കല്ലീവല്ലി
രണ്ട് പിടിച്ചാൽ തലപോണ കേസാണ്. ഞാൻ പറയാതെതന്നെ ഇക്കാക്ക് അറിയാല്ലോ. കമ്പനീലായാലും അല്ലാതായാലും. നമ്മള് രണ്ടുപേരും അകത്തുപോവും. ജോൺസൺ പറയുന്നത് സത്യമാണെന്ന് ഷഫീഖിനും അറിയാവുന്നതു തന്നെയായിരുന്നു. എങ്കിലും അയാളത് പുതിയ കാര്യമാണെന്ന മട്ടിൽ കേട്ടിരുന്നു. എന്റെ കാര്യം പോട്ടെടാ. എനിക്കിനി ഇപ്പോ ഒള്ളതിനേക്കാളും കൂടുതലൊന്നും വരാനില്ല. എന്നാലും നെനക്ക് പ്രശ്നമാവുമെന്ന് പേടിയൊണ്ടെങ്കി വേണ്ട. നമ്മക്ക് വേറേ വഴി നോക്കാം.വേറെന്ത് വഴിയാണ് ഇനി...
Your Subscription Supports Independent Journalism
View Plansരണ്ട്
പിടിച്ചാൽ തലപോണ കേസാണ്. ഞാൻ പറയാതെതന്നെ ഇക്കാക്ക് അറിയാല്ലോ. കമ്പനീലായാലും അല്ലാതായാലും. നമ്മള് രണ്ടുപേരും അകത്തുപോവും. ജോൺസൺ പറയുന്നത് സത്യമാണെന്ന് ഷഫീഖിനും അറിയാവുന്നതു തന്നെയായിരുന്നു. എങ്കിലും അയാളത് പുതിയ കാര്യമാണെന്ന മട്ടിൽ കേട്ടിരുന്നു. എന്റെ കാര്യം പോട്ടെടാ. എനിക്കിനി ഇപ്പോ ഒള്ളതിനേക്കാളും കൂടുതലൊന്നും വരാനില്ല. എന്നാലും നെനക്ക് പ്രശ്നമാവുമെന്ന് പേടിയൊണ്ടെങ്കി വേണ്ട. നമ്മക്ക് വേറേ വഴി നോക്കാം.
വേറെന്ത് വഴിയാണ് ഇനി നോക്കാനുള്ളതെന്ന് രണ്ടുപേർക്കും അറിയില്ലായിരുന്നു. മുന്നിലുള്ളത് ശൂന്യതയാണെന്ന് ഷഫീഖിന് മറ്റാരേക്കാളും നന്നായി അറിയുകയും ചെയ്യാം. എങ്കിലും അയാളത് ആത്മാർഥമായിത്തന്നെയാണ് പറഞ്ഞത്.
ഇല്ലിക്കാ, നമ്മക്ക് നോക്കാം. വരുന്നെടത്ത് വെച്ച് കാണാം. അല്ലാതെ പൈസയായിട്ട് ഒന്നും ചെയ്യാൻ ഏതായാലും എന്നെക്കൊണ്ട് പറ്റുകേല. ഇതിപ്പോ ആർക്കും ദോഷം വരുന്ന കാര്യം ഒന്നുമല്ലല്ലോ. എന്നാലും ഇതിലും കൊറച്ച് കാര്യങ്ങള് ഇക്കയും ശ്രദ്ധിക്കാനുണ്ട്. പിടിവീഴാതെ നോക്കിയാ മതി.
മുഹമ്മദ് ഷഫീഖെന്ന കല്ലീവല്ലി ഷബീറലിയായി മാറുന്നതിന്റെ ആദ്യത്തെ പടിയായിരുന്നു ആ ചർച്ച. അറുപത് നിലയിൽ ഉയർന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ നാൽപതാം നിലയിൽനിന്ന് കൈയിലിരുന്ന സിമന്റ് കല്ലിനൊപ്പം താഴേക്കുവീണ് തിരിച്ച് കല്ലീവല്ലിയായി മാറുന്നതിന് ഏതാണ്ട് മൂന്നുമാസം മുമ്പ്.
അതിനും 32 വർഷങ്ങൾക്ക് മുമ്പാണ് അയാൾ ആദ്യമായി ദുബൈ നഗരം കാണുന്നത്. അന്ന് തൊഴിലന്വേഷിച്ച് വിസിറ്റ് വിസയിൽ വന്നിറങ്ങുമ്പോൾ പക്കലുണ്ടായിരുന്ന ബി.കോം സർട്ടിഫിക്കറ്റും അപാരമായ ധൈര്യവും ഇത്രയും വർഷങ്ങൾക്കിടയിൽ അയാൾക്ക് നഷ്ടമായിക്കഴിഞ്ഞിരുന്നു. അന്നും ഇന്നും ഒപ്പമുള്ളത് രണ്ടോ മൂന്നോ വർഷം കഴിഞ്ഞാൽ നാട്ടിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയോ ആഗ്രഹമോ ഒക്കെ മാത്രമാണ്.
‘‘പുതിയ ബാച്ചില് ജോലിക്ക് കേറിയവരുടെ ലിസ്റ്റ് ഞാൻ രാജേഷിന്റെ കൈയീന്ന് സംഘടിപ്പിച്ചിട്ടുണ്ട്. അതില് അബൂദബിയില് എടുത്തത് ആറുപേരെയാ. ഇവിടുത്തേക്ക് 19 പേരുണ്ട്. എന്തോ ഒരബദ്ധത്തില് ഒരാളിനെ രണ്ടിടത്തേക്കുമൊള്ള ലിസ്റ്റില് ഇട്ടിട്ടുണ്ട്. പല സൈറ്റിലായിട്ട് ആയിരക്കണക്കിന് പണിക്കാരുള്ളപ്പോ ഇത് അത്രവേഗമൊന്നും ശ്രദ്ധിക്കാൻ പോണില്ല. രണ്ടു കൊല്ലം കഴിഞ്ഞ് വിസ പുതുക്കുന്നതുവരെ സൈറ്റില് പ്രശ്നമൊന്നും വരാൻ ചാൻസില്ല. ഇൻശാ അല്ലാഹ്, അത്രേം നാളുകൊണ്ട് ഇക്കക്ക് മറ്റെന്തേലും വഴി നോക്കുകേം ചെയ്യാം. അതിനിടക്ക് പൊതുമാപ്പെങ്ങാനും വന്നാ തിരിച്ചുപോവുമ്പോ കൈയുംവീശി പോകണ്ട എന്നൊരു ഗുണോമുണ്ട്.”
ജോൺസൺ വിശദീകരിക്കുമ്പോൾ സംഗതി വലിയ പ്രശ്നമാകാൻ സാധ്യതയില്ലെന്നൊരു തോന്നൽ ഷഫീഖിനും വന്നു. മറ്റൊരാളായി ജീവിക്കണമെന്നത് മാത്രമാണ് കുഴപ്പം. അതിപ്പോ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാവരും മറ്റാരെങ്കിലുമൊക്കെ കൂടിയായിട്ടാണല്ലോ ജീവിക്കുന്നത് എന്നൊരു തത്ത്വചിന്ത തമാശക്കെങ്കിലും തലയിലേക്ക് കയറിവരുകയും ചെയ്തു.
“ഞാൻ അന്വേഷിച്ചു. ആളൊരു ബംഗാളിയാണ്. 32 വയസ്സേയുള്ളൂ. പക്ഷേ, ഒരു ഗുണമൊള്ളത് പേര് നമ്മടെ നാട്ടിലും ഒക്കെയൊള്ള പേരാ. ഷബീറലി. ഒരോളത്തിന് അങ്ങ് ഒപ്പിച്ചുപോയാ മതി.”
ജോൺസൺ തനിക്ക് ധൈര്യം തരാൻ ശ്രമിക്കുകയാണോ സ്വയം ധൈര്യപ്പെടുത്തുകയാണോ എന്ന് അയാൾക്ക് ഒരിട സംശയം തോന്നാതിരുന്നില്ല. രണ്ടും ആവശ്യമുള്ളത് തന്നെയാണല്ലോ എന്ന് സമാധാനിക്കുകയും ചെയ്തു.
“പിന്നെ ക്യാമ്പില് രാജേഷും സൈറ്റില് ഞാനും ഒണ്ടല്ലോ. എന്തേലും പ്രശ്നം വന്നാലും നമ്മക്ക് മാക്സിമം അഡ്ജസ്റ്റ് ചെയ്യാൻ നോക്കാം. ഒന്നും ഒണ്ടാവില്ലെന്നാ എന്റെ മനസ്സ് പറയുന്നത്. ശമ്പളം എടുക്കുന്ന കാര്യം വരുമ്പഴാണ് ഒരു ടെൻഷന് ചാൻസൊള്ളത്. അതിപ്പ ബൾക്കായിട്ട് അക്കൗണ്ട് തൊറക്കുമ്പോ ഇതും എടേക്കൂടി അങ്ങ് നടക്കും. കാർഡ് കിട്ടിക്കഴിയുമ്പോ ഫോൺ നമ്പര് മാറ്റി എടുത്താ മതിയാരിക്കും. അതൊക്കെ ഇക്കയ്ക്കും അറിയാവുന്ന കാര്യമാണല്ലോ.”
