കനി
ആ കുട്ടിയുടെ കാര്യത്തിൽ എന്തു നിലപാടെടുക്കണം! ആളെ കുഴക്കുന്ന ചോദ്യത്തിനു മുന്നിൽ സിറിയക് തോമസ് വട്ടം കറങ്ങാൻ തുടങ്ങിയിട്ട് കുറച്ചധികം ദിവസങ്ങളായിരിക്കുന്നു. ഒരെത്തുംപിടിയും കിട്ടുന്നില്ലല്ലോന്ന് അയാൾ തലപുകഞ്ഞു. അന്വേഷണ കമീഷൻ റിപ്പോർട്ട് ഒരുനിലക്കും അവളെ സഹായിക്കുന്നതല്ല. ബുധനാഴ്ച നടക്കാനിരിക്കുന്ന കോളേജ് കൗൺസിൽ മീറ്റിങ്ങിൽ കനിയെ കോളേജിൽനിന്നു പുറത്താക്കാനുള്ള തീരുമാനമെടുക്കുകയല്ലാതെ തന്റെ മുന്നിൽ മറ്റൊരു വഴിയും...
Your Subscription Supports Independent Journalism
View Plansആ കുട്ടിയുടെ കാര്യത്തിൽ എന്തു നിലപാടെടുക്കണം!
ആളെ കുഴക്കുന്ന ചോദ്യത്തിനു മുന്നിൽ സിറിയക് തോമസ് വട്ടം കറങ്ങാൻ തുടങ്ങിയിട്ട് കുറച്ചധികം ദിവസങ്ങളായിരിക്കുന്നു. ഒരെത്തുംപിടിയും കിട്ടുന്നില്ലല്ലോന്ന് അയാൾ തലപുകഞ്ഞു. അന്വേഷണ കമീഷൻ റിപ്പോർട്ട് ഒരുനിലക്കും അവളെ സഹായിക്കുന്നതല്ല. ബുധനാഴ്ച നടക്കാനിരിക്കുന്ന കോളേജ് കൗൺസിൽ മീറ്റിങ്ങിൽ കനിയെ കോളേജിൽനിന്നു പുറത്താക്കാനുള്ള തീരുമാനമെടുക്കുകയല്ലാതെ തന്റെ മുന്നിൽ മറ്റൊരു വഴിയും കാണുന്നില്ലല്ലോ എന്നയാൾ ഓർത്തു.
സമവായത്തിന് കൗൺസിൽ അംഗങ്ങൾ ആരുംതന്നെ തയാറാവില്ല എന്നുറപ്പാണ്. ഒന്നു പരിഹരിക്കുമ്പോൾ മറ്റൊന്ന്. സിറിയക് തോമസ് അസ്വസ്ഥതയോടെ ഇരിപ്പിടത്തിൽനിന്നെഴുന്നേറ്റു. വേണ്ടായിരുന്നു ഈ പ്രിൻസിപ്പൽ കസേര എന്ന് ആത്മാർഥമായും അയാൾ ആഗ്രഹിച്ചു. ഇതിനു മുമ്പ് കുറച്ചു നാൾ പ്രിൻസിപ്പലായിരുന്ന പി.വി.എസ്. പണിക്കരെ അപ്പോൾ സിറിയക് ഓർത്തു. പ്രക്ഷുബ്ധതകൾക്കിടയിലും അയാളുടെ ഉള്ളിൽ ചിരിപൊട്ടി. ചുണ്ടുകൾ അതേറ്റെടുത്തു.
‘‘എന്തെടോ സമ്മർദത്തിനിടയിലും ഒറ്റയ്ക്കു നിന്നു ചിരിക്കുന്നത്. പണിക്കരുടേതുപോലെ നിന്റെയും കിളി പോയോ?’’
അറബിക് പഠിപ്പിക്കുന്ന മുസഫർ അഹമ്മദ് അതാ മുന്നിൽ വന്നു നിൽക്കുന്നു.
ഒരേ ദിവസമാണ് രണ്ടുപേരും ജോലിക്ക് ചേർന്നത്. അവർ വ്യത്യസ്ത നാട്ടുകാരാണെങ്കിലും വർഷങ്ങളുടെ ഇഴയടുപ്പം രണ്ടുപേരെയും ഉറ്റചങ്ങാതികളാക്കിയിരിക്കുന്നു. സീനിയർ മുസഫറാണ്. കുറച്ചു മണിക്കൂറുകൾ മാത്രം. അതിനാൽതന്നെ പണിക്കർ മാഷ് പ്രിൻസിപ്പൽ കസേര വിട്ടൊഴിഞ്ഞപ്പോൾ സ്വാഭാവികമായും നറുക്ക് വീണത് മുസഫറിനാണ്. അയാൾ പക്ഷേ, ഒരാലോചനക്കുപോലും നിൽക്കാതെ നോ പറഞ്ഞു.
ക്യാമ്പസ് ഭാഷ മുഴുവൻ മുസഫറിന് വശമാണ്. അവസരം കിട്ടുമ്പോഴെല്ലാം അതെടുത്തു പ്രയോഗിക്കുന്നതിൽ അയാൾ ആനന്ദിക്കാറുമുണ്ട്. അവൻ എരിതീയിൽ എണ്ണയൊഴിക്കാൻ പറയുന്നതല്ലെന്ന് സിറിയക്കിനറിയാം. മുസഫർ സരസപ്രിയനാണ്. എങ്കിലും ഇപ്പോഴത്തെ അവന്റെ വർത്തമാനം ചങ്കിൽ കൊള്ളുന്നതായി സിറിയക്കിന് തോന്നി.
ഞാൻ നിന്നോട് അന്നേ പറഞ്ഞതല്ലേ സിറിയക്കേ വേണ്ടാ, വേണ്ടാന്ന്. നീ കേട്ടില്ല. ചാടിയങ്ങ് ഏറ്റെടുത്തു. നീയും ഞാനും കൂടിയല്ലേ പണിക്കർ മാഷെ കാണാൻ പരിയാരം മെഡിക്കൽ കോളേജിൽ പോയത്...
‘‘എന്താ നമ്മളവിടെ കണ്ടത്?’’
മുസഫിർ സിറിയക്കിന്റെ നേർക്ക് ഉറപ്പിച്ച മുഖം ഒന്നുകൂടി മുറുക്കി ചോദിച്ചു. സിറിയക്കിന് മിണ്ടാൻ കഴിഞ്ഞില്ല.
‘‘എന്തേ കണ്ടത്? എനിക്കു വേണ്ടാ, എനിക്കു വേണ്ടാ, എനിക്ക് പ്രിൻസിപ്പലാവണ്ടാ, പഴയ പഠിപ്പിക്കല് മതി, മതി എന്ന് പാതിമയക്കത്തിൽ പുലമ്പുന്ന പണിക്കരെയല്ലേ നമ്മള് അവിടെ കണ്ടത്. അത് കണ്ട ഒരാൾ പ്രിൻസിപ്പൽ കസേര കാണുന്ന മാത്രയിൽ ഓടിരക്ഷപ്പെടും...’’
ഉത്തരം പറഞ്ഞില്ലെങ്കിലും അവൻ പറഞ്ഞത് നൂറുവട്ടം സത്യമല്ലേ എന്ന് സിറിയക് ആലോചിച്ചു. ആശുപത്രിയിൽനിന്ന് തിരിച്ചുപോരുമ്പോൾ പണിക്കർ മാഷ് പ്രിൻസിപ്പലായതിനുശേഷം പരക്കുന്ന ഗോസിപ്പുകൾ പരസ്പരം പറഞ്ഞ് ചിരിച്ചതും സിറിയക് ഓർത്തു. ഒരാളുടെ ശാരീരികമോ മാനസികമോ ആയ അധഃപതനം മറ്റുള്ളവരിൽ ഹാസ്യമുണ്ടാക്കും എന്ന അരിസ്റ്റോട്ടിലിയൻ സിദ്ധാന്തത്തെ മുൻനിർത്തിയാണ് ചിരിച്ചതെന്ന് പരസ്പരം സമാധാനിച്ചാണ് ഇരുവരും അന്ന് പിരിഞ്ഞത്.
