മരുഭൂമി എന്ന ഈ കഥയിലെ ഒട്ടകം
ആ ഒട്ടകം ഏതുതരം? എവിടുന്നുവന്നു? എങ്ങനെ? എന്തിന്? ഈ മരുഭൂമിയിൽ ഇതുവരെ രണ്ടുതരം ഒട്ടകങ്ങളെ മാത്രമേ കണ്ടിട്ടുള്ളൂ. മുതുകിൽ ഒരു മുഴയുള്ള അറേബ്യൻ ഒട്ടകങ്ങളും മുതുകിൽ രണ്ട് മുഴകളുള്ള ബാക്ട്രിയൻ ഒട്ടകങ്ങളും. എവിടന്നാണ് മുഴയേ ഇല്ലാത്ത ഈ പുതിയ ജാതി? ഒട്ടകപ്രേമികൾക്ക് കൗതുകവും ഒട്ടകമാംസപ്രിയർക്ക് കൊതിയും കൂട്ടുന്ന തരത്തിലുള്ള ഈ ജന്തു?പുതിയ ഒട്ടകത്തിന്റെ നിറം കൂടുതൽ വെള്ള കലർന്ന മഞ്ഞ. ചെവികൾ ലേശം കുറുകി ഏകദേശം മനുഷ്യരുടേതിന് സാമ്യമുണ്ട്....
Your Subscription Supports Independent Journalism
View Plansആ ഒട്ടകം ഏതുതരം?
എവിടുന്നുവന്നു?
എങ്ങനെ?
എന്തിന്?
ഈ മരുഭൂമിയിൽ ഇതുവരെ രണ്ടുതരം ഒട്ടകങ്ങളെ മാത്രമേ കണ്ടിട്ടുള്ളൂ. മുതുകിൽ ഒരു മുഴയുള്ള അറേബ്യൻ ഒട്ടകങ്ങളും മുതുകിൽ രണ്ട് മുഴകളുള്ള ബാക്ട്രിയൻ ഒട്ടകങ്ങളും. എവിടന്നാണ് മുഴയേ ഇല്ലാത്ത ഈ പുതിയ ജാതി? ഒട്ടകപ്രേമികൾക്ക് കൗതുകവും ഒട്ടകമാംസപ്രിയർക്ക് കൊതിയും കൂട്ടുന്ന തരത്തിലുള്ള ഈ ജന്തു?
പുതിയ ഒട്ടകത്തിന്റെ നിറം കൂടുതൽ വെള്ള കലർന്ന മഞ്ഞ. ചെവികൾ ലേശം കുറുകി ഏകദേശം മനുഷ്യരുടേതിന് സാമ്യമുണ്ട്. അതുപോലത്തെ സാമ്യം മുഖത്തിനുമുണ്ട്. മനുഷ്യരുടെ കണ്ണുകളിൽനിന്നെന്നപോലെ കണ്ണീരൊഴുകുന്നു. ദയക്ക് യാചിക്കുന്നപോലെയുള്ള നോട്ടവും. എല്ലാംകൊണ്ടും വിശേഷപ്പെട്ട ജീവി. ജന്മവൈകല്യമായിരിക്കാം.
മരുഭൂനഗരത്തിന്റെ പ്രാന്തത്തിൽ പ്രവർത്തിക്കുന്ന ഒരു വിദേശകമ്പനിയുടെ ഭാഗമായുള്ള പരീക്ഷണശാലയുടെ മതിൽക്കെട്ടിന് പുറത്താണ് ഈ ജന്തു വന്നെത്തിയിരിക്കുന്നത്. അതാണതിശയം! ഈ പുതിയതരം ജീവി ശാസ്ത്രജ്ഞരെത്തേടി പരീക്ഷണശാലയിലേക്ക് വന്നിരിക്കുന്നു. എന്നെയൊന്ന് നിരീക്ഷിക്കൂ എന്ന മട്ടിൽ.
മെറ്റാഹ്യൂമൻ പ്രോജക്ട്. വടക്കേ അമേരിക്കയാണ് ഈ കമ്പനിയുടെ കേന്ദ്രമെങ്കിലും ലോകത്തിന്റെ പലഭാഗങ്ങളിലും അവർക്ക് പരീക്ഷണശാലകളുണ്ട്. അവയിൽ ഒന്നാണ് ഈ മരുഭൂമിയുടെ വക്കിലുള്ളത്. അപാരമായ മനുഷ്യസാധ്യതകളെ പറ്റി പഠിക്കുകയാണ് ലക്ഷ്യം. മനുഷ്യൻ അനശ്വരനും അജയ്യനുമായ ഗിൽഗമേഷായി മാറാൻ ട്രില്യൺ കണക്കിന് പണത്തിന്റെ ഗർഭജലത്തിൽ വീണ്ടും പ്രസവിക്കാൻ കിടത്തുന്ന ഒരു കമ്പനി. അതാണ് മെറ്റാഹ്യൂമൻ പ്രോജക്ട്.
ആയിടെ ഒട്ടൊക്കെ ദുരൂഹമായൊരു പരീക്ഷണത്തിൽ ഏർപ്പെട്ടിരുന്ന കമ്പനി അതിന്റെ വിജയപരാജയങ്ങൾ അറിയാൻ കൈനഖങ്ങൾ കടിച്ചുതീർന്ന മട്ടിൽ നിൽക്കുകയായിരുന്നു. വമ്പൻ പരാജയം ഏറ്റുവാങ്ങിയതായി വൈകാതെ അവർക്ക് ബോധ്യപ്പെട്ടു. പരീക്ഷണത്തിനായി മരുഭൂമിയിലേക്കയച്ച ഒരു ഇരുകാലി ഗിനിപ്പന്നിയുടെ പൊടിപോലും തിരിച്ചുകിട്ടിയില്ല. അവർക്ക് ദുഃഖം തോന്നി. ഏറെ പണവും സമയവും കളഞ്ഞല്ലോ എന്നോർത്തുമാത്രം.
