സ്വപ്നം
നൈറ്റ് ക്ലബിൽനിന്നും പുറത്തേക്കിറങ്ങിയ അവൻ, പടിക്കെട്ടിലെ ഓരോ പടിയായി ഇറങ്ങിക്കൊണ്ട് തനിക്ക് ചുറ്റുമുള്ളവരെ സൂക്ഷ്മമായി ശ്രദ്ധിച്ചു. അവനെ കടന്നുപോയവർ പഴയ വസ്ത്രങ്ങൾ ധരിച്ചിരുന്ന അവനെയും അവന്റെ താടിയെയും വിചിത്രമായി നോക്കിക്കൊണ്ട് നടന്നുപോയി. നൈറ്റ് ക്ലബിനകത്ത് ആരോ പൊട്ടിക്കരയുന്നതുപോലെ തോന്നിപ്പിച്ച സംഗീതത്തിന് മധ്യേ നൃത്തംചെയ്ത നർത്തകിയുടെ ആകർഷണീയമായ ചലനങ്ങൾ അവന്റെ ചെറുവികാരങ്ങളെയും മധുരസങ്കൽപങ്ങളെയും ഉണർത്തിയിരുന്നു. അവിടെ...
Your Subscription Supports Independent Journalism
View Plansനൈറ്റ് ക്ലബിൽനിന്നും പുറത്തേക്കിറങ്ങിയ അവൻ, പടിക്കെട്ടിലെ ഓരോ പടിയായി ഇറങ്ങിക്കൊണ്ട് തനിക്ക് ചുറ്റുമുള്ളവരെ സൂക്ഷ്മമായി ശ്രദ്ധിച്ചു. അവനെ കടന്നുപോയവർ പഴയ വസ്ത്രങ്ങൾ ധരിച്ചിരുന്ന അവനെയും അവന്റെ താടിയെയും വിചിത്രമായി നോക്കിക്കൊണ്ട് നടന്നുപോയി.
നൈറ്റ് ക്ലബിനകത്ത് ആരോ പൊട്ടിക്കരയുന്നതുപോലെ തോന്നിപ്പിച്ച സംഗീതത്തിന് മധ്യേ നൃത്തംചെയ്ത നർത്തകിയുടെ ആകർഷണീയമായ ചലനങ്ങൾ അവന്റെ ചെറുവികാരങ്ങളെയും മധുരസങ്കൽപങ്ങളെയും ഉണർത്തിയിരുന്നു. അവിടെ അവന് ദാഹം തോന്നിയതിനാൽ കുറേ ഗ്ലാസ് മദ്യം കുടിച്ചിരുന്നു. എത്ര ഗ്ലാസുകളാണെന്ന് അവന് ഓർമയില്ല. വീണ്ടും വീണ്ടും ദാഹത്തോടെ സ്വബോധം നഷ്ടപ്പെട്ടിരുന്ന അവൻ ആടിക്കൊണ്ടിരുന്നതിനോടൊപ്പം പിറുപിറുക്കുവാനും തുടങ്ങിയിരുന്നു.
ആ നൈറ്റ് ക്ലബിന്റെ ചുറ്റുപാടിനെ നശിപ്പിച്ചത് എന്താണെന്ന് അവന് മനസ്സിലായില്ല. ആ സംഗീതമാണോ? അവൾ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചെറിഞ്ഞ് നൃത്തംചെയ്തതാണോ? ഉപഭോക്താക്കളാണോ? അവനാണോ? അല്ലെങ്കിൽ മദ്യമോ?
നൈറ്റ് ക്ലബിനകത്തേക്ക് അവൻ ഇതിനുമുമ്പ് ഒരിക്കലും പോയിട്ടില്ല എന്നതിനാൽ അതിനകത്ത് ഇന്ന് എന്താണ് നടന്നതെന്ന് അവന് വ്യക്തമായില്ല. അത് അവന് പോകാനനുവാദമില്ലാത്ത ഇടമാണ്. അവൻ പോകാൻ മടിച്ചതും, അവൻ വെറുത്തതുമായ ഒരിടമായിരുന്നു എപ്പോഴും അത്.
