ഭൂലോക ചെറ്റ
അയിന് ശേഷം ഞാൻ പിന്നെ ആരോടും അങ്ങനെ മിണ്ടീല. നാട്ടിലെ ഒരു പരിപാടിക്കും പോയില്ല. കൊറച്ചേസം വീട്ട്ത്തന്നെ ഒറ്റയിരിപ്പായിര്ന്ന്. ചങ്ക് നീറി നീറിയുള്ള ആ ഇരിപ്പിൽ ഞാൻ സ്വയം നാറിത്തൊടങ്ങി.ജീവിച്ചുകൊണ്ടിരിക്കുന്ന ഒാരോ നേരവും മരിച്ചുകൊണ്ടിരിക്കുകയും മരിക്കുന്നതുവരെ ജീവിക്കേണ്ടിവരുകയും ചെയ്യുന്ന എന്നെപ്പോലെയൊള്ള മനിശ്ശന്മാര്ടെ ഗതികേടോർത്ത് പിന്നെയൊരു ദിവസം ഞാൻ മാഹിയിലേക്ക്...
Your Subscription Supports Independent Journalism
View Plansഅയിന് ശേഷം ഞാൻ പിന്നെ ആരോടും അങ്ങനെ മിണ്ടീല. നാട്ടിലെ ഒരു പരിപാടിക്കും പോയില്ല. കൊറച്ചേസം വീട്ട്ത്തന്നെ ഒറ്റയിരിപ്പായിര്ന്ന്. ചങ്ക് നീറി നീറിയുള്ള ആ ഇരിപ്പിൽ ഞാൻ സ്വയം നാറിത്തൊടങ്ങി.ജീവിച്ചുകൊണ്ടിരിക്കുന്ന ഒാരോ നേരവും മരിച്ചുകൊണ്ടിരിക്കുകയും മരിക്കുന്നതുവരെ ജീവിക്കേണ്ടിവരുകയും ചെയ്യുന്ന എന്നെപ്പോലെയൊള്ള മനിശ്ശന്മാര്ടെ ഗതികേടോർത്ത് പിന്നെയൊരു ദിവസം ഞാൻ മാഹിയിലേക്ക് ബസ്സ് കേറി, ആദ്യായി സലോമി ബാറിലെത്തി മൂക്കറ്റം കുടിച്ചു. നാലാമത്തെ പെഗ്ഗ് മീഡിനോട് അടുപ്പിക്കുമ്പോ എന്നോടന്നങ്ങ് ബിതുമ്പിപ്പോയി.
പിന്നെ ഒരു തുള്ളി എനക്ക് കുടിക്കാൻ പറ്റാതായപ്പോ മുന്നിലിരിക്കുന്ന നാരാണേട്ടൻ എന്റെ കൈയ്യിന്ന് വാങ്ങി ഒറ്റ വലിക്ക് ഗ്ലാസ് കാലിയാക്കി അമർത്തി ഒന്ന് മൂളി എടം കൈയ്യിന്റെ പൊറാടി കൊണ്ട് മൂപ്പർടെ ചിറി തൊടച്ച് എന്റെ പൊറത്തു തട്ടി സമാധാനിപ്പിച്ചു.
‘‘പോയത്തായ ഒരാണല്ലേ മോനേയിഞ്ഞ്. ഞ്ഞിങ്ങനെ പൈകരെമ്പോലെ കരഞ്ഞാലോ...’’എനക്ക് എന്നെതന്നെ വെല കെട്ടപോലെ തോന്നി.
‘‘ആണ് പോലും. 5 കൊല്ലം പ്രേമിച്ച പെണ്ണിനെ എന്റെ കൂടെ പൊറുപ്പിക്കാനാവാതെ ഏതോ ഒരുത്തൻ കല്യാണം കയിച്ചു പോയിറ്റ്... പിന്നേം ആണാണ് പോലും ആണ്...’’
നാരാണേട്ടൻ പിന്നേം എന്നെ സമാധാനിച്ചപ്പോ ഓറെ മൊത്തിക്കൊന്നു ഞാൻ പൊട്ടിച്ചു. കന്നിക്കുടിയനോട് ക്ഷമിക്കാനൊള്ള വെവരോം ബുത്തീം ഓർക്കുള്ളതിനാൽ എന്റെകൂടി ബില്ലടച്ച് ഓറ് ഓറെ പണിക്ക് പോയി. എന്റെ മുബീനേടെ, നീരും മണോള്ള ഇഷ്ടത്തെ നിരീച്ച് നിരീച്ച് അന്ന് തീപ്പറക്കുന്ന നട്ടുച്ചക്ക് മാഹിപ്പാലത്തിന്റെ കൈവരിയിലിരുന്ന് ഉള്ളുപൊള്ളി മതിയാവോളം ഞാനലറിക്കരഞ്ഞു.
‘‘നാട്ടുകാര്‍ തമ്മില്‍ കൊത്തിച്ചാവുന്നത് കാണണോ ഹമുക്കേ...’’ എന്ന്, പോത്തിന്റെ ചണ്ണ മുറിച്ച് കമ്പിയില്‍ കൊളുത്തിക്കൊണ്ട് ഓളെയുപ്പ എന്നോട് ചോദിച്ച ദിവസം മുതൽ ഞാനോളെ മറക്കാൻ ശീലിച്ചു തൊടങ്ങി.
ചത്തുപോയ ഒടംപുളി മീത്തൽ ചാത്തൂന്റെ മോൻ സതീശൻ പുതിയമഠം മൊയ്തൂന്റെ ഒറ്റ മോള് മുബീനാനെ കൂട്ടിക്കൊണ്ടുപോന്നത് നാട്ടിലറിഞ്ഞാ എന്തായിരിക്കും പുകിലെന്ന് പറഞ്ഞ് പെറ്റമ്മ നെഞ്ചത്തടിച്ചപ്പോ എന്റെ സകല വേഷമോം ഞാൻ തൽക്കാലത്തേക്ക് മറന്നു. എന്നാലും നാട്ടീന്ന് വിട്ട് നിൽക്കുന്നത് കൊറച്ചു സമാധാനം കിട്ടുമെന്ന് എനക്ക് തോന്നി. അല്ലേലും നാട്ടീന്ന് എന്തേലും പണിക്കു പോവാന്ന് വെച്ചാല്‍ എനക്ക് ഭയങ്കര മടിയാ... നാട്ടിന്ന് വിട്ടാല്‍ ഞാനെന്തും ചെയ്യും. അതോണ്ടാ ഉണ്ണിക്കാടൻ നമ്പ്യാറ് ഓറെ തറവാട്ടമ്പലത്തില്‍ ഒരായ്ച്ച പെയിന്റിങ്ങിന്റെ പണീണ്ടെന്ന് പറഞ്ഞപ്പോ ഞാൻ ചാടിപ്പൊറപ്പെട്ടത്.
അല്ലേലും അതങ്ങ് ഏടിയാ... എരണാംകുന്നില്... ചൊരം കേറിയാ പിന്നേം പോണം അഞ്ചട്ട് കിലോമീറ്ററ്. ന്നാലുമ്പേണ്ടില്ല... കൊർച്ചീസത്തേക്ക് നാട്ടീന്നു വിട്ട് നിക്കാലോ... തൽക്കാലത്തേക്ക് എനക്ക് താമസിക്കാൻ ഒരു വീട് ശരിയാക്കീറ്റ്ണ്ടെന്ന് നമ്പ്യാറു പറഞ്ഞോണ്ട് ഞാൻ ബേറൊന്നും ആലോചിച്ചില്ല.
