും. നേരം നാലരയായിക്കാണും. പഴയ ഒരു തുണിസഞ്ചി ഇടതു കയ്യിലും വലതുകയ്യിൽ ഒരു നാലു വയസ്സുകാരിയെയും തൂക്കി, കടയുടെ തിണ്ണയിലേക്ക് ഒരു സ്ത്രീ കയറിവന്നു. മുമ്പും സ്കൂൾ വിട്ടു വരുമ്പോൾ ഇതേ വേഷത്തിൽ സഞ്ചിയും കുഞ്ഞുമായി അവർ എതിരെ നടന്നുപോകുന്നത് അവൻ കണ്ടിട്ടുണ്ട്. പ്ലാവില മഞ്ഞയിൽ വെള്ളവട്ടങ്ങളുള്ള ഒരു സാരിയായിരുന്നു അന്നും അവരുടെ വേഷം. ഹോട്ടലിൽ അധികമാരുമില്ല. പെട്ടിക്കടയിലുണ്ടായിരുന്ന ഭാനുമതി, അവരെയും കുഞ്ഞിനെയും കണ്ടതും അകത്തേക്കു നിന്നനിൽപിൽ മാഞ്ഞുപോയി. ആ സ്ത്രീ തിണ്ണയിൽ കയറിനിന്നിട്ടും മീശാനോ ദോശപ്പാച്ചനോ എന്തു വേണമെന്നു ചോദിക്കാൻ അങ്ങോട്ടിറങ്ങി വന്നില്ല. അടുക്കളയിൽ വെന്തുമലക്കുന്ന ഉണ്ണിയപ്പത്തിന്റെ പാകം നോക്കിനിന്ന രാജഗോപാലൻ ധൃതിയിൽ ഇറങ്ങിവന്ന് മുഖത്തേക്കു തുളുമ്പിയ ചിരിയെ പകുതിയിൽ നിർത്തി പതുക്കെ ചോദിച്ചു:
''എന്തോ വേണം?''
''രണ്ടുണ്ണിയപ്പോം രണ്ടുഴുന്നു വടേം...''
കുഞ്ഞു ചൂണ്ടിക്കാണിച്ചത് ദീപാവലിക്കുണ്ടാക്കിയ മടക്കുസാനാണ്. കുഞ്ഞും അമ്മയും ചോദിക്കാഞ്ഞ പൂകേക്ക് രണ്ടെണ്ണം കൂടിവെച്ചാണ് രാജഗോപാലൻ ആ പൊതി കെട്ടിയത്.
അവർ നീട്ടിയ മുഷിഞ്ഞ നോട്ടു വാങ്ങി, ക്യാഷിലെ മേശതുറന്ന് അതിലിട്ട് ബാക്കി എടുത്തുകൊടുക്കുമെന്നാണ് വരാന്തയിലേക്കു നോക്കി, ബോണ്ട ചവച്ചുകൊണ്ടിരുന്ന അജയൻ വിചാരിച്ചത്. എന്നാൽ, മേശ തുറന്ന്, വലിയ ഒരു നോട്ടുകൊണ്ട് ആ മുഷിഞ്ഞ നോട്ട് പൊതിഞ്ഞ് അവർക്കുതന്നെ അച്ഛൻ തിരികെക്കൊടുത്തത് അജയനെ കുഴക്കി. ആ പൊതി സഞ്ചിയിലിട്ട് കുഞ്ഞിനെയും തൂക്കി പോകാൻ നേരം അവർ അവനെ നോക്കിയും ഒന്നു ചിരിച്ചു. വീണ്ടും ഒരഞ്ചു മിനിറ്റുകൂടി കഴിഞ്ഞാണ് ഓരോരുത്തരായി കടയിൽ അവരവരുടെ സ്ഥാനങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. അമ്മയെയും രാജശ്രീയെയും തിണ്ണയിൽ കാണാൻ കിട്ടിയത് അരമണിക്കൂറുകൂടി കഴിഞ്ഞാണ്.
* * * *
രാജശ്രീ പ്രീഡിഗ്രിക്ക് നല്ലനിലയിൽ പൊളിഞ്ഞുപോയശേഷം അധികം കഴിയും മുമ്പ്, ആയാപറമ്പുകാരനായ ഒരു കമ്പനി ജോലിക്കാരനൊപ്പം കോയമ്പത്തൂർക്ക് കെട്ടിക്കേറിപ്പോയി. പ്രീഡിഗ്രി ഒരുപാടുപേരെ വീഴ്ത്തിയിട്ടുണ്ട്. അജയനും അതേ കടമ്പയിലാണ് തട്ടിവീണത്. രാജഗോപാലനെ കുറേക്കാലത്തേക്ക് ഞെരുക്കിപ്പിടിക്കാൻ പോന്ന ഒരു കുരുക്കായിരുന്നു രാജശ്രീയുടെ കല്യാണം. തിരിച്ചടവുകൾകൊണ്ട് സഹികെട്ട സമയം. രാജഗോപാലൻ പനിപിടിച്ചു കിടന്ന ഒരാഴ്ച അജയനാണ് ഹോട്ടൽ ഓടിച്ചത്. അന്ന് ആദ്യത്തെ പതിവുകാരിലൊരാളായി ചായ കുടിച്ച് ക്യാഷിനു മുമ്പിലൂടെ കുട്ടച്ചൻ കൂനിക്കൂനി പോയപ്പോൾ അജയൻ പിടിച്ചുനിർത്തി കാശു ചോദിച്ചു. മീശാൻ വിളിച്ചുപറഞ്ഞിട്ടും. അജയൻ കുട്ടച്ചനോട് തട്ടിക്കേറി.
