വൈബ്
text_fieldsരണ്ടുദിവസം മുമ്പായിരുന്നു അയാളുടെ രണ്ടാമത്തെ കോൾ. ‘ഫ്രീ ആണോ’ എന്ന് ചോദിച്ചുകൊണ്ടുള്ള മെസേജിനു ശേഷമാണ് വിളിക്കാറ്. അവളും ആ പതിവ് തെറ്റിക്കണ്ട എന്നു കരുതി. ആദ്യത്തേത് അവൾ തീരെ പ്രതീക്ഷിക്കാത്തതായിരുന്നു.
‘‘റിക്വസ്റ്റ് ഇട്ടിരുന്നു, നോക്കിയൊ?’’
‘‘കണ്ടിരുന്നു, പക്ഷെ എന്റെ രണ്ടു വയസ്സിന്റെ കൂടുതൽ ശ്രദ്ധയിൽപെട്ടുകാണില്ലെന്നു കരുതി’’.
‘‘അറിയാമായിരുന്നു, തനിക്കത് ഒരു പ്രശ്നമാണൊ? മറ്റു വല്ലതും’’.
‘‘എന്താണിത്ര വൈകിയത്?’’
‘‘ആഗ്രഹിച്ച ജോലി കിട്ടിയെങ്കിലും നാട്ടിൽനിന്ന് തിരിച്ച് അധികം വൈകാതെ പാരന്റ്സിന് ഒരു വലിയ ആക്സിഡന്റ് പറ്റി.
അതിന്റേതായ കടുത്ത ബാധ്യതകൾ...
അങ്ങോട്ടും ഇതേ ചോദ്യം തന്നെ ആവർത്തിക്കാമല്ലൊ അല്ലെ...’’.
‘‘എയ്ജ് ഓവർ ആവുന്നത് വരെ പരീക്ഷാ പരീക്ഷണങ്ങൾ... കോച്ചിങ് ക്ലാസുകൾ...
കിട്ടാതായപ്പോൾ അലമാരയിൽനിന്ന് പി.ജി സർട്ടിഫിക്കറ്റുമെടുത്ത് ഇറങ്ങി. ടൗണിലെ വലിയ മെഡിക്കൽ കോളജാശുപത്രിയിലെ റിസപ്ഷനിസ്റ്റായിട്ട് രണ്ടുവർഷമായി...
അമ്മ നേരത്തേയും കഴിഞ്ഞ മാസം അച്ഛനും തിരിച്ചു വരാത്തവിധം പോയി. ശേഷം അനിയൻ വാടക വീടൊഴിഞ്ഞു ഭാര്യ വീട്ടിലേക്ക് പോയപ്പോഴാണ് ഞാൻ ഹോസ്റ്റലിലായത്. ആർക്കുമൊരു ബാധ്യത ആവരുതല്ലൊ’’.
രണ്ടാമത്തെ കോളിലാണ് പറഞ്ഞത് സ്ഥിരജോലിക്ക് പുറമെ മറ്റു ചില കമ്പനിയുടെ വർക്കുകൾ കൂടിഅയാൾ ഏറ്റെടുത്തിയിട്ടുണ്ടെന്ന്. ഏകദേശം ഒരു നാലുമാസം വേണ്ടിവരും കരാറുകൾ തീർത്ത് ഫ്രീയാകാൻ. കൃത്യമായ ഒരു ഡേറ്റ് പറയാൻ ഇപ്പോൾസാധിക്കില്ല. അതുകൊണ്ട് പറ്റുമെങ്കിൽ മാത്രം കാത്തിരിക്കുക എന്ന്.
എന്തു മറുപടി പറയണമെന്നറിയാതെ ഒരു നിസ്സംഗത അവളെ പിടികൂടി അയാളുടെ അർഥവത്തായ നാമമാത്ര സംഭാഷണങ്ങൾക്കൊടുവിൽ അറിയാതെ അവൾ ഒരു അവാർഡ് സിനിമയായി മാറി നിശ്ശബ്ദയാകുന്നു. എങ്കിലും അതിന്റെ വല്ലാത്ത ഒരു നിഗൂഢസുഖം അവളെ നന്നായി വലയം ചെയ്യുന്നതായും തോന്നിയത് ഓർത്തു നിന്നപ്പോഴാണ് കോൾ വന്നത്. ‘‘ഇനിയൊരു വിളിയുണ്ടാകില്ലെന്ന് കരുതി കുപ്പിയുമായിട്ടാണ് ഇന്നുഞാൻ ഫ്ലാറ്റിലേക്ക് വന്നത്. കഴിഞ്ഞ രണ്ടു ദിവസവും ഉറങ്ങാൻ കഴിഞ്ഞില്ല. ഇനി പറയെടൊ’’.
അന്ന് ഞാൻ ചെയ്തത് ശരിയാണൊ തെറ്റാണൊ എന്നറിയില്ല. പെട്ടെന്നൊരു ഉത്തരം മുട്ടിപ്പോയിരുന്നു... ഇപ്പോൾ പറയാനും കേൾക്കാനും നമുക്ക് പരസ്പരം പറ്റുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.