Begin typing your search above and press return to search.
proflie-avatar
Login

മ​റ​ഡോ​ണ

മ​റ​ഡോ​ണ
cancel

ക​രു​വ​ന്നൂ​ര്‍ പു​ഴ​യി​ലൂ​ടെ മീ​നു​ക​ള്‍ പു​ള​ഞ്ഞു​പാ​ഞ്ഞു. പു​ഴ​യു​ടെ ക​ര​ക്ക് ഒ​രു അ​പ്പ​നും മോ​ളും ഏ​കാ​ന്ത​രാ​വി​ന്‍റെ ആ​ത്മാ​വി​ലേ​ക്ക് ഉ​റ്റു​നോ​ക്കി​യി​രു​ന്നു. ക​റു​ത്തി​രു​ണ്ട് ക​ട്ട​പി​ടി​ച്ചൊ​രു മൈ​താ​ന​മാ​യി പ​ര​ന്നു​കി​ട​ന്ന ആ​കാ​ശ​സീ​മ​യി​ലേ​ക്കു നോ​ക്കി അ​ന്തി​ച്ച് മ​ക​ള്‍ അ​പ്പ​നോ​ട് ചോ​ദി​ച്ചു: “അ​പ്പാ എ​ന്താ​ണ​പ്പാ മ്മ്ളി​ങ്ങ​നെ​യീ ഫു​ട്ബോ​ളി​ല് കു​രു​ങ്ങി​പ്പോ​യ​ത്?” മ​രു​ന്നു ക​ഴി​ച്ച​തി​ന്‍റെ ക്ഷീ​ണ​ത്തി​ല്‍, അ​വ​ളു​ടെ മ​ടി​യി​ലൊ​രു പ​ന്താ​യി ചു​രു​ണ്ടു​കൂ​ടി മ​യ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു അ​പ്പ​ന്‍. ചോ​ദ്യം കേ​ട്ട​പാ​തി...

Your Subscription Supports Independent Journalism

View Plans

ക​രു​വ​ന്നൂ​ര്‍ പു​ഴ​യി​ലൂ​ടെ മീ​നു​ക​ള്‍ പു​ള​ഞ്ഞു​പാ​ഞ്ഞു. പു​ഴ​യു​ടെ ക​ര​ക്ക് ഒ​രു അ​പ്പ​നും മോ​ളും ഏ​കാ​ന്ത​രാ​വി​ന്‍റെ ആ​ത്മാ​വി​ലേ​ക്ക് ഉ​റ്റു​നോ​ക്കി​യി​രു​ന്നു. ക​റു​ത്തി​രു​ണ്ട് ക​ട്ട​പി​ടി​ച്ചൊ​രു മൈ​താ​ന​മാ​യി പ​ര​ന്നു​കി​ട​ന്ന ആ​കാ​ശ​സീ​മ​യി​ലേ​ക്കു നോ​ക്കി അ​ന്തി​ച്ച് മ​ക​ള്‍ അ​പ്പ​നോ​ട് ചോ​ദി​ച്ചു: “അ​പ്പാ എ​ന്താ​ണ​പ്പാ മ്മ്ളി​ങ്ങ​നെ​യീ ഫു​ട്ബോ​ളി​ല് കു​രു​ങ്ങി​പ്പോ​യ​ത്?”

മ​രു​ന്നു ക​ഴി​ച്ച​തി​ന്‍റെ ക്ഷീ​ണ​ത്തി​ല്‍, അ​വ​ളു​ടെ മ​ടി​യി​ലൊ​രു പ​ന്താ​യി ചു​രു​ണ്ടു​കൂ​ടി മ​യ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു അ​പ്പ​ന്‍. ചോ​ദ്യം കേ​ട്ട​പാ​തി അ​പ്പ​നി​ല്‍ പെ​ട്ടെ​ന്നൊ​രു ഉ​ണ​ർവു​ണ്ടാ​യി. മ​യ​ക്കം വി​ട്ടെ​ഴു​ന്നേ​റ്റ് ഏ​തോ ഭൂ​ത​കാ​ല​ സീ​മ​യി​ലേ​ക്ക് പ​ര​ക്കം​പാ​ഞ്ഞു​ചെ​ന്ന് നെ​ടു​വീ​ര്‍പ്പി​ട്ട് ‘വാ​മോ​സ് അ​ര്‍ജ​ന്‍റീ​ന’ എ​ന്നു വി​ളി​ക്കു​ന്ന അ​തേ ആ​വേ​ശ​ത്തോ​ടെ, മ​രി​ച്ച ഓ​ർമ​ക​ളെ വീ​ണ്ടെ​ടു​ത്ത് അ​പ്പ​ന്‍ പ​റ​ഞ്ഞു: “പ​ട്ടി​ണി​പ്പാ​വ​ങ്ങ​ടെ മോ​ഹ​ച്ചെ​ങ്കൊ​ടി​യാ​ടീ ഫു​ട്ബോ​ള്‍. ഒ​രാ​ശ്വാ​സ​ത്തി​ന​തെ​ങ്കി​ലും വേ​ണ്ടേ?”

അ​പ്പ​നെ നാ​ട്ടു​കാ​ര്‍ ക​രി ബാ​ല​ന്‍ എ​ന്നുവി​ളി​ച്ചു; അ​പ്പ​ന്‍ മോ​ളെ ഷൈ​ല​ജേ എ​ന്നും. അ​വ​ര്‍ ക​രു​വ​ന്നൂ​ര്‍ പു​ഴ​യു​ടെ ഓ​ര​ത്തൊ​രു ഓ​ലമേ​ഞ്ഞ വീ​ട്ടി​ല്‍ പാ​ര്‍ത്തു. അ​പ്പ​ന്‍റെ മ​ന​സ്സാ​കെ ആ​യ​കാ​ല​ത്ത് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​ മൈ​താ​ന​ത്ത​പ്പ​ടി നി​റ​ഞ്ഞാ​ടി​യ പ​ന്തു​ക​ളി​യു​ടെ ല​ഹ​രി നി​റ​ഞ്ഞു​നി​ന്നു. ക​ണി​മം​ഗ​ലം ഹീ​റോ​സും വാ​സ്കോ ചേ​ര്‍പ്പും ത​മ്മി​ലാ​യി​രു​ന്നു മ​ത്സ​രം. ക​രു​വ​ന്നൂ​ര്‍ക്കാ​ര​നാ​ണെ​ങ്കി​ലും വാ​സ്കോക്കു വേ​ണ്ടി​യാ​ണ് ക​രി ബാ​ല​ന്‍ ക​ളി​ക്കാ​നി​റ​ങ്ങി​യ​ത്. ച​ന്ത​ക്ക​ടു​ത്തു​ള്ള ആ​ന്‍റ​ണി​യും പൂ​ച്ചി​ന്നി​പ്പാ​ട​ത്തെ ശ്രീ​നി​യു​മാ​യു​ള്ള അ​ടു​പ്പം. അ​താ​ണ് ച​ന്ത​യി​ല്‍ ചു​മ​ടെ​ടു​ക്കു​ന്ന ക​രി​യെ വാ​സ്കോ ടീ​മി​ലെ​ത്തി​ച്ച​ത്.

എ​ന്നാ​ല​ത് എ​ല്ലാ​ര്‍ക്കു​മൊ​ന്നും അ​ത്ര പി​ടി​ച്ചി​ല്ല. പെ​രു​മ്പി​ള്ളി​ശ്ശേ​രി​യി​ല്‍നി​ന്നു​ള്ള ശ​ർമ വാ​സ്കോ​ക്ക് വേ​ണ്ടി​യാ​ണ് ക​ളി​ക്കു​ന്ന​തെ​ങ്കി​ലും ക​രി​യു​മാ​യി ഒ​രി​ക്ക​ലും ഒ​ത്തു​പോ​യി​ല്ല. അ​വ​ര്‍ ത​മ്മി​ല്‍ ക​റു​പ്പും വെ​ളു​പ്പും ത​മ്മി​ല്‍ ചേ​രാ​ത്ത പോ​ലൊ​ര​ക​ലം വി​ഷ​സ​ര്‍പ്പ​മാ​യി വ​ള​ഞ്ഞു​പു​ള​ഞ്ഞു കി​ട​ന്നു.

മി​ഡ്ഫീ​ല്‍ഡി​ല്‍നി​ന്നും ശ്രീ​നി ചി​പ്പ് ചെ​യ്ത് അ​ടി​ച്ചി​ട്ടു കൊ​ടു​ത്ത പ​ന്ത് ക​രി​യു​ടെ ഇ​ട​നെ​ഞ്ചി​ലൂ​ടൊ​രു പ്ര​ണ​യ​ബാ​ണ​മാ​യി ത​ഞ്ച​ത്തി​ല്‍ ത​ട്ടി​ത്ത​ട്ടി ഉ​യ​രു​മ്പോ​ള്‍ പെ​നാ​ല്‍റ്റി ബോ​ക്സി​നു​ള്ളി​ലൊ​രു മാ​ന്ത്രി​ക സ്പ​ര്‍ശ​ത്തി​നാ​യൊ​രു​ങ്ങി ശ​ർമ കാ​ത്തു​നി​ല്‍പ്പു​ണ്ടാ​യി​രു​ന്നു. ഒ​ന്നു പാ​സ് ചെ​യ്തു​കൊ​ടു​ത്താ​ല്‍ മ​തി. ങേ​ഹേ, ക​രി​യ​തു ചെ​യ്തി​ല്ല.

ക​രി​ക്ക് മ​റ​ഡോ​ണ​യു​ട​ത്ര പൊ​ക്ക​മേ​യു​ള്ളൂ. വാ​യു​വി​ലൊ​ന്ന് ഉ​യ​ര്‍ന്നുചാ​ടി, ഉ​പ്പും​ചാ​ക്കു പോ​ല​ത്തെ നെ​ഞ്ചി​ല്‍ പ​ന്തെ​ടു​ത്ത്, തി​രി​ഞ്ഞു​ചാ​ടി സി​സ​ര്‍ക​ട്ട് അ​ടി​ക്കാ​നാ​യി​രു​ന്നു ഉ​ദ്ദേ​ശ്യം. ക​രി​യു​ടെ വ​ലം ക​ക്ഷ​ത്തി​നി​ട​യി​ലൂ​ട​പ്പോ​ള്‍ എ​തി​ര്‍ ടീ​മി​ലെ ലാ​സ​റി​ന്‍റെ കാ​ല്‍ ചാ​ട്ടു​ളിപോ​ലെ നീ​ണ്ടു​വ​ന്നു. അ​തു മ​ണ​ത്ത​റി​ഞ്ഞോ എ​ന്തോ ക​രി​യൊ​ന്ന് വാ​യു​വി​ല്‍ പു​ള​ഞ്ഞു. പ​ന്ത് ര​ണ്ടു​പേ​രു​ടെ​യും ദേ​ഹ​ത്ത് ത​ട്ടി പെ​നാ​ല്‍റ്റി ബോ​ക്സി​നു​ള്ളി​ലേ​ക്കു വീ​ണു​യ​ര്‍ന്നു പൊ​ന്തി.

ഗോ​ളി​യാ​യി​രു​ന്ന വെ​ട്ടി​രു​മ്പ് ബ​ഷീ​ര്‍ പാ​ഞ്ഞുവ​രു​മ്പോ​ഴേ​ക്കും, ലാ​സ​റി​നെ​യും വെ​ട്ടി​ച്ച് വാ​യു​വി​ലൊ​രു കാ​ട്ടു​പൂ​ച്ച​യാ​യി ക​രി കു​തി​ച്ചു​യ​ര്‍ന്നു. പൊ​ക്ക​ക്കു​റ​വ് ക​വ​ച്ചുവെ​ക്കാ​നാ​യി കൈയൊന്ന് ദൈ​വ​ത്തി​ലേ​ക്കെ​ന്നോ​ണം ഉ​യ​ര്‍ത്തി​യ​തും, പ​ന്ത് അ​തി​ലൊ​ന്ന് റ​ഫ​റി കാ​ണാ​തെ മു​ത്ത​മി​ട്ട്, ഗോ​ളി​യു​ടെ ത​ല​ക്കു മീ​തെ​ക്കൂ​ടി ഗോ​ള്‍വ​ര ക​ട​ന്ന് വ​ല​യി​ലൊ​രാ​രവ​മാ​യി ആ​ര്‍ത്ത​ല​ച്ചുവീ​ണു.

