5 കഥകള്‍
1
മരണ സര്‍ട്ടിഫിക്കറ്റ്
പേര്: മുഹമ്മദ് അഖ്‌ലാഖ്.
ദേശീയത: ഇന്ത്യന്‍.
തലസ്ഥാനം: ന്യൂഡല്‍ഹി.
പഞ്ചായത്ത് ഓഫിസില്‍നിന്ന് കിട്ടിയ മരണ സര്‍ട്ടിഫിക്കറ്റില്‍ ഇങ്ങനെ തിരുത്തിയിരുന്നു.
പേര:് മുഹമ്മദ് അഖ്‌ലാഖ്.
ദേശീയത: ഭാരതം.
തലസ്ഥാനം: അയോധ്യ.
2
ദയാവധം
മതേതരത്വം മരിക്കാന്‍ കിടക്കുന്ന രാജ്യത്ത്
ജനാധിപത്യം ദയാവധത്തിന് അപേക്ഷ കൊടുത്തു.
അടുത്ത ദിവസം ആദ്യം പരിഗണിച്ചത് ജനാധിപത്യത്തിന്റെ ഹരജിയായിരുന്നു.
3
നിലവിളികള്‍
മതേതരത്വം,
മാനവികത,
ജനാധിപത്യം,
രാജ്യസ്‌നേഹം
രാജ്യത്തുനിന്ന് ‘ഡിപോർട്ട്’ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വാക്കുകള്‍ തെരുവില്‍ മൗനജാഥ നടത്തി.
4
വിശ്വാസലംഘനം
നിര്‍മാണം പൂര്‍ത്തിയാകാത്ത കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത് അവരുടെ വിശ്വാസത്തിനെതിരായിരുന്നു. എന്നിട്ടും രാജാവാണ് എഴുന്നള്ളുന്നതെന്നറിഞ്ഞപ്പോള്‍ പണ്ഡിതന്മാര്‍ മൗനികളായി. അപശബ്ദങ്ങള്‍ പ്രജകളുടെ ഉന്മാദനൃത്തത്തിനിടയില്‍ പുറത്തുകേട്ടില്ല. പ്രതിഷ്ഠയുടെ ബലിക്കല്ലില്‍ വിശ്വാസലംഘനവും തര്‍ക്കമന്ദിരവും വാവിട്ടുകരയുന്നത് കണ്ടവരെല്ലാം കണ്ണുപൊത്തി. അപ്പോഴേക്കും രാജ്യത്തെയും ഭരണകൂടത്തെയും പിടിച്ചുലക്കേണ്ട പ്രതിഷേധങ്ങളെ കാണാതെ വിപ്ലവം രാജ്യംവിട്ടിരുന്നു.
5
വോട്ടുപ്രതിഷ്ഠ
അതിനു സാക്ഷിയാകാനാകാതെ മതവും മതമില്ലാത്ത ജീവനും ഇറങ്ങിനടന്നു. മതനിരപേക്ഷതയുടെ മുഖം കൂടുതല്‍ ഇരുണ്ടു. പൊതുബോധവും മതബോധവും വോട്ടുപ്രതിഷ്ഠയുമായി ചുരുങ്ങിയതോടെ ഭരണഘടന മുഖം പൊത്തിക്കരഞ്ഞു.