Begin typing your search above and press return to search.
proflie-avatar
Login

നിർവികൽപം

നിർവികൽപം
cancel

‘‘നി​​ന്റെ മകൻ’’ എന്നയാൾ ഒരു വിശുദ്ധ പാപിയെപ്പോലെ പറഞ്ഞപ്പോഴാണ് ആഷ ആദ്യമായി തളർ ന്ന​ുപോയത്. അതുവരെ മികവുകളെല്ലാം ത​​ന്റെ ജനിതകത്താഴിലിട്ട് പൂട്ടിയിട്ട ഒരു പിതാവായിരുന്നു അവൻ. അപകർഷതകളെ വാക്കുകൾകൊണ്ടലങ്കരിച്ച വാചാടോപങ്ങളാൽ ചാടിക്കടന്നിരുന്ന സൂത്രശാലി. പിന്നീടിന്നോളമുള്ള പതിനഞ്ച് വർഷവും അവൾ അനന്തപത്മനാഭൻ എന്ന കഴുത്തൊടിഞ്ഞ നുകത്തെ ഒറ്റക്ക് വലിക്കുന്ന കാളയാണ്. ഒരു വെയിലിലും മഴയിലും തളരാത്ത, തോറ്റുകൊടുക്കാത്ത വാശിയോടെ. ഇക്കാലത്തിനിടയിൽ ക്ഷമയുടെ പാതാളപ്പലക വരെ തകർന്ന് അനന്തനെ അവൾ പലവട്ടം തലങ്ങും വിലങ്ങും തല്ലിയിട്ടുണ്ട്. മുറിയിൽ രാപ്പകലില്ലാതെ പൂട്ടിയിട്ടിട്ടുണ്ട്....

Your Subscription Supports Independent Journalism

View Plans

‘‘നി​​ന്റെ മകൻ’’ എന്നയാൾ ഒരു വിശുദ്ധ പാപിയെപ്പോലെ പറഞ്ഞപ്പോഴാണ് ആഷ ആദ്യമായി തളർ

ന്ന​ുപോയത്. അതുവരെ മികവുകളെല്ലാം ത​​ന്റെ ജനിതകത്താഴിലിട്ട് പൂട്ടിയിട്ട ഒരു പിതാവായിരുന്നു അവൻ. അപകർഷതകളെ വാക്കുകൾകൊണ്ടലങ്കരിച്ച വാചാടോപങ്ങളാൽ ചാടിക്കടന്നിരുന്ന സൂത്രശാലി. പിന്നീടിന്നോളമുള്ള പതിനഞ്ച് വർഷവും അവൾ അനന്തപത്മനാഭൻ എന്ന കഴുത്തൊടിഞ്ഞ നുകത്തെ ഒറ്റക്ക് വലിക്കുന്ന കാളയാണ്. ഒരു വെയിലിലും മഴയിലും തളരാത്ത, തോറ്റുകൊടുക്കാത്ത വാശിയോടെ.

ഇക്കാലത്തിനിടയിൽ ക്ഷമയുടെ പാതാളപ്പലക വരെ തകർന്ന് അനന്തനെ അവൾ പലവട്ടം തലങ്ങും വിലങ്ങും തല്ലിയിട്ടുണ്ട്. മുറിയിൽ രാപ്പകലില്ലാതെ പൂട്ടിയിട്ടിട്ടുണ്ട്. തീക്കൊള്ളി കാട്ടി ഭയച്ചൂടിൽ കിടുകിടെ വിറപ്പിച്ചിട്ടുണ്ട്. യാത്രക്കിടയിൽ ഏതെങ്കിലും കിടങ്ങിലോ ഒഴുക്കുള്ള നദിയിലോ കൊണ്ടുതള്ളിയിടാമെന്നും വിഷംകൊടുത്ത് എ​െന്നന്നേക്കുമായി ഉറക്കിക്കിടത്താമെന്നെല്ലാം ചിന്തിച്ചിട്ടുണ്ട്! അങ്ങനെയൊക്കെ ചിന്തിക്കുന്ന ദിവസം അവൾ അറിയാവുന്ന സകല ദൈവങ്ങളെയും ചീത്തവിളിച്ച് കണ്ണുപൊട്ടിക്കും. അവരിലാരെയെങ്കിലും മറുപുറത്തിരുത്തി ഒരു തുള്ളി ഒഴിച്ചുകൊടുക്കാതെ രണ്ടു പെഗിൽ കുറയാതെ വിസ്​കിയോ വോഡ്കയോ അടിക്കും. അനന്ത​​ന്റെ മുന്നിലിരുന്ന് വരട്ടിയ ബീഫും ഐസ്​ക്രീമും പിസ്​തയും വാശിയോടെ കഴിക്കും.

ശ്രീശ്രീയുടെ ശ്വസനക്രിയയോടെ ശാന്തമായി തുടങ്ങുന്ന ഒരു പുലർച്ചയെ എന്തെങ്കിലും കുരുത്തക്കേടുകളുടെ കുഴിബോംബിട്ട് പൊട്ടിച്ച്, ആഷയെ അവനേക്കാൾ വലിയൊരു പ്രകോപനത്തിൽ വീഴ്ത്തി, കർഫ്യൂവും നിരോധനാജ്ഞയും ഉൾപ്പെടെയുള്ള സകല അലങ്കോലങ്ങളുടെയും മറ്റൊരു എപ്പിസോഡുകൂടി കളിച്ച് നിലത്തുകിടന്ന് അവൻ മയങ്ങുമ്പോഴാണ് അവൾ ഉടമ്പടികളുടെ സർവ സീമയും ലംഘിച്ച് ഇങ്ങനെ ബീഫും വോഡ്കയുമായെല്ലാം വിജയഭേരി മുഴക്കുന്നത്! അല്ലെങ്കിലും പ്രകോപിപ്പിക്കുന്നവർ എളുപ്പം പരാജയം പറയുന്ന ഭീരുക്കൾ കൂടിയാണല്ലോ?

