പതിനേഴ് ടിഷ്യൂപേപ്പർ കഥകൾ
1. സൂര്യകാന്തിക്കാക്കവര്ക്കല.കര്‍ക്കടകവാവ് ദിനം. പിതൃമോക്ഷത്തിനായി ബലിതര്‍പ്പണം ചെയ്യാനെത്തിയവരെക്കൊണ്ട് ജനസമുദ്രമായ പാപനാശം തീരം. ശ്രാദ്ധകർമങ്ങള്ക്കുമേൽ കാക്കകൾ തലങ്ങും വിലങ്ങും പാറിപ്പറക്കുന്നു. അനേകർ പിതൃപരമ്പരകൾ പുനർജന്മം കൊണ്ടെത്തിയ ബലിക്കാക്കകളെ നനവിറ്റുന്ന കൈകൾ കൊട്ടി വിളിച്ച് ഊട്ടുന്നു... ആകാശക്കടലിലൂടെ ബലിച്ചോറുണ്ട് വീര്‍ത്ത വയറുകൾ കാട്ടി നീന്തിത്തുടിക്കുന്ന കാക്കകൾ. ആ കടലില്‍ പിതൃക്കളുടെ കാലവും ഭൂമിയിലെ സമയവും ഒരു...
Your Subscription Supports Independent Journalism
View Plans1. സൂര്യകാന്തിക്കാക്ക
വര്‍ക്കല.
കര്‍ക്കടകവാവ് ദിനം.
പിതൃമോക്ഷത്തിനായി ബലിതര്‍പ്പണം ചെയ്യാനെത്തിയവരെക്കൊണ്ട് ജനസമുദ്രമായ പാപനാശം തീരം. ശ്രാദ്ധകർമങ്ങള്ക്കുമേൽ കാക്കകൾ തലങ്ങും വിലങ്ങും പാറിപ്പറക്കുന്നു.
അനേകർ പിതൃപരമ്പരകൾ പുനർജന്മം കൊണ്ടെത്തിയ ബലിക്കാക്കകളെ നനവിറ്റുന്ന കൈകൾ കൊട്ടി വിളിച്ച് ഊട്ടുന്നു... ആകാശക്കടലിലൂടെ ബലിച്ചോറുണ്ട് വീര്‍ത്ത വയറുകൾ കാട്ടി നീന്തിത്തുടിക്കുന്ന കാക്കകൾ.
ആ കടലില്‍ പിതൃക്കളുടെ കാലവും ഭൂമിയിലെ സമയവും ഒരു നിമിഷം മുഖാമുഖം നില്ക്കുന്നു...
ആത്മശാന്തിയടഞ്ഞ കാക്കകള്‍ അന്നേരം സമയകാലങ്ങളുടെ മാന്ത്രികതയിൽ ഒരു കാഴ്ച കണ്ടു.
തിര തീരത്തിന് തിരികെ നല്കിക്കൊണ്ടിരിക്കുന്ന ബലിയവശിഷ്ടങ്ങള്ക്കിടയിൽ ആത്മശാന്തിയിലേക്കും മോക്ഷത്തിലേക്കും ആരും കൈതട്ടി വിളിക്കാനില്ലാതെ ഒരു കാകൻ.
അസ്വസ്ഥതയും അശാന്തിയും ദേഹചലനങ്ങളില്‍ ആവാഹിച്ച ആ കാകൻ എള്ളും പൂവും തുളസിക്കതിരും ചന്ദനവും ഉണക്കലരിച്ചോറും ഇലച്ചീന്തുകളും ചിതറിയ മണലില്‍ ചുണ്ടും കാല്നഖങ്ങളുംകൊണ്ട് വിശ്രമമില്ലാതെ കോറിവരയ്ക്കുന്നു.
മറ്റ് കാക്കകള്‍ ചുറ്റും ചാഞ്ഞുപറന്ന് എന്താണ് എന്താണെന്ന് കാക്കക്കണ്ണിട്ട് നോക്കുന്നു.
ഇവിടെങ്ങും ഉള്ള കാകനല്ല ഇവനെന്ന് ആത്മഗതം ചെയ്യുന്നു. പരിസരവും തന്നെത്തന്നെയും മറന്ന് കാകൻ എള്ളും പൂവും ഇലച്ചീന്തുകളും ചേലില് കൊരുത്ത് മണലാകെ വര തുടരുന്നു...
സൂര്യകാന്തിപ്പൂക്കൾ...
സൈപ്രസ് മരങ്ങൾ...
ഗോതമ്പ് പാടങ്ങള്‍...
ഉരുളക്കിഴങ്ങ് തിന്നുന്നവര്‍...
2. നിഷ്പക്ഷം
വലത്തോട്ടു പോയിനിന്നു.
അപ്പോഴും എന്നെ നോക്കി.
ഇടത്തോട്ട് മാറിനിന്നു.
അപ്പോഴും എന്നെത്തന്നെ നോക്കുന്നു.
നിലത്തിരുന്നു, കിടന്നു, നിന്നു, മച്ചില്‍ പറ്റിച്ചേര്ന്നുനിന്ന് നോക്കി.
അപ്പോഴും എന്നെത്തന്നെ നോക്കി രാഷ്ട്രീയം പറഞ്ഞുകൊണ്ടിരിക്കുന്നു വാര്ത്തവായനക്കാരി...
3. ഡസ്റ്റ്ബിൻ ഒന്ന്
പെണ്‍കുട്ടി: ഫ! നിനക്ക് അമ്മപെങ്ങന്മാരെക്കണ്ടാല് തിരിച്ചറിയാൻ കഴിവില്ലേടാ?
സി.സി.ടി.വി കാമറ: ഇല്ല, കഴിവില്ല.
