കാദംബിനി
കോരിച്ചൊരിയുന്ന മഴ. മെനഞ്ഞാന്ന് രാത്രി തുടങ്ങിയതാണ്. ഈ മഴയത്ത് കെണറ്റിന്‍കരേന്ന് വെള്ളം വലിച്ചോണ്ട് വരാന്‍ ഇത്തിരി പാടാണെന്ന് ഇവിടെ എല്ലാര്‍ക്കുമറിയാം. പറഞ്ഞിട്ടെന്താ കാര്യം. പണി ചെയ്യുന്നതെല്ലാം നമ്മളായോണ്ട് ആര്‍ക്കും ഒന്നും അറിയേണ്ടല്ലോ. കെണറിന്‍റടുത്ത്ന്ന് വരുമ്പം അടുക്കളപ്പൊറത്തൂടെ അകത്ത് കയറാനാണെളുപ്പം. പക്ഷേ മഴക്കാലത്ത് ആ ഭാഗത്ത് തൊറന്നടയ്ക്കാന്‍ കുറച്ച് പാടാ. ആ ഭാഗത്ത് മാത്രം ഇപ്പഴും ടാര്‍പ്പായി വലിച്ച് കെട്ടിയിരിക്കയാണ്. എങ്ങനെയോ വെള്ളവുമെടുത്ത് അടുക്കളേലെത്തിയപ്പോഴുണ്ട് ഏട്ടന്‍റെ അമ്മ ഉറക്കോംതൂങ്ങി അടുപ്പിന്നടുത്ത് വന്നിരിക്കുന്നു. ഉള്ളില് നല്ല ആശ്വാസമാണ് തോന്നിയത്....
Your Subscription Supports Independent Journalism
View Plansകോരിച്ചൊരിയുന്ന മഴ. മെനഞ്ഞാന്ന് രാത്രി തുടങ്ങിയതാണ്. ഈ മഴയത്ത് കെണറ്റിന്‍കരേന്ന് വെള്ളം വലിച്ചോണ്ട് വരാന്‍ ഇത്തിരി പാടാണെന്ന് ഇവിടെ എല്ലാര്‍ക്കുമറിയാം. പറഞ്ഞിട്ടെന്താ കാര്യം. പണി ചെയ്യുന്നതെല്ലാം നമ്മളായോണ്ട് ആര്‍ക്കും ഒന്നും അറിയേണ്ടല്ലോ. കെണറിന്‍റടുത്ത്ന്ന് വരുമ്പം അടുക്കളപ്പൊറത്തൂടെ അകത്ത് കയറാനാണെളുപ്പം. പക്ഷേ മഴക്കാലത്ത് ആ ഭാഗത്ത് തൊറന്നടയ്ക്കാന്‍ കുറച്ച് പാടാ. ആ ഭാഗത്ത് മാത്രം ഇപ്പഴും ടാര്‍പ്പായി വലിച്ച് കെട്ടിയിരിക്കയാണ്. എങ്ങനെയോ വെള്ളവുമെടുത്ത് അടുക്കളേലെത്തിയപ്പോഴുണ്ട് ഏട്ടന്‍റെ അമ്മ ഉറക്കോംതൂങ്ങി അടുപ്പിന്നടുത്ത് വന്നിരിക്കുന്നു.
ഉള്ളില് നല്ല ആശ്വാസമാണ് തോന്നിയത്. ഭാഗ്യം, അല്ലെങ്കിത്തന്നെ വൈകി, ഇനിപ്പം ചെറിയ കാര്യങ്ങളൊക്കെ അമ്മതന്നെ നോക്കിക്കോളുമല്ലോ. നാലുമണിക്ക് അലാറംവെച്ചിട്ട് അതും ഓഫാക്കി പിന്നേം കെടന്നുപോയി ഒരു മണിക്കൂറോളം. പത്ത് മണിക്കെങ്കിലും അങ്ങെത്തണമെന്നാ ഇന്നലെ ഉമേച്ചി വിളിച്ചപ്പം പറഞ്ഞത്. പാര്‍ട്ടി, പള്ളീന്ന് ഹോളിലെത്തുമ്പോഴേക്കും പതിനൊന്ന് മണിയാവുംപോലും.
അപ്പോഴേക്കും എല്ലാ പണികളും കഴിഞ്ഞ് സാധനങ്ങളും എടുത്തുവെച്ച് ഇരിപ്പിടങ്ങളും ശരിയാക്കിവെച്ച് ഇരിക്കണ്ടെ. അമ്മ അടുപ്പത്ത്ന്ന് ചായക്കായി ഊതിത്തുടങ്ങുമ്പോഴേക്കും ഞാന്‍ വേഗം ഗ്യാസടുപ്പില് പുട്ടുണ്ടാക്കാന്‍ തുടങ്ങി. പറമ്പിലാകെ വെറക് ഇഷ്ടംപോലെ കെടക്കുന്നത്കൊണ്ട് അമ്മക്ക് ഇഷ്ടമല്ല ഗ്യാസടുപ്പ് അധികമുപയോഗിക്കുന്നത്. ഇനിയും അവിടെത്തന്നെ നിന്നാല്‍ മുറുമുറുപ്പുണ്ടാകുമെന്ന് അറിയാവുന്നത്കൊണ്ട് മെല്ലെ മുറീല് പോയി ഇറങ്ങാനുള്ള പരിപാടികള് ചെയ്യാന്ന് കരുതി.
മുറീലും നല്ല തണുപ്പാണ്, ജയേഷേട്ടനെ ഓര്‍ത്തു. എവിടെയായിരിക്കും ഇപ്പോ? ഇന്നലെ രാത്രി ഉറങ്ങാന്‍ നേരത്ത് വിളിച്ചപ്പം കോയമ്പത്തൂരാന്നാ പറഞ്ഞത്. അവിടേം ഇത്പോലെ മഴയുണ്ടോ ആവോ. വല്ല്യ വണ്ടീം വലിച്ചോണ്ട് ഈ പാതിരക്ക്... ഓര്‍ത്തപ്പോ പേടി തോന്നിയെങ്കിലും പിന്നെന്ത് ചെയ്യാനാ എന്ന നെടുവീര്‍പ്പോടെ നേരം പുലര്‍ന്നോന്നറിയാന്‍ ജനാല ഒന്ന് മെല്ലെ തുറന്ന്നോക്കി. കാറ്റും കോളും. വാച്ചില് നോക്കിയാല്‍ മാത്രമറിയാം നേരം വെളുത്ത് വരാനായീന്ന്. നാട്ടിലും കോട ഇറങ്ങിയോ എന്നപോലെയുണ്ട് പുറത്തത്തെ കാലാവസ്ഥ. എല്ലായിടവും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ട് നേരം കുറേയായി. ഈ കാറ്റും മഴേം ഉള്ളപ്പം എങ്ങനെ പോകും?
നേര്‍ത്ത് തൂങ്ങിയ ഒരു സങ്കടച്ചാല്‍ അകത്തും പുറത്തും കൂടുതൽക്കൂടുതല്‍ മൂടിക്കെട്ടി വന്നു. ഇറങ്ങാന്‍നേരം അമ്മയോട് എടുത്ത്പഞ്ഞിട്ടാണിറങ്ങിയത്, ‘‘അമ്മേ, എന്തായാലും മോന്തിയാവും ഇങ്ങെത്താന്‍. പേടിക്കണ്ടാട്ടോ, ഞാനിങ്ങെത്തിക്കോളാം. ഏട്ടനേം വിളിച്ച് പേടിപ്പിക്കരുത്.’’ അവര് തലകുലുക്കി. ‘‘ന്തെ ലും ബാക്കി ള്ള ങ്ങടുത്തോ. പിന്നെ വന്ന്ട്ട് അടുപ്പൂതാന്‍ നിക്കണ്ടല്ലോ.’’ നല്ല രണ്ട് പറയാനാണ് തോന്നിയത്, എങ്ങനെയോ ഒന്നും മിണ്ടാതെ കുടകൊണ്ട് മുഖവും മറച്ച് മുന്നോട്ട്നടന്നു.
