കല്ലീവല്ലി
സത്യമായും ഞാൻ മരിച്ചതല്ല മാഡം... ഷബീർ അലി ബംഗാളിയോ ഹിന്ദിയോ കരച്ചിലോ എന്ന് മനസ്സിലാകാത്ത ഭാഷയിലാണ് പറഞ്ഞതെങ്കിലും അമൃതക്ക് ആരുടെയും സഹായമില്ലാതെ തന്നെ അത് മനസ്സിലായി. അസ്ലം അത് വിവർത്തനം ചെയ്തുകൊടുക്കാൻ പോകുമ്പോൾ അവൾ കൈകൊണ്ട് വേണ്ടെന്ന് ആംഗ്യം കാണിച്ചു. തന്റെ മുന്നിലെ വിലകൂടിയ ലെതർ കസേരയിൽ മുക്കാലും പുറത്തും ഇത്തിരി അകത്തുമായി ഇരുന്നു, ഇരുന്നില്ല എന്ന മാന്ത്രിക പൊസിഷനിൽ ഇരിക്കുന്ന ആ മനുഷ്യന്റെ പ്രായം അമൃത മനസ്സിൽ കണക്കുകൂട്ടി. കാഴ്ചയിൽ...
Your Subscription Supports Independent Journalism
View Plansസത്യമായും ഞാൻ മരിച്ചതല്ല മാഡം...
ഷബീർ അലി ബംഗാളിയോ ഹിന്ദിയോ കരച്ചിലോ എന്ന് മനസ്സിലാകാത്ത ഭാഷയിലാണ് പറഞ്ഞതെങ്കിലും അമൃതക്ക് ആരുടെയും സഹായമില്ലാതെ തന്നെ അത് മനസ്സിലായി. അസ്ലം അത് വിവർത്തനം ചെയ്തുകൊടുക്കാൻ പോകുമ്പോൾ അവൾ കൈകൊണ്ട് വേണ്ടെന്ന് ആംഗ്യം കാണിച്ചു.
തന്റെ മുന്നിലെ വിലകൂടിയ ലെതർ കസേരയിൽ മുക്കാലും പുറത്തും ഇത്തിരി അകത്തുമായി ഇരുന്നു, ഇരുന്നില്ല എന്ന മാന്ത്രിക പൊസിഷനിൽ ഇരിക്കുന്ന ആ മനുഷ്യന്റെ പ്രായം അമൃത മനസ്സിൽ കണക്കുകൂട്ടി. കാഴ്ചയിൽ അമ്പതോ അറുപതോ തോന്നിക്കുമെങ്കിലും അവൾക്ക് മുന്നിലെ രേഖകൾ കാണിക്കുന്നത് അയാൾക്ക് 32 വയസ്സ് എന്നാണ്. അയാളുടെ മുഖത്തെ കരച്ചിലും നിസ്സഹായതയും ആധിയുമൊക്കെ വായിച്ചെടുക്കാനെന്ന മട്ടിൽ അവൾ നോക്കുമ്പോൾ തനിക്ക് ഇവിടെയും എന്തെങ്കിലും തെറ്റു പറ്റിയോ എന്ന ആശങ്കകൂടി അയാളുടെ മുഖത്തേക്ക് ഇരച്ചുവന്നു.
അബൂദബിയിലെ പണിസ്ഥലത്തുനിന്നും ബസ് കയറി ദുബൈയിലെത്തിയതാണ് അയാൾ. ദുബൈ പൊലീസിൽനിന്നും വർക്ക് സൈറ്റിലെ ഓഫിസിലേക്ക് ഫോൺ വന്നപ്പോഴാണ് ഷബീറലി മരിച്ചെന്ന് അവിടുള്ളവർ അറിഞ്ഞത്. അതും ദുബൈയിലെ ഒരു പണിസ്ഥലത്ത് നാൽപതാം നിലയുടെ മുകളിൽനിന്നും താഴെ വീണിട്ട്. ഷബീറിന്റെ കമ്പനിയുടെ അബൂദബി ഓഫിസിലെ പേഴ്സനൽ മാനേജർ കിരണാണ് അയാളോട് വക്കീലിനെ ഒന്ന് വിളിച്ചിട്ട് അഭിപ്രായം ചോദിച്ചോളൂവെന്ന് അമൃതയുടെ നമ്പർ കൊടുത്തത്. കിരൺ കാര്യം പറഞ്ഞെങ്കിലും ഷബീറലി ഫോണിൽ സംസാരിക്കുമ്പോൾ അയാളുടെ നിലവിളിയല്ലാതെ മറ്റൊന്നും അമൃതക്ക് മനസ്സിലായില്ല. ഹിന്ദി അറിയാത്തതുകൊണ്ട് മാത്രമായിരുന്നില്ല അത്, താൻ പറയുന്ന ഭാഷയിൽ കരച്ചിലല്ലാതൊന്നും അയാൾക്കുപോലും മനസ്സിലാവുന്നുണ്ടായിരുന്നില്ല.
അമൃതക്ക് മുന്നിൽ എന്തൊക്കെയോ കടലാസുകളുടെ ഒരു പ്ലാസ്റ്റിക് ഫോൾഡർ മേശപ്പുറത്ത് വെക്കാമോ എന്ന സന്ദേഹത്തിൽ കൈയിൽനിന്ന് വിട്ടുകളയാതെ പിടിച്ച് ഇരിക്കുമ്പോഴും അയാളുടെ മനസ്സിലെ ഭാഷ ആ നിലവിളിയുടേതുതന്നെയായിരുന്നു. ഏതാനും മണിക്കൂറുകൾ മുമ്പ് നാട്ടിൽ ഭാര്യയെ വിളിച്ച് താനല്ല മരിച്ചതെന്ന് ആണയിട്ട് പറയുമ്പോഴും അതേ ഭാഷ മാത്രമേ അയാൾക്ക് കൈമുതലായുണ്ടായിരുന്നുള്ളൂ. ഒരുപക്ഷേ ജനിച്ചന്ന് മുതൽ അയാൾക്ക് സ്ഥിരമായുണ്ടായിരുന്ന ഭാഷ അതുതന്നെയായിരുന്നിരിക്കണം.