4. സി.സി.ടി.വി അളിയൻ
സര്‍ക്കാർ വക നിരീക്ഷണ കാമറയായിരുന്നു അളിയന്. അധികാരികൾ അളിയനെ നഗരത്തിന്റെ കേന്ദ്രസ്ഥാനത്തുതന്നെ കൊണ്ട് പണിക്കു നിര്‍ത്തി. ഒരീച്ച അനങ്ങിയാല്‍പ്പോലും അളിയനത് കണ്ടറിഞ്ഞ് അധികാരികളെ കാണിച്ചുകൊടുക്കണം. ആദ്യമൊക്കെ അളിയൻ 24 x 7 അതീവ ആക്ടിവ് ആയിരുന്നു. കണ്ടും കാണിച്ചും കണ്ണ് മടുത്തപ്പോൾ പിന്നെപ്പിന്നെ അളിയനങ്ങ് ഉഴപ്പ് തുടങ്ങി. സര്‍ക്കാർ വകയല്ലേ, ആര് ചോദിക്കാനാ എന്ന മട്ടിലായി കാഴ്ചകള്‍. പതിയെ അളിയന് കുഴിമടിയനായി മാറി. തന്റെ കടമകൾ ഒന്നുംതന്നെ ചെയ്യാതെ അളിയന് രാത്രി മുഴുവൻ സുഖമായി മൂടിപ്പുതച്ചു കിടന്നുറങ്ങും. പകല്‍ ഉറക്കം തൂങ്ങും, ഇടതടവില്ലാതെ കോട്ടുവായ് ഇടും. കണ്ണ് ഒരായിരം വട്ടം ചിമ്മിച്ചിമ്മിക്കളിക്കും...
വൈകാതെ അധികാരികള്‍ അളിയനെ കൈയോടെ പിടികൂടി. ചെറിയൊരു താക്കീതോ കാരണം കാണിക്കല്‍ നോട്ടീസോ കൂടിപ്പോയാൽ കുഞ്ഞൊരു സസ്പെന്‍ഷനോ ആണ് അളിയൻ പ്രതീക്ഷിച്ചത്. പക്ഷേ, അധികാരികള്‍ ഉടനടി മറ്റൊരു ശിക്ഷ വിധിക്കുകയും നടപ്പിലാക്കുകയും ചെയ്തു...
ചെറിയൊരു കത്രികകൊണ്ട് അളിയന്റെ കണ്പോളകൾ എല്ലാം പറ്റേ മുറിച്ചെടുത്തു. എന്നിട്ട് നാല്ക്കവലയിൽകൊണ്ട് കെട്ടിത്തൂക്കി.
5. തകിടും കൂടും
പുഴക്കരയില്‍ സൈബീരിയയിൽനിന്നുള്ള ഒരുപറ്റം ദേശാടനക്കൊക്കുകള്‍ വന്നു. അവര്‍ ചൊരിമണലിൽ വെയിൽ കായുകയും ഉല്ലസിച്ച് നീന്തുകയും കൊക്കുരുമ്മി പ്രണയിക്കുകയും പരല്‍മീനുകളെ പങ്കിട്ട് കഴിക്കുകയുമൊക്കെ ചെയ്തു. കുറച്ച് മാറിനിന്ന് ഒരുകൂട്ടം നാടന്‍ കൊക്കുകൾ ഇതെല്ലാം സാകൂതം വീക്ഷിച്ചുകൊണ്ടിരുന്നു.
‘‘ശോ, എന്തൊരു വെളുപ്പാ അല്ലേ ഇവര്‍ക്ക്’’, ഒരു കൊക്ക് മിണ്ടി.
‘‘കൊഴുപ്പ് നോക്ക്. തുടിപ്പ് നോക്ക്...’’, മറ്റൊരു കൊക്ക് വാ പിളര്‍ന്നു.
‘‘ആ തുടയുടെ ഒരു ഘനം കണ്ടോ’’, വേറൊരു കൊക്ക് ഒറ്റക്കാലിൽ ഞൊണ്ടി.
‘‘...അവിടത്തെയൊരു ചുവപ്പ് നോക്ക്, ചോര തൊട്ടെടുക്കാം.’’
പ്രദേശത്തെ കൊക്കുകളെല്ലാം കണ്ണ് കഴയ്ക്കുവോളം സൈബീരിയന്‍ ദേശാടകരെ നോക്കിനിന്ന് ആവോളം അതുമിതും പറഞ്ഞു. ഒടുവില്‍ ദേശാടനകാലം തികഞ്ഞു. അതിഥികള്‍ സൈബീരിയയിലേക്ക് ലഗേജ് തയാറാക്കിത്തുടങ്ങി. അന്നേരം നാടന്‍ കൊക്കുകളിൽ ചിലർ അവരുടെ അടുത്തെത്തി.
‘‘ഞങ്ങളൊക്കെ ഇവിടത്തെ പേര് കേട്ട ജോത്സ്യന്മാരാണ്. ധ്യാനികൾ. ജ്ഞാനികൾ. മന്ത്രം, തന്ത്രം, ഭാവിപ്രവചനം, തകിടും കൂടും ജപിച്ച് നല്കൽ എല്ലാമുണ്ട്’’, കൊക്കുകള്‍ ഒറ്റക്കാലിൽ ധ്യാനിച്ചുനിന്ന് പറഞ്ഞു. പിന്നെ ഭാവി ശോഭനമാകാനും, ദോഷങ്ങൾ അകന്ന് സൈബീരിയയിലെ ഭവനത്തിൽ ഐശ്വര്യമുണ്ടാകാനും ഓരോരുത്തര്‍ക്കും ഉഗ്രൻ തകിടും കൂടും ജപിച്ച് നല്കി.
‘‘മറക്കാതെ വീടിലെ എല്ലാ മുറികളിലും കെട്ടിത്തൂക്കിയിടണം. പിന്നെ പ്രതിബന്ധങ്ങളൊന്നും നിങ്ങളെ ബാധിക്കില്ല’’, നാടന്‍ കൊക്കുകൾ വിളിച്ചുപറഞ്ഞു. തകിടുകളും വാങ്ങി പറന്നുയരുന്ന സൈബീരിയന്‍ കൊക്കുകൾ ഉവ്വെന്ന് തലയാട്ടി. അവറ്റ ചക്രവാളസീമ കടന്നതും നാടൻ കൊക്കുകള്‍ കൊക്കിക്കൊക്കി ചിരി തുടങ്ങി.