തിരുവനന്തപുരത്തേക്ക് പോകാനുള്ള െട്രയിൻ റിസർവേഷൻ ഫോമിൽ മെയിൽ/ ഫീമെയിൽ കോളത്തിനു നേർക്ക് മദ്രാസ് മെയിൽ എന്നെഴുതി പണിക്കർ മാഷ് തന്റെ കയ്യിലാണ് തന്നു വിട്ടതെന്ന പ്യൂൺ സതീശന്റെ കിംവദന്തിക്കുശേഷമാണ് മലയാളം മാഷായ പണിക്കരുടെ ഇംഗ്ലീഷ് പരിജ്ഞാനം അസൂയാലുക്കളായ അധ്യാപകർക്കിടയിൽ കൂലങ്കഷമായി ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയത്. സാൾട്ട് മാങ്കോ ട്രീ കണക്കാണ് മാഷ് ഇംഗ്ലീഷ് വെച്ചടിക്കുന്നതെന്ന ശ്രുതി പരക്കെ പ്രചാരം നേടി. പറഞ്ഞു പറഞ്ഞ് ഇംഗ്ലീഷ് അബദ്ധ തമാശകൾ പലവക പണിക്കരുടെ തലയിൽ വന്നുവീണു.
‘‘എന്നെയും നിന്നെയും നിർത്തിയല്ലേ അന്ന് സൈക്യാട്രിസ്റ്റ് ജോലിസമ്മർദമാണ് മാഷിന്റെ മനോനില തകരാറിലാക്കിയതെന്ന് പറഞ്ഞത്. എന്നിട്ടും നീ ചെന്ന് ചാടി. അതു വിട്ടൊഴിഞ്ഞതോടെ പണിക്കര് രക്ഷപ്പെട്ടു. പിള്ളേരെറിഞ്ഞ പന്ത് ഉരുണ്ടു പോകുമ്പോലല്ലേ ഇപ്പോൾ അയാൾ ഓടിച്ചാടി നടക്കുന്നത്... എത്ര സുസ്മേരപർവം ആ ജീവിതം!’’
ഇത്രയും പറഞ്ഞ് മുസഫർ ആർത്തു ചിരിച്ചു. ഏറ്റെടുക്കുമ്പം ഓർക്കണമായിരുന്നു എന്ന ഒരു കമന്റ് കൂടി പറഞ്ഞ് മുസഫർ സിറിയക്കിനെ നോക്കി.
സാമാന്യം നന്നായി പെരുമാറാനറിയാം, ഇംഗ്ലീഷ് ബോറില്ലാതെ എഴുതുകയും പറയുകയും ചെയ്യും, ആളുകളെ കൂട്ടിയിണക്കി കൊണ്ടുപോകാനും സ്വൽപമൊക്കെ മിടുക്കുണ്ട്. കോളേജ് മാനേജ്മെന്റ് വേണ്ടുവോളം നിർബന്ധിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം ബലത്തിലാണ് സിറിയക് പ്രിൻസിപ്പൽ സ്റ്റിയറിങ് തിരിക്കാൻ തയാറായത്. പക്ഷേ, പിള്ളേരുണ്ടാക്കുന്ന തൊന്തരവുകളോടും അധ്യാപകർക്കിടയിലെ പടലപ്പിണക്കങ്ങളോടും ഒരുവിധം തട്ടീം മുട്ടീം നിന്നു പറയണമെങ്കിൽ ഇതുമാത്രം പോരാന്ന് പ്രിൻസിപ്പലായി അധികം വൈകാതെ സിറിയക് തിരിച്ചറിഞ്ഞു. മഴ പെയ്യുംപോലെയാണ് പ്രശ്നങ്ങൾ ചറപറേന്ന് വന്നുവീഴുന്നത്. ഒന്നു കഴിയുമ്പോൾ വരുന്നു മറ്റൊന്ന്. അതു പരിഹരിക്കുമ്പോൾ വേറൊന്ന്. ഒരു രക്ഷയുമില്ല.
കാന്റീനിൽനിന്ന് ചായ കുടിച്ചിറങ്ങുന്നതുവരെ രണ്ടുപേരും കൂടുതലൊന്നും സംസാരിച്ചില്ല. ഇറങ്ങിക്കഴിഞ്ഞതേ സിറിയക് മുസഫറിന്റെ നേർക്ക് നോക്കി സഹായം അഭ്യർഥിക്കും മട്ടിൽ പറഞ്ഞു. ‘‘നീയുംകൂടി ഇങ്ങനെ തുടങ്ങിയാൽ പ്രിൻസിപ്പൽ പോസ്റ്റിൽനിന്ന് പിൻവാങ്ങുകയേ എനിക്ക് തരമുള്ളൂ. പിന്നെ നിനക്കറിയാല്ലോ, എനിക്ക് ഒന്നിനോടും ഒരു പുളിപ്പുമില്ലെന്ന്. മാനേജ്മെന്റ് കാലുപിടിച്ചതുകൊണ്ടു മാത്രമാണ് ഞാൻ ഈ കുരിശിപ്പോൾ തലയിൽ ചുമക്കുന്നത്. പുറത്തുനിന്ന് ഒരാൾ വരുന്നതിലും നല്ലത് നമ്മളിൽ ഒരാൾ ആവുന്നതല്ലേന്ന് വിചാരിച്ചും പോയി.’’
‘‘അതിന് ഞാൻ നിന്നെ കുറ്റം പറഞ്ഞതല്ല ഗൈസ്. നിന്നെ തേക്കാൻ ഞാൻ നിൽക്കുമോ. നീ എന്റെ മുത്തല്ലേ കുട്ടാ.’’ ഇത്രയും പറഞ്ഞ് വഴിയേ പോകുന്ന കുട്ടികളാരെങ്കിലും കേട്ടോ എന്ന് മുസഫർ തലതെറ്റിച്ചു നോക്കി. നരച്ചവന്റെ വായിൽനിന്നു ചാടുന്ന ന്യൂജെൻ വാക്കുകൾ കേട്ടപ്പോൾ സിറിയക് ഉഷാറായി. എടാ മിടുക്കാ, ന്യൂജെൻ കിഴവാ, ആ കുട്ടീടെ കാര്യത്തിൽ നീ എന്തെങ്കിലും തീരുമാനം പറയെടാ പഹയാ. സിറിയക് പറഞ്ഞു.
കനി എന്ന കുട്ടിയാണ് പ്രശ്നക്കാരി. അവൾ രണ്ടാം വർഷക്കാരിയാണ്. ഇംഗ്ലീഷാണ് ഐച്ഛികം. ക്ലാസ് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞതേ പൊല്ലാപ്പുകൾ ആരംഭിച്ചു. ആരും തന്നോട് മിണ്ടുന്നില്ലെന്ന് പറഞ്ഞാണ് അവൾ കവിത ടീച്ചറെ സമീപിച്ചത്. കരഞ്ഞു കണ്ണു നിറച്ചാണ് അന്നവൾ സ്റ്റാഫ് റൂമിൽനിന്ന് മടങ്ങിപ്പോയത്. അവളുടെ സങ്കടം കേട്ടതേ കൂട്ടുകാരികളായ ടീച്ചർമാരോട് കവിത ഇക്കാര്യം പറഞ്ഞു. അവർ മറ്റു പെൺകുട്ടികളെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി കാര്യങ്ങൾ അന്വേഷിച്ചു.
