അയ്യാറെട്ട്
യാത്രയിലുടനീളം സജി വിളിക്കാറുള്ള ആ മുദ്രാവാക്യം എന്റെ ഉള്ളിൽ മുഴങ്ങിക്കൊണ്ടിരുന്നു. യാന്ത്രികമെന്നോണം ഞാനത് ഏറ്റുവിളിക്കുകയും ചെയ്തുകൊണ്ടിരുന്നു. അന്ന് ഞങ്ങൾ പൂവത്തൂർ ന്യൂ യു.പി സ്കൂളിൽ ഏഴാം ക്ലാസിലായിരുന്നു. തൊട്ടടുത്ത ഹൈസ്കൂളിലെ മൂത്ത അണ്ണൻമാരിൽനിന്നും കേട്ടു പഠിച്ചതായിരുന്നു ആ മുദ്രാവാക്യങ്ങൾ. ചിത്രീകരണം: സതീശ് ചളിപ്പാടംഅയ്യാറെട്ട് സജി രക്തസാക്ഷിയായ...
Your Subscription Supports Independent Journalism
View Plansയാത്രയിലുടനീളം സജി വിളിക്കാറുള്ള ആ മുദ്രാവാക്യം എന്റെ ഉള്ളിൽ മുഴങ്ങിക്കൊണ്ടിരുന്നു. യാന്ത്രികമെന്നോണം ഞാനത് ഏറ്റുവിളിക്കുകയും ചെയ്തുകൊണ്ടിരുന്നു. അന്ന് ഞങ്ങൾ പൂവത്തൂർ ന്യൂ യു.പി സ്കൂളിൽ ഏഴാം ക്ലാസിലായിരുന്നു. തൊട്ടടുത്ത ഹൈസ്കൂളിലെ മൂത്ത അണ്ണൻമാരിൽനിന്നും കേട്ടു പഠിച്ചതായിരുന്നു ആ മുദ്രാവാക്യങ്ങൾ.
ചിത്രീകരണം: സതീശ് ചളിപ്പാടം
അയ്യാറെട്ട് സജി രക്തസാക്ഷിയായ വിവരം തെലങ്കാനയിലേക്കുള്ള യാത്രാമധ്യേയാണ് ഞാനറിഞ്ഞത്. അദ്വാനി വിജയനാണ് ആ വാർത്ത ഞങ്ങളുടെ സ്കൂൾ ഗ്രൂപ്പിലിട്ടത്. ഞാൻ യാത്ര, വഴിയിൽ വെച്ചവസാനിപ്പിക്കുകയും തൊട്ടുപിറകെ വന്ന അഹല്യാ നഗരി എക്സ്പ്രസിൽ നാട്ടിലേക്ക് തിരിക്കുകയും ചെയ്തു.
യാത്രയിലുടനീളം സജി വിളിക്കാറുള്ള ആ മുദ്രാവാക്യം എന്റെ ഉള്ളിൽ മുഴങ്ങിക്കൊണ്ടിരുന്നു. യാന്ത്രികമെന്നോണം ഞാനത് ഏറ്റുവിളിക്കുകയും ചെയ്തുകൊണ്ടിരുന്നു. അന്ന് ഞങ്ങൾ പൂവത്തൂർ ന്യൂ യു.പി സ്കൂളിൽ ഏഴാം ക്ലാസിലായിരുന്നു. തൊട്ടടുത്ത ഹൈസ്കൂളിലെ മൂത്ത അണ്ണൻമാരിൽനിന്നും കേട്ടു പഠിച്ചതായിരുന്നു ആ മുദ്രാവാക്യങ്ങൾ.
‘‘അങ്ങ് ഡല്ലീ പോണവരൊണ്ടെങ്കിൽ
ആ രാജീവിനോട് പറഞ്ഞേരെ
പൂവത്തൂര് നോക്കണ്ടെന്ന്.’’
