ഫൂ
അച്ഛന്റെ പെങ്ങൾ ജയ അപ്പച്ചി എനിക്ക് ജീവനാണ്. അപ്പച്ചിയുടെ വായ്ക്കുള്ളിൽ മഴവില്ലുണ്ടായിരുന്നു. അവള് വായിൽ വെള്ളം നിറച്ച് മുഖം വെയിലത്തോട്ട് കാണിച്ച് ‘‘ഫൂ...’’ എന്നു ചെയ്യുമ്പോൾ മഴവില്ലുദിക്കുമായിരുന്നു. ഞാനപ്പോൾ കൈയടിക്കും. “ജയ അപ്പച്ചി ഫൂ... ജയ അപ്പച്ചി ഫൂ...” എന്ന് ദിവസവും ഞാനവളോട് കേണപേക്ഷിക്കുമായിരുന്നു. ഞാന്‍ അവളെപ്പോലെ ഫൂ... ചെയ്ത് മഴവില്ലുണ്ടാക്കാന്‍ പ്രയത്നിക്കുമെങ്കിലും അത് ഉദിക്കുമായിരുന്നില്ല. ശ്രമിച്ചു ശ്രമിച്ച് നിരാശനാകുമായിരുന്ന ഞാന്‍,...
Your Subscription Supports Independent Journalism
View Plansഅച്ഛന്റെ പെങ്ങൾ ജയ അപ്പച്ചി എനിക്ക് ജീവനാണ്. അപ്പച്ചിയുടെ വായ്ക്കുള്ളിൽ മഴവില്ലുണ്ടായിരുന്നു. അവള് വായിൽ വെള്ളം നിറച്ച് മുഖം വെയിലത്തോട്ട് കാണിച്ച് ‘‘ഫൂ...’’ എന്നു ചെയ്യുമ്പോൾ മഴവില്ലുദിക്കുമായിരുന്നു. ഞാനപ്പോൾ കൈയടിക്കും. “ജയ അപ്പച്ചി ഫൂ... ജയ അപ്പച്ചി ഫൂ...” എന്ന് ദിവസവും ഞാനവളോട് കേണപേക്ഷിക്കുമായിരുന്നു. ഞാന്‍ അവളെപ്പോലെ ഫൂ... ചെയ്ത് മഴവില്ലുണ്ടാക്കാന്‍ പ്രയത്നിക്കുമെങ്കിലും അത് ഉദിക്കുമായിരുന്നില്ല. ശ്രമിച്ചു ശ്രമിച്ച് നിരാശനാകുമായിരുന്ന ഞാന്‍, തിണ്ണയില്‍ കയറി മുഖം വീർപ്പിച്ച് താടിയില്‍ കൈയുംവെച്ച് ഇരിക്കും. അപ്പോള്‍ അവള് ‘‘അച്ചോടാ എന്റെ രാജകുമാരാ... മുഖം വീർപ്പിച്ചിരിക്കുമ്പോ കാണാന്‍ എന്തൊരു ചന്തം’’എന്നു പറഞ്ഞ് കവിളത്ത് നുള്ളി കൊഞ്ചിക്കും. ‘‘നിന്റെ വായ്ക്കുള്ളില്‍ മഴവില്ല് വളർന്നിട്ടില്ല. നീ എന്നോളം വലുതാക്. അപ്പോ മഴവില്ലുദിക്കും’’ എന്ന് അവള് സമാധാനിപ്പിക്കുമായിരുന്നു.
ഞാന്‍ നിന്നയിടത്തുനിന്നുതന്നെ ജയ അപ്പച്ചിക്ക് എന്നെ തൊടാന്‍ പറ്റുമായിരുന്നു. അത്രയും പൊക്കമുണ്ടായിരുന്നു അവൾക്ക്. അപ്പച്ചിയുടെ മുമ്പില്‍ നിൽക്കുമ്പോള് അമ്മ അവളുടെ അനിയത്തിയെന്ന് തോന്നിക്കും. വയലിൽനിന്ന് വരുമ്പോള്‍ മുറ്റം നനഞ്ഞിരിക്കുന്നത് കണ്ടാൽതന്നെ അമ്മക്ക് ഞങ്ങള്‍ ഇരുവരും ഫൂ... കളിക്കുകയായിരുന്നുവെന്ന് മനസ്സിലാവും. അതറിഞ്ഞാല്‍ മതി, ‘‘ഹേയ് പിരാന്തി…. കല്യാണം കഴിഞ്ഞിരുന്നെങ്കില്‍ അഞ്ചാറ് പെറ്റ് ഏഴാമത്തേതിനും തയ്യാറാകുമായിരുന്നു. വയസ്സായിട്ടും പിള്ളേരുടെ കൂടെയുള്ള കളി നിർത്തീട്ടില്ല. മൂക്കിലാണെങ്കില്‍ പല്ലും മുളച്ചു...” എന്നെല്ലാം അമ്മ ജയ അപ്പച്ചിയെ ശകാരിക്കാന്‍ തുടങ്ങും. അപ്പോഴെല്ലാം ജയ അപ്പച്ചി ഫൂ... ചെയ്ത സ്ഥലമെല്ലാം വിശപ്പു മറന്ന് ചൂലെടുത്ത് അടിച്ചുവാരും. അന്നേരം പൊടിമണ്ണ് പുകപോലെ മേൽപോട്ടുയരും. പൊടിമണ്ണിന്റെ പുക എനിക്ക് വളരെയേറെ ഇഷ്ടമാണ്.