പ​ള്ളിമൈ​താ​ന​ത്ത് മ​റ​ഡോ​ണ ഇ​റ​ങ്ങി​യ​തുപോ​ലെ​യെ​ന്നാ​ണ് അ​ന്നാ ക​ളി ക​ണ്ട ചേ​ര്‍പ്പു​കാ​രൊ​ക്കെ പ​റ​യു​ക. അ​തി​നു ശേ​ഷ​മാ​ണ് ക​രി​ക്ക​ട്ട​ക്ക​രി പോ​ലെ ക​റു​ക​റു​ത്ത ക​രി ബാ​ല​ന് മ​റ​ഡോ​ണ എ​ന്ന പേ​രു വീ​ണ​ത്. ദൈ​വ​ത്തി​ന്‍റെ കൈയൊ​രു ഗോ​ളാ​യി അ​വ​ത​രി​ച്ച പ​ള്ളിമൈ​താ​ന​ത്തെ ആ​കാ​ശ​ത്ത​ന്ന് അ​തു​വ​രെ​യും കാ​ണാ​ത്ത​ത്ര ന​ക്ഷ​ത്ര​ങ്ങ​ള്‍ തേ​ജ​സ്സോ​ടെ മി​ന്നി​ക്ക​ത്തി.

അ​മ്പു പെ​രു​ന്നാ​ളി​നു മു​ന്ന​ത്തെ ആ ​ടൂ​ര്‍ണ​മെ​ന്‍റോ​ടെ മ​റ​ഡോ​ണ​ച്ചു​ണ​യോ​ടെ ക​രി ബാ​ല​ന്‍ ക​ളി​ക്കു​ന്ന വാ​സ്കോ ചേ​ര്‍പ്പ് ജി​ല്ല​യി​ലാ​കെ കൊ​ടു​ങ്കാ​റ്റ് വി​ത​ക്കുന്ന ക്ല​ബാ​യി മാ​റി. നെ​ഞ്ചൂ​ക്കി​ന്‍റെ ക​രു​ത്തും കു​രു​ത്തം​കെ​ട്ട അ​ട​വു​ത​ന്ത്ര​ങ്ങ​ളു​മാ​യി ക​രി ബാ​ല​ന്‍ മു​ന്നി​ല്‍ അ​ണി​നി​ര​ന്ന​തോ​ടെ ആ​ന്‍റ​ണി​യും ശ്രീ​നി​യും ശ​ർമ​യും കു​ണ്ടാ​ട്ടി​യി​ലെ ലാ​ലു​മു​ള്ള വാ​സ്കോ​യെ ആ​ര്‍ക്കും പി​ടി​ച്ചു​കെ​ട്ടാ​ന്‍ പ​റ്റാ​താ​യി. ജി​ല്ല​യി​ല്‍ ന​യ​ന്‍സ് ക​ളി​ക്ക​ണ മി​ക​ച്ച ടീ​മാ​യി വാ​സ്കോ.

ക​ണി​മം​ഗ​ല​ത്ത് ന​ട​ന്ന ടൂ​ര്‍ണ​മെ​ന്‍റി​ല്‍ വ​ടൂ​ക്ക​ര​യു​മാ​യു​ള്ള സെ​മി​ ഫൈ​ന​ലി​ന്‍റെ ത​ലേ​ന്ന് വൈ​കീ​ട്ട് ച​ന്ത​യി​ലെ ചു​മ​ട്ടു​ജോ​ലി​യും ക​ഴി​ഞ്ഞ്, കാ​ലും മു​ഖ​വും ക​ക്ഷ​വും വെ​ള്ളംകൊ​ണ്ട് ക​ഴു​കി വൃ​ത്തി​യാ​ക്കി അ​ര്‍പ്പി​ത ബാ​റി​ലൊ​ന്ന് ക​യ​റി​യി​രു​ന്ന് മി​നു​ങ്ങി​യെ​ണീ​റ്റേ​യു​ള്ളൂ ക​രി. ബാ​റി​ന്‍റെ തി​രി​വി​ല്‍ നി​ര്‍ത്തി​യി​ട്ടി​രു​ന്ന ജീ​പ്പൊ​ന്ന​ന​ങ്ങി. അ​തി​ന​ടു​ത്താ​യി ഇ​രു​ട്ടി​ല്‍ ബൈ​ക്കി​ല്‍ വ​ന്നി​റ​ങ്ങി​യ നാ​ലു​പേ​ര്‍ പ​തു​ങ്ങി. ബാ​റി​ല്‍നി​ന്നി​റ​ങ്ങി സ​ഖാ​വ് കൊ​ച്ച​നി​യ​ന്‍ സ്മാ​ര​ക ര​ക്ത​സാ​ക്ഷി​മ​ന്ദി​ര​ത്തി​ന്‍റെ അ​ടു​ത്തു​കൂ​ടെ മി​നു​ങ്ങി​യാ​ടി ന​ട​ന്നു​വ​ന്ന ക​രി​യെ വ​ടി​വാ​ളേ​ന്തി​യ നാ​ല്‍വ​ര്‍ സം​ഘം വ​ള​ഞ്ഞു. പെ​രി​ഞ്ചേ​രി​ക്കാ​ര​ന്‍ ധ​ർമ​ന്‍റെ ക്വ​ട്ടേ​ഷ​ന്‍ ടീം.

​ആ​ദ്യ അ​ടിത​ന്നെ മു​ട്ടു​കാ​ലി​നാ​യി​രു​ന്നു. അ​ര​പ്പൊ​ക്കം ഉ​യ​ര്‍ന്നു​ ചാ​ടി​മ​റി​ഞ്ഞു ര​ക്ഷ​പ്പെ​ടാ​ന്‍ നോ​ക്കി​യെ​ങ്കി​ലും ത​ല​ക്ക​ടി​ച്ച ല​ഹ​രി​യി​ല്‍ അ​ടി​തെ​റ്റി വീ​ണു. മു​ട്ടി​നുത​ന്നെ​യാ​ണ് അ​ടു​ത്ത അ​ടി​യും വെ​ട്ടും വീ​ണ​ത്. ചു​റ്റും കൂ​ടിനി​ന്ന്, മൂ​ര്‍ഖ​ന്‍ പാ​മ്പി​നെ ത​ല്ലി​ക്കൊ​ല്ലുംപോ​ലെ അ​വ​ര്‍ ക​രി​യു​ടെ മു​ട്ടി​നി​ട്ട് വെ​ട്ടി.

രാ​ത്രി​കാ​ല​ത്ത് തൊ​ഴി​ല്‍ ചെ​യ്യാ​നാ​യി റോ​ഡി​ലി​റ​ങ്ങി നി​ന്ന ലൈം​ഗി​ക​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ര​ക്തം വാ​ര്‍ന്നു​കി​ട​ന്ന ക​രി​യെ ഓ​ട്ടോ​റി​ക്ഷ വി​ളി​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ത​ന്‍റെ ക​ഴു​ത്തി​ല്‍ കി​ട​ന്ന സ്വ​ർണ​മാ​ല​യും സൂ​ക്ഷി​ച്ചുവെ​ച്ച സ്വ​ർണ​വും വി​റ്റി​ട്ടാ​ണ് ക​രി​യു​ടെ ചി​കി​ത്സ​ക്കു​ള്ള പ​ണം പാ​റു ക​ണ്ടെ​ത്തി​യ​ത്. അ​വ​ള്‍ക്ക് അ​യാ​ളും അ​യാ​ളി​ലു​ണ്ടാ​യ മോ​ള് ഷൈ​ല​ജ​യും മാ​ത്ര​മേ സ്വ​ന്ത​ക്കാ​രാ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ.

ചു​മ​ടെ​ടു​ക്കു​ന്ന ക​രി​ക്കൊ​പ്പം ഇ​റ​ങ്ങി​ത്തി​രി​ക്കു​മ്പോ​ള്‍ വെ​റു​മൊ​രു പ​തി​നേ​ഴു​കാ​രി പെ​ണ്ണാ​യി​രു​ന്നു പാ​റു. ക​റു​ക​റു​ത്ത് സു​ന്ദ​ര​നാ​യ ക​രി​യി​ല്‍ അ​വ​ള്‍ അ​നു​ര​ക്ത​യാ​യി. ക​രു​വ​ന്നൂ​ര്‍ പു​ഴ​യു​ടെ അ​പ്പു​റ​ത്തും ഇ​പ്പു​റ​ത്തു​മാ​യാ​ണ് അ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന​ത്. പു​ഴ ഒ​രു അ​തി​രാ​യി​രു​ന്നു. അ​തി​ന​പ്പു​റ​വും ഇ​പ്പു​റ​വു​മു​ള്ള​വ​ര്‍ ത​മ്മി​ല്‍ വി​വാ​ഹ​ബ​ന്ധ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ട്ടി​രു​ന്നി​ല്ല. എ​ന്താ കാ​ര്യമെ​ന്ന് ആ​ര്‍ക്കും അ​റി​യി​ല്ലാ​യി​രു​ന്നു. കാ​ലാ​കാ​ല​ങ്ങ​ളാ​യി അ​താ​ണ് ശീ​ലം.

 

വീ​ട്ടു​കാ​ർ എ​തി​ര്‍ത്ത​പ്പോ​ള്‍, ഒ​രു ദി​വ​സം അ​മ്പ​ല​ത്തി​ലേ​ക്കെ​ന്നും പ​റ​ഞ്ഞ് വീ​ട്ടി​ല്‍നി​ന്നി​റ​ങ്ങി അ​യാ​ള്‍ക്കൊ​പ്പം അ​വ​ള്‍ പോ​ന്നു. ഒ​ര​മ്പ​ല​ത്തി​ലും പോ​യി താ​ലി​കെ​ട്ടാ​തെ, ഒ​രു ക​ല്യാ​ണ സ​ര്‍ട്ടി​ഫി​ക്ക​റ്റി​ന്‍റെ​യും പി​ന്‍ബ​ല​മി​ല്ലാ​തെ അ​വ​ര്‍ ഒ​രു​മി​ച്ച് ജീ​വി​ച്ചു. ക​രി കി​ട​പ്പി​ലാ​യ​പ്പോ​ള്‍ ബ​ന്ധു​ക്ക​ളി​ല്‍ ചി​ല​ര്‍ അ​വ​ളെ വ​ന്നൊ​ന്ന് തോ​ണ്ടി നോ​ക്കി: “ഇ​നി​യ​വ​നെ എ​ന്തി​നു കൊ​ള്ളാം? അ​വ​നെ വി​ട്ടു​പോ​ന്നേ​ക്ക്..!” ഉ​പ​ദേ​ശി​ക്കാ​ന്‍ വ​ന്ന​വ​രെ പാ​റു ആ​ട്ടി​വി​ട്ടു. വാ​സ്കോ​ക്കാ​ര് പി​രി​വി​ട്ട് ഇ​രു​പ​ത്ത​യ്യാ​യി​രം രൂ​പ കൊ​ണ്ടു​ക്കൊ​ടു​ത്തു. ആ​ശു​പ​ത്രി​യി​ല്‍നി​ന്നും ഡി​സ്ചാ​ര്‍ജ് ചെ​യ്തശേ​ഷം, വീ​ട്ടി​ലെ കി​ട​ക്ക​യി​ല്‍ കാ​റ്റു​പോ​യൊ​രു തോ​ല്‍പ്പ​ന്താ​യി ക​രി കി​ട​ന്നു. ആ​ന്‍റ​ണി​യും ശ്രീ​നി​യും അ​ടു​ത്തു ചെ​ന്നി​രു​ന്ന​പ്പോ​ള്‍ അ​വ​രു​ടെ കൈ ​പി​ടി​ച്ച് ക​രി ചോ​ദി​ച്ചു: “മ്മ്ല്ന്ന് ​ക​ളി ജെ​യ്ച്ചാ?” ആ​ന്‍റ​ണി​യു​ടെ ക​ണ്ണു​നി​റ​ഞ്ഞു തു​ളു​മ്പി. അ​യാ​ളു​ടെ തോ​ളി​ല്‍ കൈ ​താ​ങ്ങി ശ്രീ​നി നി​ന്നു വി​തു​മ്പി.