കെ.എസ്.യുവിനെ തോൽപിച്ചശേഷം എസ്.എഫ്.ഐയുടെ ആഹ്ലാദപ്രകടനം നടക്കുകയായിരുന്നു. പ്രകടനം പട്ടാളം മുക്കിലെത്തി. ആ സമയം എവിടന്നോ നാലഞ്ച് ചീള് കല്ലുകൾ പ്രകടനമധ്യത്ത് വന്നു പതിച്ചു. അത് എറിഞ്ഞത് കെ.എസ്.യുക്കാർ തന്നെയായിരുന്നു. അതോടെ, രോഷാകുലരായ സഖാക്കൾ മുദ്രാവാക്യം ഇപ്രകാരം മാറ്റിവിളിച്ചു:
‘‘ഞങ്ങളിലൊന്നിനെ തൊട്ടെന്നാൽ
തൊട്ടവന്റെ എല്ലൊടിച്ച്
അയ്യാറെട്ടിന് വളമാക്കും.’’
സ്കൂൾ ലീഡറാണ് വിളിച്ചത്. ഏഴാം ക്ലാസുകാരായ ഞങ്ങളും സജിയുടെ നേതൃത്വത്തിൽ അത് ഏറ്റുവിളിച്ചു. അതോടെ സജി അയ്യാറെട്ട് സജി എന്ന പേരിൽ അറിയപ്പെട്ടു. യു.പി.എസിലും ആ പ്രതിഷേധം അലയടിച്ചു. രാജീവ് ഗാന്ധിയുടെ ആരാധകനായ ഒരുത്തനെ സജി കുനിച്ച് നിർത്തി കൂമ്പിനിടിച്ചു. ചിറമുക്കിൽനിന്നുള്ള ഒരു മേത്തനായിരുന്നു അവൻ. പേര് അമിട്ട് ഷാജി. പിറ്റേന്ന് അവൻ തിരച്ചിവാലും ഇടുപ്പിൽ ചുറ്റിയാണ് പള്ളിക്കൂടത്തിൽ എത്തിയത്. വൈകുന്നേരം വരെ ക്ലാസിൽ അടങ്ങിയിരുന്ന അവൻ അവസാന ബെല്ലടിച്ചതും ഇളിയിൽ നിന്നും തിരച്ചിവാലൂരി കൈയിൽ പിടിച്ചു. സജി സ്കൂളിന്റെ മുറ്റം കടന്നതും പാളി മുതുകത്ത് ഒറ്റയടി അടിച്ചു. പ്ലിം. സജി തിരിഞ്ഞു നോക്കിയതും അവൻ ഊടുവഴി കേറി ഒറ്റയോട്ടം ഓടിക്കളഞ്ഞു. തിരച്ചിവാല് കൊണ്ടടി കിട്ടിയാൽ അടി കൊണ്ടയിടം പുഴുക്കും. വർഷാവർഷം ആ പുഴുപ്പ് ആവർത്തിക്കും. സജി തലയിൽ കൈയുംെവച്ച് ഇരിപ്പായി.
അപ്പോഴാണ്, ‘‘ആരെടാ ഹിന്ദുക്കളെ അടിച്ചത്. ഒറ്റത്തന്തക്ക് പെറന്ന മേത്തമ്മാരൊണ്ടെങ്കി വരിനെടാ’’ എന്നും പറഞ്ഞ് വിജയൻ ഓടിവന്നത്. സജിയുടെ മുതുകത്ത് നിന്ന് പൊടിഞ്ഞ ഒരു തുള്ളി ചോര അവൻ കൊതിയോടെ നക്കിക്കുടിച്ചു. ‘‘വേണ്ടി വന്നാ നമ്മക്ക് ശാകേന്ന് ചേട്ടമ്മാരെ എറക്കാം.’’ അവൻ പിന്തുണ പ്രഖ്യാപിച്ചു. ‘‘അങ്ങന നീ എറക്കണ്ട. എന്ന തൊട്ടിറ്റൊണ്ടെങ്കി അവനെ തിരിച്ച് കീച്ചാൻ എനിക്കറിയാം.’’ സജി സഹായം നിരസിച്ചു. ‘‘ഹിന്ദുക്കൾക്ക് ഐക്യമില്ല. പറഞ്ഞിട്ട് കാര്യമില്ല’’ എന്ന് പ്നാട്ടിയിട്ട് വിജയൻ അവന്റെ പാട്ടിന് പോകാൻ തുടങ്ങിയതാണ്. അപ്പോൾ, അടികൊണ്ടെഴുന്നേറ്റ സജി വേദനയോടെയെങ്കിലും നടു നിവർത്തി നിന്ന് ഇങ്ങനെ ഞരങ്ങി:
‘‘ഞങ്ങളിലില്ലാ ക്രൈസ്തവ രക്തം
ഞങ്ങളിലില്ലാ ഇസ്ലാം രക്തം
ഞങ്ങളിലില്ലാ ഹൈന്ദവ രക്തം
ഞങ്ങളിലുള്ളത് മാനവ രക്തം.’’