ആ പൊടിമണ്ണിന്റെ പുക കൈക്കുമ്പിളുകൊണ്ട് പിടിക്കുന്നതുപോലെ ചെയ്ത് ഭാംഗ് വലിക്കുന്നതുപോലെ അഭിനയിക്കും. അപ്പച്ചി അപ്പോള്‍ ദേഷ്യപ്പെട്ട്, ‘‘ഏയ് കുരങ്ങാ എന്താണീ കാണിക്കുന്നത്” എന്നു ചോദിച്ച് കൈയില്‍ അടിക്കും. അപ്പോള്‍ ഞാനെന്റെ മുഖം വീണ്ടും വീർപ്പിച്ച് തിണ്ണയില്‍ കയറി ചമ്രംപടിഞ്ഞിരിക്കും. ഇതുകണ്ട് അപ്പച്ചി ചൂല് തിണ്ണക്കടിയിലെ പൊത്തിൽ െവച്ചശേഷം തൊട്ടിയിൽനിന്ന് വെള്ളമെടുത്ത് കൈകഴുകുകയും പാവാടയില്‍ കൈയുരസി അടുത്തേക്ക് വരികയും ചെയ്യും. ഞാന്‍ ഒന്നൂടെ മുഖം വീർപ്പിക്കും. എന്റെ മുഖം പിടിച്ച് ‘‘മൺപുക ശ്വസിച്ചുവോ... വയറ്റിനുള്ളില്‍ കൃമി കടിക്കുന്നുവോ…” എന്നു ചോദിക്കും. അപ്പോഴും നനവുള്ള അവളുടെ കൈകളില്‍ മൺവാസന ബാക്കികിടപ്പുണ്ടായിരിക്കും. ഞാനാണെങ്കില്‍ അവളെന്റെ നെറ്റിയിലും കവിളുകളിലും തഴുകുന്നതിനായി കാത്തുനിൽക്കും.
എന്നാല്‍, ചിലപ്പോഴൊക്കെ അവള് എത്രകണ്ട് മുത്തം നൽകിയാലും എന്റെ അഹങ്കാരത്തിന് കുറവുണ്ടാവില്ല. വീണ്ടും വീണ്ടും ശാഠ്യം പിടിക്കണമെന്ന് തോന്നും. അവള് ‘‘തെറ്റുപറ്റി പൊന്നുമോനേ...’’ എന്നു ക്ഷമ ചോദിച്ചാലുമില്ല, “കാലു പിടിക്കണോ യജമാനാ...” എന്നു യാചിച്ചാലുമില്ല. “നീ എന്തിനാണെന്നെ തല്ലിയത്” എന്ന് ആവർത്തിച്ച് ചോദിച്ചു അവളെ ദേഷ്യം പിടിപ്പിക്കും. “ഇപ്പോ നിന്റെ ദേഷ്യം മാറാന്‍ എന്താണ് ചെയ്യേണ്ടത്?” എന്ന് ചോദിച്ചാല്‍ “ഒന്നും വേണ്ട. ഞാന്‍ പോകുന്നു” എന്ന് കൈവീശും. അപ്പോഴെല്ലാം അവൾക്ക് എന്നെ കൊന്നുകളയണമെന്ന് തോന്നുംവിധം കോപമിരച്ചു കയറും. കണ്ണുകള്‍ ചുവന്നു തുടുക്കും. ദ്രുതഗതിയില്‍ വീട്ടിനകത്തേക്ക് ചെന്ന് കുറച്ചുനേരം കഴിഞ്ഞ് അവള് തിരിച്ചുവരും.
എന്നിട്ട് “നോക്ക്, നീ ഇങ്ങനെ ചെയ്തുകൂട്ടിയാല്‍ ഞാന്‍ കിണറ്റില്‍ വീണ് ചാവും” എന്ന് ചേളുബാവി1യുടെ ഭാഗത്തേക്ക് കൈ കാണിക്കും. അപ്പോള്‍ എനിക്ക് തോൽക്കാന് മനസ്സ് വരുമായിരുന്നു. ചേളുബാവിയുടെ പേരു കേൾക്കുമ്പോള്‍തന്നെ എന്നില്‍ ഭയം നിറയും. ആ കിണറ്റില്‍ വെള്ളത്തിന് പകരം വെറും തേളുകള്‍ മാത്രമാണുള്ളതെന്ന് സ്കൂളില്‍ എന്റെ തൊട്ടടുത്തിരിക്കുന്ന പയ്യന് പറഞ്ഞിരുന്നു. ഞാനാണെങ്കില്‍ ആ കിണറിന്റെ പരിസരത്തേക്കുപോലും പോയിട്ടില്ല. അവിടെയെല്ലാം വേലികള്‍ പൊങ്ങിയിട്ടുണ്ട്. കൂടാതെ പിശാചുക്കള്‍ പാർക്കുന്ന പുളിമരവും അവിടെയാണുള്ളത്.
“കിണറ്റില്‍ വീണ് ചാവും” എന്ന് അപ്പച്ചി പറഞ്ഞപ്പോള്‍ എന്റെ ഹൃദയത്തില്‍ ഇടിത്തീ വീണതുപോലെ തോന്നി. എന്നാല്‍, മിണ്ടാതിരുന്നാലോ “ഞാന്‍ തീർച്ചയായും പോവും”എന്ന് വീണ്ടുമൊരു മുന്നറിയിപ്പ് നൽകും. എന്നിട്ടും അനങ്ങിയില്ലെങ്കില്‍ അവള് പോകുകതന്നെ ചെയ്യും. ഞാനപ്പോള്‍ “അങ്ങനെയെങ്കില്‍ നീയൊരു തവണ ഫൂ... ചെയ്തു കാണിക്ക്. എന്നാല്‍ എന്റെ ദേഷ്യം കുറയും” എന്ന് ഉറക്കെ പറയും. “നിനക്കിതൊരു പതിവുശീലമായിട്ടുണ്ട്. ‘‘ഫൂ...ഫൂ...” എന്നു വഴക്കു പറഞ്ഞ് അപ്പച്ചി എന്റെയടുത്തേക്ക് വരും. വന്ന് ചുവക്കുംവിധം എന്റെ മുഖത്ത് പിച്ചും.