‘‘മണ്ടന്മാര്... അപ്പൊ ഇനി ചൂടോടെ എല്ലാം നമുക്കിവിടെ ഇരുന്ന് കാണാം. എപ്പടി...’’, അവര്‍ കണ്ണിറുക്കി ഒറ്റക്കാലിൽ നിന്ന് ഇളിച്ചു.
‘‘ഛെ, ഒളികാമറ വെച്ച ഉണക്ക തകിടും കൂടും തന്ന് പറ്റിക്കാന്‍ നോക്കുന്നു. എന്തൊരു ദാരിദ്ര്യം പിടിച്ചവന്മാര്, അല്ലേ’’, കടലിന് മുകളിൽ എത്തിയപ്പോള്‍ സൈബീരിയന്‍ കൊക്കുകൾ തകിടും കൂടുമെല്ലാം കീഴോട്ട് വലിച്ചെറിഞ്ഞു. അലകൾ അവയെല്ലാം പേറി തീരത്തേക്ക് അലച്ചുപായാൻ തുടങ്ങി.
6. തത്സമയം
കൈഫോണും പിടിച്ച് ഫ്ലാറ്റിന്റെ കൈവരിയിൽച്ചാരി അലസം ഞാനിങ്ങനെ നിരത്തിലോട്ട് നോക്കി. ഒരു കാർ പാഞ്ഞുവന്ന് റോഡരികത്തു നിന്നു. പെണ്‍കുട്ടി ധൃതിയില്‍ കാറിൽനിന്നിറങ്ങി ഭീതിയോടെ ചുറ്റും നോക്കി കാലുകള്‍ നീട്ടിവെച്ച് മുന്നോട്ട് നടക്കുന്നത് കണ്ടു. എന്തോ പന്തികേട് തോന്നി. പൊടുന്നനെ വടിവാളും നീട്ടി ഒരു യുവാവ് കാറില്‍നിന്നിറങ്ങി. അവള്‍ക്ക് പിന്നാലെ അവൻ പായാൻ തുടങ്ങി. അവളും ഓടി. ഞാനറിയാതെ തന്നെ ഞാന്‍ വീഡിയോ ഓണാക്കി അവര്‍ക്ക് മേലേ നീട്ടി. അവള് വെട്ടിത്തിരിഞ്ഞ് കൈ ഉയര്‍ത്തുമ്പോഴേക്കും അവന് ആഞ്ഞ് വെട്ടിക്കഴിഞ്ഞു. കഴുത്തിനാകണം വെട്ട് കൊണ്ടത്. അവള് വീണു.
ചോര, എമ്പാടും ചോര. ഫ്രെയിമിനുള്ളിൽനിന്ന് അവൻ ചറപറാ വെട്ടിക്കൊണ്ടിരുന്നു. നല്ല ദൃശ്യങ്ങള്‍. നന്നായി കിട്ടി. റോഡും വെളുത്ത മതിലും ചുവന്നുകുളിച്ചത് മനോഹാരിത വല്ലാതെ വർധിപ്പിച്ചിട്ടുണ്ട്. പൊടുന്നനെയാണ് ഒരു ബോണസ് പോലെ സമീപത്തെ മേൽപ്പാലത്തിൽനിന്ന് ഖടഖടാ കിടിലനൊരു എന്‍ഫീൽഡ് പലകരണം മറിഞ്ഞ് താഴേക്ക് പോയത്. അത് കാറിന് സമീപം വലിയ ഒച്ചയോടെ വീണ് തീപ്പൊരികള്‍ പാറി. വാള് പിടിച്ച് പരിസരം മറന്ന് നിന്നവന് പതറി പിന്നോട്ട് വീണെങ്കിലും ഉടന്‍തന്നെ ചാടി എണീറ്റ് ചുറ്റുംനോക്കി ബൈക്കിനു നേരേ ഓടി.
നിലത്ത് കിടന്ന് പിടയുന്ന യുവാവിന്റെ ഹെല്‍മറ്റ് ഊരി ദൂരെയെറിഞ്ഞു. എഴുന്നേല്ക്കാൻ പാടുപെടുന്നവന് നേരേ കൈചൂണ്ടി എന്തൊക്കെയോ പറഞ്ഞശേഷം വാൾ അവന്റെ നെഞ്ചിൽത്തന്നെ കുത്തിനിര്‍ത്തി. പിന്നെ ഓടിപ്പോയി കാറിലേക്ക് കയറി. പുക ആവോളം പാറിച്ച് കാർ മറയുന്നിടത്ത് വീഡിയോ ചിത്രീകരണം അവസാനിപ്പിച്ചു. ഇത്രയുമൊക്കെ സംഭവിച്ചിട്ടും ഒരാളുപോലും അങ്ങോട്ടൊന്നും എത്തിനോക്കാത്തത് സംഗതിയുടെ രസം കൂട്ടുന്നുണ്ട്. വീഡിയോ ഒന്നുരണ്ടാവര്‍ത്തി കണ്ടുനോക്കി.
പലപല വ്യാഖ്യാനസാധ്യതകള്‍, കഥകള്‍ ചമയ്ക്കാൻ സഹായിക്കുന്ന സംഭവം. ചൂട് വമിക്കുന്ന, വളരെ നല്ല വിഷ്വല്‍സ്. വല്ലാത്ത തൃപ്തി തോന്നി. ഏറ്റവും വലിയ പ്രമുഖ ചാനലിനുതന്നെ വില്‍ക്കാം. ഒരുനിമിഷംപോലും പാഴാക്കാതെ വിളിച്ചു. കാര്യം പറഞ്ഞ് ഒരു സ്ക്രീന്‍ഷോട്ട് അയച്ചതും ഇങ്ങോട്ടൊരു ചോദ്യം: ‘‘നിങ്ങളുടെ ബഹുനില കെട്ടിടത്തിന് എത്ര നിലകളുണ്ട്?’’
‘‘ഇരുപത്.’’
‘‘എത്ര കുടുംബങ്ങൾ താമസമുണ്ട്?’’
‘‘നൂറോളം ഉണ്ടാകണം.’’
‘‘നിങ്ങളുടെ കെട്ടിടത്തിന് എതിര്‍ഭാഗത്ത് എത്ര ബഹുനില കെട്ടിടങ്ങളുണ്ട്?’’