പാതിരാവി​​ന്റെ മറവിൽ ചിലർ ചില രോഗംപിടിച്ച നായ്ക്കളെ വഴിയിൽ തള്ളുന്നതുപോലെ മൂത്രം ഒഴിക്കാനായി പുറത്ത് നിക്കറും താഴ്ത്തി പിടിച്ചുനിറുത്തിയിട്ട് കാറും എടുത്ത് ഒരൊറ്റ പാച്ചിൽ! അപ്പോൾ ഈ ‘‘ജന്തു’’ എങ്ങനെയാവും പ്രതികരിക്കുക?

ആറാം നിലയിലെ ഫ്ലാറ്റിൽനിന്നവൻ ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത ആകാശമെന്ന കറുത്ത പരവതാനിയെ കുറച്ചുനേരം അങ്ങനെ നോക്കിനിൽക്കുമായിരിക്കും! പിന്നെ ശ്രദ്ധ അവിടെ വിളമ്പിവെച്ചിരിക്കുന്ന ഒരായിരം വിശിഷ്​ട ഭോജ്യങ്ങളിലേക്ക് തിരിയും! കറുപ്പും വെളുപ്പുമായി അവന് ഈ ഭൂമിയിലെ വസ്​തുക്കൾ രണ്ടുതരത്തിലാണ്. തിന്നാനും പിന്നെ വലിച്ചെറിഞ്ഞ് നശിപ്പിക്കാനും ഉള്ളവ.

പെട്ടെന്നവന് ഗോളങ്ങളെ വിഴുങ്ങാനുള്ള വിശപ്പുവരും. ചന്ദ്രൻ ഒരു തുളുമ്പുന്ന പാൽക്കട്ടിയാകും. നക്ഷത്രങ്ങൾ കുഞ്ഞുപാത്രത്തിൽ കോരിനിറച്ച ഐസ്​ക്രീമുകളാകും. അന്നേരം അതുവഴി പാഞ്ഞുവരുന്ന ഏതെങ്കിലും ഒരു തെരുവുനായയോ പൂച്ചയോ അവനെ കണ്ടൊന്ന് ഭയന്നാലും മതി, അപ്പോഴാണ് ആ ഞെരിച്ച വിളിവരിക! ഈ ഭൂമിയിലെ ഏത് കോണിൽ പോയി ഒളിച്ചാലും തന്നെമാത്രം തേടിവരുന്ന, തനിക്കുമാത്രം മനസ്സിലാകുന്ന ദിഗന്തങ്ങൾ തകർക്കുന്ന ആ വിളി. താനത് കേട്ടേ പറ്റൂ, മറ്റാരും അത് കേൾക്കില്ല!

ഒരിക്കൽ ഒരു നീണ്ട യാത്രകഴിഞ്ഞ് മടങ്ങിയ സന്ധ്യക്ക് അരണ്ട വെളിച്ചമുള്ള ഒരു വിളക്കുകാലിൻ ചുവട്ടിൽ മൂത്രം ഒഴിക്കാനെന്നു പറഞ്ഞ് ഇറക്കിനിറുത്തി അത്തരമൊരു സാഹസത്തിനവൾ മുതിർന്നിട്ടുണ്ട്! ക്ഷോഭിച്ച ഒരു അധോവായുവിനെ കൂസലന്യേ അഴിച്ചുവിട്ട് അവൻ മൂത്രം ഒഴിച്ച് തുടങ്ങിയതും ഇടതുവശത്തുകൂടെ പതുങ്ങി വണ്ടിയിൽ കയറി ഏതാനും വാര ഒന്ന് അനക്കി നിറുത്തി. ചെകുത്താനെ കൂട്ടുപിടിച്ചുള്ള ഒരു ഭാഗ്യപരീക്ഷണം!

പക്ഷേ, അവിടെ അവനാണ് ജയിച്ചത്. എല്ലാ നിരാലംബലർക്കു മേലെയും ദൈവം കളിക്കുന്ന ഒരു അവസാന കളിയുണ്ടല്ലോ, അത് ബുദ്ധിമാനെ വീഴ്ത്തുമ്പോൾ ഇടറിപ്പോയവന് ഉയിർപ്പേകും. അതുകൊണ്ടാണവൻ ആഷയുടെ ആ നീക്കം പൊടുന്നനെ തിരിച്ചറിഞ്ഞതും വെട്ടിയിട്ടൊരലർച്ചയോടെ കാറിനു പിന്നാലെ പാഞ്ഞതും! ആ പാച്ചിലിനിടയിൽ ഒരു പഴയ മൈൽക്കുറ്റിയിൽ തട്ടി പൊത്തോന്ന് മറിഞ്ഞുവീഴുകയും ചെയ്തു!

