സിദ്ധൻ
ഞങ്ങളുടെ നാട്ടിൽ ഒരിക്കൽ കൂണുപോലെ ഒരു സിദ്ധൻ ഉയർന്നു. പതിയെ പതിയെ അയാൾ ഓരോ കാതിലും പടർന്നു പന്തലിച്ചു. മഹാസിദ്ധൻ എന്ന് കേൾവികേട്ടു. അദ്ദേഹം നൽകുന്ന വെള്ളം കുടിച്ചു പലരും രോഗമുക്തരാവുന്നതും പെറാത്ത പെണ്ണുങ്ങൾ പെറ്റു കുട്ട്യോളേം ഒക്കത്തുകെട്ടി നടക്കുന്നതും ഏത് ബാധയും അനായാസം ഒഴിഞ്ഞുപോയതും കളഞ്ഞുപോയത് കിട്ടിയതും അങ്ങനെ അങ്ങനെ സിദ്ധികൾ നാട് ഒട്ടാകെ കേൾവികേട്ടു. ജാതിമതഭേദമന്യേ സിദ്ധനെ കാണാനാളെത്തി. ഒരു പാട് കഥ ഉമ്മയും മറ്റും പറഞ്ഞു കേട്ടു.
ദേവേടത്തിന്റെ പൊട്ടക്കിണറ്റില് സിദ്ധൻ കൈയിലെ വെള്ളം ഒന്നു കുടഞ്ഞതാ... ഇപ്പതാ കിണറ്റിൽ നിറയെ വെള്ളം. എന്താലേ... കിണറ്റിൻ കരയില്, ബക്കറ്റും കുടവും മിണ്ടിപ്പറഞ്ഞു. കുപ്പിവള കിലുക്കവും ഏഷണിയും ഭീഷണിയും ഒഴിഞ്ഞ നേരല്ല്യ.
ആളുകൾ തിക്കിത്തിരക്കി പല നാട്ടിന്നും വന്നു. നീണ്ടു നീണ്ടു കിടക്കുന്ന വരിയിൽ ആളുകൾ അക്ഷമരായി കാത്തുനിന്നു. അങ്ങനെയിരിക്കെ എന്റെ കെട്ടിച്ച പെങ്ങൾ വീട്ടിൽ വന്നു. അവള് ഗർഭിണിയാണ്. എന്തോ സാരമായ പ്രശ്നമുണ്ടത്രേ. വളരെയേറെ സൂക്ഷിക്കണമെന്നും നിങ്ങൾക്ക് ഭാഗ്യം ഉണ്ടേൽ എല്ലാം ശരിയാവും എന്നാണ് പരിശോധനയിൽ ഡോക്ടർ പറഞ്ഞത്. ദിവസവും വേദനയിലും ബുദ്ധിമുട്ടിലും പെങ്ങൾ മരുന്നും മറ്റുമായി കഴിഞ്ഞുകൂടി.
അന്ന് ഞാൻ സ്കൂളും കഴിഞ്ഞ് വീട്ടിൽ വന്നുകേറിയപ്പോൾ ഉമ്മ പറഞ്ഞു, ‘‘എനിക്ക് വല്ലാത്ത വയറുവേദന, തുടങ്ങീട്ട് രണ്ടാഴ്ചയായി ഒരു മാറ്റവുമില്ല. നീ മഹാസിദ്ധന്റെ അടുത്തുപോയി കുറച്ച് വെള്ളം കൊണ്ടു വാ. പെങ്ങൾക്കും കുടിക്കാലോ... എല്ലാം ശരിയായാലോ...’’