ക​രി​യു​ടെ ചി​കി​ത്സ​ക്കാ​യി ക​ടം വാ​ങ്ങി പാ​റു മു​ടി​ഞ്ഞു. വീ​ട്ടു​പ​ണി​യും ക​രി​യു​ടെ ശു​ശ്രൂ​ഷ​യും ഒ​രു​മി​ച്ച് കൊ​ണ്ടു​പോ​കാ​ന്‍ പ​റ്റാ​താ​യി. സ്കൂളി​ല്‍ പോ​കും വ​രെ ഷൈ​ല​ജ അ​പ്പ​നൊ​പ്പ​മി​രു​ന്നു. അ​വ​ള്‍ സ്കൂളി​ല്‍ പോ​യാ​ല്‍പ്പി​ന്നെ അ​യാ​ളെ നോ​ക്കാ​നാ​രു​മി​ല്ല. പ​ണി​ക്ക് പോ​വു​ന്ന​ത് നി​ര്‍ത്തി ക​രി​യെ നോ​ക്കി പാ​റു വീ​ട്ടി​ലി​രു​ന്നു. അ​രി വാ​ങ്ങാ​ന്‍ പ​ണ​മി​ല്ലാ​താ​യ​പ്പോ​ള്‍ ഗ​തി​കെ​ട്ട് സെ​ക്സ് വ​ര്‍ക്കി​നു പോ​യി​ത്തു​ട​ങ്ങി. അ​തോ​ടെ, അ​വ​ള്‍ നാ​ട്ടി​ല്‍ ‘വെ​ടി​പ്പാ​റു’ എ​ന്ന​റി​യ​പ്പെ​ടാ​ന്‍ തു​ട​ങ്ങി. മ​റ​ഡോ​ണ എ​ന്ന് അ​ഭി​മാ​ന​ത്തോ​ടെ ക​രി​യെ വി​ളി​ച്ച​വ​രു​ടെ ചു​ണ്ടി​ല്‍പ്പോ​ലും വെ​ടി​പ്പാ​റു എ​ന്ന പേ​രാ​യി പി​ന്നെ പാ​ട്ട്. നാ​ട്ടി​ലെ ആ​ണു​ങ്ങ​ള്‍ക്ക് വെ​ടി പ​റ​ഞ്ഞു ര​സി​ക്കാ​നൊ​രു വ​ക​യാ​യി.

അ​തി​നെ​ല്ലാം മു​മ്പ്, മ​റ​ഡോ​ണ​യാ​യി ക​രി ക​ത്തി​നി​ന്ന കാ​ല​ത്തൊ​രു ക്രി​സ്മ​സ് രാ​ത്രി​യി​ലാ​ണ് ഷൈ​ല​ജ പി​റ​ന്നു​വീ​ണ​ത്. കാ​ല്‍പ്പ​ന്ത് കി​ലു​ങ്ങു​ന്ന അ​പ്പ​ന്‍റെ നെ​ഞ്ചി​ന്‍കൂ​ടി​ല്‍ കി​ട​ന്നു കെ​ട്ടി​മ​റി​ഞ്ഞാ​ണ​വ​ള്‍ വ​ള​ര്‍ന്നു​വ​ലു​താ​യ​ത്. അ​പ്പ​നൊ​പ്പ​മാ​ണ് അ​വ​ള്‍ ആ​ദ്യ​മാ​യി പ​ന്ത് ത​ട്ടി​ക്ക​ളി​ച്ച​ത്. വെ​ട്ടു​കി​ട്ടി അ​പ്പ​ന്‍ കി​ട​പ്പി​ലാ​യി​ട്ടും അ​വ​ള്‍ പ​ന്തു​ക​ളി വി​ട്ടി​ല്ല. വ​ള്ളി​നി​ക്ക​റു​മി​ട്ട് ആ​മ്പി​ള്ളേ​രോ​ടൊ​പ്പം പ​ന്തു​ക​ളി​ച്ചു ന​ട​ന്ന അ​വ​ളെ പാ​റു ശാ​സി​ച്ചു: “അ​ക​ത്തോ​ട്ട് ക​യ​റി വ​ല്ല നാ​മോം ജ​പി​ച്ചി​രി​ക്കെ​ടീ സ​ന്ധ്യ​ക്ക്... ത​ന്ത​യെ​പ്പോ​ലെ പ​ന്തും ക​ളി​ച്ച് ന​ട​ക്കാ​ണ്ട്...”

ഷൈ​ല​ജ അ​തൊ​ന്നും കൂ​ട്ടാ​ക്കി​യി​ല്ല. അ​പ്പ​നെ​പ്പോ​ലെ അ​വ​ളും പ​ന്തു​ക​ളി​യി​ലേ​ക്ക് മു​ന്നും​പി​ന്നും നോ​ക്കാ​തെ കൂ​പ്പു​കു​ത്തി വീ​ണു. ആ​ണ​ഹ​ന്ത​ക​ളെ കൂ​സാ​തെ മൈ​താ​ന​ങ്ങ​ളി​ല്‍ നി​റ​ഞ്ഞു; ഗോ​ള്‍വ​ല​ക​ള്‍ കു​ലു​ക്കി. കു​ണ്ടാ​ട്ടി​യി​ല്‍ ന​ട​ന്ന ഓ​ള്‍ കേ​ര​ള ഫു​ട്ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റി​നി​ട​യി​ലെ പെ​ണ്ണു​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​ന ഫു​ട്ബോ​ള്‍ മ​ത്സ​ര​ത്തി​ല്‍ മ​റ​ഡോ​ണ​യെ​പ്പോ​ലെ ഡി​ഫ​ന്‍ഡ​ര്‍മാ​രെ​യെ​ല്ലാം വെ​ട്ടി​ച്ച് തു​രു​തു​രാ ഗോ​ള​ടി​ച്ച​തോ​ടെ അ​വ​ള്‍ക്കും മ​റ​ഡോ​ണ​യെ​ന്ന വി​ളി​പ്പേ​ര് വീ​ണു.

“അ​പ്പ​നെ​പ്പോ​ലെ മോ​ളു​മൊ​ര് മ​റ​ഡോ​ണ​ന്നെ!”

നാ​ട്ടാ​ര് ത​ല കു​ലു​ക്കി സ​മ്മ​തി​ച്ചു. നോ​ട്ടു​മാ​ല​ക​ള്‍ കൊ​ണ്ടു​മൂ​ടി അ​വ​ര​വ​ളെ വീ​ര്‍പ്പു​മു​ട്ടി​ച്ചു. നാ​ട്ടി​ലി​ത്തി​രി സ​ല്‍പ്പേ​രും ഗ​മ​യു​മൊ​ക്കെ അ​വ​ള്‍ക്ക് വ​ന്നു​ചേ​ര്‍ന്നു. എ​ന്നി​ട്ടും പ​ഠി​ക്കു​ന്ന സ്കൂളി​ലെ ടീ​ച്ച​ര്‍മാ​ര്‍ക്ക് അ​വ​ളെ​യ​ങ്ങ​ട് അ​ത്ര​ക്ക് പി​ടി​ച്ചി​ല്ല. എ​ത്ര ന​ന്നാ​യി പ​ഠി​ച്ചി​ട്ടും അ​വ​ര​വ​ളെ ക്ലാ​സിലെ​ഴു​ന്നേ​ല്‍പ്പി​ച്ച് നി​ര്‍ത്തി, കു​ടും​ബ​ത്തി​ന്‍റെ അ​വ​സ്ഥ പ​റ​ഞ്ഞ് കു​ത്തി​നോ​വി​ച്ചു​കൊ​ണ്ടി​രു​ന്നു. അ​തി​ന്‍റെ വാ​ശി​ക്കെ​ന്നോ​ണം കു​ത്തി​യി​രു​ന്ന് ന​ന്നാ​യി പ​ഠി​ച്ചാ​ണ് അ​വ​ള്‍ എ​ല്ലാ ക്ലാ​സിലും ഒ​ന്നാ​മ​താ​യ​ത്.

ഒ​മ്പ​തി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ 600ല്‍ 575 ​മാ​ര്‍ക്കാ​ണ് അ​വ​ള്‍ക്ക് കി​ട്ടി​യ​ത്. ക്ലാ​സില്‍ ഒ​ന്നാം സ്ഥാ​നം. എ​ന്നാ​ല്‍, സ​മ്മാ​നം കൊ​ടു​ക്കു​ന്ന ദി​വ​സം, ഷൈ​ല​ജ​യു​ടെ പേ​ര് വി​ളി​ച്ച​പ്പോ​ള്‍ അ​വ​ളെ മാ​ത്രം ക​ണ്ടി​ല്ല. ഒ​പ്പം പ​ഠി​ച്ചി​രു​ന്ന ബോ​ണ്ട ഷാ​ജി​യാ​ണ്, പാ​ട​ത്ത് ഫു​ട്ബോ​ള്‍ ക​ളി​ച്ചു​നി​ന്ന അ​വ​ളെ സൈ​ക്കി​ളി​ലി​രു​ത്തി സ​മ്മാ​ന​വേ​ദി​യി​ലെ​ത്തി​ച്ച​ത്.

ഒ​രു മ​ഷി​പ്പേ​ന​യും സ്വാ​മി വി​വേ​കാ​ന​ന്ദ​നെ കു​റി​ച്ചൊ​രു പു​സ്ത​ക​വു​മാ​യി​രു​ന്നു സ​മ്മാ​നം. ചു​മ​ലി​ല്‍ ത​ട്ടി അ​ഭി​ന​ന്ദി​ച്ച​പ്പോ​ള്‍ സ്ഥ​ലം എം.​എ​ല്‍.​എ രാ​ഘ​വ​ന്‍ മാ​സ്റ്റ​ര്‍ അ​വ​ളോ​ട് പ​റ​ഞ്ഞു: “പ​ഠി​ച്ച് മി​ടു​ക്കി​യാ​വ​ണം. ന​മു​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ ക​ണ​ക്ക് പ​റ​ഞ്ഞു വാ​ങ്ങ​ണം. എ​ന്തേ സ​മ്മാ​നം വാ​ങ്ങാ​നെ​ത്താ​ഞ്ഞേ?” അ​വ​ളൊ​ന്നും പ​റ​യാ​തെ ഫി​ലോ​മി​ന ടീ​ച്ച​റു​ടെ മു​ഖ​ത്തേ​ക്കൊ​ന്ന് നോ​ക്കി. കു​ശു​മ്പുകൊ​ണ്ട് ത​ല മൂ​ടി അ​വ​ളു​ടെ നോ​ട്ട​ത്തി​ല്‍ നി​ന്നു​മൊ​ളി​ച്ച് ടീ​ച്ച​ര്‍ നി​ന്നു.

ലോ​ക​ക​പ്പ് വ​ന്ന​പ്പോ​ള്‍ വാ​സ്കോ​ക്കാ​ര് പി​രി​വി​ട്ട് നാ​ട്ടി​ലെ ലൈ​ബ്ര​റി മു​റ്റ​ത്ത് ടെ​ലി​വി​ഷ​ന്‍ സെ​റ്റ് ഒ​രു​ക്കി. ജ​നാ​ധി​പ​ത്യം പു​ല​രു​ന്ന മ​ധു​ര​മ​നോ​ഹ​ര വി​ഹാ​യ​സ്സാ​ണ് കാ​ല്‍പ്പ​ന്തു​ക​ളി. ക​ക്ഷി​രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യെ നാ​ട്ടു​കാ​ര്‍ ലോ​ക​ക​പ്പ് ഫു​ട്ബോ​ള്‍ ക​ണ്ടു. പാ​ട​ത്തെ ചേ​റി​ലും കു​ണ്ടാ​ട്ടി​യി​ലും പ​ള്ളി​പ്പ​റ​മ്പി​ലും വി​ജ​യി​ച്ചു ക​പ്പെ​ടു​ത്ത് വ​ന്ന പോ​ല​ത്തെ ആ​വേ​ശ​ത്തി​ല്‍, റോ​ട്ടി​ല​പ്പ​ടി മാ​ല​പ്പ​ട​ക്കം പൊ​ട്ടി​ച്ച് അ​ര്‍ജ​ന്‍റീ​ന​ക്കും ബ്ര​സീ​ലി​നും വേ​ണ്ടി പി​ള്ളേ​രാ​ര്‍ത്തു: “ന്‍റെ ക​ളി, മ്മ്ടെ ​ക​ളി, പ​ന്തു​ക​ളി സി​ന്ദാ​ബാ​ദ്!” അ​പ്പോ​ഴേ​ക്കും ആ​രോ ഒ​രു പാ​ട്ടു​ണ്ടാ​ക്കി. വേ​റൊ​രു​ത്ത​ന​ത് ഈ​ണ​ത്തി​ല്‍ പാ​ടി.

“ആ​രാ​ന്‍റ​പ്പ​ന്‍ കോ​ര​പ്പ​ന്‍

ആ​രാ​കി​ലെ​ന്ത് വീ​ര​പ്പ​ന്‍

ത​ട്ട് പ​ന്ത് മു​ട്ട് പ​ന്ത്

ത​ട്ടി​ത്ത​ട്ടി വേ​ള്‍ഡ് ക​പ്പ്

ഹി​യ്യോ ഹ​യ്യോ ഹ​യ്യ​യ്യോ

ഹി​പ്പ​പ് ഹു​റെ​യ്, ഹി​പ്പ​പ് ഹു​റെ​യ്!”

