ഇമോജി
പതിവുപോലെ ഒരു രാത്രി. സുകുമാഷെ നോക്കി ഉറക്കം അന്നും തീണ്ടാപ്പാടകലെ പല്ലിളിച്ചു നിന്നു. രാത്രിയുറക്കം കമ്മിയാണെങ്കിലും പകൽമയക്കം അച്ചട്ടാണ്. സുകുമാഷ് എന്ന് പരക്കെ അറിയപ്പെടുന്ന പീറ്റക്കണ്ടി സുകുമാരൻ എന്ന പി.കെ. സുകുമാരൻ. റെയിൽവേയിലെ ഉയർന്ന തസ്തികയിൽനിന്ന് പിരിഞ്ഞ് വീട്ടിൽ സ്വസ്ഥം രജതജൂബിലി ആഘോഷിക്കുന്ന വന്ദ്യവയോധികന് കുറേയായി പതിവതാണ്. വയസ്സാംകാലത്ത് അതങ്ങനെയാണെന്ന് സമ്മതിക്കാൻ ആ പ്രായത്തിൽ ഉള്ളിൽ കുത്താറുള്ള പിടിവാശി കാരണം അയാളൊട്ടു തയാറുമല്ല. മനസ്സ് വയസ്സിനെ ഒരു അക്കത്തിൽ നിർത്തിയാൽ അതൊരു പ്രായമല്ല. ആ ചിന്ത തുടങ്ങുമ്പോൾ അവിടേക്ക് ഒരതിവേഗ തീവണ്ടി കുതിച്ചെത്തും. അപ്പോഴയാൾ...
Your Subscription Supports Independent Journalism
View Plansപതിവുപോലെ ഒരു രാത്രി. സുകുമാഷെ നോക്കി ഉറക്കം അന്നും തീണ്ടാപ്പാടകലെ പല്ലിളിച്ചു നിന്നു. രാത്രിയുറക്കം കമ്മിയാണെങ്കിലും പകൽമയക്കം അച്ചട്ടാണ്. സുകുമാഷ് എന്ന് പരക്കെ അറിയപ്പെടുന്ന പീറ്റക്കണ്ടി സുകുമാരൻ എന്ന പി.കെ. സുകുമാരൻ. റെയിൽവേയിലെ ഉയർന്ന തസ്തികയിൽനിന്ന് പിരിഞ്ഞ് വീട്ടിൽ സ്വസ്ഥം രജതജൂബിലി ആഘോഷിക്കുന്ന വന്ദ്യവയോധികന് കുറേയായി പതിവതാണ്. വയസ്സാംകാലത്ത് അതങ്ങനെയാണെന്ന് സമ്മതിക്കാൻ ആ പ്രായത്തിൽ ഉള്ളിൽ കുത്താറുള്ള പിടിവാശി കാരണം അയാളൊട്ടു തയാറുമല്ല. മനസ്സ് വയസ്സിനെ ഒരു അക്കത്തിൽ നിർത്തിയാൽ അതൊരു പ്രായമല്ല.
ആ ചിന്ത തുടങ്ങുമ്പോൾ അവിടേക്ക് ഒരതിവേഗ തീവണ്ടി കുതിച്ചെത്തും. അപ്പോഴയാൾ കാത്തിരുന്ന് മുഷിഞ്ഞ സ്വന്തം മാളത്തിൽനിന്ന് ദീർഘദൂര പാസിൽ എ.സി കമ്പാർട്മെന്റിലെ സൗകര്യമുള്ളൊരു സീറ്റിൽ കയറിപ്പറ്റും. പുറംകാഴ്ചകൾ കട്ടിക്കണ്ണാടിയാൽ മറഞ്ഞതിനാൽ ഗതകാല സംഭവങ്ങൾ കോർത്തിണക്കി മനസ്സിൽ കാഴ്ചകളൊരുക്കും. അപ്പോൾമാത്രം പ്രായത്തെക്കുറിച്ചൽപം വ്യാകുലപ്പെടും. സാധാരണ കമ്പാർട്മെന്റിലെ കാറ്റും പൊടിയും ഈ പ്രായത്തിൽ താങ്ങാവുന്നതല്ല. പക്ഷേ, ഉയർന്ന ക്ലാസിൽ സഞ്ചരിക്കുവാനുള്ള പാസ് റെയിൽവേ തന്നിരിക്കുമ്പോൾ എന്തിനാണ് മറു ചിന്തയെന്നോർക്കുമ്പോൾ തന്റെ മറവിയെക്കുറിച്ചോർത്ത് അയാൾക്ക് ചിരിപൊട്ടും.
കണ്ണു പൂട്ടി തല ചായ്ച്ചുള്ള മയക്കത്തിൽ ചിലപ്പോൾ ഉറക്കെ പൊട്ടിപ്പൊട്ടി ചിരിക്കുന്നത് സൗമിനി ഗൗനിക്കാറില്ല. അവരപ്പോൾ അയാൾക്കുള്ള ഉച്ചഭക്ഷണം ഒരുക്കുന്ന തിരക്കിലാവും. അധികം മൊരിയാതെ, മയത്തിൽ വേവിച്ച്, ഉപ്പ് കുറച്ച്, വറവിന്റെ വെള്ളം മുഴുക്കെ ആറ്റിയെടുത്ത്, പേരിന് എരിവ് ചേർത്ത്, അങ്ങനെയങ്ങനെ… ആയകാലത്തിലെ ദാമ്പത്യത്തിന്റെയും പ്രണയത്തിന്റെയും ഓർമകളിൽ അവർ ചെയ്യുന്ന പാചകം രസമുള്ളതാക്കും. കരുതലിന്റെയും സ്നേഹത്തിന്റെയും ചേരുവ കൂടെ ചേർത്ത് പൂർത്തിയാക്കും.
ക്രമം തെറ്റിയാൽ പിന്നിട്ട സംഭവങ്ങൾ മനസ്സുകൊണ്ട് അഴിച്ചും പണിതും വീണ്ടും കോർത്തിണക്കിയും സുകുമാഷങ്ങനെ യാത്ര തുടരും. ബാക്കിയൊക്കെ മറവിയുടെ ചളിക്കുണ്ടിൽ ചവിട്ടിത്താഴ്ത്തി, കണ്ണുകളിറുക്കിയടച്ച്, മകൾ ഓൺലൈനിൽ വരുത്തിത്തന്ന പുഷ്ബാക്ക് കസാലയിൽ ശരീരം തളർത്തി പിന്നിലേക്ക് ചാരി അയാൾ പകൽമയക്കത്തിൽ ഒറ്റയിരിപ്പിരിക്കും. യാത്രയുടെ അന്ത്യത്തിൽ സ്വപ്‌നങ്ങൾ കലങ്ങാൻ തുടങ്ങുമ്പോൾ അയാൾക്ക് പതിവുള്ള പിടലി കഴപ്പ് വരും. പാദങ്ങൾക്കടിയിൽ രണ്ടിലും തരിപ്പ് നുരച്ച്കയറും. ശരീരം മുഴുവൻ ഞരമ്പുകൾകൊണ്ട് സൂചി കുത്താൻ തുടങ്ങും. അപ്പോൾ ക്രാവിക്കൊണ്ടിരിക്കുന്ന ഒരു കാക്കയെപ്പോലെ തൊണ്ടയിൽനിന്നുള്ള കുറുകലാൽ നീട്ടിയൊരു വിളിയുണ്ട്.
സൗ…മീ... എടോ…സൗ… അലാറം അടിച്ചതുപോലെ അപ്പോൾ നീട്ടിപ്പിടിച്ച ഒരു വലിയ ഗ്ലാസ് ഉപ്പിട്ട നാരങ്ങാവെള്ളവുമായി സൗമിനി അയാളുടെ മുന്നിലെത്തും. സുകുമാഷ് ആയകാലത്ത് ഒരു പഞ്ചാരപ്രിയനായിരുന്നു. ഷുഗറ് കേറിയപ്പോ പകരം ഉപ്പായി. തുടക്കത്തിൽ സൗമിനി നാക്കിന്റെ പരിഭവം മാറ്റാൻ കഷ്ടി ഒരു സ്പൂൺ പഞ്ചാരയിടും. പിന്നെ അത് പാതിയും കാലും ഒട്ടുമില്ലാതെയുമായി ചുരുങ്ങി. ചിലപ്പോൾ സൗമിനി വീതിയുള്ള കിടക്കയിൽ ഇടതുഭാഗത്ത് സുകുവേട്ടന്റെ വിളി ചെവിയിലെത്താതെ കൂർക്കം വലിച്ചുറങ്ങും. മാഷുടെ പിറകെ നടന്നും ദിനചര്യകൾ ശ്രദ്ധിച്ചും അവരുടെ ശരീരം ഒരു പരുവമായിക്കാണും. ഒന്ന് തലചായ്ക്കാൻ കിടക്കുമ്പോൾ അറിയാതെ പറ്റിപ്പോകുന്നതാണ്. ഉറക്കം വൃദ്ധർക്കും കുട്ടികൾക്കും മാത്രമല്ല, ക്ഷീണിതർക്കു കൂടെയുള്ളതാണ്.