എല്ലാംകൊണ്ടും ഏതാണ്ട് ഫൂൾപ്രൂഫാണെന്ന് തോന്നിയപ്പോഴാണ് എന്നാൽ, ഇനി ബംഗ്ലാദേശിയായ ഷബീറലിയായി മാറാമെന്ന് ഷഫീഖ് തീരുമാനിക്കുന്നത്. അങ്ങനെ അമ്പത്തിയഞ്ചാം വയസ്സിൽ ചവറക്കാരനായ മുഹമ്മദ് ഷഫീഖ് ബംഗ്ലാദേശിയായ ഷബീറലിയെന്ന നിർമാണത്തൊഴിലാളിയായി സ്വയം പ്രഖ്യാപിച്ചുകൊണ്ട് ജോൺസണോട് പറഞ്ഞു. “വേറൊരു തരത്തിൽ പറഞ്ഞാ എനിക്ക് ശരിക്കും 32 വയസ്സ് ആയിട്ടേയുള്ളെടാ. ഞാൻ ഈ രാജ്യത്ത് വന്നിട്ട് അത്രേം വർഷമേ ആയിട്ടൊള്ളൂ. ഇപ്പോ നമ്മടെ ഭൂമി ഈ രാജ്യമാണല്ലോ. അതുകൊണ്ട് ഞാൻ ഭൂമിയില് വന്നിട്ട് 32 വർഷമേ ആയൊള്ളൂ.”
നല്ലൊരു തമാശയെന്ന മട്ടിൽ രണ്ടുപേരും ചിരിച്ചാണ് അന്ന് പിരിഞ്ഞത്. ജീവിതം ഒരുപാട് കയറ്റിറക്കങ്ങളുടേതാണെന്ന് ഷഫീഖിനെ പഠിപ്പിച്ചത് അനുഭവങ്ങൾ തന്നെയാണ്. ബി.കോം കഴിഞ്ഞ് കമ്പ്യൂട്ടർ ഡിപ്ലോമയുമെടുത്ത് വലിയ ബാധ്യതകളൊന്നുമില്ലാതെ നാട്ടിൽ നിൽക്കുമ്പോൾ അന്നത്തെ മിക്കവാറും എല്ലാ ചെറുപ്പക്കാരെയുംപോലെ അയാളും ലക്ഷ്യമിട്ടത് ഗൾഫിലേക്കൊരു വിസ തന്നെയായിരുന്നു. ബന്ധുക്കളും കൂട്ടുകാരുമൊക്കെയായി ഒരുപാടു പേർ അവിടെയുള്ളതുകൊണ്ട് അതൊരു ബുദ്ധിമുട്ടുള്ള കാര്യവുമല്ലായിരുന്നു. അങ്ങനെയാണ് 32 വർഷം മുമ്പ് വിസിറ്റ് വിസയിൽ ദുബൈയിൽ വന്നിറങ്ങുന്നത്.
ടിപ്പിക്കൽ ഗൾഫ് മലയാളിയുടെ കഥയാണ് തന്റേതെന്ന് ഷഫീഖ് പലരോടും പറഞ്ഞിട്ടുണ്ട്. തന്റെതന്നെ ജീവിതം ജീവിക്കുന്നവരെന്ന് തോന്നുന്ന പലരെയും അയാൾ കണ്ടിട്ടുള്ളതുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്ന് ജാമ്യമെടുക്കുകയും ചെയ്യും ആ പറച്ചിലിന്. എപ്പോഴും അത് പറഞ്ഞുകഴിയുമ്പോൾ അയാളോർക്കും ഓരോരുത്തർക്കും തന്റെ ജീവിതം ജീവിക്കുന്ന ഒന്നിലേറെപ്പേരെ കാണാനാവുമെന്നും ഇതേ വാക്കുകൾതന്നെ പറയാനാകുമെന്നും. എല്ലാ വിജയികൾക്കും പരാജിതർക്കും ഉണ്ടാകുമല്ലോ തങ്ങളുടെ കഥകൾ. ഏറക്കുറെ അത് ആവർത്തിക്കുക തന്നെയാണ് എല്ലാ ജീവിതങ്ങളിലും.
ഷഫീഖിന്റെ ആദ്യജോലി വാഹനങ്ങളുടെ സ്പെയർ പാർട്സ് വിൽക്കുന്ന ഒരു കടയിലായിരുന്നു. ബാച്ലർ ജീവിതത്തിന് മതിയാകുന്ന ശമ്പളവും സൗകര്യങ്ങളുമൊക്കെ കിട്ടിയപ്പോൾ രണ്ടു വർഷം കടന്നുപോയത് അറിഞ്ഞതേയില്ല. ഒന്ന് നാട്ടിൽ പോയി വന്നുകഴിഞ്ഞാണ് സമ്പാദ്യമൊന്നും ഇതുവരെയായില്ലെന്നും പകരം കടക്കാരനാവുകയാണ് സംഭവിച്ചതെന്നും തിരിച്ചറിഞ്ഞത്. എന്തെങ്കിലുമുണ്ടാക്കി തിരിച്ചുപോവുക എന്ന ആഗ്രഹം നടത്താൻ പോയിട്ട് കടം തീർക്കണമെങ്കിൽപ്പോലും ഇപ്പോഴുള്ള ശമ്പളം മതിയാവില്ലെന്ന മനസ്സിലാക്കലിൽനിന്നാണ് പുതിയ തൊഴിലന്വേഷണം തുടങ്ങിയത്.
ഇരട്ടി ശമ്പളം കിട്ടുന്ന ഒരു ജോലി കണ്ടെത്തിയപ്പോൾ സന്തോഷമായി. പോർട്ടിനടുത്തുള്ള ഒരു ഓയിൽ ട്രേഡിങ് കമ്പനിയായിരുന്നു അടുത്ത താവളം. അവിടെയും രണ്ട് വർഷം തുടർന്നപ്പോഴേക്കും കൂടുതൽ ശമ്പളത്തിന് അടുത്ത ഓഫർ ഷഫീഖിനെ തേടിവന്നു. അത്തവണ നാട്ടിൽ പോയി വന്നപ്പോഴും സമ്പാദ്യമെന്നത് അന്യമായിത്തന്നെ തുടർന്നപ്പോൾ തിരിച്ചുപോക്ക് അടുത്തെങ്ങും ഉണ്ടാവില്ലെന്ന് അയാൾക്കുറപ്പായി. ജോലിയിലെ ഓരോ പടിയിലും കയറുമ്പോൾ നിക്കാഹ്, കുട്ടികൾ, വീടുണ്ടാക്കൽ തുടങ്ങി അയാളെ കാത്ത് ചെലവുകളുടെയും ബാങ്ക് ലോൺ, ക്രെഡിറ്റ് കാർഡ് എന്നിങ്ങനെ കടക്കണക്കുകളുടെയും പുത്തനൊരു പടികൂടി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു.
അങ്ങനെയാണ് അയാൾ കച്ചവടമെന്ന വഴിയിലേക്ക് കടക്കുന്നത്. ജോലിയിലിരിക്കുമ്പോൾതന്നെയായിരുന്നു തുടക്കം. ഡീസൽ ബിസിനസിലെ പരിചയക്കാരിലൊരാൾ വഴി അബദ്ധത്തിൽ ഇടനിലക്കാരനായി നടന്ന കച്ചവടവും അതിലെ കമീഷനുമാണ് അയാളെ ബിസിനസിലേക്ക് എത്തിച്ചത്. ഏതാനും മാസങ്ങൾ കൊണ്ടുതന്നെ അയാളിൽ ആത്മവിശ്വാസം വളർന്നു. ജോലിവിട്ട് സ്വന്തം ബിസിനസ് തുടങ്ങുമ്പോൾ പലരും അത് വേണോ എന്ന് ചോദിച്ചതാണ്. പക്ഷേ അത് വെറുതെയായി.
പെട്ടെന്നാണ് റിയൽ എസ്റ്റേറ്റ് ബിസിനസും ലേബർ സപ്ലൈയുമായി തന്റെ ലോകം വികസിപ്പിക്കാൻ ഷഫീഖ് തീരുമാനിക്കുന്നത്. അന്ന് ഒപ്പം കൂട്ടിയതായിരുന്നു ജോൺസണെയും അതുപോലെ മറ്റ് പലരെയും. ബിസിനസ് വളരുന്തോറും കൂടുതൽ നിക്ഷേപവും ആവശ്യമായി വന്നു. ലോണുകൾക്ക് പുറമേ ഇൻവെസ്റ്റർമാരെ കണ്ടെത്താൻകൂടി കഴിഞ്ഞതോടെ തന്റെ ബിസിനസ് വിപുലമാക്കാനും അയാൾക്ക് കഴിഞ്ഞു.
ബാച്ലറായി വാടകക്ക് കഴിഞ്ഞ ഒറ്റമുറിയിൽനിന്നും താനും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിനുവേണ്ടി വാങ്ങിയ വിശാലമായ വില്ലയിലേക്ക് വളരാൻ ഷഫീഖ് കഷ്ടിച്ച് 20 വർഷങ്ങളെടുത്തു. എന്നാൽ, അതും കഴിഞ്ഞ് അഞ്ച് വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും തകർച്ചയുടെ തുടക്കവും കുറിക്കപ്പെട്ട് കഴിഞ്ഞിരുന്നു.
