മലമുകളിൽ മൂന്ന് നക്ഷത്രങ്ങൾ
1
കടയിലെ വലിയ ഡബ്ബകളിലിരിക്കുന്ന മടക്കും മുറുക്കും തേങ്ങാബണ്ണും ഒരു നിമിഷം എന്റെ രസമുകുളങ്ങളെ തലോടിക്കടന്നുപോയെങ്കിലും പ്രാതലിന് പുഴുങ്ങാനുള്ള നേന്ത്രപ്പഴത്തിൽ ഞാൻ പരമാവധി ശ്രദ്ധകേന്ദ്രീകരിച്ചു. അത് വാങ്ങി തിരിച്ചു കുന്ന് കയറി വന്നപ്പോൾ മുത്തശ്ശനും മുത്തശ്ശിയുമെന്നെ1 കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവർ ഏറെ ക്ഷീണിതരായിരുന്നുവെങ്കിലും രണ്ടാഴ്ച മുമ്പു മത്തായിച്ചന്റെ അടക്കത്തിനു പോയി വന്നതിനേക്കാൾ തെളിച്ചം രണ്ടു പേരുടെയും മുഖത്തുണ്ട്.
‘‘എവിടായിരുന്നു... ഇത്രനേരം?” -അമ്മൂമ്മ ചോദിച്ചു.
“കുന്ന് കയറി വന്നപ്പോഴേക്കും...”
“സാധനം കിട്ടിയാരുന്നോ?” ഞങ്ങളുടെ സംഭാഷണത്തെ കീറിമുറിച്ചൊരു ശബ്ദം കിതച്ചെത്തി. മത്തായിച്ചനെ കണ്ടു തിരിച്ചുവന്നത് മുതൽ അപ്പൂപ്പനിങ്ങനെയാണെന്നാണ് അമ്മൂമ്മയുടെ ഭാഷ്യം. എപ്പോഴും ചിന്തയാണ്. ഇടക്കുമാത്രം ഒന്നു രണ്ടു വാചകങ്ങൾ.
“കിട്ടി” -ഞാൻ പൊതി അപ്പൂപ്പന്റെ കൈയിൽ കൊടുത്തുകൊണ്ട് പറഞ്ഞു. അപ്പൂപ്പൻ കൈ നീട്ടി. വിറക്കുന്ന കൈകളിലേക്ക് ആ തവിട്ടു കടലാസ് പൊതി വെച്ചുകൊടുത്തു. അപ്പൂപ്പന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
“പൊതിയിലെന്താ?” അമ്മൂമ്മയെ നോക്കി ഞാൻ ചോദിച്ചു. അമ്മൂമ്മയുടെ മുഖവും വിളറിയിരുന്നു. ഏത് നിമിഷവും പുറത്തുചാടാൻ വെമ്പുന്ന ഒരുപിടി സങ്കടങ്ങൾ ആ മുഖത്തുണ്ടെന്ന് എനിക്ക് തോന്നി.
“ഞാൻ തുറന്നുതരാം,” പൊതിക്കായി കൈ നീട്ടിക്കൊണ്ട് ഞാൻ പറഞ്ഞു. അപ്പൂപ്പൻ അത് എന്റെ കൺവെട്ടത്തുനിന്നു മറക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. എനിക്കു ദേഷ്യം വന്നു. കഥ വായിച്ച മാത്രയിൽ ഒന്നുമാലോചിക്കാതെ അപ്പൂപ്പനെയും അമ്മൂമ്മയെയും അന്വേഷിച്ചുവന്ന് അവരെ സഹായിച്ചതിൽ എനിക്ക് ആദ്യമായി മനസ്താപം തോന്നി.
ഞാനിറങ്ങി നടന്നു. വെളിച്ചം വറ്റിത്തുടങ്ങിയിരുന്നു. കാട്ടുജീവികളുടെ ശബ്ദം എന്നെ ഭയപ്പെടുത്തിത്തുടങ്ങി. ഈ നേരത്ത് ഒരു നടത്തം സുരക്ഷിതമാണോയെന്നു ശങ്കിച്ചു. അപ്പോളൊരു വയസ്സൻ കാറ് കിതച്ചുകൊണ്ട് കുന്നു കയറുന്ന ശബ്ദം. അടുത്തെേങ്ങാ ആണ്. ആശ്വാസം മനസ്സിനെ തഴുകിക്കടന്നുപോയി. ഞാൻ വളരെ പെട്ടെന്ന് കുന്നുകയറി കാറ് കണ്ടുപിടിച്ചു. കാറ്2 വളരെ പതുക്കെയാണ് നീങ്ങിയിരുന്നതെങ്കിലും എത്ര ശ്രമിച്ചിട്ടും കാറിനൊപ്പം ഓടിയെത്താനായില്ല. എങ്കിലും, അടുത്ത് മനുഷ്യരുണ്ടെന്നുള്ള ചിന്ത എനിക്ക് ഊർജം പകർന്നു. അപ്പൂപ്പനും അമ്മൂമ്മയും ഇതുവരെ എന്നെ അന്വേഷിച്ചു വന്നില്ലല്ലോയെന്ന ചിന്ത എന്നെ കാർന്നുതിന്നാൻ തുടങ്ങിയിരുന്നു.