അറുപത് കിലോയിലധികം ഊക്കുണ്ടായിരുന്ന ആ അധോമുഖ വീഴ്ചയിൽ അവ​​ന്റെ ജാമ്പയ്ക്കാ കനമുള്ള ചുണ്ടും പരന്ന കൈപ്പത്തിയുമൊക്കെ മുറിഞ്ഞു. റൂട്ട് പിണഞ്ഞുപോയ മൂത്രം പാന്റിലൂടെ തെറ്റിയൊഴുകി. അന്നത്തെ അവ​​ന്റെ മടക്കം എന്തൊക്കെയോ പറഞ്ഞ് രക്തം പൊടിയുന്ന മുറിവുകളിൽ തൊട്ട് ഒരു ക്രൂശിതനെപ്പോലെ ഏങ്ങി ഏങ്ങി കരഞ്ഞായിരുന്നു. ഒരു മുതിർന്ന ആണി​​ന്റെ മീശയും താടിയും മൂക്കളകൊണ്ടും ചാളുവകൊണ്ടും റദ്ദുചെയ്യപ്പെട്ട മട്ടിൽ! അവൾ മുറിവുകൾ കഴുകിക്കൊടുത്തിട്ടോ ബാഗിൽ ഒളിപ്പിച്ചുവെച്ചിരുന്ന രണ്ട് കാഡ്​ബറീസ്​ ചോക്ലേറ്റ് എടുത്ത് കൊടുത്തിട്ടോ അവൻ വാങ്ങിയില്ല. രാത്രി ആഷയെ കെട്ടിപ്പിടിക്കാതെ തിരിഞ്ഞുകിടന്ന് ഉറങ്ങി.

ഡോ. എൻ.എം. മുഹമ്മദലി പണ്ട് കുറിച്ചുകൊടുത്ത സീപ്രാം എന്ന ഗുളിക രണ്ടെണ്ണം കഴിച്ചിട്ടും അന്നവളെ ഉറക്കം തൊട്ടില്ല! പിന്നത്തെ രണ്ടു പകൽ അവൾ അനന്ത​​ന്റെ എല്ലാ ആഭിചാരങ്ങൾക്കും മുന്നിൽ തോറ്റുതോറ്റ് മാപ്പിരന്നു. കാരുണ്യവും സഹാനുഭൂതിയും എന്ന ആർക്കും വേണ്ടാത്ത മണ്ണാങ്കട്ട വാശിയോടെ ഉടച്ചുടച്ചു തിന്നു. തന്നെ ആരെങ്കിലും കടന്നുവന്ന് ഒന്ന് ബലാൽക്കാരം ചെയ്തെങ്കിൽ എന്ന പ്രതികാരവാഞ്ഛയോടെ മുൻവാതിൽ വെറുതെ ചാരി അടിയുടുപ്പുപോലും ഇടാതെ കിടന്നുറങ്ങി.

അടുത്ത ദിവസം രാവിലെ ബാൽക്കണിയിലേക്ക് കയറിവന്ന ഒരു കുഞ്ഞൻകാറ്റിന് ഷോളി​​ന്റെ തുമ്പ് ഊഞ്ഞാലാടാൻ വിട്ടുകൊടുത്തുകൊണ്ട് അവൾ ചങ്ങലക്കിലുക്കമുള്ള ഒരു പൊട്ടിച്ചിരിയോടെ ഇങ്ങനെ പറഞ്ഞു;

‘‘നീ ഒരുദിവസം രാവിലെ ഇങ്ങനെ പാൽപ്പാട പറ്റിയ മേൽച്ചുണ്ട് തുടയ്ക്കാതെ വരുമ്പോൾ കേൾക്കും, എന്നെ നാട്ടുകാർ കയ്യും കാലുമൊക്കെ കെട്ടി ഏതെങ്കിലും മെന്റൽ ഹോസ്​പിറ്റലിൽ കൊണ്ട് തള്ളിയെന്ന്...’’

നല്ലൊരു മൈൻഡ് െട്രയ്നറും ബിസിനസ്​ എക്സിക്യൂട്ടീവുമായിരുന്ന അനിലുമൊത്തുള്ള ആഷയുടെ ദാമ്പത്യജീവിതത്തിലെ ആദ്യ മൂന്ന് വർഷങ്ങൾ അവളുടെ ക്രമരഹിതമായ ആർത്തവകാലംപോലെ അസ്വസ്​ഥതകൾമാത്രം നിറഞ്ഞതായിരുന്നു. വിരസതയുടെ താരാട്ടുപാട്ടും തൊട്ടിലാട്ടവും. വല്ലപ്പോഴും മൂഡുമാറിയെത്തുന്ന ഒച്ചയനക്കങ്ങൾപോലും പെരുമ്പാമ്പിനേക്കാളും പതിയെയാണ് ആ ത്രീ ബെഡ്റൂം ഫ്ലാറ്റിനുള്ളിൽ ഇഴഞ്ഞുനടന്നത്.

‘‘ഇനിയും ഈ ടെസ്റ്റുകളൊന്നും ഫലിക്കുന്നില്ലെങ്കിൽ ഞാൻ ഏതെങ്കിലും ഓർഫനേജിൽ പോയി ഒരു കുഞ്ഞിനെയും കൊണ്ടിങ്ങ് പോരും. എനിക്കിപ്പോൾ എല്ലാ കുട്ടികളും ഒരുപോലെയാണ്.’’

അനിൽ ത​​ന്റെ തേച്ചൊതുക്കിയ ഭാഷയിൽ മൊബൈലിൽനിന്നും കണ്ണെടുക്കാതെ ഏതോ പരിശീലനക്ലാസിലെ പ്ലാറ്റ്ഫോമിലെന്നവണ്ണം മുഴക്കത്തോടെ പലവട്ടം പറഞ്ഞു. അവൾക്ക് ആ വിശാലതയോട് നൂറുമാർക്കി​​ന്റെ ചേർച്ചയായിരുന്നെങ്കിലും ‘‘ഒരൽപം കൂടി...’’ എന്നൊരു പെൺചൂര് അവളുടെ മീൻമിനുപ്പുള്ള അടിവയറ്റിൽ കിടന്ന് വാശിയോടെ ഓളംവെട്ടുന്നുണ്ടായിരുന്നു. അതുകൊണ്ടാണ്, രോമരഹിതമായ അവ​​ന്റെ മാറിൽനിന്നും ത​​ന്റെ കൈ ഒരു പൂച്ചക്കുഞ്ഞിനെയെന്നവണ്ണം എടുത്ത് മാറ്റുന്ന അവ​​ന്റെ ഉള്ളിൽ, വെറുപ്പി​​ന്റെ പൊടിക്കാറ്റടിച്ച് മറ്റൊരു മരുഭൂമികൂടി പിറക്കുകയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ‘‘വേണ്ട, അങ്ങനെയൊന്നും ചിന്തിക്കണ്ട, വരും, വൈകാതെ നമ്മുടേതെന്ന് പറയാവുന്ന ഒരാൾ’’ എന്നവൾ പറഞ്ഞിരുന്നത്.