അവൾ ആരോടും മിണ്ടാറില്ല. കുത്തി കുത്തി ചോദിച്ചാലും മിണ്ടാണ്ടിരിക്കും. ഇങ്ങനെ കുറേ കഴിഞ്ഞപ്പോൾ ഞങ്ങള് ഞങ്ങടെ പാട് നോക്കി പോന്നു ടീച്ചർ എന്ന് അവരെല്ലാം ഒറ്റ സ്വരത്തിൽ പറഞ്ഞു.
പിന്നീട് പരാതികളുടെ പ്രവാഹമായിരുന്നു. മറ്റു കുട്ടികൾ ഇടവേളകളിൽ ഡിപ്പാർട്മെന്റിൽ വന്നു പോയി. കൂട്ടത്തോടെയായിരുന്നു അവരുടെ വരവ്. അതിൽ ആൺകുട്ടികളും പെൺകുട്ടികളുമുണ്ടായിരുന്നു.
‘‘ന്റെ മാഷേ, ഓൾക്ക് കണ്ണുകടിയാ. നമ്മള് ആൺകുട്ടികളും പെൺകുട്ടികളും മിണ്ടുന്നത് ഓൾക്ക് കണ്ണുംവെട്ടത്ത് കണ്ടുകൂടാ. അപ്പോ ചാടി വീഴും. വെറുതെയല്ല വീഴുവാ. ഒന്നൊന്നര ഫിലോസഫിയും കൊണ്ടാ വരുവാ. തോറ്റു തുന്നംപാടി പോകും ...’’ ഷാനവാസിന്റെ ഇതേ അഭിപ്രായമായിരുന്നു മറ്റുള്ളവർക്കും.
‘‘ഇങ്ങനൊരുത്തി വന്നുപെട്ടതുകൊണ്ട് നമ്മളെ ഡിഗ്രി വെള്ളത്തിലായി ടീച്ചറേ. ഓൾ ഓരോന്ന് വെറ്തെ നിനച്ചുകൂട്ടും. കുഴഞ്ഞുമറിഞ്ഞുള്ള ചിന്തകൾ. എന്റമ്മോ, ഓൾടെ ഓരോ കണ്ടെത്തൽ കേൾക്കാൻ നിന്നാൽ പ്രാന്തെടുത്തു മരിക്കും.’’ ജിജിത്തിന് പറയാനുള്ളതുതന്നെയായിരുന്നു എല്ലാവർക്കും പറയാനുണ്ടായിരുന്നത്.
രണ്ടാം വർഷം ആരംഭിച്ച് ഏതാണ്ട് മൂന്നു മാസമായിട്ടുണ്ടാവണം. കനിയുടെ തലവെട്ടം പ്രിൻസിപ്പലിന്റെ മുറിക്കരികിൽ കണ്ടു. പ്രിൻസിപ്പൽ സിറിയക് തോമസ് വിളിച്ചുവരുത്തിയതാണ്. അൽപം കഴിഞ്ഞപ്പോൾ അവളുടെ ഡിപ്പാർട്മെന്റ് എച്ച്.ഒ.ഡി നന്ദഗോപനും അവിടേക്കു വന്നു. നിസ്സംഗതയുടെ മൊത്തവിതരണക്കാരനാണ് താൻ എന്നമട്ടിലുള്ള ഒരു മുഖഭാവമായിരുന്നു അയാളുടേത്. അയാൾക്കൊപ്പം ജേണലിസം അധ്യാപകൻ രാജീവുമുണ്ട്. അവളാകട്ടെ എന്തിനും ഏതിനും മറുപടി പറയാൻ ചുറുചുറുക്കുള്ള പെൺകുട്ടിയെ പോലെ തോന്നിച്ചു.
പ്രിൻസിപ്പലിന്റെ മുറിയിൽ ഇതിനുമുമ്പ് പലതവണ അവൾ വന്നിട്ടുണ്ട്. അഡ്മിഷനെടുക്കാനായിരുന്നു ആദ്യത്തെ വരവ്. അന്ന് അരമണിക്കൂറിനു മുകളിൽ സിറിയക് സാർ അവളോടും അച്ഛനോടും അമ്മയോടും സംസാരിച്ചിരുന്നു. യാത്ര പറഞ്ഞ് ഇറങ്ങി പോരുമ്പോൾ പ്രിൻസിപ്പലിനോട് പ്രത്യേകമായ ഒരടുപ്പം അവൾക്ക് തോന്നുകയും ചെയ്തിരുന്നു. പിന്നീട് പ്രിൻസിപ്പലിനെ കാണേണ്ടിവന്നപ്പോഴെല്ലാം ആദ്യ കൂടിക്കാഴ്ച നൽകിയ ആത്മവിശ്വാസത്തിന്റെ ബലത്തിൽ കനി സധൈര്യം പ്രിൻസിപ്പൽ ചേംബറിലേക്ക് കയറിപ്പോവുകയാണുണ്ടായത്.
എച്ച്. ഒ.ഡിയും ഇംഗ്ലീഷ് വിഭാഗത്തിലെ മറ്റധ്യാപകരും കുട്ടികളും പലപ്പോഴായി പ്രിൻസിപ്പലിനെ കണ്ട് പരാതി പറഞ്ഞിരുന്നതിനാൽ സിറിയക് തോമസിന് കനി അപരിചിതയായിരുന്നില്ല. അയാളാകട്ടെ വിദ്യാർഥികൾക്ക് സദാ കാതുകൊടുക്കണം എന്നു ചിന്തിച്ചിരുന്ന അധ്യാപകനുമായിരുന്നു. കനിയുടെ പറച്ചിലുകളും മറ്റുള്ളവരുടെ അവളെക്കുറിച്ചുള്ള പരാതികളും കൂടിക്കൂടി വന്നു.
വലിയ സങ്കീർണതകളിലേക്കാണ് കനിയുടെ മനസ്സ് കയറിപ്പോകുന്നതെന്ന് സിറിയക് തോമസ് തിരിച്ചറിഞ്ഞത് അവളുടെ പതിവു സന്ദർശനങ്ങളിൽ ഒന്നിലായിരുന്നു. ക്ലാസ് കഴിഞ്ഞ് അധികം കഴിയുന്നതിന് മുമ്പ് കനി പ്രിൻസിപ്പലിന്റെ മുറിക്ക് മുന്നിൽ ഹാജരുണ്ട്. ഒന്നു രണ്ടു സന്ദർശകർ പ്രിൻസിപ്പലിനെ കണ്ടു തിരിച്ചുപോകും വരെ കനി വരാന്തയിൽ കാത്തുനിന്നു. ഊഴമെത്തിയപ്പോൾ അവൾ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് കയറിച്ചെന്നു.
എന്റെ മരണം എപ്പോൾ വേണമെങ്കിലും സംഭവിക്കാം സാർ എന്ന് മുഖവുരയില്ലാതെയാണ് കനി പറഞ്ഞത്. അവളെ കൊല്ലാൻ കാത്തിരിക്കുന്നവരുടെ പേരുവിവരം അവൾ പറഞ്ഞപ്പോൾ സിറിയക് തോമസ് ശരിക്കും ഞെട്ടിപ്പോയി. പൊളിറ്റിക്കൽ സയൻസിലെ റാം മോഹനെ കനി വല്ലാതെ ഭയപ്പെടുന്നു. അയാൾ വരാന്തയിലൂടെ പോകുമ്പോൾ ക്ലാസിലിരിക്കുന്ന തന്നിലേക്ക് രൂക്ഷ നോട്ടമയക്കുന്നു എന്നതായിരുന്നു അവൾ കണ്ടെത്തിയ കാരണം. എല്ലാം മോളുടെ മനോവ്യാപാരങ്ങളും ഭയങ്ങളുമാണെന്ന് അവളെ ധരിപ്പിക്കാൻ സിറിയക് ശ്രമിച്ചെങ്കിലും അത് നടപ്പില്ലെന്ന് പെട്ടെന്നുതന്നെ അയാൾക്ക് ബോധ്യപ്പെട്ടു. നാളെ താനും അപരാധിയാകാം എന്ന ഉൾവിളി അയാൾക്കുണ്ടായി.
