Begin typing your search above and press return to search.
proflie-avatar
Login

ലോകത്തിലെ ഏറ്റവും വിരൂപയായ സ്ത്രീ

ലോകത്തിലെ ഏറ്റവും  വിരൂപയായ സ്ത്രീ
cancel

അയാൾ ലോകത്തിലെ ഏറ്റവും വിരൂപയായ സ്ത്രീയെ വിവാഹം ചെയ്തു. ഏറ്റവും അനുഭവസമ്പത്തുള്ള ഒരു സർക്കസ് അഭ്യാസിയെന്ന നിലയിൽ, അയാൾ അവളെ കാണാൻ വേണ്ടി വിയന്നയിലേക്കൊരു പ്രത്യേക യാത്ര നടത്തി: അതൊരു മുൻകൂട്ടി തീരുമാനമെടുത്ത പ്രവൃത്തിയായിരുന്നില്ല – അവളെ തന്റെ ഭാര്യയാക്കണമെന്ന ഒരു തീരുമാനം അതിനുമുമ്പ് അയാളുടെ മനസ്സിലേക്ക് കടന്നുവന്നിരു​ന്നതേയില്ല. പക്ഷേ, ഒരിക്കൽ അയാൾ അവളെ കണ്ടുകഴിഞ്ഞപ്പോൾ, ഒരിക്കൽ അതിൽനിന്നുണ്ടായ ആദ്യത്തെ സംഭ്രമം അനുഭവിച്ചുകഴിഞ്ഞപ്പോൾ അവളിൽനിന്നും തന്റെ കണ്ണുകൾ അടർത്തിമാറ്റാൻ അയാൾക്ക് കഴിഞ്ഞില്ല. ആകെ കുരുക്കളും മുഴകളും നിറഞ്ഞ ഒരു വലിയ ശിരസ്സാണ് അവൾക്കുണ്ടായിരുന്നത്. അവളുടെ ചെറിയ...

Your Subscription Supports Independent Journalism

View Plans

അയാൾ ലോകത്തിലെ ഏറ്റവും വിരൂപയായ സ്ത്രീയെ വിവാഹം ചെയ്തു. ഏറ്റവും അനുഭവസമ്പത്തുള്ള ഒരു സർക്കസ് അഭ്യാസിയെന്ന നിലയിൽ, അയാൾ അവളെ കാണാൻ വേണ്ടി വിയന്നയിലേക്കൊരു പ്രത്യേക യാത്ര നടത്തി: അതൊരു മുൻകൂട്ടി തീരുമാനമെടുത്ത പ്രവൃത്തിയായിരുന്നില്ല – അവളെ തന്റെ ഭാര്യയാക്കണമെന്ന ഒരു തീരുമാനം അതിനുമുമ്പ് അയാളുടെ മനസ്സിലേക്ക് കടന്നുവന്നിരു​ന്നതേയില്ല.

പക്ഷേ, ഒരിക്കൽ അയാൾ അവളെ കണ്ടുകഴിഞ്ഞപ്പോൾ, ഒരിക്കൽ അതിൽനിന്നുണ്ടായ ആദ്യത്തെ സംഭ്രമം അനുഭവിച്ചുകഴിഞ്ഞപ്പോൾ അവളിൽനിന്നും തന്റെ കണ്ണുകൾ അടർത്തിമാറ്റാൻ അയാൾക്ക് കഴിഞ്ഞില്ല. ആകെ കുരുക്കളും മുഴകളും നിറഞ്ഞ ഒരു വലിയ ശിരസ്സാണ് അവൾക്കുണ്ടായിരുന്നത്.

അവളുടെ ചെറിയ സദാ അശ്രുപൂർണമായ മിഴികൾ ചുളിവുകൾ വീണ നെറ്റിക്ക് താഴെയായിട്ടാണ് നിലനിന്നിരുന്നത്. ദൂരെനിന്നുള്ള നോട്ടത്തിൽ അവ ഇടുങ്ങിയ വിടവുകൾപോലെയേ തോന്നുമായിരുന്നുള്ളൂ. അവളുടെ നാസിക കാൺകെ അത് പലയിടങ്ങളിലും തകർന്നതുപോലെയുണ്ടായിരുന്നു: അതിന്റെ അഗ്രഭാഗം വിളറിവെളുത്ത പരുക്കൻ രോമങ്ങളാൽ ആവരണം ചെയ്യപ്പെട്ടിരുന്നു. അവളുടെ വായ വലുതും നീരുവെച്ച് വീർത്തതുപോലെ സദാ തുറന്നുതുങ്ങിയ നിലയിലുമായിരുന്നു. എപ്പോഴും നനവാർന്ന രീതിയിൽ അതിനുള്ളിൽ ചില മൂർച്ചയേറിയ പല്ലുകൾ പുറത്തേക്ക് തള്ളിനിന്നിരുന്നു. ഇതിനെയെല്ലാം അതിജീവിക്കുന്ന രീതിയിൽ, എല്ലാ പോരായ്മകൾക്കുമപ്പുറം അവളുടെ മുഖത്തുനിന്നും നീണ്ട അലഞ്ഞുതിരിയുന്ന പട്ടുരോമങ്ങൾ മുളച്ചുവന്നിരുന്നു.