“ആരാ?” അന്ന്, അപ്പൂപ്പന്റെ കൈ പിടിച്ചു കുന്നു കയറി വന്ന അമ്മൂമ്മ കിതപ്പിനിടയിൽ ഒരു വിധം പറഞ്ഞൊപ്പിച്ചു. വായിച്ചറിഞ്ഞതിനേക്കാൾ ഒരഞ്ച് വയസ്സു രണ്ടുപേർക്കും കുറവാണെന്നും പാശ്ചാത്യരാജ്യങ്ങളിലെ കണക്ക് വെച്ചുനോക്കുമ്പോൾ അവരിപ്പോഴും യങ് ആണെന്നും എനിക്ക് ഒറ്റനോട്ടത്തിൽ തോന്നി. അവർ ഒരുപാട് ദൂരം നടന്നു തിരിച്ചുവന്നതാണ്. നന്നായി കിതക്കുന്നുണ്ട്. അൽപം മുന്നോട്ടു വളഞ്ഞു വലത്തേക്കാല് നീട്ടി കൈവെച്ചു മുട്ടുതടവിക്കൊണ്ടുള്ള അമ്മൂമ്മയുടെ ഇരിപ്പ് കണ്ടാലറിയാം മുട്ടിലെ വേദന ചിന്തകളെയും അപഹരിച്ചു തുടങ്ങിയിട്ടുണ്ടെന്ന്. മുത്തശ്ശൻ വരാന്തയിലെ തന്റെ കസേരയിൽ ദൂരത്തേക്ക് നോക്കിയിരിപ്പാണ്. എവിടെയാണവർ പോയതെന്നും എന്താണവിടെ സംഭവിച്ചതെന്നും ചോദിച്ചറിയണമെന്നുണ്ടായിരുന്നു. എന്നാൽ, ഉത്തരമറിഞ്ഞുകൊണ്ട് ചോദ്യം ചോദിക്കുന്നതിന്റെ അനൗപചാരികത എന്നെ അതിൽനിന്നു പിന്തിരിപ്പിച്ചു.
“ഞാൻ... കഥാകൃത്ത് പറഞ്ഞിട്ട് അന്വേഷിച്ചു വന്നതാ,” അപ്പോഴങ്ങനെയാണ് പറയാൻ തോന്നിയത്. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സന്തോഷത്തിനതിരില്ലായിരുന്നു. ഓർമക്കുറവും വയ്യായ്കയും മാറ്റിവെച്ച് ഞാൻ കൊണ്ടുവന്ന പച്ചക്കറികളും അരിയുംകൊണ്ട് അവരെനിക്ക് സദ്യയൊരുക്കി. വൈകുന്നേരം, നല്ല കാട്ടു കാപ്പിപ്പൊടികൊണ്ടുള്ള കാപ്പി. രാത്രിയിൽ ചില പച്ചിലകളെല്ലാം വേവിച്ച സൂപ്പ്. അന്നു പക്ഷേ, ഇരുട്ട് വീണുതുടങ്ങിയപ്പോൾ അപ്പൂപ്പൻ പുറത്തെ തണുപ്പത്ത് ഒറ്റയിരുപ്പ്. ഞാനും അമ്മൂമ്മയും എത്ര നിർബന്ധിച്ചിട്ടും അകത്തേക്ക് വന്നിരിക്കാനോ തന്റെ കീറിപ്പറിഞ്ഞ കമ്പിളി പുതക്കാനോ കൂട്ടാക്കിയില്ല. വൈകാതെ, അമ്മൂമ്മയുടെ പ്രസരിപ്പും അപ്രത്യക്ഷമായിത്തുടങ്ങി.