അതിനിടയിലാണ് ഈ ഒട്ടകം കയറിവന്നത്. പരീക്ഷണശാലയുടെ ഇടതുവശത്തെ മൈതാനത്ത് നിർത്തിയിട്ടിരിക്കുന്ന ഒരു ചെറുവിമാനത്തെ നോക്കി അത് മുക്രയിട്ടു. ഇതിനെ എന്തുചെയ്യും? എന്നാൽ കേവലം ഈ ഒട്ടകത്തിന്റെ കാര്യത്തിൽ അവർ ഉഴറിപ്പോയി. ചൂടുപിടിച്ച കൂടിയാലോചനകൾ. അവയിൽനിന്ന് ഊഹങ്ങൾ. നിഗമനങ്ങൾ. എങ്ങുമെത്തായ്ക!
ഒടുവിൽ ഒരു നരച്ച തലയിൽനിന്ന് നിർദേശമിറങ്ങി; അത് ശാസ്ത്രജ്ഞർക്ക് എന്നുമാത്രമല്ല, ഭൂമിയിൽ സകലജോലികളിലും ഏർപ്പെട്ടിരിക്കുന്നവർക്കും അംഗീകരിക്കാൻ കഴിഞ്ഞേക്കാവുന്ന ഒന്നായിരുന്നു.
‘‘പരാജയം വിജയത്തിന്റെ ചവിട്ടുപടിയാണ്. വൈകാതെ നമ്മൾ വിജയത്തിലെത്തുകതന്നെ ചെയ്യും. അതിനാൽ ആഘോഷിക്കുക! തിന്നുകയും കുടിക്കുകയും ചെയ്യുക, ഇന്നത്തെ പ്രധാനവിഭവം നാലുകാലിൽ നമ്മുടെ പടികയറി വന്നവൻതന്നെയാവട്ടെ!’’
‘‘പക്ഷേ അതൊരു അപൂർവയിനം ജീവിയാണ്. അതിനെ..?’’
ആരോ പറഞ്ഞു. യുവശാസ്ത്രജ്ഞൻ ആയിരിക്കണം.
സത്യത്തിൽ തോൽവിയുടെ ഉന്മാദം പിടിപെട്ട നരച്ച തല പുലമ്പി: ‘‘എങ്കിൽ കുറച്ച് തൊലിയും എല്ലിൻ തുണ്ടുകളും ലബോറട്ടറിയിലേക്ക് എടുക്കുക... ബാക്കി കിച്ചണിലേക്ക്...’’
പരീക്ഷണശാലയിൽനിന്ന് ശാസ്ത്രകൗതുകങ്ങൾക്കുള്ള ഉത്തരം കിട്ടിയേക്കും. അതിനേക്കാൾ ചെറുതല്ല അടുക്കളയിൽനിന്ന് ഉദരത്തിന്റെ ആസക്തിക്ക് കിട്ടാൻപോകുന്ന സ്വാദിഷ്ഠമായ ഉത്തരം.
*** *** ***
‘‘ഇപ്പൊ നാടുവിട്ട് പോകണോ, മോനേ? നിനക്കിവിടെത്തന്നെ നല്ല പണിയില്ലേ? അത്യാവശ്യം ജീവിക്കാനുള്ള വകയില്ലേ?’’ അമ്മയുടെ വാക്കുകൾ അജയൻ നീരസത്തോടെ കേട്ടു. ഇതൊക്കെ ഒരു ജീവിതമാണോ? ഇതൊന്നും പോരാ തനിക്ക്. താൻ സ്വപ്നം കാണുന്നത് ഇതിലും മുന്തിയ ജീവിതമാണ്. എങ്ങനെയെങ്കിലും പുറത്ത് കടക്കണം. ഏതായാലും താൻ തീരുമാനിച്ചുകഴിഞ്ഞു. അതിനുവേണ്ടുന്ന കാര്യങ്ങൾ ചെയ്തുതീരാൻ പോകുന്നു. അറബിനാടിനെ സ്വപ്നംകണ്ട് അജയൻ വീട്ടിൽനിന്ന് തെങ്ങുകൾക്കിടയിലൂടെ, പ്ലാവിനും മാവിനും ഇടയിലൂടെ എങ്ങോട്ടോ നടന്നു.
പെങ്ങളും ഇതുതന്നെയാണ് പറയുന്നത്. ഇപ്പോൾ എന്തിനാ പുറത്തുപോകുന്നതെന്ന്, പുറത്തുപോയി കഷ്ടപ്പെടുന്നതെന്ന്? ഇവിടെത്തന്നെ കഴിയുക. വേഗത്തിൽ വിവാഹിതനാകുക. ആയുസ്സിനെയും ഈ നല്ല തടിയെയും കൊണ്ടുപോയി തുലക്കേണ്ടന്ന് സ്നേഹോപദേശം. പക്ഷേ, കഷ്ടപ്പാടാണോ? കൂടുതൽ കൂടുതൽ പണം കൈയിൽ വരുന്നത് കഷ്ടപ്പാടാണോ? അഥവാ ആദ്യം കുറച്ച് കഷ്ടപ്പെട്ടാലും നാളത്തെ സുഖത്തിനുവേണ്ടിയല്ലേ. തന്റെ ഉയർച്ചക്കൊത്ത് ഇവർക്കും ഗുണമാകുമല്ലോയെന്ന് ഇവരാരും മനസ്സിലാക്കാത്തതെന്തെന്ന് അവൻ പരിതപിച്ചു. ഇപ്പോൾത്തന്നെ വീട്ടുകാരുടെ വിലക്ക് കാരണം, കൈകൾ ഉളുക്കുംവണ്ണം പണം വാരാമായിരുന്ന നാളുകൾ എത്ര ചേതപ്പെട്ടു? ഇനിയും ഇങ്ങനെ പോയാൽ... ഒടുവിൽ അജയൻ തീരുമാനിച്ചുകഴിഞ്ഞു.