‘‘നാലഞ്ചെണ്ണം ഉണ്ട്. എന്താ മിസ്റ്റര്‍ ഇത്, നൂറുകണക്കിനാണ് ഇന്നാട്ടില് വാര്‍ത്താ ചാനലുകള്‍. ഇത്രേം മനോഹരമായ എക്സ് ക്ലൂസിവ് വീഡിയോ വാങ്ങാന്‍ അവർ മത്സരിക്കും. ബൈ...’’
‘‘എടോ ഇതേ സംഭവത്തിന്റെ പലപല ഗംഭീര ആംഗിളുകളിൽനിന്നുള്ള മുന്തിയ ക്വാളിറ്റി വീഡിയോകള്‍ സൗജന്യമായി ഇങ്ങോട്ടും സകല ചാനലുകളിലേക്കും പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. എങ്ങും ലൈവ് പോയിക്കൊണ്ടിരിക്കുന്നുമുണ്ട്. കൂടാതെ ആ പരിസരങ്ങളിലുള്ള സകല സി.സി.ടി.വി ദൃശ്യങ്ങളും ചോര്‍ന്ന് ലോകം മുഴുവനും എത്തിക്കഴിഞ്ഞു. നിങ്ങള്‍ വൈകിപ്പോയി.’’
നിരാശയോടെ താഴേക്ക് നോക്കി. ഇപ്പോഴും യുവാവിന്റെ കൈകൾ ചെറുതായി അനങ്ങുന്നുണ്ട്. പെണ്‍കുട്ടിയുടെ ചൂടുരക്തം ഒഴുകുന്നതേയുള്ളൂ. എന്നിട്ടും വൈകിപ്പോയി, വല്ലാതെ വൈകിപ്പോയി.
7. ഡസ്റ്റ്ബിൻ രണ്ട്
‘ട്രെന്‍ഡിനൊപ്പം’, വെള്ളം പറഞ്ഞു.
8. നാറാണത്ത് ഭ്രാന്തന്റെ കല
ശ്രീ പത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് പച്ചക്കറി, ഫലവർഗങ്ങൾ, ചെരിപ്പ്, തുണിത്തരങ്ങൾ ഒക്കെ വഴിയോര കച്ചവടം നടത്തുന്നവരായ ഞാനും പ്രിയസുഹൃത്ത് റാസിയും എപ്പോഴും കിഴക്കേകോട്ടയിലും പരിസരപ്രദേശങ്ങളിലും ഉണ്ടാകും. ഞങ്ങൾക്കൊരു വിനോദമുണ്ട്. ഗാന്ധി പാർക്കിൽ എന്നും എന്തെങ്കിലും സമ്മേളനങ്ങൾ ഉണ്ടാവും.
അവിടെ പ്രസംഗിക്കുന്ന പ്രമുഖർ ഉറക്കെ ചോദിക്കുന്ന ഭാരിച്ച എന്തെങ്കിലും വിഷയം കേട്ടുവെച്ചിട്ട് കച്ചവടത്തിരക്കൊഴിയുന്ന വേളയിൽ അതേപ്പറ്റി ചുമ്മാ സംസാരിക്കുക. കവിയും ലോകവിവരമുള്ളവനുമായതിനാൽ റാസി തന്നെയാവും മിക്കവാറും വിഷയം പൊക്കിയെടുത്ത് വരുന്നതും ചർച്ച തുടങ്ങുന്നതും. ഇന്നും ഏതോ പരിപാടിയിൽനിന്ന് മുഴങ്ങിക്കേട്ടൊരു വിഷയം റാസി എനിക്കുവേണ്ടി പിടിച്ചെടുത്തു വന്നു. കല സമൂഹത്തിനു വേണ്ടിയോ കല കലക്ക് വേണ്ടിയോ.
ഞങ്ങൾ സംസാരിച്ച് തുടങ്ങിയതും വലിയൊരുരുളന് പാറക്കല്ല് കയറ്റിയ മഹീന്ദ്ര പിക്ക് അപ്പ് ട്രക്ക് വന്ന് കോട്ടക്കകത്ത് നിന്നു. ഇതെന്താ സംഗതി എന്ന് നോക്കവേ വാതിൽ തുറന്ന് നാറാണത്ത് ഭ്രാന്തൻ ഇറങ്ങി. പാറക്കല്ല് പുഷ്പംപോലെ നിലത്തിറക്കി. പ്രമുഖ വ്യക്തികളെ നിത്യേന കണ്ട് കണ്ട് മടുത്തവരായതിനാൽ അവിടെയുള്ളവരൊന്നും നാറാണത്ത് ഭ്രാന്തനെ മൈന്‍ഡ് ചെയ്തതേയില്ല.
ഞാൻ ചെന്ന് ‘‘എന്താ കല്ലൊക്കെയായി, വിഴിഞ്ഞം തുറമുഖം ഉണ്ടാക്കുന്നിടത്തോട്ട് പോകുകയാണോ’’ എന്നൊക്കെ തമാശിച്ചു. നാറാണത്ത് ഭ്രാന്തൻ കുറേ ഓവറായി ചിരിച്ചശേഷം പറഞ്ഞു: ‘‘ഇങ്ങനേ ഇരിക്കവേ എനിക്കൊരു ആശയം തോന്നി. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം നോക്ക്... ഈ ആകൃതിക്ക് ദ്രാവിഡവിമാനം എന്ന് പറയും. മഹാമേരു പർവതത്തോടാണ് ഉപമ. പർവതം ഒന്നുമല്ലെങ്കിലും നല്ലൊരു മല പോലെയില്ലേ?’’
ഉണ്ടെന്ന് ഞങ്ങള്‍ തലയാട്ടി. നാറാണത്ത് ഭ്രാന്തൻ തുടര്‍ന്നു: ‘‘എനിക്ക് തോന്നി, ഗോപുരത്തിന്റെ ഒരു വശത്തുകൂടി പതിയെപ്പതിയെ ഈ കല്ലുരുട്ടി മുകളിൽ കയറ്റണം. എന്നിട്ട് മറുവശത്ത് കൂടി കീഴേക്ക് തള്ളിയിടണം. അതിങ്ങനെ ആവര്‍ത്തിക്കണം.’’