ഉറങ്ങിപ്പോയ ദിവസങ്ങളിൽ മാഷിന്റെ തൊണ്ടയിൽനിന്നുള്ള രണ്ടാമത്തെ കുറുകലിൽ അവരുടെ മനസ്സിന്റെ അലാറം ഞെട്ടിയടിക്കും. കിടക്കുന്നതിനു മുമ്പേ തയാറാക്കിവെച്ച നാരങ്ങാവെള്ളം വലംകൈയിൽ. സാരിത്തലപ്പുകൊണ്ട് മുഖം തുടക്കുന്ന ഇടംകൈയിലെ നേരിയ വിറയൽ. സുകുവേട്ടൻ പതിനൊന്നു മണി പതിവുമയക്കത്തിൽനിന്നുണർന്ന് നേരം കുറെയായിക്കാണുമോ എന്ന വെപ്രാളം മുഖത്ത്. രാവിലെ മാഷേക്കാൾ മുമ്പുണർന്ന് അവർ കുളിമുറിയിലേക്കുള്ള തറ തുടച്ച് വൃത്തിയാക്കും. ഇറ്റുവീണ ഒരു തുള്ളി വെള്ളം മതി മാഷിന്റെ ചുവട് തെറ്റിക്കാൻ. എന്റമ്മോ മലർന്നടിച്ചെങ്ങാൻ വീണുപോയാൽ...
ഉടനെ മകൾക്ക് അച്ഛന്റെ വക ഇമോജി പോകും തീർച്ച. രണ്ടു കണ്ണുകളിലൂടെയും നീട്ടിവലിച്ചങ്ങനെ കണ്ണീർ താഴോട്ടൊഴുക്കി മോങ്ങുന്ന എത്ര മുഖങ്ങളാവും അവയെന്ന് സൗമിനി വിരലുകൾ നിവർത്തിയടച്ച് കുഴയാറുണ്ട്. സൗമിനിയുടെ ചെറു പാളിച്ചകൾക്കൊക്കെ പോകാറുണ്ട് പലതരം ഇമോജികൾ. അവളുടെ വക ഫോൺ അമ്മക്ക് കൊടുത്തേന്നും പറഞ്ഞ് കുറ്റപ്പെടുത്തലിന്റെ ഒരു പൊടിപൂരമായിരിക്കും തുടർന്ന്.
“അമ്മ എത്ര മണിക്കാ നെലം തൊടച്ചേ, അച്ഛനെത്ര മണിക്കാ ബാത്‌റൂമ് പോയെ, അമ്മ ഉറങ്ങിപ്പോയിറ്റൊന്നൂല്ലാലോ ച്ചെ, ശ്രദ്ധിക്കേണ്ടമ്മേ...” ചിലപ്പോൾ പൊട്ടിത്തെറിക്കാൻതോന്നും സൗമിനിക്ക്. “ന്നാ നീ നിന്റെ പുരുവനേം മക്കളേം വിട്ടിറ്റ് ഇങ്ങോട്ട് വാ, അച്ഛനെ നോക്കാൻ. ഫോണ്ക്കളിച്ചാ മാത്രം പോരാ. മദിരാശി അത്ര ദൂരോന്ന്വല്ലാലോ. പറ്റ്വോ നിനിക്ക്...” മകൻ അങ്ങ് ന്യൂസിലൻഡിലാണ്. ഒരു പായാരവുമില്ലാത്ത ചെക്കൻ. സൂചിപ്പിച്ചാൽ ആവശ്യത്തിന് പണമയക്കും. വിളിച്ചന്വേഷിക്കും. അങ്ങോട്ട് പറയുന്ന വിശേഷങ്ങൾ കേൾക്കും. ഇടപെടില്ല.
നിങ്ങൾക്ക് സ്വാതന്ത്ര്യമുള്ളത് ചെയ്ത് ശിഷ്ടജീവിതം ആസ്വദിക്ക് എന്ന മട്ട്. അവിടത്തെ ജീവിതരീതിയാവാം അവനെ മാറ്റിമറിച്ചത്. ആകാശത്തെ തുളക്കുന്ന കെട്ടിടങ്ങളും ഫ്ലാറ്റുകളുമില്ല. ഐ.ടിയിലെയും ജോലിയിലെയും പഠിപ്പിലെയും സമ്മർദങ്ങളും ആക്രാന്തങ്ങളുമില്ല. എളിയ ജീവിതം. ചെറുവീടുകൾക്ക് ചുറ്റുമുള്ള പച്ചക്കറി-പഴ തോട്ടങ്ങൾ. ആകാശത്തിൽനിന്ന് മണ്ണിലേക്കല്ല, മറിച്ച് മണ്ണിൽനിന്ന് മേലേക്ക് നോക്കുന്ന ജനത. ഏറ്റവും സമ്പന്നർ കർഷകരും മുന്തിയ സ്കൂളുകളിൽ പഠിക്കുന്നവർ അവരുടെ മക്കളുമാണ്. അച്ഛനുമമ്മയും ഒരു വിസിറ്റിന് വാ. അവിടത്തെ സ്വാതന്ത്ര്യം നിങ്ങൾക്കിഷ്ടപ്പെടും എന്നാണ് രണ്ടുപേരും ഓർമിപ്പിക്കുക.
മകളുടെ വരിഞ്ഞുകെട്ടലിൽ ഇഴപിരിഞ്ഞ് പൊട്ടുന്ന കയറിൻ കണ്ണികൾപോലെ ദേഷ്യം വാക്കുകളെ പല്ലുകൾക്കിടയിലിട്ട് മുറുമുറുപ്പായി പിരിച്ച് സൗമിനി കാറ്റിൽ പറത്തും. ചില കുറി അപ്പോഴായിരിക്കും സുകുവേട്ടന്റെ ”നീ എന്തെങ്കിലും പറഞ്ഞോ സൗമീ” എന്ന സ്നേഹാന്വേഷണം. ഉത്തരം പല്ലുഞെരിക്കലിലും പിറുപിറുപ്പിലും ആ നല്ല ഭാര്യ ഒതുക്കും. “സൗമീ… നീ പോയോ” എന്ന തുടർ സ്നേഹാന്വേഷണത്തിന് “ഇല്ല. ഞാനീട തന്നീണ്ട്. ഞാൻ ഉത്തരം പറഞ്ഞ്വല്ലോ സുക്വെട്ടാ, കേട്ടില്ലേ” എന്നും പറഞ്ഞ് പിറകിലൂടെ പോയി അയാളുടെ ചുമലുകളിൽ കൈകൾവെക്കും. ചിലപ്പോൾ അയാൾ അവരുടെ കൈ പിടിച്ച് അടുപ്പിച്ച് നിർത്തും. “സുക്വെട്ടാ, ഞാമ്പോട്ടെ, അടുക്കളീ പണീണ്ട്” എന്നു പറഞ്ഞ് കൈ വിടുവിച്ച് അവർ ഒരു മൂളിപ്പാട്ടോടെ നടന്നുപോകും. ഇതുവരെ സുകുവേട്ടനെ വീഴാതെ പൊട്ടാതെ നോക്കാൻ പറ്റിയത് ഭാഗ്യമെന്ന് സൗമിനി എന്നും സന്ധ്യാവിളക്ക് കൊളുത്തി പ്രാർഥിക്കും. ഇനിയും കാത്തു കൊള്ളേണമേയെന്ന് പൂജാമുറിയിൽ കൈകൂപ്പി കെഞ്ചും. അച്ഛന്റെയും മകളുടെയും ഇമോജി ചൂണ്ടവലിയിലാണ് അവർ വലഞ്ഞുപോകാറ്.
തീവണ്ടിയിൽ രണ്ട് യാത്രകളാണ് സുകുമാഷിന്. ഉറക്കം വരാത്ത രാത്രികളിൽ രാത്രിയാത്ര മുടങ്ങിയെന്നിരിക്കും. പകൽ മയക്കത്തിലേത് എന്നുമുള്ളതാണ്. തന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനും ഉറ്റ സ്നേഹിതനുമായ ജോർജ് പറയാറുള്ള ഒരു കാര്യമുണ്ട്. “എടോ സുകുമാഷേ, എപ്പോഴാ ഒരാളുടെ ജീവിതം ധന്യമാകുന്നേ. നമ്മുടെ ഉള്ള്ന്ന് നമുക്കൊരു കയ്യടി വരാന്ണ്ട്. അതിന് ചില്ലറ പാടൊന്ന്വല്ല. മനസ്സും ശരീരൂം കൂർപ്പിച്ച് നന്നായി അധ്വാനിക്കണം. ജീവിതത്തിൽ എനിക്ക് ഇത്രയൊക്കെ ചെയ്യാൻ പറ്റിയല്ലോ എന്നോർത്തോർത്ത് മനസ്സ് നമ്മളെ തലോടും.
