Begin typing your search above and press return to search.
proflie-avatar
Login

ബീഫ് ഫെസ്റ്റ്

ബീഫ് ഫെസ്റ്റ്
cancel

ഞാനിന്ന് സരസ്വതിയെ ഓർത്തു. പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ല. ഓർത്തു. അത്രമാത്രം. സരസ്വതി എന്റെ ആരുമായിരുന്നില്ല. സരസ്വതിയെ ഞാനിതുവരെ കണ്ടിട്ടുമില്ല. ഇനി കാണാനും പോകുന്നില്ല. സരസ്വതി സുന്ദരിയായിരുന്നോ? ആയിരുന്നിരിക്കണം, ഞാനങ്ങനെ കരുതുന്നു. സ്ത്രീകളെല്ലാം സുന്ദരിമാരാണ്...

പെരുമഴ പെയ്തുകൊണ്ടിരുന്ന ഒരു ദിവസം. ജോലിക്ക് പോകാനാവാതെ ഞങ്ങളഞ്ചാറ് പേര് ഇരുന്നും കിടന്നും സമയം പോക്കിയിരുന്ന നേരത്താണ്, ഞങ്ങൾ താമസിച്ചിരുന്ന ലേബർ ക്വാർട്ടേഴ്സിന്റെ അങ്ങേത്തലക്കലെ മുറിയിൽ തനിച്ച് താമസിച്ചിരുന്ന തമിഴനായ വൃദ്ധൻ ഞങ്ങളുടെ അടുത്തേക്ക് വന്നത്. അയാളുമായി അധികം ബന്ധമൊന്നും അക്കാലത്ത് ഞങ്ങൾക്കുണ്ടായിരുന്നില്ല. ശ്രീലങ്കയിൽനിന്നും അഭയാർഥിയായി ഇന്ത്യയിലെത്തിയതാണ് അയാളും അയാളുടെ കുടുംബവും. കുറച്ചുകാലം തമിഴ്‌നാട്ടിലൂടെ അലഞ്ഞുനടന്നു. പിന്നെ ഇങ്ങോട്ട് പോന്ന് ഇവിടെ സ്ഥിരമാക്കി.

പുലർച്ചെ തലയിൽ ലൈറ്റുംകെട്ടി ടാപ്പിങ്ങിന് ഇറങ്ങുന്ന അയാൾ അത് കഴിഞ്ഞ് തന്റെ പഴഞ്ചൻ തയ്യൽയന്ത്രത്തിൽ കുനിഞ്ഞിരുന്ന് ചവിട്ടാൻ തുടങ്ങും. വൈകുന്നേരംവരെ അത് തുടരും. അത് കഴിഞ്ഞാൽ അങ്ങാടിയിൽപോയി അൽപം മദ്യപിച്ച് വന്ന് തന്റെ മുറിയിൽ കയറി കിടക്കും. ചിലപ്പോഴൊക്കെ അടുത്ത ഗ്രാമത്തിലെ തന്റെ വീട്ടിലേക്ക് പോകും. അതിനിടക്ക് ഞങ്ങളോടെന്തെങ്കിലും മിണ്ടിയാലായി. അത്രതന്നെ.

കിഴവൻ ഞങ്ങളെ സമീപിച്ച് ചോദിക്കുകയാണ്;

‘‘കൊഞ്ചം ബീഫ് കെടയ്ക്കുമാ, കൊഞ്ചം പോതും...’’