കാരണമെന്തുമായിക്കൊള്ളട്ടെ, ദേഷ്യം വരുമ്പോഴൊക്കെ അപ്പന് ജയ അപ്പച്ചിയുടെ മുതുകില്‍ ഇടിക്കുമായിരുന്നു. “നീ കാരണമാണ് ഈ വീട് നശിച്ചത്. എന്തൊരു ശനിയാണ് നീ...” അമ്മ ദിവസം ഒരു പ്രാവശ്യമെങ്കിലും അപ്പച്ചിയെ വഴക്കു പറയാതിരിക്കില്ല. ഞാന്‍ അപ്പച്ചിയുടെ പക്ഷംപിടിച്ച് സംസാരിച്ചാല്‍ എനിക്കും അടി കിട്ടും. ഒരിക്കല്‍ അപ്പച്ചിയെ അനുകൂലിച്ച് സംസാരിച്ചതിന് അവളെയാണ് അമ്മ തല്ലിയത്. അതിനുശേഷം ഞാന്‍ ചുണ്ടനക്കുകപോലും ചെയ്യാറില്ല. അപ്പച്ചിയെ തല്ലുമ്പോഴെല്ലാം ഞാന്‍ നെൽചാക്കുകള്‍ കൂനകൂട്ടുന്ന മുറിയുടെ മൂലക്കുചെന്ന് ഇരിക്കും.
അപ്പനും അമ്മയും അപ്പച്ചിയെ എല്ലായ്പോഴും ‘‘ജയ്യി, പിരാന്തി, ശനിപിടിച്ചവള്, പല്ലുന്തി’’ എന്നു വിളിച്ചുകൂവും. അതിഥികള്‍ ആരെങ്കിലും വന്നാല്‍മാത്രം ‘‘ജയമ്മാ’’ എന്നു വിളിക്കുമായിരുന്നു. വീട്ടിലേക്ക് ആരെങ്കിലും വരുന്ന ദിവസം മാത്രം അമ്മ അവൾക്ക് ഊതനിറത്തിലുള്ള റവുക്കയും മഞ്ഞപ്പൂക്കളുള്ള വെള്ളപ്പാവാടയും ധരിക്കാന്‍ നൽകും. അപ്പന് അതിഥികൾക്ക് മുമ്പില്‍ “അവളുടെ തലേലെഴുത്താണെന്ന് വെച്ച് മിണ്ടാതിരിക്കുകയാണ്. അറിയാമോ” എന്ന് പറയും. “ഞങ്ങളുടെ ജയമ്മയുടെ ജീവിതം നീ ഇങ്ങനെ എന്തിനു ചെയ്തു ദൈവമേ...” എന്നും പറഞ്ഞ് അമ്മ കണ്ണീരൊലിപ്പിക്കും. സംസാരത്തിനിടക്ക് “ഇവള് ഞങ്ങളുടെ മകളെപ്പോലെ...” എന്നു പറഞ്ഞുകൊണ്ടേയിരിക്കും. അതിഥികള്‍ പുറത്തിറങ്ങുന്നതും “ഇതൊരു നാശംപിടിച്ച പല്ലുന്തി. എപ്പോഴും ഞങ്ങളുടെ കൂടെ പൊറുക്കാനായി” എന്നു പറഞ്ഞ് അപ്പച്ചിയുടെ മുഖത്തടിക്കുമായിരുന്നു.
ഒരു ഞായറാഴ്ച ദിവസം ബൈരാപുരത്തുള്ള ബന്ധുവായ ഒരപ്പൂപ്പന്‍ വീട്ടിലേക്ക് വന്നിരുന്നു. അദ്ദേഹത്തിനായി ചായയുണ്ടാക്കിക്കൊടുത്തു. അപ്പനും അമ്മയും അന്നും “ജയമ്മ ഞങ്ങളുടെ മകളെപ്പോലെ” എന്നു പതിവു പല്ലവി ആവർത്തിച്ചു. അപ്പച്ചി അടുക്കളയിലെ തൂണില്‍ ചാരിയിരിപ്പുണ്ടായിരുന്നു. ഞാന്‍ സ്കൂളില്‍ ഇരിക്കുന്നതുപോലെ കൈയും കെട്ടി അവളുടെയടുത്ത് ഇരുന്നു. ഞങ്ങൾക്ക് എതിർവശത്തായി ഭിത്തിയില്‍ ചാരി അമ്മയും ഇരുന്നിരുന്നു. അപ്പനും ബൈരാപുരയിലെ അപ്പൂപ്പനും പുറത്ത് തിണ്ണയിലിരുന്നുകൊണ്ട് വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നു. എനിക്കും അപ്പച്ചിക്കും അവര്‍ സംസാരിക്കുന്നതു കേൾക്കുന്നുണ്ടായിരുന്നെങ്കിലും അവരുടെ മുഖങ്ങള്‍ കാണുന്നുണ്ടായിരുന്നില്ല. വാതിൽക്കലുണ്ടായിരുന്ന അമ്മക്കു മാത്രം അവരിരുവരെയും കാണാമായിരുന്നു.