അപ്പോഴാണത് വരിക. ഹല്ല പിന്നെ, മറ്റുള്ളവർ കൈയടിച്ചില്ലെങ്കിൽ നമുക്കൊരു ചുക്കും വരാനില്ല.” ഉറ്റ ചങ്ങാതിയാണ്, എന്നാലും ഈ മാഷേ വിളി സുകുമാഷിനത്ര ദഹിക്കാറില്ല. അതിന് താൻ ഒരു സാദാ സ്കൂൾ വാധ്യാരൊന്നുമല്ലെന്ന് അയാൾ ഉള്ളിൽ ഇൗർഷ്യയെടുക്കും. സമൂഹത്തിന്റെ സകല തട്ടിലുമുള്ളവരെ പഠിപ്പിക്കുന്ന മാഷല്ലിത്. മനുഷ്യരുടെ ജീവിതമല്ല, ജീവനാണ് സ്വന്തം തലച്ചോറിൽ കണക്കുകൂട്ടി നിയന്ത്രിച്ച് വർഷങ്ങളോളം കൊണ്ടുനടന്നതെന്ന ഓർമ ഉള്ളിൽ കൈയടിക്കുമ്പോൾ സുകുമാഷെ ഉറക്കം തഴുകി കൈപിടിച്ച് കൊണ്ടുപോകും.
ഉറക്കം മാറിനിന്ന ആ രാത്രി സുകുമാഷ് ഏകദേശം നാൽപത്തഞ്ച് വർഷങ്ങൾക്ക് പിന്നിലേക്ക് പോയി. തമിഴ്നാട്ടിലെ പൂലൂ എന്ന സ്റ്റേഷൻ. മേട്ടുപ്പാളയം വിട്ടാൽ ഒരു കയറ്റം. തൊട്ടൊരു ഇറക്കം. സ്റ്റേഷൻ മാസ്റ്ററായി ചാർജെടുത്തിട്ട് മാസം ഒന്ന് തികഞ്ഞില്ല. ആവി എൻജിനായിരുന്നു അന്ന്. നിറയെ യാത്രക്കാരുടെ ജീവനുംകൊണ്ട് അതോടുകയാണ്. പതുക്കെ. ഇറക്കത്തിൽ എൻജിൻ ഓഫാക്കി ബ്രേക്ക് മാത്രം പ്രവർത്തിപ്പിച്ചുള്ള ഓട്ടമാണ്. ശബ്ദമടങ്ങിയ എൻജിനിൽനിന്ന് ശ് എന്നൊരു ശീൽക്കാരം മാത്രം കേൾക്കാം. ചെവി കേൾക്കാത്തൊരു കാരണവർ ഓടുന്ന വണ്ടിക്ക് മുന്നിൽ റെയിൽപാളത്തിലൂടെ നടന്നുനീങ്ങുന്നു. തണുപ്പുകാലത്ത് അതിരാവിലെ തമിഴ്നാട്ടിലനുഭവപ്പെടാറുള്ള നേരിയ മഞ്ഞിൽ അയാൾ തലവഴി ഒരു ബെഡ്ഷീറ്റ് പുതച്ചിട്ടുണ്ട്.
വണ്ടി അടുത്തതും അയാളെങ്ങനെയോ പ്ലാറ്റ്ഫോമിൽ കയറാൻ ശ്രമിച്ചു. ആവി എൻജിന് രണ്ട് ഭാഗത്തും ഓരോ വളയം കാണും. കാരണവരുടെ കഴുമരതൂക്കായി അതിലൊന്നവതരിച്ചു. ഒരു വളയത്തിൽ അയാളുടെ ബെഡ് ഷീറ്റ് കുടുങ്ങി. പാളത്തിൽ വീണ കഷണങ്ങളിൽനിന്ന് അയാളുടെ ജീവൻ അറ്റുപോയി. തകർന്നുപോയ തന്നെ അന്ന് ആശ്വസിപ്പിച്ചതും തുടർകാര്യങ്ങൾ കൃത്യമായി നടത്തിയതും പരിചയസമ്പന്നനായ സീനിയർ സ്റ്റേഷൻ മാസ്റ്ററാണ്. മരിച്ച മനുഷ്യനെ എന്നും ആ സമയത്ത് അതിലൂടെ നടന്നുവരുന്നത് കണ്ടവരുണ്ട്. ജോലിക്കാകാം, ജീവിക്കാനാവാം. ആ സംഭവത്തിനുശേഷം റെയിൽപാളത്തിൽ ചിതറിയ അയാൾ വന്ന് എന്നും തന്നെ ശല്യം ചെയ്യാൻ തുടങ്ങി.
അതൊരു പതിവാണെങ്കിൽ ആ മനുഷ്യന്റെ റെയിലോരത്തു കൂടെയുള്ള നടത്തം ആർക്കെങ്കിലും പറഞ്ഞു മനസ്സിലാക്കി ഒഴിവാക്കാമായിരുന്നില്ലേ? ആ മരണത്തിലൊരു പങ്ക് തനിക്കുമില്ലേ? ഒരു വീടിന്റെ അന്നദാതാവാണ് മരിച്ചതെങ്കിൽ എന്തായിരിക്കും ഇപ്പോഴവരുടെ അവസ്ഥ? ഉത്തരവാദിത്തമുള്ളൊരു സാമൂഹ്യജീവി എന്നനിലയിൽ അതന്വേഷിക്കേണ്ടത് തന്റെ കൂടെ കടമയല്ലേ? ചോദ്യങ്ങൾക്കുമേൽ ചോദ്യങ്ങളുമായി ആ മരണം തന്റെ ഉറക്കം കെടുത്തിയപ്പോൾ റെയിൽവേയുടെ പരിചയം വെച്ചുതന്നെ അന്വേഷണമായി. സ്വകാര്യമായുള്ള അന്വേഷണം എത്തിച്ചത് പ്ലാസ്റ്റിക് ഷീറ്റും തകരവുംകൊണ്ട് തീർത്ത ഒരു കുടിലിന്റെ മുറ്റത്താണ്. നിർവികാരരായി മുക്കിലും മൂലയിലും ചലിക്കുന്ന ശരീരങ്ങൾ. അയൽക്കാർ പറഞ്ഞ വിവരങ്ങളുമായി അവിടെനിന്ന് പെട്ടെന്ന് പോന്നു. ഹൈസ്കൂളിൽ അവസാന വർഷം പരീക്ഷ എഴുതാൻ നിൽക്കുന്ന സമർഥയായ മകൾ. പഠനം ഉപേക്ഷിച്ച മൂത്തവൻ. താഴെയുള്ള മൂന്നെണ്ണം. സ്കൂൾ കഴിഞ്ഞയുടനെ മകൾക്ക് മാംഗല്യം നടത്താനുള്ള ഒരുക്കത്തിലായിരുന്നു കാരണവർ. “ഒര് ചിന്ന നഗയ് കൂടെയില്ലാമൽ മാപ്പിളയെ എങ്കേയിരുന്ത് കെടക്കും?” അയൽക്കാരി തള്ള കൈമലർത്തി. അടുത്ത പോക്ക് സൗമിനിയേയും കൂട്ടിയായിരുന്നു.
“അനുവിന് ഇനിയും നമുക്കുണ്ടാക്കിക്കൂടെ സുക്വേട്ട” എന്നും പറഞ്ഞാണ് അവൾ തന്റെ കൂടെ ഇറങ്ങിയത്. “ആഭരണം. അതില്ലാതെ ഒരു കുട്ടി ജീവിക്കാതിരുന്നു കൂടാ” എന്നു പറഞ്ഞ് അവൾ കൈയിലിരുന്ന നാല് സ്വർണവളകൾ ഊരി ആ മകളുടെ കൈയിലിട്ടു കൊടുത്തു. അമ്പരന്ന തന്നെ നോക്കി അന്നവൾ പറഞ്ഞു: “സുക്വേട്ട, സമാധാനായില്ലേ. മനസ്സമാധാനൂല്ലെങ്കി പൈസീണ്ടായിറ്റ് കാര്യോന്നൂല്ല. എനി ആ പെണ്ണിന കല്യാണം കഴിച്ച് പെഴപ്പിക്കണ്ട. നന്നായി പഠിക്കുന്ന കുട്ട്യല്ലേ. സുക്വേട്ടൻ വിചാരിച്ചാ മൂത്തവന് ഒര് പണി കൊടുക്കാൻ പറ്റൂലെ. റെയിൽവേല് ഒര് പോർട്ടറായിറ്റേങ്കും. എനക്കറീല്ലാലോ. സുക്വേട്ടൻ നോക്ക്. ആ പെണ്ണും സ്വന്തം കാലിൽ നിക്കട്ടെ. എന്നിട്ട് മതി പുരുഷൻ താലികെട്ടി കൊണ്ടോവാൻ...” പൊട്ടിപ്പെണ്ണായിരുന്ന സൗമി ഇപ്പോൾ ഉറച്ച തീരുമാനങ്ങളെടുത്താൽ അതിൽ മാറ്റമില്ല. അവളെ മാറ്റിമറിച്ചത് റെയിൽവേ ജീവിതം തന്നെയാണ്. പിന്നെ നടന്നത് നിരന്തരം കൗൺസലിങ് പോലുള്ള ഒരു യജ്‌ഞം.