ഞാൻ കുപ്പിയുമായി സിദ്ധന്റെ സ്ഥലത്തേക്ക് എത്തി. ദൂരേന്ന് തന്നെ കാണാം നീണ്ട വളഞ്ഞ വരി. ഇന്നൊന്നും കാണാൻ പറ്റില്ല. അത്രയും തിരക്ക്. ഈ വരി തീരാൻ ഒരുപാട് നേരമെടുക്കും. അന്ന് സിദ്ധന്റെ താമസസ്ഥലത്തിന് ഒരു കിലോമീറ്ററപ്പുറം ഒരു സിനിമ തിയറ്ററുണ്ട്. കാണണമെന്ന് ആഗ്രഹിച്ച സിനിമ ഓടുന്നുണ്ടവിടെ. ഏതായാലും ഇവിടെവരെ വന്ന സ്ഥിതിക്ക് അതു പോയി കാണാൻ തീരുമാനിച്ചു.
സിനിമ കഴിഞ്ഞു ഇറങ്ങിയപ്പോഴേക്ക് വരിയും സിദ്ധനും ഒക്കെ പരിപാടി നിർത്തിയിരുന്നു. ഇനിയെന്താ ചെയ്യാ... കുപ്പീല് വെള്ളമില്ലാതെ ചെന്നാ ഉമ്മ വീട്ടിൽ കേറ്റില്ല. ഇങ്ങനെ ചെന്നാൽ നാളേം വരേണ്ടിവരും തിക്കിത്തിരക്കാൻ. ഏതായാലും രണ്ടും കൽപിച്ചു വീട്ടിലേക്ക് തിരിച്ചു. ബസിറങ്ങി ചേറാഴിത്തോടിന്റെ വരമ്പിലൂടെ നടന്നുവേണം വീടെത്താൻ. വെളിച്ചം മങ്ങിത്തുടങ്ങി. ദിവസവും കളിച്ചുനടക്കുന്ന സ്ഥലമായതുകൊണ്ട് ഒട്ടും വിഷമം തോന്നിയില്ല നടത്തത്തിന്.
വെള്ളമില്ലാതെ ചെന്നാൽ ഉമ്മയും പെങ്ങളും പുറംപൊളിക്കുമെന്ന് ചിന്തിച്ചു. അപ്പോഴാണ് ഉള്ളിലൊരു തോന്നൽ. നിറഞ്ഞു നിൽക്കുന്ന ചോഴിത്തോട്ടിൽനിന്നും കുപ്പീല് വെള്ളം നിറച്ചാലോ! തോടിന്റെ അടിയിൽ നിറയെ ചേറാണ്. അതോണ്ട് തന്നെ ചേറാഴിത്തോട് എന്ന പേരും. കുപ്പി നല്ല ഗ്ലും... ഗ്ലും... ശബ്ദമുണ്ടാക്കി നിറഞ്ഞു. നല്ല തെളിഞ്ഞ വെള്ളം. ചേറ് തോടിന്റെ അടിയിലങ്ങനെ അനങ്ങാതെ കിടന്നു. വീട്ടിൽ ചെന്ന് കേറിയതും ഉമ്മാന്റെ മുഖം മിനുങ്ങി. ‘‘ന്റെ മോൻ വരി നിന്ന് കൊഴങ്ങിയോ? ന്നാലും കിട്ടിയല്ലോ. സാബിയേ, ഗ്ലാസും കൊണ്ട് വാ... ഇപ്പോത്തന്നെ കുടിക്കാ... എല്ലാ അസുഖം മാറട്ടെ. എന്നും രാവിലെ നീ കുടിക്കണട്ടോ... സുഖപ്രസവാവട്ടെ.’’
ഉമ്മാന്റെ വാക്കുകൾ എന്റെ ഉള്ളിൽ ഒരു ഉളികൊണ്ട് വീശുന്നപോലെ. എന്നാലും ഞാൻ മിണ്ടിയില്ല. ഒന്നുമുണ്ടാവരുതെന്ന് ഉള്ളാലെ പറഞ്ഞു. രണ്ടാം ദിവസം ഉമ്മാന്റെ വയറുവേദന പമ്പകടന്നു. ഉമ്മാക്ക് നാല് നാക്കുവന്നു. അയൽവക്കത്തൊക്കെ സിദ്ധിയുള്ള വെള്ളത്തിന്റെ മഹിമ പുലമ്പി.