‘‘തള്ളക്ക് ഒരു പണിയുമെടുക്കാതെ തിന്നണം.’’ ദേഷ്യം തോന്നിയെങ്കിലും മുന്നോട്ട് നടക്കുമ്പോള്‍ അമ്മ കഴിഞ്ഞ ദെവസോം പറഞ്ഞതോര്‍ത്തു, ‘‘മോളെ, നെനക്കറിയോ ഒന്നൊറങ്ങാന്‍ കൊതിച്ച് നടന്ന കാലം മുഴുവന്‍ ഒറങ്ങാനേ പറ്റിയിര്ന്നില്ല. ദാ ന്ന് പറയുമ്പോലെ ഓടിത്തീര്‍ന്നോയി അക്കാലം. രാവും ല്ല പകലും ല്ലാന്ന് പറഞ്ഞമാതിരി. ഇപ്പോ മക്കളൊക്കെ ഓരോ കരക്കെത്തിച്ചപ്പോഴേക്ക് പിന്നെ ഇഷ്ടംപോലെ സമയം ണ്ട്. പക്ഷേ, ഒറക്കം വര്ന്നില്ല. പകലായാലും രാത്രിയായാലും എപ്പോം തിരിഞ്ഞൂം മറിഞ്ഞൂം കെടക്കും.’’
നല്ല ഉയര്‍ന്ന പ്രദേശമാണ് ഞങ്ങളുടേത്, അവിടന്നും അഞ്ചെട്ട് പറമ്പ് മേലെയാണ് ഞങ്ങളെ വീട്, ചുളുവിലയ്ക്ക് കിട്ടിയതാണ്. അതൊക്കെ വേഗത്തില്‍ ചാടിയിറങ്ങി മുന്നോട്ട്നടന്ന് കവുങ്ങിന്‍തോട്ടത്തിലെ ചെളിയും കുണ്ടും നിറഞ്ഞ വഴികളിലൂടെ മുന്നോട്ട് നടക്കുമ്പോ എന്തൊക്കെയോ കുഞ്ഞന്‍ ജീവികളുടെ ഒച്ചപ്പാട് കേള്‍ക്കാന്‍ തുടങ്ങി. കഴിഞ്ഞ കൊല്ലാണ് കവുങ്ങിന്‍തോട്ടത്തില് മുക്കാല് ഭാഗവും കുരുമുളകുവള്ളി പടര്‍ത്തിയത്. അതുകൊണ്ട് ഇപ്പോ എന്തെങ്കിലും എവിടെങ്കിലും ഒളിച്ചിരിക്കുന്നുണ്ടെങ്കിലൊന്നും കാണാന്‍ പറ്റില്ല. ഒരു പ്രത്യേകതരം ഒച്ചുണ്ട് ഈയിടെയായി ഈ ഭാഗത്തൊക്കെ. മഴക്കാലത്ത് ഇടക്കൊക്കെ അട്ടകളുമുണ്ടാകും.
ദൂരെ മലകളില്‍നിന്നുള്ള കാറ്റിന്‍റെ ഇരമ്പം മഴക്കിടയിലും കേള്‍ക്കാം. കട്ടറോഡിലൂടെ പോയാല്‍ ഒന്നര കിലോമീറ്ററോളം നടക്കണം, അതാ ഈ എളുപ്പവഴിയിലേക്ക് തിരിഞ്ഞത്. ഇതാണെങ്കില്‍ പകുതി മതി. പക്ഷേ, മുന്നോട്ട് നടക്കുന്ന വഴിയിലാകെ വെള്ളച്ചാലുകള്‍ രൂപപ്പെടുത്തിയ പലപല വഴികള്‍. കുണ്ടും കുഴിയും അതുമുണ്ട്. ഭാഗ്യം, സാരിയുടുക്കാതിരുന്നത്. പെട്ടുപോയേനേ.
മുന്നോട്ട് നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണോര്‍ത്തത്, കഷ്ടിച്ച് അവിടെയെത്താനുള്ള പൈസയേയുള്ളൂ കയ്യില്‍. ഇന്നലെ പത്തിരുന്നൂറ് രൂപ ഗൂഗിള്‍ പേ ചെയ്യാന്ന് പറഞ്ഞെങ്കിലും ഏട്ടന്‍ ചെയ്തില്ലല്ലോ? മറന്നതാവും. ബസ്സ് കയറിയതും ഏട്ടനെ വിളിച്ച് നോക്കി, കിട്ടുന്നില്ല. നനഞ്ഞിരിക്കുന്നതിനാലാവണം, നന്നായി വിറക്കുന്നുണ്ട്. അത്യാവശ്യത്തിന് എന്നും കരുതി എന്നോ കവറിലിട്ട് ബാഗിനുള്ളില്‍ വെച്ചിരുന്ന ഒരു രോമത്തൊപ്പി പെട്ടെന്നാണോർമ വന്നതും തപ്പിയെടുത്ത് തലയിലേക്കിട്ടതും. അപ്പോ സുല്‍ഫിത്താ എന്‍റെ തൊട്ടടുത്ത സീറ്റില്‍ വന്നിരുന്നു. ഏട്ടന്‍റെ അമ്മ അവര്ടെ വീട്ടില് പണിക്ക് നിന്നിരുന്നു മുമ്പ്. രോമത്തൊപ്പി കണ്ടതും അവര് ചിരിച്ചോണ്ട് ചോദിച്ചു. ‘‘ദെന്താപ്പം മക്കളെ തൊപ്പിയൊക്കെ എടുത്ത്ട്ടാണല്ലോ യാത്ര. ആരാ, ഗ്രീഷ്മേം മക്കളുമെങ്ങാനും ഉണ്ടോ ആടെ...’’
‘‘ല്ല, ല്ല... ദ് ഞാന്‍ തന്നെ വാങ്ങിവെച്ചായിരുന്നു ത്താ. എനിക്ക് ഭയങ്കര ഇഷ്ടാ ഇങ്ങനെ ള്ള തൊപ്പികള്.’’
ബസ്സില് ആള് നന്നേ കൊറവാണ്, എന്നും ഈ ബസ്സില്തന്നെ ജോലിക്ക് പോകാറുള്ള മാധവേട്ടന്‍പോലും ഇല്ല.
‘‘സ്ഥലോം വാങ്ങി മോളിലേക്ക് കയറിയേപ്പിന്നെ അമ്മേനെ കാണുന്നേ ല്ലല്ലോ. ന്താ ഹാല്? അസുഖൊന്നും ല്ലല്ലോ ല്ലേ. അല്ലെങ്കി എപ്പോഴെങ്കിലുമൊക്കെ ഉമ്മാന്‍റെ അടുത്ത് വന്നിരുന്ന് ചേനയോ കാച്ചിലോ ഒക്കെയുണ്ടെങ്കില് വാങ്ങിക്കൊണ്ട് പോവുന്നതായിര്ന്ന്...’’
‘‘ല്ല ത്താ. വല്ല്യ കൊഴപ്പൊന്നൂല്ല. മോള്ളല്ലേ. അതാ താഴേയ്ക്കെറങ്ങാത്തെ. പിന്നെ നല്ല ചെളിയാ പ്പം. വരമ്പിനൊന്നും മര്യാദയ്ക്ക് പടവൊന്നും ചെത്തീല്ലല്ലോ. ഞങ്ങക്ക് കയറാനാവുന്നപോലെ അമ്മയ്ക്ക് കയറാന്‍ പറ്റൂലാ ലോ. അതൂണ്ട്. അന്ന് ആ കാല്മുട്ട് തെറ്റിയതിന് ശേഷം നല്ല പേടിയാ ആള്‍ക്ക്...’’