''മേലാൽ ചക്കാത്തിന് വന്നേക്കല്ല്.''
എന്നിട്ടും കുട്ടച്ചൻ ചിരിച്ചു.
പിന്നെ കുട്ടച്ചൻ ചായ കുടിക്കാൻ വന്നിട്ടില്ല. പക്ഷേ കിടപ്പുമാത്രം മാറ്റിയില്ല. അതും കട പൂട്ടി എല്ലാവരും പോയിക്കഴിഞ്ഞ്.
കുറേക്കാലം കൂടി അജയൻ വീടും ഹോട്ടലുമായി പിടിച്ചുനിന്നെങ്കിലും ഹോട്ടലിലെ ചില്ലറപ്പണികളും വിളമ്പലുമൊക്കെ മതിയായപ്പോൾ, അച്ഛനോടു മാത്രം പറഞ്ഞ് കോയമ്പത്തൂർക്ക് വണ്ടികേറി. അമ്മയോട് പറയാൻ നിന്നാൽ പോക്ക് മുടങ്ങും. ചേച്ചിയുടെ അരഷ്ടികളിൽ പങ്കുപറ്റി മതിയായപ്പോൾ മറ്റൊരിടത്തേക്ക്. പലയിടത്തും പണികളോരോന്നും മാറിമാറി ചെയ്ത് എങ്ങനെയൊക്കെയോ കുറെയേറെ വർഷങ്ങൾ നിരങ്ങിയും നീന്തിയും മാറിപ്പോയി.
പറ്റുബുക്കിലെഴുതുന്നപോലെ മഷികൊണ്ടു നിറച്ച ഇൻലന്റുകൾ എവിടെപ്പോയാലും മാസത്തിലൊരിക്കലെങ്കിലും അജയന്റെ പിറകെ വന്നിരുന്നു. ഇക്കാലത്തിനിടയിൽ ഹോട്ടലിന്റെ പരിസരം മറ്റൊന്നായി അതിവേഗം രൂപം മാറി. ഹോട്ടലിനു മുമ്പിലെ നാട്ടുവഴി, തിരക്കേറിയ ബസ് റൂട്ടായി. തുണിക്കടകളും ടേക്ക് എവേ ഫുഡ് കോർട്ടുകളും ബാങ്കുകളും ആ പ്രദേശത്തേക്ക് എവിടുന്നൊക്കെയോ വന്നിറങ്ങി. എന്നിട്ടും ഹോട്ടൽ രാജഗോപാൽ അതേ ഒറ്റമുണ്ടിൽ ഒറ്റ നിൽപ്പ്.
എന്തിനെയും ഏതിനെയും വിശകലനം ചെയ്യാനുതകുന്ന ഒരു മൂല ഹോട്ടൽ രാജഗോപാലിലും അക്കാലത്ത് സാവധാനം രൂപപ്പെട്ടു വരുന്നുണ്ടായിരുന്നു. ചിലർ ഒരു പതപ്പൻ ചായയുമായി മണിക്കൂറുകളോളം അവിടെയിരുന്ന് ഗഹനമായി സംസാരിക്കുന്നതു കാണാം. ആ മൂല ശ്രദ്ധാകേന്ദ്രമായി മാറുന്നത് ഒരു സന്ധ്യാനേരത്താണ്. ദോശപ്പാച്ചൻ വിളമ്പിയ ദോശയും ചട്നിയും ചവച്ച്, മീശാന്റെ പതപ്പിച്ച ചായയും മൊത്തി, വേഗം ഭക്ഷണം കഴിക്കുകയായിരുന്നു, അവർ മൂന്നുപേർ. എവിടെനിന്നോ ചിലർ പെട്ടെന്നു കടന്നുവരുകയും ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ആ മൂവർസംഘത്തെ വളയുകയും ചെയ്തു. കഴിച്ചുകൊണ്ടിരുന്നവർക്കിടയിലെ പൊക്കം കുറഞ്ഞ ആൾ, ശരവേഗത്തിൽ പിന്നിലേക്കോടിയെങ്കിലും അവിടെ കാത്തുനിന്ന രണ്ടുപേരുടെ കൈകളിലേക്കാണ് നേരെ ചെന്ന് വീണത്.
അടുത്ത സെക്കൻഡിൽ അൽപം മാറ്റി പാർക്കു ചെയ്തിരുന്ന രണ്ടു പോലീസ് ജീപ്പുകൾ കടയുടെ മുമ്പിലെത്തി അവരെയും കയറ്റി എങ്ങോട്ടോ പാഞ്ഞുപോയി. അന്ന്, നേരത്തേ കടയടച്ച് പേടിയോടെയാണ് അവരേവരും വീട്ടിലെത്തിയത്. നേരത്തേ കിടക്കുകയും ചെയ്തു. ഒരുറക്കം കഴിഞ്ഞപ്പോൾ വാതിലിൽ തട്ടിവിളിച്ച് ഒരുവണ്ടി പോലീസ് വീട്ടിലുമെത്തി. വേണുക്കുട്ടനെ ഉറക്കപ്പായയിൽനിന്നാണ് അവർ വലിച്ചെടുത്തു ജീപ്പിലിട്ടത്. കടയിൽ വന്നു കാപ്പികുടിക്കാറുള്ള പോലീസുകാർപോലും രാജഗോപാലൻ ജീപ്പിനടുത്തേക്കോടിച്ചെന്നപ്പോൾ മുഖം തിരിച്ചു കളഞ്ഞു.