അപ്പൂപ്പന് അന്ന് “ജയമ്മ ഉണ്ടാക്കിയ ചായയാണെന്ന് തോന്നുന്നല്ലോ. വളരെ നന്നായിരിക്കുന്നു” എന്ന് അപ്പച്ചിയെ പ്രശംസിച്ചു. “ജയമ്മ വല്ലാതെ ക്ഷീണിച്ചിരിക്കുന്നല്ലോ” എന്നും പറഞ്ഞു. തുടർന്ന് “കൈയിലെന്തോ പൊള്ളലേറ്റതുപോലെയുണ്ടല്ലോ ജയമ്മേ?” എന്ന് ചോദിച്ചു. അപ്പോള്‍ അമ്മയുടെ മുഖം വല്ലാതെ ഇരുണ്ടു. അപ്പച്ചി “മിനിഞ്ഞാന്ന് കഞ്ഞി വീണതാണ് അപ്പൂപ്പാ...” എന്നു ഉറക്കെ പറഞ്ഞു. “അതെയോ… ശ്രദ്ധിക്കണം മോളെ...” എന്നു പറഞ്ഞ് അപ്പൂപ്പന് പുറപ്പെടാനൊരുങ്ങി. അന്നേരം അമ്മയോടായി “എല്ലാം ആ പരമേശ്വരന് വിചാരിച്ചപോലെയല്ലേ നടക്കൂ... സ്വന്തം മകളായി കണ്ട് അവളെ നന്നായി പരിചരിക്കൂ മോളെ...” എന്ന് അദ്ദേഹം നെടുവീർപ്പിട്ടു. അപ്പൂപ്പന് പുറപ്പെട്ടശേഷം അമ്മ എന്നോടായി “ചന്ദ്രാ... പുറത്തുകിടക്കുന്ന ആ കോപ്പ കൊണ്ടുവാ...” എന്നു പറഞ്ഞു. ഞാന്‍ അതു കൊണ്ടുവന്ന് അമ്മയുടെ കൈയിലേൽപിച്ചു. പൊടുന്നനെ അമ്മ കോപ്പയെ അപ്പച്ചിയുടെ നേർക്ക് വീശിയെറിഞ്ഞു. അത് ഉന്തിനിൽക്കുന്ന അപ്പച്ചിയുടെ രണ്ടു പല്ലുകൾക്ക് മീതെ വീണ് ടക്ക് എന്ന ശബ്ദം കേട്ടു. മേൽച്ചുണ്ട് മുറിഞ്ഞ് ചോര പൊടിയാന്‍ തുടങ്ങി. അപ്പച്ചി പാവാടയുടെ കോന്തല വായയിലിട്ടുകൊണ്ട് കരയാന്‍ തുടങ്ങി.
എന്നാല്‍, അപ്പച്ചി അമ്മയോടോ അപ്പനോടോ മറുത്തൊന്നും പറയുമായിരുന്നില്ല. കരയുന്നത്രയും കരഞ്ഞശേഷം നിശ്ശബ്ദയായിരിക്കും. പരിക്കുപറ്റിയാല്‍ അതില്‍ മഞ്ഞൾപ്പൊടി പുരട്ടും. അപ്പനും അമ്മയും ഭക്ഷണം കഴിക്കാന്‍ വിളിക്കുന്നതുവരെ വെറുതെ ഇരിക്കും. എന്നിട്ടും വന്നില്ലെങ്കില്‍ അമ്മ താലത്തില്‍ ചോറും കറിയുമൊഴിച്ച് ടപ്പേയെന്ന് അവളുടെ മുന്നിലേക്കിടും. എന്നിട്ടും കഴിച്ചില്ലെങ്കില്‍ ശകാരിക്കാന്‍ തുടങ്ങും. ചിലപ്പോഴൊക്കെ അപ്പച്ചിയുടെ മുന്നിലേക്കിടുന്ന ഭക്ഷണം നേരം പുലരുന്നതുവരെ അങ്ങനെതന്നെ കിടക്കുമായിരുന്നു.
പിറ്റേന്നു വൈകുന്നേരം ഹുസൈനി ദർഗയിലേക്ക് കുന്തിരിക്കം പുകയ്ക്കാന്‍ പോകുന്ന സമയത്ത് ഞാനവളോട് “രാത്രി മുഴുവനും ഉറങ്ങാതെ എന്തുചെയ്യുകയായിരുന്നു?” എന്നു ചോദിച്ചതിന് “ഹുൈസനി ഔലിയയുമായി വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു” എന്നു അവള് മറുപടി പറഞ്ഞു.
“എന്തു വർത്തമാനം?”
“അതോ... വിവാഹ കാര്യം.”
“അതെയോ... അപ്പോ എപ്പോഴാണ് നിന്റെ കല്യാണം?”
“ഞാന്‍ അദ്ദേഹത്തിന്റെയടുക്കലേക്ക് ചെന്നാല്‍ ഇപ്പോള്‍തന്നെ ചെയ്തു തരുമത്രേ.”
“അപ്പോള്‍ പിന്നെ പൊയ്ക്കൂടെ?”
“അയ്യോ... പോകുകയാണെങ്കില്‍ ഫൂ... ചെയ്ത് നിനക്ക് മഴവില്ല് ആരു കാണിച്ചുതരും?”
“അതു ശരിയാണല്ലോ” എന്ന് ഞാന്‍ വായ പൊളിച്ചുനിന്നു.
“നീ പെട്ടെന്നു തന്നെ ഫൂ... ചെയ്ത് മഴവില്ലുണ്ടാക്കാന്‍ പഠിച്ചോ. അതുകഴിഞ്ഞ് ഞാന്‍ പോവും.”
“അങ്ങനെയെങ്കില്‍ പഠിക്കുന്നേയില്ല” എന്നു പറഞ്ഞ് ഞാന്‍ മുഖം വീർപ്പിക്കും.
“അയ്യടാ മോനേ ഞാനൊരു കളവു പറഞ്ഞതല്ലെടാ...”
അവൾക്കെന്നെ ലാളിക്കാന്‍ തോന്നിയിരുന്നു. എന്നെ പൊക്കിക്കൊണ്ട് ഒക്കത്തിരുത്തും. എനിക്കാണെങ്കില്‍ നാണം തോന്നും. എന്റെ സഹപാഠികള്‍ കണ്ടാലോ എന്ന ചിന്ത എന്നെ പേടിപ്പെടുത്തുമായിരുന്നു. “അപ്പച്ചീ... താഴേയിറക്ക്. വേണമെങ്കില്‍ കാലുപിടിക്കാം” എന്നു പറയുമ്പോള്‍ അവള് താഴെയിറക്കും.