ഓരോ തവണയും രക്ഷപ്പെട്ടുവെന്ന തോന്നലിലെത്തുമ്പോൾതന്നെ ആഴത്തിലേക്ക് വലിച്ച് മുക്കുന്ന എന്തോ ഒന്ന് ജീവിതമാകെയും ഒപ്പമുണ്ടെന്ന് ഷബീറലിക്ക് പണ്ടും തോന്നിയിട്ടുള്ളതാണ്. ഇന്ന് സ്വന്തം മരണവാർത്ത അറിഞ്ഞ നേരം മുതൽ ആ തോന്നൽ പിന്നെയും അയാളിലേക്ക് ഇരച്ചുവന്നു. കഷ്ടിച്ച് ഒരു വർഷം മുന്നെയാണ് ഏറെക്കാലം ദുരിതങ്ങളുടെ ആഴത്തിൽനിന്ന് ശ്വാസമെടുക്കാനെന്നവണ്ണം അയാൾ ദുബൈയിലെ ജോലിയിൽ കയറുന്നത്. അതിനും മുമ്പ് അങ്ങനെ ശ്വാസമെടുക്കുന്നുവെന്ന തോന്നൽ വന്നത് രണ്ടു ലക്ഷം ടക മുജീബുറിനെ ഏൽപ്പിച്ച് ഒരുമാസം കഴിഞ്ഞ് അയാൾ ദുബൈക്കുള്ള വിസയുമായി വന്നപ്പോഴാണ്. അത് നാലു വർഷം മുമ്പായിരുന്നു. പക്ഷേ, ദുബൈയിലെത്തിയപ്പോൾ ആദ്യമായും അവസാനമായും കടല് കാണാൻ പോയതുപോലെയായിരുന്നു അനുഭവം.
കലിപൂരിലെ വീട്ടിൽനിന്ന് കഷ്ടിച്ച് രണ്ട് മണിക്കൂർ സൈക്കിളിൽ പോകാവുന്ന ദൂരത്തിലാണ് കടലെങ്കിലും ഷബീർ ആദ്യമായി അങ്ങോട്ട് പോവുന്നത് 13 വയസ്സായിട്ടാണ്. ബലേശ്വർ നദിയിലാണ് ഷബീറിന്റെ കുട്ടിക്കാലം തൊട്ടുള്ള ഒഴിവുനേരങ്ങളെല്ലാം. പുഴ കരകവിയുന്ന നാളുകളിൽപോലും നദിയിലിറങ്ങി അക്കരെയിക്കരെ നീന്തുന്ന ധൈര്യത്തിലാണ് കടലിലിറങ്ങുന്നത്. ഒറ്റനിമിഷംകൊണ്ട് ഒരു തിര ആ പതിമൂന്നുകാരനെ വിഴുങ്ങി. ശ്വാസംകിട്ടാതെ വെള്ളത്തിനടിയിൽ ഒടുങ്ങിപ്പോകുമെന്ന ആ തോന്നലായിരുന്നു ദുബൈയിലേക്ക് കടയിലെ ജോലിക്കുള്ള വിസയെന്ന് പറഞ്ഞ് മുജീബുർ തന്നത് മൂന്ന് മാസത്തേക്കുള്ള വിസിറ്റ് വിസയാണെന്നും ജോലി കണ്ടുപിടിക്കേണ്ടത് താൻതന്നെയാണെന്നും അറിഞ്ഞപ്പോൾ ഷബീറിനുണ്ടായത്.
ശമ്പളമില്ലാത്ത ക്ലീനിങ് ജോലിയും ഷാർജയിലെ വില്ലയുടെ മുറ്റത്ത് തകരഷീറ്റ് മറച്ചുണ്ടാക്കിയ താൽക്കാലിക മുറിയിലെ താമസവും രണ്ടുനേരത്തെ കുബൂസും വെള്ളവും മാത്രമായ ഭക്ഷണവും എങ്ങനെയോ ജീവിതം മുന്നോട്ടുപോകുന്നു എന്നതിനപ്പുറം മറ്റൊരു തോന്നലും അയാൾക്ക് നൽകിയില്ല. പൊരിവെയിലത്ത് നടന്നും ആരുടെയോ ഔദാര്യത്തിൽ വല്ലപ്പോഴും കിട്ടുന്ന സൈക്കിൾ ചവിട്ടിയും ഒക്കെ ഓരോ ഇടങ്ങളിൽ വീടെന്നോ അടുക്കളയെന്നോ ഓഫിസുകളെന്നോ വ്യത്യാസമില്ലാതെ വൃത്തിയാക്കി സൂക്ഷിക്കാൻ എപ്പോഴും മെനക്കെട്ടെങ്കിലും കൂലിയൊന്നും ആരിൽനിന്നും കിട്ടിയിരുന്നില്ല.
വിസ, താമസം, ഭക്ഷണം എന്നിങ്ങനെയുള്ള ചെലവുകളിലേക്ക് മലബാരിയായ മുതലാളി അതെല്ലാം തട്ടിക്കിഴിച്ചു. എന്നിട്ടും അയാളെന്തോ ഔദാര്യം ചെയ്തുതരുന്ന മട്ടിലായിരുന്നു പെരുമാറ്റം. അത് തെറ്റാണെന്ന് ഒരിക്കലും ഷബീറിന് തോന്നിയതുമില്ല. വിസിറ്റ് വിസ തീർന്ന് കല്ലീവല്ലിയായി അലയേണ്ടി വരുമായിരുന്ന ഷബീറിന് പൊലീസിനെ പേടിക്കാതെ പുറത്തിറങ്ങി നടക്കാൻ വഴിയൊരുക്കിയത് അയാളാണല്ലോ. അത് ഔദാര്യമല്ലെങ്കിൽ പിന്നെന്താണ്.
കരച്ചിലിന്റെ വക്കത്തുനിന്നും കരകയറി നിൽക്കുകയായിരുന്ന ഷബീറിന്റെ മുഖത്തേക്കുതന്നെ അമൃത അൽപനേരം നോക്കിയിരുന്നു. തന്റെ ജീവിതം മൊത്തം അയാൾ ഒറ്റവാക്കുപോലുമില്ലാതെ പറയുകയാണെന്ന് അവൾക്ക് തോന്നി. എവിടൊക്കെയോ ഇയാളെ ഇതിന് മുന്നേ കണ്ടിട്ടുണ്ടെന്ന് ഒരുനിമിഷം അമൃത ചിന്തിച്ചുപോയി, ഒട്ടും സാധ്യതയുണ്ടായിരുന്നില്ലെങ്കിലും. പിന്നെ അവൾ സ്വയം തിരുത്തി. ഷബീറലിയുടെ മുഖം മറ്റൊരുപാട് പേരുടേത് കൂടിയാവണം.