യഥാർഥത്തിൽ തുണിക്കച്ചവടത്തിനെന്നപേരിൽ, കനാലിനടുത്ത് വീട് വാടകക്കെടുത്തവർ രാവിലെയും വൈകീട്ടും ഭക്ഷണം കഴിക്കാൻ വന്നിരുന്നത് ഹോട്ടൽ രാജഗോപാലിലാണ്. അങ്ങനെ സമപ്രായക്കാരനായ വേണുക്കുട്ടനുമായി നല്ല പരിചയമായി. ചില ദിവസങ്ങളിൽ രാവിലെ കാപ്പികുടിക്കാൻ വരുമ്പോൾ ഉച്ചക്ക് നാലൂണ് പകർച്ചയെത്തിക്കണമെന്നവർ വേണുക്കുട്ടനോടേർപ്പാടു ചെയ്യാറുണ്ട്. അത് വേണുക്കുട്ടനും ഇഷ്ടപ്പെട്ടിരുന്നു. ചില്ലറയെന്തെങ്കിലും തടയുമെന്നു മാത്രമല്ല വലിക്കാൻ എന്തെങ്കിലും കിട്ടുകയും ചെയ്യും. പശുക്കളെ തീറ്റിയും കറന്നും മേശ തുടച്ചും വിളമ്പിയും കടയടക്കുന്നതു വരെ പണിയുമെങ്കിലും ഒരു രൂപ വേണമെങ്കിൽപോലും അച്ഛനോട് ചോദിച്ചു വാങ്ങുന്നതായിരുന്നു വേണുക്കുട്ടന്റെ ശീലം
എല്ലാവർക്കും എല്ലാമറിയാമെങ്കിലും പോലീസിനു മാത്രം ബോധ്യമായില്ല. വേണുക്കുട്ടനെ കൊണ്ടുപോയ ദിവസങ്ങളിൽ കറവക്കൈ മാറിയതുകൊണ്ടാകാം ചിന്നമ്മയും പൊന്നമ്മയും ചുരത്തിയ പാല്, രാവിലത്തെ ചായക്കുപോലും തികഞ്ഞില്ല. അകാരണമായ ഭയത്താൽ പതിവു ചായകുടിക്കാരും പറ്റുകാരും കടയിൽ കയറിയുമില്ല. ഒന്നുമറിയാതിരുന്ന ചില പണിക്കാർ മാത്രം ഉച്ചക്കുണ്ണാൻ വന്നു. രാജഗോപാലനും ഭാനുമതിയും ഒന്നും മിണ്ടാതെ ഉള്ളിലേക്കാണ്ട് പണിയെടുത്തുകൊണ്ടേയിരുന്നു. ഒച്ചകേൾപ്പിക്കാതെ മീശാനടിച്ച ചായ, ഒന്നരയടിപോലും നീണ്ടുവന്നില്ല. അപൂർവം വന്നുകേറിയവർപോലും പതയില്ലാത്ത ചായകുടിച്ച്, പിറുപിറുത്ത് ഇറങ്ങിപ്പോയി.
ഏഴു ദിവസത്തിനുശേഷം വീങ്ങിത്തെറ്റിയ തന്റെ ശരീരം വലിച്ചിഴച്ചാണ് വേണുക്കുട്ടൻ തിരികെയെത്തിയത്. മുറിവുണ്ടാക്കാതെ, എങ്ങനെ ഒരു മനുഷ്യശരീരത്തെ വേദനയിൽ പുഴുങ്ങി വീർപ്പിച്ചെടുക്കാം എന്ന പരീക്ഷണമാണ് ആ മെലിഞ്ഞ ശരീരത്ത് നടന്നത്.
ഭയം, സ്വാഭാവികമായ എല്ലാ ചുറ്റുപാടുകളെയും എത്ര അനായാസം മാറ്റിമറിക്കുന്നു... മലിനമാക്കുന്നു. ഞൊടിനേരംകൊണ്ട് പകർച്ചവ്യാധിപോലെ അത് പെരുകിപ്പെരുകി വരും... ഒന്നിച്ചുണ്ടിരുന്ന പൊതു സ്ഥലങ്ങളെ ആരോടോ ഉള്ള ഭയം വിജനമാക്കുന്നു. ഒരാഴ്ചയെടുത്തു, ഹോട്ടൽ രാജഗോപാലിൽ വെക്കുന്നതും വിളമ്പുന്നതും തമ്മിൽ സന്ധിയിലാകാൻ.
അതിനുശേഷവും പോലീസുകാർ പഴയതുപോലെ വീണ്ടും അവിടെ ഭക്ഷണം കഴിക്കാൻ വന്നുതുടങ്ങി. ഒന്നും സംഭവിക്കാത്തപോലെ രാജഗോപാലൻ അവർക്കു ചോറ് വിളമ്പി. ഭാനുമതി വറുത്തു വെച്ചതിൽ ഏറ്റവും വലിയ അയിലക്കഷണങ്ങൾതന്നെ അവരുടെ ഇലകളിൽെവച്ചു. വേണുക്കുട്ടൻ മാത്രം കാക്കിയിട്ടവരെ കണ്ടാൽ എങ്ങോട്ടെങ്കിലും മുങ്ങിക്കളയും.