ചന്ദ്രനിൽനിന്ന് നോക്കിയാലും കാണാവുന്ന തരത്തിൽ പൊങ്ങിപ്പരന്ന് അഗ്നിവർണത്തിൽ പൂത്തുനിൽക്കുന്ന, കവികൾ രാജമല്ലിയെന്ന് വിളിക്കുന്ന ഒരു വാകമരത്തിന്റെ ചോട്ടിൽവെച്ച് അജയൻ സുനിതയോടും യാത്രപറഞ്ഞു. സുനിത ഒന്നും പറഞ്ഞില്ല. പറയാനുണ്ടായിരുന്നതെല്ലാം കണ്ണിൽനിന്ന് ജലരൂപം പ്രാപിച്ച് പുറത്തേക്ക് ഒഴുകമാത്രം ചെയ്തു. ടൗണിലെ ട്രാവൽ ഏജൻസിയുടെ മുന്നിൽ തന്നെ സഹായിക്കാൻ ദിനേശേട്ടൻ വന്നുനിൽക്കുന്നുണ്ടായിരുന്നു.
‘‘ആഹാ! നീയൊരു ഭാഗ്യവാൻ തന്നെ! ഇതാ നിനക്കുവേണ്ടി അറബിനാടിന്റെ അനുമതിപത്രം തയാറാവാൻ പോകുന്നു. വലിയൊരു കമ്പനിയാണ്. നിന്നെപ്പോലെ ചുറുചുറുക്കുള്ള യുവാക്കളെയാണ് അവർ തേടുന്നത്. അതറിഞ്ഞതുപോലെയാണ് നീയും ഇവിടെ എത്തിയിരിക്കുന്നത്. ഇനി പത്ത് ദിവസമേയുള്ളൂ. അതിലിടക്ക് നിന്റെയീ തടിയൊന്ന് പരിശോധനക്ക് വിടണം. അത് കഴിഞ്ഞ് അതിന്റെ പ്രമാണപത്രം കിട്ടണം. അതിന് രണ്ടേരണ്ടു ദിവസങ്ങൾ. പിന്നെ ഒരാഴ്ച. പിന്നെ വിമാനത്തിൽ കയറൽ. പറക്കൽ. നീയല്ല, നിന്നെയുംകൊണ്ട് വിമാനം. നീ രണ്ടോ മൂന്നോ കൊല്ലം കഴിഞ്ഞ് തിരിച്ചുവരുമായിരിക്കും, അപ്പോൾ ഞങ്ങളെയൊക്കെ മറക്കും.’’
ദിനേശേട്ടന്റെ വാക്കുകൾ സ്വർഗയാത്രാവഴിയിൽ പൊതിച്ചോർ തുറന്നപോലെയായിരുന്നു, അജയന്.
‘‘അങ്ങനെയില്ല, അത്ര വലുതാവണ്ട’’ -അജയൻ വിനയനായി. കാര്യങ്ങൾ പെട്ടെന്ന് മുന്നോട്ടുപോയി. അജയൻ ഉറങ്ങാതെ അറബിനാടിനെ സ്വപ്നം കണ്ടു. ഒടുവിൽ ഒരു സുപ്രഭാതത്തിൽ ആദ്യം അമ്മയോട് പറഞ്ഞു. പിന്നെ പെങ്ങളോടും.
തെളിമയില്ലാത്തതെന്തോ മനസ്സിൽ കണ്ടുള്ള അമ്മയുടെ കണ്ണീരും അവന്റെ മനസ്സലിയിച്ചില്ല; പിന്തിരിപ്പിച്ചില്ല. വീടുവിട്ടിറങ്ങുമ്പോൾ അമ്മ എന്തോ പറഞ്ഞു. അജയൻ കേട്ടില്ല. അതിന്റെ പിന്നാലെ മനസ്സിൽ കണ്ടത്, നാലുകൊല്ലം അറബിനാട്ടിൽനിന്ന് പണം വാരൽ. ആദ്യത്തെ രണ്ടുകൊല്ലം കഴിഞ്ഞാൽ ഇവിടെ രണ്ടേക്കർ പറമ്പുവാങ്ങൽ. പിന്നത്തെ രണ്ടുകൊല്ലം കഴിഞ്ഞാൽ ഒരു മേൽത്തരം പാർപ്പിടം. എന്നിട്ട് വേണം പെണ്ണുകാണലിന് ഇറങ്ങാൻ. അപ്പോഴേ തനിക്ക് ചേരുന്ന പെണ്ണിനെ വരിക്കാനാവൂ. ഒന്നുകിൽ അന്വേഷണം ഇങ്ങോട്ടും വരും. അപ്പോഴേ തന്റെ വീട്ടുകാർക്ക് തന്റെ മാറ്ററിയൂ. അല്ലാതെ, ഇപ്പോഴേ ദാമ്പത്യത്തിൽ കുടുക്കി ഈ വീട്ടിൽത്തന്നെ ഒതുക്കിനിർത്താൻ തന്നെ കിട്ടില്ല. നല്ല നിശ്ചയം, ഉത്തമമായത്, അവൻ അവനോടുതന്നെ പറഞ്ഞു.
അങ്ങനെ മരുഭൂമി പുലരുന്ന നാട്ടിൽ കാലുകുത്താൻ അവസരം കിട്ടിയ അജയനെയും വഹിച്ച് ഒരു നെടുവിമാനം ചിറകുവീശാതെ പറന്നു. കടലിനപ്പുറത്തേക്ക്. അജയന്റെ മേൽക്കാലത്തിലേക്കും കൂടി. പലർക്കും ജനിച്ചന്നേ കൊതിച്ചാലും എത്താൻ കഴിയാത്ത കാലത്തിനരികിലേക്ക്. പറന്നെത്തിച്ച വിമാനത്തിന് മനസ്സാൽ നന്ദി പറഞ്ഞ് അജയൻ ചിരകാലമോഹത്തിന്റെ കൂടെ ഒമ്പതാം പടിയിറങ്ങി, മണലാരണ്യങ്ങളുടെ നാട്ടിൽ. ഇതിനെയൊന്ന് തൊട്ടുവന്ദിക്കണം എന്നുണ്ടായിരുന്നു. മറ്റാരും ചെയ്യാത്തതാണ്. അത് പിന്നീട് എവിടെവെച്ചെങ്കിലും ആവാം.