ആദ്യമായിട്ടയാൾ അവളെ കാണുന്നത്, യാത്രചെയ്യുന്ന സർക്കസിലെ കാർഡ്ബോർഡ് പ്രകൃതിദൃശ്യത്തിന് പിന്നിൽനിന്ന് കാണികളെ സ്വയം കാണിക്കാൻവേണ്ടി പുറത്തേക്കുവന്നുകൊണ്ടിരുന്ന സമയത്തായിരുന്നു. കാണികൾക്കിടയിൽനിന്ന് ഉയർന്നുവന്നുകൊണ്ടിരുന്ന അത്ഭുതത്തിന്റെയും വെറുപ്പിന്റെയും സ്പർശം തുടിക്കുന്ന ആക്രോശങ്ങൾക്കിടയിൽ അവളുടെ സാന്നിധ്യത്തിന്റെ പ്രത്യേകത ഒന്നുകൂടി വ്യക്തമാക്കി.

അവൾ ഒരുപക്ഷേ ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പക്ഷേ, അത് ദുഃഖപൂർണമായ ഒരു ചേഷ്ടയായിട്ടാണ് തോന്നിയത്. ഡസൻകണക്കിന് കണ്ണുകൾ അവളെതന്നെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുകയാണെന്ന അവബോധം അവൾക്ക് ശരിക്കുമുണ്ടായിരുന്നു. ഓരോ സവിശേഷതയും അവർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കാണികളായ അംഗങ്ങൾക്ക് അവളുടെ മുഖത്തെക്കുറിച്ച് സുഹൃത്തുക്കളോടും അയൽക്കാരോടും അല്ലെങ്കിൽ അവരുടെതന്നെ കുട്ടികളോടും ശരിയായി വിവരിക്കാനിത് സഹായകമാവുമെന്നവർ വിചാരിച്ചു. സ്വന്തം മുഖങ്ങൾ കണ്ണാടിയിൽ നിരീക്ഷിക്കുമ്പോൾ വളരെയധികം പ്രയോജനപ്പെടുമെന്ന ഒരു കാരണമാണിതിന് പിന്നിലുണ്ടായിരുന്നത്. ആശ്വാസത്തിന്റേതായ ഒരു നിശ്വാസത്തോടെ അവർക്ക് ഈ ദൃശ്യം ഉൾക്കൊള്ളുവാനും കഴിഞ്ഞു.

വളരെയധികം ക്ഷമയോടെയാണവൾ അവി​െട നിന്നത്. ചുറ്റും കൂടിയിരിക്കുന്ന കാണികളുടെ ശിരസ്സുകൾക്ക് മുകളിലൂടെയുള്ള നോട്ടം ഒരുപക്ഷേ, അവൾക്കൊരു മേൽക്കോയ്മയുടെ ബോധം വീണ്ടെടുക്കുവാൻ കഴിഞ്ഞു. അകലെയുള്ള മേൽക്കൂരകൾക്ക് മീതെയുള്ള വിശാലമായ കോണുകളിലേക്കത് വികസിതമാവുകയും ചെയ്തു. അത്ഭുതപാരമ്യത്തോടെ വികസിതമായ ഒരു നീണ്ട നിശ്ശബ്ദതക്കുശേഷം ആരോ അവസാനമായി അലറി വിളിച്ചു.

‘‘നിങ്ങളെക്കുറിച്ച് ഞങ്ങളോട് പറയൂ?’’

എവിടെനിന്നാണീ ശബ്ദം പുറത്തുവന്നതെന്നറിയുവാൻ അവൾ കാണികൾക്കിടയിലേക്ക് ശ്രദ്ധാപൂർവം തുറിച്ചുനോക്കി. അത് പറഞ്ഞ വ്യക്തിയാരാണെന്നറിയുവാൻ വേണ്ടി അവൾ തിരയുകയായിരുന്നു. പക്ഷേ, പെട്ടെന്നുതന്നെ ദൃഢാംഗയായ ഒരു വനിത റിങ്മാസ്റ്റർ കാർഡ്ബോർഡ് ചിറകുകൾക്ക് പിന്നിൽനിന്ന് ഓടി പുറത്തേക്ക് വന്നുകൊണ്ട് ലോകത്തിലേക്കേറ്റവും വിരൂപയായ സ്ത്രീക്കു വേണ്ടി മറുപടി പറഞ്ഞു. ‘‘അവൾക്ക് സംസാരിക്കാൻ കഴിയില്ല.’’

‘‘അങ്ങനെയെങ്കിൽ അവളുടെ കഥ നിങ്ങൾ ഞങ്ങളോട് പറയൂ’’, ശബ്ദം ആവശ്യപ്പെട്ടു. അതുകൊണ്ട് ദൃഢാംഗയായ സ്ത്രീ അവളുടെ തൊണ്ട ശുദ്ധീകരിച്ചുകൊണ്ട് സംസാരിക്കാൻ തുടങ്ങി.