അങ്ങനെ രണ്ടോളം മാസങ്ങൾ കടന്നുപോയി. ഒരുദിവസം കടയടക്കാൻ നേരം, രണ്ടു പോലീസുകാർ പെട്ടെന്ന് കടന്നുവന്ന് നാളെ പത്തുമണിക്ക് വേണുക്കുട്ടൻ പി.ആർ സ്റ്റേഷനിൽ ഹാജരാകണമെന്ന് അറിയിച്ചു. രാത്രിയിൽതന്നെ രാജഗോപാലൻ വക്കീലിന്റെ വീട്ടിലേക്കോടി. അന്നുരാത്രി എല്ലാവരും കടയിൽ തന്നെയാണ് തങ്ങിയത്. മീശാനും ദോശപ്പാച്ചനും പക്കിയുമൊന്നും വീട്ടിൽ പോയില്ല. വേണുക്കുട്ടൻ മാത്രം ഒട്ടും കുലുങ്ങിയില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു തുഴഞ്ഞിട്ടും വെളിച്ചത്തിന്റെ മറുകരയെത്താൻ അവരെല്ലാം പാടുപെട്ടു.
പക്ഷേ, പിറ്റേന്ന് വെളുത്തു വന്നപ്പോൾ വേണുക്കുട്ടനെ ആരും കണ്ടില്ല. തൊഴുത്തിലും പശുക്കളെ തീറ്റിക്കാൻ പോകാറുള്ള പറമ്പുകളിലും ചന്തമുക്കിലും എന്നുവേണ്ട എല്ലായിടത്തും തിരഞ്ഞു. രാവിലെതന്നെ, രാജഗോപാലനും വക്കീലും കൂടി സ്റ്റേഷനിൽ പോയി പരാതി കൊടുത്തു. എങ്കിലും ഹോട്ടലടച്ചില്ല. പതിവുപോലെ അത്, വന്നവരെ ഊട്ടി, അന്നും രാത്രി എട്ടേകാൽ മണി വരെ അതിന്റെ അച്ചുതണ്ടിൽ കറങ്ങിക്കൊണ്ടിരുന്നു. ഒരു ദിവസംകൂടി കഴിഞ്ഞാണ് ചവുണ്ട ബനിയൻ മാത്രമിട്ട് കമിഴ്ന്നു കിടക്കുന്ന രൂപത്തിൽ കടയുടെ പിന്നിലെ കിണറ്റിൽ വേണുക്കുട്ടൻ പൊന്തിയത്. തലേന്നത്തെ കാപ്പിയും പലഹാരവും ചോറുമൊക്കെ വെന്തത്, വേണുക്കുട്ടന്റെ ശ്വാസവും മൂത്രവും വീണ ആ കിണറ്റുവെള്ളത്തിലായിരുന്നു.
ചില ദിവസങ്ങൾ അങ്ങനെയാണ്. ആർക്കും പിടികൊടുക്കാതെ അത്ഭുതങ്ങളെടുത്തു വീശും. അല്ലാത്തപ്പോൾ പതുങ്ങിക്കിടന്നു മയങ്ങും. ആർക്കുമതിൽ കരഞ്ഞോകയ്യടിച്ചോ പങ്കെടുക്കാം. അല്ലെങ്കിൽ മാറിപ്പോകാം.
വേണുക്കുട്ടന്റെ ചടങ്ങിന് പെട്ടെന്നൊന്ന് വന്നുപോകാൻ എത്തിയതാണെങ്കിലും അജയന്റെ മടങ്ങിപ്പോക്കു നീണ്ടുപോയി.
മകന്റെ നിഴൽ പശുത്തൊഴുത്തിൽനിന്നുപോലും മാഞ്ഞുപോയെങ്കിലും പാലു കറക്കുമ്പോൾ രാജഗോപാലന് ചിലപ്പോൾ ഒരേക്കം വരും. ആ നേരത്തായിരുന്നു, അവർ തമ്മിൽ ആകെയുണ്ടായിരുന്ന ഉരിയാട്ടം...ഇന്ന് പാലു കൊറഞ്ഞുപോയോടാ... എന്നോ മറ്റോ... അതിനുശേഷം പണികളെടുക്കുമ്പോൾ മാത്രമേ രാജഗോപാലൻ ജീവിച്ചുള്ളൂ. വെളുപ്പിനുണർന്നാൽ ഓടിപ്പിടിച്ചെഴുന്നേറ്റ് കടതുറക്കും. പിന്നെ ഒരു പണിയിൽനിന്ന് മറ്റൊന്നിലേക്കും വേറൊന്നിലേക്കും തെന്നിമാറി താൻ നിന്നുപോകാതെ അയാൾ ചലിച്ചുകൊണ്ടിരിക്കും. ഒന്നും ചെയ്യാനില്ലാത്ത നേരങ്ങളിൽ മയക്കത്തിലേക്ക് മാഞ്ഞുപോയി. നിന്നും ഇരുന്നും. എങ്ങനെയോ അങ്ങനെ. എപ്പോഴൊക്കെ തന്റെ ശരീരം നിശ്ചലമായോ അപ്പോഴൊക്കെ...