കിഴവന്റെ ചോദ്യം കേട്ട് ഞങ്ങളാകെ പുകഞ്ഞ് പോയി. കാര്യം വേറൊന്നുമല്ല, ഞങ്ങളന്ന് ജോലി ചെയ്തുകൊണ്ടിരുന്നത് കേരളത്തിനു പുറത്ത്, പശുവിറച്ചിക്കും കാളയിറച്ചിക്കും കർശന നിരോധനമുള്ള ഒരു നാട്ടിലാണ്. ഞങ്ങളാണെങ്കിൽ എല്ലാവരും മലയാളികളും. സർക്കാറിനെയും പൊലീസിനെയും വെട്ടിച്ചു ചില കള്ളവഴികളിലൂടെ ഞങ്ങൾ വല്ലപ്പോഴുമൊക്കെ കാളയിറച്ചി സംഘടിപ്പിക്കാറുണ്ട്. തദ്ദേശീയരായിട്ടുള്ള ചില ഗൂഢസംഘങ്ങൾ വഴിയാണ് ഇത് സംഘടിപ്പിക്കുന്നത്. അതീവ രഹസ്യമായാണ് ഞങ്ങളത് പാകം ചെയ്ത് കഴിക്കാറ്. ഞങ്ങൾ കരുതിയിരുന്നത്, ഞാനല്ലാതെ വേറാരും ഈ ഹൈലി ഇൻ​ൈഫ്ലമബിൾ വിവരം അറിയുന്നില്ല എന്നായിരുന്നു. പക്ഷെ ഇപ്പോഴിതാ ഒരാൾ വന്ന് ചോദിക്കുന്നു, അൽപം ബീഫ് കിട്ടുമോ എന്ന്...!! അതിനർത്ഥം...? അതെ, അതു തന്നെ, ഞങ്ങളിവിടെ കാളയിറച്ചി പാകം ചെയ്ത് കഴിക്കുന്നത് ആരോ അറിഞ്ഞിരിക്കുന്നു. ആരാണത്...?

കിഴവന്റെ ചോദ്യം കേട്ട് ഞങ്ങൾ പരസ്പരം നോക്കി.രണ്ട് ദിവസം മുമ്പ് ഞങ്ങൾക്കൽപം ബീഫ് കിട്ടിയിരുന്നു. നാട്ടിൽ പോയി വന്ന ഒരു സുഹൃത്ത് വളരെ രഹസ്യമായി കൊണ്ടുവന്നതായിരുന്നു അത്. അതാണെങ്കിൽ ഇന്നലെ രാത്രിയോടെ തീരുകയും ചെയ്തു. ഭാഗ്യം...

ഞാൻ പറഞ്ഞു, ‘‘അണ്ണാ ഞങ്ങക്കിവിടെ എവിടുന്ന് കിട്ടാനാ ബീഫ്...?’’

കിഴവൻ എന്റെ കണ്ണുകളിലേക്ക് നോക്കി. ആ കണ്ണുകളിൽ ഒരു ഒറ്റുകാരന്റെ ഭാവം ഞാൻ കണ്ടു. കിഴവൻ പിന്നെ ഒന്നും പറയാതെ അയാളുടെ മുറിയിലേക്ക് കയറിപ്പോയി.

കിഴവൻ പോയ ഉടൻ ഞങ്ങൾ അടിയന്തര യോഗം കൂടി ഒരു തീരുമാനമെടുത്തു, ‘‘ഇനി മേലാൽ ഇവിടെ വെച്ച് ബീഫ് പാകം ചെയ്യുകയോ കഴിക്കുകയാ വേണ്ട.’’

ശേഷം ഞങ്ങളുടനെ ബീഫ് പാകം ചെയ്തതിന്റെയും കഴിച്ചതിന്റെയും അടയാളങ്ങളെന്തെങ്കിലും എവിടെയെങ്കിലും അവശേഷിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് ഇല്ല എന്ന് ഉറപ്പു വരുത്തി. പിന്നെ സമാധാനത്തോടെ നല്ല കുട്ടികളായിരുന്നു. പിറ്റേന്ന് ഒന്നു രണ്ട് സാധനങ്ങൾ വാങ്ങാൻ വേണ്ടി അങ്ങാടിയിൽ ചെന്നപ്പോൾ മലയാളിയായ കടക്കാരൻ പറയുകയാണ്, ഇന്നലെ രണ്ടുപേരെ അവർ സഞ്ചരിച്ചിരുന്ന ബൈക്ക് അടക്കം കത്തിക്കാനുള്ള ശ്രമമുണ്ടായി എന്ന്. പൊലീസ് പെട്ടെന്ന് എത്തിയത് കൊണ്ട് രണ്ടു പേരും തലനാരിഴക്ക് രക്ഷപ്പെട്ടു. പക്ഷെ ബൈക്ക് കത്തിക്കുകതന്നെ ചെയ്തു. കാരണം വേറൊന്നുമല്ല.അവരുടെ കൈയിൽ ബീഫ് എന്ന് സംശയിക്കുന്ന തരത്തിലുള്ള എന്തോ ഒന്ന് ആരോ കണ്ടു. ഉടൻ പിടിച്ചുവാങ്ങി പരിശോധിക്കലായി, ചോദ്യമായി, അടിയായി, ചവിട്ടായി...