പരിപാടിക്കുശേഷം ചെറിയ നാക സ്റ്റൗവിനരികിലിരുന്നുകൊണ്ട് അവൾക്കൊപ്പം അയാൾ ഒരു കപ്പ് ചായ കഴിച്ചുകൊണ്ടിരിക്കുമ്പോൾ (സർക്കസിന്റെ പിൻഭാഗത്തെ മുറി ചൂടാക്കുവാൻ സ്റ്റൗവിൽനിന്നുള്ള ചൂട് ഉപയോഗിച്ചിരുന്നു) അവൾ ശരിക്കും ബുദ്ധിമതിയാണെന്ന് അയാൾ തിരിച്ചറിഞ്ഞു. തീർച്ചയായും അവൾക്ക് നന്നായി സംസാരിക്കുവാനും അതോടൊപ്പം ശരിക്ക് വിലയിരുത്തുവാനും കഴിഞ്ഞിരുന്നു. പ്രകൃതിയുടെ ഈ അസാധാരണത്വത്തോട് സ്വന്തം താൽപര്യങ്ങളുടെ വലയത്തിൽ ആകർഷിക്കപ്പെട്ടുകൊണ്ട് അയാൾ അവളെ അടുത്ത് നിരീക്ഷിച്ചു. അയാളിലൂടെ അവൾക്ക് എല്ലാം നന്നായി കാണാനും കഴിഞ്ഞു.

എന്റെ വർത്തമാനങ്ങൾ എന്റെ മുഖത്തെപ്പോലെ വെറും അസംഗതവും അപ്രിയകരവുമാണെന്ന് നിങ്ങൾ വിചാരിച്ചു അല്ലേ?, അവൾ ചോദിച്ചു. അയാൾ ഇതിന് മറുപടി പറഞ്ഞില്ല. റഷ്യൻ രീതിയിൽ വിശേഷപ്പെട്ട റഷ്യൻ സമോവറിൽനിന്ന് പിടിയില്ലാത്ത ചെറിയ കപ്പുകളിലേക്ക് ചായ പകർന്നുകൊണ്ട് ഓരോ അൽപ പാനത്തിനിടയിലും പഞ്ചസാര ഇളക്കിക്കൊണ്ടിരുന്നു. അവൾ നിരവധി ഭാഷകൾ സംസാരിക്കാൻ കഴിവുള്ളവളാണെന്ന് പെട്ടെന്നുതന്നെ അയാൾക്ക് തിരിച്ചറിയാൻ കഴിഞ്ഞു.

പക്ഷേ, പ്രത്യക്ഷമായ രീതിയിൽ അവയിലൊന്നിലും അവൾക്ക് ശരിക്കുള്ള പ്രാവീണ്യമുണ്ടായിരുന്നില്ല. ഇടക്കിടെ അവൾ ഒരു ഭാഷയിൽനിന്നും മറ്റൊന്നിലേക്ക് സംഭാഷണം മാറ്റിക്കൊണ്ടുമിരുന്നു. അതൊരിക്കലും ഒരത്ഭുതത്തിന്റെ കാരണമായിരുന്നില്ല. കുട്ടിക്കാലം മുതൽ അവൾ സർക്കസ് കൂടാരത്തിനുള്ളിലാണ് വളർന്നിരുന്നത്. വിരൂപമായ സാഹചര്യങ്ങൾക്ക് എല്ലാവിധ സാധ്യതകളുമുണ്ടായിരുന്ന ഒരു അന്തർ ദേശീയ ട്രൂപ്പിനുള്ളിലാണവർ ജീവിച്ചത്. ഒരിടത്ത് വീണ്ടും വരുക എന്ന പതിവ് അതിനുണ്ടായിരുന്നുമില്ല.

‘‘നിങ്ങൾ എന്തിനെക്കുറിച്ചാണ് ചിന്തിക്കുന്നതെന്ന് എനിക്ക് നന്നായിട്ടറിയാം’’, അവൾ വീണ്ടും നീരുവെച്ച് വീർത്ത ചെറിയ മിഴികളിലൂടെ അയാളെ നോക്കിക്കൊണ്ട് പറഞ്ഞു. ഒരു ചെറിയ നിശ്ശബ്ദതക്കുശേഷം അവൾ കൂട്ടിച്ചേർത്തു. ‘‘ഒരു മാതാവിനെ എടുത്തുകാണിക്കാൻ കഴിയാത്ത ആർക്കായാലും അവർക്കൊരു മാതൃഭാഷയും ഉണ്ടായിരിക്കില്ല.’’ ഞാൻ നിരവധി ഭാഷകൾ ഉപയോഗിക്കാറുണ്ട്. പക്ഷേ, അവയൊന്നും എന്റെ മാതൃഭാഷയുമാകുന്നില്ല. മറുപടി പറയാനയാൾക്ക് ധൈര്യം വന്നില്ല. പെട്ടെന്ന് എന്തുകൊണ്ടാണെന്നയാൾക്ക് ഒരു തീർച്ചയുമില്ലാതെ അവൾ അയാളെ പ്രകോപിപ്പിക്കാൻ തുടങ്ങി. അവൾ നർമം കലർന്ന പരാമർശങ്ങൾ നൽകിക്കൊണ്ടേയിരുന്നു. അവൾ യുക്തിസഹമായും ചിട്ടയോടെയുമാണ് സംസാരിച്ചിരുന്നത് -അയാൾ പ്രതീക്ഷിച്ചുകൊണ്ടിരുന്നതിന് വിരുദ്ധമായ ഒരു രീതിയായിത് സംഭവിച്ചു.