ജീവിതം ധന്യം. മനസ്സിലെ മായക്കണ്ണാടിയിൽ മേൽക്കാലത്തിന്റെ ബഹുവർണക്കാഴ്ചകൾ! ചെറുപ്പത്തിൽ കുറച്ചുകാലം അഭ്യസിച്ച സംഗീതാംശം തൊണ്ടയിൽനിന്ന് സരിഗമയായി ത്രസിച്ചുവന്ന് ഇത്തിരിമാത്രനേരം വിലസി. വിമാനത്താവളത്തിലെ നിശ്ചിത ചടങ്ങുകൾ കഴിഞ്ഞ് മരുരാജ്യത്തിന്റെ വിശാലതയിലേക്ക്.
മരുഭൂമിയെ മനുഷ്യർക്കായി ഏതുവിധേനയെല്ലാം പ്രയോജനപ്പെടുത്താം എന്നത് പഠിക്കാൻ പരീക്ഷണങ്ങൾ നടത്തുന്ന ഒരു വിദേശകമ്പനിയുടെ കോൺഫറൻസ് ഹാളിൽ നൂറുകണക്കിന് യുവാക്കൾക്കൊപ്പം അജയൻ ഇരുന്നു. പെട്ടെന്ന് അറിയിപ്പ് മുഴങ്ങി: നിങ്ങൾ ഭാഗ്യവാന്മാർ! എന്നാൽ നിങ്ങളുടെ കൂട്ടത്തിൽ ഒരു മഹാഭാഗ്യവാൻ ഉണ്ട്. നമ്മുടെ മെറ്റാഹ്യൂമൻ പ്രോജക്ട് എന്ന നവീനാശയത്തിനൊപ്പം, ചിരകാലസ്വപ്നത്തിനൊപ്പം സഞ്ചരിക്കാൻ പ്രാപ്തനായ ഒരു മഹാഭാഗ്യവാൻ! അതിനായി ഒരേയൊരു മനുഷ്യനെ വേണം. മനക്കരുത്തും മേനിക്കരുത്തും മേളിക്കുന്ന ഒരാൾ. മാനസികവും ശാരീരികവുമായ പരീക്ഷകളിലൂടെ അയാളെ കണ്ടെത്തും.
നേരം പകലറുതിയോടടുത്തപ്പോൾ പരീക്ഷകൾ കഴിഞ്ഞു. ഒരാളെ കമ്പനി കണ്ടെത്തുകതന്നെ ചെയ്തു. അജയനെ. കമ്പനിയുടെ മാനദണ്ഡങ്ങൾ പ്രകാരം അജയനുമേൽ പുതിയ തിരിച്ചറിയൽ കുറിക്കപ്പെട്ടു. ഇനിമേൽ അജയൻ എന്ന പേരില്ല. പകരം ഒരു കോഡ് നമ്പറാണ്. അജയൻ ഇനിമേൽ 1644 എന്നറിയപ്പെടും. കമ്പനിയുടെ കൈകാര്യം ചെയ്യൽ സൗകര്യത്തിന്. പേര് പോകട്ടെ, മുമ്പരിൽ മുമ്പനായല്ലോ. ഇതിൽനിന്നാണ് പുതിയ ജീവിതം തുടങ്ങുന്നത്! ഹാ...
നാട്ടിലെ രാത്രികളിൽ, ഉറക്കത്തെ തെളിച്ചകറ്റി മനസ്സിൽ ആലോചനയെ കുടിയിരുത്തിയില്ലായിരുന്നെങ്കിൽ, ദൃഢനിശ്ചയത്തിന്റെ നിർവഹണത്തിനായി പുറപ്പെട്ടില്ലായിരുന്നെങ്കിൽ ഈ ജീവിതസൗഭാഗ്യം കൈവരുമായിരുന്നോ? വരുമ്പോൾ വരട്ടെയെന്ന് കാത്തിരിക്കുകയല്ല, മേൽക്കാലത്തിലെ സൗഭാഗ്യത്തിലേക്ക് ചെന്നുകയറുകയാണ് വേണ്ടത്. ഇതാ ഞാൻ സൗഭാഗ്യത്തിന്റെ വാതിൽക്കൽ വന്നുകയറിയിരിക്കുന്നു! പഴയ റഷ്യ ലെയ്കയെ പരീക്ഷണത്തിലേക്ക് ഉയർത്തിയയച്ചതുമാതിരി കമ്പനി എന്നെ അമൂല്യമനുഷ്യനായി ഉയർത്തി മരുഭൂമിയുടെ മധ്യത്തിലിറക്കും.
തുച്ഛമായ മൂന്ന് ദിവസമാണവിടെ. ഏറിയാൽ ഒരു ദിവസം കൂടി. അത്രയും ദിവസങ്ങളിലേക്ക് വേണ്ടുന്ന ഭക്ഷണപാനീയങ്ങളോടൊപ്പം. നാലാം ദിവസം താൻ, ശൂന്യാകാശത്തുനിന്ന് ലെയ്ക എന്നപോലെ, മരുഭൂമിയുടെ ഊഷ്മളതയിൽനിന്ന് മനുഷ്യശേഷിയുടെ പ്രതീകമായി മടക്കിക്കൊണ്ടുവരപ്പെടും. നാലേനാല് ദിവസത്തെ സഹനംകൊണ്ട് താൻ സമ്പാദിക്കാൻ പോകുന്ന പണത്തിന്റെ അളവോർത്ത് അജയന്റെ ഹൃദയം തുള്ളി. വീട്ടിൽനിന്നിറങ്ങിവരുമ്പോൾ ഊഹിച്ചതിന്റെ പതിന്മടങ്ങ് വരുമത്. അല്ല, നൂറു മടങ്ങ്! അമ്മയുടെ കരച്ചിലും പെങ്ങളുടെ ഉപദേശവും കേട്ട് മനസ്സ് മാറിയിരുന്നെങ്കിൽ തന്റെ ജീവിതാവസ്ഥ ഇത്ര ഉജ്ജ്വലമായി മാറുമായിരുന്നോ? ഈ വിവരമറിഞ്ഞാൽ അവർക്കും ബോധ്യം വരുമല്ലോ.