‘‘കൊള്ളാം. സംഗതി രസമുണ്ട്. പക്ഷേ സൂക്ഷിക്കണം. താഴെ ആളുകള്‍ നില്‍പ്പുണ്ട്’’, ഞാൻ പറഞ്ഞു.
‘‘ആര്‍ക്കും ഒന്നിനും ഒരു കേടുപാടും ഉണ്ടാകാത്തവിധം അതിവിദഗ്ധമായി ഞാന്‍ കല്ലുരുട്ടിക്കയറ്റി താഴേക്കിടും. നോക്കിക്കോ’’, നാറാണത്ത് ഭ്രാന്തൻ ചിരിച്ചു.
‘‘കല തന്നെ അല്ലേ’’, ഞാൻ അറിയാതെ പറഞ്ഞുപോയി.
‘‘നല്ല ഉഗ്രൻ കല്ല്. ഒടച്ചാ ഒര് ലോഡ് കാണും. കുറേ നേരം ഉരുട്ടിക്കളിച്ചിറ്റ് പോവാന്നേരം ഇത് ഉരുട്ടി കരിമഠം കോളനീകൊണ്ട് തരോ...’’, അതുവരെ മിണ്ടാതെയിരുന്ന റാസി നാറാണത്ത് ഭ്രാന്തനോട് ചോദിച്ചു. ‘‘മഴ പെയ്ത് വീടിന്റെ ഒരു സൈഡ് മൊത്തം ഇടിഞ്ഞുവീണ്. അത് കെട്ടണം. വഴി ശെരിയാക്കണം. കുറച്ച് പാറ എറക്കാന് വിചാരിച്ച് ഇരിക്കേയിരുന്ന്... ചുമ്മാ തരണം. ഈ പാറകൊണ്ട് ഒര് ഉപയോഗം ഉണ്ടാവട്ട്.’’
നാറാണത്ത് ഭ്രാന്തൻ ഓടിച്ചെന്ന് റാസിയെ കെട്ടിപ്പിടിച്ചു. പിന്നെ ആ കൂറ്റന്‍ ഉണ്ടപ്പാറ കരിമഠം കോളനിയിലേക്ക് ഉരുട്ടാൻ തുടങ്ങി.
9. ഡസ്റ്റ്ബിൻ മൂന്ന്
ഞാന്‍: ‘‘എന്നെപ്പറ്റി എന്താ അഭിപ്രായം, എന്നെപ്പറ്റി പറയൂ...’’
ചാറ്റ്ജിപിറ്റി: ‘‘താങ്കള്‍തന്നെ താങ്കളെപ്പറ്റി ഇരുപത്തിനാല് മണിക്കൂറും പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടല്ലോ, ഇനി ഞാനുംകൂടി പറയണോ?’’
10. മുട്ടയും ചിതലുകളും
പാവം കോഴിയമ്മ ഒരു മുട്ടയിട്ടു.
ആകെയുണ്ടായ പുന്നാര മുട്ടക്ക് പ്രതീക്ഷകളോടെ അടയിരിക്കാനും തുടങ്ങി.
കോഴിക്കൂടിന് താഴെ ഒട്ടുമേ കാതലില്ലാത്ത തെങ്ങിൻതടികൾ അടുക്കിവെച്ചിരുന്നു. മഴ പെയ്ത് മണ്ണ് അലിഞ്ഞ സമയമായതിനാൽ തുരങ്കങ്ങൾ വഴി അനേകമനേകമനേകം ചിതലുകൾ നനഞ്ഞ് ചോറായ തെങ്ങിൻതടിയിലേക്ക് ജില്ജില്ലാന്ന് ഇരച്ചുകയറി. വൈകാതെ രണ്ട് നാല്, നാല് എട്ട്, എട്ട് പതിനാറ്, പതിനാറ് മുപ്പത്തിരണ്ട് എന്ന കണക്കിന് ചിതലുകൾ പെരുകി. മത്സരിച്ച് കറുമുറാ കാർന്നു തിന്ന് അവർ മുന്നേറി. എത്രയധികം തടി ഭക്ഷിക്കുന്നോ അത്രയുമധികം അതിവിപുലവും സങ്കീർണവുമായ കമാനങ്ങളും തുരങ്കങ്ങളും പുറ്റുകളും തടിയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ചിതലുകൾ തങ്ങൾ തിന്ന് തിന്ന് തീർത്തെടുത്ത ദീർഘ ദീർഘങ്ങളായ ഗുഹാദുര്ഗങ്ങളുടെ ഇരുട്ടിൽ ആരെയും ഭയമില്ലാതെ സ്വതന്ത്രരായി യഥേഷ്ടം വിഹരിച്ചു. പുളച്ച് തിമിർത്തു. പതിയെപ്പതിയെ കോഴിക്കൂടിന്റെ കാലുകൾ ചിതൽസംഘം ഭക്ഷണമാക്കിത്തുടങ്ങി. അടിപ്പലകയിലും അവരുടെ വ്യാപക വ്യാപനമുണ്ടായി.
മുട്ട വിരിയാറായ അന്നാളിൽ വെയിലും മഴയും ശറശറോന്ന് ഒരുമിച്ച് വന്നത് കണ്ട് ചൂടുപിടിച്ച ദേഹമൊന്ന് തണുപ്പിക്കാനും ഇത്തിരി വെള്ളവും ഭക്ഷണവും അകത്താക്കാനും കോഴിയമ്മ പുറത്തിറങ്ങി. വള്ളികള്‍ തിരതല്ലുന്ന പച്ചക്കടലിൽ നീന്തിച്ചാടിത്തുടിക്കുന്ന പുല്ച്ചാടികളെക്കണ്ട് കോഴി മനംമറന്നു. കാടിറങ്ങി വന്ന കള്ളക്കുറുക്കന്റെ മുന്നിലാണ് പാവം തള്ളക്കോഴി ചെന്നുപെട്ടത്. പിന്നെന്തുണ്ടായെന്ന് പറയാനുണ്ടോ...