കിടപ്പുരോഗിയായ അമ്മയെ പലതവണ കണ്ട് പറഞ്ഞു മനസ്സിലാക്കി മകളുടെ മാംഗല്യം മാറ്റിവെപ്പിച്ചു. എസ്.എസ്.എൽ.സി പാസാവാൻ പ്രേരിപ്പിച്ചു. നിർബന്ധിച്ച് റെയിൽവേയിലെ ഉദ്യോഗത്തിന്റെ ടെസ്റ്റ് എഴുതിപ്പിച്ച് ജോലികിട്ടി. കിട്ടുംവരെ അത്യാവശ്യ സാമ്പത്തികവും ചെയ്തു. മകന് റെയിൽവേയിലെ പോർട്ടർ പണി ഒപ്പിച്ചുകൊടുത്തു. സമ്പന്നർ ഇറങ്ങുന്ന ഒന്നാം ക്ലാസ് കമ്പാർട്മെന്റ് നിൽക്കുന്ന സ്ഥലം, ലഗേജെടുത്ത് കാറിൽ വെക്കുന്നതുവരെ അവരുടെ കീശയിൽനിന്ന് നാലണ കൂടുതൽ സ്വന്തം കീശയിലെത്തിക്കാൻ മണിയടിക്കേണ്ട സംസാരരീതി. തഞ്ചത്തിൽ നിന്നാൽ ഉദ്യോഗസ്ഥരുടെ വീട്ടുകളിലെ ശുചിമുറികൾ വൃത്തിയാക്കി ഒരു നാലണ കൂടെയുണ്ടാക്കാം. ഒരു സ്റ്റഡി ക്ലാസ് പോലെയായിരുന്നു എല്ലാം അവന് പറഞ്ഞുകൊടുത്തത്.
തന്റെ മലയാളിബോധം ഒരിക്കലും അവരെക്കൊണ്ട് ഇത്തരം പണികൾ ചെയ്യിച്ചിരുന്നില്ലെന്ന് സുകുമാഷ് തെല്ല് അഭിമാനത്തോടെ ഓർത്തു. ഈ ഭാഗമെത്തിയപ്പോൾ സുകുമാഷ് സൗമിനിയെ ഉണർത്താതെ തലക്കുത്ത് നിന്ന് ഭംഗിയുള്ള പ്ലാസ്റ്റിക് പെട്ടി കൈയിലെടുത്തു. നിധിപോലെ സൂക്ഷിച്ച ചില കത്തുകളാണതിൽ. മങ്ങിയ പച്ച ഇൻലൻഡിൽ അൽപം തെറ്റുകളോടെ വലിയ തെറ്റില്ലാത്ത ഇംഗ്ലീഷിലെഴുതിയ കത്തെടുത്ത് അയാൾ തലക്കുത്തുള്ള വെളിച്ചത്തിൽ വരികളിലൂടെ കണ്ണോടിച്ചു.
“1995. ജനുവരി 1
ബഹുമാനപ്പെട്ട സർ,
1995. ജനുവരി 26. ഈ ദിവസം മറക്കാൻ പറ്റുമോ ആർക്കെങ്കിലും? നമ്മുടെ നാട്ടിന്റെ, എന്റെ അപ്പാവുടെ, ഞങ്ങളുടെ ജീവിതം മാറ്റിമറിച്ച ദിവസം. അന്നാണ് റെയിൽ അപ്പാവെ ഈ ലോകത്തുനിന്ന് പറിച്ചെടുത്തത്. അതേ റെയിലാണ് സാറിലൂടെ ഞങ്ങൾക്ക് ജീവിതം തന്നത്. അതുകൊണ്ടുതന്നെ എന്റെ വിവാഹത്തിന് ഞാൻ തെരഞ്ഞെടുത്തതും അന്നുതന്നെ. തടസ്സംനിന്ന സകലതിനെയും ഞാനവഗണിച്ചു. കാലത്തെ. മുഹൂർത്തത്തെ. ശകുനത്തെ. പൊന്നിനും സ്വത്തിനും വേണ്ടിയല്ലാത്ത ഒരാളെയാണ് ഞാൻ കണ്ടുപിടിച്ചത്. അതിനുള്ള കരുത്ത് എനിക്കുണ്ടാക്കിത്തന്നത് സാറും സൗമി മാമിയുമാണ്. ക്ഷണക്കത്ത് പിറകെ വരും. സാറും മാമിയും കുടുംബാംഗങ്ങളും വരണം. ആദ്യം എനിക്ക് വേണ്ടത് നിങ്ങളുടെ അനുഗ്രഹമാണ്.
പ്രതീക്ഷയോടെ കാത്തിരിക്കുന്നു
സ്വന്തം മരതകം.”
സുകുമാഷ് കത്ത് തിരികെ വെച്ച് കാലം സൗന്ദര്യം ചേർത്തുവെച്ച ഭംഗിയുള്ള മറ്റൊരു കവറെടുത്ത് വായിക്കാൻ തുടങ്ങി. 2021ൽ അവളുടെ മകളുടെ കല്യാണത്തിനെഴുതിയ കത്ത്. സ്വന്തം കാലിൽ നിർത്തിയശേഷം മാത്രമേ അവളുടെ കല്യാണം ആലോചിച്ചുള്ളൂവെന്നും, എല്ലാറ്റിനും മാതൃകയായത് സാറിന്റെയും മാമിയുടെയും തീർപ്പുകളാണെന്നും ശരീരംകൊണ്ട് പറ്റുന്നില്ലെങ്കിലും മനസ്സുകൊണ്ട് കൂടെയുണ്ടാവണമെന്നും അവളെഴുതിയിരിക്കുന്നു. രണ്ട് കത്തുകളും നെഞ്ഞത്തു ചേർത്തുവെച്ച് ഓർത്തോർത്ത് സുകുമാഷ് മയങ്ങിപ്പോയി. ഒരുറക്കം കഴിഞ്ഞ് ഞെട്ടിയ സൗമിനി കണ്ടത് നെഞ്ഞിനു മുകളിൽ രണ്ടു കൈകളും ചേർത്ത് തട്ടിക്കൊണ്ട് ഉറക്കത്തിൽ ചിരിക്കുന്ന മാഷെയാണ്.
ഉള്ളിൽനിന്ന് വന്നതാകുമെന്നുറപ്പിച്ച് പതിയെ ചിരിച്ച് അവർ തിരിഞ്ഞ് കിടന്നപ്പോൾ മാഷ് കൂർക്കംവലി തുടങ്ങിയിരുന്നു. ഉറക്കം വരാത്ത രാത്രികളിൽ ചിലതിൽ മാഷിനെ ഏതോ ഒരു ഗന്ധം വന്ന് പൊതിയാറുണ്ട്. മുറി നിറയുന്ന ആ ഗന്ധത്തിന്റെ അസ്വസ്ഥത അയാളെ പേടിപ്പെടുത്തും. ഇടതുഭാഗത്ത് കൂർക്കംവലിക്കുന്ന സൗമിനിക്കായി കൈകൾ നീട്ടി തപ്പും. “സൗമീ… നിനിക്ക് കിട്ടിയോഡോ ഒര് മണം… നോക്ക്. കിട്ട്ന്നില്ലേ...” അയാൾ മൂക്ക് വിടർത്തി ശ്വാസം ഉള്ളിലേക്ക് വലിച്ച് കേറ്റുമ്പോൾ എ.സി മിച്ചംവെച്ച തണുപ്പ് മൂക്കിൻതുളകളിൽ കയറിപ്പറ്റും. എ.സിയിട്ട് മുറി തണുപ്പിച്ച് ഓഫാക്കിയാണ് കിടക്കാറ്. “കിടന്നുറങ്ങാൻ നോക്ക്യാട്ടെ. വല്ല അർജുനൻ ഫൽഗുണനോറ്റ ചൊല്ലി കണ്ണ് പൂട്ട്.” അവർ സ്വന്തം ലോകത്തിലേക്ക് തിരിഞ്ഞ് കിടക്കും. ഒന്ന് മയങ്ങാൻ തുടങ്ങുമ്പോഴേക്കും ഭവാനി, സുകുമാഷിന്റെ തൊട്ടു മൂത്തത് അയാൾക്കരികിൽ പരിഭവിച്ച് മിണ്ടാതെ നിൽക്കും. ‘‘എന്ന മറന്നൂല്ലേ. ഒരിക്ക കാണാമ്പെരായിര്ന്നില്ലേ നിനിക്ക്...”