 

‘‘അവന് നി​​ന്റെ തൊണ്ടൻമൂക്കും ചകിരി തലമുടിയും മുരിങ്ങയ്ക്കപോലുള്ള നീണ്ട വിരലുകളുമൊക്കെ ഉണ്ടാകും. പിന്നെ കഴുതയെ ഇറക്കി കുതിരയെ വെട്ടുന്ന ഈ ഊറിയ ചിരിയും! പക്ഷേ, അവ​​ന്റെ ബുദ്ധി എേന്റതായിരിക്കും. ടൈഫോയ്ഡ് പിടിച്ച് വിറച്ചുകിടന്ന കിടക്കയിൽനിന്നും എണീറ്റ് പോയി നിയമപരീക്ഷയെഴുതി സ്റ്റേറ്റിൽ ഒന്നാം റാങ്ക് നേടിയ അമ്മയുടെ ബുദ്ധിശക്തി. അവ​​ന്റെ മുന്നിൽ ഉദ്യോഗങ്ങളും പദവികളും പാറാവൊരുക്കി സല്യൂട്ടടിച്ച് നിൽക്കും. അങ്ങനെ എത്ര മിടുക്കനായാലും അവനെ ഞാൻ നിന്നെപ്പോലൊരാളാക്കില്ല! പാതിരാവിലും തണുത്ത വെളുപ്പാൻകാലത്തും കോരിപ്പിടിച്ച് കിടക്കാൻ ഒരു സുന്ദരിക്കുട്ടിയെ കിട്ടുമെങ്കിൽ, അവനെ ഞാനൊരു ആരോഗ്യമുള്ള ചുമട്ടുകാരനോ പാട്ടുകാരനോ ആക്കും! വിത്തുപൊട്ടുന്ന, പൂക്കൾ വിരിയുന്ന, പക്ഷികൾ പാടുന്ന പുലർകാലങ്ങളുടെ സിംഫണി അവനറിയട്ടെ.’’

രൂക്ഷഗന്ധമുള്ള പെർഫ്യൂമുകൾ അകൽച്ചയുടെ രാവണൻകോട്ട പണിയുന്ന അവ​​ന്റെ ഉടലിനോട് പറ്റിക്കിടന്ന് അവൾ ഇങ്ങനെയൊക്കെ പറയുന്നത് തിരക്കുകളിൽനിന്നും തിരക്കുകളിലേക്കെന്ന് അവൻ വെറുതേ ഊതിപ്പെരുക്കുന്ന ബലൂണുകളെ ‘‘ചെന്നൊരു കുത്തുകൊടുത്ത് പൊട്ടിച്ചുകളയെടീ’’ എന്ന് നിയമം പഠിച്ച റാങ്കുകാരി ഉള്ളിലിരുന്ന് പറയുമ്പോഴാണ്.

രണ്ടു വയസ്സുവരെ ‘‘ഇമ്പാച്ചീ ബാ...’’ എന്നും ‘‘പാപ്പം മാണം’’ എന്നുമെല്ലാം പറഞ്ഞുനടന്നിരുന്നവനെ റാപ്പും ഹിപ്–ഹോപ്പുമെല്ലാം പഠിപ്പിക്കണമെന്ന് പറഞ്ഞത് അനിലായിരുന്നു. അതുകേട്ട് കുളിരുകോരി ടൈം മാഗസിൻ മുഖചിത്രമാക്കുന്ന അനന്തനെ ഒരു വേട്ടാവളിയ​​ന്റെ മുഖമുള്ള ഫ്രീക്കനായി ആഷ പലവട്ടം സ്വപ്നം കണ്ടിട്ടുണ്ട്. പിന്നീടാണ് നാട വലിഞ്ഞൊരു കാസറ്റുപോലെ അവ​​ന്റെ വർത്തമാനങ്ങളെല്ലാം കുഴഞ്ഞ് കുരുങ്ങാൻ തുടങ്ങിയത്. ക്രയോണിലും ജലച്ചായത്തിലുമെല്ലാം അവൻ വരഞ്ഞ കോഴിയും ചെന്നായയും കുരങ്ങനുമെല്ലാം ജീവനുംകൊണ്ട് പലവഴി പുറത്തേക്ക് പറന്നും ചാടിയും പോയി.

ആഷ കാണാതെ അവൻ ബ്രിട്ടാണിയ ബിസ്​കറ്റ് കൊടുത്തിരുന്ന പച്ചക്കണ്ണുള്ള പൂച്ചക്കുഞ്ഞിനെയെടുത്ത് അവൻ ബക്കറ്റിൽ മുക്കി. സ്റ്റൂളിൽ പിടിച്ചു കയറിയെടുത്ത കത്തികൊണ്ട് കാൽപ്പാദത്തിൽ മട്ടകോൺ വരഞ്ഞു. കസേരകളിലെ വെൽവറ്റ് കുഷൻ കുത്തിക്കീറി. പൊട്ടിച്ചിതറിയ ഫ്ലവർവെയ്സിലെ മുട്ടക്കഷ്ണം എടുത്തുകടിച്ച് ചുണ്ടും നാവും മുറിച്ചു. അപ്പോഴാണ് അവളിൽ സംശയങ്ങളുടെ കുമിളകൾ പൊട്ടിയത്.