അതെപ്പോഴും അങ്ങനെയാണ്. വളർച്ച വളരെ പതുക്കെയും തകർച്ച അതിവേഗത്തിലുമായിരിക്കും. ബിസിനസിന്റെ കാര്യത്തിൽ മാത്രമല്ല, ബന്ധങ്ങളുടെ കാര്യത്തിലും അത് ശരിയാണെന്ന് ഷഫീഖ് മനസ്സിലാക്കിയത് സ്വന്തം അനുഭവത്തിലൂടെയാണ്. റിയൽ എസ്റ്റേറ്റ് കമ്പനിയും ലേബർ സപ്ലൈ കമ്പനിയും തുടങ്ങിയത് ഭാര്യയുടെ പേരിലാണ്. അത് വെറുതെ പേരിന് മാത്രമായിരുന്നില്ലതാനും. കമ്പനിയുടെ പ്രവർത്തനങ്ങളിലെല്ലാം അവരെയും ചുമതലപ്പെടുത്തുകയുംചെയ്തു. ഇടക്ക് പൊട്ടലും ചീറ്റലുമൊക്കെയുണ്ടായിരുന്ന ബന്ധം ആ സമയത്ത് കൂടുതൽ ശക്തമാവുകയും കുടുംബജീവിതം സന്തോഷപ്രദമാവുകയുമൊക്കെ ചെയ്തതാണ്.
ജോൺസണും റഷീദും ഷഫീഖ് ജോലിചെയ്തിരുന്ന കമ്പനിയിൽ ആയിടെ ജോലിക്ക് ചേർന്നവരായിരുന്നു. ഷഫീഖിന്റെ നാട്ടുകാരൻ തന്നെയായിരുന്ന ജോൺസണെ അവിടെ എത്തിച്ചതും ഷഫീഖ് തന്നെയാണ്. തൃശൂരുകാരനായ റഷീദ് സെയിൽസിൽ ജോലി തുടങ്ങിയപ്പോൾതന്നെ ഷഫീഖിന്റെ കണ്ണിൽപ്പെട്ടു. രണ്ടുപേരും നല്ല ഉഷാറും ആത്മാർഥതയുമുള്ളവരാണെന്ന് തോന്നിയതുകൊണ്ടാണ് സ്വന്തം ബിസിനസ് തുടങ്ങിയപ്പോൾ അവരെയും കൂടെക്കൂട്ടിയത്.
റിസ്കുണ്ടെന്ന് മുന്നറിയിപ്പ് കൊടുത്തിട്ടാണ് അവരെ പുതിയ ബിസിനസിലേക്ക് ക്ഷണിച്ചത്. “ജയിക്കുമോ തോൽക്കുമോ എന്ന് വലിയ ഉറപ്പൊന്നുമില്ലാത്ത ഒരു കച്ചവടത്തിനിറങ്ങുകയാണ്. നിങ്ങളെ കോടീശ്വരന്മാരാക്കുമെന്നൊന്നും വാക്ക് തരാനാവില്ല, പക്ഷേ ഒരു കാര്യം ഉറപ്പുതരാം. ജയിച്ചാൽ നിങ്ങൾക്ക് അതിനൊപ്പിച്ച ഗുണവുമുണ്ടാവും. പിന്നെ ഞാൻ വല്ലതും കഴിച്ച് കിടക്കുന്ന അത്രേം നാളും നിങ്ങളും പട്ടിണി കിടക്കേണ്ടി വരില്ല.”
ഇക്കയെ ഞങ്ങക്ക് വിശ്വാസമാ, ബാക്കിയൊക്കെ വരുന്നിടത്തുവെച്ച് കാണാം എന്ന് റിസ്കെടുത്താണ് രണ്ടുപേരും ഷഫീഖിനൊപ്പം ചേർന്നത്. അത് വെറുതെയായില്ലെന്ന് ജോൺസൺ ഇപ്പോഴും പറയും. താൻ ആദ്യത്തെ കമ്പനിയിൽ ജോലിയിൽ തുടർന്നെങ്കിൽ സ്വപ്നം കാണാൻപോലും പറ്റില്ലായിരുന്ന പലതും സ്വന്തമാക്കിയതും അനുഭവിച്ചതും ഇക്കയോടൊപ്പം കൂടിയതുകൊണ്ടാണെന്ന് അയാൾ പറയുന്നത് ആത്മാർഥമായിത്തന്നെയാണെന്ന് ഷഫീഖിനും ഉറപ്പായിരുന്നു. രാജേഷ് കൂടെച്ചേർന്നത് വളർച്ചയുടെ ഇടക്കാണ്. ക്രമേണ ബിസിനസിന്റെ കോർ ടീമെന്നത് ഷഫീഖിനും ഭാര്യ സുലേഖക്കും പുറമേ ജോൺസണും റഷീദും രാജേഷും കൂടിച്ചേർന്നതായി.
എല്ലാദിവസവും വൈകുന്നേരം അവർ അഞ്ചുപേരും ചേർന്ന് നടത്തുന്ന റിവ്യൂ മീറ്റിങ് ആയിരുന്നു കമ്പനിയുടെ വിജയത്തിന്റെ കാതൽ. ഒട്ടും ഔപചാരികതയില്ലാത്ത, കൂട്ടുകാർ ഒത്തുചേർന്നുള്ള വൈകുന്നേരത്തെ ചായകുടി എന്ന മട്ടിലുള്ള മീറ്റിങ്ങിന്റെ പ്രത്യേകത ആർക്കും എന്തഭിപ്രായവും തുറന്ന് സംസാരിക്കാം എന്നതായിരുന്നു. ഗുണവും ദോഷവും ചർച്ചചെയ്ത് ഭൂരിപക്ഷാഭിപ്രായം നോക്കി തീരുമാനമെടുത്ത് മുന്നോട്ടുപോകുന്ന ആ മീറ്റിങ്ങിനെ സുലേഖ വിളിക്കുന്നത് അന്തിച്ചർച്ചയെന്നാണ്. അവിടെയുണ്ടാവുന്ന വാഗ്വാദങ്ങളും വിമർശനങ്ങളും പരിഹാസങ്ങളുമെല്ലാം ആ മുറിക്ക് പുറത്തേക്ക് കടക്കരുതെന്ന അലിഖിത നിയമം കൊണ്ടുതന്നെ അവർക്കിടയിലെ സൗഹൃദത്തെ അത് ബാധിച്ചുമില്ല. പല കാര്യങ്ങളിലും ഷഫീഖിന്റെ കണ്ണ് തുറപ്പിച്ചത് അന്തിച്ചർച്ചയിലെ തുറന്ന വിമർശനങ്ങളാണ് താനും.
ആ മുറിക്കുള്ളിലെ വാക്കുകൾ അതിനുള്ളിൽത്തന്നെ ഉപേക്ഷിക്കേണ്ടവയാണെന്ന നിയമം ആദ്യം തെറ്റിച്ചത് സുലേഖയായിരുന്നു. ഷഫീഖ് ജോൺസന്റെയും മറ്റും പക്ഷംപിടിക്കുന്നുവെന്ന പരാതി അവൾ ആദ്യം ഉന്നയിച്ചത് അന്തിച്ചർച്ചയിൽതന്നെയായതുകൊണ്ട് അത് മറ്റുള്ളവർ അത്ര കാര്യമായെടുത്തില്ല. എന്നാൽ, ഇതേ പരാതി വീട്ടിലെത്തിയിട്ടും പറഞ്ഞപ്പോൾ അയാൾക്ക് അരിശം വന്നു. ആ മുറിയിലെ ചർച്ച പുറത്തേക്കെടുക്കേണ്ട കാര്യമില്ല എന്നായിരുന്നു ആദ്യം പ്രതികരിച്ചത്. പിന്നെപ്പിന്നെ അതിനെച്ചൊല്ലിയുള്ള തർക്കങ്ങൾ വീട്ടിൽ പതിവായി.
“കമ്പനി നമ്മുടെയാണോ അവരുടെയാണോന്ന് ഇക്ക ആലോചിക്ക്. നഷ്ടം വന്നാ അവർക്കല്ല, നമ്മക്കാണ്. അതെങ്കിലും ഓർക്കണം. അവർക്ക് നഷ്ടോം കേസുമൊന്നുമില്ല. വേറെ എവിടേലും ജോലി കിട്ടും. എന്റെയോ നിങ്ങടെയോ കാര്യം അങ്ങനല്ല.”
ഇതേ സ്വരം തുടർച്ചയായി കേട്ടുകൊണ്ടിരുന്നപ്പോൾ ക്രമേണ അത് ഷഫീഖിന്റെ സ്വസ്ഥതയെ ബാധിച്ചുതുടങ്ങി. ഓരോ ഒഴികഴിവുകൾ പറഞ്ഞും ഒന്നും പറയാതെയുമൊക്കെ അന്തിച്ചർച്ചയിൽനിന്ന് സുലേഖ മാറിനിൽക്കാൻ തുടങ്ങിയപ്പോൾ ജോൺസണാണ് ആദ്യം കാര്യം മനസ്സിലാക്കിയത്. അതുവരെയുണ്ടായിട്ടില്ലാത്ത എന്തൊക്കെയോ തിരക്കുകളിൽപ്പെട്ട് കോർ ടീമിലെ ഓരോരുത്തർക്കും അന്തിച്ചർച്ച ഒഴിവാക്കേണ്ടി വന്നുതുടങ്ങി. പിന്നെ പതിയെപ്പതിയെ ആരും അതേക്കുറിച്ച് മിണ്ടാതെയായി.