കാ​ല്‍പ്പ​ന്തു​ക​ളി​യി​ല്‍ കേ​മി​യാ​യി, മ​റ​ഡോ​ണ​യാ​യി നാ​ടുചു​റ്റാ​ന്‍ പോ​യി​ത്തു​ട​ങ്ങി​യ​തി​നു ശേ​ഷം, സെ​ക്സ് വ​ര്‍ക്ക് നി​ര്‍ത്തി പ​ണി​ക്ക് പോ​കാ​ന്‍ ഷൈ​ല​ജ അ​മ്മ​യെ ഉ​പ​ദേ​ശി​ച്ചു. അ​വ​ള്‍ പ​റ​ഞ്ഞ​ത് അ​മ്മ​യു​ടെ ഉ​ള്ളി​ല്‍ത്ത​ട്ടി. അ​മ്മ​ക്ക് നൊ​ന്തു. അ​മ്മ​യെ​ന്ന വേ​ഷം അ​ഴി​ച്ചു​വെ​ച്ച് പാ​റു​വാ​യി ക​ര​ഞ്ഞു.

“പ​ണി​ക്കാ​ണ്ടീ ആ​ദ്യൊ​ക്കെ പോ​യ​ത്. പ​ണി കി​ട്ടാ​നും കൂ​ടെ​ക്കി​ട​ക്ക​ണം​ന്നാ​യി... ദാ ​ആ കെ​ട​ക്ക​ണ മ​നു​ഷ്യ​ന്‍റെ പേ​രും പ​റ​ഞ്ഞ് സ​ഹാ​യി​ക്കാ​ന്‍ വ​ന്നോ​രോ​ടൊ​പ്പ​വും കി​ട​ക്കേ​ണ്ടിവ​ന്നു. എ​ന്നാ പി​ന്നെ അ​ത​ന്നെ തൊ​ഴി​ലാ​ക്കാ​ന്ന് വെ​ച്ചു... നി​ന്നെ പോ​റ്റി​വ​ള​ര്‍ത്ത​ണ്ടേ...”അ​വ​ള്‍ അ​മ്മ​യെ പൂ​ണ്ട​ട​ക്കംപി​ടി​ച്ചു. നെ​ഞ്ചി​ലൊ​രു ഉ​രു​കു​ന്ന കാ​ല്‍പ്പ​ന്താ​യി അ​മ്മ അ​വ​ളി​ലേ​ക്കു​രു​ണ്ടു​കൂ​ടി​ച്ചേ​ര്‍ന്നു.

പ​ന്തു​ക​ളി​ച്ച് നാ​ലു കാ​ശു​ണ്ടാ​ക്കാ​നു​റ​ച്ചെ​ങ്കി​ലും നാ​ട്ടി​ല്‍ പെ​ണ്ണു​ങ്ങ​ള്‍ക്കാ​യി മ​ത്സ​ര​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. ര​ണ്ടും ക​ല്‍പ്പി​ച്ചാ​ണ്, അ​പ്പ​ന്‍റൊ​പ്പം ക​ളി​ച്ചി​രു​ന്ന ലാ​ലേ​ട്ട​നൊ​പ്പം വേ​ഷം മാ​റി ആ​ണു​ങ്ങ​ളു​ടെ സെ​വ​ന്‍സ് ഫു​ട്ബോ​ളി​ല്‍ മാ​റ്റു​ര​ക്കാ​നാ​യി അ​വ​ള്‍ മ​ല​പ്പു​റ​ത്തേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന​ത്. “നെ​ഞ്ചി​ല് തോ​ര്‍ത്ത് ന​ല്ലോ​ണം ചു​റ്റി​ക്കെ​ട്ടി​ക്കോ,” ലാ​ലേ​ട്ട​ന്‍ ഉ​പ​ദേ​ശി​ച്ചു. അ​വ​ള​ത് അ​നു​സ​രി​ച്ചു.

ത​ല മൊ​ട്ട​യ​ടി​ച്ച്, പ​ത്താം ന​മ്പ​ര്‍ ജേ​ഴ്സി​യു​മ​ണി​ഞ്ഞ് ഷൈ​ജ​നെ​ന്ന പേ​രി​ല​വ​ള്‍ സെ​വ​ന്‍സി​ല്‍ അ​ര​ങ്ങേ​റി. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ത​ന്നെ അ​വ​ളെ മ​ല​പ്പു​റം ഏ​റ്റെ​ടു​ത്തു. പെ​നാ​ല്‍റ്റി ബോ​ക്സി​ന്‍റെ വ​ല​ത്തേ​മൂ​ല​യി​ല്‍നി​ന്നും ഇ​ടം​കാ​ലുകൊ​ണ്ട് അ​വ​ള്‍ തൊ​ടു​ത്ത അ​ടി തി​രി​ഞ്ഞ് വാ​ഴ​പ്പ​ഴംപോ​ലെ വ​ള​ഞ്ഞ് ഗോ​ള്‍ വ​ല​യ​ത്തി​നു​ള്ളി​ല്‍ പ​തി​ച്ച​പ്പോ​ള്‍ നോ​ട്ടു​മാ​ല​ക​ള്‍ പൊ​ട്ടി​ച്ചെ​റി​ഞ്ഞ് പു​രു​ഷാ​രം ആ​ര്‍ത്തു.

മൈ​താ​ന​ത്ത് ഏ​താ​ണി​നൊ​പ്പ​വും ക​ട്ട​ക്കു നി​ന്നു ക​ളി​ക്കാ​ന്‍ പോ​ന്ന ഒ​ത്ത പെ​ണ്ണാ​യി​രു​ന്നു അ​വ​ള്‍. ഒ​രി​ക്ക​ല്‍ പൊ​ന്നാ​നി ഹീ​റോ​സി​നു വേ​ണ്ടി ക​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​വ​ളെ എ​തി​ര്‍ടീ​മു​കാ​ര്‍ ശ​രി​ക്കും വ​ള​ഞ്ഞി​ട്ട​ത്. ആ​ഫ്രി​ക്ക​ന്‍ താ​ര​ങ്ങ​ളും മ​ല​പ്പു​റ​ത്തെ മൊ​ഞ്ച​ന്മാ​രും ചേ​ര്‍ന്ന് അ​വ​ളെ ഇ​ടം​വ​ലം തി​രി​യാ​ന്‍ കൂ​ട്ടാ​ക്കാ​തെ പൂ​ട്ടി.

പ​ന്തു കി​ട്ടി​യ​പ്പോ​ള്‍ ഇ​രു​കാ​ലി​ലും കോ​ര്‍ത്ത് ത​ല​ക്ക് മു​ക​ളി​ലൂ​ടെ മ​റി​ച്ചി​ട്ട്, വ​ലം​കാ​ലു കൊ​ണ്ടൊ​ന്ന് വെ​ട്ടി​ച്ച്, പി​ന്നെ ശ​രീ​രംകൊ​ണ്ടൊ​ന്ന് വ​ട്ടം തി​രി​ഞ്ഞ്, ഇ​ടം​കാ​ലി​ന്‍റെ മ​ട​മ്പുകൊ​ണ്ടൊ​ന്ന് ത​ട്ടി, ആ​റ്റി​ലെ ചു​ഴി പോ​ലൊ​ന്ന് ക​റ​ങ്ങി​ക്ക​റ​ങ്ങി അ​വ​ളാ ആ​ണ്‍കൂ​ട്ട​ത്തി​നി​ട​യി​ലൂ​ടെ പ​ന്തു​മാ​യി വെ​ട്ടി​ച്ചു ക​യ​റി, മാ​ര്‍ക്ക് ചെ​യ്യാ​തെ നി​ന്നി​രു​ന്ന മെ​സ്സി മു​ഹ​മ്മ​ദി​ന് എ​ത്തി​ച്ചു​കൊ​ടു​ത്തു. ഇ​ടം​കാ​ലി​ല്‍ പ​ന്തെ​ടു​ത്ത് വ​ലം കാ​ലുകൊ​ണ്ട് ല​ക്ഷ്യം ക​ണ്ടാ​ര്‍ത്തു​വി​ളി​ക്കു​മ്പോ​ള്‍ കൂ​ട്ട​ത്തി​ല്‍നി​ന്നും മാ​റി​നി​ന്നു കൈയടി​ച്ച മ​റ​ഡോ​ണ​യി​ലേ​ക്ക് അ​ത്ഭു​തം കൂ​റി​ക്കൊ​ണ്ട​യാ​ള്‍ നോ​ക്കി. മ​ഞ്ചേ​രീ​ലെ മൈ​താ​ന​ത്ത് വെ​ച്ചാ​ണ് ക്ല​ബ് മാ​നേ​ജ​ര്‍ അ​ഹ്മ​ദി​ന്‍റെ വ​യ​നാ​ട്ടി​ല്‍നി​ന്നു​ള്ള സു​ഹൃ​ത്ത് എ​ബി​യെ അ​വ​ള്‍ ക​ണ്ടു​മു​ട്ടി​യ​ത്. ക​റു​ത്തു​നീ​ണ്ട ക​ണ്‍പീ​ലി​ക​ളും നെ​ഞ്ചി​ലാ​കെ മൈ​ലാ​ഞ്ചി​ക്കാ​ടും വ​ള​ര്‍ന്നുനി​ല്‍ക്കു​ന്നൊ​രു മൊ​ഞ്ച​ന്‍.

നെ​ഞ്ച​ത്തെ തോ​ര്‍ത്ത് വ​ലി​ച്ചു​മു​റു​ക്കി കെ​ട്ടി, പൊ​ന്ത​ക്കാ​ടി​നു​ള്ളി​ല്‍ നൂ​ഴ്ന്നു ക​യ​റി​യി​രു​ന്ന് മൂ​ത്ര​മൊ​ഴി​ക്കു​ക​യാ​യി​രു​ന്നു അ​വ​ള്‍. പൊ​ന്ത​ക്കാ​ടി​ന​പ്പു​റ​ത്തുനി​ന്ന് സി​നി​മാ​പ്പാ​ട്ടും മൂ​ളി മൂ​ത്ര​മൊ​ഴി​ച്ചുകൊ​ണ്ടു നി​ല്‍ക്കു​ക​യാ​യി​രു​ന്നു അ​യാ​ള്‍. ശ​ബ്ദം കേ​ട്ട് പാ​മ്പെ​ങ്ങാ​നു​മാ​യി​രി​ക്കു​മോ എ​ന്നു പേ​ടി​ച്ചാ​ണ് ര​ണ്ടാ​ളും പൊ​ന്ത പൊ​ക്കി നോ​ക്കി​യ​ത്. ഇ​രു​വ​രു​ടെയും ക​ണ്ണു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​മു​ട്ടി​യ​പ്പോ​ള്‍ മാ​ന​ത്ത​ല്ല അ​വ​രു​ടെ ഇ​ട​നെ​ഞ്ചി​ലാ​ണ് ഇ​ടി​വെ​ട്ടി​യ​ത്. ആ​ദ്യ​നോ​ട്ട​ത്തി​ല്‍ത​ന്നെ അ​വ​ളു​ടെ ഖ​ല്‍ബി​ലൂ​ടെ ദു​ല്‍ഖ​ര്‍ സ​ല്‍മാ​ന്‍ ബു​ള്ള​റ്റോ​ടി​ച്ചു പോ​യി. അ​യാ​ളു​ടെ ക​ണ്ണ​വ​ളു​ടെ ക​ര​ളും പി​ള​ര്‍ന്ന് അ​ഴി​ഞ്ഞ തോ​ര്‍ത്തി​നു​ള്ളി​ലെ മു​ല​പ്പ​ട​ര്‍പ്പി​ല്‍ തെ​ന്നി​വീ​ണു.

 

അ​തി​നു​ശേ​ഷം, മ​ല​പ്പു​റ​ത്തേ​ക്കും തി​രി​ച്ച് തൃ​ശ്ശൂ​ര്‍ക്കും എ​ത്ര​യെ​ത്ര പ്ര​ണ​യ​ര​ഥ​യാ​ത്ര​ക​ള്‍ ന​ട​ന്നു. എ​ത്ര​യെ​ത്ര വ്ര​ണി​ത​കാ​മു​ക​ഹൃ​ദ​യ​ങ്ങ​ള​തി​ല്‍ ത​ക​ര്‍ന്നു​വീ​ണു.

ഫോ​ണി​ലൊ​രു പ്ര​ണ​യ​ക്ക​ല​മ്പ​ലാ​യി ഷൈ​ല​ജ കാ​മു​ക​നെ വി​ളി​ച്ചു: “എ​ബി​ക്കു​ട്ടാ...”

എ​ബി വി​ളി​കേ​ട്ടു: “മ​റ​ഡോ​ണേ...”

“പോ ​അ​വ്ട്ന്ന്...”

അ​വ​ള്‍ക്ക് നാ​ണ​മാ​യി.

“പ്രേ​മ​ത്തി​ന് ക​ണ്ണും​ മൂ​ക്കു​മി​ല്ലാ​ന്ന് പ​റേ​ണ്ത് നേ​രാ​ണാ? ഇ​ജ്ജ് പ​റ...,” എ​ബി കൊ​ഞ്ചി.