‘‘സഹനങ്ങൾ ഭാരമല്ല, ആകാശത്തി​​ന്റെ അറ്റത്ത് ഉദിക്കുന്ന ആഹ്ലാദങ്ങളാണ്.’’

ഡോക്ടർ കബീർഷായുടെ കരിങ്കൽ ചുവരുകളുള്ള ക്ലിനിക്കിൽ പാവമുഖമുള്ള കുഞ്ഞുങ്ങളുമായി കാത്തിരുന്നവരുടെ മുഖം ഇങ്ങനെ പലതും ആഷക്ക് പറഞ്ഞുകൊടുത്തു. എന്നാൽ, മടങ്ങുമ്പോൾ അവളുടെ എല്ലാ പ്രതീക്ഷകളെയും ഒരൊറ്റ വെടിയുണ്ടകൊണ്ട് ചിതറിച്ചത്, ഡോക്ടറുടെ ആ വാക്കുകളാണ്;

‘‘ഒരു പനിവന്നാൽ മെഡിക്കൽ സ്റ്റോറിൽ പോയി ഏതാനും പാരസെറ്റമോൾ വാങ്ങി കഴിച്ച് ശാന്തിവരുത്താവുന്നതുപോലുള്ള ഒരു രോഗാവസ്​ഥയല്ലിത്.’’ താങ്ങാനൊരു മെലിഞ്ഞ വേലിക്കമ്പായിപ്പോലും അനിൽ അന്നേരം ഒപ്പമുണ്ടായില്ല!

‘‘മനക്കരുത്തും പ്രായോഗിക വിജയവുമൊക്കെ നേടുവാൻ മറ്റുള്ളവരെ ഉള്ളിൽ കാറ്റടിച്ച് വീർപ്പിക്കുന്ന ഒരു പരിശീലകന് സ്വന്തം കുഞ്ഞി​​ന്റെ അവസ്​ഥ ഉൾക്കൊള്ളാൻ ആകുന്നില്ലെങ്കിൽ...’’ എന്ന് ആഷ ചോദിച്ചപ്പോൾ അവൻ പിതൃബോധം മറന്ന ഒരു തുറപ്പട്ടിയെപ്പോലെ കലിതുള്ളി ചാടി.

‘‘ഒരു ജീവിതം മുഴുവൻ ഞാൻ ഈ നരകത്തെ ചുമക്കണമെന്നാണോ നീ പറയുന്നത്?’’

‘‘എന്നുകരുതി കൊല്ലാനാകുമോ?’’ അവൾ ചോദിച്ചു.

‘‘കൊല്ലുകയോ വളർത്തുകയോ ചെയ്യാം. അത് നി​​ന്റെ തീരുമാനം.’’

‘‘നി​​ന്റെ തീരുമാനമോ?’’

അവൾ മഞ്ഞുകാറ്റേറ്റ കിളിക്കുഞ്ഞിനെപ്പോലെ വിറച്ചു.

‘‘അതെ, നി​​ന്റെ ഒരാളുടെ മാത്രം തീരുമാനം. അതിൽ ഞാൻ ഇടപെടില്ല.’’

‘‘അതെന്ന് മുതലാണ് അങ്ങനെ?’’

‘‘ഈ നിമിഷം മുതലാണെന്ന് കരുതിക്കോ.’’

മെരുങ്ങാത്ത ഒരു ക്ഷോഭത്തെ കൂട്ടുപിടിച്ച് അവൻ നേരെ മുറിയിൽ കയറി കതകടച്ചു. നേരത്തേ പുറപ്പെടുകയും വളരെ വൈകിയെത്തുകയും ചെയ്യുന്ന ഒരു രാത്രിവണ്ടിയിലെ കൗശലക്കാരനായ യാത്രക്കാരനായി അവൻ പിന്നീടുള്ള ദിവസങ്ങളിൽ.

കോടതിമുറിയിൽ എതിർ കക്ഷിയെയും സാക്ഷികളെയുമെല്ലാം ചോദ്യങ്ങളുടെ സൂചിക്കുഴലിലൂടെ കയറ്റി വിറപ്പിച്ചിരുന്ന അഡ്വക്കറ്റ് ആഷ, അനിലി​​ന്റെ കൈകഴുകിയൊഴിയുന്ന വർത്തമാനങ്ങളിലും വഴുതിയൊഴിയുന്ന ഭാവമാറ്റങ്ങളിലും മനംമടുത്ത് കേവലം ആറുമാസത്തിനുള്ളിൽ ഒരു അറവുമാടി​​ന്റെ ശാന്തതയോടെ തോൽവി പറഞ്ഞു. പിന്നാലെ ചെന്ന കുഞ്ഞിനെപ്പോലും ഒന്ന് തിരിഞ്ഞുനോക്കാതെ അവൻ ഇറങ്ങിപ്പോയ പകലറുതിയിൽ അവളുടെ കിടക്കയിലേക്ക് കയറിവന്ന ഒരു അന്തിവെളിച്ചകീറ് വെള്ളിവരവീണ ഏതാനും മുടികളിൽ തൊട്ടുകൊണ്ട് ഇങ്ങനെ ചോദിച്ചു, ‘‘ഒരേ മനസ്സോടെയുള്ള അംഗീകരിക്കൽ ഒരിയ്ക്കലും വാദിച്ചുനേടേണ്ട ഒരു കോടതിവിധിയൊന്നുമല്ലല്ലോ...’’