നേരം ഉച്ച കയിഞ്ഞെങ്കിലും നേരെ കുത്തനെ എരണംകുന്നിലേക്കു ബസ്സ് കേറി. ബസ്സ്റ്റാന്റിൽ എന്നെയും കാത്ത് നമ്പ്യാറ് മൊബൈലിൽ കുത്തികുത്തി കുന്തംപോലെ നിപ്പ്ണ്ടായിരുന്ന്. ബസ്സ് സ്റ്റാന്റിലെത്തുംബ്ലത്തേക്കും ഇരുട്ട് വീണ് പെരങ്ങീനും. തട്ടുകടേന്ന് ദോശ കയിച്ച് നമ്പ്യാറെ ജീപ്പില്‍ കേറുമ്പോ മോന്തി എട്ടുമണി കയിഞ്ഞിറ്റ്ണ്ട്. തേക്കിൻകാടും കാപ്പിതോട്ടവും കടന്ന് ജീപ്പ് ബാണം ബിട്ടപോലെ പായ്ന്നേരം ആകെ ശീതം പിടിക്കുന്നപോലെ തോന്നി. തണുത്ത കാറ്റ് മീട്ടത്ത് വീശി ശാസം മുട്ടിച്ചു. ജീപ്പ് കുത്തനെയുള്ള ഒന്തം കേറുമ്പോ യന്ത്രം കെടുപ്പിച്ച തോണീല് കുത്തിരിക്കുമ്പോലെ തോന്നി. കാറ്റിന്റെ മൂളല്‍ കടലിന്റെ ഊയാരംപോലെ ചേടിന്റുള്ളിലേക്ക് പാഞ്ഞു കേറിക്കൊണ്ടിരുന്നു. മുക്കാമണിക്കൂറ് നേരത്തെ മരണപ്പാച്ചിലിന് ശേഷം കണ്ടുവെച്ച വീടെത്തി. റോഡിൽനിന്നും ഒയർന്ന ഒരു സ്ഥലത്താണ് വാടകവീട്.
ഒരാൾക്ക് ഇറ്ങ്ങി ഞെര്ങ്ങി നടന്നുപോവാൻ മാത്രം സ്ഥലോള്ള എടവയിലൂടെ ഇത്തിരിപോന്ന പെൻ ടോർച്ചിന്റെ വെളിച്ചത്തില്‍ കേറ്റം കേറി മുറ്റത്ത് എത്തി. കറന്റില്ല. മൂന്നു മെയ്കുതിരി എന്നെ ഏൽപിച്ച് നമ്പ്യാറ് ഉപദേശിച്ചു. ‘‘ ശ്രദ്ധിക്കണം വീടിന് പിന്നിൽ വലിയൊരു കൊല്ലിയാണ്. രാത്രി മൂത്രമൊഴിക്കാനോ മറ്റോ പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം. ഞാൻ നാളെ കാലത്ത് എത്തും. നാളെ നോക്കീട്ട് പറ്റില്ലാന്നുണ്ടെങ്കിൽ നമുക്ക് വീട് മാറാം.’’
കയറി വന്ന വയി തന്നെ എനക്കിഷ്ടപ്പെട്ടില്ലായിര്ന്ന്. ഇപ്പള്താ വീടിന് പിന്നിൽ ഒരു കൊല്ലിയും. ഒരുനേരം പോലും കൂടാൻ പേടി തോന്നുന്ന ഈ വീട്ടില്‍ നിന്ന് നാളെ തന്നെ മാറുമെന്ന് ഞാനും മനസ്സിലൊറപ്പിച്ചു.
നമ്പ്യാറ് അതേ ജീപ്പിൽ തിരിച്ചുപോവുന്ന ഒച്ച ഞാനൊറ്റയ്ക്കാണെന്ന തോന്നലിന്റെ ഒയരം കൂട്ടി. എന്റെ മെയ്കുതിരി വെളിച്ചല്ലാതെ മറ്റൊരു മിന്നാമിന്നിയെ പോലും കണ്ടില്ല. മുന്നിൽ ടാറിട്ട നല്ല റോഡെങ്കിലും ഇത്രേം സമയായിട്ടും ഞാള് വന്ന ജീപ്പല്ലാതെ മറ്റൊന്നും അതുവയി വന്നില്ല. ഞാൻ വാതിൽന്റെ പൂട്ട് തൊറന്ന് അകത്ത് കേറി. ഒരു ചൂടിക്കട്ടിലും കൊറച്ച് ഒയിഞ്ഞ കാർഡ് ബോർഡ് പെട്ടിയുമല്ലാതെ വെള്ള തേക്കാത്ത ആ മുറിയിലുണ്ടായിര്ന്നില്ല. ഷർട്ടഴിച്ച് കട്ടിലിലെ തണ്ടിൽ തൂക്കി. ബേഗിൽനിന്ന് കൽക്കണ്ടിയുടെ ഇത്തിരിപ്പൊടി നാവിലേക്കിട്ട് ഒരു മൂളിപ്പാട്ട് പാടി കട്ടിലിലേക്ക് ചാഞ്ഞു. പെെട്ടന്ന് തൊണ്ട ആകെ വരണ്ടപോലെ തോന്നി. ബേഗില് വെച്ചിര്ന്ന കുപ്പിവെള്ളം വായിലേക്ക് ഒയിച്ചു. തണുത്ത വെള്ളത്തിന്റെ ചാല് തൊണ്ടേലൂടെ തായേയ്ക്ക് ഒലിക്കുമ്പോ ചുരമെറങ്ങ്ന്ന നമ്പ്യാറുടെ ജീപ്പ് ഒറ്റപ്പെട്ട ഒര് വരണ്ട ഒച്ചപോലെ അകന്നുപോവ്ന്നത് ശരിക്ക് അറിയ്ന്ന്ണ്ട്.
സമയം മോന്തി ഒമ്പത് ആവ്ന്നേയുള്ളു. വാതിലടച്ച് മെയ്കുതിരിയൂതി. കണ്ണടച്ചപോലെ കട്ട ഇരുട്ട്. പൊറത്ത് ഒണക്കച്ചപ്പില് മഞ്ഞ് ഇറ്റുന്ന മിടിപ്പ്... നെഞ്ഞിനുള്ളില്‍ അതിലും വേഗത്തില്‍ എന്റെയിടിപ്പ്, അകലേന്ന് മുറിഞ്ഞ് മുറിഞ്ഞ് ചെതറ്ന്ന ഉടുക്ക് മുട്ടി പാട്ട്... എടയ്ക്ക് നായ്ക്കള്ടേയും കുറുക്കന്മാരുടെ ഓരിയിടല്‍. ‘ശബ്ദങ്ങളെ കാതുകൊണ്ട് എണ്ണിയെടുക്കുമ്പോഴാണ് നിശ്ശബ്ദതയുടെ ആഴമളക്കാനാവുന്നത്’ എന്നിങ്ങനെ തലേക്കൊള്ളാത്ത വല്യ വല്യ ചിന്തകള്‍ മനസ്സിലിരുന്ന് തെകട്ടി.
പെട്ടന്ന് ഒരു പെണ്ണിന്റെ തേങ്ങല്‍. ഞാൻ കെടന്ന കട്ടിലിന്റെ പിന്നിലുള്ള ചൊമരിന് അപ്പുറത്ത് നിന്നാണ്. ഒറ്റപ്രാവശ്യമേ ഒച്ച കേട്ടുള്ളു. പിന്നെ പതുക്കെ പറയുന്ന ഒരു ഒച്ച. ഞാനൊരു രസത്തിനു വേണ്ടി ചൊമരിനോട് ചെവി ചേർത്ത് വെച്ചുനോക്കി. പായ്ക്കണ്ണീന്റെടയില് കുടുങ്ങിപ്പോയ മണ്ണട്ടേന്റെ ചിറകടിയൊച്ച പോലെ തോന്നുന്നല്ലാതെ ഒന്നും വ്യക്തായിര്ന്നില്ല. എന്തായാലും ഈ പ്രദേശത്തു എന്നല്ല ഈ ചൊമരിനപ്പുറത്തുതന്നെ മനുഷ്യപ്പറ്റ് ഉണ്ടെല്ലോ എന്ന ആശ്വാസത്തില്‍ ഞാൻ ഒറങ്ങിപ്പോയി.