നൈറ്റ് ക്ലബ് വിട്ട് അകന്ന് വളരെ ദൂരം നടന്ന അവൻ കുപ്പത്തൊട്ടികളുടെയും കുപ്പകളുടെയും ദുർഗന്ധം വമിക്കുന്ന ഇരുണ്ട തെരുവുകളിലും ഇടവഴികളിലും കൂടി കടന്നുപോയി. തിരിച്ചുനടക്കാൻ ഭയം എന്ന ഒന്നുമാത്രം ഇല്ലായിരുന്നെങ്കിൽ അവൻ ഉടനെ വീണ്ടും നൈറ്റ് ക്ലബിലേക്ക് തന്നെ തിരിച്ചുപോയിരിക്കും. കാരണം, ഇപ്പോൾ വീണ്ടും അവന്റെ ദാഹം വർധിച്ചിരുന്നു.
വീട്ടിൽ അവന്റെ ഭാര്യ അവനുവേണ്ടി ഉത്കണ്ഠയോടെ കാത്തിരിക്കും. അതിനാൽ, ഈ സന്ദർഭത്തിൽ അവൻ വീണ്ടും രാത്രി ഹോട്ടലിലേക്ക് പോകുവാൻ തുനിഞ്ഞില്ല. അവന്റെ സിരകളിലൂടെ ചൂടുരക്തം ഒഴുകിക്കൊണ്ടിരുന്നു. ആ ഇടവഴികളിലും നടപ്പാതയിലും അധികാരം ചെലുത്തുന്നതുപോലെ തോന്നിയ നർത്തകിയുടെ ചുണ്ടുകൾ സുന്ദരവും ആകർഷകവുമായി കാണപ്പെട്ടു. അതിനാലാണ് ഈ നിമിഷം അവന് ഒരു സ്വപ്നംപോലെ തോന്നിയത്. അതിനാൽ ഈ നിമിഷത്തെ പാഴാക്കാനോ നഷ്ടപ്പെടുത്തുവാനോ അവൻ ഭയന്നു. എങ്ങനെയോ വീട്ടിനടുത്തെത്തിയപ്പോൾ അവൻ ആടിയില്ല. നർത്തകിയുടെ മേനി, തോളുകൾ, ചുണ്ടുകൾ ഒക്കെ വീണ്ടും ഓർത്തെടുക്കുന്നതിനുവേണ്ടി അവൻ തന്റെ കണ്ണുകളടച്ച് നടക്കാനാഗ്രഹിച്ചു. ഇനിമേലിൽ അവളെ നേരിൽ കാണാനേ കിട്ടില്ലെന്ന് അവനറിയാം.
അവൻ ആ നർത്തകിയുടെ ദേഹത്തെക്കുറിച്ച് മാത്രം ചിന്തിച്ചില്ല. അവളുടെ ജീവിതം എങ്ങനെയായിരിക്കും എന്ന ചിന്തയും അവന്റെയുള്ളിൽ ഓടി. അവനെപ്പോലെതന്നെ അവളുടെ ഉള്ളിലും തന്നെ സംശയിക്കുന്ന സന്ദർഭങ്ങൾ ഉണ്ടാകുമോ എന്നവൻ ചിന്തിച്ചു. ഈ ചിന്ത വന്നപ്പോൾ അവൻ ഇരുട്ടിൽ മുങ്ങിക്കിടന്നിരുന്ന തന്റെ വീട്ടിലെത്തിയിരുന്നു. ഇവിടെയാണവൻ തന്റെ അകത്തിരയിളക്കത്തിൽനിന്ന് മോചിതനാകുവാൻ പോകുന്നത്. വാതിൽ തുറന്ന അവന്റെ ഭാര്യ തന്റെ മുഖം മൂടിയിരുന്ന മുഖാവരണം മാറ്റി അവന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി. അവൻ ഉത്കണ്ഠയോടെയും ഏതോ വിഷമത്തോടെയുമിരിക്കുന്നത് കാണപ്പെട്ടു.