രണ്ട് അങ്കണവാടികളിലെയും പിന്നെയൊരു സ്​കൂളിലെയും അധ്യാപകർ അനന്തനെക്കൊണ്ട് വിസർജ്യം കോരിപ്പിക്കുകയും അവനുവേണ്ടാത്ത തറയും പനയുമൊക്കെ പഠിപ്പിക്കുകയും വെയിലത്ത് മുട്ടിലിഴയിച്ച്് തല്ലുകയുമൊക്കെ ചെയ്തപ്പൊഴാണ് അവൾ ‘‘ഇനി നിങ്ങൾ എ​​ന്റെ മകനെ പഠിപ്പിക്കണ്ട’’ എന്ന തീരുമാനത്തിലുറച്ച് അവനെ ഫ്ലാറ്റിലേക്ക് മടക്കിക്കൊണ്ടുവന്നത്. ആറാം നിലയിലെ ഫ്ലാറ്റിലേക്ക് അവനെയും പിടിച്ച് ലിഫ്റ്റ് ഒഴിവാക്കി കയറുമ്പോൾ പിന്നാലെ വന്ന ആ ആത്മവിശ്വാസം അവളുടെ സിന്ദൂരം അഴിഞ്ഞുകളഞ്ഞ നെറുകയിൽ കനത്ത ഒരുമ്മ കൊടുക്കുകയും വലതുകൈയിൽ തൂക്കിപ്പിടിച്ചിരുന്ന ഭാരമുള്ള കിറ്റുവാങ്ങി മുട്ടയും ഗ്ലാസ്​ജാറുമൊന്നും പൊട്ടാതെ അടുക്കളയിൽ കൊണ്ടുവെച്ചു കൊടുക്കുകയും ചെയ്തു. അതിൽപ്പിന്നെ വേളീ കായലിൽ കുറേ മഴപെയ്തു. ശംഖുംമുഖത്ത് കടൽ കയറി. വിഴിഞ്ഞത്ത് കപ്പൽ വന്നു. പക്ഷേ, അനന്തനും ആഷയും അതൊന്നും അറിഞ്ഞതേയില്ല.

‘‘അനന്തസമർപ്പണം കഴിഞ്ഞുള്ള സമയങ്ങളിൽ നിനക്കെന്തെങ്കിലും ചെയ്തുകൂടെ പെണ്ണേ?’’ എന്ന് ലിഫ്റ്റിൽ കയറാതെ പടിക്കെട്ടുകൾ ചവിട്ടി അവൾക്കൊപ്പം കയറിവന്ന ആത്മവിശ്വാസം ഒരു തുള്ളിപോലും കഴിക്കാതെ അവളുടെ ചീർക്കാൻ തുടങ്ങിയ കവിളിലും വയറി​​ന്റെ മടക്കുകളിലും ‘‘ദുർമേദസ്സുറയുന്നെടീ’’ എന്ന് പലവട്ടം തൊട്ടുപറഞ്ഞപ്പോഴാണ് അവൾ താനിന്നും പഴയ മിടുക്കിയാണെന്ന് ചില ഓൺലൈൻ സംരംഭങ്ങളിലൂടെ തിരിച്ചറിഞ്ഞത്.

പതിമൂന്നാമത്തെ വയസ്സിൽ അനന്തപത്മനാഭന് നനുത്ത മേൽമീശയും ചെമ്പൻ കുഞ്ഞിരോമങ്ങൾ നിറഞ്ഞ താടിയും തെളിഞ്ഞപ്പോൾ ആഷ അവനുവേണ്ടാത്ത ധാരാളിത്തങ്ങൾ നൽകുന്ന കുനുഷ്​ട് ദൈവങ്ങളെ ബ്ലാക്ക് ലേബലി​​ന്റെ ഫുൾ ബോട്ടിൽകൊണ്ടും വറുത്ത പന്നിയിറച്ചികൊണ്ടും നിരന്തരം നേരിട്ടു. അതിനും ഒരു വർഷം മുമ്പേ അവ​​ന്റെ കക്ഷത്ത് കൺപീലിയുടെ നേർമയുള്ള മഞ്ഞരോമങ്ങൾ തെളിഞ്ഞിരുന്നു. ഒരു ആട്ടിൻകുട്ടിയെപ്പോലെ, ചിലപ്പോൾ ഒരു നായ്കുഞ്ഞിനെപ്പോലെ, അല്ലെങ്കിൽ ഒരു പേർഷ്യൻ പൂച്ചക്കുട്ടിയെപ്പോലെ ത​​ന്റെ മുന്നിൽ ശാന്തനായി, ദിഗംബരനായി നിൽക്കുന്ന പതിനേഴുകാരൻ!

അപ്പോൾ അവൾ അവർക്കു രണ്ടുപേർക്കും മാത്രം മനസ്സിലാകുന്ന ഭാഷയിൽ ഇങ്ങനെയൊക്കെ പറയും;

‘‘ഈ അമ്മ ജീവിച്ചിരിക്കുന്ന കാലത്തോളം നിനക്ക് ഞാൻ ഇതാ, ഇങ്ങനെ തലയിൽ തണുത്ത വെള്ളം കോരിയൊഴിച്ചുതരും. ഒരു പുരുഷനായിത്തീർന്ന നി​​ന്റെ അരക്കെട്ടിലും മലം ഉണങ്ങിപ്പിടിച്ച ചന്തിയിലും പിന്നെ നീ ഇക്കിളിയിട്ടപോലെ ചിരിക്കുന്ന കക്ഷത്തുമെല്ലാം മണമുള്ള സോപ്പുതേച്ച് കുളിപ്പിക്കും. തല നന്നായി തുവർത്തിത്തരും. രാസ്​നാദിപ്പൊടിയിട്ട് ഇങ്ങനെ ഉച്ചിയിൽ തിരുമ്മിത്തരും. ക്ഷമയോടെ നീ പറയുന്ന ഉടുപ്പും നിക്കറും അണിയിക്കും.’’