“എ​ന്തൂ​ട്ട് തേ​ങ്ങേ​ടെ മൂ​ട്ണ് പ​റേ​ണ്ത്? പ്രേ​മം അ​വ​ലോ​സു​ണ്ട​യാ​ണാ?”

“അ​മ്മാ​യ​മ്മേ​ടെ അ​വ​ലോ​സു​ണ്ട​യാ? മൊ​യ​ന്ത്!”

“മൊ​യ​ന്ത് നെ​ന്‍റെ അ​പ്പ​ന്‍.”

“അ​ല്ല നി​ന്‍റ​പ്പ​ന്‍ ക​രി.”

“അ​ല്ല... നി​ന്‍റെ...”

“എ​ന്‍റെ?”

“നി​ന്‍റെ പെ​ണ്ണ്!”

“ആ​ര്? മ​റ​ഡോ​ണ​യാ?”

രാ​ത്രി അ​വ​ള്‍ ഉ​റ​ക്കെ​യു​റ​ക്കെ ചി​രി​ക്ക​ണ​തു കേ​ട്ട പാ​റു എ​ണീ​റ്റ് ചെ​ന്നു.

“പാ​തി​രാ​ത്രി​യാ​ണോ​ടീ നെ​ന്‍റെ കൊ​ഞ്ച​ലും കൊ​ഴ​യ​ലും...”

പാ​റു ക​ല​മ്പി​യി​ട്ടും അ​വ​രു​ടെ പാ​തി​രാ​ശൃം​ഗാ​ര​ത്തി​ന് കു​റ​വൊ​ന്നു​മു​ണ്ടാ​യി​ല്ല. പ​ണി​യെ​ടു​ത്ത് വ​യ്യാ​ണ്ടാ​യി പാ​ട​ത്ത് ഹൃ​ദ​യം​പൊ​ട്ടി മ​രി​ച്ചു​വീ​ഴും​വ​രെ അ​മ്മ​യും മോ​ളും ത​മ്മി​ലു​ള്ള ക​ല​മ്പ​ല് തു​ട​ര്‍ന്നു. അ​മ്മ​യി​ല്‍നി​ന്നും വി​ട്ടു​മാ​റി പ​ര​ന്നൊ​ഴു​കി​യൊ​രു സാ​ഗ​ര​മാ​യി ലോ​കം മു​ഴു​വ​ന്‍ കീ​ഴ​ട​ക്കാ​നാ​ര്‍ത്തി​യാ​ര്‍ന്ന് അ​വ​ള്‍ കു​തി​ച്ചു.

പ​ണി​യൊ​ഴി​ഞ്ഞാ​ലും ഇ​ല്ലെ​ങ്കി​ലും ലീ​വെ​ടു​ത്താ​ണെ​ങ്കി​ലും വാ​രാ​ന്ത്യ​ത്തി​ന് ഫാ​സ്റ്റ് ബ​സ് പി​ടി​ച്ച് ഷൈ​ല​ജ ടൗ​ണി​ലെ​ത്തി. വ​യ​നാ​ട്ടി​ല്‍നി​ന്ന് എ​ബി​യും തൃ​ശ്ശൂ​ര്‍ക്ക് വ​ണ്ടി​ക​യ​റി. ട്രാ​ന്‍സ്പോ​ര്‍ട്ട് ബ​സ് സ്റ്റാൻഡി​ന്‍റെ പി​ന്നി​ല്‍ കൊ​ക്കാ​ല റോ​ട്ടി​ലൊ​രു കൊ​ച്ചു ചാ​യ​പ്പീ​ടി​ക​യു​ണ്ട്. അ​വി​ട​ത്തെ കാ​ലൊ​ടി​യാ​റാ​യ ബെ​ഞ്ചി​ല്‍ മു​ട്ടി​യു​രു​മ്മി​യി​രു​ന്ന് അ​വ​ര്‍ ഇ​ഡ്ഡ​ലി​യും സാ​മ്പാ​റും ക​ഴി​ച്ചു. കെ​ട്ടി​പ്പി​ടി​ച്ചു​മ്മ വെക്കും​വി​ധം പ​ര​സ്പ​രം വാ​രി​ക്കൊ​ടു​ത്തു.

വ​ട​ക്കേ സ്റ്റാ​ൻഡി​ന​ടു​ത്തു​ള്ള ശ​ക്ത​ന്‍ ത​മ്പു​രാ​ന്‍ മ്യൂ​സി​യ​ത്തി​നു​ള്ളി​ല്‍ പൊ​ടി​പി​ടി​ച്ചി​രി​ക്കു​ന്ന രാ​ജാ​ക്ക​ന്മാ​ര്‍ക്കു മു​ന്നി​ലൂ​ടെ കൈയില്‍ കൈ​കോ​ര്‍ത്ത്, മെ​യ്യി​ല്‍ മെ​യ് ചേ​ര്‍ത്ത്, ക​ര​ളി​ല്‍ ക​ര​ള്‍ നെ​യ്ത് അ​വ​ര്‍ ന​ട​ന്നു. രാ​ഗ​ത്തി​ൽ നൂ​ണ്‍ഷോ​ക്ക് ക​യ​റി. ഉ​ച്ച​പ്പ​ട​ങ്ങ​ളു​ടെ ര​തി​ച്ചൂ​ടി​ല്‍ ഉ​രു​കി​യൊ​ലി​ച്ചി​രു​ന്ന ആ​ണു​ങ്ങ​ളെ കൂ​സാ​തെ കാ​ഴ്ച​ക​ളു​ടെ ഒ​ര​റ്റ​ത്ത് അ​വ​ര്‍ അ​വ​രു​ടെ ഉ​ടു​തു​ണി​ക്കി​ട​യി​ലേ​ക്ക് കൈ​ക​ള്‍ വ​ലി​ച്ചെ​റി​ഞ്ഞു.സി​നി​മ ക​ണ്ടി​റ​ങ്ങി, എം.​ജി റോ​ഡി​ലു​ള്ള കു​ടും​ബ​ശ്രീ ചേ​ച്ചി​മാ​രു​ടെ കാ​ന്‍റീ​നി​ലെ മീ​ന്‍ വ​റു​ത്ത​തും ഊ​ണും വ​യ​റു​നി​റ​യെ ക​ഴി​ച്ചു.

കോ​ട്ട​പ്പു​റം റോ​ഡി​ല്‍നി​ന്നും അ​ല​ഞ്ഞു​തി​രി​ഞ്ഞ് വ​ട്ടം​ചു​റ്റി ഷൊ​ർണൂ​ര്‍ റോ​ഡി​ലെ​ത്തി പി​ന്നെ​യേ​തോ ക​ണ്ണി​ല്‍ക്ക​ണ്ട ഇ​ട​വ​ഴി​യി​ലൂ​ടൊ​ക്കെ ന​ട​ന്ന്, റെ​യി​ൽവേ പാ​ള​ത്തി​ന്‍റെ വി​ജ​ന​ത താ​ണ്ടി പൂ​ങ്കു​ന്നം വ​രെ ചു​റ്റി​വ​ള​ഞ്ഞ് അ​വ​ര്‍ പ്ര​ണ​യി​ച്ച് ന​ട​ന്നു.

അ​ടു​ത്ത വാ​രാ​ന്ത്യ​ത്തി​ല്‍, രാ​വി​ലെ ആ​റി​നു​ള്ള പാ​സ​ഞ്ച​റി​ല്‍ അ​വ​ള്‍ കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​യി. വ​യ​നാ​ട​ന്‍ മ​ല​യി​റ​ങ്ങി ബൈ​ക്കി​ല്‍ ചെ​ത്തി വ​ന്ന് അ​വ​ളെ​ക്കാ​ത്ത് സ്റ്റേ​ഷ​നി​ല്‍ എ​ബി നി​ന്നു. അ​വ​നെ കാ​ണു​മ്പോ​ള്‍ത​ന്നെ അ​വ​ള്‍ക്ക് വാ​യി​ല്‍ വെ​ള്ള​മൂ​റി. “മൊ​ഞ്ച​ന്‍!” അ​വ​ള് മ​ന​സ്സി​ല്‍ പ​റ​ഞ്ഞു. മ​ന​ക്കോ​ട്ട കെ​ട്ടി ഉ​ടു​തു​ണി​യൂ​രി അ​വ​നെ ന​ഗ്ന​നാ​ക്കി കാ​മി​ച്ചു. റ​ഹ്മ​ത്ത് ഹോ​ട്ട​ലി​ലെ ബീ​ഫ് ബി​രി​യാ​ണി​യു​ടെ രു​ചി​യാ​ണ് അ​വ​നെ​ന്നാ​ണ് അ​വ​ള​വ​ന്‍റെ കാ​തി​ല്‍ പ​റ​ഞ്ഞ​ത്. അ​തി​ല്‍ സു​ഖി​ച്ച് അ​വ​ന​വ​ളു​ടെ കി​നാ​വി​ലെ​ല്ലാം പൂ​ച്ചെ​ടി​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ച്ചു. വെ​ള്ള​വും വ​ള​വു​മി​ട്ടു. മ​ണ​ത്തും മു​ത്ത​മി​ട്ടും ആ​ന​ന്ദി​ച്ചു.

തോ​ര്‍ത്തു​കൊ​ണ്ട് കെ​ട്ടി​പ്പൂ​ട്ടിവെക്കാ​ന്‍ പ​റ്റാ​ത്ത​വി​ധം പ്ര​ണ​യ​ക്ക​ന​ത്തി​ല്‍ മാറിടം വ​ള​ര്‍ന്ന​പ്പോ​ഴാ​ണ് ആ​ണ്‍വേ​ഷം കെ​ട്ടി സെ​വ​ന്‍സ് ക​ളി​ക്കാ​ന്‍ പോ​കു​ന്ന​ത് നി​ര്‍ത്തു​ന്ന​തി​നെ​പ്പ​റ്റി അ​വ​ള്‍ ആ​ലോ​ചി​ച്ച​ത്. അ​തു​കേ​ട്ട​പ്പോ​ള്‍ എ​ബി​ക്ക് വി​ഷ​മം തോ​ന്നി. ന​ഗ്ന​യാ​യി ആ​കാ​ശം നോ​ക്കി മ​ല​ര്‍ന്നു കി​ട​ക്കു​ന്ന അ​വ​ളു​ടെ നെ​ഞ്ചി​ല​മ​രാ​നാ​യി​രു​ന്നു അ​യാ​ള്‍ക്ക് മോ​ഹം. അ​വ​ളൊ​രു പെ​ണ്ണാ​യി ഉ​ണ​ര്‍ന്നു​കി​ട​ക്കു​മ്പോ​ള്‍ എ​ന്തി​നെ​ന്ന​റി​യാ​തെ അ​യാ​ളു​ടെ ഉ​ള്ളൊ​ന്ന് കാ​ളി. അ​യാ​ള്‍ക്ക് വ​ല്ലാ​ത്ത വി​ഷ​മം വ​ന്നു.

“ഇ​നി നി​ന്നെ മ​റ​ഡോ​ണ​യാ​യ് ഞാ​നെ​പ്പ കാ​ണും?”

“ന്താ ​നെ​ന്‍റെ ഉ​ദ്ദേ​ശ്യം? മ​ര്യാ​ദ​യ്ക്ക് വേ​റെ പെ​ണ്ണു​കെ​ട്ടി ജീ​വി​ച്ചൂ​ടെ നെ​നെ​ക്ക്?”

ഷൈ​ല​ജ അ​തു ചോ​ദി​ച്ച​പ്പോ​ള്‍ എ​ബി​ക്കു നൊ​ന്തു.

“അ​പ്പോ ജ്ജ് ​ന്താ ക​രു​ത്യേ​ക്ക്ണ്? നി​ന​ക്ക് ന്നെ ​കെ​ട്ട​ണ്ടേ?”

“പ്രേ​മി​ച്ചാ കെ​ട്ടാ​നി​തെ​ന്താ വെ​ള്ള​രി​ക്കാ​പ​ട്ട​ണാ?”

“ഇ​ജ്ജ് പ​റ​യ​ണ​തൊ​ന്നും നി​ക്ക് തി​രി​യ​ണി​ല്ല!”

“മോ​നേ എ​ബി​ക്കു​ട്ടാ, നെ​ന്‍റെ സ്വ​ർഗ​ത്തി​ലെ മാ​ലാ​ഖ​യാ​വാ​ന്‍ വേ​റെ​യും പെ​ണ്ണു​ങ്ങ​ളെ കി​ട്ടും. എ​ന്‍റെ കി​നാ​വി​ലെ ഗ​ന്ധ​ർവ​നാ​കാ​നും വേ​റെ​യും ചെ​ക്ക​ന്മാ​ര്‍ വ​രും. പ​ന്തു ത​ട്ടി​ക്ക​ളി​ച്ച​ങ്ങ​നെ പോ​ണം ജീ​വി​തം...”

