Begin typing your search above and press return to search.
proflie-avatar
Login

കവി വാക്യം

കവി വാക്യം
cancel

ഒന്നു കുളിപ്പിക്കണമെന്ന് ഒരാഴ്ച നിരന്തരം മക്കളോട് പറഞ്ഞിട്ടും ഫലം കിട്ടിയില്ല. ഇപ്പോൾ മകനും കൂട്ടുകാരും എത്തി നല്ലവണ്ണം കുളിപ്പിച്ചു. വേറെയുമുണ്ട്... ദാഹിച്ചപ്പോൾ വെള്ളം വേണമെന്ന് എത്ര തവണ മകനോട് പറഞ്ഞതാണ്. എന്നിട്ടും അവൻ കേൾക്കാത്ത ഭാവം നടിച്ചു. എന്തോ അവന് തോന്നിയതുകൊണ്ടാവും ഇന്ന് വായിൽ വെള്ളം ഒഴിച്ചുതന്നു. അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടിട്ടാവണം മക്കൾ നിർത്താതെ കരയുന്നുണ്ട്.

ഇന്നലെവരെ അവർ ഓർത്തുകാണില്ല. അച്ഛൻ മക്കൾക്കു​വേണ്ടി ചെയ്ത നന്മകളും ത്യാഗവും ഒന്നും. ഇപ്പോഴെങ്കില​ും അതോർത്ത്, അത് മനസ്സിലാക്കി ഒന്ന് കരയാൻ അവർ തയാറാവുന്നുണ്ടല്ലോ എന്ന് ഓർക്കുമ്പോഴ​ാണ് കുറച്ചെങ്കിലും സന്തോഷമാകുന്നത്. കീറിയതും നാറ്റം പിടിച്ചതുമായ ഉടുമുണ്ട് മാറ്റണമെന്ന് എത്രകാലമായി പറയുന്നു എന്നറിയുമോ. മക്കളാരും പക്ഷേ അതൊന്നും കേട്ട ഭാവം നടച്ചില്ല. എങ്ങനെ കിടക്കുന്നോ അതുപോലെതന്നെ മതിയെന്നായിരുന്നു അവർക്ക്. ആരെങ്കിലും വരുമ്പോൾ കാണാതിരിക്കാൻ വാതിലൊന്ന് പതുക്കെ ചാരും. അതായിരുന്നു അവരുടെ ശീലം.

​പക്ഷേ ഇപ്പോൾ അവർക്കെല്ലാം മനസ്സിലായി കേട്ടോ... അവർ ഇന്ന് വന്ന് പഴയ, മുഷിഞ്ഞ, മണമുള്ള ഉടുപ്പൊക്കെ മാറ്റി നല്ല പുത്തൻ വസ്ത്രങ്ങളാണ് അണിയിച്ചുതന്നത്. എന്തൊരു സന്തോഷമായിരുന്നെന്നോ അപ്പോൾ എനിക്ക്!. അവരുടെ മുഖത്തും ഒളിഞ്ഞിരിക്കുന്ന പുഞ്ചിരി ഞാൻ കണ്ടിരുന്നു. പക്ഷേ അതെന്തോ അവർ പുറത്തു കാണിച്ചില്ല എന്നുമാത്രം. ഇന്നലെ എന്നെ കാണാൻ ചിലരൊക്കെ വന്നിരുന്നു. സാധാരണ വിരുന്നുകാർ വരുമ്പോൾ എന്റെ വാതിലടക്കാറുള്ള മക്കൾ പക്ഷേ ഇന്നലെ അത് തുറന്നുതന്നെ ഇട്ടു. വിരുന്നുവന്നവർ എന്റെ അടുത്തെത്തി, ഒന്നു നോക്കിയശേഷം ഒന്നും മിണ്ടാതെ അവർ തിരിച്ചുപോയി. ഇന്ന് അവർ വീണ്ടുമെത്തിയിട്ടുണ്ട്. മണിയച്ചൻ നാട്ടിൽ ചെയ്ത നന്മകളും ഉപകാരങ്ങളും എല്ലാം അവർ എല്ലാവരോടും എണ്ണിയെണ്ണി പറയുന്നുണ്ട്.

എല്ലാം മണിയച്ചൻ കാണുന്നുണ്ട്. സകലതും താൻ ഒരു ശവം ആയതിനു ശേഷമുള്ള സംഭവങ്ങളാണെന്ന് മണിയച്ചൻ ഓർത്തത് അപ്പോഴാണ്. ഒന്നോർക്കുമ്പോൾ ആശ്വാസമാണ് ‘ഇന്ന് ഞാൻ നാളെ നീ’ എന്നാണല്ലോ കവിവാക്യം.

Show More expand_more
News Summary - weekly literature story