പിറ്റേന്ന് തെളിച്ചോള്ള പകലിലേക്ക് വാതിൽ തൊറന്നപ്പോ നല്ല ക്ഷീണം തോന്നുന്നുണ്ട്. മേലാകെ നുറുങ്ങുന്ന വേദനയൂണ്ട്. കൈ രണ്ടും കൂട്ടിപ്പിടിച്ച് ഒന്ന് ഞേണ വിരിഞ്ഞപ്പോ ഒരു ഉഷാറു തോന്നി. തെങ്ങിന്റെ ഓലക്കണ്ണി തൊളച്ച് വരുന്ന രാവിലത്തെ എളം ചൂടുള്ള വെയില് മീട്ടത്ത് ഒലിച്ചെറങ്ങുമ്പോ നല്ലൊരു സുകം. കണ്ണിനുള്ളില്‍ സൂചികുത്തുന്ന വേദനണ്ടെങ്കിലും ആ വേദനയ്ക്കും ഒരു സുകം തോന്നി. പലരൂപത്തിലുള്ള മയവിൽ വട്ടങ്ങള്‍ പറന്നുകളിക്കുന്നപോലെ ആകാശം. പീറ്റത്തെങ്ങുകളിന്ന് ഓലക്കണ്ണികള്‍ കാറ്റ് തട്ടി ചേരക്കുട്ട്യേളെപ്പോലെ പൊളഞ്ഞു. പതം വന്ന മണ്ണുപോലെ മനസ്സിന് നല്ലൊരു സുകം തോന്നി. ഞാനിങ്ങനെ കുന്തം മിണിങ്ങ്യത് പോലെ ഈ വാതുക്കല് നിക്കുന്നത് എന്തിനാന്ന് എനക്ക് തന്നെയറിഞ്ഞൂടാ...
സത്യം പറയാലോ, ഇപ്പൊ ആ നമ്പ്യാറങ്ങാനും എന്റെ മുമ്പില്‍ പെട്ടാല്‍ കിണ്ണം മണിയുന്ന ഒരു ചൊട്ട് മൊട്ട തലക്കിട്ടു കൊടുക്കും. എന്നിട്ട് ഞാനൊന്നു കെട്ടിപ്പിടിക്കും. ഇങ്ങനത്തെ ഒരു സാദനം ഞാനിതുവരെ അടിച്ചിട്ടില്ല. കാസറക്കോട്ട് പണ്ടൊരു കല്യാണത്തിന് പോയപ്പോ മോളീന്ന് പേരുള്ള ഒരു ഗുളിക നാവിന്റടീല് വെച്ചിരുന്ന്. ന്റമ്മോ മ്മളെ മൊലക്കണ്ണിന് വരെ കാരമുള്ളിന്റെ മൂർച്ചയാരിക്കും അത് അടിച്ചാല്‍. അന്ന് കല്യാണചെക്കന്റെ കമ്പനിക്കാരായ കോളേജ് പിള്ളറ്ടുത്തുന്ന് ഓസീല് കിട്ടിയതാ പൊന്നും വെലേള്ള മോളീനെ.
ഇന്നലെ അന്തിക്ക് നമ്പ്യാറ് തന്ന കൽക്കണ്ടത്തിനു അയിന്റൊരു നൂറെരട്ടി പവറാ... നല്ല തണുപ്പുള്ള ഏരിയാ... അപ്പോ ഒരു നുള്ള് കൽക്കണ്ടി വായിലിട്ടാമതീന്ന് ജീപ്പിൽനിന്ന് പറഞ്ഞപ്പോ ഇത്രേം സന്തോഷം കിട്ടൂന്ന് നിരീച്ചില്ല. നല്ലണം ഒറങ്ങിപ്പോയി, വെയില് കക്കൂസില്‍ വരെ എത്തി. പൊറത്തേക്ക് നോക്കിയപ്പോ തലേ ദിവസം മനസ്സില്‍ തോന്നിയ അത്ര അപകടം പിടിച്ച സ്ഥലാന്നൊന്നും തോന്നിയില്ല. ഞാൻ കെടന്ന മുറി, ഒരടുക്കള, കക്കൂസ് –അതാണ് ആ വീട്. നെറയെ മരങ്ങള്‍... പക്ഷികള്‍... മുറ്റത്ത് കൊച്ചുകെണറ്... പിന്നിൽ കൊല്ലിയുണ്ട് പക്കേങ്കില് അതും അത്തര എടങ്ങാറ് പിടിച്ചതല്ല.
ഒണന്ന ഒടനെ ചൊമരിനപ്പുറത്തെ എടവലക്കാരീനെ പരിചയപ്പെടാൻ മനസ്സ് മുട്ടി. നോക്കിയപ്പോ അപ്പുറത്തെ മുറി പുറത്ത് നിന്ന് പൂട്ടിയിരിന്നു. ഓര് പൊലർച്ചെ തന്നെ പൊറത്തേക്കു പോയിറ്റ്ണ്ടാവും. ചെറിയ നിരാശയോടെ ഞാൻ മുറ്റത്തെ കെണറിനടുത്തേക്ക് നടന്നു. ആടെ അയലിൽ തൂങ്ങിക്കെടന്ന് വെള്ളം വാർന്ന് കൊണ്ടിരിക്കുന്ന വെളുത്ത പൂക്കളുള്ള ചോന്ന ചുരീദാറ് കണ്ട് എന്റെയുള്ളിൽ ഒരു ചെമ്പരത്തിപ്പൂ വെടർന്നു. പെെട്ടന്ന് മുബീനയെ ഓർമ വന്നു. ഓക്കിഷ്ടപ്പെട്ട നെറം. എന്തിനെന്നറിയാത്ത ഒരു സങ്കടവും ഇത്തിരി സന്തോഷവും എനക്ക് ചുറ്റിലും പറന്ന് പൊങ്ങി. അടുത്തൊന്നും ജീവനുള്ള വീടില്ലെങ്കിലും അടുത്ത പറമ്പിൽ പണിതീരാത്തൊരു വീടുണ്ട്. മൊത്തത്തിൽ നോക്കിയപ്പോ ആ പരിസരം എനക്ക് ശരിക്കുമിഷ്ടപ്പെട്ടു.
നമ്പ്യാറ് പറഞ്ഞതുപോലെ അന്നു രാവിലത്തന്നെയെത്തി.
‘‘എന്ത് പറയുന്നു. വീട് മാറണ്ടേ...’’
‘‘തൽക്കാലം ഇതുമതി നമ്പ്യാറെ.’’ എന്റെ ഉത്തരം അങ്ങിനെ വരുമെന്ന് അയാൾ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
കണ്ണുകൾ രണ്ടും വിടർത്തി ‘‘നേരോ...’’ എന്ന് ചോദിച്ചു.
‘‘നേര്... ഇതുതന്നെ മതി.’’ ഞാനൊറപ്പിച്ചു.
നമ്പ്യാറ് എന്നെ ഒന്നുകൂടി ഉഷാറാക്കി, ‘‘പിന്നേ... ഏത് വരൾച്ചയിലും ഈ കിണറിൽ കുടിക്കാൻ നല്ല അസ്സല് പച്ചവെള്ളം കിട്ടും. പിന്നേ കുളിക്കാൻ ദാ ആ കാണുന്ന നല്ല നമ്പർ വൺ കുളിമുറീണ്ട്.’’
അയാള്‍ വെരല് ചൂണ്ടിയിടത്തേക്ക് ഞാനൊന്ന് നോക്കി. അതെ നല്ല ഒന്നാം തരം ചെറ്റക്കുളിമുറി. നാട്ടിലേതിനെ വെച്ച് നോക്കുമ്പോ ഇത് നമ്പറ് വണ്ണു തന്നെ. എന്നെ അതിശയിപ്പിച്ചത് അയിന്റെ ആകെയുള്ള ഏലും മട്ടുമാണ്. എന്റെ പൊരയിലുള്ള പോലെ ഓലവെച്ച് കെട്ടിയതിൽ ഇതിന്റെയും ഒരു കാല് മുരിക്കായിരുന്നു. ഇതെങ്ങനെ സംഭവിച്ചു! ആ മുരിക്കിന് എലകളുണ്ടായിരുന്നെങ്കിൽ ഇതിന് പൂവേയുള്ളൂ... ആളുന്ന തീച്ചൊവപ്പ്. ദൂരേന്ന് കാണുമ്പോ തീപ്പിടിച്ച ചെറ്റപ്പൊര പോലെ തോന്നും.