“അ​പ്പ ഈ ​ജീ​വി​ത​ത്തീ റെ​ഡ് കാ​ര്‍ഡ് കാ​ണി​ക്ക​ണ റ​ഫ​റീ​ല്ലേ ബ​ലാ​ലേ?”

എ​ബി ക​ര​ഞ്ഞ​പ്പോ​ള്‍ അ​വ​ള്‍ പൊ​ട്ടി​പ്പൊ​ട്ടി​ച്ചി​രി​ച്ചു.

“കെ​ട്ടി​ത്തീ​ര്‍ക്കാ​നു​ള്ള പൊ​ട്ട​ത്ത​ര​മ​ല്ല പ്രേ​മം. നീ ​വേ​റെ പോ​യാ​ലും നീ​യൊ​രി​ക്ക​ലെ​ന്‍റെ ഖ​ല്‍ബാ​യി​രു​ന്നെ​ന്ന ഓ​ർമ​ക്കു​റി​പ്പ് മാ​ത്രാ​ണ​ത്.”

“ന്‍റെ ബ​ലാ​ലേ... ഇ​തൊ​രു പു​ലി​വാ​ലാ​യ​ല്ലാ...”

അ​വ​ള് തെ​ല്ല​ഹ​ങ്കാ​ര​ത്തോ​ടെ പൊ​ട്ടി​ച്ചി​രി​ക്കു​ന്ന​തു ക​ണ്ട എ​ബി ഒ​രു നി​മി​ഷ​മൊ​ന്ന് ഗൗര​വം പൂ​ണ്ടു.

“നി​ക്ക് നി​ക്ക് ... എ​ന്നാ ഇ​ന്നോ​ടൊ​രു കാ​ര്യം ഞാ ​പ​റേ​ട്ടേ...”

“പ​റ...”

“നീ ​വി​ഷ​മി​ക്ക​രു​ത്...”

“ഇ​ല്ല. പ​റ...”

“ഇ​ന്‍റെ അ​പ്പ​ന്‍ മ​റ​ഡോ​ണേ​ല്ലേ...”

“ഇ​ണ്ട്. മു​ട്ടി​ന് വെ​ട്ടു​കി​ട്ടി കി​ട​പ്പി​ലാ...”

“ന്നാ ​ഞാ​നൊ​രു സ​ത്യം പ​റ​യാ...”

“ന്ത് ​സ​ത്യം?”

“അ​ത്... അ​ത്...”

“എ​ന്തൂ​ട്ടാ​ണ്ടാ? പ​റ​ഞ്ഞ് തൊ​ല​യ്ക്ക്...”

“അ​ന്ന് നി​ന്‍റ​പ്പ​നെ കാ​ച്ചാ​ന്‍ ക്വൊ​ട്ടേ​ഷ​ന്‍ ബാ​ങ്ങി വ​ന്നി​ന ടീ​മി​ല് ഇ​ന്‍റെ അ​പ്പ​നും ണ്ടാ​ര്‍ന്ന്...”

“ന്ത്?”

“​നി​ന്‍റ​പ്പ​ന്‍ മ​റ​ഡോ​ണേ​നെ വെ​ട്ടാ​ന്‍ ക്വൊ​ട്ടേ​ഷ​ന്‍ കൊ​ടു​ത്തോ​രി​ലൊ​രാ​ള് ഇ​ന്‍റ​പ്പ​ന്‍ കു​ര്യാ​ക്കോ​സാ ... ഒ​പ്പം പോ​യി വെ​ട്ടൂം ചെ​യ്ത്... ന്ന്ട്ട് ​നാ​ടു​വി​ട്ടോ​ടി വ​യ​നാ​ട്ടി​ല്ക്കി പോ​യ്... അ​പ്പ​ന്‍ ച​ത്തി​ട്ട് കൊ​ല്ലം കൊ​റെ​യാ​യി. ഫു​ട്ബോ​ള്‍ പ്രാ​ന്ത​നാ​ര്‍ന്ന്... മ​രി​ക്കാ​ന്‍ കാ​ല​ത്ത് ഇ​തും​പ​റ​ഞ്ഞ് ക​ര്‍ത്താ​വി​നെ വി​ളി​ച്ച് ക​ര​യ്വാ​ര്‍ന്ന്...”

പെ​ട്ടെ​ന്നൊ​ന്നും ത​ന്നെ പ​റ​യാ​ന​വ​ള്‍ക്ക് തോ​ന്നി​യി​ല്ല. സാ​വ​കാ​ശം ശ്വാ​സം ഉ​ള്ളി​ലേ​ക്കാ​ഞ്ഞു​വ​ലി​ച്ചെ​ടു​ത്തു. എ​ന്നി​ട്ട് മെ​ല്ലെ പ​റ​ഞ്ഞു: “നീ ​പ​റ​ഞ്ഞ​ത് സ​ത്യാ​ണേ... നീ​യെ​ന്‍റെ മ​ടീ​ലി​പ്പോ കി​ട​പ്പു​ണ്ടേ ക​ത്തി​ര​പ്പൂ​ട്ടി​ട്ട് പൂ​ട്ടി നെ​ന്‍റെ തൊ​ണ്ട​ക്കു​ഴീ​ലെ ശ്വാ​സം ഞാ​നെ​ടു​ത്തേ​നെ...”

അ​തി​നു​ശേ​ഷം കു​റേ​നാ​ളെ​ത്തേ​ക്ക് അ​വ​ര്‍ ത​മ്മി​ലൊ​രി​ക്ക​ല്‍പ്പോ​ലും കാ​ണു​ക​യോ സം​സാ​രി​ക്കു​ക​യോ ചെ​യ്തി​ല്ല. ഫോ​ണി​ലു​ണ്ടാ​യി​രു​ന്ന അ​വ​ന്‍റെ ഫോ​ട്ടോ​ക​ളെ​ല്ലാം അ​വ​ളും, അ​വ​ളു​ടെ ഫോ​ട്ടോ​ക​ള​വ​നും മ​ന​സ്സി​ലി​ട്ട് എ​രി​ച്ചു​ക​ള​ഞ്ഞു. പി​ന്നെ ഒ​രു കു​ലു​ക്കി സ​ർബ​ത്ത് കു​ടി​ച്ച് ഏ​മ്പ​ക്കം വി​ടു​ന്ന ലാ​ഘ​വ​ത്തോ​ടെ ഉ​ള്ളു ന​ന​ച്ച് സ്വ​ന്തം ജീ​വി​ത​ത്തി​ലെ ഊ​ടു​വ​ഴി​ക​ളി​ലൂ​ടെ എ​ങ്ങോ​ട്ടെ​ന്നി​ല്ലാ​തെ വെ​റു​ക്ക​നെ ന​ട​ന്നു​പോ​യി.

ഷൈ​ല​ജ​ക്കു​ള്ള മ​ന​ക്ക​രു​ത്ത് എ​ബി​ക്കു​ണ്ടാ​യി​ല്ല. അ​ത്ര​പെ​ട്ടെ​ന്നൊ​ന്നും അ​വ​ളെ മ​റ​ക്കാ​ന​യാ​ള്‍ക്കാ​യി​ല്ല. അ​പ്പ​ന്‍റെ ക​ല്ല​റ​യി​ല്‍ മു​ട്ടു​കാ​ലി​ല്‍നി​ന്ന് “അ​പ്പ​നെ​ന്ത് അ​പ്പ​നാ​പ്പാ... എ​ന്തി​നാ ക​രി ബാ​ല​ന്‍റെ കാ​ല്‍മു​ട്ട് ത​ല്ലി​യൊ​ടി​ച്ചേ?” എ​ന്ന​യാ​ള്‍ ക​ര​ഞ്ഞു​വി​ളി​ച്ചു.

ക​ല്ല​റ​ക്കുള്ളി​ല്‍നി​ന്നും സി​സ​ര്‍ ക​ട്ട​ടി​ക്കാ​നെ​ന്നപോ​ലെ ചാ​ടി​മ​റി​ഞ്ഞെ​ണീ​റ്റു വ​ന്ന് കു​ര്യാ​ക്കോ​സ​പ്പ​ന്‍ എ​ബി​യെ ഞോ​ണ്ടി: “ഓ​ട്റ ചെ​ക്കാ, പെ​ണ്ണി​നെ കി​ട്ടാ​ണ്ട് ക​ര​യു​ന്നോ​ടാ... എ​ത്ര പെ​ണ്ണി​നെ കി​ട്ടോ​ടാ നി​ന​ക്കീ നാ​ട്ടി​ല്... ഒ​പ്പം കെ​ട​ന്നി​ട്ടും ഓ​ളോ​ട്ള്ള പൂ​തി മാ​റീ​ല്ലേ​ടാ ഇ​നീം...?”

“ഇ​ല്ല​പ്പാ... ഓ​ള് മ​റ​ഡോ​ണ​ല്ലേ... എ​ത്ര കാ​ലം ക​ഴി​ഞ്ഞാ​ലും ശ​രി മ​റ​ഡോ​ണേ​നെ മ്മ്ക്ക് ​മ​റ​ക്കാ​ന്‍ പ​റ്റ്വോ?”

അ​ന്നു രാ​ത്രി, ഷൈ​ല​ജ​യു​ടെ കി​ട​പ്പു​മു​റി​യു​ടെ ജ​നാ​ല​ക്ക​ല് ഒ​രു ചെ​ന്താ​ര​ക​മാ​യി എ​ബി ഉ​ദി​ച്ചു​യ​ര്‍ന്നു. അ​യാ​ളു​ടെ ക​ര​ച്ചി​ലും പി​ഴി​ച്ചി​ലും കേ​ട്ട് ക​ണ്ണു​തു​റ​ന്ന അ​വ​ള്‍, പ​റ​മ്പി​നു പു​റ​കി​ലെ പാ​ട​വ​ര​മ്പ​ത്തെ നി​ലാ​വെ​ളി​ച്ച​ത്തി​ലേ​ക്ക് അ​യാ​ളെ ആ​ന​യി​ച്ചു കൊ​ണ്ടു​പോ​യി. നി​ലാ​വ​ത്ത് അ​ഴി​ച്ചി​ട്ട കോ​ഴി​ക​ളാ​യി അ​വ​ര്‍ ഇ​രു​വ​രും പു​ണ​ര്‍ന്നു​ണ​ര്‍ന്ന് രാ​വേ​റും​വ​രെ വ​ര്‍ത്ത​മാ​നം പ​റ​ഞ്ഞി​രു​ന്നു. അ​തി​നു​ശേ​ഷം മു​തി​ര്‍ന്ന​വ​രു​ടേ​താ​യ വി​നോ​ദ​ങ്ങ​ളി​ലേ​ക്ക് മെ​ല്ലെ ആ​ഴ്ന്നി​റ​ങ്ങി.

“ഇ​ന്‍റ​പ്പ​നോ​ട് പൊ​റു​ക്ക​ണം മ​റ​ഡോ​ണേ... പൊ...​റു...​ക്ക...​ണം...,” ആ​ന​ന്ദി​ച്ചാ​റാ​ടി എ​ബി പി​റു​പി​റു​ത്ത​പ്പോ​ള്‍ അ​വ​ള്‍ അ​യാ​ളെ ത​ന്നി​ലേ​ക്ക​ണ​ച്ചു പി​ടി​ച്ചു.

പ​ള്ളിമൈ​താ​ന​ത്തു നി​ന്നും അ​പ്പോ​ള്‍ ക​ര്‍ത്താ​വി​ന്‍റെ വി​സി​ല​ടി​യു​യ​ര്‍ന്നു. പ​ന്തു​ക​ളി അ​വ​സാ​നി​ച്ചി​രി​ക്കു​ന്നു. ശ​ത്രു​ക്ക​ളും മി​ത്ര​ങ്ങ​ളു​മി​ല്ലാ​ത്ത ക​ളി. എ​ന്നി​ട്ടും അ​തി​ലെ​ങ്ങ​നാ​ണോ ര​ക്ത​പ്പു​ഴ​യൊ​ഴു​കി ഇ​ഴു​കി​ച്ചേ​ര്‍ന്ന​തെ​ന്ന​റി​യി​ല്ല!

എ​ബി പി​ന്നെ അ​വ​ളെ​ത്തേ​ടി പ​ലത​വ​ണ വ​രുക​യും, അ​വ​ര്‍ ഒ​രു​മി​ച്ച് കൊ​യ്ത്തൊ​ഴി​ഞ്ഞ കോ​ള്‍പ്പാ​ട​ത്തേ​ക്ക് രാ​ത്രി​സ​ഞ്ചാ​രം ന​ട​ത്തു​ക​യും ചെ​യ്തു. ഇ​ത് പ്ര​ണ​യ​മാ​ണോ, അ​തോ കാ​മ​മോ എ​ന്നു സം​ശ​യം തോ​ന്നു​ന്ന നാ​ട്ടു​കാ​രോ​ടും വാ​യ​ന​ക്കാ​രോ​ടു​മാ​യി മ​റ​ഡോ​ണ ഇ​ത്ത​ര​ത്തി​ല്‍ പ്ര​സ്താ​വി​ച്ചു: “ഇ​ത് ഞ​ങ്ങ​ടെ ജീ​വി​ത​മാ​ണ്!” അ​തി​ന​പ്പു​റം ആ​ര്‍ക്കും ഒ​ന്നും പ​റ​യേ​ണ്ടിവ​ന്നി​ല്ല.