തകർച്ചയുടെ തുടക്കം വളർച്ചയുടേതെന്നപോലെ എണ്ണക്കച്ചവടത്തിൽനിന്നു തന്നെയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ മാർക്കറ്റിലുണ്ടായ വമ്പൻ വിലയിടിച്ചിൽ ഉണ്ടാക്കിയ നഷ്ടത്തിലായിരുന്നു തുടക്കം. മാർക്കറ്റിലെ വിലയിടിച്ചിൽ മറ്റ് ബിസിനസുകളെയും ബാധിക്കാൻ തുടങ്ങി. രണ്ട് മാസം ലാഭവിഹിതം ലഭിക്കാതെയായപ്പോൾ ഇൻവെസ്റ്റർമാർ പലരും അന്വേഷണം തുടങ്ങി. ലബനോണിയായ ഇൻവെസ്റ്റർ ഒരു പടികൂടി കടന്ന് പണം തിരിച്ചുവേണമെന്ന് ആവശ്യപ്പെടുക കൂടി ചെയ്തതോടെ അടിതെറ്റി.
ഒരു ചുവട് പിഴച്ചാൽ പിന്നെ എളുപ്പമല്ല പിടിച്ചുനിൽക്കൽ. കച്ചവടത്തിന്റെ പൊതുസ്വഭാവമാണത്. കാൽവഴുതി വീഴാൻപോയാൽ കിട്ടുന്നത് വൈക്കോൽത്തുമ്പായാലും പിടിച്ചുനിൽക്കാൻ നോക്കുന്നത് മനുഷ്യസ്വഭാവമാണ്. അതുപോലെതന്നെ സ്വാഭാവികമാണ് ആ പിടിതരുന്ന വസ്തുവിനെക്കൂടി തനിക്കൊപ്പം ആഴത്തിലേക്ക് വലിച്ചുകൊണ്ടുപോവുക എന്നതും. അത്യാവശ്യം പച്ചപിടിച്ചുനിന്ന ലേബർ സപ്ലൈ ബിസിനസിലെ പണംകൂടി തന്റെ കടംവീട്ടാൻ എടുത്തതോടെ അവിടെ ജോലിക്കാർക്ക് ശമ്പളം മുടങ്ങി. മുപ്പത് ദിവസത്തെ ക്രെഡിറ്റിൽ ഡീസൽ വാങ്ങിയ പല കമ്പനികളും ഇടനിലക്കാരും പണം നൽകാതെ മുങ്ങുക കൂടി ചെയ്തപ്പോൾ പ്രതിസന്ധിയുടെ ആഴം കൂടിക്കൂടി വന്നു. ചില ചെറിയ കമ്പനികളും ഇടനിലക്കാരും നിന്നനിൽപിൽ അപ്രത്യക്ഷരാവുകപോലും ചെയ്തു.
മൊത്തം ഒന്ന് ബാലൻസ് ചെയ്ത് നിർത്താനുള്ള ശ്രമങ്ങൾക്ക് ജോൺസണും രാജേഷും കൂട്ടുണ്ടായിരുന്നു. മുങ്ങാൻ തുടങ്ങിയ കപ്പലിൽനിന്നും ആദ്യം പുറത്തുചാടിയത് റഷീദാണ്. അയാൾ പുതിയൊരു ജോലികിട്ടിയെന്നും പോകുന്നുവെന്നും ജോൺസണ് മെസേജ് ചെയ്യുക മാത്രമാണ് ചെയ്തത്. അന്ന് വൈകീട്ട് ഓഫീസിൽ അന്തിച്ചർച്ച കൂടിയാലോയെന്ന് ജോൺസൺ ചോദിച്ചപ്പോൾ അവരും രക്ഷപ്പെടാൻ തീരുമാനിച്ചു കാണുമെന്നാണ് ഷഫീഖിന് തോന്നിയത്. അതിലൊരു തെറ്റുമില്ലെന്ന് അയാൾ മനസ്സിൽ പറയുകയുംചെയ്തു. റഷീദ് ചെയ്തത് ശരിയായില്ലെന്ന് വൈകീട്ട് ജോൺസണും രാജേഷും സുലേഖയും പറഞ്ഞപ്പോൾ ഷഫീഖ് അയാളെ അനുകൂലിച്ചുകൊണ്ടാണ് സംസാരിച്ചത്.
“അവൻ കത്തുന്ന പുരയിൽനിന്നും ഓടിക്കളഞ്ഞു എന്നേയുള്ളൂ. പോകുന്ന പോക്കിൽ കഴുക്കോൽ ഊരിയെടുത്തില്ല എന്ന് നമുക്ക് ആശ്വസിക്കാം. നിങ്ങളാരെങ്കിലും പോണമെന്ന് ആഗ്രഹിച്ചാലും അതിലൊരു തെറ്റുമില്ല. ലക്ഷണം കണ്ടിട്ട് നമ്മൾ കടുത്ത പ്രതിസന്ധിയിലേക്കാണ് പോയ്ക്കൊണ്ടിരിക്കുന്നത്. ചിലപ്പോ അധികം വൈകാതെ ഇത് മൊത്തം അടച്ചുപൂട്ടേണ്ടി വരുകയോ ജയിലിലാവുകയോ ഒക്കെയുണ്ടാവാം. അതിനു മുമ്പ് നിങ്ങളെങ്കിലും ഒരു കര പറ്റിയാൽ അത്രയും നല്ലത് എന്നേ ഞാൻ പറയൂ.” ഷഫീഖ് ഇത് പറഞ്ഞുനിർത്തും മുമ്പ് ജോൺസൺ ഇടപെട്ടു.
“സത്യത്തിൽ ഇക്ക പറഞ്ഞതിൽ കാര്യമുണ്ട്. റഷീദിന്റെ കാര്യമല്ല ഞാനുദ്ദേശിച്ചത്. ഇപ്പോ അർജന്റായിട്ട് ചെയ്യാൻ പറ്റുന്ന ഒരു കാര്യം മക്കളേംകൊണ്ട് ഇത്ത അങ്ങ് നാട്ടിൽ പോണതാണ്. ഇത്തയുടെ പേരിലുള്ള രണ്ട് കമ്പനികളിലും പ്രശ്നം തുടങ്ങിയിട്ടേയുള്ളൂ. അതുകൊണ്ട് ഇപ്പോ യാത്രചെയ്യാൻ പ്രശ്നമില്ല. ഇതേ നിലയിലാണ് നമ്മള് പോണതെങ്കിൽ രണ്ടോ മൂന്നോ മാസത്തിനകം അവിടെയും കേസും കൂട്ടവും വരാനും ഇത്തക്ക് ട്രാവൽബാൻ വരാനുമൊക്കെ ചാൻസുണ്ട്.
അത് പിള്ളേരുടെ പഠിത്തത്തെ വരെ ബാധിക്കും. അതുകൊണ്ട് ഞാൻ പറയുന്നത് ഇത്തയും പിള്ളേരും എത്രയും വേഗം അങ്ങ് കേറിപ്പോണതാവും നല്ലതെന്നാണ്. ഇക്കക്ക് ഓൾറെഡി ബാനുള്ളതുകൊണ്ട് നേരായ വഴിക്ക് യാത്ര പറ്റില്ല. നമ്മക്ക് വേറേ എവിടന്നെങ്കിലും കുറച്ച് ഫണ്ട് റെയ്സ് ചെയ്ത് ആ ലബനോണിക്ക് കൊടുക്കാൻ പറ്റിയാ അതും സോൾവ് ചെയ്യാം. പക്ഷേ, ഇത്തയേം മക്കളേം ഇവിടെ നിർത്തി ആ റിസ്ക് എടുക്കൽ എളുപ്പമല്ല.”
കുറച്ചുനേരത്തേക്ക് എല്ലാവരും നിശ്ശബ്ദരായിരുന്നു. ഷഫീഖും സുലേഖയും അത് ആലോചിക്കുന്നുവെന്ന ഭാവത്തിൽ ചിന്തിച്ചിരിക്കുമ്പോൾ രാജേഷ് ജോൺസൺ പറഞ്ഞതിനെ പിന്തുണച്ച് സംസാരിക്കാൻ തുടങ്ങി. “ഇപ്പഴത്തെ പോക്ക് പോയാ നാളെ എന്താവുമെന്ന് പറയാൻ പറ്റൂല്ല. കൊച്ചുങ്ങളെ കൂടെ നിർത്തി ആ റിസ്കെടുക്കല് പാടാന്ന് അറിയാല്ലോ. നിങ്ങള് രണ്ടും ഇവിടെ നിന്നിട്ട് അവരെ അങ്ങ് വിടലും മണ്ടത്തരമാ. നാളത്തെ കാര്യം ഒരുറപ്പുമില്ലാത്തോണ്ടാണ്. അപ്പ അച്ചായൻ പറഞ്ഞത് തന്നെയാ നല്ലത്.”
അവർ പറയുന്നത് കണ്ണുമടച്ചങ്ങ് അംഗീകരിക്കാൻ സുലേഖയുടെ ഈഗോ അത്ര വേഗം സമ്മതിച്ചില്ലെങ്കിലും പറഞ്ഞത് ശരിയാണെന്ന് അവൾക്കും തോന്നി. അതുകൊണ്ടുതന്നെ ഒന്ന് മുരടനക്കിയശേഷം അവൾ ഷഫീഖിന്റെ മുഖത്തേക്ക് നോക്കി. ഇതേക്കുറിച്ച് താനിതുവരെ ചിന്തിക്കാഞ്ഞതെന്ത് എന്ന് മനസ്സിൽ സ്വയം കുറ്റപ്പെടുത്തിക്കൊണ്ടാണ് ഷഫീഖ് ആ നിർദേശം അംഗീകരിച്ചത്. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. പിറ്റേന്ന് രാത്രിക്കുള്ള ഫ്ലൈറ്റിനു തന്നെ ടിക്കറ്റ് ശരിയാക്കി.