കെണറ്റിൻകരയിലെ വെയിലിൽ കത്തിനിൽക്കുന്ന ചെറ്റ കുളിമുറിക്ക് ചുറ്റിലും ആകാശം മുട്ടി വളർന്നുനിക്കുന്ന മരങ്ങളാണ്. അതിന്റെ ഉള്ളിൽനിന്ന് മൊകളിലേക്ക് നോക്കുമ്പോ വട്ടത്തിൽ ആകാശം കാണാം. ഇതൊരു ഭൂലോക ചെറ്റയാണല്ലോ നമ്പ്യേറെന്ന് സന്തോഷംകൊണ്ട് ഞാൻ മനസ്സിൽ പറഞ്ഞുപോയി. കെടക്കുന്നുണ്ടെങ്കില് മോന്തായില്ലാത്ത പൊരേല് കെടക്കണം. കുളിക്കുന്നുണ്ടെങ്കില്‍ അടപ്പില്ലാത്ത ചെറ്റക്കുളിമുറീന്ന് കുളിക്കണം.
അയാക്കും നല്ല സന്തോഷായി. കൂടെ വന്ന മുരുകേഷിനേയും ജോസഫേട്ടനേയും എനക്ക് പരിചയപ്പെടുത്തി. ഇവരൊക്കെ ഇതിനടുത്ത് തന്നെയാണെന്നും എന്താവശ്യമുണ്ടെങ്കിലും അവരെ വിളിച്ചാൽ മതിയെന്നും പറഞ്ഞു. ഇഞ്ഞ് ഇന്നുകൂടി റസ്റ്റ് എടുത്തോ... നാളെമുതൽ പണി തൊടങ്ങാന്നും പറഞ്ഞ് ജീപ്പിൽനിന്ന് ഒരു ഡീസലിന്റെ കാനും തീപ്പെട്ടിയും ജോസപ്പേട്ടനെ ഏൽപിച്ചു.
എനക്ക് ആവശ്യമുള്ള ജനതാ സം, പാട്ട, ബ്രഷ് എല്ലാം നമ്പ്യാറ് ഒരുക്കിവെച്ചിട്ടുണ്ടെന്നും നാളെ പൊലരുമ്പോ തറവാട്ടമ്പലത്തിലേക്ക് പൊറപ്പെട്ടാ മതീന്നും ജോസപ്പേട്ടൻ പറഞ്ഞപ്പോ ഒരു തുള്ളി കള്ള് കുടിക്കാത്ത... ഒരു ബീഡി പോലും വലിക്കാത്ത തങ്കപ്പെട്ട മനസ്സുള്ള നാൽപത് വയസ്സിൽതന്നെ ചത്തുപോയ എന്റച്ഛനെ വെറുതെ ഞാനോർത്തു. എല്ലാവരും എന്ത് നല്ല മനുഷ്യന്മാരാ... അപരിചിതമായ ഒരു പ്രദേശത്തെ മെരുക്കി എന്നെ ഏൽപിച്ച സംതൃപ്തിയാൽ ഒാരെല്ലാരും എടവയിയിറങ്ങി പോയി.
ദൂരെ താമസിക്കുന്ന ജോസപ്പേട്ടനെയും മുരുകനെയും പരിചയപ്പെടുത്തിയിട്ടും തൊട്ടടുത്ത മുറിയിലെ എടവലക്കാരിയെ പരിചയപ്പെടുത്തിയില്ല. ഓരെ കുറിച്ച് ചോദിക്കാൻ ഞാനും മറന്നു.
ജോസപ്പേട്ടൻ ആ മുറിയുടെ പിന്നിലെ പറമ്പിൽ കടലാസും തുണിയും ഉൾപ്പെടെ കച്ചറകൾ കൂട്ടിയിട്ട് ഡീസലൊയിച്ച് കത്തിച്ചതിന്റെ കനല് കെടുത്താൻ ഞാൻ ചെന്ന് നോക്കി. ഉരുകി പറ്റിയ സിറിഞ്ചുകൾക്കൊപ്പം കത്താതെ ബാക്കിയായ കൊച്ചു കടലാസ് പെട്ടികൾ കൗതുകത്തോടെ ഞാനെടുത്തുനോക്കി. അതിമ്മള് പരസ്യത്തില്‍ കാണുന്ന നിരോധിന്റെ കൂടുകളാണ്. ഇതൊക്കെ എങ്ങിനെ ഇവിടെ വന്നുവെന്നു ഞാനാലോചിച്ചു. അപ്പോള്‍ അടഞ്ഞുകിടന്ന വാതിലിന്റെ പൂട്ടിനു മുകളിൽ വെയില് കത്തിനിന്നു.
ഇപ്പൊ അയലിൽ കെടക്കണ ചോന്ന ചുരീദാറിനോട് എനക്കൊരു ഇഷ്ടം തോന്നുന്നുണ്ട്. എനക്കോളേ കാണാൻ വല്ലാണ്ട് പൂതി തോന്നുന്നുണ്ട്. നമ്പ്യാറെ ഒന്നു വിളിച്ചു ചോദിച്ചാലോ... വിളിക്കാ ൻമാത്രം കൊള്ളാവുന്ന എന്റെ മൊബൈലിൽ ഞാൻ നോക്കി. അല്ലെങ്കില്‍ വേണ്ട... ഓളെന്തായാലും ഇവിടെത്തേക്ക് നേരം ഇരുട്ടുന്നതിനു മുമ്പ് തിരിച്ചു വരണ്ടതാണെല്ലോ.
ഇനി ഓള് വരുന്നതിനു മുമ്പ് മഴ ചാറിയാൽ... മഞ്ഞു കൂടിയാൽ... കടവാതിലോ കൂമനോ... കാഷ്ഠിച്ചാൽ... അതിന്റെ ഉത്തരവാദിത്തം എനക്കുള്ളതുപോലെ തോന്നി. അതോണ്ട് തുണി ഒണങ്ങിക്കഴിഞ്ഞാൽ ഓളെത്തിയില്ലെങ്കിൽ വെടക്കാകാണ്ടിരിക്കാൻ ഞാനത് ഓളുടെ ജനലിന് മൊകളില് കൊണ്ടുവെക്കുമെന്ന് തീരുമാനിച്ചു. എത്തര പെട്ടന്നാണ് ആളുകളുടെ മനസ്സ് മാറുന്നതെന്ന തോന്നൽ ഒരു കാനല്‍ പോലെ വന്ന് തൊട്ടു. ഇനി എന്റെ ജീവിതത്തിലേക്ക് ആര് വന്നാലും മുബീനയോളം ആവില്ല. ചൂടുള്ള ഒരു കാറ്റ് അകത്തേക്ക് ഓടിപ്പോയി.
നേരം നട്ടുച്ചയായിട്ടും ഞാനിതുവരെ കുളിച്ചില്ലല്ലോ എന്നോർത്ത് കൊതിയോടെ ചെറ്റക്കുളിമുറിയെ നോക്കി. അതാണെങ്കിൽ വാതിൽ തുറന്നുവെച്ച് എന്നെ മാടിവിളിച്ചു. ഉടലാകെ വെയർത്തുതുടങ്ങിയ ഞാൻ നട്ടുച്ചയിൽ ഒരു നമ്പർവൺ കുളി പാസാക്കാൻ തീരുമാനിച്ചു. മൂത്രം മണക്കുന്ന നിലത്ത് ചോരത്തുള്ളികൾപോലെ മുരിക്കിൻപൂവ് വീണ് അളിഞ്ഞു പറ്റിയ മണ്ണിൽ ഞാൻ ചവിട്ടിയപ്പോൾ വിരലിനിടേലേക്ക് ചളി കൊഴുത്ത ഒരു അട്ടയായി ചുരുണ്ടുപറ്റി.
നായോ കുറുക്കനോ കടിച്ചുപറിച്ചതുപോലെ കീറിയ ഒരു ബ്രയ്സിയർ ഓലക്കണ്ണിക്കിടയിൽ ആരോ തിരുകിവെച്ചിട്ടുണ്ട്. അസഹ്യമായ ചോരയുടെ മണം ഇടയ്ക്ക് ഒരു കാറ്റിലെന്നപോലെ മൂക്കിലേക്ക് പാഞ്ഞു കേറിയപ്പോ നിലത്ത് കൊഴുത്തു കെടക്കുന്നത് മുരിക്കിൻപൂവ് തന്നെയല്ലേയെന്ന് ഞാനൊന്നുകൂടി വെള്ളമൊഴിച്ച് ഉറപ്പുവരുത്തി. കീറിപ്പറിഞ്ഞെങ്കിലും ആട്ടിൻകുഞ്ഞിന്റെ മീട് പോലെ തോന്നുന്ന ബ്രയ്സിയറിന്റെ കൊട്ട ഞാൻ വെറുതെ ഒരു രസത്തിന് തൊട്ടു നോക്കി. എന്റെ ചിറീമ്മല് ഒരു വൃത്തികെട്ട ചിരി വെടർന്നു.