ഓഫിസിലേക്ക് വരുമ്പോൾ വലിയ കച്ചറക്കൂനകളിൽനിന്നും കാർട്ടണുകൾ തിരഞ്ഞ് പെറുക്കുന്ന, മാളിൽ വണ്ടി പാർക്ക് ചെയ്താലുടൻ കാർ വാഷ് മാഡം എന്ന് ആവലാതിയുടെയോ യാചനയുടെയോ സ്വരത്തിൽ പിറുപിറുത്തുകൊണ്ട് ഓടിവരുന്ന, സിഗ്നലിൽ വണ്ടി നിർത്തുമ്പോൾ പേനയോ വെള്ളക്കുപ്പിയോ നീട്ടിക്കൊണ്ട് വൺ ദിർഹം എന്ന് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന മനുഷ്യർക്കൊക്കെ ഇയാളുടെ മുഖംതന്നെയാണ്. ഇവരുടെയെല്ലാം മുഖത്ത് തെളിഞ്ഞുനിൽക്കുന്ന ദൈന്യത ഷബീറലിയുടെ മുഖത്തുമുണ്ട്. അവിടെത്തന്നെ നിൽക്കുകയായിരുന്ന അസ്ലമിനെ നോക്കി അയാൾക്ക് ചായ കൊടുക്കാൻ അവൾ ആംഗ്യം കാട്ടി.
താൻ കരയുന്നത് ഉച്ചത്തിലാണോ മനസ്സിലാണോയെന്ന് ഷബീറലിക്ക് ഉറപ്പില്ലായിരുന്നു. പക്ഷേ, മുന്നിൽ ചാരനിറത്തിലെ സ്യൂട്ട് ധരിച്ച് തികഞ്ഞ ആധികാരികതയോടെ തന്റെ മുഖത്തേക്കുതന്നെ നോക്കിയിരിക്കുന്ന സ്ത്രീ തന്റെ കണ്ണീരു നിറഞ്ഞ മനസ്സിലേക്കാണ് നോക്കുന്നതെന്ന് അയാൾക്കുറപ്പായിരുന്നു.
നിറം മങ്ങിയ ഉടുപ്പും വിയർപ്പുമണിഞ്ഞ് പുഴമീനോ പച്ചക്കറിയോ വിൽക്കാനിറങ്ങുന്ന ഭാര്യയെ ഒരു നിമിഷം അയാളോർത്തു. അവളെയുംകൊണ്ട് താൻ വീടിന്റെ പടികടന്നുവന്നത് എട്ടു വർഷം മുമ്പായിരുന്നുവെന്നും അന്ന് തന്റെ മുഖത്ത് എന്തൊക്കെയോ വെട്ടിപ്പിടിച്ച ചിരിയുണ്ടായിരുന്നുവെന്നുമെല്ലാം അയാളുടെ ഓർമ പറഞ്ഞു.
ഏഴു മക്കളിൽ നാലാമനായിരുന്നിട്ടും വീട്ടിലെ കാര്യങ്ങൾ നോക്കാനുള്ള മിടുക്ക് ഏറ്റവും കൂടുതൽ തനിക്കായിരുന്നുവെന്ന് ബാബ മറ്റുള്ളവരോട് അഹങ്കാരത്തോടെ പറയുമായിരുന്നു. ആ പറച്ചിലിന്റെ കെണിയിൽ വീണാണ് മറ്റുള്ളവരെക്കാൾ ഉത്തരവാദിത്തങ്ങൾ അയാൾ തന്നത്താൻ ഏറ്റെടുത്തത്. കൃഷിയും ചെറുകച്ചവടവും മീൻപിടിത്തവുമൊക്കെക്കൊണ്ട് എങ്ങനെയെങ്കിലുമൊക്കെ അറ്റങ്ങൾ കൂട്ടിമുട്ടിച്ച് മുന്നോട്ടുപോവുന്ന ജീവിതത്തെ അടുത്തടുത്ത മൂന്നു വർഷങ്ങളിൽ പുഴയിലെ വെള്ളം പൊങ്ങി മുക്കിക്കളയുകയായിരുന്നു. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും നിലവിളിക്കുന്ന മുഖം വീട്ടിലെ എല്ലാവരിൽനിന്നും തന്നിലേക്ക് പകരുകയായിരുന്നുവെന്ന് അയാളും സംശയിച്ചിട്ടുണ്ട്. ഭാര്യയും രണ്ട് മക്കളും മാത്രമല്ല, അയാളുടെ തണലിൽ നിന്നത്. മഴയും വെയിലുമേറ്റും വെള്ളപ്പൊക്കത്തിൽ മുങ്ങിയുമൊക്കെ അയാൾ കാത്തത് മാസംതോറും വലുതായിക്കൊണ്ടിരുന്ന കുടുംബത്തെയായിരുന്നു.
എല്ലാ വഴികളുമടയുന്നുവെന്ന തോന്നലിലാണ് മുജീബുർ രംഗപ്രവേശം ചെയ്യുന്നത്. ഒന്നും തിരിച്ചുതരാത്ത കൃഷിഭൂമിയെയും ഉള്ളതെല്ലാം കവർന്നെടുക്കുന്ന നദിയെയും തന്റെ ജീവിതത്തെത്തന്നെയും പിന്നിലുപേക്ഷിച്ചാണ് അയാൾ എയർ അറേബ്യ വിമാനമേറാൻ ധാക്കയിലേക്ക് ബസ് കയറുന്നത്.
“ദാദാ, നിങ്ങൾ എനിക്ക് തരുന്ന കാശ് ബാങ്കിൽ ഇരട്ടി പലിശക്ക് ഇടുന്നതുപോലെയാണ്. ഈ കാശ് എനിക്കല്ലെന്ന് ഞാൻ പറയേണ്ട കാര്യമില്ലല്ലോ. നിങ്ങളവിടെച്ചെന്ന് എ.സി മുറിക്കുള്ളിലിരുന്ന് ജോലി ചെയ്യുമ്പോൾ നിങ്ങളെപ്പോലെതന്നെ ഞാനും സന്തോഷിക്കും. ഇങ്ങനെ കയറിപ്പോയി അവിടെ വലിയ നിലയിലായ പലരെയുംപോലെ നിങ്ങൾക്കും ഭാഗ്യമുണ്ട് ദാദാ. ഇനി ഞാൻ നിങ്ങളെക്കാണാൻ ഇവിടെ വരുമ്പോൾ നിങ്ങളുടെ വീട് ഇങ്ങനൊന്നുമായിരിക്കില്ല എന്നെനിക്കുറപ്പുണ്ട്...”