അതുകൊണ്ടയാൾ അവളോട് വിടവാങ്ങി. അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ അയാൾക്ക് കൈകൊടുത്തു – ഒരു സ്ത്രീസഹജമായ അംഗവിക്ഷേപംപോലെ. ഒരു സ്ത്രീയുടേതായ ഒരംഗവിക്ഷേപത്തിൽ, തീർച്ചയായും അതൊരു പ്രിയപ്പെട്ട കൈയിലൂടെയാകുമ്പോൾ അതിന് കൂടുതൽ ആകർഷണമുണ്ടായിരിക്കും. അയാൾ അതിന്റെ നേർക്ക് തലകുനിച്ചഭിവാദ്യം ചെയ്തെങ്കിലും ചുണ്ടുകൾകൊണ്ടതിൽ സ്പർശിക്കാൻ അയാൾ തയാറായില്ല.

ഹോട്ടൽ കിടക്കയിൽ മലർന്നു കിടക്കുമ്പോൾ അയാളപ്പോഴും അവളെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. തണുപ്പാർന്ന മരവിച്ച ഹോട്ടൽ ഇരുട്ടിനുള്ളിലേക്കയാൾ തുറിച്ചുനോക്കി. ഭാവനകൾ വിരിയുവാനുള്ള എല്ലാ സാധ്യതകളും അവിടെ ആ പരിതഃസ്ഥിതിയിലുണ്ടായിരുന്നു. അവളുടെ രൂപത്തെക്കുറിച്ച് അത്ഭുതത്തോടെയാണയാൾ ചിന്തിച്ചുകൊണ്ടിരുന്നത്. ഉള്ളിൽനിന്നും അതെന്തു ചിന്തകളാണ് അയാളിലേക്ക് കടന്നുവരുവാനുള്ള സാധ്യതകൾ തുറക്കുന്നത്. ഒരു പന്നിയുടെ മിഴികൾപോലെ ഈ ലോകത്തിനേതു രീതിയിലാണിതിനെ ദർശിക്കുവാൻ കഴിയുന്നത്.

ഇങ്ങനെ വൈരൂപ്യമാർന്ന ഒരു നാസികയിലൂടെ എങ്ങനെയാണ് നിശ്വസിക്കുവാൻ കഴിയുന്നത്. സാധാരണ മനുഷ്യരെപ്പോലെ ഒരു ഗന്ധം അവൾക്ക് തിരിച്ചറിയാൻ കഴിയുമോ? ഇതുപോലുള്ള ഒരു ശരീരത്തെ പതിവ് നനക്കൽ ജോലിക്കിടയിലും ചുരണ്ടലിനിടയിലും ഒരു ശരീരത്തെ സ്പർശിക്കുമ്പോൾ ഏതു രീതിയിലാവും ഇതിന്റെ പ്രതികരണമുണ്ടാകുന്നത്. പതിവു ജോലികൾക്കിടയിലെ സാഹചര്യങ്ങളെ കുറിച്ചാണിവിടെ, അതെത്ര ചെറിയവയാണെങ്കിൽക്കൂടി കാണേണ്ടിവരുന്നത്.

ഒരിക്കൽപോലും അവളെയോർത്തിട്ടയാൾക്കൊരു ഖേദം തോന്നിയിട്ടില്ല. അയാൾക്കവളോട് അനുകമ്പ തോന്നിയിരുന്നെങ്കിൽ അയാൾക്കൊരിക്കലും അവളുമായുള്ള വിവാഹബന്ധം മുന്നോട്ടുവെക്കാനും കഴിയുമായിരുന്നില്ല. ഇതൊരു അസന്തുഷ്ടമായ പ്രേമത്തിന്റെ കഥപോലെ ചിലയാളുകൾ ഈ കഥ പറയുന്നത് പതിവായിരുന്നു. അവർ സൂചിപ്പിക്കുന്നത് ഈ ഹൃദയം എങ്ങനെയൊക്കെയോ അവളുടേതിനുള്ളിലേക്ക് നേരിട്ട് ഉറ്റുനോക്കുന്നതുപോലെയാണ്. അതോടെ അവൾക്കുള്ളകം മധുരസ്വഭാവമുള്ള ഒരു മാലാഖയുമായിട്ടയാൾ പ്രേമത്തിലാവുകയും ചെയ്തെന്നും അവർ പറയുകയും ചെയ്തിരുന്നു.

അവളുടെ വൈരൂപ്യമാർന്ന മുഖം ഇതിലയാൾക്കൊരു തടസ്സമായി നിന്നതുമില്ല. പക്ഷേ ഇല്ല, ഇതൊരിക്കലും അങ്ങനെയുള്ള ഒന്നായിരുന്നില്ല. അവളെ കണ്ടുമുട്ടിയതിന് ശേഷമുള്ള ആദ്യരാത്രി തന്നെ അവളെപ്പോലൊരുത്തിയുമായി ലൈംഗികബന്ധം പുലർത്തിയാൽ എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ചയാൾക്ക് വിഭാവനം ചെയ്യാതിരിക്കാൻ കഴിഞ്ഞില്ല. അവളെ ചുംബിക്കുകയും വിവസ്ത്രയാക്കുകയും ചെയ്യുന്നതിനെക്കുറിച്ച് അയാൾ സങ്കൽപിക്കാനും തുടങ്ങി.