അവളുടെ മനസ്സ് അയാൾ വായിച്ചെടുക്കും. അയാൾക്ക് ഏറ്റവും അടുപ്പം തൊട്ട് മൂത്ത ഏച്ചിയോടായിരുന്നു. വേനലവധികളിലെ കളിനേരങ്ങളിൽ പറങ്കിമാങ്ങാ കറയും അണ്ടിച്ചുന മണവും നിറഞ്ഞ പെറ്റിക്കോട്ടിട്ടല്ലാതെ മാഷ്ക് അവളെ കണ്ട ഓർമയില്ല. അലക്കുകല്ലിൽ കുത്തിത്തിരുമ്പി പോകാത്ത കറയും മണവുമായി അവളടുത്തു വരുമ്പോൾ താൻ മൂക്കുപൊത്തും. അച്ച്പിടിച്ച് കളിയിൽ ഓടുമ്പോൾ അരികത്തുകൂടിയെങ്ങാൻ വന്നാൽ ചുമരിലേക്ക് പിടിച്ചൊരു തള്ളാണ്. മരത്തിന്റെ തുഞ്ചത്ത് കയറി പഴുത്ത പറങ്കിമാങ്ങകൾ വീഴ്ത്തിത്തരാൻ അവൾ വേണം. താഴെനിന്ന് വിളിച്ചുകൂവി ലോഗ്യം കൂടാൻ ചെന്നാൽ അവൾ കൊഞ്ഞനംകുത്തി തുഞ്ചത്തേക്ക് കയറിപ്പോയി പകരം വീട്ടും.
നാല് ചുമരുകളുള്ള സാമാന്യം വലുപ്പമുള്ള കിടപ്പുതറയിൽ തന്നെ തൊട്ട് കിടക്കുമ്പോൾ ഉറക്കത്തിൽ മേലെ കയറ്റിവെക്കുന്ന കാൽ താൻ തള്ളി താഴെയിടുമ്പോൾ അവൾ ഭീഷണി മുഴക്കും. “നാള നിൻക്ക് ഒറ്റ അണ്ടി ഞാന്തരൂല്ല. മാങ്ങീ ന്തരൂല. എന്നാണ, നിന്നാണ സത്യം.” പണ്ടത്തെ കോസടി വിരിച്ച പായയിലല്ല. അവളിപ്പോൾ സൗകര്യമുള്ള ഒരു കിടപ്പുമുറിയിലെ തടവിലാണ്. നല്ല ഭാഷയിൽ ബെഡ്റിഡൻ എന്നു പറയും. ഇപ്പോൾ മാങ്ങാച്ചുനയുടെ മണമല്ല. മുന്തിയതരം ഫിനോലിന്റെയും റൂം ഫ്രഷ്നറിന്റെയും മണമാണവൾക്ക്.
വർഷങ്ങൾക്കു ശേഷം സൗമിനിയുമായി സൗകര്യമുള്ള കിടപ്പുമുറി പങ്കിടുമ്പോൾ അച്ഛനമ്മമാരെയോർത്ത് പലപ്പോഴും അതിശയിച്ചിട്ടുണ്ട്, ഉള്ളിൽ കരഞ്ഞിട്ടുണ്ട്. ഒറ്റ കട്ടിലിട്ട ആ കിടപ്പുതറയിൽ അഞ്ചു മക്കൾ നിരന്ന് കിടക്കുമ്പോൾ എന്ത് സ്വകാര്യതയാണവർ അനുഭവിച്ചിരിക്കുക, എന്തു രതിയാണവർ ആസ്വദിച്ചിരിക്കുക. ഓർമകളുടെ വിഴുപ്പലക്കുമ്പോഴുള്ള നഷ്ടബോധത്തിൽ ചിലപ്പോൾ ഏജ് ഈസ് ഒൺലി എ നമ്പർ എന്നുരുവിട്ട് അയാൾ സ്വന്തം ഭാവിയിലേക്ക് നോക്കും. അപ്പോൾ നിലാവുപോലെ ചിരിക്കുന്ന മകളുടെ മുഖം മനസ്സിൽ വരും.
തലക്കുത്തുനിന്ന് മൊബൈൽ ഫോണെടുത്ത് മകൾക്ക് ചിരിക്കുന്ന വട്ടമുഖത്തിന്റെ ഒരു ഇമോജിയിടും. ഉറക്കം പിടിച്ചു കഴിഞ്ഞാലും അച്ഛനിൽനിന്നുള്ള സന്ദേശശബ്ദം അവൾ തിരിച്ചറിയും. ചുണ്ടുകൾ വിടർത്തി വെളുക്കെ ചിരിക്കുന്ന പുരികങ്ങളില്ലാത്ത വട്ട ഇമോജിയാണ് അയാൾക്കിഷ്ടം. കരിമേഘങ്ങൾക്കിടയിലെ നിലാക്കീറുപോലെ ചുണ്ടുകൾ വിടർത്താതുള്ള ചിരിപോലല്ലിത്. തിരിച്ച് മകൾ രണ്ടിടും. ചിലപ്പോൾ അയാൾ തിരിച്ച് മൂന്നിടും. ഇടയിലെവിെടയോ ഇമോജിക്കളി നിർത്തി രണ്ടുപേരുടെ മനസ്സും അവളുടെ കുട്ടിക്കാലത്തിലേക്ക് പോവും. ഉറക്കം ഒരു മയിൽപീലിപോലെ അയാളുടെ കൺപോളകളെ തഴുകിയടച്ച് കൈ പിടിച്ച് സ്വപ്നങ്ങളിലേക്ക് നടന്നിറങ്ങും.
* * *
മുമ്പ് പതിവായി വൈകുന്നേരങ്ങളിൽ മയക്കത്തിലല്ലാത്ത യാത്രകളുണ്ടായിരുന്നു സുകുമാഷിന്. കൊറോണ എന്ന കുഞ്ഞൻ വന്ന് എല്ലാം തകിടംമറിച്ചു കളഞ്ഞു. കൈകൾ വീശി പടർന്നു നിൽക്കുന്ന അരയാൽ. വെട്ടുകൽ തറയിൽ സിമെന്റിട്ട് കാവിപൂശി വെടിപ്പിൽ നിർത്തിയ മൂന്നെണ്ണം. ചുറ്റമ്പലത്തിനകത്തുള്ള രണ്ടും പുറത്ത് നിരത്തുവക്കിലുള്ള ഒന്നും. പുറത്തുള്ള തറയിലാണെങ്കിൽ ജോസഫ് കൂട്ടിനുണ്ടാകും. കൃത്യം അഞ്ചുമണിക്ക് സുകുമാഷെ ഓട്ടോയിൽ കയറ്റി അവിടെയെത്തിച്ച് ആറു കഴിഞ്ഞാൽ വീട്ടിലെത്തിക്കുന്നത് സഹായികൂടിയായ ഓട്ടോ ഡ്രൈവറാണ്. ജോസഫ് ഇല്ലാത്ത ദിവസങ്ങളിൽ സുകുമാഷ് അകത്തെ തറയിലിരിക്കും. ഉദ്യോഗത്തിൽനിന്ന് പിരിഞ്ഞ പലരുമായി അയാൾ ഒരു നല്ല ചങ്ങാതിക്കൂട്ടം ഉണ്ടാക്കിയെടുത്തിരുന്നു.
അരയാൽ തറമേലിരുന്ന് പഴുത്തിലകൾ നിലംപൊത്തുന്നതും പച്ചിലകൾ കൈയടിക്കുന്നതും നോക്കി നെടുവീർപ്പിടുമ്പോൾ ജോസഫ് വഴക്കു പറയും. “താനെന്തിനാടോ വിഷമിക്കുന്നെ. പൊന്നുപോലെ നോക്കുന്ന ഫാമിലിയുണ്ടല്ലോ കൂടെ. ഉള്ളിൽനിന്നുള്ള കൈയടിയും കൂടെ സംഘടിപ്പിച്ചാൽ ജീവിതം പരമസുഖം.” കൊറോണ പുറംയാത്രകൾ മുടക്കിയപ്പോൾ മാഷ് മനസ്സുകൊണ്ടുള്ള യാത്രകൾ തുടങ്ങി.
കൊറോണ കുരുക്ക് ഒന്നയഞ്ഞുതുടങ്ങി. ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. ഒരുദിവസം. അച്ഛൻ മകൾക്കയച്ച കണ്ണീരണിഞ്ഞ നാല് ഇമോജികൾ പരക്കെ നിന്ന് മോങ്ങുന്നു. “Enthanaccha”, മകൾ. രണ്ടു വശത്തും ഏതാനും നിമിഷങ്ങളിലെ നിശ്ശബ്ദത. “Accha, enthanenkilum para.” “അമ്മ പോയി”, അച്ഛൻ. ഞെട്ടലോടെ മകൾ. “poyo, evidekku?” “പാട്ടു കച്ചേരിക്ക്.” “kaccheerikkoo, ammayo. ayyo.” ഒരു ആശ്ചര്യ ഇമോജി മകളിട്ടു കൊടുത്തു. “ഓ, അല്ല. ഗാനമേളക്ക്.” “Ayyoo...” രണ്ട് പരിഭവ ഇമോജികൾ മകൾ തൊടുത്തു വിട്ടു. തുടർന്ന് ‘‘peedippicchalloo accha’’ എന്നു പറഞ്ഞ് അച്ഛനെ ചിരിപ്പിക്കാനായി മകൾ മറ്റൊന്നിട്ടു. അച്ഛൻ പൂർണചന്ദ്രനെപ്പോലെ ചിരിക്കുന്ന ഒരിമോജി മകൾക്ക് തിരിച്ചിട്ടുകൊടുത്തു. കുറച്ചുനേരം അച്ഛനും മകളും ഇമോജിക്കളി തുടർന്നു. പെെട്ടന്നാണവൾക്ക് പരിസരബോധമുണ്ടായത്. “amma poyittu kore neerayo”, മകൾ. “ങും…” അച്ഛന്റെ നേർത്ത് നീട്ടിയ ഒരു തീർച്ചയില്ലാ മൂളൽ.