ഒരു വെളുപ്പിന് പതിവുപോലെ രാജഗോപാലൻ വന്ന് ഹോട്ടലിനെ വിളിച്ചുണർത്തി, മുൻവശത്തെ പലകത്തട്ടുകൾ പൊക്കിയപ്പോഴാണ്, തിണ്ണയിലുറങ്ങുന്ന കുട്ടച്ചനെ ശ്രദ്ധിച്ചത്. ഉറക്കത്തിന്റെ തിര രാത്രിതീരാറാകുമ്പോൾ ആ കടത്തിണ്ണയിൽതന്നെ എന്നും അയാളെ തിരികെ എത്തിക്കാറുള്ളതാണ്. കട തുറക്കുന്നതിന് വളരെ മുമ്പേതന്നെ എഴുന്നേറ്റു പോകാറുമുണ്ട്. പക്ഷേ, അന്ന് തിണ്ണയിൽ പാ വിരിച്ച് കിടന്നയുടനെതന്നെ പതുങ്ങിയിരുന്ന ഒരു തിര, കുട്ടച്ചനെ തിരിച്ചുവരാത്തവണ്ണം പുറംകടലിലേക്ക് ചുഴറ്റിയെറിഞ്ഞു കളഞ്ഞു. അന്ന് കട അടവായിരുന്നു.
ക്രമേണ എവിടെയും തന്റെ കയ്യെത്തണമെന്ന വാശിയിൽനിന്ന്, ഇല തുടക്കുക, അച്ചാറു വിളമ്പുക, ഇലയെടുക്കുക ഇങ്ങനെയുള്ള അപ്രധാനമായ പണികളിലേക്ക് രാജഗോപാലൻ ചുരുണ്ടുകൂടി. ഭാനുമതിയാകട്ടെ, ഗ്ലാസുകളും ചെറുപാത്രങ്ങളും കഴുകുന്നതിൽ മാത്രം ആനന്ദം കണ്ടെത്തി.
മാസങ്ങളുടെ തയാറെടുപ്പിനൊടുവിൽ, ഹോട്ടൽ അതിന്റെ പൂർണരൂപം ധരിച്ച് അജയന്റെ ചുമലിൽ ചാടിക്കയറി ഇരിപ്പുറപ്പിച്ചു. മടക്കയാത്ര മുടങ്ങിപ്പോയതിൽ കലികൊണ്ട് ചിലപ്പോൾ അജയൻ ദിവസങ്ങളോളം ആരോടും ഒന്നും മിണ്ടാതെ ക്യാഷിലിരിക്കും. ഹോട്ടൽ ഏറ്റെടുത്ത് ഏതാനും ആഴ്ചകൾക്കകം തന്നെ, വേണുക്കുട്ടൻ പരിപാലിച്ചുപോന്ന ചിന്നമ്മയെയും പൊന്നമ്മയെയും മറ്റൊരു യജമാനനെ കണ്ടെത്തി അജയൻ പറഞ്ഞയച്ചു. ഒന്നുരണ്ടു പ്രാവശ്യം നീട്ടി അമറിയശേഷം, ചരിച്ചിട്ട പലകയിൽ കൂടി ടെമ്പോയിൽ കയറി പശുക്കൾ പുതിയ വീട്ടിലേക്ക് യാത്രപോയി.
തൊട്ടടുത്ത വർഷം ഓണത്തിന് പെയിന്റടിക്കാനായി ഹോട്ടൽ അടച്ചു തുറന്നപ്പോൾ ചില പരിഷ്കാരങ്ങൾ കൂടി അജയൻ അവിടെ നടപ്പാക്കി. കൈവെറകൊണ്ട് പണ്ടത്തെ പട്ടുദോശകൾക്കു പകരം മാടുപോലുള്ള തടിയൻ ദോശകളാണ് ദോശപ്പാച്ചനിപ്പോൾ ചുട്ടെടുക്കുന്നത്. ആർക്കും വേണ്ടാത്ത ആ കലാരൂപം ഹോട്ടലിൽ അജയൻ നിരോധിച്ചു. കൂടാതെ ദോശപ്പാച്ചന് നിർബന്ധിത യാത്രയയപ്പും. പതപ്പിച്ച ചായ ആർക്കും വേണ്ടാത്തതുകൊണ്ട് മീശാനും പക്കിയുമൊക്കെ ആ വഴിക്കുതന്നെ പോയി. പലിശക്കുടിശ്ശിക മൂക്കുവരെ പൊങ്ങിയാൽ പിന്നെ, മുന്നും പിന്നുമൊന്നും നോക്കാനില്ല.