മുജീബുർ വാക്കുകളുടെ മഴ പെയ്യിക്കുമ്പോൾ കഴിഞ്ഞ വർഷകാലത്ത് പുഴ തിന്നുതീർത്ത പാടങ്ങളുടെ ഗതിയാവും തന്റെ ജീവിതത്തെ കാത്തിരിക്കുന്നതെന്ന് ഷബീറലി ചിന്തിച്ചേയില്ല. കടക്കാലത്തേക്ക് വഴിതുറക്കുന്നത് കടമക്കാലം തന്നെയാണെന്ന് പലവട്ടം അയാൾക്ക് തോന്നിയിട്ടുള്ളതാണ്. രണ്ടും ഒരിക്കലും അവസാനിക്കാത്ത കാലങ്ങളാണെന്നും. മഴക്കാലം പൊരിവെയിലിലേക്കും തിരിച്ചും വാതിൽ തുറക്കുന്നതുപോലെതന്നെ.
ഏതാണ്ട് ഒരു വർഷം മുമ്പാണ് ഒരു പരിചയക്കാരൻ അയാൾക്ക് താൽക്കാലിക സമാധാനത്തിലേക്കുള്ള വാതിൽ തുറന്നുകൊടുത്തത്. പരിചയക്കാരനെന്നൊക്കെ ഒരു മേനിക്കങ്ങ് പറയാമെന്നേയുള്ളൂ. അയാൾ ക്ലീനിങ്ങിനു പോയിരുന്ന ഒരു വീട്ടിലെ സാബായിരുന്നു തന്റെ കമ്പനിയിൽ അബൂദബിയിൽ ആളെ എടുക്കുന്നുണ്ടെന്നും പോയി ജോലിക്ക് ചേരാനും പറഞ്ഞത്. വിസ പുതുക്കാൻ ജമാലിന് പണം കൊടുക്കേണ്ട സമയമായപ്പോൾ അവരോട് ചെറിയൊരു തുക അഡ്വാൻസ് ചോദിച്ചതായിരുന്നു.
ശരിക്കും അഞ്ഞൂറ് ദിർഹം കടം കിട്ടിയേക്കും എന്നതിനപ്പുറമൊന്നും കരുതാതെയും ആഗ്രഹിക്കാതെയുമാണ് ഷബീർ മാഡത്തോട് 1000 ദിർഹം കടം ചോദിച്ചത്. സാബിനോട് പറഞ്ഞ് നാളെ നോക്കാമെന്ന് മറുപടികിട്ടിയപ്പോൾ അതും ഇല്ലാതായേക്കുമെന്ന് ഭയന്നു. അഞ്ഞൂറ് ചോദിച്ചാൽ മതിയായിരുന്നു എന്നൊക്കെ പിന്നെയും തന്നെത്തന്നെ കുറ്റപ്പെടുത്തി.
വിസ പുതുക്കാൻ രണ്ടുമാസം ബാക്കിയാകുമ്പോൾതന്നെ പണം സ്വരൂപിക്കൽ ആരംഭിക്കുന്നതാണ്. നാട്ടിലേക്ക് അയക്കുന്നതും മറ്റ് ചെലവുകളുമൊക്കെ കഴിഞ്ഞാൽ മാസം തോറും മിച്ചം പിടിക്കൽ ഒരിക്കലും നടക്കാറില്ല. എന്നും നാട്ടിൽ ഓരോ ആവശ്യങ്ങളാണ്. എത്ര അയച്ചാലും ഒന്നിനും മതിയാവാത്തതുപോലെ. താൻ നാട്ടിലായിരിക്കുമ്പോൾ ഇത്ര ആവശ്യങ്ങളും ദുരിതങ്ങളും ഉണ്ടായിരുന്നില്ലെന്ന് എപ്പോഴും തോന്നും. എന്തെങ്കിലും പറഞ്ഞാൽ അമ്മിയോ ദാദാമാരോ ഒക്കെ ഓർമിപ്പിക്കും... കുടുംബം വലുതാവുകയാണ്.
ശരിയാണ്. തന്റെ കുടുംബവും വലുതായിട്ടുണ്ട്. ചെലവുകൾ കൂടുന്നത് സ്വാഭാവികംതന്നെയാണ്. എങ്കിലും ഒന്നും വേണ്ടിയിരുന്നില്ലെന്ന് ഓരോ ദുരിതനാളിലും ഷബീറലി പശ്ചാത്തപിക്കും. വെള്ളം കുടിച്ച് വിശപ്പ് മാറ്റിയ ആദ്യകാലത്ത് തോന്നിയിട്ടുണ്ട്, പാടങ്ങൾ ഒരിക്കലും മുഴുപ്പട്ടിണി ആക്കിയിട്ടില്ലെന്ന്. പിന്നീട് ആ തോന്നലുകളെയെല്ലാം താൻ വൃത്തിയാക്കുന്ന വീടുകളിലെയോ ഓഫിസുകളിലെയോ പൊടിയെപ്പോലെ തുടച്ച് മായ്ക്കും.