എ​ത്ര ദൂ​രെ​പ്പോ​യാ​ലും അ​വ​ളെ​ന്നും വൈ​കീ​ട്ട് തി​ര​ക്കി​ട്ട് വീ​ട്ടി​ലേ​ക്ക് തി​രി​കെ വ​ന്നു. എ​ബി​ക്കൊ​പ്പം കോ​ഴി​ക്കോ​ട് ക​റ​ങ്ങാ​ന്‍ പോ​കു​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ അ​യ​ല​ത്തെ തേ​വി​ത്ത​ള്ള​യോ​ട് പ​റ​ഞ്ഞ​വ​ള്‍ അ​പ്പ​നു​ള്ള ഭ​ക്ഷ​ണ​മെ​ത്തി​ച്ചു. സ്വ​ന്ത​മെ​ന്നപോ​ലെ ത​ന്നെ​യാ​ണ് തേ​വി​ത്ത​ള്ള ക​രി​യെ നോ​ക്കി​യ​ത്. ന​ല്ല മാ​ര്‍ക്കോ​ടെ എം.​കോം പാ​സാ​യി​ട്ടും ഷൈ​ല​ജ​ക്ക് ഒ​രി​ട​ത്തും ജോ​ലി കി​ട്ടി​യി​ല്ല. “നെ​ന​ക്ക് ഞാ​ന്‍ ജോ​ലി ശ​രി​യാ​ക്കി​ത്ത​രാ​ടീ,” എ​ന്ന് ചു​മ​ലി​ല്‍ കൈ​വെ​ച്ച് അ​ശ്ലീ​ല​ച്ചു​വ​യോ​ടെ പ​റ​ഞ്ഞ സ​ഹ​ക​ര​ണ​ ബാ​ങ്കി​ലെ സെ​ക്ര​ട്ട​റി​യു​ടെ ക​ര​ണ​ത്ത് കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ലാ​ണ​വ​ള്‍ ആ​ഞ്ഞ​ടി​ച്ച​ത്. അ​രി​വാ​ള്‍ ചു​റ്റി​ക ന​ക്ഷ​ത്ര​മാ​യി നി​ല​ത്ത് മ​ല​ര്‍ന്ന​ടി​ച്ച് ബോ​ധ​മി​ല്ലാ​തെ അ​യാ​ള്‍ വീ​ണു​കി​ട​ന്നു.

അ​ന്നു​മു​ത​ലാ​ണ് അ​വ​ളു​ടെ ശ​നി​ദ​ശ തു​ട​ങ്ങി​യ​തെ​ന്നാ​ണ് വ​ന​ജ കു​ടും​ബ​ശ്രീ യൂ​നിറ്റി​ലെ സം​സാ​രം. എ​ന്നി​ട്ടും അ​വ​ള്‍ക്ക് ഒ​രു കു​ലു​ക്ക​വു​മി​ല്ല​ത്രേ.

“അ​വ​ളൊ​ന്ന് ക​ണ്ണ​ട​ച്ചാ ബാ​ങ്കി​ലെ തൂ​പ്പു​ജോ​ലി കി​ട്ടി​ല്ലാ​ര്‍ന്നോ?”

സ​ര​സു പ​റ​ഞ്ഞ​തു കേ​ട്ട് സെ​ലീ​മ​ക്ക് ക​ലി വ​ന്നു.

“വ​ല്യ പ​ഠി​ത്ത​ത്തി​നു പോ​യ പെ​ണ്ണാ​ണ്. തൂ​പ്പു​ജോ​ലി​യാ​ണാ അ​വ​ള്‍ക്ക് കൊ​ടു​ക്ക്വാ?”

“പി​ന്നെ ക​ള​ക്റ്റ​റു​ദ്ദ്യോ​ഗം കി​ട്ട്വേ​രി​ക്കും...”

സ​ര​സു​വി​ന​ത് പി​ടി​ച്ചി​ല്ല. ഷൈ​ല​ജ​യെ ഒ​ന്നു ചൊ​റി​യാ​ന്‍ വി​ചാ​രി​ച്ച് അ​വ​ള്‍ ചോ​ദി​ച്ചു: “ഒ​ന്ന് ഒ​തു​ങ്ങി നി​ന്നു കൊ​ടു​ക്കാ​ര്‍ന്നി​ല്ലേ​ടീ? സെ​ക്ര​ട്ടീ​നെ കാ​ണാ​നും കൊ​ള്ളാ​ലൊ...” കൈയിലി​രു​ന്ന കു​പ്പി ഗ്ലാ​സ് ത​ല​ക്കു നേ​രെ വീ​ശി ഷൈ​ല​ജ ക​ലി​തു​ള്ളി. സെ​ലീ​മ മാ​ത്രം ഷൈ​ല​ജ​ക്കൊ​പ്പം നി​ന്നു. ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ​യാ​ണ് മാ​ധ​വ​ന്‍ മാ​ഷു​ടെ സ​ഞ്ജീ​വ​നി ട്യൂ​ട്ടോ​റി​യ​ല്‍ കോ​ള​ജി​ല്‍ ഷൈ​ല​ജ പ​ഠി​പ്പി​ക്കാ​ന്‍ പോ​യി​ത്തു​ട​ങ്ങി​യ​ത്. അ​തി​ല്‍നി​ന്നും കി​ട്ടു​ന്ന​തുകൊ​ണ്ട് വീ​ട് ക​ഴി​ഞ്ഞു​കൂ​ടി.

സെ​വ​ന്‍സ് ഫു​ട്ബോ​ളി​ല്‍നി​ന്നും വി​ര​മി​ച്ച ശേ​ഷം, ഫു​ട്ബോ​ള്‍ ക​ളി​ക്കാ​ന്‍ താ​ൽപ​ര്യ​മു​ള്ള പെ​ണ്‍കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി അ​വ​ര്‍ക്കാ​യി പ​രി​ശീ​ല​ന​ ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലാ​യി ഷൈ​ല​ജ​യു​ടെ ശ്ര​ദ്ധ. അ​പ്പോ​ഴേ​ക്കും നാ​ട്ടി​ലും ടെ​ലി​വി​ഷ​നി​ലും പു​തി​യ ഹീ​റോ​സ് പി​റ​ന്നു​ക​ഴി​ഞ്ഞി​രു​ന്നു.

“മെ​സ്സി വ​ന്നാ​ലും മ​റ​ഡോ​ണ മ​റ​ഡോ​ണ​ല്യാ​ണ്ടാ​വോ?”

ക​രി​യു​ടെ വി​ശേ​ഷം തി​ര​ക്കി പ​ഴ​യ ത​ല​മു​റ​യി​ലെ ത​ന്ത​മാ​ര്‍ വ​ല്ല​പ്പോ​ഴു​മൊ​ക്കെ വ​ന്നു​കൊ​ണ്ടി​രു​ന്നു. “ഓ​ര്‍മ്മേ​ണ്ട്വോ? അ​ന്ന് കു​ണ്ടാ​ട്ടീ​ല് അ​ടി​ച്ച സി​സ​ര്‍ ക​ട്ട് ഗോ​ള്‍?” അ​വ​രി​ലാ​രെ​ങ്കി​ലും മു​റു​ക്കി​ച്ചു​വ​പ്പി​ച്ച ചു​ണ്ടൊ​ന്ന് ന​ന​ച്ച് ചോ​ദി​ക്കു​മ്പോ​ള്‍ ക​രി അ​ന്തം​വി​ട്ടി​രി​ക്കും.

ക​രി​യു​ടെ ഓ​ർമ കു​റേ​ശ്ശ​യാ​യി ന​ശി​ച്ചു​കൊ​ണ്ടി​രു​ന്നു. ശ​രീ​ര​ത്തി​ല്‍നി​ന്നെ​ന്നപോ​ലെ മ​ന​സ്സി​ല്‍നി​ന്നും ഒ​രു പ​ന്തൊ​ഴി​ഞ്ഞു പോ​യി​രി​ക്കു​ന്നു. എ​ന്നി​ട്ടും മു​ള​വ​ടി​യി​ല്‍ തൂ​ങ്ങി ഞൊ​ണ്ടി പാ​ടം താ​ണ്ടി പു​ഴ​യോ​ര​ത്ത് പോ​യി കു​ത്തി​യി​രി​ക്കും. “എ​ന്താ​ണ്ടാ ക​രീ, ക​ളി​ക്കാ​നി​റ​ങ്ങ​ണ്ടേ,” എ​ന്നാ​രേ​ലു​മൊ​ക്കെ ക​ളി​യാ​യി ചോ​ദി​ക്കു​മ്പോ​ള്‍ ഓ​ർമ ന​ശി​ച്ച വെ​റും ശ​രീ​ര​മാ​യി ചി​രി​ക്കാ​ന്‍പോ​ലു​മാ​വാ​തെ ക​രി അ​വ​രെ തു​റി​ച്ചു​നോ​ക്കി.

നി​ലാ​വു​ള്ള ഒ​രു രാ​ത്രി, മു​റ്റ​ത്തി​രി​ക്ക​വെ മോ​ളാ​യ മ​റ​ഡോ​ണ അ​പ്പ​നാ​യ മ​റ​ഡോ​ണ​യെ കെ​ട്ടി​പ്പി​ടി​ച്ച് എ​ന്തോ ഓ​ര്‍ത്ത് ക​ര​ഞ്ഞു. അ​മ്പി​ളി​മാ​മ​നും ന​ക്ഷ​ത്ര​ക്കു​ഞ്ഞു​ങ്ങ​ളും മാ​ന​ത്തെ മൈ​താ​ന​ത്ത​തു ക​ണ്ട് പ​ന്ത് ത​ട്ടി​ക്ക​ളി​ക്കു​ന്ന​തു നി​ര്‍ത്തി അ​വ​രെ നോ​ക്കി. അ​പ്പ​ന്‍റെ ത​ല​യി​ല്‍ ത​ലോ​ടി​ക്കൊ​ണ്ട് അ​വ​ള്‍ പ​റ​ഞ്ഞു: “അ​പ്പാ എ​നി​ക്ക് എ​ബി​യെ ഇ​ഷ്ടാ...”

“ത​ന്താ​രു​ടെ കു​ടി​പ്പ​ക​യ്ക്ക് മ​ക്ക​ളെ​ന്ത് പെ​ഴ​ച്ചൂ​ല്ലേ? നെ​ന്‍റെ ഇ​ഷ്ടാ അ​പ്പ​ന്‍റേം ഇ​ഷ്ടം. നെ​ന​ക്കും ഒ​രാ​ണ്‍തു​ണ വേ​ണ്ടേ?”

അ​പ്പ​ന​തു പ​റ​ഞ്ഞ​പ്പോ​ള്‍ പ​ള്ളി​മൈ​താ​ന​ത്തി​ന്‍റെ ഇ​ട​ത്തേ മൂ​ല​ക്കുനി​ന്നു​മൊ​രു കോ​ര്‍ണ​ര്‍ കി​ക്കാ​യി പ​റ​ന്നു​വ​ന്ന പ​ന്തി​ല​വ​ര്‍ ഒ​രു​മി​ച്ച് ത​ല വെ​ക്കാ​നാ​യി ചാ​ടി. ത​ല​ക്കു മു​ക​ളി​ലൂ​ടെ പ​റ​ന്ന പ​ന്തി​ലാ​രു​ടെ ​ൈകയാ​യി​രി​ക്കും ദൈ​വ​ത്തി​ന്‍റെ ക​ര​മാ​യി അ​നു​ഗ്ര​ഹം ചൊ​രി​യു​ക​യെ​ന്നോ​ര്‍ത്ത് കാ​ണി​ക​ള്‍ കൗ​തു​കം കൂ​റി​യി​രു​ന്നു.

“അ​പ്പാ ഒ​രാ​ണി​ന്‍റെ തു​ണ​യും വേ​ണ്ടെ​നി​ക്ക് ജീ​വി​ക്കാ​ന്‍. അ​വ​നാ തു​ണ വേ​ണ്ടേ​ത്...,” അ​പ്പ​നെ അ​വ​ള്‍ തി​രു​ത്തി.

“...ന്നാ​ലും എ​നി​ക്ക​വ​നെ ഇ​ഷ്ടാ...”