കറുംമുറും... കറുംമുറും...
അന്നേരം മാർദവമാർന്ന തെങ്ങിൻതടിയാൽ നിർമിതമായ, ചിതല്‍തിന്ന് ഇലവണ്ണമായ അടിപ്പലകകളിൽ ക്രീച്ചോന്ന് വിള്ളൽ വീണു.
ധിം!
ചെറു ചൂടും പേറി ഒത്തൊരു മുട്ട ദ്രവിച്ച് ചോറായ തെങ്ങിൻതടിക്കുള്ളിലേക്ക് വീണു. ചിതൽക്കോട്ടയുടെ വലിയൊരു ഭാഗം തകർന്നു. തിന്ന് മദിച്ച് വാഴുകയായിരുന്ന ചിതലുകൾ കോപംകൊണ്ട് വിറവിറച്ച് കൂട്ടത്തോടെ വെളിച്ചത്തിലേക്ക് വന്ന് കടന്നുകയറ്റക്കാരൻ മുട്ടയെ വളഞ്ഞു. പൊതിഞ്ഞു. ഒരു ബോധവുമില്ലാതെ കടന്നുകയറിയ മുട്ടയെ ക്രൂരമായി പീഡിപ്പിച്ചു കൊല്ലാൻ സകല ചിതലുകളും മുറവിളി കൂട്ടി. എങ്ങനെ കൊല്ലും എന്ന് ചിതലുകൾ തമ്മിൽ ഉച്ചത്തിൽ ചർച്ചകൾ നടന്നു.
ടപ്പോന്ന് തല വെട്ടാം എന്നു വെച്ചാൽ തല കാണുന്നില്ല. കഴുത്ത് വ്യക്തമല്ലാത്തതുകൊണ്ട് തൂക്കിക്കൊല്ലലും സാധ്യമല്ല. ജീവനോടെ ചൂടുവെള്ളത്തിൽ ഇടാം എന്നു വെച്ചാൽ അത് മുട്ടക്ക് കട്ടിയും കനവും കൂട്ടാനേ സഹായിക്കൂ. അടിച്ച് പൊട്ടിക്കാമെന്നാലോ വഴുവഴുവഴുവഴുത്ത ദ്രാവകം വിഴുവിഴുവിഴാ ഒഴുകിവന്ന് ആകെ വൃത്തികേടാവും, കുറേ ചിതലുകൾ ചാകാനും മതി. ഉചിതമായൊരു മരണവഴി കണ്ടെത്തും വരെ തൽക്കാലം മുട്ടക്ക് കഠിന തടവ് നൽകാമെന്ന് ഒടുവിൽ ചിതലുകൾ തീരുമാനിച്ചു.
മഴ മാഞ്ഞ് വെയിലേറ്റുണങ്ങിത്തുടങ്ങിയ തങ്ങളുടെ ചിതല്ക്കൂടിനുള്ളിലെ ഇളംചൂടിൽ അങ്ങനെ മുട്ടയെ തടവിലിട്ടതും ഡിങ്ങേന്നു മുട്ട വിരിഞ്ഞു.
കീയോ... കീയോ...
പിന്നെന്തുണ്ടായെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ...
11. ഡസ്റ്റ്ബിൻ നാല്
‘‘മടുത്തെടോ ഈ സോഷ്യൽ മീഡിയ ജീവിതം. എന്തൊരു അർഥശൂന്യതയാണ്. എനിക്കെന്റെ സ്വത്വം തന്നെ നഷ്ടപ്പെട്ടു. വല്ലാത്ത വിരക്തി തോന്നുന്നു’’ -നിരാശ, ജുഗുപ്സ, ദേഷ്യം, അസൂയ, വെറുപ്പ്, സങ്കടം, പുച്ഛം തുടങ്ങിയ ഇമോജികളെ നോക്കി ചെഞ്ചുവപ്പൻ ലവ് ഇമോജി വാവിട്ട് കരഞ്ഞു പറഞ്ഞു: ‘‘നിങ്ങളെയൊക്കെ ഉപയോഗിക്കേണ്ട ഇടങ്ങളിലും സന്ദർഭങ്ങളിലുമെല്ലാം എന്നെയാണീ മനുഷ്യന്മാർ പിടിച്ചുന്തിത്തള്ളിയിടുന്നത്.’’
12. വാടകക്കാരന് കരടി
എന്റെ വീടിന് മുകളിൽ ഒരു കരടി വാടകക്ക് താമസിച്ചിരുന്നു. കള്ളത്തടിവെട്ടിനെയും കാട്ടുതീയെപ്പറ്റിയും ഫീച്ചറെഴുതാൻ വന്നതാണെന്നാണ് എന്നോട് പറഞ്ഞത്. തേൻവരിക്ക പ്ലാവുകൾ, കുലച്ച ഏത്തവാഴകൾ, മറ്റ് ഫലവൃക്ഷങ്ങൾ, പലതരം കൃഷികളൊക്കെക്കൊണ്ട് നിറഞ്ഞ പറമ്പിൽ പ്രവേശിക്കുന്നതിന് കരടിക്ക് ഞാൻ കർശനമായി വിലക്കേർപ്പെടുത്തിയിരുന്നു. എഗ്രിമെന്റിൽ അതെല്ലാം എഴുതിച്ചേർക്കുകയും കരടി ഒപ്പിടുകയും ചെയ്തതാണ്. എല്ലാം കൃത്യമായി പാലിക്കും. പറമ്പിലെ ഒരു തെച്ചിപ്പൂ ഇറുത്തുപോലും തേൻ കുടിക്കില്ല. ഒന്നാം തീയതിതന്നെ വാടകയും തരും. നല്ല കരടിയായിരുന്നു.
എന്ത് പറ്റിയോ ആവോ, കഴിഞ്ഞ രണ്ടുമാസമായി കരടി വാടക തരുന്നില്ല. എന്നെ കാണുമ്പോ വലിയ പുച്ഛഭാവം. എനിക്ക് ദേഷ്യം കയറി. രാവിലെ കരടി മുറി തുറന്നതും ഓടിച്ചെന്ന് കാശ് ചോദിച്ചു. ധിക്കാരത്തോടെ വാടക തരാൻ മനസ്സില്ലെന്ന് കരടി നെഞ്ചിലടിച്ച് പറഞ്ഞു.