എയർപോർട്ടിലേക്ക് പോകാൻ ഇറങ്ങും മുമ്പ് പാക്കിങ് കഴിഞ്ഞ ക്ഷീണത്തിൽ ലിവിങ്റൂമിലെ സോഫയിൽ ഇരിക്കുമ്പോൾ അയാൾ കുറേനേരം സുലേഖയുടെയും മക്കളുടെയും മുഖത്തേക്കുതന്നെ നോക്കിയിരുന്നു. അയാളുടെ മനസ്സിലെന്തെന്ന് ഒരു വാക്കുപോലും പറയാതെതന്നെ അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നു.
“നിങ്ങള് ടെൻഷനാക്കണ്ട. എല്ലാം ഒറ്റയടിക്കങ്ങ് ശരിയാവുമെന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ എന്തേലുമൊക്കെ വഴി മെല്ലെ വരും. ഞങ്ങളങ്ങ് മാറിനിന്നു കഴിഞ്ഞാത്തന്നെ നിങ്ങക്ക് ടെൻഷൻ പാതി മാറും. അപ്പോ ഈ പ്രശ്നങ്ങള് തീർക്കാനായിട്ട് കൂടുതൽ നേരം ചെലവാക്കാനും പറ്റും.”
പറയുന്നത് വെറും ആശ്വാസവാക്കുകളാണെന്ന് സുലേഖക്കും അറിയാമായിരുന്നു. ഇനിയെന്ന് കാണാനാവുമെന്നും കാണാനായാൽപ്പോലും അന്ന് തങ്ങൾ ഏതവസ്ഥയിലാവുമെന്നുമൊക്കെയുള്ള ചിന്തകൾ അവളെയും ശല്യപ്പെടുത്താതെയിരുന്നുമില്ല. അതേസമയംതന്നെ താനും മക്കളും നാട്ടിൽ ചെന്ന് ജീവിക്കുന്നതെങ്ങനെയെന്ന ഭയവും അവൾക്ക് ഉള്ളിലുണ്ടായിരുന്നു. കുട്ടികൾ ഒരുദിവസം ഇരുട്ടി വെളുക്കുമ്പോഴേക്കും പുതിയൊരു ലോകത്തേക്കാവും കണ്ണ് തുറക്കുക. ടൂറിസ്റ്റുകളെപ്പോലെ വല്ലപ്പോഴുമൊന്ന് കണ്ടുമടങ്ങിയിരുന്ന നാട്ടിൽ ജീവിക്കേണ്ടിവരുന്നത് അവർക്കും എളുപ്പമാവില്ല. പക്ഷേ, മറ്റൊരു വഴിയും മുന്നിലില്ല താനും.
നാട്ടിലെ വീടും മറ്റ് സ്വത്തുമൊക്കെ വിറ്റ് കടംവീട്ടി ഒന്നേന്ന് ജീവിതം തുടങ്ങിയാലോയെന്ന് അവൾ ഒരുതവണ ഷഫീഖിനോട് ചോദിച്ചതാണ്. പക്ഷേ അങ്ങനെ പണം സ്വരൂപിച്ച് കൊണ്ടുവന്നാലും അത് കടലിൽ കായം കലക്കുന്നതുപോലെ ഒന്നിനും തികയാതെ വരികയേയുള്ളൂവെന്ന് അയാൾ വിശദീകരിച്ചപ്പോൾ അവൾക്ക് മനസ്സിലായി. അതുകൂടി ഇല്ലാതായാൽ പിന്നെ നാട്ടിലേക്ക് മടങ്ങാനൊരിടംപോലും ഇല്ലാതാവും. ഏതായാലും അതുവേണ്ടെന്ന് തോന്നിച്ച അയാളുടെ ബുദ്ധി നന്നായെന്ന് തന്നെ അവൾക്ക് തോന്നി.
എയർപോർട്ടിലേക്ക് കാറിലിരിക്കുമ്പോൾ ആരുമൊന്നും മിണ്ടിയില്ല. അവിടെച്ചെന്ന് ജോൺസണും രാജേഷും സാധനങ്ങളെടുത്ത് ട്രോളിയിലേക്ക് വെക്കുന്ന നേരത്ത് അയാൾ സുലേഖയെയും മക്കളെയും മുറുക്കെ ചേർത്തുപിടിച്ചു. എല്ലാം ശരിയാവും ഇക്കാ എന്ന് അവൾ പറയുമ്പോൾ അയാൾ വെറുതേ തലകുലുക്കി. കാര്യങ്ങളൊന്നും മനസ്സിലാവാതെ മക്കൾ രണ്ടുപേരും തങ്ങളുടെ ബാക്പാക്ക് തോളിൽ തൂക്കിയപ്പോ ഷഫീഖ് അവരുടെ തലയിൽ ഉമ്മവെച്ചു.
പാസ്പോർട്ടൊക്കെ കൈയിലുണ്ടല്ലോയെന്ന് രാജേഷ് പതിവ് ഔപചാരികതയെറിഞ്ഞു. ജോൺസണും രാജേഷും യാത്രപറയുന്ന നേരം അയാൾ തിരിഞ്ഞുനോക്കാതെ കാറിലേക്ക് നടന്നു. അപ്പോഴേക്കും വണ്ടിയെടുത്ത് മാറ്റാൻ അവിടെനിന്ന് പൊലീസുകാരൻ വിസിലൂതി ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഭാര്യയും മക്കളും ട്രോളിയുന്തി എയർപോർട്ടിനുള്ളിലേക്ക് കയറുന്നത് കാണാൻ നിൽക്കാതെ ഷഫീഖ് വണ്ടി സ്റ്റാർട്ട് ചെയ്തു.
പിന്നീടുള്ള ദിവസങ്ങൾ തിരക്കുപിടിച്ചതായിരുന്നു. എങ്ങനെയും കുറച്ച് നിക്ഷേപം ഒപ്പിക്കാനുള്ള ശ്രമം. ഒപ്പംതന്നെ കേസുകളിൽനിന്ന് രക്ഷപ്പെടാൻ കടക്കാരുടെ കാലുപിടിക്കൽ, തിരിച്ചുകിട്ടാനുള്ള പണം വാങ്ങിയെടുക്കാനുള്ള പരിശ്രമങ്ങൾ. ഷഫീഖും രാജേഷും ജോൺസണും പരമാവധി ശ്രമിച്ചിട്ടും ഒന്നും എങ്ങുമെത്തിയില്ല. ഒടുവിൽ ഒരാഴ്ചകഴിഞ്ഞ് തന്റെ പാസ്പോർട്ട് ലബനീസ് ഇൻവെസ്റ്ററെ ഏൽപിച്ച് അയാളുടെ ഓഫീസിൽനിന്നും പുറത്തിറങ്ങുമ്പോൾ തന്റെ ജീവിതത്തിലെ ഒരധ്യായം അവസാനിച്ചുവെന്ന് ഷഫീഖിന് മനസ്സിലായി. ഈ രാജ്യത്ത് താൻ ഉണ്ടാക്കിയതെല്ലാം അവസാനിച്ചുവെന്നും ഇനി ജീവിതം പുതുതായി കെട്ടിപ്പൊക്കേണ്ടതുണ്ടെന്നും അയാൾക്ക് ഉറപ്പായി. തനിക്ക് അത് കഴിയുമെന്നൊരു ആത്മവിശ്വാസം അപ്പോഴും അയാൾക്കൊപ്പം നിന്നു.
വില്ല ബാങ്കുകാർ ഏറ്റെടുക്കും മുമ്പ് അയാൾ അവിടെനിന്നും താമസം മാറിയിരുന്നു. എങ്ങനെയെങ്കിലും കുറച്ച് പണമുണ്ടാക്കിയാൽ ഒമാൻ വഴി നാട്ടിലെത്തിക്കുന്ന ഗാങ്ങുകൾക്ക് നൽകി രാജ്യം വിടാമെന്ന് രാജേഷ് പറഞ്ഞെങ്കിലും അതിന് ഷഫീഖ് തയാറായിരുന്നില്ല. തന്നെ വിശ്വസിച്ച് പണം നൽകിയ ചിലർക്കെങ്കിലും അത് തിരിച്ചുനൽകാനുള്ള വഴി കണ്ടെത്താനാകുമെന്ന് അയാൾക്ക് ഉറപ്പായിരുന്നു. നിയമപരമായി അതിനാവില്ല എന്നതാണ് പ്രശ്നം. പാസ്പോർട്ട് കൈയിലില്ലാതെ ഒന്നും നിയമപരമായി ചെയ്യാനാവില്ല. അത് കിട്ടിയാൽപോലും തന്റെ പേരിലുള്ള കേസുകൾ അവസാനിപ്പിക്കുക അത്ര എളുപ്പമല്ല. അതിന് പണം വേണം.
പക്ഷേ, പണമുണ്ടാകണമെങ്കിൽ കേസുകളൊഴിഞ്ഞ് നിയമപരമായി എന്തെങ്കിലും കച്ചവടം തുടങ്ങാനാവണം. കടക്കാരുടെ ഭീഷണി ഭയന്ന് സ്വന്തം ഫോൺപോലും ഉപേക്ഷിക്കേണ്ട ഗതികേടിലുള്ള ഒരാൾക്ക് അത് സാധ്യമല്ലെന്ന് അറിയാമെങ്കിലും എവിടെയോ ഒരു പ്രതീക്ഷ അയാളെ മുന്നോട്ടു നയിച്ചു. മുഹമ്മദ് ഷഫീഖ് എന്ന വിജയിച്ച ബിസിനസുകാരനിൽനിന്നും രേഖകൾപ്രകാരം ഒന്നുമല്ലാത്ത കല്ലീവല്ലിയായി മാറുമ്പോഴും സഹായത്തിന് ജോൺസണും രാജേഷുമുണ്ടായിരുന്നു.