പണം കടം ചോദിച്ചതിന്റെ അടുത്ത ദിവസമാണ് സാബ് ആദ്യമായി തന്നോട് സംസാരിച്ചതെന്ന് അയാളോർത്തു. അങ്ങനെയൊരാൾ അവിടെയുണ്ടെന്ന് കാണാത്തതുപോലെയാണ് വീട്ടിലുള്ള നേരങ്ങളിൽ സാബ് പെരുമാറുന്നത്. വിശേഷങ്ങൾ അന്വേഷിക്കലും ജോലിയുടെ നിർദേശങ്ങൾ തരുന്നതുമൊക്കെ മാഡമാണ്. അതുകൊണ്ടുതന്നെ സാബ് ആദ്യമായി നിനക്ക് വേറെ എന്തെങ്കിലും പണിചെയ്യാൻ അറിയാമോ എന്ന് ചോദിച്ചപ്പോൾ അത് തന്നോടല്ലെന്ന് ഒരു നിമിഷം ഷബീറലി കരുതിപ്പോയി. തന്റെ മുഖത്തുതന്നെ കൊരുത്തിരിക്കുന്ന രണ്ട് കണ്ണുകൾ കണ്ടപ്പോഴാണ് ചോദ്യം തന്നോടു തന്നെയെന്ന് ഉറപ്പിച്ചത്. എന്തു പണിയും ചെയ്യുമെന്ന മറുപടിയാണ് നാവിലേക്ക് കുതിച്ചുവന്നതെങ്കിലും എന്തും വായിച്ചെടുക്കാവുന്ന ഒരു തലകുലുക്കലിൽ അതങ്ങ് ഒടുങ്ങിപ്പോയി.
“ഞങ്ങളുടെ കമ്പനിയിൽ അബൂദബിയിലേക്ക് ജോലിക്കാരെ എടുക്കുന്നുണ്ട്. സൈറ്റിലാണ് ജോലി. നിനക്ക് 1500 ദിർഹം ശമ്പളം കിട്ടും. പോരെങ്കിൽ ഓവർടൈമും കിട്ടും. പിന്നെ നിനക്ക് ഈ വിസ പുതുക്കലിന് പണമുണ്ടാക്കാനൊന്നും ഓടേണ്ട കാര്യമില്ല. അതൊക്കെ കമ്പനി ചെയ്യും. രണ്ടു വർഷം കൂടുമ്പോൾ നാട്ടിൽ പോകാനുള്ള ടിക്കറ്റ് കിട്ടുകയും ചെയ്യും. നീയിപ്പോ നാട്ടിൽ പോയിട്ട് എത്ര നാളായി?” വന്നിട്ട് ഇതുവരെ പോയിട്ടില്ലെന്ന് പറയാൻ ഒരുങ്ങിയെങ്കിലും നാവ് അവിടെയും മരവിച്ചു നിന്നു. ഒറ്റനിമിഷംകൊണ്ട് വീടും ഭാര്യയും കുട്ടികളും മറ്റുള്ളവരുമൊക്കെ മനസ്സിലേക്ക് വന്നു.
ആലോചിച്ചിട്ട് നാളെ പറയ് എന്നുപറഞ്ഞ് സാബ് മറ്റെന്തിലേക്കോ തിരിഞ്ഞു. ഒന്നും ആലോചിക്കാനില്ലെന്ന് മനസ്സ് അപ്പോത്തന്നെ മറുപടി പറഞ്ഞു. ജമാലിന്റെ പിടിയിൽനിന്നുള്ള മോചനമാണ് മുന്നിൽ. അതിനെന്ത് സംശയിക്കാനാണ്...
കരുതിയതുപോലെതന്നെ അത്ര എളുപ്പമായിരുന്നില്ല ജമാലിൽനിന്നും രക്ഷപ്പെടൽ. അയാൾ ഭീഷണിയും പ്രലോഭനവുമൊക്കെ പ്രയോഗിച്ചുനോക്കി. പക്ഷേ, ഷബീറിന്റെ തീരുമാനത്തെ തോൽപ്പിക്കാൻ അതിനൊന്നുമായില്ല. ജോലിക്ക് അയക്കാനുള്ള അപേക്ഷ തയാറാക്കിയതും അയച്ചതുമെല്ലാം മാഡംതന്നെയായിരുന്നു. ഒരാഴ്ചക്കകം അബൂദബിയിലേക്ക് പൊയ്ക്കൊള്ളാൻ സാബ് പറഞ്ഞു. ഇന്റർസിറ്റി ബസിന്റെ തണുപ്പിലിരുന്ന് ഉറങ്ങുമ്പോൾ ബലേശ്വറിന്റെ കുളിരിൽ താൻ മുങ്ങി നിവരുന്നതും കൈയിലിരുന്ന് പിടയുന്ന കൂറ്റൻ മീനിനെ നോക്കി ഭാര്യയും മക്കളും അതിശയത്തോടെ ആർപ്പുവിളിക്കുന്നതും അയാൾ സ്വപ്നം കണ്ടു.
അങ്ങനെ ഷാർജയിലെ നാല് വർഷങ്ങളോട് വിടപറഞ്ഞ് പുതിയൊരു നഗരത്തിലേക്ക് ഷബീറലി ജീവിതത്തെ പറിച്ചുനട്ടു. ജീവിതത്തെ മാത്രമല്ല, ദിവസങ്ങളെയും ലോകത്തെത്തന്നെയും പുതുക്കിത്തീർക്കുകയായിരുന്നു അയാൾ. വീണ്ടും അപരിചിതമായൊരു ലോകം. സ്വന്തമായി അധികമൊന്നും തീരുമാനിക്കേണ്ടതില്ല എന്നൊരു സൗകര്യം അയാൾ ആദ്യമായി അനുഭവിക്കുകയായിരുന്നു. ചെയ്യുന്ന ജോലിയും കിടക്കാനുള്ള ഇടവും കഴിക്കാനുള്ള ഭക്ഷണവുമൊക്കെ മറ്റോരോരുത്തരുടെ തീരുമാനമാണ്.
ഒപ്പമങ്ങ് ഒഴുകിപ്പോവുക എന്നത് മാത്രമേ ചെയ്യാനുള്ളൂ. അതൊരു സുഖമുള്ള ഏർപ്പാടായിരുന്നു. ദാരിദ്ര്യത്തിലാണ് മനുഷ്യൻ സ്വന്തം തീരുമാനങ്ങളെടുക്കാൻ ഏറ്റവും നിർബന്ധിക്കപ്പെടുകയെന്നത് ഒരു വൈചിത്ര്യമായിത്തോന്നി. സൗകര്യങ്ങൾ കൂടുംതോറും സ്വന്തം കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അവകാശം മറ്റുള്ളവരെ ഏൽപ്പിക്കാനാവുന്നുവെന്നത് തമാശയാണ്. കാശുണ്ടായാൽ ഇഷ്ടംപോലെ ജീവിക്കാമല്ലോ എന്നാണ് പറയാറുള്ളത്. അത് സത്യത്തിൽ മറ്റുള്ളവരുടെ ഇഷ്ടംപോലെ എന്ന് തിരുത്തിയാണ് പറയേണ്ടത്.