അകത്തേക്ക് പോയ അവൾ തന്റെ മുഖാവരണം നീക്കിയിട്ട് ഒരു തട്ടം എടുത്ത് പുതച്ചു. ആ മുറി ചെറുതായതും ഒരു ചെറിയ കട്ടിലോടു കൂടിയതും വെറും നിലത്തോടെയും കാണപ്പെട്ടു. ജനാലയിലൂടെ കഠിനമായ തണുത്ത കാറ്റ് അകത്തേക്ക് വന്നുകൊണ്ടിരുന്നു. അവൻ ഇപ്പോഴും മുറിയുടെ മധ്യത്തിൽനിന്നുകൊണ്ട് അവളെത്തന്നെ നോക്കിക്കൊണ്ടിരുന്നു. അവളുടെ കഴുത്തിനെയും മുഖത്തെയും ചുറ്റിയിരുന്ന കറുപ്പുതട്ടത്തിന്റെ അരികുകളിലുള്ള പരുത്തിനൂൽ കഷണങ്ങൾ അവളുടെ നെറ്റിയിൽ തൂങ്ങിക്കിടന്നിരുന്നു. അവ കണ്ടപ്പോൾ അവന് വെളുത്തതും ചെറുതുമായിരുന്ന ആ നർത്തകിയുടെ പല്ലുകൾ ഓർമവന്നു.
‘‘ഭക്ഷണം കഴിച്ചോ?’’
‘‘ഇല്ല. എനിക്ക് വിശക്കുന്നു.’’
അവൻ അവളെ സൂക്ഷിച്ചുനോക്കി.
‘‘തലയിൽനിന്ന് തട്ടം എടുത്ത് നിന്റെ തോളത്തിട്.’’
അവൾ പേടികൊണ്ട് വിറച്ചു. അവളുടെ ആ പേടി കണ്ട്, അവൾ തന്നെ സ്നേഹിക്കുന്നത് അവൻ മനസ്സിലാക്കി. അവന്റെ മനഃക്ലേശം അൽപം കുറഞ്ഞു.
അവൾ സാവധാനം അവിടെനിന്നും നീങ്ങി. അകത്ത് പാത്രങ്ങളുടെ ശബ്ദം കേട്ടു.
‘‘മകനെവിടെ?’’
‘‘നാളെ ലീവല്ലേ. അവൻ എന്റെ ഉമ്മവീട്ടിലേക്ക് താമസിക്കുവാൻ പോയിരിക്കുകയാണ്.’’
‘‘ഇവിടെ വാ. എനിക്കിപ്പോൾ ഭക്ഷണം വേണ്ട. ഞാൻ പറയുന്നത് കേൾക്ക്. നമ്മുടെ വിവാഹം കഴിഞ്ഞ നാൾ മുതൽ ഇപ്പോൾ വരെയും നിനക്ക് കിട്ടിയ നിന്റെ എല്ലാ വസ്ത്രങ്ങളും എനിക്കിപ്പോൾ കാണണം. അവ ഒന്നൊന്നായി നീ അണിയുന്നത് എനിക്ക് കാണണം.’’
അവന്റെ ശബ്ദം അവളെ പേടിപ്പിച്ചു. എങ്കിലും അവന്റെ അടുത്തെത്തിയ അവൾ അവനെ സൂക്ഷിച്ചുനോക്കി. അവന്റെ ശ്വാസത്തിൽനിന്നും മൂക്കിൽനിന്നും മീശയിൽനിന്നും മദ്യത്തിന്റെ മണം പുറപ്പെടുന്നതറിഞ്ഞു. അവനും അവളെ തൊടാതെ അവളെത്തന്നെ നോക്കിക്കൊണ്ടിരുന്നു.
‘‘കുടിച്ചിട്ടുണ്ടോ? നിങ്ങൾ എന്താ ഉറങ്ങാത്തത്?’’
‘‘ഇല്ലയില്ല. ഞാൻ സന്തോഷത്തോടെ തന്നെയാണുള്ളത്. ഈ നിമിഷത്തിൽ നീ സന്തോഷവതിയായിരിക്കണം. ഞാൻ ഇങ്ങനെ ഈ കട്ടിലിൽ ഇരുന്ന് നീ നിന്റെ വസ്ത്രങ്ങൾ മുഴുവനും ധരിക്കുന്നത് കാണാൻ പോകുന്നു’’ എന്ന് അവന്റെ ഭ്രാന്തമായ ശബ്ദം ഉറക്കെ മുഴങ്ങി.