കുത്തൊഴുക്കിൽ ഇടിഞ്ഞുതാണുകൊണ്ടിരിക്കുന്ന വീട്ടുവരാന്തയിൽ നിൽക്കുമ്പോഴും എന്തോ ഒരത്ഭുതം വരാനിരിക്കുന്നു എന്നു തോന്നാറില്ലേ? അത്തരം ഒരത്ഭുതം പോലെയാണ് പുതിയ പാചകക്കാരനായ ജെറാൾഡ് ഹോട്ടലിലേക്ക് പൊട്ടിവീണത്. നാലു ജില്ലകൾക്കപ്പുറത്തെ സ്വാദന്വേഷികളുടെ സ്ഥിരം ലാവണങ്ങളിലൊരിടത്തുനിന്ന് തക്കതായ കാരണത്താൽ ഓടിപ്പോന്നതാണയാൾ. മറ്റൊരർഥത്തിൽ, ഒരജ്ഞാത വാസത്തിനെത്തിയ ആൾ. എന്തായാലും ജെറാൾഡ്, രാജഗോപാലിനെ സമൂലം മാറ്റിമറിച്ചുകളഞ്ഞു. കേറിവരുമ്പോൾ ആദ്യം കാണുന്ന കണ്ണാടിയലമാര നിന്നനിൽപിൽ എങ്ങോട്ടോ അലിഞ്ഞുപോയി. ഇപ്പോൾ രാജഗോപാലിൽ ആധുനികമെന്നു കരുതി വിളമ്പുന്നതൊക്കെ കാലംചെയ്തെന്നും അതിനുശേഷം ഉത്തരാധുനികം, ആധുനികാനന്തരം തുടങ്ങി പലതരം ഭക്ഷണവ്യവസ്ഥാ വ്യതിയാനങ്ങൾ സംഭവിച്ചെന്നും പുതിയ പാചക കലാകാരൻ അജയനെ ബോധവത്കരിച്ചു.
അധികം തിരക്കില്ലാത്ത ഒരുദിവസം. രാവിലത്തെ കാപ്പിക്കും ഊണിനും ഇടക്കുള്ള സമയം. മകന്റെ മേൽനോട്ടത്തിൽ പ്രത്യേകമായി തയാറാക്കിയ അടുക്കളയിൽ ഗ്യാസ് അടുപ്പിൽ വേവുന്ന ഇറച്ചിക്കറി കണ്ടുനിൽക്കുകയായിരുന്നു രാജഗോപാലൻ. തീരെ പരിചയമുള്ള മണമല്ല. അപ്പോഴാണ് ഒരു തോന്നൽ. മീശാൻ നീട്ടിയടിച്ച് പതപ്പിച്ചെടുത്ത ഒരു ചായ കുടിക്കണമെന്ന്. മീശാനും ദോശപ്പാച്ചനും പക്കിയുമൊക്കെ പിരിഞ്ഞുപോയിട്ട് എത്രയോ കാലമായി. വെറും തോന്നൽ പെട്ടെന്നു തന്നെ അയാളെ കാറ്റുപിടിച്ച മരം പോലെയാക്കി. എന്തോ വശക്കേടു കണ്ടറിഞ്ഞ് പണിക്കാരാരോ നീട്ടിയ ചായ, പരവേശംകൊണ്ടയാൾ ഊറ്റിക്കുടിച്ചു. എന്നിട്ട്, കലവറയിലെ ബെഞ്ചിൽ നീണ്ടു നിവർന്നൊന്നു കിടന്നു. ഓർമയായതിൽ പിന്നെ ഹോട്ടലു തുറന്നിരിക്കുമ്പോൾ, പകലങ്ങനെയൊന്നു കിടന്നിട്ടില്ല. അതുകൊണ്ടാണോയെന്തോ അന്തംവിട്ടുള്ള ആ കിടപ്പുവിട്ടയാൾ എഴുന്നേറ്റതുമില്ല. ജോലിയിലിരിക്കെ ജീവൻ വെടിയുന്ന ഏതൊരു സാധാരണക്കാരനേയുംപോലെ, തന്നിൽ നിക്ഷിപ്തമായ ഉത്തരവാദിത്തം രാജഗോപാലനും നിർവഹിച്ചു. മമതയോ ദ്വേഷമോ വെടിഞ്ഞ് ശിഷ്ടകാലം ചുവരിൽ തൂങ്ങി തന്റെ ഹോട്ടലിലെ ക്യാഷിനു മുകളിൽ കാവൽനിന്നു.
സ്വാദാണ് നമ്മുടെ വിൽപനവസ്തു. നിറഞ്ഞിരിക്കുന്നവനെപ്പോലും വീണ്ടും തീറ്റിക്കുന്നതാകണം ഓരോ ഭക്ഷണശിൽപവും. ജെറാൾഡിന്റെ സൂത്രവാക്യം കേട്ട് ആ ഭക്ഷ്യശിൽപിയെ ഉള്ളിലെ കൈപൊക്കി അജയൻ സല്യൂട്ടടിച്ചു. തുടർന്ന് വിശപ്പിന് വിളമ്പിനിന്ന ഹോട്ടൽ രാജഗോപാലിനെ, ഒറ്റമുണ്ടു മാറ്റി, സ്വാദിന്റെ പോർമുഖത്തേക്കുള്ള പടച്ചട്ട, അവരിരുവരും ചേർന്ന് അണിയിക്കാൻ തുടങ്ങി. പറ്റും പറ്റുബുക്കും കടയിൽ പൂർണമായും നിരോധിച്ചു. വിശപ്പിന് വിളമ്പുമ്പോഴേ പറ്റിന്റെ കാര്യമുള്ളൂ. ആർത്തി മൂത്തവന് വിളമ്പുന്നത്, സ്വാദിനു വിളമ്പലാണ്. അതിനെന്തോന്നു പറ്റ്..?