അന്നൊരു ഞായറാഴ്ചയായിരുന്നു. അപ്പച്ചി ചോളം പൊടിക്കുന്നുണ്ടായിരുന്നു. വലംകൈകൊണ്ട് അരക്കല്ലിന്റെ കുഴിയിലേക്ക് ചോളം ചൊരിച്ച് ഇടംകൈകൊണ്ട് കല്ല് തിരിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ ചോളമിട്ടുവെച്ചിരിക്കുന്ന കുട്ടയില്‍ അ ആ ഇ ഈ എന്ന് എഴുതിക്കളിച്ചു. കല്ലിനു ചുറ്റും വീഴുന്ന പൊടിയില്‍ എഴുതണമെന്ന ആഗ്രഹവും എന്നിലുണ്ടായി. അപ്പച്ചി വഴക്കു പറയുമെന്ന് കരുതി ഞാന്‍ മിണ്ടാതിരുന്നു. അന്നേരം എന്നിലൊരു ചിന്തയുദിച്ചു. “ചോളമാവുകൊണ്ട് ഫൂ... ചെയ്തു നോക്കിയാലോ? കട്ടിയുള്ളൊരു മഴവില്ലുണ്ടായേക്കും” –ഞാന്‍ പറഞ്ഞു. അവള് “മിണ്ടാതിരിയെടാ. അങ്ങനെയൊന്നും മഴവില്ലുണ്ടാവത്തില്ല. എല്ലായിടവും ചോളമാവ് വിതറിയാല്‍ നിന്റെയമ്മ എന്നെ ചൂലുകൊണ്ട് അടിക്കും” എന്ന് അവളെന്റെ ആഗ്രഹത്തിന് മങ്ങലേൽപിച്ചു. എനിക്കാണെങ്കില്‍ മാവുകൊണ്ട് ഫൂ... ചെയ്യണമെന്ന കൊതി മാത്രം. എന്നാല്‍, അപ്പച്ചി എന്റെ അഭ്യർഥന കേൾക്കുന്നേയില്ല.
ഏതോ ഒരു പാട്ടും മൂളി അവള് അരച്ചുകൊണ്ടിരിക്കുന്നതില് മുഴുകിയിരിക്കുമ്പോള്‍, മുഷ്ടിയില് ഒരൽപം ചോളമാവെടുത്ത് ഞാന്‍ പുറത്തേക്കോടി. “ചന്ദ്രാ... മുറ്റത്തേക്ക് ഓടല്ലേ... നിനക്കു പുണ്യം കിട്ടും” എന്നവള്‍ നിലവിളിച്ചെങ്കിലും അവളുടെ വാക്കുകള്‍ കേൾക്കാന്‍ എനിക്ക് സമയമില്ലായിരുന്നു. മുറ്റത്തു നിലയുറപ്പിച്ചുകൊണ്ട് ഫൂ... യെന്നു ചെയ്തുനോക്കി. എന്നാലോ ഒന്നും സംഭവിച്ചില്ല. ചോളപ്പൊടി മുഖത്തേക്ക് തെറിച്ചെന്നു മാത്രം. അപ്പച്ചി ചൂലും പിടിച്ചുകൊണ്ടുതന്നെ പുറത്തേക്ക് വന്നു. എന്റെ മുഖം കണ്ട് അവള് ചിരിക്കാന്‍ തുടങ്ങി. പൊടി തൂത്തുവാരിക്കൊണ്ടിരിക്കുമ്പോള്‍ “അച്ചള്ളി2 പോലെയുണ്ട്” എന്നു വീണ്ടും ചിരിച്ചു. അതിനിടെ അമ്മ വന്നു. എന്റെ ഹൃദയം നടുങ്ങിപ്പോയി. മുഖം തുടച്ചുകൊണ്ട് ഞാന്‍ ദേവിയുടെ അമ്പലത്തിലേക്കോടി. “നിക്കടാ കഴുതേ...” എന്നു അമ്മ വിളിച്ചുപറയുന്നത് മെല്ലെ കേൾക്കുന്നുണ്ടായിരുന്നു.
രാത്രി വീട്ടിലെത്തിയപ്പോള്‍ അമ്മയും അപ്പനും ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. അപ്പച്ചി നെല്ലറയില്‍ ചാക്കുകളിലേക്ക് ചാരി കണ്ണുകള്‍ മൂടിക്കൊണ്ട് ഇരിക്കുന്നു. ചീഞ്ഞ തക്കാളിപോലെയുണ്ടായിരുന്നു അവളുടെ കണ്ണുകള്‍. അമ്മ ശരിക്കും തല്ലിയിരിക്കണമെന്ന് തോന്നി. എന്തോ അപ്പോളെന്നെ അമ്മയും അപ്പനും ചീത്ത പറഞ്ഞില്ല. അമ്മ ഭക്ഷണം വിളമ്പി. അപ്പന് ഭക്ഷണം കഴിച്ചു തീർന്നിരുന്നില്ല. അവരിരുവരും ഒന്നും മിണ്ടുന്നില്ല. ആരുടെയോ വീട്ടിലേക്ക് വന്ന പ്രതീതിയുണ്ടായി. എനിക്ക് ഏറെയിഷ്ടമാണ് പാൽച്ചോറും അച്ചാറും. മൂന്നു നേരവും അതുതന്നെ കഴിക്കാന്‍ പറഞ്ഞാല്‍ ഞാന്‍ കഴിക്കും.