ഉറക്കമുണരുന്നതു മുതൽ തിരിച്ച് ആറു പേരുള്ള മുറിയിലെ പുതപ്പിനടിയിലേക്ക് ചുരുണ്ടുകൂടുന്നതുവരെയുള്ള ദിവസം ഒരൊഴുക്കാണ്. ഒറ്റയ്ക്കായിപ്പോവുന്നതോ ഒഴുക്കിൽനിന്ന് നീന്തിമാറുന്നതോ ആയ ഒറ്റ നിമിഷംപോലും വേണ്ടിവരുന്നേയില്ല. ക്യാമ്പ് സൂപ്പർവൈസറും ഫോർമാനും സൈറ്റ് സൂപ്പർവൈസറും മാത്രമല്ല, മെസിലെയും ക്ലീനിങ്ങിലെയും പണിക്കാർ വരെ ഷബീറിന്റെ ജീവിതത്തിന്റെ ഒഴുക്കിനെ നിശ്ചയിക്കുന്നു. ആരോടും എതിർത്ത് പറയാനോ ചോദ്യം ചോദിക്കാനോ നിൽക്കാത്തതുകൊണ്ടുതന്നെ അയാളെ ക്യാമ്പിലും സൈറ്റിലുമൊക്കെ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്തു.
ഒരുപാടുപേരുടെ ദൈന്യതകളിലൂടെയാണ് തന്റെ ഓരോ ദിവസവും കടന്നുപോകുന്നതെങ്കിലും ഇങ്ങനെയൊരാൾ മുന്നിലെത്തുന്നത് ആദ്യമായാണെന്ന് അമൃത ഓർത്തു. പലതരം മനുഷ്യരാണ് തങ്ങളുടെ ആവലാതികളുടെയും പ്രശ്നങ്ങളുടെയും കണക്കുപുസ്തകം തുറക്കാനെത്തുന്നത്. മിക്കവാറും അടച്ചുതീർക്കാനാകാത്ത കടക്കുരുക്കുകളിൽപെട്ട് ഇനിയെന്ത് ചെയ്യും എന്ന ഭയപ്പാടിൽ ഓടിയെത്തുന്നവരാവും.
ചെറിയ തുകയുടെ ക്രെഡിറ്റ് കാർഡ് അടവ് പൂർത്തിയാക്കാനാകാത്തതുകൊണ്ട് ജയിലിനെ ഭയന്ന് ഓടിനടക്കുന്ന സാധാരണ മനുഷ്യർ മുതൽ കോടികളുടെ കച്ചവടങ്ങളിൽ പൊട്ടിപ്പൊളിഞ്ഞ് ഒരുകാലത്തെ ആഡംബരങ്ങളുടെ ധാരാളിത്തം പിന്നീട് കേസുകളുടേതായി മാറി ഗതികെട്ടു പോകുന്നവർ വരെ. നാട്ടിലേക്കൊരു മടക്കം ഒരിക്കലും സാധ്യമാകില്ലെന്നും ജയിലുകൾക്കപ്പുറം ഒരു ലോകം കാണാനിടയില്ലെന്നും ഭയന്ന് നിൽക്കുന്നവർ. ഇവരുടെയെല്ലാം സ്ഥായീഭാവം ദൈന്യതതന്നെയായിരിക്കും. കടം ആയിരങ്ങളുടേതായാലും കോടികളുടേതായാലും ഒരേ ഭയപ്പാടാണ് മനുഷ്യർക്ക്.
തന്റെ മുന്നിലിരിക്കുന്നയാളിന്റെ ഭയത്തെ ഇക്കൂട്ടത്തിലൊന്നും ചേർക്കാനാവില്ലെന്ന് ആദ്യനോട്ടത്തിൽതന്നെ അമൃതക്ക് മനസ്സിലായിരുന്നു. തൊട്ടുമുന്നിൽ അസ്ലം കൊണ്ടുവെച്ച ചായക്കപ്പിനെപ്പോലും അയാൾ ഭയപ്പെടുന്നതുപോലെ. അതിലേക്ക് നീട്ടാനെന്നവണ്ണം ഉയർന്ന കൈ സന്ദേഹപ്പെട്ട് പാതിവഴിയിൽ നിൽക്കുന്നതു കണ്ടപ്പോൾ ചായ കുടിക്കൂ എന്ന് അവൾ ആംഗ്യം കാട്ടി. ചായയുടെ ചൂട് മൊത്തിക്കൊണ്ടാണ് അയാൾ വീണ്ടും പിറുപിറുത്തത്.
സത്യമായും ഞാൻ മരിച്ചതല്ല മാഡം. സത്യമായും... എന്താണ് പറ്റിയതെന്ന് എനിക്കറിയില്ല.
എല്ലാം ശരിയായെന്ന സന്തോഷത്തിന്റെ ആയുസ്സ് ഇത്ര ചെറുതാവുമെന്ന് ഷബീറലി കരുതിയതേയില്ല. സൈറ്റിൽ ജോലിക്കിടയിലാണ് സൂപ്പർവൈസർ എന്തോ അപകടം പിണഞ്ഞതുമാതിരി ഓടിയെത്തിയത്. ഷബീറലി, നിന്റെ പേര് ഷബീറലി എന്നുതന്നെയല്ലേ?ചോദ്യത്തിന്റെ അർഥം മനസ്സിലാകാത്തതുപോലെ അയാൾ സൂപ്പർവൈസറെ നോക്കി. നിന്റെ എമിറേറ്റ്സ് ഐഡി നിന്റെ കൈയിലുണ്ടോ? തലയാട്ടിക്കൊണ്ടുതന്നെ അയാളുടെ കൈ പോക്കറ്റിലേക്ക് നീണ്ടു.