മരുഭൂമിയിലെ പരീക്ഷണ ദിവസങ്ങളിലെ വേതനം വേറെതന്നെ. മടങ്ങിയെത്തിയാൽ വേറെ തസ്തികയിൽ സ്ഥിരം നിയമനം. പിന്നെയും സുഖകരമായ എന്തിനൊക്കെയോ നിയുക്തനാക്കും. തന്റെ സാന്നിധ്യം കമ്പനി എന്നേക്കും ആഗ്രഹിക്കും. നാട്ടിൽപോയി നാട്ടുകാരുടെ ഇടയിൽ നല്ല മതിപ്പോടെ കഴിയേണ്ടുന്ന ആളാണെന്ന് കമ്പനി മനസ്സിലാക്കില്ലല്ലോ. ങാ, അതൊക്കെ പിന്നത്തെ കാര്യങ്ങൾ.
എനിക്കിപ്പോൾ ഹൃദയത്തോട് ചേർന്ന് അതിശയത്തോടെ ഉണർത്തിക്കാനുള്ളത്, ഭാഗ്യമേ, നീ ഈ മരുഭൂമിയിലിങ്ങനെ എന്നെ കാത്തുനിൽക്കയായിരുന്നോ എന്നാണ്. ജന്മം എനിക്കൊരുക്കിവെച്ച ഈ ജീവനഭൂമിയിൽ!
ഇതിനാലായിരിക്കുമല്ലോ ജനിച്ച നാട്ടിൽനിന്നകലെ, ഇവിടേക്ക് ചെല്ലൂ, ചെല്ലൂ എന്ന് നിരന്തരം മനസ്സിനെ ഉണർത്തിക്കൊണ്ടിരുന്നത്. ഇതാ എത്തിയിരിക്കുന്നു. സൗഭാഗ്യങ്ങൾ വന്നെന്നെ ഉമ്മവെക്കുന്നു. ഇനിയും ഏതെല്ലാം ഉന്നതിയിലേക്ക് എന്നെ കൊണ്ടുപോകും? ഭൂമിയിൽനിന്നുതന്നെ സ്വർഗത്തിലെ സുഖം അനുഭവിക്കാനായേക്കും. അതിലേക്കാവാം, ഇതാ 1644 ആയി ചുരുങ്ങിയ അജയനെ, പേര് ചുരുങ്ങിയെങ്കിലും താൻ എന്തെല്ലാമോ ആയി വളരുകയാണെന്ന അഭിമാനാവേശപൂരിതനായ അജയനെ, മേൽക്കൂടിൽനിന്ന് വൻപങ്ക തിരിയുന്ന, വെട്ടിത്തിളങ്ങുവാൻ പോകുന്ന തന്റെ ഇനിയത്തെ ജീവിതംപോലെ, വെയിലേറ്റ് വെട്ടിത്തിളങ്ങുന്ന ചെറുവിമാനത്തിലാക്കി, മരുഭൂമിയുടെ മധ്യത്തിൽ, തൂക്കുപട്ടകളാൽ ഇറക്കുന്നു.
കൂടെ നാലു ദിനങ്ങൾക്ക് വേണ്ടിയുള്ള ആഹാരപാനീയങ്ങളും തീയതി കാണിക്കുന്ന ഒരു ടൈംപീസും രാത്രിയിലെ ഉറക്കത്തിനുവേണ്ടി കട്ടിവിരിപ്പും പിന്നെ ഒരു മൺകോരിയും. വേറെ യന്ത്രകുന്ത്രങ്ങളൊന്നുമില്ല. ശ്വാസത്തിനുവേണ്ടിയുള്ള വായു മരുഭൂമിയിൽ വേണ്ടുവോളം ഉണ്ടല്ലോ.
മരുഭൂമിയിലെ ഏറ്റവും ഉഷ്ണമുള്ള സമയമത്രയും 1644 തന്റെ കാൽമുട്ടുകളുടെ മേൽഭാഗംവരെ പൂഴിയിൽ ആഴ്ന്നവണ്ണം നിൽക്കണം. തന്നെ പൂഴിയിൽ നാട്ടാനുള്ള കുഴിയെടുക്കാനും കാലുകൾ താഴ്ത്തിവെച്ച് പൂഴികൊണ്ട് മൂടാനുമാണ് മൺകോരി. ചുരുക്കത്തിൽ, കാലുകളെ പൂഴിയിൽ ഏതുനേരവും പൂഴ്ത്തിവെക്കുക. രാത്രിയിൽ ഉറക്കമുണ്ടെങ്കിൽ കാലുകളെ കുഴിയിൽതന്നെ നിർത്തി ഒടിഞ്ഞുമലർന്നോ ഒടിഞ്ഞുകമിഴ്ന്നോ കിടന്നുകൊള്ളുക.
കൊണ്ടുവന്നിറക്കിയ വിമാനം നാലുദിവസങ്ങൾക്കുശേഷം വരും. തൂക്കുപട്ടകൾ ഇറക്കും. തന്നെ മാത്രമെങ്കിൽ തന്നെ മാത്രം, അതിൽ തൂക്കിയിടുക. അതുവഴി, മരുഭൂമിയുടെ ഉഷ്ണപൗഷ്കല്യത്തെ ഏറ്റുവാങ്ങിയ അവനെ കമ്പനിയുടെ പരീക്ഷണ-നിരീക്ഷണശാലയിലെത്തിക്കും.