എന്നാല്‍, അന്നത്തെ ഭക്ഷണം ഒരു തരിപോലും രുചികരമായിരുന്നില്ല. പകുതിക്ക് നിർത്താന്‍ തോന്നി. ചീത്ത പറയുമെന്ന് കരുതി അൽപാൽപം വായില്‍ തിരുകി. അമ്മ “മതിയെങ്കില്‍ എണീറ്റ് പോ” എന്നു പറഞ്ഞു. ഞാന്‍ കൈകഴുകി എഴുന്നേറ്റു. വീണ്ടുമൊരു തവണ നെല്ലറയിലേക്ക് എത്തിനോക്കാന്‍ തോന്നി. ചീഞ്ഞ തക്കാളികളെക്കുറിച്ച് ഓർത്തപ്പോള്‍ വേണ്ടെന്നുവെച്ചു. നേരം പുലർന്നിട്ടും ഞാന്‍ പുതപ്പിനുള്ളിൽതന്നെ കണ്ണുകള്‍ മിഴിച്ച് കിടന്നു.
“എന്തിനാണ് അങ്ങനെ ചെയ്യാന്‍ പോയത്. ആഹാരം കഴിക്കാതെ മരിച്ചുപോയിരുന്നെങ്കിലോ?” എന്ന് അപ്പന് ചോദിക്കുന്നത് കേട്ടു. “ചാകുന്നെങ്കില്‍ ചാകട്ടെ. നിങ്ങൾക്കെന്തിനാണ് ആശങ്ക” എന്ന് അമ്മ പറയുന്നതും കേട്ടു. അന്നേരം അമ്മയുടെ മൂക്ക് എത്രത്തോളം വിലക്ഷണമായിരിക്കുമെന്ന സങ്കൽപം മനസ്സിലേക്ക് കടന്നുവന്നപ്പോള്‍ ഞാന്‍ കണ്ണുകളടച്ചു.
ഞാന്‍ എഴുന്നേറ്റ് സ്കൂളില്‍ പോകാന്‍ തയാറെടുത്തു. അപ്പോഴും അപ്പച്ചി മുറിയിൽനിന്ന് പുറത്തേക്ക് വന്നിരുന്നില്ല. ഞാന്‍ എത്തിനോക്കിയപ്പോള്‍ എന്നെ നോക്കി അവള് പുഞ്ചിരിച്ചു. “നിൽക്ക്” എന്നു പറഞ്ഞ് എഴുന്നേറ്റു വന്ന് അവളെന്റെ കൈപിടിച്ച് മുറ്റത്തേക്ക് കൂട്ടിക്കൊണ്ടു വന്നു. തൊട്ടിയിൽനിന്ന് ചെമ്പുപാത്രത്തില്‍ വെള്ളമെടുത്ത് നാലഞ്ചു തവണ ഫൂ... ചെയ്തു കാണിച്ചു. അമ്മ ബെഞ്ചിലിരുന്ന് നോക്കിക്കൊണ്ടിരിക്കുമ്പോള്തന്നെ അപ്പച്ചി ഫൂ… ചെയ്യുന്നത് കണ്ട് ഞാന്‍ ആശ്ചര്യപ്പെട്ടു. അതോടൊപ്പം എന്നില്‍ ഭയവുമുണ്ടായി. അപ്പച്ചി “മതിയോ? അതോ ഇനിയും കാണിക്കണോ?” എന്നു ചോദിച്ചു. ഞാന്‍ മതിയെന്നു പറഞ്ഞു. അപ്പോള്‍ എനിക്കവള് ഒരു ഭ്രാന്തിയെപ്പോലെ തോന്നി. എന്റെ മുഖം തഴുകുകയും തലയില്‍ തലോടുകയും ചെയ്തു. സമയം കടന്നുപോകുന്നുണ്ടെങ്കിലും അവളെന്നെ പോകാന്‍ അനുവദിച്ചില്ല.
“മതി. ചന്ദ്രപ്പാ പോ. കെട്ടഴിച്ചുവിട്ടാല് നിന്നെ പാവടയ്ക്കടിയിലും കയറ്റിയിരുത്തും ഈ പെഴച്ചവള്” അമ്മ ഇരുന്നിടത്തുനിന്ന് അനങ്ങാതെ പറഞ്ഞു. “ഹേയ് കുരങ്ങേ... നാക്കില്‍ എല്ലില്ലാന്നു വെച്ച് വായില്‍ തോന്നുന്നത് ഛർദിക്കേണ്ടാ... എന്റെ വയറ്റില്‍ പിറക്കേണ്ടവനായിരുന്നു ഇവന്. അബദ്ധത്തിലാണ് നിന്റെ വയറ്റില്‍ പിറന്നത്”, അപ്പച്ചി പ്രതികരിച്ചു. അന്നേരം കനലുപോലെയുണ്ടായിരുന്നു അവള്. കൈകള്‍ നടുങ്ങുന്നുണ്ടായിരുന്നു. അമ്മ വീണ്ടും അടിക്കുമെന്ന് എനിക്ക് ഭയം തോന്നി. അന്നായിരുന്നു അപ്പച്ചി ആദ്യമായി അമ്മയോട് എതിർത്ത് സംസാരിച്ചത്. അച്ഛന്റെ ശബ്ദംപോലെ പരുഷമായിരുന്നു അപ്പോൾ അവളുടെ സ്വരം. അമ്മക്ക് എന്തു തോന്നിയെന്നറിയില്ല, അവര്‍ നേരെ വീടിനകത്തേക്ക് ചെന്നു. കൈയില്‍ തടഞ്ഞത് എടുത്തുകൊണ്ടു വന്ന് തല്ലുമെന്നാണ് ഞാന്‍ കരുതിയത്. അപ്പച്ചി ഒരിക്കൽകൂടി ഫൂ… ചെയ്ത് മുഖം തഴുകി എന്നെ പറഞ്ഞയച്ചു.