ഐഡി കൈയിലെടുത്ത് സൂപ്പർവൈസർക്കു നേരേ നീട്ടുമ്പോൾ എന്താണ് ഇനി വരാനിരിക്കുന്നതെന്ന ഭയപ്പാട് ആ കണ്ണുകളിൽ തെളിഞ്ഞു. ഞാനൊന്നും ചെയ്തിട്ടില്ല സാബ് എന്ന് കരച്ചിലിന്റെ വക്കിലെത്തുന്ന ശബ്ദത്തിൽ പറഞ്ഞത് സൂപ്പർവൈസർ കേട്ടതേയില്ല. അയാൾ തന്റെ കൈയിലിരുന്ന ഐഡി തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് ആരോടോ ഫോണിൽ വെപ്രാളപ്പെട്ട് സംസാരിക്കുകയായിരുന്നു. കൂടെ വരാൻ ആംഗ്യം കാട്ടി ഫോണിൽതന്നെ തുടർന്നുകൊണ്ട് അയാൾ മുന്നോട്ട് നീങ്ങുമ്പോൾ പുറത്തെ അമ്പത് ഡിഗ്രിക്കടുത്ത ചൂടിനെക്കാൾ ഷബീറലിയുടെ ഉള്ളം പൊള്ളിത്തുടങ്ങിയിരുന്നു.
സൂപ്പർവൈസർക്കൊപ്പം ചെന്നുകയറിയ ഓഫിസ് മുറിയിൽ ആകെ ബഹളമായിരുന്നു. അഞ്ചോ ആറോ ആളുകളിൽനിന്നാണ് അത്രയും ശബ്ദവും ബഹളവും ഉയരുന്നതെന്ന് പുറത്തുനിന്നും കേൾക്കുന്ന ഒരാൾക്ക് കരുതാൻപോലും ആകുമായിരുന്നില്ല. ഈദ് ദിനങ്ങളിൽ തന്റെ ഗ്രാമത്തിൽ വന്ന് കൂടുന്ന ചന്തയിലെയോ റോളയിൽ വെള്ളിയാഴ്ച വൈകുന്നേരങ്ങളിലോ നൂറുകണക്കിന് മനുഷ്യർ ഒത്തുകൂടുമ്പോഴുള്ള ബഹളംപോലെയൊന്നിലേക്ക് കാര്യമൊന്നുമറിയാതെ വന്നുവീണതുപോലെ അയാൾക്ക് തോന്നി. ഏതൊക്കെ ഭാഷയെന്നുപോലും തിരിയാതെയുള്ള വർത്തമാനങ്ങളിൽ എല്ലാവരുടെയും നാവിൽനിന്ന് എപ്പോഴൊക്കെയോ തന്റെ പേര് തെറിച്ചുവീഴുന്നുവെന്ന് കേട്ടപ്പോൾ എന്തിനെന്നറിയാത്ത ഒരു പകപ്പ് അയാളിലേക്ക് വന്നുവീണു.
കൂട്ടത്തിൽനിന്നൊരാൾ ഫോൺ ചെവിയിൽ ഉറപ്പിച്ചുകൊണ്ടുതന്നെ ഷബീറലിയുടെ അടുത്തേക്ക് വന്ന് അയാളുടെ ചുമലിൽ കൈവെച്ചു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ തന്റെ ഉടലിലെ വിയർപ്പുനാറ്റത്തെയോ കുപ്പായത്തിലെ അഴുക്കിനെയോ ഒക്കെച്ചൊല്ലിയുണ്ടായ ഒരു അപകർഷതാബോധംകൂടി അയാളുടെ ഉള്ളിലെ ആന്തലിന് ആക്കംകൂട്ടുകയായിരുന്നു അപ്പോൾ. തൊട്ടടുത്ത മുറിയിലെ ഒരു കസേരയിലേക്ക് ഷബീറലിയെ ഇരിക്കാൻ ക്ഷണിച്ചുകൊണ്ട് മുറിഞ്ഞുപോകുന്ന ഹിന്ദിയിൽ ഒപ്പം വന്നയാൾ സംസാരിക്കാൻ തുടങ്ങി.
ഷബീർ, എന്തോ ഒരു കുഴപ്പം സംഭവിച്ചിട്ടുണ്ട്. എന്റെ പേര് കിരൺ. ഞാൻ കമ്പനിയുടെ പേഴ്സനൽ മാനേജരാണ്. ഇല്ല സാബ്, ഞാനൊന്നും ചെയ്തിട്ടില്ല. കൃത്യമായി ജോലി ചെയ്യുന്നുണ്ട്. സൂപ്പർവൈസർ സാബിനോട് ചോദിച്ചുനോക്കൂ. ഞാൻ അല്ലാതൊന്നും ചെയ്യില്ല. ആരോട് വേണമെങ്കിലും അന്വേഷിച്ചുനോക്കൂ...
ഷബീറിന്റെ വാക്കുകൾ പേടികൊണ്ട് അവ്യക്തമായാണ് പുറത്തുവന്നത്. അപ്പോഴൊക്കെയും തന്റെ കൈയിൽനിന്നും അടുത്തിടെ എന്തെങ്കിലും അബദ്ധം സംഭവിച്ചിട്ടുണ്ടോ എന്ന് മനസ്സിൽ അടുത്ത ദിവസങ്ങളിൽ നടന്ന കാര്യങ്ങളെയാകെ അടുക്കിവെക്കാൻ നോക്കുകയും തനിക്ക് ഒന്നും ഓർമ കിട്ടുന്നില്ലെന്ന് സങ്കടപ്പെടുകയും ചെയ്യുകയായിരുന്നു അയാൾ.
ഇല്ല, ഞങ്ങൾക്കറിയാം. നിങ്ങളൊന്നും ചെയ്തിട്ടില്ല. പക്ഷേ എവിടെയോ എന്തോ പ്രശ്നം പറ്റിയിട്ടുണ്ട്. ഞങ്ങൾ അന്വേഷിക്കുന്നുണ്ട്. നിങ്ങൾ ഉടൻതന്നെ ദുബൈ വരെ പോകണം. എന്തിനെന്ന ചോദ്യഭാവം ഷബീറലിയുടെ മുഖത്ത് തെളിയുന്നത് കാണും മുമ്പ് ആശ്വസിപ്പിക്കലിന്റെ ഭാവത്തിൽ കിരൺ തുടർന്നു. നോക്കൂ, നമ്മുടെ ദുബൈയിലെ വർക്ക്സൈറ്റിൽ ഒരു അപകടം നടന്നു. അവിടെ ജോലി ചെയ്തുകൊണ്ടിരുന്ന ഒരാൾ നാൽപതാം നിലയിൽനിന്ന് ജോലിക്കിടെ താഴെ വീണ് മരിച്ചു. അതിന്റെ അന്വേഷണങ്ങൾ നടക്കുന്നുണ്ട്. അതിന്, ഞാൻ എന്ത് ചെയ്യാനാണ് സാബ്... ഞാൻ ഇവിടെത്തന്നെയായിരുന്നു. ആരോട് വേണമെങ്കിലും ചോദിച്ചുനോക്കൂ സാബ്.