സർക്കസിന് ചുറ്റുമായി അടുത്ത കുറെ ആഴ്ചകളോളം അയാൾ ചുറ്റിത്തിരിഞ്ഞു. അവിടെനിന്നും പോയിക്കഴിഞ്ഞാലും വീണ്ടുമവിടേക്കയാൾ മടങ്ങിവരുമായിരുന്നു. ഇതിനിടയിൽ അയാൾ മാനേജരുടെ വിശ്വാസം നേടിയെടുത്തു. ബ്രൂണോയിലേക്ക് ട്രൂപ്പിന്റെ യാത്രയെക്കുറിച്ച് ഒരു ധാരണയിലെത്താനും ചർച്ചക്കുശേഷം അയാൾക്ക് കഴിഞ്ഞു. അവിടേക്കുള്ള യാത്രയിൽ അയാൾ അവരെ പിന്തുടരുകയുംചെയ്തു. അതോടെ, സർക്കസിലെ അംഗങ്ങൾ അയാളെ അവരിലൊരംഗത്തെപ്പോലെ ഉൾക്കൊള്ളാനും തയാറായി. ടിക്കറ്റുകൾ വിൽക്കുന്ന ജോലി അവർ അയാൾക്ക് വിട്ടുകൊടുത്തു. പിന്നീടയാൾ തടിച്ച റിങ്മാസ്റ്റർ വനിതയിൽനിന്നും ജോലി ഏറ്റെടുക്കുകയും ചെയ്തു. പുതിയ ജോലിയിൽ അയാൾ മികവ് കാണിച്ചു എന്ന അഭിപ്രായവും പൊതുവെയുണ്ടായി. ഗുണമേന്മ കുറഞ്ഞ ചായമടിച്ച കർട്ടൻ ഉയർത്തുന്നതിനു മുമ്പ് കാണികളെ ഉത്തേജിതമാക്കാനുള്ള ജോലിയും അയാൾക്കായിരുന്നു.

നിങ്ങൾ നിങ്ങളുടെ മിഴികൾ അടക്കുക. അയാൾ കരഞ്ഞുവിളിച്ചു. പ്രത്യേകിച്ചും സ്ത്രീകളും കുട്ടികളും, എന്തെന്നാൽ ഈ സൃഷ്ടിയുടെ വൈരൂപ്യം ഏതൊരു ലോലഹൃദയമുള്ളവർക്കും സഹിക്കാനാവുന്നതിന് അപ്പുറമാണ്. ഇതിനെ ദർശിച്ച ആർക്കും തന്നെ സമാധാനത്തോടെ വീണ്ടുമുറങ്ങാൻ കഴിയില്ല. ചിലയാളുകൾക്ക് സ്രഷ്ടാവിലുള്ള അവരുടെ വിശ്വാസവും നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ആ പ്രത്യേക നിമിഷത്തിൽ അയാൾ പറഞ്ഞുകൊണ്ടിരുന്ന വാചകം പൂർണമായിരുന്നെങ്കിലും അങ്ങനെയല്ലെന്നുള്ള ഭാവത്തിൽ അവസാനിപ്പിച്ചു. ഇനിയെന്താണ് പറയേണ്ടതെന്നതിനെക്കുറിച്ച് അയാൾക്കൊന്നുമറിഞ്ഞുകൂടായിരുന്നു. ​സ്രഷ്ടാവ് എന്ന വാക്ക് അവതരിപ്പിച്ചതിലൂടെ എല്ലാ കാര്യങ്ങളും അതിന്റെ എല്ലാ സാധ്യതകളോടെയും പുറത്തുകൊണ്ടുവന്നു.

ചിലയാളുകൾക്ക് സ്രഷ്ടാവിലുള്ള അവരുടെ വിശ്വാസം നഷ്ടപ്പെടാനും സാധ്യതയുണ്ടായിരുന്നു. തിരശ്ശീലക്ക് പിന്നിൽ കാത്തുനിന്നിരുന്ന സ്ത്രീയെ നോക്കിക്കൊണ്ടാണിത് അയാൾ സൂചിപ്പിച്ചത്. പക്ഷേ, അയാൾ സ്വയം അതിന് വിരുദ്ധമായ ഒന്നിനെയാണ് വിശ്വസിക്കാൻ തയാറായത്. തനിക്ക് ലഭിച്ച അവസരം ശരിക്കു മുതലെടുത്തുകൊണ്ട് പൊതു കലാപ്രകടന സംഘാടകനെ എടുത്തുകാണിച്ചുകൊണ്ട് സ്രഷ്ടാവ് തന്റെ അസ്തിത്വത്തെക്കുറിച്ചുള്ള സൂചനകൾ തന്നിരുന്നുവോയെന്ന നീക്കമായിരുന്നു അത്...

ഈ ലോകത്തിലേക്കും വെച്ചേറ്റവും വിരൂപയായി സ്ത്രീ. സുന്ദരിയായ സ്ത്രീകളെച്ചൊല്ലി ചില വിഡ്ഢികൾ അന്യോന്യം പോരാടുകയും മരണം വരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു സ്ത്രീയെച്ചൊല്ലി ലഹരിക്കടിമയായി ചില വിഡ്ഢികൾ അവരുടെ ഭാഗധേയങ്ങളെല്ലാം വലിച്ചെറിഞ്ഞു കളഞ്ഞവരാണ്. പക്ഷേ, അയാൾ ഒരിക്കലും അവരെപ്പോലെയായിരുന്നില്ല.