തന്റെ ഭർത്താവിന് എന്തോ മനസ്സ് ശരിയല്ലെന്ന് അവൾക്ക് മനസ്സിലായി. അവന്റെ പിടിവാശിയോടെയുള്ള തീരുമാനങ്ങളെ തന്നെക്കൊണ്ട് മാറ്റാനാവില്ല എന്ന് അറിയാവുന്ന അവൾ അവനെ അനുസരിക്കുവാൻ തീരുമാനിച്ച് കട്ടിലിനടിയിലുള്ള ഒരു വലിയ തുണിക്കെട്ട് അവൾ പുറത്തേക്ക് വലിച്ചെടുത്ത് അത് അഴിക്കാൻ ശ്രമിച്ചു.
‘‘ഇങ്ങോട്ട് താ. ഞാൻ തന്നെ നിന്റെ വസ്ത്രങ്ങൾ നോക്കാം. നിനക്കുവേണ്ടി ഞാൻ തെരഞ്ഞെടുത്തുതരാം.’’
‘‘ഈ പാതിരാക്ക് എന്നെ പുറത്തെവിടെയെങ്കിലും കൂട്ടിക്കൊണ്ടു പോവുകയാണോ?’’
‘‘അതെ കുറച്ചുനേരത്തേക്ക്. ഇത് നിനക്ക് സന്തോഷം നൽകുന്നില്ലേ?’’
അവൾ കുറേനേരം ഒന്നും പറയാതെ തന്റെ തുണികളെത്തന്നെ തുറിച്ചുനോക്കിക്കൊണ്ട് ഇരുന്നു. പിന്നെ തന്റെ തുണിക്കെട്ട് അവന്റെ മുന്നിലേക്ക് നീക്കിവെച്ചു. അവന്റെ മദ്യത്തിന്റെ മണം ആ മുറിമുഴുവൻ നിറഞ്ഞ് അവളെ ശ്വാസം മുട്ടിച്ചു.
‘‘എനിക്ക് ഭ്രാന്താണെന്ന് വിചാരിക്കുകയാണോ?’’
‘‘അയ്യോ, ഇല്ല. പടച്ചവൻ കാക്കട്ടെ! എന്നാൽ, നിങ്ങൾ തളർന്നുപോയിരിക്കുന്നു.’’
ആ പൊതിയിൽനിന്ന് അവളുടെ വസ്ത്രങ്ങൾ അവൻ ഓരോന്നായി പുറത്തേക്കെടുക്കുവാൻ തുടങ്ങി. മുൻഭാഗത്ത് പാചകക്കറകൾ പുരണ്ട ഒരു വസ്ത്രം. മുതുകുഭാഗത്ത് കീറിയിരിക്കുന്ന ഒരു വസ്ത്രം. നിറം മങ്ങിപ്പോയ അടിവസ്ത്രങ്ങളാണ് അതിലുണ്ടായിരുന്നത്. അത് കണ്ടപ്പോഴാണ് തങ്ങൾ എത്ര ദരിദ്രരാണ് എന്നത് അവൻ പെട്ടെന്ന് ബോധവാനായത്.
‘‘ഈ രണ്ടു വസ്ത്രങ്ങളും ഒന്നിന് മുകളിൽ ഒന്നായി ധരിക്ക്’’ എന്നവൻ ഉത്തരവിട്ടു.
അവൾ ഒരു വസ്ത്രമെടുത്ത് ധരിക്കുവാൻ തുടങ്ങി. പിന്നെ മുറിയുടെ മധ്യത്തിൽനിന്നിരുന്ന അവനെ അവൾ ചോദ്യഭാവേന നോക്കി. തുടർന്ന് തനിക്ക് ശ്വാസംമുട്ടുന്നതുപോലെ തോന്നി. വസ്ത്രങ്ങൾ വേഗത്തിൽ ധരിച്ച് അവൾ വീണ്ടും തട്ടമെടുത്ത് തന്നെ പുതപ്പിച്ചു.
‘‘അങ്ങനെത്തന്നെ ഈ മുറിയെ ചുറ്റിയിട്ടു വാ. നിനക്കിഷ്ടപ്പെട്ട ഏതെങ്കിലും പാട്ട് പാട്’’, അവൻ പറഞ്ഞു. ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു. എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണ്. എന്നാൽ, എനിക്കിന്ന് നിങ്ങളെ നോക്കാൻ ഭയമായിരിക്കുന്നു. നിങ്ങൾക്ക് എന്താണ് വേണ്ടത്? എനിക്ക് ഉറക്കം വരുന്നു. നിങ്ങളും തളർന്നുപോയിരിക്കുന്നു’’ എന്നുപറഞ്ഞ അവളുടെ കൈകളും കാലുകളും ഭയത്താൽ വിറച്ചുകൊണ്ടിരുന്നു. ‘‘ആദ്യം ആ തട്ടം വലിച്ചെറിയ്’’ എന്ന് അവന്റെ ശബ്ദം ഉറക്കെ മുഴങ്ങി.