തങ്ങൾ രണ്ടുപേർ മാത്രമേ കാബിനിൽ ഉള്ളൂ എന്ന പരമാർഥം ഒരു വിറയൽ കണക്ക് അയാളിലൂടെ കടന്നുപോയി. നമുക്ക് പരിഹാരം കാണാം എന്നു പറഞ്ഞ് അവളെ പെട്ടെന്നുതന്നെ അവിടെനിന്ന് പറഞ്ഞുവിട്ടപ്പോഴാണ് സിറിയക് തോമസിന് ശ്വാസം നേരെ വീണത്.
ഇനിയും വൈകുന്നത് അപകടമാണെന്ന തിരിച്ചറിവിൽ കനിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്താൻ പ്രിൻസിപ്പൽ തീരുമാനിക്കുകയായിരുന്നു. നഗരത്തിലെ പ്രമുഖ സൈക്യാട്രിസ്റ്റ് ഡോക്ടർ ഏകനാഥിന്റെ ചികിത്സാ സർട്ടിഫിക്കറ്റുകളുമായാണ് കനിയുടെ രക്ഷിതാക്കൾ പ്രിൻസിപ്പലിനെ കാണാൻ എത്തിയത്.
അവർ ഏറെ പ്രായമുള്ള ദമ്പതികളായിരുന്നു. കനിയുടെ മാതാപിതാക്കളുടെ കരുണാർദ്രമായ ഭാവവും മകളെ പറഞ്ഞുവിടരുതേ എന്ന കണ്ണുകളിലെ യാചനയും സിറിയക് തോമസിന് കാണാതിരിക്കാനായില്ല. കോളേജിൽനിന്ന് പുറത്തുപോയാൽ കനി എളുപ്പം ഏകാന്തതയുടെ തുരുത്തിൽ അന്തേവാസിയായി തീരുമെന്നും സിറിയക്കിന് ഉറപ്പായിരുന്നു. അതിനാൽ വരുന്നതുവരട്ടെ എന്നു കണ്ണുമടച്ചു സമാധാനിച്ചാണ് കനിയുടെ മാതാപിതാക്കളെ അന്ന് പ്രിൻസിപ്പൽ യാത്രയാക്കിയത്. പരാതിയുമായി വരുന്ന അധ്യാപകരോടും കുട്ടികളോടും അതിനുശേഷം പലതവണ കനിക്കുവേണ്ടി സിറിയക്കിന് സംസാരിക്കേണ്ടിവന്നു.
പ്രിൻസിപ്പലിന്റെ ആത്മവിശ്വാസത്തിന്റെ ആയുസ്സ് അധികനാൾ നീണ്ടുനിന്നില്ല. ജേണലിസം അധ്യാപകനായ രാജീവ് സിലബസിലെ രണ്ടു മൊഡ്യൂൾ കഴിഞ്ഞപ്പോൾ ഒരു ക്ലാസ് ടെസ്റ്റ് നടത്തിയിരുന്നു. പരീക്ഷ കഴിഞ്ഞ് രണ്ടാം ദിവസം ലഞ്ച് ബ്രേക്കിന്റെ സമയത്ത് സ്റ്റാഫ് റൂമിനു മുന്നിൽ കനി പ്രത്യക്ഷപ്പെട്ടു. അവൾക്ക് കാണേണ്ടത് ജേണലിസം അധ്യാപകൻ രാജീവ് സാറിനെയാണ്.
അയാൾ ചോറുണ്ട് കൈ കഴുകി വരുന്നേ ഉണ്ടായിരുന്നുള്ളൂ. അവളെക്കുറിച്ചുള്ള പരാതികൾ നിരന്തരം കേൾക്കാറുണ്ടെങ്കിലും സിറിയക് സാറിനെപ്പോലെ രാജീവ് എപ്പോഴും കനിക്ക് ഒരു ശ്രദ്ധകൊടുക്കുക പതിവുണ്ട്. അതിന്റെ സ്വാതന്ത്ര്യം അവൾ എടുക്കാറുണ്ടെന്ന് രാജീവ് പലപ്പോഴും ശ്രദ്ധിച്ചിരുന്നു. പാത്രത്തിലെ വെള്ളം കുടഞ്ഞുകളഞ്ഞ് അടച്ച് മേശപ്പുറത്തു വെക്കുന്നതിനിടയിൽ രാജീവ് കനിയോട് എന്താണ് വന്നതെന്ന് ചോദിച്ചു. അയാളുടെ തൊട്ടടുത്ത് ആരുമുണ്ടായിരുന്നില്ല. മറ്റുള്ളവർ ചോറുണ്ട് കഴിയുന്നതേ ഉള്ളൂ. കനി സ്വൽപം ആശങ്കപ്പെടുന്നുണ്ടെന്ന് അയാൾക്ക് തോന്നി.
മറ്റു അധ്യാപകർക്കൊന്നും അവളെ കണ്ടുകൂടെന്ന് രാജീവിനറിയാം. രാജീവ് അവളോട് സ്നേഹത്തോടെ പെരുമാറുമ്പോളൊക്കെയും ആദ്യവട്ടങ്ങളിൽ സഹപ്രവർത്തകർ താക്കീതു നൽകിയിട്ടുമുണ്ട്. അപ്പോഴൊക്കെ അയാൾ അവരുടെ വാദങ്ങൾ ചിരിച്ചുതള്ളുകയാണ് പതിവ്. കിട്ടുമ്പോൾ പഠിച്ചോളും എന്ന സാമാന്യയുക്തിയിൽ മറ്റധ്യാപകർ ഉപദേശം അവസാനിപ്പിക്കുകയും ചെയ്തതാണ്.
‘‘വന്ന കാര്യം ധൈര്യമായി പറഞ്ഞോളൂ. ആരും കേൾക്കാൻ പോന്നില്ല.’’
രാജീവ് അവളെ നിർബന്ധിച്ചു.
സാർ, ക്ഷമിക്കണം. അവൾ മടിച്ചുമടിച്ചു പറഞ്ഞു. ഇന്നലെ പരീക്ഷയെഴുതിയപ്പോൾ ഞാൻ ഒരു തെറ്റു ചെയ്തുപോയിട്ടുണ്ട്.
‘‘എന്ത് തെറ്റ്? രാജീവ് ചോദിച്ചു. കനി പറഞ്ഞോളൂ, കുഴപ്പമില്ല. ധൈര്യമായിട്ടു പറയൂ.’’
‘‘ഉത്തര പേപ്പറിൽ ഞാൻ മോശം രക്തം കുടഞ്ഞിട്ടുണ്ട്...’’
മടിച്ചു മടിച്ച് ഇത്രയും പറഞ്ഞ് കനി ഓടിക്കളഞ്ഞു.
അവൾ കണ്ണിൽനിന്നു മറയുന്നതുവരെ നോക്കിനിന്ന രാജീവ് പെട്ടെന്നുതന്നെ മേശവലിപ്പ് തുറന്ന് കനിയുടെ ഉത്തരക്കടലാസിനായി തിരഞ്ഞു. കിട്ടിയതേ അയാൾ പേജുകൾ മറിച്ചു നോക്കി. പലയിടങ്ങളിൽ ഉണങ്ങിയ ചോരത്തുള്ളികൾ. അയാൾ അറപ്പോടെ അവളുടെ ഉത്തരക്കടലാസ് താഴേക്കിട്ടു. അതിലെ താളുകൾ പല ദിശകളിലേക്ക് വാപിളർത്തി വീണുകിടന്നു. കുറച്ചുനേരം എന്തുചെയ്യണമെന്നറിയാതെ അയാൾ നിന്നു.