ഒരു ദുഃഖിതനായ ഇണക്കമുള്ള മൃഗത്തിന്റേതുപോലെ ഏറ്റവും വിരൂപയായ സ്ത്രീ അയാളുടെ മമതയുമായി ഒത്തുചേർന്നു. മറ്റുള്ള എല്ലാ സ്ത്രീകളിൽനിന്നും അവൾ ശരിക്കും വ്യത്യസ്തയായിരുന്നു. വിലപേശലിനുള്ളിലേക്കവൾ അയാൾക്കുവേണ്ടി ധനപരമായ അവസരങ്ങൾ തുറന്നുകൊടുക്കുകയും ചെയ്തു. അയാൾ അവളെ അയാളുടെ ഭാര്യയാക്കുകയാണെങ്കിൽ... പ്രത്യേക രീതിയിൽ അയാളെ മാറ്റിനിർത്തും. മറ്റുള്ളവർക്ക് ലഭിക്കാതിരിക്കുന്ന പലതും അയാൾക്കുവേണ്ടി മാറ്റിവെച്ചിരിക്കും. അവളുടെ പുഷ്പങ്ങൾ അയാൾ വാങ്ങിക്കാൻ തുടങ്ങി –അത് പ്രത്യേകതരം പൂച്ചെണ്ടായിരുന്നില്ല. വില കുറഞ്ഞ സാധനങ്ങൾകൊണ്ട് തയാറാക്കിയ ടിഷ്യൂ പേപ്പറിന്റേതായ ഘടകങ്ങളുള്ള ഒന്ന്.

അല്ലെങ്കിൽ അയാൾ അവൾക്ക് നൽകുന്നത് ഒരു കോട്ടൺ നെക്ക് കർച്ചീഫായിരിക്കും. അതോടൊപ്പം തിളക്കമുള്ള ഒരു റിബണോ അല്ലെങ്കിൽ ഒരു ചെറിയ പാക്കറ്റ് നിറയെ മധുരപലഹാരങ്ങളോ ആയിരുന്നു. പിന്നീട് അയാൾ മന്ത്രശക്തിക്കടിമയായതുപോലെ അവൾ തന്നെ നെറ്റിക്ക് ചുറ്റുമായി റിബൺ കെട്ടിക്കൊണ്ടിരിക്കുന്നത് നിരീക്ഷിച്ചുകൊണ്ടിരിക്കും. ഒരു അലങ്കരണം എന്നതിനു പകരം വർണാഭമായ വില്ല് ഒരു ഭയാനക രൂപമായി മാറിക്കഴിഞ്ഞിരിക്കും. അവൾ തന്റെ അമിതമായ വലുപ്പമുള്ള, പുറത്തേക്ക് തള്ളിയ നാവുകൊണ്ട് ചോക്ലറ്റ് അകത്താക്കുന്നത് അയാൾ നിരീക്ഷിച്ചുകൊണ്ടിരിക്കും. അതോടെ വിടവുകളുള്ള അവളുടെ ദന്തങ്ങൾക്കിടയിലൂടെ തവിട്ടുനിറത്തിലുള്ള ഉമിനീരിന്റെ സാന്നിധ്യമുണ്ടാവുകയും ചെയ്യും. പിന്നീടത് പരുക്കൻ രോമങ്ങൾ നിറഞ്ഞ താടിയിലൂടെ ഒലിച്ചു താഴേക്കിറങ്ങും.

അയാൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അവൾ തിരിച്ചറിയാത്ത ഒരു സാഹചര്യത്തിൽ അവളെ നോക്കാനയാൾ ഇഷ്ടപ്പെട്ടിരുന്നു. പ്രഭാതത്തിൽ പമ്മിപ്പമ്മി പുറത്തേക്കിറങ്ങി കൂടാരത്തിന്റെ പിന്നിലോ വാഹനവ്യൂഹത്തിന്റെ പിന്നിലോ ഒളിച്ചിരുന്നുകൊണ്ട് അടുത്തെവിടെയെങ്കിലും പതിയിരിക്കുവാൻ വേണ്ടി പമ്മിപ്പോയി മണിക്കൂറുകളോളം അവളെ നിരീക്ഷിച്ചുകൊണ്ടിരിക്കുമായിരുന്നു. മരനിർമിതമായ വേലികൾക്കിടയിലെ വിടവുകളിലൂടെയും അയാളുടെ നിരീക്ഷണം പുരോഗമിച്ചു. അവൾക്ക് സൂര്യസ്നാനം ചെയ്യുന്ന പതിവുണ്ടായിരുന്നു. അപ്പോൾ ഒരു മൂർച്ഛയിൽപെട്ടതുപോലെ വളരെ സാവധാനം തന്റെ ക്രമം തെറ്റിയ മുടിയിഴകൾ തഴുകി മണിക്കൂറുകൾ കഴിച്ചുകൂട്ടി.