‘‘നെനക്കിപ്പം എന്നും ജോലി ണ്ടോ ടീ...’’
‘‘ആ, ഇതേ മഴാണെങ്കില്‍ ഇനിപ്പ കുറയും. പിന്നെ ഇത് സീസണാണല്ലേ...’’
‘‘ന്തേം നല്ല ഫുഡൊക്കെ കൊണ്ടോരാന്‍ കിട്ട്വോടീ...’’
‘‘ആ, ചെലപ്പൊക്കെ...’’
സുല്‍ഫിത്താ കുറേയേറെ സമയം ഞാന്‍ ചെയ്യുന്ന പണിയെപ്പറ്റി ചോദിച്ചിരുന്നത്കൊണ്ടാവാം മുന്നോട്ടുള്ള യാത്രയില്‍ തല പിറകിലെ സീറ്റിലോട്ട് ചാരി, കണ്ണുമടച്ചിരുന്ന് ഞാനും കുറേനേരം ഓര്‍ത്തത് എന്‍റെ പണിയെപ്പറ്റിത്തന്നെയായിരുന്നു.
ഞങ്ങളിതിന് മുമ്പ് വാടകക്ക് താമസിച്ചിരുന്നിടത്ത് വെച്ചായിരുന്നു ഉമേച്ചീനെ പരിചയപ്പെട്ടത്. ഞങ്ങളെ കല്യാണം കഴിഞ്ഞിട്ട് അധികമൊന്നുമായിരുന്നില്ല ആ സമയത്ത്. ഡിഗ്രി കഴിഞ്ഞതായിരുന്നുങ്കിലും, എന്തെങ്കിലും ജോലിക്ക് പോയിക്കൂടേന്ന് ഏട്ടന്‍റെ അമ്മ എപ്പോഴും ചോദിക്കാന്‍ തുടങ്ങിയിരുന്നെങ്കിലും എല്ലാ ദെവസോം ജോലിക്ക് പോകുന്നതിനോട് ഏട്ടന് ഒരു താല്‍പ്പര്യോം ഉണ്ടായിരുന്നില്ല. കാരണം, വളമെടുക്കാന്‍ പോയാല് ഇതുപോലെ ദെവസങ്ങള് കഴിഞ്ഞാണ് ഏട്ടനും വണ്ടിയും തിരിച്ചെത്താറ്. പിന്നെ മൂന്ന്നാല് ദെവസം വീട്ടിലുണ്ടാവേം ചെയ്യും.
അപ്പോപ്പിന്നെ ഞാനെല്ലാ ദെവസോം ജോലിക്ക്പോയാ ശരിയാവൂല എന്നും പറഞ്ഞ് ഏട്ടന്‍ സമ്മതിച്ചതേയില്ല. അപ്പഴാണ് നമ്മക്ക് വേണ്ടപ്പം പോയാ മതീന്നും പറഞ്ഞ് ഉമേച്ചി ഇക്കാര്യം പറഞ്ഞത്. ഉമേച്ചിക്ക് കൊറേ കാറ്ററിങ് കമ്പനികളെ അറിയാം. കല്യാണമാസങ്ങളില് എന്തായാലും ആഴ്ചേല് ഒരഞ്ച് ദെവസമെങ്കിലും പണിയുണ്ടാവും, ഒരു ദെവസം പോയാല്‍ ആയിരുറുപ്പ്യ കിട്ടേം ചെയ്യും. ഇതുപോലെ ദൂരെയാണെങ്കിലേ പണിയുള്ളൂ, അടുത്താണെങ്കില് സുഖാണ്. ഓരോന്നാലോചിച്ചിരിക്കെ ഏട്ടനെ കാണാനുള്ള പൂതി കൂടിക്കൂടി വന്നു. മൂന്ന് ദെവസായി പോയിട്ട്, ഈ മഴ ഇങ്ങനെ പെയ്യാണെങ്കില് ആള് തിരിച്ചെത്താനും ലേറ്റാവുമല്ലോ. ഓണത്തിനെന്തായാലും ഇങ്ങെത്തും ന്ന് പറഞ്ഞ് പോയതാ.
കുറച്ച് കഴിഞ്ഞ് മെല്ലെ ഇടംകണ്ണിട്ട് സുല്‍ഫിത്താനെ നോക്കിയപ്പോ ആള് തസ്ബിമാലേം വെച്ച് എന്തോ ജപിക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ഞാന്‍പിന്നെ ഒന്നും മിണ്ടാന്‍ പോവാതെ ഷട്ടറും ചെറുതായി തുറന്ന് പുറത്തേക്കും നോക്കിയിരുന്നു. മഴ കുറയുന്ന ലക്ഷണമില്ല, ആരോ എടുത്ത് കമിഴ്ത്തുംപോലെ തുടുതുടാന്നാണ് വെള്ളം ബസ്സിന്‍റെ മേലേക്ക് വീണുകൊണ്ടിരിക്കുന്നത്. ബത്തേരിക്ക് ബസ്സ് മാറിക്കയറുമ്പോ സീറ്റ് കിട്ടണമേ എന്നത് മാത്രമായിരുന്നു പ്രാർഥന. മഴയത്ത് ചൊരം കയറുന്നത് ആലോചിച്ചപ്പോ തന്നെ പേടിയായി. മണ്ണിടിച്ചെലെങ്ങാനുമുണ്ടായാലോ? ഭാഗ്യത്തിന് അങ്ങോട്ടുള്ള യാത്ര വലിയ ബുദ്ധിമുട്ടായില്ല. മഴ കാരണം മൂടിക്കെട്ടിയിരുന്നതുകൊണ്ട് ചൊരവും കാണേണ്ടി വന്നില്ല.
ബത്തേരിയിറങ്ങിയിട്ട് എഴുപത് രൂപക്കുള്ള ഓട്ടമുണ്ട് ഹാളിലേക്ക്. ഞാന്‍ ചെല്ലുമ്പോഴേക്കും ഉമേച്ചിയും കൂടെയുള്ള വേറൊരു ചേച്ചിയുംകൂടി ചെറിയ ജോലികളൊക്കെ തുടങ്ങിയിരുന്നു. പാത്രങ്ങള്‍ കഴുകി നിരത്തിവെക്കുക, വെല്‍കം ഡ്രിങ്കിനായുള്ള ഒരുക്കങ്ങള്‍ നടത്തുക മുതലായവയെല്ലാം. ഞാന്‍ ചെന്നയുടനെ മേശകള്‍ക്കും കസേരകള്‍ക്കുമുള്ള കുറേ വിരിപ്പുകള്‍ കയ്യിലേക്ക് വെച്ചുതന്നു മുതലാളി. പീച്ചും വൈറ്റുമായിരുന്നു അന്നത്തെ കളര്‍തീം. പീച്ച് മേശവിരിപ്പുകളും വെള്ള നിറഞ്ഞ കസേരകളും. നിറമൊക്കെ വെള്ളയാണെങ്കിലും മണമത്ര വെളുപ്പിക്കാനാവില്ല എന്നുംപറഞ്ഞ് കൂടെയുള്ളവള്‍ ചിരിച്ചുകൊണ്ടേയിരുന്നു. ‘‘എന്തൊരു നാറ്റം. ഇന്നലെ എവിടെന്നോ മഴ കൊണ്ടപാടെ എടുത്തുവെച്ച തുണികളാന്ന് തോന്ന്ന്ന്...’’