ചോരയും മൂത്രവും മണക്കുന്ന കാറ്റ് എന്നെ ചുറ്റിപാഞ്ഞപ്പോൾ ചെറുപ്പകാലത്തെ നാട്ടിലെ ചെറ്റക്കുളിമുറിയിൽ ചെരുതിവെക്കുന്ന തീണ്ടാരിത്തുണികളെ ഓർമ വന്നു. ഞാനെന്റെ മുണ്ട് അയിച്ചു ചെറ്റയ്ക്ക് മുകളിലേക്ക് തിരുകി. തണുത്ത വെള്ളം തലയിലേക്ക് ഒയിച്ചു. എത്ര വെള്ളമൊയിച്ചിട്ടും എന്റെ ആർത്തിക്കുളി മതിയാക്കാൻ തോന്നീല്ല. അത്രയ്ക്ക് വശീകരണ ശക്തിയുണ്ടായിരുന്നു ആ വെള്ളത്തിന്. ഒടുവിൽ മുണ്ട് എടുത്ത് ഉടുത്ത് തല തുവർത്തി ഷർട്ടെടുക്കാൻ നോക്കുമ്പോൾ... കാണുന്നില്ല... എവടേയും കാണുന്നില്ല.
മുറിയിൽനിന്നും ഷർട്ടിടാതെയായിരുന്നോ വന്നത്? ചെറിയൊരു സംശയം. മുറിയിൽ എവടെയുമില്ല. ആകെക്കൂടെ കൊണ്ടുവന്ന കുപ്പായങ്ങളിൽ ഒന്ന് കട്ട് പോയിരിക്കുന്നു. ഇത്ര പെട്ടെന്ന് എവിടെ പോയെന്നു എത്ര ആലോചിച്ചിട്ടും കിട്ടിയില്ല. അതും പട്ടാപ്പകൽ. ലേശം പെയിന്റും കറയുമുള്ള പണിക്കിടുന്ന ഒരു കുപ്പായം തൽക്കാലമെടുത്തിട്ടു.
ഒരുദിവസത്തെ സ്ഥലപരിചയത്തിന്റെ ആത്മവിശ്വാസത്താൽ ഞാൻ മുറിയിൽ കയറി എന്റെ ചൂടിക്കട്ടിലിൽ കയറിക്കെടന്നു. എങ്ങിനെയോ കയ്യില്‍ കിട്ടിയ ഒരു കഞ്ചാവ് ബീഡിക്ക് തീകൊടുത്തു...
എന്റെ നാടും സിമന്റ് തേക്കാത്ത ചൊമരുള്ള പൊരയും എന്നെ തെറിപറഞ്ഞോണ്ടിരിക്കുന്ന പാവം അമ്മയും മനസ്സിൽ പൊകപോലെ ഒയർന്നു. വയല്‍ നെകത്തിയ സ്ഥലത്തെ ചെറിയ വാർപ്പ് വീട്ടിന്റെ മുറ്റത്ത് പോത്തിന് വെള്ളം കൊടുക്കുന്ന മുബീനടെ എളോറു മാങ്ങപോലത്തെ മീട് മനസ്സില്‍ വീണ് പൊള്ളി.
നാട് വിട്ട് ഇവിടെ വന്നിട്ട് ആകെ രണ്ട് ദിവസമാവുന്നേയുള്ളുയെങ്കിലും രണ്ട് കൊല്ലം കഴിഞ്ഞമാതിരി മനസ്സിനൊരു ഒയച്ചില്. നേരം ഇരുട്ടിത്തൊടങ്ങി. മെയ്കുതിരി കത്തിച്ച് ബാഗിൽനിന്ന് ഒരു സിനിമാ മാസിക എടുത്തു ചിത്രം നോക്കിക്കൊണ്ടിരിക്കെ വാട്സാപ്പൊക്കെയുള്ള ഒരു മൊബൈൽ കിട്ടിയെങ്കിലെന്നു വെറുതെ മോഹിച്ചു. പണിതീരാത്ത വീട്ടിലേക്ക് പെട്ടന്ന് കുറേ ടോർച്ച് വെട്ടം പല ദിക്കിൽനിന്നായി ഓടിയടുക്കുന്നത് ഞാനാ ജാലകത്തിലൂടെ കാണുന്നുണ്ടായിരുന്നു. എന്താണ് സംഭവമെന്നറിയണമെല്ലോ, ഞാനുമെന്റെ പെൻടോർച്ചുമായി വാതിൽ ചാരി പറമ്പിലേക്ക് നടന്നു.
പറമ്പിൽ ഒരു പന്ത്രണ്ട് പേരെങ്കിലും കാണും. എന്താണ് സംഭവം. അമ്പത് വയസ്സ് പ്രായം തോന്നുന്ന ഒരാൾ ലുങ്കി മാടിക്കെട്ടി പണി തീരാത്ത കിണറിലേക്ക് ടോർച്ച് നീട്ടിയടിച്ച് ‘‘സംഗതി നടന്നത് ഇന്നലെയാണെങ്കിൽ ശവം പൊന്താനാവുന്നേയുള്ളൂ. നേരത്തോട് നേരാവണം.’’
കാര്യത്തിന്റെ ഗൗരവം അപ്പൊതന്നെ പിടികിട്ടി. കൂടിനിന്നവരെല്ലാം പതുക്കെയാണ് സംസാരിക്കുന്നത്. വെട്ടുകല്ല് അടുക്കി വെച്ചതിനരികിൽ മാറിനിന്ന് പുകവലിക്കുന്നയാളിനോട് ഞാൻ കാര്യം തിരക്കി. അയാളെന്നെയൊന്ന് നോക്കി, സിഗരറ്റിന്റെ അവസാന സത്തയും ഊറ്റിയെടുത്ത ശേഷം ബാക്കി ഭാഗം നിലത്തിട്ട് കാലിന്റെ പെരുവിരല്‍ കൊണ്ട് ചവിട്ടിയുരച്ച് കനല് കെടുത്തിയ ശേഷം കിണറ്റിൻകരയിലെ ആരോ അഴിച്ച് വെച്ച പുതിയ ഹവായ് ചെരുപ്പിലേക്ക് ടോർച്ച് നീട്ടിയടിച്ചു.
‘‘ആ ചെരുപ്പ് തൊടാൻ നിക്കണ്ട. പോലിസ് നായ വീട്ടിലെത്തും.’’ ടോർച്ച് ഓഫ് ചെയ്ത് അയാൾ കുലുങ്ങിച്ചിരിച്ചു. ഞാൻ ചെറിയൊരു പേടിയാൽ ചെരുപ്പിനടുത്തേക്ക് നടന്നു. ഞാൻ കെണറിന്റെ ആഴത്തിലേക്കു ഏന്തി നോക്കി. ആരോ ഒരാൾ ടോർച്ച് നീട്ടിയടിച്ചു.
‘‘കിണറിനകത്തോട്ട് പടയിൽ ഒരു കാഞ്ഞിരക്കുറ്റി കണ്ടോ... അതിന്മേല് തൂങ്ങിക്കിടക്കണതുണ്ട് ഒരു ഉടുമുണ്ട്.’’
വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന ഒരു സ്ത്രീയുടെ ഉടൽ ടോർച്ചു വെളിച്ചത്തിൽ വ്യക്തമായി ഞാൻ കണ്ടു. എന്റെ കാലുകൾ വിറച്ചുതുടങ്ങി. ഞാനാദ്യമായാണ് ഒരു ശവം കാണുന്നത്. പേടികൊണ്ടോ എന്തോ ഞാൻ മരിച്ചവരുടെ വീടുകളിൽ പോവാറേയില്ലായിരുന്നു.