മാസങ്ങൾ കഴിഞ്ഞപ്പോൾ പെങ്ങൾ പ്രസവിച്ചു. സുഖപ്രസവം. പിന്നെ ഉമ്മാന്റെ നാക്കിന് എത്ര നീളം വെച്ചെന്ന് ചോദിക്കാനുണ്ടോ... കാലങ്ങൾ കഴിഞ്ഞപ്പോഴും ഞാനിതാരോടും പറഞ്ഞില്ല. പെങ്ങളെ കുരിപ്പ് വികൃതികളോടെ ഓടി നടക്കുമ്പോ. ഞാനൊരു ചിരിയോടെ ഓർക്കും ചേറാഴിത്തോട്ടിലെ വെള്ളത്തിന്റെ സിദ്ധി.
കാലമങ്ങനെ പാഞ്ഞുപോയി. പിന്നെയെന്നോ ആ സിദ്ധൻ അപ്രത്യക്ഷമായി. ആരുമറിയാതെ എവിടേക്കോ മാഞ്ഞുപോയി. നാട്ടിലെ ആളുകളുടെ മൊത്തം വിശ്വാസത്തെ മുതലെടുത്തു ആ സിദ്ധൻ. വെള്ളം കുടിച്ചവരൊക്കെ ഉള്ളിൽ പറ്റിക്കപ്പെട്ടതിന്റെ തിരി ഏന്തുന്നുണ്ടാവും. ഈയിടെ ഒരിക്കൽ അമ്മായി വീട്ടിൽവന്നപ്പോൾ പഴയ കാലത്തെ കുറെ കാര്യങ്ങൾ പറഞ്ഞുതുടങ്ങി. അതിൽ അന്നത്തെ സിദ്ധനും വിഷയമായി. നമ്മളും അങ്ങനൊക്കെ ചെയ്തില്ലേ എന്ന മട്ടിൽ. ഉമ്മാടെ ഉള്ളിലുണ്ടായത് എന്ത് വികാരമെന്ന് എനിക്കറിയാൻ കഴിഞ്ഞില്ല. എങ്കിലും ആ രസം പറച്ചിലിൽ ചേറായിത്തോട്ടിൽനിന്ന് വെള്ളം നിറച്ച് പറ്റിച്ച കാര്യം ഞാൻ പറഞ്ഞു. അതൊരു കൂട്ടച്ചിരിക്ക് തിരികൊളുത്തി...
‘‘എടാ പഹയാ... നീയും എന്നെ പറ്റിച്ചോ!’’ ഉമ്മ ഒന്നു നീട്ടി ഗൗരവം കാണിച്ചു.
‘‘ഒന്നു പോടാ...’’ പെങ്ങൾ ഒന്നു കണ്ണുരുട്ടി, ‘ഏയ് അങ്ങനെ ചെയ്യില്ല’ എന്ന ഭാവത്തിൽ. അപ്പോഴും ചെറാഴിത്തോട് നിറഞ്ഞൊഴുകി... പെങ്ങളുടെ കുരിപ്പ് അതിലും വേഗത്തിലും. കുടുംബത്തോടെ ഒന്നിച്ച് സംസാരിക്കുമ്പോൾ പൊതുവെ തമാശ പറയുന്ന എന്റെ തുറന്നുപറച്ചിൽ ആരും കാര്യമായിട്ട് എടുത്തില്ലെന്നു തോന്നി. എന്നാലും എങ്ങനെയാണ് വയറുവേദന രണ്ടാം ദിവസം സുഖപ്പെട്ടതെന്ന് എന്റെ ഉമ്മ മഹതി ആശ്ചര്യത്തോടെ ആത്മഗതംകൊണ്ടു. ഇത്രേം പ്രശ്നം ഗർഭത്തിന് പറഞ്ഞിട്ടും പെങ്ങളെ കുരിപ്പ് സുഖായിട്ട് ഭൂമിയില് ഓടിച്ചാടി നടക്കുന്നത് കണ്ട് ചേറാഴിത്തോടിന്റെ മഹാത്മ്യമെന്ന് ഞാനും.