അപ്പോഴെല്ലാം ഒരു സ്​കോച്ചിനും വരട്ടിയ കാട്ടിറച്ചികൾക്കും മറച്ചുപിടിക്കാനാകാതെ അവ​​ന്റെ ഉടലിൽ മിന്നിത്തെളിയുന്ന കാലത്തി​​ന്റെ കുറതീർന്ന തച്ചുപണികൾ അവളുടെ ഹൃദയത്തിൽ തീ തുള്ളികളായി വീണ് പൊള്ളും.

രണ്ടു ദിവസമായി അവനിൽ കാണുന്ന ചില മാറ്റങ്ങൾ ആഷയെ അപരിചിതമായ ചില ഭീതികളിലേക്ക് നയിച്ചിരുന്നു. രാകിരാകി മുറുകുന്ന പല്ലിറുമ്മലിൽനിന്നാണ് തുടക്കം. കേൾക്കുമ്പോൾ ചെവി കൂട്ടിപ്പിടിച്ച് ഓടുവാൻ തോന്നും! പിന്നെ പൊടുന്നനെയാണ് അവൻ സ്വന്തം കൈ പിടിച്ച് കടിക്കാൻ തുടങ്ങിയത്. പാഞ്ഞുപിടിച്ച ഇരയുടെ കഴുത്തിൽ കോമ്പല്ലുകൾ അമർത്തുന്ന ചീറ്റപ്പുലിയുടെ ആവേശത്തോടെ സ്വന്തം ഉടലിനെ കടിച്ചുമുറിക്കുന്നവനെ ആഷ വിറകൊണ്ടുമൂടിയ കണ്ണുകളോടെ ആദ്യം നോക്കിനിന്നു. വേഗം ഇത്തരം അവസരങ്ങളിലേക്ക് കരുതിവെച്ചിട്ടുള്ള വള്ളിച്ചൂരൽ തുണിക്കൂടക്കുള്ളിൽനിന്നും വലിച്ചെടുത്തു.ഇറുന്നുവീഴുന്ന സെക്കൻഡുകൾ! മിനിറ്റുകൾ! ഓരോ ചുവടും ജാഗ്രതയോടെ! പൊടുന്നനെ കുനിഞ്ഞ് നിലത്തുകിടന്ന ഒരു മൺപാത്രം എടുത്ത് അവൻ അവളെ ഓങ്ങിയെറിഞ്ഞു.

 

അത് ലക്ഷ്യം പാളി തുറന്ന ജനാലയിലൂടെ കാറുകൾ പാർക്ക് ചെയ്യുന്ന പോർച്ചിലേക്ക് പറന്നുപോയി. പിന്നെ തേറ്റ വിരിച്ചുനിന്ന് ചീറുന്ന ഒരു പന്നിയെപ്പോലെ പല്ലുകൾ പുറത്തേക്ക് നീട്ടി ഉറക്കെ കാറി. ചെറിയ സ്റ്റൂൾ ഇടം കാലുകൊണ്ട് തട്ടിമറിച്ച് ഒരൊറ്റ ചാട്ടത്തിൽ അവളുടെ മുടിക്കുത്തിൽ കയറിപ്പിടിച്ചു. കൈയിലിരുന്ന കമ്പിനെ തട്ടിത്തെറിപ്പിച്ചു. പിന്നെ കടിയായിരുന്നു. മാറിലും കഴുത്തിലും മാറി മാറി. ശരിക്കും ഒരു മൃഗം! ആ നിമിഷം അവൾ ഒന്നും ചെയ്യാനാകാതെ നിലത്ത് വീണുപോയി. അപ്പോഴാണ് അവൾ അവ​​ന്റെ ഉദ്ധരിച്ച അവസ്​ഥയെ കണ്ടത്.

പഠിച്ചുറപ്പിച്ചതിലല്ല, പിന്നിലൊളിപ്പിച്ച കഠാരയുമായി പാഞ്ഞുവരുന്നതിനെ കൈയടക്കത്തോടെ മെരുക്കുന്നതിലാണ് കാര്യം. ഒരു നിമിഷം പതറിപ്പോയെങ്കിലും പെട്ടെന്നവൾ സമനില വീണ്ടെടുത്തു. അവനിലെ രാജവെമ്പാല വിഷപ്പല്ലുകൾ വിറപ്പിച്ച് കുതറുകയാണ്. അടുത്ത ശ്വാസത്തി​​ന്റെ വിടവിലൂടെ അവൾ അവനെ കെട്ടിപ്പിടിച്ചു. ചോരമണം മാറാത്ത ആശുപത്രി കിടക്കയിൽ വെച്ച് ആദ്യമായി ചേർത്തണച്ചതുപോലെ. ഒരിക്കലും ആ ആലിംഗനത്തിൽനിന്നും വിട്ടുപോരാനാകാത്ത വിധത്തിൽ. പിന്നെ അവ​​ന്റെ പതറുന്ന കണ്ണുകളിൽ തുറിച്ചുനോക്കി.