അവർ രണ്ടാളെയും ഷഫീഖ് നിർബന്ധിച്ചാണ് ജോലി അന്വേഷണത്തിന് ഇറക്കിയത്. അത് വൈകാതെ ഫലം കാണുകയുംചെയ്തു. ഇടക്ക് പരിചയമുള്ള ചില കമ്പനികൾക്ക് ഡീസൽ കച്ചവടത്തിന് ഇടനിലക്കാരനായി നിന്ന് അത്യാവശ്യം ചെലവിനുള്ള വക കണ്ടെത്താൻ ഷഫീഖിനുമായി.
ഒരു വർഷത്തിലേറെക്കാലം എങ്ങനെയൊക്കെയോ കടന്നുപോയിക്കഴിഞ്ഞ് പുതിയ പ്രശ്നങ്ങൾ ഓരോന്നായി വന്നുതുടങ്ങി. താമസസ്ഥലമായിരുന്നു ഒരു വലിയ പ്രശ്നം. രേഖകളൊന്നുമില്ലാതെ ജീവിക്കുന്ന ഒരാൾക്ക് സാധാരണ കിട്ടാൻ സാധ്യതയുള്ളത് തൊഴിലാളികളുടെ കൂട്ടങ്ങളിലെ ബെഡ്സ്പേസാണ്. അതും മിക്കവാറും പാകിസ്താനികളും ബംഗ്ലാദേശികളുമാവും അക്കൂട്ടത്തിൽ. സ്വകാര്യതകളെല്ലാം നഷ്ടപ്പെടുത്തി അത്തരം ഒരിടത്തേക്ക് മാറിയാലോ എന്ന് ആലോചിക്കാതെയല്ലേ. അത്രക്കായിരുന്നു കോൺട്രാക്ട് പുതുക്കുന്ന കാര്യം പറഞ്ഞ് താമസിച്ചിരുന്ന സ്റ്റുഡിയോ ഫ്ലാറ്റിന്റെ റിയൽ എസ്റ്റേറ്റ് ഏജൻസിയുടെ സമ്മർദം.
എന്തെങ്കിലുമൊക്കെ ഒഴികഴിവുകൾ പറഞ്ഞ് വൈകിപ്പിക്കാവുന്നതിന്റെ പരിധി കഴിഞ്ഞപ്പോഴാണ് ബെഡ് സ്പേസിലേക്ക് മാറുന്ന കാര്യം ആലോചിച്ചത്. പക്ഷേ അത്തരം സ്ഥലങ്ങളിൽ പിടിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് കൂട്ടുകാർ വിലക്കി. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ തന്നെ ഉദ്യോഗസ്ഥരും പൊലീസും അവിടെ റെയ്ഡ് നടത്തുന്നതും രേഖകളില്ലാതെ താമസിക്കുന്നവരെ പിടികൂടിക്കൊണ്ടുപോകുന്നതും ഷഫീഖ് തന്നെ പലപ്പോഴും കണ്ടിട്ടുള്ളതാണ്. താൻ പിടിക്കപ്പെട്ടാൽ തലയിലുള്ള കേസുകളുടെ ധാരാളിത്തംകൊണ്ട് ജയിലിൽനിന്ന് പുറത്തിറങ്ങാനാവില്ല എന്ന് അവർ പറഞ്ഞപ്പോൾ സംഗതി സത്യമാണെന്ന് അയാൾക്കും തോന്നി.
ഒരു പഴയ പരിചയക്കാരൻ കുടുംബത്തെ നാട്ടിലേക്കയക്കുന്നുവെന്നും അയാളുടെ ഫ്ലാറ്റിൽ ഷെയറിങ്ങിന് മുറി കിട്ടുമോയെന്ന് ചോദിക്കാമെന്നും ജോൺസൺ പറഞ്ഞപ്പോൾ അതൊരു നല്ല ഐഡിയയാണെന്ന് ഷഫീഖിനും തോന്നി. തന്റെ അവസ്ഥ മുഴുവൻ വിശദീകരിച്ചു കഴിഞ്ഞപ്പോൾ റിസ്കെടുക്കാൻ ശ്രീകാന്ത് തയാറാവുമോയെന്ന സംശയം അയാൾക്കുണ്ടായിരുന്നു. എന്നാൽ, ആലോചിക്കാൻ അധികനേരമൊന്നും എടുക്കാതെ ശ്രീകാന്ത് പറഞ്ഞത് ഇങ്ങനെയായിരുന്നു. “നിങ്ങള് പെട്ടീം പെറുക്കി ഇങ്ങ്പോരെ ഭായ്. നമ്മക്ക് അഡ്ജസ്റ്റ് ചെയ്തങ്ങ് പോവാം.”
രണ്ട് വർഷം കഴിഞ്ഞ് ശ്രീകാന്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നതുവരെ ഷഫീഖിന്റെ ജീവിതം അവിടെ വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോയി. എന്നാൽ, അക്കാലത്ത് നാട്ടിൽ സുലേഖയും മക്കളുമായുള്ള ബന്ധം ആകെ കുഴപ്പത്തിലായിരുന്നു. പ്രത്യേകിച്ച് വരുമാനമൊന്നുമില്ലാത്ത അവസ്ഥയിൽ നാട്ടിലെ ആവശ്യങ്ങൾക്ക് പണമയക്കുക എളുപ്പമായിരുന്നില്ല.
ജോൺസണും രാജേഷും ഷഫീഖിന്റെ സഹോദരങ്ങളുമൊക്കെ സഹായിച്ച് ഒരുവിധം മുന്നോട്ടുപോകുമ്പോൾ അവരുടെ ആവശ്യങ്ങൾക്കുപോലും പണം കണ്ടെത്താൻ പലപ്പോഴും കഴിയാതെ വന്നപ്പോൾ സുലേഖക്ക് അവളുടെ കുടുംബത്തിന്റെ സഹായം തേടേണ്ടിവന്നു. എങ്ങനെയും ഒമാൻ വഴി നാട്ടിലെത്താനുള്ള പണം കണ്ടെത്തി തിരിച്ചുവരാനുള്ള അവരുടെ നിർദേശം സ്വീകരിക്കാൻ അയാൾക്ക് മനസ്സ് വന്നതുമില്ല. നാളെ എല്ലാം ശരിയായില്ലെങ്കിലും കുറച്ചെങ്കിലും ശരിയാവുമെന്നൊരു തോന്നൽ ഷഫീഖിൽ ബാക്കിയുണ്ടായിരുന്നു. ആ പ്രതീക്ഷയിലാണ് അയാൾ ഓരോ ചുവടും മുന്നോട്ടുവെച്ചത്.
ശ്രീകാന്തിന്റെ മടങ്ങിപ്പോക്ക് അയാൾ പ്രതീക്ഷിക്കാത്ത ഒരു തിരിച്ചടിയായിരുന്നു. “വേറെ വഴിയില്ല ഭായ്. നിങ്ങളെപ്പോലെ നാളെ നല്ല കാലം വരുമെന്ന് കാത്തിരിക്കാൻ നമ്മക്ക് നിവൃത്തിയില്ല. നാട്ടില് പോയി എന്തേലും ചെയ്തങ്ങ് പിഴക്കാം. അല്ലാതെ തട്ടീം മുട്ടീം ഇവിടെ കിടന്നിട്ട് ഒരു കാര്യോമില്ല. ഒള്ളകാലം കെട്ട്യോളടേം കുട്ടീന്റേം കൂടങ്ങ് പോണമെന്നാ ആഗ്രഹം. അതില്ലാതെ ഇവിടെ ഈ ചൂടുംകൊണ്ട് കെടന്ന് എണീക്കാൻ വയ്യാത്ത കാലത്ത് തിരിച്ചുപോയിട്ട് എന്താക്കാനാ?” ശ്രീകാന്ത് പറഞ്ഞ വാക്കുകളിൽ അയാളൊന്നും ഒളിപ്പിച്ചു വെച്ചിരുന്നില്ലെങ്കിലും അങ്ങനെയെന്തൊക്കെയോ ഉണ്ടെന്ന് ഷഫീഖിന് തോന്നി. താൻ ഉത്തരവാദിത്തങ്ങളിൽനിന്ന് ഒളിച്ചോടുകയാണെന്നും.
ശരിക്കും കല്ലീവല്ലിയുടെ ജീവിതത്തിലേക്ക് അയാൾ കടന്നത് ശ്രീകാന്തിന്റെ മടക്കത്തിനുശേഷമാണ്. ഒരു ബാച്ലർ ഫ്ലാറ്റിലെ നാലുപേർ ഷെയർ ചെയ്യുന്ന മുറിയിലേക്ക് അയാളുടെ അത്യാവശ്യ സാധനങ്ങൾ മാറ്റുമ്പോൾ ഇത് വേണോയെന്ന് ജോൺസൺ ചോദിച്ചതാണ്. നമ്മക്ക് ഒന്നൂടെ വേറെ ഒരിടം നോക്കിയാലോ ഇക്കാ. വാടകയൊക്കെ എങ്ങനെങ്കിലും ഒപ്പിക്കാം എന്ന് അയാൾ പറഞ്ഞപ്പോ വേണ്ടെന്ന് ഷഫീഖ് കട്ടായം പറഞ്ഞു. “ഇതിലും കഷ്ടപ്പാടിൽ ജീവിക്കുന്ന എത്രയോ പേരുണ്ട്. എനിക്കിപ്പോ തലയ്ക്ക് മുകളിൽ ഒരു മേൽക്കൂരയെങ്കിലുമുണ്ട്. അതുപോലുമില്ലാത്ത മനുഷ്യരെ നമ്മളെത്ര കാണുന്നതാ” എന്നതായിരുന്നു അയാളുടെ വാദം.