“Achan veccho. njan ammayute phonil vilikkunnundu. cche enthayithu.’’ മകൾ രണ്ട് അസഹ്യതയുടെ ഇമോജികളോടെ അച്ഛനുള്ള ഫോൺ കട്ട് ചെയ്തു. പാവം, അപ്പോൾ മിസിസ് സൗമിനി സുകുമാരൻ എന്ന വീട്ടമ്മ ഗാനമേള നടക്കുന്ന ടൗൺ ഹാളിലെ മുൻനിര കസാലകളിലൊന്നിൽ എസ്.പി. ബാലസുബ്രഹ്മണ്യം- ജാനകി ജോടികളുടെ ‘‘മലരേ മൗനമാ...’’ എന്ന ഗാനം തുടങ്ങും മുമ്പേയുള്ള ഓർക്കസ്ട്ര സജ്ജീകരണത്തിലും അവരുടെ കൊച്ചുവർത്തമാനങ്ങളിലേക്കും കണ്ണും കാതും മനസ്സും കൂർപ്പിച്ചിരിക്കുകയായിരുന്നു. സൗമിനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിലൊന്ന്. തമിഴ് പാട്ടുകളുടെ ഈണത്തോട് വല്ലാത്തൊരു കമ്പമാണവർക്ക്. പാടുകയില്ലെങ്കിലും ഈണങ്ങൾ മൂളിനടക്കും. ഹാളിലെ ശബ്ദത്തിൽ കൈസഞ്ചിയിലെ ഫോണിൽനിന്നുള്ള പാട്ട് കേട്ടില്ല.
വിരലിൽ വിറയൽ തൊട്ടപ്പോഴാണ് ഫോണെടുത്തത്. മകളാണ്. സാധാരണ ഈ സമയത്ത് അച്ഛനും മകളും ഫോണിൽ കളിയായിരിക്കും. വാട്സ്ആപ്പും മെസേജും ഇമോജിയുമെല്ലാം സൗമിനിയുടെ പരിധിക്ക് പുറത്താണ്.വിവരങ്ങളറിയാൻ മക്കൾക്ക് കഷ്ടി വീഡിയോകോൾ ചെയ്യും. സുകുവേട്ടനുള്ള ഭക്ഷണമൊരുക്കിവെച്ച് താൻ അരമണിക്കൂർ പതിവ് സീരിയലിലായിരിക്കും. ഇതെന്താണാവോ ഈ നേരത്ത് തനിക്കൊരു വിളി. സൗമിനി ചെവി വട്ടംപിടിച്ച് മകൾ പറയുന്നത് കഷ്ടിച്ച് ഒപ്പിയെടുത്തു. “കൊറേ നേരായോ അമ്മേ അച്ഛനെ ഒറ്റക്കാക്കീറ്റ്. അമ്മ എത്ര മണിയാവും തിരിച്ച് പോവാൻ. പാട്ട് തീരാൻ വൈകിയാലോ. പാട്ട് കേട്ടാ അമ്മക്ക് മറ്റൊന്നും തിരിയൂല്ലാന്നറിയാം. അമ്മേ പ്ലീസ് കഴീന്നേം വേം പോവാന്നോക്ക്. തീരാൻ നിക്കണ്ട…’’ മാലപ്പടക്കത്തിന് തീ പിടിച്ചപോലെയാണവൾ വാക്കുകൾ പൊട്ടിച്ചെറിഞ്ഞത്. ഇതെന്തൊരു മറിമായം.
പുലരുംതൊട്ട് ഇതുവരെ സുകുവേട്ടന്റെ കാര്യങ്ങൾ നോക്കിയത് താനല്ലേ. എല്ലാം കഴിഞ്ഞ് ജോസഫിന്റെ അനുജനെയും ഭാര്യയെയും കുറച്ചുനേരം കൂട്ടിരുത്തി ജോസഫിന്റെ ഭാര്യ സിസിലിയുടെ നിർബന്ധംകൊണ്ടല്ലേ താനവളുടെ കൂടെ വന്നത്. അവൾക്കും പാട്ടെന്നാൽ ഭ്രാന്താണ്. അവരൊക്കെ സ്വന്തക്കാർ തന്നല്ലേ. പിന്നിപ്പോഴെന്താണൊരു പായാരം.
മനസ്സിനെ പാട്ടിൽ പിടിച്ചിട്ട് കാലുകൾ വിറപ്പിച്ച് സൗമിനി കസാലയിൽ ഒന്നുകൂടെ അമർന്നിരുന്നു. തീർന്നില്ല ശല്യം. മകൾ വിളിയോട് വിളി. കുറച്ചുനേരത്തേക്ക് സൗമിനി ഫോണെടുത്തില്ല. പിന്നെ സിസിലിയുടെ ഫോണിലേക്കായി വിളിയും മെസേജും. സിസിലി രംഗം മയപ്പെടുത്തി. “എന്താ ചെയ്യാ, അനു ഇങ്ങിനെ വിളിച്ചോണ്ടിരുന്നാ. അവൾക്കും അച്ഛനെയോർത്ത് ടെൻഷൻ കാണുവേ...”
സൗമിനി ധർമസങ്കടത്തിലായി. കുറച്ചുനേരം മിണ്ടാതിരുന്നു. പിന്നെ പതുക്കെ പറഞ്ഞു.
“സിസിലി എനക്കൊര് ഓട്ടോ പിടിച്ച് തര്വോ...’’
“അയ്യോ വേണ്ട സൗമി. ജോസേട്ടൻ ഇവിടെങ്ങാണ്ട് കാണും.അകത്തിരിക്കത്തില്ലെന്നേയുള്ളൂ. പുള്ളി ഡ്രോപ് ചെയ്യും.” സൗമിനിയെ ഇറക്കി അനുജനെയും ഭാര്യയെയുംകൂട്ടി ജോസഫ് സ്ഥലം വിട്ടു.
സുകുവേട്ടന്റെ മുഷിഞ്ഞ മുറിയിൽ സാരി മാറുമ്പോൾ ഒരു കുറിയെങ്കിലും മുറ്റുള്ള തലമുടി ചിക്കി പറിച്ചിട്ട് അലറിക്കരയണമെന്നവർക്കു വല്ലാത്ത മോഹം തോന്നി. നിരാശയും സങ്കടവും ചങ്ക് പൊട്ടിക്കുമ്പോൾ കുട്ടിക്കാലത്ത് ചെയ്യാറുള്ളതുപോലെ. പകരം മെല്ലെ അരികെ ചെന്ന് സുകുവേട്ടന്റെ തോളിൽ കൈവെച്ചു.
“എന്തേ സുക്വേട്ട, ബോറടിച്ചോ, പേടിച്ച്യോയോ?”
സുകുമാഷ് അവളെ നോക്കി വെളുക്കെ ചിരിച്ചു.
അതിനടുത്തൊരു ദിവസം. സുകുമാഷ് ദിനചര്യകൾ കഴിഞ്ഞ് പതിനൊന്നു മണി മയക്കത്തിലാണ്. ഇപ്പോളയാൾ തീവണ്ടിയിൽ തമിഴ്നാട്ടിലെ പാസ്സൂരിനടുത്താണ്. പാസ്സൂരു കഴിഞ്ഞു കാണുമോ? വെപ്രാളത്തോടെ അയാളോർത്തു. ലോക്കൽ വണ്ടികൾ മാത്രം നിർത്തുന്ന പഴയ സ്റ്റേഷനായിരിക്കില്ല ഇപ്പോഴത്. താനിപ്പോഴുള്ള അതിവേഗ തീവണ്ടി അവിടെ നിർത്തുമോന്നുമറിയില്ല. ഇൗറോഡിനും തൃശ്ശിനാപ്പള്ളിക്കും ഇടക്കുള്ള ഒരു കൊച്ചു സ്റ്റേഷൻ. സൗമിനിയെയുംകൂട്ടി സ്റ്റേഷൻ അസിസ്റ്റന്റ് ആയി ജീവിതം തുടങ്ങിയതവിടെയാണ്. കീഴ്ജീവനക്കാർക്കും നാട്ടാർക്കും കടുത്ത ബഹുമാനവും സ്നേഹവും. ശുദ്ധമനസ്കരായ അവർക്ക് എല്ലാത്തരം മാസ്റ്റർമാരും വാധ്യാന്മാരാണ്. റെയിൽവേ ക്വാർട്ടേഴ്‌സ് തൊട്ടടുത്തായതിനാൽ തീവണ്ടിയുടെ ശബ്ദം കേട്ടു തുടങ്ങിയാൽ സൗമിനിയുടെ നെഞ്ചിടിക്കും. ശരീരം വിറക്കും.