രാജീവ് പിന്നൊന്നും ആലോചിച്ചില്ല. അവളോടുണ്ടായിരുന്ന സർവ ദയകളും അയാളിൽനിന്ന് ഘനീഭവിച്ചുപോയി. ആദ്യം ഇക്കാര്യം രാജീവ് സൂചിപ്പിച്ചത് എച്ച്.ഒ.ഡി നന്ദഗോപനോടാണ്. അത് മറ്റ് സ്റ്റാഫംഗങ്ങളിലേക്കും പടർന്നു.
ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലെ അധ്യാപകരും അധ്യാപികമാരും ഒന്നടങ്കം എച്ച്.ഒ.ഡിയുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ ചേംബറിലേക്കു നടന്നു. കനി ജേണലിസം ഉത്തര പേപ്പറിൽ ആർത്തവരക്തം തളിച്ചത് ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും കനിയെ കോളേജിൽനിന്നു പുറത്താക്കുന്നതു വരെ തങ്ങൾ ക്ലാസുകൾ ബഹിഷ്കരിക്കുമെന്നും അവർ പ്രിൻസിപ്പൽ സിറിയക് തോമസിന്റെ മുമ്പിൽ ആണയിട്ടു.
പ്രിൻസിപ്പലിന്റെ മുറിയിൽ നിൽക്കുകയാണ് കനി. സിറിയക് തോമസിന്റെ ചോദ്യങ്ങൾക്ക് അവൾ മറുപടി നൽകുന്നുണ്ട്. പക്ഷേ, താൻ ചെയ്ത കാര്യം ന്യായീകരിക്കാൻ കനി മിനക്കെട്ടേയില്ല. നിസ്സംഗയായി നിൽക്കുക മാത്രമാണുണ്ടായത്. പരീക്ഷ എഴുതിക്കൊണ്ടിരുന്ന കനി അനുവാദം ചോദിച്ച് വാഷ് റൂമിലേക്ക് പോയത് അവളുടെ നിസ്സംഗമായ നിൽപിനിടയിൽ രാജീവന്റെ ഓർമകളിലേക്ക് തിക്കിക്കയറി വന്നു. അവളോടുള്ള അരിശംകൊണ്ടയാൾ പലയാവർത്തി വിയർത്തു കുളിച്ചു. കനിയുടെ അച്ഛനും അമ്മയും വരട്ടെ എന്ന തീർപ്പിലാണ് പ്രിൻസിപ്പൽ സിറിയക് അവളെ തിരിച്ചയച്ചത്.
ഒരു കാരണവശാലും കനിക്ക് കോളേജിലേക്ക് ഇനി എൻട്രി നൽകരുതെന്നും അത് വലിയ വിപത്തായിരിക്കും കോളേജിന് ഉണ്ടാക്കുക എന്നുമുള്ള മുന്നറിയിപ്പു നൽകിയാണ് ഇംഗ്ലീഷ് വിഭാഗം തലവൻ നന്ദഗോപനും ജേണലിസം അധ്യാപകൻ രാജീവും പ്രിൻസിപ്പൽ ചേംബറിൽനിന്നു പോയത്.
കനിയുടെ അച്ഛനും അമ്മയും നാളെ വരും. അവർക്ക് എന്തു മറുപടി നൽകും. അവളെ കോളേജിൽ പ്രവേശിപ്പിക്കുന്നതിന് ആരും തയാറല്ല. അന്വേഷണ കമീഷൻ റിപ്പോർട്ട് വായിച്ചാൽ അതു മനസ്സിലാകും. ഹിയറിങ്ങിന് വിളിച്ച അധ്യാപകരും കുട്ടികളുമെല്ലാം അവൾക്കെതിരാണ്. പൊതുസമൂഹത്തിന്റെ കാഴ്ചയിലും കനി ചെയ്തത് അതിഗുരുതരമായ തെറ്റാണ്. ‘‘ന്യായീകരിക്കുവാൻ എവിടെയും ഒരു സാധ്യത കാണുന്നില്ലല്ലോ മുസഫറേ’’ എന്നു പറഞ്ഞ് സിറിയക് ദീർഘമായി ഒന്നു നിശ്വസിച്ചു.
സത്യത്തിൽ ആർത്തവരക്തം എങ്ങനെ മോശമാകും എന്ന ഒരു ചിന്ത ആ സന്ദർഭത്തിൽ സിറിയക്കിൽ ഉണ്ടായി. അയാൾ അത് മുസഫറിനോട് അവിടെ വെച്ച് പങ്കുവെക്കുകയും ചെയ്തു. അപ്പോൾ മുസഫർ തന്റെ കൈകളിൽ ഒന്നുയർത്തി ഇത് ഏത് കൈ എന്ന് സിറിയക്കിനോടായി ചോദിച്ചു. എന്തു കോപ്പിലെ ചോദ്യമാടാ എന്ന സിറിയക്കിന്റെ മറുപടിയും ഇടതു കൈ എന്ന മുസഫറിന്റെ ഉത്തരവും ഒരേ സമയം കൂടിക്കുഴഞ്ഞു.
‘‘നീ ശ്രദ്ധിച്ചിട്ടില്ലേ സിറിയക്, ഞാൻ ജന്മനാൽ ഇടങ്കൈയനാണ്. എന്നാൽ, എഴുതുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം വലങ്കൈകൊണ്ടും. എന്തൊരു പുകിലല്ലേ? സമൂഹമല്ലാതെ ആരാണ് ഇതിനുത്തരവാദി. ഇടങ്കൈകൊണ്ട് ചോറ് വാരിയുണ്ട കുട്ടിക്കാലത്ത് എന്തടി മേടിച്ചിട്ടുണ്ട് ഞാൻ എന്നറിയാമോ? കൈക്കൊട്ടിന് അടിച്ചടിച്ചാണ് എന്റെ ഇടങ്കൈയനെഴുത്ത് വീട്ടുകാർ നിർത്തിയത്. ആരെ പേടിച്ചാ അവരിതൊക്കെ ചെയ്തത്. സമൂഹത്തെ, സമൂഹത്തെ മാത്രം പേടിച്ച്. സമൂഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾ ഇല്ലാതാക്കിയത് എന്റെ മസ്തിഷ്കത്തിന്റെ നൈസർഗികതയെയാണ്... എന്നെ വിക്കനെന്ന് ഇടയ്ക്കെങ്കിലും വിളിക്കാൻ നിന്നെ പോലുള്ളവർക്ക് അത് സാഹചര്യവുമൊരുക്കി.’’ സാർ ഇതേക്കുറിച്ച് എന്തു പറയുന്നു എന്ന ഭാവത്തിൽ ഇത്രയും പറഞ്ഞ് മുസഫർ നിന്നു.
ഇന്നത് ചെയ്യാം, ഇന്നത് ചെയ്യരുത്. വലങ്കൈകൊണ്ട് ചെയ്യേണ്ടവ, ഇടങ്കൈകൊണ്ട് ചെയ്യേണ്ടവ. നല്ലത്, മോശം. സമൂഹത്തിന്റെ മുൻവിധികളിൽ ഇങ്ങനെ പലതുണ്ട് മുസഫർ. ആ അർഥത്തിൽ ആർത്തവം അമ്പമ്പോ മഹാപാതകം. ഇതാ നമ്മുടെയൊരു ലൈൻ. ഇതെല്ലാം നിന്നോടല്ലാതെ ആരോടെങ്കിലും പറയാൻ പറ്റുമോടാ.
കനി അസുഖക്കാരി ആയതുകൊണ്ടാണ് ഇങ്ങനെയൊക്കെ പെരുമാറുന്നത്. ആ അർഥത്തിൽ അവൾ പരിഗണന അർഹിക്കുന്നുണ്ട് മുസഫർ. അതൊന്നും ഇവറ്റകൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല. അതുകൊണ്ട് നമുക്കൊന്നും ചെയ്യാനില്ല. സിറിയക് പറഞ്ഞു.