അധികനേരം കഴിഞ്ഞില്ല, വെപ്പുകാര്‍ ഓരോന്നും തയാറാവുന്നതിനനുസരിച്ച് ഞങ്ങള്‍ക്കരികിലുള്ള പാത്രങ്ങളിലേക്ക് കൊണ്ടുനിറയ്ക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് കൈതപ്പൂവിന്‍റെ ഗന്ധംപോലെ എന്തോ ഒന്ന് അവിടെ പരക്കാന്‍തുടങ്ങിയത്. സ്പ്രേ അടിച്ചതാവണം. അത്, അപ്പോ കൊണ്ടുവെച്ചിട്ട്പോയ പോത്ത് വരട്ടിയ മണത്തേക്കാള്‍ മുന്നില്‍നിന്നു. പോത്ത് വരട്ടിയത് തുറന്നപ്പോഴേ ഉമേച്ചിക്ക് വായില്‍ വെള്ളമൂറി എന്നെനിക്ക് മനസ്സിലായി. ഉമേച്ചിയുടെ പോത്ത്ഭ്രാന്ത് ഞങ്ങള്‍ക്കിടയില്‍ പാട്ടാ. അല്ലെങ്കിലും ഈ ക്രിസ്ത്യാനികളുടെ പോത്ത് വരട്ടിയതിന് എന്തൊരു രുചിയാ, കറുകറാന്നിരിക്കും.
എന്തോ ഒരു സ്പെഷ്യല്‍ കൂട്ടുണ്ട് അതിന്. ബീഫിന് പിറകെ മട്ടണ്‍ കുറുമയും ചിക്കന്‍ ഫ്രൈയും ഗോബി മഞ്ചൂരിയനും തേങ്ങയരച്ച നാടന്‍ കോഴിക്കറിയും സാമ്പാറും പുളിശ്ശേരിയും കാബേജും ഒണക്കസ്രാവ് കറിയും കുടംപുളിയിട്ട് ചുമചുമാന്നിരിക്കുന്ന മീന്‍ചാറും സാദാ ചോറും ഫ്രൈഡ് റൈസും എല്ലാംഎല്ലാം കൊണ്ടുവെച്ചു. വേദിയില്‍ പ്രേമഗാനങ്ങളും പുറത്ത് ബന്ധുക്കളുടെ ചേര്‍ന്നുനില്‍പ്പും. കുറേ ആളുകള്‍ പീച്ചുകാരുണ്ട്, വേറെ ചിലര്‍ വെളുത്ത ചേല ചുറ്റിയവരും. ‘‘മ്മളൊക്കെ വെളുത്ത സാരി ചുറ്റിയാല്‍ ന്തോ പോലെ ണ്ടാവും’’, അടുത്ത് നിക്കുന്നവള്‍ പറഞ്ഞു. അപ്പോഴും അവളുടെ മോഹങ്ങള്‍ മൂക്കിന്‍തുമ്പിലേക്ക് തെറിച്ച്നിന്നു.
പാര്‍ട്ടി വരുന്നതിനു മുമ്പേ ഓടിവന്ന ഒരു ഫോട്ടോഗ്രാഫറുകാരന്‍ പയ്യന്‍ തിരക്കില്‍ വന്ന് ‘‘കുടിക്കാനിത്തിരി വെള്ളം തരുമോ’’ എന്ന് ചോദിച്ചതപ്പോഴാണ്. ‘‘അവിടെ പുറത്തുണ്ടല്ലോ പലവിധം.’’
‘‘അതല്ല ചേച്ചീ, എനിക്ക് നോര്‍മല്‍ വാട്ടര്‍ വേണം. ദാഹിക്കുന്നു.’’ ചെക്കന്‍ നിന്ന് കിതക്കുകയാണ്. മിനറല്‍വാട്ടര്‍ കുപ്പി തപ്പിപ്പിടിച്ച് കൊണ്ടുവന്നു കൊടുത്തപ്പോഴേക്കും മൊതലാളി വന്നു പറഞ്ഞു.
‘‘ആ, ഒരുക്കൊക്കെ ഏതാണ്ട് കഴിഞ്ഞില്ലേ. ഇനി എല്ലാരും ഡ്രസ്സൊക്കെയങ്ങ് മാറ്റി വേഗം നോക്കീ. ഓറഞ്ച് മാറി റെഡാവുമ്പോഴേക്കും വീട്ടിലെത്തണ്ടേ.’’ ഞങ്ങളോരോരുത്തരായി ബാത്ത്റൂമില്‍ പോയി പാന്‍റും ഷര്‍ട്ടും കോട്ടുമെല്ലാമിട്ട് വരിവരിയായി നിരന്ന് നിന്നു. ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നില്‍ക്കുന്ന ആഢ്യത്വവും എന്നാല്‍ മുമ്പില്‍ വരുന്ന ആളുകളുടെയടുത്ത് അവരെ പൂർണമായും സംതൃപ്തരാക്കാന്‍ വേണ്ട വിധേയത്വവും വേണമെന്ന് പറയും മുതലാളി എപ്പോഴും. മൂന്നുവിധം വെല്‍ക്കം ഡ്രിങ്കുകള്‍, സ്ക്വാഷുകള്‍, പത്തോളം വെറൈറ്റിയില്‍ മസാലച്ചായകള്‍, കുട്ടികള്‍ക്കായുള്ള ചോക്ലേറ്റ് ഏരിയ, ചിക്കന്‍ ലോലിപ്പോപ്പുകളും, ഇറച്ചിയും മീനും നിറച്ച വിവിധ പലഹാരങ്ങളും കബാബുകളും കണ്ടമാനം. ഒന്നിലേക്കും നോക്കാതെ കടിച്ച് പിടിച്ചിരുന്നു.
ഏട്ടനെ അപ്പോഴും ഇടക്കിടക്ക് വിളിച്ച് നോക്കുന്നുണ്ടായിരുന്നു. പലപ്പോഴും ഔട്ട് ഓഫ് റേഞ്ച് എന്നാണ് പറഞ്ഞതെങ്കിലും ഇടയ്ക്ക് ഒന്ന് റേഞ്ചില്‍ വന്നപ്പോള്‍ പെട്ടെന്നെടുത്ത് ‘‘വിളിക്കാം ട്ടോ. ഞാന്‍ നേരത്തെ നിന്നെ അങ്ങോട്ട് വിളിച്ചപ്പം നീ ഔട്ട് ഓഫ്റേഞ്ചായിരുന്നു. ഞാനെവിടേലും എറങ്ങുമ്പം വിളിക്കാ ടീ ’’ എന്ന് പറഞ്ഞത് കാരണം നല്ല സമാധാനായി. പണിക്ക് നിക്കുമ്പോ ഫോണ്‍ കയ്യില്‍ വെക്കുന്നതേ ഇഷ്ടമല്ല മൊതലാളിക്ക്.
എന്തോ അത്ഭുതംപോലെയാണ് നവദമ്പതികള്‍ കയറിവന്നപ്പോ മഴ അപ്പാടെ നിന്നത്. കുടയും വടിയുമൊക്കെ റെഡിയാക്കി വെച്ചിരിക്കയായിരുന്നെങ്കിലും ഒന്നും ആവശ്യം വന്നില്ല.