വണ്ടി അടുത്തെത്തിയാൽ കണ്ണുംപൂട്ടി തന്റെ നെഞ്ഞിൽ ഒറ്റ അള്ളിപിടുത്തമിടുന്ന പൊട്ടിപെണ്ണായിരുന്നു അന്നവൾ. റെയിൽവേ ജീവിതവുമായി ഇണങ്ങാനും ഒത്ത ഒരു വീട്ടമ്മയാക്കാനും അവളെ പ്രാപ്തയാക്കിയത് സത്യം പറഞ്ഞാൽ പാസ്സൂരുകാരായിരുന്നു. ഒരിക്കൽ ക്യാബിൻമാനും പോയന്റ്‌സ് മാനും പോർട്ടറും എല്ലാംകൂടിയായ താങ്കവേലുവിനെ പേരറിയാത്തതു കാരണം സൗമിനി ഏയ് ഏയ് എന്ന് വിളിച്ചപ്പോൾ അപ്പടി കൂപ്പിടാതമ്മ, ഏന ങ്കെ, അപ്പടിതാൻ ശൊല്ലണം എന്ന് പറഞ്ഞ് സ്നേഹത്തോടെ ശാസിച്ചതും താൻ എന്തോ തെറ്റ് ചെയ്തെന്ന് കരുതി സൗമിനി കണ്ണീരൊലിപ്പിച്ചതും താൻ സമാധാനിപ്പിച്ചതുമൊക്കെ ഇന്നലെയെന്നപോലെ മനസ്സിൽ പച്ചച്ച് നിൽക്കുന്നു പാസ്സൂരിലെ വരണ്ട നിരത്തുകളിലൂടെ ആകെയുള്ളൊരു വിനോദമായ തമിഴ് സിനിമകൾ കാണാൻവേണ്ടി സൗമിനിയെ പിറകിലിരുത്തി സൈക്കിൾ ചവിട്ടി പോയത്.
മകൻ ജനിച്ചപ്പോൾ അവനെയും കൂട്ടി ട്രിപ്പിൾ എടുത്തുള്ള യാത്രകൾ. ഓർമകളുടെ ആ ഭാഗമെത്തിയപ്പോൾ സുകുമാഷെ മറ്റേതോ ഒരു ബോധം തൊട്ടുണർത്തി. തൊട്ടരികിലെ ടീപോയിയിൽ വെച്ച മൊബൈൽ ചിലക്കുന്നുണ്ട്. ഒരു കോട്ടുവായിട്ട് അയാൾ മെല്ലെ ഫോണെടുത്തു.
“സുകുമാമനല്ലേ, ഇത് സുധാകരനാണ്. മാമ, അമ്മ പോയി.”
“ആര് ഭവാനിയോ... എന്ത്, നീയെന്താ പറഞ്ഞേ?”
“അതേ മാമ. ഇതാ ഇപ്പോ. പ്രത്യേകിച്ചൊന്നുമുണ്ടായില്ല. ഞാൻ മുറീല്ണ്ടാര്ന്നു. വെള്ളം വേണംന്ന് പറഞ്ഞു. ഞാൻ കൊടുത്തു. സുകു കൊറേ നേരായില്ലേ വന്നിറ്റ്, ക്ഷീണൂണ്ടാവും. പോന്നയ്ന് മുമ്പേ എന്ന ഒന്ന് കാണാൻ പറയണംന്ന് പറഞ്ഞ് കണ്ണടച്ചു. പിന്ന തുറന്നില്ല. എനക്കൊന്നും തിരിവാട് കിട്ടീല്ല. മൂക്കിന് കൈവെച്ച് ശ്വാസം നോക്കി. നിന്ന മാതിരി തോന്നി. അട്ത്ത വീട്ടിലെ ഡോക്ടർ വീട്ട് ത്തന്നെണ്ടാര്ന്നത് ഭാഗ്യം. അയാള് വന്ന് കഴിഞ്ഞൂന്ന് ഉറപ്പ് തന്നു. അവസാനം പറഞ്ഞത് മാമന്റെ പേരായ് ര്ന്നു. മാമന്യാ ആദ്യം അറീക്ക്ന്നെ.” ഒന്ന് മൂളുകപോലും ചെയ്യാതെ സുകുമാഷ് ഫോൺ ഓഫാക്കി. മുറിയിലെ വർത്തമാനത്തിന്റെ ഒച്ച കേട്ട് സൗമിനി അടുക്കളയിൽനിന്ന് തിടുക്കത്തിൽ വന്നു.
സുകുമാഷ് തളർന്ന ശബ്ദത്തിൽ അവളോട് പറഞ്ഞു. “നമ്മളെ ഭവാനി പോയി സൗമീ. മരിക്കും മുമ്പേ അവളെന്നെ കണ്ടൂന്നും പറഞ്ഞു. എന്റെ പേരാ അവസാനം പറഞ്ഞെ.’’ മാഷിന്റെ കണ്ണീരിനും അപ്പുറത്തുള്ള ആ ഭാവം സൗമിനിയുടെ നെഞ്ഞിൽ തൊട്ടു. പിറകിൽനിന്ന് തോളിലൂടെ കൈയിട്ട് അയാളുടെ നെറ്റി തടവി അവൾ മന്ത്രിക്കുന്നതുപോലെ പറഞ്ഞു.
“സുക്വേട്ടന് ഭവാനി ഏച്ചീന കാണണോ. നമ്മക്ക് പോവാം സുക്വേട്ടാ. ഞാൻ കൊണ്ടോവാം സുക്വേട്ടന. ഇപ്പോ തന്നെ ഡ്രൈവറ വിളിക്കാം. സുക്വേട്ടൻ ആ കുപ്പായോന്ന് മാറ്റ്. ഞാൻ സഹായിക്കാം.”
പിന്നെല്ലാം എട് പ്ടീന്നായിരുന്നു. സുകുമാഷ് കുപ്പായം മാറി. സൗമിനി അടുക്കളയിലേക്കോടി പെട്ടെന്ന് അയാൾക്കുള്ള ഉപ്പിട്ട നാരങ്ങാവെള്ളം തയാറാക്കിക്കൊടുത്തു. അവർ ക്ഷണംതന്നെ സാരി മാറുകയും മകനേയും മകളേയും ഫോൺ ചെയ്ത് വിവരം അറിയിക്കുകയും ചെയ്തു. എല്ലാം കഴിയുമ്പോഴത്തേക്ക് സ്ഥിരം വിളിക്കാറുള്ള ടാക്സിക്കാരൻ കാറും കൊണ്ടെത്തി. ഡ്രൈവർ സഹായിച്ച് മാഷെ കാറിൽ കയറ്റിയപ്പോഴാണ് ഫോൺ ശബ്ദിച്ചത്. ഡ്രൈവർ ഡോർ വലിച്ചടച്ചു. സ്പീക്കറിലിട്ട ഫോൺ ചെവിയിൽ പിടിക്കാതെ മാഷ് ഇടത്തെ ഉള്ളംകൈയിൽ വെച്ച് ചെവി വട്ടം പിടിച്ചു.
“അച്ഛാ, മൂത്ത പോയി അല്ലേ...”
“ഉം.”
“അച്ഛൻ ബേജാറാവണ്ട. എല്ലാരും ഒരൂസം പോവൂലേച്ഛാ. ക്ഷീണം തോന്ന്‌ന്ന്‌ണ്ടെങ്ക് കൊറച്യേരം പോയി ജപിച്ച് കെടക്ക്. അമ്മ്യോട് അട്ത്തന്നെരിക്കാമ്പറ. കൊറച്ച് സമാധാനം കിട്ട്വല്ലോ.”
“ഉം”, അച്ഛന്റെ മൂളൽ നേർത്ത് നീണ്ടു.
“അച്ഛനെന്താ ഒന്നും മിണ്ടാത്തെ. അമ്മ അട്ത്ത്‌ണ്ടോങ്ക് ഒന്ന് ഫോൺ കൊട്ത്തെ...”
“അമ്മീണ്ട് മോളെ. അട്ത്തന്നെ. കാറില്.”
“ങ്‌ഹേ, കാറിലോ?”
മോളെന്തോ അപ്പോൾ അതിശയ ഇമോജി ഇട്ടില്ല.