ഷബീറിന്റെ സ്വരത്തിൽ അപ്പോഴേക്കും പിന്നെയുള്ള മണിക്കൂറുകളിലെല്ലാം തുടർന്ന നിലവിളി അപ്പോഴേക്കും കടന്നുവന്നു കഴിഞ്ഞിരുന്നു. “ഇല്ല ഷബീർ, നിങ്ങളൊന്നും ചെയ്തുവെന്നല്ല. പക്ഷേ, മരിച്ചത് ഷബീറലിയെന്ന പേരിൽ സൈറ്റിൽ ജോലിചെയ്തിരുന്ന ഒരാളാണ്. അത് നിങ്ങളാണെന്ന് എങ്ങനെയോ ഒരു തെറ്റിദ്ധാരണ വന്നുപോയിട്ടുണ്ട്.”
കിരണിന്റെ വാക്കുകളെ തടസ്സപ്പെടുത്തിക്കൊണ്ട് “ഇല്ല സാബ്, സത്യമായും ഞാൻ മരിച്ചിട്ടില്ല സാബ്” എന്ന വാക്കുകൾ അലമുറയെന്നപോലെ പറയുമ്പോൾ അത് തന്നോടുതന്നെ തെളിയിക്കാനെന്നവണ്ണം അയാൾ കസേരയിൽനിന്നും എഴുന്നേറ്റുപോയിരുന്നു. സമാധാനിപ്പിക്കാനെന്നവണ്ണം ഒപ്പം എഴുന്നേറ്റ കിരൺ എന്തോ ഓർത്തെടുക്കുന്നതുപോലെ ഷബീറിനോട് പറഞ്ഞു. നിങ്ങളേതായാലും നാട്ടിലേക്ക് ഒന്ന് വിളിക്കൂ. വീട്ടുകാരൊക്കെ ആകെ പേടിച്ചിരിക്കുകയാണ്.
ദുബൈ പൊലീസിന്റെ നിർദേശമനുസരിച്ച് കമ്പനിയിലെ ആരോ തന്നെയാണ് ഷബീറലിയുടെ നാട്ടിലെ നമ്പർ സംഘടിപ്പിച്ച് അയാളുടെ മരണവാർത്ത അറിയിച്ചത്. ഭാര്യയുടെ വിങ്ങിക്കരയുന്ന ശബ്ദത്തോട് ഞാൻ സത്യമായും മരിച്ചില്ല എന്നൊരു നിലവിളി ഫോണിലൂടെ പകരുക മാത്രമാണ് അവിടെനിന്നും പുറത്തിറങ്ങിയപ്പോൾ അയാൾക്ക് ചെയ്യാനായത്. അവർ തിരിച്ചുവിളിച്ചപ്പോൾ അത് ആവർത്തിച്ചശേഷം തനിക്ക് ഒന്നും പറ്റിയിട്ടില്ലെന്നും തിരിച്ചുവിളിക്കാമെന്നുംകൂടി പറഞ്ഞിട്ടാണ് അയാൾ കിരൺ നൽകിയ വക്കീലിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തത്.
എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ഞങ്ങൾ അന്വേഷിക്കുന്നുണ്ട്. ബോഡി കണ്ട പൊലീസിന് മരിച്ചയാളുടെ പ്രായത്തിൽ തോന്നിയ സംശയമാണ് മൊത്തം കുഴപ്പത്തിലാക്കിയത്. കിരൺ അമൃതയോട് കാര്യം വിശദീകരിച്ചത് ഇങ്ങനെയാണ്.
സൈറ്റിലെ രേഖകൾപ്രകാരം മരിച്ചത് ഷബീറലിതന്നെയാണ്. അതുപ്രകാരം നടപടികൾ മുന്നോട്ടു പോകുമ്പോഴാണ് മരിച്ചയാളിന്റെ പ്രായത്തെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് ആർക്കോ സംശയം തോന്നിച്ചത്. അമ്പത് വയസ്സ് കഴിഞ്ഞ ആരുടെയോ ശരീരമായിരുന്നു അത്. ഷബീറലിയുടെ വയസ്സ് 32 എന്ന് കണ്ടപ്പോൾ അവർ അന്വേഷിച്ചു. അത് ആകെ കുഴപ്പത്തിലാക്കി. ദുബൈ ഓഫിസിലെ ആരെങ്കിലുമൊക്കെ പെടുമെന്ന് ഉറപ്പാണ്. ഏതായാലും ഇയാളെ ഞാൻ അങ്ങോട്ട് അയക്കാം. വക്കീൽ പറ്റുന്നത് എന്തെന്ന് വെച്ചാൽ ചെയ്യൂ. ബാക്കി കാര്യങ്ങൾക്ക് ദുബൈയിലെ എച്ച്.ആർ ഡിപ്പാർട്മെന്റോ ലീഗൽ വിഭാഗമോ വിളിക്കും.
ഇത്രയും കാര്യങ്ങൾ കിരൺ പറഞ്ഞപ്പോൾ അതിനുമപ്പുറം അയാൾ എന്തൊക്കെയോ പറയാതെ വിടുന്നുണ്ടെന്ന് അമൃതക്ക് ഉറപ്പായിരുന്നു. എങ്കിലും, ചോദിക്കാതിരിക്കാൻ അവൾക്കായില്ല. അപ്പോൾ ശരിക്കും മരിച്ചതാരാ കിരൺ? അത് ഏതോ കല്ലീവല്ലിയാണെന്ന് തോന്നുന്നു. അങ്ങേത്തലക്കൽ കിരണിന്റെ ശബ്ദത്തിലുണ്ടായിരുന്ന നിസ്സംഗത അമൃതയെ ആദ്യം ചൊടിപ്പിക്കുകയാണ് ചെയ്തത്. ഫോൺ മേശപ്പുറത്തേക്ക് വെച്ച് കസേരയിലേക്ക് ചാരുമ്പോൾ അവൾ തന്നത്താൻ അത് ആവർത്തിച്ചു. കല്ലീവല്ലി...