വിമാനത്തിൽനിന്ന് തൂക്കിയിറക്കപ്പെട്ട 1644ന് തോന്നി, തന്നെ ഏറ്റുവാങ്ങുന്നതിന്റെ പ്രസന്നതയിലാണീ ഉഷ്ണവീര്യമാർന്ന വെയിൽപ്രകാശമെന്ന്. എന്നാലും ഒരു കാര്യം ബോധ്യമായി, മരുഭൂമിയുടെ നാട്ടിൽനിന്ന് വന്നവർ നാട്ടുകാരോട് പറഞ്ഞതിനേക്കാൾ ഏറെയാണ് ഒന്നാം ദിനത്തിലെ ഉഷ്ണം. ഇനി ഏറുമോ കുറയുമോ?
തനിക്ക് കിട്ടുന്ന പണത്തിന്റെ അട്ടികളെ മനക്കണ്ണുകൊണ്ട് കണ്ട് ആദ്യദിവസത്തെ ഉഷ്ണവീര്യത്തെ സഹിച്ചു. രണ്ടാം ദിനത്തിൽ ഉഷ്ണക്കരുത്തേറി. ഊഹിച്ചതിലേറെ കഠിനമായിരുന്നു മൂന്നാം ദിനത്തിലെ വെയിൽ. ഏതുവിധേനയും സഹിക്കാവുന്നതിലേറെയാണ് നാലാം ദിനത്തിലെ ഉഷ്ണപ്പെയ്ത്ത്. ആഹാരം തീർന്നു. വെള്ളവും തീരുന്നു. പക്ഷേ, കമ്പനിയുടെ വിമാനം വന്നില്ല.
മനുഷ്യനെ പൊരിക്കാൻ വേണ്ടുന്നതിലേറെയാണ് അഞ്ചാം ദിനത്തിലെ വെയിൽജ്വാല. മനുഷ്യനെ കരിക്കാൻ വേണ്ടുന്നതിലേറെയായിരുന്നു ആറാം ദിനത്തിലെ വെയിലഗ്നി. മനുഷ്യനെ വിറകായും കൊള്ളാത്തവിധം വസ്തുവാക്കി പൊടിഞ്ഞുപോകും തരത്തിലാക്കുകയാണ് ഏഴാംനാളിലെ മരുഭൂമി. പക്ഷേ തന്നെ മടക്കിക്കൊണ്ടുപോകാൻ വരേണ്ട വിമാനമെവിടെ?
ബോധാബോധവിഭ്രമങ്ങളിൽപെട്ട് എങ്ങോട്ടൊക്കെയോ ഉള്ള് പാഞ്ഞുപോയി. ശരീരം അനക്കാൻ കഴിഞ്ഞില്ലെങ്കിലും മനസ്സ് കടലുകൾ കടന്ന് നാട്ടിലെത്തിപ്പോയി. അവിടത്തെ തണലുകൾ, ശീതളച്ഛായകൾ, കാറ്റ്. അവിടത്തെ വെള്ളം, തൂവെള്ള നിറമുള്ള ചോറ്.
‘‘അന്യനാട്ടിൽ മരിച്ചുവീണ നിന്റെ അച്ഛനെ അവസാനം ഒന്ന് കാണാൻകൂടി കഴിഞ്ഞില്ല... എന്ത് പണിയെടുത്താലും നീ എന്റെ മുന്നിൽ തന്നെയുണ്ടല്ലോ എന്നായിരുന്നു മോനെ, അമ്മക്ക്. തടി എത്ര വളർന്നാലും എനിക്ക് നീ കുട്ടിതന്നെയല്ലേ... ങ്ഹാ... പോയി നന്നായി വാ...’’ വീട് വിട്ടിറങ്ങുമ്പോൾ അമ്മ എന്തായിരുന്നു പറഞ്ഞത്? ആ തണുത്ത വാക്കുകൾ ഓർത്തെടുക്കാൻ കഴിയുന്നുണ്ടോ?
‘‘അച്ഛന്റെ കയ്യിൽ ഒന്നുമില്ല അജയേട്ടാ... പത്തു പാസായശേഷം പഠിപ്പ് മുട്ടിയ, കെട്ടുപ്രായം തികഞ്ഞ ഈ മകളല്ലാതെ’’ പൂവാകയുടെ തണലിൽ സുനിത ഒഴുക്കിയ കണ്ണുനീർ പറഞ്ഞതെന്തായിരുന്നു?
ഓർത്തെടുക്കാൻ കഴിയുന്നില്ലല്ലോ..?
അമ്മയുടെ കണ്ണീരിന് ചൂടുണ്ടായിരുന്നോ? സുനിതയുടെ കണ്ണീരിനോ? കണ്ണീരിന്റെ ചൂട് ആ കണ്ണുകളുടെ ഉടമ മാത്രമേ അറിയൂ എന്നാണോ?
വെള്ളം തീരുന്നു. അവസാന തുള്ളിയും ഇറ്റിയപ്പോൾ, അത് നാവിനെ നനച്ചപ്പോൾ ഉടലിലെ ഏതെല്ലാം ഞരമ്പുകളാണ് അതിനായി ആർത്തിപൂണ്ടത്?
ഇനി?
മരുഭൂമിക്ക് ഒരു ദിവസമെങ്കിലും മഴയില്ലേ? അത് ഇന്നായിരുന്നെങ്കിൽ! ഇപ്പോഴായിരുന്നെങ്കിൽ!