തുടർന്ന് അവൻ സാവധാനം എഴുന്നേറ്റുനിന്ന് അവളെ നേർക്കുനേർ നോക്കി. അവളുടെ തലയെ മൂടിയിരുന്ന തട്ടം അഴിച്ച് അവളുടെ തോളത്തേക്കിട്ടു. പിന്നീട് അവളുടെ നീണ്ട മുടിയിലൂടെ തന്റെ വിരലുകളോടിച്ചു. അത് ശുദ്ധമായും തിളക്കത്തോടെയും മൈലാഞ്ചിമണത്തോടെയും കിടന്നിരുന്നു. മൂർധാവിൽനിന്നും ഇരുഭാഗത്തേക്കും വകഞ്ഞെടുത്ത് മുടി മെടഞ്ഞിട്ടിരുന്നു. ‘‘ചീപ്പ് താ...’’
അവൾ ഉടനെ ചീപ്പെടുത്ത് അവന് നൽകി. അവളുടെ തോൾ കടന്ന് തൂങ്ങിക്കൊണ്ടിരുന്ന മെടയലുകൾ ഓരോന്നായി അഴിച്ച് അവൻ ആ ചീപ്പുകൊണ്ട് അവളുടെ മുടി ചീകി. അത്ഭുതത്തോടെ അവനെ നോക്കിക്കൊണ്ടിരുന്ന അവളുടെ മുഖം ചുവന്നിരുന്നു. അവളുടെ തട്ടം പറിച്ച് അവൻ നിലത്തെറിഞ്ഞിട്ട് അൽപം മാറിനിന്ന് അവളെ നോക്കി. ‘‘ഇപ്പോൾ ഈ മുറിയെ ചുറ്റി സാവധാനം നടന്നുവാ. നിന്റെ തലമുടി നിന്റെ മുഖത്തിന്റെ ഇരുഭാഗങ്ങളിലും വീഴട്ടെ’’, അവൻ പറഞ്ഞു. അവൾ മടിച്ചുനിന്നിരുന്നു. അവന്റെ ശബ്ദം വീണ്ടും മുമ്പത്തേക്കാൾ ഉയർന്നു മുഴങ്ങി.
‘‘ഞാൻ പറയുന്നത് ചെയ്യ്!’’
അവന്റെ ആ ഉത്തരവിന് കീഴ്പ്പെടാൻ അവൾക്കായില്ല. അവൾ തന്റെ മുഖത്ത് വീണിരുന്ന മുടി ഒതുക്കി കൊന്ത കെട്ടി. അതിനകം അടുത്ത ഉത്തരവും ഉറക്കെ മുഴങ്ങി. ‘‘ഇപ്പോൾ നീ ധരിച്ച വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചുകളയ്’’ എന്നു പറഞ്ഞുകൊണ്ട് അവൻതന്നെ അടുത്തേക്ക് വന്ന് അത് അഴിക്കാൻ ശ്രമിച്ചു. അവൾ അവ അഴിച്ചപ്പോൾ, അവളെ അപ്പോഴാണ് ആദ്യമായി കാണുന്നത് എന്നതുപോലെ അവൻ തുറിച്ചുനോക്കിക്കൊണ്ടുനിന്നു. പിന്നെ, ‘‘നിന്റെ നൈറ്റ് ഗൗണും അഴിച്ചിട്’’ എന്നവൻ പറഞ്ഞു.
അവൾ നിശ്ശബ്ദയായി ചില ഞൊടികൾ അവനെത്തന്നെ ഭയത്തോടെ തുറിച്ചുനോക്കിക്കൊണ്ടു നിന്നു. എന്തുതന്നെ, അവൻ അവളുടെ ഭർത്താവാണെങ്കിലും, ലജ്ജ അവളെ വിഴുങ്ങിനിന്നു. അതവൻ മനസ്സിലാക്കില്ലേ എന്നവൾക്കു തോന്നി. അവൾ തന്റെ നൈറ്റ്ഗൗൺ അഴിക്കുവാൻ മടിച്ച് ശിലപോലെ അങ്ങനെതന്നെ നിന്നു. അവൻ അവളുടെ അടുത്തേക്ക് വന്നു. അവൾ തന്റെ കണ്ണുകൾ ഇറുക്കിയടച്ചിരിക്കുന്നത് അവൻ കണ്ടു. മുറിയിലെ വെളിച്ചം അവനെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു.