ഏതാനും മാസങ്ങൾക്കകം ഹോട്ടലിന്റെ വരാന്തയിൽ പഴയ പെട്ടിക്കടയുടെ സ്ഥാനത്ത് ബേക്കേഴ്സ് കോർണർ എന്ന പേരിലൊരു ഔട്ട് ലെറ്റ് തയാറായി. അവിടെ ആധുനികോത്തരം മുതൽ പുതു പരീക്ഷണങ്ങൾ വരെ ജെറാൾഡ് കൊത്തിയെടുത്തു. ആ സ്വാദിൽ വീഴുന്നവരുടെ ബാസ്കറ്റുകളിൽ വേണ്ടതിലേറെ കുമിഞ്ഞുകൂടും. അടുത്ത ഏതാനും മിനിറ്റിൽ, രാജഗോപാലിൽനിന്ന് പാക്കറ്റുകൾ ഡെലിവറി പോയന്റിലേക്കു പായും. ഉള്ളിൽ പലതും നിറച്ച ഓരോരോ തീൻപണ്ടങ്ങൾ. അവ രക്തംപോലുള്ള തക്കാളിയുടെ സോസും കരിയിലക്കിളിയുടെ നിറമുള്ള സോയാസോസും തൂകി, മേശകളിലേക്ക് പറന്നുപോകുന്നത്, അജയൻ ക്യാഷിലിരുന്നും രാജഗോപാലൻ ചുവരിൽ തൂങ്ങിക്കിടന്നും കണ്ടു. ഹോട്ടലിന്റെ പേരു മാറ്റാതിരുന്നത്, അതിനു താഴെ രുചിയുടെ നാൽപതു വർഷങ്ങൾ എന്ന ടാഗിനു വേണ്ടിക്കൂടിയാണ്.
ഉച്ച തിരിഞ്ഞ നേരം. ഹോട്ടലിൽ തിരക്കില്ല. അജയനോടൊട്ടിനിന്ന് സ്വപ്നപദ്ധതിയുടെ മേൽക്കൂര, ജെറാൾഡ് തന്ത്രങ്ങളുടെ തൂണിൽ കയറ്റുകയാണ്. ആകാശത്തോളം പൊക്കമെത്തിയപ്പോൾ രാജഗോപാലൻ ചുവരിൽ കിടന്ന് ഒരൊറ്റ ചോദ്യം.
''ജീവിയ്ക്കാൻ ഒരാൾക്കെത്ര തീറ്റ വേണം..?''
''ആ...'' അജയൻ കൈമലർത്തി.
പിന്നങ്ങോട്ട് ചോദ്യോത്തരപംക്തി തുടങ്ങി.
''ഏറ്റവും ഭാരം കൂടിയ വാക്ക്?''
''ഏറ്റവും ആഴം കൂടിയ കടൽ?''
ചത്തുകഴിഞ്ഞപ്പം ഈ മനുഷ്യനെന്നാ പറ്റി..? അജയന് കലി വന്നു. ഭിത്തിയിലെ ഫോട്ടോ വലിച്ചുപറിച്ച് കിണറ്റിലെറിയണം. കടേലിരുന്നപ്പം പറ്റുബുക്കല്ലാതെ വേറൊന്നും എഴുതുവോ വായിക്കുവോ ചെയ്യാത്ത മനുഷ്യനാ ചൊവരിൽ തൂങ്ങിയേപ്പിന്നെ ആളങ്ങു വേറെയായി... വായിച്ചറിഞ്ഞ ആളെപ്പോലാ വർത്താനം. പറയുന്നതൊന്നും തിരിയുകേല.
''രണ്ടിന്റേം ഉത്തരം ഒന്നാടാ മണ്ടാ...വെശപ്പ്.''
അതുകേട്ടതും ജെറാൾഡ് അടുക്കളയിലേക്കോടി രക്ഷപ്പെട്ടു.
രണ്ടര ഇഞ്ചിന്റെ ഒരു പതപ്പൻ ചായ ചവച്ചുകുടിക്കുന്നതാണ് അന്നേരം അജയൻ ഓർത്തത്. ആ ഇരിപ്പിൽ കാഴ്ചയുടെ എല്ലാ അതിരുകളും സാവധാനം സുതാര്യമായി. മറച്ചുനിന്ന ഭിത്തികളെല്ലാം സ്ഫടികംപോലെ നിർമലം. ചുറ്റുമുള്ളതൊന്നൊന്നായി അയാൾക്കു വെളിപ്പെട്ടു.
ആദ്യം കണ്ടത്, അടുക്കളക്കപ്പുറത്തെ കിണറ്റിൽനിന്ന് നനഞ്ഞൊലിച്ചു കേറി വന്ന വേണുക്കുട്ടനെയാണ്. ഒട്ടും വൈകാതെ എവിടുന്നോ ഓടിവന്ന ചിന്നമ്മയും പൊന്നമ്മയും നീട്ടി അമറിയശേഷം വേണുക്കുട്ടന്റെ നനഞ്ഞൊട്ടിയ ദേഹം നക്കിത്തോർത്താൻ തുടങ്ങി. അതുകണ്ടു രാജഗോപാലൻ നിൽപുറയ്ക്കാതെ ചുവരിൽനിന്ന് ചാടിയിറങ്ങി അടുക്കളഭാഗത്തേക്കോടി. കാടി കൊടുക്കാനുള്ള നേരം കഴിഞ്ഞു. തിരികെക്കേറിവന്നപ്പോൾ രാജഗോപാലന്റെ കൈയിൽ അപ്പോൾ കറന്നെടുത്ത ഒരു പാത്രം പാല്.