വിജയന് ആ പാട്ടും ഇഷ്ടപ്പെട്ടില്ല. ‘‘അല്ലെങ്കിത്തന്നെ ഭൂരിപക്ഷ സമുദായത്തിന് ഇവിടെ ഒരു വിലയുമില്ല. ഈ പാട്ടിൽ ആദ്യം ചേർക്കേണ്ടത് ഹൈന്ദവ രക്തം എന്നുള്ള വരിയാണ്. ആരോട് പറയാൻ.’’
വർഷങ്ങൾക്കുശേഷം ബാബരി മസ്ജിദ് പൊളിക്കാൻ ഞങ്ങളുടെ നാട്ടിൽനിന്നും പോയ കർസേവക്കാരുടെ കൂട്ടത്തിൽ വിജയനും ഉണ്ടായിരുന്നു. വീട്ടുമുറ്റത്ത് പൂജ ചെയ്ത ഒരു ചുടുകല്ലും പൊതിഞ്ഞ് അവൻ ജീവിതത്തിലാദ്യമായി തീവണ്ടി കയറി. ജനറൽ കമ്പാർട്മെന്റിൽ ഒരുദിവസം യാത്ര ചെയ്തു. ഏതോ ആൾപ്പെരുമാറ്റമില്ലാത്ത സ്റ്റേഷനിൽ കേരള എക്സ്പ്രസ് നിർത്തിയിട്ടപ്പോൾ ഓരത്തു കണ്ട മാവിൽനിന്നും പച്ചമാങ്ങ പറിച്ചു തിന്നാനിറങ്ങിയ അവനെ അവിടെത്തന്നെ കളഞ്ഞിട്ട് ട്രെയിൻ അതിന്റെ പാട്ടിന് പോയി. കുറച്ച് നേരം റാം റാം എന്നു വിളിച്ച് ചുറ്റിനടന്ന അവൻ ഒടുവിൽ പൂജിച്ച് കൊണ്ടുപോയ ചുടുകല്ലെടുത്ത് തോട്ടിലെറിഞ്ഞു. വട്ടുവസഞ്ചിയും ഒരു കവർ അവിലുമായി തെലുങ്ക് നാടും തമിഴ്നാടും ചുറ്റി പച്ചവെള്ളം കിട്ടാതെ നായ്ക്കോലമായി മൂന്നാം മാസമാണ് അവൻ തിരികെ എത്തിയത്. അന്നുമുതൽ അവൻ അദ്വാനി വിജയൻ എന്ന പേരിൽ അറിയപ്പെട്ടു.
ആ വിജയനാണ് അയ്യാറെട്ടിന്റെ രക്തസാക്ഷിത്വം ഗ്രൂപ്പിലിട്ടിരിക്കുന്നത്.
ഞങ്ങൾ എട്ടാം ക്ലാസിൽ എത്തുമ്പോൾ സജിയും ഒപ്പം ഉണ്ടായിരുന്നു. അവനപ്പോഴേക്കും പതിനേഴ് കടന്ന പരിചയസമ്പന്നനായി മാറിയിരുന്നു. യു.പി.എസിൽ കെ.എസ്.യു ആയിരുന്ന അമിട്ട് ഷാജി അവിടെ എത്തിയ ഉടൻ എസ്.എഫ്.ഐക്കാരനായി മാറി. വിജയൻ മാത്രം ആറെസെസുകാരനായി തുടർന്നു. ബുധനാഴ്ചകളിലും മുണ്ടുടുത്തുകൊണ്ടു വരാൻ സ്വതന്ത്ര്യമുള്ള ദിവസങ്ങളിലും അവൻ അവന്റച്ഛന്റെ ഗ്ലാസ്കോ മുണ്ട് ഉടുക്കുകയും അതിനുള്ളിൽ നാലാൾ കാണും വിധത്തിൽ കാക്കി നിക്കർ ധരിക്കുകയും ചെയ്തുപോന്നു.