അതുവരെ തോന്നാത്ത ഒരുതരം ഭയം വന്യജീവികളുടെ ശബ്ദത്തിന്റെ അകമ്പടിയോടെ എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. കട്ടിലിൽ ഒരുവിധം നേരം വെളുപ്പിച്ചു. പിറ്റേന്ന് രാവിലെയായപ്പോൾ അപ്പൂപ്പനും അമ്മൂമ്മയും പഴയതുപോലെയായിരുന്നുവെന്നത് എനിക്കൊരാശ്വാസമായിരുന്നു. രണ്ടാഴ്ച അങ്ങനെ കടന്നുപോയി. പിന്നെ, ഇന്നലെ രാത്രിയാണ് ആ വിഷാദം അപ്പൂപ്പനെ ഒരിക്കൽക്കൂടി ബാധിച്ചത്. ഇത്തവണ രണ്ടും കൽപിച്ച് ഞാൻ അപ്പൂപ്പനോട് കാര്യമന്വേഷിച്ചു.
“നാളെ ഒരു കത്ത് പോസ്റ്റ് ഓഫിസിൽ കൊണ്ടു പോയി പോസ്റ്റ് ചെയ്യണം.” വിറക്കുന്ന ചുണ്ടുകളോടെ, അപ്പൂപ്പൻ എന്നോടുപറഞ്ഞു. ഒന്നു രണ്ടു കണ്ണുനീർ തുള്ളികൾ മുഖത്തെ ചുളിവുകൾക്കിടയിൽ ഒളിച്ചുകളിച്ചു. ഞാൻ തലയാട്ടി. ഒരു പത്തു മണിയോടെ അമ്മൂമ്മ തന്ന സഞ്ചിയും അപ്പൂപ്പൻ തന്ന കത്തുമായി ഞാൻ മലയിറങ്ങി.
2
പ്രാതലിന് ശേഷമുള്ള നിലത്തെ പൊടിയായിരുന്നു തുടക്കം. ബ്യൂട്ടി പാർലറിന് പുറത്തെന്നപോലെ പതുപതുത്ത ഇരിപ്പിടവും സമയംകൊല്ലികളായ സ്റ്റൈൽ മാസികകളും കസ്റ്റമറുടെ ശ്രദ്ധ തിരിക്കാനുള്ള ടി.വിയുമില്ലാത്തതു കൊണ്ടാണെന്നു തോന്നുന്നു തങ്ങളുടെ ഊഴം കാത്തുനിൽക്കാതെ ഓരോ തരിയും ബഹളം കൂട്ടിത്തുടങ്ങി. ചൂലുകൊണ്ട് അവയെയെല്ലാം ഒരുമിപ്പിച്ച് ഒരു കുട്ടയിലാക്കിക്കഴിഞ്ഞപ്പോഴേ അവരുടെ പരാതി തീർന്നുള്ളൂ. കുട്ടക്കകത്തുനിന്നുള്ള തിളക്കം കണ്ടപ്പോഴേ തോന്നി മൂന്നു നക്ഷത്രങ്ങളും അതിലകപ്പെട്ട് പോയിട്ടുണ്ടാകുമെന്ന്. അവയെ ശ്രദ്ധാപൂർവം പെറുക്കിയെടുത്ത് അതത് സ്ഥാനത്ത് പതിപ്പിച്ചു. എന്റെ ശ്രദ്ധ തട്ടുകളിലെ കറിപ്പൊടികളിട്ടു വെച്ച കുപ്പികളപഹരിച്ചു.
അവയിലോരോന്നും കടലാസിലേക്ക് കുടഞ്ഞിട്ട് ഞാനൊരു ചിത്രം പൂർത്തിയാക്കി. പക്ഷേ, പൊടികളെന്റെ കണ്ണുകളെയും മൂക്കിനെയും കൈകളെയും നീറ്റി. അൽപമൊരു പരിഗണന കൊടുത്താൽ തലയിൽക്കയറിയിരിക്കുന്ന അവയെ ഞാൻ ചട്ടിയിലിട്ട് വറുത്തു. എന്നിട്ടും അവ കലി മാറാതെ എന്റെ മൂക്കിലേക്ക് തുളച്ചുകയറി ഒരു പത്തു തവണയെങ്കിലും തുമ്മിച്ചു. അവസാനം, എനിക്കു മുഖം കഴുകേണ്ടി വന്നു. പൈപ്പിൽനിന്നുള്ള വെള്ളത്തിലും അവ കലർന്നിട്ടുണ്ടാകുമോ എന്നു ഭയന്ന് ഞാൻ കണ്ണു തുറന്നതും അവ സംഹാര ലഹരിയോടെ എന്റെ കണ്ണിലേക്ക് കയറി.