''ഇതൊക്കെ ഇനി എന്നാത്തിനാ?'' ജെറാൾഡ് മുഖത്തുനോക്കാതെ രാജഗോപാലനോട് തട്ടിക്കേറി. എന്നിട്ട് വലിയ ഫ്രീസർ തുറന്ന് വളക്കുഴി പോലെയുള്ള അതിന്റെ വയറ്റിലേക്ക് ആ പാൽപാത്രം വലിച്ചെറിഞ്ഞ് ചാടിത്തുള്ളി അകത്തേക്കു പോയി.
''കുഞ്ഞിതു കുടിച്ചാട്ട്...'' ഒരു ഗ്ലാസ് പാലുംവെള്ളം, ഒരിലക്കഷണത്തിൽ ബോണ്ട, തിരിഞ്ഞു നടക്കുന്ന മീശാൻ.
''അജയൻസാറിതൊന്നും കണ്ടിളകരുത്.'' ഓടിവന്ന ജെറാൾഡ് രഹസ്യം പറഞ്ഞു.
മുമ്പിൽ ആരൊക്കെയോ ഇരുന്നു ഭക്ഷണം കഴിക്കുന്നു. രണ്ടു ബണ്ണുകൾക്കിടയിൽ വിരിഞ്ഞ ഹരിതപ്രപഞ്ചം. ചിലരുടെ കൈയിൽ മയോണൈസിന്റെ, ചീകിയിട്ട പാൽക്കട്ടിയുടെ, ചതച്ചുവറുത്ത ഇറച്ചിപ്പാളിയുടെ വലിയ ലോകം. അണപ്പൂട്ടുകളഴിച്ച്, വായ വലിച്ചുകീറി, കൈയിലിരുന്നതൊക്കെ അതിലേക്കു കുത്തിക്കൊള്ളിക്കുന്നു,
''ഇന്നാ കുഞ്ഞേ... വാങ്ങിച്ചോ... പറ്റു മുഴുവനുമൊണ്ട്...''
ക്യാഷിനു മുമ്പിൽ ചുരുട്ടിയ നോട്ടുമായി കുട്ടച്ചൻ.
* * * *
ബേക്കേഴ്സ് കോർണറിൽ തിരക്കു തുടങ്ങി. ഭക്ഷണം കഴിച്ചെഴുന്നേറ്റ രണ്ടു സ്ത്രീകൾ ബില്ല് സ്വൈപ്പ് ചെയ്യാൻ പറ്റാതെ, ക്യാഷിലേക്കു നടന്നുവന്നു. അവരിൽ മുടി മുറിച്ചിട്ട ചെറുപ്പക്കാരി മുമ്പോട്ടു വന്ന് ചുവരിലെ ഫോട്ടോ ചൂണ്ടി ചോദിച്ചു:
''എത്ര നാളായി..?''
അജയനും തലക്കു മുകളിലുള്ള ആ ഫോട്ടോയിലേക്കു നോക്കി. തുളുമ്പിവന്ന ചിരിയെ പകുതിയിൽ നിർത്താൻ പറ്റാതെ മുഴുവനായും ആ മുഖത്തുണ്ട്. ആ ചിരി അപ്പാടെ ഒഴുകിച്ചെല്ലുന്നത് ചെറുപ്പക്കാരിക്കടുത്തു നിന്ന ആളിനു നേരെയാണ്. ഏതാണ്ട് അറുപതു തോന്നിക്കുന്ന ആ സ്ത്രീയുടെ മുഖത്ത് ആ ചിരി വീണു കറുത്തു. അവർ അജയനെ നോക്കി പറഞ്ഞു.
''ഇതുമാത്രം അറിഞ്ഞില്ല.''
അജയന്റെ ഉദാസീനമായ മുഖത്ത് ഒന്നും തെളിയാഞ്ഞതു കണ്ട്, അവർ അൽപംകൂടി പറഞ്ഞു.
''ആ ഫ്ലാറ്റ് നിക്കുന്ന സ്ഥലത്ത് പണ്ട് ഞങ്ങള് താമസിച്ചിരുന്നതാ...''
ദുഃഖഭരിതമായ ആകാശം ഞൊടിയിൽ പ്രകാശിക്കുന്നതുപോലെ ഒരു കൊള്ളിമീൻ കാടുപിടിച്ച ആ പറമ്പിലേക്ക് കത്തിക്കയറി. പേടിച്ചു മൂത്രമൊഴിച്ച് ബോധംകെട്ടു കിടന്നത് ആ മണ്ണിലാണ്. ഇന്നതൊരു സ്വിമ്മിങ് പൂളാണ്. അതിന്റെ ചുറ്റുമുണ്ടായിരുന്നതെല്ലാം വിഴുങ്ങി പതിനാലു നിലയുള്ള ഒരു ഫ്ലാറ്റു പൊങ്ങിയിട്ട് ഏഴു വർഷം കഴിഞ്ഞു.
ചെറുപ്പക്കാരി പേഴ്സ് തുറന്ന് ഒരു നോട്ടെടുത്ത് കൗണ്ടറിലേക്കു നീട്ടി. ആ നോട്ട് വാങ്ങിയതും തലക്കു മുകളിൽ തൂങ്ങുന്ന ഫോട്ടോയിലേക്കു അജയന്റെ നോട്ടം പാളി.
ബാക്കി കൊടുക്കണം. ആ നോട്ട് പൊതിയാൻ, അതിലും വലുപ്പമുള്ള നോട്ട് എവിടെക്കിട്ടും?