ചെറിയ ഒരു വിറയൽ എന്റെ തൊണ്ടയിലേക്ക് പാഞ്ഞു. കിണറിലേക്ക് ഒന്നുകൂടി ഏന്തിനോക്കി. അതാ കാഞ്ഞിരക്കുറ്റിയിൽ തൂങ്ങിക്കിടക്കുന്നത് ഉടുമുണ്ടല്ല എന്റെ കുപ്പായം. പെെട്ടന്ന് അടിവയറ്റിൽനിന്നുമൊരാളൽ. കാഴ്ചയ്ക്ക് ചെറിയൊരു മങ്ങൽ. പറമ്പിലേക്ക് ജനം പെരുകി വരുന്നു. ഉയരം കയറി വരുന്ന ജീപ്പിന്റെ ഒച്ച കാതിലേക്ക് ഇരമ്പുന്നു. ആൾക്കൂട്ടത്തിൽനിന്ന് ആരോ പറയുന്നത് കേട്ടു.
‘‘പോലീസാറ് വെര്ന്ന്ണ്ട്.’’
ഞാനാരേയും നോക്കിയില്ല തിണ്ട് ചാടിയിറങ്ങി തിരിഞ്ഞു നോക്കാതെ ഇടവയിയിലൂടെ വാടകവീട്ടിലേക്കോടി. ചെറ്റക്കുളിമുറിയുടെ അടുത്തെത്തുമ്പോയേക്കും ഞാനാകെ വെയർത്തിരുന്നു. ആൾമറയില്ലാത്ത കെണറില് കണ്ട കാഴ്ച ഒരു ദുഷിച്ച ഓർമയായി എന്റെയുള്ളിൽ നൊരഞ്ഞു തൊടങ്ങി. കഴിഞ്ഞ ദിവസം നട്ടുച്ചയിൽ കളവുപോയ എന്റെ കള്ളിഷർട്ട് തന്നെയാണ് ആ പണി തീരാത്ത കിണറിലെ കാഞ്ഞിരകുറ്റിയിൽ ചോര പൊരണ്ട് തൂങ്ങിക്കെടക്കുന്നതെന്ന സത്യം എനക്ക് വിശ്വസിക്കാനാവുന്നില്ല. ഞാനകത്ത് കയറി മെയ്കുതിരി തെളിയിച്ച് വാതിലും ജനലുകളും കൊട്ടിയsച്ച് ചൂടിക്കട്ടിലിൽ മലർന്ന് കിടന്ന് വെയർത്തു. എന്തിനെന്നെ ചതിച്ചത്... ആരാണിതിനു പിന്നിൽ... അടുത്ത നിമിഷമെന്തും സംഭവിക്കാൻ സാധ്യതയുണ്ട്...
പോലീസ് നായ മണം പിടിച്ച് ചെറ്റക്കുളിമുറിയിലും എന്റെ അടഞ്ഞ മുറിക്ക് പൊറത്തുമായി കൊരച്ചോടുന്ന ചിത്രം ഒരു ആയിരം തവണ തലയ്ക്കുള്ളിലൂടെ തൊളച്ചു പായുന്നു. ഒറ്റക്കട്ട ചാർജ് മാത്രമുള്ള മൊബൈലിൽ നമ്പ്യാറുടെ നമ്പർ അമർത്തി. ആ രാത്രി സ്വിച്ച് ഓഫായിരുന്നു.
ഓരോ ജീവിതകഥയും തീരുകയെങ്ങിനെയെന്നാർക്കറിയാം എന്ന് വിചാരിച്ചുകൊണ്ടിരിക്കെ എന്റെ തലയ്ക്കുള്ളിലേക്ക് ഇരുതല മൂർച്ചയുള്ള ഒരു ഓർമയുടെ തുണ്ട് പിടഞ്ഞു. തലേ ദിവസം മോന്തിക്ക് ഏതോ ഒരു നേരത്ത് ഒറക്ക് ഞെട്ടി. പിന്നെ തിരിഞ്ഞും മറിഞ്ഞും കെടക്വന്നല്ലാതെ ഒരു തരിപോലും ഒറക്കം ബന്നില്ല. ബാക്കിയുള്ള കൽക്കണ്ടം മുയ്മനും എത്രയുണ്ടെന്നൊന്നും ഞാൻ നോക്കീല. കൈവെള്ളയിലേക്ക് മുട്ടി തൊള്ളയിലേക്കങ്ങ് കമത്തി. മുണ്ടയിച്ച് തലയോടെ പൊതച്ചങ്ങു ചുരുണ്ടു. ജനലും വാതിലും അമർത്തി അടച്ചതെങ്കിലും പാതിരാക്ക് കേറിവന്ന തണുപ്പ് പോയില്ല.. ഇത്തിരി ഉറങ്ങിപ്പോയിക്കുണ്ടാവണം.. കെണറ്റിൻകരേന്ന് വെള്ളം ബലിച്ച് കേറ്റ്ന്ന കപ്പിക്കരച്ചില്‍ കേട്ടപ്പോ ഞാൻ പിന്നേം ഒണന്നു.
മൊബൈലെടുത്തു സമയം നോക്കുമ്പോ അഞ്ചര കയിഞ്ഞു. ജനല്‍ ഞാൻ പതുക്കെ തൊറന്ന് പൊറത്തേക്ക് നോക്കുമ്പോ നേരം പൊലെരാനായെങ്കിലും വെളിച്ചം ഒരു തരിമ്പ് വീണിക്കില്ല. എലകൾക്കെടയിലൂടെ പയേ അടുക്കളച്ചൊമരില് മഞ്ഞള്‍ പെരങ്ങ്യപോലെ ചന്ദ്രന്റെ ഒര് ചീന്ത് കാണ്ന്ന്ണ്ട്.
കാപ്പിപ്പൂവിന്റെ മണം പൊരട്ടിയ കാറ്റ് വന്ന് പൊത്തിപ്പിടിച്ചപ്പൊ ചേരിക്കുച്ച് പോലെള്ള എന്റെ താടിവരെ കുത്തനെ നിന്ന്. അജ്ജാതി തണുപ്പ്. നേരത്തേ കയിച്ച കൽക്കണ്ടി ഉള്ളില്ന്ന് തെളച്ച് നൊരച്ച് തൊടങ്ങിന്ന് തോന്നുന്നു, തലേന്റുള്ളില് മത്താപ്പു കത്തിയപോലെ വെളിച്ചം. പൊറത്തു ബക്കറ്റിന്റെയും വെള്ളത്തിന്റെയും ഒച്ച കേട്ടപ്പോ ഞാനൊന്ന് നോക്കി. ചെറ്റക്കുളിമുറീന്ന് ആരോ കുളിക്കുന്നുണ്ട്. ഞാൻ വാതില്‍ ചാരി പതുക്കെ മുറ്റത്തേക്കെറങ്ങി. ചന്ദ്രികാ സോപ്പിന്റെ മണം പറന്നുവന്ന് എന്നെ പൊക്കിയെടുത്ത് ഒരു കുഞ്ഞി പുഴൂനെ പോലെ ചെറ്റക്കു പിന്നിൽ കൊണ്ടുപോയി നിർത്തി.
ചെറ്റച്ചുമരിന്റെ ഓലക്കണ്ണി ഒരു കണ്ണിന്റെ വലുപ്പത്തിൽ വിരലിട്ട് തൊളച്ചു. പെട്ടന്ന് ഒരു തീച്ചൂട് എന്റെ അടിവയറ്റീന്ന് പൊന്തി. ഞാനേ കണ്ടുള്ളൂ എന്ന സിനിമാ ഡയലോകാണ് ഓർമ വന്നത്. എന്റെ ഓരോ രോമക്കുയ്യിൽനിന്ന് കോയിക്കുട്ട്യോള് വിരിയുമ്പോലെ ഒരു സുകം. എനക്ക് ചുറ്റിലും ഒരു നീലവെളിച്ചം. എന്റെ നാഭിക്കുള്ളിൽനിന്നെന്നപോലെ ഒറ്റ കൂക്കി. അത് മുഴുവനാവുന്നതിനു മുമ്പ് ചെറ്റ വാതിൽ കീറി തുറന്ന് മൂക്കും വായും അടക്കി ഒറ്റ പിടുത്തം. നെലവിളിയുടെ പകുതി ഓളുട തൊണ്ടകുയ്യിലൂടെ തളർന്ന് തായേക്ക് ഏയുന്നത് ഞാനെന്റെ കൈത്തണ്ടയിലറിഞ്ഞു.