ഇത് പറഞ്ഞ് കടക്കാരൻ ഞങ്ങളോടൊരു ചോദ്യം, ‘‘നിങ്ങളങ്ങനെയുള്ള ബുദ്ധിമോശം ഒന്നും കാണിക്കാറില്ലല്ലോ അല്ലെ?’’

ഞങ്ങളുടെ ഉള്ളിലൂടെ ഒരു ഇടിവാൾ പുളഞ്ഞിറങ്ങിപ്പോയി. ഞങ്ങൾ കോറസ്സായി പറഞ്ഞു, ‘‘ഏയ്‌... ഞങ്ങളാ ടൈപ്പല്ല...’’

അതോടെ ഞങ്ങൾ ബീഫുമായുള്ളഎല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് വെറും പച്ചക്കറിയന്മാരായ പച്ചപ്പാവങ്ങളായി. രണ്ട് ദിവസം കഴിഞ്ഞ് കാണും. അപ്പോഴുണ്ട് കിഴവൻ തമിഴൻ വീണ്ടും ബീഫും ചോദിച്ചുകൊണ്ടു വരുന്നു. ഇപ്രാവശ്യം അയാൾക്ക് അത് കിട്ടുന്ന ഉറവിടം അറിഞ്ഞാൽ മതി. ആരാണ്? എവിടെയാണ് എന്നൊക്കെ. പക്ഷെ ഞങ്ങൾ പറഞ്ഞില്ല.ഞങ്ങൾ ‘‘ആ’’ എന്ന് കൈമലർത്തുക മാത്രം ചെയ്തു.

അതോടെ ഞങ്ങളൊരു കാര്യം ഉറപ്പിച്ചു. കിഴവൻ ചാരനാണ്. തനിച്ചാരൻ...

മഴ കനത്തുപെയ്യാൻ തുടങ്ങിയതോടെ ഞങ്ങൾ താൽക്കാലം ക്വാർട്ടേഴ്‌സ് പൂട്ടി, മഴ ശമിച്ചിട്ടു മടങ്ങി വരാം എന്ന കണക്കുകൂട്ടലിൽ നാട്ടിലേക്ക് പോയി. വീണ്ടും പത്തിരുപത് ദിവസങ്ങൾക്ക് ശേഷമാണ് ഞങ്ങൾ മടങ്ങിവരുന്നത്. ഞങ്ങൾ ചെല്ലുമ്പോൾ കിഴവൻ തന്റെ തയ്യൽ മെഷീനിൽ കുനിഞ്ഞിരുന്നു ചവിട്ടുകയാണ്. ഞങ്ങളെ കണ്ട് അയാളൊന്ന് തല പൊന്തിച്ചു നോക്കി. ശേഷം വീണ്ടും തന്റെ ജോലിയിൽ വ്യാപൃതനായി. ഞാൻ അയാളുടെ അടുത്തു ചെന്ന് ലോഹ്യം ചോദിച്ചു, ‘‘എന്നണ്ണാ വിശേഷം...?’’

അയാൾ പറഞ്ഞു ‘‘നല്ല വിശേഷം...’’ അയാളെ ഒന്ന് ആക്കിക്കളയാം എന്ന് കരുതി ഞാൻ ചോദിച്ചു, ‘‘എവിടുന്നെങ്കിലും കിട്ടിയോ, ബീഫ്...?’’