പെണ്ണും ചെക്കനും കേറിയതിന് പിറകെത്തന്നെ പള്ളീലച്ഛനും കേറി രണ്ട് കുടുംബത്തെയും വിളിപ്പിച്ച് നവദമ്പതികളെക്കൊണ്ട് തിരി തെളിയിപ്പിച്ചു. പിറകെ അപ്പനമ്മമാരെക്കൊണ്ടും. അത് കഴിഞ്ഞ് കേക്ക് മുറി, വൈന്‍ കൊടുപ്പ്. വൈന്‍ കൊടുത്താ ഒറപ്പാ പിന്നെ ആരും അധികം നിക്കൂല, അടുത്തത് ഭക്ഷണമാണ്. ബുഫേ ആയത് കാരണം ഞങ്ങക്ക് പണിയേ ഇല്ലാന്നുള്ളത് പോലെയാ മുതലാളീടെ നിപ്പ്. ഓരോ സ്ഥലത്ത് ഓരോ തരത്തിലാവും പണി കൂടാ, ഇവിടെ എന്താന്ന് വെച്ചാല് ഹാളിന്‍റെ തൊട്ടുപിറകിലെ കലവറ പോരാന്നും പറഞ്ഞ് മുതലാളീം വെപ്പുകാരും ഒരു പറമ്പ് കഴിഞ്ഞുള്ള സ്കൂള്‍ കെട്ടിടമാണ് കലവറയാക്കിയത്. ഇത്രേം മഴയാവുംന്ന് അവരും കരുതീട്ടുണ്ടാവില്ല.
എന്തായാലും സാധനം ഓരോന്നും തീരുമ്പം അടുത്തത് കൊണ്ടോരാന്‍ പോയിപ്പോയി ഞങ്ങളെ കാലും നടുവും ഒടിഞ്ഞു. ആദ്യത്തെ ആള്‍ക്കാര് കഴിച്ച് പോയപ്പംതന്നെ മനസ്സിലായി, എന്തിലോ പണി കിട്ടീട്ടുണ്ടെന്ന്. ഒരഞ്ചു മിനിട്ടുകഴിഞ്ഞ് കാണും, പെണ്ണിന്‍റെ അമ്മാവന്‍ വന്ന് മൊതലാളീനെ പുളിച്ച തെറി, സംഭവം മട്ടണ്‍ കുറുമ മല്ലിപ്പൊടി ചുവച്ചിട്ട് വായേല് വെക്കാന്‍ കൊള്ളില്ലാന്ന്. അവരേറ്റവും പ്രധാനപ്പെട്ടതായി പറഞ്ഞിരുന്നത്, മട്ടണ്‍ കുറുമയായിരുന്നുപോലും. വായില് വെച്ച് നോക്കി, സംഭവം സത്യാണ്. ഒട്ടും കൊള്ളത്തില്ല. മുതലാളിതന്നെ ഒറ്റത്തുപ്പ്.
പതിനൊന്ന് മണിക്ക് കയറിയിട്ട് രണ്ടര മൂന്ന്മണിയായി അവസാനത്തെ ആള്‍ക്കാര്‍ക്കും കൊടുത്ത് പെണ്ണിന്‍റേം ചെക്കന്‍റേം വീട്ടുകാര്‍ക്കുള്ള ടേബിളും ഒരുക്കിവെച്ച് ഞങ്ങളൊന്നിരിക്കാന്‍. എല്ലാര്‍ക്കും വെശന്ന് തല കറങ്ങുന്നുണ്ടായിരുന്നു, എല്ലാം ഏകദേശം തീര്‍ന്നിട്ടുമുണ്ട്. പുളിശ്ശേരിയും അല്‍പ്പം പോത്ത് വരട്ടിയതും ഇഷ്ടംപോലെ ആട്കുറുമയും ബാക്കിയുണ്ട്. ഉമേച്ചി എല്ലാരോടുമായി പറഞ്ഞു, ‘‘ആട് കുറച്ചധികം അങ്ങെടുത്തോ. പൊരേലെത്തി നല്ലോണം ഉരുളക്കെഴങ്ങും കുരുമുളകുംകൂടിയിട്ട് അങ്ങ് വറ്റിച്ചിട്ട് കൊറച്ച് ഖരംമസാലേം തേങ്ങാപ്പാലും കൂടി ചേര്‍ത്താ മതി. അല്ലാതെ നമ്മളൊക്കെ എവിടുന്നാ ഇത്രേം വെലയുള്ള ആട് വാങ്ങുന്നേ.’’
ചെറുതായി ഒന്നടങ്ങിയ മഴ വീണ്ടും തല പൊക്കി തുടങ്ങിയിട്ടുണ്ട്. ഫോണ്‍ തുറന്ന് നോക്കിയപ്പോ വാര്‍ത്തകളിലാകെ മഴക്കെടുതികള്‍ കണ്ടു. എല്ലാം കഴിഞ്ഞിറങ്ങി വസ്ത്രോം മാറ്റി റോട്ടിലേക്ക് നിന്നതേയുള്ളൂ, ടൗണിലേക്കുള്ള ബസ് കണ്ടു, പുറക് ന്ന് ആരോ അപ്പോ വിളിച്ച് പറയുന്നുണ്ടായിരുന്നു.
‘‘അതില് കയറണ്ട, ഒരു ഓട്ടോ പിടിച്ച് സ്റ്റാന്‍റില് പോയാ ഇഷ്ടംപോലെ ബസ്സ് ണ്ടാവും, ഇരുന്ന് പോവാം. ഇതെന്തൊരു തെരക്കാ ഇത്.’’ ഞാനൊന്നും നോക്കിയില്ല, ഇപ്പാണെങ്കില്‍ ചാറ്റല്‍ മഴയേയുള്ളൂ. പിന്നെ കുറച്ചങ്ങോട്ടെത്തിയാല്‍ എന്തായാലും ആരെങ്കിലുമൊക്കെ ഇറങ്ങേം ചെയ്യും.
പക്ഷേ, പറഞ്ഞത് പോലെയായിരുന്നില്ല അകത്തേക്ക് കയറിയപ്പോള്‍, ജനസാഗരത്തിലോട്ട് കയറിനിന്ന പോലുണ്ട്. നൂറ് ആള്‍ക്കാര് നില്‍ക്കേണ്ടിടത്ത് മുന്നൂറ് പേര്. അപ്പുറത്തേക്കും ഇപ്പുറത്തേക്കും പുറകിലോട്ടും മുമ്പിലോട്ടും സകലമാന ഇടത്തോട്ടും നോക്കിയെങ്കിലും ഒരു രക്ഷയുമില്ല. അടുത്ത സീറ്റിലുള്ളവരോട് ചോദിച്ച് നോക്കി, ‘‘എവിടാ എറങ്ങ്വാ?’’ ഇവിടൊന്നും എറങ്ങുന്ന ആരൂല്ല. എനിക്കപ്പോഴേ പേടിയായി, ചൊരം. ഒരു കമ്പിയെ കഷ്ടപ്പെട്ട് ആഞ്ഞ് പുല്‍കിക്കൊണ്ടങ്ങനെ നിന്നു. ഡ്രൈവറ് അപ്പോ ആരോടോ പറയുന്നത് കേട്ടു.
‘‘ഓണമല്ലേ, പോരെങ്കില്‍ ഞായറാഴ്ചയും. ഇന്ന് നല്ല തെരക്ക് ണ്ടാവും. എങ്ങനേലും മഴേന്‍റെ മുമ്പേ വീടെത്താന്‍ നോക്കും ആള്‍ക്കാര്.’’
ഭക്ഷണപ്പൊതിയൊന്ന് കൊടുക്കാന്‍പോലും ആരേം കാണുന്നില്ലല്ലോ എന്നുമോര്‍ത്ത് നിന്നപ്പോഴാണ് എന്‍റെകൂടെ കയറിയ അമ്മച്ചി സീറ്റിനുവേണ്ടി കണ്ടക്ടറോട് സംസാരിക്കാന്‍ തുടങ്ങിയത്. ‘‘ദാ, നോക്ക് മോനേ, കാലിലെ നീര്, ഞാനവിട്ന്ന് കേറുമ്പം ഇത്രേം അകത്തേക്ക് കണ്ടില്ലായ് ര്ന്ന്. അല്ലെങ്കില്‍ ഈ പാതാളത്തിലേക്ക് ആരെങ്കിലും കേറായിരുന്നോ? ഒന്ന് എന്തെങ്കിലും ചെയ്ത് താ. നിക്ക് ഇത്രേം ദൂരൊന്നും നിക്കാന്‍ പറ്റൂല.’’