സജിക്ക് കണക്കും കണക്ക് കൂട്ടലും അറിയില്ലായിരുന്നു. മേരി ടീച്ചർ ഒരിക്കൽ അവനെ ക്ലാസിൽ എണീപ്പിച്ച് നിർത്തി ചോദിച്ചു: ‘‘അയ്യാറ്?’’
ഒറ്റയടിക്ക് അവൻ ഉത്തരം പറഞ്ഞു: എട്ട്.
ക്ലാസ് മുഴുവൻ പൊട്ടിച്ചിരിച്ചു. അങ്ങനെ ചിരിച്ചവൻമാർ ആരൊക്കെയാണെന്ന് അവൻ തിരിഞ്ഞുനോക്കി. അവർക്ക് നടുവിരൽ വായിലേക്കിട്ട് അവൻ ഒരാംഗ്യം കാണിച്ചുകൊടുത്തു. അതോടെ ക്ലാസ് പരമനിശ്ശബ്ദമായി മാറി. നടുവിരൽ വായിലിട്ട് കാണിച്ചാൽ കുട്ടികൾ നിശ്ശബ്ദരാകും എന്ന് മേരി ടീച്ചർ പഠിച്ചത് അങ്ങനെയാണ്. വടക്കുനിന്നും വന്ന ഒരച്ചായത്തിയായിരുന്നു അവർ. പിറ്റേന്ന് മുതൽ കുട്ടികൾ ഒച്ച വെക്കുമ്പോൾ മേരി ടീച്ചർ വായിൽ വിരലിട്ട് കാണിക്കാൻ തുടങ്ങി. ആൺ സാറമ്മാർ അത് ആഹ്ലാദത്തോടെ കാണാനും.
അങ്ങനെയിരിക്കെ ഒരുദിവസം കെ.എസ്.ടി.എ അധ്യാപകർ സമരം തുടങ്ങി. ഒരേയൊരധ്യാപകൻ മാത്രമായിരുന്നു പൂവത്തൂർ സ്കൂളിൽ സമരം നടത്താൻ ഉണ്ടായിരുന്നത്. രവിസാർ. ബാക്കിയുള്ളവർ കോൺഗ്രസുകാരും മൂരാച്ചികളും ആയിരുന്നെങ്കിലും സമരത്തിന് എതിരായിരുന്നില്ല. സമരങ്ങൾ ധാരാളമായി വേണമെന്നും ഒറ്റ ക്ലാസുപോലും നടക്കാൻ പാടില്ല എന്നും കുട്ടികൾ കുത്തുപാള എടുക്കണം എന്നും ഇവനൊന്നും ഒരുകാലത്തും രക്ഷപിടിക്കാൻ പാടില്ല എന്നുമൊക്കെ തന്നെയായിരുന്നു അവരുടെയും അഭിപ്രായം. സജി നോക്കുമ്പോൾ രവിസാർ ഒറ്റക്ക് നിന്ന് മുദ്രാവാക്യം മുഴക്കുകയാണ്. അവന് സഹിച്ചില്ല. സാറുമായി അമ്മവഴിക്ക് ഒരു ബന്ധുത്വവുമുണ്ട്. അവൻ ക്ലാസിൽ പഠിപ്പിച്ചുകൊണ്ടുനിന്ന ഉളിമൂക്കൻ സാറിനെ നോക്കി, എന്നിട്ട് എഴുന്നേറ്റ് നിന്ന് ഉറക്കെ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി:
ഞങ്ങളിലൊന്നിനെ തൊട്ടെന്നാൽ
തൊട്ടവന്റെ എല്ലൊടിച്ച്
അയ്യാറെട്ടിന് വളമാക്കും.