നൈറ്റ് ക്ലബിൽ ആ നർത്തകി മങ്ങിയ വെളിച്ചത്തിലാണ് തന്റെ തോളുകളും മാറിടവും കുലുക്കി കുലുക്കി കാലുകളിളക്കി നൃത്തംചെയ്തത്. തന്റെ വസ്ത്രങ്ങൾ അഴിച്ചെറിയുന്നതിനു മുമ്പ് വളരെ നേരം ഉപഭോക്താക്കളെ മുന്നും പിന്നുമായി അവൾ ചുറ്റിച്ചുറ്റി വന്നു. മേക്കപ്പൊന്നും ഇല്ലാത്ത തന്റെ ഭാര്യയുടെ സുന്ദരമായ മുഖം ഇപ്പോൾ കൂടുതൽ സുന്ദരമായും വശീകരവുമായിരിക്കുന്നതായി അവന് തോന്നി. അവൾ ഇപ്പോൾ കണ്ണുകൾ തുറക്കരുതേ എന്നവനാഗ്രഹിച്ചു.
ആ നർത്തകി നൃത്തം ചെയ്തുകൊണ്ടിരിക്കുമ്പോഴേ മരിച്ചുപോവുകയാണെങ്കിൽ അവളുടെ ദേഹവും ഇങ്ങനെ നടങ്ങുമോ? ആദ്യമായി അവൾ തന്റെ മുലക്കച്ച അഴിച്ചതിനുശേഷവും വളരെ നേരത്തേക്ക് ഉപഭോക്താക്കൾക്ക് അവൾ തന്റെ മുതുകാണ് കാണിച്ചുകൊണ്ടിരുന്നത്. ആ നേരത്ത് ആ നൈറ്റ് ക്ലബിന്റെ എല്ലാ മൂലകളിൽനിന്നും അവൻ അതുവരെ കേട്ടിട്ടില്ലാത്ത രീതിയിൽ, അവനറിയാത്ത സംഗീതോപകരണങ്ങളിൽനിന്ന് ഉയർന്ന സംഗീതമാണ് ഉറക്കെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരുന്നത്.
‘അവൾ തന്റെ കണ്ണുകൾ മൂടിക്കൊണ്ടിരുന്നപ്പോൾ’, ‘അവൾ ഒരു ശവംപോലെയാണ് തോന്നിയത്’ എന്ന് അവന് തോന്നി. പിന്നീട് ആ നർത്തകി മുന്നോട്ട് നടന്നുകൊണ്ട് തന്റെ വസ്ത്രങ്ങൾ ഒന്നൊന്നായി അഴിച്ചുകൊണ്ടിരുന്നു. പല നിറങ്ങളിൽ ത്രികോണാകൃതിയിലും ചതുരാകൃതിയിലും വൃത്താകൃതിയിലും രൂപപ്പെട്ടുകൊണ്ടിരുന്ന വിളക്കുവെളിച്ചങ്ങൾ അവന്റെ കാഴ്ചയെ മങ്ങിയതാക്കിക്കൊണ്ടിരുന്നു. അതിനാൽ, അവന് അവളുടെ ശരീരത്തെ പൂർണമായി കാണാനായില്ല. സംഗീതം ഉയർന്നുകൊണ്ടിരുന്നു. തന്റെയുള്ളിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന തീയെ എങ്ങനെ അണയ്ക്കും എന്നറിയാതെ, ആരോടും സംസാരിക്കുവാനും ഇഷ്ടപ്പെടാതെ ആ നേരത്തേ അവൻ പരിഭ്രമിച്ച് ആ നൈറ്റ് ക്ലബിനകത്ത് നിന്നിരുന്നു. അവന് താൻ അപമാനിക്കപ്പെട്ടതുപോലെയും ഇളിഭ്യനാക്കപ്പെട്ടതുപോലെയും തോന്നി.