ഭക്ഷണത്തിനും മറ്റ് അത്യാവശ്യങ്ങൾക്കുമൊക്കെ പലപ്പോഴും അവരെ ആശ്രയിക്കുന്നതാണ്. തന്റെ ഭാരം മൊത്തത്തിൽ ഏറ്റെടുക്കാൻ തക്ക വരുമാനം ജോൺസണോ രാജേഷിനോ ഇല്ലെന്ന് അറിയാവുന്നതുകൊണ്ടാണ് അത്തരമൊരു കടുത്ത തീരുമാനം അയാളെടുത്തത്. അതുകൊണ്ടുതന്നെ പലപ്പോഴും പട്ടിണി കിടക്കേണ്ടിവന്നാൽപോലും അവരെ അറിയിക്കാറില്ലായിരുന്നു.
പിന്നീടുള്ള ഒന്നരവർഷക്കാലത്തെ ഷഫീഖിന്റെ ജീവിതം അയാളോടുതന്നെയുള്ള വാശിതീർക്കൽ പോലെയായിരുന്നു. സുലേഖ അയാളോട് തീർത്തും മിണ്ടാതെയായി. വല്ലപ്പോഴും ഫോണിൽ സംസാരിക്കുമ്പോൾ മക്കൾ രണ്ടുപേരും ഉപ്പക്ക് സുഖമല്ലേ എന്ന യാന്ത്രികതക്ക് അപ്പുറം കടക്കാനാകാതെ കുഴയുന്നത് മനസ്സിലാക്കിയപ്പോൾ അയാൾ അവരെ വിളിക്കുന്നതും അപൂർവമായി. ഗ്രോസറിയിലും കഫറ്റീരിയയിലും ഡെലിവറി ബോയ് ആയും കള്ളടാക്സി ഓടിക്കുന്ന പാകിസ്താനിയുടെ ഡ്രൈവറായുമൊക്കെ ഇടക്കിടെ അയാൾ വേഷംമാറുന്നത് അറിഞ്ഞെങ്കിലും ജോൺസണോ രാജേഷോ അതേക്കുറിച്ച് അയാളോട് ചോദിച്ചില്ല.
മുറിയിൽ ഒപ്പമുണ്ടായിരുന്ന ബംഗാളി വഴിയാണ് ദെയ്ദിലെ ഒരു ഫാമിലെ മേൽനോട്ടക്കാരനായ പഠാണിയുടെ സഹായിയായി കൂടാനുള്ള വഴി തെളിഞ്ഞത്. എപ്പോഴും വൃത്തിയുള്ള വേഷം ധരിച്ച് ഫോണിൽ ഇംഗ്ലീഷിൽ തടസ്സമില്ലാതെ സംസാരിക്കുന്ന സഹായിയെ ആദ്യമൊക്കെ പരിഹാസത്തോടെ കണ്ടെങ്കിലും ഏറെ വൈകാതെ പഠാണിക്ക് അയാൾ നല്ല സുഹൃത്തായി. ശമ്പളമൊന്നും കാര്യമായി കിട്ടാനില്ലെങ്കിലും താമസവും ഭക്ഷണവും ചെലവില്ലാതെ നടന്നുപോകുന്നു എന്നത് അയാൾക്ക് ആശ്വാസമായിരുന്നു. മാസത്തിൽ ഒരിക്കലോ മറ്റോ അറബാബ് ഫാമിലെത്തുമ്പോൾ മാറിനിൽക്കണം എന്നത് മാത്രമായിരുന്നു അവിടത്തെ പ്രശ്നം. അതും അധികനേരമൊന്നും ഉണ്ടാവുകയുമില്ല.
പണ്ടെന്നോ മുറിയെ തണുപ്പിച്ചിരുന്നുവെങ്കിലും ഇപ്പോൾ ശബ്ദം മാത്രമുണ്ടാക്കുന്ന എ.സിയുടെ അലർച്ചക്കു താഴെ പഴയൊരു പത്രംകൊണ്ട് വീശി ചൂടാറ്റിക്കൊണ്ട് ഇരുമ്പ് കട്ടിലിൽ കിടക്കുന്ന നേരത്താണ് ജോൺസൺ അയാളെ ഷബീറലിയാകാൻ ക്ഷണിക്കാനായി വന്നെത്തിയത്. രണ്ടു ദിവസം കഴിഞ്ഞ് തന്റെ പഠാണിയോട് യാത്രപറഞ്ഞ് രാജേഷിന്റെ മേൽനോട്ടത്തിലുള്ള ലേബർക്യാമ്പിൽ വെച്ച് 55കാരനായ മുഹമ്മദ് ഷഫീഖ് എന്ന കല്ലീവല്ലി 32 വയസ്സുള്ള ഷബീറലിയായി.
ഷബീറലിയുടെ ജീവിതം അത്ര എളുപ്പമൊന്നുമായിരുന്നില്ല ഷഫീഖിന്. ഒരു ലേബർ ക്യാമ്പിൽ അതിരാവിലെ എഴുന്നേറ്റ് വരിനിന്ന് പ്രഭാതകൃത്യങ്ങൾ നിർവഹിച്ചു ഹോൾഡോളും ഭാരമുള്ള ബൂട്ടും ധരിച്ച് മെസ്സിലെ ഭക്ഷണം കഴിച്ച് ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞെടുത്ത് ബസ്സിൽ പണിസ്ഥലത്തേക്ക് പോകുമ്പോൾ ദിവസം ആരംഭിക്കുന്നു. സൈറ്റിലെ കൊടുംചൂട് ഓരോ നിമിഷങ്ങളുടെയും നീളം വല്ലാതെ കൂട്ടിക്കൊണ്ടിരിക്കും.
വൈകുന്നേരം മടങ്ങിയെത്തി കുളിച്ച് ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടക്കുമ്പോൾ ആദ്യദിവസങ്ങളിൽ ശരീരം നുറുങ്ങുന്ന വേദനയുണ്ടായിരുന്നു. ജോലിയുടെ പ്രയാസത്തെക്കാൾ വലുതായിരുന്നു ഗ്രാമീണനായ, കാര്യമായ പഠിപ്പൊന്നുമില്ലാത്ത ഒരു കൂലിപ്പണിക്കാരന്റെ ചര്യകൾ സ്വായത്തമാക്കാനുള്ള പാട്. മനസ്സുകൊണ്ട് ഷബീറലിയായി മാറാതെ അത് സാധ്യമാവില്ലെന്ന് അയാൾക്ക് അധികം വൈകാതെ മനസ്സിലായി.
മറ്റുള്ളവരിൽനിന്നും അകലം പാലിച്ചാണ് അയാൾ ജീവിച്ചു പോന്നത്. ആരോടും അധികം സംസാരിക്കാത്ത ശാന്തനായ മനുഷ്യൻ. ഏത് തരത്തിലുമുള്ള ബഹളങ്ങളിൽനിന്നും അയാൾ മനഃപൂർവം മാറിനിന്നു. പരസ്യമായി അല്ലെങ്കിലും ജോൺസൺ പണിസ്ഥലത്തും രാജേഷ് ക്യാമ്പിലും അയാളുടെ ജീവിതം കഴിയുന്നത്ര സുഗമമാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പലപ്പോഴും ശരീരം ജോലി ആവശ്യപ്പെടുന്നത്ര കരുത്തുകാട്ടുന്നില്ലെന്ന് തന്നോടുതന്നെ ഷഫീഖ് പരാതിപ്പെട്ടിട്ടുണ്ട്. മറ്റു ശീലങ്ങൾ എന്നപോലെതന്നെ ഷബീറലി എന്ന പേരും അയാൾ പണിപ്പെട്ടു ഒരു ശീലമാക്കി മാറ്റിയിരുന്നു. അത്ര ഉഷാർ ഒന്നുമില്ലാത്ത മടിയനായ ഒരു ജോലിക്കാരൻ എന്നതിനപ്പുറം അയാളെക്കുറിച്ച് ആർക്കും പരാതികളും ഉണ്ടായില്ല.
സോനാപൂരിലെ ക്യാമ്പിൽനിന്നും ജബലലിയിലെ പണിസ്ഥലത്തേക്കുള്ള ബസിൽ ഇരിക്കുമ്പോൾ അയാൾക്ക് താൻ നടത്തിയിരുന്ന ലേബർ സപ്ലൈ കമ്പനിയുടെ ഓർമകൾ പലപ്പോഴും തികട്ടിവരാറുണ്ട്. ആ പണിക്കാരുടെ ജീവിതം താൻ ഇപ്പോൾ അനുഭവിച്ചു തീർക്കുന്നത് പ്രകൃതിയുടെ പകവീട്ടലാണെന്ന് തോന്നാറുമുണ്ട്. ഏറെക്കാലത്തിനുശേഷം ജോൺസനെ കൊണ്ട് സുലേഖക്ക് ഒരു ചെറിയ തുക അയപ്പിക്കുമ്പോൾ അയാൾക്ക് ജീവിതത്തിൽ ഒരു സാധാരണത്വം അനുഭവപ്പെട്ടു.