സ്കൂളില്‍ ഇടവേളസമയത്ത് വെള്ളടാപ്പിനടുത്തേക്ക് ചെന്ന് ഒന്നു രണ്ടു തവണ ഫൂ... ചെയ്തു നോക്കുന്ന ശീലമുണ്ടെനിക്ക്. ഇന്ന് അങ്ങനെ ചെയ്തുനോക്കിയപ്പോള്‍ അത്ഭുതം, ഒരു മഴവില്ലുദിച്ചു! നേരെ വീട്ടിലേക്കോടി അപ്പച്ചിയോട് പറയണമെന്ന് തോന്നി. ഞാന്‍ വീണ്ടും വീണ്ടും ചെയ്തുനോക്കി. മഴവില്ലുകള്‍ ഉദിച്ചുകൊണ്ടിരുന്നു. ഞാന്‍ ആവേശത്തില്‍ തുള്ളിച്ചാടി. വെള്ളം കുടിക്കാന്‍ ടാപ്പിനടുത്തേക്ക് വന്ന ഒരു പയ്യന് “എന്തുപറ്റി?” എന്നു ചോദിച്ചു. ഞാന്‍ “ഇങ്ങോട്ടു വാ” എന്നു പറഞ്ഞ് അവനും മഴവില്ല് കാണിച്ചുകൊടുത്തു. അവന് വിസ്മയിച്ച് കൈയടിച്ചു. “ടേയ്, വായ്ക്കുള്ളില്‍ വല്ല നിറങ്ങളെന്തെങ്കിലും ഒളിപ്പിച്ചുവെച്ചിട്ടുണ്ടോ?” അവന്റെ ചോദ്യം കേട്ട് എനിക്കു ചിരിവന്നു.
ഞാന്‍ കള്ളം പറയുകയാണെന്ന് അവന് വിചാരിച്ചു കാണും. “എങ്ങനെയാടാ അത്രയും വ്യത്യസ്തമായ നിറങ്ങള്‍ വായയ്ക്കുള്ളില്‍ ഒളിപ്പിച്ചുവെക്കുന്നത്?” അവന് വീണ്ടും ചോദിച്ചു. “പിന്നെങ്ങനെയാണ് വെള്ളം മഴവില്ലായി മാറുന്നത്?” അവന്റെ സംശയം തീർന്നില്ല. “എനിക്കറിയില്ല. എന്റെയപ്പച്ചി പറയും. മുതിർന്ന ആളായിക്കഴിഞ്ഞാല്‍ വായ്ക്കുള്ളില്‍ മഴവില്ലുണ്ടാവുമെന്ന്. ഫൂ... ചെയ്താല്‍ പുറത്തേക്ക് വരുമത്രേ. ഞാനിന്ന് വലുതായെന്നു തോന്നുന്നു”, ഞാന്‍ മറുപടി പറഞ്ഞു. അതിന് അവന് “നീ വെറുതെ കളവു പറയുകയാണ്. എന്റെ അത്ര മാത്രമേയുള്ളൂ നീ. വലുതായിട്ടൊന്നുമില്ല” എന്നു പറഞ്ഞു. “വിശ്വസിക്കുന്നെങ്കില്‍ വിശ്വസിക്ക്. ഇല്ലെങ്കില്‍ വേണ്ട. എനിക്കെന്തുണ്ട്” എന്നു പറഞ്ഞ് ഞാന്‍ മിണ്ടാതിരുന്നു.
സ്കൂള്‍ വിട്ടതും വീട് ലക്ഷ്യമാക്കി ഞാന്‍ അന്തമില്ലാതെ ഓടി. അപ്പച്ചിയോട് മഴവില്ലുദിച്ച കാര്യം പറയാനുള്ള ധൃതിയായിരുന്നു എനിക്ക്. വീടിനു മുന്നിൽ നിന്നപ്പോള്‍ ശ്വാസം മുട്ടി. എത്തിച്ചേർന്നതും തിണ്ണക്കടിയിലെ പൊത്തിന്റെ ഭാഗത്തേക്ക് നോക്കി. അപ്പന്റെയും അമ്മയുടെയും ചെരുപ്പുകളുണ്ടായിരുന്നില്ല. നന്നായെന്നു തോന്നി. “അപ്പച്ചീ കുപ്പച്ചീ” എന്നു ഉച്ചത്തില്‍ കൂവി. “എന്താടാ ചന്ദ്രപ്പാ” എന്ന പ്രതികരണമുണ്ടായില്ല. “ഹേയ്... അപ്പച്ചീ...” എന്നു അലറി. “കപ്പച്ചീ” എന്നു ഒന്നൂടെ ആക്രോശിച്ചു.
അപ്പോഴും യാതൊരു മറുപടിയുമില്ല. നെല്ലറയുടെ ഭാഗത്തേക്ക് പതിയെ നടന്നു. എന്നെ പേടിപ്പിക്കാനായി എവിടെയോ ഒളിച്ചിരിക്കുകയാണെന്ന് വിചാരിച്ച് ഞാന്‍ വളരെ സൂക്ഷിച്ചു നടന്നു. എന്നാല്‍, അപ്പച്ചി അവിടെയുമുണ്ടായിരുന്നില്ല. കക്കൂസിലേക്ക് പോയിരിക്കാമെന്ന് കരുതി വെള്ളത്തൊട്ടിയുടെ ഭാഗത്തേക്ക് നോക്കി. ചെമ്പുപാത്രം അവിടെത്തന്നെയുണ്ടായിരുന്നു.