അവൾ അലങ്കാര തുന്നലിലും വ്യാപൃതയായി. അപ്പോൾ അതിനുവേണ്ടി ഉപയോഗിച്ചിരുന്ന സൂചികൾ സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങിയിരുന്നു. ഒരു സർക്കസ് കൂടാരത്തിനുള്ളിലെ മുഖരിതമായ അന്തരീക്ഷത്തിനുള്ളിലെ കുത്തുമുറിവുകൾപോലെ അവ​ തോന്നുകയും ചെയ്തു. അതുമല്ലെങ്കിൽ ഒരു അയഞ്ഞ ഷർട്ടിനുള്ളിൽ അവളുടെ കൈകൾ നഗ്നമായ നിലയിൽ, ഒരു വാഷ് ടബിൽ അവൾ വസ്ത്രങ്ങൾ നനച്ചെടുക്കുന്നതുപോലെയും തോന്നിയിരുന്നു. അവളുടെ കൈകളിലെയും മാറിടത്തിന്റെ മുകൾ ഭാഗത്തെയും ചർമം വിളറിയ രോമപാളികളാൽ ആവരണം ചെയ്യപ്പെട്ടിരുന്നു. അത് ശരിക്കും നല്ല ചന്തമുണ്ടായിരുന്നു. ഒരു മൃഗത്തിന്റേതുപോലെ മൃദുലമായ രീതിയിൽ അത് കാണപ്പെട്ടു.

ഈ ചാരപ്രവർത്തനം അയാൾക്കാവശ്യമായിരുന്നു. എന്തുകൊണ്ടെന്നാൽ ദിവസങ്ങൾ കഴിയുന്തോറും അയാളുടെ വെറുപ്പ് കുറഞ്ഞുവരുന്നുണ്ടായിരുന്നു. സൂര്യവെളിച്ചത്തിൽ ഉരുകിയുരുകി ഒരു ചൂടുള്ള അപരാഹ്നത്തിലെ കലക്കവെള്ളംപോലെ അപ്രത്യക്ഷമാവുകയും ചെയ്തു. സാവധാനം അയാളുടെ കണ്ണുകൾ അവളുടെ വേദനിപ്പിക്കുന്ന ശരീരഭാഗങ്ങളുടെ അംഗപ്പൊരുത്തമില്ലായ്മയുമായി ഒരുവിധം പൊരുത്തപ്പെടാനും തുടങ്ങിയിരുന്നു. അവളുടെ എല്ലാവിധ പോരായ്മകളും അധികരണങ്ങളും ഇതിലുൾപ്പെടുമായിരുന്നു. ചിലപ്പോൾ അവൾ ശരിക്കും ഒരു സാധാരണ ദൃശ്യാനുഭവം പങ്കുവെച്ചുതരുന്ന ഒരുവളാണെന്ന് അയാൾക്ക് തോന്നി.

എപ്പോഴൊക്കെയോ അയാൾക്ക് ഒരു അസ്വസ്ഥത തോന്നിയിരുന്നപ്പോൾ താൻ ഒരു സുപ്രധാന വ്യവഹാരത്തിനുവേണ്ടി ദൂരേക്കു പോവുകയാണെന്നയാൾ അവരോട് പറഞ്ഞു. ചില പ്രധാനികളായ വ്യക്തികളെ അയാൾക്കിതിനായി നേരിൽ കാണേണ്ടിയിരിക്കുന്നു. അതിനുവേണ്ടി അയാൾ ഒരു അപരിചിതനെക്കുറിച്ച് സൂചിപ്പിക്കുകയോ അല്ലെങ്കിൽ ഒരു വൈപരീത്യമായി ഏറെ അറിയപ്പെടുന്ന ഒരു വ്യക്തിയുടെ നാമം പറയുകയും ചെയ്യും. അയാൾ ചില ധാരണകൾ ഉണ്ടാക്കുകയായിരുന്നു, അയാൾ അതിനുവേണ്ടിയുള്ള ചർച്ചകളിലുമായിരുന്നു.

അയാൾ തന്റെ പാദരക്ഷകൾ ഇതിനുവേണ്ടി പോളിഷ് ചെയ്ത് തയാറാക്കിവെച്ചു. തന്റെ ഏറ്റവും മികച്ച ഷർട്ട് നനച്ചുണക്കി തേച്ചെടുത്ത് അതുമണിഞ്ഞുകൊണ്ട് തന്റെ വഴികളിലേക്കയാൾ നീങ്ങി. അയാൾ ഒരിക്കലും അത്ര ദൂരേക്കു പോയിരുന്നില്ല. ഏറ്റവും അടുത്ത ഒരു പട്ടണത്തിൽ അയാൾ യാത്ര അവസാനിപ്പിക്കും. പിന്നീട് ആരുടെയെങ്കിലും പേഴ്സ് മോഷ്ടിച്ച് അതിൽനിന്നും ലഭിക്കുന്ന പണംകൊണ്ട് മദ്യം കഴിക്കുകയും ചെയ്തിരുന്നു.

പക്ഷേ, അപ്പോൾപോലും അയാൾ അവളിൽനിന്നും സ്വാതന്ത്ര്യം ആഗ്രഹിച്ചിരുന്നില്ല. എന്തുകൊണ്ടെന്നാൽ അവളെ കുറിച്ച് സംസാരിക്കുവാൻ അപ്പോഴേക്കും അയാൾ തുടങ്ങിക്കഴിഞ്ഞിരിക്കും. അവളില്ലാതെ അയാൾക്കൊന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ല. എന്തിന് ഈ രക്ഷപ്പെടലുകൾക്കിടയിൽപോലും അത് സാധ്യമായിരുന്നില്ല. കൂടാതെ ഏറ്റവും വിചിത്രമായിതിനുള്ളിലുണ്ടായിരുന്നത് അവൾ ഇതിനകം ഏറ്റവും മൂല്യമുള്ള ഒരു സ്വത്തായി മാറിയിരുന്നു എന്നുള്ളതാണ്. അവളുടെ വൈരൂപ്യത്താൽ അയാൾക്കാവശ്യമുള്ളപ്പോൾ മദ്യത്തിനുള്ള പണംപോലും അയാൾക്ക് കണ്ടെത്തുവാൻ കഴിയുമായിരുന്നു.