ഷബീറലിയുടെ ജീവിതം തുടങ്ങി ഏതാണ്ട് നാലുമാസം തികയുമ്പോഴാണ് ആ അപകടം. അന്നും പതിവുപോലെ ക്യാമ്പിൽനിന്നും സൈറ്റിലെത്തി. കോൺക്രീറ്റിനുള്ള കമ്പിയുമായി മറ്റ് മൂന്ന് പണിക്കാർക്കൊപ്പം മല്ലുപിടിക്കുന്നതിനിടയിലാണ് കണ്ണുകളിൽ വെയിൽച്ചൂട് മൂടിയത്. തലച്ചോറിനുള്ളുവരെ പൊള്ളുന്നതുപോലെ തോന്നി അയാൾക്ക്. കണ്ണുപൊത്തിക്കൊണ്ട് ഒരുവശത്തേക്ക് മാറുന്നതിനിടെ എന്തിലോ കാലുടക്കിയെന്ന തോന്നൽ മാത്രമാണ് അയാളറിഞ്ഞത്.
മറ്റ് ജോലിക്കാർ നോക്കുമ്പോഴേക്കും ഷബീറലി താഴേക്ക് വീണുകഴിഞ്ഞിരുന്നു. വീഴ്ചക്കിടയിൽ പണിക്കാർക്ക് നിൽക്കാൻ കെട്ടിയുണ്ടാക്കിയ സ്കഫോൾഡിങ്ങുകളിലൊക്കെ തട്ടിത്തട്ടി താഴെയെത്തും മുമ്പ് അയാൾക്ക് ജീവൻ നഷ്ടമായിക്കഴിഞ്ഞിരുന്നു.
പൊലീസെത്തി ശരീരം മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ സേഫ്റ്റി ഓഫീസറെ കസ്റ്റഡിയിലെടുത്തിരുന്നു. സൈറ്റിലെന്തോ അപകടം നടന്നെന്ന് അറിഞ്ഞ് രാജേഷ് ഫോൺ ചെയ്യുമ്പോൾ ജോൺസൺ എന്ത് ചെയ്യണമെന്നറിയാതെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലായിരുന്നു. രാജേഷാണെന്ന് കണ്ടതും അയാൾ തിരക്കിൽനിന്നും മാറിനിന്ന് ഫോണെടുത്തു. ഇക്കയാ... പോയി എന്നുമാത്രം എങ്ങനെയോ പറഞ്ഞൊപ്പിച്ചു. ഇനിയെന്ത് ചെയ്യുമെന്ന് രണ്ടുപേർക്കും അറിയുമായിരുന്നില്ല.
കൂടെയുണ്ടായിരുന്ന തൊഴിലാളികളെ ചോദ്യംചെയ്ത് സാധാരണ അപകടമാണെന്നുറപ്പിച്ചാണ് പൊലീസ് മടങ്ങിയത്. അതിനിടെ ഓഫീസിൽനിന്നും ആരോ ഷബീറലിയുടെ ഭാര്യയുടെ ഫോൺനമ്പർ സംഘടിപ്പിച്ച് അപകടവിവരം അറിയിച്ചിരുന്നു.
പോസ്റ്റ്മോർട്ടത്തിനായി ശരീരം നീക്കുമ്പോഴാണ് രേഖകൾ പരിശോധിച്ച ആർക്കോ സംശയം തോന്നിയത്. തുടർന്നുള്ള അന്വേഷണത്തിൽ മരിച്ചത് ഷബീറലിയല്ലെന്നും അതേപേരിൽ പണിയെടുത്തിരുന്ന മറ്റാരോ ആണെന്നും അറിഞ്ഞതോടെ കമ്പനിയിലാകെ ബഹളമായി. പൊലീസ് ഓരോരുത്തരെയായി ചോദ്യം ചെയ്ത് തുടങ്ങുമ്പോഴും ജോൺസണും രാജേഷും എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയായിരുന്നു.
അഹമ്മദെന്ന സഹപ്രവർത്തകനുമൊത്താണ് അമൃത ഷബീറലിയുമായി പൊലീസ് സ്റ്റേഷനിലെത്തുന്നത്. കമ്പനിയുടെ എച്ച്.ആർ ഡിപ്പാർട്മെന്റിലെ ചില ജീവനക്കാരും മലയാളികളായ രണ്ട് സാമൂഹ്യപ്രവർത്തകരും അപ്പോൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു. പേടിച്ചുവിറച്ചുനിന്ന ഷബീറലിയെ എല്ലാവരും ചേർന്ന് സമാധാനിപ്പിച്ചശേഷമാണ് സ്റ്റേഷനിലെ ഓഫീസർക്കരികിലേക്ക് കൊണ്ടുപോയത്. അഹമ്മദ് ഓഫീസറോട് അറബിയിൽ കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ഇടക്കിടെ തന്റെ പേര് പറയുന്നതും ഓഫീസർ തന്റെ നേർക്ക് നോട്ടംതിരിക്കുന്നതും കാണുമ്പോഴെല്ലാം ഷബീറലി ഞെട്ടിവിറച്ചു.
ഏത് നിമിഷവും ഓഫീസർ എഴുന്നേറ്റ് തന്റെ നേർക്ക് കുതിക്കുമെന്നും താൻ ജയിലിലാകുമെന്നും അയാൾ ഭയന്നു. അഹമ്മദ് സംസാരിച്ചു തീരുംവരെ ക്ഷമയോടെ കേട്ടിരുന്ന ഓഫീസർ ഷബീറലിക്ക് നേരേ തിരിഞ്ഞ് സൗമ്യനായി ഐ.ഡി ചോദിക്കുമ്പോഴും അയാൾ വിറച്ചുകൊണ്ടാണ് അത് എടുത്തുനീട്ടിയത്. രണ്ടോ മൂന്നോ വട്ടം അയാളുടെ മുഖത്തേക്കും ഐഡിയിലേക്കും മാറിമാറി നോക്കിയശേഷം ഓഫീസർ എഴുന്നേറ്റ് ഷബീറലിയുടെ അടുത്തേക്ക് വന്നു. ഐഡി തിരിച്ച് നൽകിയ ശേഷം ഓഫീസർ അലിയുടെ ചുമലിൽ തട്ടി.
“Don’t fear, തും സിന്ദാ ഹോ” എന്ന് ആശ്വസിപ്പിക്കാനെന്നവണ്ണം പറഞ്ഞശേഷം അയാൾ അതിലെ തമാശയോർത്ത് ചിരിച്ചു. പേടിക്കാനൊന്നുമില്ലെന്നും മരിച്ചയാളെ തിരിച്ചറിഞ്ഞെന്നും അഹമ്മദിനോട് വിശദീകരിച്ചശേഷം അയാൾ അമൃതയോട് പറഞ്ഞു.
“എ മൽബാരി. യു കാൻ ആസ്ക് ദ പീപ്പിൾ ഔട്ട്സൈഡ്.”
“വല്യ ബിസിനസുകാരനായിരുന്നു. കടംകേറി എല്ലാം മുടിഞ്ഞതാ. ആർക്കൊക്കെയോ ഒരുപാട് കാശ് കൊടുക്കാനുണ്ട്. ആയകാലത്ത് എല്ലാർക്കും നല്ല സഹായമൊക്കെ ചെയ്തയാളാ. കല്ലീവല്ലിയായി നടന്നിട്ട് എങ്ങനെയോ സൈറ്റില് കേറിപ്പറ്റിയതാ. പലരടേം ബോഡി നാട്ടിലയക്കാനൊക്കെ മൂപ്പര് കാശ് സഹായിച്ചിട്ടുണ്ട് പണ്ടൊക്കെ. ഇപ്പ ഇനി മൂപ്പരടെ ബോഡി എന്ത് ചെയ്യുമെന്നാ. ഒറ്റ രേഖയുമില്ല കൈയിൽ. ഇവിടെത്തന്നെ അടക്കാനേ പറ്റൂ എന്നാ തോന്നുന്നേ.” അമൃതയോട് സാമൂഹികപ്രവർത്തകനായ ജലീൽ വിശദീകരിക്കുമ്പോൾ തൊട്ടടുത്ത് കമ്പനി ജീവനക്കാർക്കൊപ്പം നിന്ന ജോൺസൺ അയാളുടെ മുഖത്തേക്കുതന്നെ നോക്കി.
ഷബീറലി അപ്പോഴും പേടി വിട്ടുമാറാതെ കമ്പനിയിലെ ഉദ്യോഗസ്ഥരോട് തനിക്കൊന്ന് വീട്ടിലേക്ക് വിളിക്കാൻ ഫോൺ തരാമോയെന്ന് മടിച്ചുമടിച്ചു ചോദിച്ചു. ആരോ കൊടുത്ത ഫോണിൽനിന്നും ഡയൽ ചെയ്ത് സെക്കൻഡുകൾകൊണ്ട് കോൾ അവസാനിപ്പിച്ചശേഷം അയാൾ അമൃതയുടെ അടുത്തേക്ക് വന്നു.
“മാഡം, എനിക്ക് അയാളെയൊന്ന് കാണാൻ പറ്റുമോ?”
ആരെയെന്ന് ചോദിച്ചത് അടുത്ത് നിന്ന ജോൺസണാണ്.
“മറ്റേ ഷബീറലിയെ... മരിച്ചുപോയ...”
(അവസാനിച്ചു)
(ചിത്രീകരണം: നാസർ ബഷീർ)