ഉടലും ഉയിരും ഒരേയൊരിറ്റ് നീരിനായി കൊതിച്ചു. തൊണ്ട മാത്രമല്ല, സിരകളും വരളുന്നു. സിരകളല്ല, ജീവനാണ് വരളുന്നത്. അസന്തുലിതാവസ്ഥയിലായ ശരീരത്തിലെ അവയവങ്ങൾ അവയുടെ ധർമം നിർവഹിക്കാനാവാതെ ഉഴറി. ഒന്ന് മറ്റൊന്നിനോടല്ല. ഓരോന്നും മറ്റെല്ലാറ്റിനോടും പൊരുതുന്നപോലെ. എങ്കിലും എല്ലാം ഒരു കാര്യസാധ്യത്തിനായി ഒരുമിച്ചു; ഇവിടെനിന്ന്, നടുമരുഭൂമിയിൽനിന്ന്, മരുപ്പച്ച കാണാത്ത ഇവിടെനിന്ന് മനുഷ്യനായി രക്ഷപ്പെടാനാവില്ല. അപ്പോൾ? അങ്ങനെയാകുമ്പോൾ എന്താകണം? എന്ത്? ഭൂമിയിൽ മണൽക്കാടിനായി സൃഷ്ടിക്കപ്പെട്ട മൃഗത്തിന് മാത്രമേ ഈ ഉഷ്ണക്കടമ്പ താണ്ടാനാവൂ. അതിലിടക്ക് ഇത്തിരി നീര്, ജീവൻ ശേഷിക്കണമെങ്കിൽ ഇത്തിരി കുടിനീര്.
ഹാ, മൂത്രമിറങ്ങുന്നു. മൂത്രം. അതും ദ്രാവകം, ജലം. അതിനെ മരുഭൂമിയിലേക്ക് വീഴ്ത്താനോ? ജീവൻ ഒരിറ്റ് നീരിന് ദാഹിച്ചുകഴിയേ അതിനെ പാഴ് മണലിൽ വീഴ്ത്താനോ? കിഴിയാനെത്തുന്ന മൂത്രത്തെ ജീവന്റെ ആർത്തിക്ക് കൊടുക്കൂ... മൂത്രം കുടിവെള്ളപ്പാത്രത്തിൽ വീണു. മഞ്ഞച്ച മൂത്രം. പിന്നീടത് ജീവനിലേക്കുള്ള വഴിയായ വായിലേക്ക് വീണു. മഞ്ഞച്ചത്, ചൂടുള്ളത്, പ്രാണന് പ്രിയപ്പെട്ടത്. ഹാ!
ഏറെ നേരത്തേക്കില്ലാത്ത ഒരാശ്വാസം. ആശ്വാസത്തിലൂടെ ആവേഗമോടെ, പുറമെ നിശ്ചലമെങ്കിലും ഉടലിനുള്ളിലെ പലയിടങ്ങളിൽനിന്നുമെത്തി ഇരമ്പിച്ചേർന്ന് വർഷകാല സമുദ്രസമാനമായ തിരയടി, കണ്ണുകൾ കൂമ്പിയും കൈകൾ കൂപ്പിയും നിൽക്കെ, ഇവയിലൂടെ തീവ്രമായൊരു അഭിലാഷസമർപ്പണം; ഈ ഉടലിനെ മരുഭൂമി താണ്ടാൻ, മരുഭൂമിയിലേക്കുള്ള ഉത്കൃഷ്ട സൃഷ്ടിയായ ഒട്ടകമാക്കുക!
അതിന്റെ അനുരണമായി ഉടലിനുള്ളിൽ ഉയിർപ്പിന്റെ ഞെരുക്കങ്ങൾ. ഉടൽ ഉലയുന്നു. ചുരുങ്ങുന്നു. പിന്നെ നിവരുന്നു. സ്വതവേ ഉള്ളതിലേറെ വലുതാവുന്നു. കഴുത്ത് നീണ്ട് ഉയർന്നുയർന്നുപോകുന്നു. രണ്ടരയടിക്കുമപ്പുറത്തേക്ക്, മുഖത്തെ മാറ്റിക്കൊണ്ട്. ഉയരെ ചെന്ന് ഒട്ടകത്തലയും മുഖവുമാവുന്നു. കൈകളും കാലുകളും തൊലിയും മാറുന്നു. പിറവിയിലെ ആദ്യ വീർപ്പെന്നപോലെ ശ്വാസമെടുത്ത് നാസാരന്ധ്രങ്ങൾ പിളർന്ന് വികസിക്കുന്നു. കൈകാലുകളിലെ അഞ്ചു വീതമുള്ള വിരലുകൾ മൂന്നുവീതം മറഞ്ഞ് രണ്ടുവീതം ശേഷിച്ച് മണൽപ്പരപ്പിലൂടെ നടക്കാൻ പാകത്തിലായിരിക്കുന്നു.
ഇനി? ഇനി... മൃഗത്തിന്റെ ശബ്ദം തന്നിലുണ്ടോ എന്നറിയാൻ ഉള്ളിലെ വായുവിനെയടക്കം ഉൾശക്തിയോടെ തൊണ്ടയിലേക്ക് വലിച്ചെടുത്ത് പുറത്തിട്ടു. അതാ മൃഗത്തിന്റെ ശബ്ദം, മുക്ര! മുക്രയിലൂടെ ഉള്ളഴിഞ്ഞുറക്കെ പറഞ്ഞു:
‘‘അമ്മേ, മരുഭൂവേ, ഞാൻ നിങ്ങളുടേതായി പിറന്നിരിക്കുന്നു...’’ കണ്ണുകളിൽ നീർമണികളുമായി മെല്ലെ പറഞ്ഞു: ‘‘എനിക്ക് ഇവിടം കടക്കാനാകണം. എന്നെ ഇവിടെ ഉപേക്ഷിച്ചവരുടെ അടുത്തെത്തണം. ഞാൻ ഇങ്ങനെ ബാക്കിയായിട്ടുണ്ടെന്ന് കാണിക്കണം. അമ്മേ, പൈദാഹ ക്ലേശങ്ങളേശാതെ ഇവിടം കടക്കാൻ കാക്കേണമേ!’’
അവൻ തന്നെ ഇറക്കാൻ വിമാനം വന്ന ദിക്കിലേക്ക് തിരിഞ്ഞു. രണ്ടുകാലുകളോടെ വന്നവൻ നാലുകാലുകളോടെ മടങ്ങുന്നു. ദിവസങ്ങൾ ചിലതുകഴിഞ്ഞു. എത്തേണ്ടുന്ന ഇടത്തേക്കുള്ള ദൂരം പകുതി കടന്നുകാണണം. അപ്പോൾ ഒരു മരുപ്പച്ച! കുറ്റിച്ചെടികൾ! പുതുജന്മ വാസനയോടെ അതിനോടടുത്ത് ആർത്തിയോടെ വയർ നിറച്ചു. വർധിച്ച ഊർജത്തോടെ നടത്തം തുടർന്നു.