ഉളിമൂക്കൻ അന്തംവിട്ടുപോയി. അയാളെ അന്തംവിടാൻ വിട്ടിട്ട് സജി ക്ലാസിൽനിന്നും കുതിച്ച് പുറത്തിറങ്ങി. അവൻ നേരെ രവിസാറിന്റെ മുന്നിൽ ചെന്നു നിന്നു. ‘‘മാമച്ചീ, മാമച്ചി പേടിക്കണ്ട. മാമച്ചി ഒറ്റക്കല്ല. ഞാനുമൊണ്ട്.’’ എന്നിട്ട് രവിസാറിന്റെ മുദ്രാവാക്യം ഏറ്റുവിളിക്കാൻ തുടങ്ങി. രവിസാർ ചുറ്റും നോക്കി. എട്ടാം ക്ലാസിൽ കയറി, ഉളിമൂക്കന്റെ കൈയിൽനിന്നും ചൂരൽ പിടിച്ചു വാങ്ങി. ‘‘രവീ, രവീ ഇത് പുട്ടുക്കുറ്റി ശാന്ത ടീച്ചറ പെരമ്പാണ്. അടിച്ചൊടിക്കല്ല്. അവ്ള സ്വഭാവം അറിയാല്ലാ. ഇവിടെ വന്ന് കെടന്ന് ആടിപ്പൊടിച്ച് കളയും’’ എന്ന് ഉളിമൂക്കൻ പിന്നാലെ വിളിച്ചു. അതൊന്നും ഗൗനിക്കാതെ രവിസാർ സജിയെ കോളറിൽ തൂക്കി മുന്നിൽ നിർത്തി. എന്നിട്ട് ഒറ്റമുണ്ട് പൊക്കി. പ്ടിം പിടിം എന്ന് രണ്ടടി. കൂടെ ഒരുപദേശവും: ‘‘എടാ, പഠിക്കാൻ വന്നാൽ പഠിച്ചിട്ട് പോണം. കേട്ടാ.’’
സജി ആകെ ആശയക്കുഴപ്പത്തിലായി. ഒരു സഖാവ് ഒറ്റക്ക് സമരം ചെയ്യുന്നു. അതു കണ്ടുംകൊണ്ട് ചുമ്മായിരിക്കാൻ മറ്റൊരു സഖാവിന് പറ്റുമോ? പറ്റുന്നവർ ഉണ്ടാവുമായിരിക്കും. പക്ഷേ, സജിക്ക് പറ്റൂല. അവൻ ചന്തിയും തടവിക്കൊണ്ട് ക്ലാസിൽനിന്നും പുറത്തിറങ്ങി. എന്തിനാണ് രവിമാമച്ചി അടിച്ചതെന്ന് മാത്രം സജിക്ക് മനസ്സിലായില്ല. അതോടെ അവൻ ദേഷ്യം വന്ന് പഠിത്തം നിർത്തി.
അയ്യാറ് മുപ്പതാണെന്നോ IR-8 ഒരു നെല്ലിനമാണെന്നോ അറിയാതെ അവൻ സ്കൂൾ വിട്ടു. ആ പേര് മാത്രം അവനെ പിന്തുടർന്നു.