‘‘എന്‍റെ അമ്മേ, നെങ്ങള് കേറീട്ടല്ലേ ഉള്ളൂ. ഒന്നടങ്ങ്. നമുക്ക് വഴിണ്ടാക്കാം’’ കണ്ടക്ടറ് വലിയ ശ്രദ്ധ കൊടുക്കാതെ പറഞ്ഞു.
‘‘എന്ത് വഴി? ഇവിടെ ആരോട് ചോദിച്ചാലും ടൗണിലേക്കുള്ളോരാ. പിന്നെന്ത് വഴിയാ ഞ്ഞ് പറേന്നേ. ഒരു വഴിയും ല്ല.’’ അവര് മുഖം കോട്ടി.
ഇവരും ആ കല്യാണവീട്ട്ന്ന് ആവുമോ കേറീട്ടുണ്ടാവാ. ഒന്ന് ചോദിക്കാമെന്ന് വെച്ച് ചിരിച്ച്നോക്കിയെങ്കിലും പുള്ളിക്കാരി എന്നെ പരിഗണിച്ചതേയില്ല. വേഷം കണ്ടിട്ട് കല്യാണത്തിന് വന്ന് പോകുന്നതാവാനാ സാധ്യത. പക്ഷേ, അവിടെയെങ്ങും ആളെ കണ്ടതേയില്ലല്ലോ? അവര് അടുത്തിരുന്ന പെണ്‍കുട്ടിയോട് പരുങ്ങിപ്പരുങ്ങി ചോദിക്കുന്നത് കേട്ടു. ‘‘മോളേ, നീയൊക്കെ ചെറുപ്പല്ലേ. അമ്മച്ചിയൊന്ന് ഇരുന്നോട്ടേ.’’ പെണ്‍കുട്ടി മൈൻഡാക്കിയില്ല. അവള് ഹെഡ്സെറ്റെടുത്ത് നോക്കി ഒന്നുകൂടി ഉറപ്പിച്ച് ചെവിയിലേക്ക് വെച്ചു.
ബസ് മുന്നോട്ട് പോകുന്തോറും മഴ തീരെ കുറഞ്ഞ് കാര്‍മേഘം കൂടിക്കൂടി വന്നു ഒരു മഹാമാരി വരുന്ന കണക്ക് ഉരുണ്ട്കൂടി കെടക്കുന്നു. മേഘക്കൂട്ടങ്ങളുടെ സഞ്ചാരപാതയിലേക്ക് ഒരു ബസ് കയറിപ്പോകുന്നപോലെ. കുറച്ചങ്ങോട്ടെത്തിയപ്പം തേയിലത്തോട്ടങ്ങളുടെ ഭാഗത്ത് മുണ്ടും ബ്ലൗസുമിട്ട് തലയില്‍ കെട്ടുംകെട്ടിയ കുറേയധികം സ്ത്രീകള്‍ റോഡരികിലിരുന്ന് നിലത്ത്നിന്ന് എന്തോ പെറുക്കിയെടുക്കുന്നത് കണ്ടു. എത്ര നോക്കിയിട്ടും അതെന്താണെന്ന് മനസ്സിലായതേയില്ല. ഇനി കൂണാകുമോ... എന്നാലും ഇത്രയും പേര്‍ക്കൊക്കെ പെറുക്കാന്‍ മാത്രം കൂണ് വിരിയുമോ ഇവിടെയൊക്കെ.
ലക്ഷണം കണ്ടിട്ട് ചൊരത്തില്‍ നല്ല കോടയുണ്ടാകും, പേടി കൂടിക്കൂടി വന്നു. കുറച്ച് കഴിഞ്ഞ് നോക്കുമ്പോഴുണ്ട് നേരത്തെപ്പറഞ്ഞ അമ്മച്ചി ഡ്രൈവര്‍ക്കടുത്തുള്ള ഭാഗത്ത് പാതിചന്തിയുംവെച്ച് കഷ്ടപ്പെട്ടിരിക്കുന്നു, എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ട്. പെട്ടെന്ന് എന്‍റെ തൊട്ടുപിറകിലത്തെ സീറ്റിലുണ്ടായിരുന്ന കൊച്ചുകുഞ്ഞ് നിര്‍ത്താതെ കരയാന്‍തുടങ്ങി, അതിത്രനേരം ഉറങ്ങുകയായിരുന്നു. രണ്ടുമൂന്ന് തവണ ഛർദിക്കേംചെയ്തു. അതിന്‍റെ അമ്മ എന്തുചെയ്യണമെന്നറിയാതെ കുറേ തുണിയെടുത്ത് ഛർദില്‍ തടുത്തുകൊണ്ടിരുന്നപ്പോഴാണ് കണ്ടക്ടര്‍ ഇടപെട്ട് ബസ് നിര്‍ത്തിച്ച് ആ കുഞ്ഞിനെയും അമ്മയെയും പണിപ്പെട്ട് പുറത്തിറക്കി അവരെ വൃത്തിയാക്കാന്‍ വിട്ടത്. അതിനിടയിലാണ് ആരോ വിളിച്ച് പറഞ്ഞത്, ‘‘ഹായ്, ദാ ഓറഞ്ച് മരം. നിറയെ മൂത്ത് പാകായി നില്‍ക്കുന്നത് കണ്ടോ.’’
പലരുടെയും ശ്രദ്ധ അതിലായി, പ്രത്യേകിച്ച് പെണ്ണുങ്ങളുടെ. ഒരു കോണ്‍വെന്‍റിലെ ഓറഞ്ച് മരമാണ്. നിറയെ കായ്കളുണ്ട്, ഞാനും ആദ്യമായാണ് ഓറഞ്ച,് മരത്തില്‍ നില്‍ക്കുന്നത് കാണുന്നത്. പല ആള്‍ക്കാരും ഇറങ്ങിനിന്ന് മരത്തിന്‍റെകൂടെ വീഡിയോകളും സെല്‍ഫികളുമെടുത്തു. വെള്ളനിറത്തിലുള്ള കോണ്‍വെന്‍റ്, വെള്ളനിറത്തിലുള്ള മതിലുകള്‍, വെള്ള ഗേറ്റ്, ഗേറ്റിന് പുറത്ത് വെള്ള പടവുകള്‍, എല്ലാം വെള്ള. ഗേറ്റിന് തൊട്ടുപിറകിലായി രണ്ട് ഓറഞ്ച് മരങ്ങള്‍, ഒരേ പ്രായവും വലുപ്പവുമുള്ളവയാണെന്ന് കണ്ടാലറിയാം.
പക്ഷേ ഒന്ന്, മരം കാണാത്തത്ര കായ്ച്ചും മറ്റേത് കാലമാകാത്തപോലെയും നിൽക്കുന്നു. ഉന്തുംതള്ളും കാരണം ഞാനിറങ്ങാന്‍ പോയില്ല, ബസില്‍നിന്നെടുത്ത ഫോട്ടോയില്‍ ഓറഞ്ച് കാണുന്നുമില്ല. ഉറപ്പായും ഇത് കണ്ടാല്‍ അമ്മ വിശ്വസിക്കില്ല ഓറഞ്ച് മരമാണെന്ന്. ആ, സാരമില്ല. ഹെഡ് ഫോണിട്ട കുട്ടി ആരെയോ വീഡിയോകോളില്‍ വരെ വിളിച്ച് കാണിച്ചുകൊടുത്തു ആ കാഴ്ച. ഒരൊറ്റ നിമിഷത്തില്‍ കഴിഞ്ഞു എല്ലാം. ആളുകളെല്ലാം തിടുക്കത്തില്‍ തിരിച്ചുകയറി.