അവൻ തന്റെ ഭാര്യയുടെ അരികിലേക്ക് ചെന്ന് അവളുടെ നൈറ്റ്ഗൗൺ ബലമായി അഴിക്കുവാൻ ശ്രമിച്ചു. വേറെ വഴിയില്ലാതെ അവൾ മടിയോടെ അവന് വഴങ്ങി. അവൻ അവളുടെ നൈറ്റ്ഗൗൺ തലയിലൂടെ ഊരിയെടുത്തപ്പോൾ അവളുടെ തലമുടി അലങ്കോലമായതോടൊപ്പം അവളുടെ മുഖത്തും കണ്ണുകളിലും കാണപ്പെട്ട വികാരങ്ങളും മാറിയിരുന്നു. അവൾ വിറയലോടെയും ദേഷ്യത്തോടെയും തന്റെ അടിവസ്ത്രങ്ങളോടെ അവന്റെയരികിൽനിന്നും അൽപം മാറി തനിച്ചുനിന്നു. പിന്നീട് നിലത്തുകിടന്ന തന്റെ വസ്ത്രക്കൂമ്പാരത്തിലേക്ക് അങ്ങനെത്തന്നെ ചലനമറ്റ് വീണുകിടന്നു. തുടർന്ന്, നഗ്നമായ തന്റെ ശരീരത്തെക്കുറിച്ചുള്ള വേദനയോടൊപ്പം ലജ്ജയും ഉണ്ടായ അവൾ തലകുനിച്ച് തന്റെ കണ്ണുകൾ തുടച്ചു. അവളുടെ രൂപം അവളുടെ നിസ്സഹായാവസ്ഥയെ പ്രതിഫലിപ്പിച്ചു.
ഏതൊരവസ്ഥയിലും തന്നെ സമാധാനിപ്പിച്ചുകൊണ്ട് അതിനനുസരിച്ച് ജീവിക്കുന്ന ഒരു സാധാരണ സ്ത്രീയാണവൾ. അവൾ പരിഭ്രമിച്ച് നിന്നിരുന്നു. നടന്നവയും അവന്റെ സ്വപ്നങ്ങളും പെരുമാറ്റരീതികളും അവന്റെ മനസ്സിൽ കുന്നുകൂടി അവന്റെയുള്ളിൽ കുഴപ്പം സൃഷ്ടിച്ചു. അവന്റെ പുറംകാഴ്ചയിൽ അവൻ അകമേ ഏതോ കഠിന വേദനയാൽ പിടഞ്ഞുകൊണ്ടിരിക്കുന്നതുപോലെ കാണപ്പെട്ടു. തന്റെ തലയിലും നെഞ്ചത്തും കൈകൊണ്ട് ഉറക്കെ അടിച്ചുകൊണ്ട് അവൻ ഉറക്കെ പൊട്ടിക്കരയുവാൻ തുടങ്ങി.
(മൊഴിമാറ്റം-ഷാഫി ചെറുമാവിലായി)
========
ആലിയ മംദൂഹ്
ഇറാഖി എഴുത്തുകാരിയും മാധ്യമപ്രവർത്തകയും നോവലിസ്റ്റുമായ ആലിയ മംദൂഹ് 1944ൽ ബഗ്ദാദിൽ ജനിച്ചു. മുസ്തൻ സിർയാ സർവകലാശാലയിൽനിന്ന് സൈക്കോളജിയിൽ ബിരുദം നേടിയശേഷം ഇറാഖി പത്രങ്ങളിലും മാസികകളിലും പത്രാധിപയായി ജോലിചെയ്തു. തുടർന്ന് ലബനാൻ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറി. ഇപ്പോൾ ഫ്രാൻസിൽ താമസിക്കുന്ന ഇവരുടെ ആദ്യ കഥാസമാഹാരം 1973ൽ പുറത്തുവന്നു. പിന്നീട് പല കഥാസമാഹാരങ്ങളും ലേഖനസമാഹാരങ്ങളും നോവലുകളും പ്രസിദ്ധീകരിച്ചു. ‘The Loved Ones’ എന്ന നോവലിന് ‘നജീബ് മഹ്ഫൂസ് സാഹിത്യ അവാർഡ്’ ലഭിച്ചു. മറ്റൊരു നോവൽ സാർവദേശ ബുക്കർ പ്രൈസ് പട്ടികയിൽ ഇടംപിടിച്ചു.