ഇതിനൊക്കെയുപരി അയാൾക്ക് ചെറുപ്പക്കാരികളായ സുന്ദരികളെ ഇവളുടെ മുഖത്തെ കുറിച്ച് വിശദീകരിച്ച് സംസാരിച്ചുകൊണ്ട് വശീകരിക്കുവാനും കഴിഞ്ഞു. പിന്നീട് വൈകുന്നേരം അവരുമായി സംഗമിക്കുമ്പോൾ അയാൾക്ക് കീഴിൽ നഗ്നരായി ആലസ്യത്തിലമർന്ന് കിടക്കുമ്പോൾ അവളെ കുറിച്ച് വീണ്ടും പറയുവാൻ അവർ അയാളോട് ആവശ്യപ്പെട്ടു. വീണ്ടുമയാൾ അവരിലേക്ക് മടങ്ങിവരുമ്പോൾ അവളുടെ വൈരൂപ്യത്തെ കുറിച്ചുള്ള പുതിയ കഥകൾ അയാൾക്കവരോട് മിക്കവാറും പറയുവാനും കഴിഞ്ഞിരുന്നു.

അയാൾ തിരിച്ചുവന്നു കഴിഞ്ഞപ്പോൾ ജനക്കൂട്ടത്തോട് പറയുവാൻ തയാറായി അവളുടെ വൈരൂപ്യത്തെ കുറിച്ചൊരു പുതിയ കഥയുണ്ടായിരിക്കും. എന്തെങ്കിലും പ്രത്യേക കഥകൾ ഇല്ലാതെ യഥാർഥത്തിൽ ഒന്നിനുമിവിടെ അസ്തിത്വമില്ലെന്നുള്ള ബോധം ശരിക്കുമുണ്ടായിരിക്കണം. ആദ്യമായി അവ മനഃപാഠമാക്കുവാൻ അവളെ കൊണ്ട് സാധിപ്പിച്ചെടുത്തു. പക്ഷേ, ഒരു കാര്യം പെട്ടെന്നയാൾക്ക് തിരിച്ചറിയുവാൻ കഴിഞ്ഞു. കഥകൾ പറയുന്നതിൽ ഏറ്റവും വൈരൂപ്യമാർന്ന സ്ത്രീക്ക് വേണ്ടത്ര മികവുണ്ടായിരുന്നില്ല. വളരെ വിരസമായ ഒരു രീതിയിലാണവർ സംസാരിച്ചത്. അവസാനമവൾ കണ്ണീരിലേക്ക് പൊട്ടിത്തെറിക്കുകയും ചെയ്യും. അതുകൊണ്ടയാൾ അവർക്ക് വേണ്ടിയവ പറയുവാൻ തുടങ്ങി.

ഒരുവശം ചേർന്നുനിന്നുകൊണ്ട് അവളുടെ നേർക്ക് തന്റെ കൈ ചൂണ്ടി ചെല്ലുവാൻ തുടങ്ങി. നിങ്ങൾ തൊട്ടുമുന്നിൽ നേരിൽ കാണുന്ന നിർഭാഗ്യ ജീവിയുടെ മാതാവ്, നിങ്ങളുടെ നിഷ്കളങ്കമായ കണ്ണുകൾക്ക് സഹിക്കാനാവുന്നതിലുമപ്പുറത്താണ് അവളുടെ രൂപം, കറുത്ത വനത്തിന്റെ അഗ്രത്തിലുള്ള ഒരു ഗ്രാമത്തിലാണവൾ ജീവിച്ചിരുന്നത്. അവിടെ, ഒരു വേനൽക്കാല ദിനത്തിൽ അവർ വനത്തിനുള്ളിൽ ബെറി പഴങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുമ്പോൾ അവൾ ക്രൂരമായ ഒരു കാട്ടുപന്നിയാൽ ആക്രമിക്കപ്പെടുകയായിരുന്നു. ഭ്രാന്തമായ ഒരുതരം മൃഗീയ ഭോഗേച്ഛയു​െട കടന്നുകയറ്റമാണവിടെയുണ്ടായത്.

അതേ ബിന്ദുവിൽ സ്ഥിരതയില്ലാത്ത പതറിപ്പോയ ഭീകരമായ വിലാപങ്ങൾ അയാൾ കേൾക്കാനിടയായി. അപ്പോൾതന്നെ അവിടെനിന്നും വിട്ടുപോകുവാൻ ആഗ്രഹിച്ചിരുന്ന ചില സ്ത്രീകൾ അവരുടെ മടിയോടെ കഴിഞ്ഞിരുന്ന ഭർത്താക്കന്മാരുടെ കൈത്തലങ്ങളിൽ മുറുകെ പിടിക്കുവാനും തുടങ്ങിയിരുന്നു.

മൊഴിമാറ്റം: വൈക്കം മുരളി

(തുടരും)

News Summary - weekly literature story