‘‘എന്നാൽ മുറി ഒഴിഞ്ഞ് ഇപ്പോൾതന്നെ ഇറങ്ങിക്കോ’’, ഞാൻ അലറി. ‘‘സൗകര്യമില്ല. ഞാൻ മാത്രം താൻ പറയുന്നതെല്ലാം അനുസരിച്ച് എന്തിന് കൃത്യമായി വാടക തരണം’’, കരടി എഗ്രിമെന്റിന്റെ കോപ്പി വലിച്ചുകീറി എനിക്ക് നേരേ എറിഞ്ഞു: ‘‘രാത്രി ആയാൽ കാട്ടിലുള്ള സകല പന്നികളും കുറുക്കന്മാരും കാട്ടുപോത്തുകളും മ്ലാവുകളും തന്റെ പറമ്പിലാണ് മേളം. കണ്ണിൽ കാണുന്നതൊക്കെ അവ വാരിത്തിന്നുന്നു. പെരുമ്പാമ്പും കാട്ടാനയും കടുവയും വരെ കയറി നിരങ്ങുകയാണ്. താനാദ്യം പോയി അവറ്റകളോട് വാടക ചോദിക്ക്.’’
‘‘കള്ളക്കരടീ, നീയായിരിക്കും രാത്രി അതൊക്കെ ചെയ്ത് കൂട്ടുന്നത്’’, ഞാന്‍ കരടിയെ മുറിയിൽനിന്ന് പുറത്തേക്ക് വലിച്ചിറക്കി അലറി.
കരടി ഒരൊറ്റയടിക്ക് എന്നെ കൊന്നു.
13. ശിൽപരായനും സി.സി.ടി.വി കാമറയും
മൈലാടി.
ശിൽപരായൻ തന്റെ ശിൽപശാലയിൽ തിരക്കിട്ട് പുതിയൊരു ശിൽപം പണിതെടുക്കുന്ന തിരക്കിലാണ്.
പലപല കൈകള്‍.
ധാരാളം തലകള്‍.
അനേകം കണ്ണുകള്‍.
ആലയുടെ മൂലയില്‍നിന്ന് ഇതൊക്കെ സൂക്ഷിച്ചുനോക്കുകയായിരുന്ന സി.സി.ടി.വി കാമറ ശിൽപരായനെ ശൂശൂന്ന് വിളിച്ചു: ‘‘ശിൽപരായന് എന്താ ഈ ഉണ്ടാക്കുന്നത്.’’
‘‘ദൈവത്തെ...’’
‘‘അതെന്താ ഒരുപാട് കണ്ണുകള്‍...’’
‘‘അത് പ്രതീകാത്മകമാണ് നിരീക്ഷണക്കാമറേ. ഈ ലോകം മുഴുവൻ ദൈവത്തിന് കാണാന്‍ കഴിയും എന്നാണ് സങ്കൽപം.’’
‘‘സങ്കൽപം മാത്രമോ, ശരിക്കും കാണാന്‍ കഴിയില്ലേ?’’
‘‘കഴിയും. ദൈവത്തിന് എല്ലാം കാണാന്‍ കഴിയും.’’
‘‘അത് തന്നെയല്ലേ ഞാനും ചെയ്യുന്നത്...’’, നിരീക്ഷണക്കാമറ ഒരൂളച്ചിരി ചിരിച്ചു: ‘‘അപ്പൊ ഞാനും ദൈവമാണോ?’’
കലി കയറിയ ശിൽപരായൻ സി.സി.ടി.വി കാമറ അണച്ചുവെച്ച ശേഷം ദൈവശിൽപം പണിയൽ തുടര്‍ന്നു.
14. ഡസ്റ്റ്ബിൻ അഞ്ച്
വെറുപ്പ്, അസൂയ, പക, ജുഗുപ്സ, കോപം, പുച്ഛം, അസഹിഷ്ണുതകൾ കുന്നുകൂടി നീറിപ്പുകയുന്ന തലയുമായി രാവിലേ എണീറ്റ് ഫേസ്ബുക്ക് തുറന്ന് കണ്ണില്‍ക്കണ്ട സകല പോസ്റ്റുകള്‍ക്ക് കീഴേയും കമന്റിട്ടു: ‘‘പ്രിയനേ ചങ്കേ സ്നേഹം സ്നേഹം <3’’
15. സർവജ്ഞാനി
പെങ്ങളുടെ കുഞ്ഞിന് തീരെ സുഖമില്ല. ആശുപത്രിയില്‍ അഡ്മിറ്റ് ആണ്. എഴുതിത്തന്ന മരുന്നുകളൊക്കെ വാങ്ങണം.
ഉള്ള് തകര്ന്നുനിന്ന് അക്കൗണ്ടിൽ ആകെയുണ്ടായിരുന്ന അഞ്ഞൂറ് രൂപയ്ക്കായി കൈ നീട്ടി. ആയിരക്കണക്കിന് നോട്ടുകള്‍ എണ്ണുന്ന ശബ്ദം കേള്‍പ്പിച്ച് കൊതിപ്പിച്ച ശേഷം എ.ടി.എം യന്ത്രം പുച്ഛത്തോടെ ഒരൊറ്റ പച്ചനോട്ട് പുറന്തള്ളി. വായടച്ച് കാർഡും എടുത്തുകൊണ്ട് പോ എന്ന് എഴുതിപ്പറഞ്ഞു. ആ നിമിഷം
‘ക്ണിം’ന്ന് നാണയം വീഴുന്ന ഒച്ചയിൽ ഒരു മെസേജ് വന്നു.
ഓ സീറോ ബാലൻസാണ് എന്ന അറിയിപ്പാകും.
‘‘പ്രിയ സുഹൃത്തേ, പണത്തിന് പഞ്ഞമോ, വിഷമിക്കണ്ട.