ആ വെപ്രാളത്തിനിടയിലാണ് ശ്രദ്ധിച്ചത്, ഒരു തമിഴന്‍ എന്നെയുംനോക്കി ചിരിച്ചുകൊണ്ടേയിരിക്കുന്നു. ഞാന്‍ പെട്ടെന്ന് ശ്രദ്ധ മാറ്റി ഫോണെടുത്ത് ഏട്ടനെ വിളിക്കുന്നതായി ഭാവിച്ചു. എന്നിട്ട് വിദൂരതയിലേക്ക് കണ്ണുംനട്ടിരുന്നു. വണ്ടി, റിസോർട്ടുകളും കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന കടകളും തേയിലത്തോട്ടങ്ങളും ബസാറുകളും കടന്ന് മുന്നോട്ട്നീങ്ങി. മേഘം ഇരുണ്ടുകൊണ്ടേയിരുന്നു, അതിന്‍റെ ഇരമ്പല്‍ ചുറ്റിലുമുള്ളവരിലേക്കും പടരുകയുംചെയ്തു. തിരുവോണമാകാന്‍ ഒരു ദിവസം കൂടിയേ ഉള്ളൂവെങ്കിലും ഇവിടെ വഴികളിലൊന്നും ഒരു തിരക്കുമില്ലല്ലോ?
ബസ് ഒമ്പതാം വളവിലെത്താന്‍ അല്‍പ്പം കൂടിയേയുള്ളൂ, പേടി കൂടിക്കൂടി വന്നു. എനിക്ക് ചെറുപ്പത്തിലേ ഉയരം പേടിയാണ്, ഓക്കാനം വരും. വിറയ്ക്കും. തല ചുറ്റും. ചിലപ്പോ നിര്‍ത്താതെ ഛർദിക്കും. ചുറ്റിലുമുള്ള ആരോടെങ്കിലും ഒന്നിരിക്കാനുള്ള വല്ല വഴിയും ചോദിച്ചാലോ എന്നുംകരുതി നോക്കിയതാണ്. അപ്പോഴാണ് ശ്രദ്ധിക്കുന്നത്, ചുറ്റിലും നിൽക്കുന്നവരില്‍ ഏതാണ്ട് മുഴുവന്‍പേരും വയസ്സായ സ്ത്രീകളാണ്, അമ്പതോ അറുപതോ അതിലും കൂടുതലോ കഴിഞ്ഞവര്‍. ശരിക്കും സങ്കടവും ദേഷ്യവും വന്നു. ഒട്ടും വയ്യാത്തതിനാലാവണം കാല് കുത്താന്‍ സ്ഥലമില്ലാത്തതിന്നിടയ്ക്ക് രണ്ട്മൂന്ന് പ്രായമായ സ്ത്രീകള്‍ കുന്തിച്ചിരിക്കുന്നുമുണ്ട്. അതിന്നിടയില്‍ നേരത്തെ ഇരുന്നിരുന്ന അമ്മച്ചി എഴുന്നേറ്റു നിന്ന് മര്യാദയുടെ ഭാഷയൊക്കെക്കളഞ്ഞ് അസഭ്യം പറയാന്‍ തുടങ്ങി. ‘‘നെനക്കൊക്കെ എങ്ങനെ അറിയാനാടോ വയസ്സായോരുടെ അവസ്ഥ. ഇവിടെ മനുഷ്യന് നിക്കാനും ഇരിക്കാനും വയ്യ.
വല്ലതും വന്ന് ഇവിടെക്കെടന്ന് ചത്ത് പോയാല്‍ നീയൊക്കെ ഏല്‍ക്കുമോടോ. കൊരങ്ങിനെപ്പോലെ ഇളിച്ചാ പോര. കെ.എസ്.ആര്‍.ടി.സി നഷ്ടാന്ന് പറഞ്ഞിട്ടാണോ ഇങ്ങനെ കൊല്ലാന്‍ കൊണ്ടുപോകുന്നപോലെ കൊണ്ടുപോകുന്നേ. കാല് കുത്താന്‍പോലും സ്ഥലമില്ലെങ്കില്‍ കയറുമ്പം ഒന്ന് പറഞ്ഞൂടെടോ. ആരെങ്കിലും കുത്തിപ്പിടിച്ച് കേറുമോ.’’ അയാളപ്പോ എടുത്തവഴിക്ക് പറഞ്ഞു: ‘‘ദേ, തള്ളേ, മര്യാദയ്ക്ക് സംസാരിക്കണം. നിങ്ങളിപ്പം ഇങ്ങോട്ട് കേറിവന്നതല്ലേയുള്ളൂ. നിങ്ങള് വന്നതിന് ശേഷം കണ്ടില്ലേ ആളുകള് ഒന്നും നോക്കാതെ ഡോറില് വരെ കയറിനില്‍ക്കുന്നത്. ഞാന്‍ പറഞ്ഞാലൊന്നും അവര് കയറാതിരിക്കില്ല. പിന്നെ ഞാന്‍ ഡ്യൂട്ടിക്ക് കേറിയിട്ട്. മുപ്പത് മണിക്കൂറായി. അതറിയോ നിങ്ങക്ക്. അേത്രംനേരം ഈ നിപ്പ് നിക്കുന്നതാ. നിങ്ങള് പറ്റില്ലെങ്കില്‍ ദാ ഇപ്പം ഇവിടെ ഇറങ്ങ്.’’ അവര് പിന്നെ ഒന്നും മിണ്ടാതെ നിന്നു. ഞാന്‍ തിരിഞ്ഞ് നിസ്സഹായതയോടെ തമിഴന് നേരെ ഇടംകണ്ണിട്ട് നോക്കി. അയാളപ്പോഴും പുഞ്ചിരിച്ചു. ‘‘എവിടെമ്മാ ഇറങ്ങാന്‍. പാക്കേജ് പിടിയ്ക്ക വേണ്ടും?’’ ഒന്നും പറയാതെ പൊതി ഞാനയാളുടെ കയ്യില്‍കൊടുത്തു.
‘‘ശാപ്പാട് താനേ...’’
‘‘ആമാ...’’
ഒമ്പതാം വളവിറങ്ങുകയാണ്. കണ്ണ് ഇറുക്കിയടച്ചതേയുള്ളൂ, പെട്ടെന്ന് പിറകില്‍നിന്ന് എവിടെന്നോ ഒരു ഭാരം വന്നപ്പോ എവിടേം പിടികിട്ടാതെ മനുഷ്യഗര്‍ത്തത്തിന്‍റെ ഒത്തനടുക്കായ പോലായി ഞാന്‍. ഏതോ ഒരമ്മച്ചിയുടെ സാരിയില്‍ കയറിപ്പിടിച്ചത് മാത്രമോർമയുണ്ട്, അവര് ഒരു തള്ള് തന്നു. തള്ളിനിടയില്‍ വീണ്ടും തമിഴനെ നോക്കി, അയാള്‍ പുറത്തേക്ക്നോക്കി ഇരിക്കുകയാണ്. പേടിച്ചിട്ട് എന്‍റെ കയ്യും കാലും വിറക്കാന്‍ തുടങ്ങി, തണുത്തിട്ടും വയ്യ. ബസ് ചുരത്തിന്‍റെ മതിലിനോട് തൊട്ടുതൊട്ടില്ല എന്ന കണക്കാണ് പോകുന്നത്. മുന്നോട്ട് നോക്കിയാലറിയാം, വാഹനങ്ങളുടെ നീണ്ട നിര. ഇത് ഈ അടുത്തൊന്നും ചൊരമിറങ്ങുന്ന ലക്ഷണമില്ല.