“അച്ഛാ, മൊബൈൽ ഡാറ്റ ഓണാനോ...“
“ഉം.” മകൾ ഫോൺ വീഡിയോകോളിലേക്ക് മാറ്റി. ഇപ്പോൾ ഇമോജിക്ക് പകരം അവളുടെ ചുവന്ന് തുടുത്ത മുഖം കാണാം.താൻ സൗമിനിയെ ആദ്യമായി പെണ്ണ് കണ്ടപ്പോൾ ഇതുപോലെയായിരുന്നെന്ന് അസ്ഥാനത്താണെങ്കിലും അയാൾ ഓർത്തുപോയി. പകരംവെക്കാനില്ലാത്ത മകളുടെ മുഖത്തെ ദേഷ്യവും സ്നേഹവും കരുതലും പരിഭവവും കൂടിക്കലർന്ന ഇമോജി ഭാവങ്ങൾ കണ്ടപ്പോൾ ഒരുതവണയെങ്കിലും അവളെ കൂസാതിരിക്കണം എന്നദ്ദേഹം ആശിച്ചുപോയി. മകൾ വായ തുറന്നു. അച്ഛൻ ചെവികൂർപ്പിച്ചു. ‘‘എന്താച്ഛാ ഇത്. കുട്ടിക്കളിയാ. വയസ്സ് ഇരുപത്തഞ്ചാന്നാ വിചാരം. അമ്മക്കെത്ര, പതിനെട്ടോ. പ്രായം നോക്കണ്ടേ. സമയോം. പൊറത്തെറങ്ങാൻ പറ്റിയ നല്ല സമയം. അച്ഛന് യാത്ര ചെയ്യാമ്പറ്റ്വോ. ക്ഷീണാവൂല്ലേ.”
നിന്റെ ശീട്ടില്ലാണ്ട് ഞാനെന്നും സർക്കാർവണ്ടിയിലെ നല്ല ഒന്നാം നമ്പർ സീറ്റിൽ ദീർഘയാത്ര ചെയ്യാറുണ്ടല്ലോ എന്ന് സുകുമാഷ് അപ്പോൾ ഉള്ളിൽ പറഞ്ഞ് നാവിന്റെ തരിപ്പടക്കി. മാഷ് മെല്ലെ മകളുടെ നേർക്ക് നാവനക്കി. “അയിന് മോളെ, കൊറോണയെല്ലം തീർന്നില്ലേ. ഞങ്ങള് വേഗം മടങ്ങും. ഭവാനീന ഒന്ന് കാണണംന്നേയില്ലൂ. അവള് മരിക്കുന്നേന് തൊട്ട് മുന്നേ എന്ന്യാ അന്വേഷിച്ചേ. ആൾക്കാര് കൂടുംമുന്നേ ഞങ്ങള് മടങ്ങും. മാസ്കും ഇട്ടിറ്റ്ണ്ട്.’’ “മാസ്കിട്ടാ എല്ലായോ. കൊറോണയല്ലേ പോയിറ്റില്ലൂ. അച്ഛൻ ന്യൂസ് ഒന്നും കാണലില്ലേ. പേപ്പറൊന്നും വായിക്കലില്ലേ. ഞാൻ അമ്മ്യോട് പ്രത്യേകം പറഞ്ഞിറ്റ്ണ്ടല്ലോ, അച്ഛനക്കൊണ്ട് പേപ്പറ് വായിപ്പിക്കണംന്ന്. അല്ലെങ്ക് തലച്ചോറ് മുരടിച്ച് പോവും.
കൊറോണ പോയി ഒമിക്രോൺ വന്ന കാര്യോന്നും നിങ്ങക്കറീല്ലെ.’’ ഒന്നും പറയാതെ മാഷ് ഫോൺ ഭാര്യക്ക് കൈമാറി. “അമ്മ പറഞ്ഞ് മനസ്സിലാക്കണ്ടതല്ലേ അച്ഛനെ...” തുടർന്ന് മകൾ അച്ഛനോട് പറഞ്ഞത് തന്നെ അമ്മയോടും ആവർത്തിച്ചു. “അതിന് മോളെ, ഞങ്ങള് മൂത്തയെ കണ്ടപ്പാട് ഇങ്ങോട്ട് വരൂല്ലേ. അച്ഛന് വല്യ ആശ്യാരുന്നു കിടപ്പിലായശേഷം ഒന്ന് കാണണംന്ന്. കൊറോണ്യാന്നും പറഞ്ഞ് നീ അന്നും...”
അമ്മയെ തുടരാൻ മകൾ സമ്മതിച്ചില്ല. “അമ്മ സൈഡ് പിടിക്യൊന്നും വേണ്ട. കൊറോണ പോയപ്പോ ഒമിക്രോൺ വന്നതൊന്നും അമ്മ അറിഞ്ഞില്ലേ. രണ്ടാളും പോക് ന്നത് സേഫ് അല്ല. കാറ് സുരേന്ദ്രന്റെ തന്നല്ലേ. ഓന് പറഞ്ഞാ മനസ്സിലാവും. പൈസ എത്രയാന്ച്ച കൊട്ത്ത് വിട്ടേ. ഇനിയെന്താ ആലോചിക്കാനില്ലേ.” മുതിർന്നശേഷം ജീവിതത്തിലിതുവരെ മകളോട് ഇത്രയധികം ദേഷ്യം രണ്ടുപേർക്കും ഒരുമിച്ച് തോന്നിയിട്ടുണ്ടാവില്ല. അന്തിവെളിച്ചത്തിൽ അമ്മ ആട്ടി കൂടണയ്ക്കാറുള്ള പോറ്റു കോഴികളെയാണ് അപ്പോൾ സുകുമാഷ് ക്ക് ഓർമവന്നത്. കാറിൽനിന്നിറങ്ങി വീട്ടിൽ തിരികെ കയറി വീണ്ടും മകൾ വരുത്തിക്കൊടുത്ത പുഷ് ബാക്ക് കസാലയിലമരുമ്പോൾ മാഷ് ഒരു ഗ്ലാസ് ചൂടുവെള്ളത്തിന് ചോദിച്ചു. സൗമിനി വെള്ളമെടുക്കാൻ അടുക്കളയിലേക്ക് പോയി. മാഷ് പതിവ് യാത്രയിലേക്കും.
ദീർഘദൂരവണ്ടി മുന്നോട്ടുകുതിക്കുന്നതിനു പകരം ഇത്തവണ മുകളിലേക്ക് കുതിക്കുന്നു. ഒരിരുണ്ട തുരങ്കത്തിലൂടെ. ഇരുട്ട് കയറി മാഷ് ക്ക് ഒന്നും കാണാൻ വയ്യാതായി. അപ്പോഴാണ് ഭവാനി ചിരിച്ചുകൊണ്ട് മുന്നിലെത്തിയത്. അവളുടെ ചിരി അവിടെയാകെ വെളിച്ചം പരത്തി. കൈ നിറയെയുള്ള ഉരുണ്ട കല്ലുകൾ അവൾ വിടർത്തിക്കാട്ടി. അടുത്തപടി മാഷും ഭവാനിയും കൊത്തങ്കല്ല് കളിക്കാൻ തുടങ്ങി. മഴക്കാലത്ത് തോട്ടിറമ്പിൽനിന്ന് മീനിനെ പിടിക്കാൻ സുകു തോർത്തുമായിറങ്ങുമ്പോൾ ഭവാനി തോട്ടിലിറങ്ങി മഴവെള്ളത്തിൽ കഴുകിത്തെളിഞ്ഞ പല നിറങ്ങളിലുള്ള ചെറുകല്ലുകൾ പെറുക്കി വെയിലത്ത് വെച്ചുണക്കി സൂക്ഷിക്കും. കല്ലുകൾ പുറംകൈയിലിട്ട് മേലോെട്ടറിഞ്ഞ് കൈവള്ളകൊണ്ട് മാടേണ്ടത് സുകുവാണെങ്കിൽ മാടിയെടുക്കുന്നതിന് മുന്നേ ഭവാനി അവ വലംകൈവള്ളയിലൊതുക്കി ഓടും.
ആ ഭവാനിയാണിപ്പോൾ മേലോട്ട് പായുന്നത്. എത്ര ശ്രമിച്ചിട്ടും ഓടിയാലും ഓടിയാലും താൻ അവൾക്കൊപ്പമെത്തുന്നില്ല. മേലെ അവളുടെ പെറ്റിക്കോട്ടിൽ പിടിച്ച മാങ്ങാക്കറകൾ ഇമോജികളായി തിളങ്ങുന്നു. അവയിൽ ചിരിക്കുന്നവയും കരയുന്നവയും പരിഭവിക്കുന്നവയും, എന്തിനേറെ പച്ചനാക്കു നീട്ടി പ്രലോഭിപ്പിക്കുന്ന ഡോളർ ഇമോജിവരെയുണ്ട്. കൈവള്ള നിവർത്തി അവളെറിഞ്ഞ കല്ലുകൾ വർണ ഇമോജികളായി തന്നെ കുഴക്കുന്നു. ചൂടുവെള്ളവുമായി സൗമിനി വന്നപ്പോൾ സുകുമാഷിന്റെ തല കസാലയിൽനിന്ന് വലത്തോട്ട് ചരിഞ്ഞ് അനക്കമറ്റിരുന്നു.