ഓളുടെ നനഞ്ഞ ഒടലിലെ സോപ്പിന്റെ മണത്തിനൊപ്പം ഞാൻ നൊരച്ചു പതഞ്ഞു. എന്റെ കൈപ്പിടുത്തത്തിൽനിന്ന് അമറുകയും കുതറുകയും ചെയ്യുന്നതിനിടയില്‍ കൈയൊന്നു അയഞ്ഞ തക്കം നോക്കി എന്റെ നടുവെരലിനൊരു മരണക്കടി. നിരീക്കാണ്ട് കിട്ടിയ വേദനയാല്‍ ഞാനൊന്നു പൊളഞ്ഞു.
‘‘ചന്തി കൗവുന്ന കൈയ്യിഞ്ഞ് കടിച്ചു മുറിച്ചല്ലോ അസത്തെ’’ എന്നും പറഞ്ഞ് ഓളെ പെരെടിക്ക് ഒറ്റൊന്നങ്ങ് കൊടുത്ത്. പിന്നേം തെളപ്പ് എന്റെടുത്ത് കളിച്ചപ്പോ ചവുട്ടി ഞാൻ മണ്ണിലിട്ടു. പണ്ടൊരു പെരുന്നാളിന്റെ തലേ ദിവസം എരണം കെട്ട പോത്തിനെ അറക്കാൻ എന്റെ മുബീനാന്റെ ഉപ്പാനെ സഹായിച്ചീനും. അന്നും ഇതുപോലെ അത് വല്ലാണ്ട് കളിപ്പിച്ചതാ.’’ സോപ്പിന്റെ വൗക്കല് കൊണ്ട് എന്റെ കയ്യിന്നു ഊരിപ്പോവുമെന്ന് തോന്നിയപ്പോ ഞാനോളെ കൂട്ടിപ്പിടിച്ച് മുട്ട് കൊണ്ട് തൊടയമർത്തി താഴ്ത്തിക്കെടന്നു. ചളിക്കണ്ടത്തിലെ ചേരയുടെ വായിലകപ്പെട്ട മഞ്ഞ തവളയെപ്പോലെ ഓള് രണ്ട് കയ്യും എന്റെ മീടിന് നേരെ മാന്താനായി ഒയർത്തി.
ഞാനെന്റെ ചീമൻ മുയ്മനും ഓളെ മെലിഞ്ഞ ഒടലില് തീർത്തപ്പോ ഓള് ശെരിക്കും തളന്നു. ഒച്ചം ബീർപ്പും കെട്ടപ്പോ ചോരയൊലിക്കുന്ന ചിറീമ്മല് എനക്കൊന്നൂടി ഉമ്മ വെക്കണ്ന്ന് തോന്നി. കോടമഞ്ഞ് ചെറ്റക്കുളിമുറീന്റെ ചങ്കില് കപംപോലെ കെട്ടിക്കെടക്കുന്നതുകൊണ്ട് നേരം പൊലന്നിട്ടും വെളിച്ചം വന്നില്ല.
തമ്മാമ്മില് കണ്ടാ തിരിയാത്ത തരത്തില്‍ ഇരുട്ട് പിന്നേം കറത്തു. എനക്ക് വല്ലാണ്ട് ചൊമ തൊടങ്ങി. ഞാൻ എണീറ്റ് കാർക്കിച്ച് ചെറ്റച്ചൊമരിലേക്ക് നീട്ടിത്തുപ്പി. ഓളൊന്നു ഞരങ്ങി കുമ്പിട്ട് കെടന്നു. അന്നേരം തുപ്പലിൽനിന്ന് ഓളുടെ ചോര ഒാലക്കണ്ണീന്റെടയിലൂടെ ഒലിച്ചെറങ്ങി. ഓളെ തലേന്റെ പിന്നിലെ മുറിവിൽനിന്ന് ചോര കുടുകുടാ ഒലിക്കുന്നത് കണ്ടിറ്റും ഓളെ ചന്തീം പൊറോം ചോരനെറായിറ്റും എനക്കൊരു പേടിയോ സങ്കടോ തോന്നീല്ല. അന്നേരം ഞാനോർമിച്ചത് ആണ്ടിച്ചൻ പണ്ട് അടിച്ചു പതം വരുത്തി തോല് പൊളിച്ചു കെടത്തിയ ഉടുമ്പിനെയാ.
ഏടുന്നോ ഒരു മുയിങ്ങ് മണം പൊന്തി. എളംകാറ്റിൽ അത് മാഞ്ഞ് ഇപ്പോ നല്ല അസ്സൽ കഞ്ചാവ് മണക്കാൻ തൊടങ്ങി. ഞാൻ ചുറ്റിലും നോക്കി. ചെറ്റച്ചൊമരിന്റെ ഒാലക്കണ്ണി തൊളച്ചൊരു ചോരക്കണ്ണ് എന്നെ നോക്കി ദയകെട്ട് ചിരിച്ചു.
‘‘ഓളെ പണി തീർത്തെങ്കില്‍ വേഗം പൊറത്തിറങ്ങിക്കോ **#*@!’’
പേടിച്ച് എനക്ക് മേലാകെ ഉളുത്തു കയറി. ചോരപെരെണ്ട് കെടക്കുന്ന ഓളുടെ കൗത്തിന് പിന്നില്‍ ഒരീച്ച മൂളി ഒച്ചയുണ്ടാക്കിത്തൊടങ്ങി. അത് എന്റെ ശാസത്തെ കെട്ടിവരിയുമ്പോലെ തോന്നി.
‘‘ഓളെയിഞ്ഞ് ഒറ്റക്ക് കൊന്ന്... അല്ലെ **#*@!’’
അമ്മ പണ്ട് കെണിവെച്ചു പിടിച്ച് തോട്ടില്‍ മുക്കിക്കൊല്ലാൻ ഏൽപിച്ച എലിയെ ചോറും പാലും കൊടുത്ത് തൊറന്നു വിട്ട ഞാനെന്ന കുട്ടി എന്റെയുള്ളില്‍ അലമുറയിട്ടു.
ഞാൻ പൊറത്തെറങ്ങി അയാളുടെ കാലിൽ വീണ് കരഞ്ഞു.
‘‘എലിയെ പോയിറ്റ് ഒരീച്ചെയവരെ കൊല്ലാൻ എനക്ക് പറ്റൂല.’’ അയാളെന്നെ പിടിച്ച് എഴുന്നേൽപ്പിച്ചു. ‘‘സാരമില്ല. ഞാനിതാരോടും പറയില്ല.’’ അയാളൊരു ബീഡി കത്തിച്ച് എനക്ക് നീട്ടി. ഞാനത് ആർത്തിയോടെ വലിച്ചു തൊടങ്ങി. ‘‘ഒരുകണക്കിന് നിങ്ങളത് ചെയ്തത് നന്നായി. ഇല്ലെങ്കിൽ ഇന്നല്ലെങ്കിൽ നാളെ ഞാനത് ചെയ്യേണ്ടിവരും.’’ തളർന്നു തൊടങ്ങിയ എന്റെ കണ്ണിന് പിന്നേം ജീവൻവെച്ചതുപോലെ തോന്നി. അയാളുടെ പൊകയുന്ന ചിറീമ്മന്ന് ബാക്കി വരുന്നതും കാത്ത് ഞാൻ വായും പൊളിച്ചുനിന്നു. ‘‘കഥയൊക്കെ പിന്നെയാവാം. ഈ ശവം പെട്ടന്ന് മാറ്റിയില്ലെങ്കിൽ രണ്ടാളും അകത്താവും.’’
മഴക്കാറുള്ളതുകൊണ്ടാ കോട. കോട നീങ്ങാഞ്ഞതുകൊണ്ടാ നേരം വെളുക്കാഞ്ഞത്. തൽക്കാലം അപ്പുറത്ത് പണിതീരാത്ത ഒരു കിണറുള്ളതുകൊണ്ട് നിങ്ങള്‍ രക്ഷപ്പെട്ടു.’’ ബീഡി ഒന്നൂടി ഞാനാഞ്ഞു വലിച്ചു. പാതി ബോധം മാത്രമുള്ള ഞാനും അയാളും ശവം താങ്ങിയെടുത്ത് പണിതീരാത്ത കെണറിനടുത്തേക്ക് നടന്നു.