അടുത്ത നിമിഷം ഫ്രിഡ്ജിനകത്തുനിന്നു കേട്ട കലപില എന്റെ നീറ്റലിനെ മറികടന്നു. ഒരാഴ്ച മേശപ്പുറത്തെ അലങ്കരിച്ച ഭക്ഷണമാണ് പരാതിക്കാർ. ആ അടച്ചിട്ട അന്തരീക്ഷത്തിൽനിന്നു പുറത്തു കടക്കാനുള്ള വ്യഗ്രതയായിരുന്നു മിക്കവർക്കും.
“സ്വാതന്ത്യത്തിനുവേണ്ടി വെറുതെ മുറവിളി കൂട്ടുന്നു. നിങ്ങൾക്കെന്താ സ്വാതന്ത്ര്യത്തിന് കുറവ്?” -ഞാനവരോട് ചോദിച്ചു. വെള്ളാനകളെപ്പോലുള്ള3 കുന്നുകളെപ്പോലെ അവയെല്ലാം നിശ്ശബ്ദരായിക്കേട്ടു. പിന്നെ, എനിക്കു നിവൃത്തിയില്ലായിരുന്നു. ഓരോ പാത്രത്തെയും പുറത്തെടുത്തു നീക്കംചെയ്തു. വൃത്തി ഭൂതത്തിന്റെ നിർദേശമനുസരിച്ചായിരുന്നു പിന്നെ എന്റെ ഓരോ ചലനവും. അവിടെ, കുന്നുകൾക്ക് സ്ഥാനമില്ലായിരുന്നു.
3
വളരെ പെട്ടെന്ന് അടിവാരത്തെത്തിയതുപോലെതോന്നി. പഴയ ഏതോ പുസ്തകച്ചട്ടയുടെ അകത്തായിരുന്നു കത്ത്. അതാർക്കുള്ളതാണെന്നും എവിടേക്കുള്ളതാണെന്നുമറിയാൻ എനിക്കാഗ്രഹമുണ്ടായിരുന്നു. എന്നാൽ, എന്തോ ഒന്ന് ആ വിലാസം നോക്കുന്നതിൽനിന്നെന്നെ പിടിച്ചുവലിച്ചു. ഒരുപാട് ദിവസങ്ങൾ വായിച്ച കഥാപാത്രങ്ങളുടെ സ്വകാര്യതയിലേക്ക് തലയിടുന്നതിനെ എന്നിലെ വായനക്കാരി വിലക്കി. അപ്പൂപ്പൻ തന്റെ സങ്കടങ്ങൾ പങ്കുവെച്ചില്ലെന്ന പരിഭവം എന്റെ മനസ്സിൽക്കിടന്ന് വിങ്ങി. ആദ്യമായി എന്നെ ഒരു അപരിചിതത്വം വന്നുമൂടി. ആ ഓണംകേറാ മൂലയിൽ ഒരു പോസ്റ്റ് ഓഫിസ് കണ്ടെത്തുകയെന്നുള്ളത് അസാധ്യമെന്നല്ല, അപ്രാപ്യമെന്നുതന്നെ പറയേണ്ടി വരും. സംസാരിക്കാൻ തന്നെ മറന്നുപോയ റേഷൻകടക്കാരൻ എന്റെ ചോദ്യംകേട്ട് കൈമലർത്തി. അരിയും ചാക്കിലാക്കി തിരിച്ച് കുന്നു കയറുമ്പോൾ മറ്റൊരു മാർഗവുമുണ്ടായിരുന്നില്ല. ഞാനാ കത്ത് ചട്ടയോടൊപ്പം കാറ്റിൽപ്പറത്തി. അത് എവിടെച്ചെന്നു വീണുവെന്ന അറിവുപോലും ഒരു ഭാരമായി തോന്നിയതിനാലാം ഞാൻ ഓടി കുന്നുകയറി.
4
ഇന്നലെ പോസ്റ്റ് മാനെന്ന് പരിചയപ്പെടുത്തിയ മനുഷ്യൻ എന്റെ കൈയിലേക്ക് ഈ പൊതി വെച്ചുതന്നപ്പോൾ ഞാൻ അതിശയിച്ചുപോയി. വിറയാർന്ന കൈകളോടെ അത് വാങ്ങി സഞ്ചിയിലൊളിപ്പിച്ചു. തിരിച്ചു വരുന്നവഴിക്കെങ്ങാനും ഞാനന്ന് കാറ്റിൽപ്പറത്തിക്കളഞ്ഞ കത്തുണ്ടോ എന്ന് തിരഞ്ഞുനോക്കി. കത്ത് കിട്ടിയാൽ തിരിച്ചുപോയി അതു പോസ്റ്റ്മാനെ ഏൽപിക്കണമെന്ന് മനസ്സിലുറപ്പിച്ചിരുന്നു.