‘‘എങ്കിലും കനിയുടെ അച്ഛനെയും അമ്മയെയും ഒന്നു കേൾക്കണം. അവരെ പരമാവധി വിഷമിപ്പിക്കാതെ വേണം പറഞ്ഞുവിടാൻ. പരാതി പറയുമ്പോഴും നമ്മളെ ശപിക്കാത്ത മട്ടിൽ.’’ കോളേജ് കൗൺസിലിൽ വെച്ച് എല്ലാവരുടെയും ഇഷ്ടത്തിന് നിന്നുകൊടുക്കേണ്ടിവരും. തെളിവുകൾ മുഴുവൻ കനിക്കെതിരാണ്. കനിയെ ഒഴിവാക്കുന്നതിൽ കുറഞ്ഞ തീർപ്പിന് അധ്യാപകരാരും നിൽക്കില്ല. അവർ വരുമ്പോൾ നാളെ നീ കൂടി എന്റെ ചേംബറിൽ വേണം മുസഫർ. നിനക്കേ എന്നെ മനസ്സിലാവൂ. കനിയുടെ രോഗാതുരമായ മനസ്സ് മനസ്സിലാവൂ. ആരെയും പരിക്കേൽപിക്കാതെ നമുക്ക് കാര്യങ്ങൾ പറഞ്ഞു തീർക്കണം. നീ വരില്ലേ. സിറിയക് മുസഫറിനെ നോക്കി.
‘‘നിനക്കൊരാവശ്യം വന്നപ്പോൾ ഞാനെപ്പഴാ വരാതിരുന്നിട്ടുള്ളത് സിറിയക്?’’
മറുചോദ്യംകൊണ്ടാണ് മുസഫർ സിറിയക്കിന്റെ ചോദ്യത്തെ നേരിട്ടത്. ഒരു പെൺകുട്ടിയുടെ ഭാവിയാണ്. അതുകൊണ്ടുതന്നെ ഗൗരവമായി ആലോചിച്ചെടുക്കേണ്ട തീരുമാനവുമാണ് എന്ന ഓർമപ്പെടുത്തൽ നൽകിയാണ് മുസഫർ പിരിഞ്ഞത്.
കനിയും രക്ഷിതാക്കളും പ്രിൻസിപ്പൽ ചേംബറിലുണ്ട്. അന്വേഷണ കമീഷൻ അംഗങ്ങളും ഇംഗ്ലീഷ് എച്ച്.ഒ.ഡി നന്ദഗോപനും രാജീവും മുസഫറും അവിടെയുണ്ട്. കനിയുടെ രക്ഷിതാക്കൾ അവളുടെ കൊള്ളരുതായ്മകൾ കേട്ട് തലതാഴ്ത്തിയിരുന്നു. പതർച്ച ഏതുമില്ലാതെ നിന്ന കനി മറുത്തൊന്നും പറയാൻ ഭാവമില്ലായിരുന്നു. പ്രിൻസിപ്പൽ ഇത്തവണ കണിശമായിത്തന്നെയാണ് സംസാരിച്ചത്. അത് ബോധപൂർവവുമായിരുന്നു. തന്നെ അക്രമിക്കാൻ കാത്തിരിക്കുന്നവർക്ക് അതിനുള്ള അവസരം ഉണ്ടാക്കരുതെന്ന് അയാൾക്ക് നിർബന്ധമുണ്ടായിരുന്നു. ഇതറിയാവുന്നതിനാൽ മുസഫറും പ്രിൻസിപ്പലിനെ പിന്തുണച്ചു സംസാരിച്ചു.
മകൾ പുറത്തുനിൽക്കട്ടെ. അവളുടെ അസാന്നിധ്യത്തിൽ ഞങ്ങൾക്ക് നിങ്ങളോട് സംസാരിക്കണമെന്ന് കനിയുടെ അച്ഛനാണ് പറഞ്ഞത്. കനിയോട് പുറത്തുനിൽക്കാൻ പ്രിൻസിപ്പൽ ആവശ്യപ്പെട്ടു. അൽപനേരം അവർക്കിടയിൽ ശബ്ദങ്ങൾ നിലക്കപ്പെട്ടു. പതിയനെ അക്ഷരങ്ങൾ ചിലത് പിശുക്കി പിശുക്കി കനിയുടെ അച്ചന്റെ വായിൽനിന്നു പുറത്തേക്കു ചാടി. അവിടെ ഇരുന്ന പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവരെ വിഴുങ്ങിക്കളയാൻ ത്രാണിയുള്ള അക്ഷരകൂട്ടങ്ങളുടെ മഹാപ്രളയമായിരുന്നു പിന്നീട്. അതിൽ വിമ്മിട്ടപ്പെട്ടു പിടയ്ക്കുകയല്ലാതെ മറ്റു വഴികൾ തങ്ങൾക്കു മുന്നിലില്ലെന്ന തിരിച്ചറിവിൽ പ്രിൻസിപ്പൽ സിറിയക് തോമസ് മുസഫറിനെ തറച്ചുനോക്കി. മുസഫറും ആ നില തുടർന്നു.
രാജശേഖരൻ പുറത്തേക്ക് ഇടക്കിടെ നോക്കുകയും എല്ലാവരോടുമായി പറയുകയുമാണ്. റീന നിർന്നിമേഷയായി അയാളെ തന്നെ നോക്കിയിരിക്കുന്നു. സാറന്മാരേ, ഞങ്ങൾക്ക് ഇവൾ ഒറ്റയൊരുത്തിയേ ഉള്ളൂ. ഇവളെ വീട്ടിലേക്ക് കൊണ്ടുപോരുമ്പോൾ ഒരു വയസ്സും മൂന്നു മാസവുമാണ് പ്രായം. അന്നെനിക്ക് അമ്പത്തിനാല് വയസ്സുണ്ട്. ഇവൾടെ അമ്മക്ക് നാൽപത്തെട്ടും. ഒരു സർക്കാർ സ്കൂളിൽ പ്യൂണായിരുന്നു ഞാൻ. രാജശേഖരൻ റീനയിലേക്ക് തന്നെ കണ്ണുകൾ പതിപ്പിച്ചു. അവരിൽനിന്ന് വീഴുന്ന വാക്കുകൾ കേൾവിക്കാർ സ്തബ്ധരായി നിന്ന് പെറുക്കിക്കൂട്ടുകയാണ്. റീനയാണ് ബാക്കി മുഴുമിപ്പിച്ചത്.
കന്യാസ്ത്രീകൾ നടത്തുന്ന ഒരു അഗതിമന്ദിരമുണ്ട് തളിപ്പറമ്പിൽ. ഈ കുഞ്ഞിനെ അവിടുന്നാ ഞങ്ങൾക്കു കിട്ടിയത്. അതൊരു വലിയ കഥയാ സാറേ. ഇവളെ ഞങ്ങളുടെ കയ്യിലെത്തുംവരെ നോക്കിയത് സിസ്റ്റർ റാഹേൽ ആയിരുന്നു. ഞാൻ അവരെ കാണുമ്പോൾ അവർക്ക് ഏതാണ്ട് നാൽപതിനടുത്ത് പ്രായം മതിക്കും.
പക്ഷേ അവരാ പ്രായത്തിലും ഒരു മാലാഖയെ പോലിരുന്നു. അവരുടെ പെരുമാറ്റം നിലാവുപോലെ മനോഹരമായിരുന്നു. മക്കളില്ലാതെ വിഷമിക്കുമ്പോഴാണ് പട്ടുവം ദീന സേവന സഭയിൽനിന്ന് കുഞ്ഞുങ്ങളെ ദത്തു കിട്ടും എന്ന് ഞങ്ങളറിഞ്ഞത്. പിന്നെ മറ്റൊന്നും നോക്കിയില്ല. ഞങ്ങളുടെ വീടിരിക്കുന്നിടത്തുനിന്ന് പത്തിരുപത് കിലോമീറ്റർ അകലെയുള്ള തളിപ്പറമ്പിലേക്ക് ഞങ്ങൾ അടുത്ത ദിവസം തന്നെ ഓടിപ്പോവുകയായിരുന്നു. റീന താൻകൂടി ഉൾപ്പെട്ട അനുഭവങ്ങളെ പൂരിപ്പിക്കുമ്പോൾ അവർ വർഷങ്ങൾ പിറകിലേക്ക് കുതിച്ചോടുകയാണെന്ന് കേട്ടിരിക്കുന്നവർക്ക് തോന്നുകയുണ്ടായി.