അതിന്നിടയിലൂടെയാണ് ഒരാംബുലന്‍സ് വലിയ ശബ്ദത്തോടെ കഷ്ടപ്പെട്ട് കടന്നുവന്നത്. ആംബുലന്‍സിനെ കടത്തിവിടാന്‍ ഒന്ന് ചെറുതായി വെട്ടിച്ചതാണ്, ബസിന്‍റെ ടയറുകള്‍ നന്നായൊന്ന് ചെരിഞ്ഞു മതിലിലേക്ക് തൊട്ടു. ‘‘എന്‍റമ്മേ...’’ ഒന്നേ പുറത്തേക്ക് നോക്കിയുള്ളൂ, കോടക്കിടയിലൂടെയും അടിവാരം വരെയുള്ള ദൂരം കാണാം, ആഴവും. ആഴവും കൊക്കയും. ഇത്രേം കനം താങ്ങാന്‍ മതിലിന് കഴിയുമോ? അല്ല ബസിന് കഴിയുമോ? ഇതിലേതാണ് ഭാരം താങ്ങുക എന്നെനിക്ക് മനസ്സിലായില്ല. ആരോടെങ്കിലും പറയാന്‍തോന്നി.
‘‘എനിക്ക് ഉയരം ഭയങ്കര പേടിയാ, ചൊരം കഴിയുന്ന വരെ ഞാനൊന്നിരുന്നോട്ടേ. പ്ലീസ്.’’ ആരോടുമില്ല ചോദിക്കാന്‍. നില്‍ക്കുന്നിടത്തു നിന്ന് താഴേക്കു നോക്കി, തറയിലിരുന്നാലോ. ഇല്ല, ഒരു കാൽപാദത്തിനുപോലും ഇനി സ്ഥലമില്ല. ഉള്ളില്‍നിന്നെന്തോ ഒരു പുളിരസം തൊണ്ടയിലേക്ക് വന്നു. ആടിലെ മല്ലിപ്പൊടിമണം ആ പുളിച്ചില്‍ കൂട്ടിക്കൊണ്ടിരുന്നു. കുഞ്ഞിനെയുമെടുത്ത് ഏറെനേരം നില്‍ക്കുകയായിരുന്ന ഒരമ്മ അപ്പോള്‍ രണ്ടും കൽപിച്ച് അതിനെ പിറകിലിരിക്കുന്ന ആണുങ്ങളുടെ മടിയിലേക്ക് ഏന്തിയിട്ടു കൊടുക്കുന്നത് കണ്ടു, എറിഞ്ഞുകൊടുക്കുംപോലെ.
ആ ഏറൊന്ന് പിഴച്ചിരുന്നെങ്കില്‍ ആ കുഞ്ഞ്, അതാണെങ്കില്‍ പിടഞ്ഞ് കളിക്കുന്നുമുണ്ട്. കൊക്കയില്‍നിന്ന് താഴേക്ക് വീഴുന്ന ഒരാളുടെ സഞ്ചാരപാത, ചുരുളുകള്‍, ചരിവുകള്‍, വൃത്തങ്ങള്‍, ഇടുക്കുകള്‍. ശരിക്കും തല കറങ്ങി. ആളുകള്‍ ഉന്തിയുന്തി ഞാനപ്പോഴേക്കും കുറച്ച് മുമ്പിലേക്കെത്തിയിരുന്നു. അവിടെനിന്ന് ഏന്തിപ്പിടിച്ച് തമിഴനെ ഒന്നുകൂടി തിരിഞ്ഞുനോക്കി, അയാളപ്പോഴും എന്നെയുംനോക്കി നില്‍ക്കുന്നുണ്ടായിരുന്നു.
‘‘ഉക്കാറീങ്കളാ...’’
‘‘ഇരിക്കട്ടേ എന്നാണോ?’’ ആംഗ്യത്തില്‍ ചോദിച്ചു.
അയാളെഴുന്നേറ്റതേയുള്ളൂ. ചുറ്റിലുമുള്ള സ്ത്രീകള്‍ അതുകണ്ട് തെറി വളിക്കാന്‍ തുടങ്ങി. ‘‘പ്ഭ, ഞങ്ങള് വയസ്സായ ഇത്രേം സ്ത്രീകള്‍ എത്രനേരായെടാ നെന്‍റെ അടുത്ത് കയ്യും കാലും ഊരേം വയ്യാതെ നിക്കാന്‍ തുടങ്ങിയിട്ട്. നിനക്കൊക്കെ ഇപ്പഴേ ചന്തി അനങ്ങിയുള്ളൂ ഡോ. ഒരു ചെറുപ്പക്കാരീനെ കണ്ടപ്പം നായിന്‍റെമോന്‍റെ എളക്കം കണ്ടോ...’’
ബസ് ആ ചെരിവില്‍ തന്നെയാ ഉള്ളത്. ഒരൽപം അനങ്ങിയിട്ടില്ല.
മേഘപാളികള്‍, ചെറുതും വലുതുമായ നിരവധി വാഹനങ്ങള്‍. അതില് ശ്വാസംമുട്ടിക്കൊണ്ട് എണ്ണിത്തിട്ടപ്പെടുത്താനാവാത്തത്ര മനുഷ്യര്‍. ഞാന്‍ സീറ്റിലേക്കിരുന്നു, ഇരുന്നപ്പോള്‍ റോഡ് കാണാനേയില്ല, പക്ഷേ പേടി അപ്പോഴും കുറയുന്നില്ല.
‘‘ഊരില് തിരുവിയ താനേ...’’ ആരോ പറഞ്ഞു, ‘‘ഉത്സവമാണോ എന്നാ ചോദിക്കുന്നത്.’’
‘‘ആമാ.’’ ഞാന്‍ തല കമ്പിയിലേക്ക് താഴ്ത്തിയിരുന്നു. അൽപനേരം കഴിഞ്ഞതേയുള്ളൂ, അയാളുടെ കൈ എന്‍റെ പിന്‍കഴുത്തിലേക്ക് മരച്ചില്ല കണക്ക് മെല്ലെ നീണ്ടുവരുന്നതറിഞ്ഞു. മരച്ചില്ല കണക്ക് ഉറപ്പും ഉരസലുമുണ്ടതിന്. കൊടുംവനത്തിനുള്ളിലെ ഒറ്റച്ചില്ല. എനിക്കല്‍പ്പം ആശ്വാസംതോന്നി, ഞാന്‍ ശാന്തയായിരുന്നു. അയാളുടെ കൈയില്‍ ഒരു കനമുള്ള വളയുണ്ടായിരുന്നു. അതെന്‍റെ കമ്മലില്‍ തട്ടി, ഞാനത് മെല്ലെ വിടുവിച്ച് എനിക്കുംകൂടി സ്വസ്ഥമായ ഒരു രൂപത്തിലേക്കെടുത്ത് വെച്ചു.
ബസ് പിന്നെയും ഒന്നനങ്ങി മെല്ലെ നിരങ്ങി അവിടെത്തന്നെ നിന്നു. അയാളുടെ കൈ വെച്ചിടത്ത്നിന്ന് അനങ്ങുന്നേയില്ല, എങ്കിലും ഗൂഢമായി എന്തോ പടരുന്നുണ്ട്, ആ കൈക്ക് ഈ തണുപ്പിലും നല്ല ചൂടുണ്ട്. ചെറുതായി വിറയും. ഞാനതെടുത്ത് മുറുകെപ്പിടിച്ച് മെല്ലെ കണ്ണുകളടച്ചു. എനിക്കപ്പോ എന്തിനോ അമ്മയെ ഓര്‍മ വന്നു. ഒമ്പതാം ക്ലാസിലെ അവസാനത്തെ വാര്‍ഷികപ്പരീക്ഷയും കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ തൂങ്ങിനില്‍ക്കുകയായിരുന്ന അമ്മയെ.