അ​വ​ളു​ടെ ക​വി​ളി​ണ​യി​ലൊ​രു നാ​ണ​ക്കു​മ്പി​ള്‍ വി​രി​ഞ്ഞു.

“നി​ന്‍റ​മ്മേ​ടെ ചി​രി​യാ നെ​ന​ക്ക്...”

അ​പ്പ​നി​ലൊ​രു പൊ​തി വേ​ദ​ന ക​ന​ത്ത​ത് അ​വ​ള​റി​ഞ്ഞു. ചൊമ​രു​മേ​ല്‍ വെ​ച്ച ഫോ​ട്ടോ​യി​ലി​രു​ന്ന് മ​രി​ച്ചു​പോ​യ അ​മ്മ​യാ​യി പാ​റു മ​ന്ദ​ഹ​സി​ച്ചു.

എ​ബി​യു​ടെ ക​ല്യാ​ണം ഉ​റ​പ്പി​ച്ച​ത​റി​ഞ്ഞ​പ്പോ​ള്‍ അ​വ​ള്‍ ചി​രി​ച്ച​തേ​യു​ള്ളൂ. രാ​ത്രി ആ​രും കാ​ണാ​തെ പു​ഴ​യി​ലി​റ​ങ്ങി മു​ങ്ങി​ക്കി​ട​ന്നു. ക​ണ്ണീ​രി​റ​ങ്ങി പു​ഴ​യൊ​ന്നു​ല​ഞ്ഞു. അ​ല​റി​ത്തെ​റി​ച്ചൊ​രു പ​ന്തു​പോ​ലെ ക​റ​ങ്ങി​യു​രു​ണ്ട് വ​ടി​യി​ല്‍ തൂ​ങ്ങി ഞൊ​ണ്ടി​ക്കൊ​ണ്ട് ക​രി പാ​ഞ്ഞു​വ​ന്നു. “മോ​ളേ...,” അ​യാ​ള്‍ പു​ഴ​യു​ടെ ആ​ഴ​ങ്ങ​ളി​ലേ​ക്ക് നീ​ട്ടിവി​ളി​ച്ചു. ഓ​ള​ങ്ങ​ളെ വെ​ട്ടി​മാ​റ്റി​ക്കൊ​ണ്ട് പൊ​ന്തി​ത്തെ​റി​ച്ചു പു​ള​ഞ്ഞു​പാ​ഞ്ഞൊ​രു ബ്രാ​ലാ​യി അ​വ​ള്‍ ജ​ല​സ​മാ​ധി​യി​ല്‍നി​ന്നും മ​ട​ങ്ങി​വ​ന്നു. വീ​ടി​നു മു​ന്നി​ലു​ള്ള കൊ​ട്ടി​ലി​ല്‍ കാ​ര്‍ന്നോ​ന്മാ​ര്‍ക്ക് വീ​ത് വെ​ച്ചി​ട്ട് കൊ​ല്ലം കൊ​റെ​യാ​യി​രു​ന്നു. ഇ​പ്രാ​വ​ശ്യ​മെ​ങ്കി​ലും അ​ത് മു​ട​ങ്ങാ​തെ ന​ട​ത്ത​ണ​മെ​ന്ന് അ​വ​ള്‍ ഓ​ര്‍ത്തു. പ​റ്റു​മെ​ങ്കി​ലൊ​രു തോ​റ്റ​വും കൂ​ടി ന​ട​ത്ത​ണം.

കാ​ര്‍ന്നോ​ന്മാ​ര്‍ക്ക് വീ​തുവെ​ക്കാ​നു​ള്ള ക​ള്ള് വാ​ങ്ങാ​നാ​യാ​ണ​വ​ള്‍ ഷാ​പ്പി​ല് പോ​യ​ത്. അ​ന്നേ​രം അ​വി​ടൊ​രു ത​ര്‍ക്കം ന​ട​ക്കു​ക​യാ​യി​രു​ന്നു. വ​ട​ക്കേ​ലെ ലോ​ന​പ്പ​ന്‍ പ​റ​ഞ്ഞു: “ഇ​ന്ത്യ​ക്കാ​ര്‍ പ​ന്തു ക​ളി​ക്കു​ന്ന​ത് നി​ര്‍ത്ത​ണം! എ​ന്തൂ​ട്ടാ കാ​ര്യം? വ​ല്ല ക്രി​ക്ക​റ്റും ക​ളി​ച്ചാ​ല്‍ ട്രോ​ഫി കി​ട്ടും!”

ക​ള​രി​ക്ക​ലെ സ​ത്യ​ന്‍ തി​രി​ച്ച​ടി​ച്ചു: “എ​ന്തൂ​ട്ട് തേ​ങ്ങ​ക്ക്? ച​ത്താ​ലും ന​മ്മ​ള് പ​ന്തു​ക​ളി​ക്കും.”

“വേ​ള്‍ഡ് ക​പ്പ​ഡി​ക്ക്യോ?”

“ചെ​ല​പ്പോ അ​ടി​ച്ചൂ​ന്ന് വ​രും. ന്താ?”

“​അ​യി​ന് ഇ​ച്ചി​രി പു​ളി​ക്കും...”

ക​ള്ളു വാ​ങ്ങാ​ന്‍ ഷാ​പ്പി​ല്‍ മ​റ​ഡോ​ണ​യാ​യി ഷൈ​ല​ജ വ​ന്നു നി​ന്ന നി​മി​ഷം. സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​മൈ​താ​ന​ത്തും മ​ല​പ്പു​റ​ത്തെ സെ​വ​ന്‍സ് മൈ​താ​ന​ത്തും ഒ​രേ സ​മ​യ​ത്താ​ണ് വി​സി​ല​ടി മു​ഴ​ങ്ങി​യ​ത്. അ​ടി​വ​സ്ത്രം കാ​ണും​വി​ധം കാ​ലു​യ​ര്‍ത്തി ബെ​ഞ്ചി​ല്‍ ച​വു​ട്ടി, വ​ഴി ത​ട​ഞ്ഞു​നി​ന്നു​കൊ​ണ്ട് കൂ​ട്ടാ​ല​യ്ക്ക​ലെ മ​നോ​ജ് മാ​ഷ് അ​വ​ളോ​ട് ചോ​ദി​ച്ചു: “നീ​യാ ച​ത്തു​പോ​യ വെ​ടി​പ്പാ​റൂ​ന്‍റെ മോ​ള​ല്ലേ​ടീ? നെ​ന്‍റെ കൂ​ടോ​ത്രോം ചു​റ്റി​ക്ക​ള്യൊ​ക്കെ ഞ​ങ്ങ​ക്ക​റി​യാ​ട്രീ...”

ക​രു​വ​ന്നൂ​ര്‍ ലൈ​ബ്ര​റി​യി​ല്‍നി​ന്നു​മെ​ടു​ത്ത് വാ​യി​ച്ച ക​ഥാ​പു​സ്ത​ക​ങ്ങ​ളി​ല്‍ അ​വ​ള്‍ക്ക് ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട​ത് എ​ന്‍.എ​സ്. മാ​ധ​വ​ന്‍റെ ഹി​ഗ്വി​റ്റ ആ​യി​രു​ന്നു. വാ​യി​ച്ച് ചൂ​ടാ​റും മു​മ്പ​ത് തി​രി​ച്ചു കൊ​ടു​ത്തി​ട്ടേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ.

 

“കാ​ലെ​ടു​ക്ക്. ഇ​ല്ലേ​ല്‍ നി​ന്നെ ത​ല്ലാ​ന്‍ എ​നി​ക്കൊ​രു ഗീ​വ​ര്‍ഗീ​സ​ച്ച​ന്‍റേം കൂ​ട്ടു​വേ​ണ്ട.”

അ​വ​ള​തു പ​റ​ഞ്ഞ​പ്പോ​ള്‍ ത​ന്നെ മാ​ഷൊ​ന്ന് ചൂ​ളി. ഗോ​ള്‍ പോ​സ്റ്റി​ലേ​ക്ക് മി​ഡ്ഫീ​ല്‍ഡി​ല്‍നി​ന്നും ഒ​റ്റ​ക്കു പ​ന്തു​മാ​യി കു​തി​ക്കു​ന്ന മ​റ​ഡോ​ണ ചു​റ്റി​ലു​മൊ​രു ദൈ​വ​വി​ളി​യാ​യി നി​റ​ഞ്ഞു.

“അ​വ​ള് മ​റ​ഡോ​ണ്യാ​ട്രാ...,” ഇ​രു​ട്ടി​ല്‍ കൂ​ട്ട​ത്തി​ലാ​രോ പു​ച്ഛി​ച്ചു ചി​രി​ച്ചു.

പ്ര​മാ​ണി​യാ​യ മ​നോ​ജ് മാ​ഷി​നെ ത​ല്ലി​യ​തു ചോ​ദി​ക്കാ​ന്‍ കൈയിൽ കി​ട്ടി​യ​തൊ​ക്കെ എ​ടു​ത്ത് ഒ​രുകൂ​ട്ടം ആ​ണു​ങ്ങ​ള്‍ ഷൈ​ല​ജ​യു​ടെ വീ​ടു​തേ​ടി വ​രു​മ്പോ​ള്‍ അ​വി​ടെ​യൊ​രു മ​ര​ണ​ക്ക​ളി ന​ട​ക്കു​ക​യാ​യി​രു​ന്നു. പ്രേ​താ​ത്മാ​ക്ക​ളു​ടെ ലോ​ക​വും മ​രി​ച്ചു​ജീ​വി​ക്കു​ന്ന മ​നു​ഷ്യ​രും ത​മ്മി​ലൊ​രു അ​ന്ത്യ​മി​ല്ലാ​ത്ത പോ​രാ​ട്ടം. ത​ണു​ത്തു​റ​ഞ്ഞു മ​രി​ച്ചു​കി​ട​ന്ന ക​രി ബാ​ല​ന്‍റെ ശ​രീ​ര​ത്തി​നു ചു​റ്റി​ലു​മാ​യി മ​രി​ക്കാ​ത്ത ഓ​ർമ​ക​ളി​ല്‍ മു​ങ്ങി, ബ്ലാ​ഡ​ര്‍ പൊ​ട്ടി​യൊ​രു പ​ന്ത് ത​ട്ടി​ക്ക​ളി​ച്ചു നി​ന്നു ഇ​രു​ലോ​ക​വും.

“ആ​ര്‍ക്കാ​ണ്ട്രീ ഞ​ങ്ങ​ടെ മ​നോ​ജ് മാ​ഷെ ത​ല്ലാ​ന്‍ ധൈ​ര്യം?” എ​ന്നാ​ര്‍ത്തു വി​ളി​ച്ചു​വ​ന്ന ആ​ണ്‍കൂ​ട്ട​ത്തെ ക​ണ്ട​തും മ​രി​ച്ചി​ട​ത്തുനി​ന്നും പൊ​ങ്ങി​യെ​ഴു​ന്നേ​റ്റ്, പ​ള്ളി​മൈ​താ​ന​ത്തെ​ന്നോ​ണം വാ​യു​വി​ല്‍ ക​ര​ണം​മ​റി​ഞ്ഞു ചാ​ടി​വ​ന്നു മ​റ​ഡോ​ണ. അ​വി​ട​മ​പ്പോ​ളൊ​രു വെ​ണ്‍താ​ര​ക​ത്തി​ള​ക്കം നി​റ​ഞ്ഞു.

ദൈ​വാ​ത്ഭു​ത​ങ്ങ​ളി​ലൊ​ന്നും വി​ശ്വ​സി​ക്കാ​തെ കൂ​ട്ടം​കൂ​ടി അ​ട​ക്കം പ​റ​ഞ്ഞു​നി​ന്ന ആ​ണു​ങ്ങ​ളു​ടെ​യാ കൂ​ട്ട​ത്തി​ലേ​ക്ക് ആ​കാ​ശ​ത്തുനി​ന്നെ​ങ്ങോ ദൈ​വ​ത്തി​ന്‍റെ​യൊ​രു കൈ ​പ​റ​ന്നു​വ​ന്ന് പ​തി​ച്ചു. അ​തൊ​രു പെ​ണ്ണി​ന്‍റെ കൈയാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് അ​മ്പ​ര​ക്കും മു​മ്പ് ഷൈ​ല​ജ​യു​ടെ വീ​ടി​നു മു​ന്നി​ലെ മു​റ്റ​മൊ​രു വ​ലി​യ മൈ​താ​ന​മാ​യി മാ​റു​ക​യും അ​വി​ടെ​യൊ​രു സം​ഘം പെ​ണ്‍കു​ട്ടി​ക​ള്‍ ഫു​ട്ബോ​ള്‍ ക​ളി​ച്ചു​ല്ല​സി​ച്ചു ന​ട​ക്കു​ന്ന​താ​യും കാ​ണു​മാ​റാ​യി.

News Summary - weekly literature story