മദർ സുപ്പീരിയർ സിസ്റ്റർ മഗ്ദലനയുടെ അടുത്തേക്ക് അന്തേവാസിയായ ഒരു സിസ്റ്റർ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. സിസ്റ്റർ മഗ്ദലന നീളം കുറഞ്ഞ, മുഖം നിറയെ കറുത്ത പാടുകൾ നിറഞ്ഞ ഒരു സ്ത്രീയായിരുന്നു. സംസാരിച്ചു തുടങ്ങിയപ്പോഴേക്കും അവരുടെ ഹൃദയനൈർമല്യം ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു. മുൻ നിശ്ചയങ്ങളെയെല്ലാം തകർത്ത് മറ്റൊരാൾ കൺമുന്നിൽ പിറവിയെടുക്കുന്നത് വിസ്മയത്തോടെ ഞങ്ങൾ കണ്ടുനിന്നു. കുട്ടിയെ ദത്തെടുക്കുമ്പോൾ പാലിക്കേണ്ട നിയമവശങ്ങൾ അവർ ഞങ്ങളെ ബോധ്യപ്പെടുത്തി.
പിന്നീട് പലകുറി ഞങ്ങൾക്ക് കോൺവെന്റിൽ വരേണ്ടിവന്നു. നിരവധിതവണ ഗവൺമെന്റ് ഓഫീസുകൾ കയറിയിറങ്ങേണ്ടിയും വന്നു. ആഗ്രഹസാധ്യത്തിനുള്ള ഞങ്ങളുടെ കാത്തിരിപ്പ് നാലു മാസത്തെ അലച്ചിലിനൊടുവിൽ പൂർത്തിയായി. ഞങ്ങളുടെ കൈവെള്ളയിലേക്ക് കുഞ്ഞിനെ അവളെ നോക്കിയ കന്യാസ്ത്രീകൾ വെച്ചുതന്നത് ഇന്നലെ പോലെ ഞാൻ ഓർക്കുന്നു സാറൻമാരേ... ഞങ്ങളാണവൾക്ക് കനി എന്നു പേരിട്ടത്...
രാജശേഖരന്റെയും റീനയുടെയും വാക്കുകൾ സിറിയക് തോമസ് കേൾക്കുന്നുണ്ട്. വൈകാരികതകളുടെ പല മുഖങ്ങൾ അയാളിൽ തുറക്കപ്പെടുന്നുണ്ട്. ഓർമകളിലേക്ക് സഞ്ചരിക്കുകയാണ് സിറിയക്. യൗവനത്തിലെ യാദൃച്ഛികതകളിലേക്ക് സിറിയക് ചെന്നുവീണു. ഡിഗ്രി അവസാന വർഷ ഫലം കാത്തിരിക്കുകയാണ് അവൻ.
1989ലെ ജൂലൈ മാസം. മഴ തോർന്ന ദിവസമായിരുന്നു. വെയിൽ നല്ലനിലക്ക് ഉദിച്ചുവന്നിട്ടുണ്ട്. സമയം പത്തുമണി ആയിട്ടുണ്ടാവണം. കവലയിലെ പീടികയിൽനിന്ന് സാധനങ്ങൾ വാങ്ങി മടങ്ങിവരികയാണ് സിറിയക്. വീടെത്താറാകുമ്പോഴാണ് അത് സംഭവിച്ചത്. മൂന്നു പെണ്ണുങ്ങൾ നീട്ടിപ്പിടിച്ച തോട്ടിയുംകൊണ്ട് സർക്കസ് കളിക്കുന്നു. അതിലൊരാൾ സിറിയക്കിന്റെ പെങ്ങളാണ്. മറ്റു രണ്ടുപേർ അയൽപക്കത്തുള്ളവർ. റോഡിൽ, വീടതിർത്തിക്കരികിൽ ഒരു ബിഗ് ഷോപ്പർ ബാഗ് ആരോ വെച്ചുപോയിരിക്കുന്നു.
അതിൽ എന്തെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പെണ്ണുങ്ങൾ. സിറിയക്കിനെ കണ്ടതും ചിത്രച്ചേച്ചിയും സുഹറത്താത്തയും ആശ്വാസനിശ്വാസങ്ങൾ പ്രകടിപ്പിച്ചു. ആണൊരുത്തൻ എത്തിയല്ലോ എന്ന ആത്മവിശ്വാസം അവരുടെ മുഖത്ത് നന്നായി കത്തുന്നുണ്ട്. പേടിത്തൊണ്ടനിസം യൗവനത്തിലും കൊണ്ടുനടക്കുന്ന സിറിയക്കിന്റെ സ്വഭാവം നന്നായി അറിയുന്ന ചേച്ചിയുടെ മുഖം മാത്രം കത്തിയില്ല.
ചേച്ചി വരാന്തയിൽ പുസ്തകം വായിച്ചിരിക്കുകയായിരുന്നു. ഒരു സ്ത്രീ ഷോപ്പർ ബാഗ് വെച്ച് കുന്നുകയറി പോയത് വായനക്കിടയിൽ അവൾ മിന്നായംപോലെ കണ്ടിരുന്നു. തൊട്ടപ്പുറത്തെ വീട്ടിലേക്കാണെന്നാണ് കരുതിയത്. നേരം ഏറെ കഴിഞ്ഞിട്ടും ആ സ്ത്രീ വരാതായപ്പോൾ ആധിയായി. അങ്ങനെയാണ് ഇവൾ ഞങ്ങളെ വിളിച്ചുവരുത്തിയത്. മോനൊന്നു നോക്കിയേ? ചിത്രച്ചേച്ചിയാണ് പറഞ്ഞത്.
സിറിയക്കിന്റെ ഉള്ളം കിടുങ്ങി. പലവിധ ചിന്തകൾ മനസ്സിൽ കാടുകയറി. ഷോപ്പർ തുറക്കുമ്പോൾ ചാടി വരുന്ന ഒരു കരിമൂർഖൻ മനസ്സിൽ ഫണം വിരിച്ചു. മുഖമടച്ച് അടികിട്ടിയ പോലെ പൊട്ടിത്തെറിക്കുന്ന ഒരു ബോംബ് മനസ്സിൽ നിന്നു കത്തി. സിറിയക്കിന്റെ നല്ല ജീവൻ അവനെ ഉപക്ഷിച്ച് കുന്നു കയറി. ജന്മായത്തമായ പേടികൾ ഇതാ നാടറിയാൻ പോകുന്നു. ആത്മാഭിമാനം തകരുന്നതിലും ഭേദം മരണമാണെന്ന് സിറിയക് ഓർത്തു. ഇതു തനിക്ക് പുല്ലാണെന്ന ഭാവത്തിൽ സിറിയക് ഷോപ്പറിനടുത്തേക്കു നടന്നു. തളർന്ന ശരീരത്തോടെ മുഖം കുനിച്ച തന്റെ പ്രതീക്ഷകളെ മുഴുവൻ തകർത്ത് ഒരു കുഞ്ഞുമുഖം സഞ്ചിക്കകത്തു കിടന്നു പിതുക്കുന്നത് സിറിയക് കണ്ടു.