പെട്ടെന്ന് ആകാശത്ത് ഒരു പൊട്ടുപോലെ എന്തോ പ്രത്യക്ഷപ്പെട്ടു. ഒരു ചെറുവിമാനം. അത് തന്റെ തലക്ക് മുകളിലൂടെ പിന്നിലേക്ക് പറന്നുപോയി. അവൻ വെറുപ്പോടെ നോക്കിയിട്ട് നടത്തം തുടർന്നു. ഏറെ കഴിഞ്ഞില്ല, വിമാനം തന്റെ തലക്ക് മുകളിലൂടെ തിരിച്ചുപറന്നു. അതിനെ കൂക്കിവിടാൻ നെഞ്ചിൽ തുടിപ്പുണ്ടായി.
–മനുഷ്യപ്പറ്റുണ്ടെങ്കിൽ നീ അഞ്ചുദിവസം മുന്നേ വരണമായിരുന്നു, ചങ്ങാതീ. നീ അന്നുകൊണ്ടുവന്നിറക്കിയ മനുഷ്യന്റെ ശവം കാണാനാണോ ഇന്ന് വന്നത്? ഞാൻ നിന്റെ പരീക്ഷണശാലയിലേക്കാണ് വരുന്നത്. നിന്നെ അവിടെ കണ്ടാൽ ലോഹ്യം പറയാം. നിനക്ക് മനസ്സിലാകുമോ?
ദിവസം ചിലതുകൂടി കഴിഞ്ഞപ്പോൾ ഒട്ടകം കമ്പനിയുടെ പരീക്ഷണശാലയുടെ മതിൽക്കെട്ടിന് അടുത്തെത്തി. പലരുടെയും കൗതുകനോട്ടങ്ങൾ കടന്ന് അത് കാവൽക്കാരന്റെ സമീപമെത്തി. അയാൾ ഒട്ടകത്തെ തടയാനാഞ്ഞു.
‘‘ഞാൻ ഇവിടുന്ന് പോയ ആളാണ്, അജയൻ... അല്ലല്ല 1644. എന്നെ ഓർമയില്ലേ?’’ അവന്റെ വാക്കുകൾ വെറും മുക്ര മാത്രമായി പുറത്തുചാടി.
‘‘ദൂരെ പോ!’’ കാവൽക്കാരൻ അലറി.
വിചിത്രയിനം ഒട്ടകത്തെ കണ്ട പരീക്ഷണശാലയിലെ ചിലർ അടുത്തുകൂടി. വൈകാതെ അടുക്കളയുടെ പിന്നാമ്പുറത്തേക്ക് തന്നെ മാറ്റിയപ്പോൾ, അവിടെവെച്ച് അൽപം വെള്ളവും പുല്ലും കിട്ടിയപ്പോൾ, ആലോചനകൾ കുന്നുകൂടി. എനിക്ക് നല്ല ഭക്ഷണവും സൗകര്യവും തന്ന് ഇവർ പോറ്റുമായിരിക്കും. ഞാനിവിടെ ഒരു ശല്യവും ഉണ്ടാക്കില്ല. ഇനി ഇവിടെത്തന്നെ സുഖമായി കഴിയാം.
മൃഗമായാലും മാന്യത കിട്ടും. എന്നാലും ഞാൻ ആരാണ്, എന്താണ് എന്ന് എല്ലാവരെയും അറിയിക്കാൻ എന്താണ് വഴി? എന്നാൽ, പരീക്ഷണത്തിനായി മരുഭൂമിയിലേക്കയച്ച മനുഷ്യന്റെ തിരോഭാവത്തിൽ വെറിപൂണ്ടുനിന്ന തലവൻമാർ, ഒട്ടകത്തെ കുശിനിപ്പുരയിലേക്കയച്ച് തങ്ങളുടെ തോൽവി ആഘോഷിക്കാൻ തീരുമാനിച്ച കാര്യം അവൻ അറിഞ്ഞതേയില്ല. അവന്റെ ഒരു ശാരീരിക പ്രത്യേകതയും അവനെ തുണച്ചില്ല. വ്യത്യസ്തമായ മുതുക്, ചെവി, നിറം... ഒന്നും.
ഭാവിജീവിതത്തെ കുറിച്ചുള്ള ആലോചനകളിൽ മുഴുകിക്കഴിയേ പൊടുന്നനെ ഒട്ടകത്തിന്റെ കഴുത്തിൽ ഒരു തണുപ്പ് വന്നുമുട്ടി.
‘‘അമ്മേ..!’’
ഒട്ടകത്തിന്റെ മുക്രയോ മനുഷ്യന്റെ നിലവിളിയോ എന്നുറപ്പില്ലാത്തൊരു ശബ്ദം ഏഴുകടലും കടന്ന് ദൂരേക്കുപോയി. ഹാ! സ്വാദ്, മണം, മാർദവം. കഴിച്ചവർ കഴിച്ചവർ അഭിപ്രായങ്ങൾ പലതു പറഞ്ഞു. എന്നാലും, എന്താണ് ഈ അസാമാന്യ രുചിക്ക് പിന്നിൽ? ആരോ ചോദിച്ചു.
‘‘എന്താ സംശയം, വേവ് കൃത്യം! അതുതന്നെ.’’
മറ്റാരോ പറഞ്ഞു. മരുക്കാറ്റിനാൽ അനുനിമിഷം ആകൃതി മാറുന്ന മരുഭൂമിപോലുള്ള, എന്നാൽ ആർഭാടമായൊരു തീൻമേശയിൽനിന്ന് അജയൻ തന്റെ മേൽക്കാലത്തിലേക്ക് പതിയെപ്പതിയെ ദഹിപ്പിക്കപ്പെട്ടു.