കിഴവൻ തന്റെ ജോലിയിൽനിന്ന് ശ്രദ്ധ തിരിക്കാതെ പറഞ്ഞു, ‘‘ഇല്ലൈ’’

തുടർന്നയാൾ പറഞ്ഞു, ‘‘മാസ്റ്റർ നാൻ ബീഫ് സാപ്പിടില്ലൈ. ആനാ യേ സരസ്വതിയോടെ ആസൈ, കൊഞ്ചം ബീഫ് സാപ്പിടർത് അത്ക്കാകെ നാൻ കേട്ടെ.....!!’’

‘‘സരസ്വതി...? അതാരാ.?’’

‘‘യേ മകൾ...’’

കൂടുതൽ അന്വേഷിച്ചപ്പോഴാണറിയുന്നത്, മൂത്തമകളാണ് സരസ്വതി. അവളിപ്പോ സുഖമില്ലാതെ കിടപ്പിലാണ്. അവൾക്കൊരാഗ്രഹം, അൽപം ബീഫ് കഴിക്കണമെന്ന്. അവളുടെ ഭർത്താവ് മരിച്ച് പോയി. എയ്ഡ്‌സ് ആയിരുന്നു അയാൾക്ക്. ഇപ്പോഴിതാ അവളും കിടപ്പിലായിരിക്കുന്നു. അവളുടെ അവസാനത്തെ ആഗ്രഹമാണ് അൽപം ബീഫും ചേർത്ത് ഭക്ഷണം കഴിക്കണമെന്ന്. അവളുടെ ഭർത്താവ് ബീഫ് കഴിച്ചിരുന്നു. അങ്ങനെയാണ് അവളും അത് കഴിച്ച് ശീലിച്ചത്.പക്ഷെ അന്നൊന്നും അതിന് നിരോധനമില്ലായിരുന്നു. പക്ഷെ ഇപ്പോൾ...

അന്ന് രാത്രി ഞങ്ങളൊരു തീരുമാനമെടുത്തു. എന്ത് വന്നാലും ശരി, സരസ്വതിയുടെ അവസാനത്തെ ആഗ്രഹം സാധിപ്പിച്ച് കൊടുത്തിട്ട് തന്നെ കാര്യം. പിറ്റേന്ന്തന്നെ വളരെ രഹസ്യമായി അൽപം മാത്രം കാളയിറച്ചി സംഘടിപ്പിച്ച് വേവിച്ച്, ഒരു പൊതിയാക്കി കിഴവന്റെ കൈയിൽ കൊടുത്തു.

പൊതി കൈയിൽ വാങ്ങി കിഴവൻ ചോദിച്ചു, ‘‘ഇതെന്നത്...?’’

ഞങ്ങൾ പറഞ്ഞു, ‘‘കൊഞ്ചം ബീഫ്... അണ്ണന്റെ മകൾക്ക്...’’

കിഴവൻ കുറച്ച് നേരം മൗനിയായി നിന്നു. പിന്നെ വിളറിയ മുഖത്തോടെ പറഞ്ഞു, ‘‘വേണാ മാസ്റ്റർ, ഇനിയിതുക്ക് അവസ്യം ഇല്ലൈ...’’

അയാളൊന്ന് നിർത്തി. പിന്നെ പറഞ്ഞു, ‘‘അവൾ പോച്ച്, ഒരു വാരം മുടിഞ്ച്...’’

ഒരു പുളിയുറുമ്പിൻകൂട് എന്റെ ഹൃദയത്തിലേക്ക് പൊട്ടിവീണു. ഒരു പിടച്ചിലോടെ ഞാൻ അയാളുടെ കണ്ണുകളിലേക്ക് നോക്കി. അയാളപ്പോൾ കരയുകയായിരുന്നോ, അതോ ചിരിക്കുകയായിരുന്നോ. എനിക്കോർമിക്കാൻ കഴിയുന്നില്ല.

Show More expand_more
News Summary - weekly literature story