വെയിൽ ചൊരുക്കിൽ ചുരുണ്ടു കിടക്കുന്ന ചുവന്നു തുടുത്ത കവിളുകളുള്ള ഒരു പെൺകുഞ്ഞ്. ഭൂമി തൊട്ട നിമിഷംതന്നെ വഞ്ചിക്കപ്പെട്ടവളുടെ പൊക്കിൾക്കൊടി മുറിച്ചു മാറ്റാത്തതിനാൽ അതിൽനിന്നും ഇളം ചോര വാർന്നുതീരുന്നുണ്ട്. സിറിയക് സഞ്ചി കരുതലോടെ എടുത്ത് പറമ്പിലെ മാവിൻചോടിന്റെ തണലിലേക്കു വെച്ചു. അപ്പോഴേക്കും നാട് പലവഴിക്ക് ഓടിയെത്തി. ആളുകൾ തിങ്ങിനിറഞ്ഞു. അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും അധികം വൈകാതെ ഗവൺമെന്റിന്റെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്കും അവൾ മാറ്റപ്പെട്ടു. ഓർമകൾ, യാഥാർഥ്യങ്ങൾ... അവക്കകത്ത് ബഹുമുഖ വികാരങ്ങളാൽ വലിച്ചുമുറുക്കപ്പെട്ട ഒരു മനുഷ്യനായി നിൽക്കേണ്ടിവരുന്നത് എന്തു മാത്രം ഗതികേടാണെന്ന് സിറിയക് തോമസ് ഓർത്തു.
കനിയുടെ മാതാപിതാക്കളുടെ ഓർമകളും തന്റെ അനുഭവങ്ങളും ഏകതാസ്വഭാവമുള്ള രണ്ടു സംഭവങ്ങളാണല്ലോ എന്ന തിരിച്ചറിവിൽ അയാൾ വീർപ്പടക്കി. തന്റെ കൈകളിലൂടെ രക്ഷിക്കപ്പെട്ട പെൺകുഞ്ഞും കനിയും ഒരേ കാലത്തിന്റെ രണ്ടു വ്യത്യസ്ത ധ്രുവങ്ങളിൽ ലയിക്കപ്പെട്ട വിഹ്വലതകളായിരുന്നല്ലോ എന്ന തോന്നൽ അയാളിൽ ശക്തിപ്പെട്ടു.
ആകസ്മികതകളുടെ മനഃസാക്ഷിയില്ലാത്ത അരങ്ങേറ്റങ്ങൾക്കകത്തു പെട്ടുപോയ പെൺകുട്ടിയാണ് കനി എന്ന് അയാളുടെ മനസ്സ് പല ആവർത്തി വിളിച്ചു പറഞ്ഞു. ഇനിയും അവളെ വിചാരണചെയ്യാൻ തനിക്കാവില്ല എന്ന തിരിച്ചറിവിൽ നിശ്ചല രൂപങ്ങളായി താനുൾപ്പെടെയുള്ള മനുഷ്യർ ഉറഞ്ഞുപോയെങ്കിലെന്ന് സിറിയക് തോമസ് ആത്മാർഥമായും ആഗ്രഹിച്ചു. കനിയുടെ ജീവിതത്തിലെ കുരിശുമല കയറ്റങ്ങളിൽ തനിക്കു മരിച്ചു വീഴണമെന്ന ചിന്ത സിറിയക് തോമസിൽ ശക്തമായിത്തീർന്നതോടെ അയാളിലെ മനുഷ്യന് നിൽക്കക്കള്ളിയില്ലാതായി. സിറിയക് പ്രിയ ചങ്ങാതി മുസഫറിലേക്ക് കണ്ണയച്ചു. അയാളും അസ്തപ്രജ്ഞനായി നിൽക്കുകയാണ്.
മറ്റുള്ളവരുടെ മുഖങ്ങളിലെല്ലാം ജയിച്ചവന്റെ ധിക്കാരമുണ്ട്. ഉപക്ഷിക്കപ്പെട്ട പെൺകുട്ടികളുടെ മനസ്സുകൾ കലിയടങ്ങാത്ത അലകടലാണ്. അവിടെ അവരുടെ അമ്മമാരുടെ വികാരനൗകകൾ ദിശ തെറ്റി ഒഴുകുന്നുണ്ട്. ഹൃദയമാപിനികൾക്ക് അളന്നെടുക്കാൻ കഴിയാത്ത അഗാധ ഗർത്തങ്ങളിൽ ഉേപക്ഷിക്കപ്പെട്ട കുഞ്ഞുങ്ങൾ അവരുടേതല്ലാത്ത വീഴ്ചകളുടെ വലിയ ഭാരങ്ങൾ തിരയുന്നുണ്ട്. അവയെ ആട്ടിയകറ്റാനുള്ള ശ്രമങ്ങൾ വിഭ്രാന്തികളുടെ കൂട്ടം ചേർന്നുള്ള മുഴക്കങ്ങളായി രൂപാന്തരപ്പെടുന്നുണ്ട്. ആർപ്പുവിളികൾ മാത്രം കണ്ടു പരിചയിച്ചവർക്ക് അബോധത്തിന്റെ നിലവിളികൾക്ക് കാതു കൊടുക്കാനാവില്ല. കനിയുടെ ഹൃദയം പേറുന്ന ആകുലതകളെ ഉൾക്കൊള്ളാനാവില്ല.
ഇതൊന്നും വിളിച്ചു പറഞ്ഞില്ലെങ്കിൽ ശ്വാസം കിട്ടാതെ താൻ മരിച്ചുപോകുമെന്ന അസ്വസ്ഥത ഒരിക്കൽകൂടി സിറിയക്കിൽ വന്നു മൂടി. അയാൾ അർധബോധത്തിൽ പുറത്തേക്കു കടന്നു. വരാന്തയിൽ തൂണും ചാരി നിൽക്കുന്ന കനിക്കടുത്തേക്ക് നടക്കുന്ന സിറിയക് തോമസിനെ കനിയുടെ മാതാപിതാക്കൾ മറ്റൊരു ഭൂഖണ്ഡത്തിലെ മനുഷ്യനെപ്പോലെ കണ്ണുകൾ തുറന്ന് നോക്കി. പത്തൊമ്പതു വർഷം ഈ ലോകം വിനിമയം ചെയ്ത വിഷലിപ്തമായ ഭൂപടങ്ങളുടെ വരകൾ നിറയെ കനിയിൽ അയാൾക്ക് കാണാം. ദുരിതങ്ങൾ അനേകം പേറിയ, തനിക്കറിയാവുന്ന മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരുമായ സ്ത്രീകളുടെ നിലവിളികൾക്കകത്താണ് താനിപ്പോൾ നിൽക്കുന്നതെന്ന തോന്നലിൽ അയാൾ കൈകൾ കൂട്ടിത്തിരുമ്മി.
എല്ലാം അറിഞ്ഞിട്ടും കനിക്കു വേണ്ടി ഒന്നും ചെയ്യാൻ തനിക്ക് പറ്റുന്നില്ലല്ലോ എന്ന നെടുവീർപ്പിൽ നിൽക്കുന്ന സിറിയക് തോമസിനടുത്തേക്ക് കനി ഓടി വന്നെത്തി. അവളുടെ പ്രിയപ്പെട്ട പ്രിൻസിപ്പൽ അവളെ ചേർത്തുപിടിച്ചു. തലമുടിയിഴകളിൽ തന്റെ വിരലുകളോടിച്ചു. ആ സവിശേഷ സന്ദർഭത്തിൽ ജന്മനാൽ കുടിയിരുത്തപ്പെട്ട ഭയം എന്ന വികാരം തന്നിൽനിന്ന് ഭേദിക്കപ്പെട്ടതായും അലൗകികമായ ഒരു കരുതൽ തന്നെ വലയം ചെയ്യുന്നതായുമുള്ള അനുഭവത്തിലേക്ക് കനി പ്രവേശിച്ചു.