അപ്പോളവൾക്ക് മുലഞെട്ടിൽനിന്നും പിടിവിട്ട് പൗർണമിച്ചന്ദ്രനെപ്പോലെ ചിരിച്ച അനന്ത​​ന്റെ മോണകാട്ടിയുള്ള ആദ്യചിരി ഓർമ വന്നു. സാവധാനം കൈ അരക്കെട്ടിലൂടെ പിടഞ്ഞ് താഴോട്ടിറങ്ങി. വേരിലേക്ക് കുനിയുന്ന തായ്ത്തടിപോലെ! അന്നേരം അവൾ ഇരുപത്തിയെട്ടിന് നൂലുകെട്ടിയ അവ​​ന്റെ അമ്മയായി. അരിയും പൂവും നിറച്ച പാത്രത്തിൽ ചവിട്ടിനിന്ന് ചെറുചൂടുള്ള മൂത്രം ചീറ്റിയൊഴിച്ച് അവളുടെ പുതിയ നെയ്ത്ത് സാരിയെ നനച്ച കുസൃതിക്കാര​​ന്റെ കുഞ്ഞ് ചുണ്ണിയിൽ ഒരു തട്ടുകൊടുത്ത് ചിരിച്ച അമ്മ. പിന്നീടവൻ ഒരു തെളിഞ്ഞ മഴവില്ലുപോലെ വളഞ്ഞു.

അന്നേരം അവൾ അവന് പുളിയും എരിവും പായസച്ചോറും കുഴച്ച് അന്നപ്രാശം ചെയ്ത അമ്മയിലേക്ക് നിറഞ്ഞു. ഋതുക്കൾ മറന്ന് പൂക്കുന്ന ഒരു മരംപോലെ അവൻ അന്നേരം വിറച്ചു. അവൾ അവനെ തൊട്ടിലിൽ കിടത്തി പാടിയ എണ്ണമില്ലാത്ത ഈണങ്ങളോർത്തു. അവൻ വീണ്ടും തലയുയർത്തിപ്പിടിച്ചു. കണ്ണുകൾ ഇറുകെ പൂട്ടി അശോകവനിയിലെ അഞ്ചിതൾപൂവായി പൊഴിഞ്ഞു. അവൾ സ്വപ്നത്തിൽ ചിരിക്കാറുള്ള കുഞ്ഞിനെ ഓർത്തു. അവൻ തണുത്തു. ശാന്തനായി. എല്ലാ മുൻകരുതലുകളും ഉള്ള അമ്മയുടെ കൈകളിൽ ആ സർപ്പം പഴയ അനുസരണയുള്ള കിളിക്കുഞ്ഞിനെപ്പോലെ തളർന്ന് മയങ്ങി. അന്നേരം അവൻ വല്ലാതെ നാണിച്ചു. ആദ്യമായി പാൽപ്പല്ല് മുളച്ചപ്പോൾ കണ്ട അതേ നാണംപുരണ്ട ചിരി. നിന്നിൽനിന്നും അന്യമായി ഒന്നും എനിക്കില്ല, ഒന്നും... എന്ന നിർവികൽപമാർന്ന ചിരി.

ആഷ പിന്നെ അവനെ ബാത്ത്റൂമിലേക്ക് കൊണ്ടുപോയി. അവ​​ന്റെ കാലുകൾ ഭൂമിയിലെ ക്രൂശിതനെപ്പോലെ നിലത്തിഴഞ്ഞു. അവൾ അവനെ വിവസ്​ത്രനാക്കി. മുല്ലപ്പൂവി​​ന്റെ മണമുള്ള സോപ്പുതേച്ച് കുളിപ്പിച്ചു. അവൻ അമ്മയുടെ തോളിലേക്ക് പടുമരംപോലെ ചാഞ്ഞു. അവൾ കുളിമുറിയിൽനിന്നും ഇറങ്ങും മുമ്പ് വലിയ ബക്കറ്റ് നീക്കിവെച്ച് പൈപ്പ് തുറന്നിട്ടു. ഷേവിങ് ബ്ലേഡി​​ന്റെ തിളങ്ങുന്ന വായ്ത്തല അവളുടെ ഇടത്തേ കൈത്തണ്ടയിലെ നീലഞരമ്പുകളെ നോക്കി പതിവുപോലെ ചുണ്ടുനനച്ചു.

അവൾ അവനെ കിടക്കയിൽ കൊണ്ട് കിടത്തി. തുടകളിൽ തട്ടി ‘‘കല്ല്യാണക്കുരുവിക്ക് പുല്ലാനിപ്പുര കെട്ടാൻ പുല്ലും നെല്ലും വയ്ക്കോലും...’’ എന്ന ഉറക്കുപാട്ട് പാടി. അവൻ വേഗം ഉറങ്ങി. അന്നേരം അവൾക്ക് അനിൽ വേറെ വിവാഹം കഴിച്ചെന്നറിഞ്ഞപ്പോഴോ, അവളെ പഠിപ്പിച്ച ഒരു ടീച്ചർ മറ്റൊരു നല്ല കുഞ്ഞിനെക്കുറിച്ച് ചിന്തിച്ചുകൂടെ എന്ന് ചോദിച്ചപ്പോഴോ തോന്നാത്ത ഒരു മഹാസങ്കടം തോന്നി. എത്രയോ കാലങ്ങൾക്കുശേഷം അവൾ ഏങ്ങി ഏങ്ങി കരഞ്ഞു. പിന്നെ കാൽക്കീഴിൽ കിടന്ന സാമാന്യം കനമുള്ള തലയിണ വലിച്ചെടുത്തു. അന്നേരം ബക്കറ്റിൽ വെള്ളം നിറഞ്ഞ് പുറത്തേക്ക് ഒഴുകിത്തുടങ്ങിയിരുന്നു.

(ചിത്രീകരണം: നാസർ ബഷീർ)

News Summary - weekly literature story