ആൾമറയില്ലാത്ത കെണറിന്റെ വെളുമ്പില്‍ ഞാള് ഓളെ വെച്ചു. പതുക്കെ ഒരു തള്ള്. കുറച്ചു ചരലും മണ്ണും വെള്ളത്തിലേക്ക് വീണു. വലിയ ഒച്ചയൊന്നുമുണ്ടായില്ല. മറ്റാരും കാണാതെ വലിയൊരു പണി ചെയ്ത് തീർത്തുവെന്ന ആശ്വാസത്തിൽ ഞാനയാളെ ഒന്ന് നോക്കി. അയാളെന്നെയും.
പെട്ടെന്ന് അയാളെന്റെ കുപ്പായത്തിലെ ചളിയും ചോരയും കാണിച്ചുതന്നു. അയാളത് വലിച്ചുകീറി കിണറ്റിലേക്ക് ചുരുട്ടി എറിഞ്ഞു. ‘‘ഇനി ഒന്നും പേടിക്കാനില്ല.’’ പതുക്കെ കാറ് നീക്കി പൊറത്തുവരുന്ന സൂര്യനെ നോക്കി അയാളത് പറഞ്ഞപ്പോ എനക്കൊരു സമാധാനം തോന്നിയില്ല. ആരും കണ്ടില്ലെന്ന് അയാൾ പറയുന്നുണ്ടെങ്കിലും ആരൊക്കെയോ കാണുന്നുണ്ടെന്നു എന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.
കെണറിലേക്ക് ചാടിയ തവള, എടവയിയിലേക്ക് ചാടിപ്പോയ കുറുക്കൻ, ഒച്ചയുണ്ടാക്കിയ കാക്കകള്‍, മരക്കൊമ്പിലെ മൈനയും അണ്ണാനും, കൊള്ളിന്റെ പള്ളയിലെ മാളത്തിൽനിന്നും ചേരചീവീട്, ഒച്ച്, ചേരട്ട, പിന്നെ മ്മളെ കണ്ണുകൊണ്ട് കാണാൻ കയ്യാത്ത ഒരുപാട് ചെറുജീവികളും... കണ്ണ് തൊറന്നു പിടിച്ച് എല്ലാരും എന്നെ കണ്ടിറ്റുണ്ടാവും... എനക്കു മാത്രം ആ സമയത്ത് എന്നെ കാണാനായില്ല...
എന്നെയും കൂട്ടി അയാള്‍ പണിതീരാത്ത വീട്ടിന്റെ അകത്തു കയറി. വാർപ്പ് പണിക്കാർ നെറച്ചുെവച്ച പ്ലാസ്റ്റിക് ഡ്രമ്മിലെ വെള്ളത്തിൽ കുളിക്കാൻ പറഞ്ഞു. അകത്തു ബംഗാളി പണിക്കാർ അയിച്ചിട്ട ലുങ്കിയിൽ തലതോർത്തി. മറ്റൊരു മുണ്ട് ഉടുത്ത് ഞാള് വാടകവീട്ടിലേക്ക് തിരിച്ചുവന്നു. വരുന്ന വയിക്ക് ചെറ്റ കുളിമുറിക്ക് താഴെ വീണ് കെടക്കുന്ന ചോന്ന പുള്ളികളുള്ള ചുരീദാറ് അയലിൽ അയാള്‍ നിവർത്തിയിട്ടു.
അയിനെടയിൽ അയാളെന്നെയൊന്നു ചെരിഞ്ഞു നോക്കി.
‘‘ഇങ്ങള് കൊന്നത്... എന്റെ ഭാര്യയെയാ.’’
ഇരുന്ന കല്ലിന്റെ മോളിൽനിന്ന് ഞാനെണീറ്റു.
‘‘പേടിക്കണ്ട അവിടെയിരിക്ക്.’’
ഞാനനുസരിച്ചു. ഞാനെവിടെയാണെന്നോ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നോ എനക്കോർമയില്ല. കെട്ടിക്കെടക്കുന്ന വെള്ളത്തിലെ ഒരു പൊങ്ങുതടിപോലെ വായുവിൽ ഞാൻ നീങ്ങിക്കൊണ്ടിരുന്നു. ‘‘നിങ്ങളത് ഒറ്റദിവസംകൊണ്ട് തീർത്തത് നന്നായി. ഞാനത് മാസങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.’’
എനക്കൊന്നും മനസ്സിലാവുന്നില്ല.
‘‘ഓളിങ്ങളോട് എന്ത് തെറ്റാണ് ചെയ്തത്..?’’
ഞാനൊന്നു മാന്യനായതുപോലെ തോന്നി. അയാളുടെ കലങ്ങിയ കണ്ണു നെറഞ്ഞു.
‘‘അവളെ തെറ്റ് പറയാൻ പറ്റില്ല. ഒരിക്കൽ സ്നേഹിച്ച പുരുഷനെ ഒരു പെണ്ണിനും മറക്കാൻ കഴിയില്ല... അവൾക്ക് മറക്കാം കഴിയാത്തതിനാൽ എനിക്ക് മാപ്പ് കൊടുക്കാനും പറ്റിയില്ല. എനിക്കവളെ അത്രയ്ക്ക് ഇഷ്ടമായിരുന്നു. അതുകൊണ്ട് ഞാൻ ഡെയിലി ലഹരി ഉപയോഗിച്ച് തുടങ്ങി. അതിവിടെ സുലഭമായി ലഭിക്കുന്നുണ്ടല്ലോ.’’
എന്ന് പറഞ്ഞ് വിതുമ്പിക്കൊണ്ട് അയാൾ നെലത്തിരുന്നു. മൂർച്ചയുള്ള ഒരു ചെങ്കൽ ചീളെടുത്ത് കൈത്തണ്ടയിൽ എന്തോ എഴുതി. ചോരപൊടിഞ്ഞു തെളിഞ്ഞുവരുന്ന അയാളുടെ കൈത്തണ്ടയിലെ പേര് നോക്കി എന്റെ ചിറി വെറച്ചു. അയാൾ ആർത്തിയോടെ ഒരു പുക ഉള്ളിലേക്കെടുത്തു. എന്റെ ചങ്കിൽ ആ മൂന്നക്ഷരം മുള്ളുപോലെ തറച്ചുനിന്നു.
മു ബീ ന...
ആകാശത്തേക്ക് അയാളൂതി വിട്ട പൊക മുഴുവൻ എന്റെ നട്ടെല്ലിന്റെ ഉള്ളിൽനിന്ന് വലിച്ചെടുത്ത ശ്വാ സംപോലെ വായുവിൽ പിടഞ്ഞു. അത് മുഴുവൻ ലഹരി പുരണ്ട വെഷമായിരുന്നു.
ബാക്കി കഥ ഇനിയുമുണ്ട് ഒരുപാട് പറയാൻ. കൊറേ കാലായി ഞാനീ കഥ പറയാൻ തൊടങ്ങീറ്റ്. പൊലീസാറ് ഓർക്ക് വേണ്ടത് മാത്രം പിന്നേം പിന്നേം പറയിപ്പിച്ചു... കോടതി കൊറച്ച് മാത്രം കേട്ട്... ഇപ്പോ ഇങ്ങള് മാത്രാണ് ക്ഷമയോടെ മുഴുവൻ കേട്ടിരുന്നത്. എന്നെ പോലെ ജീവപര്യന്തം ശിക്ഷക്ക് വിധിച്ച ഇവിടെതന്നെയുള്ള എത്ര മനുഷ്യൻമാരുടെ കഥകൾ ഇങ്ങള് കേട്ടിട്ടുണ്ടാവും. എനി ഒറ്റ പ്രാർഥനയെ ഉള്ളൂ സാർ. എന്നെ പോലെ മയക്കുമരുന്നടിച്ച് ആരും മനുഷ്യരല്ലാതായി പോവാതിരിക്കട്ടെ.
(ചിത്രീകരണം: സജീവ് കീഴരിയൂർ)