അവൻ ഒരു യഥാർഥ നേതാവായിരുന്നു. സ്കൂൾ വിട്ട് വരുമ്പോൾ ഒരു പട്ടാളക്കാരന്റെ പുരയിടവും വഴിയരികിൽ ഒരു കൂറ്റൻ മാവും കുട്ടികൾ മാവിലെറിയാതിരിക്കാൻ അയാളുടെ കാവലും ഉണ്ടായിരുന്നു. ഒരിക്കൽ സജി കുട്ടികളെ നയിച്ച് മുന്നേ നടന്നു. മാവിനടുത്തെത്തിയതും അവൻ ആജ്ഞാപിച്ചു: ‘‘വിദ്യാർഥികളേ കല്ലെടുക്കൂ.’’ കുട്ടികൾ കല്ലെടുത്തു. അടുത്ത ഉത്തരവ്: ‘‘വിദ്യാർഥികളേ എറിയൂ.’’ കുട്ടികൾ ഏറ് തുടങ്ങി. പട പടാ മാങ്ങകൾ നിലത്തുവീണു. പെട്ടെന്ന് പട്ടാളക്കാരൻ ചൂരൽവടിയുമായി പ്രത്യക്ഷപ്പെട്ടു. മാങ്ങ പെറുക്കിക്കൊണ്ട് നിന്ന വിദ്യാർഥികൾ ഒറ്റയടിക്ക് സ്ഥലം വിട്ടു. മുന്നിൽ സജി മാത്രമായി. നിലത്തുനിന്നും ഒരു ചുടുകല്ലെടുത്ത് അവനും തയാറായി നിന്നു. ‘‘എന്നെ തൊട്ടിറ്റ് മുക്കില് എറങ്ങാന്ന് വിചാരിക്കണ്ട.’’ അവൻ പറഞ്ഞു.
കടന്നൽക്കൂടിളകിയ പോലെ വരുന്ന ഒരു ഗ്രാമം പട്ടാളക്കാരന്റെ മനസ്സിലേക്ക് വന്നു. വടി ഓങ്ങി ഓടിവന്ന അയാൾ ഒരു പുനർവിചിന്തനത്തിന് തയാറായി. ‘‘തലതിരിഞ്ഞ, വെറുവാക്കലം കെട്ട സന്തതികൾ’’ എന്ന് പിറുപിറുത്തുകൊണ്ട് അയാൾ തിരികെ പോയി.
രാജ്ഭവൻ വളയൽ സമരത്തിൽ നെഞ്ചിൽ വെടിയുണ്ടയേറ്റാണ് അവൻ മരിച്ചത്. തിരച്ചിവാൽകൊണ്ട് മുതുകിലടിച്ച അമിട്ട് ഷാജിയാണ് അവന്റെ ശരീരം ഏറ്റുവാങ്ങിയത്. അവനിപ്പോൾ പാർട്ടി ഏരിയാ സെക്രട്ടറിയാണ്.
ഞാൻ നാട്ടിലെത്തുമ്പോഴേക്കും അവന്റെ സംസ്കാരം കഴിഞ്ഞിരുന്നു. ഷാജിയുടെ നേതൃത്വത്തിൽ അവന് സ്മാരകം പണി തുടങ്ങി. അദ്വാനിപോലും അതിന് സാമ്പത്തിക സഹായം നൽകി.
ജങ്ഷനിൽ സ്ഥാപിച്ച സ്മാരക കുടീരത്തിന് ചുമപ്പായിരുന്നു നിറം. അതിന്മേൽ അവന്റെ ജീവസ്സുറ്റ ചിത്രം പതിച്ചിട്ടുണ്ട്. ഫോട്ടോയിൽ ആദ്യത്തെ പൂക്കളിടാൻ അവന്റെ ഭാര്യയും മകനും എത്തിയിരുന്നു. ഷാജി അത്യന്തം ആവേശത്തോടെ മുദ്രാവാക്യം വിളിച്ചുകൊണ്ട് പൂക്കൾ വിതറി. സ്മാരകത്തിന് മേൽ അവൻ വിളിക്കാറുള്ള മുദ്രാവാക്യവും എഴുതിെവച്ചിട്ടുണ്ടായിരുന്നു:
‘‘തൊട്ടവന്റെ എല്ലൊടിച്ച്
അയ്യാറെട്ടിന് വളമാക്കും.’’
ഞാൻ പൂക്കൾ വിതറിയില്ല. IR -8ന്റെ ഒരു മണി ആ നിലത്ത് പൂഴ്ത്തിയിട്ടു. എനിക്കറിയാം, അയ്യാറെട്ട് അത്യുൽപാദനശേഷിയുള്ള നെന്മണിയാണ്. ഏത് കാലാവസ്ഥയിലും വഴക്കത്തോടെ വളരും. നിറയെ ഫലം തരും.
അവന്റെ കൂടി രക്തവും മാംസവും ഭുജിച്ചാണ് IR-8കൾ വളർന്നു പന്തലിക്കുന്നത്.