കൂടുതൽ പണം, തീരെക്കുറഞ്ഞ പലിശ. ഉടനടി ഗോൾഡ് ലോൺ. ഞങ്ങളുടെ പ്രതിനിധി നേരിട്ട് വന്ന് പണം നൽകുന്നു. ഇപ്പോള്‍ത്തന്നെ വിളിക്കൂ, 8129293357.’’
ബാങ്കയച്ച സന്ദേശത്തിന് മുമ്പേതന്നെ ഫോണിലേക്ക് ഇടിച്ചിറങ്ങിയ പ്രമുഖ സ്വകാര്യ ബാങ്കിന്റെ സഹായവാഗ്ദാനം വായിച്ച് തെല്ലൊന്നമ്പരന്നു. എന്റെ നമ്പര്‍ ഇവര്‍ക്കെങ്ങനെ കിട്ടി. ഇന്നാളൊരിക്കല് ‘ഇന്നേവരെ പിസ കഴിച്ചിട്ടില്ല, കഴിച്ചാല്‍ എങ്ങനെയുണ്ടാകും’ എന്ന് മനസ്സില്‍ ഓര്‍ത്തതും സമീപത്തുള്ള പിസാ ഷോപ്പിന്റെ പരസ്യം ഫോണിലേക്ക് വന്നത് കണ്ട് ഞെട്ടി ചുറ്റും നോക്കിയ കാര്യം ഓര്മ വന്നു.
ഈ അഞ്ഞൂറ് രൂപകൊണ്ട് മരുന്നുകൾ വാങ്ങാനാകില്ല. പണയം വെച്ചേ മതിയാകൂ. എന്തുചെയ്യും, ആരോട് സ്വർണം ചോദിക്കാനാണ്...
നിന്നുരുകവേ ‘ക്ണിം’ന്ന് നാണയം വീഴുന്ന ഒച്ചയിൽ വേറൊരു മെസേജ് വന്നു. തുറന്നു വായിച്ചു.
‘‘പ്രിയസുഹൃത്തേ, എന്തിന് ആലോചിച്ച് തലപുണ്ണാക്കുന്നു. താങ്കളുടെ അമ്മയുടെ കഴുത്തില്‍ ഒരു പവന്റെ താലിമാലയുണ്ട്. നീയും നിന്റെ അച്ഛനും അറിയാതെ അതീവരഹസ്യമായി അവര്‍ ഗോതമ്പ് കലത്തിൽ രണ്ട് പവന്റെ രണ്ട് വളകളും അരപ്പവന്റെ മൂക്കുത്തിയും ഒളിപ്പിച്ചിട്ടുണ്ട്. പിന്നെ നിന്റെ പെങ്ങളുടെ താലി മൂന്ന് പവനാണ്, മറന്നോ. ആശുപത്രിയിലുള്ള കുഞ്ഞിന്റെ വിരലിൽ കാൽ ഗ്രാമിന്റെ മോതിരവുമുണ്ട്...
പി.എസ്: വീട്ടുകാരോട് ചോദിക്കാന്‍ മടിച്ച് കാമുകിയുടെ അടുത്തേക്ക് ആദ്യം ഓടി നാണംകെടണ്ട, നിന്നോട് സ്വർണം ആണെന്ന് പറഞ്ഞിരിക്കുന്ന അവളുടെ കമ്മലുകളും വളകളും പാദസരവും മാലകളുമെല്ലാം മുക്കുപണ്ടങ്ങളാണ്. മുക്കാണെന്ന് പറഞ്ഞ അരഞ്ഞാണം പക്ഷേ സ്വർണമാണ് കേട്ടോ. എന്നാലോ ശുദ്ധസ്വർണമല്ല, തനി കലര്‍പ്പാണ് താനും. സുഹൃത്തേ പണയപ്പണ്ടവുമായി വേഗം വരൂ. പണവുമായി ഞങ്ങള്‍ കാത്തിരിക്കുന്നു.’’
കാരുണ്യവാനേ നന്ദിയെന്ന് മനസ്സിലുരുവിട്ട് കൈകൾ കൂപ്പി നിന്നുപോയി.
16. ഡസ്റ്റ്ബിൻ ആറ്
‘‘പ്രിയനേ, ഉറ്റ ചങ്കേ ഫോണും വാട്സ് ആപ്പുമൊക്കെ പിന്നെന്തിനുള്ളതാടാ, എല്ലാം ഫ്രീയായിട്ടുകൂടി ഒരുപാട് കാലമായല്ലോടാ നീ എന്നെയൊന്ന് വിളിച്ചിട്ട്’’, ഒരുപാട് കാലത്തിന് ശേഷം ഉറ്റസുഹൃത്തിനെ വിളിച്ച് പരിഭവപ്പെട്ടു.
17. ബ്രഹ്മപുരം
കൊച്ചിയിലേക്ക് ദേശാടനത്തിന് പോയ ആദ്യസംഘം പക്ഷികൾ പോയതിലും പതിന്മടങ്ങ് വേഗത്തിൽ തിരികെയെത്തി പറഞ്ഞു: ‘‘ദയവായി കൊച്ചിയിലേക്ക് പോകരുതേ. അവിടെ മാലിന്യസംസ്കരണപ്പാടത്തിന് തീപിടിച്ചു. ഈ കൊടുംവേനൽക്കാല നട്ടുച്ചക്കും മൂടൽമഞ്ഞ് പുതച്ചപോലെ അന്തരീക്ഷമാകെ മാരക വിഷവാതകങ്ങൾ തളംകെട്ടി നിൽക്കുകയാണ്. ജീവനോടെ തിരികെ എത്താനായത് ഞങ്ങളുടെ ഭാഗ്യം.’’
കണ്ണുനീർ പൊഴിച്ചുകൊണ്ട് ദേശാടനത്തിന് പുറപ്പെടാൻ തയാറായി നിൽക്കുന്ന അടുത്ത സംഘത്തിലെ പക്ഷികൾ പറഞ്ഞു: ‘‘പ്രിയപ്പെട്ടവരേ, നിങ്ങളെല്ലാം കൊച്ചിയില്‍ വീണ് മരിച്ചുകഴിഞ്ഞല്ലോ. ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകാനായി വന്ന ആത്മാക്കൾ ആണല്ലോ നിങ്ങൾ...’’