അതിനിടയിൽ ഓടിവന്ന ദ്യാമ നെടുവീർപ്പിട്ടുകൊണ്ട് നിന്നു. ഉസ് ഉസ് എന്ന് കിതച്ചുകൊണ്ട് “മോനേ, വേഗം കയറെടുത്തുകൊണ്ടു വാ...” എന്നു പറഞ്ഞു. ഞാന്‍ എന്തിനാണെന്ന് ചോദിച്ചപ്പോള്‍ “ആദ്യം എടുത്തുകൊണ്ടു വാ. പറയാം” എന്നു തിരക്കുകൂട്ടി. ഞാന്‍ മച്ചിന്‍പുറത്തേക്ക് കയറി കയറു കൊണ്ടുവന്ന് അയാളെയേൽപിച്ചു. “നിന്റെ അപ്പച്ചി ചേളുബാവിയില് വീണിരിക്കുകയാണ്. അവളെ വലിച്ചുപൊക്കാനാണ്”, അയാള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞിട്ട് ഓടാന്‍ തുടങ്ങി. അയാളുടെ പുറകെ ഞാനും ഓടി. പത്തു പതിനഞ്ചോളം പേര് അവിടെ കൂടിനിൽപുണ്ടായിരുന്നു. കൂടാതെ അപ്പനും അമ്മയുമുണ്ടായിരുന്നു. അമ്മ ഇടുപ്പിൽ കൈവെച്ച് കിണറ്റിലേക്ക് എത്തിനോക്കുന്നുണ്ടായിരുന്നു. അപ്പന് കിണറ്റിലുള്ള ആരോടോ “ഹേയ്... മുറുകെപ്പിടിക്ക്... പിടിവിടരുത്... കയറു കൊണ്ടുവന്നിട്ടുണ്ട്” എന്നു പറയുന്നുണ്ടായിരുന്നു. ഞാനും അദ്ദേഹത്തിന്റെയടുക്കല്‍ ചെന്ന് കിണറ്റിലേക്ക് എത്തിനോക്കി. തേളുമില്ല ഒരു മണ്ണാങ്കട്ടയുമില്ല.
അപ്പച്ചിയെ കിണറിന്റെ ഭിത്തിയിലേക്ക് ചേർത്തു നിർത്തി പിടിച്ചുകൊണ്ട് മേലെമനെ സോമണ്ണ കാലുകള്‍ വെള്ളത്തിലിട്ടടിക്കുന്നുണ്ടായിരുന്നു. അപ്പനും ദ്യാമനും ചേർന്ന് കയര്‍ താഴെയിറക്കി. സോമണ്ണ അതില്‍ പിടിച്ച് മുകളിലേക്കു കയറാൻ തുടങ്ങി. അയാള്‍ അപ്പച്ചിയെ ഒരു കൈയിൽ പൊക്കിപ്പിടിച്ചിരുന്നു. ഇടക്കിടെ ഹുസൈനി ദർഗയിലേക്ക് പോകുമ്പോള്‍ അപ്പച്ചി എന്നെ പൊക്കിപ്പിടിക്കുന്നതുപോലെ. അപ്പച്ചിയുടെ കൂർത്ത മുഖം ഒന്നൂടെ ചുവന്നിരുന്നു. അവളുടെ കണ്ണുകൾ അടഞ്ഞുകിടന്നിരുന്നു. കുളി കഴിഞ്ഞുവരുമ്പോള്‍ വെളുത്തു തിളങ്ങുന്ന അവളുടെ കണ്ണുകള്‍ എന്റെ മനസ്സിലേക്ക് വന്നു.
സോമണ്ണ അപ്പച്ചിയെ വക്കില്‍ കിടത്തി വയറ്റില്‍ അമർത്താ ന് തുടങ്ങിയതും അവളുടെ വായിൽനിന്ന് വെള്ളം പുറത്തേക്ക് വന്നു. സോമണ്ണ അപ്പന്റെയടുത്തേക്ക് നോക്കി “അമ്മാവാ... പോയെന്നാ തോന്നുന്നത്” എന്നു പറഞ്ഞ് ഒരിക്കല്‍ക്കൂടി ശക്തിയോടെ അമർത്തിയതും അപ്പച്ചി ഫൂ... എന്നു ചെയ്തു. കുനിഞ്ഞു നോക്കിയിരുന്ന അമ്മയുടെയും അപ്പയുടെയും മുഖത്ത് വെള്ളം തെറിച്ചു. അമ്മയുടെ മുഖത്ത് എന്തോ ഒരു ഭാവം തെളിഞ്ഞു.
(മൊഴിമാറ്റം: എ.കെ. റിയാസ് മുഹമ്മദ്)
==============
1. ചേളുബാവി –തേളുകളുള്ള കിണര്‍
2. അച്ചള്ളി –മുഹർറത്തോടനുബന്ധിച്ച് ആളുകള്‍ കെട്ടുന്ന വേഷങ്ങള്‍
മഞ്ചുനായക ചെള്ളൂര്
കൊപ്പൽ ജില്ലയിലെ കാരടഗി താലൂക്കിലെ ചെള്ളൂരില് 1993 ആഗസ്റ്റ് 31 ന് ജനനം. ചെള്ളൂര്, ധാർവാഡ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. നിലവിൽ Viacom18 മീഡിയ സ്ഥാപനത്തില്‍ ക്രിയേറ്റിവ് റൈറ്റര്‍ എന്ന തസ്തികയില്‍ ജോലിചെയ്യുന്നു. ‘ഫൂ.. മത്തിതര കതെഗളു’ എന്ന പേരിൽ ഒരു കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2023ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാര്‍, ടോട്ടോ അവാർഡ്, ഷിമോഗ കർണാടക സംഘ അവാർഡ്, കാജാണ യൂത്ത് അവാർഡ് എന്നിവ ലഭിച്ചു. സിനിമയും ഫോട്ടോഗ്രഫിയുമാണ് താൽപര്യമുള്ള മറ്റു മേഖലകൾ.