‘‘എങ്കിലും.. എന്തായിരിക്കുമാ പൊതിയിൽ?’’ എന്ന ചിന്തയിൽത്തൂങ്ങി മലകയറിയതിനാലാകാം നടത്തം അനായാസമായി തോന്നിയത്. എത്ര നടന്നുവെന്നറിഞ്ഞുകൂടാ. കാറിന്റെ നിഴൽ ചെന്നു നിന്നത് ഒരു മുറ്റത്താണ്. വരാന്തയിൽ ആരോ ഒരാൾ4 ഇരിക്കുന്നത് കണ്ടു.
“ആരാ? ഇപ്പോ വന്നുപോയ കുട്ടിയുടെ ആരെങ്കിലുമാണോ?” -അയാൾ തന്റെ ചാരുകസേരയിൽ നിന്ന് ബുദ്ധിമുട്ടിയെഴുന്നേറ്റു. ഒരു പട്ടാളക്കാരന്റെ തലയെടുപ്പെല്ലാമുള്ള ഒരുവൃദ്ധൻ. നല്ല ഉയരം.
“എഴുത്തുകാരൻ പറഞ്ഞയച്ചതാ,” അമ്മൂമ്മയോടും അപ്പൂപ്പനോടും പറഞ്ഞ അതേ വാചകങ്ങളാണ് ഞാൻ പറഞ്ഞതെങ്കിലും അയാൾടെ മുഖത്ത് ഒരു ഭാവമാറ്റവുമില്ലായിരുന്നു. താനാരാണെന്ന് മനസ്സിലായിട്ടുണ്ടാവില്ലെന്ന ഭാവത്തോടെ പൊലീസുകാരന് തന്റെ ഐഡി കാണിച്ചുകൊടുക്കുന്ന ഒരു രാഷ്ട്രീയക്കാരനെപ്പോലെ അൽപംമുമ്പ് എന്റെ കൈയിൽ വന്നുചേർന്ന മൂന്ന് നക്ഷത്രങ്ങൾ ഞാൻ അയാൾക്ക് കാണിച്ചുകൊടുത്തു.
“ആ കുട്ടി ഇതന്വേഷിക്കുന്നുണ്ടാകും. പാവം”, അയാൾ വികാരഭരിതനായി. നക്ഷത്രങ്ങൾ എന്റെ കൈയിൽനിന്ന് വാങ്ങി അയാൾ തിരക്കിട്ട് അകത്തേക്കു പോകുകയും ഒരു നന്ദിപോലും പറയാതെ മുറ്റത്തെ കാറിൽ കയറി അപ്രത്യക്ഷമാക്കുകയും ചെയ്തു. കഥയിലെ പട്ടാളക്കാരന്റെ കുപ്പായവും മെഡലുകളും അയാൾക്ക് കൂട്ടായുള്ള പശുക്കളെയും ഒരുനോക്ക് കാണണമെന്നുണ്ടായിരുന്നു. പക്ഷേ, ഞാൻ പണ്ട് കാറ്റിൽപ്പറത്തിക്കളഞ്ഞ കത്തിനെക്കുറിച്ചാലോചിച്ചപ്പോൾ മനസ്സ് വിങ്ങി. എങ്ങോട്ടെന്നില്ലാതെ ഞാനിറങ്ങി നടന്നു. ആശ്ചര്യമെന്നു പറയട്ടെ, കുന്നിറങ്ങുന്നതിനിടയിൽ ഒരു പുസ്തകച്ചട്ട എന്റെ അടുത്തേക്ക് പറന്നുവന്നു. ഞാനത് കൈയിലെടുത്തു, എത്രയും പെട്ടെന്ന് അപ്പൂപ്പനെ കാണണമെന്ന ഉദ്ദേശ്യത്തോടെ കുന്നിറങ്ങി.
=========
1 മലമുകളിൽ രണ്ടു പേർ (ഉണ്ണി ആർ)
2, 4 കുന്നുകൾ നക്ഷത്രങ്ങൾ (ഇ. സന്തോഷ് കുമാർ)
3 Hills Like White Elephants (Ernest Hemingway)